മധ്യകേരളത്തില്‍ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമക്ക് വേണ്ടി വിസ്്മയാവഹമായ നേതൃത്വം നല്‍കിയ വ്യക്തിത്വമാണ് എം.എം മുഹ്്യിദ്ദീന്‍ മൗലവി. തൃശൂര്‍ ജില്ലയില്‍ കുന്നംകുളത്തിനടുത്ത കാട്ടകമ്പലില്‍ 1941 ഡിസംബര്‍ 20ന് മേലയില്‍ മുഹമ്മദ് എന്ന മയമു, പട്ടാമ്പിക്കടുത്ത ചെരിപ്പൂര്‍ സ്വദേശിനി ആയിശക്കുട്ടി എന്നീ ദമ്പതികളുടെ പുത്രനായി ജനിച്ചു. പിതാവ് കര്‍ഷകനായിരുന്നു വെങ്കിലും ഉമ്മ പണ്ഡിത കുടുംബാംഗമായിരുന്നു. സ്വദേശത്തെ പ്രാഥമിക മതപഠനത്തിന് ശേഷം ഉപരിപഠനത്തിനായി തൃശൂര്‍ ജില്ലയിലെ വെള്ളറക്കാട്ടില്‍ സ്വൂഫിയായിരുന്ന അബ്ദുമുസ്്‌ലിയാരുടെ ദര്‍സില്‍ രണ്ട് വര്‍ഷം പഠിച്ചു. ആ ഗുരുനാഥനില്‍ നിന്ന് തന്നെയാണ് മലയാള ഭാഷയും അഭ്യസിച്ചത്. ശേഷം ആറ് വര്‍ഷം കൊല്ലം ജില്ലയിലെ തേവലക്കരയില്‍ പിന്നീട് തന്റെ ഭാര്യാസഹോദരനായിത്തീര്‍ന്ന കോയ ഹസന്‍ മുസ്്‌ലിയാരുടെ ശിക്ഷണത്തില്‍ പഠിച്ചു. അദ്ദേഹം തിരുവനന്തപുരത്തെ ഇടവയിലേക്ക് ദര്‍സ് മാറിയപ്പോള്‍ മുഹ്്യിദ്ദീന്‍ മൗലവിയും കൂടെച്ചേര്‍ന്നു. അവിടെ നാല് വര്‍ഷം പഠിച്ച ശേഷം 1966ല്‍ ദയൂബന്ത് ദാറുല്‍ഉലൂമില്‍ ഉപരിപഠനം നടത്തി. 67ല്‍ തന്നെ പഠനം പൂര്‍ത്തിയാക്കിത്തിരിച്ചു.

ഉപരിപഠനത്തിന് ശേഷം തൃശൂര്‍ ജില്ലയിലെ ചേര്‍പ്പില്‍ മുദരിസായി സേവനം തുടങ്ങിയെങ്കിലും പ്രഭാഷണങ്ങളുടെ ആധിക്യം ആ മേഖലയില്‍
തുടരുന്നതിന് വലിയ വിഘാതമായി. ശുദ്ധഭാഷയില്‍ ശ്രോദ്ധാക്കളെ ആകര്‍ഷിക്കുന്ന വിധം പ്രഭാഷണം നടത്താന്‍ കഴിവുള്ളവര്‍ വിരളമായ അക്കാലത്ത് ആ മേഖലയിലേക്ക് തന്റെ സേവന ശ്രദ്ധ പതിപ്പിച്ച ഉസ്താദ് പെരിഞ്ഞനം, ആലത്തൂര്‍, കക്കായം, തോട്ടത്തുംപടി,  ആലുവ സെന്‍ട്രല്‍ മസ്ജിദ്, ആലുവക്കടുത്ത് പേങ്ങാട്ടുശേരി എന്നിവടങ്ങളില്‍ ഖാളിയും ഖതീബുമായും സേവനം തുടര്‍ന്നു.

പാലക്കാട് ജില്ലയിലെ ആലത്തൂരില്‍ സേവനം ചെയ്യുമ്പോള്‍ ജില്ലയില്‍ സമസ്തയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയിരുന്ന സമസ്ത റീജ്യണല്‍ മുഫത്തിശ് കൂടിയായിരുന്ന ആനക്കര സി. കുഞ്ഞഹമ്മദ് മുസ്്‌ലിയാരുമായും, സി.എച്ച് ഐദ്‌റൂസ് മുസ്്‌ലിയാരുമായുമുള്ള ബന്ധമാണ് എം.എം ഉസ്താദിനെ സമസ്തയുമായി അടുപ്പിച്ചത്. കെ.ടി മാനുമുസ്്‌ലിയാരും ഈ ബന്ധത്തിന് ഇടയായിട്ടുണ്ട്.

റീജ്യണല്‍ മുഫത്തിശ് കുഞ്ഞഹമ്മദ് മുസ്്‌ലിയാരുടെ പ്രവര്‍ത്തന ചരിത്രത്തില്‍ ഏറെ സന്തോഷം നല്‍കിയ കാര്യം  ആലത്തൂരില്‍ ആറ് മാസത്തെ പ്രവര്‍ത്തനം കൊണ്ട് അമ്പതില്‍ പരം മദ്രസകളും, ആലത്തൂര്‍, വടക്കാഞ്ചേരി റൈഞ്ചുകളും സ്ഥാപിക്കാന്‍ സാധിച്ചു എന്നതാണെന്ന് ഒരു അഭിമുഖത്തില്‍ പറഞ്ഞിട്ടുണ്ട്. അവ്വിഷയത്തില്‍ അദ്ദേഹത്തിന് ഏറെ സഹായകമായി പ്രവര്‍ത്തിച്ച ഒരു വ്യക്തി അവിടെ ഖത്വീബായിരുന്ന എം.എം മുഹ്്യിദ്ദീന്‍ മൗലവിയാണ്. അദ്ദേഹം പങ്കുവെച്ച ഒരനുഭവം ഇപ്രകാരമാണ്. എം.എം ഉസ്താദ് ആലത്തൂരില്‍ ഖത്വീബായി സേവനം ചെയ്യുന്ന കാലം ഒരു വൈകുന്നേരം കുഞ്ഞഹമ്മദ് മുസ്്‌ലിയാര്‍ അദ്ദേഹത്തിനടുത്തെത്തി. അന്ന് എം.എം ഉസ്താദിന് തോണിപ്പാടത്ത് ഒരു വഅള് ഉണ്ട്. തന്റെ മുമ്പ് അവിടെ പോയി വഅള് പറയുമോ എന്ന് കുഞ്ഞഹമ്മദ് മുസ്്‌ലിയാരോട് എം.എം മൗലവി ചോദിച്ചു. ഇത് ഒരവസരമായിക്കണ്ട് കുഞ്ഞഹമ്മദ് മുസ്്‌ലിയാര്‍ അവിടെച്ചെന്ന് ഇശാക്ക് ശേഷം ഉഗ്രന്‍ പ്രഭാഷണം നടത്തി. എം.എം ഉസ്താദ് വരുന്നത് വരെ തുടര്‍ന്ന ആ പ്രസംഗത്തില്‍ മദ്രസയും മതവിദ്യാഭ്യാസത്തിന്റെ ആവശ്യകതയും തന്നെയായിരുന്നു വിഷയം. ശേഷം എം.എം മൗലവി വന്ന് വഅള് തുടങ്ങിയത് തന്നെ എന്റെ പ്രസംഗ ശേഷം ഈ മഹാന്റെ ദുആയില്‍ പങ്കെടുത്ത ശേഷമേ എല്ലാവരും പോകാവൂ എന്നാണ്. ജനം അതംഗീകരിക്കുകയും പ്രഭാഷണം കഴിഞ്ഞ് എം.എം ഉസ്താദ് തന്റെ പള്ളിയിലേക്ക് ഇമാമതിന് പോവുകയും കുഞ്ഞഹമ്മദ് മുസ്്‌ലിയാര്‍ അവിടെത്താമസിച്ച് പിറ്റേന്ന് രാവിലെ മുതല്‍ തന്നെ മദ്രസയുടെ പണിയാരംഭിക്കുകയും ചെയ്തു.

1994ല്‍ സി.എച്ച് ഐദ്‌റൂസ് മുസ്്‌ലിയാരുടെ വഫാത് വഴി മുശാവറയില്‍ വന്ന ഒഴിവിലേക്കാണ് എം.എം ഉസ്താദ് മുശാവറയിലെത്തുന്നത്. പിന്നീട് സമസത് എറണാംകുളം ജില്ല വൈസ് പ്രസിഡന്റ്, സമസ്തകേരള ജംഇയ്യത്തുല്‍മുഅല്ലിമീന്‍ സംസ്ഥാന ഉപാധ്യക്ഷന്‍, വിദ്യാഭ്യാസബോര്‍ഡ് മെമ്പര്‍ എന്നീ പദവികളും വഹിച്ചു.

ഖദീജ കരിക്കാട്, ഹാജര്‍ ഇടപ്പള്ളി, സുബൈദ ഇരിങ്ങാട്ടിരി എന്നിവര്‍ ഭാര്യമാരാണ്. മുഹമ്മദ് ഫള്‌ല്, ഫാത്വിമതുല്‍ബുശ്‌റ, എന്നിവര്‍ മക്കളാണ്. 12-09-2019നാണ് വഫാതായത്.

Post a Comment

Previous Post Next Post