നിശ്ചയമായും മനുഷ്യര്‍ക്കു സ്ഥാപിതമായ ഒന്നാമത്തെ ഭവനം മക്കയിലുള്ളതുതന്നെയാണ്. അതു അനുഗൃഹീതവും ലോകര്‍ക്കു മാര്‍ഗ്ഗദര്‍ശകവുമാണ്. വ്യക്തമായ പല ദൃഷ്ടാന്തങ്ങളും അതിലുണ്ട്. ഇബ്രാഹീംമഖാം അതില്‍പെട്ടതാണ്. ആരെങ്കിലും അതില്‍ പ്രവേശിച്ചാല്‍ അവന്‍ നിര്‍ഭയനായിക്കഴിഞ്ഞു. ആ ഭവനത്തിങ്കല്‍ ചെന്ന് ഹജ്ജ് ചെയ്യല്‍ അങ്ങോട്ട് പോകാന്‍ കഴിവുള്ള മനുഷ്യര്‍ക്കെല്ലാം അല്ലാഹുവിനോടുള്ള കടമയാണ്. പരിശുദ്ധ കഅ്ബാലയത്തെ പരിചയപ്പെടുത്തി ഖുര്‍ആനില്‍ വന്ന ചില വചനങ്ങളാണിത്. കഅ്ബയുടെ നിര്‍മ്മാണവും ലക്ഷ്യവും ശ്രേഷ്ഠതയും എല്ലാം ഇതിലുള്‍ക്കൊണ്ടിട്ടുണ്ട്.
തന്റെ ഖലീഫമാരായി ഭൂമിയില്‍ മനുഷ്യരെ സൃഷ്ടിക്കുന്നുണ്ടെന്ന് അള്ളാഹു പറഞ്ഞപ്പോള്‍ മാലാഖമാര്‍ നീരസം പ്രകടിപ്പിക്കുകയുണ്ടായി. ഇതില്‍ കോപിച്ച അല്ലാഹുവിന്റെ തൃപ്തി നേടുവാന്‍ അവര്‍ അര്‍ശിന്റെ ചുവട്ടില്‍ വെച്ച് റബ്ബിനോട് കേണപേക്ഷിച്ചു ത്വവാഫ് ചെയ്തു. അപ്പോള്‍ അല്ലാഹു അവരോട് പറഞ്ഞു: 'എന്റെ സൃഷ്ടികളില്‍ ആരോടെങ്കിലും ഞാന്‍ കോപിച്ചാല്‍ എന്റെ തൃപ്തിനേടാന്‍ നിങ്ങളിപ്പോള്‍ അര്‍ശിനു ചുറ്റും ത്വവാഫ് ചെയ്തത് പോലെ മനുഷ്യര്‍ക്ക് ത്വവാഫ് ചെയ്യാന്‍ ഭൂമിയില്‍ എനിക്ക് വേണ്ടി ഒരു ഭവനം നിങ്ങള്‍ പണിയണം. ആ ഭവനത്തില്‍ വന്ന് ത്വവാഫ് ചെയ്തവര്‍ക്കു ഞാന്‍ പൊറുത്തു കൊടുക്കുക തന്നെ ചെയ്യും'. ഇങ്ങനെയാണ് മാലാഖമാര്‍ കഅ്ബയുടെ നിര്‍മ്മാണമാരംഭിക്കുന്നത്. പിന്നീട് പലരും കഅ്ബ പുനര്‍ നിര്‍മ്മിക്കുകയും കേടുപാടുകള്‍ തീര്‍ക്കുകയും ചെയ്തിട്ടുണ്ട്.
ചില ദിവസങ്ങള്‍ക്കും സമയങ്ങള്‍ക്കുമെന്നപോലെ ചിലസ്ഥലങ്ങള്‍ക്കും വസ്തുക്കള്‍ക്കും മഹത്വങ്ങളുണ്ട്. പുണ്യനബിയുടെ റൗള നിലകൊള്ളുന്ന സ്ഥലമാണ് ഭൂമിയില്‍ ഏറ്റവും ശ്രേഷ്ഠമായ സ്ഥലം. എന്നാല്‍ മക്കയേക്കാള്‍ മദീനക്ക് സ്ഥാനമുണ്ടോയെന്നതില്‍ പണ്ഡിതര്‍ വ്യത്യസ്ത തട്ടിലാണ്.  ഏതായാലും കഅ്ബയും പരിസരവും മഹത്വമുള്ളതാണെന്നതില്‍ തര്‍ക്കമേതുമില്ല. നിര്‍മ്മാണം തന്നെയാണതിന്റെ ഒന്നാമത്തെ മഹത്വം. അല്ലാഹുവിന്റെ കല്‍പ്പനപ്രകാരം മാലാഖമാര്‍ നിര്‍മ്മിച്ച് കാലങ്ങള്‍ക്ക് ശേഷം ആദ(അ)മും പിന്നീട് ശീസും(അ) അത് നിര്‍മ്മിച്ചു. നൂഹി(അ)ന്റെ കാലത്തുണ്ടായ പ്രളയത്തില്‍ തകര്‍ന്നുപോയ പുണ്യഗേഹം അല്ലാഹുവിന്റെ ആത്മമിത്രം ഇബ്‌റാഹീ(അ)മും മകന്‍ ഇസ്മാഈലും(അ) ചേര്‍ന്നാണ് പണികഴിപ്പിച്ചത്. അമാലിഖുകളും ഖുസയ്യും ഖുറൈശികളുമാണ് പിന്നീടതിന്റെ നിര്‍മ്മാണം നിര്‍വ്വഹിച്ചവര്‍. അബ്ദുല്ലാഹിബ്‌നുസ്സുബൈറും ഹജ്ജാജും  കഅ്ബ നിര്‍മ്മിച്ച ഗണത്തില്‍ എണ്ണപ്പെട്ടിട്ടുണ്ട്(ഇആനത്ത്). ഓരോ ഘട്ടത്തിലും വ്യത്യസ്ത കാരണങ്ങളാണ് നിര്‍മ്മിതിക്ക് നിമിത്തമായത്.
അല്ലാഹുവിന്റെ ഭവനമായത് കൊണ്ട് തന്നെ തീര്‍ത്തും സംശുദ്ധമായ സമ്പത്താണതിന്റെ നിര്‍മ്മാണത്തിന് ചെലവഴിക്കപ്പെട്ടിട്ടുള്ളത്. ഖുറൈശികള്‍ തങ്ങളുടെ ഉദ്യമം തുടങ്ങും മുമ്പ്തന്നെ വലീദ്ബ്‌നുല്‍മുഗീറ പറഞ്ഞു: 'നിങ്ങളുടെ റബ്ബിന്റെ ഭവനം നിര്‍മ്മിക്കുമ്പോള്‍ പലിശയുടെ സമ്പത്തോ, ചൂതാട്ടത്തിലൂടെ നേടിയതോ, അവിഹിതമായി നേടിയ മഹ്‌റോ ഒന്നും നിങ്ങള്‍ ഉപയോഗിക്കരുത്. തീര്‍ത്തും വിഹിതവും ന്യായവുമായ മാര്‍ഗ്ഗത്തിലൂടെ നേടിയ സമ്പത്ത് മാത്രമേ ഉപയോഗിക്കാവൂ'(അല്‍ബലദുല്‍അമീന്‍ അബ്‌റല്‍ഖുറൂന്‍). ഇതവര്‍ പാലിക്കുകയും ചെയ്തു. തങ്ങളുടെ പക്കലുണ്ടായിരുന്ന സമ്പത്ത് കൊണ്ട് ഇബ്‌റാഹീം(അ) നിര്‍മ്മിച്ച രൂപത്തില്‍ പണികഴിപ്പിക്കാന്‍ സാധിക്കാത്തത് കൊണ്ടാണ് കഅ്ബയില്‍ പെട്ട ഹിജ്‌റ് ഇസ്മാഈല്‍ കഅ്ബയുടെ നാല് ചുവരുകള്‍ക്കു പുറത്തായത്.
മുന്‍ചൊന്ന സൂക്തത്തില്‍ കഅ്ബയുടെ അഞ്ച് വിശേഷണങ്ങളാണ് അല്ലാഹു വിശദീകരിച്ചത്. 1-ഭൂമിയില്‍ നിര്‍മ്മിക്കപ്പെട്ട ആദ്യ ദൈവിക ഭവനം 2-കഅ്ബയും പരിസരവും മുബാറകാണ്(ബര്‍കത്താക്കപ്പെട്ടതാണ്). 3- ലോകര്‍ക്ക് മാര്‍ഗ്ഗദര്‍ശനമായ ഭവനമാണത്. 4- വ്യക്തമായ ദൃഷ്ടാന്തങ്ങള്‍(നാല്‍പതോളം) അതിനു ചുറ്റുമുണ്ട് 5- അവിടെ പ്രവേശിച്ചവര്‍ നിര്‍ഭയരാണ്. ഇത് കൊണ്ട് തന്നെ മനുഷ്യന്‍ ഏറ്റവും ആദരവോടെ കൊണ്ട് നടക്കേണ്ട പ്രധാനഭവനം കഅ്ബയാണ്. മലമൂത്രവിസര്‍ജ്ജനവേളയില്‍ കഅ്ബയിലേക്ക് പിന്നിടാനോ മുന്നിടാനോ ഇസ്ലാമികശരീഅത്ത് അനുവദിക്കാത്തതും ഇത് തന്നെ.
ആദ്യമായി കഅ്ബ കാണുന്ന നിമിഷം വിശ്വാസിയുടെ മനസ്സില്‍ ആനന്ദത്തിന്റെ ആന്തോളനങ്ങള്‍ അലതല്ലുന്ന വേളയാണ്. ലോകചരിത്രത്തിലെ സുപ്രധാനികളില്‍ പലരും തങ്ങളുടെ ജീവിതത്തിലുണ്ടായ ആ അനര്‍ഘ വേളയെ ചരിത്രത്തില്‍ ചിത്രീകരിച്ചിട്ടുണ്ട്. ആദ്യദൃഷ്ടിയില്‍ തന്നെ കൈരണ്ടും മേല്‍പോട്ടുയര്‍ത്തി ഇഹപരനന്‍മകള്‍ക്കും പാപമോചനത്തിനും വേണ്ടി അതിന്റെയുടുത്ത് ച്ചെ് പ്രാര്‍ത്ഥിച്ചാല്‍ ഉത്തരം സുനിശ്ചിതമാണ്. മാത്രവുമല്ല, മസ്ജിദുല്‍ഹറാമില്‍ പ്രവേശിച്ചവനുപോലും സദാ കഅ്ബയിലേക്ക് നോക്കല്‍ പുണ്യവും ഇബാദതുമാണ്. ഇത് സംബന്ധമായി നിരവധി ഹദീസുകള്‍ വന്നിട്ടുണ്ട്. സഈദ്ബ്‌നുല്‍മുസയ്യിബ്(റ) പറയുന്നു, വിശ്വാസത്തോടെ സത്യസന്ധമായി ആരെങ്കിലും കഅ്ബയിലേക്ക് നോക്കിയാല്‍ പ്രസവിക്കപ്പെട്ട ദിവസത്തെപ്പോലെ അവന്‍ പാപമുക്തനായി മാറും. ഇമാം മുജാഹിദ്(റ) പറയുന്നു, കഅ്ബയിലേക്കുള്ള നോട്ടം ഒരു ഇബാദതാണ്(സുബുലുല്‍ഹുദാ വര്‍റശാദ്). ഇമാം ബൈഹഖി ശുഅബുല്‍ഈമാനില്‍ അത്വാഅ് എന്നവരില്‍ നിന്ന് നിവേദനം ചെയ്യുന്നു, കഅ്ബയിലേക്കുള്ള നോട്ടം ഇബാദതാണ്. കഅ്ബയിലേക്ക് നോക്കുന്നവന്‍ രാത്രിനിസ്‌കരിക്കുന്ന, നോമ്പെടുക്കുന്ന, വിനയാന്വിതനായ, അല്ലാഹുവിന്റെ മാര്‍ഗ്ഗത്തില്‍ പോരാടുന്ന യോദ്ധാവിനെ പോലെയാണ്. അബുസ്സാഇബുല്‍മദനി(റ) പറയുന്നു: ആരെങ്കിലും വിശ്വാസത്തോടെയും സത്യസന്ധതയോടെയും കഅ്ബാലയം നോക്കിയാല്‍ മരങ്ങളില്‍ നിന്ന് ഇലകള്‍ പോഴിഞ്ഞുപോകുന്നത് പോലെ അവന്റെ പാപങ്ങള്‍ കൊഴിഞ്ഞുപോകുന്നതാണ്.
ഖിബ്‌ല:
വിശ്വാസി തന്റെ ജീവിതത്തില്‍ നിര്‍വ്വഹിക്കുന്ന പ്രധാനപ്പെട്ട സത്കര്‍മ്മമാണല്ലോ നിസ്‌കാരം. കഅ്ബയിലേക്ക് തിരിഞ്ഞാണവന്‍ ഇത് നിര്‍വ്വഹിക്കുന്നത്. മുന്‍കാലപ്രവാചകന്‍മാരുടെ ഖിബ്‌ല ഏതായിരുന്നുവെന്നതില്‍ പണ്ഡിതര്‍ക്കിടയില്‍ തര്‍ക്കങ്ങള്‍ നിലനില്‍ക്കുന്നു. എന്നാല്‍ ഇബ്‌റാഹീം നബിയുടേയും ഇസ്മാഈല്‍ നബിയുടേയും ഖിബ്‌ല അവര്‍ പുനര്‍നിര്‍മ്മിച്ച കഅ്ബാലയം തന്നെയായിരുന്നുവെന്നതില്‍ സംശയമില്ല. നബി(സ) തങ്ങളും ആദ്യകാലങ്ങളില്‍ കഅ്ബയിലേക്ക് തിരിഞ്ഞായിരുന്നു നിസ്‌കരിച്ചിരുന്നത്. പിന്നീട് ഹിജ്‌റയുടെ മൂന്ന് വര്‍ഷം മുമ്പ് ബൈതുല്‍മുഖദ്ദസിലേക്ക് തിരിയാന്‍ ആജ്ഞാപിക്കപ്പെട്ടു. അന്നേരം മക്കയില്‍ വെച്ച് നിസ്‌കരിക്കുന്നവേളയില്‍ തന്റെയും ബൈതുല്‍മുഖദ്ദസിന്റേയും ഇടയില്‍ കഅ്ബ വരുന്ന രൂപത്തിലാണ് നബി(സ)നിസ്‌കരിച്ചിരുന്നത്. മദീനയിലേക്ക് പലായനം ചെയ്ത ശേഷം കഅ്ബയിലേക്ക് തിരിഞ്ഞു നിസ്‌കരിക്കാന്‍ കഴിയാതെ വന്നതില്‍ നബി(സ) തങ്ങള്‍ ദുഃഖിതനായി(ഖല്‍യൂബി1-132). അതിനുള്ള പലകാരണങ്ങളും പണ്ഡിതര്‍ നിരത്തുന്നുണ്ട്. ജൂതന്‍മാര്‍ തങ്ങളുടെ ഖിബ്‌ലയായി കൊണ്ട് നടക്കുന്ന ബൈതുല്‍മുഖദ്ദസില്‍ നിന്ന് മറ്റേതെങ്കിലും ഖിബ്‌ലയിലേക്ക് തന്നെ മാറ്റിയിരുന്നെങ്കിലെന്ന് നബി(സ) ആഗ്രഹിക്കുകയും അതിനുള്ള ഓര്‍ഡര്‍ പ്രതീക്ഷിച്ച് ആകാശത്തേക്ക് കണ്ണും നട്ടിരിക്കാറുമുണ്ടായിരുന്നെന്നും കാണാം. പണ്ഡിതന്‍മാര്‍ രേഖപ്പെടുത്തിയ ചിലപ്രധാന കാരണങ്ങള്‍ ഒന്ന്, മുഹമ്മദ്(സ)നമ്മുടെ മതം പിന്‍പറ്റുന്നില്ലെങ്കില്‍ ഖിബ്‌ല നമ്മുടേത് തന്നെയാണ് സ്വീകരിച്ചിട്ടുള്ളത്. നാമില്ലായിരുന്നെങ്കില്‍ അവര്‍ക്ക് എവിടേക്ക് തിരിഞ്ഞ് നിസ്‌കരിക്കണമെന്ന് പോലും അറിയില്ലായിരുന്നുവെന്ന് ജൂതരുടെ പരിഹാസമാണ് മുത്ത് നബിയെ ഖിബ്‌ല മാറ്റത്തിന് പ്രേരിപ്പിച്ചത്. രണ്ട്, പ്രപിതാവ് ഇബ്‌റാഹീം നബിയുടെ ഖിബ്‌ല തന്നെ തന്റെയും ഖിബ്‌ലയാകണമെന്ന ഉല്‍ക്കടമായ ആഗ്രഹം. മൂന്ന്, അറബികള്‍ അത്യാദരവോടെ സംരക്ഷിച്ചുപോരുന്ന കഅ്ബാലയം ഖിബ്‌ലയായി ലഭിച്ചാല്‍ അവര്‍ ഇസ്‌ലാമിലേക്ക് ആകൃഷ്ഠരാകാന്‍ എളുപ്പമായിരിക്കുമെന്ന ശുഭപ്രതീക്ഷ. നാല്, ലോകമുസ്‌ലിംകളുടെ ഖിബ്‌ലയെന്ന ബഹുമതി തന്റെ ജന്‍മനാട്ടിലുള്ള പള്ളിക്ക് തന്നെ ലഭിക്കണമെന്ന താത്പര്യം(തഫ്‌സീര്‍ റാസി, ബഖറ144). അങ്ങനെ ഹിജ്‌റക്ക് ശേഷം 16 മാസം കഴിഞ്ഞ് റജബ് 15 തിങ്കളാഴ്ച ളുഹ്‌റ് നിസ്‌കാരത്തില്‍ രണ്ട് റക്അത്തിന് ശേഷം കഅ്ബയിലേക്ക് തിരിയാനുള്ള കല്‍പ്പന വന്നു.
ഈ കാര്യം ഖുര്‍ആന്‍ അസന്നിഗ്ധമായി പ്രഖ്യാപിക്കുന്നത് നോക്കൂ. താങ്കളുടെ മുഖം ആകാശത്തേക്ക് തിരിയുന്നത് നാം കാണുന്നുണ്ട്. നിശ്ചയമായും താങ്കള്‍ തൃപ്തിപ്പെടുന്ന ഖിബ്‌ലയുടെ നേര്‍ക്ക് താങ്കളെ നാം തിരിക്കും. അതിനാല്‍ താങ്കളുടെ മുഖം മസ്ജിദുല്‍ഹറാമിന് നേരെ തിരിക്കുക. നിങ്ങള്‍ എവിടെയായിരുന്നാലും നിങ്ങളുടെ മുഖങ്ങള്‍ അതിന് നേര്‍ക്ക് തിരിക്കണം. ഇത് തങ്ങളുടെ രക്ഷിതാവിങ്കല്‍ നിന്നുള്ള സത്യം തന്നെയാണെന്ന് വേദം നല്‍കപ്പെട്ടവര്‍ക്കു തീര്‍ച്ചയായും അറിവുണ്ട്. അവര്‍ പ്രവര്‍ത്തിക്കുന്നതിനെക്കുറിച്ച് അല്ലാഹു ഒട്ടും അശ്രദ്ധനല്ല(അല്‍ബഖറ 144).
ഖിബ്‌ലമാറ്റത്തിലൂടെ അല്ലാഹു മുഹമ്മദ്‌നബി(സ)യുടെ മഹത്വമാണ് ലോകത്തിന് കാണിച്ചുകൊടുത്തത്. ലോകത്താദ്യമായി സൃഷ്ടിക്കപ്പെട്ടത് പുണ്യനബിയുടെ ഒളിയാണ്. മനുഷ്യഭൂത വര്‍ഗ്ഗങ്ങളുടെ സൃഷ്ടിപ്പിന്റെ അടിസ്ഥാനലക്ഷ്യം ആരാധനയുമാണ്. ആരാധനകളില്‍ പ്രധാനപ്പെട്ട നിസ്‌കാരത്തില്‍ തിരിയേണ്ടത് ഭൂമിയിലെ ആദ്യ ദൈവികഭവനമായ കഅ്ബയിലേക്കും. ഇതിലേക്ക് തിരിയാനാണ് തന്റെ കരങ്ങളാല്‍ ആദ്യമായി സൃഷ്ടിക്കപ്പട്ട തന്റെ ഹബീബ് ആഗ്രഹിക്കുന്നതെന്ന് മനസ്സിലാക്കിയ അല്ലാഹു ആ ആഗ്രഹം പൂര്‍ത്തീകരിച്ചു കൊടുത്ത് പുണ്യനബിയെ തൃപ്തിപ്പെടുത്തുകയുണ്ടായി. താങ്കള്‍ തൃപ്തിപ്പെടുന്ന ഖിബ്‌ലയിലേക്ക് നാം നിങ്ങളെ തിരിക്കുമെന്ന ഖുര്‍ആനികവചന(ബഖറ 144)ത്തിന് നാം അടിവരയിടേണ്ടതുണ്ട്. മുത്ത് നബി(സ)യുടെ തൃപ്തി തന്നെയാണ് അല്ലാഹുവിന്റെയും ആഗ്രഹം. നിങ്ങള്‍ തൃപ്തിയടയുന്നവരെ നിങ്ങളുടെ രക്ഷിതാവ് നിങ്ങള്‍ക്കുനല്‍കുമെന്ന് ഖുര്‍ആന്‍ തന്നെ പറയുന്നുണ്ട്(സുറതുള്ളുഹാ-5).
കഅ്ബ: മഹത്വങ്ങളുടെ ഗേഹം
പരിശുദ്ധ കഅ്ബാലയത്തിന് വലിയ മഹത്വമാണ് ഇസ്‌ലാം കല്‍പ്പിക്കുന്നത്. അതിന്റെ പവിത്രതക്ക് കോട്ടം വരുത്താന്‍ ശരീഅത്ത് ഒരിക്കലും അനുവദിക്കുകയില്ല. കഅ്ബാലയത്തെ നിസ്സാരവല്‍ക്കരിക്കാന്‍ ഒരുമ്പട്ടവരൊക്കെ പാഠം പഠിച്ചിട്ടുണ്ടെന്നത് ചരിത്രസാക്ഷ്യം. ഖുര്‍ആനിലെ സൂറതുല്‍ഫീല്‍ തന്നെ അതിന്റെ നേര്‍ചിത്രമാണ് വരച്ചുകാട്ടുന്നത്. ആനക്കലഹം എന്നപേരില്‍ ചരിത്രപ്പ്രസിദ്ധമായ   ഈ സംഭവം ലോകര്‍ക്ക് എന്നും ഒരു ഗുണപാഠം കൂടിയാണ്. അബ്‌സീനിയ ചക്രവര്‍ത്തിയുടെ യമനിലെ ഗവര്‍ണ്ണറായിരുന്ന അബ്‌റഹതുബ്‌നുസ്സ്വബാഹില്‍ഹബശി, ചക്രവര്‍ത്തി തിരുമനസ്സിന്റെയടുക്കല്‍ സ്ഥാനം വര്‍ദ്ധിക്കാന്‍ അദ്ദേഹത്തിന്റെ പേരില്‍ യമനിലെ സന്‍ആഇല്‍ ബില്‍ഖീസ് രാജ്ഞിയുടെ കൊട്ടാരാവശിഷ്ടങ്ങളെല്ലാം ഉപയോഗിച്ച് ഒരു ചര്‍ച്ച് നിര്‍മ്മിക്കുകയും ഹജ്ജിന് കഅ്ബയിലേക്ക് പോകുന്ന ജനങ്ങളെ യമനിലേക്ക് തിരിച്ചുവിടാനുള്ള ഘൂഢ പദ്ധതികളാവഷ്‌കരിക്കുകയും ചെയ്തു. അറബികള്‍ക്ക് ലോകസമൂഹത്തില്‍ ലഭിച്ചുകൊണ്ടിരിക്കുന്ന അംഗീകാരത്തിലുള്ള അസൂയയാണ് സത്യത്തില്‍ അബ്‌റഹതിനെ ഈ കൃത്യത്തിന് പ്രേരിപ്പിച്ചത്. ഇതറിഞ്ഞ അറബികളിലെ ചിലവ്യക്തികള്‍ ഈ ചര്‍ച്ചില്‍ കയറി മലവിസര്‍ജ്ജനം നടത്തി. ഇതറിഞ്ഞ അബ്‌റഹതിന്റെ രോഷം വര്‍ദ്ധിക്കുകയും അവര്‍ക്കെതിരെ പടനയിക്കുമെന്ന് ശപഥം ചെയ്യുകയുമുണ്ടായി.
പിന്നീട് താന്‍ നിര്‍മ്മിച്ച ചര്‍ച്ചിലേക്ക് ഹജ്ജിന് ക്ഷണിച്ചുകൊണ്ട് ബനൂകിനാനയിലേക്ക് ഒരു ദൂതനെ പറഞ്ഞുവിട്ടു. അവരദ്ധേഹത്തെ വകവരുത്തി. ഈ സംഭവം അബ്‌റഹതിന്റെറ രോഷം വര്‍ദ്ധിക്കാന്‍ കാരണമായി. ഉടനെ അറുപതിനായിരം സൈന്യവുമായി അവന്‍ മക്കയിലേക്ക് പുറപ്പെട്ടു. അല്‍പം ഗജവീരന്‍മാരും സൈന്യത്തിലുണ്ടായത് കൊണ്ട് ആനപ്പടയെന്നാണ് ചരിത്രം അവരെ പരിചയപ്പെടുത്തിയത്. വഴിയില്‍ പലരും അദ്ധേഹത്തെ പ്രതിരോധിച്ചുവെങ്കിലും എല്ലാവരും ആനപ്പടക്കുമുന്നില്‍ പരാചിതരായി. മക്കയുടെ അടുത്ത് മുഗമ്മസ് എന്ന സ്ഥലത്തെത്തിയപ്പോള്‍ ഖുറൈശികളുടെ ഒട്ടകക്കൂട്ടങ്ങള്‍ മേഞ്ഞുനടക്കുന്നത് ശ്രദ്ധയില്‍പെട്ട അബ്‌റഹത് അത് കൊള്ളയടിക്കാന്‍ കല്‍പ്പന പുറപ്പെടുവിച്ചു. അതില്‍ ഇരുനൂറെണ്ണം ഖുറൈശീ പ്രമുഖന്‍ അബ്ദുല്‍മുത്വലിബിന്റെതായിരുന്നു.  ഇതിനിടെ ഹുന്നാത്വതുല്‍ഹിംയരിയെ ഖുറൈശീനേതാക്കളുമായി സംസാരിക്കാന്‍ മക്കയിലേക്ക് പറഞ്ഞയച്ച അബ്‌റഹത് അവരോട് 'ഖുറൈശിനോട് യുദ്ധം ചെയ്യുവാനല്ല താന്‍ വന്നതെന്നും കഅ്ബ പൊളിക്കുക മാത്രമാണ് ലക്ഷ്യമെന്നും അതു തടഞ്ഞെങ്കില്‍ മാത്രമേ യുദ്ധം ചെയ്യുകയുള്ളൂ' വെന്നും അറിയിക്കാന്‍ ആവശ്യപ്പെട്ടു. തിരിച്ചുവരുമ്പോള്‍ ഖുറൈശ് നേതാക്കളെ കൊണ്ടുചെല്ലാനും നിര്‍ദ്ദേശമുണ്ടായിരുന്നു. തദടിസ്ഥാനത്തില്‍ അബ്ദുല്‍മുത്വലിബുമായി അദ്ദേഹം അബ്‌റഹതിന്റെ സന്നിധിയിലെത്തി. ഭക്ത്യാദരങ്ങളോടെ സ്വീകരിച്ചു അദ്ദേഹവുമായി ദ്വിഭാഷിയുടെ സഹയത്തോടെ സംഭാഷണമാരംഭിച്ചു. തന്റെ ലക്ഷ്യം വിശദീകരിച്ച ശേഷം താങ്കള്‍ക്കെന്തെങ്കിലും പറയുവാനുണ്ടോയെന്ന ചോദ്യത്തിന് എന്റെ 200 ഒട്ടകങ്ങള്‍ താങ്കളുടെ ആളുകള്‍ കൊള്ളയടിച്ചിട്ടുണ്ടെന്നും അത് തിരികെ ലഭിക്കാനുള്ള സൗകര്യം  ചെയ്തു തരണമെന്ന് പറഞ്ഞു. ഇത് കേട്ടപ്പോള്‍ അബ്‌റഹത് പറഞ്ഞു: താങ്കളെ കണ്ടപ്പോള്‍ എനിക്ക് വലിയ മതിപ്പ് തോന്നിയിരുന്നു. താങ്കളുമായി സംസാരിച്ചപ്പോള്‍ അതെല്ലാം എനിക്ക് നഷ്ടപ്പെട്ടു. താങ്കളുടേയും പ്രപിതാക്കളുടേയും മതകേന്ദ്രമായ കഅ്ബ പൊളിക്കാന്‍ വന്ന എന്നോട് അത് സംബന്ധമായി ഒന്നും ഉരിയാടാതെ താങ്കളുടെ ഒട്ടകങ്ങളുടെ കാര്യം മാത്രമാണല്ലോ നിങ്ങള്‍ പറയുന്നത്. ഉടനെ അബ്ദുല്‍മുത്വലിബ് പ്രതികരിച്ചതിങ്ങനെയാണ്. ഞാന്‍ ഒട്ടകത്തിന്റെ ഉടമയാണ്. അതെനിക്ക് തിരികെ വേണം. ആ ഭവനത്തിന് ഒരു ഉടമയുണ്ട്. അവനത് സംരക്ഷിച്ചുകൊള്ളും. അബ്‌റഹത് പറഞ്ഞു. എന്നെ പ്രതിരോധിക്കാന്‍ ഒരു ശക്തിക്കും സാധ്യമല്ല. ഞാന്‍ അത് പൊളിക്കുക തന്നെ ചെയ്യും.
തന്റെ ഒട്ടകങ്ങളുമായി മക്കയിലേക്ക് തിരിച്ചു വന്ന അബ്ദുല്‍മുത്വലിബ് ഖുറൈശികളോട് വല്ല മലകളിലും ചെന്ന് അഭയം പ്രാപിക്കാനാവശ്യപ്പെടുകയും പിന്നീട് കഅ്ബയുടെ വാതില്‍പിടിച്ച് പ്രാര്‍ത്ഥിക്കുകയും ചെയ്തു. പിറ്റേന്ന് പ്രഭാതത്തില്‍ മഹ്മൂദ് എന്ന തന്റെ ആനയെ മുന്നില്‍ എഴുന്നള്ളിച്ച് സൈന്യത്തെ അബ്‌റഹത് കഅ്ബയുടെ നേരെ തിരിച്ചു. അത്ഭുതം! അത്യത്ഭുതം!!! മഹ്മൂദ് എന്ന ആന കഅ്ബയുടെ നേരെ തിരിച്ചാല്‍ മുന്നോട്ട് ചലിക്കുന്നേയില്ല. കിണഞ്ഞ് ശ്രമിച്ചിട്ടും ഒരടിപോലും വെക്കുന്നില്ല. മറ്റു ഭാഗങ്ങളിലേക്ക് സുന്ദരമായി പോകുന്നുതാനും. ഈ വേളയിലാണ് കടല്‍ഭാഗത്ത് നിന്ന് ഒരിനം പക്ഷികള്‍ കൊക്കിലും കൈകാലുകളിലും ചൂളവെച്ചകല്ലുമായി കൂട്ടംകൂട്ടമായി വന്ന് ആനപ്പടക്ക് നേരെ ശിലാവര്‍ഷം നടത്തിയത്. ഇത്കാരണം ഓരോ സൈനികനും പിന്തിരിഞ്ഞോടാന്‍ ശ്രമിച്ചെങ്കിലും എല്ലാം വൃഥാവിലായി. ശരീരത്തിന്റെ ഓരോ ഭാഗങ്ങള്‍ കത്തിക്കരിഞ്ഞ് കൊഴിഞ്ഞുവീണ് അതിധാരുണമായി അവര്‍ മരണത്തിനു കീഴടങ്ങി. ചരിത്രകാരന്‍ കലബി പറയുന്നു: ആ സൈന്യത്തില്‍ നിന്ന് അബ്‌റഹത് മാത്രമാണ് വഴിയില്‍വെച്ച് മരിക്കാതിരുന്നത്. അവന്‍ നജ്ജാശിയുടെ അടുക്കലെത്തുന്നത് വരെ അവന്റെ മേല്‍ കല്ലെറിയാനുള്ള പക്ഷി അവന് മുകളില്‍ വട്ടമിട്ടു പറന്നുകൊണ്ടേയിരുന്നു. നജ്ജാശിയുമായി കാര്യങ്ങള്‍ വിശദീകരിച്ചു അവസാനമായപ്പോള്‍ പക്ഷി കല്ലെറിയുകയും ദയനീമായി ചക്രവര്‍ത്തിക്കുമുന്നില്‍ വെച്ച് മരണത്തിന് കീഴ്‌പ്പെടുകയും ചെയ്തു. കാലികള്‍ തിന്ന വൈക്കോല്‍ പോലെ അവര്‍ നശിച്ചു പോയെന്ന് ഖുര്‍ആന്‍ അതിനെ വിശദീകരിക്കുന്നു(സൂറതുല്‍ഫീല്‍). ഈ സംഭവം നടന്ന വര്‍ഷത്തെ സംബന്ധിച്ചു പണ്ഡിതര്‍ വ്യത്യസ്താഭിപ്രായക്കാരാണെങ്കിലും ക്രിസ്താബ്ദം 571-ാം കൊല്ലം ഏപ്രില്‍ രണ്ടിനാണെന്ന് ചിലര്‍ ക്ലിപ്തപ്പെടുത്തിയിട്ടുണ്ട്. (ഫത്ഹുര്‍റഹ്മാന്‍). നബി(സ)യുടെ കാലത്ത് അബ്‌സീനിയ ഭരിച്ചിരുന്ന നേഗസ് രാജാവിന്റെ പ്രപിതാവാണ് അബ്‌റഹതെന്ന് വാഖിദി രേഖപ്പെടുത്തുന്നു(അല്‍ബലദുല്‍അമീന്‍ അബ്‌റല്‍ ഖുറൂന്‍).
ഹിജ്‌റ എഴുപത്തിമൂന്നില്‍ അബ്ദുല്‍മലിക്ബ്‌നിമര്‍വാന്റെ കാലത്ത് ഗവര്‍ണ്ണറായിരുന്ന ഹജ്ജാജ് അബ്ദുല്ലാഹിബ്‌നുസ്സുബൈറു(റ)മായി ഏറ്റുമട്ടാന്‍ വേണ്ടി ജബല്‍അബൂഖുബൈസിന്റെ മുകളില്‍ പീരങ്കിയുമായി നിലയുറപ്പിച്ച് കഅ്ബക്ക് നേരെ ആക്രമണമാരംഭിച്ചു. കഅ്ബയുടെ വിരികള്‍ക്ക് അഗ്നിബാധയുണ്ടായപ്പോള്‍ ജിദ്ദയുടെ ഭാഗത്ത് നിന്ന് ഇടിയും മിന്നും മേഘക്കൂട്ടങ്ങളും വന്ന് ശക്തമായി മഴവര്‍ഷിക്കുകയും ആ മഴകാരണം തീയണയുകയും ചെയ്തു. ഇവര്‍ക്ക് നേരെ വന്ന ഇടിത്തീ കാരണം അവരുടെ പീരങ്കികള്‍ക്ക് കേട്പാട് സംഭവിക്കുകയും നാലാളുകള്‍ അതില്‍ വെന്തുമരിക്കുകയുമുണ്ടായി. സൈന്യത്തോട് ഒന്നും പേടിക്കേണ്ടതില്ലെന്ന് ഹജ്ജാജ് പറഞ്ഞപ്പോഴേക്ക് മറ്റൊരു ഇടിത്തീ വന്ന് അതില്‍ നാല്‍പതോളം ആളുകള്‍ മരണപ്പെട്ടുവെന്നും ചരിത്രത്തില്‍ കാണാം(താരീഖു മക്ക- അബുല്‍ബഖാഇല്‍മക്കി).
കഅ്ബാലയത്തില്‍ വന്ന് കള്ള സത്യം ചെയ്ത് പുറത്ത് പോയ ബനൂആമിറിബ്‌നിലുഉയ്യ് ഗോത്രത്തിലുള്ള അമ്പതാളുകള്‍ വഴിയില്‍ വെച്ച് അപകടം പിണഞ്ഞ സംഭവം അബുല്‍ബഖാഇല്‍മക്കി രേഖപ്പെടുത്തുന്നത് കാണാം. ബനൂസൂലൈം ഗോത്രത്തിലെ അന്ധനായ ഒരുവ്യക്തിയെ ഉമര്‍(റ) കണ്ടപ്പോള്‍ കാഴ്ചശക്തിനഷ്ടപ്പെടാനുള്ളു കാരണം തിരക്കി. അദ്ദേഹം പറഞ്ഞു: ഞങ്ങള്‍ പത്ത് മക്കളുള്ള കുടുംബമാണ്. ഞങ്ങളെല്ലാവരും ഞങ്ങളുടെ പിതൃവ്യപുത്രനെ നന്നായി ദ്രോഹിക്കുകയും ശല്യപ്പെടുത്തറുമുണ്ടായിരുന്നു. കുടുംബബന്ധം പരിഗണിച്ചെങ്കിലും നിങ്ങളെന്നെ ദ്രോഹിക്കരുതെന്നവന്‍ ഞങ്ങളോട് നിരവധി തവണ യാചിച്ചെങ്കിലും ഞങ്ങള്‍ പിന്തിരിഞ്ഞില്ല. ഗത്യന്തരമില്ലാതായപ്പോള്‍ യുദ്ധം ഹറാമായ മാസത്തില്‍ ഹറമില്‍ ചെന്ന് അല്ലാഹുവിനോടവന്‍ ഇങ്ങനെ പ്രാര്‍ത്ഥിച്ചു. നാഥാ, എല്ലാ വഴികളുമടഞ്ഞ് നിസ്സഹായനായി ഞാന്‍ നിന്നോട് പറയുന്നു. എന്നെ അക്രമിക്കുന്ന ആ പത്താളുകളില്‍ ഒരാളൊഴികെ എല്ലാവരെയും നീ നശിപ്പിക്ക്, ശേഷിക്കുന്നവനെ അന്ധനായി നീ ജീവിപ്പിക്കുകയും ചെയ്യേണമെ. ഈ പ്രാര്‍ത്ഥന അല്ലാഹു സ്വീകരിച്ചു. എന്റെ ഒമ്പത് സഹോദരന്‍മാരും ഓരോ മാസത്തില്‍ മരിച്ചുപോയി. ഞന്‍ മാത്രം അവശേഷിച്ചു. എനിക്ക് അന്ധതയും ബാധിച്ചു. എന്നെ കൊണ്ടുനടക്കാന്‍ പോലും ഒരാളില്ലാതെ വളരെയധികം നരകയാതന സഹിച്ചു ഞാനിന്നും ജീവിക്കുന്നു. ഇത് കേട്ട് ഉമര്‍(റ) പറഞ്ഞു. വല്ലാത്ത അത്ഭുതം തന്നെയാണിത്(തീരീഖുമക്ക-അബുല്‍ബഖഇല്‍മക്കി). ഇതുപോലെ നിരവധി സംഭവങ്ങള്‍ ചരിത്രത്തില്‍ വായിച്ചെടുക്കുവാന്‍ സാധിക്കും.


അല്‍ഖുദ്‌സ്.
പ്രാചീനകാലം മുതലേ പുണ്യനഗരിയായി ചരിത്രത്തിലിടം നേടിയ പ്രദേശമാണ് അല്‍ഖുദ്‌സ്. മലനിരകളില്‍, മധ്യധരണ്യാഴി ജലനിരപ്പില്‍ നിന്ന് 2400 അടി ഉയരത്തിലാണ് ഖുദ്‌സിന്റെ കിടപ്പ്. മധ്യധര
ണ്യാഴിയുടെ 51 കി.മീ പടിഞ്ഞാറും ചാവുകടലിന്റെ 29 കി.മീ കിഴക്കുമാണിത്. അമ്മാനില്‍ നിന്ന് 88ഉം ബൈറൂതില്‍ നിന്ന് 83ഉം ദമസ്‌കസില്‍ നിന്ന് 290ഉം കൈറോയില്‍ നിന്ന്528ഉം കി.മീ ആണ് ഇവിടേക്കുള്ള ദൂരം.
പലമതവിഭാഗക്കാരും ഈ പ്രദേശത്ത് ഭരണം നടത്തിയിട്ടുണ്ട്. പ്രാചീന ആദിമ നിവാസികള്‍, ബാബിലോണിയക്കാര്‍, പേര്‍ഷ്യക്കാര്‍, ഗ്രീക്കുകാര്‍, റോമക്കാര്‍ എന്നിവരൊക്കെ ഖുദ്‌സ് പ്രദേശവുമായി ബന്ധപ്പെട്ടവരാണ്. മഹാനായ ഉമര്‍ബ്‌നുല്‍ഖത്വാബി(റ)ന്റെ കാലത്ത് ഫലസ്ത്വീന്‍ മോചിപ്പിക്കാന്‍ അംറുബ്‌നുല്‍ആസ്വി(റ)നേയും  അബൂഉബൈദതുല്‍ജര്‍റാഹി(റ)നേയും നിയോഗിച്ചതോടെയാണ് ഈ പുണ്യഭൂമി മുസ്‌ലിം ആധിപത്യത്തില്‍ വന്നുതുടങ്ങിയത്.
വിവിധകാലഘട്ടങ്ങളിലായി നിര്‍മ്മിക്കപ്പെട്ട അനേകം പള്ളികളും കുംഭഗോപുരങ്ങളും ഖുദ്‌സിലുണ്ടെങ്കിലും മസ്ജിദുല്‍അഖ്‌സ്വയാണ് അവയില്‍ പരമപ്രധാനം. മസ്ജിദുല്‍അഖ്‌സ്വക്ക് സമീപം വടക്ക് ഭാഗത്താണ് ചരിത്രപ്രസിദ്ധമായ പാറ സ്ഥിതിചെയ്യുന്നത്. മുഹമ്മദ് നബി(സ) മിഅ്‌റാജിന് പുറപ്പെട്ടതും തിരിച്ചെത്തിയതും ഈ പാറയുടെ പുറത്താണ്. ഇതിന് മീതെ ഖലീഫ അബ്ദുല്‍മലികിബ്‌നിമര്‍വാന്‍ ഹിജ്‌റ 72ല്‍ പണിതീര്‍ത്ത ഗോപുരമാണ് ഖുബ്ബതുസ്സഖ്‌റഃ എന്നറിയപ്പെടുന്നത്. അഷ്ട ഭുജാകൃതിയിലുള്ള ഈ കുംഭഗോപുരം പണിതീരാന്‍ ആറുകൊല്ലമെടുത്തു. ഈജിപ്തില്‍ നിന്നുള്ള ഏഴ്‌കൊല്ലത്തെ വരുമാനം ഇതിന് നീക്കിവെച്ചിരുന്നുവത്രെ. ഇതിനുചുറ്റും നിര്‍മ്മിക്കപ്പെട്ട പള്ളിയാണ് മസ്ജിദുസ്സ്വഖ്‌റഃ എന്ന് പ്രസിദ്ധമായത്. മസ്ജിദുല്‍ അഖ്‌സ്വയും ഖുബ്ബതുസ്സ്വഖ്‌റയും ചുറ്റുമതിലുകള്‍ ഉള്‍പ്പടെയുള്ള അനുബന്ധകെട്ടിടങ്ങളും അടങ്ങിയ ഹറം ശരീഫിന്റെ വിസ്തീര്‍ണ്ണം കിഴക്ക് 474മീറ്ററും പടിഞ്ഞാറ് 490മീറ്റും വടക്ക് 321മീറ്ററും ഖിബ്‌ലഃ ഭാഗം 283മീറ്ററുമാണ്. അടച്ചിട്ടനാലെണ്ണമടക്കം പതിനാല് കവാടങ്ങളാണ് ഹറമിനുള്ളത്(ഇസ്‌ലാമിക വിജ്ഞാനകോശം).
ബൈതുല്‍മുഖദ്ദസ്.
ആരാധനകള്‍ക്ക് വേണ്ടി ഭൂമിയില്‍ നിര്‍മ്മിക്കപ്പെട്ട പ്രഥമഭവനങ്ങളിലാണ് ബൈതുല്‍മുഖദ്ദസിന്റെ സ്ഥാനം. ആദ്യമായി കഅ്ബ നിര്‍മ്മിക്കപ്പട്ടതിന് നാല്‍പത് വര്‍ഷം കഴിഞ്ഞാണ് മസ്ജിദുല്‍അഖ്‌സ്വ നിര്‍മ്മിക്കപ്പെട്ടതെന്ന് സ്വഹീഹായ ഹദീസുകളില്‍ കാണാം. അബൂദര്‍റ്(റ) പറയുന്നു: ഭൂമിയല്‍ സ്ഥാപിതമായ ആദ്യ പള്ളിയെക്കുറിച്ച് ഞാന്‍ നബി(സ)യോട് ചോദിച്ചു. നബി(സ)പറഞ്ഞു അത് മസ്ജിദുല്‍ഹറാമാണ്. പിന്നെ ഏതാണെന്ന് ചോദിച്ചപ്പോള്‍ അവിടന്ന് പറഞ്ഞു, മസ്ജിദുല്‍അഖ്‌സ്വ. അവരണ്ടിന്റെയും നിര്‍മ്മാണത്തിലെ കാലദൈര്‍ഘ്യമെത്രയെന്ന് ചോദിച്ചപ്പോള്‍ പറഞ്ഞു, നാല്‍പത് വര്‍ഷം. നബി(സ)തുടര്‍ന്നു: എവിടെ വെച്ച് നിസ്‌കാരം നിര്‍ബന്ധമായാലും നീ നിസ്‌കരിക്കുക, ഭൂമി മുഴുവന്‍ നിനക്ക് നിസ്‌കരിക്കാന്‍ യോജിച്ച സ്ഥലമാണ്(സ്വഹീഹുല്‍ബുഖാരി).
കഅ്ബാലയം ആദ്യം നിര്‍മ്മിച്ചത് മാലാഖമാരാണെന്ന് അവിതര്‍ക്കിതമാണ്. എന്നാല്‍ ബൈതുല്‍മുഖദ്ദസ് ആദ്യം നിര്‍മ്മിച്ചതാരാണെന്നതില്‍ വ്യക്തമായ രേഖകളൊന്നും കാണുന്നില്ല. സുലൈമാന്‍ നബിയാണ് ബൈതുല്‍മുഖദ്ദസ് നിര്‍മ്മിച്ചതെന്ന് ചിലഹദീസുകളില്‍ കാണുന്നത് അതിന്റെ പുനര്‍നിര്‍മ്മാണത്തെ സംബന്ധിച്ചാണ്. കാരണം കഅ്ബയുടേയും ബൈതുല്‍മുഖദ്ദസിന്റെയും നിര്‍മ്മാണങ്ങള്‍ക്കിടയില്‍ നാല്‍പത് വര്‍ഷദൈര്‍ഘ്യമേ ഉള്ളൂ എന്ന് ഖണ്ഡിതമായ ഹദീസിലൂടെ സ്ഥിരപ്പെട്ടതാണ്. മാത്രവുമല്ല, ഇബ്‌റാഹീം നബിയാണ് കഅ്ബ നിര്‍മ്മിച്ചതെന്ന് ഖുര്‍ആനില്‍ തന്നെ പരാമര്‍ശമുണ്ടല്ലോ. എന്നാല്‍ മലക്കുകളാണ് അത് ആദ്യമായി നിര്‍മ്മിച്ചതെന്നും ശേഷം ആദം, ശീസ് എന്നീ പ്രവാചകന്‍മാര്‍ അത് പുനര്‍നിര്‍മ്മിച്ചിട്ടുണ്ടെന്നും രേഖകള്‍ സാക്ഷ്യപ്പെടുത്തുന്നുണ്ട്. അപ്പോള്‍ കഅ്ബയുടെ പുനര്‍ നിര്‍മ്മാണമാണ് ഇബ്‌റാഹീം നബി നിര്‍വ്വഹിച്ചതെന്നാണ് ഖുര്‍ആന്‍ സൂചിപ്പിക്കുന്നത്. എന്നത് പോലെ ബൈതുല്‍മുഖദ്ദസിന്റെ പുനര്‍നിര്‍മ്മാണം നടത്തിയവരില്‍ സുലൈമാന്‍ നബിയുമണ്ടെന്നാണ് ഉപര്യുക്ത ഹദീസിന്റെ സാരം. മലക്കുകള്‍ തന്നെയോ, അല്ലെങ്കില്‍ ആദം നബിയുടെ സന്തതികളില്‍ പെട്ട ചിലരോ, അല്ലാഹുവിന്റെ ഏതെങ്കിലും ഔലിയാക്കളോ ആവാം മസ്ജിദുല്‍അഖ്‌സ്വ ആദ്യം നിര്‍മ്മിച്ചതെന്ന് പണ്ഡിതര്‍ ഊഹിക്കുന്നുണ്ട്.
നിര്‍മ്മാതാവ് ആരെന്നതില്‍ തര്‍ക്കമുണ്ടെങ്കിലും ബൈതുല്‍മുഖദ്ദസ് മഹത്വും പുണ്യവുമുള്ള ഗേഹമാണെന്നതില്‍ തര്‍ക്കമേതുമില്ല. വിശുദ്ധഖുര്‍ആനും ഹദീസും ഈ കാര്യം വ്യക്തമാക്കുന്നുണ്ട്. ആ പുണ്യഗേഹത്തിന്റെ പേരുകള്‍ തന്നെ അതിന്റെ മഹത്വം വിളിച്ചോതുന്നവയാണ്. ബൈതുല്‍മുഖദ്ദസിന് ഇരുപതോളം പേരുകളുണ്ടെന്ന് ഫത്ഹുല്‍ബാരിയില്‍ ഇമാം ഇബ്‌നുഹജരില്‍അസ്ഖലാനി(റ) പറയുന്നുണ്ട്. ഈലിയാ, ബൈതുല്‍മഖ്ദിസ്, അല്‍ഖുദ്‌സ്, ശല്ലം, ശലാം, സലിം, ഊരിസലിം എന്നിവയതില്‍ പെട്ട ചിലത് മാത്രം. ബൈതുല്‍മുഖദ്ദസ് എന്നാല്‍ പരിശുദ്ധഭവനമെന്നാണ് അര്‍ത്ഥമാക്കുന്നത്. അല്‍മസ്ജിദുല്‍അഖ്‌സ്വയെന്ന നാമകരണത്തില്‍ വ്യത്യസ്താഭിപ്രായങ്ങള്‍ കാണാം. മസ്ജിദുല്‍ഹറാമില്‍ നിന്ന് മദീനാപള്ളിയിലേക്കുള്ളതിനേക്കാള്‍ വളരെ വിദൂരസ്ഥലത്തായത് കൊണ്ടാണ് ആ നാമം വന്നതെന്നാണ് ഒരഭിപ്രായം. മോശങ്ങളില്‍ നിന്ന് വിദൂരത്തായത് എന്നര്‍ത്ഥത്തിലാണെന്ന് രണ്ടാമത്തെ അഭിപ്രായം.
മുന്‍കാലപ്രവാചകന്‍മാരില്‍ ചിലരുടെ സ്ഥിരം ഖിബ്‌ലയും മുഹമ്മദ്‌നബി(സ)യുടെ അല്‍പ്പകാലത്തെ ഖിബ്‌ലയും ബൈതുല്‍മുഖദ്ദസായിരുന്നു. പുണ്യനബി(സ)യുടെ പ്രധാന മുഅ്ജിസത്തായ നിശാപ്രയാണയാത്രയില്‍ അമ്പിയാക്കള്‍ക്ക് ഇമാമായി നിസ്‌കരിച്ചത് ബൈതുല്‍മുഖദ്ദസില്‍വെച്ചാണ്. മസ്ജിദുല്‍ഹറാം, മസ്ജിദുന്നബവി ഒഴികെ ലോകത്തുള്ള മറ്റുപള്ളികളില്‍ നിസ്‌കരിക്കുന്നതിനേക്കാള്‍ അഞ്ഞൂറിരട്ടി പ്രതിഫലമാണ് ബൈതുല്‍മുഖദ്ദസിലെ ഒരുനിസ്‌കാരത്തിനുള്ളത്. ഇത്‌കൊണ്ടാണ് നിസ്‌കാരത്തിന് കൂടുതല്‍ പുണ്യംലഭിക്കണമെന്ന ഉദ്ദേശ്യത്തില്‍ മൂന്ന് പള്ളികളിലേക്ക് മാത്രമേ യാത്രചെയ്യാവൂ എന്ന് നബി(സ)പറഞ്ഞത്. മസ്ജിദുല്‍ഹറാം, മസ്ജിദുന്നബവി, മസ്ജിദുല്‍അഖ്‌സ്വ ഇവ മൂന്നുമാണവ(സ്വഹീഹുല്‍ബുഖാരി). അംറുബ്‌നുല്‍ആസ്വ്(റ) നിവേദനം ചെയ്യുന്ന ഹദീസില്‍കാണാം. ബൈതുല്‍മുഖദ്ദസ് പുനര്‍ നിര്‍മ്മാണ ശേഷം സുലൈമാന്‍ നബി മൂന്നുകാര്യങ്ങള്‍ അല്ലാഹുവിനോട് ചോദിച്ചു. അധികാരവും വിജ്ഞാനവുമാണ് രണ്ട് കാര്യങ്ങള്‍. ബൈതുല്‍മുഖദ്ദസില്‍ നിസ്‌കരിക്കണമെന്ന ലക്ഷ്യത്തോടെ വന്ന് നിസ്‌കരിക്കുന്നവന് ഉമ്മപ്രസവിച്ച ദിനംപോലെ പാപമുക്തനാക്കണേ എന്നായിരുന്നു മൂന്നാമത്തെ കാര്യം(നസാഇ).
നബി(സ)യുടെ ഇസ്‌റാഇനെക്കുറിച്ച് പരാമര്‍ശിക്കുന്ന ഖുര്‍ആനികവചനമിപ്രകാരമാണ്. 'നമ്മുടെ ദൃഷ്ടാന്തങ്ങള്‍ കാണിക്കുവാന്‍ വേണ്ടി തന്റെ അടിമയെ ഒരു രാത്രിയില്‍ മസ്ജിദുല്‍ഹറാമില്‍ നിന്ന് ചുറ്റുപാടും നാം ബര്‍കത് ചെയ്ത മസ്ജിദുല്‍അഖ്‌സ്വയിലേക്ക് നിശാപ്രയാണം നടത്തിയവന്‍ എത്ര പരിശുദ്ധന്‍. അവനെല്ലാം കാണുന്നവനും കേള്‍ക്കുന്നവനുമാണ്(ഇസ്‌റാഅ്-1). സര്‍വ്വവിധ അനുഗ്രഹങ്ങള്‍ നല്‍കി അല്ലാഹു മഹത്വം ചാര്‍ത്തിയ പ്രദേശമാണ് മസ്ജിദുല്‍അഖ്‌സ്വയുടെ പരിസരമെന്ന് ഖുര്‍ആന്‍ വ്യാഖ്യാതാക്കള്‍ രേഖപ്പെടുത്തുന്നുണ്ട്. ദീനീമഹത്വങ്ങള്‍ക്ക് പുറമെ ഐഹികമായ ബര്‍കതുകളും ആ സ്ഥലങ്ങളിലുണ്ട്. നിറഞ്ഞൊഴുകുന്ന പുഴകളും നദികളും, ഫലഭുഷ്ടമായ ധാരാളംപഴങ്ങളും കൃഷികളും അവിടെ സുലഭമാണ്. നിരവധി അമ്പിയാക്കളുടെ ഖബര്‍ സ്ഥിതിചെയ്യുന്നത് മസ്ജിദുല്‍അഖ്‌സ്വയുടെ ചാരത്താണെന്ന് ചരിത്രത്തില്‍ വായിക്കാം.
മുന്‍കാല പ്രവാചകന്‍മാരുടെ ഖിബ്‌ലയും, അന്ത്യപ്രവാചകരുടെ നിശാപ്രയാണസ്ഥാനവും, ആകാശാരോഹണകേന്ദ്രവും, ലോകത്തെ രണ്ടാമത്തെപള്ളിയും, ലോകത്തെ ഹറമുകളിലൊന്നും മസ്ജിദുല്‍അഖ്‌സ്വയാണ്(അല്‍ജവാഹിര്‍-ത്വന്‍ത്വാവി).
മൂസാനബി(അ) റൂഹ് പിടിക്കുന്നതിന് മുമ്പ് അദ്ദേഹത്തെ മസ്ജിദുല്‍അഖ്‌സ്വയുടെ ചാരത്ത് എത്തിക്കണമെന്ന് അല്ലാഹുവിനോട് ആവശ്യപ്പെടുകയുണ്ടായി(സ്വഹീഹുല്‍ബുഖാരി). നിരവധി അമ്പിയാക്കള്‍ മറപെട്ടുകിടക്കുന്ന പരിസരത്ത് തന്റെ ഖബറും ആകണമെന്ന് കൊതിച്ചാണ് മൂസാ നബി(അ) ഇങ്ങനെ പറഞ്ഞതെന്ന് ഇതിന്റെ വ്യാഖ്യാനത്തില്‍ കാണാം(ഫത്ഹുല്‍ബാരി). നബി(സ)ഇസ്‌റാഇന്റെ രാത്രി മൂസാനബിയെ തന്റെ ഖബറില്‍ നിസ്‌കരിക്കുന്നതായി കണ്ടുവെന്നും ഹദീസുകളിലുണ്ട്. അത് ഈ പള്ളിയുടെ പരിസരത്ത് വെച്ച് തന്നെയാണ്. ഇതിന്റെ പരിസരത്തുള്ള പാറയില്‍ നിന്നാണ് നബി(സ)ആകാശാരോഹണത്തിന് വേണ്ടി പുറപ്പെട്ടതും തിരിച്ച് വന്നിറങ്ങിയതും.
ദൈവികാനുഗ്രഹങ്ങള്‍ കൊണ്ട് നിറഞ്ഞതാണ് ഫലസ്ത്വീന്‍ അടങ്ങിയ ശാം എന്ന പ്രദേശം. പ്രവാചകന്‍(സ)ശാമിലും യമനിലും ബര്‍കതിന് വേണ്ടി പ്രാര്‍ത്ഥിച്ചത് ഇബ്‌നുഉമര്‍(റ) നിവേദനം ചെയ്യുന്ന ഹദീസില്‍ വന്നിട്ടുണ്ട്. ആ പ്രാര്‍ത്ഥനയുടെ ഫലം ഇന്നും അനുഭവിക്കുന്നവരാണ് അവിടത്തുകാര്‍. സൂറതു അമ്പിയാഇല്‍ 'നാം അനുഗ്രഹിച്ച നാട്' എന്ന് (സൂക്തം 81,71)രണ്ട് തവണ വിശേഷിപ്പിച്ചത് ശാമിനെ സംബന്ധിച്ചാണ്. നിരവധി പ്രവാചകന്‍മാര്‍ ദീനിപ്രബോധനം നടത്തുകയും തങ്ങളുടെ പാദസ്പര്‍ശം കൊണ്ട് അനുഗ്രഹിക്കുകയും ചെയ്ത നാടാണ് ശാം. ഇബ്‌റാഹീം നബി പലായനം നടത്തിയതും, മൂസാ(അ)തന്റെ സമുദായത്തെ തൗഹീദിന്റെ വക്താക്കളാക്കി കുടിയിരുത്താന്‍ ഉദ്ദേശിച്ചതും, അവരുടെ കാലശേഷം യൂശഅ് (അ) സൂര്യനെ പിടിച്ചുനിര്‍ത്തിയതും ശാമിലെ ഫലസ്ത്വീനിലാണ്.
സൂറതുത്തീനില്‍ സത്യംചെയ്യാന്‍ വേണ്ടി അല്ലാഹു എടുത്തുദ്ധരിച്ച മൂന്ന് പ്രദേശങ്ങളില്‍ ശാമിലെ സ്ഥലങ്ങളും കാണാം. ഉലുല്‍അസ്മിലെ പ്രധാനികളായ മൂന്ന് പ്രവാചകന്‍മാരുമായി ബന്ധപ്പെട്ട പ്രദേശങ്ങളാണ് അവമൂന്നും. 1- അത്തിപ്പഴവും സൈതൂനും നിറഞ്ഞുനില്‍ക്കുന്ന ഫലസ്ത്വീന്‍. അവിടേക്കാണ് ഈസാ(അ)നിയോഗിതനായത്. 2-ത്വൂരിസീനാ മലയില്‍ വെച്ചാണ് മൂസാനബി അല്ലാഹുവുമായി അഭിമുഖസംഭാഷണം നടത്തിയത്. 3-ബലദുല്‍അമീന്‍(മക്ക)മുഹമ്മദ് നബിയുടെ ജന്‍മദേശമാണ്. അന്ത്യാനാളില്‍ വിശ്വാസികളെ മാര്‍ഗ്ഗഭ്രംശം നടത്തുന്ന ദജ്ജാലിനെ വകവരുത്തി തൗഹീദ് പുനഃസ്ഥാപിക്കാന്‍ ആകാശലോകത്ത് നിന്ന് ഈസാ(അ)ഇറങ്ങിവരുന്നത് ദിമശ്ഖിലെ പള്ളിയുടെ ശുഭ്രമിനാരത്തിലാണ്. ഫലസ്ത്വീനിലെ ബാബുലുദ്ദില്‍ വെച്ചാണ് ദജ്ജാലിന്റെ കഥകഴിക്കുന്നതും.
അന്ത്യനാള്‍ വരെ ഈമാന്‍ നിലനില്‍ക്കുന്ന പ്രദേശമാണ് ശാം എന്നതിലേക്ക് വിരല്‍ചൂണ്ടുന്ന നിരവധി വിശുദ്ധവചനങ്ങള്‍ കാണാം. ശാം നിവാസികള്‍ പിഴച്ചുപോയാല്‍ പിന്നെ നിങ്ങളില്‍ നന്‍മ അവശേഷിക്കുകയില്ലെന്ന് മുഹമ്മദ് നബി പറഞ്ഞിട്ടുണ്ട്. സൈദുബ്‌നുസാബിത്(റ) റിപ്പോര്‍ട്ട് ചെയ്യുന്നു. നബി(സ) പറയുകയാണ്, ശാം നിവാസികള്‍ക്കാണ് വിജയം(മൂന്ന്തവണ ആവര്‍ത്തിച്ചു)സ്വഹാബികള്‍ ചോദിച്ചു നബിയേ, കാരണമെന്താണ്. അവിടന്ന് പ്രതികരിച്ചു. അല്ലാഹുവിന്റെ മാലാഖമാര്‍ ശാമിന് മുകളില്‍ തങ്ങളുടെ ചിറക് വിരിച്ച് ആ പ്രദേശത്തെ സംരക്ഷിച്ചുകൊണ്ടിരിക്കുകയാണ്.

1 Comments

Post a Comment

Previous Post Next Post