മനുഷ്യ വികാരങ്ങളില്‍ അതിപ്രധാനപ്പെട്ടതാണ് സ്‌നേഹം. സാമൂഹ്യജീവിതത്തില്‍ മനുഷ്യര്‍ പരസ്പരം സ്‌നേഹവും സന്തോഷവും പങ്ക് വെക്കുന്നവരാണ്. മാതാപിതാക്കളും മക്കളും തമ്മില്‍, ഇണയും തുണയും തമ്മില്‍, സഹോദര സഹോദരിമാര്‍ തമ്മില്‍, ഗുരു ശിഷ്യന്‍മാര്‍ തമ്മില്‍ അങ്ങിനെ സമൂഹത്തിലെ പല തലങ്ങളിലുള്ളവര്‍ സ്‌നേഹത്തില്‍ കഴിയുമ്പോഴാണ് സന്തോഷപൂര്‍ണ്ണമായ ജീവിതം കെട്ടിപ്പടുക്കാന്‍ സാധ്യമാകൂ.
സ്‌നേഹം ഈമാനികമാകുമ്പോഴാണ് വിശ്വാസി സമ്പൂര്‍ണ്ണനാവുന്നത്. സ്‌നേഹത്തിന്റെ പ്രഥമ ഘട്ടം സ്‌നേഹിക്കുന്നയാള്‍ സ്‌നേഹിക്കുന്നവനെ അറിയിക്കലാണ്. വിശ്വാസികള്‍ പ്രഥമമായി സ്‌നേഹിക്കേണ്ടത് അല്ലാഹുവിനേയും തിരുദൂതരേയുമാണ്. തിരുനബി(സ്വ)യോടുള്ള ഇശ്ഖ് ഖല്‍ബില്‍ നിറയുമ്പോഴാണ് സത്യവിശ്വാസിയുടെ ഈമാന്‍ വര്‍ദ്ധിക്കുന്നത്. ആ സ്‌നേഹവും തിരുചര്യാനുധാവനവും വിശ്വാസത്തിന്റെ അടിത്തറയുമാണ്. ഖുര്‍ആനും തിരുവചനവും വ്യക്തമായി വിളംബരം ചെയ്ത സത്യമാണിത്.
അല്ലാഹു പറയുന്നു: 'നബിയേ പ്രഖ്യാപിക്കുക: നിങ്ങളുടെ പിതാക്കളും സന്താനങ്ങളും സഹോദരങ്ങളും ഇണകളും അടുത്ത കുടുംബങ്ങളും സമ്പാദ്യങ്ങളും കെട്ടിക്കിടക്കുമെന്ന് നിങ്ങള്‍ ഉല്‍ക്കണ്ഠാകുലരാകുന്ന കച്ചവടച്ചരക്കും പ്രിയങ്കരമായ പാര്‍പ്പിടങ്ങളുമെല്ലാം അല്ലാഹുവിനേക്കാളും റസൂലിനേക്കാളും അല്ലാഹുവിന്റെ മാര്‍ഗ്ഗത്തിലുള്ള പോരാട്ടത്തേക്കാളും നിങ്ങള്‍ക്ക് പ്രിയപ്പെട്ടതാണെങ്കില്‍ തന്റെ കല്‍പ്പന അല്ലാഹു കൊണ്ട് വരുന്നത് വരെ നിങ്ങള്‍ പ്രതീക്ഷിച്ചിരുന്നു കൊള്ളുക!. അധര്‍മ്മകാരികളായ ജനതയെ അല്ലാഹു സന്‍മാര്‍ഗ്ഗ പ്രാപ്തരാക്കുകയില്ല'(തൗബ 24).
അനസ്(റ) ഉദ്ധരിക്കുന്നു: നബി(സ്വ) പറയുകയുണ്ടായി; സ്വന്തം മാതാപിതാക്കളേക്കാളും സന്താനങ്ങളേക്കാളും സര്‍വ്വ ജനങ്ങളേക്കാളും ഞാന്‍ ഏറ്റവും പ്രിയപ്പെട്ടവനാകുന്നത് വരെ നിങ്ങളില്‍ ആരും പൂര്‍ണ്ണ വിശ്വാസിയാവുകയില്ല(സ്വഹീഹുല്‍ബുഖാരി).
പ്രവാചകാനുരാഗം പറയുമ്പോള്‍ വിശ്വാസിയുടെ മനസ്സില്‍ ആദ്യം വരുന്ന നാമം അബൂബക്ര്‍ സ്വിദ്ദീഖ്(റ)ന്റെതാണ്. ചെറുപ്പം മുതലേ നബി(സ്വ)യും സ്വിദ്ദീഖ്(റ)വും സഹവര്‍ത്തികളാണ്. ഇരുവരും മനസ്സറിഞ്ഞ് സ്‌നേഹിക്കുകയും ഒരു മെയ്യായി ജീവിക്കുകയും ചെയ്തു. ഹിറാഗുഹയില്‍ ധ്യാനനിമഗ്‌നനായിക്കഴിയുന്ന വേളയില്‍ നബി(സ്വ)യെ കാണാതതിരുന്നപ്പോള്‍ സ്വിദ്ദീഖ്(റ) അന്വേഷിച്ചു. പിന്നീട് കണ്ടുമുട്ടിയപ്പോള്‍ വിശേഷങ്ങള്‍ ചോദിച്ചു. എന്റെ അവസ്ഥ പറഞ്ഞാല്‍ അബൂബക്ര്‍ വിശ്വസിക്കുമോ എന്ന് ചോദിച്ചപ്പോള്‍ 'ഞാന്‍ നിങ്ങളെ വിശ്വസിച്ചില്ലെങ്കില്‍ പിന്നെ ആരെയാണ് വിശ്വസിക്കുക!' എന്നായിരുന്നു തിരുനബി(സ്വ)യോട് പ്രതികരിച്ചത്. അന്നേരം പ്രവാചകത്വലബ്ധിയെക്കുറിച്ച് പറയുകയും സ്വിദ്ദീഖ്(റ) പ്രഥമനായി ഇസ്‌ലാം സ്വീകരിക്കുകയും ചെയ്തു.
മനസ്സിലെ ഇഷ്ടം പ്രകടമാകുമ്പോഴാണ് സ്‌നേഹമായി മാറുന്നത്. വാക്കലൂടെയും പ്രവൃത്തിയിലൂടെയും അത് പ്രകടമാകും. തിരുനബി(സ്വ)യോട് സ്വിദ്ദീഖ്(റ)നുണ്ടായിരുന്ന അനുരാഗം വാക്കിലൂടെയും പ്രവൃത്തിയിലൂടെയും പ്രകടമായ നിരവധി സന്ദര്‍ഭങ്ങള്‍ ചരിത്രത്തിലൂടെ വായിക്കാം. 'ഇഹലോകത്ത് എനിക്ക് മൂന്ന് കാര്യങ്ങളാണ് ഏറെ പ്രിയം. അങ്ങയുടെ പൂമുഖം കണ്ടിരിക്കുക. അങ്ങേക്ക് വേണ്ടി ചിലവഴിക്കാന്‍ സമ്പത്ത് ശേഖരിക്കുക. അങ്ങയോടുള്ള ബന്ധം മുഖേന തവസ്സുല്‍ ചെയ്യുക' എന്ന് അബൂബക്ര്‍സ്വിദ്ദീഖ്(റ) പറഞ്ഞിട്ടുണ്ട്. ഈ വാക്ക് നൂറ് ശതമാനം അന്വര്‍ത്ഥമാക്കുന്ന ജീവിതമായിരുന്നു ആ സ്‌നേഹഭാജനത്തിന്റേത്.
നിഴലില്ലാത്ത തിരുനബി(സ്വ)യെ നിഴല്‍പോലെ പിന്തുടര്‍ന്നു ആ കൂട്ടുകാരന്‍.  പ്രതിസന്ധികളില്‍ സഹായിയായി, പ്രയാസങ്ങളില്‍ സാന്ത്വനമായി, ഹിജ്‌റയില്‍ സഹയാത്രികനായി, പ്രബോധനത്തില്‍ പിന്തുണയായി എല്ലാം സ്വിദ്ദീഖി(റ)നെ കാണാം. ദാറുല്‍അര്‍ഖമില്‍ നബി(സ്വ)യും ന്യൂനപക്ഷ അനുയായികളും അല്ലാഹുവിനെ ആരാധിച്ചു കഴിയുന്ന വേളയില്‍ സ്വിദ്ദീഖ്(റ) പലപ്പോഴും നബി(സ്വ)യോട് പ്രബോധനം പരസ്യപ്പെടുത്തുന്നതിന് സമ്മതം ചോദിക്കും. 'നമ്മള്‍ ന്യൂനപക്ഷമാണ്, സമയമായിട്ടില്ല' എന്നായിരുന്നു നബി(സ്വ)യുടെ പ്രതികരണം. നിരന്തരം ആവശ്യമുന്നയിച്ചപ്പോള്‍ ഒരു ദിവസം നബി(സ്വ)യും സ്വഹാബികളും പള്ളിയില്‍ മുശ്‌രികുകളിരിക്കുന്ന ഒരു ഭാഗത്തേക്ക് ചെല്ലുകയും സ്വിദ്ദീഖ്(റ) തൗഹീദ് വിശദീകരിച്ച് സത്യദീന്‍ പരിചയപ്പെടുത്തി പ്രഭാഷണം നടത്തുകയുമുണ്ടായി. കലികയറിയ മുശ്‌രിക്കുകള്‍ സ്വിദ്ദീഖ്(റ)നേയും സ്വഹാബികളേയും അക്രമിച്ചു. ഉത്ബതുബ്‌നുറബീഅയെന്ന ദുഷ്ടന്‍ സ്വിദ്ദീഖ്(റ)ന്റെ മുഖത്ത് രണ്ട് ചെരുപ്പുകള്‍ കൊണ്ട് നിരന്തരം തൊഴിച്ചു.  മൂക്കും മൂക്കും വേര്‍തിരിച്ചറിയാത്ത വിധം അക്രമം മൂര്‍ചിച്ചപ്പോള്‍ അബൂബക്ര്‍(റ)ന്റെ കുടുംബമായ തൈം ഗോത്രം വന്ന് അദ്ദേഹത്തെ ശത്രുക്കളില്‍ നിന്ന് രക്ഷപ്പെടുത്തി വീട്ടിലെത്തിച്ചു. ശേഷം വീണ്ടും പള്ളിയിലെത്തി അവര്‍ ഇങ്ങനെ പ്രഖ്യാപിച്ചു ''അബൂബക്ര്‍ മരിച്ചാല്‍ ഉത്ബയെ ഞങ്ങള്‍ വകവരുത്തും''.
പല ശുശ്രൂഷകള്‍ നടത്തി അവസാനം വൈകുന്നേരമാണ് അദ്ദേഹം സംസാരം തുടങ്ങിയത്. ബോധം തിരിച്ചുകിട്ടി ആദ്യം ചോദിച്ചറിഞ്ഞത് തന്റെ സ്‌നേഹഭാജനമായ തിരുനബി(സ്വ)ക്ക് എന്ത് സംഭവിച്ചു എന്നാണ്. ഇത് കേട്ട കുടുംബാംഗങ്ങള്‍ ദേശ്യപ്പെട്ടു. ആര്‍ക്ക് വേണ്ടി സംസാരിച്ചതിന്നാണോ പീഠനമേറ്റുവാങ്ങിയത് അദ്ദേഹത്തെത്തന്നെയാണല്ലോ നീ ആദ്യം അന്വേഷിക്കുന്നതും!!. വെള്ളം കുടിച്ച് സാവകാശം എല്ലാം അന്വേഷിക്കാമെന്ന് ഉമ്മയടക്കം പലരും പറഞ്ഞു നോക്കി. എങ്കിലും സ്വിദ്ദീഖ്(റ) ആ ചോദ്യം തന്നെ ആവര്‍ത്തിച്ചു കൊണ്ടേയിരുന്നു. അവസാനം മുസ്‌ലിമായിരുന്ന ഉമ്മുജമീല്‍(റ) നബി(സ്വ) ദാറുല്‍അര്‍ഖമില്‍ സുരക്ഷിതനാണെന്ന് പറഞ്ഞ് കൊടുത്തു. അന്നേരം പറഞ്ഞു: ''അല്ലാഹുവിന്റെ റസൂലിനെ കാണാതെ ഞാന്‍ ഭക്ഷണമോ വെള്ളമോ സേവിക്കില്ല''. അവസാനം  അദ്ദേഹത്തിന്റെ ഉമ്മയും(അന്ന് ഇസ്‌ലാം സ്വീകരിച്ചിട്ടില്ല) മറ്റു ചിലരും ചേര്‍ന്ന് ദാറുല്‍അര്‍ഖമിലേക്ക് കൊണ്ട് പോയി. നബി(സ്വ) തന്റെ പ്രിയസ്‌നേഹിതനെ ആഘാതമേറ്റ രൂപത്തില്‍ കണ്ടപ്പോള്‍  വലിയ സഹതാപം തോന്നുകയും സങ്കടത്താല്‍ കെട്ടിപ്പിടിച്ചു തേങ്ങുകയും ചെയ്തു. ഇത് കണ്ട് കൂടെയുള്ളവരും അദ്ദേഹത്തെ പൊതിഞ്ഞു.. അപ്പോള്‍ സ്വിദ്ദീഖ്(റ) പറഞ്ഞു: ''ഈ മുഖത്ത് പറ്റിയ പരിക്കല്ലാതെ കൂടുതലൊന്നും സംഭവിച്ചിട്ടില്ല നബിയേ, ഇത് എന്റെ മാതാവാണ്. അവര്‍ നരകത്തില്‍ നിന്ന് രക്ഷപ്പെടാന്‍ നിങ്ങളൊന്ന് ദുആ ചെയ്യണം'' നബി(സ്വ)പ്രാര്‍ത്ഥിച്ചു ആ ഉമ്മ ഇസ്‌ലാം സ്വീകരിക്കുകയും ചെയ്തു.. കേവലം 40 ആളുകള്‍ പോലും ഇസ്‌ലാമിന്റെ അംഗത്വമെടുക്കാത്ത കാലത്താണിതെന്ന് നാം ഓര്‍ക്കണം.
സ്വന്തം മാതാപിതാക്കള്‍ വെള്ളവും ഭക്ഷണവും കഴിക്കണമെന്ന് പറഞ്ഞപ്പെഴും നബി(സ്വ)യുടെ അവസ്ഥ നേരിട്ടറിയാതെ ഒരു തുള്ളി വെള്ളം പോലും കുടിക്കില്ലെന്ന് പറയാന്‍ മാത്രം ഇശ്ഖിന്റെ ലഹരിയിലായിരുന്നു ആ സന്തതസഹചാരി. സ്വന്തം മക്കളേക്കാളും സ്വിദ്ദീഖ്(റ) സ്‌നേഹിച്ചത് തിരുനബി(സ്വ)യെയാണ്. അബ്ദുര്‍റഹ്മാന്‍ എന്ന പുത്രന്‍ കുറച്ച് കാലങ്ങള്‍ക്ക് ശേഷമാണ് ഇസ്‌ലാം സ്വീകരിച്ചത്. ബദ്ര്‍ യുദ്ധവേളയിലെല്ലാം ശത്രു പക്ഷത്തായിരുന്ന ഈ പുത്രന്‍ പിന്നീട് ഇസ്‌ലാം സ്വീകരിച്ച് പിതാവിനൊത്ത് ഒരു ദിവസം സംസാരിച്ചു കൊണ്ടിരിക്കെ പറഞ്ഞു: ''ബദ്ര്‍ യുദ്ധത്തില്‍ ഒരു വെട്ടിന് നിങ്ങളെ കൊല്ലാന്‍ പാകത്തില്‍ നിങ്ങള്‍ എന്റെ അടുത്തെത്തിയിരുന്നു. ഉപ്പയല്ലെ എന്ന പരിഗണന വെച്ചാണ് ഞാന്‍ അന്ന് വധിക്കാതിരുന്നത്''. ഇത് കേട്ട മാത്രയില്‍ ഉപ്പ പ്രതികരിച്ചു; ''മോനെ, അന്നേ ദിവസം മുത്ത് നബി(സ്വ)യെ അധിക്ഷേപിച്ച വിഭാഗത്തിലായിരുന്ന നിന്നെയാണ് യുദ്ധവേളയില്‍ ഞാന്‍ പ്രത്യേകം തിരഞ്ഞിരുന്നത്. അന്ന് ഞാന്‍ നിന്നെ കണ്ടിരുന്നുവെങ്കില്‍ ഈ ഉടലില്‍ ഇപ്പോള്‍ ഈ ശിരസ്സുണ്ടാകുമായിരുന്നില്ല'' എന്ന് മകനോട് പറഞ്ഞു. മുത്ത് നബി(സ്വ) കഴിഞ്ഞിട്ടേ മക്കള്‍ പോലും ആ സ്‌നേഹസൗരഭ്യത്തിനുണ്ടായിരുന്നുള്ളൂ.
ഒരു യുദ്ധം കഴിഞ്ഞു വരുമ്പോഴാണ് യാത്രയില്‍ മുത്ത് നബി(സ്വ)യുടെ കൂടെയുണ്ടായിരുന്ന ആഇശ(റ) അണിഞ്ഞിരുന്ന മാല നഷ്ടപ്പെട്ടത്. വുളൂ ചെയ്യാന്‍ പോലും വെള്ളം കയ്യിലില്ലാത്ത സാഹചര്യത്തില്‍ ആ മാല തിരഞ്ഞുപിടിക്കാന്‍ നബി(സ്വ)യും സ്വഹാബത്തും ഏറെ നേരം ആ സ്ഥലത്ത് കാത്ത് നില്‍ക്കേണ്ടി വന്നതിന് തന്റെ മകള്‍ കാരണക്കാരിയായത് കൊണ്ട് സ്വിദ്ദീഖ്(റ) നോട് ചില സ്വഹാബികള്‍ ഖേദം പ്രകടിപ്പിച്ചു. അന്നേരം സ്വിദ്ദീഖ്(റ) ആഇശ(റ) യുടെ അടുത്തെത്തി. നബി(സ്വ) ആഇശ(റ)യുടെ മടിയില്‍ തല വെച്ചുറങ്ങുകയാണ്. വെള്ളം പോലുമില്ലാത്ത ഈ സ്ഥലത്ത്  നബി(സ്വ)യും സ്വഹാബത്തും പ്രയാസപ്പെടുന്ന വിധം തങ്ങാന്‍ നീ കാരണക്കാരിയായില്ലേ എന്ന് പറഞ്ഞ് വല്ലാതെ ശകാരിക്കുകയും തൊഴിക്കുകയും ചെയ്തു. പക്ഷെ, ഉറക്കില്‍ നിന്നുണര്‍ന്ന നബി(സ്വ)ക്ക് തയമ്മുമിന്റെ നിയമങ്ങളുമായി വഹ്‌യിറങ്ങിയത് ഈ സന്ദര്‍ഭത്തിലാണ്. ''ഇത് നിങ്ങളുടെ കുടുംബത്തെക്കൊണ്ടുണ്ടായ മറ്റൊരു നേട്ടമാണെന്ന്'' ഉസൈദ്ബ്‌നുഹുളൈര്‍(റ) പ്രതികരിച്ചത് ഈ സംഭവത്തിന്റെ പശ്ചാതലത്തിലാണ്. തിരുനബി(സ്വ)ക്ക് വിഷമമുണ്ടാകാന്‍ തന്റെ മകള്‍ കാരണക്കാരിയായതില്‍ ദേശ്യപ്പെടുന്ന സ്വിദ്ദീഖ്(റ)നെയാണ് ഈ സംഭവത്തില്‍ നാം കാണുന്നത്.
സ്വിദ്ദീഖ്(റ)ന്റെ തിരുനബി(സ്വ) സ്‌നേഹം ഏറെ പ്രകടമായ ഘട്ടമാണ് ഹിജ്‌റ. മദീനയിലേക്ക്  പലായനം ചെയ്യാന്‍ സ്വഹാബികള്‍ക്ക് അനുമതി ലഭിച്ചപ്പോള്‍ പലരും യാത്ര തുടങ്ങി. സ്വിദ്ദീഖ്(റ) പലപ്പോഴായി നബി(സ്വ)യോട് സമ്മതം തേടി. 'ദൃതി വേണ്ട അബൂബക്ര്‍, താങ്കള്‍ക്ക് ഒരു സഹയാത്രികനെ അല്ലാഹു നിശ്ചയിച്ചേക്കാം' എന്നായിരുന്നു നബി(സ്വ)യുടെ പ്രതികരണം. ഇത് കേട്ടയുടന്‍ സ്വിദ്ദീഖ്(റ) രണ്ട് യാത്രാ വാഹനങ്ങള്‍ വാങ്ങി സജ്ജമാക്കി ഓരാ ദിവസവും ആ നിമിഷം പ്രതീക്ഷിച്ചു കൊണ്ടിരുന്നു. ഒരു ദിനം അസമയത്ത് തന്റെ വീട്ടിലേക്ക് തിരുനബി(സ്വ) വരുന്നത് കണ്ടപ്പോള്‍ സുപ്രധാനകാര്യം പറയാനാകുമെന്ന് സ്വിദ്ദീഖി(റ)ന് ബോധ്യമായി. അതെ, ഹിജ്‌റ പോവാന്‍ അനുമതി കിട്ടിയിട്ടുണ്ടെന്ന് പറയലായിരുന്നു ആഗമനോദ്യേശ്യം. ഇത് കേട്ടപ്പോള്‍ സ്വിദ്ദീഖ്(റ)ന്റെ കണ്ണില്‍ നിന്ന് സന്തോഷാശ്രു പൊഴിഞ്ഞു. 'സന്തോഷ വേളയിലും കണ്ണുനീര്‍ വരുമെന്ന് ഉപ്പയുടെ ആ കരച്ചില്‍ കണ്ടപ്പോഴാണ് ബോധ്യമായത്' എന്ന് ആഇശ(റ) പിന്നീട് പറയാറുണ്ടായിരുന്നു. അതെ, തന്റെ ഹബീബിന്റെ കൂടെ യാത്ര ചെയ്യാനും നിഴല്‍പോലെ പിന്തുടരാനും കഴിഞ്ഞതിലുള്ള സന്തോഷമായിരുന്നു സ്വിദ്ദീഖ്(റ)ന്. ആ യാത്രയുടെ ബുദ്ധിമുട്ടുകളോ, പ്രതിബന്ധങ്ങളോ അവര്‍ക്ക് പ്രശ്‌നമായില്ല. യഥാര്‍ത്ഥ സ്‌നേഹത്തില്‍ പ്രതിബന്ധങ്ങളെല്ലാം പൂമാലകളാകുമെന്നാണല്ലോ....
ഹിജ്‌റയില്‍ സാധാരണ വഴിയില്‍ നിന്ന് തെന്നിമാറി ശത്രുവിന്റെ കണ്ണ് വെട്ടിച്ച് സഞ്ചരിക്കാനായിരുന്നു ഇരുവരും തീരുമാനിച്ചത്. അതിന് വേണ്ടി മക്കയില്‍ നിന്ന് മദീനയിലേക്ക് വഴികാട്ടിയായി അബ്ദുല്ലാഹിബ്‌നുഉറൈഖിത്വ് എന്ന അവിശ്വാസിയെ സ്വിദ്ദീഖ്(റ) കരുതിവെച്ചിരുന്നു.  ശത്രുക്കളുടെ കുതന്ത്രങ്ങളില്‍ നിന്ന് രക്ഷപ്പെട്ട് ഹിജ്‌റ പോകുമ്പോഴും വഴികാട്ടിയായി കൂടെയുള്ളത് അവിശ്വാസിയാണെന്ന മഹാത്ഭുതം നബി(സ്വ)ക്ക് ലഭിച്ച പരിരക്ഷയുടെ ഭാഗമാണെന്ന് വേണം കരുതാന്‍. മകന്‍ അബ്ദുല്ലയോടും പുത്രി അസ്മയോടും ഇടയന്‍ ആമിറ്ബ്‌നുഫുഹൈറയോടുമൊക്കെ പ്രത്യേക നിര്‍ദേശങ്ങളും ഉത്തരവാദിത്വങ്ങളും ഏല്‍പ്പിച്ചാണ് സ്വിദ്ദീഖ്(റ) യാത്രക്കൊരുങ്ങിയത്. മക്കയില്‍ നടക്കുന്ന ഘൂഢാലോചനകളെത്തിച്ചു കൊടുക്കലായിരുന്നു അബ്ദുല്ലാഹിബബ്‌നുഅബീബക്‌റിന്റെ ഡ്യൂട്ടിയെങ്കില്‍ ഭക്ഷണമെത്തിക്കുന്ന ഉത്തരവാദിത്വമായിരുന്നു അസ്മാഅ്(റ)ഏല്‍പിക്കപ്പെട്ടിരുന്നത്. മക്കയിലെ താഴ്‌വരയില്‍ സാധാരണ മേച്ചിന്‍സ്ഥലങ്ങളില്‍ ആടുകളെ മേച്ച് അബ്ദുല്ലാഹ്(റ) ഗുഹയില്‍ നിന്ന് തിരികെ പോകുമ്പോള്‍ അദ്ദേഹത്തിന് പിന്നിലൂടെ സഞ്ചരിച്ച് വഴിയടയളങ്ങള്‍ മായിച്ചു കളയാനാണ് ആമിര്‍ ഏല്‍പ്പിക്കപ്പെട്ടത്. തന്റെ സര്‍വ്വ സമ്പത്തും ഹിജ്‌റയില്‍ സ്വിദ്ദീഖ്(റ) കയ്യില്‍ കുരുതിയിട്ടുണ്ടായിരുന്നു.
തിരമേനി(സ്വ)ക്ക് ഒരു അപകടവും ഏല്‍ക്കാതിരിക്കാന്‍ ഏറെ ജാഗ്രത്തായിട്ടായിരുന്നു സ്വിദ്ദീഖ(റ)ന്റെ സഞ്ചാരം. ചിലപ്പോള്‍ നബി(സ്വ)യുടെ മുന്നിലും ചില സന്ദര്‍ഭങ്ങളില്‍ പിന്നിലും പലപ്പോഴായി വലത്തും ഇടത്തുമൊക്കെയായിരുന്നു സഞ്ചാരം. സഞ്ചാരത്തിനിടയില്‍ കാലില്‍ മുറിവ് പറ്റിയ നബി(സ്വ)യെ സ്വിദ്ദീഖ് ചുമലില്‍ ചുമന്ന് കൊണ്ട് നടന്നു. 53 വയസ്സുള്ള, കാലില്‍ മുറിവ് പറ്റിയ തന്റെ പ്രേമഭാജനം ഒരു ഭാരമായി അദ്ദേഹത്തിന് തോന്നിയില്ല. ഹിജ്‌റക്കിടയില്‍ ഇരുവര്‍ക്കും ദാഹിച്ചു. അല്‍പം പാല് കിട്ടിയപ്പോള്‍  'തിരുദൂതരേ, നിങ്ങള്‍ കുടിക്കൂ' എന്ന് പറഞ്ഞ് സ്വിദ്ദീഖ്(റ)ഉടനെ നബി(സ്വ)ക്ക് കൈമാറുമായിരുന്നു. ഈ സംഭവം പിന്നീട് ഉദ്ധരിക്കുമ്പോള്‍ സ്വിദ്ദീഖ്(റ)പറഞ്ഞതിപ്രകാരമാണ് 'നബി(സ്വ)തങ്ങള്‍കുടിച്ചപ്പോള്‍ എനിക്ക് ദാഹം തീര്‍ന്നു'. ഹൃദയം ഹൃദയത്തോടടുക്കുമ്പോള്‍ നടക്കുന്ന അത്യത്ഭുതങ്ങളാണിത്.
സൗര്‍ഗുഹക്ക് സമീപത്തെത്തിയപ്പോള്‍ 'ഞാന്‍ അകത്ത് പ്രവേശിച്ച് വാസയോഗ്യമാക്കിയിട്ട് വരാം' എന്ന് പറഞ്ഞ് എല്ലാ ദ്വാരങ്ങളും അടച്ച ശേഷമാണ് നബി(സ്വ)യോട് അകത്ത് കടക്കാന്‍ സ്വിദ്ദീഖ്(റ) സമ്മതിച്ചത്. അവശേഷിച്ച ഒരു പഴുതിലൂടെ പുറത്ത് കടക്കാന്‍ ശ്രമിച്ച ഒരു വിഷജീവി കാലില്‍ കടിച്ചിട്ടും ഉറങ്ങുന്ന നബി(സ്വ)ക്ക് ബുദ്ധിമുട്ടാവരുതെന്ന് കരുതി ക്ഷമിക്കുകയായിരുന്നു ആ സ്‌നേഹിതന്‍.
ശത്രുസംഘം ഗുഹാമുഖത്തെത്തുകയും അവരുടെ സംസാരം ശ്രാവ്യമാവുകയും ചെയ്തപ്പോള്‍ അസ്വസ്ഥനായ സ്വിദ്ദീഖ്(റ)നെ തിരുനബി(സ്വ) ആശ്വസിപ്പിക്കുകയും അല്ലാഹുവിന്റെ സാന്നിധ്യവും സാമീപ്യവും സഹായവും ബോധ്യപ്പെടുത്തി വിശ്വാസം ദൃഢപ്പെടുത്തുകയും ചെയ്തു. ഈ ഒരു യാത്രയില്‍ മാത്രം തന്റെ സമ്പത്തും സന്താനവും ശരീരവുമെല്ലാം ഹബീബ്(സ്വ)ക്ക് വേണ്ടി സമ്പൂര്‍ണ്ണമായി സമര്‍പ്പിക്കുന്ന അബൂബക്ര്‍സ്വിദ്ദീഖ്(റ)നെയാണ് വിശ്വാസികള്‍ കാണുന്നത്.
ഹിജ്‌റയും യുദ്ധങ്ങളും ഉടമ്പടികളുമെല്ലാം കഴിഞ്ഞ് ഫത്ഹ്മക്കയുടെ കാലത്താണ് പിതാവ് അബൂഖുഹാഫ ഇസ്‌ലാമിലേക്ക് വരുന്നത്. പ്രായാധിക്യത്താല്‍ കാഴ്ച നഷ്ടപ്പെട്ട അദ്ദേഹത്തിന്റെ ഇസ്‌ലാമാശ്ലേഷണം പ്രഖ്യാപിക്കാന്‍ പുത്രന്‍ നബി(സ്വ)യുടെ അടുത്തേക്ക് അദ്ദേഹത്തെ കൊണ്ട് വന്നു. നബി(സ്വ)ചോദിച്ചു: 'സ്വിദ്ദീഖ്, അദ്ദേഹത്തെ വീട്ടിലിരുത്തി നമുക്ക് അങ്ങോട്ട് പോകാമായിരുന്നില്ലേ?'. 'അവരെ നിങ്ങളുടെ അടുത്തേക്ക് കൊണ്ട് വരാന്‍ മാത്രം അങ്ങ് ഉന്നതനാണ് നബിയേ' സ്വിദ്ദീഖ്(റ) പ്രതികരിച്ചു. ശേഷം കലിമ ചൊല്ലി അബൂഖുഹാഫ മുസ്‌ലിമായി. അന്നേരം സ്വിദ്ദീഖ്(റ) പൊട്ടിക്കരയുന്നതാണ് എല്ലാവരും കാണുന്നത്. 'മക്ക കീഴടക്കപ്പെട്ട ഇന്ന് മുസ്‌ലിംകള്‍ക്ക് സന്തോഷദിനമല്ലേ, ഉപ്പ മുസ്‌ലിമാവുകയും ചെയ്തില്ലേ.. പിന്നെ എന്തിന് കരയണം സ്വിദ്ദീഖ്!!?'. ഇത് കേട്ടപ്പോള്‍ അദ്ദേഹം പറഞ്ഞു 'എന്റെ ഉപ്പാക്ക് പകരം ഇന്ന് ഇസ്‌ലാം സ്വീകരിച്ചത് അബൂത്വാലിബ് ആയിരുന്നെങ്കില്‍ എന്ന് ഞാന്‍ കൊതിച്ചു പോയി. കാരണം അത് നബി(സ്വ)യെ കൂടുതല്‍ സന്തോഷവാനാക്കുമായിരുന്നുവല്ലോ... അത് സംഭവിക്കാത്ത പരിഭവമാണ് എന്നെ കരയിപ്പിച്ചത്'....
ഒരു ദിനം നബി(സ്വ) രോഗിയായപ്പോള്‍ സ്വിദ്ദീഖ്(റ) നബി(സ്വ)യെ സന്ദര്‍ശിക്കുകയുണ്ടായി. തന്റെ സ്‌നേഹഭാജനം രോഗിയായിക്കിടക്കുന്ന രംഗം കണ്ട് അദ്ദേഹം രോഗിയായി. തന്റെ രോഗം ഭേദമായപ്പോള്‍ കൂട്ടുകാരനായ സ്വിദ്ദീഖ്(റ)നെ സന്ദര്‍ശിക്കാന്‍ നബി(സ്വ)തങ്ങള്‍ ചെന്നു. പ്രിയപ്പെട്ട നബി(സ്വ)യെ കണ്ടപ്പോള്‍ സ്വിദ്ദീഖ്(റ) രോഗം ഭേദമായി. ഹൃദയം പകരുന്ന സ്‌നേഹമരുന്നില്‍ ആദ്ദേഹത്തിന് ആരോഗ്യം തിരിച്ചു കിട്ടുകയായിരുന്നു.
നബി(സ്വ)യുടെ വഫാതിനോടനുബന്ധിച്ച കാലമായപ്പോള്‍ പല സന്ദര്‍ഭങ്ങളിലും അദ്ദേഹം വിതുമ്പിയിട്ടുണ്ട്. സൂറതുല്‍ ഫത്ഹ് അവതരിച്ചപ്പോള്‍ സ്വഹാബികളെല്ലാവരും മക്ക കീഴടങ്ങുന്ന രംഗവും ഇസ്‌ലാമിലേക്ക് ജനങ്ങള്‍ ഒഴുകുന്ന രംഗവുമൊക്കെ ആലോചിച്ചു സന്തോഷ പുളകിതരായി. എന്നാല്‍ സ്വിദ്ദീഖ്(റ) മാത്രം കരയുകയായിരുന്നു. കാര്യമന്വേഷിച്ചപ്പോള്‍ പറഞ്ഞു: ''ഇസ്‌ലാമിന്റെ പൂര്‍ത്തീകരണം ഹബീബിന്റെ വഫാതിനെയാണ് സൂചിപ്പിക്കുന്നത്. മുത്ത് നബി(സ്വ) വിടപറയുന്നത് ആലോചിക്കുമ്പോള്‍ സങ്കടം തീരുന്നില്ല''...
വഫാതിനോടനുബന്ധിച്ച് തിരുനബി(സ്വ)ക്ക് നിസ്‌കാരത്തിന് നേതൃത്വം നല്‍കാന്‍ കഴിയാതെ വന്നപ്പോള്‍ ആ സ്ഥാനം വഹിക്കാന്‍ അബൂബക്ര്‍(റ)നോടാണ് ആവശ്യപ്പെട്ടത്. നബി(സ്വ) ജീവിച്ചിരിക്കെ ഞാനത് നിര്‍വ്വഹിക്കില്ല എന്നായിരുന്നു സ്വിദ്ദീഖ്(റ)ന്റെ പ്രതികരണം. ചില സന്ദര്‍ഭങ്ങളില്‍ ഇമാം നില്‍ക്കാന്‍ തുടങ്ങി പിന്നീട് നബി(സ്വ) വന്നപ്പോള്‍ പിന്നോട്ട് മാറി നിന്ന് കൊടുത്ത സന്ദര്‍ഭങ്ങളുമുണ്ടായിട്ടുണ്ട്.
ആ സ്‌നേഹ ജീവിതത്തില്‍ ഒരുപാട് കൊടുക്കല്‍വാങ്ങലുകളുണ്ടായിട്ടുണ്ട്. സ്വന്തം പുത്രിയെ നബി(സ്വ)ക്ക് വിവാഹം ചെയ്ത് കൊടുത്തു. ആ പുത്രിയാണ് തിരുനബി(സ്വ)യുടെ ജീവിതത്തില്‍ ഏറ്റവും ഇഷ്ട വ്യക്തിയെന്ന് അംറുബ്‌നുല്‍ആസ്വ്(റ)ന്റെ ചോദ്യത്തിനുത്തരമായി അവിടുന്ന പ്രഖ്യാപിക്കുകുയും ചെയ്തു. അടുത്ത വ്യക്തി ആരെന്ന് ചോദിച്ചപ്പോള്‍ ആഇശ(റ)യുടെ ഉപ്പയെന്നാണ് പ്രതികരിച്ചത്.
രണ്ട് പേരും ഭൗതികജീവിതത്തില്‍ സ്‌നേഹിച്ചത് പോലെ വഫാതിന് ശേഷം സമൂഹത്തിന് മുന്നില്‍ തങ്ങളുടെ സ്‌നേഹം പരസ്യമായി പ്രകടിപ്പിച്ച രംഗം ചരിത്രത്തിലുണ്ട്. സ്വിദ്ദീഖ്(റ) തന്റെ മരണ രോഗമെത്തിയപ്പോള്‍ തന്റെ കൂടെയുള്ളവരോട് (അലി(റ)വിനോടാണെന്ന് ചില രേഖകളിലുണ്ട്) ഇപ്രകാരം വസ്വിയ്യത്ത് ചെയ്തു. ''ഞാന്‍ വഫാതായാല്‍ നബി(സ്വ)യെ കുളിപ്പിച്ച ആ കരം കൊണ്ടെന്നെയും കുളിപ്പിക്കുക. കഫന്‍ ചെയ്ത് എന്റെ മയ്യിത്തുമായി ഹുജ്‌റതുശ്ശരീഫയുടെ കവാടത്തിലെത്തി ഇങ്ങനെ പറയുക; അല്ലാഹുവിന്റെ റസൂലേ, അബൂബക്ര്‍(റ) ഇതാ അങ്ങയോട് സമ്മതം ചോദിച്ചു വന്നിരിക്കുന്നു. അപ്പോള്‍ വാതില്‍ തുറക്കപ്പെടുകയാണെങ്കില്‍ അവിടത്തോട് ചേര്‍ന്ന് എന്നെയും അടക്കം ചെയ്യുക. ഇല്ലെങ്കില്‍ എന്നെ  ബഖീഇല്‍ കൊണ്ട് പോയി മറമാടുക''. സ്വിദ്ദീഖ്(റ) വഫാതായപ്പോള്‍ ഇപ്രകാരം ചെയ്തു.  റൗളയുടെ കവാടത്തില്‍ ചെന്ന് അപ്രകാരം ചോദിച്ചു. അപ്പോള്‍ ഉള്ളില്‍ നിന്ന് അശരീരിയായികേട്ടു 'കൂട്ടുകാരനെ നിങ്ങള്‍ കൂട്ടുകാരന്റെ ചാരത്തേക്ക് കൊണ്ട് വരൂ. കൂട്ടുകാരന്‍ കൂട്ടുകാരനെ കാണാന്‍ കൊതിക്കുകയാണ്'... അതിന് ശേഷം വാതില്‍ തുറക്കപ്പെടുകയും നബി(സ്വ)തങ്ങളുടെ തൊട്ട് ചാരെ അവര്‍ മറവ് ചെയ്യപ്പെടുകയും ചെയ്തു. ഇനി അന്ത്യ നാളില്‍ അവര്‍ ഒരുമിച്ച് വരികയും സ്വര്‍ഗ്ഗത്തില്‍ ഒരുമിച്ച് പ്രവേശിക്കുകയും ചെയ്യും.
'ഒരു മനുഷ്യന്‍ അവന്‍ സ്‌നേഹിക്കുന്നവരുടെ കൂടെയാണ്' എന്ന് തിരുനബി(സ്വ) പറഞ്ഞിട്ടുണ്ട്. ഇതേകുറിച്ച് ഇബ്‌നുഅബ്ബാസ്(റ) പറഞ്ഞത് 'ഇസ്‌ലാം സ്വീകരിക്കാന്‍ കഴിഞ്ഞുവന്ന സന്തോഷം കഴിഞ്ഞാല്‍ ജീവിതത്തില്‍ ഞങ്ങള്‍ ഏറെ സന്തോഷിച്ച തിരുനബി(സ്വ)യുടെ ഈ വചനം കേട്ടപ്പോഴാണ്. ഞാന്‍ അബൂബൂക്ര്‍(റ), ഉമര്‍(റ) എന്നിവരെ സ്‌നേഹിക്കുന്നു, അവരെപ്പോലെ നന്‍മ ചെയ്യാന്‍ എനിക്ക് സാധ്യമാകുന്നില്ലെങ്കിലും'എന്നാണ്. നമുക്കും  അവരെ സ്‌നേഹിച്ച് അത് വഴി അവര്‍ പ്രവേശിക്കുന്ന സ്വര്‍ഗ്ഗത്തിലെത്താം. നാഥന്‍ അനുഗ്രഹിക്കട്ടെ.. ആമീന്‍.






1 Comments

Post a Comment

Previous Post Next Post