മനുഷ്യന്റെ വികാരങ്ങള്‍ പ്രകടമാക്കാനുള്ള പ്രധാന മാധ്യമമാണ് കവിത. ലോകത്ത് പലരെക്കുറിച്ചും പലരും കവിതകളെഴുതിയിട്ടുണ്ട്. മുഹമ്മദ്‌നബി(സ്വ)യോളം സ്തുതികീര്‍ത്തനങ്ങള്‍ വിരചിതമായ ഒരു വ്യക്തിത്വം ലോക ചരിത്രത്തിലുണ്ടാവില്ല. മദ്ഹുന്നബിയും(പ്രവാചകപ്രകീര്‍ത്തനം) ഇശ്ഖുന്നബിയും(പ്രവാചകസ്‌നേഹം) കവിതകളായി എഴുതിത്തീര്‍ത്ത നിരവധി കവി ശ്രേഷ്ഠരെ നമുക്ക് കാണാന്‍ സാധിക്കും. നബികുടുംബത്തോടുള്ള (അഹ്‌ലുബൈത്) സ്‌നേഹം നബി(സ്വ)യോടുള്ള സ്‌നേഹത്തിന്റെ ഭാഗവും മതവിശ്വാസത്തിന്റെ അവിഭാജ്യ ഘടകവുമായത് കൊണ്ട് തന്നെ ആ മേഖലയിലും നിരവധി കവിതകള്‍ വിരിഞ്ഞിട്ടുണ്ട്. ആ വഴിയെ നടന്ന ചില കവികളേയും അവരുടെ കവിതകളേയും അനാവരണം ചെയ്യുകയാണിവിടെ.
ഫറസ്ദഖ്(ഹി: 19-110)
അമവീ കാലഘട്ടത്തില്‍ ജീവിച്ചിരുന്ന കവിത്രയങ്ങളില്‍ പ്രധാനിയും അറബിഭാഷക്ക് കവിതകളിലൂടെ ഏറെ പ്രചാരം നല്‍കുകയും ചെയ്ത വ്യക്തിയാണ് ഫറസ്ദഖ്. അബൂ ഫറാസ് ഹുമാമ്ബ്‌നുഗാലിബിബ്‌നുസഅ്‌സഅ എന്നാണ് യഥാര്‍ത്ഥ നാമം. ഹിജ്‌റ 19ല്‍ ജനിച്ച് ബസ്വറയില്‍ വളര്‍ന്ന് വന്ന അദ്ദേഹം ആദ്യകാലങ്ങളില്‍ ആക്ഷേപ കാവ്യങ്ങളും മറ്റും കൂടുതല്‍ പാടിയിരുന്നുവെങ്കിലും അവസാന ഘട്ടത്തില്‍ ഹസ്വനുല്‍ബസ്വരി മുഖേന പശ്ചാതാപം നടത്തിയിട്ടുണ്ട് എന്ന് ചരിത്രം പറയുന്നു.
അദ്ദേഹത്തിന്റ പിതാമഹന്‍ സ്വഅ്‌സ്വഅത്ബ്‌നുനാജിയ സ്വഹാബിയും ജാഹിലിയ്യാ കാലത്ത് കുഴിച്ചുമൂടാന്‍ കൊണ്ട് പോകുന്ന പെണ്‍കുട്ടികളെ സംരക്ഷിക്കുകയും ചെയ്തിരുന്നവരായിരുന്നു. തന്റെ പിതാവ് ഒരിക്കല്‍ ഇദ്ദേഹവുമായി അലി(റ)നെ സമീപിച്ചു 'ഇതെന്റെ പുത്രനാണ്, നല്ല കവിയായി വളര്‍ന്നു വരികയാണ്' എന്ന് അഭിമാനത്തോടെ പറഞ്ഞപ്പോള്‍ 'നിങ്ങള്‍ അവന് ഖുര്‍ആന്‍ പാരായണം പഠിപ്പിച്ച് ഹാഫിളാക്കുക' എന്ന് അലി(റ) പ്രതികരിക്കുകയുണ്ടായി. മുആവിയതുബ്‌നുഅബ്ദില്‍കരീം(റ) പറയുന്നു: 'എന്റെ ഉപ്പ ഒരിക്കല്‍ ഫറസ്ദഖിനെ സന്ദര്‍ശിച്ചപ്പോള്‍ അദ്ദേഹത്തിന്റെ കാലില്‍ ഒരു കെട്ട് കണ്ടു. ഇതെന്താണെന്ന് ചോദിച്ചപ്പോള്‍ ഖുര്‍ആന്‍ ഹൃദിസ്ഥമാക്കുന്നത് വരെ ഞാനിത് ഊരിക്കളയില്ല എന്ന് ഞാന്‍ ശപഥം ചെയ്തിട്ടുണ്ട് എന്ന് പറഞ്ഞു'(അല്‍ബിദായതുവന്നിഹായ).
ഫറസ്ദഖ് പാടിയ കവിതകളില്‍ ഏറെപ്രശസ്തമായ കവിതയാണ് സൈനുല്‍ആബിദീന്‍ അലിയ്യുബ്‌നുല്‍ഹുസൈന്‍(റ) നെ കുറിച്ച് പാടിയ മനോഹരമായ വരികള്‍. ഹിശാമുബ്‌നുഅബ്ദില്‍മലിക് ഒരിക്കല്‍ കഅ്ബ ത്വവാഫ് ചെയ്ത ശേഷം ഹജറുല്‍അസ്‌വദ് ചുംബിക്കാന്‍ മുന്നോട്ട് പോയി. ജനബാഹൂല്യം കാരണം അദ്ദേഹത്തിനത് പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞില്ല. തിരക്കൊഴിഞ്ഞ ശേഷം നിര്‍വ്വഹിക്കാമെന്ന് കരുതി പരിവാരസമേതം ഒരിടത്ത് മാറിയിരുന്നു. അപ്പോള്‍ ത്വവാഫ് കഴിഞ്ഞ് ഹജറുല്‍അസ്‌വദിന്റെ അടുത്തേക്ക് നടന്നുവരുന്ന സൈനുല്‍ആബിദീന്‍(റ) ന് വേണ്ടി ആളുകള്‍ വഴിമാറിക്കൊടുക്കുന്ന രംഗം ഭരണാധികാരിയും പരിവാരവും കാണുകയാണ്. അപ്പോള്‍ ആരോ ചോദിച്ചു 'ഇദ്ദേഹം ആരാണ്!?'. ഹിശാം രാജാവ് അറിയില്ല എന്നര്‍ത്ഥത്തില്‍ തലയാട്ടി. സൈനുല്‍ആബിദീന്‍(റ)ന്റെ പിന്നില്‍ ആളുകള്‍ അണിനിരക്കുമോ എന്ന ആഥിയാണ് ഹിശാമിനെ ഇങ്ങനെ പറയാന്‍ പ്രേരിപ്പിച്ചത്. അന്നേരം അവിടെയുണ്ടായിരുന്ന ഫറസ്ദഖ് സൈനുല്‍ആബിദീന്‍(റ)നേയും കുടുംബത്തേയും പ്രകീര്‍ത്തിച്ച് പാടിയ വരികള്‍ അഹ്‌ലുബൈതിന്റെ സര്‍വ്വ മഹത്വങ്ങളും വശ്യമായി കോര്‍ത്തിണങ്ങിയ കവിതയായി വന്നു.
ആ കവിതയില്‍ സൈനുല്‍ആബിദീന്‍(റ)നെ കുറിച്ചും അഹ്‌ലുബൈതിനെ കുറിച്ചും അവരെ ഇഷ്ടം വെക്കുന്നതിന്റെ പ്രാധാന്യവും അഹ്‌ലുബൈതും ഇസ്‌ലാം ദീനും തമ്മിലുള്ള ബന്ധവുമൊക്കെ വിശദമായി പരാമൃഷ്ഠമായിട്ടുണ്ട്. അഹ്‌ലുബൈതിനെ കുറിച്ചുള്ള പ്രധാന വരികളിങ്ങനെയാണ്.
(കവിത 1 ഇവിടെ ചേര്‍ക്കുക)'മക്കയും കഅ്ബാലയവും ഹറമും ഹില്ലുമൊക്കെ ഇദ്ദേഹത്തിന്റെ കാല്‍പാദം കൃത്യമായി അറിയും. സര്‍വ്വസൃഷ്ടികളില്‍ മഹോന്നതനായ വ്യക്തിയുടെ സന്താനവും, ഇലാഹീഭക്തനും സംശുദ്ധനും ഉന്നതനമാണ്'
(കവിത 2 ചേര്‍ക്കുക)'ഇത് ഫാത്വിമബീബിയുടെ മകനാണ്; താങ്കള്‍ക്കതറിയില്ലായിരിക്കാം. ഇവരുടെ പിതാമഹനാനിലൂടെയാണ് പ്രവാചക പരമ്പരക്ക് അന്ത്യം കുറിക്കപ്പെട്ടത്. താങ്കള്‍ക്കറിയില്ല എന്ന പരാമര്‍ശം അദ്ദേഹത്തിന് ഒരു കുറവും വരുത്തില്ല, കാരണം താങ്കളറിയാത്ത അദ്ദേഹം അറബികള്‍ക്കിടയിലും അനറബികള്‍ക്കിടയിലും സുപരിചിതനാണ്'.
(കവിത 3)'അല്ലാഹുവിന് സ്തുതിയര്‍പ്പിക്കുന്നവര്‍ ഇവരുടെ മഹത്വവും നന്ദിയോടെ ഓര്‍ക്കണം, കാരണം ഇവരുടെ വീട്ടില്‍ നിന്നാണ് മാലോകര്‍ ദീന്‍ നുകര്‍ന്നത്'. മുഴുവന്‍ അമ്പിയാക്കളുടെ മഹത്വവും ഇവരുടെ പിതാമഹന്റെ മഹത്വത്തിന് മുന്നില്‍ കുറഞ്ഞ് പോയി. അവരുടെ സമൂഹങ്ങളുടെ മഹത്വം ആ പിതാമഹന്റെ സമൂഹത്തിന് മുന്നിലും നന്നേ കുറവാണ്'.
(കവിത 4)'ഇവര്‍ ഒരു കുടുംബാംഗമാണ്, അവരെ പ്രിയംവെക്കല്‍ ദീനും അവരോട് കോപിക്കല്‍ കുഫ്രിയ്യതും അവരോടുള്ള അടുപ്പം (പ്രതിസന്ധികളില്‍ നിന്ന്)രക്ഷയുടെ മാര്‍ഗ്ഗവുമാണ്'. മുത്തഖീങ്ങള്‍ പരാമൃഷ്ഠരാകുമ്പോള്‍ ഇവരായിരിക്കും അവരുടെ നേതാക്കള്‍. ഭൂമിയില്‍ഏറ്റവും നല്ല സദ്‌വൃത്തര്‍ ആരെന്ന് ചോദിക്കപ്പെടുമ്പോള്‍ ഇവരാണ് ചൂണ്ടിക്കാണിക്കപ്പെടുക'.
ഈ കവിത കേട്ട് ഹിശാം കോപിഷ്ടനാവുകയും ഫറസ്ദഖിനെ ജയിലലടക്കാന്‍ നിര്‍ദേശിക്കുകയുമുണ്ടായി. ഇതറിഞ്ഞ സൈനുല്‍ആബിദീന്‍(റ) ഫറസ്ദഖിന് ആയിരക്കണക്കിന് ദിര്‍ഹമുകള്‍ അയച്ചു കൊടുത്തു. ഫറസ്ദഖ് പറഞ്ഞു:''ഞാന്‍ നിങ്ങളുടെ പണം കൊതിച്ചു കൊണ്ടല്ല ആ കാര്യങ്ങളത്രയും പറഞ്ഞത്. നിങ്ങളിലുള്ള ചില യാഥാര്‍ത്ഥ്യങ്ങള്‍ പറഞ്ഞുവെന്ന് മാത്രം''. എന്നിട്ട് ആ പണം തിരികെ അയച്ചു കൊടുക്കുകയും ചെയ്തു. എന്നാല്‍ അലിയ്യുബ്‌നുല്‍ഹുസൈന്‍(റ) ആ പണം വീണ്ടും കൊടുത്തുയച്ചു പറഞ്ഞു:''ഞങ്ങള്‍ നബികുടുംബക്കാര്‍ കൊടുത്തത് ഒരിക്കലും തിരികെ വാങ്ങുന്നവരല്ല. ഈ പണം നിങ്ങളുട ജീവിതാവശ്യങ്ങള്‍ക്ക് ഉപയോഗിക്കണം''. പിന്നീടദ്ദേഹം ജയില്‍ മോചിതനായി എന്നും ചരിത്രം പറയുന്നു.
ഇമാം ശാഫിഈ(റ).
അഹ്‌ലുബൈതിനെ സ്‌നേഹിക്കുന്നത് മത വിഷയവും അഹ്‌ലുസ്സുന്നത്തിവല്‍ജമാഅയുടെ ആദര്‍ശവുമാണ് എന്ന് സ്വന്തം ജീവിതത്തിലൂടെ പ്രകടിപ്പിച്ചവരില്‍ പ്രധാനിയാണ് ഇമാം ശാഫിഈ(റ). അഹ്‌ലുബൈതിനോടുള്ള സ്‌നേഹം ഭരണാധികാരികളോടുള്ള വിരോധത്തിന്റെ ഭാഗമാണെന്ന് അവരെ തെറ്റിദ്ധരിപ്പിച്ച് ഇമാമവര്‍കള്‍ക്കെതിരെ ഭരണകൂടത്തെ തിരിച്ചു വിടാന്‍ കുതന്ത്രം മെനഞ്ഞവര്‍ അദ്ദേഹത്തിന്റെ സമകാലികര്‍ തന്നെയായിരുന്നു.
അഹ്‌ലുബൈതിനോടുള്ള സ്‌നേഹം തുളുമ്പുന്ന നിരവധി കവിതകള്‍ ഇമാം ശാഫിഈ(റ)വിന്റേതായിട്ടുണ്ട്.
(കവിത 5)'അല്ലാഹുവിന്റെ തിരുദൂതരുടെ കുടുംബമേ, നിങ്ങളോട് പ്രിയം വെക്കല്‍ ഖുര്‍ആന്‍ മുഖേന അല്ലാഹു നിര്‍ബന്ധമാക്കിയ കാര്യമാണ്. നിങ്ങളുടെ പേരില്‍ സ്വലാത് ചൊല്ലാത്തവന്റെ നിസ്‌കാരം തന്നെ ശരിയാവുകയില്ല എന്ന നിയമം തന്നെ നിങ്ങളുടെ ഏറ്റവും വലിയ മഹത്വമാണ്'.
(കവിത 6)'എന്റെ ഹൃദയാന്തരം അവര്‍ പരിശോധിക്കുന്നുവെങ്കില്‍ എഴുത്തുകാരനില്ലാതെ പതിഞ്ഞ രണ്ട് വരികള്‍ അവര്‍ക്ക് കണ്ടെത്താന്‍ കഴിയും. നീതിയും തൗഹീദുമാണ് ഹൃദയഭിത്തിയുടെ ഒരു ഭാഗത്ത്. മറുഭാഗത്ത് അഹ്‌ലുബൈതിനോടുള്ള സ്‌നേഹവും'.
(കവിത 7) 'മുഹമ്മദ് നബിയുടെ കുടുംബത്തെ സ്‌നേഹിക്കുന്നത് ഒരു പാതകമാണെങ്കില്‍ ഞാന്‍ പശ്ചാതപിക്കാത്ത പാതകമാണത്. നാളെ മഹ്ശറയിലും വിചാരണവേളയിലും അവരാണെന്റെ ശുപാര്‍ഷകര്‍. അവരോട് കോപം വെക്കുന്നത് ശാഫിഈയെ സംബന്ധിച്ച് വലിയ അപരാധമാണ്'.
പ്രവാചക കുടുംബത്തോടുള്ള ഇമാം ശാഫിഈ(റ)ന്റെ കലവറയില്ലാത്ത സ്‌നേഹം കാരണം ഇമാമവര്‍കള്‍ റാഫിളുകളില്‍ പെട്ടവനാണെന്ന ആരോപണം വ്യാപകമായി പലരും പ്രചരിപ്പിച്ചിരുന്നു. ഇതിനെതിരെ ഇമാം ശക്തമായി രംഗത്തുവരികയും കവിതകളിലൂടെ അവര്‍ക്ക് മറുപടി നല്‍കുകയും ചെയ്തു. അദ്ദേഹം ഇങ്ങനെ പാടി:
(കവിത 8) 'അഹ്‌ലുബൈത് നബിയിലേക്കെത്താനുള്ള മാര്‍ഗ്ഗവും മാധ്യമവുമാണ്. അവര്‍ മുഖേന(സ്‌നേഹം കാരണം) നാളെ മഹ്ശറയില്‍ വലത് കയ്യില്‍ എന്റെ ഗ്രന്ഥം നല്‍കപ്പെടണമെന്ന കൊതിക്കുന്നു'.
അസ്സയ്യിദ് മുഹമ്മദ് ഇമാമുല്‍അറൂസ് അല്‍കര്‍കരി(ക്രിഃ 1816-1898)
തിരുനബി(സ്വ)യെ സംബന്ധിച്ചും അഹ്‌ലുബൈതിനെ കുറിച്ചും നിരവധി കവിതകളെഴുതിയ തമിഴ്‌നാട്ടിലെ പ്രശസ്ത കവിയാണ് അസ്സയ്യിദ് ഇമാമുല്‍അറൂസ് അല്‍കര്‍കരി എന്നറിയപ്പെടുന്ന അസ്സയ്യിദ് മുഹമ്മദ്ബ്‌നുഅഹ്മദ്. ഹി: 1232/ക്രി 1816ല്‍ കായല്‍പട്ടണത്ത് സ്വദഖതുല്ലാഹില്‍ഖാഹിരി(റ) ജനിച്ച അതേ വീട്ടിലാണ് ജനിച്ചത്. 'മവാഹിബുസ്സൈന്‍ ഫീ മനാഖിബില്‍ഹസനൈന്‍' എന്ന മൗലിദ് ഗ്രന്ഥത്തില്‍ അദ്ദേഹം അഹ്‌ലുബൈതിനെ കുറിച്ചും ഹസന്‍(റ), ഹുസൈന്‍(റ)നെ കുറിച്ചും സ്തുതികീര്‍ത്തനങ്ങള്‍ എഴുതിയിട്ടുണ്ട്. നിരവധി കവിതകളുള്ള ഈ സമാഹാരത്തിലെ ചില കവിതകളിപ്രകാരമാണ്
(കവിത 9)'സത്യദൂതരേയും കുടുംബത്തേയും സ്‌നേഹിക്കല്‍ വിശ്വാസത്തിന്റെ രണ്ട് പ്രധാന ഘടകങ്ങളാണെന്നതില്‍ വിശ്വാസികളേ സന്ദേഹമില്ല. ത്വാഹാ തിരുദൂതരെ സ്‌നേഹിക്കുകയും അവിടുത്തെ കുടുംബത്തെ തൃപ്തിപ്പെടാതിരിക്കുകുയം ചെയ്യുന്നവന്‍ റഹ്മാനായറബ്ബിനോട് എതിര് പ്രവര്‍ത്തിച്ചവനും കപടനുമാണ്. സന്‍മാര്‍ഗ്ഗസിദ്ധരാവാന്‍ വിശുദ്ധഖുര്‍ആന്‍ മുറുകെപ്പിടിക്കാനും തന്റെ കുടുംബത്തെ സ്‌നേഹിക്കുവാനും നബി(സ്വ) വസ്വിയ്യത്ത് ചെയ്തിട്ടുണ്ട്'....
(കവിത 10)'അഹ്‌ലുബൈതിനോടുള്ള അസൂയ നിമിത്തം അവരുടെ മഹത്വം നിഷേധിക്കുന്നവനേ, പിശാചിനെപ്പോലെ കോപിക്കപ്പെടുന്നത് നീ സൂക്ഷിക്കുക. വണ്ടുകള്‍ കസ്തൂരിയുടെ ഗന്ധം ആസ്വദിച്ചാലും അവക്ക് പറക്കുവാനോ നടക്കുവാനോ സാധിക്കില്ല. അഹ്‌ലുബൈതിന്റെ മാംസം വിഷലിപ്തമാണ്. അത് വാസനിക്കുന്നവന്‍ വിഷബാധയേറ്റവനാവുകയും രുചിച്ചുനോക്കുന്നവന്‍ ഉടനടി മരിക്കുകയും ചെയ്യും'.
കമാലുദ്ദീന്‍ മുഹമ്മദ്ബ്‌നുത്വല്‍ഹ അശ്ശാഫിഈ(ഹി: 582-652)
ഹദീസ്, ഉസ്വൂല്‍ തുടങ്ങിയ ജ്ഞാന ശാഖകളില്‍ വ്യുല്‍പത്തി നേടിയ ഇദ്ദേഹം നിരവധി ഗ്രന്ഥങ്ങളും കവിതകളും രചിച്ചിട്ടുണ്ട്. അദ്ദുര്‍റുല്‍മുനള്ളം ഫിസ്മില്ലാഹില്‍അഅ്‌ളം, ഇല്‍ഇഖ്ദുല്‍ഫരീദ് ലില്‍മലികിസ്സഈദ്, മിഫ്താഹുല്‍ഫലാഹ് ഫീഅ്തിഖദി അഹ്‌ലിസ്സ്വലാഹ് തുടങ്ങിയ ഗ്രന്ഥങ്ങളാണ് പ്രധാനപ്പെട്ടത്.
'മത്വാലിബുസ്സുഊല്‍ ഫീ മനാഖിബി ആലിര്‍റസസൂല്‍' എന്ന ഗ്രന്ഥത്തില്‍ അഹ്‌ലുബൈതിനെ സംബന്ധിച്ച് നിരവധി കവിതകള്‍ കാണാവുന്നതാണ്. ഒരു കവിത ഇപ്രകാരമാണ്.
(കവിത 11)'മുറുകെപ്പിടിക്കാവുന്ന ഉറപ്പുള്ള പാശമാണവര്‍. ദിവ്യസന്ദേശങ്ങളിലൂടെയാണ് അവരുടെ മഹത്വങ്ങള്‍ അവതരിച്ചത്. സൂറതുശ്ശൂറായും സൂറതുദ്ദഹ്‌റും സൂറതുല്‍അഹ്‌സാബും പാരായണം ചെയ്യുന്നവര്‍ക്ക് അവരുടെ മഹത്വങ്ങള്‍ ബോധ്യമാവുന്നതാണ്. അവര്‍ മുഹമ്മദ് മുസ്ത്വഫാ(സ്വ)യുടെ കുടുംബമാണ്, അവരെ സ്‌നേഹിക്കല്‍ ജനങ്ങള്‍ക്ക് നിര്‍ബന്ധബാധ്യതയാണ്'. ഹുസൈന്‍(റ)കുറിച്ച് പ്രത്യേകം കവിത രചിച്ചിട്ടുണ്ട്. ആ ഗ്രന്ഥം അവസാനക്കുന്നത് ഇപ്രകാരമാണ് ' മുസ്ത്വഫായ നബിയുടെ കുടുംബത്തിന്റെ മഹത്വങ്ങള്‍ മാനവരുടെ മാതൃകയാണ്. അവര്‍ മുഖേന എല്ലാവരും അവരുടെ ആവശ്യങ്ങള്‍ തേടിക്കൊണ്ടിരിക്കുകയകാണ്'...(മത്വാലിബുസ്സുഊല്‍ ഫീ മനാഖിബി ആലിര്‍റസൂല്‍)..
അഹ്‌ലുബൈതിന്റെ മഹത്വം വിശദീകരിക്കുന്ന, കവികളേതെന്നറിയപ്പെടാത്ത നിരവധി കവിതകളും ഗ്രന്ഥങ്ങളില്‍ കാണാവുന്നതാണ്. 'നൂറുല്‍അബ്‌സ്വാര്‍ ഫീ മനാഖിബി ആലി ബൈതിന്നബിയ്യില്‍മുഖ്താര്‍' എന്ന കൃതിയില്‍ ഇങ്ങനെ ഒരു കവിത കാണാം.
(കവിത 12)'നബികുടുംബത്തോട് ആരെങ്കിലും ആത്മാര്‍ത്ഥ സ്‌നേഹം പ്രകടിപ്പിച്ചാല്‍ പരലോകത്ത് ഉറച്ച പാശം പിടിച്ച് രക്ഷപ്പെടാനവര്‍ക്ക് സാധിക്കും. സര്‍വ്വലോകരേക്കാളും മഹത്വങ്ങളുയര്‍ന്നവരാണവര്‍. അവരുടെ നന്‍മകള്‍ പ്രത്യക്ഷമാവുകയും ബാക്കിപത്രങ്ങള്‍ ഉദ്ധരിക്കപ്പെടുകയും ചെയ്യും. അവരോട് ഐക്യപ്പെടല്‍ നിര്‍ബന്ധവും സ്‌നേഹിക്കല്‍ നിര്‍ബന്ധവുമാണ്. അവരെ വഴിപ്പെടല്‍ സ്‌നേഹത്തിന്റെ ഭാഗവും അവരെ സ്‌നേഹിക്കല്‍ ഭയഭക്തിയുടെ ഭാഗവുമാണ്'.(നൂറുല്‍അബ്‌സ്വാര്‍ 128)
നബികുടുംബത്തിലെ പല പ്രധാനികളും വഫാതായപ്പോള്‍ അവരെക്കുറിച്ച് വിരചിതതമായ നിരവധി അനുശോചന കവിതകള്‍ കണ്ടെത്താവുന്നതാണ്. സമകാലികരില്‍ പലരും വിടപറഞ്ഞപ്പോഴും ഒരു പാട് മര്‍സിയതുകള്‍ എഴുതപ്പെട്ടിട്ടുണ്ട്. വ്യക്തിമഹത്വങ്ങള്‍ക്ക് പുറമെ കുടുംബ ശ്രേഷ്ഠതയും മറ്റും ഈ കവിതകളില്‍ കാണാവുന്നതാണ്. മഹാനായ അലി(റ)നെ ഇബ്‌നുമുല്‍ജിം കൊലപ്പെടുത്തിയപ്പോള്‍ ബക്‌റുബ്‌നുഹസ്സാന്‍(റ) എഴുതിയ ചില വരികളിപ്രകാരമാണ്.
(കവിത 13)'ഇബ്‌നുമുല്‍ജിമിനോട് നീ പറയുക, അല്ലാഹുവിന്റെ തീരുമാനം നടക്കുക തന്നെ ചെയ്യും. പരിശുദ്ധ മതത്തിന്റെ നെടുംതൂണാണ് നീ തകര്‍ത്തു കളഞ്ഞത്. മനുഷ്യനില്‍ ശ്രേഷ്ഠരും ജനങ്ങളിലെ ഏറ്റവും വലിയ മതവിശ്വാസിയേയുമാണ് നീ വധിച്ചത്. ഈ സമൂഹത്തില്‍ ഖുര്‍ആനും തിരുചര്യയും ഏറ്റവും നന്നായി ഗ്രഹിച്ചവരായിരുന്നു അവര്‍. നബി(സ്വ)യുടെ മരുമകനും സഹായിയുമായിരുന്ന അവര്‍ ജാജ്ജ്വല്യമാനമായ മഹത്വങ്ങള്‍ക്കുടമയായിരുന്നു. മൂസ നബിയോട് ഹാറൂന്‍ നബിക്കുണ്ടായിരുന്ന ബന്ധമാണ് അലി(റ)വും നബിയും തമ്മിലുണ്ടായിരുന്നത്, അസൂയക്കാര്‍ എന്തും വിചാരിക്കട്ടെ'.... ഇങ്ങനെ പതിന്‌ഞ്ചോളം വരികള്‍ അദ്ദേഹത്തിന്റേതായി നൂറുല്‍അബ്‌സ്വാറില്‍(പേജ് 119-120) നമുക്ക് കാണാവുന്നതാണ്. അറബിവ്യാകരണശാസ്ത്രത്തിന്റെ വികാസത്തില്‍ പ്രധാന പങ്ക് വഹിച്ച അബുല്‍അസ്‌വദിദ്ദുവലിയും അലി(റ)ന്റെ രക്തസാക്ഷിത്വവുമായി ബന്ധപ്പെട്ട് കവിത എഴുതിയിട്ടുണ്ട്.
ശിയാ വിഭാഗത്തില്‍ പെട്ട നിരവധി വ്യക്തികളും അഹ്‌ലുബൈതിനെ കുറിച്ച് കവിത എഴുതിയതായി നമുക്ക് കാണാന്‍ സാധിക്കും. ദിഅ്ബലുല്‍ഖുസാഈ എന്നറിയപ്പെടുന്ന മുഹമ്മദ്ബ്‌നുഅലിയ്യിബ്‌നി റസീന്‍ എന്ന അബ്ബാസീ കാലഘട്ടത്തിലെ കവി ഇവരില്‍ പ്രഥമഗണനീയനാണ്. ഹിജ്‌റ 148ല്‍ വിജ്ഞാനത്തിലും സാഹിത്യത്തിലും നിപുണരായ നിരവധി വ്യക്തിത്വങ്ങള്‍ ഉയിര്‍കൊണ്ട കുടുംബത്തിലാണ് അദ്ദേഹം ജനിച്ചത്. ഹിജ്‌റ 220 ലാണ് അദ്ദേഹം മരണപ്പെടുന്നത്.
ഹിജ്‌റ 60ല്‍ ജനിച്ച് ഹിജ്‌റ 126ല്‍ വഫാതായ കുമൈത്ബ്‌നുസൈദിനില്‍അസദിയും ഈ ഗണത്തിലുണ്ട്. അല്‍ഫിയയില്‍ ഇസ്തിസ്‌നാഇന്റെ അധ്യായത്തില്‍ വന്ന (കവിത 14 ചേര്‍ക്കുക) 'എനിക്ക് അഹ്മദ് നബിയുടെ കുടുംബമല്ലാതെ വിഭാഗങ്ങളില്ല. സത്യത്തിന്റെ വഴിയല്ലാതെ മറ്റൊരു വഴിയുമില്ല' എന്ന അര്‍ത്ഥത്തിലുള്ള കവിത ഉള്‍ക്കൊള്ളുന്ന വരികള്‍ പാടിയത് ഇദ്ദേഹമാണ്. ഈ കാവ്യം രചിക്കപ്പെട്ടതിന്റെ സാഹചര്യം ചരിത്രത്തില്‍ ഇങ്ങനെ കാണാം. കുമൈത് തന്റെ പ്രശസ്തിയുടെ ആദ്യ പടികള്‍ ചവിട്ടുന്ന ഘട്ടത്തില്‍ ഫറസ്ദഖിനോട് പറഞ്ഞു: ''ഞാന്‍ ചില വരികള്‍ പാടിയിട്ടുണ്ട്. അത് നല്ലതെങ്കില്‍ ജനങ്ങള്‍ക്കിടയില്‍ പരസ്യപ്പെടുത്താന്‍ നിങ്ങള്‍ അനുവദിക്കുക. മോശമെങ്കില്‍ ഉടനെ മറച്ചുവെക്കാനും നിങ്ങള്‍ പറയണം''. ഫറസ്ദഖ് പാടിത്തുടങ്ങാന്‍ പറഞ്ഞു. (കവിത 15 ചേര്‍ക്കുക) 'ഞാന്‍ ആനന്ദിക്കുകയാണ്. ഏതെങ്കിലും ഒരു സുന്ദരിയോടുള്ള പ്രണയമോ എന്റെ കളികളോ അല്ല എന്നെ ആനന്ദിപ്പിക്കുന്നത്. പ്രേയസ്സി താമസിച്ചു പോയ വീടോര്‍മ്മകളോ നിരയൊത്ത സുന്ദരമായ ദന്ത നിരകളോ ചായം പുരണ്ട കൈകളോ അല്ല എന്നെ ആനന്ദതുന്തിലനാക്കുന്നത്!!' പിന്നെ എന്താണ് നിന്നെ മതിമറന്ന് ആനന്ദിക്കാന്‍ പ്രേരിപ്പിക്കുന്നതെന്ന് ഫറസ്ദഖ് ചോദിച്ചപ്പോള്‍ അദ്ദേഹം വീണ്ടും പാടി: ''മഹത്വങ്ങളും ബുദ്ധികൂര്‍മ്മതയും, ഹവ്വാഇന്റെ സന്തതികളില്‍ ശ്രേഷ്ഠരുമായ ഒരു കുടുംബബത്തോടുള്ള താത്പര്യമാണ് എന്നെ ആഹ്ലാദിപ്പിക്കുന്നത്. നന്‍മയാണല്ലോ തേടിപ്പിടിക്കേണ്ടത്!. സംശുദ്ധരായ അവരോടുള്ള സ്‌നേഹം മുഖേന ഞാന്‍ എന്റെ എല്ലാ വിപത്തുകളില്‍ നിന്നും അല്ലാഹുവോട് അടുത്തു കൊണ്ടിരിക്കുന്നു. നബികുടുംബങ്ങളായ ഹാശിമീ സന്തതികളാണവര്‍. അവര്‍ക്ക് വേണ്ടി ഞാന്‍ കോപിക്കുകയും ഇഷ്ടം വെക്കുകയും ചെയ്തിട്ടുണ്ട്. അവര്‍ക്ക് വേണ്ടി സനേഹത്തിന്റെ ചിറകുകള്‍ ഞാന്‍ താഴ്ത്തിക്കൊടുത്തു. ശക്തമായ ഇരുളിന്റെ അന്ധതയില്‍ അക്രമത്തെ നീതിയായി വിചാരിക്കുന്നവരോട് നീ ചോദിക്കുക 'ഏത് ഗ്രന്ഥത്തിന്റെയും തിരുചര്യയുടേയും പ്രമാണത്തിലാണ് ഈ കുടുംബത്തോട് ഞാന്‍ ഇഷ്ടം വെക്കുന്നത് എനിക്കെതിരെയുള്ള ആക്ഷേപമായി കാണുന്നത്!?.' എനിക്ക് അഹ്മദ് നബിയുടെ കുടുംബമല്ലാതെ വിഭാഗങ്ങളില്ല. സത്യത്തിന്റെ വഴിയല്ലാതെ മറ്റൊരു വഴിയുമില്ല''.
അഹ്‌ലുബൈതിന്റെ കവി എന്നറിയപ്പെടുന്ന അസ്സയ്യിദ് ഇസ്മാഈലുല്‍ ഹിംയരിക്കും നിരവധി കവിതകളുണ്ട്. ഹിജ്‌റ 105ലാണ് അദ്ദേഹം ജനിച്ചത്. അദ്ദേഹം പറയുന്നു: 'അഹ്‌ലുബൈതിനോടുള്ള സ്‌നേഹം ഞങ്ങള്‍ മതത്തിന്റെ ഭാഗമായി കാണുന്നു. അവരെ പ്രിയം വെക്കുന്നവര്‍ക്ക് എല്ലാ നന്‍മകളും സുനിശ്ചിതമാണ്. ഞങ്ങള്‍ ഈ കുടുംബത്തോട് പൂര്‍ണമമായും സ്‌നേഹവും വിധേയത്വവും വെക്കുന്നവരാണ്. അവര്‍ക്ക് പകരം മറ്റാരെയെങ്കിലും തേടിപ്പോകുന്നവര്‍ ഹൗളുല്‍കൗസറിനടുത്ത് എത്തുന്നതിന് പകരം ജഹീമിലേക്കായിരിക്കും പോകുന്നത്'.
മറ്റൊരു സ്ഥലത്ത് ഇപ്രകാരം കാണാം 'എന്റെ നിസ്‌കാരം അവരുടെ മേല്‍ സ്വലാത് ചൊല്ലിയാണ് പൂര്‍ത്തിയാവുന്നത്. അത്തഹിയ്യാത്തില്‍ അവര്‍ക്ക് വേണ്ടി സ്വലാതും പ്രാര്‍ത്ഥനയും നടത്താതെ എന്റെ നിസ്‌കാരം തന്നെ പൂര്‍ണ്ണാവുകയില്ല. സയ്യിദ് എന്ന് ഞാന്‍ വിളിക്കപ്പെടുന്ന കാലത്തോളം എന്റെ സ്‌നേഹവും സഹായവുമെല്ലാം ആത്മാര്‍ത്ഥമായി അവര്‍ക്ക് സമര്‍പ്പിക്കുന്നു. അവരോടുള്ള ആത്മാര്‍ത്ഥ സ്‌നേഹത്തിന്റെ പേരില്‍ ആക്ഷേപിക്കുന്നവര്‍ ബുദ്ധിഭ്രമം സംഭവിക്കാനനര്‍ഹനാണ്'...
Post a Comment