സമസ്തയുടെ കമ്പ്യൂട്ടറെന്ന് വിശേഷിപ്പിക്കപ്പെട്ടിരുന്ന മൗലാനാ എം.എം ബശീര്‍ മുസ്‌ലിയാര്‍ തന്റെ ചിന്തയും കാഴ്ചപ്പാടും പുതിയരീതിയിലും ഭാവത്തിലും അവതരിപ്പിച്ച് സമസ്തയുടേയും പോഷകഘടകങ്ങളുടേയും പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വവും മാര്‍ഗ്ഗദര്‍ശനവും നല്‍കിയ പണ്ഡിതനായിരുന്നു.1977 മുതല്‍ 1987ല്‍ മരണം വരെ ജംഇയ്യതുല്‍മുഅല്ലിമീന്‍ സെന്‍ട്രല്‍കൗണ്‍സില്‍ വൈസ്.പ്രസിഡന്റായി സേവനം ചെയ്ത അദ്ദേഹം
 അപൂര്‍വ്വ ബുദ്ധിശക്തിയും ചിന്താശേഷിയും കര്‍മ്മകുശലതയും സംഘാടകമികവും നല്‍കി അല്ലാഹു ആദരിച്ച അത്യപൂര്‍വ്വ ജീനിയസ് ആയിരുന്നു.  ദാറുല്‍ഹുദാ എന്ന പുതിയ സംവിധാനത്തിന് അടിസ്ഥാനശിലപാകുന്നതില്‍ ചിന്താപരമായ നേതൃത്വം അദ്ദേഹത്തിന്റേതായിരുന്നു. 


മലപ്പുറം ജില്ലയിലെ ചേറൂരില്‍ ഏറെ പണ്ഡിതന്‍മാര്‍ ജന്‍മമെടുത്ത കുടുംബമാണ് മണ്ടോട്ടില്‍ തറവാട്. മണ്ടോട്ടില്‍ വലിയ അഹ്‌മദ് മുസ്‌ലിയാരുടേയും കല്ലന്‍ കദിയുമ്മയുടേയും മൂത്തമകനായിട്ടാണ് 1929 ഫെബ്രുവരി 3ന് അദ്ദേഹം ജനിക്കുന്നത്. ഒരു സഹോദരനും മൂന്ന് സഹോദരിമാരും അദ്ദേഹത്തിനണ്ടായിരുന്നു. പിതാവ് ചാലിലകത്ത് കുഞ്ഞഹമ്മദാജിയുടെ ശിഷ്യനായിരുന്നുവെങ്കിലും മാര്‍ഗ്ഗഭ്രംശം സംഭവിച്ച് ബിദഇകളുടെ മാര്‍ഗ്ഗത്തിലെത്തുകയും പിന്നീടതിന്റെ ശക്തനായ പ്രചാരകനാവുകയുമുണ്ടായി. നാട്ടുകാരനായ സി.എന്‍ അഹ്‌മദ് മൗലവിയും ഈ കാര്യത്തില്‍ അദ്ദേഹത്തിനൊപ്പമുണ്ടായിരുന്നു.

പിതാവില്‍ നിന്ന് പ്രാഥമിക വിദ്യകള്‍ നേടിയതിന് ശേഷം ചേറൂര്‍ എല്‍.പി സ്‌കൂളിലും വേങ്ങര യു.പി സ്‌കൂളിലും പിന്നീട് ജെ.ഡി.ടി ഇസ്‌ലാമിലും പഠനം തുടര്‍ന്നു. 1938 ജെ.ഡി.ടിയില്‍ പഠിക്കുമ്പോഴാണ് പിതാവ് വിടപറയുന്നത്. ഇത് ബശീര്‍ മുസ്‌ലിയാരുടെ ജീവിതത്തില്‍ വഴിത്തിരിവായി. പിതാവിന് ശേഷം വ്യാപാരിയും അളിയനുമായിരുന്ന കോല്‍മണ്ണ പുലിയമ്മല്‍ കോയക്കുട്ടി തങ്ങളാണ് സംരക്ഷിച്ചത്.

തന്റെ അയല്‍ നാടായ അച്ചനമ്പലത്ത് പള്ളിയില്‍ ദര്‍സ് നടത്തിയിരുന്ന പൊന്‍മുണ്ടം അവറാന്‍ കുട്ടി മുസ്‌ലിയാരുടെ ദര്‍സില്‍ മൂന്ന് വര്‍ഷവും പിന്നീട് കൂട്ടിലങ്ങാടി ബാപ്പുമുസ്‌ലിയാരുടെ ശിശ്യനായി പനങ്ങാട്ടൂരും പഠനം നടത്തി. 1947ലാണ് പ്രമുഖ പണ്ഡിതന്‍ കോട്ടുമല അബൂബകര്‍ മുസ്‌ലിയാരുടെ ദര്‍സില്‍ എത്തുന്നത്. നീണ്ടവര്‍ഷത്തെ ഈ പഠനകാലം അദ്ദേഹത്തിന്റെ ജീവിതത്തിലെ സുവര്‍ണഘട്ടമായിരുന്നു.

ബുദ്ധിശക്തിയും കഠിനാദ്ധ്വാനവും ഇഴകിച്ചേര്‍ന്നപ്പോള്‍ അദ്ദേഹത്തിലെ പണ്ഡിതന്‍ വളര്‍ന്നുവലുതായി. ശിഷ്വനെ അനുസ്മരിക്കുന്ന വേളയില്‍ കോട്ടുമല ഉസ്താദ് പറഞ്ഞ തന്നെ ഇതിന് സാക്ഷ്യമാണ്. ''അര്‍ദ്ധരാത്രി കഴിഞ്ഞ് വളരെ വൈകി എന്തെങ്കിലും പരിപാടി കഴിഞ്ഞ് വരുമ്പോള്‍ ചെറിയ മണ്ണെണ്ണ വിളക്കിന്റെ വെളിച്ചത്തില്‍ കിതാബോതിപ്പഠിക്കുന്ന ബശീറിനെ ഞാന്‍ കാണാറുണ്ടായിരുന്നു. അവസാനം ഞാന്  നിര്‍ബന്ധിച്ച് ഉറങ്ങാന്‍ പറഞ്ഞയക്കാറായിരുന്നു പതിവ്''. ടി.കെ.എം ബാവ മുസ്‌ലിയാര്‍, ഇ.കെ ഹസന്‍ മുസ്‌ലിയാര്‍, ആദ്യശേരി മുഹമ്മദ് മുസ്‌ലിയാര്‍, ഓ.കെ അര്‍മിയാഅ് മുസ്‌ലിയാര്‍ എന്നിവര്‍ ദര്‍സിലെ സഹപാഠികളായിരുന്നു.

വിദ്യാര്‍ത്ഥി ജീവിതത്തിനിടയില്‍ തന്നെ തന്റെ ഗുരുവര്യന് പകരം മഹാസമ്മേളനത്തില്‍ പ്രസംഗിക്കാന്‍ കിട്ടിയത് അദ്ദേഹത്തിന്റെ പ്രതിഭാധനം ബോധ്യമായത് കൊണ്ട് തന്നെയാണ്. വിപുലമായി നടത്തപ്പെട്ടിരുന്ന തിരൂരങ്ങാടി നൂറുല്‍ഹുദാ മദ്രസയുടെ വാര്‍ഷിക സമ്മേളനത്തില്‍ ഒരു വര്‍ഷം പങ്കെടുക്കേണ്ടിയിരുന്ന കോട്ടുമല ഉസ്താദിന് എന്തോ തടസ്സം നേരിട്ടു. വരാന്‍ കഴിയില്ലെന്ന് ശിഷ്യന്‍ മുഖേന സംഘാടകരെ അറിയിക്കാന്‍ ഉസ്താദ് തീരുമാനിക്കുകയും ബശീര്‍മുസ്‌ലിയാരെ പറഞ്ഞയക്കുകയും ചെയ്തു. തിരൂരങ്ങാടിയിലെത്തി വിവരം സംഘാടകരോട് പറഞ്ഞപ്പോള്‍ പറവണ്ണ മുഹ്‌യിദ്ദീന്‍ കുട്ടി മുസ്‌ലിയാര്‍ അവിടെ നില്‍ക്കാന്‍ പറഞ്ഞു. സദസ്യരോട് പറഞ്ഞു'കോട്ടുമല അബൂബക്ര്‍ മുസ്‌ലിയാര്‍ എത്താന്‍ കഴിയില്ലെന്ന് പറഞ്ഞിട്ടുണ്ട്. പക്ഷെ അദ്ദേഹത്തിന്റെ പ്രതിനിധിയായി എം.എം ബശീര്‍ മുസ്‌ലിയാര്‍ അല്‍പ നേരം സംസാരിക്കും'. അവസരം അവിചാരിതമെങ്കിലും തന്റെ വശ്യവും മനോഹരവുമായ ശൈലിയില്‍ സദസ്യരെ അഭിസംബോധനം ചെയ്തു. ഇത് വലിയ അംഗീകാരമായി ബശീര്‍ മുസ്‌ലിയാര്‍ ഉപകാരസ്മരണയോടെ ഓര്‍ക്കാറുണ്ടായിരുന്നു.

പഠനത്തോടൊപ്പം തന്റെ ആത്മീയോന്നതിക്ക് വേണ്ട കാര്യങ്ങളും ഉസ്താദ് വളരെ നേരത്തെ തന്നെ നേടിയെടുത്തു. 1951ല്‍ കോട്ടുമലയില്‍ പഠിക്കുന്ന കാലത്ത് തന്നെ രാത്രി കാല്‍നടയായി സഞ്ചരിച്ച് പുതിയാപ്പിള അബ്ദുറഹിമാന്‍ മുസ്‌ലിയാരുടെ അരികില്‍ ചെന്ന് രിഫാഈ ത്വരീഖത് സ്വീകരിക്കുകയും ഹദ്ദാദിന്റെ ഇജാസത് വാങ്ങുകയും ചെയ്തു.

ബശീര്‍ മുസ്‌ലിയാര്‍ കോട്ടുമലയില്‍ പഠിക്കുമ്പോള്‍ തന്റെ നാടായ ചേറൂരില്‍  പൊന്‍മള മുഹ്‌യിദ്ദീന്‍കുട്ടി മുസ്‌ലിയാരുടെ ദര്‍സില്‍ ഐദ്‌റൂസ് മുസ്‌ലിയാര്‍ പഠിതാവായിട്ടുണ്ട്. അന്ന് തുടങ്ങിയ സൗഹൃദം പിന്നീട് ബാഖിയാതിലെ പഠനകാലത്തും ശേഷം സമസ്തയുടെ കര്‍മ്മ മേഖലയിലും അവസാനം ദാറുല്‍ഹുദായുടെ ഉദയത്തിലുമെല്ലാം ഒന്നിച്ചു.

1953ലാണ് ബാഖിയാതിലെത്തുന്നത്. അവിടെ ശൈഖ് ആദം ഹസ്രത്ത്, അബൂബകര്‍ ഹസ്രത്ത്, ഹസന്‍ ഹസ്രത്ത് എന്നിവരെല്ലാം അധ്യാപകരായിട്ടുണ്ടായിരുന്നു.  1955ല്‍ അവിടെ നിന്ന് പഠനം പൂര്‍ത്തിയായി കേരളത്തില്‍ വന്നു. 1956ല്‍ തിരൂരങ്ങാടിയിലെ എം.എന്‍ മൊയ്തീന്‍ ഹാജിയുടെ മകള്‍ സൈനബയെ വിവാഹം ചെയ്തു. അബ്ദുസ്വമദ്, അബ്ദുസ്സലാം, ഉസ്മാന്‍, അബ്ദുര്‍റശീദ്, അബ്ദുശകൂര്‍, മൈമൂന, ഫാത്വിമ, സുബൈദ എന്നിവരായിരുന്നു മക്കള്‍.

ബാഖിയാതില്‍ നിന്ന് വന്ന് അച്ചനമ്പലത്താണ് ദര്‍സ് ആരംഭിച്ചത്. രണ്ട് വര്‍ഷം അവിടെ മുദരിസായി. പിന്നീട് മറ്റത്തൂരിലും വെളിമുക്കിലും ദര്‍സ് ആരംഭിച്ചു. കൊണ്ടോട്ടി പഴയങ്ങാടിയിലാണ് 12 വര്‍ഷം സേവനം ചെയ്തത്. അയല്‍നാടുകളില്‍ നിന്നും പഴയങ്ങാടിപ്പള്ളി ദര്‍സിലേക്ക് ലഭിച്ച വഖ്ഫ് സ്വത്തുക്കളായിരുന്നു ആ ദര്‍സിന്റെ നിലനില്‍പ്പിനാധാരം. അത് കൊണ്ട് തന്നെ മറ്റുനാടുകളിലെ ദര്‍സുകളിലേതിനേക്കാള്‍ പ്രവര്‍ത്തസ്വാതന്ത്ര്യം അവിടെയുണ്ടായിരുന്നു.

പരമ്പരാഗത ദര്‍സ് ശൈലികളില്‍ നിന്ന് കാതലായ മാറ്റങ്ങള്‍ ഉസ്താദ് നടപ്പില്‍ വരുത്തി. ബെഞ്ചും ഡെസ്‌കും, മേശയും കസേരയും എഴുത്ത്‌ബോര്‍ഡ് എല്ലാം ഉസ്താദ് സംവിധാനിച്ചു. അത് പോലെ ഭാഷകളും മറ്റു ഭൗതിക വിഷയങ്ങളും അദ്ദേഹത്തിന്റെ ദര്‍സില്‍ അഭ്യസിക്കപ്പെട്ടു.

കുട്ടികളുടെ ഹാജര്‍നില പരിശോധിക്കാന്‍ രജിസ്റ്ററും, തന്റെ പ്രവൃത്തിദിവസങ്ങള്‍ കൃത്യമായി അറിയാന്‍ ഡയറിയില്‍ ഒപ്പ് രേഖപ്പെടുത്തലും, പാഠക്കുറിപ്പ് തയ്യാറാക്കലും കുട്ടികളുടെ പഠനനിലവാരം പരിശോധിക്കാന്‍ പരീക്ഷയുമെല്ലാം നടപ്പിലാക്കി. ഏത് സമയത്തും ദര്‍സില്‍ വന്ന് ചേരാമെന്ന വ്യവസ്ഥ മാറ്റി, കുട്ടി നിലവില്‍ പഠിക്കുന്ന ദര്‍സില്‍ നിന്ന് ടി.സി വാങ്ങി വരണമെന്ന നിയമം ഉസ്താദ് കൊണ്ട് വന്നു. സി.എച്ച് ഐദ്‌റൂസ് മുസ്‌ലിയാരും, കെ.സി ജമാലുദ്ദീന്‍ മുസ്‌ലിയാരുമൊക്കെയാണ് പരീക്ഷാ നടത്തിപ്പിനായി വന്നിരുന്നത്. മറ്റു ദര്‍സുകളിലേക്ക് ബശീര്‍മുസ്‌ലിയാര്‍ തയ്യാറാക്കിയിരുന്ന ചോദ്യങ്ങള്‍ അദ്ദേഹം ഡയറിയില്‍ കുറിച്ചുവെക്കുകയും പിന്നീട് എസ്.എം.എഫിന് കീഴില്‍ ചോദ്യങ്ങള്‍ തയ്യാറാക്കേണ്ടി വന്നപ്പോള്‍ നേതാക്കള്‍ അദ്ദേഹത്തെ സമീപിച്ച അവസരത്തില്‍ അലമാരയില്‍ നിന്ന് പഴയ കുറിപ്പുകള്‍ എടുത്തുനല്‍കുകയുമുണ്ടായി.

1972ലാണ് ദര്‍സ്ജീവിതം മതിയാക്കി കടമേരി റഹ്‌മാനിയ്യയുടെ തലപ്പത്തേക്ക് ക്ഷണിക്കപ്പെടുന്നത്. ചീക്കിലോട് കുഞ്ഞഹമ്മദ് മുസ്‌ലിയാരും ചിലരും ചേര്‍ന്ന് ആരംഭിക്കാന്‍ തീരുമാനിച്ച അറബിക്‌കോളേജിലേക്ക് ക്ഷണിക്കപ്പെട്ടപ്പോള്‍ ഉമ്മത്തിന്റെ നവജാഗരണത്തിന് താന്‍ സ്വപ്നം കാണുന്ന പദ്ധതികള്‍ നടപ്പിലാവാന്‍ അതാണ് വഴിയെന്ന് മനസ്സിലാക്കി ആ ക്ഷണം സ്വീകരിച്ചു. വലിയ ഒരു ദര്‍സ് ജീവിതം ഒഴിവാക്കി ഈ രംഗത്തേക്ക് അദ്ദേഹം പോകുന്നത് പലരാലും വിമര്‍ശനവിധേയമായി. ഉസ്താദ് അവിടെയെത്തിയത് മുതല്‍ വന്‍കുതിച്ചു ചാട്ടമാണ് ഉണ്ടായത്. 1979ല്‍ അനാരോഗ്യം കാരണം കോളേജില്‍ നിന്ന് വിട്ടുനിന്നെങ്കിലും മരണം വരെയും അദ്ദേഹം തന്നെയായിരുന്നു പ്രിന്‍സിപ്പള്‍.

വളരെ ചെറുപ്പത്തില്‍ തന്നെ താഴെതട്ടില്‍ പ്രവര്‍ത്തിച്ചു തുടങ്ങിയതാണ് ബശീറുസ്താദിന്റെ ജീവിതം. ദര്‍സില്‍ പഠിച്ചു കൊണ്ടിരിക്കുന്ന കാലത്ത് തന്നെ തന്റെ നാട്ടില്‍ യുവജനസംഘം രൂപീകരിച്ച് ബിദ്അത്തിലേക്ക് കൂപ്പ് കുത്തിയിരുന്നവരെ നേരിന്റെ തേരിലെത്തിക്കാന്‍ അദ്ദേഹം കഠിനാധ്വാനം ചെയ്തു. 1958ല്‍ വേങ്ങര റെയ്ഞ്ച് രൂപീകൃതമായപ്പോള്‍ അതിന്റെ പ്രസിഡന്റായി അദ്ദേഹം തിരഞ്ഞെടുക്കപ്പെട്ടു. 1958ല്‍ തന്നെ തിരൂര്‍ താലൂക്ക് സുന്നിയുവജനസംഘം പ്രസിഡന്റായും നിയമിക്കപ്പെട്ടത് ബശീര്‍ മുസ്‌ലിയാരാണ്. 1960ല്‍ സമസ്ത മുശാവറാ മെമ്പറായി തിരഞ്ഞെടുക്കപ്പെട്ടതിന് ശേഷം അദ്ദേഹത്തിന്റെ അഭിപ്രായങ്ങള്‍ക്കും കൂടുതല്‍ ശ്രദ്ധകിട്ടിത്തുടങ്ങി. 1966 മുതല്‍ 68 വരെ എസ്.വൈസ് സ്റ്റേറ്റ് പ്രസിഡന്റായി. 1976ല്‍ സമസ്തജില്ലാ ജനറല്‍ സെക്രട്ടറിയുമായി. 1977 മുതല്‍ 87ല്‍ വഫാതാകുന്നത് വരെ ജംഇയ്യതുല്‍മുഅല്ലിമീന്‍ വൈസ് പ്രസിഡന്റായിരുന്നു. ആ കാലത്തും പരീക്ഷാബോര്‍ഡ് ചെയര്‍മാനുമായിരുന്ന കാലത്തും നിരവധി പദ്ധതികളാണ് ആവിഷ്‌കരിച്ച് നടപ്പില്‍ വരുത്തിയത്. നമ്മള്‍ പുതിയ പുതിയ പദ്ധതികള്‍ ആവിശ്കരിച്ച് കൊണ്ടേയിരിക്കണമെന്നും നമുക്ക് നടപ്പിലാക്കാന്‍ കഴിയാത്തവ നമുക്ക് ശേഷം വരുന്നവര്‍ നടപ്പിലാക്കുമെന്നും, പറവണ്ണയുടെ സ്വപ്നങ്ങളും ആശയങ്ങളുമാണ് നാമിപ്പോള്‍ നടപ്പിലാക്കിക്കൊണ്ടിരിക്കുന്നതെന്നും അദ്ദേഹം എപ്പോഴും പറയാറുണ്ടായിരുന്നു.

1976ല്‍ സമസ്ത ജില്ലാ ജനറല്‍ സെക്രട്ടറി ആയിരിക്കുമ്പോഴാണ് എസ്.എം.എഫ് എന്ന ആശയം ബശീര്‍മുസ്‌ലിയാര്‍ മുന്നോട്ട് വെക്കുന്നത്. സമൂഹത്തിന്റെ ഉന്നമനത്തിന് പണ്ഡിതന്‍മാര്‍ ഒന്നിച്ചാല്‍ മാത്രം പോര, ഉമറാക്കള്‍ കൂടി ഒന്നിക്കേണ്ടതിന്റെ അനിവാര്യത അദ്ദേഹം സമൂഹത്തെ തെര്യപ്പെടുത്തിക്കൊണ്ടേയിരുന്നു. അങ്ങിനെയാണ് മുസ്‌ലിം മഹല്ലുകളുടെ ഐക്യം ലക്ഷ്യം വെച്ച് ഈ സംഘടനക്ക് രൂപം നല്‍കുന്നത്. ശൈഖുനാ ചാപ്പനങ്ങാടി ഉസ്താദിന്റെ ആശീര്‍വാദത്തോടെ ആദ്യം ചില പഞ്ചായത്തുകളിലും പിന്നെ മലപ്പുറം ജില്ലയിലും സംഘടന രൂപീകരിക്കുകയും പിന്നീട് സംസ്ഥാന തലത്തിലേക്ക് വളരുകയും ചെയ്തത്. ദേശീയതലത്തിലും ഈ പ്രവര്‍ത്തനം നടക്കണമെന്ന ശൈഖുനായുടെ വാക്ക് നടപ്പിലാകാനാണ് ദുറുല്‍ഹുദാ എന്ന ആശയം നടപ്പില്‍ വരുത്തിയത്.

കിതാബുകള്‍ക്ക് പുറമെ, ഭാഷകളും മറ്റും പഠിപ്പിക്കുന്ന മാതൃകാ ദര്‍സ് സംവിധാനം വേണ്ടവിധം വിജയിക്കാതെ വന്നപ്പോഴാണ്, വളര്‍ന്ന വരുന്ന തലമുറയോട് സംവദിക്കാന്‍ മതവിദ്യയോടൊപ്പം അവശ്യമായ ഭൗതിക ജ്ഞാനവും ഇതര സംസ്ഥാനക്കാരോടും രാജ്യക്കാരോടും സംവദിക്കാന്‍ ഭാഷാ പരിജ്ഞാനവും അത്യാവശ്യമാണെന്ന ചിന്തയില്‍ നിന്നാണ് ദാറുല്‍ഹുദാ ഉദയം ചെയ്തത്. എസ്.എം.എഫ് മലപ്പുറം ജില്ലാ ഘടകമാണത് സ്ഥാപിച്ചത്. അതിന്റെ പ്രഥമ പ്രസിഡന്റ് എം.എം ബശീര്‍ മുസ്‌ലിയാരായിരുന്നു.

സംഘടനയുടെ അജണ്ടകള്‍ തീരുമാനിക്കാനും, പ്രമേയങ്ങള്‍ രൂപകല്‍പ്പന ചെയ്യാനും, സമ്മേളനങ്ങളുടെ രീതി ആലോചിക്കാനും എല്ലാം ബശീര്‍മുസ്‌ലിയാരെയാണ് അന്ന് നേതാക്കള്‍ സമീപിച്ചിരുന്നത്. ഒരു പദ്ധതി നടപ്പിലാക്കാന്‍ ആലോചിച്ചാല്‍ അതിന്റെ പൂര്‍ത്തീകരണത്തിന് വേണ്ടി സര്‍വ്വവും ത്യജിക്കാന്‍ ഉസ്താദ് സന്നദ്ധനായിരുന്നു. ചില മാര്‍ഗ്ഗങ്ങള്‍ അടയുമ്പോള്‍ മറ്റു മാര്‍ഗ്ഗങ്ങളാലോചിച്ച് ലക്ഷ്യത്തിലെത്താന്‍ അവിടന്ന് ശ്രമിക്കുമായിരുന്നു.

സമസ്ത മലപ്പുറം ജില്ലാ സമ്മേളനം 1987ല്‍ കുറ്റിപ്പുറത്ത് നടക്കുമ്പോള്‍ രോഗം കാരണം അതില്‍ പങ്കെടുക്കാന്‍ കഴിഞ്ഞില്ലെങ്കിലും സ്വാഗതസംഘം രൂപീകരണം മുതല്‍ സമ്മേളനം കഴിയുന്നത് വരെയുള്ള കാര്യങ്ങള്‍ ഉസ്താദുമായി കൂടിയാലോചിച്ചാണ് നടന്നിരുന്നത്. സമ്മേളനത്തില്‍ അവതരിപ്പിക്കാനുള്ള പ്രമേയങ്ങള്‍ പോലും ആലോചിച്ച് തീരുമാനത്തിലെത്തിച്ചതും, സമ്മേളനാന്തരം നടക്കാനുള്ള പതിനഞ്ചിന കര്‍മ്മപദ്ധതി സമര്‍പ്പിച്ചതും ബശീര്‍ മുസ്‌ലിയാരാണ്.

ചിന്തയിലും പ്രവര്‍ത്തനത്തിലും പറവണ്ണമുഹ്‌യിദ്ദീന്‍കുട്ടി മുസ്‌ലിയാരെ പിന്തുടര്‍ന്ന ബശീര്‍ ഉസ്താദിന് കുറഞ്ഞകാലം കൊണ്ട് നിരവധി കാര്യങ്ങള്‍ ചെയ്ത് തീര്‍ക്കാന്‍ സാധ്യമായി. 33 വര്‍ഷങ്ങള്‍ക്ക് മുമ്പ് സ്ഥാപിതമായ ദാറുല്‍ഹുദായിലൂടെ മതഭൗതിക വിജ്ഞാനങ്ങള്‍ ഒരേ സമയം ആര്‍ജ്ജിച്ചെടുത്ത പണ്ഡിതവ്യൂഹം സമൂഹത്തില്‍ വിജ്ഞാന പ്രബോധന പ്രവര്‍ത്തനങ്ങളുമായി സജീവമാകുക എന്ന സ്വപ്നം അല്‍ഹംദുലില്ലാഹ് ഇന്ന് ഹുദവികളിലൂടെയും സാക്ഷാല്‍കൃതമായിക്കൊണ്ടിരിക്കുകയാണ്. 1987ലാണ് ആ മഹാമനീഷി നമ്മെ വിട്ടുപരിഞ്ഞത്.


Post a Comment

Previous Post Next Post