മരണവും ജീവിതവും അല്ലാഹു സംവിധാനിച്ചത് മനുഷ്യരിലെ സത്‌വൃത്തരാരാണെന്ന് പരിശോധിക്കുവാനാണ്. അതില്‍ വിജയിക്കുന്ന സത്യവിശ്വാസികള്‍ക്ക് മാത്രമാണ് ജീവിതവും മരണവും ആനന്ദമായി അനുഭവപ്പെടുന്നത് . 'നിങ്ങളുടെ ജീവിതം പോലെയാണ് മരണം, മരണം പോലെയാകും പുനര്‍ജന്‍മവും' എന്ന തിരുവചനം നമ്മുടെ ഹൃദയം തൊട്ടുണര്‍ത്തേണ്ട വാക്യമാണ്. വിശ്വാസവും സല്‍പ്രവര്‍ത്തനങ്ങളും ജീവിതത്തില്‍ ഇഴകിച്ചേര്‍ന്നവര്‍ക്ക് മരണത്തോടു കൂടി ആനന്ദപൂര്‍ണ്ണമായ അനന്തജീവിതം ആരംഭിക്കുകയാണ്. ഈയിടെ വഫാതായ പറപ്പൂര്‍ ബാപ്പുട്ടി മുസ്‌ലിയാര്‍ ജീവിതവും മരണവും പിന്‍ഗാമികള്‍ക്ക് മാതൃകയാക്കിയാണ് വിടചോദിച്ചത്.
കുടുംബം
അബൂബക്ര്‍സിദ്ദീഖ്(റ)ന്റെ സന്താന പരമ്പരയില്‍ ബക്‌രി കുടുംബത്തിലെ കണ്ണിയായി ചോലക്കലകത്ത് കുഞ്ഞീന്‍ മുസ്‌ലിയാരുടേയും കുഞ്ഞാച്ചു ഹജ്ജുമ്മയുടേയും മകനായിട്ടാണ് ബാപ്പുട്ടിമുസ്‌ലിയാര്‍ ജനിക്കുന്നത്. മലപ്പുറത്ത് താമസമാക്കിയിരുന്ന ചോലക്കലകത്ത് കുടുംബം പിതാമഹന്‍ സൈനുദ്ദീന്‍മുസ്‌ലിയാരിലൂടെയാണ് പറപ്പൂരിലെത്തുന്നത്. അദ്ദേഹത്തിന്റെ പൗത്രനായിരുന്ന കുഞ്ഞീന്‍മുസ്‌ലിയാര്‍ ആത്മജ്ഞാനിയും പണ്ഡിതനും പരിത്യാഗിയുമായിരുന്നു. അവര്‍ക്ക് കുഞ്ഞാച്ചു ഹജ്ജുമ്മയില്‍ ജനിച്ച നാല് മക്കളില്‍ ഏക പുത്രനായിരുന്നു മുഹമ്മദ് മുസ്‌ലിയാര്‍. അവരാണ് പിന്നീട് ബാപ്പുട്ടി മുസ്‌ലിയാര്‍ എന്നറിയപ്പെട്ടത്.
പിതാവ് കുഞ്ഞീന്‍ മുസ്‌ലിയാര്‍ മതകീയവും ആത്മീയവുമായ ചുറ്റുപാടുകളുള്ള കുടുംബത്തില്‍ ജനിച്ച് വളര്‍ന്നത് കൊണ്ട് ജീവിതത്തില്‍ അതിന്റെ പ്രതിഫലനങ്ങള്‍ കാണുകയുണ്ടായി. കുട്ടിരായീന്‍ മുസ്‌ലിയാരാണ് അവരുടെ പിതാവ്. അല്ലാഹുവിനെ പേടിച്ച് ജീവിച്ച സാത്വികനായിരുന്നു അദ്ദേഹം. നാട്ടിലെ ഓത്തുപള്ളിയില്‍ പ്രഥമ പഠനം കഴിഞ്ഞ് സ്വൂഫിയായിരുന്ന കാപ്പാട് മുഹമ്മദ് മുസ്‌ലിയാര്‍, താഴെക്കോട് കുഞ്ഞലവി മുസ്‌ലിയാര്‍ എന്നിവരില്‍ നിന്നും പിന്നീട് മദ്രാസിലെ ജമാലിയ്യാ കോളേജില്‍ വെച്ചും കുഞ്ഞീന്‍ മുസ്‌ലിയാര്‍ അറിവ് കരസ്ഥമാക്കി. മതഗ്രന്ഥങ്ങള്‍ക്ക് പുറമെ അറബി, ഇംഗ്ലീഷ്, തമിഴ്, ഉര്‍ദു,കന്നട ഭാഷകളിലും അദ്ദേഹം പ്രവീണനായിരുന്നു. കോലാര്‍, ഇരുമ്പാലശ്ശേരി, കൈപ്പുറം, പറപ്പൂര്‍ എന്നീ സ്ഥലങ്ങളില്‍ ദര്‍സ് നടത്തിയ അദ്ദേഹം ഇല്‍മിന്റെ പ്രചാരണത്തില്‍ വലിയ പങ്ക് വഹിച്ചവരാണ്. നന്തിയില്‍ മുഹമ്മദ് മുസ്‌ലിയാരും അവരുടെ സഹോദരന്‍ ഹംസ മുസ്‌ലിയാരും അദ്ദേഹത്തിന്റെ പ്രധാന ശിഷ്യന്‍മാരാണ്. മൗലാനാ സി.എച്ച് ഐദ്‌റൂസ് മുസ്‌ലിയാര്‍, കുമരംപുത്തൂര്‍ അബ്ദുറഹ്മാന്‍ മുസ്‌ലിയാര്‍ തുടങ്ങിയ പല മഹാന്‍മാരും അദ്ദേഹത്തെ സന്ദര്‍ശിക്കുമായിരുന്നു. തന്നെ കാണാന്‍ വരുന്ന മഹാന്‍മാരെക്കൊണ്ട് തന്റെ മക്കള്‍ക്ക് വേണ്ടി പ്രാര്‍ത്ഥിപ്പിക്കുന്ന പതിവ് കുഞ്ഞീന്‍ മുസ്‌ലിയാര്‍ക്കുണ്ടായിരുന്നു. അതിന്റെ നേട്ടം അവരുടെ ജീവിതത്തില്‍ നിഴലിക്കുകയും ചെയ്തു.
പറപ്പൂരിനടുത്ത പ്രദേശമായ പാറയില്‍ എന്ന സ്ഥലത്തെ കാഞ്ഞിരംകണ്ടത്തില്‍ കുഞ്ഞാച്ചു ഹജ്ജുമ്മയായിരുന്നു മാതാവ്. ആബിദതും സൂക്ഷ്മതയോടെ ജീവിച്ചവരും മുതഅല്ലിമീങ്ങളോട് അതിരറ്റ സ്‌നേഹം പുലര്‍ത്തുകയും ചെയ്തിരുന്ന അവര്‍ കുഞ്ഞീന്‍മുസ്‌ലിയാരുടെ വഫാതിന് ശേഷം വീട്ടില്‍ ഖുര്‍ആന്‍ പാരായണത്തിലും ഇബാദതിലുമായി കഴിഞ്ഞുകൂടി. നിരവധി സ്ത്രീകള്‍ പല കാര്യങ്ങള്‍ക്കും അവരെ സന്ദര്‍ശിക്കുന്ന പതിവുണ്ടായിരുന്നു.
പഠനം, ഗുരുശ്രേഷ്ഠര്‍
ജ്ഞാനവും ആത്മീയതയും ഒരുമിച്ചിരുന്ന പിതാവ് കുഞ്ഞീന്‍മുസ്‌ലിയാര്‍, കരിഞ്ചാപ്പാടി മൊയ്തീന്‍ കുട്ടിമുസ്‌ലിയാര്‍, ഊരകം കുഞ്ഞുമുസ്‌ലിയാര്‍, ചെറുശ്ശോല കുഞ്ഞുമുഹമ്മദ് മുസ്‌ലിയാര്‍, ഓടക്കല്‍ മൂസാന്‍ കുട്ടിമുസ്‌ലിയാര്‍ തുടങ്ങിയ പ്രമുഖരില്‍ നിന്നാണ് ബാപ്പുട്ടി മുസ്‌ലിയാര്‍ ജ്ഞാനമാര്‍ജ്ജിച്ചത്. കുഞ്ഞീന്‍ മുസ്‌ലിയാരോടുള്ള ബഹുമാനം കാരണം പഠനകാലത്ത് ബാപ്പുട്ടി ഉസ്താദിനും തങ്ങളുടെ കൂടെ പള്ളിയിലാണ് ഉസ്താദുമാര്‍ ഭക്ഷണം സജ്ജീകരിച്ചത്. അവരുടെ തര്‍ബിയ്യതില്‍ ജീവിച്ചത് കൊണ്ട് തന്നെ നന്‍മയുടെ അടയാളങ്ങളെല്ലാം ആ ജീവിതത്തില്‍ നിഴലിച്ചു കണ്ടു. ആര്‍ക്കും ഭാരമാവാതെ പലരുടേയും ഭാരമിറക്കിവെക്കാന്‍ ആ ധന്യജീവിതത്തിന് സാധിക്കുകയും ചെയ്തു.
പറപ്പൂര്‍ വടക്കുംമുറി പള്ളിയില്‍ ഉസ്താദ് പഠിക്കുമ്പോള്‍ അവിടെ സീനിയര്‍ വിദ്യാര്‍ത്ഥിയായി അത്തിപ്പറ്റ മൊയ്തീന്‍കുട്ടി മുസ്‌ലിയാരുമുണ്ടായിരുന്നു. അത്തിപ്പറ്റ ഉസ്താദാണ് ബാപ്പുട്ടി ഉസ്താദിന് മുതഫര്‍രിദ് ഓതിക്കൊടുത്തത്. ആ കാലത്ത് കുഞ്ഞീന്‍ മുസ്‌ലിയാരെക്കാണാന്‍ ബാപ്പുട്ടി ഉസ്താദിനോടൊപ്പം അത്തിപ്പറ്റ ഉസ്താദ് പലപ്പോഴും അവരുടെ വീട്ടില്‍ ചെല്ലുമായിരുന്നു.
പുത്രന്‍ പിതാവിന്റെ പൊരുളാണെന്ന വാക്യം കൃത്യമായി പുലര്‍ന്ന ജീവിതമായിരുന്നു ഉസ്താദിന്റെത്. തസ്വവ്വുഫിന്റെ ഉള്‍സാരം അറിഞ്ഞ് പാഴ് വാക്കുകളില്‍ നിന്നും മറ്റും മാറിനിന്ന് കര്‍മ്മങ്ങളില്‍ നിരതമായി മുന്നോട്ട് പോയി. ദിക്‌റിലും ഫിക്‌റിലും സമയം ചിലവഴിച്ച് ആരാധനകളില്‍ വീഴ്ച വരുത്താതെ റബ്ബിലേക്കടുക്കുവാനുള്ള സര്‍വ്വ നന്‍മകളും ജീവിതത്തില്‍ അനുഷ്ഠിക്കുവാന്‍ അവിടുന്ന് ശ്രദ്ധിച്ചു.
ഇല്‍മും സമ്പത്തും ലഭിച്ചവര്‍ അവ രണ്ടും അല്ലാഹുവിന്റെ മാര്‍ഗ്ഗത്തില്‍ ചിലവഴിക്കുന്നവരെങ്കില്‍ സൗഭാഗ്യവാന്‍മാരാണ്. ആരോടും അസൂയ വെക്കാന്‍ പാടില്ലെന്ന് പറയുന്ന മതം ഏതെങ്കിലും വ്യക്തിയോട് അസൂയവെക്കാന്‍ അനുവദിക്കുന്നുവെങ്കില്‍ ഉപര്യുക്ത വ്യക്തികളോട് മാത്രമാണ്. അബ്ദുല്ലാഹിബ്‌നുമസ്ഊദ്(റ) നബി(സ്വ)യില്‍ നിന്നുദ്ധരിക്കുന്നു: 'രണ്ട് വ്യക്തികളോട് മാത്രമേ അസൂയ വെക്കാവൂ. ഒന്ന് അല്ലാഹു നല്‍കിയ സമ്പത്ത് എപ്പോഴും അവന്റെ വഴിയില്‍ ചിലവഴിക്കുന്നവര്‍, രണ്ട് കിട്ടിയ വിജ്ഞാനം കൊണ്ട് ജനങ്ങളെ പഠിപ്പിക്കുകയും അവര്‍ക്കിടയില്‍ മതവിധികള്‍ നടപ്പിലാക്കുകയും ചെയ്യുന്നവര്‍'(സ്വഹീഹുല്‍ ബുഖാരി). മറ്റുള്ളവന് ലഭിച്ച അനുഗ്രഹം നീങ്ങിപ്പോവണമെന്ന് ആഗ്രഹിക്കാതെ അത് പോലെ തനിക്കുമുണ്ടാകണമെന്ന് കൊതിക്കുന്നതാണ് ഇസ്‌ലാം അനുവദിക്കുന്ന അസൂയ.
ശൈഖുനാ ബാപ്പുട്ടി ഉസ്താദ് ഈ രണ്ട് നിഅ്മതുകള്‍ കൊണ്ടും അനുഗ്രഹീതനാണ്. താന്‍ പഠിച്ച അറിവുകള്‍ ലഭ്യമായ ഇടവേളികളിലെല്ലാം തന്റെ ചുറ്റുപാടുകളിലുള്ളവര്‍ക്കെല്ലാം ഉസ്താദ് പറഞ്ഞു കൊടുത്തു. മാത്രവുമല്ല, ഇല്‍മിനേയും മുതഅല്ലിമുകളേയും സ്‌നേഹിച്ച പിതാവ് കുഞ്ഞീന്‍ മുസ്‌ലിയാരുടെ വഫാതിന് ശേഷം ഉപ്പയുടെ പേരില്‍ നേര്‍ച്ച നേര്‍ന്ന പണം പലരും ബാപ്പുട്ടി ഉസ്താദിന്റെ കയ്യില്‍ കൊണ്ട് വന്ന് കൊടുക്കുന്ന പതിവ് ഉണ്ടായപ്പോള്‍ ആദ്യ കാലങ്ങളില്‍ അത് സാധുക്കള്‍ക്ക് വിതരണം ചെയ്തിരുന്ന ഉസ്താദ് പിന്നീട് സ്വന്തം പിതാവിന്റെ സ്മരണക്ക് 1987ല്‍ ഒരു വിദ്യാഭ്യാസകേന്ദ്രം പണിതുയര്‍ത്തുകയും മദ്രസാ വിദ്യാഭ്യാസ സംവിധാനത്തിനോപ്പം കാലികമായ ഭൗതിക പരിജ്ഞാനവും ആ വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കുകയും ചെയ്തു. ഈ സ്ഥാപനം പിന്നീട് 1997 മുതല്‍ സബീലുല്‍ ഹിദായ എന്ന പേരില്‍ ദാറുല്‍ ഹുദായുടെ യു.ജി സ്ഥപാനമായി അംഗീകരിക്കപ്പെട്ടു.
കുഞ്ഞീന്‍മുസ്‌ലിയാരുടെ അടുത്ത് വന്ന് ആത്മീയവും ഭൗതികവുമായ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം ചോദിക്കുവാന്‍ നിരവധി ആളുകള്‍ പറപ്പൂരിലെത്താറുണ്ടായിരുന്നു. ഓരോരുത്തര്‍ക്കും വേണ്ട പരിഹാരം അവര്‍ പറഞ്ഞ് കൊടുക്കുകയും മരുന്നുകള്‍ നിര്‍ദേശിക്കുകയും ചെയ്തു. ഈ സമയത്ത് പലപ്പോഴും മരുന്നുകള്‍ എഴുതിക്കൊടുക്കാന്‍ മകന്‍ ബാപ്പുട്ടി മുസ്‌ലിയാരെയാണ് ഏല്‍പ്പിച്ചിരുന്നത്. ആ പാരമ്പര്യമാണ് പിന്നീട് ഉസ്താദും കാത്തുപോന്നത്. കുഞ്ഞീന്‍ മുസ്‌ലിയാരുടെ വഫാതിന് ശേഷം ആളുകള്‍ പറഞ്ഞിരുന്നത് തന്നെ 'കുഞ്ഞീന്‍മോല്യാരെ കുട്ടിന്റെ അടുത്ത് പോയി കാര്യം പറയാം' എന്നായിരുന്നു.
സമ്പാദ്യം മുഴുവന്‍ ദീനിന് സമര്‍പ്പിച്ച മഹാന്‍
പ്രമുഖ സ്വൂഫിയും പണ്ഡിതനുമായിരുന്ന അബ്ദുല്ലാഹിബ്‌നുല്‍മുബാറക്(റ)ന്റെ ചരിത്രത്തില്‍ ഇങ്ങനെ വായിക്കാം; ഓരോ വര്‍ഷവും തന്റെ കച്ചവടലാഭത്തില്‍ നിന്ന് ഒരു ലക്ഷം ദിര്‍ഹം ദീനിന്റെ വഴിയില്‍ സഞ്ചരിക്കുന്ന പണ്ഡിതര്‍ക്കും സ്വൂഫികള്‍ക്കും അദ്ദേഹം ചിലവഴിക്കുകുയം അതിന് വേണ്ടി നിരവധി കച്ചവടങ്ങളും യാത്രകളും നടത്തുകയും ചെയ്യുമായിരുന്നു. ഫുളൈല്ബ്‌നുഇയാള്(റ)നോട് ഒരിക്കല്‍ അദ്ദേഹം പറഞ്ഞുവത്രെ ''നിങ്ങളും ശിഷ്യന്‍മാരുമൊന്നും ഇല്ലെങ്കില്‍ ഞാന്‍ ഈ കച്ചവടമൊക്കെ നിര്‍ത്തിവെക്കുമായിരുന്നു!!''.
ബാപ്പുട്ടി ഉസ്താദിന്റെ സമ്പാദ്യം മുഴുവനും തന്റെ വീടിനോട് ചേര്‍ന്ന് നിര്‍മ്മിച്ച സബീലുല്‍ഹിദായയിലെ മുതഅല്ലിമുകള്‍ക്കും അധ്യാപകര്‍ക്കുമായിരുന്നു. ജീവിക്കണമെങ്കില്‍ സ്ഥാപനമേധാവിയായാല്‍ മതി എന്ന് വിചാരിക്കുന്നവര്‍ വര്‍ദ്ധിക്കുന്ന കാലത്താണ് ജീവിതത്തിന്റെ സമ്പാദ്യം മുഴുവനും മതപ്രചാരണത്തിന് വേണ്ടി പണ്ഡിതരെ വാര്‍ത്തെടുക്കാന്‍ ഉസ്താദ് സ്ഥാപനം നടത്തിയത്. സ്ഥാപനം നില്‍ക്കുന്നത് പോലും സ്വന്തം ഭൂമയിലാണ്. സ്വന്തം പറമ്പിലെ ചക്കയും മാങ്ങയും തേങ്ങയുമെല്ലാം ആ സ്ഥാപനത്തിലെ അന്തേവാസികള്‍ക്കും പിന്നെ കുടുംബത്തിനും മാറ്റിവെച്ചു. ഓരോ വര്‍ഷവും കോടിക്കണക്കിന് രൂപയാണ് ഇതിന് വേണ്ടി മാത്രം ഉസ്താദ് നീക്കി വെച്ചത്.
അല്ലാഹു പറയുന്നു: ''ജനങ്ങളില് ചിലയാളുകള്‍ അല്ലാഹുവിന്റെ പ്രീതി കാംക്ഷിച്ചു കൊണ്ട് സ്വന്തത്തെത്തന്നെ വില്‍ക്കും. അല്ലാഹു തന്റെ അടിമകളോട് അങ്ങേയറ്റം ദയയുള്ളവനാണ്''(അല്‍ബഖറ 207). റോമില്‍ നിന്ന് വന്ന് മക്കയില്‍ താമസിച്ചു നേടിയെടുത്ത സമ്പാദ്യം മുഴുവനും ഹിജ്‌റയുടെ വേളയില്‍ ശത്രുക്കള്‍ ചോദിച്ചപ്പോള്‍ എടുത്തുകൊള്ളാന്‍ പറഞ്ഞ സ്വുഹൈബുര്‍റൂമി(റ) മദീനയിലെത്തിയപ്പോള്‍ 'കച്ചവടം ലാഭകരമായിട്ടുണ്ട്' എന്ന സന്തോഷവാര്‍ത്തയോടെയാണ് നബി(സ്വ) അദ്ദേഹത്തെ സ്വീകരിച്ചത്. ഉപര്യുക്ത സൂക്താവതരണത്തിന്റെ പശ്ചാതലവും അതാണെന്ന് ഖുര്‍ആന്‍ വ്യാഖ്യാതാക്കള്‍ പറഞ്ഞിട്ടുണ്ട്. ബാപ്പുട്ടി ഉസ്താദും ലാഭമുള്ള കച്ചവടമാണ് നടത്തിയത്. ആ സമ്പാദ്യം മുഴുവനും ഒരു ബിസിനസ് നിക്ഷേപമായി എടുത്തുവെച്ചിരുന്നെങ്കില്‍ കോടിപതിയായി ജീവിക്കാമായിരുന്നു. പക്ഷെ ഭൗതികതയേക്കാള്‍ നിലനില്‍ക്കുന്നതും ഉത്തമവുമായ പരലോകമാണ് അവര്‍ തെരഞ്ഞെടുത്തത്!!.
സ്ഥാപന നടത്തിപ്പിന് പുറമെ, ആ നാട്ടില്‍ ഉസ്താദിനെ ആശ്രയിച്ച് ജീവിച്ചിരുന്ന നിരവധി കുടുംബങ്ങളുണ്ടായിരുന്നു. സ്ഥാപനത്തിലെ അനധ്യാപക ജോലിക്കാരും തോട്ടപ്പണിക്കാരും മറ്റും ആ നാട്ടുകാരാണ്. എല്ലാവര്‍ക്കുമുള്ള ഭക്ഷണം, ശമ്പളം എല്ലാം ഉസ്താദിന്റെ വരുമാനത്തില്‍ നിന്ന്. നിലവില്‍ ഓരോ മാസവും 10 ലക്ഷത്തിലധികമാണത്രെ ചിലവ്. അഥവാ വാര്‍ഷിക ചിലവ് കോടിക്കണക്കിന് രൂപയിലുമപ്പുറം!!... അതെ, ദാനധര്‍മ്മം ആരുടേയും സമ്പത്ത് കുറച്ചുകളയില്ലെന്ന തിരുവചനം ആ ജീവിതത്തില്‍ നേരിട്ടനുഭവിക്കാന്‍ എനിക്കും കഴിഞ്ഞിട്ടുണ്ട്. അഹ്‌ലുബൈതിലെ പ്രധാനി അലിയ്യുന്‍ സൈനുല്‍ആബിദീന്‍(റ) വിന്റെയും മറ്റു മഹത്തുക്കളുടെ ചരിത്രത്തിലും ഇതിന് ചില മാതൃകകള്‍ നമുക്ക് കാണാന്‍ കഴിയും.
എല്ലാം ഇറക്കിവെക്കാനുള്ള അത്താണി
ഓരോ ദിവസവും അതിരാവിലെ മുതല്‍ രാവേറെ വൈകുന്നത് വരെ ഉസ്താദിനെ കാണാനും സങ്കടം പറയാനും വെള്ളവും നൂലും മന്ത്രിക്കാനും രോഗവിവരം പറഞ്ഞ് ചികിത്സ തേടാനും ജോലിയിലെ പ്രയാസങ്ങള്‍ നീങ്ങാന്‍ ദുആ ചെയ്യാനും വിവാഹകാര്യം ശരിയാകാനും കച്ചവടത്തിലെ അഭിവൃദ്ധിക്കും അങ്ങിനെ പലപല കാര്യങ്ങള്‍ പറയാന്‍ വരുന്നവരുടെ നീണ്ട നിര തന്നെയുണ്ടാകും. ചിലര്‍ പറയുന്നത് കേട്ടാല്‍ മറ്റുള്ളവര്‍ക്ക് പോലും ദേശ്യം വരും. അത്രയും കാര്യങ്ങളായിരിക്കും ഓരോരുത്തരും പറയുന്നത്. എന്നാല്‍ എല്ലാവരും പറയുന്നത് ക്ഷമയോടെ കേട്ട് ഓരോരുത്തര്‍ക്കും വേണ്ടത് കൃത്യമായി പറഞ്ഞ് കൊടുത്ത് ഉസ്താദ് ഇരിക്കുന്നത് കണ്ടാല്‍ നമുക്ക് പോലും അത്ഭുതം തോന്നും. റമളാനിലെ ചില ദിവസങ്ങളില്‍ ഉസ്താദിന്റെ വീട്ടിലേക്ക് അത്താഴം കഴിക്കാന്‍ പോകുമ്പോള്‍ അത്താഴത്തിനു ഉസ്താദ് എഴുന്നേല്‍ക്കുമ്പോള്‍ തങ്ങളുടെ ആവശ്യങ്ങള്‍ പറയാം എന്ന് കരുതി കോലായിലെ കസേരകളില്‍ ഇരിക്കുന്നവരെ നമുക്ക് കാണാവുന്നതാണ്.
ഉസ്താദിനെ സമീപിച്ചിരുന്നവര്‍ മുഴുവനും ഉസ്താദിനോട് മനസ്സില്‍ ആദരവും സ്‌നേഹവും കൊണ്ട്‌നടന്നവരാണ്. തങ്ങളുടെ വീട്ടിലെയും കുടുംബത്തിലേയും എന്ത് കാര്യങ്ങളും ഉസ്താദിനോട് ചോദിച്ചറിയാതെ അവര്‍ നടത്തിയിരുന്നില്ല. ഉസ്താദ് പറയുന്നത് കൃത്യമായി പുലരുമെന്ന വിശ്വാസം അവര്‍ക്കുണ്ടായിരുന്നു. 'അല്ലാഹുവിന്റെ അടിമകളില്‍ അവനെ മുന്‍നിര്‍ത്തി സത്യം ചെയ്ത് പറഞ്ഞാല്‍ അത് അല്ലാഹു നടപ്പിലാക്കിക്കൊടുക്കുന്ന ചിലയാളുകളുണ്ട്' എന്ന തിരുവചനം ഉസ്താദിലൂടെ അവര്‍ നേരിട്ടനുഭവിക്കുകയായിരുന്നു. അങ്ങനയെള്ള അനുഭവങ്ങള്‍ പങ്ക് വെക്കാന്‍ കഴിയുന്ന ആയിരക്കണക്കിനാളുകള്‍ ഇന്നും ജീവിച്ചിരിക്കുന്നുണ്ടെന്നുറപ്പാണ്.
അല്ലാഹുവിന്റെ ആരിഫകള്‍ക്ക് മാത്രമേ അകക്കണ്ണ് കൊണ്ട് കാണാന്‍ സാധിക്കുകയുള്ളൂ. വിലായതും മറ്റും അംഗീകരിക്കുന്നവര്‍ക്ക് ഇത് വിശ്വസിക്കാന്‍ പ്രയാസമില്ല. വിലപിടിപ്പുള്ള പല വസ്തുക്കളും നഷ്ടപ്പെട്ടെന്ന് പരിഭവം പറയുന്നവരോടും, ചില ജോലികളും മറ്റും അന്വേഷിക്കട്ടെ എന്ന് സമ്മതം ചോദിക്കുന്നവരോടും ഉസ്താദ് നല്‍കുന്ന മറുപടികളില്‍ ഇത് നമുക്ക് ബോധ്യമാകും.
അതിഥികളെ കാത്തിരുന്ന ഉസ്താദ്
അബൂഹുറൈറ(റ) നബി(സ്വ)യില്‍ നിന്നും ഉദ്ധരിക്കുന്നു: ''അല്ലാഹുവിന് ഏറ്റവും തൃപ്തിയുള്ള പ്രവര്‍ത്തനങ്ങളില്‍ സത്യവിശ്വാസിയുടെ മനസ്സിന് സന്തോഷം നല്‍കലും, അവന്റെ വിഷമം നീക്കിക്കൊടുക്കലും, കടം വീട്ടിക്കൊടുക്കലും വിഷക്കുമ്പോള്‍ ഭക്ഷണം നല്‍കലും ഉള്‍പ്പെടുന്നതാണ്''. ബാപ്പുട്ടി ഉസ്താദിന്റെ ജീവിതത്തില്‍ ഈ പ്രവര്‍ത്തനങ്ങളാണ് കാര്യമായി കണ്ടിരുന്നത്. വിഷമങ്ങളുടെ ഭാണ്ഡങ്ങളേറ്റി വരുന്നവരോട് ആശ്വാസത്തിന്റെ വാക്കുകള്‍ പറഞ്ഞാണ് ഉസ്താദ് തിരിച്ചയച്ചിരുന്നത്. ഉസ്താദിന്റെ വീട്ടില്‍ ഭക്ഷണം കഴിക്കാന്‍ അതിഥികളില്ലാത്ത ദിവസം ഉണ്ടായിരുന്നില്ല എന്ന് തന്നെ പറയാം. ശാരീരിക അവശതകളുണ്ടായിട്ടും അതിഥികളുടെ അടുത്ത് വന്ന് തീന്‍മേശയിലുള്ള ഓരോ വിഭവത്തെ കുറിച്ചും അതിന്റെ മേന്‍മയുമെല്ലാം അതിഥികള്‍ക്ക് പറഞ്ഞ് കൊടുക്കുകയും നന്നായി ഭക്ഷണം കഴിക്കാന്‍ പറയുകയും സ്‌നേഹത്തോടെ പെരുമാറുകയും ചെയ്യുന്ന ആതിഥേയനായിരുന്നു ഉസ്താദ്. ഒരിക്കല്‍ ഉസ്താദിന്റെ വീട്ടില്‍ വെച്ച് ഭക്ഷണം കഴിക്കുമ്പോള്‍ ഉസ്താദും അരികെ വന്ന് പലകാര്യങ്ങളും പറയുന്ന കൂട്ടത്തില്‍ ഉസ്താദ് പറഞ്ഞു: ''ഹാലാലാണെന്നുറപ്പുള്ള ഭക്ഷണം എത്രയും കഴിച്ചോളൂ എന്ന് ലുഖ്മാനുല്‍ഹകീം(റ) മകന് നല്‍കിയ ഉപദേശത്തിലുണ്ട്''. ഇമാം ശാഫിഈ(റ) അഹ്മദ്ബ്‌നുഹമ്പല്‍(റ)ന്റെ വീട്ടിലെ അതിഥിയായ ദിവസം സാധാരണയില്‍ കവിഞ്ഞ് ഭക്ഷണം കഴിച്ചതിന്റെ കാരണമന്വേഷിച്ചപ്പോള്‍ പറഞ്ഞതും ഇത് തന്നെയാണ്.
മഹാന്‍മാരെ ആദരിച്ച മഹാന്‍
മഹാനായ ഒരു സ്വൂഫിവര്യന്റെ പുത്രനായി മഹത്തുക്കളുടെ പരമ്പരയില്‍ ജനിക്കുകയും സ്വാലിഹീങ്ങളുടെ ശിക്ഷണത്തില്‍ പഠിക്കുകയും അവരുടെ തര്‍ബിയ്യത് നേടുകയും ചെയ്തത് കൊണ്ട് തന്നെ സ്വാലിഹീങ്ങളെ സ്‌നേഹിച്ച് അവരെ അനുസ്മരിച്ച് ജീവിക്കുവാനും അവരെക്കൊണ്ട് കാവല്‍ നേടുവാനും ഉസ്താദിന് സാധിച്ചു എന്ന് നമുക്ക് ബോധ്യമാകും. തന്റെ വീട്ടില്‍ ഓരോ മഹാന്‍മാരുടേയും പേരില്‍ പ്രത്യേക മൗലിദുകളും പ്രാര്‍ത്ഥനകളും ഉസ്താദ് സംഘടിപ്പിക്കാറുണ്ട്. എല്ലാ അറബിമാസത്തിലും 11ആം രാവില്‍ കോളേജിലെ ഉസ്താദുമാരെയും മറ്റും വീട്ടിലേക്ക് ക്ഷണിച്ച് മൗലിദ് ഓതിക്കുകയും നല്ല ഭക്ഷണവും ഹദിയ്യയും നല്‍കുകയും ചെയ്യുമായിരുന്നു. നബി(സ്വ)യുടേ പേരിലും, ബദ്‌രീങ്ങള്‍, മുഹ്‌യിദ്ദീന്‍ ശൈഖ്(റ), രിഫാഈ ശൈഖ്(റ) എന്നിവരുടെ പേരിലുമുള്ള മൗലിദുകള്‍ ഒന്നിച്ചാണ് ഈ ദിവസം ഓതാറുള്ളത്.
മനം നിറയെ തിരുനബി(സ്വ)യോടുള്ള അനുരാഗം കൊണ്ട് നടക്കുകയും തന്നെ സമീപിക്കുന്ന പണ്ഡിതന്‍മാരോടും മുതഅല്ലിമുകളോടും നബി(സ്വ)യെക്കുറിച്ചുള്ള അറബി കവിതകള്‍ പാടി അര്‍ത്ഥം പറയാന്‍ പറയുകയും പാടിപ്പിക്കുകയും ആ കവിതയുമായി ബന്ധപ്പെട്ട ചരിത്രങ്ങള്‍ പറഞ്ഞു കൊടുക്കുകയും ചെയ്യുമായിരുന്നു. പലപ്പോഴും കോളേജ് പള്ളിയില്‍ കുട്ടികളോടും ഉസ്താദുമാരോടും ചോദ്യം ചോദിക്കുകയും ഉത്തരം പറയുന്നവര്‍ക്ക് ഇനാം നല്‍കുമെന്നും പ്രഖ്യാപിക്കും. ആ ചോദ്യങ്ങള്‍ അധികവും മുത്ത് നബി(സ്വ)യുമായി ബന്ധപ്പെട്ടതായിരിക്കും.
കേരളത്തില്‍ വ്യാപകമായി എച്ച് വണ്‍ എന്‍ വണ്‍ രോഗം ബാധിച്ച പശ്ചാത്തലത്തില്‍ കോളേജിലെ കുട്ടികളോട് എല്ലാ ദിവസവും പള്ളിയില്‍ വെച്ച് മൗലിദ് ഓതി ദുആ ചെയ്യാന്‍ പറയുകയും മുടക്കമില്ലാതെ ഇന്നും അത് തുടര്‍ന്ന് പോരുകയും ചെയ്യുന്നു. ഓരോ മഹാന്‍മാരുടേയും ആണ്ട് ദിവസങ്ങളിലും മറ്റും അവരുടെ പേരിലുള്ള പ്രത്യക മൗലിദുകളും ഓതിക്കുന്ന ശീലവും ഉസ്താദിനുണ്ട്. സ്വാലിഹീങ്ങളോടുള്ള സ്‌നേഹം അവരോപ്പം സ്വര്‍ഗ്ഗത്തിലെത്താനുള്ള മാര്‍ഗ്ഗമെന്ന് വിശ്വസിക്കുന്നവനാണ് സത്യവിശ്വാസി.
പാണക്കാട് സാദാത്തുക്കളോട് ഏറ്റവും വലിയ സ്‌നേഹവും ആദരവും സൂക്ഷിച്ചവരായിരുന്നു അഭിവന്ദ്യരായ ഉസ്താദ്. പാണക്കാട്ടെത്തുന്ന പല പ്രശ്‌നങ്ങളും ഉസ്താദിന്റെ അടുത്തേക്കും തിരിച്ചും പറഞ്ഞ് വിടാറുണ്ടായിരുന്നത് അവര്‍ തമ്മിലെ ആത്മീയ ബന്ധമാണ് സൂചിപ്പിക്കുന്നത്. ആ പരിശുദ്ധ കുടുംബത്തിലെ മുതിര്‍ന്നവരെല്ലാം പലപ്പോഴായി ഉസ്താദിന്റെ അടുത്തും സ്ഥാപനത്തിലും വരാറുണ്ട്.
2009 ജൂലൈ 31 വെള്ളിയാഴ്ചയാണ് സബീലുല്‍ഹിദായ വിതദ്യാര്‍ത്ഥി സംഘടന അഹ്‌സന്‍ പുറത്തിറക്കിയ 'സംസം പറഞ്ഞ് തീരാത്ത പുണ്യങ്ങള്‍'എന്ന പുസ്തകത്തിന്റെ പ്രകാശനം തീരുമാനിച്ചുറച്ച പോലെ പാണക്കാട് കൊടപ്പനക്കല്‍ തറവാട്ടില്‍ വെച്ച് നടന്നത്. ബാപ്പുട്ടി ഉസ്താദും കോളേജ് അധ്യാപകരും കുട്ടികളും കൃത്യ സമയത്തിന് പാണക്കാട് എത്തി. പ്രാരംഭ പ്രാര്‍ത്ഥനക്ക് ഫാത്വിഹ ഓതി ദുആ ചെയ്യാന്‍ നേരമായപ്പോള്‍ തങ്ങള്‍ ദുആ ചെയ്യുമെന്ന് കാത്തിരിക്കുമ്പോഴാണ് ബാപ്പുട്ടി ഉസ്താദിനോട് തങ്ങള്‍ പറഞ്ഞത്.. 'ഇനി നിങ്ങളൊക്കെ ദുആ ചെയ്യൂ' എന്ന്. ഉസ്താദ് ദുആ ചെയ്തു. പ്രകാശനവും കഴിഞ്ഞ് തിരിച്ച് പോരുമ്പോള്‍ തങ്ങളുടെ കീശയില്‍ ഹദിയ്യയും വെച്ചു കൊടുത്തിട്ടാണ് ഉസ്താദ് യാത്ര പറഞ്ഞത്. പിറ്റേന്ന് വൈകുന്നേരം തങ്ങളുടെ മരണവാര്‍ത്തയാണ് ലോകം കേട്ടത്. വഫാതിന് ശേഷം തങ്ങളുടെ ഗ്രന്ഥ ശേഖരം മക്കള്‍ കൈമാറിയത് സബീലുല്‍ ഹിദായയിലെ കുഞ്ഞീന്‍മുസ്‌ലിയാര്‍ സ്മാരക ലൈബ്രറിയിലേക്കാണ് എന്നതും അവരുടെ ആത്മബന്ധമാണ് സൂചിപ്പിക്കുന്നത്.
മര്‍ഹൂം ശൈഖുനാ ചെറുശ്ശേരി ഉസ്താദ് കാണുമ്പോഴെല്ലാം വന്ദ്യരായ ബാപ്പുട്ടി ഉസ്താദിനെ കുറിച്ചും കോളേജിലെ കാര്യങ്ങളും എന്നോട് അന്വേഷിക്കാറുണ്ടായിരുന്നു. വിശേഷങ്ങള്‍ പറഞ്ഞ് കഴിഞ്ഞാല്‍ ഉസ്താദിന്റെ പ്രതികരണം ഇങ്ങനെയായിരുന്നു; 'ഒരു കറാമതിന്റെ സ്ഥാപനമാണ്' എന്നായിരുന്നു. ഒരു നബിദിന പ്രോഗ്രാമിന് ശൈഖുനാ സൈനുല്‍ഉലമയെ സബീലുല്‍ഹിദായയിലേക്ക് ക്ഷണിച്ചു. മഗ്‌രിബിന് ശേഷം നടക്കുന്ന ചടങ്ങിലേക്ക് ശൈഖുനാ വളരെ നേരത്തെതന്നെ എത്തി. ഉസ്താദിന്റെ വീട്ടിലായിരുന്നു വിശ്രമം. മണിക്കൂറുകളോളം അവര്‍ രണ്ട് പേരും ഒരുമിച്ചായിരുന്നു. രണ്ട് പേരും പരസ്പരം ബഹുമാനിക്കുന്നത് കണ്ട് അത്ഭുതം തോന്നിയിട്ടുണ്ട്.
മഹാന്‍മാരെ സ്‌നേഹിച്ചും പാവങ്ങളെ സഹായിച്ചും ദീനിനെ സേവിച്ചും സ്ഥാപനം നിര്‍മ്മിച്ചും മുതഅല്ലിമുകളെ വളര്‍ത്തിയും അല്ലാഹുവിന്റെ പ്രീതി നേടാന്‍ അധ്വാനിച്ച ആ മഹാനുഭാവന്റെ നന്‍മകള്‍ അല്ലാഹു സ്വീകരിക്കട്ടെ. പരലോക ജീവിതം അല്ലാഹു സ്വര്‍ഗ്ഗീയാക്കട്ടെ... ആമീന്‍.
Post a Comment