കേരളമുസ്‌ലിംകളുടെ വിശ്വാസാദര്‍ശം സംരക്ഷിക്കുന്നതിന് അക്ഷീണം യത്‌നിച്ച മഹാപണ്ഡിതനാണ് വാണിയമ്പലം അബ്ദുറഹിമാന്‍ മുസ്‌ലിയാര്‍. 1959ല്‍ സമസ്ത കേരള ജംഇയ്യത്തുല്‍മുഅല്ലിമീന്‍ സെന്‍ട്രല്‍ കൗണ്‍സില്‍ രൂപീകരിക്കപ്പെടുമ്പോള്‍ അതിന്റെ പ്രഥമ പ്രസിഡന്റായി അവരോധിതനായത വാണിയമ്പലം ഉസ്തദാണ്. 1917ല്‍ അരീക്കോടിനടുത്ത് മൈത്രയില്‍ പൂച്ചഞ്ചേരി മമ്മുദു മുസ്‌ലിയാരുടേയും പുന്നക്കണ്ടി ബിച്ചിപ്പാത്തുമ്മയുടേയും പുത്രനായി ജനിച്ചുവെങ്കിലും 1921ലെ ലഹളയില്‍ പങ്കെടുത്തതിന്റെ പേരില്‍ പിതാവ് വെല്ലൂരിലേക്ക് നാടുകടത്തപ്പെടുകയും മൂന്ന് കൊല്ലത്തിന് ശേഷം ഭാര്യയും മക്കളും അവിടേക്കു പോവുകയം ചെയ്തതിനാല്‍ അദ്ദേഹത്തിന്റെ പ്രാഥമിക പഠനങ്ങളെല്ലാം തമിഴ് നാട്ടില്‍ വെച്ചായിരുന്നു.
1935ല്‍ സ്വദേശത്തേക്ക് തിരിച്ചു വന്നു. വാഴക്കാട് കണ്ണിയത്തുസ്താദിന്റെ അടുക്കലും മമ്പാട് സ്വദഖതുല്ലാ മുസ്‌ലിയാരുടെ അടുക്കലും ദര്‍സ് പഠിച്ചു. 1941ല്‍ ഉപരിപഠനത്തിനായി വീണ്ടും ബാഖിയാതിലേക്ക് പോയി. ബാഖവിയായി തിരിച്ചുവന്ന് അരീക്കോട്, പുത്തലം, കൂരാട്, വെട്ടിക്കാട്ടിരി എന്നിവിടങ്ങളിലും 1951 മുതല്‍ മരണം വരെ വാണിയമ്പലം പള്ളിയില്‍ മുദരിസും ഖാസിയുമായി സേവനം നടത്തുകയും ചെയ്തു.
24-12-1958ന് മുശാവറ അംഗമായി നിയമിക്കപ്പെടുകയുണ്ടായി. അതിന് മുമ്പ് 1957ല്‍ അയിനിക്കാട് ഇബ്രാഹീം മുസ്‌ലിയാരുടെ ഒഴിവിലേക്ക് വിദ്യാഭ്യാസ ബോര്‍ഡ് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു. ജാമിഅയുടെ സ്ഥാപിത കാലം മുതല്‍ പ്രവര്‍ത്തക സമിതി അംഗമായ അദ്ദേഹം 1978 മുതല്‍ അന്ത്യം വരെ ജനറല്‍സെക്രട്ടറിയായും സേവനം ചെയ്തു. അറബി, ഉര്‍ദു, ഇംഗ്ലീഷ്, ഫാരിസി തുടങ്ങിയ ഭാഷകള്‍ അയത്‌നലളിതമായി കൈകാര്യം ചെയ്തിരുന്ന അദ്ദേഹം ബിദ്അതിനേയും കള്ളത്വരീഖതുകളേയും നിശ്കാസനം ചെയ്യുന്നതില്‍ മുന്‍നിരയില്‍ അവരോധിക്കപ്പെട്ടു. 29-11-1976ന് സമസ്തയുടെ വൈസ് പ്രസിഡന്റായും തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.
വണ്ടൂരിലെ കളത്തിങ്ങല്‍ കുഞ്ഞിമൊയ്തീന്‍ മുസ്‌ലിയാരുടെ മകള്‍ മറിയം ആണ് വധു. ഏഴ് പണ്‍മക്കളും ഒരു ആണ്‍കുട്ടിയുമാണുള്ളത്. അജ്മീര്‍ സിയാറത് കഴിഞ്ഞ് മടങ്ങവെ അസുഖബാധിതനാവുകയും 1980 ഡിസംബര്‍ 4ന് വഫാതാവുകയും ചെയ്തു.
Post a Comment