അഞ്ച് പതിറ്റാണ്ട് കാലം സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമക്ക് നേതൃത്വം നല്‍കുകയും അഹ്്‌ലുസ്സുന്നയുടെ ആശയങ്ങള്‍ സമൂഹത്തിലേക്ക് പ്രസരണം നടത്തുകയും ചെയ്ത മഹാമനീഷിയാണ് മര്‍ഹും കെ.വി മുഹമ്മദ് മുസ്്‌ലിയാര്‍ കൂറ്റനാട്. 1915ല്‍ പാലക്കാട് ജില്ലയിലെ പട്ടാമ്പിക്കടുത്ത് കൂറ്റനാട് എന്ന പ്രദേശത്ത് ചുങ്കത്ത് പ്രസിദ്ധമായ കുടുംബമായ കുറുങ്ങാട്ട് വളപ്പില്‍ മരക്കാരുടെ മകന്‍ അഹമ്മദ് - തൃശൂര്‍ ജില്ലയിലെ വരവൂരില്‍ അമ്മാണത്ത് കുഞ്ഞിമൂസ മകള്‍ ആമിന ദമ്പതികളുടെ മകനായി ജനിച്ചു.


വല്ലപ്പുഴ പള്ളിയിലാണ് ദര്‍സ് പഠനം ആരംഭിച്ചത്. ശേഷം സൂഫിയും പണ്ഡിതനുമായ കോക്കൂര്‍ മഹമ്മദ് മുസ്്‌ലിയാരുടെ കീഴിലായി പഠനം. അറബി വ്യാകരണം ഗ്രഹിച്ച് പഠിക്കാന്‍ ഈ പഠനം ഉപകാരപ്രദമായി. അത് കഴിഞ്ഞ് പരപ്പനങ്ങാടി പനയത്തില്‍പള്ളിയില്‍ അബ്ദുല്‍അലി കോമുമുസ്്‌ലിയാരുടെ ദര്‍സിലെ ശിഷ്യത്വം സ്വീകരിച്ചു. പിന്നീടാണ് വേങ്ങരക്കടുത്ത് അരീക്കുളം പള്ളിയില്‍ ഓടക്കല്‍ കോയട്ടി മുസ്്‌ലിയാരുടെ ദര്‍സില്‍ ചേരുന്നത്. അവസാനമായി കൂട്ടിലങ്ങാടി ബാപ്പു മുസ്്‌ലിയാരുടെ ശിക്ഷണത്തില്‍ പനങ്ങാട്ടൂര്‍ ദര്‍സിലും പഠിച്ചു. മഹത്തുക്കളും സ്വൂഫികളുമായ ഈ പണ്ഡിത ശ്രേഷ്ഠരുടെ ശിക്ഷണത്തില്‍ പഠിച്ച് വളര്‍ന്നത് കെ.വി ഉസ്താദിന്റെ ജീവിതത്തില്‍ പ്രതിഫലിച്ചിട്ടുണ്ടെന്ന് ശിഷ്ടകാല ജീവിതം സാക്ഷ്യപ്പെടുത്തുന്നു. സ്‌കൂള്‍ വിദ്യാഭ്യാസത്തിന് ഭാഗ്യമുണ്ടായിട്ടില്ലെങ്കിലും സ്വപ്രയത്‌നത്തിലൂടെ ശുദ്ധമായ മലയാളഭാഷയും സാഹിത്യവും പഠിക്കുകയും പ്രഭാഷണത്തിലൂടെയും രചനകളിലൂടെയും മലയാളിയെ സമുദ്ധരിക്കുകയും ചെയ്തു. തുടരെയുണ്ടായിരുന്ന രാപ്രഭാഷണങ്ങള്‍ തന്നെയാണ് രാത്രി കാല യാത്രാ സൗകര്യാര്‍ത്ഥം ജന്‍മനാട്ടില്‍ നിന്നും വിവാഹം കഴിച്ച എടപ്പാളിലേക്ക് താമസം മാറാന്‍ തന്നെ കാരണം.

 കോഴിക്കോട് ജില്ലയിലെ വാവാട്, പരപ്പന്‍പൊയില്‍ എന്നിവടങ്ങളില്‍ 12 കൊല്ലത്തോളം ദര്‍സ് മേഖലയില്‍ സേവനമനുഷ്ടിച്ചെങ്കിലും പ്രഭാഷണമേഖലയില്‍ തിരക്ക് വര്‍ദ്ധിച്ചത് മുദരിസ് സേവനം കുറ്റമറ്റ രീതിയില്‍ കൊണ്ട് പോകുന്നതിന് വിഘ്‌നമായി. ശുദ്ധഭാഷയില്‍ പ്രഭാഷണങ്ങള്‍ നിര്‍വ്വഹിച്ച് പൊതുസമൂഹത്തെ ബിദ്അത്തിന്റെ പാളയത്തിലേക്ക് ക്ഷണിക്കുന്ന കുതന്ത്രങ്ങള്‍ വര്‍ദ്ധിച്ചപ്പോള്‍ ഉപരിപഠനം പോലും മാറ്റി വെച്ചാണ് അദ്ദേഹം മലയാളം പഠിച്ചത്. എന്നിട്ട് അവരുടെ വാദങ്ങളെ പ്രമാണബദ്ധമായി ശുദ്ധഭാഷയില്‍ ഘണ്ഡിക്കുകയും മലയാളികളുടെ വിശ്വാസസംരക്ഷണത്തിന് വലിയ പഠയോട്ടം നടത്തുകയുമുണ്ടായി.

തന്റെ തൂലികയിലൂടെയും ഇസ്്‌ലാമികപ്രബോധനം നിര്‍വ്വഹിച്ചവരാണ് കെ.വി ഉസ്താദ്. ഫത്്ഹുര്‍റഹ്്മാന്‍ ഫീ തഫ്്‌സീരില്‍ ഖുര്‍ആന്‍ എന്ന ഖുര്‍ആന്‍ മലയാളപരിഭാഷാ കൃതി തന്നെ അദ്ദേഹത്തിന്റെ ജ്ഞാനപ്പരപ്പും ഭാഷാ വൈഭവവും  രചനാ പാടവവും വിളിച്ചോതുന്നതാണ്. ഖുര്‍ആനിക വചനങ്ങള്‍ക്ക് സ്ഖലിത വ്യാഖ്യാനങ്ങള്‍ നല്‍കി അഹ്്‌ലുസ്സുന്നയുടെ വിശ്വസം കളങ്കപ്പെടുത്തിയവര്‍ക്ക് വായടപ്പന്‍ മറുപടിയായി വന്ന ഈ ഗ്രന്ഥം ഓരോ മുസ്്‌ലിമും വായിക്കേണ്ട കൃതിയാണ്. തൗഹീദ് ഒരു ഹ്രസ്വ വീക്ഷണം, സകാത്ത് ഇസ്്‌ലാമില്‍, സമസ്ത; ഉത്ഭവം പുരോഗതി, ഇസ്്‌ലാമും കമ്യൂണിസവും എന്നിവയാണ് മറ്റു കൃതികള്‍. അല്‍ബുര്‍ഹാന്‍, സുന്നീ ടൈംസ്, അല്‍മുഅല്ലിം എന്നീ പ്രസിദ്ധീകരണങ്ങളുടെ മുഖ്യ പത്രാധിപര്‍ കൂടിയായിരുന്നു അദ്ദേഹം. മുഹ് യിദ്ദീന്‍ മാല വ്യാഖ്യാനത്തിന്റെ പ്രകാശന ചടങ്ങില്‍ കോഴിക്കോട് ഇംപീരിയല്‍ ഹോട്ടല്‍ ഓഡിറ്റോറിയത്തില്‍ വെച്ച് കെ.വി ഉസ്താദ് നടത്തിയ പ്രഭാഷണം സദസ്സിലുണ്ടായിരുന്ന ഭാഷാ നിപുണരെയെല്ലാം അത്ഭുതപ്പെടുത്തുന്നതായിരുന്നു.

അഞ്ചര പതിറ്റാണ്ട് കാലം സമസ്തയുടെ സജീവപ്രവര്‍ത്തകനായി ജീവിച്ച അദ്ദേഹം തന്റെ ഓരോ ശ്വാസവും ദീനിന് വേണ്ടി സമര്‍പ്പിച്ചവരായിരുന്നു. 1950കളിലാണ് സമസ്തയുടെ പ്രവര്‍ത്തനങ്ങളില്‍ സജീവമായിത്തുടങ്ങിയത്. 1954ല്‍ തന്നെ സമസ്ത മുശാവറാ മെമ്പറായി തിരഞ്ഞെടുക്കപ്പെടുകയും 56ല്‍ തന്നെ സെക്രട്ടറിയുമായി. സമസ്ത സ്ഥാപക നേതാക്കളില്‍ പ്രമുഖനായിരുന്ന പണ്ഡിതപ്രതിഭ ശിഹാബുദ്ദീന്‍ അബുസആദാത് അഹ്്മദ് കോയാശാലിയാത്തിയുടെ നിര്യാണത്തോടെ ഒഴിവ് വന്ന സ്ഥാനത്തേക്കാണ് തിരഞ്ഞെടുക്കപ്പെട്ടത്. വാളക്കുളം അബ്ദുല്‍ബാരി മുസ്്‌ലിയാര്‍ പ്രസിഡന്റും, പറവണ്ണ മുഹ് യിദ്ദീന്‍ മുസ്്‌ലിയാര്‍ ജനറല്‍സെക്രട്ടറിയുമായ കാലത്താണ് ചെറുപ്പക്കാരനായ കെ.വി സെക്രട്ടറിയായി തിരഞ്ഞടുക്കപ്പെടുന്നതെന്ന്് ബോധ്യമാകും.

വാളക്കുളം അബ്ദുല്‍ബാരി മുസ്്‌ലിയാരുടെ വീട്ടിലായിരുന്നു ആദ്യകാലത്ത് മുശാവറ യോഗങ്ങളെല്ലാം നടന്നിരുന്നത്. ധനാഢ്യനായിരുന്ന അദ്ദേഹം പണ്ഡിതര്‍ക്കെല്ലാം ഭക്ഷണമൊക്കെ തയ്യാറാക്കിയിരുന്നു. പിന്നീട് കോഴിക്കോടും മറ്റും സ്വന്തമായ ബില്‍ഡിംഗ് ഇല്ലാത്ത സമയത്ത് എലത്തൂരിലെ അഹ്്മദ് ഹാജിയുടെ ഹലുവ ബസാറിലുള്ള ജലാലിയ്യ ഹോട്ടലിന്റെ മുകളിലായിരുന്നു അന്ന് യോഗം ചേര്‍ന്നിരുന്നത്. മുശാവറ യോഗത്തിന് വരുന്നവര്‍ക്ക് ഭക്ഷണവും യാത്രാ ബത്തയും കൊടുക്കാന്‍ മാര്‍ഗ്ഗങ്ങളിലാത്ത അക്കാലത്ത് ഉച്ച ഭക്ഷണത്തിന് കഴിക്കാനാവശ്യമായത് കച്ചവടക്കാരുടെ പാണ്ഡ്യാലകളില്‍ ചെന്ന് ഒറ്റമുക്കാലും രണ്ട് മുക്കാലുമൊക്കെ സംഭാവന സ്വീകരിച്ചാണ് ശേഖരിച്ചിരുന്നത്. കെ.വി ഉസ്താദാണ് ഇതിന് നേതൃത്വം നല്‍കിയിരുന്നത്.

1989 മുതല്‍ 1995 വരെ സമസ്ത് കേരളജംഇയ്യതുല്‍മുഅല്ലിമീന്റെ ജനറല്‍സെക്രട്ടറിയാണ് മൗലാനാ കെ.വി. പിന്നീട് വൈസ് പ്രസിഡന്റായും 1995 മുതല്‍ 2000ല്‍ മരണം വരെ പ്രസിഡന്റായും പ്രവര്‍ത്തിച്ചു. ഈ കാലഘട്ടത്തില്‍ സംഘടനയുടെ പല സുപ്രധാന ചുവടുവെപ്പുകളും നടന്നിട്ടുണ്ട്. മുഅല്ലിം ക്ഷേമനിധിയുടെ ചെയര്‍മാനായി. 1962ല്‍ എസ്.വൈ.എസിന്റെ സംസ്ഥാന പ്രസിഡന്റായി. അതിന് ശേഷമാണ് സംഘടനക്ക് ഒരു മുഖപ്പത്രം വേണമെന്ന ആലോചന വരുന്നതും, കെ.വി ഉസ്താദ് തന്നെ ചീഫ് എഡിറ്ററായി
1964 ജൂലൈ 20 ന് സുന്നീടൈംസ് പ്രസിദ്ധീകരിക്കപ്പെടുന്നതും. 13 വര്‍ഷം അത് പ്രസിദ്ധീകൃതമായി. ശേഷം ചില സാങ്കേതികപ്രശ്‌നം കാരണം അത് നിലക്കുകയും സുന്നീവോയ്‌സ് എന്ന പേരില്‍ 13-06-1977ല്‍ അത് പുനപ്രസിദ്ധീകൃതമാവുകയും ചെയ്തു. വിദ്യാഭ്യാസ ബോര്‍ഡ് വൈസ് പ്രസിഡന്റ്, സമസ്ത മലപ്പുറം ജില്ലാ പ്രസിഡന്റ് എന്നീ തലങ്ങളിലും ഉസ്താദിന്റെ അനുഗ്രഹീത നേതൃത്വമുണ്ടായി. 1957ല്‍ പറവണ്ണയുടെ ഒഴിവില്‍ താനൂര്‍ ഇസ്്‌ലാഹുല്‍ഉലൂം അറബിക് കോളെജ് മാനേജറായും സേവനം നടത്തിയിട്ടുണ്ട്.

ഉസ്താദിന്റെ വലിയ ശ്രമത്തിന്റെ ഫലമാണ് എടപ്പാള്‍ ദാറുല്‍ഹിദായ. അതിന് പുറമെ, ജാമിഅ നൂരിയ്യ, വളാഞ്ചേരി മര്‍കസ്, മഊനതുല്‍ഇസ്്‌ലാം അറബിക് കോളെജ്,ക്രസന്റ് ബോര്‍ഡിംഗ് മദ്രസ എന്നീ സ്ഥാപനങ്ങളുടേയും സാരഥിയായിരുന്നു. കേരള വഖ്്ഫ് ബോര്‍ഡ്, ഹജ്ജ്കമ്മിറ്റി എന്നിവയിലും അംഗമായിരുന്നു. 2000 ഏപ്രില്‍ 16നാണ് വിടപറഞ്ഞത്. എടപ്പാള്‍ ജുമുഅത്ത് പള്ളിയുടെ അങ്കണത്തിലാണ് അന്ത്യവിശ്രമം. എടപ്പാള്‍ കോരക്കുഴിയില്‍ ഹസന്‍ സാഹിബിന്റെ മകള്‍ ഫാത്വിമയാണ് ഭാര്യ. അബ്ദുല്‍മജീദ്, അബ്ദുറശീദ്, അബ്ദുല്‍കരീം, സഫിയ, റംല, സുഹ്്‌റ എന്നിവരാണ് മക്കള്‍.

Post a Comment

Previous Post Next Post