ഡോ. ഇസ്മാഈല്‍ ഹുദവി. ചെമ്മലശ്ശേരി


പള്ളികള്‍ അല്ലാഹുവിന്റെ ഭവനങ്ങളും മുസ്‌ലിമിന്റെ മത സാംസ്‌കാരിക കേന്ദ്രങ്ങളുമാണ്. ഇലാഹീ ചിന്തയും ആരാധനയും പ്രധാന ലക്ഷ്യമായി ജീവിക്കുന്ന മുസ്‌ലിമിനെ സംബന്ധിച്ച് പള്ളികള്‍ ജീവിതത്തിലെ അവിഭാജ്യഘടകമാണ്. കാരണം, വിശുദ്ധഖുര്‍ആനില്‍ അല്ലാഹുവിനെ പരിചയപ്പെടുത്തുന്ന, പ്രകാശത്തോട് ഉപമിക്കുന്ന സൂക്തത്തിന് ശേഷം (നൂര്‍ 35) ആ പ്രകാശത്തിന്റെ സാന്നിധ്യം 'ഉയര്‍ത്തപ്പെടാനും തന്റെ നാമം അനുസ്മരിക്കപ്പെടാനും അല്ലാഹു അനുമതി നല്‍കിയ ചില ഗേഹങ്ങളിലാണ്' എന്ന് വ്യക്തമാക്കിയിട്ടുണ്ട്.  ആ പള്ളിയില്‍ എപ്പോഴും കച്ചവടങ്ങളും ക്രയവിക്രയങ്ങളും ഇലാഹീ സ്മരണയില്‍ നിന്നും ആരാധനകളില്‍ നിന്നും അശ്രദ്ധരാക്കാത്ത, പ്രഭാത-പ്രദോശ വ്യത്യാസമില്ലാതെ എപ്പോഴും  ഇലാഹീ സ്മരണയില്‍ മുഴുകിയിരിക്കുന്ന മുസ്‌ലിം വിശ്വാസികളുണ്ടാകും. 

ഭൂമിയില്‍ ആദ്യമായി മനുഷ്യര്‍ക്ക് വേണ്ടി നിര്‍മ്മിതമായ ഭവനം മക്കയിലെ കഅ്ബാലയമാണ്. അനുഗ്രഹീതവും ലോകര്‍ക്ക് മാര്‍ഗ്ഗദര്‍ശകവുമാണ് ആ ആരാധനാലയം. മഖാമുഇബ്രാഹീമടക്കം സ്പഷ്ടമായ നിരവധി ദൃഷ്ടാന്തങ്ങളുണ്ടവിടെ. അവിടെ പ്രവേശിക്കുന്നവര്‍ മുഴുവനും നിര്‍ഭയരാണ്. ലോകത്തുള്ള സര്‍വ്വ പള്ളികളുടേയും കേന്ദ്രമായ കഅ്ബാലയത്തിന്റെ അവസ്ഥയാണിത്. അവിടെ പ്രവേശിക്കുന്നവര്‍ മുഴുവനും നിര്‍ഭയരാണ്. ലോകത്തെ മുസ്‌ലിം പള്ളികളെല്ലാം അപ്രകാരം തന്നെയാണ്. 

മുസ്‌ലിംകള്‍ തിങ്ങിത്താമസിക്കുന്ന ഇടങ്ങളിലെല്ലാം പള്ളികളുണ്ടായിരിക്കും. മുഹമ്മദ് നബി(സ്വ)യുടെ കാലം മുതല്‍ ഇങ്ങോട്ട് ഇസ്‌ലാമിക രാജ്യങ്ങള്‍ വിസ്തൃതമായ ചരിത്രം പരിശോധിക്കുമ്പോള്‍ ഇസ്‌ലാമിലെ പള്ളികളുടെ പ്രാധാന്യവും മുസ്‌ലിംകള്‍ക്ക് ആ പള്ളികളുമായുള്ള ബന്ധവും ബോധ്യമാവും.

53ആം വയസ്സില്‍ മദീനയിലേക്ക് പലായനം ചെയ്ത് അവിടെ എത്തിയ ഉടനെ ആദ്യമായി ഒരു പള്ളിയുടെ നിര്‍മ്മാണത്തിനാണ് നബി(സ്വ)നടപടികളാരംഭിച്ചത്. മസ്ജിദ് ഖുബാഅ് എന്ന് ചരിത്രത്തില്‍ അറിയപ്പെടുന്ന ഈ ഗേഹമാണ് മദീനയില്‍ ആദ്യമായി നിര്‍മ്മിതമായത്.  ഈ ഭവനത്തില്‍ നിര്‍വ്വഹിക്കപ്പെടുന്ന നിസ്‌കാരങ്ങള്‍ക്ക് ഉംറയുടെ പ്രതിഫലമുണ്ടെന്നാണ് തിരുവചനങ്ങളിലുള്ളത്(തിര്‍മുദി).

മദീനയിലെ പ്രബോധനം സജീവമാവുകയും കൂടുതല്‍ ആളുകള്‍ ഇസ്‌ലാം സ്വീകരിക്കുകയും ചെയ്ത സാഹചര്യത്തിലാണ് മസ്ജിദുന്നബവി(പ്രവചാകപള്ളി) നിര്‍മ്മിതമാവുന്നത്. മസ്ജിദുഖുബാഇല്‍ നിന്ന് 3.5 കി.മീ അകലെയാണിത്. മുഹമ്മദ് നബി(സ്വ)തന്നെയാണ് ഇതിന്റെ നിര്‍മ്മാണത്തിനും നേതൃത്വം നല്‍കിയത്. അസ്അദ്ബ്‌നുസുറാറ(റ)യുടെ സംരക്ഷണത്തില്‍ കഴിഞ്ഞിരുന്ന സഹ്‌ല്, സുഹൈല്‍ എന്നീ അനാഥരുടെ ഉടമസ്ഥതയില്‍ നിന്ന് പത്ത് ദീനാറിന് വാങ്ങിയ സ്ഥലത്ത് ഹിജ്‌റയുടെ ഒന്നാമാണ്ടില്‍ രണ്ട് മാസം കൊണ്ടാണിതിന്റെ പണി പൂര്‍ത്തീകരിച്ചത്. ഈ പള്ളിയാണ് പിന്നീട് ഇസ്‌ലാമിന്റെ ആസ്ഥാനകേന്ദ്രമായി മാറിയത്. തഖ്‌വയില്‍ അസ്ഥിവാരമിട്ട പള്ളിയെന്ന് ഖുര്‍ആനില്‍ പരാമൃഷ്ഠമായത് ഈ രണ്ട് പള്ളികളുമാണ് എന്ന് വ്യത്യസ്ഥാഭിപ്രായങ്ങള്‍ കാണാം.

പള്ളിയില്‍ വരുന്ന വിശ്വസികള്‍ക്കിടയില്‍ മാനസികൈക്യം സൃഷ്ടിച്ചെടുത്താണ് നബി(സ്വ) പ്രബോധനത്തിന് ആക്കം കൂട്ടിയത്. ഐക്യം നിലനില്‍ക്കുന്ന സമൂഹത്തില്‍ സാമൂഹിക ഭദ്രതയുണ്ടാവുകയും അത് വഴി നേട്ടങ്ങള്‍ നിരവധി കൈവരിക്കാനാവുമെന്നും ഇസ്‌ലാം പഠിപ്പിക്കുന്നുണ്ട്. 

മുസ്‌ലിംകളുടെ ആരാധനാലയമെന്നതിന് പുറമെ അക്കാലത്ത് ഭരണകൂടകേന്ദ്രവും സംസ്‌കാരിക മന്ദിരവും വിജ്ഞാന ആലയവും കോടതിയുമെല്ലാം പള്ളി തന്നെയായിരുന്നു. ഇസ്‌ലാമിലെ മതവിധികള്‍ അനുയായികള്‍ക്ക് പഠിപ്പിച്ചു കൊടുത്തതും നിയമങ്ങള്‍ നടപ്പിലാക്കിയിരുന്നതും സൈനികരെ നിയോഗിച്ചിരുന്നതും വിവിധ രാജ്യപ്രതിനിധികളെ സ്വീകരിച്ചിരുന്നതും പാവപ്പെട്ടവരെ സഹായിച്ചിരുന്നതും യുദ്ധഫണ്ട് കണ്ടെത്തിയിരുന്നതും സകാത് ശേഖരിച്ചിരുന്നതും വിതരണം ചെയ്തിരുന്നതുമെല്ലാം പള്ളി കേന്ദ്രീകരിച്ചായിരുന്നു. ഇന്നും മദീനാ പള്ളിയില്‍ കാണുന്ന വ്യത്യസ്ഥ നാമങ്ങളിലുള്ള തൂണുകള്‍ ഇക്കാര്യം നമുക്ക് പറഞ്ഞു തരും. ഉസ്ത്വുവാനതുത്തൗബയും, ഉസ്ത്വുവാനതുവുഫൂദുമൊക്കെ ചില ഉദാഹരണങ്ങള്‍ മാത്രം.

നബി(സ്വ)യുടെ ശേഷം ഖുലഫാഉര്‍റാശിദുകളുടെ കാലത്തും കാര്യങ്ങള്‍ വ്യത്യസ്ഥമായിരുന്നില്ല. കാര്യങ്ങളെല്ലാം പള്ളി കേന്ദമാക്കി മുന്നോട്ട് പോയി. ഇസ്‌ലാമിക സാമ്രാജ്യം കൂടുതല്‍ വിസ്തൃതമായ ഉമര്‍(റ)വിന്റെ കാലത്ത് ഇസ്‌ലാമിന് കീഴ്‌പ്പെട്ടിരുന്ന ഓരോ പ്രദേശത്തും ആദ്യം പള്ളികള്‍ നിര്‍മ്മിക്കാന്‍ നിര്‍ദേശം നല്‍കുകുയം ആ പള്ളി കേന്ദ്രമാക്കി കാര്യങ്ങള്‍ നിയന്ത്രിക്കുവാനും പ്രത്യേകം ഓര്‍ഡര്‍ കൊടുത്തു. 

ഖലീഫാ ഉമര്‍(റ) ബസ്വറയില്‍ തന്റെ ഗവര്‍ണറായിരുന്ന അബൂമൂസല്‍അശ്അരി(റ)ക്കും, കൂഫയിലെ ഗവര്‍ണറായിരുന്ന സഅ്ദ്ബ്‌നുഅബീവഖാസ്(റ)നും, ഈജിപ്ത് ഗവര്‍ണറായിരുന്ന അംറുബ്‌നുല്‍ആസ്വ്(റ)നുമെല്ലാം ഇപ്രകാരം കത്തെഴുതി. 'പ്രദേശത്ത് ഒരു മസ്ജിദുല്‍ജാമിഉം, വ്യത്യസ്ഥ ഭാഗങ്ങളില്‍ മസ്ജിദുല്‍ഖര്‍യയും നിര്‍മ്മിക്കണമെന്നും ഓരോ ഗ്രാമവാസികളും സാധാരണ നിസ്‌കാരങ്ങള്‍ക്ക് ഗ്രാമത്തിലെ പള്ളിയില്‍ പങ്കെടുത്താലും വെള്ളിയാഴ്ച എല്ലാവരും പ്രധാനപള്ളിയില്‍ ഒരുമിച്ചു കൂടണമെന്നും നിര്‍ദേശം നല്‍കാനാവശ്യപ്പെടുകുയം ചെയ്തു'. ഈ ഒരു സാഹചര്യം അവര്‍ക്കിടയില്‍ ഐക്യബോധം സൃഷ്ടിക്കുകയും കാര്യങ്ങള്‍ പരസ്പരം ചര്‍ച്ച ചെയ്യുവാന്‍ അവസരങ്ങള്‍ സൃഷ്ടിക്കപ്പെടുകയുമുണ്ടായി.

പള്ളികള്‍; ജ്ഞാന കൈമാറ്റകേന്ദ്രങ്ങള്‍


ജ്ഞാനമാണ് സമൂഹത്തിന്റെ ഉത്ബുദ്ധതയുടെ പ്രധാന ഘടകം. മുസ്‌ലിം സമൂഹം ഉത്ബുദ്ധരാകുവാനും മതമൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്നവരാകുവാനും ജ്ഞാന പ്രസരണത്തിന് ഏറെ മഹത്വം കല്‍പിച്ച മതമാണ് വിശുദ്ധ ഇസ്‌ലാം. മസ്ജിദുന്നബവി കേന്ദ്രീകരിച്ച് മുത്ത്‌നബി(സ്വ)നടത്തിയ ജ്ഞാനകൈമാറ്റപ്രിക്രിയ മുസ്‌ലിം ലോകം ഏറ്റെടുത്തു. ഓരോ നാട്ടിലേയും പള്ളികളില്‍ ആരാധനാ കര്‍മ്മങ്ങള്‍ക്ക് പുറമെ ഉന്നത ശീര്‍ഷരായ പണ്ഡിതരുടെ നേതൃത്വത്തില്‍ മതവിജ്ഞാന ക്ലാസുകള്‍ സജീവമായി.

മുസ്‌ലിം രാജ്യങ്ങളില്‍ നിര്‍മ്മിതമായ പള്ളികളില്‍ പലതും പിന്നീട് സുപ്രസിദ്ധ ഇസ്‌ലാമിക് സര്‍വ്വകലാശാലകളായി മാറിയിട്ടുണ്ട്. ഈജിപ്തിലെ ജാമിഉഅംറിബ്‌നില്‍ആസ്വ്   അടക്കം എല്ലാ പള്ളികളിലും മതവിജ്ഞാനദര്‍സുകള്‍ നടന്നിരുന്നു വെന്ന് ചരിത്രം സാക്ഷ്യപ്പെടുത്തുന്നുണ്ട്. ഖാളീഇയാള്(റ) പറയുന്നു 'ഞാന്‍ സന്ദര്‍ശനം നടത്തിയപ്പോള്‍ ഈ പള്ളിയില്‍ ഇരുപതോളം വിജ്ഞാന സദസ്സുകള്‍ എനിക്ക് കാണാന്‍ കഴിഞ്ഞു'.

ഹിജ്‌റ നൂറ്റിമുപ്പത്തിമൂന്നില്‍ ഫുസ്താത്വ് പട്ടണത്തിന്റെ വടക്കു ഭാഗത്തു ഇറാഖില്‍ നിന്ന് സൈന്യവുമായി വന്ന അബ്ദുല്ലാഹിബ്‌നു അലിയ്യി ബ്‌നി അബ്ദില്ലാഹി ബ്‌നി അബ്ബാസ് തമ്പടിക്കുകയും വീടുകള്‍ നിര്‍മിച്ചു താമസിക്കുകയും അവിടം ജാമിഉല്‍ അസ്‌കര്‍  എന്ന പേരില്‍ അറിയപ്പടുകയുംചൈതു. അവരവിടെ നിര്‍മിച്ച പള്ളിയാണ് ഈജിപ്തിലെ രണ്ടാമത്തെ ജുമുഅത്ത് പള്ളിയെന്നു ഇമാം സുയൂഥി(റ) തന്റെ 'ഹുസ്‌നുല്‍ മുഹാളറ'യില്‍ ഉദ്ധരിക്കുന്നു. അതിനു ശേഷം ഈജിപ്തില്‍ നിരവധി പള്ളികള്‍ സ്ഥാപിക്കപ്പെടുകയുണ്ടായി. ചരിത്രകാരനായ മഖ്‌രീസി 360-കള്‍ക്ക് ശേഷം ഈജിപ്തില്‍ സ്ഥാപിതമായ പള്ളികളെക്കുറിച്ച് പ്രതിപാദിക്കുന്നുണ്ട്. ഇമാംസുയൂഥി(റ) തന്റെ ഹുസ്‌നുല്‍ മുഹാളറയില്‍ ഈജിപ്തിലെ പള്ളികളെക്കുറിച്ച് സവിസ്തരം വിശദീകരിച്ച് അവസാനിപ്പിക്കുന്നതിപ്രകാരമാണ്. ''ഇപ്പോള്‍ ഈജിപ്തിന്റെയും കൈറോയുടെയും മണ്ണില്‍ ഇരുന്നൂറിലധികം പള്ളികളെങ്കിലും ഉണ്ടാകും''.

ഹിജ്‌റ 245ല്‍ മൊറോക്കോയിലെ ഫാസ് നഗരത്തില്‍ ഉമ്മുല്‍ബനീന്‍ ഫാത്വിമ ബിന്‍തു മുഹമ്മദില്‍ഫഹ്‌രി അല്‍ഖൈഅറുവാനി നിര്‍മ്മിച്ച പള്ളിയായ ജാമിഉല്‍ഖറവ്വിയ്യീനിനോട് ചേര്‍ന്ന് നിലവില്‍ വന്ന ജാമിഅതുല്‍ഖറവയ്യീന്‍ അണ് ആദ്യത്തെ യൂണിവേഴ്‌സിറ്റി. ഖൈറുവാന്‍ നഗരം സ്ഥാപിച്ച ഉഖ്ബതുബ്‌നുനാഫിഅ്(റ)ന്റെ സന്താനപരമ്പരയില്‍ വളര്‍ന്ന ഫാത്വിമ തന്റെ സമ്പത്ത് ഏത് വിധം നല്ലമാര്‍ഗ്ഗത്തില്‍ ചിലവഴിക്കാം എന്നാലോചിക്കുമ്പോഴാണ് ഒരു പള്ളി നിര്‍മ്മിക്കാം എന്ന് തീരുമാനത്തിലെത്തിയത്. സംശുദ്ധ ജീവിതം നയിച്ചിരുന്ന ആ മഹതി അതിന്റെ നിര്‍മ്മാണമാരംഭിച്ചത് മുതല്‍ പൂര്‍ത്തിയാവുന്നത് വരെ നോമ്പെടുക്കാന്‍ നേര്‍ച്ച നേരുകയും വ്രതമനുഷ്ഠിക്കുകയും ചെയ്തു എന്ന് ചരിത്രം പറയുന്നുണ്ട്.

ഫാത്തിമീ ഭരണാധികാരി അല്‍ മുഇസ്സു ലി ദീനില്ലാഹിയുടെ സേനാനായകനായിരുന്ന ജൗഹറുസ്സിഖ്‌ലി, അല്‍ഖാഹിറ പട്ടണം നിര്‍മിച്ചതിനു ശേഷം സുന്നീ വിശ്വാസാദര്‍ശങ്ങള്‍ക്കനുസരിച്ച് ജീവിക്കുന്ന തദ്ദേശീയരുമായി പ്രശ്‌നങ്ങളുണ്ടാവാതെ തങ്ങളുടെ ശിയ വിശ്വാസാചാരങ്ങള്‍ നിര്‍വഹിക്കുന്നതിന് കൈറോയില്‍ ഒരു പള്ളി നിര്‍മിക്കാന്‍ തീരുമാനിച്ചു. ഹിജ്‌റ. 359 (971 ക്രി.) റമളാന്‍ 14-നു ഇതിന്റെ നിര്‍മാണ പ്രവര്‍ത്തനം തുടങ്ങി. ഏകദേശം രണ്ട് വര്‍ഷങ്ങള്‍ക്ക് ശേഷം ഹിജ്‌റ 361-ല്‍ റമളാന്‍ 7-നു നമസ്‌കാരം തുടങ്ങി. ഇതാണ് പിന്നീട് ലോകത്തിലെ ഏറ്റവും  പുരാതനവും പ്രശസ്തവുമായ അല്‍ അസ്ഹര്‍ യൂണിവേഴ്‌സിറ്റിയായി മാറിയത്. 

നബി(സ്വ)യുടെ കാലത്ത് തന്നെ ഇസ്‌ലാം എത്തിയ കേരളത്തിലെ കാര്യവും വ്യത്യസ്ഥമായിരുന്നില്ല. മാലിക്ബ്‌നുദീനാറും സംഘവും കേരളത്തിലെത്തി പതിനേഴ് പള്ളികള് നിര്മ്മിക്കുകയും ഓരോ പള്ളിയിലും ഖാളിമാരെ നിശ്ചയിക്കുകയും ചെയ്തു. മാലിക്ബ്‌നുദീനാറിന്‌റെ ആ കാലഘട്ടത്തിന് ശേഷം പതിനാലാം നൂറ്റാണ്ടില് മഖ്ദൂമുകളുടെ വരവോട് കൂടിയാണ് പൊന്നാനി കേരളത്തിലെ ശ്രദ്ധാ കേന്ദ്രമായി മാറിയത്. 

സാമൂഹിക രാഷ്ട്രീയ കേന്ദ്രം


നബി(സ്വ)യുടെ കാലത്തും ശേഷം ഖുലഫാഉകളുടെ കാലത്തും മുസ്‌ലിം സമൂഹത്തിന്റെ സാമൂഹിക, രാഷ്ട്രീയ കാര്യങ്ങളെല്ലാം നിയന്ത്രിക്കപ്പെട്ടിരുന്നതും പള്ളികള്‍ കേന്ദ്രീകരിച്ചു തന്നെയായിരുന്നു. ഖിലാഫത്തില്‍ നിന്ന് രാജാധികാരത്തിലേക്ക് ഭരണരീതി മാറിയ ഘട്ടം മുതല്‍ ഈ സംവിധാനത്തിന് ചെറുതായി മാറ്റങ്ങള്‍ സംഭവിച്ചു തുടങ്ങി. പള്ളികള്‍ ആരാധനാ കേന്ദ്രങ്ങളായും ജ്ഞാനശാലകളായും ചുരുങ്ങുകയും മറ്റു സാമൂഹിക, രാഷ്ട്രീയ കാര്യങ്ങള്‍ രാജദര്‍ബാറുകളില്‍ കേന്ദ്രീകരിക്കപ്പെടുകയും ചെയ്തു. എന്നാല്‍ ഉത്തമനൂറ്റാണ്ടില്‍ തന്നെ ഇസ്‌ലാമിന്റെ സന്ദേശം സ്വീകരിച്ച മലബാര്‍ പ്രദേശങ്ങള്‍ ഇന്നും ഏകദേശം ആ രീതിയില്‍ തന്നെയാണ് നീങ്ങിക്കൊണ്ടിരിക്കുന്നത്.

കേരളത്തില്‍ നിലനില്‍ക്കുന്ന മുസ്‌ലിം മഹല്ല് സംവിധാനങ്ങള്‍ തന്നെ പള്ളികള്‍ കേന്ദ്രീകരിച്ച് നിലവില്‍ വന്നതാണ്. ഒരു പള്ളിയോട് ചേര്‍ന്നു ജീവിക്കുന്ന കുടുംബങ്ങള്‍ അഞ്ച് നേരത്തെ നമസ്‌കാരത്തിന് പള്ളിയില്‍ എത്തുന്നതിലുപരി അവരുടെ ദൈനംദിന, സാമൂഹിക, കുടുംബ കാര്യങ്ങളില്‍ തീര്‍പ്പ് കല്‍പിക്കാന്‍ ആ പള്ളിയിലെ ഖാളിയെ അവര്‍ സമീപിക്കുന്നു. 

ഒരു മുസ്‌ലിം കുടുംബം രൂപപ്പെടുന്നതിന്റെ പ്രഥമ പടിയാണല്ലോ നികാഹ്. ആ നികാഹ് മുതല്‍ പിന്നീട് ആ കുടുംബത്തിലെ ഓരോ അംഗവും മരിച്ച് മറമാടപ്പെടുന്നത് വരെയുള്ള കാര്യങ്ങള്‍ മുഴുവനും പള്ളിയുമായി ബന്ധപ്പെട്ടാണ് നടക്കുന്നത്. കുടുംബ തര്‍ക്കങ്ങളും, സ്വത്ത് തര്‍ക്കങ്ങളും എല്ലാം തീര്‍ക്കുന്നത് പള്ളിയിലെ ഖാളിയോ പള്ളിക്കമ്മിറ്റിയോ മറ്റോ ആയിരിക്കും. നാട്ടിലുടലെടുക്കുന്ന ഏതൊരു പ്രശ്‌നവും ചെന്ന് പറയാനുള്ള കേന്ദ്രമായി അവര്‍ പള്ളികളെ കണ്ടത് കൊണ്ട് തന്നെയാണ് ''അത് പള്ളീ പോയി പറഞ്ഞാല്‍ മതി'' എന്നൊരു ചൊല്ല് പണ്ട് മുതലേ ഇവിടങ്ങളില്‍ പ്രചുരപ്രചാരം നേടിവന്നത്.

ചുരുക്കത്തില്‍, ഒരു മുസ്‌ലിം വിശ്വാസിയെ സംബന്ധിച്ചെടത്തോളം പള്ളി കേവലം നിസ്‌കാരകേന്ദ്രം മാത്രമല്ല. മറിച്ച് അവന്റെ ഏകദൈവ വിശ്വാസത്തിലൂന്നിയ പല ആരാധനകളുടേയും ഇടവും, വൈയക്തിക സാമൂഹിക പ്രശ്‌ന പരിഹാര സഭയും മതവിജ്ഞാന കേന്ദ്രവുമെല്ലാമാണ്. പള്ളിക്ക് വേണ്ടി വഖ്ഫ് ചെയ്യപ്പെട്ട സ്ഥലം പൂര്‍ണ്ണമായി അല്ലാഹുവിന് സമര്‍പ്പിക്കപ്പെടുന്നതും പിന്നീട് ഒരിക്കലും മനുഷ്യ ഉടമസ്ഥതയിലേക്ക് തിരിച്ചു വരാത്തതുമാണ്. ഇന്ത്യയിലെ മുസ്‌ലിമിനും ഈ മതനിയമങ്ങള്‍ക്കനുസരിച്ച് ജീവിക്കുവാനുള്ള സ്വാതന്ത്ര്യം ഇന്ത്യന്‍ഭരണഘടന വകവെച്ച് തരുന്നുണ്ട്. ആരും അതില്‍ വെള്ളം ചേര്‍ക്കേണ്ടതില്ല. 

1 Comments

Post a Comment

Previous Post Next Post