ഇസ്‌ലാമിക ചരിത്രത്തില്‍ ഏറെ ആവേശത്തോടെ വായിക്കാവുന്ന ചരിത്രമാണ് ഉസ്മാനിയാ ഖിലാഫത്തിന്റെ സുവര്‍ണ കാലഘട്ടം. ഹിറാ ഗുഹയില്‍ നിന്ന് പ്രയാണമാരംഭിച്ച് വന്‍ സാമ്രാജ്യങ്ങള്‍ കീഴടക്കി ശാസ്ത്ര കലാ സാഹിത്യ രംഗങ്ങളെല്ലാം കീഴടക്കിയ ഒരു പ്രത്യേയ ശാസ്ത്രത്തിന് ഒരു ഘട്ടത്തില്‍ താര്‍ത്താരികളില്‍ നിന്നും മറ്റും ഏല്‍ക്കേണ്ടി വന്ന ശക്തമായ പ്രഹരം വലിയ ആഘാതമേല്‍പിച്ചു. ആ തളര്‍ച്ചയില്‍ നിന്ന് മുസ്‌ലിം സമൂഹത്തെ തൊട്ടുണര്‍ത്തി ലോകത്തിന്റെ വന്‍കരകളിലെല്ലാം സത്യമതത്തിന്റെ സുന്ദര സന്ദേശം പ്രചരിപ്പിച്ച് ജൈത്രയാത്ര തടുരാന്‍ അവസരമൊരുക്കിയത് ഉസ്മാനിയാ ഖലീഫമാരാണ്. അറുനൂറ് (625)വര്‍ഷം നീണ്ടുനില്‍ക്കുകയും മുപ്പത്തിഏഴ് സുല്‍ത്വാന്‍മാര്‍ അധികാരത്തില്‍ വരികയും ചെയ്ത ഈ ഭരണകൂടം ഇസ്‌ലാമിക സാമ്രാജ്യത്തിന്റെ വിസ്തൃതി വ്യാപിപ്പിക്കുകയും അനേകം നേട്ടങ്ങള്‍ സൃഷ്ടിക്കുകയും ചെയ്തു.
ഹി. 85ല്‍ പ്രബോധകനായി തുര്‍ക്കിസ്താനിലെത്തിയ ഖുതൈബതുബ്‌നു മുസ്‌ലിമിലൂടെയാണ് തുര്‍ക്കികള്‍ ഇസ്‌ലാമിലേക്ക് കടന്നുവരുന്നത്. ഉസ്മാനുബ്‌നുഅര്‍തഗ്‌റലിലേക്ക് ചേര്‍ത്താണ് ഉസ്മാനികള്‍ എന്ന് പറയുന്നത്. ഈ സാമ്രാജ്യം ഉടലെടുത്ത ചരിത്രം തന്നെ കൗതുകകരമാണ്. ഉസ്മാനികളുടെ പിതാമഹനായി അറിയപ്പെടുന്ന സുലൈമാന്‍(തുര്‍ക്കിസ്താനിലെ ഖാബിേഗോതിന്റെ തലവന്‍)കുരിശാക്രമണത്തെ തുടര്‍ന്നു നാടുവിടുമ്പോള്‍ കൊല്ലപ്പെട്ടു. തുടര്‍ന്നു അദ്ദേഹത്തിന്റെ പുത്രന്‍ അര്‍തഗ്‌റല്‍ ബൈസാന്റിയക്കാരുമായി പോരാടുകയായിരുന്ന സുല്‍ത്വാന്‍ അലാഉദ്ദീന്‍ സല്‍ജൂഖിയെ യുദ്ധത്തില്‍ സഹായിച്ചു. ഇതിന് പ്രത്യുപകാരമായി സുല്‍ത്വാന്‍ അലാഉദ്ദീന്‍ ചില പ്രദേശങ്ങളുടെ സ്വതന്ത്രഭരണാധികാരം അര്‍തഗ്‌റലിന് നല്‍കി. ഹി. 687ല്‍(ക്രി. 1288)അര്‍തഗ്‌റല്‍ അന്തരിക്കുകയും പുത്രന്‍ ഉസ്മാന്‍ഖാന്‍ പിന്‍ഗാമിയാവുകയുമുണ്ടായി. ക്രി. 1300ല്‍ സല്‍ജൂഖി ഭരണത്തിന് മംഗോളുകള്‍ അന്ത്യം കുറിച്ചു. സുല്‍ത്വാന്‍ അലാഉദ്ദീന്‍ കൊല്ലപ്പെടുകയും ചെയ്തു. ശേഷം ഉസ്മാന്‍ഖാന്‍ ഒരു സ്വതന്ത്ര്യഭരണം സ്ഥാപിച്ചു. ഇതാണ് അദ്ദൗലതുല്‍ഉസ്മാനിയ്യ, സ്വല്‍ത്വനത് ഉസ്മാനിയ്യ എന്ന പേരിലറിയപ്പെടാന്‍ തുടങ്ങിയത്.
ഇത്രയും നീണ്ടകാലം ഈ ഭരണസംവിധാനം നിലനില്‍ക്കുന്നതിന് സുപ്രധാനമായ ഒരുപാട് ഘടകങ്ങള്‍ ഒത്തുചേര്‍ന്നിട്ടുണ്ട്. രാഷ്ട്രീയവും ഭരണപരവും സൈനികവുമായ കെട്ടുറപ്പുള്ള അടിത്തറ തന്നെയാണ് പ്രധാന ഘടകം. അക്കാലത്തെ സമ്പ്രദായമനുസരിച്ച് രാജഭരണം സ്വീകരിച്ച ഭരണകൂടത്തില്‍ ചക്രവര്‍ത്തി തന്നെയായിരുന്നു പരമാധികാരിയെങ്കിലും സല്‍ത്വനത്തിന്റെ നിയമങ്ങള്‍ക്കദ്ദേഹം വിധേയനായിരുന്നു. രാജാവ് കഴിഞ്ഞാല്‍ പ്രധാനമന്ത്രിക്കും പിന്നെ ശൈഖുല്‍ ഇസ്‌ലാമിനുമായിരുന്നു സ്ഥാനം. പ്രഗത്ഭ പണ്ഡിതരില്‍ നിന്ന് ചക്രവര്‍ത്തി നേരിട്ട് തിരഞ്ഞെടുക്കപ്പെടുന്ന വ്യക്തി തന്നെയാണ് ശൈഖുല്‍ഇസ്‌ലാമെങ്കിലും അദ്ദേഹത്തിന്റെ ഫത്‌വക്ക് എതിരായ യാതൊരു തീരുമാനവും നടപ്പിലാക്കപ്പെട്ടിരുന്നില്ല. അത്‌കൊണ്ട് തന്നെ ചക്രവര്‍ത്തിമാരുടെ സ്വേഛാധിപത്യം നിയന്ത്രിക്കാന്‍ ഒരു പരിധിവരെ ഇത് സഹായകമായി.
സുല്‍ത്വാന്‍ അഹ്‌മദ് ഒന്നാമന്റെ കാലത്ത് സിംഹാസനം മൂത്ത രാജകുമാരന് അവകാശപ്പെട്ടതാണെന്നും അയാളുടെ കാലത്ത് മറ്റാര്‍ക്കും അതിന് അവകാശമില്ലെന്നും അനുശാസിക്കുന്ന നിയമം പ്രാബല്യത്തില്‍ വരുത്തിയത് കാരണം ഇതര മുസ്‌ലിം രാജ്യങ്ങളിലുണ്ടായിരുന്ന പോലെ അധികാരത്തിനു വേണ്ടിയുള്ള വടംവലികള്‍ ഉസ്മാനിയാ ഖിലാഫതില്‍ കാണാവതല്ല. സല്‍ത്വനതിന്റെ നാല് സ്തംഭങ്ങള്‍(1-മന്ത്രിമാര്‍, 2-നീതിന്യായം, 3-രജിസ്ട്രാര്‍, 4-ധനമന്ത്രി) ഭരണകൂടത്തെ ഭദ്രമായി നിലനിര്‍ത്തുന്നതില്‍ പ്രധാന പങ്ക് വഹിച്ചിട്ടുണ്ട്. 'യനീചുരി'എന്നറിയപ്പെടുന്ന വ്യവസ്ഥപിതവും സുസജ്ജവുമായ സൈന്യമാണ് മറ്റൊരു പ്രധാന ഘടകം. തുര്‍ക്കികളുടെ കരസൈന്യവും നാവികസൈന്യവും അക്കാലത്ത് വ്യവസ്ഥാപിതമായ ലോകത്തെ ഏക സൈനികവ്യൂഹങ്ങളാണ്. അത്‌കൊണ്ടാണ് മറ്റു രാഷ്ട്രങ്ങളെല്ലാം തകര്‍ന്നടിഞ്ഞപ്പോഴും തുര്‍ക്കി സാമ്രാജ്യത്തിന് ഇത്രയേറെക്കാലം പിടിച്ചുനില്‍ക്കാന്‍ കഴിഞ്ഞതും.
നിയമത്തിന്റെ കെട്ടുറപ്പാണ് മറ്റൊരു പ്രധാനഘടകം. ചക്രവര്‍ത്തിയെ ഉപദേശിക്കുന്നതിന് 'ബാബുല്‍ആലി'എന്ന പേരില്‍ ഒരു സമിതിയുണ്ടായിരുന്നു. യോഗ്യരായ ആളുകള്‍ മാത്രമുള്ള ഈ സമിതിയാണ് സത്യത്തില്‍ ഭരണത്തിന്റെ കടിഞ്ഞാണ്‍ നിയന്ത്രിച്ചിരുന്നത്. ഒഴിവുദിവസങ്ങള്‍ക് പുറമെ നിത്യവും പ്രഭാതത്തില്‍ ചക്രവര്‍ത്തിയുടെ അദ്ധ്യക്ഷതയില്‍ യോഗം ചേര്‍ന്ന് കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാറുണ്ട്.
ഇതിനേക്കാളുപരി ഉസ്മാനീ സല്‍ത്വനത്തിന്റെ കെട്ടുറപ്പിനും ദീര്‍ഘായുസ്സിനും ഏറ്റവും വലിയ കാരണം തുര്‍ക്കികളുടെ സ്വഭാവവൈശിഷ്ട്യമാണ്. സാഹസികരും ത്യാഗസന്നദ്ധരുമായിരുന്നതോടൊപ്പം ലാളിത്യം ഇഷ്ടപ്പെടുന്നവരായിരുന്നു അവര്‍. മനുഷ്യനെ സുഖലോലുപനും സ്വാര്‍ത്ഥനുമാക്കുന്ന ആര്‍ഭാടങ്ങളോട് അവര്‍ക്ക് തീരെ താത്പര്യമില്ലായിരുന്നു. മദ്യപാനം, ചൂതാട്ടം, നിര്‍ലജ്ജത തുടങ്ങിയ തിന്‍മകളില്ലാതിരുന്ന തുര്‍ക്കികളുടെ സ്വഭാവ വൈശിഷ്ട്യത്തെ കുറിച്ച് അമുസ്‌ലിം ചരിത്രകാരന്‍മാര്‍ പോലും മുക്തകണ്ഢം പ്രശംസിച്ചിട്ടുണ്ട്.
നാല് നൂറ്റാണ്ടുകാലം പരാജയമറിയാതെ പുരോഗതിയിലേക്ക് കുതിച്ചുപായാന്‍ ഉസ്മാനികളെ സഹായിച്ച പ്രധാന ഘടകങ്ങളാണ് മുകളില്‍ സൂചിപ്പിച്ചത്. പക്ഷെ, പിന്നീടുള്ള കാലങ്ങളില്‍ ഇതില്‍ പലതും നഷ്ടപ്പെട്ടപ്പോള്‍ തുര്‍ക്കികളുടെ പ്രതാപവും ഇല്ലാതെയായി. അവര്‍ പിന്നീട് പരാജയം രുചിച്ചു ക്ഷയോന്മുഖരായിതുടങ്ങി. അവസാനം ഇസ്‌ലാമിക ഖിലാഫതും ഖലീഫയും എല്ലാം തൂത്തറിയപ്പെടുന്ന ദയനീയ രംഗം വരെ നമുക്ക് കാണേണ്ടി വന്നു. ആ ദുരന്തത്തിലേക്ക് ഈ ഭരണകൂടത്തെ വഴിനടത്തിയ കാരണങ്ങള്‍, അത് വഴി ഉണ്ടായ പരിണിതഫലങ്ങള്‍ എന്നിവയെക്കുറിച്ചുള്ള ചെറിയൊരു അന്വേഷണമാണീ കുറിപ്പ്.
ഉസ്മാനീ ഖിലാഫതിന്റെ പതനകാരണങ്ങള്‍
യൂറോപ്പിലും ഏഷ്യയിലും വന്‍വിജയങ്ങള്‍ നേടുകയും ഇസ്‌ലാം കടന്നു ചെന്നിട്ടില്ലാത്ത പ്രദേശങ്ങളില്‍ ഇസ്‌ലാമിന്റെ പതാക പറപ്പിക്കുകയും ചെയ്ത ഉസ്മാനികള്‍ക്ക് നാല് നൂറ്റാണ്ടുകള്‍ക്ക് ശേഷം പരാജയം സംഭവിക്കാന്‍ തുടങ്ങി. തങ്ങളുടെ രാഷ്ട്രത്തിനും ഭരണത്തിനും ഭദ്രത നല്‍കിയിരുന്ന എല്ലാ ഘടകങ്ങളും ഇല്ലാതെയാവുന്നതോടുകൂടിയാണ് രാഷ്ട്രം തകര്‍ച്ചയിലേക്ക് ആപതിക്കാന്‍ തുടങ്ങിയത്. ചരിത്രവായനയില്‍ നിന്ന് നമുക്കിത് വേഗത്തില്‍ ഗ്രഹിച്ചെടുക്കാന്‍ സാധിക്കും.
ഏതൊരു രാഷ്ട്രത്തിന്റെയും സമൂഹത്തിന്റെയും പുരോഗതിയും ഭദ്രതയും ആ സമൂഹം സ്വീകരിക്കുന്ന ഭൗതികവും ആത്മീയവുമായ നിലപാടുകള്‍ക്കനുസരിച്ചായിരിക്കും. ഖുര്‍ആന്‍ പറയുന്നു: '(ആ)നാട്ടിലുള്ളവര്‍ വിശ്വസിക്കുകയും സൂക്ഷ്മത പാലിക്കുകയും ചെയ്തിരുന്നെങ്കില്‍ ആകാശത്ത് നിന്നും ഭൂമിയില്‍ നിന്നും നാം അവര്‍ക്ക് അനുഗ്രഹങ്ങള്‍ തുറന്ന് കൊടുക്കുമായിരുന്നു. പക്ഷെ, അവര്‍ നിഷേധിച്ചു തള്ളുകയാണുണ്ടായത്. അപ്പോള്‍ അവര്‍ ചെയ്ത് വെച്ചതിന്റെ ഫലമായി നാം അവരെ പിടികൂടി. എന്നാല്‍ ആ നാടുകളിലുള്ളവര്‍ക്ക് അവര്‍ രാത്രിയില്‍ ഉറങ്ങിക്കൊണ്ടിരിക്കെ നമ്മുടെ ശിക്ഷ വന്നെത്തുന്നതിനെപ്പറ്റി അവര്‍ നിര്‍ഭയരായിരിക്കുകയാണോ!?. ആ നാടുകളിലുള്ളവര്‍ക്ക് അവര്‍ പകല്‍ സമയം കളിച്ചു നടക്കുന്നതിനിടയില്‍ നമ്മുടെ ശിക്ഷ വന്നെത്തുന്നതിനെപ്പറ്റിയും അവര്‍ നിര്‍ഭയരാണോ!?'(അഅ്‌റാഫ് 96-98).
ഓട്ടോമന്‍ സാമ്രാജ്യത്തിന്റെ ചരിത്രം വായിച്ചാല്‍ ഇത് നമുക്ക് വ്യക്തമായി ബോധ്യമാവുന്നതാണ്. അല്ലാഹുവിനെ പേടിക്കുകയും തഖ്‌വയോടെ ജീവിക്കുകയും ചെയ്ത ചക്രവര്‍ത്തിമാര്‍ ഭരണം നടത്തിയിരുന്ന കാലത്ത് വിജയം വരിക്കാനും ശത്രുവിനെ തുരത്തുവാനും യാതൊരു പ്രയാസവുമുണ്ടായിരുന്നില്ല. എന്നാല്‍ എല്ലാം മറന്ന് ഭൗതികതയില്‍ രമിക്കാന്‍ തുടങ്ങിയപ്പോള്‍ അവര്‍ പരാജയം നേരിടാന്‍ തുടങ്ങി. ഉസ്മാനുബ്‌നുഅര്‍തഗ്‌റല്‍ സമ്പത്തിനോട് തീരെ താത്പര്യം കാണിക്കാത്തവനായിരുന്നു. സമരാര്‍ജ്ജിത സ്വത്ത് പോലും അനാഥകളുടേയും പാവപ്പെട്ടവരുടേയും വിഹിതം കഴിഞ്ഞ് യോദ്ധാക്കള്‍ക്കിടയില്‍ വിതരണം ചെയ്യുകയാണദ്ദേഹം ചെയ്തത്. പിതാവിനെപ്പോലെ ലാളിത്യത്തിനുടമയായ ആര്‍ഖാന്‍ മഹാന്‍മാരായ നിരവധി പണ്ഢിതരെ തന്റെ കൂടെ താമസിപ്പിക്കുകയും പാവപ്പെട്ടവര്‍ക്ക് സ്വന്തം കൈകൊണ്ട് റൊട്ടിയും കറിയും വിതരണം ചെയ്യുകയും ചെയ്തിരുന്നു. ഏതൊരു രാജ്യം കീഴടക്കിയാലും ആദ്യമായി അവിടെ പള്ളികളും ആശുപത്രികളും മദ്രസകളും സത്രങ്ങളും നിര്‍മിക്കുകയും, വര്‍ഷം തോറും ആയിരം അഷ്‌റഫി സ്വര്‍ണനാണയം മതനേതാക്കള്‍ക്കും രണ്ടായിരത്തിഅഞ്ഞൂറ് അശ്‌റഫി മക്ക, മദീന ബൈതുല്‍മഖ്ദിസ് എന്നിവടങ്ങളിലെ ഭക്തന്മാര്‍ക്കും നല്‍കിയിരുന്ന ചക്രവര്‍ത്തിയായിരുന്നു മുറാദ് രണ്ടാമന്‍.
അനീതി കാണിച്ചവര്‍ സ്വന്തക്കാരണങ്കില്‍ പോലും നടപെടിയെടുക്കാന്‍ മാത്രം നീതിബോധമുള്ളവര്‍ അവരിലുണ്ടായിരുന്നു. നാല്‍പത്തിയെട്ട് വര്‍ഷം ഭരിച്ച് ഉസ്മാനീ ഭരണത്തെ അതിന്റെ ഉച്ചിയിലെത്തിച്ച സുലൈമാന്‍ ഖാനൂനിയുടെ ഒരു സംഭവം ഒരുദാഹരണം മാത്രം. സ്വന്തം ജാമാതാവായിരുന്ന ഫര്‍ഹാദ് പാഷ പ്രവിശ്യാ ഭരണാധികാരിയായിരിക്കെ ജനങ്ങളോട് അതിക്രമം കാണിക്കുകയും കൈകൂലി വാങ്ങുകയും ചെയ്തുവെന്ന കാര്യം അറിഞ്ഞപ്പോള്‍ ഉടനെ അദ്ദേഹത്തെ പിരിച്ചുവിട്ടു. സ്വന്തം മകളുടെ അര്ര്‍ത്ഥന പ്രകാരം വീണ്ടും ഗവര്‍ണറായി നിയമിച്ചപ്പോള്‍ പാഷ വീണ്ടും പഴയപടി തുടര്‍ന്നു. വിവരമറിഞ്ഞയുടനെ പിരിച്ചുവിടുന്നതിന് പകരം സ്വന്തം മരുമകനായിട്ടുപോലും വധിച്ചുകളയുകയാണ് ചെയ്തത്. യൂറോപ്പിലും ഏഷ്യയിലും നിരവധി വിജയങ്ങള്‍ കൊയ്‌തെടുത്ത ഇദ്ദേഹത്തെ പാശ്ചാത്യ ചരിത്രകാരന്‍മാര്‍ 'ദി മാഗ്നിഫിഷന്റ്'എന്നും ഭരണ നിയമങ്ങളും വ്യവസ്ഥകളും ചിട്ടപ്പെടുത്തിയ ഭരണാധികാരിയെന്ന നിലയില്‍ സുലൈമാന്‍ ഖാനൂനിയെന്നുമാണറിയപ്പെടുന്നത്.
പടക്കളത്തില്‍ മിന്നല്‍പിണര്‍ പോലെ ശീഘ്രമായി പടവെട്ടിയിരുന്ന സുല്‍ത്വാന്‍ ബായസീദ് രാഷ്ട്രത്തിന്റെ വിസ്തൃതി വിശാലമാക്കുന്നതില്‍ സുപ്രധാന പങ്ക് വഹിച്ചവരാണ്. ഒരു പ്രശ്‌നത്തില്‍ ഖാളീ ശംസുദ്ദീന്‍ ഹംസതുല്‍ഫന്നാരിയുടെ സന്നിധിയില്‍ സാക്ഷി നില്‍ക്കാന്‍ സുല്‍ത്വാന്‍ നേരിട്ട് സന്നിഹിതനായപ്പോള്‍ അങ്ങയുടെ സാക്ഷ്യം ഞാന്‍ സ്വീകരിക്കുകയില്ലെന്ന് മുഖത്ത് നോക്കി പറഞ്ഞു. കാരണമന്വേഷിച്ചപ്പോള്‍ 'താങ്കള്‍ നിസ്‌കാരങ്ങള്‍ ജമാഅത്തായി നിര്‍വഹിക്കാറില്ല' എന്നാണ് ഖാളി പറഞ്ഞത്. ഉടനെ തന്റെ കൊട്ടാരസമീപം ഒരു പള്ളി നിര്‍മ്മിക്കുകയും ശേഷം ഒരു ജമാഅത്ത് പോലും നഷ്ടപ്പെടാതെ നിസ്‌കാരം നിലനിര്‍ത്താന്‍ ശ്രദ്ധിക്കുകയും ചെയ്തു. ഇത്രമാത്രം ദൈവഭക്തി സൂക്ഷിച്ചവരായിരുന്നു ആദ്യകാല ചക്രവര്‍ത്തിമാര്‍.
എന്നാല്‍ സമ്പത്ത് കുന്ന് കൂടുകയും സൗകര്യങ്ങള്‍ വര്‍ദ്ധിക്കുകയും സാമ്രാജ്യം വികസിക്കുകയും ചെയ്തപ്പോള്‍ സുല്‍ത്വാന്‍മാരുടെ ആത്മാര്‍ത്ഥത കുറയാന്‍ തുടങ്ങി. നേരത്തെ യുദ്ധക്കളത്തിലിറങ്ങി മുന്നണിയില്‍ നിലയുറപ്പിച്ചു സൈനികനേതൃത്വം നല്‍കിയിരുന്നവര്‍ സേനാനായകന്‍മാരെ ദൗത്യമേല്‍പിച്ച് യുദ്ധം സുന്ദരിമാരോടൊത്ത് കൊട്ടാരത്തില്‍ രമിക്കുകയായി. ഭരണത്തിന്റെ സുപ്രധാന വകുപ്പുകള്‍ മന്ത്രിമാരെ ഏല്‍പിച്ചു ചക്രവര്‍ത്തിമാര്‍ വിശ്രമിക്കാന്‍ തുടങ്ങി. ഈ മന്ത്രിമാരാണെങ്കില്‍ ഉസ്മാനീ രക്തത്തില്‍ പിറക്കാത്ത നവ മുസ്‌ലിംകളോ ഇസ്‌ലാം സ്വീകരിച്ചെന്ന് അഭിനയിച്ചിരുന്ന ക്രിസ്തുവിഭാഗമോ ആയിരുന്നു.
സുല്‍ത്വാന് നിയമോപദേശങ്ങള്‍ നല്‍കാന്‍ വേണ്ടി രൂപീകരിക്കപ്പെട്ട മജ്‌ലിസിന്റെ യോഗങ്ങള്‍ ആദ്യകാലങ്ങളിലെല്ലാം ചക്രവര്‍ത്തി തന്നെയാണ് നിയന്ത്രിച്ചിരുന്നത്. പിന്നീടത് പ്രധാനമന്ത്രിയുടെ നിയന്ത്രണത്തിലായി. സുലൈമാന്‍ ഖാനൂനിക്ക് ശേഷമുള്ളവര്‍ക്ക് ഈ ചര്‍ച്ചയുമായി യാതൊരു ബന്ധവുമില്ലാത്ത അവസ്ഥയിലെത്തി. ഈ ബന്ധവിഛേദം ഭരണകൂടത്തിന്റെ തകര്‍ച്ചയുടെ പ്രധാനകാരണമായി ചരിത്രകാരന്‍മാര്‍ രേഖപ്പെടുത്തിയിട്ടുണ്ട്.
സുല്‍ത്വാന്‍ അഹ്‌മദ് മൂന്നാമന്റെ കാലത്ത് റഷ്യ തങ്ങളെ അക്രമിക്കുമെന്ന് മനസ്സിലാക്കിയ ഉസ്മാനികള്‍ ബല്‍തജീ മുഹമ്മദ് ബാഷയുടെ നേതൃത്വത്തില്‍ രണ്ട്‌ലക്ഷം പട്ടാളക്കാരെ അവര്‍ക്കുനേരെ അയച്ചു. അവര്‍ റഷ്യന്‍ ചക്രവര്‍ത്തിയേയും പത്‌നി കാതറീനയേയും ഉപരോധിച്ചു. പിടിയിലാകുമെന്ന് ഉറപ്പായപ്പോള്‍ തന്റെ മുഴുവന്‍ രത്‌നാഭരണങ്ങളും ബാഷക്ക് മുന്നില്‍ സമ്മാനിച്ചു രക്ഷപ്പെട്ടു എന്ന് ചിലചരിത്രകാരന്‍മാര്‍ വിവരിക്കുന്നുണ്ട്. പിന്നീട് ഈ റഷ്യ തന്നെയാണ് മുസ്‌ലിം ഭരണകൂടത്തെ നിശ്കാസനം ചെയ്യുന്നതില്‍ മുഖ്യ പങ്ക് വഹിച്ചത്.
ഉസ്മാനീ സല്‍ത്വനതിന്റെ പ്രധാന ശക്തി സ്രോതസ്സായിരുന്ന സൈനികരുടെ അച്ചടക്കരാഹിത്യമാണ് സാമ്രാജ്യത്തെ കൂപ്പുകുത്തിച്ച മറ്റൊരു ഘടകം. ഹി. 49മുതല്‍ കീഴടക്കാന്‍ ശ്രമമാരംഭിച്ച കോണ്‍സ്റ്റാന്‌റിനോപ്പിള്‍ പോലും മുസ്‌ലിം സമൂഹത്തിന് കീഴടക്കിത്തന്നത് ഉസ്മാനീ ഖിലാഫത്തിലെ ഏഴാം ഖലീഫ മുഹമ്മദുല്‍ഫാതിഹിന്റെ കാലത്താണ്. ഇങ്ങനെ നിരവധി ചരിത്രനേട്ടങ്ങള്‍ക്ക് ധീരമായി പ്രവര്‍ത്തിച്ച സൈന്യവും പിന്നീട് നേരിന്റെ മാര്‍ഗത്തില്‍ നിന്ന് വ്യതിചലിക്കുകയും പണത്തിന് വേണ്ടി ജീവിക്കുന്നവരും തീരെ ആത്മാര്‍ത്ഥതയില്ലാത്തവരുമായി മാറി.
സുല്‍ത്വാന്‍ മുഹമ്മദിന്റെ മകന്‍ ബായസീദ് സ്ഥാനമേറ്റെടുക്കുമ്പോള്‍ സ്ഥാനാരോഹണച്ചടങ്ങിനോടനുബന്ധിച്ച് പട്ടാളക്കാര്‍ക്ക് പാരിതോഷികങ്ങള്‍ വേണമെന്നവര്‍ ശഠിച്ചു. ഇത് പിന്നീട് ഒരു സമ്പ്രദമായി പരിണമിക്കുകയും വലിയ നാശത്തിലേക്ക് നയിക്കുകയും ചെയ്തു. സുല്‍ത്വാന്‍ സുലൈമാന്റെ കാലശേഷം മകന്‍ സലീം രണ്ടാമന്‍ അധികാരമേല്‍ക്കുന്ന ദിവസം പട്ടാളക്കാര്‍ പതിവനുസരിച്ച് പാരിതോഷികങ്ങള്‍ ആവശ്യപ്പെടുകയും വിസമ്മതിച്ച സുല്‍ത്വാന്റെ സന്നിധിയില്‍ അവര്‍ മര്യാദരഹിതരായി പെരുമാറിയപ്പോള്‍ അവരുടെ ആവശ്യം അംഗീകരിക്കാന്‍ അദ്ദേഹം നിര്‍ബന്ധിതനാവുകയുമുണ്ടായി. സാമ്രാജ്യത്തിന്റെ അഭിമാനമായിരുന്ന ഇന്‍കിശാരിയ സൈന്യം അച്ചടക്കരാഹിത്യം മൂത്ത് സുല്‍ത്വാന്‍മാരെ ധിക്കരിക്കുകയും അവരില്‍ ചിലരെ നിഷ്ഠൂരമായി കൊലപ്പെടുത്തുകയും ചെയ്തു.
തങ്ങള്‍ക്ക് കൂടുതല്‍ പണം നല്‍കുന്നവരെ മന്ത്രിമാരും ഉദ്യോഗസ്ഥരുമാക്കാനും അതിന് വഴങ്ങാത്തവരെ സ്ഥാനഭ്രഷ്ഠരാക്കുകയും വധിക്കുകയും ചെയ്തു. പതിനാല് വര്‍ഷം ഭരിച്ച് ഹി. 1026ന് അന്തരിച്ച അഹ്‌മദിന് ശേഷം അധികാരത്തില്‍ വന്ന സഹോദരന്‍ മുസ്ത്വഫയെ മൂന്ന് മാസം കഴിഞ്ഞപ്പോള്‍ സൈന്യം പിരിച്ച്‌വിട്ടു. അഹ്‌മദിന്റെ മൂത്ത പുത്രന്‍ ഉസ്മാനെ തല്‍സ്ഥാനത്ത് നിയോഗിച്ചു. പക്ഷെ, പോരാട്ടരംഗങ്ങളില്‍ ആലസ്യം കാണിച്ച ഇന്‍കിശാരിയ പിരിച്ച് വിട്ട് പുതിയ സൈന്യം സ്ഥാപിക്കാനുള്ള ശ്രമമുണ്ടെന്ന് മണത്തറിഞ്ഞ സൈന്യം തങ്ങള്‍ അധികാരത്തിലേറ്റിയ സുല്‍ത്വാനെ സ്ഥാനഭ്രഷ്ടനാക്കുക മാത്രമല്ല, കൊട്ടാരത്തില്‍ കുടുംബാഗങ്ങള്‍ക്കിടയില്‍ നിന്ന് വലിച്ചിഴച്ച് കൊണ്ട് പോയി നിഷ്ഠൂരമായി കൊലപ്പെടുത്തി. തങ്ങള്‍ പിരിച്ച് വിട്ടിരുന്ന മുസ്ത്വഫയെത്തന്നെ അധികാരത്തിലേറ്റി. ഇതിന് ശേഷം ഭരണം ഇവരുടെ കയ്യിലെ കളിപ്പാവയായി മാറി. മുറാദ് നാലാമന് ശേഷം അധികാരത്തില്‍ വന്ന സുല്‍ത്വന്‍ ഇബ്‌റാഹീമിനെ ശ്വാസം മുട്ടിച്ചാണവര്‍ കൊലപ്പെടുത്തിയത്. സുലൈമാന്‍ രണ്ടാമന്റെ കാലത്ത് സൈനിക നേതാക്കളെ വധിക്കുകയും പ്രധാനമന്ത്രിയെ തടങ്കലിലാക്കി വധിക്കുകയും ഭാര്യമാരെ തട്ടിക്കൊണ്ടുപോവുകയും ചെയ്തു. സൈനിക അരാചകത്വം മുസ്‌ലിംകളുടെ ശത്രുക്കള്‍ ഉപയോഗപ്പെടുത്തുകയും നിരവധി സ്ഥലങ്ങള്‍ തിരിച്ചുപിടിക്കുകയും ചെയ്തു. സുല്‍ത്വാന്‍ മുറാദിന്റെ കാലത്തും മുഹമ്മദ് പാഷാ കൊപ്രീലിയും മകന്‍ അഹ്‌മദ് കൊപ്രീലിയും പ്രധാനമന്ത്രിയുമായ കാലത്താണ് സൈന്യത്തെ ഏറെക്കുറെ നിയന്ത്രിക്കാനായത്. ശേഷം സുല്‍ത്വാന്‍ മഹ്‌മൂദ് ഇന്‍കിശാരിയ പിരിച്ചുവിടുകയും തുര്‍ക്കി സൈന്യം പുന:സംഘടിപ്പിക്കുകയും ചെയ്തു.
Post a Comment