.



ഫിഖ്ഹും തസ്വവ്വുഫും ശരീഅത്തിന്റെ പൂരകങ്ങള്‍ 

തസ്വവ്വുഫിനെക്കുറിച്ച് നിരവധി ആരോപണങ്ങള്‍ നമുക്ക് കേള്‍ക്കാന്‍ സാധിക്കും. തസ്വവ്വുഫ് ഇസ്‌ലാമില്‍ ഇല്ലാത്തതും ചിലര്‍ ഉദരപൂരണത്തിന് വേണ്ടി നിര്‍മ്മിച്ചതുമാണെന്നാണ് ഒരാരോപണം. വിശുദ്ധ ഖുര്‍ആനിലോ സുന്നത്തിലോ ഇതിന് അടിസ്ഥാനമില്ലായെന്നും മുന്‍കാമികളാരും സൂഫികളായി അറിയപ്പെട്ടിരുന്നില്ലയെന്നും അവര്‍ തട്ടിവിടുന്നു. നാമോല്‍പത്തിയിലെ അഭിപ്രായാന്തരങ്ങള്‍ തങ്ങളുടെ വാദത്തിന്  തെളിവായി അവര്‍ പിടിക്കാറുണ്ട്. സൂഫികളുടെ ഗ്രന്ഥങ്ങള്‍ ശരീഅത്തിന് വിരുദ്ധമായ നിരവധി കാര്യങ്ങള്‍ കൊണ്ട് നിറഞ്ഞതാണെന്നാണ് മറ്റൊരു ആക്ഷേപം. ശരീഅത്തിന് വിരുദ്ധമായ ജീവിതമാണ് ഈ ശാസ്ത്രവക്താക്കളുടേതെന്ന് ഉന്നയിക്കുന്നവരുമുണ്ട്.

ഉപര്യുക്ത കാര്യങ്ങള്‍ എത്രമാത്രം വാസ്തവമാണെന്ന് നമുക്ക് പരിശോധിക്കാം. തസ്വവ്വുഫ് ഇസ്‌ലാമില്‍ പരിചിതമല്ലാത്ത പുതിയ കാര്യമാണെന്ന പ്രഥമവും മുഖ്യവുമായ ആരോപണം തീരെ സത്യത്തോട് നിരക്കുന്നതല്ലയെന്ന് മനസ്സിലാക്കാന്‍ കൂടുതല്‍ ചിന്തിക്കേണ്ടിവരില്ല. ഇസ്‌ലാം എന്നത് ആരാധനയും വഴിപ്പെടലുമാകുന്നു. ഈമാനാകട്ടെ വിശ്വാസവും പ്രകാശവും. ഇഹ്‌സാന്‍ എന്നത് ദൈവിക നിരീക്ഷണത്തിന്റെയും ദൃക്‌സാക്ഷ്യത്ത്യന്റെയും പദവിയാണ്. ഇത് മൂന്നും കൂടിയാല്‍ മാത്രമേ ദീന്‍ പരിപൂര്‍ണ്ണമായി ഉള്‍കൊണ്ട യഥാര്‍ത്ഥ മുസ്‌ലിമാവുകയുള്ളു. അപ്പോള്‍ ആധ്യാത്മികശാസ്ത്രം ദീനില്‍പെട്ടതുതന്നെ. 
ഇബ്‌നുഖല്‍ദൂന്‍ തന്റെ മുഖദ്ദിമയില്‍ തസ്വവ്വുഫിനെക്കുറിച്ച് വിവരിക്കുന്നിടത്ത് പറയുന്നു: ''ഇസ്‌ലാമില്‍ വഴിയെ ഉണ്ടായ ജ്ഞാനശാഖകളില്‍ പെട്ടതാണ് ഇത്. സൂഫികളായ ആളുകളുടെ ത്വരീഖത്ത്, മുസ്‌ലിം ഉമ്മത്തിലെ മുന്‍കാമികളും നമുന്നതരുമായ സ്വഹാബത്തിന്റെയും താബിഉകളുടെയും പിന്നീടുള്ളവരുടെയും നേര്‍മാര്‍ഗ്ഗത്തിന്റെയും സത്യത്തിന്റെയും ഥരീഖത്ത് തന്നെയാകുന്നു എന്നതാണതിന്റെ അടിത്തറ. രണ്ടാം നൂറ്റാണ്ടിലും അതിനു ശേഷവുമായി ഭൗതികതയോടുള്ള ആഭിമുഖ്യം സാര്‍വത്രികമാവുകയും ജനങ്ങള്‍ ഐഹിക ജീവിതത്തോട് ഇഴകിച്ചേരുകയുമുണ്ടായി. ഈ പശ്ചാതലത്തിലാണ് ആരാധനാ നിമഗ്നരായ ആളുകള്‍ക്ക് സ്വൂഫികള്‍ എന്ന സവിശേഷനാമം ലഭിച്ചത്''(മുഖദ്ദിമ).

തസ്വവ്വുഫ് എന്ന നാമത്തിന്റെ ഉല്‍പത്തിയെപ്പറ്റിയാണ് ഇബ്‌നുഖല്‍ദൂന്‍ സൂചിപ്പിക്കുന്നത്. ഹാജിഖലീഫ, ജ്ഞാനശാഖകളെയും പണ്ഡിതരെയും പരിചയപ്പെടുത്തുന്ന കശ്ഫുള്ളുനൂനില്‍ പറയുന്നു''നബിതിരുമേനിയുടെ വഫാത്തിനുശേഷം മുസ്‌ലിംകള്‍ തങ്ങളുടെ കൂട്ടത്തിലെ സമുന്നതരായ വ്യക്തികള്‍ക്ക് പ്രത്യേക വൈജ്ഞാനിക നാമങ്ങളൊന്നും നല്‍കിയിരുന്നില്ല. നബിയോടുള്ള സമ്പര്‍ക്കം സൂചിപ്പിക്കുന്ന സ്വഹാബി എന്ന പേരിലാണവര്‍ അറിയപ്പെട്ടത്. പിന്നീട് ആളുകള്‍ ഭിന്നിച്ചപ്പോള്‍ ശക്തമായ മതനിശ്ഠയുള്ള സവിശേഷ വ്യക്തികള്‍ പരിത്യാഗികള്‍, ആരാധകര്‍ എന്നൊക്കെ അറിയപ്പെടാന്‍ തുടങ്ങി. പിന്നീട് പുത്തന്‍ ചിന്താഗതികള്‍ മുളപൊട്ടാന്‍ തുടങ്ങിയപ്പോള്‍ ഭിന്നവിഭാഗങ്ങള്‍ക്കിടയില്‍ പിടിവലികള്‍ നടക്കുകയും ഓരോ വിഭാഗവും തങ്ങളുടെ കൂടെ പരിത്യാഗികളുണ്ടെന്ന് വാദിക്കുകയുമുണ്ടായി. തത്സമയം അല്ലാഹുവുമായി കൂടുതല്‍ സമ്പര്‍ക്കം പുലര്‍ത്തകയും സത്യമാര്‍ഗ്ഗത്തില്‍ നിന്ന് അശ്രദ്ധ കൊണ്ടെങ്കിലും  വീഴ്ച വന്നുപോകുന്നതിനെ കുറിച്ച് നിതാന്ത ജാഗ്രത പുലര്‍ത്തിയിരുന്നവരുമുണ്ടായിരുന്നു. തസ്വവ്വുഫിന്റെ പേരിലാണവര്‍ അറിയപ്പെട്ടത്. ഹിജ്‌റ ഇരുന്നൂറാമാണ്ടിനു മുമ്പ് തന്നെ ഇവര്‍ പ്രസ്തുത നാമത്തില്‍ അറിയപ്പെട്ടിരുന്നു(കശ്ഫുള്ളുനൂന്‍). നബിയുടേയും സ്വഹാബികളുടേയും കാലത്ത് ഈ പേര് നിലവിലുണ്ടായിരുന്നില്ലയെന്നത് തസ്വവ്വുഫ് പിഴച്ചതാണെന്നതിന് തെളിവല്ലയെന്ന് ചുരുക്കം. നഹ്‌വ്, സ്വര്‍ഫ്, ഫിഖ്ഹ് തുടങ്ങി എല്ലാ ജ്ഞാനശാഖകളുടെയും പേരുകള്‍ കാലക്രമേണ രൂപപ്പെട്ടതാണെന്നതില്‍ ആര്‍ക്കും തര്‍ക്കമില്ലല്ലോ.
സൂഫികള്‍ ശരീഅത്ത് വിരുദ്ധരായിട്ടാണ് ചരിക്കുന്നതെന്നും, മദ്ഹബിന്റെ ഇമാമുകളാരും സൂഫികളായിരുന്നില്ലയെന്നുമാണ് രണ്ടാമത്തെ സുപ്രധാന ആരോപണം. നടേ പരാമര്‍ശിക്കപ്പെട്ട നാല് മദ്ഹബിന്റെ ഇമാമുകളുടെ നിലപാടുകളില്‍ നിന്ന് തസ്വവ്വുഫുമായി അവര്‍ക്കുണ്ടായിരുന്ന ബന്ധം നമുക്ക് ബോധ്യപ്പെടും. പ്രമുഖരായ സ്വൂഫികളുടെ നിലപാടുകളും നാം മുമ്പ് വിശദമാക്കിയിട്ടുണ്ട്. തദടിസ്ഥാനത്തില്‍ ഇത് കേവലം അടിസ്ഥാന രഹിതമായ ആരോപണം മാത്രം.

തസ്വവ്വുഫിന്റെ വിരളമായ ഗ്രന്ഥങ്ങളില്‍ കാണുന്ന വികലമായ ആശയങ്ങളാണ് തസ്വവ്വുഫിനെതിരെ തിരിയാന്‍ ചിലരെ പ്രേരിപ്പിക്കുന്നത്. ഇബ്‌നുല്‍അറബി(റ)യുടെ ഫുസൂസുല്‍ഹികം പോലോത്ത ഗ്രന്ഥങ്ങള്‍ ഇതിനുദാഹരണമായി എടുത്തുകാണിക്കപ്പെടാറുണ്ട്. ഇതിന്റെ സത്യാവസ്ഥ മനസ്സിലാക്കുന്നതിന് അടിസ്ഥാന പരമായ ചില കാര്യങ്ങള്‍ നാം മനസ്സിലാക്കേണ്ടതുണ്ട്. ഫുഖഹാക്കള്‍ക്കും നിദാനശാസ്ത്രപണ്ഡിതര്‍ക്കുമൊക്കെ അവരുടേതായ ഇസ്ത്വിലാഹുകള്‍(സാങ്കേതിക പദപ്രയോഗങ്ങള്‍) ഉള്ളത് പോലെ സൂഫികള്‍ക്കും അവരുടേതായ ഇസ്വ്തിലാഹുകളുണ്ട്. അവയറിയുന്നവര്‍ മാത്രമേ അവരുടെ ഗ്രന്ഥങ്ങള്‍ വായിക്കാവു. ഞങ്ങള്‍ സ്വൂഫികള്‍ ഒരു സവിശേഷ വിഭാഗമാണ്. ഞങ്ങളുടെ ഗ്രന്ഥങ്ങല്‍ മറ്റുള്ളവര്‍ വായിക്കുന്നത് നിശിദ്ധമാണെന്ന് പോലും ഇബ്‌നുല്‍ അറബിയില്‍ നിന്ന് ഉദ്ധരിക്കപ്പെട്ടത് കാണാം. 
അല്ലാമ ഇബ്‌നുഹജര്‍ ഹൈതമി(റ)യോട് ഇബ്‌നുല്‍ ഫാരിളിന്റെയും ഇബ്‌നുല്‍അറബിയുടെയും ഗ്രന്ഥങ്ങള്‍ വായിക്കുന്നതിനെ സംബന്ധിച്ച് ചോദിക്കപ്പെട്ടപ്പോള്‍ നല്‍കിയ മറുപടി ഇപ്രകാരമാണ്. അവ പാരായണം ചെയ്യല്‍ അനുവദനീയം, അല്ല സുന്നത്ത് തന്നെ. കാരണം മറ്റു ഗ്രന്ഥങ്ങളിലില്ലാത്ത എത്രയെത്ര ഗുണഫലങ്ങളാണ് അവയിലുള്ളത്!......തുടര്‍ന്നദ്ദേഹം പറയുന്നു, മൂഢന്‍മാരും ഹീനരുമായ ചില സാധാരണക്കാര്‍ മേല്‍ഗ്രന്ഥങ്ങള്‍ പാരായണം ചെയ്യുക പതിവാക്കി. അവയുടെ ഉദ്ദേശ്യങ്ങള്‍ അതീവ സൂക്ഷ്മമാണ്. സൂചനകള്‍ അതീവലോലമാണ്, ഘടനകള്‍ അതീവ നിഘൂഢമാണ്. ആക്ഷേപങ്ങളില്‍ നിന്നും അപകടങ്ങളില്‍ നിന്നും സുരക്ഷിതരായ ആത്മജ്ഞാനികള്‍ക്കേ അവയിലെ സാങ്കേതിക പ്രയോഗങ്ങള്‍ ഗ്രഹിക്കാനാകൂ. പ്രത്യക്ഷമായ വിജ്ഞാനങ്ങളില്‍ ഇരുത്തം വന്നവര്‍ക്കേ അവയുടെ ഉള്ളടക്കം മനസ്സിലാകൂ(അല്‍ഫതാവല്‍ഹദീസിയ്യ-ഹൈതമി).

ഇസ്‌ലാമികജ്ഞാന ശാഖകളില്‍ രചിക്കപ്പെട്ട നിരവധിഗ്രന്ഥങ്ങളില്‍ ശൈഥില്യങ്ങളും മൗഢ്യങ്ങളും തിരുകിക്കയറ്റപ്പെട്ടിട്ടുണ്ടെന്ന ദുഃഖ സത്യവും നാം വിസ്മരിച്ചുകൂട. ഇസ്‌ലാമിന്റെ ചിഹ്നങ്ങള്‍ തകര്‍ക്കുക, അതിന്റെ സ്തംഭങ്ങള്‍ നാമാവശേഷമാക്കുക എന്ന ഘൂഢലക്ഷ്യങ്ങളുമായി ഇറങ്ങിപ്പുറപ്പെട്ട ഓറിയന്റലിസ്റ്റുകളും മറ്റുമാണീ ഈ പൈശാചികതക്കു പിന്നില്‍. തഫ്‌സീര്‍, ഹദീസ്, ചരിത്രം, തുടങ്ങിയ ശാഖകളിലെ ഗ്രന്ഥങ്ങള്‍ പോലെ അധ്യാത്മികശാസ്ത്ര ഗ്രന്ഥങ്ങളും ഈ മറിമായങ്ങള്‍ക്ക് വിധേയമായിട്ടുണ്ട്. ആ ഗ്രന്ഥങ്ങളുടെ ഒറിജിനല്‍ പതിപ്പുകളെടുത്ത് പരിശോധിച്ചാല്‍ ഇത് നമുക്ക് പ്രസ്പഷ്ടമാകും. ശഅ്‌റാനി(റ), ഗസാലി(റ), അഹ്‌മദ്ബ്‌നുഹമ്പല്‍(റ), മുഹ്‌യിദ്ദീന്‍ശൈഖ്(റ) തുടങ്ങിയവരുടെ ഗ്രന്ഥങ്ങള്‍ ഇതിനുദാഹരണമാണ്. അല്ലാമ ഇബ്‌നുല്‍ആബിദീന്‍(റ) പറയുന്നു: ചില അസൂയാലുക്കള്‍, കാഫിറായിപ്പോകുന്ന കാര്യങ്ങള്‍ വരെ ശഅ്‌റാനിയുടെ പേരില്‍ വ്യാജമായി കെട്ടിച്ചമക്കുകയും അദ്ദേഹത്തിന്റെ ഗ്രന്ഥങ്ങളില്‍ തിരുകിക്കയറ്റുകയും ചെയ്തു. അങ്ങനെ സമകാലിക പണ്ഡിതന്മാരുമായി അദ്ദേഹം സന്ധിക്കുകയും ഗ്രന്ഥത്തിന്റെ ഒറിജിനല്‍ കൈയെഴുത്ത് പ്രതി  അവര്‍ക്ക് കാണിച്ചുകൊടുക്കുകയുമുണ്ടായി. അതില്‍ അവരുടെ കുറിപ്പുകളും കൈയൊപ്പുകളുമുണ്ടായിരുന്നു. എന്നാല്‍ ആ പ്രതിയില്‍ വ്യാജനിര്‍മ്മിതമായ യാതൊന്നുമുണ്ടായിരുന്നില്ല(റദ്ദുല്‍മുഖ്താര്‍). നരകാവകാശികള്‍ നരകത്തില്‍ പ്രവേശിക്കുക വഴി ആസ്വാദനമനുഭവിക്കുന്നവരാണെന്നും അതില്‍ നിന്ന് പുറത്ത് കടക്കുന്നത് ശിക്ഷയായാണ് അവരനുഭവിക്കുന്നതെന്നും ഇബ്‌നുല്‍ അറബി പറഞ്ഞെന്നാണ് ആക്ഷേപം. ഇതുസംബന്ധിച്ച് ശഅ്‌റാനി(റ) പറയുന്നതിപ്രകാരമാണ്. ഇത്തരം കാര്യങ്ങള്‍ അദ്ദേഹത്തിന്റെ ഗ്രന്ഥങ്ങളിലുണ്ടെങ്കില്‍ അത് വ്യാജമാണ്. കാരണം അദ്ദേഹത്തിന്റെ ഫുതൂഹാതുല്‍മക്കിയ്യ മുഴുക്കെ ഞാന്‍ കണ്ണോടിച്ചു. ആ ഗ്രന്ഥത്തില്‍ മുഴുവന്‍ നരകക്കാരുടെ ശിക്ഷകളെക്കുറിച്ച് സംസാരിക്കുന്നതായാണ് ഞാന്‍ കണ്ടത്(അല്‍കിബ്‌രീതുല്‍അഹ്‌മര്‍-ശഅ്‌റാനി).

ചുരുക്കത്തില്‍, ഇസ്‌ലാമിലെ അതിപ്രധാന ശാഖയായ തസ്വവ്വുഫിനെ സംബന്ധിച്ച് കേള്‍ക്കുന്ന ആരോപണങ്ങളെല്ലാം അടിസ്ഥാന രഹിതവും ഇസ്‌ലാമിക വിദ്ധിയെ തകര്‍ക്കുകയെന്ന ചിലരുടെ ഗൂഢതന്ത്രത്തിന്റെ ഭാഗവുമാണ്. അത് പോലെയാണ് ഫിഖ്ഹും തസ്വവ്വുഫും തമ്മിലുള്ള ബന്ധം നിശേധിക്കുന്നവതും. 

''ഫിഖ്ഹ് അദ്ധ്വാനത്തിലൂടെ മാത്രമേ മനുഷ്യനു നേടിയെടുക്കാന്‍ കഴിയൂ. അത് ലഭിക്കാന്‍ പഠനം അനിവാര്യമാണ്. രണ്ട് തരത്തിലുള്ള അദ്ധ്വാനമാണ് ഇവിടെ അത്യാവശ്യമായിട്ടുള്ളത്. ഒന്ന്: പഠിക്കാനുള്ള അദ്ധ്വാനം. രണ്ട്: പഠിച്ചതനുസരിച്ച് പ്രവര്‍ത്തിക്കാനുള്ള അദ്ധ്വാനം. അതിനാല്‍ നിങ്ങളുടെ സദസ്സില്‍ തസ്വവ്വുഫിന്റെ ഗ്രന്ഥങ്ങള്‍ പാരായണം ചെയ്യപ്പെടുന്ന പോലെ ഫിഖ്ഹിന്റെ ഗ്രന്ഥങ്ങളും പാരായണം ചെയ്യപ്പെടണം. തസ്വവ്വുഫിന്റെ ഗ്രന്ഥങ്ങള്‍ വായിക്കപ്പെട്ടില്ലെങ്കിലും കുഴപ്പമില്ല. കാരണം അത് അനുഭവമാണല്ലോ. ഫിഖ്ഹീ ചര്‍ച്ചകള്‍ നടന്നിട്ടില്ലെങ്കില്‍ അപകടം വന്നു പെടാന്‍ സാധ്യതയുണ്ട്'' (മക്തൂബാത്ത്, വാല്യം1, മക്തൂബ്: 29). ശൈഖ് സര്‍ഹിന്ദിയുടെ ഈ വാക്ക് തന്നെ ഈ രണ്ട് ധാരകളും അതിന്റെ പ്രയോക്താക്കളും തമ്മിലെ ബന്ധം നമ്മെ വിളിച്ചറിയിക്കുന്നുണ്ട്. 

Post a Comment

Previous Post Next Post