ആദ്ധ്യാത്മികശാഖയില്‍ സുപ്രസിദ്ധമായ നിരവധി കൃതികളുണ്ട്. അവയില്‍ മുന്‍നിരയില്‍ നില്‍ക്കുന്ന രിസാലതുല്‍ഖുശൈരിയ്യയുടെ രചയിതാവാണ് ഇമാം ഖുശൈരി(റ).         അബ്ദുല്‍കരീമിബ്‌നുഹുവാസിനിബ്‌നിഅബ്ദില്‍മലികിബ്‌നിത്വല്‍ഹതിബ്‌നമുഹമ്മദ് അല്‍ഖുശൈരി അന്നൈസാബൂരി യെന്നാണ് അദ്ദേഹത്തിന്റെ പൂര്‍ണ്ണനാമം. ഹിജ്‌റ 376 റബീഉല്‍അവ്വലില്‍ ജനിച്ച സ്മര്യപുരുഷന്‍ ഒമ്പത് പതിറ്റാണ്ടുകാലത്തെ ജീവിതത്തിനിടയില്‍ നിരവധി മേഖലകളില്‍ തന്റെ കൈയൊപ്പ് ചാര്‍ത്തുകയുണ്ടായി. ഹദീസ്, ഫിഖ്ഹ്, വചനശാസ്ത്രം, സാഹിത്യം, വ്യാകരണം, കവിത, തുടങ്ങിയ ശാഖകളില്‍ അവഗാഹം നേടിയ അദ്ദേഹം തസ്വവ്വുഫില്‍ അദ്വുതീയനായിരുന്നു. ശരീഅത്തും ഹഖീഖതും ഒരുപോലെ നേടിയ ഇമാം ഖുശൈരി(റ) സര്‍വ്വ മേഖലയിലും സമകാലീകരെ പിറകിലാക്കി.
നിരവധി പണ്ഡിതമഹത്തുക്കള്‍ ജന്‍മമെടുത്ത നൈസാബൂരിനടുത്ത് ഉസ്തുവാ എന്ന പ്രദേശമാണ് ഇമാം ഖുശൈരിയുടെ ജന്‍മദേശം. ഈ നാട്ടിലേക്ക് ചേര്‍ത്ത് നൈസാബൂരിയെന്നദ്ദേഹത്തിന്റെ നാമത്തില്‍ പറയപ്പെടാറുണ്ട്.  യമനില്‍ വളരെ പ്രസിദ്ധിയാര്‍ജ്ജിച്ച ഗോത്രമായിരുന്നു ഖുശൈറുബ്‌നുകഅബിന്റെത്. ഈ ഗോത്രത്തില്‍ വന്നവര്‍ ഖുശൈരികളെന്നറിയപ്പെട്ടു. ഇമാം ഖുശൈരിയുടെ പിതാവ് ഈ ഗോത്രക്കാരനും ഉമ്മ ബനൂസുലൈം ഗോത്രക്കാരിയുമായിരുന്നു. ചെറുപ്പത്തിലേ പിതാവ് മരണപ്പെട്ടു. 
ചെറുപ്പത്തില്‍ തന്നെ നാട്ടില്‍ നിന്ന് സാഹിത്യം പഠിച്ചുതുടങ്ങിയ അദ്ദേഹം പിതാവിന്റെ മരണശേഷം അബുല്‍ഖാസിമുല്‍യമനിയുടെ പക്കല്‍ നിന്ന് അറബിഭാഷയും സാഹിത്യവും കൂടുതല്‍ പഠിച്ചു. ശേഷം നൈസാബൂരിലേക്ക് കടന്നുചെല്ലുകയും  മഹാനായ അബൂഅലിയ്യിനിദ്ദഖ്ഖാഖു(റ)മായി സന്ധിക്കുകയും ആ മഹാസാഗരത്തില്‍ നിന്ന് ആവോളം വിദ്യ പഠിക്കുകയും ചെയ്തു. അക്കാലത്തെ സുപ്രസിദ്ധ വാഗ്മിയും മതോപദേശകനുമായിരുന്ന അബൂഅലിയ്യി(റ)ന്റെ വാക്കുകളില്‍ ആകൃഷ്ടനായ ഇമാം ഖുശൈരി(റ) അദ്ദേഹത്തിന്റെ മുരീദായി മാറി. തന്റെ ശിഷ്യന്റെ കഴിവും ആത്മശുദ്ധിയും മനസ്സിലാക്കിയ ശൈഖവര്‍കള്‍ ശരീഅത്തിന്റെ ജ്ഞാനങ്ങള്‍ കൂടുതല്‍ പഠിച്ചറിയാന്‍ അവരെ ഉപദേശിക്കുകയും തദനുസാരം അബൂബക്കറിനിത്വൂസി(റ)യെന്ന കര്‍മ്മശാസ്ത്ര പണ്ഡിതന്റെ സാന്നിദ്ധ്യത്തില്‍ നിന്ന് കാലങ്ങളോളം ജ്ഞാനം നുകരുകയും ചെയ്തു.
അല്‍ഉസ്താദ് അബൂഇസ്ഹാഖില്‍ ഇസ്ഫറായീനിയാണ് അദ്ദേഹത്തിന്റെ മറ്റൊരു ഗുരുനാഥന്‍. ദിവസങ്ങളോളം തന്റെ ദര്‍സില്‍ വന്നിരുന്ന് ഒന്നും രേഖപ്പെടുത്താതെ, എല്ലാം കേള്‍ക്കുക മാത്രം ചെയ്യുന്ന ഖുശൈരി(റ)യോട് ഇസ്ഫറായീനി പറഞ്ഞു, ഈ വിജ്ഞാനങ്ങള്‍ രേഖപ്പെടുത്താതെ കേട്ടത് കൊണ്ട് മാത്രം കാര്യമില്ല. ഉടനെ, അത്രയും ദിവസം താന്‍ കേട്ടതെല്ലാം ഒന്നൊഴിയാതെ പറഞ്ഞുകൊടുത്തപ്പോള്‍ ഉസ്താദ് അത്ഭുതപരതന്ത്രനായി. അദ്ദേഹത്തിന്റെ സ്ഥാനവും കഴിവും മനസ്സിലാക്കിയ അദ്ദേഹം ആദരവോടെ ഇങ്ങനെ പറഞ്ഞു ''താങ്കള്‍ എന്നില്‍ നിന്ന് ഓതിപ്പഠിക്കേണ്ടതില്ല, എന്റെ ഗ്രന്ഥങ്ങള്‍ സ്വന്തം പഠിച്ചാല്‍ മതി''(ശദറാതുദ്ദഹബ്). അബൂഅലിയ്യിനിദ്ദഖ്ഖാഖുമായി കൂടുതല്‍ അടുത്ത അദ്ദേഹത്തിന് തന്റെ ഫാത്വിമയെന്ന മകളെ വിവാഹം ചെയ്തുകൊടുക്കാന്‍ ശൈഖവര്‍കള്‍ തയ്യാറായി. അബൂഅലിയ്യിനിദ്ദഖ്ഖാദിന്റെ മരണ ശേഷം മുജാഹദയുടെയും രചനയുടെയും വഴികളദ്ദേഹം തിരഞ്ഞെടുക്കകയുണ്ടായി. ഇമാമുല്‍ഹറമൈനിയുടെ പിതാവ് അബൂമുഹമ്മദുല്‍ജുവൈനിയുടേയും അബുല്‍ഹുസൈനുല്‍ബൈഹഖി(റ)യുടേയും കൂടെയാണ് അദ്ദേഹം ഹജ്ജിന് പുറപ്പെട്ടത്.
ബഗ്ദാദിലെയും ഹിജാസിലെയും ഹദീസ് പണ്ഡിതരില്‍ നിന്ന് പഠിച്ച അദ്ദേഹം കുതിരസവാരിയിലും ആയുധപ്രയോഗത്തിലും പ്രാവീണ്യം നേടി. അല്‍പം കാലങ്ങള്‍ കഴിഞ്ഞ് തര്‍ബിയതിന്റെ ലോകത്തേക്ക് അദ്ദേഹം പ്രവേശിക്കുകയും നിരവധി സദസ്സുകളിലായി ജനങ്ങള്‍ക്ക് സദുപദേശങ്ങള്‍ നല്‍കുകയുമുണ്ടായി. തന്റെ ഉപദേശം അത്യാകര്‍ശകമായിരുന്നുവെന്നും ജനഹൃദയങ്ങളെ കീഴടക്കിയിരുന്നുവെന്നും അബുല്‍ഹസനില്‍ബാഖസ്രി തന്റെ ദുംയതുല്‍ഖസ്വര്‍ എന്ന കൃതിയില്‍ പറയുന്നുണ്ട്. അദ്ദേഹം പറയുന്നു'തന്റെ മുന്നറിയിപ്പിന്റെ ചാട്ടവാര്‍കൊണ്ട് ഒരു പാറയില്‍ അടിച്ചാല്‍ അത് കഷ്ണങ്ങളായി ചിതറുകയും, അദ്ദേഹത്തിന്റെ മജ്‌ലിസില്‍ സാക്ഷാല്‍ ഇബ്‌ലീസ് പങ്കെടുത്താല്‍ അവന്‍ പോലും തൗബ ചെയ്യുകയും ചെയ്യും'.
അബൂബക്കര്‍മുഹമ്മദുത്വൂസിയില്‍ നിന്ന് കര്‍മ്മശാസ്ത്രവും, അബൂബക്ക്ര്‍മുഹമ്മദ്ബ്‌നുഫവ്‌റകില്‍ നിന്നും അബൂഇസ്ഹാഖില്‍ ഇസ്ഫറായീനിയില്‍ നിന്നും വചനശാസ്ത്രവും നിദാനശാസ്ത്രവും, അബുല്‍ഹസനിബ്‌നില്‍ബുശ്‌റാന്‍, അബുല്‍ഹസനില്‍ഖഫ്ഫാഫ് എന്നിവരില്‍ നിന്ന് ഹദീസും അദ്ദേഹം ഹൃദ്യസ്ഥമാക്കി. അബൂഅബ്ദിര്‍റഹ്മാന്‍ മുഹമ്മദ്ബ്‌നില്‍ ഹുസൈന്ബ്‌നിമൂസല്‍അസ്ദി, ഖുശൈരി(റ) യുടെ ഹദീസ് ഗുരുവും തസ്വവ്വുഫിലെ ശൈഖുമായിരുന്നു. 
വശമുള്ള മുഴുവന്‍ മേഖലകളില്‍ രചനകള്‍ നടത്തി അദ്ദേഹം വൈജ്ഞാനിക ലോകത്തെ സമ്പുഷ്ടമാക്കി. ഖുര്‍ആന്‍ വ്യാഖ്യാനത്തില്‍ രചിക്കപ്പെടുകയും ഏറ്റവും നല്ല വ്യാഖ്യാനമെന്ന് പണ്ഡിത ലോകം അംഗീകരിക്കുകയും ചെയ്ത അത്തൈസീര്‍ഫിത്തഫ്‌സീര്‍ ഇമാം ഖുശൈരിയുടെ സംഭാവനയാണ്. തഫ്‌സീറുല്‍കബീര്‍ എന്നാണിത് അറിയപ്പെടുന്നത്. ഹിജ്‌റ 410ല്‍ രചിക്കപ്പെട്ട ഈ കൃതിയില്‍ ഖുര്‍ആനിലെ ഭാഷാപരമായ കാര്യങ്ങളും സൂക്തങ്ങളുടെ അവതരണപശ്ചാതലവും മറ്റുമാണ് ചര്‍ച്ചിക്കപ്പെടുന്നത്. ഏറ്റവും നല്ല തഫ്‌സീറെന്നാണ് ഇതിനെ കുറിച്ച് ഇമാം സുയൂഥി(റ) പരിചയപ്പെടുത്തുന്നത്. ഓറിയന്റലിസ്റ്റുകാരനായ റോയിറ്റര്‍ ഈ കൃതി അബുല്‍ഖാസിമുല്‍ഖുശൈരിയുടെ മകന്‍ അബുന്നസ്വ്ര്‍ അബ്ദുര്‍റഹീം(റ) രചിച്ചതാണെന്ന് അഭിപ്രായപ്പെട്ടിട്ടുണ്ട്.  ലത്വാഇഫുല്‍ഇശാറാത് എന്ന മറ്റൊരു തഫ്‌സീറു കൂടി ഇമാം ഖുശൈരി രചിച്ചിട്ടുണ്ട്. തസ്വവ്വുഫ് ചിന്തകള്‍ വിശദീകരിക്കുന്ന ഖുര്‍ആനിക വ്യാഖ്യാനമാണിത്. ഹിജ്‌റ 434ലാണ് അദ്ദേഹം ഇത് രചിക്കുന്നത്. നഹ്‌റുല്‍ഖുലൂബ്, അല്‍ജവാഹിര്‍, അഹ്കാമുസ്സമാഅ്, ആദാബുസ്സ്വൂഫിയ്യ, ഉയൂനുല്‍അജ്‌വിബഫീഫുനൂനില്‍അസ്ഇല, അല്‍മുനാജാത്, അല്‍മുന്‍തഹാഫീനുകതിഉലിന്നുഹ, മദാരിജുല്‍ഇഖ്‌ലാസ്, അത്തഹ്ബീര്‍ഫീഇല്‍മിത്തദ്കീര്‍, അദബുസ്സ്വൂഫിയ്യ, ലത്വാഇഫുല്‍ഇശാറാത്, എന്നിവയാണ് മറ്റു കൃതികള്‍.
ഇമാം ഖുശൈരിയുടെ രിസാലയാണ് അദ്ദേഹത്തിന്റെ ഖ്യാതി ലോകത്ത് പരത്തിയത്. സ്വന്തം നാമത്തിലേക്ക് ചേര്‍ത്തി അര്‍രിസാലതുല്‍ഖുശൈരിയ്യ യെന്നറിയപ്പെടുന്ന ഈ കൃതി ആദ്ധ്യാത്മിക ജ്ഞാന ശാഖയില്‍ പ്രധാനാവലംഭവും രചയിതാവിന്റെ മാസ്റ്റര്‍പീസുമാണ്. തസ്വവ്വുഫില്‍ പ്രയോഗിക്കപ്പെടുന്ന നിരവധി സാങ്കേതിക പദങ്ങളെ കുറിച്ചും ഒട്ടനവധി സ്വൂഫികളുടെ ചരിത്രവും അവരുടെ വാക്കുകളും മറ്റുമൊക്കെ ഇതില്‍ പ്രതിപാദിക്കപ്പെടുന്നുണ്ട്. പ്രസിദ്ധരായ പണ്ഡിതര്‍ ഇതിന് വ്യാഖ്യാനങ്ങളെഴുതിയിട്ടുണ്ടെന്നതു തന്നെ ഇതിന്റെ മഹത്വം വിളിച്ചോദുന്നു. തുര്‍ക്കി, ഫാര്‍സി, ജര്‍മന്‍, ഇംഗ്ലീഷ്, ഫ്രഞ്ച് തുടങ്ങിയ യൂറോപ്യന്‍ ഭാഷകളിലേക്ക് ഇത് ഭാഷാന്തരം ചെയ്യപ്പെട്ടിട്ടുണ്ട്. അഹ്കാമുദ്ദലാല അലാ തഹ്‌രീരിരിസാല യെന്ന പേരില്‍ സകരിയ്യല്‍ അന്‍സാരി(റ) ഇതിനൊരു വ്യാഖ്യാനം എഴുതിയിട്ടുണ്ട്. സദീദുദ്ദീന്‍അബീമുഹമ്മദ് എഴുതിയ വ്യാഖ്യാനമാണ് അദ്ദലാല അലാ ഫവാഇദിരിസാല. ജനങ്ങള്‍ക്കിടയില്‍ ഇത്രമാത്രം സ്വീകാര്യത ലഭിച്ച ഈ കൃതി ഹിജ്‌റ 437ലാണ് വിരചിയതമായത്. മുഖവുരയില്‍ അതിന്റെ ഉള്ളടക്കവും ലക്ഷ്യവും രചയിതാവ് വിശദീകരിക്കുന്നതിങ്ങനെയാണ്. ''സ്വൂഫികളായ ഒരുപാട് വ്യക്തികളുടെ ചരിത്രവും സ്വഭാവഗുണവിശേഷങ്ങളും വിശ്വാസസംഹിതകളുമാണ് ഇതില്‍ ഞാന്‍ ഉള്‍കൊള്ളിച്ചിട്ടുള്ളത്. അവരൊക്കെ ഉന്നതങ്ങളിലേക്കെത്തിയതെങ്ങിനെയന്ന് മനസ്സിലാക്കി ആമാര്‍ഗ്ഗം സ്വീകരിക്കുന്നവര്‍ക്കിത്  മാര്‍ഗ്ഗദര്‍ശനമാകുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു''.
ശാഫിഈ മദ്ഹബുകാരനും അശ്അരീ ത്വരീഖതുകാരനുമായ അദ്ദേഹത്തിന് എതിരാളികളില്‍ നിന്ന് നിരവധി പ്രയാസങ്ങള്‍ നേരിടേണ്ടിവന്നിട്ടുണ്ട്. അശ്അരീ ത്വരീഖത്തിനെതിരെ ശത്രുക്കുള്‍ പറഞ്ഞിരുന്ന കാര്യങ്ങള്‍ കൃത്യമായും ഖണ്ഡിതമായും എതിര്‍ത്തിരുന്നവരില്‍ പ്രധാനിയാണ് ഇമാം ഖുശൈരി. സല്‍ജൂഖ് ഭരണാധികാരികളുടെ കാലത്താണ് ഈ പ്രശ്‌നങ്ങള്‍ കാര്യമായും ഉടലെടുത്തിരുന്നത്. അഹ്മദ്ബ്‌നുഹമ്പലി(റ)ന്റെ കാലത്തുണ്ടായിരുന്ന ഖുര്‍ആന്‍ മഖ്‌ലൂഖ് പ്രശ്‌നം ഇവരുടെ കാലഘട്ടത്തില്‍ ആവര്‍ത്തിക്കുകയും രചനകള്‍ നടത്തി ശക്തമായി അതിനെ നേരിടുകയുമുണ്ടായി. സമകാലികനായ ഇമാം ജുവൈനിയും അദ്ദേഹത്തിന്റെ കൂടെയുണ്ടായിരുന്നു. ശികായതുഅഹ്‌ലിസ്സുന്ന ബി ഹികായതിമാനലഹും മിനല്‍മിഹ്‌ന എന്ന കൃതിയിലൂടെ ഇമാം അബുല്‍ഹസനുല്‍അശ്അരിക്കെതിരെയും തന്റെ മദ്ഹബിനെതിരെയുമുള്ള ആരോപണങ്ങളുടെ മുനയൊടിച്ചു. സല്‍ജൂഖി ഭരണാധികാരിയുടെ അക്രമം പരിധിവിട്ടപ്പോള്‍ നൈസാബൂരില്‍ നിന്ന് ബഗ്ദാദിലേക്ക് പലായനം ചെയ്യാന്‍ ഇമാം ഖുശൈരി നിര്‍ബന്ധിതനാവുകയും അവിടുത്തെ ഭരണാധികാരി അല്‍ഖാഇമുബിഅംരില്ലാഹി അദ്ദേഹത്തെ വേണ്ട ബഹുമാനാദരവുകള്‍ നല്‍കി സ്വീകരിക്കുകയും ചെയ്തു. ബഗ്ദാദില്‍ വൈജ്ഞാനിക സേവനവുമായി മുന്നോട്ടുപോയ അവര്‍ ഹിജ്‌റ 456ല്‍ നൈസാബൂരിലേക്ക് തന്നെ തിരിച്ചെത്തുകയുണ്ടായി.
ഏഴ് സന്താനങ്ങളാണ് മഹാനവര്‍കള്‍ക്കുണ്ടായിരുന്നത്. ജ്ഞാനത്തിലും ആരാധനകളിലും കണിശത പുലര്‍ത്തിയിരുന്ന ഇവരില്‍ അബുന്നസ്വ്ര്‍അബ്ദുര്‍റഹീ(റ)മാണ് പിതാവിനെ പോലെ ഭുവനപ്രശസ്തനായത്. ഇമാം ജുവൈനിയുടെ ശിശ്യത്വം സ്വീകരിച്ച അദ്ദേഹം നിളാമിയ്യ മദ്രസയില്‍ മുദര്‌രിസായി സേവനം ചെയ്തിട്ടുണ്ട്.  അശ്അരി ത്വരീഖതുമായി അദ്ദേഹം പുലര്‍ത്തിയ പക്ഷപാതിത്വം അദ്ദേഹത്തിന്റെ ശിശ്യന്‍മാരുടേയും ഹനാബിലതിലെ ചില വ്യക്തികള്‍ക്കിടയിലും സംഘട്ടനങ്ങള്‍ വരെ നടക്കാന്‍ കാരണമൊരുക്കുകയുണ്ടായി. നിളാമിയ്യ മദ്രസയിലെ സേവനത്തില്‍ നിന്ന് ഇദ്ദേഹത്തെ നീക്കം ചെയ്താണ് ഭരണാധികാരി ഈ പ്രശ്‌നത്തിന് പരിഹാരം കണ്ടെത്തിയത്. പിതാവിനെ പോലെ ഇദ്ദേഹവും ഖുര്‍ആന്‍ വ്യാഖ്യാനം എഴുതിയിട്ടുണ്ട്. ഇമാം ഖുര്‍ത്വുബി(റ) തന്റെ തഫ്‌സീറിലും , ഇബ്‌നുഹജരിനില്‍അസ്ഖലാനി(റ) തന്റെ ഫത്ഹുല്‍ബാരിയിലും ഇതില്‍ നിന്ന് ധാരാളം കാര്യങ്ങള്‍ ഉദ്ധരിച്ചിട്ടുണ്ട്.


അവലംബങ്ങള്‍:
ഇബ്‌നുഇമാദില്‍ഹമ്പലി-ശദറാതുദ്ദഹബ് ഫീ അഖ്ബാരി മന്‍ ദഹബ്
വഫിയ്യാതുല്‍ അഅ്‌യാന്‍ വഅമ്പാഇ അബ്‌നാഇസ്സമാന്‍- ഇബ്‌നുഖല്ലികാന്‍
താരീഖു ബഗ്ദാദ്- ഖതീബുല്‍ ബഗ്ദാദി
അര്‍രിസാലുതുല്‍ഖുശൈരിയ്യ- അബുല്‍ഖാസിമുല്‍ഖുശൈരി
കശ്ഫുള്ളുനൂന്‍- ഹാജീഖലീഫ



Post a Comment

Previous Post Next Post