https://www.google.com/imgres?imgurl=https%3A%2F%2Fstatic.vecteezy.com%2Fsystem%2Fresources%2Fpreviews%2F000%2F999%2F460%2Fnon_2x%2F3d-islamic-art-mandala-design-vector.jpg&imgrefurl=https%3A%2F%2Fwww.vecteezy.com%2Fvector-art%2F999460-3d-islamic-art-mandala-design&tbnid=e5E5n0YMo3KmcM&vet=12ahUKEwjtjZ2X3PHqAhUTGXIKHTVDAQIQMygEegUIARC9AQ..i&docid=Pm2gJS0bYjjQaM&w=1568&h=980&q=free%20islamic%20%20art&ved=2ahUKEwjtjZ2X3PHqAhUTGXIKHTVDAQIQMygEegUIARC9AQ


മുഹമ്മദ് ഇസ്മാഈല്‍ ഹുദവി. ചെമ്മലശ്ശേരി

സമൂഹ ജാഗരണത്തില്‍ പ്രഭാഷണങ്ങള്‍ക്ക് അനിഷേധ്യമായ പങ്കുണ്ട്. ദീനി സന്ദേശം സമൂഹത്തിലേക്ക് പ്രസരണം ചെയ്യുവാനും, അപഥ സഞ്ചാരം നടത്തുന്ന സമൂഹത്തെ നന്‍മയിലേക്ക് വഴിനടത്താനും, യുദ്ധം പോലെയുള്ള ഘട്ടങ്ങളില്‍ ജനങ്ങള്‍ക്ക് അടിയന്തര നിര്‍ദേശം കൈമാറുവാനും മറ്റും പ്രഭാഷണങ്ങളെ മാധ്യമമാക്കാറുണ്ട്.

മുത്ത് നബി(സ്വ)യിലൂടെ പൂര്‍ത്തീകരിക്കപ്പെട്ട ഇസ്‌ലാമിക സന്ദേശം പിന്നീട് ഏറ്റെടുത്ത അനുയായി വൃന്ദം തലമുറകളിലേക്ക് കൈമാറുവാന്‍ പ്രഭാഷണം മാധ്യമമായി സ്വീകരിച്ചിട്ടുണ്ട്. ഇരുപത്തിമൂന്ന് വര്‍ഷത്തെ പ്രബോധന ജീവിതത്തിനിടയില്‍ നബി(സ്വ)നിര്‍വഹിച്ച നിരവധി ഭാഷണങ്ങളില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട സ്വഹാബികളിലും പ്രഭാഷണ നക്ഷത്രങ്ങള്‍ പിറവിയെടുത്തു. അവരില്‍ അതിപ്രധാനികളെ കുറിച്ചുള്ള ചെറു വിവരണമാണിവിടെ ഉദ്ദേശിക്കുന്നത്.

നബി(സ്വ)യുടെ കാലശേഷം ഇസ്‌ലാമിക ഭരണത്തിന്റെ ചുക്കാന്‍ പിടിച്ചിരുന്ന നാല് ഖലീഫമാര്‍ പ്രഭാഷണ ചരിത്രത്തില്‍ അദ്യുതീയരാണ്. ജഅ്ഫറുബ്‌നുഅബീത്വാലിബ്, രിബ്ഇയ്യുബ്‌നുആമിര്‍, സാബിതുബ്‌നുഖൈസ്, സഹ്‌ല്ബ്‌നുഅംറ് തുടങ്ങിയ നാമങ്ങളും ഈ ഗണത്തില്‍ ചേര്‍ത്ത് വായിക്കാവുന്നയാണ്.


ജഅ്ഫറുബ്‌നുഅബീത്വാലിബ്


ഇസ്‌ലാമിക ചരിത്രത്തില്‍ വളരെ പ്രസിദ്ധമായ ഒരു പ്രഭാഷണം നടത്തിയ സ്വഹാബിയാണ് ജഅ്ഫറുബ്‌നുഅബീത്വാലിബ്(റ). സത്യദീന്‍ പുല്‍കിയതിന്റെ പേരില്‍ ജനിച്ച നാടും വീടും വിട്ട് പലായനം ചെയ്ത് അഭയം തേടി ചെന്ന നാട്ടിലെ രാജാവിന് മുന്നില്‍ സംരക്ഷണം നഷ്ടപ്പെടുമോ ഇല്ലയോ എന്ന് ശങ്കിക്കാതെ, തങ്ങള്‍ വിശ്വസിക്കുന്ന ആദര്‍ശത്തെ കൃത്യമായി വരച്ചു കാണിക്കുന്നതായിരുന്നു ആ പ്രഭാഷണം.

മക്കാജീവിതത്തില്‍ ശത്രുക്കളുടെ അക്രമം പരിധി വിട്ടപ്പോള്‍ നേഗസ്(നജാശി)ചക്രവര്‍ത്തിയുടെ നാട്ടിലേക്ക്(അബ്‌സീനിയ) പലായനം ചെയ്യാന്‍ മുത്ത് നബി(സ്വ)അനുയായികള്‍ക്ക് അനുമതി നല്‍കി. അബ്‌സീനിയയിലെത്തിയ ആദ്യസംഘം നജാശിയുടെ സംരക്ഷണത്തില്‍ അല്‍പ കാലം കഴിഞ്ഞ് മക്കയില്‍ തിരിച്ചെത്തിയപ്പോള്‍ ശത്രുക്കളുടെ അക്രമം ഒന്ന് കൂടി ശക്തി കൂടി. അന്നേരം അബ്‌സീനിയയിലേക്ക് പുറപ്പെട്ട രണ്ടാം സംഘത്തിലാണ് ജഅ്ഫറുബ്‌നുഅബീത്വാലിബുണ്ടായിരുന്നത്.

തങ്ങളുടെ പരമ്പരാഗത മതവിശ്വാസം വെടിഞ്ഞ് മുത്ത് നബിയുടെ സന്ദേശം സ്വീകരിച്ച മുസ്‌ലിംകള്‍ക്ക് നേഗസ് ചക്രവര്‍ത്തി നല്‍കിയ സംരക്ഷണത്തില്‍ അസൂയ പൂണ്ട മക്കയിലെ പ്രമാണിമാര്‍ തങ്ങളുടെ പ്രതിനിധികളായി ഉമാറതുബ്‌നുല്‍വലീദ്, അംറുബ്‌നുല്‍ആസ്വ് എന്നിവരെ ചക്രവര്‍ത്തിക്കും പാതിരിമാര്‍ക്കും നിരവധി സമ്മാനങ്ങളുമായി പറഞ്ഞയച്ചു.

ചക്രവര്‍ത്തിയെ കാണുന്നതിന് മുമ്പ് മുഴുവന്‍ പാതിരിമാരെയും സമ്മാനങ്ങള്‍ നല്‍കി തങ്ങളുടെ വശത്താക്കുകയും രാജാവിന് മുന്നില്‍ തങ്ങള്‍ക്കനുകൂല നിലപാടെടുക്കണമെന്ന് അവരോട് പറയുകയും ചെയ്തു. ചക്രവര്‍ത്തിക്കു മുന്നില്‍ ചെന്ന് സാഷ്ടാംഗ് ചെയ്ത് തങ്ങളുടെ കാര്യം അവര്‍ പറഞ്ഞു. ''എന്റെ നാട്ടില്‍ അഭയം തേടി ഞാന്‍ അഭയം നല്‍കിയവരെ കുറിച്ച് നിങ്ങള്‍ പറഞ്ഞത് സത്യമാണോ എന്ന് അവരോട് കൂടി അന്വേഷിക്കാതെ അവരെ വിട്ട് തരികയില്ല'' എന്നായിരുന്നു ചക്രവര്‍ത്തിയുടെ പ്രതികരണം.

തദടിസ്ഥാനത്തില്‍ ജഅ്ഫര്‍(റ)ന്റെ നേതൃത്വത്തില്‍ മുസ്‌ലിംകള്‍ കൊട്ടാരത്തില്‍ ചെന്നു. സാഷ്ടാംഗമില്ലാതെ രാജസന്നിധിയിലെത്തിയ മുസ്‌ലിംകളോട് അതിന്റെ കാരണമന്വേഷിച്ചപ്പോള്‍ ജഅ്ഫര്‍(റ) പറഞ്ഞു:''ഞങ്ങള്‍ അല്ലാഹുവിന് മാത്രമേ സാഷ്ടാംഗം ചെയ്യാറുള്ളൂ''. ചക്രവര്‍ത്തി ചോദിച്ചു ''നിങ്ങളുടെ സമുദായത്തിന്റേതും എന്റേതുമല്ലാതെ ഇപ്പോള്‍ നിങ്ങള്‍ സ്വീകരിച്ച മതമേതാണ്?''. ഇതിന് മറുപടിയാണ് ജഅ്ഫര്‍(റ)ന്റെ പ്രഭാഷണം. അതിന്റെ സംഗ്രഹം ഇങ്ങനെ വായിക്കാം....

''ഓ രാജാവേ, ഞങ്ങള്‍ ബിംബാരാധകരും, ശവം തീനികളും, തോന്നിവാസികളും, കുടുംബ ബന്ധം മുറിക്കുന്നവരും അയല്‍വാസികളോട് മോശമായി വര്‍ത്തിക്കുന്നവരും ശക്തര്‍ അശക്തരെ കീഴ്‌പെടുത്തുന്നവരുമായിരുന്നു. അപ്പോഴാണ് അല്ലാഹു ഞങ്ങളിലേക്ക് ഒരു സത്യദൂതനെ അയക്കുന്നത്. ആ ദൂതന്റെ കുടുംബവും സത്യസന്ധതയും ചാരിത്ര്യവും വിശ്വസ്തതയും ഞങ്ങള്‍ക്ക് ബോധ്യപ്പെട്ടതാണ്.  ഞങ്ങളും പ്രപിതാക്കളും ആരാധിച്ചിരുന്ന കല്ല്, ബിംഭങ്ങളെ വെടിഞ്ഞ്  അല്ലാഹുവിനെ ഏകനായി ആരാധിക്കുന്ന തൗഹിദിലേക്ക് ആ ദൂതന്‍ ക്ഷണിക്കുന്നു. സത്യം പറയുവാനും, കുടുംബ ബന്ധം ചാര്‍ത്തുവാനും കല്‍പിക്കുകയും, തിന്‍മയും കൊലപാതകങ്ങളും, കള്ള സാക്ഷ്യവും,  യതീമിന്റെ സമ്പത്ത് അവിഹിതമായി കഴിക്കലും  പതിവ്രതകളുടെ മേല്‍ ദുരാരോപണം നടത്തുന്നത് ഉപേക്ഷിക്കുവാനും  നിസ്‌കാരവും, സകാതും പതിവാക്കുവാനും കല്‍പിക്കുന്നു. ഈ അവസരത്തില്‍ ഞങ്ങള്‍ ആ ദുതനെ സത്യസന്ധമാക്കുകയും വിശ്വസിക്കുകയും ചെയ്തു. അല്ലാഹു നിഷിദ്ധമാക്കിയത് ഞങ്ങള്‍ നിഷിദ്ധമാക്കുവാനും അനുവദനീയമാക്കിയത് ഹലാലാക്കുവാനും അല്ലാഹുവിനെ മാത്രം ആരാധിക്കുവാനും തുടങ്ങിയപ്പോള്‍ നാട്ടുകാര്‍ ഞങ്ങളെ പീഠിപ്പിക്കുകയും പഴയ ബിംബാരാധനയിലേക്കും അനാശാസ്യങ്ങളിലേക്കും തിരിച്ചു പോവാന്‍ നിര്‍ബന്ധിക്കുകയും ചെയ്തു. പീഢനം അസഹനീയമായപ്പോഴാണ് ഞങ്ങളുടെ നാടു വിട്ട് മറ്റേവരേക്കാളും അങ്ങയെ തിരഞ്ഞെടുത്ത് അങ്ങയുടെ അടുത്ത് സംരക്ഷണം തേടിയത്. അങ്ങയുടെ അടുത്ത് ഞങ്ങള്‍ അക്രമിക്കപ്പെടുകയില്ലെന്നാണ് ഞങ്ങളുടെ പ്രതീക്ഷ. നജാശി ചോദിച്ചു:''നിങ്ങളുടെ പ്രവാചകന്‍ അല്ലാഹുവില്‍ നിന്ന് കൊണ്ടു വന്ന എന്തെങ്കിലും നിങ്ങളുടെ അടുത്തുണ്ടോ?''. അതെ എന്ന് പറഞ്ഞ് സൂറതു മര്‍യമിന്റെ ആദ്യ ഭാഗം ജഅ്ഫര്‍(റ) ഓതിക്കേള്‍പിച്ചു. കേള്‍കേണ്ട താമസം ചക്രവര്‍ത്തിയും പാതിരമാരും കണ്ണു നീര്‍ വാര്‍ത്തു. ചക്രവര്‍ത്തി പറഞ്ഞു: ''ഈസാ(അ)മും ഈ ദൂതനും ഒരേ പ്രകാശ ധാരയില്‍ നിന്നാണ് പുറപ്പെടുന്നത്. ഖുറൈശി ദൂതരേ നിങ്ങള്‍ക്ക് പോകാം. ഇവരെ ഞാന്‍ നിങ്ങളിലേക്കൊരിക്കലും ഏല്‍പിച്ചു തരില്ല''. ഹിജ്‌റക്ക് മുമ്പ് സംഭവിച്ച ഈ പ്രഭാഷണം നേഗസ് ചക്രവര്‍ത്തിയുടെ ഇസ്‌ലാമാശ്ലേഷണത്തിന് വരെ കാരണമായി.

രിബ്ഇയ്യു ബ്‌നുആമിര്‍(റ)


ഖാദിസിയ്യാ യുദ്ധ വേളയില്‍ പേര്‍ഷ്യന്‍ സൈനിക നേതാവായിരുന്ന റുസ്തമിന്റെ ആഹ്വാനപ്രകാരം മുസ്‌ലിം സൈനിക നേതാവ് സഅദ്(റ) തുടുര്‍ച്ചയായി മൂന്ന് ദൂതന്‍മാരെ അനുനയ ചര്‍ച്ചക്ക് വേണ്ടി പറഞ്ഞയച്ചു. മൂന്ന് പേരും സത്യ ദീനിന്റെ സന്ദേശം മാത്രമാണ് സ്വീകരിച്ചതും റുസ്തമിന് മുന്നില്‍ അവതരിപ്പിച്ചതും. എന്നാല്‍ റുസ്തമിന് മുന്നില്‍ രിബ്ഇയ്യുബ്‌നുആമിര്‍(റ) കാണിച്ച ധീരതയും ആവേശവും അവിടെ വെച്ച് നടത്തിയ പ്രഭാഷണവും ചരിത്രത്തില്‍ തങ്ക ലിപികളാല്‍  രേഖപ്പെടുത്തപ്പെട്ടിരിക്കുകയാണ്.

പരവധാനികള്‍ വിരിച്ച് തന്നെ സ്വീകരിക്കാനൊരുങ്ങിയ ദര്‍ബാറിലേക്ക് തന്റെ വാളും പരിചയും പിടിച്ച് സാധാരണ വാഹനത്തില്‍ സാധാരണക്കാരന്റെ വേശത്തില്‍ കയറിച്ചെന്ന രിബ്ഇയ്യി(റ)നോട് അവര്‍ വാഹനം പുറത്ത് നിറുത്തുവാനും, ആയുധം നിലത്ത് വെക്കുവാനും പറഞ്ഞു. ''നിങ്ങള്‍ ക്ഷണിച്ചാണ് ഞാനിവിടെ എത്തിയത്. ഞാനിങ്ങോട്ട് താത്പര്യമെടുത്ത് വന്നതല്ല. ഈ രൂപത്തിലും വേശത്തിലും വേണമെങ്കില്‍ നിങ്ങള്‍ക്ക് സംസാരിക്കാം'' എന്ന അദ്ദേഹത്തിന്റെ പ്രതികരണത്തില്‍ അവര്‍ സ്തബ്ധരായി. റുസ്തം ചോദിച്ചു:''എന്ത് സന്ദേശവുമായിട്ടാണ് നിങ്ങള്‍ ഞങ്ങളെ നേരിടാന്‍ വന്നിരിക്കുന്നത്?''. അതിന് മറുപടിയായി രിബ്ഇയ്യ്(റ) അത്യുജ്ജ്വല പ്രഭാഷണം തന്നെ കാഴ്ചവെച്ചു.

''അല്ലാഹു ഉദ്ദേശിച്ചവരെ അടിമാരാധനയില്‍ നിന്ന് ഉടമാരാധാനയിക്കും, ഭൗതികതയുടെ സങ്കീര്‍ണതയില്‍ നിന്ന് ഇഹലോക വിശാലതയിലേക്കും, മതങ്ങളുടെ അനീതികളില്‍ നിന്ന് ഇസ്‌ലാമിന്റെ നീതിയിലേക്കും കൈപിടിച്ച് കൊണ്ടുവരാനാണ് അവന്‍ ഞങ്ങളെ നിയോഗിച്ചത്. അവന്റെ ദീനിലേക്ക് അവന്റെ അടിമകളെ ക്ഷണിക്കാന്‍ ഞങ്ങളെ അവന്‍ അയച്ചു. ഞങ്ങളുടെ ക്ഷണം സ്വീകരിച്ചവരെ ഒരക്രമവും കാണിക്കാതെ ഞങ്ങള്‍ വെറുതെ വിടും. സ്വീകരിക്കാത്തവരോട് അല്ലാഹുവിന്റെ വാഗ്ദത്വം ലഭിക്കുന്നത് വരെ ഞങ്ങള്‍ പോരാടും.'' അവര്‍ ചോദിച്ചു. എന്താണ് അല്ലാഹുവിന്റെ വാഗ്ദാനം?. ''ദീന്‍ സ്വീകരിക്കാത്തവരോട് പോരാടി മരിച്ചവര്‍ക്ക് സ്വര്‍ഗവും അല്ലാത്തവര്‍ക്കു വിജയവും''. ഈ പ്രഭാഷണം കേട്ട് റുസ്തം മതം മാറ്റത്തെ കുറിച്ച് ചിന്തിച്ചുവെങ്കിലും കൂടെയുള്ളവരുടെ സംസാരം കാരണം അദ്ദേഹത്തിന് ആ മഹാ ഭാഗ്യം നഷ്ടപ്പെടുകയുണ്ടായി.

സുഹൈലുബ്‌നുഅംറ്(റ)


'ഖത്വീബുഖുറൈശ്' എന്ന് ചരിത്രത്തില്‍ അറിയപ്പെടുന്ന സുഹൈലുബ്‌നു അംറ്(റ) സ്വഹാബികളിലെ അദ്യുതീയ പ്രഭാഷകനാണ്. അതീവ ബുദ്ധിമാനും സാഹിത്യകാരനും പ്രഭാഷകനും കാര്യസ്ഥനുമായിരുന്ന സുഹൈല്‍(റ) ഫത്ഹ്‌മക്കയുടെ ദിവസമാണ് മുസ്‌ലിമായത്. ഹുദൈബിയ്യ സന്ധിയില്‍ ഖുറൈശികളെ പ്രതിനിധീകരിക്കാന്‍ ഇദ്ദേഹത്തെ നിയോഗിച്ചത് മറ്റൊന്ന് കൊണ്ടുമല്ല.

ബദ്‌റില്‍ ബന്ദികളായി പിടിക്കപ്പെട്ടവരില്‍ സുഹൈലിനെ കണ്ടപ്പോള്‍ ഉമര്‍(റ) നബി(സ്വ)യോട് ചോദിച്ചു: ''നബിയെ, ഇനിമുതല്‍ നിങ്ങള്‍ക്കെതിരില്‍ സുഹൈല്‍ പ്രസംഗിക്കാതിരിക്കാന്‍ ഞാനവന്റെ മുന്‍പല്ലുകള്‍ പറിച്ചോട്ടെ''. നബി(സ്വ) പറഞ്ഞു:''ഉമര്‍(റ) അരുത്, ഒരിക്കലുമരുത്. ഞാന്‍ ആരെയെങ്കിലും അംഗവിച്ഛേധം നടത്തിയാല്‍ പ്രവാചകാനാണെങ്കിലും എന്നെയും അല്ലാഹു അങ്ങിനെ ചെയ്യുന്നതാണ്''. പിന്നെ ഉമറിനെ അടുത്തേക്ക് വിളിച്ച് റസൂല്‍(സ്വ) സ്വകാര്യമായി പറഞ്ഞു:''ഭാവിയില്‍ നിനക്ക് സന്തോഷം നല്‍കുന്ന ഒരു സ്ഥലത്ത് ഈ സുഹൈല്‍ നില്‍ക്കുന്നത് നിനക്ക് കാണാം ഉമര്‍''.

മക്ക കീഴടക്കി 'ഞാന്‍ നിങ്ങളെ എന്ത് ചെയ്യുമെന്നാണ് നിങ്ങള്‍ പ്രതീക്ഷിക്കുന്നത്' എന്ന് ചോദിച്ച നബി(സ്വ)യോട് 'മാന്യനായ സഹോദരന്റെ മാന്യനായ പുത്രനില്‍ നിന്ന് നന്‍മ മാത്രം ഞങ്ങള്‍ പ്രതീക്ഷിക്കുന്നു' എന്ന് പ്രതികരിച്ചത് സുഹൈലുബ്‌നുഅംറാണ്. അന്നേരം നബി(സ്വ) 'നിങ്ങള്‍ക്ക് പോകാം, നിങ്ങള്‍ മോചിതരാണ്' എന്ന് പ്രഖ്യാപിച്ചു. അത് കേട്ട് നബി(സ്വ)യുടെ ഹൃദയ വിശാലത കണ്ടാണ് സുഹൈല്‍ മുസ്‌ലിമായത്.

മുഹമ്മദ്(സ്വ)ന്റെ വഫാതിന്‍ നേരം മദീനയിലെ മുസ്‌ലിംകളുടെ മനോനില നിയന്ത്രിച്ചത് സിദ്ദീഖ്(റ)ന്റെ പ്രഭാഷണമായിരുന്നുവെങ്കില്‍ മക്കയിലെ മുസ്‌ലിംകളുടെ മനോഗതി നിയന്ത്രണ വിധേയമാക്കിയത് സുഹൈലുബ്‌നുഅംറിന്റെ പ്രഭാഷണമാണ്. മക്കയിലെ വിശ്വാസികളെ ഒരുമിച്ചു കൂട്ടി അദ്ദേഹം പറഞ്ഞു:''മുഹമ്മദ് നബി(സ്വ)അല്ലാഹുവിന്റെ സത്യദൂതനായിരുന്നു. തന്റെ ഉത്തരവാദിത്വം പൂര്‍ണമായി നിര്‍വഹിക്കുകയും ദിവ്യസന്ദേശം സമൂഹത്തിന് കൈമാറുകയും ചെയ്തിട്ടല്ലാതെ ലോകത്ത് നിന്ന് വിടചോദിച്ചിട്ടില്ല. അവിടുന്ന് കാണിച്ച സല്‍സരണിയില്‍ ജാഗ്രതയോടെ മുന്നോട്ട് ഗമിക്കലാണ് ഓരോ വിശ്വാസിയുടേയും ബാധ്യത''. ഇത് കേട്ടപ്പോഴാണ് മക്കയിലെ വിശ്വാസികള്‍ നിയന്ത്രണ വിധേയരായത്. അന്നേരം ഉമര്‍(റ)ഫത്ഹ്‌മക്കയുടെ ദിവസം നബി(സ്വ) പറഞ്ഞ വാക്കുകള്‍ ഓര്‍ക്കുകയുണ്ടായി.

സാബിത്ബ്‌നുഖൈസ്(റ)


'ഖത്വീബുല്‍അന്‍സ്വാര്‍', 'ഖത്വീബുര്‍റസൂല്‍' എന്നീ നാമങ്ങളില്‍ അറിയപ്പെടുന്ന പ്രമുഖ സ്വഹാബിയാണ് സാബിത്ബ്‌നുഖൈസ്(റ). സുന്ദര വചനങ്ങളുരുവിട്ട് അദ്ദേഹം നടത്തിയ പ്രഭാഷണങ്ങള്‍ ഇസ്‌ലാമിനും മുത്ത് നബി(സ്വ)ക്കും ഏറെ സഹായകമായിരുന്നു. നാടിന്റെ വിവിധ ദിക്കുകളില്‍ നിന്ന് നബിയെ കാണാന്‍ സംഘങ്ങള്‍(വഫ്ദുകള്‍)മദീനയിലെത്തിയിരുന്ന ഒരു കാലമുണ്ടായിരുന്നു.

അങ്ങിനെയിരിക്കെ ബനൂതമീമിലെ ഒരു സംഘം വന്ന് നബി(സ്വ)യോട് പറഞ്ഞു:''ഞങ്ങളുടെ മഹത്വങ്ങള്‍ അങ്ങയെ ബോധ്യപ്പെടുത്താനാണ് ഞങ്ങള്‍ വന്നത്. ഞങ്ങളിലെ കവിയും പ്രഭാഷകനുമായ ഉത്വാറദ്ബ്‌നുഹാജിബിന് അങ്ങ് അനുമതി നല്‍കിയാലും''. നബി(സ്വ) സമ്മതം മൂളി. അദ്ദേഹത്തിന്റെ പ്രഭാഷണത്തിന് മറുപടി നല്‍കാന്‍ നബി(സ്വ) നിയോഗിച്ചത് സാബിത്ബ്‌നുഖൈസസിനെയാണ്. മുത്ത് നബിയുടേയും മുസ്‌ലിം സമുദായത്തിന്റെയും മുഹാജിറുകള്‍ അന്‍സാറുകളുടേയും മഹത്വം വിശദീകരിക്കുന്ന ഹൃസ്വമായ ആ പ്രഭാഷണം ഏറെ പ്രസ്താവ്യമാണ്.


അബൂബക്ര്‍ സിദ്ദീഖ്(റ) 


ഇസ്‌ലാമിന്റെ നാല് ഖലീഫമാരും ചരിത്രത്തിലറിയപ്പെട്ട പ്രഭാഷകരാണ്. അവരില്‍ പ്രഥമനും പ്രധാനിയും ഒന്നാം ഖലീഫ സിദ്ദീഖ്(റ) വാണ്. ഇസ്‌ലാമിലെ പ്രഥമ പ്രഭാഷകനെന്നറിയപ്പെടുന്ന അദ്ദേഹം സ്ഥാനാരോഹണ വേളയിലും മറ്റുമായി നിരവധി പ്രഭാഷണങ്ങള്‍ നടത്തിയെങ്കിലും അതിലേറെ പ്രസിദ്ധമായത് മുത്ത് നബി(സ്വ)യുടെ വഫാതിന്റെ വേളയില്‍ നടത്തിയ പ്രഭാഷണമാണ്. റസൂലിന്റെ വഫാത് നേരത്ത് സിദ്ദീഖ്(റ) അവിടെയുണ്ടായിരുന്നില്ല. വിവരമറിഞ്ഞ് ആയിഷ ബീബിയുടെ വീട്ടിലേക്ക് വരുന്ന നേരം നബി(സ്വ)യുടെ വേര്‍പാടില്‍ ഉമറി(റ)ന്റെ  മനോനില തെറ്റിയ വാക്കുകളാണ് സിദ്ദീഖ്(റ) കേള്‍ക്കുന്നത്.

തന്റെ പ്രിയപ്പെട്ട നേതാവിനെ കിടത്തിയ റൂമില്‍ ചെന്ന് പൂമുഖത്ത് മുത്തം നല്‍കി 'അങ്ങേക്ക് അല്ലാഹു നിശ്ചയിച്ച മരണം അങ്ങ് അനുഭവിച്ചിരിക്കുന്നു. ഇനി അങ്ങേക്ക് മരണമില്ല' എന്ന് പറഞ്ഞ് സ്വഹാബികളിരിക്കുന്ന ഭാഗത്തേക്ക് ഇറങ്ങി വന്നു. ഉമറിനോട് അടങ്ങാന്‍ ആവശ്യപ്പെട്ടു. അടങ്ങുന്നില്ലെന്ന് കണ്ടപ്പോള്‍ ജനങ്ങളിലേക്ക് തിരിഞ്ഞ് അല്ലാഹുവിനെ വാഴ്ത്തി മുത്ത് നബി(സ്വ)യുടെ പേരില്‍ പ്രാര്‍ത്ഥനകള്‍ ചൊല്ലി സിദ്ദീഖ്(റ) ഇങ്ങനെ പറഞ്ഞു: ''ഓ, ജനങ്ങളേ, ആരെങ്കിലും മുഹമ്മദ് നബി(സ്വ)യെ ആരാധിച്ചിരുന്നുവെങ്കില്‍ തീര്‍ച്ചയായും മുഹമ്മദ് നബി(സ്വ) വിടപറഞ്ഞിരിക്കുന്നു. ആരെങ്കിലും അല്ലാഹുവിനെ ആരാധിക്കുന്നുവെങ്കില്‍ അല്ലാഹു മരണമില്ലാതെ എന്നെന്നും ജീവിച്ചിരിക്കുന്നവനാണ്. 'മുഹമ്മദ് നബി(സ്വ) അല്ലാഹുവിന്റെ ഒരു ദൂതന്‍ മാത്രമാണ്. അവര്‍ക്ക് മുന്നേ മറ്റു പല പ്രവാചകരും കടന്നു പോയിട്ടുണ്ട്. നബി(സ്വ) മരണപ്പെടുകയോ വധിക്കപ്പെടുകയോ ചെയ്തിട്ടുണ്ടെങ്കില്‍  തന്നെ നിങ്ങള്‍ പിന്തിരിയുകയാണോ?! ആരെങ്കിലും പിന്തിരിയുന്നുവെങ്കില്‍ അല്ലാഹുവിന് ഒരു ദ്രോഹവുമേല്‍പിക്കാന്‍ അവനാകില്ല. കൃതജ്ഞര്‍ക്ക് അല്ലാഹു മതിയായ പ്രതിഫലം നല്‍കുന്നതാണ്(ആലുഇംറാന്‍ 144)'.''

ഈ പ്രഭാഷണം കൊണ്ടാണ് കലിതുള്ളിയിരുന്ന ഉമറിനേയും പരിഭ്രമിച്ചിരുന്ന സ്വഹാബതിനേയും ബോധ മണ്ഡലത്തിലേക്ക് തിരിച്ചു കൊണ്ടുവരാന്‍ കഴിഞ്ഞത്.  ആ പ്രഭാഷണത്തിനിടയില്‍ നബി(സ്വ)യുടെ വഫാതിനെ സൂചിപ്പിക്കുന്ന ഖുര്‍ആനിക വചനം സിദ്ദീഖ്(റ) ഓതിയപ്പോള്‍ ആ വചനം അന്ന് ആദ്യമായി കേള്‍ക്കുന്ന പ്രതീതിയായിരുന്നു ഉമറടക്കമുള്ള പല സ്വഹാബികള്‍ക്കും.

  സിദ്ദീഖ്(റ)ന്റെ സ്ഥാനാരോഹണ പ്രഭാഷണവും ഏറെ ചിന്തോദ്ദീപകവും പ്രശസ്തവുമാണ്. അവരുടെ ഓരോ പ്രഭാഷണങ്ങളും തങ്ങളുടെ വിനയവും എളിമത്തരവും സൂചിപ്പിക്കുന്നതോടൊപ്പം അല്ലാഹുവിനെ സൂക്ഷിച്ച് ജീവിക്കുന്നതിന്റെ പ്രാധാന്യവും നമുക്ക് മുന്നേ വിട പറഞ്ഞവരില്‍ നിന്ന് പാഠമുള്‍ക്കൊള്ളേണ്ടതിന്റെ മഹത്വവും ഉത്‌ഘോഷിക്കുന്നതുമായിരുന്നു.

യുദ്ധവേളയില്‍ മുസ്‌ലിംകള്‍ പാലിക്കേണ്ട യുദ്ധ മര്യാദകള്‍ സിദ്ദീഖ്(റ) കൃത്യമായി പഠിപ്പിച്ചത് ശാമിലേക്ക് ഉസാമത്ബ്‌നുസൈദ്(റ)നെ സൈന്യാധിപനായി നിയോഗിച്ചപ്പോള്‍ അവരോട് നടത്തിയ പ്രഭാഷണത്തലൂടെയാണ്. ''ഓ ജനങ്ങളേ, ഞാന്‍ നിങ്ങളോട് പത്ത് കാര്യങ്ങള്‍ വസ്വിയ്യത് ചെയ്യുന്നു. നിങ്ങളത് പ്രത്യേകം ശ്രദ്ധിക്കണം. നിങ്ങള്‍ വഞ്ചിക്കുകയോ ഫൈഅ് മുതലില്‍ ചതിപ്രയോഗം കാണിക്കുകയോ അരുത്. ചെറിയ കുട്ടികളേയും വൃദ്ധരേയും സ്ത്രീകളേയും വധിക്കുകയും കൊല്ലപ്പെട്ടവരെ അംഗ വിച്ഛേധം നടത്തുകയും അരുത്. ഈത്തപ്പന പിഴുതെടുക്കുകയോ കരിക്കുകയോ ചെയ്യരുത്. ഫലവൃക്ഷങ്ങള്‍ മുറിച്ചു കളയരുത്. ഭക്ഷണാവശ്യത്തിനല്ലാതെ ആട്, പശു, ഒട്ടകം എന്നിവയെ അറുക്കരുത്. ആരാധനകളിലായി തങ്ങളുടെ മഠങ്ങളില്‍ കഴിയുന്ന വിഭാഗത്തേയും നിങ്ങള്‍ അക്രമിക്കരുത്''. ഇസ്‌ലാമിലെ യുദ്ധങ്ങള്‍ മുഴുവന്‍ ഈ അടിസ്ഥാന തത്വങ്ങളിലൂന്നിയായിരുന്നു എന്ന് ചരിത്രത്തില്‍ നിന്ന് പ്രസ്പഷ്ഠമാണ്.

ഉമറുബ്‌നുല്‍ഖത്താബ്(റ)


രണ്ടാം ഖലീഫ ഉമറുബ്‌നുല്‍ ഖത്വാബ്(റ)ന്റെ ജീവിതത്തില്‍ അവിസ്മരണീയമായ ചില പ്രഭാഷണങ്ങള്‍  അദ്ദേഹം നടത്തിയിട്ടുണ്ട്. അതീവ ബുദ്ധികൂര്‍മ്മതയും അഭിപ്രായ പ്രകടന കഴിവും വളരെ കൂടുതലുണ്ടായിരുന്ന അദ്ദേഹത്തിന്റെ അഭിപ്രായത്തോട് യോജിച്ച് ഖുര്‍ആനിക സൂക്തങ്ങള്‍ പോലും ഇറങ്ങിയിട്ടുണ്ട്.

അധികാരാരോഹണവേളയില്‍ ഉമര്‍(റ) നടത്തിയ പ്രഭാഷണത്തില്‍ താന്‍ ഇതിന് അര്‍ഹനല്ലെന്ന് പറയുന്നതോടൊപ്പം നേര്‍ രേഖയില്‍ ഭരണം നടത്താനുള്ള കഴിവ് ലഭിക്കാന്‍ അല്ലാഹുവോടദ്ദേഹം പ്രാര്‍ത്ഥിക്കുന്നുണ്ട്. ഖുര്‍ആന്‍ മുറുകെ പിടിച്ചുള്ള ജീവിതമാണ് മനുഷ്യന് അഭികാമ്യമെന്ന സത്യം തന്റെ മിക്ക ഭാഷണങ്ങളിലും ഉമര്‍(റ) ഊന്നിപ്പറഞ്ഞു. ഖുര്‍ആന്‍ പാരായണം വഴി അല്ലാഹുവിന്റെ പ്രതിഫലം മാത്രമേ ലക്ഷീകരിക്കാവൂ എന്ന് പ്രഭാഷണങ്ങളിലൂടെ തെര്യപ്പെടുത്തിയ അദ്ദേഹം ഭൗതികത മാത്രം ലക്ഷ്യം വെക്കുന്നവന് യഥാര്‍ത്ഥ വിജയമില്ലെന്നും, മുസ്‌ലിമായ വ്യക്തിക്ക് നിരവധി അനുഗ്രഹങ്ങള്‍ ചെയ്ത റബ്ബിനെ അവന്‍ സദാ ശുക്‌റ് ചെയ്യണമെന്നും ഉണര്‍ത്തി. ജാബിയതില്‍ വെച്ചുള്ള പ്രഭാഷണങ്ങളിലാണ് അദ്ദേഹം കൂടുതല്‍ കാര്യങ്ങള്‍ ഉത്‌ബോധിപ്പിച്ചത്. ഖദ്‌റ് ഖളാഉമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ ജനങ്ങളുടെ സംസാരം പരിധി വിടുന്നുണ്ടെന്നറിഞ്ഞ ഖലീഫ ആ വിഷയത്തില്‍ സാധാരണക്കാര്‍ സംസാരിക്കരുതെന്നും അത്തരക്കാരെ ഇനി മുതല്‍ കൊലപ്പെടുത്തുമെന്നും പ്രഭാഷണങ്ങളിലൂടെ മുന്നറിയിപ്പ് നല്‍കി.

ഉസ്മാനുബ്‌നുഅഫ്ഫാന്‍(റ)


ഉമര്‍(റ)ന് ശേഷം ഖലീഫയായി തിരഞ്ഞെടുക്കപ്പെട്ട ഉസ്മാനുബ്‌നു അഫ്ഫാന്‍(റ) സാന്ദര്‍ഭികമായി നടത്തിയ തുലോം പ്രഭാഷണങ്ങള്‍ ചരിത്രത്തില്‍ ഇടം പിടിച്ചിട്ടുണ്ട്. ഉമര്‍(റ) വഫാതിന് മുമ്പ് നിശ്ചിയിച്ച കൂടിയാലോചന കമ്മിറ്റി മൂന്നാം ഖലീഫയായി ഉസ്മാന്‍(റ)നെ നിശ്ചയിച്ച് ബൈഅത് കഴിഞ്ഞ ശേഷം അവര്‍ നടത്തിയ പ്രഭാഷണത്തില്‍ നന്‍മകള്‍ അധികരിപ്പിച്ച് വിജയികളാവണമെന്ന സന്ദേശമാണ് ഭരണീയര്‍ക്ക് നല്‍കിയത്. ''സ്ഥിരതയില്ലാത്ത ഭൂമിയിലെ വാസികളായ നിങ്ങള്‍ ശിഷ്ഠ കാലങ്ങളില്‍ നന്‍മകള്‍ ഉളരിക്കുക. വഞ്ചനയുടെ ലോകത്ത് വഞ്ചിതരാവാതെ മുമ്പേ ഗമിച്ചവരില്‍ നിന്ന് പാഠമുള്‍കൊണ്ട് ഐഹിക ലോകം ത്യജിച്ച് പാരത്രിക ലോകം ലക്ഷീകരിക്കുക''. ഭരണ വിഷയത്തില്‍ ഞാനെന്റെ മുന്‍ഗാമികളെ അനുഗമിക്കുന്നവന്‍ മാത്രമാണെന്നും ഒന്നും ഞാന്‍ പുതുതായി കൊണ്ടുവരികയില്ലെന്നും അദ്ദേഹം പ്രഖ്യാപിച്ചു. ഖുര്‍ആനും സുന്നതും കഴിഞ്ഞാല്‍ മുന്‍ഗാമികള്‍ യോജിച്ച കാര്യങ്ങള്‍ കൂടി എന്റെ അവലംബമായി ഞാന്‍ ഗണിക്കുന്നതാണെന്നും അദ്ദേഹം സൂചിപ്പിച്ചു.

അലിയ്യുബ്‌നുഅബീത്വാലിബ്(റ)


മുന്‍ ചൊന്നവരേക്കാള്‍ കൂടുതല്‍ പ്രഭാഷണങ്ങള്‍ നടത്തിയ സ്വഹാബിവര്യനാണ് അലി(റ). തത്വജ്ഞാനങ്ങളൊള്‍ക്കുന്ന അവരുടെ കാവ്യശീലുകളും പ്രഭാഷണങ്ങളും ഇന്നും ലോകം പഠിച്ചുകൊണ്ടിരിക്കുന്നു. ഖലീഫയായി അവരോധിതനായപ്പോഴും തുടര്‍ന്നും നടത്തിയ നിരവധി പ്രഭാഷണങ്ങള്‍ ഉണ്ട്. യുദ്ധങ്ങള്‍ സംഭവിച്ച കാലമായിരുന്നതിനാല്‍ അണികളെ യുദ്ധസജ്ജരാക്കാന്‍ അലി(റ) സന്ദര്‍ഭോജിതമായി പ്രഭാഷണങ്ങള്‍ നടത്തി.

ഖിലാഫത് ലഭിച്ചയുടനെ നടത്തിയ പ്രഭാഷണത്തില്‍ നന്‍മ, തിന്‍മകളെ വിശദീകരിച്ച ഖുര്‍ആന്‍ മുറുകെ പിടിക്കുവാനും, അല്ലാഹു നിരവധി കാര്യങ്ങളെ പവിത്രമാക്കിയെങ്കിലും അതിലേറ്റവും മഹത്വം മനുഷ്യന്റെ അഭിമാനത്തിനാണെന്നും, ജനങ്ങളുടെ കാര്യത്തില്‍ യാതൊരു വിട്ടു വീഴ്ചയും വരുത്തരുതെന്നും ഉണര്‍ത്തുകയുണ്ടായി. അദ്ദേഹം പറയുന്നു:''നേര്‍മാര്‍ഗം കാണിക്കുന്ന ഗ്രന്ഥം അല്ലാഹു ഇറക്കുകയും അതില്‍ നന്‍മ, തിന്‍മകളെ വ്യക്തമാക്കുകയും ചെയ്തു. നിങ്ങള്‍ നന്‍മകള്‍ സ്വീകരിക്കുകയും തിന്‍മകള്‍ വര്‍ജിക്കുകയും ചെയ്യുക. അല്ലാഹു നിങ്ങള്‍ക്ക് നിര്‍ബന്ധമാക്കിയ ബാധ്യതകള്‍ നിങ്ങള്‍ കൃത്യമായി ചെയ്തു തീര്‍ത്താല്‍ നിങ്ങളെ അവന്‍ സ്വര്‍ഗത്തിലേക്ക് നയിക്കും. ഏവര്‍ക്കുമറിയുന്ന പലകാര്യങ്ങളും അവന്‍ പവിത്രമാക്കി. അതില്‍ ഒരു മുസ്‌ലിമിന് ഏറെ പവിത്രത നല്‍കി. യഥാര്‍ത്ഥ മുസ്‌ലിം അവന്റെ നാവിന്റെയും കയ്യിന്റെയും വിപത്തില്‍ നിന്ന് മറ്റുള്ളവര്‍ രക്ഷപ്പെട്ടവരാണ് അവിഹിതമായി ആരെയും ബുദ്ധിമുട്ടിക്കാന്‍ പാടില്ല. നിങ്ങള്‍ അല്ലാഹുവിനെ വഴിപ്പെടുക, അവന് എതിര് പ്രവര്‍ത്തിക്കരുത്''.

മുആവിയ(റ)ന്റെ സൈന്യം തന്റെ സൈന്യത്തെ ശക്തമായി അക്രമിച്ച നേരത്ത് സൈനികരില്‍ ചിലര്‍ യുദ്ധമുഖത്ത് നിന്ന് പിന്തിരിയുന്ന സാഹചര്യത്തില്‍ അലി(റ) നടത്തിയ ആവേഷപ്രസംഗം(അല്‍ ഖുതുബതുല്‍ ഹമാസിയ്യ) സത്യമാര്‍ഗത്തില്‍ യുദ്ധം ചെയ്യുന്നതിന്റെ പ്രാധാന്യം വിഷദീകരിക്കുന്നതാണ്.

അലി(റ)ന്റെ പ്രസിദ്ധമായ മറ്റ് രണ്ട് പ്രഭാഷണങ്ങളാണ് ഇഖ്‌വാനീ അദ്ദാഹിബൂന്‍, ഇഖ്‌വാനീ അല്‍ഹാളിറൂന്‍. നബി(സ്വ)യുടെ അനുചരരും തന്റെ സതീര്‍ത്ഥ്യരുമായിരുന്ന സ്വഹാബികളുടെ മഹത്വം വിശദീകരിക്കുന്ന പ്രഭാഷമാണ് 'മുന്നേ ഗമിച്ച എന്റെ സഹോദരങ്ങള്‍'(ഇഖ്‌വാനീ അദ്ദാഹിബൂന്‍). സ്വഹാബീ പ്രമുഖരെ അധിക്ഷേപിക്കുന്ന ശിയാ വിഭാഗത്തിന് ഈ പ്രഭാഷണം ശക്തമായ താക്കീതാണ്. അദ്ദേഹം പറയുന്നു:''നബി(സ്വ)യുടെ അനുയായികളെ പോലെ ഒരു വിഭാഗത്തെയും ഞാന്‍ കണ്ടിട്ടില്ല. പകല്‍ സമയത്ത് പൊടി പുരണ്ട് മുടി ജഡകുത്തിയവരും രാത്രിയില്‍ സാഷ്ടാംഗം നമിച്ച് കഴിയുന്നവരുമാണ്.

പരലോകചിന്തയാല്‍ തീക്കനലില്‍ നില്‍ക്കുന്നവരെ പോലെയാണവര്‍. അല്ലാഹുവിന്റെ സ്മരണയാല്‍ മാറിടം നനയുന്ന വിധം കരയുന്നവരും, രക്ഷാ ശിക്ഷയില്‍ പേടിച്ച് കൊടുങ്കാറ്റില്‍ ആടിയുയലുന്ന മരങ്ങളെ പോലെ ആടുന്നവരുമാണവര്‍. ഇസ്‌ലാമിലേക്ക് ക്ഷണിക്കപ്പെട്ടപ്പോള്‍ സര്‍വാത്മനാ അത് സ്വീകരിക്കുകയും ഖുര്‍ആന്‍ ജീവിതത്തില്‍ പകര്‍ത്തുകയും പ്രതിരോധത്തിന് വേണ്ടി വാളുകള്‍ ഉറയില്‍ നിന്ന് ഊരിയവരും പ്രദേശങ്ങള്‍ ഒന്നിന് പിറകെ മറ്റൊന്നായി ഇസ്‌ലാമിന് കീഴ്‌പെടുത്തിയവരുമാണവര്‍. കരഞ്ഞു കരഞ്ഞു  കണ്ണ് രോഗം ബാധിച്ചവരും, നോമ്പെടുത്ത് വയറൊട്ടിയവരും, പ്രാര്‍ത്ഥനകളാല്‍ ചുണ്ട് വിറക്കുന്നവരും, ഉറക്കമൊഴിച്ച് ശരീരം മഞ്ഞ നിറമായവരുമായ ഇവരാണ് എന്റെ മുന്‍ഗാമികള്‍''. ഇവരുടെ നേര്‍ വിപരീത ഗുണങ്ങളാണ് ഇന്ന് തന്റെ കൂടെയുള്ളവര്‍കെന്ന ആശയമാണ് ഇഖ്‌വാനീ അല്‍ഹാളിറൂന്‍ എന്ന ഭാഷണത്തിലുള്ളത്.
അലി(റ)ലേക്ക് ചേര്‍ത്തപ്പെട്ട നിരവധി പ്രഭാഷണങ്ങള്‍ വിവിധ ഗ്രന്ഥങ്ങളില്‍ കാണാം. ഇവയുടെയെല്ലാം ആധികാരികത പിരിശോധിക്കണമെന്നാണ് പ്രമുഖ പണ്ഡിതരുടെയെല്ലാം നിഗമനം. അലി(റ)ന്റെ പ്രഭാഷണ സമാഹാരമായി അറിയപ്പെടുന്ന നഹ്ജുല്‍ബലാഗയില്‍ രേഖപ്പെടുത്തപ്പെട്ട മുഴുവന്‍ പ്രഭാഷണങ്ങളും അലി(റ)യുടേതല്ലെന്നാണ് പ്രമുഖാഭിപ്രായം. അലി(റ)ന്റെ നിലപാടിന് വിരുദ്ധമായ നിരവധി കാര്യങ്ങള്‍ അതിലുണ്ട് എന്നത് പ്രഥമ ദൃഷ്ട്യാ ഈ സംശയം ശക്തമാക്കുന്നു.

ഹിജ്‌റ 436ല്‍ അന്തരിച്ച ശരീഫുല്‍ മുര്‍തളയാണോ ഹി: 406ല്‍ അന്തരിച്ച ശരീഫുര്‍രിളയാണോ ഇതിന്റെ രചയിതാവെന്നതില്‍ പോലും അഭിപ്രായാന്തരമുണ്ടെന്നാണ് ശവ്ഖീളൈഫ് രേഖപ്പെടുത്തിയത്. ഇമാം ദഹബി തന്റെ മീസാനുല്‍ഇഅ്തിദാലിലും ഇബ്‌നുഹജരിനില്‍അസ്ഖലാനി(റ) ലിസാനുല്‍മീസാനിലും നഹ്ജുല്‍ബലാഗയിലെ പ്രഭാഷണങ്ങള്‍ മിക്കതും ശരീഫുല്‍മുര്‍തളാ കെട്ടിച്ചമച്ചതാണെന്നാണ് പറയുന്നത്.


ചുരുക്കത്തില്‍, ഇസ്‌ലാമിക സന്ദേശപ്രചരണത്തില്‍ സ്വഹാബികളുടെ പ്രഭാഷണങ്ങള്‍ക്ക് വലിയ സ്വാധീനമുണ്ടെന്നത് സുവ്യക്തമാണ്. ഈ മേഖലയിലെ നിരവധി സ്വഹാബികളുടെ നാമങ്ങള്‍ ചരിത്രത്തില്‍ നമുക്ക് കാണാമെങ്കിലും ഏറെ പ്രസിദ്ധരായവരുടെ നാമങ്ങളും പ്രഭാഷണങ്ങളും മാത്രമാണ് ഇവിടെ അനാവരണം ചെയ്യപ്പെട്ടിട്ടുള്ളത്.

അവലംബങ്ങള്‍

  1. സീറതുന്നബവിയ്യ- ഇബ്‌നുഹിശാം
  2. താരീഖുല്‍അദബില്‍അറബി- ശൗഖീളൈഫ്
  3. മീസാനുല്‍ഇഅ്തിദാല്‍- ദഹബി
  4. അല്‍ബിദായതുവന്നിഹായ. ഇബ്‌നുകസീര്‍
  5. സീറതുഅലിയ്യിബ്‌നിഅബീത്വാലിബ്- അലിമുഹമ്മദ്മുഹമ്മദ് സ്വല്ലാബി
  6. അല്‍ഖത്വാബ: ഉസ്വൂലുഹാ, താരീഖുഹാ- മുഹമ്മദ് അബൂസഹ്‌റ









Post a Comment

Previous Post Next Post