മധ്യകേരളത്തില്‍ ഇസ്‌ലാമികപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയവരില്‍ അദ്യുതീയനാണ് എം.കെ.എ കുഞ്ഞിമുഹമ്മദ് മുസ്‌ലിയാര്‍ എന്ന തൊഴിയൂര്‍ ഉസ്താദ്. 1926ല്‍ ഏപ്രില്‍ 5ന് മുസ്‌ലിയാര്‍വീട്ടില്‍ കുഴിങ്ങര അഹ്‌മദുണ്ണിമുസ്‌ലിയാരുടെ പുത്രനായി കൊരഞ്ഞിയൂര്‍ അണ്ടംപറമ്പ് ദേശത്ത് ജനിച്ചു. പണ്ഡിതരും മുത്തഖീങ്ങളുമായ മാതാപിതാക്കളുടെ തണലിലായി വളര്‍ന്നു. അവരുടെ ജീവിതം ഉസ്താദിന്റെ വളര്‍ച്ചയില്‍ സ്വാധീനിച്ചിട്ടുണ്ടെന്നത് സുവ്യക്തമാണ്.
അകലാട് മുഹ്‌യിദ്ദീന്‍ പള്ളിയുടെ തെക്കുവശത്ത് അന്ത്യവിശ്രമം കൊള്ളുന്ന അവറുമുസ്‌ലിയാരില്‍ നിന്ന് ഖുര്‍ആന്‍ പഠിച്ച അദ്ദേഹം, സ്വന്തം മാതാവ് ഉമ്മാവുവില്‍ നിന്ന് മുതഫര്‍രിദ് ഓതിപ്പഠിച്ചു. പിന്നീട് വടക്കെപുന്നയൂര്‍ പിലാകാട്ടെ പള്ളിയില്‍ ദര്‍സ് പഠനം ആരംഭിച്ചു. നാട്ടുകാരനായ അബ്ദുമുസ്‌ലിയാരായിരുന്നു അവിടെ മുദരിസ്. തെക്കെ എടക്കരപ്പള്ളിയില്‍ അമ്മുമുസ്‌ലിയാര്‍, കുഞ്ഞിപ്പോക്കര്‍മുസ്‌ലിയാര്‍ കല്‍പ്പകഞ്ചേരി, പെരുന്തിരുത്തി അബ്ദുമുസ്‌ലിയാര്‍, പൊറ്റയില്‍ ചെറിയ മൊയ്തുമുസ്‌ലിയാര്‍, വാടാനപ്പള്ളി അബ്ദുറഹിമാന്‍മുസ്‌ലിയാര്‍, കല്ലൂര്‍ മുഹമ്മദ് മുസ്‌ലിയാര്‍ തുടങ്ങിയ പ്രഗത്ഭരായ മുദരസുമാരുടെ അടുത്ത് പഠിക്കുകയും പിന്നീട് പുതിയാപ്പിള അബ്ദുറഹിമാന്‍ മുസ്‌ലിയാരുടെ നിര്‍ദ്ദേശപ്രകാരം മര്‍ഹൂം അബൂബക്ര്‍ മുസ്‌ലിയാരുടെ അടുത്ത് കാരക്കാട് ദര്‍സിലും ശേഷം കാക്കൂര്‍ ദര്‍സില്‍ ഒ.കെ സൈനുദ്ദീന്‍മുസ്‌ലിയാരുടെ അടുത്തും പഠിച്ചു.
ദര്‍സ് പഠനത്തിന് ശേഷം ബാഖിയാതിലേക്ക് പോകണമെന്ന് കൊതിച്ച ഉസ്താദ് പിതാവ് രോഗഗ്രസ്ഥനായത് കാരണം വേണ്ടെന്ന് വെച്ചു അധ്യാപനലോകത്തേക്ക് പ്രവേശിച്ചു. അദ്ദേഹം വളാഞ്ചേരി പള്ളിയില്‍ ദര്‍സ് നടത്തിക്കൊണ്ടിരിക്കെയാണ്(ആറ് വര്‍ഷമാണ് അവിടുത്തെ സേവനം) ദാറുല്‍ഉലൂം ദയൂബന്ദിലേക്ക് ഉപരിപഠനത്തിന് പോകുന്നത്. പഠനം കഴിഞ്ഞ് ഹദീസ് ശാസ്ത്രത്തില്‍ അവഗാഹം നേടി തിരിച്ചെത്തി. കണ്ണിയത്തുസ്താദിന്റെ ദര്‍സില്‍ പഠിക്കാന്‍ കിട്ടിയ അവസരവും അദ്ദേഹം ഉപയോഗപ്പെടുത്തി. ശേഷം കണ്ണൂര്‍ ജില്ലയിലെ മാട്ടൂല്‍ മുഹ്‌യിദ്ദീന്‍ ജുമാമസ്ജിദിലും രാമനാട്ടുകരക്കടുത്ത് കുറുവങ്ങത്ത് പള്ളിയിലും മുദരിസായി. പിന്നീട് ആറ് വര്‍ഷം തൊഴിയൂര്‍ പാലേമ്മാവ് പള്ളിയിലും ശേഷം വടക്കേകാടും സേവനം തുടര്‍ന്നു. ഇക്കാലയളവില്‍ സമസ്തയുടെ പ്രവര്‍ത്തനങ്ങളില്‍ സജീവമായി ഇടപെടാന്‍ തുടങ്ങി.
ഈ കാലയളവില്‍ ചാവക്കാട് മേഖലയില്‍ എസ്.വൈ.എസ് രൂപീകരിച്ചാണ് സമസ്തയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് ആ ജില്ലയില്‍ സമാരംഭം കുറിക്കുന്നത്. പിന്നീട് ഉസ്താദിന്റെ നേതൃത്വത്തില്‍ ദാറുര്‍റഹ്‌മ സ്ഥാപിതമായതോടെ സമസ്തയുടെ ചുവടുകള്‍ക്ക് കൂടുതല്‍ കരുത്ത് ലഭിച്ചു. ജില്ലയിലെ സമസ്തയുടെ ആസ്ഥാനമായി തൊഴിയൂര്‍ ഉസ്താദിന്റെ ദാറുര്‍റഹ്‌മ വളന്നു.
വിദ്യാഭ്യാസബോര്‍ഡ് മെമ്പറായി നേതൃസ്ഥാനത്തേക്ക് വന്ന ഉസ്താദ് പിന്നീട് മുശാവറാ അംഗമായും കൂറ്റനാട് കെ.വി മുഹമ്മദ് മുസ്‌ലിയാരുടെ വിയോഗാനന്തരം 2000 മുതല്‍ 2004 വരെ സമസ്തകേരളജംഇയ്യതുല്‍മുഅല്ലിമീന്‍ സെന്‍ട്രല്‍കൗണ്‍സിലിന്റെ അധ്യക്ഷനായി പ്രവര്‍ത്തിച്ചു. ഇക്കാലയളവില്‍ സ്തുത്യര്‍ഹമായ പല പദ്ധതികളും പരിഷ്‌കാരങ്ങളും നടപ്പില്‍വരുത്താന്‍ സംഘടനയ്ക് സാധ്യമായത് ഉസ്താദിന്റെ നേതൃഗുണമാണ് ചൂണ്ടിക്കാട്ടുന്നത്. മര്‍ഹൂം കെ.കെ ഹസ്‌റതിന്റെയും കെ.വി ഉസ്താദിന്റെയും നാമധേയത്തില്‍ എല്ലാവര്‍ഷവും നല്‍കിവരുന്ന അവാര്‍ഡുകള്‍ നിലവില്‍ വന്നതും, മദ്രസാഅധ്യാപന രംഗത്ത് ശ്രദ്ധേയമായ മുഅല്ലിം ട്രൈനിംഗ്‌സെന്റര്‍ തുടങ്ങിയതും ഈ കാലയളവിലാണ്.
മദ്രസാമുഅല്ലിമുകളുടെ ജീവിത മേഖലയില്‍ ഏറെ സഹായകമായ മുഅല്ലിം ക്ഷേമനിധിക്ക് വ്യക്തമായ നിയമനിര്‍ദേശങ്ങള്‍ കൊണ്ടുവരുന്നതിലും നടപ്പിലാക്കുന്നതിലും നിര്‍ണ്ണായക പങ്ക് വഹിച്ചവരില്‍ തൊഴിയൂര്‍ ഉസ്താദിന്റെ നിസ്തുലപങ്ക് അനിശേധ്യമാണ്.
സമസ്ത കേന്ദ്ര മുശാവറാ അംഗം, ജംഇയ്യതുല്‍മുഅല്ലിമീന്‍ സംസ്ഥാന പ്രസിഡന്റ്, വിദ്യാഭ്യാസബോര്‍ഡ് എക്‌സിക്കുട്ടീവ് അംഗം, തൃശൂര്‍ ജില്ലാ ജംഇയ്യതുല്‍ ഉലമ സെക്രട്ടറി, എസ്.എം.എഫ് തൃശൂര്‍ ജില്ലാ പ്രസിഡന്റ്, എസ്.എം.എഫ് സ്റ്റേറ്റ് കമ്മിറ്റി അംഗം, എസ്.വൈ.എസ് തൃശൂര്‍ ജില്ലാ പ്‌സിഡന്റ്, എസ്.വൈ.എസ് സംസ്ഥാന കമ്മിറ്റി അംഗം, തുടങ്ങിയ നിരവധി പ്രൗഢമായ പദവികളെല്ലാം വഹിച്ച ആ മഹാ മനീഷി തൃശൂര്‍ ജില്ലയില്‍ വിശേഷിച്ച് പാരമ്പര്യ ഇസ്‌ലാം നിലനിര്‍ത്തുന്നതില്‍ അക്ഷീണം യത്‌നിച്ചവരാണ്. 2015 ആഗസ്ത് 16നാണ് വഫാത്.
Post a Comment