സമസ്ത കേരള ഇസ്്‌ലാം മത വിദ്യാഭ്യാസബോര്‍ഡിന്റെ ജീവനാഡിയും അരനൂറ്റാണ്ട് കാലത്തെ കാര്യദര്‍ശിയും ജംഇയ്യതുല്‍മുഅല്ലിമീന്റെ നാല് പതിറ്റാണ്ട് കാലത്തെ ട്രഷററുമായി സമസ്തക്ക് വേണ്ടി തന്റെ ബുദ്ധിയും ചിന്തയും ആരോഗ്യവും ആയുസ്സുമെല്ലാം സമര്‍പ്പിച്ചവരായിരുന്നു മര്‍ഹൂം കെ.പി ഉസ്്മാന്‍ സാഹിബ്. സയ്യിദ് അബ്ദുറഹിമാന്‍ ബാഫഖി തങ്ങളുടെ അവസരോചിതമായ ഇടപെടലിലൂടെയാണ് ഈ കര്‍മ്മോത്സുകിയെ സമസ്തക്ക് ലഭിക്കുന്നത്.

അബൂബക്കര്‍ സിദ്ദീഖ്(റ)ലേക്കും അബൂഉബൈദതുല്‍ജര്‍റാഹ്(റ)ലേക്കും വേരുകള്‍ ചെന്നത്തുന്ന പുറത്തെയില്‍ മശാഇഖുകളുടെ പുത്രപരമ്പരയില്‍ ശൈഖ് അബ്ദുല്‍ഖാദിര്‍സാനിബാലഫത്്‌നി(റ)ന്റെ പതിനാലാമത്തെയും, ചാലിയത്ത് അന്ത്യവിശ്രമം കൊള്ളുന്ന ശൈഖ് നൂറുദ്ദീന്‍(റ)ന്റെ പന്ത്രണ്ടാമത്തെയും തലമുറയില്‍ പെട്ട ശൈഖ് അബ്ദുല്‍ഖാദിര്‍ മുസ്്‌ലിയാരുടെയും കണ്ണൂര്‍ ജില്ലയിലെ വേങ്ങാടുള്ള കോമുക്കില്‍ തറവാട്ടിലെ മറിയം എന്നവരുടേയും മകനായി കണ്ണൂര്‍ ജില്ലയിലെ വേങ്ങാട് ഗ്രാമത്തില്‍ 1919ലാണ് ഉസ്്മാന്‍ സാഹിബ് ജനിക്കുന്നത്. പിതാവ് അബ്ദുല്‍ഖാദിര്‍ മുസ്്‌ലിയാരുടെ രണ്ടാമത്തെ ഭാര്യയാണ് മര്‍യം. അവരില്‍ ഉസ്്മാന്‍ സാഹിബ് ഉള്‍പ്പടെ മൂന്ന് ആണ്‍മക്കളും മൂന്ന് പെണ്‍മക്കളും ഉണ്ടായിരുന്നു. ഈ വിവാഹത്തിന് വര്‍ഷങ്ങള്‍ക്ക് മുമ്പ് തന്നെ അദ്ദേഹം ദീര്‍ഘകാലം ഓതിത്താമസിച്ച ചാവക്കാട് താലൂക്കിലെ വെന്‍മേനാട് നിന്നും സ്വന്തം ഉസ്താദായിരുന്ന മര്‍ഹൂം തോപ്പില്‍ ഇബ്രാഹീം മുസ്്‌ലിയാരുടെ ഉപദേശാനുസാരം ഒരു വിവാഹം കഴിച്ചിരുന്നു. ആ ബന്ധത്തില്‍ മൂന്ന് മക്കളുമുണ്ടായിരുന്നു. വലിയ്യും സ്വൂഫിയുമായിരുന്ന അദ്ദേഹം നാല്‍പ്പതോളം പള്ളികള്‍ പണിയിപ്പിച്ചതായി പറയപ്പെടുന്നു. വെന്‍മേനാട്ട് ചെന്ത്രത്തിപള്ളി മഖാലിമാണ് മഹാനുഭാവന്‍ അന്ത്യവിശ്രമം കൊള്ളുന്നത്.

സ്വദേശമായ വേങ്ങാട്ടെ ഓത്തുപള്ളിയില്‍ പ്രാഥമിക പഠനത്തിന് ശേഷം വേങ്ങാട് പള്ളിദര്‍സില്‍ നിന്നാണ് മതവിദ്യാഭ്യാസം നേടുന്നത്. അതൊടൊപ്പം പട്ടിപ്രം എലിമന്ററി സ്‌കൂള്‍, തലശ്ശേരി ബി.ഇ.എം സ്‌കൂള്‍ എന്നിവിടങ്ങളില്‍ നിന്ന് ഭൗതിക വിദ്യാഭ്യാസവും തലശ്ശേരി ബ്രണ്ണന്‍ കോളേജില്‍ നിന്ന് ഇന്റര്‍മീഡിയേറ്റും പൂര്‍ത്തിയാക്കി. ഭൗതികമേഖലയില്‍ ഇന്റര്‍മീഡിയേറ്റ് വരെ പഠിച്ച അദ്ദേഹത്തിന് മതപഠനം കൂടുതല്‍ നേടാന്‍ അവസരമുണ്ടായിട്ടില്ല എന്നതാണ് സത്യം.

ബ്രണ്ണന്‍ കോളേജില്‍ പഠിക്കുന്ന സമയം 1943ല്‍ ആദ്യമായി മലബാര്‍ജില്ലാ എം.എസ്.എഫ് രൂപീകരിക്കപ്പെട്ടപ്പോള്‍ അതിന്റെ കാര്യദര്‍ശിയായി പൊതുരംഗത്തേക്ക് കടന്നുവന്ന സാഹിബ് അന്ത്യം വരെ സമൂഹത്തിന് വേണ്ടി പ്രവര്‍ത്തിക്കുകയായിരുന്നു. പൊന്‍മാണിച്ചി മൊയ്തു സാഹിബ് ബി.എ എന്ന വ്യക്തിയാണ് ആദ്യം എം.എസ്.എഫ് ജനറല്‍ സെക്രട്ടറിയായി നിയമിതനായതെങ്കിലും ഉടന്‍ തന്നെ വിദ്യാഭ്യാസ ഇന്‍സ്‌പെക്ടറായി ജോലി കിട്ടി പോയ ഒഴിവിലേക്ക് സത്താര്‍ സേട്ടിന്റെയും സീതീസാഹിബിന്റെയും ആഗ്രഹപ്രകാരം ഉസ്്മാന്‍ സാഹിബ് നിയമിതനായി. അത് കൊണ്ട് തന്നെ എം.എസ്.എഫിന്റെ പ്രഥമ സംസ്ഥാന തല സെക്രട്ടറി എന്ന നിലയിലാണ് ചരിത്രം ഉസ്്മാന്‍ സാഹിബിനെ പരിചയപ്പെടുത്തുന്നത്. ഈ പദവിയില്‍ പ്രവര്‍ത്തിച്ചത് വഴി സയ്യിദ് അബ്ദുറഹിമാന്‍ ബാഫഖി തങ്ങളുമായും മറ്റും കൂടുതല്‍ ബന്ധപ്പെടാന്‍ ഉസ്്മാന്‍ സാഹിബിന് സാധ്യമായി.

1944ല്‍ താനൂരില്‍ വെച്ച് നടന്ന മുസ്്‌ലിം ലീഗിന്റെ മഹാ സമ്മേളനത്തില്‍ സത്താര്‍സേട്ട് അടക്കമുള്ള പ്രമുഖര്‍ അണിനിരന്ന വേദിയില്‍ ജെ.ഡി.ടി ഇസ്്‌ലാമിന്റെ സ്ഥാപക സെക്രട്ടറി മഖ്്ബൂല്‍ അഹ്്മദ് സാഹിബിന്റെ പ്രസംഗം പരിഭാഷപ്പെടുത്തി ഉസ്്മാന്‍ സാഹിബ് ശ്രദ്ധേയനായി. പിന്നീടദ്ദേഹം ലീഗ് വേദികളിലെ ഇംഗ്ലീഷ്, ഉറുദു പ്രഭാഷകരുടെ വിവര്‍ത്തകനായി മാറി. ആ കാലത്ത് മലബാറില്‍ പടര്‍ന്നുപിടിച്ച കോളറയുടെ ഫലമായി ദുരിതമനുഭവിക്കുന്ന മുസ്്‌ലിം യുവതികള്‍ക്ക് ഒരു കൈതൊഴില്‍ ശാല സംവിധാനിക്കാന്‍ ലീഗ് സമ്മേളനം തീരുമാനമെടുത്തപ്പോള്‍ ആ ശാലയുടെ നിര്‍മ്മാണകാര്യങ്ങളുടെ മേല്‍ നോട്ടം ഉസ്്മാന്‍ സാഹിബിനെയാണ് ബാഫഖി തങ്ങള്‍ ഉത്തരവാദപ്പെടുത്തിയത്.

കോളറാനന്തരം താനൂരിലും പരിസരപ്രദേശങ്ങളിലും ഉണ്ടായിരുന്ന 150ഓളം അനാഥകളെ സര്‍വ്വന്റ്‌സ് ഓഫ് ഇന്ത്യ സൊസൈറ്റിയുടെ കീഴില്‍ വിവിധ അനാഥ ശാലകളില്‍ പഠിപ്പിച്ചു വരുന്നതിന്റെ പ്രയാസം മനസ്സിലാക്കിയ ബാഫഖി തങ്ങള്‍ അന്നത്തെ മലബാര്‍ കലക്ടറുമായി ബന്ധപ്പെടുകയും മുസ്്‌ലിം കുട്ടികളെ വിട്ടുതരാന്‍ സര്‍വ്വന്‍സ് ഓഫ് ഇന്ത്യ സൊസൈറ്റിയുടെ സെക്രട്ടറി വി. ആര്‍ നായര്‍ സമ്മതിക്കുകയും ചെയ്തു. ആ കുട്ടികളെ പ്രവര്‍ത്തനരഹിതമായി കിടന്നിരുന്ന ഇസ്്‌ലാഹുല്‍ ഉലൂം അറബിക് കോളേജ് കെട്ടിടത്തില്‍ മുസ്്‌ലിം അനാഥശാല സ്ഥാപിച്ച് അതില്‍ പഠിപ്പിക്കുകയും, അതിന്റെ നടത്തിപ്പിന്റെ ചുമതല ബാഫഖി തങ്ങള്‍ സാഹിബിനെ ഏല്‍പ്പിക്കുകയും ചെയ്തു. ഇതൊടൊപ്പം 1944 മുതല്‍ 50 വരെ ഇസ്്‌ലാഹുല്‍ ഉലൂമിന്റെ മാനേജറും അദ്ദേഹം തന്നെയായിരുന്നു.
ഹൈദരാബാദ് ആക്ഷന്‍ കാലത്ത് മുസ്്‌ലിംലീഗിന്റെ നേതാക്കളൊടൊപ്പം ഉജ്ജ്വല വാഗ്്മിയും പ്രവര്‍ത്തകനുമായ സാഹിബും അറസ്റ്റ് ചെയ്യപ്പെട്ടു. മോചനശേഷം രാഷ്ട്രീയമേഖലയില്‍ നിന്ന് മാറി സമസ്തയുടെ പ്രവര്‍ത്തകനായി സജീവമാവുകയും  ചെയ്തു.

1949 ഒക്ടോബര്‍ 16ന് ബാഫഖി തങ്ങളുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന മുശാവറ യോഗം ദര്‍സുകളും പ്രാഥമിക മദ്‌റസകളും സ്ഥാപിക്കാനും പ്രചാരണം നടത്താനും ഏറനാട്, വള്ളുവനാട് താലൂക്കുകളില്‍ ഓര്‍ഗനൈസര്‍മാരെ നിയമിക്കാന്‍ തീരുമാനമാവുകയും കെ.പി ഉസ്്മാന്‍ സാഹിബും എന്‍.കെ അയമുമുസ്്‌ലിയാര്‍ വല്ലപ്പുഴയും നിയമിതരാവുകയും ചെയ്തു. ഇതിലൂടെയാണ് സാഹിബ് സമസ്തയുടെ പ്രവര്‍ത്തനഗോഥയിലേക്ക് കടന്നുവരുന്നത്. രണ്ട് പേര്‍ക്കും യാത്രാ ചിലവ് നല്‍കിയിരുന്നത് ബാഫഖി തങ്ങള്‍ തന്നെയായിരുന്നെന്ന് ഉസ്്മാന്‍ സാഹിബ് തന്നെ തങ്ങളെ അനുസ്മരിച്ചപ്പോള്‍ പറഞ്ഞിട്ടുണ്ട്. മൈലുകള്‍ സഞ്ചരിച്ച്, കുന്നുകളും മലകളും താണ്ടി, ഓരോ ഗ്രാമപ്രദേശങ്ങളിലും കടന്നു ചെന്ന് അവിടങ്ങളില്‍ മദ്രസകള്‍ സ്ഥാപിച്ചു തുടങ്ങി. ഗതാഗത സൗകര്യം പോലുമില്ലാത്ത കാലത്ത് എല്ലാ ഓണം കേറാമൂലകളിലും ചെന്ന് പ്രസംഗിച്ചും കഷ്ടപ്പെട്ടും ഈ പ്രസ്ഥാനത്തെ വെള്ളവും വളവും നല്‍കി നട്ടുവളര്‍ത്തി.

പാഠ്യപദ്ധതി, പാഠപുസ്തകങ്ങള്‍, മദ്‌റസ വിസിറ്റിംഗ്, മുഅല്ലിം ട്രൈനിംഗ്, ഹിസ്ബ് പരീക്ഷാ സമ്പ്രദായങ്ങള്‍, സര്‍ട്ടിഫിക്കറ്റുകള്‍, മദ്‌റസ റിക്കാര്‍ഡുകള്‍ തുടങ്ങിയ നിരവധി പദ്ധതികള്‍ നടപ്പില്‍ വന്നതും വിജയകരമായി ആവിഷ്‌കരിക്കപ്പെട്ടതും സാഹിബിന്റെ ഇച്ഛാശക്തി കൊണ്ട് മാത്രമാണ്.
1950 ഏപ്രില്‍ 30 ന് ചേര്‍ന്ന മുശാവറ അദ്ദേഹത്തെ സമസ്തയുടെ ഓഫീസ് സെക്രട്ടറിയായി നിയമിക്കുകയുണ്ടായി. പ്രസിഡന്റ് വാളക്കുളം അബ്ദുല്‍ബാരി മുസ്്‌ലിയാരുടെ വാളക്കുളത്തെ വീടായിരുന്നു അന്ന് ഓഫീസ് ആസ്ഥാനമായി പ്രവര്‍ത്തിച്ചത്. അവിടെ നിന്ന് കേരളത്തിന്റെ വിവിധ ദിക്കുകളിലേക്ക് സഞ്ചരിച്ചാണ് ഈ പ്രസ്ഥാനത്തിന് വേ്ണ്ടി ആ ജീവിതം സമര്‍പ്പിച്ചത്.

1950ല്‍ സമസ്തയുടെ മുഖപ്പത്രം അല്‍ബയാന്‍ അറബി മലയാളം മാസിക പ്രസിദ്ധീകരണമാരംഭിച്ചപ്പോള്‍ മാനേജറും പബ്ലിഷറുമായിരുന്ന അദ്ദേഹം, 1959ല്‍ പുറത്തിറങ്ങിയ അല്‍മുഅല്ലിം ത്രൈമാസികയുടെ മാനേജിംഗ് എഡിറ്റര്‍ കൂടിയായിരുന്നു.  1977ലാണ് ഇത് മാസികയായി പ്രസിദ്ധീകരിക്കാന്‍ തുടങ്ങിയത്. 1951ല്‍ സമസ്ത കേരള ഇസ്്‌ലാം മതവിദ്യാഭ്യാസ ബോര്‍ഡ് രൂപീകൃതമായപ്പോള്‍ പ്രസിഡന്റ് പറവണ്ണ മുഹ് യിദ്ദീന്‍കുട്ടി മുസ്്‌ലിയാര്‍ക്കൊപ്പം മുഖ്യകാര്യദര്‍ശിയായി നിയമിക്കപ്പെട്ടത് ഉസ്്മാന്‍ സാഹിബായിരുന്നു. ബാഫഖിതങ്ങളായിരുന്നു ട്രഷറര്‍. 1957ല്‍ ബോര്‍ഡ് ഭരണഘടന അനുസരിച്ച് ബോര്‍ഡ് പുനസംഘടിക്കപ്പെട്ടപ്പോള്‍ പ്രസിഡന്റും ജനറല്‍സെക്രട്ടറിയും മുശാവറ അംഗങ്ങളായിരിക്കണമെന്ന തീരുമാനപ്രകാരം ജനറല്‍സെക്രട്ടറിയായി കോട്ടുമല അബൂബക്കര്‍ മുസ്്‌ലിയാര്‍ തിരഞ്ഞെടുക്കപ്പെട്ടു. അപ്പോഴും വര്‍ക്കിംഗ് സെക്രട്ടറിയായി ഉസ്്മാന്‍ സാഹിബ് തന്നെയായിരുന്നു, മരണം വരെയും അരനൂറ്റാണ്ട് കാലം അത് തുടര്‍ന്നു. നിരന്തരമായ യാത്രകള്‍ക്കിടയില്‍ മാസങ്ങളും ആഴ്ചകളും കഴിഞ്ഞായിരുന്നു പലപ്പോഴും വീട്ടിലെത്തിയിരുന്നത്. പലപ്പോഴും പോസ്റ്റ് കാര്‍ഡില്‍ സുഖവിവരങ്ങള്‍ എഴുതുകയും ആരായുകയും ചെയ്തിരുന്നുവെന്ന് മക്കള്‍ സാക്ഷ്യപ്പെടുത്തുന്നു.

1959ല്‍ സമസ്ത കേരള ജംഇയ്യതുല്‍മുഅല്ലിമീന്‍ സെന്‍ട്രല്‍കൗണ്‍സില്‍ രൂപീകൃതമായത് മുതല്‍ ജീവിതാവസാനം വരെ ഉസ്മാന്‍ സാഹിബ് ട്രഷററായിരുന്നു. വിദ്യാഭ്യാസ ബോര്‍ഡ് ഔദ്യോഗികമായി ജംഇയ്യതുല്‍മുഅല്ലിമീന്‍ രൂപീകരിക്കുന്നതിന് മുമ്പ് തന്നെ തിരൂര്‍, കാളികാവ് മേഖലകളില്‍ മുഅല്ലിം സമാജങ്ങള്‍ രൂപീകൃതമായിരുന്നുവെന്നും, 1956 ല്‍ തന്നെ തിരൂര്‍ സെന്റര്‍ ജംഇയ്യതുല്‍മുഅല്ലിമീന്‍ സമാജം എന്ന പേരില്‍ തിരൂര്‍ ഭാഗത്തെ മുഅല്ലിമുകള്‍ക്കായി സംഘടന രൂപീകരിക്കുകയും ഉസ്്മാന്‍ സാഹിബ് അതിന്റെ പ്രസിഡന്റായിരുന്നുവെന്നും അല്‍ബയാനില്‍ രേഖപ്പെടുത്തിക്കാണാം.

ജംഇയ്യതുല്‍ മുഫത്തിശീന്‍ രൂപീകരിക്കപ്പെടുന്നതിന് മുമ്പ് മദ്രസകള്‍ വിസിറ്റ് നടത്തി പരിശോധിച്ച് അധ്യാപകര്‍ക്കും മാനേജ്‌മെന്റിനും വേണ്ട നിര്‍ദേശങ്ങള്‍ നല്‍കിയിരുന്നത് ഉസ്്മാന്‍ സാഹിബാണ്. ജംഇയ്യത്തുല്‍മുഫത്തിശീന്‍ രൂപീകരണം മുതല്‍ മരണം വരെ അതിന്റെ പ്രസിഡന്റും അദ്ദേഹം തന്നെയായിരുന്നു. 1968ല്‍ പാണക്കാട് പി.എം.എസ്.എ പൂക്കോയതങ്ങള്‍ എസ്.വൈ.എസ് പ്രസിഡന്റാകുമ്പോള്‍ ജനറല്‍സെക്രട്ടറിയായിരുന്നത് സാഹിബായിരുന്നു. സി.എച്ച് ഐദ്‌റൂസ് മുസ്്‌ലിയാര്‍ ചീഫ് ഓര്‍ഗനൈസര്‍ കൂടിയായി പ്രവര്‍ത്തിച്ചിരുന്ന ആ കാലത്താണ് സംഘടന കൂടുതല്‍ ജനകീയമായി മാറിയത്.

പട്ടിക്കാട് ജാമിഅ നൂരിയ്യ അറബിക് കോളേജിന്റെ ആരംഭം മുതല്‍ പ്രവര്‍ത്തക സമിതി അംഗമായിരുന്ന അദ്ദേഹം അതിന്റെ മെയിന്‍ബില്‍ഡിംഗ് നിര്‍മ്മാണ വേളയിലും ആദ്യാകാല സമ്മേളനങ്ങള്‍ക്ക് വേണ്ടിയും അവിടെ താമസിച്ച് പ്രവര്‍ത്തിക്കുകയായിരുന്നു. തുടക്കം മുതല്‍ 1971 വരെ ജാമിഅയില്‍ പഠിച്ചിരുന്ന പണ്ഡിതര്‍ക്ക് എല്ലാ ശനിയാഴ്ചകളിലും ഉറുദു, ഇംഗ്ലീഷ് ഭാഷകള്‍ പഠിപ്പിക്കാന്‍ ഉസ്്മാന്‍ സാഹിബിന് അവസരം ലഭിച്ചതിലൂടെ നിരവധി ഫൈസിമാരുടെ ഗുരുനാഥനാവാനും അദ്ദേഹത്തിന് സൗഭാഗ്യമുണ്ടായിട്ടുണ്ട്.

വെന്‍മേനാട് പള്ളിയിലെ ദര്‍സ് സ്ഥാപിച്ച തോപ്പില്‍ ഇബ്രാഹീം മുസ്്‌ലിയാരുടെ പൗത്രിയുടേയും, അവിടത്തെ പ്രശസ്തമായ തോപ്പില്‍ കുടുംബാംഗം ഖാസിം സാഹിബിന്റെയും ഏക പുത്രി നഫീസയാണ് സാഹിബിന്റെ പത്‌നി. കരീം ഇബ്രാഹീം, ഡോ. എന്‍.എ.എം അബ്ദുല്‍ഖാദിര്‍, ഖാസിം മുനീര്‍, മറിയം, ആയിശ, ഫാത്വിമ എന്നിവരാണ് മക്കള്‍. 1998 ആഗസ്ത് 8നാണ് ആ ധന്യ ജീവിതം വിടപറഞ്ഞത്.


Post a Comment

Previous Post Next Post