ഡോ. ഇസ്മാഈല്‍ ഹുദവി. ചെമ്മലശ്ശേരി.
ഭൂമിയില്‍ അല്ലാഹുവിന്റെ പ്രതിനിധി(ഖലീഫ)യായി ജീവിക്കുന്ന മനുഷ്യന്‍ കൃത്യമായ ലക്ഷ്യത്തോടെയാണ് സൃഷ്ടിക്കപ്പെട്ടത്. ഭൗതിക ലോകത്തെത്തി, സ്വന്തം കര്‍മ്മങ്ങള്‍ക്ക് ഉത്തരവാദിയാകുന്ന ഘട്ടത്തോടെയാണ്മനുഷ്യന്റെ യഥാര്‍ത്ഥ ജീവിതത്തിന്റെ ഗണനയാരംഭിക്കുന്നതെങ്കിലും, യഥാര്‍ത്ഥ ജീവിതത്തിനുള്ള മുന്നൊരുക്കങ്ങള്‍ അത് വരേക്കും അവന്‍ ആര്‍ജ്ജിച്ചെടുക്കേണ്ടതുണ്ട്.അല്ലാഹുവിന്റെ പ്രതിനിധിയാണെന്ന ബോധ്യത്തോടെ ജീവിക്കാനുള്ള ഉത്തമബോധ്യം.
ജീവിതത്തില്‍ ലഭിക്കുന്ന സുഖസൗകര്യങ്ങളുപയോഗപ്പെടുത്തി, ഭൗതികഭ്രമങ്ങളില്‍ സ്രഷ്ടാവിനെ മറക്കാതെ അത്യുത്തമനാകാന്‍ സാധ്യമാകുന്നുണ്ടോ എന്ന പരീക്ഷണമാണ് മനുഷ്യന്ജീവിതത്തില്‍ നേരിടാനുള്ളത്. ജീവിതവും മരണവും സംവിധാനിച്ചതിലൂടെ സ്രഷ്ടാവിന്റെ പ്രധാന ലക്ഷ്യവും അത് തന്നെ(അല്‍മുല്‍ക് 2). അല്ലാഹു കനിഞ്ഞേകിയ ഭൗതിക വിഭവങ്ങളിലൂടെ പാരത്രിക മോക്ഷമാണ് കാംക്ഷിക്കേണ്ടത്. ഐഹിക ജീവിതത്തിലെ വിഹിതം ഒരിക്കലും മറക്കാതെ, അല്ലാഹു നന്‍മ കനിഞ്ഞത് പോലെ ലോകര്‍ക്ക് നന്‍മ ചെയ്ത് ജീവിക്കാനാണ് മനുഷ്യന്‍ ശ്രമിക്കേണ്ടത്.
സൃഷ്ടികളില്‍ ആകാരസൗഷ്ഠവം, ബുദ്ധിശക്തി, വിവേചനശേഷി, അറിവ്, ചിന്ത, തുടങ്ങിയ പ്രത്യേകതകളൊക്കെ നല്‍കി മനുഷ്യനെ അല്ലാഹു ഉല്‍കൃഷ്ട ജീവിയായി സംവിധാനിച്ചു. ഇതെല്ലാം അല്ലാഹുവിനെ അറിഞ്ഞ് ആരാധിക്കുവാനാണ്. അല്ലാത്ത പക്ഷം താന്തോന്നിയായി ജീവിച്ചാല്‍ ഏറെഅധ:പ്പതിക്കുമെന്നത് നഗ്്‌ന സത്യമാണ്.അതു കൊണ്ടാണ് മനുഷ്യ ജീവിതത്തിന് ലക്ഷ്യമുണ്ടെന്ന് നാം മനസ്സിലാക്കുന്നത്.ഉന്നതനായാല്‍ മാലാഖയേക്കാള്‍ ഉയരുവാനും, അധപ്പതിച്ചാല്‍ മൃഗങ്ങളേക്കാള്‍ താഴുവാനും മനുഷ്യന് സാധിക്കും.
പ്രപഞ്ചവസ്തുക്കളെല്ലാം അല്ലാഹുവിന്റെ വിശുദ്ധി വാഴ്ത്തിക്കൊണ്ടിരിക്കുകയാണ്. എന്നാല്‍, നിശ്ചിതവും അനിശ്ചിതവുമായ കര്‍മ്മങ്ങള്‍ നിയമമാക്കിക്കൊടുത്ത് അത് വഴി അല്ലാഹുവിന്റെ സ്്മരണ നിലനിര്‍ത്തുവാനാണ് മനുഷ്യനോടുള്ള കല്‍പ്പന. ജിന്ന് വര്‍ഗ്ഗത്തേയും മനുഷ്യ വിഭാഗത്തേയും എന്നെ ആരാധിക്കുവാനല്ലാതെ ഞാന്‍ സൃഷ്ടിച്ചിട്ടില്ലെന്ന ഖുര്‍ആന്‍ വചനം ഇക്കാര്യം വ്യക്തമാക്കുന്നുണ്ട്. മനുഷ്യന്റെ അടക്കവും അനക്കവും ശ്വാസോച്ഛാസവും സ്രഷ്ടാവിന് വേണ്ടിയായിരിക്കണം. എന്റെ നിസ്‌കാരവും മറ്റു ആരാധനകളും, ജീവിതവും മരണവുമെല്ലാം ലോക രക്ഷിതാവിനാണെ ശപഥം കൊണ്ട് പ്രധാന കര്‍മ്മമായ നിസ്‌കാരം മനുഷ്യന്‍ ആരംഭിക്കുന്നത് പോലും അത് കൊണ്ടാണ്.ഭുവന വാനങ്ങളിലുള്ളവരും ചിറകുവിടര്‍ത്തിപ്പിടിച്ചു കൊണ്ട് പക്ഷികളും അല്ലാഹുവിന്റെ മഹത്വം പ്രകീര്‍ത്തിച്ചു കൊണ്ടിരിക്കുന്നത് താങ്കള്‍ കാണുന്നില്ലേ! എല്ലാവര്‍ക്കും അവരവരുടെ പ്രാര്‍ത്ഥനയും പ്രകീര്‍ത്തനവും നന്നായറിയാം. അവരുടെ പ്രവൃത്തികളെപ്പറ്റി ഉത്തമജ്ഞാനിയേ്രത അല്ലാഹു. ഭുവന വാനങ്ങളുടെ രാജാധിപത്യം അല്ലാഹുവിനാകുന്നു. അവങ്കലേക്കാണ് എല്ലാറ്റിന്റേയും മടക്കം എന്ന് ഖുര്‍ആന്‍ പ്രഖ്യാപിക്കുന്നുണ്ട്.(അന്നൂര്‍ 41,42).
മനുഷ്യന്റെ പ്രധാന ലക്ഷ്യം പാരത്രിക മോക്ഷവും സ്വര്‍ഗ്ഗത്തില്‍ വെച്ച് നാഥനെ കണ്ട്മുട്ടലുമാണ്. ആ ലക്ഷ്യത്തിലേക്കുള്ള യാത്രയിലെ പ്രധാന സങ്കേതമാണ് ഭൗതിക ജീവിതം. പരലോകത്തേക്കുള്ള കൃഷിയിടത്തില്‍ നന്‍മകളുടെ വിളവെടുത്ത് മനുഷ്യന്‍ ജീവിതം ധന്യമാക്കണം. നിശ്ചിത ആയുസ്സ് കഴിയുമ്പോള്‍ ഭൗതിക ജീവിതം അവസാനിക്കുകയും പാരത്രിക യാത്രയാരംഭിക്കുകയും ചെയ്യും. അറുപതും എഴുപതും വര്‍ഷങ്ങളാണ് ഏകദേശം ഈ സമുദായത്തിന്റെ പ്രായപരിധിയെന്ന് നബിവചനങ്ങളിലുണ്ട്. ആ കാലത്തിനിടക്ക് ആയിരവും അഞ്ഞൂറുമൊക്കെ ജീവിച്ചവര്‍ നേടിയ നന്‍മകളേക്കാള്‍ സുകൃതങ്ങള്‍ ചെയ്യാന്‍ നമുക്ക് അല്ലാഹു അവസരം നല്‍കുന്നുണ്ട്.
പിശാചും, ശരീരേച്ഛയും, ഭൗതികഭ്രമവുമൊക്കെ നന്‍മകളില്‍ നിന്ന് മനുഷ്യനെ തടയുകയും തിന്‍മകളിലേക്ക് വഴിനടത്തുകയും ചെയ്യുമ്പോള്‍, അതില്‍ നിന്നെല്ലാം രക്ഷപ്പെട്ട് നന്‍മയിലൂടെ സഞ്ചരിക്കുവാനാണ് മനുഷ്യന് സാധ്യമാവേണ്ടത്. ഈ കടമ്പകള്‍ തന്നെയാണ് ഭൗതിക ജീവിതത്തിലെ ഏറ്റവും വലിയ പ്രതിസന്ധികള്‍.
ദേഹവും ദേഹിയും ചേര്‍ന്നുള്ളതാണ് മനുഷ്യന്‍. ഭൗതിക ജീവിതത്തില്‍ ശരീരം നന്നാക്കുന്നതിലല്ല മനുഷ്യന്‍ ജാഗ്രത പുലര്‍ത്തേണ്ടത്; മറിച്ച് ആത്മശുദ്ധീകരണത്തിലാണ്. ആത്മീയ ഔന്നത്യമാണ് മനുഷ്യനെ അല്ലാഹുവിന്റെ സമീപസ്ഥനാക്കുന്നത്. അത് വഴിമാത്രമേ ജീവിത സമാധാനവും ലഭ്യമാവുകയുള്ളൂ. ഹൃദയം ശുദ്ധമായി വിശ്വാസിയായിക്കഴിയുന്നവര്‍ക്ക് ജീവിതം പൂര്‍ണ്ണമായും സംതൃപ്തമായിരിക്കും. സ്വുഹൈബ്്ബ്‌നുസിനാന്‍(റ) ഉദ്ധരിക്കുന്ന ഹദീസില്‍ നബി(സ്വ) പറയുന്നു: സത്യവിശ്വാസിയുടെ കാര്യമെല്ലാം ആശ്ചര്യജനകമാണ്. സത്യവിശ്വാസിക്ക് മാത്രമേ അത് സാധ്യമാവുകയുമുള്ളു. ജീവിതത്തില്‍ സന്തോഷമുണ്ടാകുമ്പോള്‍ അല്ലാഹുവിന് ശുക്‌റ് ചെയ്യുന്ന വിശ്വാസിക്ക് അത് നന്‍മയാണ്. ബുദ്ധിമുട്ടുകളുണ്ടാകുമ്പോള്‍ ക്ഷമിക്കുന്നു. അപ്പോള്‍ അതും നന്‍മയാണ്(മുസ്്‌ലിം).സ്രഷ്ടാവില്‍ വലയം പ്രാപിക്കുന്ന മനുഷ്യന് മാത്രമേ ഇത് സാധ്യമാവുകയുള്ളൂ.
വിശ്വാസിയും അവിശ്വാസിയും ഈശ്വരവിശ്വാസിയും നിരീശ്വരവാദിയുമൊക്കെ അംഗീകരിക്കുന്ന യാഥാര്‍ത്ഥ്യമാണ് മരണം. അനുഭവിച്ചവരൊന്നും തിരികെ വരാത്തത് കൊണ്ട് അനുഭവജ്ഞാനം കേള്‍ക്കാന്‍ നമുക്ക് സാധ്യമല്ല. എങ്കിലും ഇലാഹീസന്ദേശങ്ങളിലൂടെ സംസാരിച്ച തിരുനബി(സ്വ) പറഞ്ഞ് തന്ന യാഥാര്‍ത്ഥ്യങ്ങള്‍ ഇവ്വിശയത്തിലും നമുക്ക് അവലംബമാണ്.
ആത്മാവ് ശരീരത്തില്‍ നിന്ന് വേര്‍പിരിയലോടെ ഭൗതികജീവിതം അവസാനിക്കുകയും പാരത്രിക യാത്ര തുടങ്ങുകയുമായി. ഒന്നുമില്ലായ്മയില്‍ നിന്ന് തുടങ്ങിയ ജീവിതം മരണത്തോടെ പൂര്‍ണ്ണമായി അവസാനിക്കുകയല്ല, ശാശ്വതമായ ജീവിതത്തിന് തുടക്കമാവുകയാണ്. ഭൗതികജീവിതം പരീക്ഷ എഴുതാന്‍ നിശ്ചിതസമയം ഒരു ഹാളില്‍ പ്രവേശിക്കുന്നത് പോലെയാണ്. സമയത്തിനുള്ളില്‍ ശരിയുത്തരങ്ങള്‍ എഴുതി മുഴുവന്‍ മാര്‍ക്ക് നേടുവാനാണ് പരീക്ഷാര്‍ത്ഥി ശ്രമിക്കേണ്ടത്. അത് പോലെ എങ്ങനെ ജീവിക്കണമെന്ന് സത്യദൂതര്‍ മുഖേന അറിവ് ലഭിച്ച മനുഷ്യന്‍ സത് വൃത്തനായി ജീവിതം നയിക്കണം. സമയമാകുമ്പോള്‍ പരീക്ഷ അവസാനിക്കുന്ന ബെല്ല് മുഴങ്ങും, പേപ്പര്‍ പരിശോധനയില്‍ ശരിയുത്തരങ്ങള്‍ക്ക് മാര്‍ക്ക് ലഭിക്കും. എഴുതാത്തതിനും, തെറ്റിയ ഉത്തരങ്ങള്‍ക്കും മാര്‍ക്ക് ലഭിക്കില്ല. അവധിയെത്തിയാല്‍ മനുഷ്യന്‍ മരിച്ച് പോകും. വിചാരണക്ക് ശേഷം നന്‍മകള്‍ക്ക്പ്രതിഫലവും, തിന്‍മകള്‍ക്ക് ശിക്ഷയും അവന് നല്‍കപ്പെടും.
മണ്ണില്‍ നിന്ന് ജന്‍മം കൊണ്ട് മണ്ണിലേക്ക് തന്നെ മടങ്ങുന്ന മനുഷ്യന്‍ ഖബര്‍ വാസത്തിലൂടെ പരലോക ജീവിതം ആരംഭിക്കുകയും, ഭൗതികജീവിതത്തിന്റെ ഫലങ്ങള്‍ അനുഭവിച്ചു തുടങ്ങുകയും ചെയ്യും. മരണത്തോടെ എല്ലാം അവസാനിക്കുക എന്നത് നീതീകരിക്കാനാവില്ലല്ലോ. അക്രമവും അനീതിയും കാണിച്ച് ജീവിച്ചവര്‍ക്ക് ശിക്ഷയും അക്രമത്തിന് വിധേയരായവര്‍ക്ക് നീതിയും ലഭ്യമാകേണ്ടതുണ്ട്. . ഏത് ജീവിത സാഹചര്യത്തിലും അല്ലാഹുവിനെ ഓര്‍ത്ത് ജീവിതം നയിച്ചവര്‍ക്ക് നന്‍മകള്‍ക്ക് നല്ല പ്രതിഫലം ലഭിക്കേണ്ടതുമുണ്ട്.
മരണശേഷം ശരീരം മണ്ണിനോട് ചേര്‍ന്നാലും മനുഷ്യാത്മാവ് സു:ഖ ദു:ഖങ്ങളനുഭവിക്കുന്നതാണ്. ആത്മാവിന്റെ സാന്നിധ്യമാണ് ശരീരത്തിന് പോലും ജീവന്‍ നല്‍കിക്കൊണ്ടിരിക്കുന്നത്. മരണശേഷം നല്ല ആത്മാക്കള്‍ ഇല്ലിയ്യീനിലും, ചീത്ത മനുഷ്യരുടെ ആത്മാക്കള്‍ സിജ്ജീനിലേക്കുമാണ് ചേക്കേറുന്നത്. ഖബറില്‍ മാലാഖമാര്‍ വന്ന് ചോദ്യം ചോദിക്കുകയും പ്രതികരണത്തിനനുസരിച്ച് ഖബറിലെ അനുഭവങ്ങള്‍ മനുഷ്യര്‍ക്ക് വ്യത്യസ്ഥമാവുകയും ചെയ്യും. അടുത്തടുത്ത് കിടക്കുന്ന മനുഷ്യര്‍ക്ക് സ്വപ്്‌നാനുഭവങ്ങള്‍ വ്യത്യസ്ഥപ്പെടുമെന്ന് മനസ്സിലാകുന്നവര്‍ക്ക് അടുത്തടുത്ത ഖബറുകളിലെ മനുഷ്യര്‍ക്ക് അനുഭവങ്ങള്‍ വ്യത്യസ്ഥമാകുമെന്ന് മനസ്സിലാകാന്‍ കൂടുതല്‍ ചിന്തിക്കേണ്ടതില്ല.ഖബറിലെ അനുഭവങ്ങള്‍ ശരീരവും ആത്മാവും ഒന്നിച്ചനുഭവിക്കുന്നു എന്ന് തന്നെയാണ് അഹ്്‌ലുസ്സുന്നയുടെ വിശ്വാസം. അത് കൊണ്ട് തന്നെ ഒരു വ്യക്തിയുടെ മരണത്തിന് ശേഷം അദ്ദേഹത്തിന്റെ ആത്മാവ് മറ്റൊരാളിലേക്കും അതിന് ശേഷം മറ്റൊരാളിലേക്കും നീങ്ങിപ്പോവുമെന്ന വിശ്വാസം മൗഢ്യമാണെന്ന് ബോധ്യമാവും.
മരിച്ച് ഖബറടക്കപ്പെടാന്‍ സൗകര്യമാവാത്ത വിധം കത്തിക്കരിയുകയോ, മുങ്ങിപ്പോവുകയോ ചെയ്താലും ഖബറിലെ ചോദ്യവും അനുബന്ധ ശിക്ഷാരക്ഷകളും ഇല്ലാതെയാവില്ല. ഇല്ലായ്മയില്‍ നിന്ന് ജന്‍മം നല്‍കുന്നവന് ജീവന്‍ നഷ്ടപ്പെട്ട ശേഷം വീണ്ടും ജന്‍മം നല്‍കുവാനും പരലോകജീവിതത്തിലെ നടപടിക്രമങ്ങള്‍ക്ക് വിധേയരാക്കുവാനും സാധ്യമാണെന്ന് നിസ്സംശയം വ്യക്തമാണല്ലോ.
പ്രപഞ്ചത്തിന്റെ ആയുസ്സ് തീരുമ്പോഴാണ് ലോകാവസാനം നടക്കുന്നത്. ഏതൊരു വസ്തുവും പൂര്‍ണ്ണവളര്‍ച്ചയില്‍ എത്തിക്കഴിഞ്ഞാല്‍ തകര്‍ന്നടിയുമെന്നതൊരു യാഥാര്‍ത്ഥ്യമാണ്.ലോകം അവസാനിക്കുന്നതിന് മുമ്പ് സംഭവിക്കുന്ന നിരവധി അടയാളങ്ങള്‍ തിരുനബി(സ്വ) ലോകത്തെ അറിയിക്കുകയും, അവയില്‍ ചെറുതും വലുതുമായ പല അടയാളങ്ങളും ലോകത്ത് സംഭവിച്ചിട്ടുമുണ്ട്. ചിലതൊക്കെ നടക്കാനിരിക്കുകയാണ്.അന്ത്യനാളില്‍ സൃഷ്ടികളെല്ലാം നശിക്കുകയും സ്രഷ്ടാവ് മാത്രം അവശേഷിക്കുകയും ചെയ്യും.പിന്നീട് അവന്റെ തീരുമാനപ്രകാരം ജീവികള്‍ക്ക് പുനര്‍ജന്‍മം നല്‍കപ്പെടുകയും ചെയ്യും. ശേഷം മനുഷ്യേതര ജീവികളുടെ വിചാരണ നടക്കും. മനുഷ്യനെപ്പോലെ വിവേകബുദ്ധി നല്‍കപ്പെടാത്ത ആ ജീവികളില്‍ അനീതിക്ക് വിധേയരായവര്‍ക്ക് കൃത്യമായി നീതി ലഭിച്ചു എന്ന് ഉറപ്പ് വരുന്ന വിധം പ്രതികാരനടപടികള്‍ കഴിഞ്ഞാല്‍ നിങ്ങള്‍ മണ്ണാവുക എന്ന ഇലാഹീ കല്‍പ്പനയോടെ അവരെല്ലാം മണ്ണായിത്തീരും.
പ്രപഞ്ച നാഥന്‍ ലോകം മുഴുവന്‍ സൃഷ്ടിച്ച് സംരക്ഷിക്കുന്നത് മനുഷ്യന് വേണ്ടിയാണ്. അല്ലാഹുവിന്റെ കല്‍പ്പനകള്‍ മുഴുവനും പ്രായപൂര്‍ത്തിയും ബുദ്ധിയും വിവേകവുമുള്ള മനുഷ്യനോട് മാത്രവുമാണ്. അപ്പോള്‍ അവനെല്ലാത്തവര്‍ക്കൊന്നും പരലോകത്ത് പ്രത്യേക പരിഗണന നല്‍കപ്പെടേണ്ടതില്ല. അല്ലാഹു തന്നെ പറയുന്നു: നിങ്ങളെങ്ങനെ അല്ലാഹുവിനെ നിഷേധിക്കും?. നിര്‍ജീവാവസ്ഥയിലായിരുന്നതില്‍ പിന്നെ നിങ്ങളെയവന്‍ ജീവിപ്പിച്ചു. ഇനിയും മരിപ്പിക്കുകയും ശേഷം ജീവിപ്പിക്കുകയും ചെയ്യുന്നു. അവനിലേക്ക് തന്നെ നിങ്ങളിനി മടക്കപ്പെടും. ഭൂമിയിലുള്ളതൊക്കെയും നിങ്ങള്‍ക്കായി സൃഷ്ടിച്ചതവനാണ്. ഏഴാകാശങ്ങളായി ഉപരിലോകത്തെ സംവിധാനിച്ചതും അവന്‍ തന്നെ. സര്‍വ്വകാര്യജ്ഞനത്രെ അവന്‍(അല്‍ബഖറ 28,29)
ബുദ്ധിയും വിവേകവും ചിന്താശേഷിയും, ജീവിതഭരണഘടനയും നല്‍കപ്പെട്ട മനുഷ്യന്‍ പ്രത്യേകം വിചാരണക്ക് വിധേയമാകുന്നതാണ്. മനുഷ്യര്‍ക്കിടയിലെ ഇടപാടുകളും സ്രഷ്ടാവുമായുള്ള ബാധ്യതകളും വിചാരണവിധേയമാകും. ഓരോ വ്യക്തിക്കും ലഭിച്ച ജീവിതാനുഗ്രഹങ്ങളെ കുറിച്ചും അതിന് നന്ദി രേഖപ്പെടുത്തിയതിനെ സംബന്ധിച്ചും വിശദമായി വിസ്തരിക്കപ്പെടും.
നീതിയോടെയും സത്യസന്ധതയോടെയും ജീവിച്ചവരെ അനന്തമായ സ്വര്‍ഗ്ഗീയജീവിതമാണ് കാത്ത് നില്‍ക്കുന്നത്. കയ്യൂക്കും, അക്രമവും കാണിച്ചവരും, അനീതിയോടെ വര്‍ത്തിക്കുകയും ചെയ്തവര്‍ക്ക് കണിശമായ വിചാരണയാണ് നേരിടേണ്ടി വരിക. വിചാരണ പൂര്‍ത്തിയായാല്‍ നന്‍മകള്‍ അധികരിച്ചവരെ സ്വര്‍ഗ്ഗത്തിലേക്കും തിന്‍മകള്‍ അധികമായവരെ നരകത്തിലേക്കും പ്രവേശിപ്പിക്കും. സത്യവിശ്വാസിയായി മരണപ്പെട്ട് നരകത്തില്‍ കടന്നവര്‍ക്ക് ശിക്ഷാകാലാവധി തീര്‍ന്ന് കഴിഞ്ഞാല്‍ അവരെയും സ്വര്‍ഗ്ഗത്തിലേക്ക് പ്രവേശിപ്പിക്കുന്നതാണ്. തൗഹീദ് മനസ്സില്‍ കൊണ്ട് നടന്ന ഒരു വ്യക്തിയും നരകത്തില്‍ ശാശ്വതനായിരിക്കില്ല.
സൃഷ്ടികളുടെ ഭൗതിക ജീവിതത്തിലെ നന്‍മതിന്‍മകള്‍ പരലോകത്ത് വിചാരണ ചെയ്യപ്പെടുമ്പോള്‍ ഭൗതികജീവിതത്തിലെ കോടതിവിസ്താരങ്ങള്‍ പോലെ ഓരോ കര്‍മ്മത്തിനും സാക്ഷികളെ വിസ്തരിക്കും. സര്‍വ്വാധികാരിയായ അല്ലാഹുവിന് അതിന്റെ ആവശ്യമൊന്നുമില്ലെങ്കിലും തന്റെ നീതിബോധം സൃഷ്ടികളെക്കൂടി ബോധ്യപ്പെടുത്താനാണത്. ആ സാക്ഷികള്‍ മനുഷ്യനുമായി ബന്ധപ്പെട്ടവയും കൂറ് മാറാത്തവരുമായിരിക്കും. മനുഷ്യ ശരീരഭാഗങ്ങളും അവന്‍ അധിവസിച്ച ഭൂമിയും അവന്‍ ചിലവഴിച്ച ദിനരാത്രങ്ങളുമെല്ലാം ആ സാക്ഷികളുടെ കൂട്ടത്തിലുണ്ടാകും.
സമ്പൂര്‍ണ്ണവിചാരണക്ക് ശേഷം, വിശ്വാസികളില്‍ നിന്ന് ശിക്ഷയനുഭവിക്കേണ്ടവരുടെ ശിക്ഷയും കഴിഞ്ഞ് അവരും സ്വര്‍ഗ്ഗത്തിലെത്തിക്കഴിഞ്ഞാല്‍ മരണത്തെ ഒരു മൃഗരൂപത്തില്‍ കൊണ്ട് വന്ന് അറുത്ത് കളയുകയും, സ്വര്‍ഗ്ഗനരകങ്ങളിലുള്ളവര്‍ മരണമില്ലാത്ത ശാശ്വതജീവിതം നയിക്കാന്‍ തുടങ്ങുകയും ചെയ്യും. സ്വര്‍ഗ്ഗസ്ഥര്‍ സ്രഷ്ടാവിനെക്കണ്ട് സന്തോഷിക്കുകയും ആഗ്രഹിക്കുന്നതെല്ലാം കിട്ടി ജീവിക്കുകയും ചെയ്യുമ്പോള്‍, നരകത്തിലുള്ളവര്‍ വേദനാജനകമായ ശിക്ഷകള്‍ അനുഭവിച്ച് ജീവിതം തള്ളിനീക്കുകയായിരിക്കും. ജീവിതവും മരണവും ജനങ്ങളിലെ അത്യുത്തമരെ തിരഞ്ഞെടുക്കാനുള്ള പരീക്ഷണമായിരുന്നുവെന്ന ഇലാഹീ വചനം ഇതോടെ പുലരുകയാണ്. ഏകനായ സ്രഷ്ടാവില്‍ വിശ്വസിച്ച് അവന്റെ കല്‍പ്പനകള്‍ ശിരസാവഹിച്ച്, അടക്കാനക്കങ്ങളെല്ലാം അല്ലാഹുവിന്റെ സ്മരണയിലായി ചിലവഴിക്കുമ്പോഴാണ് ആ പരീക്ഷണത്തില്‍ സമ്പൂര്‍ണ്ണമായി വിജയിക്കുവാന്‍ സാധ്യമാവുകയുള്ളു.
അല്ലാഹു പറയുന്നു: വേദക്കാരിലും ബഹുദൈവവിശ്വാസികളിലും നിന്നുള്ള നിഷേധികള്‍ നരകത്തില്‍ ശാശ്വതവാസികള്‍ തന്നെ. സൃഷ്ടികളില്‍ വിനാശകാരികളത്രെ അവര്‍. സത്യവിശ്വാസം വരിക്കുകയും സല്‍കര്‍മ്മങ്ങളനുഷ്ടിക്കുകയും ചെയതവര്‍ തന്നെയാണ് സൃഷ്ടികളില്‍ ശ്രേഷ്ഠര്‍. തങ്ങളുടെ രക്ഷിതാവിങ്കല്‍ അവര്‍ക്കുള്ള പ്രതിഫലം അടിയിലൂടെ ആറുകളൊഴുകുന്ന സ്വര്‍ഗീയ ഉദ്യാനങ്ങളാണ്. അല്ലാഹു അവരെക്കുറിച്ചും അവര്‍ അല്ലാഹുവിനെക്കുറിച്ചും സംതൃപ്തരാകുന്നു. തന്റെ നാഥനെ ഭയപ്പെട്ടവര്‍ക്കുള്ളതാണിത്(അല്‍ബയ്യിന 6-8).
മനുഷ്യ ജീവിതത്തിന്റെ നീണ്ട യാത്രയുടെ പരിസമാപ്തിയാണ് സ്വര്‍ഗ്ഗനരകങ്ങളില്‍ അവസാനിക്കുന്നത്. ആത്മാവിന്റെ ലോകത്ത് നിന്ന് (ആലമുല്‍അര്‍വാഹില്‍) ഗര്‍ഭലോകത്തേക്കും(ആലമുല്‍അര്‍ഹാം) ശേഷം ഭൗതിക ലോകത്തേക്കും(ആലമുദ്ദുന്‍യാ) പിന്നീട് പരലോകത്തേക്കും(ആലമുല്‍ബര്‍സഖ്)യാത്ര ചെയ്ത്, മഹ്്ശറിലെ വിചാരണക്ക് ശേഷമാണ് സ്വര്‍ഗ്ഗത്തിലോ, നരകത്തിലോ എത്തി ഈ യാത്ര അനന്തമായ ജീവിതമായി അവസാനിക്കുന്നത്. എല്ലാം അല്ലാഹുവിന്റെ ഇംഗിതത്തോടെയും കൃത്യമായ പ്ലാനിംഗോടു കൂടിയുമാണ് നടക്കുന്നത്. ഈ യാത്രയില്‍ മുഴുവന്‍ മനുഷ്യന്‍ അല്ലാഹുവിന്റെ തീരുമാനങ്ങള്‍ക്ക് മാത്രം വിധേയനാവുന്ന ഒരു സാഹചര്യമാണുള്ളത്. ഉടമയായ സ്രഷ്ടാവിന്റെ വിധികള്‍ക്ക് കീഴടങ്ങുന്ന അടിമ.ആ അടിമത്വം മനുഷ്യന് ഉന്നതമായ ഔന്നത്വമാണ്. എല്ലാം നല്‍കിയ റബ്ബിന് മുന്നിലുള്ള സമ്പൂര്‍ണ്ണമായ വിധേയത്വം. ആ സ്രഷ്ടാവ് എന്റെ അടിമകളേ എന്ന് സംബോധന ചെയ്യുമ്പോള്‍ അതില്‍ താനും പെടുന്നുവല്ലോ എന്നോര്‍ത്ത് ആനന്ദം കൊണ്ടവരും മനുഷ്യരിലുണ്ട്.
Post a Comment