സാമൂഹ്യ ജീവിയായ മനുഷ്യരില്‍ ഏറ്റവും കൂടുതല്‍ പരിരക്ഷയും പരിലാളനയും പരിഗണനയും ലഭിക്കേണ്ട വിഭാഗമാണ് യതീമുകള്‍(അനാഥര്‍). പ്രായപൂര്‍ത്തിയാകുന്നതിന് മുമ്പ് പിതാവ് നഷ്ടപ്പെട്ടവനാണ് മതവീക്ഷണത്തില്‍ യതീം. ഏകാന്തത, അശ്രദ്ധ, അവതാനത എന്നീ അര്‍ത്ഥങ്ങള്‍ ദ്യോതിപ്പിക്കുന്ന യുത്മ് എന്ന പദത്തില്‍ നിന്നാണ് യതീം എന്ന വാചകത്തിന്റെ വ്യുല്‍പത്തി. അനാഥ ബാലന്‍ സമൂഹത്തില്‍ കൂടുതല്‍ ഏകാന്തത അനുഭവപ്പെടുന്നവനും, തന്റെ ജീവിതനേട്ടങ്ങളില്‍ തീരെ ശ്രദ്ധയില്ലാത്തവനും അവകാശങ്ങള്‍ നേടിയെടുക്കുന്നതില്‍ അവതാനത കാണിക്കുന്നവനുമായിരിക്കുമെന്നത് കൊണ്ട് തന്നെ ഈ പദം ഏറെ അനുയോജ്യമാണ്.
യതീമുകളെ പരിരക്ഷിക്കേണ്ടതിന്റെ ആവശ്യകതയും പ്രാധാന്യവും മഹത്വവും വിളംബരം ചെയ്യുന്ന ഖുര്‍ആനിക സൂക്തങ്ങളും തിരുനബി വചനങ്ങളും ഏറെയുള്ളത് പോലെ അവരെ അവഗണിക്കുന്നവര്‍ക്കുണ്ടാകുന്ന പ്രത്യാഘാതങ്ങളും ഭവിഷത്തുകളും വിശദീകരിക്കുന്ന വാക്യങ്ങളും നിരവധിയുണ്ട്.
ഒരു മനുഷ്യന്റെ വ്യക്തിത്വ രൂപീകരണത്തില്‍ ഏറ്റവും വലിയ സ്വാധീനം ചെലുത്തുന്ന ഘടകം അവന്റെ പിതാവാണ്. ഇമാം ബുഖാരി(റ)അദബുല്‍മുഫ്‌റദില്‍ ഉദ്ധരിക്കുന്നു: 'ഒരു വ്യക്തിയെ നല്ലവനാക്കുന്നത് അല്ലാഹുവാണ്. അവന് അച്ചടക്കം ലഭിക്കുന്നത് പിതാക്കളില്‍ നിന്നുമാണ്'(അല്‍അദബുല്‍മുഫ്‌റദ്- ബാബു ഖുബ്‌ലതിസ്വിബ്‌യാന്‍). ഏഴ് മുതല്‍ പതിനാല് വയസ്സ് വരെയാണ് മക്കള്‍ക്ക് അദബ് പഠിപ്പിക്കേണ്ട പ്രധാന കാലം. പ്രായപൂര്‍ത്തിയാകുന്നതിന് മുമ്പുള്ള ഈ ഘട്ടത്തില്‍ അച്ചടക്കം പഠിപ്പിക്കേണ്ട പിതാവ് നഷ്ടപ്പെട്ട് അനാഥനായിത്തീരുന്നവന്‍ വേണ്ട പരിരക്ഷയും പരിപാലനവും ലഭിക്കാതെ വളര്‍ന്നാല്‍ സമൂഹത്തില്‍ വലിയ പ്രശ്‌നക്കാരനായി മാറുമെന്നതില്‍ സന്ദേഹമില്ല. അത് കൊണ്ടാണ് അനാഥ സംരക്ഷണം സാമൂഹിക ബാധ്യതയായി ഇസ്‌ലാം നിസ്‌കര്‍ശിച്ചതും.
യതീമിനെ സംസ്‌കാര സമ്പന്നനായി പരിപാലിക്കുന്നവര്‍ക്ക് ലഭിക്കുന്ന നിരവധി നേട്ടങ്ങളില്‍ പ്രഥമവും പ്രധാനവുമായി മുത്ത് നബി(സ്വ) പറഞ്ഞത് സ്വര്‍ഗ്ഗത്തില്‍ തങ്ങളോടൊത്ത് സഹവാസമാണ്. സാംസ്‌കാരികമായി അധ:പതിച്ചിരുന്ന ആറാം നൂറ്റാണ്ടിലെ ജനതയെ നേരിന്റെ നേര്‍വഴി നടത്തിയ സത്യദൂതന്റെ കൂടെ സ്വര്‍ഗ്ഗത്തിലിരിക്കാന്‍ സ്വപിതാവിന്റെ ശിക്ഷണം ലഭിക്കാത്ത അനാഥബാലനെ മതചിട്ടയില്‍ പരിപാലിച്ച സംരക്ഷകന് ഈ ബാലനെ നേര്‍വഴിയിലേക്ക് വഴി നടത്തി എന്നത് കൊണ്ട് തന്നെ അല്ലാഹു അനുമതി നല്‍കുകയാണ്. പിതൃ ശിക്ഷണം ലഭിക്കാത്ത കുട്ടികള്‍ വഴിപിഴക്കാനും അച്ചടക്കമില്ലാത്തവരായി മാറാനും സാധ്യത കൂടുതലുണ്ട്. അവര്‍ക്കിടയില്‍ മതചിട്ടയും ബോധവുമുള്ളവര്‍ വളരേ അപൂര്‍വ്വവും അത്ഭുതവുമാണ്. അത് കൊണ്ട് തന്നെയാണ് യതീമായി വളര്‍ന്ന മുത്ത് നബി(സ്വ) ഏറ്റവും വലിയ സംസ്‌കാര സമ്പന്നനായി വളര്‍ന്നത് അത്ഭുത സംഭവമായി ഇമാം ബൂസ്വീരി(റ) ബുര്‍ദയില്‍ എടുത്തുദ്ധരിച്ചത്.
വ്യക്തി എന്ന നിലയില്‍ ഓരോരുത്തര്‍ക്കും നിരവധി അവകാശങ്ങള്‍ വെച്ചു കൊടുക്കുന്ന ഇസ്‌ലാം അതിലുപരി അനാഥര്‍ക്ക് ചില പരിഗണനകള്‍ കൂടി നല്‍കുന്നുണ്ട്. വിശുദ്ധ ഖുര്‍ആനിലെ ഇരുപതിലധികം വരുന്ന ആയത്തുകളില്‍ അനാഥരുടെ സ്വത്തിനും സ്വത്തത്തിനും ലഭിക്കേണ്ട പരിരക്ഷയെ സംബന്ധിച്ചും, അവരുമായുള്ള വിവാഹ ബന്ധത്തെ സംബന്ധിച്ചും അവര്‍ക്ക് നന്‍മ ചെയ്യുന്നതിന്റെ പ്രാധാന്യത്തെ സംബന്ധിച്ചുമൊക്കെ വ്യക്തമായ സൂചനകള്‍ കാണാം.
സ്‌നേഹവും വാത്സല്യവും ലാളനയും നല്‍കി സ്വന്തം മക്കളെ നാം പരിപാലിക്കുന്നത് പോലെ യതീമിനെയും നമ്മുടെ വീടുകളില്‍ സംരക്ഷിക്കുന്നതിനാണ് ഇസ്‌ലാം പ്രഥമസ്ഥാനം നല്‍കുന്നത്. കാരണം, സ്‌നേഹമുള്ള ഒരു കുടുംബ സാഹചര്യത്തില്‍ വളരുന്ന ഒരു കുട്ടിയില്‍ അവനറിയാതെ ഒരു പാട് നന്‍മകള്‍ വളര്‍ന്നുകൊണ്ടിരിക്കും. ആ സാഹചര്യം ഇല്ലാതെയാവുമ്പോഴാണ് യതീംഖാനകളുടെയും മറ്റും ആവശ്യകത കൂടിവരുന്നത്. അബൂഹുറൈറ(റ) ഉദ്ധരിക്കുന്നു: നബി(സ്വ)പറയുകയുണ്ടായി ''മുസ്‌ലിംകളിലെ ഉത്തമ ഗേഹം നന്‍മ ചെയ്യപ്പെടുന്ന യതീമുള്ള വീടും, മോശം വീട് നന്‍മ ലഭിക്കാത്ത യതീമുള്ള വീടുമാണ്''(ഇബ്‌നുമാജ- കിതാബുല്‍അദബ്). ''ആരെങ്കിലും മൂന്ന് യതീമുകളെ പരിപാലിച്ചാല്‍ രാത്രി നിസ്‌കരിച്ചവനെപ്പോലെയും പകല്‍ നോമ്പെടുത്തവനെപ്പോലെയും രാവിലെയും വൈകുന്നേരവും അല്ലാഹുവിന്റെ മാര്‍ഗത്തില്‍ യുദ്ധം ചെയ്തവനെപ്പോലെയുമാണ്. ഞാനും അവനും സ്വര്‍ഗത്തില്‍ ഇത്‌പോലെ(ചൂണ്ടുവിരലും മധ്യവിരലും ഉയര്‍ത്തിപ്പിടിച്ച്)സഹോദരങ്ങളായിരിക്കും'' എന്ന് മുത്ത് നബി(സ്വ) പറഞ്ഞിട്ടുണ്ട്(ഇബ്‌നുമാജ-ബാബു ഹഖില്‍യതീം)
നബി(സ്വ)യുടെ കാലത്ത് നബി(സ്വ)യും സ്വഹാബികളും യതീമുകളെ ഏറ്റെടുത്ത് സംരക്ഷിക്കുന്ന രീതിയാണ് നിലനിന്നിരുന്നത്. ഉമൈറുബ്‌നുസഅ്ദ്(റ)ജലാസ്ബ്‌നുസുവൈദ്(റ)ന്റെയും സൈദ്ബ്‌നുഅര്‍ഖം(റ) അബ്ദുല്ലാഹിബ്‌നുറവാഹ(റ)യുടെ സംരക്ഷണത്തിലും വളര്‍ന്ന യതീമുകളായിരുന്നു(അല്‍ഇസ്വാബ-ഇബ്‌നുഹജര്‍(റ). ഞാനും എന്റെ ഒരു സഹോദരനും ആഇശ(റ)യുടെ കീഴില്‍ വളര്‍ന്ന യതീമുകളായിരുന്നുവെന്ന് മഹതിയില്‍ നിന്ന് ഫിഖ്ഹ് പഠിച്ച് പ്രസിദ്ധ കര്‍മ്മശാസ്ത്ര വിശാരദനായി മാറിയ ഖാസിമുബ്‌നുമുഹമ്മദ്(റ)പറയുമായിരുന്നു(മുസ്വന്നഫ് അബ്ദിര്‍റസാഖ്). മുഅ്തത് യുദ്ധത്തില്‍ രക്തസാക്ഷിയായ ജഅ്ഫറുബ്‌നുഅബീത്വാലിബ്(റ)ന് അസ്മാഅ്ബിന്‍തുഉമൈസ്(റ)യിലുണ്ടായ മക്കള്‍ യതീമുകളായപ്പോള്‍ അവരുടെ വീട്ടില്‍ ചെന്ന് അസ്മാഇനോട് 'ദുനിയാവിലും ആഖിറതിലും ഞാനിവരുടെ സംരക്ഷകനാണെന്ന'് പറഞ്ഞ് നബി(സ്വ) അവരുടെ പരിപാലനം ഏറ്റെടുക്കുകയായിരുന്നു(മുസ്‌നദ് അഹ്‌മദ്).
അബൂബക്ര്‍ സിദ്ദീഖ്(റ), റാഫിഉബ്‌നു ഖദീജ്(റ),ഖുദാമത്ബ്‌നുമള്ഊന്‍(റ), അബൂസഈദില്‍ഖുദ്‌രി(റ), അബൂത്വല്‍ഹ, ഉര്‍വത്ബ്‌നുസുബൈര്‍(റ), സഅദ്ബ്‌നുമാലികില്‍അന്‍സ്വാരി(റ), അസ്അദുബ്‌നുസുറാറ(റ), ഉമ്മുസുലൈമ, സൈനബ് ബിന്‍തുമുആവിയ തുങ്ങിയവരൊക്കെ അനാഥ സംരക്ഷണത്തില്‍ അറിയപ്പെട്ടവരാണ്.
അനാഥ സംരക്ഷണത്തിലെ നേട്ടങ്ങള്‍
യതീമുകളെ സംരക്ഷിക്കുന്നവര്‍ക്ക് ഇഹപര ലോകങ്ങളില്‍ നിരവധി നേട്ടങ്ങള്‍ കൈവരിക്കാന്‍ സാധിക്കുമെന്ന് ഇസ്‌ലാം പഠിപ്പിക്കുന്നു. നടേ സൂചിപ്പിച്ചത് പോലെ മുത്ത്‌നബി(സ്വ)യോടൊത്ത് സ്വര്‍ഗ്ഗ സഹവാസമാണ് പ്രഥമവും പ്രധാനവുമായ നേട്ടം.''ചൂണ്ടുവിരലും മധ്യ വിരലും ഉയര്‍ത്തിപ്പിടിച്ച് ഞാനും അനാഥ സംരക്ഷകനും സ്വര്‍ഗ്ഗത്തില്‍ ഇത് പോലെയാകുമെന്ന് നബി(സ്വ)പറഞ്ഞു'' എന്ന് സഹ്‌ല്ബ്‌നുസഅദ്(റ)പറഞ്ഞതായി ഇമാം ബുഖാരി(റ)ഉദ്ധരിച്ചിട്ടുണ്ട്. ഈ ഹദീസ് കേട്ട ഓരോ വ്യക്തിയും നബി(സ്വ)യുടെ സഹവാസം ലഭിക്കാന്‍ യതീമിനെ സംരക്ഷിക്കണമെന്ന് മുന്‍ഗാമികള്‍ പറയാറുണ്ടായിരുന്നു. കാരണം, ആ സഹവാസത്തേക്കാള്‍ ശ്രേഷ്ഠമായ മറ്റൊന്നും പാരത്രിക ലോകത്ത് ലഭിക്കാനില്ല.
യതീമിന്റെ മനസ്സ് സന്തോഷിപ്പിക്കലും അവന്റെ ശിരസ്സ് തടവലും അവനെ സാന്ത്വനിപ്പിക്കലും ഏറെ പുണ്യവും ഹൃദയ കാഠിന്യം ഇല്ലാതെയാക്കുകയും ദാരിദ്ര്യം ദൂരീകരിക്കുകയും ചെയ്യുന്ന നന്‍മകളാണ്. 'ഒരാള്‍ വന്ന് ഹൃദയകാഠിന്യത്തെ കുറിച്ച് പരാതിപ്പെട്ടപ്പോള്‍ നീ യതീമിന്റെ തല തടവിക്കൊടുക്കുകയും പാവപ്പെട്ടവന് ഭക്ഷിപ്പിക്കുകയും ചെയ്യുക'എന്ന് പരിഹാരം പറഞ്ഞ് കൊടുത്തിട്ടുണ്ട് മുഹമ്മദ് നബി(സ്വ)(മുസ്‌നദ് അഹ്‌മദ്). 'അല്ലാഹുവിന്റെ പ്രീതി കാംക്ഷിച്ച് യതീമിന്റെ ശിരസ്സ് തടവുന്നവന് അവന്റെ തലമുടിയില്‍ നിന്ന് ഇവന്റെ കൈ സ്പര്‍ശിക്കുന്ന എണ്ണമനുസരിച്ച് നന്‍മകള്‍ അല്ലാഹു ചെയ്യുന്നതാണ്'എന്നും അബൂഉമാമ(റ)നിവദേനം ചെയ്തിട്ടുണ്ട്(മുസ്‌നദ് അഹ്‌മ്ദ)
ഹൃദയനൈര്‍മല്യവും സ്‌നേഹവും അനുകംബയുമുള്ളവര്‍ക്ക് മാത്രമേ അനാഥകളെ സംരക്ഷിക്കുവാനും പരിപാലിക്കുവാനും സാധിക്കുകയുള്ളൂ. അതിലൂടെ തന്റെ ജീവിതത്തിലുടനീളം അല്ലാഹുവിന്റെ സഹായം ഉറപ്പ് വരുത്തുകയാണയാള്‍. മാത്രവുമല്ല, അനാഥത്വം എന്ന വിശേഷണത്തില്‍ പുണ്യനബിയോട് പങ്കുള്ള ഒരു വ്യക്തിയെ സഹായിക്കുന്നതിലൂടെ റസൂലിനോടുള്ള സ്‌നേഹപ്രകടനവും അത് വഴി സാധ്യമാകുന്നു. ഭൂമിയില്‍ നന്‍മകളിറങ്ങുന്ന ഭവനങ്ങളില്‍ അയാളുടെ ഭവനവും കൂടി അല്ലാഹു ഉള്‍പ്പെടുത്തുന്നു.
ഭൗതികജീവിതത്തിനിടയില്‍ അല്ലാഹു നല്‍കിയ അനുഗ്രഹങ്ങള്‍ കൊണ്ട് പരലോകമോക്ഷം നേടാനുള്ള വഴികള്‍ വിശദീകരിക്കുന്നിടത്ത് പോലും അനാഥ സംരക്ഷണം അല്ലാഹു ഊന്നിപ്പറഞ്ഞിട്ടുണ്ട്. അല്ലാഹു പറയുന്നു: ''എന്നിട്ടും മനുഷ്യന്‍ എന്താണ് കടമ്പകള്‍ വിട്ടു കടക്കാത്തത്?!. കടമ്പകള്‍ എന്താണെന്ന് നിങ്ങള്‍ക്കറിയുമോ (നബിയേ)?. അത് അടിമയേ മോചിപ്പിക്കലോ, പട്ടിണി ദിവസം കുടുംബ ബന്ധമുള്ള അനാഥര്‍ക്കോ കടുത്ത ദാരിദ്ര്യമുള്ള അഗതികള്‍ക്കോ ഭക്ഷണം നല്‍കലാകുന്നു''(സൂററതുല്‍ബലദ്, 11-16).
മനുഷ്യന്‍ ജീവിതത്തില്‍ നല്ലതെന്ത് ചിലവഴിക്കുന്നുവെങ്കിലും അത് ചിലവഴിക്കപ്പെടേണ്ട മാര്‍ഗ്ഗം വിശദീകരിക്കുന്നിടത്തും അനാഥനെ അല്ലാഹു പരിഗണിച്ചിട്ടുണ്ട്. ''എന്താണ് അവര്‍ ചിലവഴിക്കേണ്ടതെന്ന് നിങ്ങളോടവര്‍ ചോദിച്ചാല്‍ നിങ്ങള്‍ പറയുക: നിങ്ങള്‍ നല്ലതെന്ത് ചിലവഴിക്കുകയാണെങ്കിലും മാതാപിതാക്കള്‍ക്കും അടുത്ത ബന്ധുക്കള്‍ക്കും അനാഥര്‍ക്കും അഗതികള്‍ക്കും യാത്രക്കാര്‍ക്കുമാണത് നല്‍കേണ്ടത്. നിങ്ങള്‍ ചെയ്യുന്ന ഏത് നന്‍മയും അല്ലാഹു അറിയുന്നതാണ്''(അല്‍ബഖറ: 215). ബനൂഇസ്രാഈലികളോട് അല്ലാഹു നിര്‍ദേശിച്ച കടമകളെണ്ണിപ്പറഞ്ഞിടത്ത് മാതാപിതാക്കളോടും ബന്ധുജനങ്ങളോടും നന്‍മ ചെയ്യണമെന്ന് പറഞ്ഞ ഉടനെ അനാഥകളോടുള്ള സമീപനരീതിയാണ് അല്ലാഹു പറഞ്ഞിട്ടുള്ളത്(അല്‍ബഖറ 83).
അവഗണനയിലെ അപകടങ്ങള്‍
യതീമുകളെ പരിരക്ഷിക്കുന്നതിന് പകരം അവരെ അവഗണിച്ചു കളയുന്നവര്‍ക്കും പരിപാലനത്തില്‍ വീഴ്ച വരുത്തുന്നവര്‍ക്കും ശക്തമായ മുന്നറിയിപ്പാണ് ഇസ്‌ലാം നല്‍കുന്നത്. യതീമുകളുടെ സമ്പത്ത് കൈകാര്യം ചെയ്യുന്ന വിഷയത്തില്‍ ഏതൊരു വിശ്വസിയും ഏറെ ജാഗ്രത പുലര്‍ത്തണമെന്ന് ഖുര്‍ആന്‍ ആണയിട്ട് പറയുന്നു. 'ഏറ്റവും ഉത്തമമായ മാര്‍ഗേണയല്ലാതെ നിങ്ങള്‍ യതീമിന്റെ സമ്പത്തിനെ സമീപിച്ചു പോകരുത്; അവന് പ്രായപൂര്‍ത്തിയാകും വരെ സംരക്ഷിക്കണം'(അന്‍ആം 152)'യൗവനപ്രാപ്തി വരെ യതീമിന്റെ സമ്പത്തുമായി ഏറ്റവും നല്ല രീതിയിലല്ലതെ നിങ്ങള്‍ സമീപിക്കരുത്. നിങ്ങള്‍ കരാറുകള്‍ പൂര്‍ത്തിയാക്കുക. കരാറുകളെ കുറിച്ച് ചോദിക്കപ്പെടുക തന്നെ ചെയ്യും'(ഇസ്‌റാഅ് 34)'അനാഥകള്‍ക്ക് അവരുടെ സ്വത്ത് നിങ്ങള്‍ തിരിച്ച് നല്‍കുക. നല്ല സ്വത്തിന് പകരം ദുശിച്ചത് നിങ്ങള്‍ മാറ്റിയെടുക്കുകയും അവരുടെ സ്വത്ത് നിങ്ങളുടെ സ്വത്തിലേക്ക് ചേര്‍ത്ത് നിങ്ങള്‍ കഴിക്കുകയുമരുത്. തീര്‍ച്ചയായും അത് കൊടും പാതകമാണ്'(നിസാഅ്2) ഈ ആയതുകള്‍ മുഴുവന്‍ യതീമിന്റെ സ്വത്ത് കൈകാര്യം ചെയ്യുന്നതില്‍ പുലര്‍ത്തേണ്ട കണിഷതയാണ് പഠിപ്പിക്കുന്നത്. 'അനാഥകളുടെ സ്വത്ത് അതിക്രമമായി ശാപ്പിടുന്നവര്‍ തങ്ങളുടെ വയറ്റിലേക്ക് തീ മാത്രമാണ് തിന്നു നിറക്കുന്നത്. വഴിയെ നരകത്തിലവര്‍ പ്രവേശിക്കുന്നതാണ്'(നിസാഅ്10) എന്ന വചനത്തില്‍ താക്കീതിന്റെ ഭാഷ ശക്തമാണെന്ന് ആര്‍ക്കും ബോധ്യമാകും. ഇത് കാരണം സൂക്ഷ്മതയുടെ ഭാഗമായി യതീം ഖാനകളില്‍ നിന്ന് ഭക്ഷണം കഴിക്കാതിരുന്ന ഉസ്താദുമാരും ശമ്പളം വാങ്ങാതെ സേവനം നടത്തിയിരുന്ന മഹത്തുക്കളും നമുക്ക് മുമ്പേ ജീവിച്ചു പോയിട്ടുണ്ട്.
യതീമിന്റെ സംരക്ഷകനു പോലും അമാന്യമായ രീതിയില്‍ അനാഥന്റെ സ്വത്ത് കൈയടക്കാന്‍ പാടില്ലെന്ന് മതം പഠിപ്പിക്കുമ്പോള്‍ മറ്റുള്ളവര്‍ ആ സമ്പത്ത് അതിക്രമിച്ചെടുക്കുന്നത് എത്രമാത്രം ഭീകരമായിരിക്കും. മാത്രവുമല്ല, യതീമിന്റെ സമ്പത്ത് അനുവദനീയ മാര്‍ഗത്തിലൂടെ പെരുപ്പിച്ചെടുക്കാനുള്ള വഴികളന്വേഷിക്കേണ്ട ചുമതലയും അവരുടെ സംരക്ഷകരില്‍ നിക്ഷിപ്തമാണ്. ആഇഷ ബീബിയുടെ സംരക്ഷണച്ചുമതലയിലുണ്ടായിരുന്ന യതീമുകളുടെ സമ്പത്ത് ഹലാലായ മാര്‍ഗത്തിലൂടെ വര്‍ദ്ധനവ് വരുത്താനുള്ള ക്രയവിക്രയങ്ങള്‍ നടത്തിയിരുന്നുവെന്ന് ഖാസിമ്ബ്‌നുമുഹമ്മദ്(റ)പറഞ്ഞിട്ടുണ്ട്(മുസ്വന്നഫു അബ്ദിറസാഖ്).
ഖുര്‍ആനിക സൂക്തങ്ങള്‍ക്ക് പുറമെ ഹദീസ് വചനങ്ങളും ഈ വിഷയം നമ്മെ ബോധ്യപ്പെടുത്തുന്നുണ്ട്. ഏഴ് വന്‍ പാപങ്ങളിലൊന്നായി മുത്ത് നബി(സ്വ) ഇതിനെ എണ്ണിയിട്ടുണ്ട്. അബൂഹുറൈറ(റ)യില്‍ നിന്ന് ബുഖാരി(റ)യും മുസ്‌ലിമും(റ) ഉദ്ധരിക്കുന്നു: നബി(സ്വ) പറയുകയുണ്ടായി 'നിങ്ങള്‍ ഏഴ് വന്‍ നാശങ്ങളെ വെടിയുക. സ്വഹാബികള്‍ അവ ഏതാണെന്ന് ചോദിച്ചു. നബി(സ്വ) പറഞ്ഞു: ശിര്‍ക്, മാരണം, അവിഹിത കൊലപാതകം, പലിശ ഭക്ഷിക്കല്‍, യതീമിന്റെ സമ്പത്ത് കഴിക്കല്‍, യുദ്ധ ദിവസം പിന്തിരിഞ്ഞോടല്‍, പതിവ്രതകളായ വിശ്വാസിനികളെ കുറിച്ച് ദുരാരോപണം പറയല്‍'(മുത്തഫഖുന്‍ അലൈഹി).
ഒരു യതീം എന്തെങ്കിലും സഹായമഭ്യാര്‍ത്ഥിച്ചു നമ്മെ സമീപിച്ചാല്‍ നാം അവരെ അവഗണിക്കരുതെന്ന് ഖുര്‍ആന്‍ കൃത്യമായി നിര്‍ദേശം നല്‍കിയിട്ടുണ്ട്. നമ്മുടെ കൈകളില്‍ അനുഗ്രഹമായി അല്ലാഹു നല്‍കിയ സമ്പത്ത് ഉണ്ടാകുമ്പോള്‍ അതിന് നന്ദി പ്രകടിപ്പിക്കാനുള്ള വഴിയാണ് അഗതികളേയും അനാഥകളേയും കൈയയയഞ്ഞ് സഹായിക്കാനുള്ള അവസരങ്ങള്‍ ഉപയോഗപ്പെടുത്തല്‍.
'അനാഥയെ നിങ്ങള്‍ കീഴടക്കി വെക്കരുതെന്നും യാചകനെ വിരട്ടി വിടരുതെന്നും'(അള്ളുഹാ) അല്ലാഹു പറയുന്നു. സഹായം ചോദിച്ച് വരുന്ന അനാഥയെ അവഗണിക്കുന്നവന് സത്യദീനിനെ നിഷേധിക്കുന്ന കപടരുടെ സ്വഭാവമാണെന്നും ഖുര്‍ആന്‍ സൂചിപ്പിട്ടുണ്ട്(അല്‍മാഊന്‍). ഒട്ടകമറുത്ത് മാംസം വിതരണം ചെയ്തിരുന്ന ഒരു മനുഷ്യന്റെ അരികില്‍ വന്ന് ഒരു അനാഥബാലന്‍ മാംസം ആവശ്യപ്പെട്ട സന്ദര്‍ഭം അവനെ ആട്ടിയോടിച്ച സാഹചര്യത്തിലാണീ സൂക്തമിറങ്ങിയതെന്ന് ഇമാം ഖുര്‍ത്വുബി(റ) രേഖപ്പെടുത്തിയിട്ടുണ്ട്.
ചുരുക്കത്തില്‍, സാമൂഹ്യബാധ്യതയായി ഇസ്‌ലാം പരിഗണിച്ച അനാഥ സംരക്ഷണം ഏറെ പ്രതിഫലാര്‍ഹവും പ്രോത്സാഹജനകവുമാണ്. അപ്പോള്‍ തന്നെ അവരുടെ അവകാശത്തില്‍ നിന്ന് ഒരു തരിമ്പ് പോലും അവിഹിതമായി സംരക്ഷകനിലേക്ക് വന്ന് ചേരാന്‍ പാടില്ല. മാത്രവുമല്ല, ആ സമ്പത്ത് വര്‍ദ്ധിക്കാനുള്ള വിഹിതവഴികളാരാഞ്ഞ് പ്രായോഗിക നടപടികള്‍ സ്വീകരിക്കേണ്ട ഉത്തരവാദിത്വം അവനില്‍ നിക്ഷിപ്തമാണുതാനും. വ്യക്തികള്‍ തങ്ങളുടെ സ്വന്തം മക്കളെ പോലെ അവരെയും പരിഗണിച്ച് പരിപാലിക്കുന്ന രീതിയാണ് ഏറെ പുണ്യവും പ്രോത്സാഹനീയവും.
Post a Comment