വളരെ ചെറുപ്പത്തില്‍ തന്നെ മഹാനായ അത്തിപ്പറ്റ ഉസ്താദിനെ കാണാനും അനുഭവിക്കുവാനും സാധിച്ചു എന്നത് ദാറുല്‍ഹുദാ പഠനകാലം എനിക്ക് സമ്മാനിച്ച പ്രധാന സൗഭാഗ്യങ്ങളിലൊന്നാണ്. 1996 മുതല്‍ ആ മഹാനുഭാവനെ പല തവണ കാണാനും ചിലപ്പോഴൊക്കെ അടുത്തിടപഴകാനും അവസരം ലഭിച്ചു. അല്‍ഐനിലേക്ക് പോകുമ്പോഴും തിരിച്ചു വരുമ്പോഴും ഇടത്താവളമായി ദാറുല്‍ഹുദായില്‍ വരികയും കുട്ടികളെ ഒരുമിച്ചിരുത്തി പല നസ്വീഹതുകളും ഉസ്താദ് നല്‍കിയിരുന്നു. പലരില്‍ നിന്നും ഉസ്താദിനെ വ്യതിരക്തനാക്കുന്ന ഒരുപാട് സവിശേഷതകള്‍ അവരെ പരിചയപ്പെട്ടവര്‍ക്കൊക്കെ അനുഭവത്തിലുണ്ടാകും.
അല്ലാഹുവിന്റെ അനുഗ്രഹങ്ങളോര്‍ത്ത് കുറഞ്ഞ സമയത്തിനുള്ളില്‍ ഒരുപാട് തവണ സ്‌തോത്രങ്ങളുരുവിടുന്ന(അല്‍ഹംദുലില്ലാഹ്) മഹാനായിരുന്നു ഉസ്താദവര്‍കള്‍. എന്ത് പ്രതിസന്ധികളും പരീക്ഷണങ്ങളും അല്ലാഹുവിന്റെ വിധിയാണെന്ന് മനസ്സിലാക്കി അത് പൊരുത്തപ്പെടാന്‍ മാത്രം ഹൃദയം വിശാലമായിരുന്നു. ശൈഖ് ജീലാനി(റ) ഒരിക്കല്‍ പറഞ്ഞു: 'ഔദാര്യം, വിനയം, ഹൃദയവിശാലത എന്നീ മൂന്ന് കാര്യങ്ങളിലൂടെയാണ് ഞാന്‍ അല്ലാഹുവില്‍ വിലയം പ്രാപിച്ചത്'. ശൈഖവര്‍കളുടെ സരണയിലൂടെ ജീവിച്ച ഉസ്താദിന്റെ ജീവിത ചിട്ടകളിലും ഈ ഗുണങ്ങള്‍ നമുക്ക് കാണാന്‍ സാധിക്കും. പേരിലും, പ്രവര്‍ത്തനത്തിലുമെന്ന പോലെ അവസാനം മരണത്തിലും തന്റെ മാര്‍ഗ്ഗദര്‍ശിയോട് ചേരാന്‍ ആ മഹാനുഭാവന് സാധ്യമായത് ജീവിത വിശുദ്ധികൊണ്ട് തന്നെയാണ്.
നബി(സ്വ)യുടെ സുന്നതുകള്‍ പരമാവധി അനുഷ്ഠിക്കുകയും ജനങ്ങള്‍ക്കിടയില്‍ തേഞ്ഞ്മാഞ്ഞ് പോയിക്കൊണ്ടിരിക്കുന്ന തിരുചര്യകളെ ജീവസുറ്റമാക്കുകയും ചെയ്യുന്നതില്‍ ഏറെ ശ്രദ്ധപുലര്‍ത്തി. പല നാടുകളിലും മഗ്‌രിബ് നിസ്‌കാരത്തിന് മുമ്പുള്ള രണ്ട് റക്അത്  സുന്നത് തുടങ്ങാന്‍ പ്രേരിപ്പിച്ചതും, മഗ്‌രിബിന് ശേഷം 33 തവണ തസ്ബീഹും, തഹ്മീദും, തക്ബീറും ശീലിപ്പിച്ചതും ഉസ്താദാണ്.
എല്ലാ നന്‍മകളിലും നബി(സ്വ) വലതിനെ മുന്തിക്കാന്‍ ഇഷ്ടപ്പെടുന്നവരായിരുന്നു എന്ന് ആഇശബീബി(റ)ഉദ്ധരിക്കുന്ന ഹദീസില്‍ കാണാം. വലത് കൊണ്ട് ചേയ്യേണ്ട കാര്യം ഇടത് കൊണ്ട് ചെയ്യുന്നത് കണ്ടാല്‍ ഉസ്താദ് ഗുണദോശിക്കുമായിരുന്നു. ഒരു സുഹൃത്തിന്റെ വിവാഹ സല്‍ക്കാരത്തിന് രാത്രി സമയത്ത് വീട്ടിലെത്തിയപ്പോള്‍ അത്തിപ്പറ്റ ഉസ്താദിന്റെ നേതൃത്വത്തില്‍ അവിടെ മൗലിദ് പാരായണം നടക്കുകയാണ്. സമാപന പ്രാര്‍ത്ഥനക്ക് മുമ്പ് ഉസ്താദ് നസ്വീഹത് നല്‍കാനിരിക്കുമ്പോള്‍ ഫാനിന്റെ സ്വിച്ച് ഓഫാക്കാന്‍ പറഞ്ഞു. സ്വിച്ച്‌ബോര്‍ഡിന്റെ അടുത്തുണ്ടായിരുന്ന വ്യക്തി ഇടത്‌കൈ കൊണ്ട് അത് നിര്‍വഹിച്ചപ്പോള്‍ ഉസ്താദ് അല്‍പ്പം ഗൗരവത്തോടെ പറഞ്ഞു:'നാളെ അല്ലാഹുവിന്റെ റസൂലിന്റെ ഹൗളുല്‍കൗസര്‍ വലത് കൈകൊണ്ട് വാങ്ങണമെങ്കില്‍ ദുനിയാവില്‍ വലത് കൊണ്ട് ചെയ്യേണ്ടത് വലത് കൊണ്ട് തന്നെ ചെയ്ത് ശീലിക്കണം'...
കിട്ടുന്ന സമ്പാദ്യങ്ങളത്രയും ദീനിനും പാവപ്പെട്ടവര്‍ക്കും ചിലവഴിച്ച് പരിത്യാഗിയായി രുന്ന മഹാനെ ആശ്രയിച്ച് ജീവിച്ച പലരേയും നമുക്ക് കാണാന്‍ സാധിക്കും. ഉസ്താദിന്റെ അടുത്ത് പലപ്പോഴും വന്നിരുന്ന ഒരു വ്യക്തി, ഒരു പെരുന്നാളിനോടനുബന്ധിച്ച് ഉസ്താദിന്റെ അടുത്ത് വന്നു. 'പെരുന്നാളല്ലേ വരുന്നത് ഉസ്താദെ, വസ്ത്രങ്ങളും സാധനങ്ങളും വാങ്ങാന്‍ പണം വേണം' എന്ന് പറഞ്ഞു. ഉസ്താദ് നല്ല ഒരു സംഖ്യ കൊടുത്തു. ഇനിയും വേണം എന്ന് പറഞ്ഞു. ഉസ്താദ് വീണ്ടും കൊടുത്തു. ഇനിയും വേണം എന്നു പറഞ്ഞു,വീണ്ടും കൊടുത്തു. പിന്നെയും ചോദിച്ചപ്പോള്‍ വീണ്ടും കൊടുത്തിട്ട് പറഞ്ഞു. അതില്‍ നല്ല ബറകത് ഉണ്ടായിക്കോളും എന്ന്.
ദാറുല്‍ഹുദായില്‍ വരുമ്പോള്‍ നിസ്‌കാരസമയങ്ങളില്‍ പലപ്പോഴും ഉസ്താദ് ഇമാമായി നിസ്‌കരിക്കും. അന്നേരങ്ങളില്‍ നിസ്‌കാരത്തിന് മുമ്പ് 'തുണി ഞെരിയാണിക്ക് താഴെ പോയവര്‍ പൊക്കിയുടുക്കണം. അല്ലെങ്കില്‍ അവരുടെ നിസ്‌കാരം അല്ലാഹു സ്വീകരിക്കില്ല' എന്ന് പ്രത്യേകം ഓര്‍മ്മപ്പെടുത്തുമായിരുന്നു.
വിദേശ പര്യടനത്തിന് ദാറുല്‍ഹുദ പറഞ്ഞയച്ച രണ്ട് വിദ്യാര്‍ത്ഥികളില്‍ അവര്‍ക്കിടയിലെ അഡ്ജസ്റ്റ്‌മെന്റ് പ്രകാരം ഒരാള്‍ അല്‍പനേരവും രണ്ടാമത്തെയാള്‍ കുറച്ച് കൂടുതല്‍ സമയവും സദസ്സുകള്‍ കൈകാര്യം ചെയ്യണമെന്ന ധാരണയിലെത്തി. അങ്ങിനെ അത്തിപ്പറ്റ  ഉസ്താദ് പങ്കെടുത്ത പരിപാടിയിലും ഇത് പോലെ അനുവര്‍ത്തിച്ചു. പരിപാടി കഴിഞ്ഞപ്പോള്‍ കൂടുതല്‍ സംസാരിച്ച കുട്ടിയോട് ഉസ്താദ് ചോദിച്ചത്രെ 'രണ്ട് പേരെയും കോളെജ് പറഞ്ഞയച്ചതല്ലേ, രണ്ട് പേര്‍ക്കും തുല്യ സമയമല്ലേ ലഭിക്കേണ്ടത്. നിങ്ങള്‍ കൂട്ടുകാരന്റെ സമ്മതം ചോദിച്ചാണോ കൂടുതല്‍ സമയം പ്രസംഗിച്ചത്?!!'.. നാമൊക്കെ നിസ്സാരമായി കാണുന്നു ഇത്തരം വിഷയങ്ങള്‍ പോലും ഉസ്താദ് ഏറെ ശ്രദ്ധയോടെയാണ് കണ്ടിരുന്നത് എന്നര്‍ത്ഥം!!!.
എപ്പോഴും വുളൂഇലായിക്കഴിയാന്‍ ഉസ്താദ് ശ്രദ്ധിച്ചു. പ്രായമേറെയായിട്ടും യാത്രകള്‍ക്കിടയില്‍ പോലും ഉസ്താദ് ഇക്കാര്യത്തില്‍ പ്രത്യേകം ശ്രദ്ധിച്ചിരുന്നുവെന്ന് പല യാത്രകളിലും ഉസ്താദിന്റെ കൂടെയുണ്ടായിരുന്നവര്‍ പറയുന്നത് കേള്‍ക്കാം. അല്ലാഹു ഉസ്താദിന്റെ ദറജകള്‍ ഉയര്‍ത്തട്ടെ. അവരോടുള്ള സ്‌നേഹം നാളെ രക്ഷപ്പെടാനുള്ള കാരണമായി അല്ലാഹു സ്വീകരിക്കട്ടെ.


Post a Comment

Previous Post Next Post