നമ്മുടെ ജീവിതരേഖയായി അല്ലാഹു നല്‍കിയ വിശുദ്ധഗ്രന്ഥമായ ഖുര്‍ആന്‍ അവന്റെ വചനങ്ങളാണ്. സ്രഷ്ടാവ് സൃഷ്ടികളോട് അഭിമുഖമായി സംസാരിക്കുകയാണ് ഈ വിശുദ്ധ ഗ്രന്ഥത്തിലൂടെ. ജിബ്രീല്‍(അ)മുഖേന മുത്ത് നബി(സ്വ)ക്ക് ഇറക്കപ്പെട്ട ഈ വചനങ്ങള്‍ പില്‍ക്കാലത്ത് മുസ്വ്ഹഫിലായി ക്രോഢീകകരിക്കപ്പെടുകയും ലോകത്ത് നിരന്തരം പാരായണം ചെയ്യപ്പെടുന്ന ഗ്രന്ഥമായി മാറുകയും ചെയ്തു. ഖുര്‍ആനിന്റെ അമാനുഷികതയും സാഹിതീയതയും ഓരോ അക്ഷരങ്ങളുടേയും അത്ഭുതങ്ങളും ഇന്നും ലോകത്ത് ചര്‍ച്ചയായിക്കൊണ്ടേയിരിക്കുന്നു. അന്ത്യനാള്‍ വരെ ഈ പ്രക്രിയ അഭംഗുരം തുടരുക തന്നെ ചെയ്യും.
ഖുര്‍ആന്‍ അനുസരിച്ച് ജീവിക്കാന്‍ ആവശ്യപ്പെട്ടതിന് പുറമെ ആ വിശുദ്ധ ഗ്രന്ഥം നിരന്തരം പാരായണം ചെയ്യാനും അല്ലാഹുവിന്റെ നിര്‍ദേശമുണ്ട്. ഖുര്‍ആനിലും തിരുവചനങ്ങളിലും ഈ നിര്‍ദേശങ്ങള്‍ ധാരാളമുണ്ട്. 'നിശ്ചയം അല്ലാഹുവിന്റെ ഗ്രന്ഥം പാരായണം ചെയ്യുകയും നമസ്‌കാരം കൃത്യമായി നിര്‍വ്വഹിക്കുകയും നാം നല്‍കിയ ധനം രഹസ്യമായും പരസ്യമായും ചെലവഴിക്കുകയും ചെയ്യുന്നവര്‍ പ്രത്യാശിക്കുന്നത് തീരേ നഷ്ടം വരാത്ത കച്ചവടമത്രേ. കാരണം അവരുടെ പ്രതിഫലം അല്ലാഹു പൂര്‍ത്തിയാക്കി നല്‍കുന്നതും തന്റെ ഔദാര്യത്താല്‍ വര്‍ധിപ്പിച്ചു കൊടുക്കുന്നതുമാകുന്നു. അവന്‍ ഏറെ പൊറുക്കുന്നവനും പ്രതിഫലം നല്‍കുന്നവനുമത്രെ'(ഫാത്വിര്‍ 29). ഉപര്യുക്ത വചനം ഒരു ഉദാഹരണം മാത്രം. ഇതു പോലെ നിരവധി വചനങ്ങള്‍ ഖുര്‍ആനിലും ഹദീസിലും ഇടം പിടിച്ചിട്ടുണ്ട്.

മഹത്വങ്ങള്‍, ശ്രേഷ്ഠതകള്‍.
വിശുദ്ധ ഖുര്‍ആന്‍ പാരായണത്തിന് ഒട്ടനവധി മഹത്വങ്ങളും ശ്രേഷ്ഠതകളുമുണ്ട്. ജനങ്ങളില്‍ അത്യുത്തമര്‍ ഖുര്‍ആന്‍ പഠിക്കുകയും പഠിപ്പിക്കുകയും ചെയ്യുന്നവരാണ്. തസ്ബീഹ്, തഹ്‌ലീല്‍, മറ്റു ദിക്‌റുകള്‍ ചൊല്ലുന്നതിനേക്കാള്‍ മഹത്വം ഖുര്‍ആന്‍ പാരായണത്തിനാണെന്നാണ് പ്രബല പണ്ഡിതമതം. ജനങ്ങളില്‍ അല്ലാഹുവിന്റെ വക്താക്കളെന്ന പ്രത്യേക സ്ഥാനം ഖുര്‍ആനുമായി ബന്ധപ്പെടുന്നവര്‍ക്കാണ്. അനസ്ബ്‌നുമാലിക്(റ) പറയുന്നു: ''നബി(സ്വ) പറയുകയുണ്ടായി; ജനങ്ങളില്‍ അല്ലാഹുവിന്റെ ചിലയാളുകളുണ്ട്. സ്വഹാബത് ചോദിച്ചു അവര്‍ ആരാണ്?. നബി(സ്വ) പറഞ്ഞു: ഖുര്‍ആന്റെ ആളുകള്‍. അവര്‍ അല്ലാഹുവിന്റെ വക്താക്കളും പ്രത്യേകക്കാരുമാണ്''.
ഖുര്‍ആന്‍ അതിവൈദഗ്ദ്യമായി പാരായണം ചെയ്യുന്നവര്‍ മാന്യരും പുണ്യവാളരുമായവരുടെ കൂടെയാണെന്നും പ്രയാസപ്പെട്ട് ഖുര്‍ആന്‍ ഓതുന്നവര്‍ക്ക് രണ്ട് പ്രതിഫലം(ഓതുന്നതിന്റെയും, പ്രയാസം സഹിക്കുന്നതിന്റെയും)ഉണ്ടെന്നും ഹദീസിലുണ്ട്. ഇബ്‌നുമസ്ഊദ്(റ) നബി(സ്വ)യില്‍ നിന്ന് ഉദ്ധരിക്കുന്നു; 'ആരെങ്കില്‍ അല്ലാഹുവിന്റെ ഗ്രന്ഥത്തില്‍ നിന്ന് ഒരു അക്ഷരം പാരായണം ചെയ്താല്‍ അവനൊരുനന്‍മയുണ്ട്. ഓരോ നന്‍മയും പത്തിരട്ടിയുമാണ്. അലിഫ്‌ലാംമീം എന്നത് ഒരു അക്ഷരമാണ് എന്ന് ഞാന്‍ പറയുന്നില്ല. മറിച്ച് അലിഫ് ഒരു അക്ഷരവും, ലാം രണ്ടാമത്തെ അക്ഷരവും, മീം മൂന്നാമത്തെ അക്ഷരവുമാണ്'. 19 അക്ഷരങ്ങളുള്ള ബിസ്മി ഒരു തവണ പൂര്‍ണ്ണമായി ഓതിയാല്‍ 190 നന്‍മകള്‍ അല്ലാഹു നമുക്ക് രേഖപ്പെടുത്തുകയാണ്.
ഖുര്‍ആന്‍ നോക്കുന്നത് പുണ്യവും പാപമോചനത്തിന് കാരണവും ബുദ്ധിപരവും ആത്മീയ പരവുമായ ഉന്നമനത്തിനുള്ള മാര്‍ഗ്ഗവും ശാരീരിക രോഗങ്ങളില്‍ നിന്ന് കവചവുമാണ്. ''തലച്ചോറിനും ആത്മാവിനും പോഷണം ലഭിക്കാനും, ഇരുലോക വിജയം സുനിശ്ചിതമാകാനും, ശരീരം രോഗമുക്തമാകാനും ഖുര്‍ആനിലേക്കുള്ള നോട്ടം അധികരിപ്പിക്കുന്നതിനേക്കാള്‍ മറ്റൊരു മരുന്നും എനിക്കറിയില്ല'' എന്ന് മുന്‍ഗാമികള്‍ പറയാറുണ്ടായിരുന്നു. ഖുര്‍ആന്‍ നോക്കി ഓതാത്ത ഒരു ദിവസം ജീവിതത്തില്‍ കഴിഞ്ഞു പോവുന്നത് സ്വഹാബതിന് വെറുപ്പായിരുന്നുവെന്ന് ഇമാം ഗസ്സാലി(റ) പറഞ്ഞിട്ടുണ്ട്. മനപ്പാഠമുള്ള സൂറതുകള്‍ പോലും ഖുര്‍ആന്‍ കയ്യിലെടുത്ത് നോക്കി ഓതുമ്പോള്‍ മറ്റനേകം നേട്ടങ്ങള്‍ക്ക് വഴിയൊരുങ്ങുമെന്നാണ് ഇത് സൂചിപ്പിക്കുന്നത്.

ഖുര്‍ആന്‍ പാരായണ മര്യാദകള്‍.
ഖുര്‍ആന്‍ ഓതുമ്പോഴും സ്പര്‍ഷിക്കുമ്പോഴും ചില മര്യാദകള്‍ പാലിക്കാന്‍ ഇസ്‌ലാം നിര്‍ദേശിക്കുന്നുണ്ട്. അല്ലാഹുവിന്റെ വചനങ്ങള്‍ പാരയണം ചെയ്യുന്ന ഒരു മനുഷ്യന്‍ അല്ലാഹുവുമായി നേരിട്ട് സംവദിക്കുകയാണെന്ന ബോധ്യത്തോടെയാവണം അത് നിര്‍വ്വഹിക്കേണ്ടത്. പൂര്‍ണ്ണ ശുദ്ധിയുള്ളവര്‍ മാത്രമേ ഖുര്‍ആന്‍ സ്പര്‍ഷിക്കാവൂ എന്ന കാര്യം നിസ്തര്‍ക്കമാണ്. എന്നാല്‍ ഹൈള്, നിഫാസ്, ജനാബത് എന്നിവ കാരണം അശുദ്ധരായവര്‍ ഖുര്‍ആന്‍ സ്പര്‍ഷിക്കുകയോ പാരായണം ചെയ്യുകയോ അരുത്. ചെറിയ അശുദ്ധിക്കാര്‍ക്ക് ഖുര്‍ആന്‍ സ്പര്‍ഷനമേ വിരോധമുള്ളൂ.
മിസ്‌വാക് ചെയ്ത്, വുളൂഅ് നിര്‍വ്വഹിച്ച് വൃത്തിയുള്ള സ്ഥലങ്ങളില്‍ ഇരുന്നാവണം ഖുര്‍ആന്‍ ഓതേണ്ടത്. പള്ളിയില്‍ വെച്ചുള്ള പാരായണത്തിന് ശ്രേഷ്ഠതകളേറെയുണ്ട്.  ഖിബ്‌ലയിലേക്ക് തിരിഞ്ഞിരുന്ന്, ശാന്തനായി, തലതാഴ്ത്തി, അടക്കത്തോടെ, സ്വന്തം ഗുരുനാഥനു മുന്നിലിരിക്കുന്നത് പോലെ ഖുര്‍ആന്‍ ഓതണം. ഖിബ്‌ലയിലേക്ക് തിരിഞ്ഞിരിക്കുന്ന സദസ്സുകള്‍ ഉത്തമസദസ്സുകളാണെന്ന് ഹദീസിലുണ്ട്. നിന്നും, ചെരിഞ്ഞ് കിടന്നുമൊക്കെ ഓതാമെങ്കിലും മേല്‍സൂചിപ്പിച്ച വിധമുള്ള പാരായണത്തേക്കാള്‍ പ്രതിഫലം കുറവായിരിക്കും. അഊദു ഓതിത്തുടങ്ങലാണ് ഏറ്റവും അഭികാമ്യം.
സൂക്തങ്ങളുടെ അര്‍ത്ഥമാലോചിച്ചും, പരാമൃഷ്ഠ വിഷയങ്ങളെ സംബന്ധിച്ച് ചിന്തിച്ചുമുള്ള പാരായണം കൂടുതല്‍ പ്രതിഫലാര്‍ഹമാണ്. ചിന്തിച്ചുള്ള പാരായണം ഖുര്‍ആന്‍ തന്നെ പ്രചോദിപ്പിക്കുന്നുണ്ട്( സൂറതുന്നിസാഅ് 82, സൂറതുമുഹമ്മദ് 24). കൂടുതല്‍ ചിന്തിക്കാന്‍ ചില ആയതുകള്‍ ആവര്‍ത്തിച്ചോതുന്നതും സുന്നത്താണ്. അര്‍ത്ഥമാലോചിച്ചുള്ള പാരായണം ഹൃദയരോഗങ്ങള്‍ ഭേദമാക്കുമെന്ന് ഇബ്‌റാഹീമുല്‍ഖവാസ്വ്(റ) പറഞ്ഞിട്ടുണ്ട്.
അര്‍ത്ഥമാലോചിച്ച് കരയലും പാരായണ മര്യാദകളിലുണ്ട്. കരച്ചില്‍ വരുന്നില്ലെങ്കില്‍ ഉണ്ടാക്കി കരയാന്‍ പോലും നബി(സ്വ) നിര്‍ദേശങ്ങളുണ്ട്. പാരായണത്തിനിടയില്‍ ഖുര്‍ആന്റെ പവിത്രത നഷ്ടപ്പെടുത്തുന്ന കളി, വിനോദങ്ങള്‍ വര്‍ജിക്കല്‍ അത്യാവശ്യമാണ്. അത്യാവശ്യ ഘട്ടങ്ങളിലല്ലാതെ സംസാരിക്കാന്‍ വേണ്ടി ഓത്ത് നിര്‍ത്തിവെക്കാന്‍ പോലും പാടില്ല. റഹ്മതിന്റെ ആയതുകള്‍ ഓതുമ്പോള്‍ റബ്ബിനോട് കാരുണ്യം ചോദിക്കലും ശിക്ഷയുടെ ആയതുകളിലൂടെ കടന്നുപോകുമ്പോള്‍ അതില്‍ നിന്ന് കാവല്‍ ചോദിക്കലും പാരായണ മര്യാദയില്‍ പെട്ടതാണ്.

പാരായണത്തിനുള്ള ഉത്തമസമയങ്ങള്‍
നിസ്‌കാരത്തില്‍ ഖുര്‍ആന്‍ ഓതുന്നതിനാണ് കൂടുതല്‍ പുണ്യമുള്ളത്. സുജൂദ്, റുകൂഅ് എന്നിവ ദീര്‍ഘിപ്പിക്കുന്നതിനേക്കാള്‍ ഖുര്‍ആന്‍ കൂടുതലോതി നിറുത്തം ദീര്‍ഘിപ്പിക്കലാണുത്തമം. നിസ്‌കാര സമയമല്ലാത്ത വേളകളില്‍ രാത്രിയിലും, അതില്‍ തന്നെ അര്‍ദ്ധ രാത്രിക്ക് ശേഷവും ഉത്തമസമയങ്ങളാണ്. ഇശാഇനും മഗ്‌രിബിനുമിടയില്‍ ഖുര്‍ആന്‍ ഓതുന്നതിന് പ്രത്യേക പുണ്യമുണ്ട്. പകലില്‍ സുബ്ഹിക്ക് ശേഷമാണ് ഏറ്റവും ശ്രേഷ്ഠം. ദിവസങ്ങളില്‍ തിങ്കള്‍, വ്യാഴം, വെള്ളി, അറഫ ദിവസം തുടങ്ങിയവും, റമളാന്‍ അവസാന പത്ത്, ദുല്‍ഹിജ്ജ ആദ്യപത്ത് എന്നിവയും മാസങ്ങളില്‍ റമളാനുമാണ് കൂടുതല്‍ പുണ്യമുളള വേളകള്‍. ശഅ്ബാന്‍ മാസത്തെ കുറിച്ച് പല പണ്ഡിതരും വിശേഷിപ്പിച്ചത് ഖുര്‍ആന്‍ ഓതുന്നവരുടെ മാസമെന്നാണ്.

പ്രത്യേക സൂറതുകളും ആയതുകളും.
ഖുര്‍ആനിലെ 114 സൂറതുകളും മഹത്വവും പ്രാധാന്യവുമുള്ളവയാണ്. എങ്കിലും സത്യവിശ്വാസി നിത്യജീവിതത്തിലെന്ന പോലെ പതിവാക്കേണ്ട ചില സൂറതുകളും സൂക്തങ്ങളുമുണ്ട്. ഏത് പ്രതിസന്ധിയിലും പ്രയാസങ്ങളിലും ഓതി പ്രാര്‍ത്ഥിക്കാനുള്ള സൂറതാണ് സൂറതു യാസീന്‍. ദാരിദ്ര്യം ഇല്ലാതെയാകാന്‍ സൂറതുല്‍വാഖിഅയും ഖബറില്‍ രക്ഷയുണ്ടാകാന്‍ സൂറതുല്‍മുല്‍കും പതിവാക്കാം. വെള്ളിയാഴ്ച രാവിലും പകലിലും സൂറതുല്‍ കഹ്ഫ് പതിവാക്കല്‍ പുണ്യമാണ്.
ഖുര്‍ആനിലെ അതിപ്രധാന സൂക്തമാണ് ആയതുല്‍കുര്‍സി. ഏത് ഘട്ടത്തിലും ഈ സൂക്തം ഓതല്‍ സുന്നത്താണ്. നിസ്‌കാരശേഷം ആയതുല്‍കുര്‍സി ഓതുന്നവന് സ്വര്‍ഗ്ഗപ്രവേശത്തില്‍ നിന്ന് മരണം മാത്രമേ തടസ്സമുള്ളൂ. രാത്രി ഉറങ്ങാന്‍ കിടക്കുമ്പോള്‍ പ്രത്യേകം പതിവാക്കേണ്ട ഒന്നാണ് ആയതുല്‍കുര്‍സി. ഫാതിഹയും, ഇഖ്‌ലാസും, മുഅവ്വിദതൈനിയും, ആമനര്‍റസൂലു(ബഖറയിലെ അവസാന ആയതുകള്‍) ഉറങ്ങാന്‍ കിടക്കുമ്പോള്‍ ചൊല്ലേണ്ടവയാണ്. ഓരോ നിസ്‌കാര ശേഷവും മുഅവ്വിദതൈനി പതിവാക്കല്‍ പ്രത്യകം സുന്നതുണ്ട്.   ഉറക്കില്‍ നിന്നുണര്‍ന്നാല്‍ ആലുഇംറാനിലെ 190, 191 ആയതുകള്‍ ഓതല്‍ പ്രത്യേക പുണ്യമമാണ്.
രോഗികള്‍ക്കരികില്‍ വെച്ച് സൂറതുല്‍ഫാതിഹയും, ഇഖ്‌ലാസും മുഅവ്വിദതൈനിയും ഓതി ഊതല്‍ പ്രത്യേക ഫലപ്രാപ്തിയുള്ളതാണ്. ഓരോ ദിവസവും രാത്രി സൂറതുദ്ദുഖാന്‍ ഓതുന്നവന്  70,000 മലക്കുകള്‍ പാപമോചനമര്‍ത്ഥിച്ച് പ്രഭാതത്തിലെഴുന്നേല്‍ക്കാന്‍ സാധിക്കുമെന്ന് ഹദീസുകളിലുണ്ട്.

ഖത്മ് ഓതിത്തീര്‍ക്കല്‍.
ഖുര്‍ആന്‍ ഖത്മ് ഓതിത്തീര്‍ക്കല്‍ പ്രത്യേക പുണ്യവും പ്രാര്‍ത്ഥനക്കുത്തരം കിട്ടാനുള്ള മാര്‍ഗ്ഗവുമാണ്. മുന്‍ഗാമികളില്‍ ഖത്മുകള്‍ ഓതിത്തീര്‍ക്കുന്നതില്‍ അത്ഭുതം പ്രകടിപ്പിച്ചവര്‍ ധാരാളമാണ്. ഖത്മ് തീര്‍ക്കുന്നതില്‍ പലരും പല രീതിയാണ് സ്വീകരിച്ചിരുന്നത്. 10 ദിവസം കൂടുമ്പോഴും, ആഴ്ചയില്‍ ഒന്ന് വീതവുമൊക്കെ ഖത്മ് തീര്‍ത്തവര്‍ അവരിലുണ്ടായിരുന്നു. ദിവസവും ഒന്നും രണ്ടും മൂന്നും ഖത്മ് തീര്‍ക്കുന്നവരും രാത്രി നാലും പകല്‍ നാലുമായി ദിനേന 8 തവണ ഖത്മ് തീര്‍ത്തിരുന്നവരും അക്കൂട്ടത്തിലുണ്ട്. ഇബ്‌നുല്‍കാതിബുസ്വൂഫിയാണ് ദിവസവും 8 തവണ ഖത്‌മോതിയിരുന്ന മഹാന്‍. സമയത്തില്‍ ബറകത് ലഭിച്ച അവരില്‍ ളുഹ്‌റിന്റെയും അസ്വ്‌റിന്റേയും ഇടയിലും മഗ്‌രിബന്റേയും ഇശാഇന്റേയും ഇടയിലുമൊക്കെ ഓരോ തവണ ഖത്മ് തീര്‍ത്തവരും ഉണ്ടായിരുന്നു. ഇവരൊക്കെയാണ് അല്ലാഹുവിന്റെ പ്രത്യേക വക്താക്കളെന്ന് നബി(സ്വ) വിശേഷിപ്പിച്ചവരില്‍ പെടുന്നത്. നമുക്കും ഒന്നു ശ്രമിക്കാം. നാഥന്‍ അനുഗ്രഹിക്കട്ടെ. ആമീന്‍.

Post a Comment

Previous Post Next Post