അറബി സാഹിത്യത്തില്‍ അത്യപൂര്‍വ്വ രചനകള്‍ കൊണ്ട് ശ്രദ്ധേയനാവുകയും, ഹസ്സാനുല്‍ഹിന്ദ് എന്ന് പ്രസിദ്ധിയാര്‍ജ്ജിക്കുകയും ചെയ്ത അതുല്യ പ്രതിഭയായിരുന്നു അസ്സയ്യിദ് ഗുലാം അലി ആസാദ് ബല്‍ഗ്‌റാമി. ഗുലാം അലിയ്യുബ്‌നു നൂഹ് അല്‍ഹുസൈനി അല്‍വാസിഥി എന്നാണ് പൂര്‍ണനാമം. ഹരിദ്വാര്‍ ജില്ലയിലെ ബല്‍ഗ്‌റാമില്‍ ജനിച്ചത് കൊണ്ട് അതിലേക്ക് ചേര്‍ത്തിയാണ് ബല്‍ഗ്‌റാമിയെന്ന് വിളിക്കുന്നത്. മത, സംസ്‌കാരിക, വിജ്ഞാനമേഖലയില്‍ നവോത്ഥാനം സൃഷ്ടിച്ച നിരവധി പണ്ഡിതര്‍ക്കും സാദാത്തുക്കള്‍ക്കും പരിഷ്‌കര്‍ത്താക്കള്‍ക്കും ജന്‍മം നല്‍കിയ പ്രദേശമാണ് ബല്‍ഗ്‌റാം. ഈ പ്രദേശത്തെ നാനോന്മുഖ പുരോഗതിക്ക് വേണ്ടി പ്രവര്‍ത്തിച്ചവരും അക്കൂട്ടത്തിലുണ്ട്. ബല്‍ എന്ന പേരില്‍ ആ നാട്ടിലുണ്ടായിരുന്ന ഒരു ജിന്നിലേക്ക് ചേര്‍ത്തി ബല്ലിന്റെ ഗ്രാമം എന്ന അര്‍ത്ഥത്തിലാണ് ബല്‍ഗ്‌റാം എന്ന നാമകരണമെന്നഭിപ്രായമുണ്ട്. ബല്‍ഗ്‌റാം നഗര്‍ എന്നതിന്റെ ചുരുക്ക രൂപംകൂടിയാണ് ബല്‍ഗ്‌റാം.
ഹിജ്‌റ 614ല്‍ അശ്ശൈഖ് ബഖ്തിയാറുല്‍കഅ്കി(റ)വിന്റെ നിര്‍ദേശപ്രകാരം അസ്സയ്യിദ് മുഹമ്മദ്ബ്‌നുല്‍ഹുസൈനി(റ)വിന്റെ ആഗമനത്തോടെയാണ് ഈ പ്രദേശം സംസ്‌കാരിക വിജ്ഞാന മേഖലയില്‍ ശ്രദ്ധാകേന്ദ്രമാകുന്നത്. അദ്ദേഹവും അനുയായികളും പ്രേദേശ നേതാവായിരുന്ന രാജശ്രീയുമായി ഏറ്റുമുട്ടുകയും അവരെ കീഴ്‌പെടുത്തി അവിടെ തങ്ങളുടെ ആസ്ഥാനമാക്കുകയും അവിടെയുള്ളവര്‍ക്ക് മതകാര്യങ്ങള്‍ പഠിപ്പിക്കുകയും ഇസ്‌ലാമിലേക്കവരെ ആകര്‍ഷിപ്പിക്കുകയും ചെയ്തു. മുഹമ്മദ് സുഗ്‌റാ എന്നറിയപ്പെടുന്ന ഈ മഹാനിലേക്കാണ് ഗുലാം അലി ബല്‍ഗ്‌റാമിയുടെ പരമ്പരയും ചെന്നുമുട്ടുന്നത്.
ഹി.1116ല്‍ ജ്ഞാന-സംസ്‌കാരത്തില്‍ പ്രസിദ്ധിയാര്‍ജ്ജിച്ച അത്യുന്നത കുടുംബത്തിലാണ് ഗുലാം അലി ബല്‍ഗ്‌റാമി ജന്‍മം കൊള്ളുന്നത്. അക്കാലത്തെ പ്രഗത്ഭ പണ്ഡിതനായിരുന്ന മീര്‍ അബ്ദുല്‍ജലീല്‍ ബല്‍ഗ്‌റാമിയുടെ മകളായിരുന്നു അദ്ദേഹത്തിന്റെ മാതാവ്. മതാപിതാക്കള്‍ വഴിയുള്ള പ്രപിതാക്കളെല്ലാം വിജ്ഞാന പുരോഗതിക്കും പ്രസരണത്തിനും അതുല്യ സേവനമര്‍പ്പിച്ചവരാണ്. അത് കൊണ്ട് തന്നെ സമൂഹത്തിനിടയില്‍ ആ കുടുംബത്തിന് നല്ല കീര്‍ത്തിയുണ്ടായിരുന്നു.
മീര്‍ അബ്ദുല്‍ജലീല്‍ ബല്‍ഗ്‌റാമില്‍ നിന്ന് ഹദീസ് ശാസ്ത്രം, ഭാഷാ ശാസ്ത്രം, ചരിത്രം എന്നിവ പഠിച്ച അദ്ദേഹം, എഴുപത് വര്‍ഷക്കാലം ജ്ഞാന സമ്പാദനത്തിലും പ്രചരണത്തിലും കഴിച്ചു കൂട്ടിയ അക്കാലത്തെ പ്രതിഭ മീര്‍ ത്വുഫൈല്‍ മുഹമ്മദില്‍ നിന്ന് നിരവധി ഫന്നുകളില്‍ അവഗാഹം നേടി. മാതൃസഹോദരപുത്രനായിരുന്നു മുഹമ്മദ് യൂസുഫാണ് മറ്റൊരു ഗുരുനാഥന്‍. മുഹമ്മദ്ബ്‌നുഅബ്ദില്‍ ജലാലെന്ന പണ്ഡിതനില്‍ നിന്നാണ് കാവ്യശാസ്ത്രവും ബലാഗയും കരസ്ഥമാക്കിയത്.
യാത്രകള്‍
മൂന്ന് യാത്രകളാണ് ഗുലാം അലി ആസാദ് ബല്‍ഗ്‌റാമിയുടെ ജീവിതത്തില്‍ വഴിത്തിരിവുണ്ടാക്കിയത്. ആദ്യയാത്ര ഹിജ്‌റ1134ല്‍ ഡല്‍ഹിയിലേക്കായിരുന്നു. സുല്‍ത്വാന്‍ മഹ്മൂദിന്റെ നിര്‍ദേശപ്രകാരം അന്നവിടടെ ഖാളിയായിരുന്നത് ബല്‍ഗ്‌റാമിയുടെ ഉമ്മയുടെ പിതാമഹനായിരുന്നു. രണ്ട് വര്‍ഷത്തിനിടയില്‍ അവിടെ വെച്ച് ഹദീസ്, തഫ്‌സീര്‍, കാവ്യരചന, എന്നീ മേഖലകളില്‍ പ്രാവീണ്യം നേടി.
സിന്ദിലെ സൂസ്താന്‍ എന്ന നാട്ടിലേക്കായിരുന്നു രണ്ടാമത്തെ യാത്ര. ഉമ്മയുടെ മാതുലന്‍ മീര്‍മുഹമ്മദ് അവിടെയുള്ള ഉദ്യോഗം വെടിഞ്ഞ് നാട്ടിലേക്ക് തിരിച്ചപ്പോള്‍ പകരം നിയമിക്കപ്പെട്ടത് ഗുലാം അലീ ആസാദ് ബല്‍ഗ്‌റാമിയാണ്. സിന്ദിലേക്കുള്ള യാത്രാ മധ്യേ പ്രഗത്ഭ കവിയായിരുന്നു ഫഖീറുള്ള ഇഫ്‌രീനുമായി സന്ധിക്കുകയും ആ കൂടിക്കാഴ്ച അദ്ദേഹത്തിന്റെ കാവ്യ ജീവിതത്തില്‍ വലിയ സ്വാധീനം ചെലുത്തുകയുമുണ്ടായി.
ഹജ്ജ് യാത്രയാണ് മൂന്നാമത്തേത്. ഹിജ്‌റ 1150ല്‍ തന്റെ അടുത്ത കുടുംബത്തോട് പോലും പറയാതെ തുടങ്ങിയ ആ യാത്ര വിവിധ ദേശങ്ങളിലെ മഹാന്‍മാരുമായുള്ള കൂടിക്കാഴ്ചകളും മറ്റും കഴിഞ്ഞ് ഹി. 1151ല്‍ മുഹര്‍റം മാസത്തിലാണ് പുണ്യഭൂമികയിലെത്തിയത്. അവിടെ വെച്ചും നിരവധി മശാഇഖുമാരില്‍ നിന്ന് വിവിധ ഫന്നുകളില്‍ ജ്ഞാനം നുകരുകയും പ്രത്യേകം ഇജാസത്(അധ്യാപന സമ്മതം) വാങ്ങുകയും ചെയ്തു. മദീനയില്‍ വെച്ച് അശ്ശൈഖ് മുഹമ്മദ് ഹയാതുസ്സിന്ദിയില്‍ സ്വഹീഹുല്‍ബുഖാരി പഠിക്കുകയും ഇജാസത് വാങ്ങുകയും ചെയ്തു. ശേഷം ഈജിപ്ഷ്യന്‍ പണ്ഡിതനായ അബ്ദുല്‍ വഹാബ് ത്വന്‍ത്വാവിയുടെ കൂടെ അഞ്ച് വര്‍ഷം കൂടുകയുണ്ടായി. അദ്ദേഹത്തിന്റെ വിജ്ഞാന തൃഷ്ണ കണ്ട ശൈഖ് ത്വന്‍ത്വാവി താങ്കള്‍ അല്ലാഹു മുക്തരാക്കുന്നവരില്‍ പെട്ടവരാണെന്ന്(അന്‍ത മിന്‍ ഉതഖാഇല്ലാഹ്) പറഞ്ഞ് പേരിനോട് ആസാദ്(സ്വതന്ത്രന്‍) എന്ന് കൂട്ടിക്കൊടുക്കുകയുണ്ടായി.
മുപ്പത്തിആറ് വര്‍ഷങ്ങള്‍ക് ശേഷം ഹി. 1186ല്‍ ഇന്ത്യയിലേക്ക് മടങ്ങുകയും ഔറംഗബാദില്‍ അല്‍പകാലം താമസിച്ച് ഹൈദരാബാദിലേക്ക് പോവുകയുണ്ടായി. അവിടെ വെച്ച് സുല്‍ത്വാന്‍ നാസ്വിര്‍ ജങ്ക് അധികാരമേല്‍കാന്‍ പറഞ്ഞപ്പോള്‍ ''ഈ ഭൗതിക ലോകം ത്വാലൂതിന്റെ നദി പോലെയാണ്. അതില്‍ നിന്ന് അല്‍പം മാത്രമേ ഹലാലാവുകയുള്ളു. കൂടിയത് നിശിദ്ധമാണ്''എന്ന് പറഞ്ഞ് അദ്ദേഹം തിരസ്‌കരിക്കുകയുണ്ടായി. ഹൈദരാബാദിലെ ജീവിത കാലത്താണ് മിര്‍ആതുല്‍ജമാലെന്ന കവിത അദ്ദേഹം രചിക്കുന്നത്. പ്രേമഭാജനത്തിന്റെ ശരീരാവയവങ്ങളെ ശിരസ്സ് മുതല്‍ പാദം വരെ വര്‍ണിക്കുന്നതാണ് ഈ കവിത. അത് കൂടാതെ മറ്റൊരു അറബീ ഖസീദയും അവിടെ വെച്ച് അദ്ദേഹം രചിച്ചിട്ടുണ്ട്. രണ്ട് വര്‍ഷത്തെ ഹൈദരാബാദ് വാസത്തിന് ശേഷം ഔറംഗാബാദായിരുന്നു തട്ടകമായി സ്വീകരിച്ചത്.
ഔറംഗബാദില്‍ വെച്ച് തന്റെ ഒരു പൗത്രന്റെ ആവശ്യപ്രകാരം റദീഫ് കവിതകള്‍ രചിക്കാന്‍ തുടങ്ങി.().
പ്രധാന കൃതികള്‍
അറബി സാഹിത്യത്തില്‍ തന്റെ രചനകള്‍ കൊണ്ടും കവിതകള്‍ കൊണ്ടും പ്രത്യേക ഇടം നേടിയ വ്യക്തിത്വം തന്നെയാണ് ഗുലാം അലീ ആസാദ് ബല്‍ഗ്‌റാമി. അറബി, ഉര്‍ദു, ഫാരിസി, ഹിന്ദി തുടങ്ങി നിരവധി ഭാഷകളിലും ഫന്നുകളിലും പ്രവീണനായ അദ്ദേഹം ആ മേഖലകളിലെല്ലാം തന്റെ വ്യക്തി മുദ്ര പതിപ്പിക്കുകയും ചെയ്തിട്ടുണ്ട്. സുബ്ഹതുല്‍മര്‍ജാന്‍ ഫീ ആസാരി ഹിന്ദുസ്താന്‍, മള്ഹറുല്‍ ബറകാത്, അസ്സബ്അതുസ്സയ്യാറ, ളൗഉദ്ദറാറീ ഫീ ശര്‍ഹി സ്വഹീഹില്‍ ബുഖാരി, തസ്‌ലിയതുല്‍ ഫുആദ് ഫീ ഖസ്വാഇദി ആസാദ്, ശിഫാഉല്‍ ഗലീല്‍, അശ്ശജറതുത്വയ്യിബ ഫീ അന്‍സാബി സ്സാദഃ മിന്‍ അഹ്‌ലി ബല്‍ഗ്‌റാം, സനദുസ്സആദാത് ഫീ ഹുസ്‌നി ഖാതിമതി സ്സാദാത്, ഔജുസ്സ്വഫാ ഫീ മദ്ഹില്‍ മുസ്ത്വഫാ, അദ്ദുര്‍റു സ്സമീന്‍ ഫീ മഹാസിനിത്തള്മീന്‍, ലാമിയതുല്‍ മശ്‌രിഖ്, മിര്‍ആതുല്‍ ജമാല്‍ എന്നിവയാണ് പ്രധാന കൃതികള്‍.
1- സുബ്ഹതുല്‍മര്‍ജാന്‍ ഫീ ആസാരി ഹിന്ദുസ്താന്‍: ഹിജ്‌റ 1177ല്‍ വിരചിതമായ ഈ ഗ്രന്ഥമാണ് ബല്‍ഗ്‌റാമിയുടെ മാസ്റ്റര്‍പീസ്. ഇന്ത്യയെ കുറിച്ചും ഇന്ത്യയുടെ മഹത്വങ്ങളെ സംബന്ധിച്ചുമൊക്കെ ആയതുകളുടേയും ഹദീസുകളുടേയും വെളിച്ചത്തില്‍ സമര്‍ത്ഥിക്കുന്ന ഈ കൃതി ഒരുപാട് അത്യപൂര്‍വ്വ വിവരങ്ങളുടെ ഒരു ശേഖരമാണ്. നാല് അധ്യായങ്ങളില്‍ ഒന്നാമത്തെ അധ്യായത്തില്‍ ഇന്ത്യയെ കുറിച്ച് ത്ഫ്‌സീറുകളിലും ഹദീസുകളില്‍ വന്ന പരാമര്‍ശങ്ങളെ സംബന്ധിച്ചും, രണ്ടാമത്തെ അധ്യായത്തില്‍ ഗദ്യ പദ്യ മേഖലയില്‍ പ്രശസ്തരായ ഇന്ത്യന്‍ പണ്ഡിതരെ കുറിച്ചാണ് വിശദീകരിക്കുന്നത്. നാല്‍പത്തി മൂന്നോളം ആളുകളെയാണ് ഇതില്‍ വിശദീകരിക്കുന്നത്. മൂന്നാം അധ്യായം മുഹസ്സിനാതുല്‍കലാമിനെ കുറിച്ചും ഇന്ത്യന്‍ സാഹിത്യങ്ങളില്‍ നിന്ന് അറബിയിലേക്ക് വിവര്‍ത്തിതമായ കാര്യങ്ങളെ കുറിച്ചുമാണ്. നിരവധി വിജ്ഞാന ശാഖകളില്‍ അഗ്രഗണ്യരായിരുന്ന ഇന്ത്യന്‍ പണ്ഡിതരില്‍ നിന്ന് മറ്റു രാജ്യക്കാര്‍ അറിവ് പകര്‍ന്നിട്ടുണ്ടെന്ന് ഗുലാം അലീ ആസാദ് സമര്‍ത്ഥിക്കുന്നുണ്ട്.
2- അസ്സബ്അതുസ്സയ്യാറഃ നബി(സ്വ)യെ കുറിച്ചെഴുതിയ ഏഴ് ഖസ്വീദകളുടെ സമാഹാരമാണിത്. കഅ്ബ്ബ്‌നുസുഹൈര്‍(റ)ന്റെ ബാനത് സുആദിന്റെ ശൈലിയിലും ഇമാം ബൂസ്വീരി(റ)യുടെ ഖസ്വീദതുല്‍ ബുര്‍ദയുടെ രീതിയിലും രചിക്കപ്പെട്ട ഖസ്വീദകളാണിവ. ഹി. 1186ന് മുമ്പ് രചിക്കപ്പെട്ടവയാണ് ആദ്യത്തെ മൂന്നെണ്ണവും. തന്റെ പൗത്രനായ ഹൈദറുബ്‌നു നൂറുല്‍ ഹുസൈനിന്റെ ആവശ്യപ്രകാരം രചിച്ച റദീഫ് ഖസ്വീദയാണ് നാലാമത്തെത്. അറബി കവിതകളില്‍ മുസ്തസാദ് ഇനത്തിലുള്ള കവിതകളാണ് അഞ്ചാമത്തെ ഖസ്വീദ. ചില പ്രത്യേക മാസങ്ങളില്‍ രചിച്ച ഖസ്വീദകളാണ് ആറാമത്തേത്. ഹി. 1194ല്‍ രചിച്ച ഖസ്വീദയാണ് ഏഴാമത്തേതായി ചേര്‍ത്തിരിക്കുന്നത്.
3- മള്ഹറുല്‍ബറകാത്ഃ പേര്‍ഷ്യന്‍ കവിതകളില്‍ സംഭവങ്ങളും കഥകളും കവിതാ രൂപത്തില്‍ വിവരിക്കാന്‍ സാര്‍വത്രികമായി ഉപയോഗിക്കുന്ന കവിതകളാണ് മസ്‌നവി എന്നറിയപ്പെടുന്നത്. അറബിയില്‍ ഖാഫിയയും വസ്‌നുമെല്ലാം പ്രത്യേക രീതിയില്‍ കോര്‍ത്തുവെച്ച് അല്‍അശ്ആറുല്‍ മുസ്ദവിജ എന്നറിയപ്പെടുന്ന കവിതാ രൂപങ്ങളാണിതിന് ഉപയോഗിക്കാറുള്ളത്. അറബിയില്‍ തുലോം വിരളമായ ഈ രീതിയിലാണ് ബല്‍ഗ്‌റാമി തന്റെ മള്ഹറുല്‍ ബറകാത് എന്ന കൃതി രചിച്ചിട്ടുള്ളത്. ഹി. 1193ല്‍ റജബ് മാസത്തില്‍ ഇരുപത് ദിവസം കൊണ്ട് 151 സംഭവങ്ങള്‍ ഉള്‍കൊള്ളിച്ചാണ് ഞാനിത് രചിച്ചിട്ടുള്ളതെന്ന് ബല്‍ഗ്‌റാമി തന്നെ വിവരിച്ചിട്ടുണ്ട്. അമീര്‍ഖുസ്രുവിന്റെയും ഖൈസ് മജ്‌നൂനിന്റെയും ശൈഖ് അബ്ദുല്‍ഖാദിര്‍ ജീലാനി(റ)യുടേയും ഇമാം ശാഫിഈ(റ)യുടേയും സ്വാഹിബ്ബ്‌നുഅബ്ബാദ്(റ) നിളാമുദ്ദീന്‍ ഔലിയ(റ) നാസ്വിര്‍ ജങ്ക്, ശൈഖ് ഫരീദുദ്ദീന്‍, പ്ലാറ്റോ, അക്ബര്‍ ചക്രവര്‍ത്തി, ഔറംഗസീബ് എന്നിവരുടെയുമെല്ലാം നിരവധി സംഭവങ്ങള്‍ ഈ ഖസ്വീദയില്‍ ഇടം പിടിച്ചിട്ടുണ്ട്.
4- ളൗഉദ്ദറാറി ഫീ ശര്‍ഹി സ്വഹീഹില്‍ബുഖാരിഃ ഹി. 1151ല്‍ മദീനയിലേക്ക് യാത്ര പോയ കാലത്ത് ഇരു ഹറമുകളില്‍ വെച്ചാണ് ഈ ഗ്രന്ഥം രചിക്കുന്നത്. ഇമാം ബുഖാരി(റ)യുടെ സ്വഹീഹിന്റെ വ്യാഖ്യാനമായി വിരചിതമായ ഗ്രന്ഥങ്ങളില്‍ വിശ്വപ്രസിദ്ധമായ ഇമാം ഖസ്ത്വല്ലാനിയുടെ ഇര്‍ശാദുസ്സാരിയുടെ ചുരുക്ക കൃതിയായിട്ടാണിത് രചിക്കപ്പെട്ടത്. എങ്കിലും അത് പൂര്‍ത്തിയാക്കാന്‍ അദ്ദേഹത്തിന് സാധിച്ചില്ല. സകാതിന്റെ അധ്യായം വരെയാണ് അത് പൂര്‍ത്തിയായത്.
5- തസ്‌ലിയതുല്‍ ഫുആദ് ഫീ ഖസ്വാഇദി ആസാദ്ഃ ചില അറബീ കവിതകളുടെ സമാഹാരമാണിത്.
6- ശിഫാഉല്‍ഗലീല്‍ഃ അറബി കവിതയിലെ മുടിചൂഢാമന്നനായ അബുത്ത്വയ്യിബില്‍ മുതനബ്ബിയുടെ കവിതകളില്‍ വന്ന തെറ്റുകള്‍ ചൂണ്ടിക്കാട്ടുന്ന അത്യപൂര്‍വ്വ കൃതിയാണിത്. ''ശിഫാഉല്‍ ഗലീല്‍ ഫില്‍ ഇസ്വ്ത്വിലാഹാതി അലാ അബ്‌യാതി അബി ത്വയ്യിബില്‍ മുതനബ്ബി'' എന്നാണിതിന്റെ പൂര്‍ണ നാമം. മുതനബ്ബിയെ പോലെയുള്ള ഒരു വ്യക്തിയെ നിരൂപിക്കാന്‍ ഗുലാം അലി ആസാദ് ബല്‍ഗ്‌റാമി കാണിച്ച ആര്‍ജ്ജവം അറബി ഭാഷയിലും സാഹിത്യത്തിലും കവിതയിലും തന്റ അപ്രമാദിത്വത്തിന്റെ നിത്യ നിദര്‍ശനമാണ്.
7- സനദുസ്സആദാത് ഫീ ഹുസ്‌നി ഖാതിമതി സ്സാദാത്ഃ നബി(സ്വ)യുടെ കുടുംബത്തിലെ പുരുഷന്‍മാരെ കുറിച്ച് എഴുതപ്പെട്ടതാണീ ഗ്രന്ഥം. ഈ വിശുദ്ധ കുടുംബത്തിലെ അംഗങ്ങളായത് കൊണ്ട് തന്നെ ഇവരുടെ അന്ത്യം നല്ല നിലയിലാകുമെന്ന് ഈ കൃതിയില്‍ വിശദീകരിക്കുന്നു.
8- ഔജുസ്സ്വഫാ ഫീ മദ്ഹില്‍ മുസ്ത്വഫാഃ പ്രവാചക സ്തുതി ഗീതങ്ങളുടെ സമാഹാരമാണിത്.
9- മിര്‍ആതുല്‍ജമാല്‍ഃ പ്രേമഭാജനത്തിന്റെ സൗന്ദര്യം ആമൂര്‍ദ്ധപാദം വര്‍ണിക്കുന്ന നൂറ്റിഅമ്പത് കവിതാശീലുകളാണിത്. ഓരോ അവയവത്തെ കുറിച്ചും രണ്ട് വരികളാണുള്‍കൊള്ളിച്ചിട്ടുള്ളത്. എല്ലാം കവിതകളും നൂനില്‍ അവസാനിക്കുന്നവയാണ്. അദ്ദേഹം തന്നെ ഇതിനൊരു വ്യാഖ്യാനമെഴുതിയിട്ടുണ്ട്.
10- അശ്ശജറതുത്ത്വയ്യിബ ഫീ അന്‍സാബിസ്സാദാതി മിന്‍ അഹ്‌ലി ബല്‍ഗ്‌റാംഃ വാസിത്വില്‍ നിന്ന് ബല്‍ഗ്‌റാമില്‍ വന്ന് സ്ഥിര താമസമാക്കിയ തന്റെ കുടുംബ പരമ്പരയിലെ സയ്യിദുമാരുടെ നസബയാണിതില്‍ വിവരിക്കുന്നത്.
അറബി കവിതയും ഗുലാം അലി ആസാദ് ബല്‍ഗ്‌റാമിയുംഃ
ഇന്ത്യക്കാരായ നിരവധി അറബി കവികളില്‍ പ്രസിദ്ധനാണ് ഗുലാം അലി ആസാദ് ബല്‍ഗ്‌റാമി. എന്നാല്‍ എല്ലാവരില്‍ നിന്നും വ്യതിരക്തനാക്കുന്ന നിരവധി ഘടകങ്ങള്‍ ഒത്തിണങ്ങിയ വ്യക്തിത്വമായിരുന്നു ബല്‍ഗ്‌റാമി. കാലങ്ങളോളമായി അറബി കവിതകളില്‍ സ്വീകരിച്ചു വരുന്ന കാവ്യ ശൈലികളില്‍ നിന്ന് വ്യത്യസ്തമായ രീതിയില്‍ കവിതകള്‍ രചിച്ച് അദ്ദേഹം ശ്രദ്ധയാകര്‍ശിച്ചു. പേര്‍ഷ്യന്‍ കവിതകളിലെ നരിവധി കാവ്യ രീതികള്‍ അറബി കവിതകളില്‍ അദ്ദേഹം സാര്‍വത്രികമാക്കി. അതില്‍ പ്രധാനമാണ് റദീഫ് കവിതകള്‍. ഒരോ വസ്‌നും വ്യത്യസ്ത ഖാഫിയകളും ഉപയോഗിച്ച് രചിക്കപ്പെടുന്ന മുസ്ദവിജ് കവിതകളും അറബിയില്‍ വ്യാപിപ്പിക്കുന്നതില്‍ ഇദ്ദേഹത്തിന് വലിയ പങ്കുണ്ട്. അത് പോലെ പേര്‍ഷ്യന്‍ ഗസ്‌ലുകളുടെ ശൈലിയും അദ്ദേഹം അറബിയിലേക്ക് പകര്‍ത്തി. ഒരേ വസ്‌നും ഖാഫിയയും റദീഫുമെല്ലാം ചേര്‍ത്ത് നിരവധി അറബി ഗസ്‌ലുകള്‍ ബല്‍ഗ്‌റാമിയുടേതായുണ്ട്.
ഹസ്സാനുല്‍ഹിന്ദ് ഗുലാം അലി ആസാദ്ഃ
നിരവധി കവിതകളും കവിതാ സമാഹാരങ്ങളും രചിച്ച അദ്ദേഹം തന്റെ കവിതാ പാഠവം ഏറ്റവും ഉപയോഗിച്ചത് മുത്ത് നബി(സ്വ)യെ പ്രകീര്‍ത്തിക്കാനാണ്. നിരവധി പ്രവാചപ്രകീര്‍ത്തന കവിതകള്‍ എഴുതിയത് കൊണ്ട് തന്നെയാണ് ഹസ്സാനുല്‍ഹിന്ദെന്ന സ്ഥാനപ്പേരിനദ്ദേഹം അര്‍ഹനായത്. ഈ കവിതകളോരോന്നും കാവ്യഭംഗിയിലും ആശയസമ്പന്നതയിലും ആസ്വാദ്യമികവിലും സാഹിത്യശൈലിയിലും ഉന്നതി പ്രാപിച്ചവയായിരുന്നു. പ്രകീര്‍ത്തന കവിതയില്‍ അത്യുന്നതയിലെത്തിയത് കൊണ്ട് സുല്‍ത്വാന്‍ നാസ്വിര്‍ജങ്കാണ് ഈ സ്ഥാനപ്പേര് നല്‍കിയതെന്ന് പറയപ്പെടുന്നു.
തിരുനബി(സ്വ)യോടുള്ള സ്‌നേഹം പ്രേമമായി അത് പിന്നീട് അനുരാഗമായി മാറിയവരായിരുന്നു ഹസ്സാനുബ്‌നുസാബിത്(റ). ആ അനുരാഗമാണ് കവിതകളായി പുറത്തേക്കൊഴുകിയത്. ശത്രുക്കള്‍ മുത്തുനബി(സ്വ)യെ ആക്ഷേപിക്കുമ്പോഴെല്ലാം ഞൊടിയിടയില്‍ കവിത കൊണ്ട് അവരെ പ്രതിരോധിക്കുകയും ഹബീബിനെ(സ്വ)പ്രകീര്‍ത്തിക്കുകയും ചെയ്തത് കാരണം 'അല്ലാഹുവേ; ജിബ്‌രീല്‍(അ)നെ കൊണ്ട് ഹസ്സാന് നീ ശക്തി പകരണേ' എന്ന് അവിടുന്ന് പ്രാര്‍ത്ഥിച്ച് കൊടുത്തത് ചരിത്രത്തില്‍ കാണാം. എന്നെ കാണുമ്പോള്‍ എപ്പോഴും നിങ്ങള്‍ എഴുന്നേറ്റ് നില്‍ക്കേണ്ടതില്ലെന്ന് നബി(സ്വ) പറഞ്ഞപ്പോള്‍ ചില സ്വഹാബികളെല്ലാം ചില സന്ദര്‍ഭങ്ങളില്‍ എഴുന്നേറ്റ് നില്‍ക്കാത്തത് ശ്രദ്ധയില്‍ പെട്ട ഹസ്സാന്(റ)പാടി;
'ഖിയാമീ ലില്‍ അസീസി അലയ്യ ഫര്‍ളുന്‍
വതര്‍കുല്‍ ഫര്‍ളി മാ ഹുവ മുസ്തഖീമൂ..
അജിബ്തു ലിമന്‍ ലഹു അഖ്‌ലുന്‍ വഫഹ്മു
യറാ ഹാദല്‍ ജമാല വലാ യഖൂമു'
(പ്രതാപിയെ കണ്ടാല്‍ എഴുന്നേറ്റ് നില്‍ക്കല്‍ എനിക്ക് നിര്‍ബന്ധ ബാധ്യതയാണ്. നിര്‍ബന്ധ ബാധ്യതകള്‍ ഒഴിവാക്കുന്നത് പന്തിയല്ല. ബുദ്ധിയും വിവേകവുമുള്ള ഇവരുടെ കാര്യമാലോചിച്ച് എനിക്ക് അത്ഭുതം തോന്നുകയാണ്. ഈ സൗന്ദര്യം കണ്ടിട്ട് അവര്‍ എഴുന്നേല്‍ക്കുന്നില്ലയോ?!!!)
അത് പോലെ അനുരാഗം നിറഞ്ഞ മനസ്സില്‍ നിന്ന് തന്നെയാണ് ഗുലാം അലി ആസാദ് ബല്‍ഗ്‌റാമിയുടെ പ്രകീര്‍ത്തന കവിതകള്‍ വഴിഞ്ഞൊഴുകിയത്. താന്‍ ഹറമുകള്‍ സന്ദര്‍ശിച്ച കാലത്ത് ഹജ്ജിന്റെ കാലമായപ്പോള്‍ മദീനയില്‍ നിന്ന് മക്കയിലേക്ക് പോവുന്ന അവസരത്തില്‍ പരിശുദ്ധ റൗളയുടെ ചാരത്ത് നിന്ന് പാടിയ വരികള്‍ എത്രമാത്രം ഹൃദയഹാരിയാണ്. അദ്ദേഹം പറയുന്നു:
''അലൈകാ സലാമുല്ലാഹി യാ അശ്‌റഫല്‍ വറാ,
ലഖദ് സാല ദംഈ ഫീ വിദാഇക ഫാനിയ.
വമാ അന ഇല്ലാ കല്ലദീ ജാഅ മന്‍ഹലാ,
ഫദാഖ വലാകിന്‍ ആദ ളംആന ബാകിയാ....''
(സൃഷ്ടികളില്‍ അത്യുത്തമരായവരേ നിങ്ങളുടെ മേല്‍ അല്ലാഹുവിന്റെ രക്ഷയുണ്ടാവട്ടെ, അങ്ങയോടുള്ള അനുരാഗത്തില്‍ ലയിച്ച എന്റെ കണ്ണുകള്‍ അങ്ങയോട് വിട പറയുമ്പോള്‍ ചാലിട്ടൊഴുകുകയാണ്. അങ്ങയുടെ അടുത്ത് ഞാന്‍ വന്ന് തിരിച്ച് പോകുന്നത് നീരുറവയുടെ അടുത്ത് വന്ന് വെള്ളത്തിന്റെ രുചി നോക്കി ദാഹം തീര്‍ക്കാതെ തിരിച്ചു പോകുന്നവനെപ്പോലെയാണ്).
മുഹമ്മദ് എന്ന പദം റദീഫായി ഉപയോഗിച്ച് നബി(സ്വ)യെ പ്രകീര്‍ത്തിച്ച് അദ്ദേഹം രചിച്ച ഖസ്വീദ വളരെ പ്രസിദ്ധമാണ്. മുത്ത് നബി(സ്വ)യുടെ ഓരോ വിശേഷണങ്ങളും ലളിതവും എന്നാല്‍ ആശയ സമ്പുഷ്ഠമായും അവതരിപ്പിക്കുന്നതില്‍ അദ്ദേഹം വളരെ വിജയിക്കുന്നത് കാണാം.
''ശംസുന്‍ അലാ അവ്ജില്‍ ജലാലി മുഹമ്മദു
ബദ്‌റുന്‍ അലാ ഉഫുഖില്‍ കമാലി മുഹമ്മദു
അസ്‌റാ ഇലല്‍ ഫലകില്‍ മുഹദ്ദദി വന്‍സനാ
വ അതാ ബി ഇംകാനില്‍ മുഹാലി മുഹമ്മദു
മന്‍ളൂറു റബ്ബില്‍ ആലമീന ഹബീബുഹു
ഖദ് ഫാഖ യൂസുഫ ഫില്‍ജമാലി മുഹമ്മദു
ഗുസ്‌നുന്‍ റത്വീബുന്‍ മുസ്മിറുന്‍ യവ്മ ന്നദാ
വ മുഹന്നദുന്‍ യവ്മല്‍ ഖിതാലി മുഹമ്മദു
ലം യബ്ഖ ഫില്‍ അഹ്ദില്‍ മുഖദ്ദസി സാഇലുന്‍
അഗ്നലല്‍ അറാമില ബിന്നവാലി മുഹമ്മദു
അല്‍ബഹ്‌റു മുന്‍ദഫിഖുന്‍ ബിമാഇന്‍ മാലിഹി
വയഫീളു ബില്‍മാഇസ്സുലാലി മുഹമ്മദു
യദ്ഉള്ളുയൂഫ ഇലാ ഹദാഇഖ ഗള്ളതിന്‍
വയുസീഖുഹും അഹ്‌ലല്‍ ജമാലി മുഹമ്മദു
ഗയ്‌സുന്‍ യഫീളു അലത്തുറാബി മശാരിബാ
ലാ യര്‍തളീ തര്‍കള്ളിലാലി മുഹമ്മദു
വജദല്‍ ഉഫാതു മറാമഹും മുസ്തഅ്ജിലന്‍
ലം യഹ്തസിബ്ഹും ഫില്‍ മത്വാലി മുഹമ്മദു
യസ്വ്ബൂ ഇലാ അവ്‌നില്‍ ഉഫാതി തഫള്ളുലാ
വയമീലു അന്‍ റദ്ദിസ്സുആലി മുഹമ്മദു
യഹ്ദി സ്സറാതു ഇലാ സ്വിറാത്വിന്‍ ആമിനിന്‍
നാറുന്‍ അലാ അഅ്‌ലല്‍ ജിബാലി മുഹമ്മദു
ഫര്‍ദുന്‍ മിനല്‍ കുമലാഇ ലം യുറ മിസ്‌ലുഹു
അഘ്‌ല സ്സമാനു അനില്‍ മിസാലി മുഹമ്മദു
ഫര്‍ത്വുല്‍ മുറൂഅതി വല്‍ ഫുതുവ്വതി ളാഹിറു
അന്‍ജല്‍ ഉദാത മിനള്ളലാലി മുഹമ്മദു
സ്വഖലന്നബിയ്യു സ്വുദൂറനാ വഖുലൂബനാ
വജലന്നവാളിറ ബില്‍ കുഹാലി മുഹമ്മദു''
(മഹത്വത്തിന്‍ ഉത്തുംഗതയിലെ സൂര്യതേജസ്സാണ് മുഹമ്മദ്(സ്വ)
സമ്പൂര്‍ണ്ണതയുടെ കൊടുമുടിയിലെ പൂര്‍ണ്ണചന്ദ്രനാണ് മുഹമ്മദ്(സ്വ)
ചക്രവാളസീമകളിലേക്ക് അവിടുന്ന് നിശാപ്രയാണം നടത്തി
അസംഭവ്യങ്ങളെ സംഭവ്യമാക്കി കാണിച്ചവരാണ് മുഹമ്മദ്(സ്വ)
ലോക രക്ഷിതാവിന്റെ ശ്രദ്ധാബിന്ദുവും,
സൗന്ദര്യത്തില്‍ യൂസുഫിനെ പരാജയപ്പെടുത്തിയവരുമാണ് മുഹമ്മദ്(സ്വ).
ദാനവേളയില്‍ ഫലം വിളയുന്ന കൊമ്പും
യുദ്ധ വേളയില്‍ തിളങ്ങുന്ന വാളുമാണ് മുഹമ്മദ്(സ്വ).
ഒരു യാജകനേയും ഒഴിവാക്കാതെ, മുഴുവന്‍ വിധവകള്‍ക്കും
ദാനം കൊണ്ടനുഗ്രഹിച്ചവരാണ് മുഹമ്മദ്(സ്വ).
കടല്‍ ഉപ്പുവെള്ളം കൊണ്ട് ഓളം വെട്ടുമ്പോള്‍
ശുദ്ധ വെള്ളം കൊണ്ടു പുഴയൊഴുക്കുകയാണ് മുഹമ്മദ്(സ്വ).
അതിഥികളെ സുഭിക്ഷമായ സദ്യയിലേക്ക് ക്ഷണിക്കുകയും
സൗന്ദര്യത്തിന്‍ മധുരങ്ങള്‍ രുചിപ്പുക്കുന്നവരുമാണ് മുഹമ്മദ്(സ്വ).
ഭൂമിയില്‍ വലിയ നീര്‍ചാലുകള്‍ സൃഷ്ടിക്കുന്ന പേമാരിയാണ് മുഹമ്മദ്(സ്വ)
കൊച്ചു കൊച്ചു ഓളങ്ങള്‍ കൊണ്ടു മാത്രം അവിടുന്ന് തൃപ്തിയടയുകയില്ല.
ഔദാര്യം തേടി വന്നവരെല്ലാം അവര്‍ക്കുള്ളത് പെട്ടന്ന് സ്വീകരിച്ചു
അവരുടേതൊന്നും മുഹമ്മദ്(സ്വ)പിടിച്ചു വെച്ചില്ല
അവശ്യക്കാരെ സഹായിക്കാന്‍ അവിടന്ന് ഔത്സുക്യം കാണിക്കും
ചോദിച്ചവരെ വെറുതെ മടക്കാന്‍ മടിക്കുന്നവരാണ് മുഹമ്മദ്(സ്വ).
സഞ്ചാരികളെ നിര്‍ഭയ പാഥയിലേക്ക് വഴിനടത്തുന്ന,
മലമുകളിലെ വിളക്കുമാടമാണ് മുഹമ്മദ്(സ്വ).
തത്തുല്യരില്ലാത്ത സമ്പൂര്‍ണവാനാണ് അവിടുന്ന്
കാലം തുല്യനെ നല്‍കാത്തവരാണ് മുഹമ്മദ്(സ്വ).
മാന്യതയും ധീരതയും വളരെ പ്രകടമാണവരില്‍
അക്രമികള്‍ക്ക് പോലും രക്ഷകനായി മുഹമ്മദ്(സ്വ)
നമ്മുടെ ഹൃദയവും നെഞ്ചകവും മുത്തുനബി(സ്വ) സംശുദ്ധമാക്കി
നയനങ്ങളെ സുറുമയിട്ടു പ്രകാശിപ്പിച്ചു മുഹമ്മദ്(സ്വ).
ഇന്ത്യയെ കുറിച്ചും ഇന്ത്യന്‍ പണ്ഡിതരെ സംബന്ധിച്ചും ഇന്ത്യയിലെ വ്യാപിച്ചിരുന്ന ജ്ഞാന ശാഖകളെ കുറിച്ചുമൊക്കെ വിശദമായ പഠനങ്ങള്‍ നടത്തിയ ഗുലാം അലി ആസാദ് ബല്‍ഗ്‌റാമി സ്വന്തം ദേശത്തെ മറ്റുള്ളവര്‍ക്ക് പരിചയപ്പെടുത്തുന്നതില്‍ വലിയ പങ്ക് വഹിച്ചു. അറബി, ഫാരിസി, ഹിന്ദി തുടങ്ങിയ നിരവധി ഭാഷകളില്‍ പ്രാവീണ്യമുള്ള ബല്‍ഗ്‌റാമിക്ക് അതിലെല്ലാം രചനകളുമുണ്ട്. കാവ്യമേഖലയില്‍ ഏവരേയും അതിശയപ്പെടുത്തിയ അദ്ദേഹം മുത്ത് നബിയെ കുറിച്ചുള്ള പ്രകീര്‍ത്തനങ്ങളിലാണ് ശ്രദ്ധയൂന്നിയത്. അദ്ദേഹത്തിന്റെ ഓരോ വരികളും പ്രവാചക പ്രേമികളെ മദീനയിലേക്കും വിശുദ്ധ റൗളയിലേക്കുമാനയിക്കും. ആ തിരുനബി(സ്വ)യെ കുറിച്ചുള്ള സ്‌നേഹചിന്തകള്‍ മനസ്സില്‍ സദാ കോറിയിടാന്‍ അദ്ദേഹത്തിന്റെ വരികള്‍ നമുക്ക് സഹായകമാണ്. ഹിജ്‌റ 1200ല്‍ അദ്ദേഹം ലോകത്തോട് വിടപറഞ്ഞു.
Post a Comment