ശാരീരിക ഇബാദതുകളില്‍ ഏറ്റവും ശ്രേഷ്ഠമുള്ളതാണല്ലോ നിസ്‌കാരം. അഞ്ചുനേരത്തെ ഫര്‍ള് നിസ്‌കാരങ്ങള്‍ക്ക് പുറമേ നിരവധി സുന്നത് നിസ്‌കാരങ്ങളും ദീന്‍ പഠിപ്പിക്കുന്നുണ്ട്. ഫര്‍ള് നിസ്‌കാരങ്ങള്‍ കൃത്യമായി നിര്‍വ്വഹിച്ചാല്‍ മനുഷ്യന്‍ ഉത്തരവാദിത്വം നിര്‍വഹിച്ചവനാവുകയും പരലോകത്തെ ചോദ്യത്തില്‍ നിന്ന് രക്ഷപ്പെടുകയും ചെയ്യും. എന്നാല്‍ അല്ലാഹുവിന്റെ സാമീപ്യം കരസ്ഥമാക്കുവാനും അവന്റെ പൊരുത്തം കൂടുതല്‍ നേടുവാനും സുന്നത്ത് നിസ്‌കാരങ്ങള്‍ അധികരിപ്പിക്കുകയാണ് മാര്‍ഗം. അബൂഹുറൈറ(റ) നിവേദനം ചെയ്യുന്ന ഖുദ്‌സിയ്യായ ഹദീസില്‍ നബി(സ്വ) പറയുന്നു: 'അല്ലാഹു പറയുന്നു; എന്റെ ഇഷ്ടദാസനോട് ശത്രുത പുലര്‍ത്തുന്നവനോട് ഞാന്‍ യുദ്ധം പ്രഖ്യാപിക്കുന്നു. എന്റെ അടിമ അവന്റെ മേല്‍ ഞാന്‍ നിര്‍ബന്ധമാക്കിയ കാര്യങ്ങളേക്കാല്‍ എനിക്കേറ്റവും ഇഷ്ടമുള്ള ഒന്നുകൊണ്ടും എന്നിലേക്ക് അടുത്തിട്ടില്ല. എന്റെ അടിമ സുന്നത്ത് കര്‍മങ്ങളിലൂടെ ഞാനവനോട് ഇഷ്ടം വെക്കുന്നത് വരെ എന്നിലേക്ക് അടുത്ത് കൊണ്ടേയിരിക്കും. ഞാനവനെ ഇഷ്ടപ്പെട്ടാല്‍ അവന്‍ കേള്‍ക്കുന്ന കാതും കാണുന്ന കണ്ണും പിടിക്കുന്ന കരവും ചലിക്കുന്ന പാദവും ഞാനാകും. അവന്‍ എന്നോട് ചോദിച്ചാല്‍ തീര്‍ച്ചയായും ഞാനവന് നല്‍കും. കാവല്‍ ചോദിച്ചാല്‍ അവന് കാവല്‍ നല്‍കും. വിശ്വാസിയോട് അവന് ഇഷ്ടമില്ലാത്തത് ചെയ്യണ്ട എന്ന വിചാരത്താല്‍ അവന്‍ മരണം വെറുക്കുമ്പോഴെല്ലാം അവനെ മരിപ്പിക്കുന്നതില്‍ നിന്ന് പിന്തിരിയുന്നതല്ലാതെ മറ്റൊരു കാര്യത്തില്‍ നിന്നും ഞാന്‍ പിന്തിരിയുകയില്ല'(ബുഖാരി).
മുസ്‌ലിമിന്റെ ജീവിതത്തില്‍ നിരവധി സുന്നത്ത് നിസ്‌കാരങ്ങള്‍ നിര്‍വഹിക്കാനുണ്ട്. അവയില്‍ തന്നെ ജമാഅത് സുന്നതുള്ളവയും ഇല്ലാത്തവയും നിശ്ചിത സമയങ്ങളില്‍ നിര്‍വഹിക്കേണ്ടവയും അല്ലാത്തവയുമുണ്ട്. അവയില്‍ വളരെ പ്രധാനപ്പെട്ടതാണ് തസ്ബീഹ് നിസ്‌കാരം. നിശ്ചിത സമയമെന്നോ ദിവസമെന്നോ വ്യത്യാസമില്ലാതെ നമസ്‌കാരം കറാഹത്തില്ലാത്ത ഏതവസരത്തിലും നിര്‍വഹിക്കാവുന്നതാണിത്. ആഴ്ചയില്‍ ഒരു തവണയോ അല്ലെങ്കില്‍ മാസത്തില്‍ ഒരു തവണയെങ്കിലോ തസ്ബീഹ് നിസ്‌കാരം നിര്‍വ്വഹിക്കല്‍ സുന്നത്താണെന്ന് ഇമാം ഗസാലി(റ) ഇഹ്‌യാഉലൂമിദ്ദീനില്‍ പറയുന്നു. ഇമാം ഇബ്‌നുഹജര്‍(റ) തുഹ്ഫയില്‍ പറയുന്നതില്‍ നിന്ന് തസ്ബീഹ് നിസ്‌കാരം നിത്യവും ഒരു പാട് തവണ നിര്‍വഹിക്കാന്‍ കഴിയുമെങ്കില്‍ അത്രയും അധികരിപ്പിക്കണമെന്നാണ് മനസ്സിലാകുന്നത്. അതിന് സാധ്യമല്ലെങ്കില്‍ പകലിലും രാത്രിയിലും ഓരോ തവണ നിര്‍വഹിക്കുക. ഇല്ലെങ്കില്‍ ദിവസത്തില്‍ ഒരു പ്രാവശ്യമെങ്കിലും. അതിനും കഴിയില്ലെങ്കില്‍ ആഴ്ചയില്‍ ഒരു പ്രാവശ്യമെങ്കിലും. ആഴ്ചയില്‍ ഒരിക്കലെങ്കിലും സാധിക്കാത്തവന്‍ മാസത്തില്‍ ഒരു പ്രാവശ്യമെങ്കിലും നിസ്‌കരിക്കാന്‍ ശ്രമിക്കണം. ഇല്ലെങ്കില്‍ വര്‍ഷത്തിലൊരിക്കലെങ്കിലും. അതിനും സാധിക്കാത്തവന്‍ ആയുസ്സില്‍ ഒരു തവണയെങ്കിലും നിസ്‌കരിക്കണം. തസ്ബീഹ് നിസ്‌കാരത്തിന് എണ്ണമെറ്റ പ്രതിഫലമുണ്ടെന്നും ഇത്രയും ശ്രേഷ്ഠതയുള്ള ഈ നിസ്‌കാരം ദീനീ കാര്യങ്ങളില്‍ അലംഭാവം കാണിക്കുന്നവന്‍ മാത്രമേ നിര്‍വഹിക്കാതിരിക്കുകയുള്ളൂവെന്നും ഇബ്‌നുഹജര്‍(റ) പറയുന്നുണ്ട്. ആയുസ്സില്‍ ഒരു തവണയെങ്കിലും അത് നിര്‍വഹിക്കാത്തവന്‍ ഏറ്റവും വലിയ ഹതഭാഗ്യനാണ്(തുഹ്ഫ- സ്വലാതുന്നഫ്‌ല്)
ഇബ്‌നുഅബ്ബാസ്(റ)പറയുന്നു: 'നബി(സ്വ) അബ്ബാസ്ബ്‌നുഅബ്ദില്‍മുത്വലിബിനോട് ചോദിച്ചു; ഞാന്‍ നിനക്ക് നല്‍കട്ടെയോ?, ഞാന്‍ നിങ്ങള്‍ക്ക് ഓശാരമായി നല്‍കട്ടെയോ?, ഞാന്‍ നിനക്കൊരു കാര്യം പറഞ്ഞുതരട്ടെയോ? നീയത് പ്രവര്‍ത്തിച്ചാല്‍ നിന്റെ സര്‍വ പാപങ്ങളും, രഹസ്യമായും പരസമായും മനപ്പൂര്‍വ്വവും അറിയാതെയും ചെയ്ത എല്ലാപങ്ങളും അല്ലാഹു പൊറുത്തുതരും. എന്നിട്ട് തസ്ബീഹ് നിസ്‌കാരത്തിന്റെ രൂപം നബി(സ്വ)തങ്ങള്‍ വിശദീകരിച്ചു കൊടുത്തു. ശേഷം പറഞ്ഞു, എല്ലാ ദിവസവും ഇത് നിര്‍വ്വഹിക്കാന്‍ കഴിയുമെങ്കില്‍ നിര്‍വ്വഹിക്കുക. അതിന് കഴിയില്ലെങ്കില്‍ ആഴ്ചയില്‍ ഒരു പ്രാവശ്യമെങ്കിലും. അതിനും സാധ്യമല്ലെങ്കില്‍ മാസത്തില്‍ ഒരു തവണ. ഇല്ലെങ്കില്‍ വര്‍ഷത്തില്‍ ഒരു തവണയെങ്കിലും....
തസ്ബീഹ് നിസ്‌കാരത്തെ കുറിച്ച് പരാമര്‍ശിക്കുന്ന ഹദീസുകള്‍ നിരവധി നിവേദക പരമ്പരകളിലൂടെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതിനാല്‍ നിശേധിക്കാവതല്ല. നാല് റക്അതുകളിലായി മൂന്നൂറ് തവണ ചൊല്ലുന്ന തസ്ബീഹിന് വലിയ പ്രത്യേകതയുണ്ട്. തസ്ബീഹും തഹ്മീദും തഹ്‌ലീലും തക്ബീറും അടങ്ങിയ ദിക്‌റാണ് തസ്ബീഹ് നിസ്‌കാരത്തില്‍ ഇത്രയേറ തവണ ചൊല്ലുന്നത്. ഇവയുടെ മഹത്വം ഖുര്‍ആനും ഹദീസും നിരവധി പ്രാവശ്യം നമ്മെ പഠിപ്പിച്ചിട്ടുണ്ട്. അബൂഹുറൈറ(റ) റിപ്പോര്‍ട്ട് ചെയ്യുന്നു, നബി(സ്വ) പറയുകയുണ്ടായി നാവ് കൊണ്ട് ചൊല്ലാന്‍ വളരെ എളുപ്പവും മീസാനില്‍ ഭാരമേറുന്നതും അല്ലാഹുവിന് വളരെ ഇഷ്ടപ്പെട്ടതുമായ രണ്ട് വചനങ്ങളാണ് സുബ്ഹാനല്ലാഹി വബിഹംദിഹി സുബ്ഹാനള്ളാഹില്‍ അളീം എന്നീ വചനങ്ങള്‍(ബുഖാരി).
മുഹാജിറുകളിലെ ദരിദ്രന്‍മാര്‍ വന്ന് നബി(സ്വ)യോട് പരാതി പറഞ്ഞു, പ്രതിഫലമെല്ലാം ഞങ്ങളിലെ പണക്കാര്‍ കൊണ്ട് പോയി നബിയേ. നബി(സ്വ) കാരണം ചോദിച്ചു. അവര്‍ പറഞ്ഞു: 'ഞങ്ങള്‍ നിസ്‌കരിക്കുന്നത് പോലെ അവര്‍ നിസ്‌കരിക്കുകയും നോമ്പെടുക്കുന്നത് പോലെ അവര്‍ നോമ്പെടുക്കുകയും ചെയ്യുന്നു. പക്ഷെ അവര്‍ സ്വദഖ ചെയ്യുന്നത് പോലെ, അടിമമോചനം നടത്തുന്നത് പോലെ ഞങ്ങള്‍ക്ക് നിര്‍വഹിക്കാനാവുന്നില്ല. നബി(സ്വ)ചോദിച്ചു; പദവിയില്‍ നിങ്ങള്‍ക്ക് മുമ്പേ പോയവരെ എത്തിപ്പിടിക്കാവുന്നതും ശേഷമുള്ളവരെ അനേകം പിന്നിലാക്കാവുന്നതും നിങ്ങള്‍ ചെയ്യുന്നത് പോലെ ചെയ്യുന്നവനല്ലാതെ നിങ്ങളേക്കാള്‍ ഉത്തമരായി ആരുമുണ്ടാവുകയുമില്ല അങ്ങനെയുള്ള ഒരു കാര്യം ഞാന്‍ നിങ്ങള്‍ക്ക് പഠിപ്പിച്ചു തരട്ടയോ?. ഓരോ നിസ്‌കാര ശേഷവും മുപ്പത്തിമൂന്ന് തവണ സുബ്ഹാനല്ലാഹ് എന്നും അല്‍ഹംദുലില്ലാഹ് എന്നും അള്ളാഹുഅക്ബര്‍ എന്നും പതിവാക്കിയാല്‍ മതി'.
വിവാഹിതയായി ഭര്‍തൃവീട്ടില്‍ കഴിയവേ പണിയെടുത്തും ആസുകല്ലു തിരിച്ചും കൈകളില്‍ മുറിവ് വന്ന ഫാത്വിമ ബീബി(റ) വീട്ടുപണികളില്‍ സഹായിക്കാന്‍ അടിമയെ ലഭിക്കാന്‍ നബി(സ്വ)യുടെ വീട്ടില്‍ ചെന്നു. നബി(സ്വ) അവിടെ ഇല്ലാത്തതിനാല്‍ ആഇശബീബിയോട് കാര്യം പറഞ്ഞു. നബി(സ്വ) വീട്ടിലേക്ക് വന്നപ്പോള്‍ ആഇശബീബി(റ)ഫാത്വിമ(റ) വന്ന വിവരം പറഞ്ഞു. ഉടനെ നബി(സ്വ) അലി(റ)വിന്റെ വീട്ടിലെത്തി. രണ്ടുപേരും ഉറങ്ങാന്‍ കിടന്നിരുന്നു. അവര്‍ക്കിടയില്‍ ഇരുന്നു കൊണ്ട് നബി(സ്വ) ഇങ്ങനെ ഉപദേശിച്ചു. നിങ്ങള്‍ വന്നാവശ്യപ്പെട്ടതിനേക്കാള്‍ ഉത്തമമായത് ഞാന്‍ പറഞ്ഞുതരാം. ഉറങ്ങാന്‍ കിടക്കുമ്പോള്‍ മുപ്പത്തിമൂന്ന് വട്ടം സുബ്ഹാനള്ളാഹ് എന്നും അല്‍ഹംദുലില്ലാഹ് എന്നും മുപ്പത്തിനാല് തവണ അല്ലാഹു അക്ബര്‍ എന്നും ചൊല്ലുന്നത് പതിവാക്കുക. അലി(റ) പറയുന്നു: ആ ദിക്‌റ് പിന്നീടെന്റെ ജീവിതത്തില്‍ ഒരു രാത്രി പോലും ഒഴിവാക്കിയിട്ടില്ല. ഇങ്ങനെ പോകുന്നു ഈ ദിക്‌റിന്റെ മഹത്വങ്ങള്‍.
നിര്‍വഹണ രീതി.
തസ്ബീഹ് നിസ്‌കാരം നാല് റക്അതാണ്. പകല്‍ നിസ്‌കരിക്കുകയാണെങ്കില്‍ ഒരു സലാം കൊണ്ട് നാല് റക്അതായും രാത്രി നിസ്‌കരിക്കുകയാണെങ്കില്‍ ഈരണ്ട് റക്അതുകളായി നിര്‍വഹിക്കലുമാണ ഉത്തമം. ഒന്നാം റക്അതില്‍ ഫാതിഹക്ക് ശേഷം സൂറതുത്തകാസുറും(അല്‍ഹാകുമുത്തകാസുര്‍), രണ്ടാം റക്അതില്‍ സൂറതുല്‍ അസ്വ്‌റും(വല്‍അസ്വ്ര്‍), മൂന്നാം റക്അതില്‍ സൂറതുല്‍ കാഫിറൂനയും നാലാം റക്അതില്‍ സൂറതുല്‍ ഇഖ്‌ലാസും ഓതണമെന്ന് ഇമാം സുയൂഥി(റ) തന്റെ അല്‍കലിമുത്വയ്യിബ് വല്‍ അമലുസ്സ്വാലിഹ് എന്ന ഗ്രന്ഥത്തില്‍ പറയുന്നുണ്ട്.
ഓരോ റക്അതിലും എഴുപത്തിഅഞ്ച് വീതം നാല് റക്അതുകളിലായി മുന്നൂറ് തസ്ബീഹുകള്‍ പൂര്‍ത്തിയാക്കണം. ഖിയാമില്‍ ഫാതിഹയും സൂറതും കഴിഞ്ഞ് പതിനഞ്ച് തവണയും റുകൂഇലും ഇഅ്തിദാലിലും രണ്ട് സുജൂദുകളിലും ഇടയിലെ ഇരുത്തത്തിലും രണ്ടാം സുജൂദില്‍ നിന്ന് രണ്ടാം റക്അതിലേക്ക് ഉയരുമ്പോള്‍ ഇസ്തിറാഹതിന്റെ ഇരുത്തത്തില്‍ പത്ത് വീതവുമാണ് തസ്ബീഹ് ചൊല്ലേണ്ടത്. അത്തഹിയ്യാതില്‍ ഒഴികെ ബാക്കിഓരോ സ്ഥലങ്ങളിലും ചൊല്ലാനുള്ള പ്രത്യേക ദിക്‌റുകള്‍ക്ക് ശേഷമാണ് ഈ തസ്ബീഹുകള്‍ ചൊല്ലാനുള്ള സമയം. ഖിയാമിലെ തസ്ബീഹ് ഖിറാഅതിന് മുമ്പും ശേഷവും ചൊല്ലാവുന്നത് പോലെ അത്തഹിയ്യാതിന്റെ ഇരുത്തത്തില്‍ ചൊല്ലേണ്ട തസ്ബീഹ് അത്തഹിയ്യാത്തിന്റെ മുമ്പും ശേഷവും ചൊല്ലാവുന്നതാണ്(തുഹ്ഫ)
ഫാതിഹക്കും സൂറതിനും ശേഷം ചൊല്ലുന്ന പതിനഞ്ച് എണ്ണം ഖിറാഅതിന് മുമ്പ് ചൊല്ലി ഖിറാഅതിന് ശേഷം പത്ത് കൂടി ചൊല്ലി ഖിയാമില്‍ തന്നെ ഇരുപത്തിഅഞ്ച് തവണയാക്കി ഇസ്തിറാഹതിന്റെ ഇരുത്തത്തിലുള്ള തസ്ബീഹ് ചൊല്ലല്‍ ഒഴിവാക്കിയുള്ള രൂപവും സാധുവാണ്. മുഗ്‌നിയില്‍ ഈ രൂപം മാത്രമാണ് പറഞ്ഞിട്ടുള്ളത്. ഇസ്തിറാഹതിന്റെ ഇരുത്തത്തില്‍ തസ്ബീഹ് ചൊല്ലാന്‍ ഇരിക്കുന്നുണ്ടെങ്കില്‍ സുജൂദില്‍ നിന്ന് ഇസ്തിറാഹതിന്റെ ഇരുത്തത്തിലേക്ക് വരുമ്പോള്‍ മാത്രമേ ഇന്‍തിഖാലാതിന്റെ തക്ബീര്‍ ചൊല്ലാവൂ. ശേഷം ഇസ്തിറാഹതിന്റെ ഇരുത്തത്തില്‍ നിന്ന് രണ്ടാം റക്അതിലേക്ക് പോകുമ്പോള്‍ തക്ബീര്‍ ചൊല്ലരുത്. റുകൂഇല്‍ തസ്ബീഹ് ചൊല്ലാന്‍ മറന്ന് പോയത് ഇഅ്തിദാലില്‍ വെച്ച് ഓര്‍മയായാല്‍ അവ വീണ്ടെടുക്കാന്‍ വേണ്ടി റുകൂഇലേക്ക് മടങ്ങാന്‍ പാടില്ല. ഇഅ്തിദാല്‍ ചെറിയ റുക്‌നായത് കൊണ്ട് അവിടെയും പരിഹരിക്കാന്‍ പാടില്ല, മറിച്ച് സൂജൂദില്‍ വെച്ച് പരിഹരിക്കാവുന്നതാണ്. തസ്ബീഹ് അല്‍പമോ മുഴുവനോ ചൊല്ലാന്‍ വിട്ടുപോവുകയും വീണ്ടെടുക്കാതിരിക്കുകയും ചെയ്താല്‍ നിസ്‌കാരം ബാത്വിലാവുകയില്ല. തസ്ബീഹ് നിസ്‌കാരത്തിന്റെ പ്രതിഫലം ലഭിക്കുമോ ഇല്ലയോ എന്നതില്‍ അഭിപ്രായനൈക്യമുണ്ട്(ഇആനത്).
തസ്ബീഹില്‍ ലാ ഹൗല വലാ ഖുവ്വത ഇല്ലാബില്ലാഹില്‍ അലിയ്യില്‍ അളീം എന്ന് കൂട്ടാവുന്നതാണ്. സലാം വീട്ടുന്നതിന് മുമ്പ് ''അള്ളാഹുമ്മ ഇന്നീ അസ്അലുക തൗഫീഖ അഹ്‌ലില്‍ ഹുദാ വഅഅ്മാല അഹ്‌ലില്‍ യഖീന്‍ വമുനാസ്വഹത അഹ്‌ലിത്തൗബ വഅസ്മ അഹ്‌ലിസ്വബ്ര്‍ വജിദ്ദ അഹ്ല്‍ ഖശ്‌യ വത്വലബ അഹ്‌ലിര്‍റഗ്ബ വതഅബ്ബുദ അഹ്‌ലില്‍ വറഅ് വഇര്‍ഫാന അഹ്‌ലില്‍ഇല്‍മ് ഹത്താ അഖാഫുക്. അല്ലാഹുമ്മ ഇന്നീ അസ്അലുക മഖാഫതന്‍ തഹ്ജുസുനീ അന്‍മആസീക ഹത്താ അഅ്മലു ബിത്വാഅതിക അമലന്‍ അസ്തഹിഖ്ഖു ബിഹീ രിളാക വഹത്താ ഉനാസ്വിഹുക ബിത്തൗബതി ഖൗഫന്‍ മിന്‍ക വഹത്താ അഖ്‌ലുസ്വു ലകന്നസ്വീഹത ഹയാഅന്‍ മിന്‍ക വഹത്താ അതവക്കലു അലൈക ഫില്‍ ഉമൂരി കുല്ലിഹാ ഹുസ്‌ന ളന്നിന്‍ ബിക സുബ്ഹാന ഖാലികിന്നാര്‍'' എന്ന് ചൊല്ലലും സുന്നതാണ്(തുഹ്ഫ, ഇആനത്).
പരിശുദ്ധ റമളാനിനെ വരവേല്‍ക്കാനും ആരാധനകള്‍ കൊണ്ട് ധന്യമാക്കുവാനും സൗഭാഗ്യമുണ്ടാവണമെന്നാണ് രണ്ട് മാസക്കാലമായി അല്ലാഹുവിനോട് നാം പ്രാര്‍ത്ഥിച്ചു കൊണ്ടിരിക്കുന്നത്. ഓരോ കര്‍മത്തിനും ഇരട്ടിയിരട്ടി പ്രതിഫലം ലഭിക്കുന്ന പരിശുദ്ധ റമളാനില്‍ ഇത്രമേല്‍ മഹത്വമുള്ള തസ്ബീഹ് നിസ്‌കാരം കൂടുതല്‍ നിര്‍വ്വഹിക്കാന്‍ നാഥന്‍ നമ്മെ അനുഗ്രഹിക്കട്ടെ. ആമീന്‍.
Post a Comment