സമസ്തകേരളജംഇയ്യത്തുല്‍ഉലമയുടെ വൈസ് പ്രസിഡന്റുമായിരുന്ന മൗലാനാ സി.എച്ച് ഐദ്‌റൂസ് മുസ്്‌ലിയാര്‍ സമസ്തയെ ജനകീയവല്‍ക്കരിക്കുന്നതിലും പൊതുജനങ്ങളെ സമസ്തയുടേയും പോഷകഘടകങ്ങളുടേയും അനുഭാവികളാക്കുന്നതിലും അവിശ്രമം പരിശ്രമിച്ച കര്‍മ്മയോഗിയായിരുന്നു. മഹാനായ ചാപ്പനങ്ങാടി ബാപ്പുമുസ്‌ലിയാരടക്കം പല മഹത്തുക്കളേയും സമസ്തയുടെയും കീഴ്ഘടകങ്ങളുടേയും നേതൃപദവികളിലേക്കെത്തിക്കാന്‍പ്രവര്‍ത്തിച്ചത് സി.എച്ച് ഉസ്താദാണ്. 


സമസ്തയുടെ പ്രസിഡന്റായിരുന്ന വാളക്കുളം അബ്ദുല്‍ബാരി മുസ്്‌ലിയാരുടെ പ്രധാന ശിഷ്യനും പ്രമുഖ കര്‍മ്മശാസ്ത്ര വിശാരദനുമായിരുന്ന ചീരങ്ങന്‍ മുഹമ്മദ് മുസ്്‌ലിയാരുടേയും, കരുവള്ളി ഐദ്്‌റൂസ് മൊല്ലയുടെ മകള്‍ ഫാത്വിമയുടേയും മകനായി 1930 ഡിസംബര്‍ 10(349 റജബ് 19)നാണ് ഉസ്താദ് ജനിക്കുന്നത്. പ്രസവാനന്തരം മാതാവ് മരണപ്പെട്ടത് കാരണം നിരവധി സ്ത്രീകളുടെ മുലപ്പാല്‍ കുടിച്ചാണ് ഉസ്്താദ് വളര്‍ന്നത്. 


പ്രാഥമിക പഠനങ്ങള്‍ക്ക് ശേഷം മര്‍ഹൂം സി.കെ മുഹമ്മദ് മുസ്്‌ലിയാരുടെ(ക്ലാരി) ദര്‍സില്‍ ക്ലാരിമൂച്ചിക്കല്‍ പള്ളിയില്‍ വെച്ച് വ്യാകരണ ഗ്രന്ഥങ്ങള്‍ പഠിച്ചു. അതിന് ശേഷം ചേറൂര്‍ വലിയ ജുമുഅത്ത് പള്ളിയില്‍ ഉന്നതനായ ഫഖീഹ് പൊന്‍മള പൂവാടന്‍ മൊയ്തീന്‍ ഹാജിയുടെ ദര്‍സില്‍ പഠനം തുടര്‍ന്നു. അവിടെ നിന്നാണ് 1953ല്‍ ബാഖിയാതിലേക്ക് എം.എം ബശീര്‍ മുസ്്‌ലിയാരുടെ കൂടെ പോകുന്നത്. 1955ല്‍ ബാഖിയായി വന്ന് ഊരകം കോണിത്തോട് മഹല്ലില്‍ ദര്‍സ് ആരംഭിക്കുകയും 1969ല്‍ എസ്.വൈ.എസ് ഫുള്‍ ടൈം ഓര്‍ഗനൈസര്‍ ആകുന്നത് വരെ പതിനാല് വര്‍ഷം മുദരിസായി സേവനം ചെയ്യുകയും ചെയ്തു. വിദേശികള്‍ക്ക് ദര്‍സ് നടത്തുന്നതോടൊപ്പം സ്വദേശികള്‍ക്കും കിതാബുകള്‍ ചൊല്ലിക്കൊടുക്കുന്ന രീതി ഉസ്താദിനുണ്ടായിരുന്നു. ഇര്‍ശാദ്, മുര്‍ശിദ്, ഫത്്ഹുല്‍മുഈന്‍, രിയാളുസ്വാലിഹീന്‍ തുടങ്ങിയ ഗ്രന്ഥങ്ങള്‍ ഓതിപ്പഠിക്കാത്തവര്‍ അന്നാട്ടിലും പരിസരമഹല്ലുകളിലും വിരളമായിരുന്നുവെന്ന് അനുഭവസാക്ഷ്യമാണ്. 69ല്‍ ഓര്‍ഗനൈസറായി ചുമതലയേറ്റു ഒരു വര്‍ഷത്തിന് ശേഷം എടക്കുളത്ത് മുദരിസാവുകയും 1977ല്‍ എസ്.എം.എഫ് രൂപീകരിക്കുന്നത് വരെ മുദരിസായി ദര്‍സ് സേവനം തുടരുകയും ചെയ്തു.

വാളക്കുളം അബ്ദുല്‍ബാരി മുസ്്‌ലിയാരുടെ വീട്ടില്‍ സമസ്തയുടെ മുശാവറ യോഗങ്ങള്‍ നടക്കുമ്പോള്‍ സന്നിഹിതരായിരുന്ന പണ്ഡിത മഹത്തുക്കള്‍ക്ക് ഖിദ്്മത് ചെയ്യാന്‍ അവസരം കിട്ടിയ ഉസ്താദിന് അത് വഴി വളരെ ചെറുപ്പത്തില്‍ തന്നെ അവരുമായി വലിയ ബന്ധം സ്ഥാപിച്ചെടുക്കാന്‍ സാഹചര്യമൊരുങ്ങി. 1958ല്‍ എസ്.വൈ.എസ് സംസ്ഥാന സെക്രട്ടറിമാരില്‍ ഒരാളായിരുന്ന എസ്.എം. ജിഫ്രിതങ്ങള്‍ തന്റെ പിതാവിനെ പലപ്പോഴായി സന്ദര്‍ശിക്കാന്‍ വന്നിരുന്ന സി.എച്ച് ഐദ്‌റൂസ് മുസ്്‌ലിയാരോട് എസ്.വൈ.എസിന്റെ തിരൂര്‍ താലൂക്ക് പ്രഥമ കമ്മിറ്റി രൂപീകരിക്കാനും യോഗ്യരെ കണ്ടെത്താനും നിര്‍ദേശിച്ചു. അങ്ങിനെയാണ് ബശീര്‍ മുസ്്‌ലിയാര്‍ പ്രസിഡന്റായി തിരൂര്‍ താലൂക്ക് പ്രഥമ കമ്മിറ്റി നിലവില്‍ വന്നത്. എസ്.എം.എഫിന്റെ പഞ്ചായത്ത്, മേഖലാ, ജില്ലാ, സ്റ്റേറ്റ് കമ്മിറ്റികളെല്ലാം രൂപീകരിക്കുന്നതില്‍ നിര്‍ണ്ണായക പങ്ക് വഹിച്ചവരാണ് മൗലാനാ.

തന്റെ 30ആം വയസ്സില്‍ 1961ല്‍ കക്കാട് വെച്ച് നടന്ന സമസ്ത സമ്മേളനത്തോടനുബന്ധിച്ചാണ് മുശാവറയില്‍ അംഗമാകുന്നത്. ജീവിതകാലയളവില്‍ സമസ്തയുടേയും വിവിധ ഘടകങ്ങളുടേയും ഉന്നത സ്ഥാനങ്ങളില്‍ അവരോധിക്കപ്പെട്ടെങ്കിലും വലിയ വലിയ പണ്ഡിതരോടും, സാധാരണക്കാരോടും, യുവാക്കളോടും സഹപ്രവര്‍ത്തകരോടും, അണികളോടും ശാസ്ത്രീയമായി ഇടപെടാനും അവരുടെ മനസ്സില്‍ നല്ലയിടം നേടാനും സാധിച്ച അപൂര്‍വ്വ വ്യക്തിത്വമായിരുന്നു സി.എച്ച് ഐദ്്‌റൂസ് മുസ്്‌ലിയാര്‍.

സുന്നീ യുവജനസംഘം 1959ല്‍ പുനസംഘടിക്കപ്പെട്ടതു മുതല്‍ പ്രവര്‍ത്തക സമിതി അംഗമായിരുന്ന മഹാന്‍, കേരളത്തിലെ ഓരോ ഗ്രാമങ്ങളിലേക്കും സംഘടനയുടെ സന്ദേശമെത്തിച്ചു. 1989ല്‍ മുശാവറയുടെ തീരുമാനപ്രകാരം പുനസംഘടിപ്പിച്ചപ്പോള്‍ ഉസ്താദ് ജനറല്‍സെക്രട്ടറിയാവുകയും 1992 മുതല്‍ മരണം വരെ വൈസ് പ്രസിഡന്റുമായി നേതൃത്വം നല്‍കി. 1994ല്‍ വഫാതാകുമ്പോള്‍ ഉസ്താദ് സമസ്തയുടെയും വൈസ് പ്രസിഡന്റ് പദവിയിലെത്തിയിരുന്നു.

സമസ്തയെന്ന മഹാപ്രസ്ഥാനത്തിന്റെ സമുന്നത നേതാവായിരുന്നപ്പോഴും സദാസമയം ജനങ്ങള്‍ക്കിടയില്‍ ജീവിച്ച് ദീനിന്റെ നിയമങ്ങളും തിരുനബിയുടെ ചര്യകളും സ്വന്തം ജീവിതത്തിലൂടെ അവര്‍ക്ക് പകര്‍ന്ന് നല്‍കുവാന്‍ ഉസ്താദിന് സാധിച്ചു. ദീനീ സേവനത്തോടൊപ്പം മുഴുസമയം ഇബാദത്തിലായിക്കഴിയാന്‍ പ്രത്യേകം ശ്രദ്ധചെലുത്തിയ മഹാനവര്‍കള്‍ ഫര്‍ളുകളെല്ലാം ജമാഅത്തായി നിര്‍വ്വഹിക്കുവാനും യാത്രയിലും നടത്തത്തിലും സുന്നതുകള്‍ നിസ്‌കരിക്കുവാനും എപ്പോഴും ശ്രദ്ധിച്ചു. വലിയസംഘടനാ പ്രവര്‍ത്തകനായിരുന്നിട്ടും ഒരു ചെറിയ ഇബാദതുപോലും ഒഴിയാതെ എല്ലാം കൃത്യമായി കൊണ്ട് നടക്കാന്‍ സാധിച്ചു എന്നത് തന്നെയാണ് ഉസ്താദിന്റെ ഏറ്റവും വലിയ കറാമത്‌

മുത്ത് നബി(സ്വ)യെ ഏറെ സ്‌നേഹിച്ച മഹാനുഭാവന്‍ സുന്നതുകള്‍ ഒന്നൊഴിയാതെ നിര്‍വ്വഹിച്ച മുത്തബിഉസ്സുന്നയായിരുന്നു. കൂടെ കരുതിയിരുന്ന കൈബേഗില്‍ കരുതിവെച്ച പ്രധാന വസ്തു മുത്ത് നബി(സ്വ)യുടെ പേരില്‍ ദിനേന ചൊല്ലുവാനുള്ള ദലാഇലുല്‍ഖൈറാത് എന്ന സ്വലാത് കിതാബായിരുന്നു.

നന്‍മകള്‍ സ്വയം നിര്‍വ്വഹിക്കുന്നതിനപ്പുറം തന്റെ കൂടെയുള്ളവരോട് അത് നിര്‍വ്വഹിക്കാന്‍ സൗമ്യമായി നിര്‍ദേശിക്കുകയും അത് അവരുടെ ജീവിതശൈലിയായി മാറുന്ന വിധം പ്രോത്സാഹനം നല്‍കുകയും ചെയ്തു. തിന്‍മകള്‍ ചെയ്യുന്നവരെ തന്റെ അടുത്തേക്ക് വിളിച്ച് ഹൃദ്യമായ ഭാഷയില്‍ ആ തിന്‍മയുടെ ഗൗരവം പറഞ്ഞ് കൊടുത്ത് പിന്തിരിയിപ്പിക്കുന്ന തസ്‌കിയതിന്റെ രീതിയാണ് ഉസ്താദ് സ്വീകരിച്ചിരുന്നത്.

 മദ്രസാപ്രസ്ഥാനത്തിന് വേണ്ടിയും സുന്നിമഹല്ല്ഫഡറേഷന് വേണ്ടിയും മറ്റും നിരന്തരം യാത്രകള്‍ ചെയ്തിരുന്ന ഉസ്താദ് റബീഉല്‍അവ്വല്‍മാസപ്പിറവി കാണുന്നത് യാത്രക്കിടയിലാണെങ്കില്‍ പോലും തന്റെ സഹയാത്രികരെയും മറ്റും കൂട്ടി വാഹനത്തിലിരുന്ന മൗലിദ് ഓതുക പതിവായിരുന്നു. നിത്യജീവിതത്തില്‍ നിര്‍വ്വഹിക്കുന്ന ഓരോ കര്‍മ്മങ്ങളിലും സുന്നതും അദബും എല്ലാം കൃത്യമായി ശ്രദ്ധിച്ചു. 
   
ബാഖിയാതില്‍ നിന്ന് സനദെടുത്ത് നാട്ടിലേക്ക് തിരിക്കുമ്പോള്‍ തന്റെ ഗുരുനാഥന്‍ ശൈഖ് ആദംഹസ്രത്ത് നല്‍കിയ നസ്വീഹത്തില്‍ പ്രധാനമായി പറഞ്ഞത് ''മന്‍ കാന ലില്ലാഹി കാനല്ലാഹു ലഹു'' ആരെങ്കിലും അല്ലാഹുവിന് വേണ്ടി ജീവിതം സമര്‍പ്പിച്ചാല്‍ അവന് അല്ലാഹുവിന്റെ സഹായമുണ്ടാകും എന്ന തത്വമായിരുന്നു. ഈ ഉപദേശം ഹൃദയത്തില്‍ പതിഞ്ഞ് ഉള്‍ക്കൊണ്ട് തവക്കുലിലായി ജീവിച്ച സൂഫിവര്യനായിരുന്നു മഹാനുഭാവന്‍. അത് കൊണ്ട് തന്നെ ശംസുല്‍ഉലമ(റ) സി.എച്ച് ഐദ്‌റൂസ് ഉസ്താദിനെ മുസ്്തജാബുദ്ദഅ്‌വാത് (പ്രാര്‍ത്ഥനക്കുത്തരം ലഭിക്കപ്പെടുന്നവര്‍) എന്നാണ് വിശേഷിപ്പിച്ചത്.


ജാമിഅ നൂരിയ്യയുടെ പ്രവര്‍ത്തക സമിതി അംഗം, പൊന്നാനി മഊനത് കമ്മിറ്റി അംഗം, വളാഞ്ചേരി മര്‍കസ് വൈസ് പ്രസിഡന്റ്, ബാഫഖി യതീംഖാന വൈസ് പ്രസിഡന്റ്, ദാറുല്‍ഹുദാ പ്രസിഡന്റ് എന്നീ പദവികളും ഉസ്താദ് അലങ്കരിച്ചു. ദാറുൽ ഹുദായുടെ മൂന്ന് പ്രധാന ശിൽപികളിൽ ഒരാളാണ് ഉസ്താദവർകൾ.

1994 മെയ് 7ആം തിയ്യതി ദുല്‍ഖഅ്ദ 26ന്ആ മഹാനുഭാവന്‍ വിടചോദിച്ചു. അല്ലാഹു മഹാനവര്‍കളുടെ എല്ലാ സേവനങ്ങളും കര്‍മ്മങ്ങളും സ്വീകരിക്കട്ടെ. അവര്‍ തെളിയിച്ചു തന്ന പാതയില്‍ ജീവിച്ചുമരിക്കാനും സ്വര്‍ഗ്ഗലോകത്ത് ഒരുമിച്ചു കൂടാനും നാഥന്‍ നമ്മെ അനുഗ്രഹിക്കട്ടെ. ആമീന്‍



Post a Comment

Previous Post Next Post