സമസ്തകേരളജംഇയ്യതുല്‍മുഅല്ലിമീന്റെ ദീര്‍ഘകാലത്തെ വൈസ്പ്രസിഡന്റും വിദ്യാഭ്യാസബോര്‍ഡിനും ജംഇയ്യതുല്‍മുഅല്ലിമീനും മദ്രസാപ്രസ്ഥാനത്തിനും നിസ്തുല സേവനം സമര്‍പ്പിക്കുകയം ചെയ്തവരാണ് വലിയപീടികയില്‍ മുണ്ടക്കുണ്ടില്‍ അബ്ദുല്‍അസീസ് മാസ്റ്റര്‍. തൃക്കരിപ്പൂരിലെ പൗരാണിക കുടുംബത്തില്‍ മൂസഹാജിയേടേയും ഫാത്വിമയുടേയും മകനായി 1928 മെയ് 24ന് ജനിച്ചു. മാതാമഹനില്‍ നിന്ന് അക്ഷരാഭ്യാസം നേടിയ ശേഷം വീടിനടുത്തുള്ള ഓത്തുപള്ളിയില്‍ നിന്ന് മുക്രി മൊയ്തീന്‍ മൊല്ലയില്‍ നിന്ന് ഖുര്‍ആന്‍ പഠിച്ചു. പിന്നീട് മൊട്ടമ്മല്‍, കൈകോട്ടുകടവ് തുടങ്ങിയ ദര്‍സുകളില്‍ കുഞ്ഞിക്കോയതങ്ങള്‍, അബ്ദുല്‍ഖാദിര്‍ മുസ്‌ലിയാര്‍ തുടങ്ങിയവരുടെ ശിക്ഷണത്തില്‍ ദര്‍സ് പഠിച്ചു. മതപഠനത്തോടൊപ്പം ഭൗതികവിദ്യയില്‍ എസ്.എസ്.എല്‍.സിക്ക് ശേഷം ടീച്ചേഴ്‌സ് ട്രൈനിംഗ് കോഴ്‌സും പൂര്‍ത്തിയാക്കി.
1951ല്‍ മാട്ടൂല്‍ സെന്‍ട്രല്‍ മാപ്പിള സ്‌കൂളില്‍ പ്രധാനധ്യാപകനായി നിയമിതനായി ഒന്നര വര്‍ഷത്തിന് ശേഷം തൃക്കരിപ്പൂരിലെ സെന്റ് പോള്‍സ് യു.പി സ്‌കൂളിലേക്ക് മാറുകയും 1954 മുതല്‍ 1971 വരെ തൃക്കരിപ്പൂര്‍ ഹൈസ്‌കൂളില്‍ അധ്യാപകനാവുകയും ചെയ്തു. 1971 മുതല്‍ മൊട്ടമ്മല്‍ ഗവ. വെല്‍ഫയര്‍ യു.പി സ്‌കൂളില്‍ ഹെഡ്മാസ്റ്ററായിരുന്നു സേവനം. മതപരമായി വസ്ത്രം ധരിച്ചു തലമറച്ചു സ്‌കൂളുകളിലെത്തിയിരുന്ന അദ്ദേഹം ന്യൂനപക്ഷത്തന് വിശേഷിച്ച് മുസ്‌ലിംകള്‍ക്ക് വിദ്യാഭ്യാസ ജാഗരണം നല്‍കുന്നതില്‍ നന്നായി ഇടപെട്ടു. 1983ല്‍ സ്റ്റേറ്റ് അധ്യാപക അവാര്‍ഡിനര്‍ഹനായിട്ടുണ്ട്.
ഭൗതിക വിദ്യാഭ്യാസ സേവനത്തോടൊപ്പം മതരംഗത്തും സജീവമായി, നേതൃപരമായി ഇടപെടാന്‍ അദ്ദേഹം ശ്രദ്ധയൂന്നി. 1948ല്‍ തന്റെ ഇരുപതാം വയസ്സില്‍ മെട്ടമ്മല്‍ സ്ഥാപിതമായ നജാതുസ്വിബ്‌യാന്‍ മദ്രസയുടെ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെടുകയും 1971 വരെ തുടരുകയുമുണ്ടായി. 1971 മുതല്‍ പ്രസിഡന്റായും നിയമിതനായി. 14 വര്‍ഷമാണ് ആ സ്ഥാനത്തുണ്ടായിരുന്നത്. കേവലം ഒരു നിസ്‌കാരപ്പള്ളിയും എല്‍പി സ്‌കൂളുമുള്ള പ്രദേശത്ത്, ഭൂരിപക്ഷവും മത്സ്യത്തൊഴിലാളികളായിക്കഴിയുന്ന വര്‍ക്കിടയില്‍ വലിയ മാറ്റങ്ങള്‍ സൃഷ്ടിക്കാന്‍ തന്റെ സാരഥ്യം അദ്ദേഹം ഉപയോഗപ്പെടുത്തി.
കെ.പി ഉസ്മാന്‍ സാഹിബിനോടുള്ള സൗഹൃദം അദ്ദേഹത്തെ സമസ്ത കേരളവിദ്യാഭ്യാസ ബോര്‍ഡിന്റെ പ്രവര്‍ത്തനങ്ങളിലേക്കടുപ്പിക്കുകയും അല്‍ബയാന്‍ മാസിക, ബയാനിയ്യ ബുക്സ്റ്റാള്‍, ടി.കെ അബ്ദുല്ല മൗലവി തുടങ്ങിയവരോടുള്ള അടുപ്പം ഈ മേഖലയില്‍ സജീവമാകാന്‍ പ്രചോദനമാവുകയും ചെയ്തു. 1952 ഡിസംബര്‍ 11ന് താനൂര്‍ ഇസ്‌ലാഹുല്‍ ഉലൂം കേന്ദ്ര മദ്രസയില്‍ ചേര്‍ന്ന വിദ്യാഭ്യാസബോര്‍ഡിന്റെയും അതുവരെ അംഗീകരിക്കപ്പെട്ട 42 മദ്രസാപ്രതിനിധികളുടേയും സംയുക്തയോഗത്തില്‍ മദ്രസകള്‍ക്കാവശ്യമായ രേഖകള്‍ രൂപപ്പെടുത്താന്‍ ചുമതലപ്പെടുത്തപ്പെട്ടത് മാസ്റ്ററായിരുന്നു. 1961ല്‍ വ്യവസ്ഥാപിത രീതിയില്‍ വടകര ബുസ്താനുല്‍ഉലൂം മദ്രസയില്‍ നടന്ന 40 ദിവസത്തെ അധ്യാപക ട്രൈനിംഗിന് നേതൃത്വം നല്‍കിയത് അസീസ് മാസ്റ്ററാണ്. സമസ്തയുടെ വിവിധ ഓഫീസുകളിലെ കണക്കുകള്‍ പരിശോധിക്കാന്‍ ഏല്‍പ്പിക്കപ്പെട്ടിരുന്നതും അദ്ദേഹമാണ്.
1964ല്‍ വിദ്യാഭ്യാസബോര്‍ഡ് സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ട അദ്ദേഹം ദീര്‍ഘകാലം തത്സ്ഥാനത്ത് തുടര്‍ന്നു. 1979ല്‍ ജംഇയ്യതുല്‍മുഅല്ലിമീന്‍ വൈസ് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെടുകയും 2007 വരെ അത് തുടരുകയുമുണ്ടായി. ഇന്‍സര്‍വീസ് കോഴ്‌സ് തുടങ്ങാന്‍ മുന്‍കയ്യെടുത്ത അദ്ദേഹം ആദ്യ കോഴ്‌സ് തന്റെ നാടായ തൃക്കരിപ്പൂരില്‍ നടത്തി. അദ്ദേഹം നേതൃത്വം നല്‍കിയ ട്രൈനിംഗ് കോഴ്‌സുകള്‍ നൂറിലപ്പുറമാണ്.
1977ല്‍ ചേറൂരില്‍ നടന്ന റൈഞ്ച് ജംഇയ്യതുല്‍മുഅല്ലിമീന്‍ വാര്‍ഷിക സമ്മേളനത്തില്‍ മാനേജിംഗ് കമ്മിറ്റി പ്രതിനിധി സമ്മേളനം ഉത്ഘാടനം ചെയ്ത് പ്രസംഗിക്കുമ്പോള്‍ അന്നത്തെ സ്പീക്കര്‍ ചാക്കീരി അഹ്‌മദ് കുട്ടി സാഹിബ് മദ്രസാ സിലബസിനെ സംബന്ധിച്ച് തനിക്ക് ബോധ്യപ്പെട്ട ചില ന്യൂനതകള്‍ സദസ്സിനെ ബോധിപ്പിച്ചു. ആ സെഷനില്‍ വിഷയാവതാരകനായിരുന്ന അസീസ് മാസ്റ്റര്‍ തന്റെ പ്രസംഗം ആരംഭിച്ചത് തന്നെ ഉത്ഘാടകനോട് അവസാനം വരെ ഇരിക്കണമെന്ന അപേക്ഷയോടെയാണ്. വളരം സരസമായി മദ്രസാ സിലബസിന്റെ പ്രത്യേകതയും രീതിയും കൃത്യമായി മാസ്റ്റര്‍ അവതരിച്ചപ്പോള്‍ സ്പീക്കര്‍ക്ക് താന്‍ മനസ്സിലാക്കിയത് അബദ്ധമാണെന്ന് ബോധ്യപ്പെടുകയും പറഞ്ഞത് തിരുത്തുകയും ക്ഷമാപണം നടത്തുകയും ചെയ്തു വേദി വിട്ടിറങ്ങി.
Post a Comment