ഓട്ടോമന്‍ സാമ്രാജ്യത്തെ തകര്‍ക്കാന്‍ അവസരം പാത്തിരുന്ന ശത്രുരാജ്യങ്ങളാണ് ഖിലാഫത്തിന് പ്രധാന ഭീഷണിയായി നിലനിന്നിരുന്നത്. റഷ്യയും ഫ്രാന്‍സും ബ്രിട്ടനുമെല്ലാം തങ്ങളുടെ സ്വന്തം താത്പര്യത്തിന് വേണ്ടി ഓട്ടോമന്‍ സാമ്രാജ്യവുമായി നിരന്തര കലഹത്തിലേര്‍പെട്ടിരുന്നു. തങ്ങള്‍ പരാജയപ്പെടുകയാണെന്ന് കണ്ടാല്‍ ഉടനെ സന്ധിയാവുകയും വിജയം തങ്ങള്‍ക്കാണെങ്കില്‍ അനുരഞ്ജനത്തിന് സമ്മതിക്കാതിരിക്കുകയും ചെയ്യുന്ന കാടന്‍ തന്ത്രമാണവര്‍ നടപ്പിലാക്കിയിരുന്നത്. മുസ്‌ലിം രാഷ്ട്രത്തിനെതിരെ അക്രമിക്കുന്നതില്‍ എല്ലാവരും ഒറ്റക്കെട്ടാണെങ്കിലും സ്വന്തത്തിന് നഷ്ടം വരുന്ന രംഗമെത്തിയാല്‍ ഖിലാഫത്തിന് അനുകൂലമായ നിലപാടെടുക്കാന്‍ പോലും മടിയില്ലാത്തവരായിരുന്നു അവര്‍. ചരിത്രം ഇതിന് നിരവധി ഉദാഹരണങ്ങള്‍ നമുക്ക് പറഞ്ഞ് തരുന്നതാണ്.
മുപ്പതാമത്തെ ഉസ്മാനീ ഖലീഫ മഹ്‌മൂദ് രണ്ടാമന്റെ കാലത്ത് ഈജിപ്തിലെ നേതാവിയിരുന്ന മുഹമ്മദ് അലിയുടെ സൈന്യം ക്രി. 1831ല്‍ ഇബ്രാഹീം പാഷയുടെ നേതൃത്വത്തില്‍ ഫലസ്തീനും ഡമസ്‌കസും ബൈറൂതും ട്രിപ്പോളിയും പിടിച്ചെടുത്തു അക്കാ പട്ടണം ഉപരോധിച്ചു. വിവരമറിഞ്ഞ സുല്‍ത്വാന്‍ മഹ്‌മൂദിന്റെ ആജ്ഞപ്രകാരം ഹലപ്പോവിലെ ഗവര്‍ണര്‍ ഉസ്മാന്‍ പാഷ സൈന്യവുമായി നേരിട്ടെങ്കിലും പരാജയപ്പെട്ടു. തുര്‍ക്കിയെങ്ങാനും ശക്തനായ മുഹമ്മദലിയുടെ പിടിയിലമര്‍ന്നാല്‍ മുസ്‌ലിം രാഷ്ട്രത്തെ തകര്‍ക്കുകയെന്ന തങ്ങളുടെ സ്വപ്നപദ്ധതി പൊളിയുമെന്ന് കണ്ട റഷ്യ ഉടനെ തുര്‍ക്കിയെ മുഹമ്മദലിക്കെതിരെ സഹായിക്കാന്‍ രംഗത്ത് വന്നു. അതില്‍ തങ്ങളുടെ താത്പര്യത്തിന് ദോഷം കണ്ടെത്തിയ ബ്രിട്ടണും ഫ്രാന്‍സും സുല്‍ത്വാനെ സന്ധിക്കു പ്രേരിപ്പിച്ചെങ്കിലും 1833ല്‍ യുദ്ധമുണ്ടാവുകയും മുഹമ്മദലി വിജയിക്കുകയും ചെയ്തു. മുഹമ്മദലിയുടെ മേധാവിത്വം ശക്തിപ്രാപിക്കുന്നത് കണ്ട യൂറോപ്യന്‍ രാഷ്ട്രങ്ങള്‍ 1840ല്‍ ലണ്ടനില്‍ സമ്മേളിച്ച് അദ്ദേഹത്തോട് സിറിയയില്‍ നിന്ന് പിന്‍മാറാന്‍ ആവശ്യപ്പെട്ടു. വിസമ്മതിച്ച അദ്ദേഹത്തെ യൂറോപ്യന്‍ രാഷ്ട്രങ്ങളുടെ സഹായത്തോടെ ഉസ്മാനികള്‍ അക്രമിച്ചു.
ഖിലാഫത്തിനെതിരെ വിശുദ്ധസഖ്യം പോലും ഉടലെടുത്തു. സുല്‍ത്വാന്‍ മുഹമ്മദ് നാലാമന്റെ കാലത്ത് ആസ്ത്രിയയിലെ പല പ്രദേശങ്ങളും ജയിച്ചടക്കിയ ഉസ്മാനികള്‍ തലസ്ഥാനമായ വിയന്ന ഉപരോധിച്ചു. താമസിയാതെ വിയന്ന മുസ്‌ലിംകള്‍ക്ക് കീഴ്‌പെടുമെന്ന് ബോധ്യമായ പോപ്പ് മുസ്‌ലിംകള്‍ക്കെതിരെ മതവികാരം ഇളക്കിവിട്ടു പോളണ്ടിലെ രാജാവ് മസാബിസ്‌കിയെ രംഗത്തിറക്കി വിയന്ന മോചിപ്പിച്ചു. അതിന് ശേഷം ആസ്ത്രിയ, പോളണ്ട്, വെനിസിയ, മാള്‍ട്ട, റഷ്യ, എന്നീ രാഷ്ട്രങ്ങളും പോപ്പും ഒന്നിച്ച് ചേര്‍ന്ന് ഒരു സംയുക്ത മുന്നണിയുണ്ടാക്കി മുസ്‌ലിം രാഷ്ട്രത്തെ ഉന്‍മൂനം ചെയ്യാന്‍ തീരുമാനിച്ചു. വിശുദ്ധസഖ്യം എന്ന് പേര് വിളിക്കപ്പെട്ട ഇവര്‍ കരയില്‍ നിന്നും കടലില്‍ നിന്നും നിരന്തരം അക്രമം തൊടുത്തുവിട്ടു. 160 വര്‍ഷം മുമ്പ് മുസ്‌ലിംകള്‍ അധീനപ്പെടുത്തിയ മൊഹാകസ് പട്ടണം പോലും അവര്‍ക്കു നഷ്ടമായി.
ശത്രുരാജ്യങ്ങളുമായുള്ള ചിലകരാറുകളും ഉസ്മാനിയ്യാ ഖിലാഫതിന്റെ നിലനില്‍പിനും മുന്നോട്ടുള്ള പ്രയാണത്തിനും വലിയ വിഘാതമായി നിലകൊണ്ടിട്ടുണ്ട്. ഭരണവൈദഗ്ധ്യമില്ലാത്ത ചക്രവര്‍ത്തിമാരുടെ കാലത്താണ് ഇങ്ങനെയുള്ള ചില ഉടമ്പടികളും കരാറുകളുമായി ശത്രുക്കള്‍ മുന്നോട്ടുവന്നിരുന്നത്. 1699ല്‍ വെച്ച് കാര്‍ലോട്‌സ് ഉടമ്പടി ഇതില്‍ പ്രധാനമാണ്. സുല്‍ത്വാന്‍ മുസ്ത്വഫാ രണ്ടാമന്റെ കാലത്ത് ആസ്ത്രിയ ബോസ്‌നിയയിലേക്കും റഷ്യ അസാഖ് തുറമുഖത്തിലേക്കും അധികാരം നീട്ടിയതോടെ മുസ്‌ലിംകള്‍ പരുങ്ങലിലായി. പക്ഷെ, പ്രധാനമന്ത്രി കൊപ്രീലി ഹുസൈന്‍ പാഷയുടെ കരുത്തുറ്റ നീക്കത്തില്‍ ബോസ്‌നിയ തിരിച്ചു പിടിച്ചു. തുടര്‍ന്നു നടന്ന നീണ്ട സന്ധി സംഭാഷണങ്ങള്‍ക്ക് ശേഷം ഉസ്മാനിയ ഭരണആസ്ത്രിയ, റഷ്യ, വെനീസിയ, പോളണ്ട് എന്നീ രാഷ്ട്രങ്ങളുമായാണ് മുന്‍ചൊന്ന ഉടമ്പടി നടത്തിയത്. ഇതനുസരിച്ച് മുസ്‌ലിംകള്‍ക്ക് ഹങ്കറിയുടെ ആധിപത്യം നഷ്ടമായി. ഭാവിയില്‍ ഒരു രാഷ്ട്രവും ഉസ്മാനികള്‍ക്ക് ജിസ്‌യ നല്‍കേണ്ടന്നു വ്യവസ്ഥപ്പെടുത്തി. ആസ്ത്രിയയുമായി ഇരുപത്തിഅഞ്ച് വര്‍ഷത്തെ പ്രാബല്യമുള്ള യുദ്ധമില്ലാ കരാറുണ്ടാക്കി. യൂറോപ്പില്‍ ക്രിസ്തുമതത്തിന്റെ ആധിപത്യം ഇസ്‌ലാം പിടിച്ചടക്കുമോ എന്ന ഒരേയൊരു ആശങ്ക മാത്രമാണ് പരസ്പരം ഭിന്നതകളുണ്ടെങ്കിലും സമീപരാഷ്ട്രങ്ങളെല്ലാം ഒന്നിച്ച് ഈ കരാറില്‍ ഉസ്മാനികളുമായി ഒപ്പു വെച്ചത്.
ക്രി. 1774 ജൂലൈ 16ന് തുര്‍ക്കിയും റഷ്യയും തമ്മില്‍ നടന്ന കോച്ചക് കിനാരി ഉടമ്പടിയനുസരിച്ച് ഉസ്മാനിയ്യാ സല്‍ത്വനതിലെ ക്രിസ്ത്യന്‍ പ്രജകളുടെ സംരക്ഷണാവകാശം റഷ്യക്ക് ലഭിക്കുകയും ഈ അവസരം ചൂഷണം ചെയ്ത് ബാല്‍ഖനിലെ ക്രൈസ്തവരെ തുടരെത്തുടരെ ഉസ്മാനിയാ ഖിലാഫത്തിനെതിരെ കലാപം നടത്തുന്നതിന് പ്രേരിപ്പിക്കുകയും സല്‍ത്വനത്തിന്റെ ആഭ്യന്തര കാര്യങ്ങളില്‍ ഇടപെടുകയും ചെയ്തു.
മുസ്‌ലിംകളെ പരസ്പരം അടിപ്പിക്കുന്നതില്‍ ശത്രുനേടിയ വിജയവും മുസ്‌ലിംസാമ്രാജ്യ ധ്വംസനത്തിന് വേഗതകൂട്ടി. 1914ല്‍ ആരംഭിച്ച ഒന്നാം ലോക മഹായുദ്ധത്തില്‍ സഖ്യസേനക്കെതിരെ അണിനിരന്ന ജര്‍മനി, ആസ്ത്രിയ, ഹങ്കറി രാഷ്ട്രങ്ങള്‍ക്കൊപ്പം തുര്‍ക്കി അണിനിരന്നത് ബ്രിട്ടണേയും മറ്റും കൂടുതല്‍ അസ്വസ്ഥരാക്കി. അറബ് രാജ്യങ്ങള്‍ തുര്‍ക്കിയുടെ വരുതിയില്‍ വന്നാല്‍ തങ്ങളുടെ അധിനിവേഷതാത്പര്യങ്ങള്‍ക്ക് വിഘാതമാകുമെന്ന് മനസ്സിലാക്കിയ അവര്‍ ഹിജാസ് ഗവര്‍ണര്‍ ശരീഫ് ഹുസൈനെ ഉപയോഗപ്പെടുത്തി അറബ് രാഷ്ട്രങ്ങളെ വശീകരിക്കാന്‍ തന്ത്രം മെനയുകയും വിജയിക്കുകയും ചെയ്തു. മുസ്‌ലിം ലോകത്തിന്റെ മുഴുവന്‍ ഖലീഫയായി വാഴാനുള്ള മോഹവും, ബ്രിട്ടണ്‍ നല്‍കിയ വാഗ്ദാനങ്ങളിലെ അമിതവിശ്വസവുമാണ് അദ്ദേഹത്തെ ഈ കെണിയില്‍ വീഴ്ത്തിയത്. 1918ന് ശേഷം ഉസ്മാനികളില്‍ നിന്ന് മോചിപ്പിച്ച അറബ് രാഷ്ട്രങ്ങളുടെ മുഴുവന്‍ രാജാവായി അറബ് നേതാക്കള്‍ ശരീഫ് ഹുസൈന് ബൈഅത് നല്‍കിയപ്പോള്‍ ബ്രിട്ടണ്‍ അത് അംഗീകരിച്ചില്ല. ഹിജാസിന്റെ മാത്രം നേതാവായി അംഗീകരിച്ച അവര്‍ വഞ്ചന തുടങ്ങി.
ജര്‍മ്മനിയേയും തുര്‍ക്കികളേയും പരാജയപ്പെടുത്തി അറബ് രാഷ്ട്രങ്ങള്‍ നിരവധി സ്ഥലങ്ങള്‍ മോചിപ്പിച്ചു വിജയം ആഘോഷിക്കുന്നതിനിടയിലാണ് ബ്രിട്ടണും സഖ്യരാഷ്ട്രങ്ങളും നടത്തിയ ഘൂഢ പദ്ധതി പുറത്ത് വന്നത്. അഥവാ, യുദ്ധം വിജയിച്ചാല്‍ അറബ് രാജ്യങ്ങളെല്ലാം സ്വതന്ത്ര്യമാകുമെന്ന് ശരീഫ് ഹുസൈ ന് നല്‍കിയ ഉറപ്പ് കാറ്റില്‍ പറത്തി, തുര്‍ക്കിയേയും അറബ് രാഷ്ട്രങ്ങളേയും തങ്ങള്‍ക്കിടയില്‍ വിഹിതം വെക്കുകയെന്ന ഒരു കരാറില്‍ അവര്‍ ഒപ്പ് വെച്ചിരുന്നു. അതിനേക്കാള്‍ വലിയ വഞ്ചനയായിരുന്നു ഫലസ്തീനില്‍ സിയോണിസ്റ്റുകള്‍ക്ക് ഒരു ഗേഹം അനുവദിക്കുകയെന്ന വാഗ്ദത്വം. ബ്രിട്ടീഷ് വിദേശ കാര്യമന്ത്രി ലോര്‍ഡ് റോഥര്‍ ജെംസ് ബാള്‍ഫര്‍, സിയോണിസ്റ്റ് നേതാവായ ലോര്‍ഡ് റോതസ് ഷീല്‍ഡിന് 1917 നവംബര്‍ 3 ന് അയച്ച കത്തിലാണ് അതുണ്ടായിരുന്നത്.
ഉസ്മാനീഖലീഫ സുല്‍ത്വാന്‍ അബ്ദുല്‍ഹമീദിന്റെ പ്രധാന നേട്ടമായി ചരിത്രം രേഖപ്പെടുത്തുന്ന ഒരു കാര്യമാണ് സാമ്രാജ്യത്തിന്റെ വിവിധ ഭാഗങ്ങളെ റയില്‍ വഴി ബന്ധിപ്പിച്ചത്. ഹിജാസില്‍ നിന്ന് മദീനവരെ 1303 കി.മീ നീളമുള്ള റയില്‍വെയുടെ പണി 1908ല്‍ പൂര്‍ത്തിയാക്കി. ഇത് വഴി മുസ്‌ലിം ലോകത്തിന്റെ പിന്തുണ ഉസ്മാനികള്‍ക്ക് വര്‍ദ്ധിക്കുന്നത് കണ്ട ബ്രിട്ടണ്‍ ഹിജാസ് ഗവര്‍ണര്‍ ശരീഫ് ഹുസൈനെ ഇതിനെതിരെ തിരിക്കുന്നതില്‍ വിജയിച്ചു. 1916ല്‍ അറബ് ദേശീയ വാദികള്‍ ഈ റയില്‍ പാത ബോംബിട്ടു തകര്‍ത്തു.
ഫലസ്തീന്‍ പിടിച്ചടക്കാന്‍ ബ്രിട്ടണ്‍ പടയൊരുക്കം നടത്തുമ്പോള്‍ തങ്ങളുടെ പക്ഷത്ത് ഉറച്ച് നിന്ന് തങ്ങളെ സഹായിക്കണമെന്ന് അറബ് രാഷ്ട്രങ്ങളോട് കെഞ്ചുന്ന തുര്‍ക്കിയെയാണ് നമുക്ക് കാണുന്നത്. പക്ഷെ, ബ്രിട്ടന്റെ വാഗ്ദാനത്തില്‍ വഞ്ചിതരായ അറബികള്‍ ബ്രിട്ടണെ സഹായിച്ചു. അവസാനം 1917 ഡിസംബര്‍ 9ന് ഖുദ്‌സ് പട്ടണം കീഴടക്കി ഇപ്പോള്‍ കുരിശു യുദ്ധം അവസാനിച്ചു എന്ന് ബ്രിട്ടീഷ് സേനാനായകന്‍ ജനറല്‍ അല്ലന്‍പി പറഞ്ഞിട്ടും അറബികള്‍ തങ്ങളകപ്പെട്ട വഞ്ചനയെകുറിച്ച് ചിന്തിച്ചില്ല. ക്രി. 1924ല്‍ അവസാനത്തെ തുര്‍ക്കിഖലീഫ നിഷ്‌കാസിതനാകുമ്പോള്‍ ആ ഒഴിവില്‍ താന്‍ ഖലീഫയാണെന്ന് പ്രഖ്യാപിച്ചു ശരീഫ് ഹുസൈന്‍ രംഗത്ത് വന്നെങ്കിലും മുസ്‌ലിം സമൂഹം അതംഗീകരിച്ചില്ല. നിരാശനായ അദ്ദേഹം തന്റെ സമ്പത്തുമായി അഖബ തുറമുഖത്തേക്കും അവിടെ നിന്ന് സൈപ്രസിലേക്കും നീങ്ങി 1931ല്‍ കാലഗതിയടഞ്ഞു.
അന്‍ജുമന്‍ ഇത്തിഹാദ് വത്തറഖീ എന്ന പരില്‍ സ്വാതന്ത്ര്യം, ദേശീയത, ജനാധിപത്യം എന്നീ മൂല്യങ്ങളുടെ പ്രയോഗവല്‍ക്കരണത്തിനെന്ന പേരില്‍ രംഗത്ത് വന്ന യുവതുര്‍ക്കികള്‍ ഉസ്മാനിയ്യ സാമ്രാജ്യത്തിന്റെ പതനത്തിന് വഴിവെച്ചു. തികച്ചും യൂറോപ്യന്‍ സൃഷ്ടിയായിരുന്ന ഇവര്‍ സുല്‍താന്‍ അബ്ദുല്‍ഹമീദ് നിറുത്തിവെച്ച ഭരണ ഘടന പുനസ്ഥാപിക്കണമെന്ന് പറയുകയും 1908ന് ജൂലൈ 24ന് ഭരണഘടന പുനസ്ഥാപിക്കുകയും തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കുകയും ചെയ്തു. അവരുടെ ഒരുപാടാളുകള്‍ അതില്‍ വിജയിച്ചു. ആറുമാസമായപ്പോഴേക്കും ഇസ്‌ലാമിക ശരീഅത് പുനസ്ഥാപിക്കണമെന്നാവശ്യപ്പെട്ടു തലസ്ഥാനത്ത് വിപ്ലവം പൊട്ടിപ്പുറപ്പെട്ടു.
അതാതുര്‍ക്ക്(യുവതുര്‍ക്കികളുടെ പിതാവ്)എന്ന പേരില്‍ പ്രസിദ്ധനായ മുസ്തഫാകമാല്‍ പാഷ ഈ സംഘടനയില്‍ ചേര്‍ന്നതോടെയാണ് ഇതൊരു മഹാപ്രസ്ഥാനമായി മാറിയത്. ബ്രിട്ടന്റെ സഹായത്തോടെ ജൂതന്‍മാര്‍ ഫലസ്ത്വീനില്‍ പ്രവേശിക്കുന്നതിന് സുല്‍ത്വാന്‍ അബ്ദുല്‍ഹമീദ് എതിര്‍ത്തത് കാരണം അദ്ദേഹത്തിനെതിരെ പുറപ്പെട്ട യുവതുര്‍ക്കികള്‍ക്ക് സിയോണിസ്റ്റുകളുടേയും ബ്രിട്ടന്റെയും സഹായം ഒരേ സമയം ലഭിച്ചു. 1909ല്‍ വിപ്ലവത്തിലൂടെ അവര്‍ അബ്ദുല്‍ഹമീദിനെ പുറത്താക്കി.
യുവതുര്‍ക്കികള്‍ സ്വാതന്ത്ര്യത്തിന്റെ കാഹളം മുഴക്കിയപ്പോള്‍ 'പാന്‍ ഇസ്‌ലാമിസം'(അല്‍ജാമിഅതുല്‍ഇസ്‌ലാമിയ്യ)എന്ന മറ്റൊരാശയവുമായി സുല്‍ത്വാനും രംഗത്ത് വന്നു. ലോകമെമ്പാടുമുള്ള മുസ്‌ലിംകളുടെ ഐക്യവും ഭദ്രതയുമെന്ന ഈ നവീനാശയത്തിന് ജമാലുദ്ദീന്‍ അഫ്ഗാനിയുടെ നേതൃത്വത്തില്‍ സാര്‍വലൗകിക പിന്തുണ ലഭിക്കുന്നത് കണ്ട യൂറോപ്യര്‍ക്ക് വിറളി പൂണ്ടു. ഇതിനെ അടിച്ചമര്‍ത്താനുള്ള ശ്രമങ്ങളുമായി അവര്‍ മുന്നോട്ട് പോയി. സിറിയയിലേയും ഈജിപ്തിലേയും ക്രൈസ്തവരുടെ നേതൃത്വത്തില്‍ അറബിമേഖലകളില്‍ കടുത്ത ദേശീയ വികാരം ഇളക്കിപ്പുറപ്പെടീപ്പിച്ചാണ് അവരിതിനെ നേരിട്ടത്. അബ്ദുല്‍ഹമീദിന് ശേഷം സഹോദരന്‍ മുഹമ്മദ് റശാദ്ഖാന്‍ അധികാരമേറിയെങ്കിലും കാര്യങ്ങള്‍ മുഴുവന്‍ യുവതുര്‍ക്കികളുടെ കയ്യിലായിരുന്നു. തുര്‍ക്കിയില്‍ നിരവധി രാഷ്ട്രീയ സംഘടനകള്‍ പിറവിയെടുത്തു. ഉസ്മാനികളോട് കൂറില്ലാത്ത യൂറോപ്പിലെ കൃസ്ത്യാനികള്‍ ഈ സ്വാതന്ത്ര്യം ദുരുപയോഗം ചെയ്യുകയും ഇസ്താംബൂള്‍ യൂറോപ്യര്‍ കീഴടക്കുന്നതും സ്വപ്നം കണ്ടിരുന്ന അവര്‍ റഷ്യക്ക് പൂര്‍ണ സഹായവും ചെയ്ത് കൊടുത്തു.
യുവതുര്‍ക്കികളുടെ പദ്ധതി പൂര്‍ണമായി നടപ്പിലാക്കി ഇസ്‌ലാമിക ഖിലാഫതിനെ പിഴുതെറിഞ്ഞ് തുര്‍ക്കിയെ ആധുനികതയുടെ പാതയിലേക്ക് നയിക്കുകയും ഇസ്‌ലാമിന്റെ എല്ലാ ചിന്നങ്ങളേയും തുടച്ചു നീക്കുകയും ചെയ്തത് മുസ്ത്വഫാ കമാല്‍ പാഷയാണ്. പാശ്ചാത്യര്‍ വാനോളം പുകഴ്ത്തുകയും മുസ്‌ലിംകള്‍ അനഭിമതനായി കാണുകയും ചെയ്യുന്ന ഇദ്ദേഹം സ്വയം തുര്‍ക്കിയുടെ പിതാവെന്നാണ്(അതാതുര്‍ക്ക്) വിശേഷിപ്പിച്ചിരുന്നത്. ഭൗതികതയില്‍ പാശ്ചാത്യരോട് കടപിടിക്കും വിധം തുര്‍ക്കിയെ മാറ്റിയെടുക്കാന്‍ ശ്രമിച്ച ഇദ്ദേഹം മുസ്‌ലിം തുര്‍ക്കിയുടെ കശാപ്പുകാരനെന്ന് ചില ചരിത്രകാരന്‍മാരാണ്.
1880ല്‍ ഗ്രീസിലെ സലോനിക്കാ നഗരത്തില്‍ ജനിച്ച ഇദ്ദേഹം പ്രാഥമിക വിദ്യാഭ്യാസത്തിന് ഒരു സൈനിക സ്‌കൂളിലാണ് ചേര്‍ന്നത്. ലോകമഹായുദ്ധ കാലത്ത് നടന്ന നിരവധി പോരാട്ടങ്ങളില്‍ അദ്ദേഹം നേതൃത്വം നല്‍കി. 1919 ജൂലൈ 23 ന് തുര്‍ക്കി ദേശീയ വാദികള്‍ വിളിച്ചു കൂട്ടിയ കോണ്‍ഫ്രന്‍സിന്റെ ചെയര്‍മാനായി മുസ്ത്വഫാ കമാല്‍ തിരഞ്ഞെടുക്കപ്പെട്ടു. നാടിന്റെ വിവിധ ഭാഗങ്ങളിലുണ്ടായ പ്രക്ഷോഭങ്ങളുടെ ഫലമായി ഇസ്തംബൂളില്‍ നിലവിലുണ്ടായ ഗവണ്‍മെന്റ് രാജിവെച്ചു. തുടര്‍ന്നു നടന്ന പൊതു തിരഞ്ഞെടുപ്പില്‍ വിദേശാധിപത്യത്തെ എതിര്‍ക്കുന്നവര്‍ക്ക് ഭൂരിപക്ഷം ലഭിച്ചു. എങ്കിലും ദേശീയ വാദികള്‍ക്കെതിരെ ശൈഖുല്‍ഇസ്‌ലാമിന്റെ ഫത്‌വ വന്നപ്പോള്‍ തിരഞ്ഞെടുക്കപ്പെട്ട പാര്‍ലമെന്റ് പിരിച്ചുവിട്ടു. അംഗങ്ങള്‍ അങ്കാറയിലേക്ക് രക്ഷപ്പെട്ടു. പലരുടേയും പിന്തുണ ലഭിച്ച മുസ്ത്വഫാ കമാല്‍ 1922ല്‍ അനാതൂലിയയില്‍ നിന്ന് ഗ്രീസിനെ പുറത്താക്കിയപ്പോള്‍ മുസ്‌ലിം ലോകത്തെങ്ങും അദ്ദേഹത്തിന്റെ കീര്‍ത്തി പരന്നു.
ഉസ്മാനീ ഖലീഫയുടെ അധികാരം നിര്‍ത്തലാക്കാന്‍ ഇദ്ദേഹത്തിന്റെ നേതൃത്വത്തിലുള്ള അസംബ്ലി തീരുമാനിച്ചപ്പോള്‍ നിലവിലെ സുല്‍ത്വാന്‍ മുഹമ്മദ് വഹീദുദ്ദീന്‍ ഇസ്തംബൂളില്‍ നിന്ന് പാലായനം ചെയ്തു. ശേഷം ഖലീഫയായി അബ്ദുല്‍മജീദ് രണ്ടാമന്‍ അവരോധിതനായെങ്കിലും അധികാരം നാമമാത്രമായിരുന്നു. കാറ്റ് മറിഞ്ഞുവീശുകയാണെന്ന് കണ്ട സഖ്യകക്ഷികള്‍ ഇസ്തംബൂല്‍ വിടാന്‍ തുടങ്ങി. 1923 ഒക്‌ടോബര്‍ 29ന് തുര്‍ക്കി സ്വതന്ത്ര്യ റിപ്പബ്ലിക്കായി പ്രഖ്യാപിക്കപ്പെട്ടു.
സഖ്യകക്ഷികളെ പരാജയപ്പെടുത്തുന്ന മുസ്ത്വഫാ കമാല്‍ പാഷയുടെ മുന്നേറ്റം മുസ്‌ലിംകളെ തെല്ലൊന്ന് സന്തോഷിപ്പിച്ചു. ഇസ്‌ലാമിന്റെ പുത്തന്‍ പ്രഭാതം പുലരുകയാണെന്ന് വിചാരിച്ച് നാടുവിട്ട പലരും തുര്‍ക്കിയിലേക്ക് തിരിച്ചു വരാന്‍ തുടങ്ങി. അപ്പോഴാണ് മുസ്‌ലിം ലോകത്തെ ഒന്നടങ്കം ഞെട്ടിച്ച ആ വാര്‍ത്ത വന്നത്. 1924 മാര്‍ച്ചില്‍ മുസ്തഫാ കമാല്‍ പാഷയുടെ നേതൃത്വത്തില്‍ ചേര്‍ന്ന ദേശീയ അസംബ്ലി ഖിലാഫത്ത് നിര്‍ത്തലാക്കുകയും ഖലീഫയേയും ഉസ്മാനീ കുടുംബാംഗങ്ങളേയും നാടുകടത്തിയിരിക്കുന്നുവെന്നുമാണ് ആ മഹാ ദുരന്തവാര്‍ത്ത.
ദുര്‍ബലമായിരുന്ന ഖിലാഫത്തിനെ പിടിച്ചെഴുന്നേല്‍പിക്കുന്നതിന് പകരം പാടെ കുഴിച്ചുമൂടുകയാണ് പാശ്ചാത്യ ചാരനായിരുന്ന കമാല്‍പാഷ ചെയ്തത്. അതിന് വേണ്ട എല്ലാ കുതന്ത്രങ്ങളും അദ്ദേഹം പ്രയോഗിച്ചു. പെരുമാറ്റം, പ്രഭാഷണങ്ങള്‍, പ്രഖ്യാപനങ്ങള്‍ എന്നിവക്കെല്ലാം ഇസ്‌ലാമിക വേഷമണിയിച്ച അദ്ദേഹം പോരാട്ടങ്ങള്‍ക് പോകുമ്പോള്‍ വിജയത്തിന് വേണ്ടി ബുഖാരി പാരായണം ചെയ്യണമെന്ന് പോലും പറയാറുണ്ടായിരുന്നുവെന്ന് ശകീബ് അര്‍സാലാന്‍ പറയുന്നുണ്ട്.
അധികാരക്കസേര ഉറപ്പായപ്പോള്‍ തനിനിറം പുറത്തെടുത്ത കമാല്‍ ഗൂഢപദ്ധതികള്‍ ഓരോന്നും പുറത്തെടുത്തു. ഭരണഘടനയില്‍ നിന്നു 'രാഷ്ട്രത്തിന്റെ മതം ഇസ്‌ലാം' എന്ന ഭാഗം ഒഴിവാക്കി. ശരീഅത്തിന് പകരം സ്വിസ്സ്-ഇറ്റാലിയന്‍ നിയമം നടപ്പിലാക്കി. വാരാന്ത ഒഴിവ് വെള്ളിയാഴ്ചക്ക് പകരം ഞായറാഴ്ചയാക്കി. ഹിജ്‌റ കലണ്ടറിന് പകരം ഗ്രിഗേറിയന്‍ കലണ്ടര്‍ നടപ്പിലാക്കി. പര്‍ദ്ദ നിരോധിച്ചു. ജുബ്ബയും തുര്‍ക്കിത്തൊപ്പിയും ധരിച്ച പുരുഷന്‍മാരെ കൊണ്ട് കോട്ടും ഹാറ്റും ധരിപ്പിച്ചു. ത്വരീഖതുകള്‍ക്ക് വിലക്കേര്‍പ്പെടുത്തി. വാങ്ക് വിളി പോലും തുര്‍ക്കി ഭാഷയിലാക്കി. അവസാനം ഇസ്‌ലാമിന്റെ സുന്ദര ഖിലാഫതിന്റെ ഭരണം നടന്നിരുന്ന ഒരു രാഷ്ട്രം അല്‍പം പോലും ഇസ്‌ലാമിക ചിഹ്നമില്ലാത്ത പ്രദേശമായി മാറി. അതിന് ശേഷം മുസ്‌ലിം നാമം പേറുന്ന, ഇസ്‌ലാമിക സംസ്‌കാരമില്ലാത്ത സമൂഹങ്ങളേയാണ് നമുക്ക് കാണാന്‍ കഴിഞ്ഞത്. ആ പതനത്തില്‍ നിന്ന് തങ്ങളുടെ അസ്തിത്വ വീണ്ടെടുപ്പിന് മുസ്‌ലിംകള്‍ക്ക് ഇത് വരെ സാധിച്ചിട്ടില്ലയെന്നത് ഒരു യാഥാര്‍ത്ഥ്യം മാത്രമാണ്. പുതിയ കാലത്ത് തുര്‍ക്കിയില്‍ റജബ് ത്വയ്യിബ് ഉര്‍ദുഗാന്റെ നേതൃത്വത്തില്‍ നടക്കുന്ന നന്‍മയിലേക്കുള്ള പരിഷ്‌കരണങ്ങള്‍ ശുഭസൂചനകളാണ് നല്‍കുന്നത്.
ചുരുക്കത്തില്‍, ആറ് നൂറ്റാണ്ടിലേറെക്കാലം ഇസ്‌ലാമിക ഖിലാഫത്തിന് നേതൃത്വം നല്‍കിയ ഉസ്മാനീ ഭരണകൂടം പാടെ തകര്‍ന്നു തരിപ്പണമായി. തഖ്‌വയും ആത്മാര്‍ത്ഥതയും കൈമുതലാക്കി വിശുദ്ധ ദീനിന്റെ അദ്ധ്യാപനങ്ങള്‍ നടപ്പിലാക്കിയിരുന്ന ഒരു സുവര്‍ണഘട്ടം ഉസ്മാനികള്‍ക്കുണ്ടായിരുന്നു. ഈമാനികാവേശം കൊണ്ട് മാത്രം കീഴടക്കിയ നിരവധി പ്രദേശങ്ങളുടെ ചരിത്രം ഉസ്മാനികള്‍ക്ക് പറയാനുണ്ട്. നേരിന്റെ മാര്‍ഗം കൈവെടിഞ്ഞ് സ്വാര്‍ത്ഥതയുടേയും ഭൗതികതയുടേയും വഴിയിലേക്ക് തിരിഞ്ഞപ്പോള്‍ എല്ലാം കൈകളില്‍ നിന്ന് വഴുതിപ്പോവുന്ന കാഴ്ചയാണ് നമുക്ക് കാണാന്‍ കഴിഞ്ഞത്. ഖുര്‍ആന്‍ പറയുന്നു: 'ഏതെങ്കിലും ഒരു നാട് നാം നശിപ്പിക്കാനുദ്ദേശിച്ചാല്‍ അവിടുത്തെ സുഖലോലുപന്‍മാര്‍ക്ക് നാം ആജ്ഞകള്‍ നല്‍കും. എന്നാല്‍ അവര്‍ അവിടെ താന്തോന്നിത്തം നടത്തും.(ശിക്ഷയെപ്പറ്റിയുള്ള)വാക്ക് അങ്ങിനെ അതിന്റെ(രാജ്യത്തിന്റെ)കാര്യത്തില്‍ സ്ഥിരപ്പെടുകയും ചെയ്യും. നാം അതിനെ നിശ്ശേഷം തകര്‍ക്കുകയും ചെയ്യുന്നതാണ്.'(ഇസ്‌റാഅ് 16)
Post a Comment