ഡോ. ഇസ്മാഈല്‍ ഹുദവി. ചെമ്മലശ്ശേരി.

കേരളത്തില്‍ വിവിധ രാജകുടുംബങ്ങള്‍ ഭരണം നടത്തിയിട്ടുണ്ടെങ്കിലും അതിലെ ഏക മുസ്‌ലിം രാജകുടുംബമാണ് അറക്കല്‍രാജവംശം. സ്വതന്ത്രമായ അധികാരവും ഭരണവുമുള്ള, നാണയം അടിക്കുവാനും, വെണ്‍കൊറ്റക്കുട ചൂടാനുള്ള അവകാശവും, ഉടമ്പടികളില്‍ ഒപ്പുവെക്കാനും മറ്റു രാജസ്ഥാനങ്ങളുമായി സന്ധിയും കരാറും സ്വതന്ത്രമായി നിര്‍വ്വഹിക്കാനുള്ള അധികാരവുമുള്ള സ്വരൂപമായിരുന്നു അറക്കല്‍ രാജവംശം.

ഇവരുടെ ഉത്ഭവത്തെകുറിച്ചും, അവരുടെ സ്ഥാനപ്പേരിന്റെ ഉറവിടത്തെ സംബന്ധിച്ചും നിരവധി കഥകള്‍(ഐതിഹ്യങ്ങള്‍) രേഖകളില്‍ കാണാവുന്നതാണ്. പതിനഞ്ചാം നൂറ്റാണ്ടിന്റെ അന്ത്യത്തില്‍ പോര്‍ച്ചുഗീസുകാര്‍ കേരളത്തിലെത്തുമ്പോള്‍ ഇവിടത്തെ കടല്‍ വാണിജ്യത്തിലും കണ്ണൂരിന്റെ പ്രാദേശിക ഭരണത്തിലും ഉണ്ടായിരുന്നത് മുസ്‌ലിം കുടുംബമായിരുന്നു എന്ന് കാണാം. പോര്‍ച്ചുഗീസ് രേഖകളുപയോഗപ്പെടുത്തി പോര്‍ച്ചുഗീസ് വിപുലീകരണത്തിന് നേരെ കണ്ണൂരിന്റെ പ്രതികരണം 1507-1528 എന്ന കൃതിയില്‍ ജനിവീവ്ബുഷോന്‍ കേരളത്തിലെ മുസ്‌ലിം വാണിജ്യത്തെകുറിച്ചും, അതില്‍ മമ്മാലിമാരുടെ പങ്കും വിശദീകരിച്ചിട്ടുണ്ട്. ഈ മമ്മാലിമാരുടെ തുടര്‍ച്ചയാണ് ആലിരാജാവെന്നും അതില്‍ പ്രതിപാദിച്ചതായി കാണാം.

രാജകുടുംബത്തിന്റെ ഉത്ഭവത്തെ കുറിച്ച കഥകളില്‍ ഒന്ന് ചേരമാന്‍ പെരുമാളുമായി ബന്ധപ്പെട്ടതാണ്. മക്കയില്‍ നിന്ന് മടങ്ങുമ്പോള്‍ വഴിയില്‍ വെച്ച് മരിച്ച പെരുമാളിന്റെ സഹചരര്‍ തിരിച്ചു വന്ന് മരണവിവരം അറിയിച്ചപ്പോള്‍ അദ്ദേഹത്തിന്റെ സഹോദരി ശ്രീദേവി മുസ്‌ലിമാവുകയും, അവരുടെ മകന്‍ മഹാബലി ഇസ്‌ലാം സ്വീകരിച്ച് മുഹമമ്മദലി എന്ന പേര് സ്വീകരിച്ച് ധര്‍മ്മപട്ടണം ആസ്ഥാനമാക്കി അറക്കല്‍ രാജവംശത്തിന് അടിത്തറ പാകുകയും ചെയ്തു. ശ്രീദവിക്ക് ധര്‍മ്മപട്ടണത്തുണ്ടായിരുന്ന തറവാടിന്റെ പേരായിരുന്ന അരശ്ശര്‍കുളങ്കര എന്നത് ലോപിച്ച് അറക്കല്‍ ആയി മാറിയതാണെന്നും കാണാം.

കേരളോല്‍പ്പത്തി എന്ന ഗ്രന്ഥം സൂചിപ്പിക്കുന്നത് പ്രകാരം അവസാനത്തെ ചേരമാന്‍ പെരുമാള്‍ വേളാപുരം (ആര്യാപുരം) എന്ന സ്ഥലത്ത് നിന്നും ഒരു ജോനകനേയും(മാപ്പിള) സ്ത്രീയേയും കണ്ണൂരിലേക്ക് വിളിച്ച് അദ്ദേഹത്തിന് ആലിരാജാവ് എന്ന ബിരുദം നല്‍കി എന്നാണ് ഐതിഹ്യം.

മറ്റൊരു കഥ കോലത്തിരി കുടുംബവുമായി ബന്ധപ്പെട്ടതാണ്. പല രൂപത്തിലും അത് രേഖപ്പെടുത്തപ്പെട്ടിട്ടുണ്ട്. ചിറയ്കല്‍ കുടുംബത്തിലെ ഒരു കന്യക കുളിച്ചുകൊണ്ടിരിക്കെ കയത്തില്‍ പെടുകയും രാജാവിന്റെ നാവികപ്പോരാളിയായിരുന്ന ഒരു മുസ്‌ലിം അവരെ രക്ഷിക്കുകയും ചെയ്തു. തന്റെ ജീവന്‍ രക്ഷിച്ച അന്യജാതിക്കാരന് തന്നെ വിവാഹം ചെയ്തു കൊടുക്കണമെന്ന് അവര്‍ ആവശ്യപ്പെടുകയും അപ്രകാരം വിവാഹിതരായ പ്രസ്തുത ദമ്പതികള്‍ക്ക് ചിറക്കല്‍ രാജാവ് ദാനമായി കുറേ ഭൂമി ചാര്‍ത്തിക്കൊടുത്തുവെന്നുമാണ് കഥ.

ആലി രാജാക്കന്‍മാരെന്നും, ആദിരാജാക്കന്‍മാരെന്നും ആഴി രാജാക്കന്‍മാരെന്നും അറക്കല്‍ രാജാക്കന്‍മാരെന്നുമെല്ലാം ഇവര്‍ അറിയപ്പെടുന്നുണ്ട്. കേരളത്തിലെ ആദ്യ മുസ്‌ലിം ഭരണാധികാരിയെന്ന നിലയില്‍ ആദിരാജാ എന്നും, കടലുകളുടെ അധികാരി എന്ന അര്‍ത്ഥത്തില്‍ ആഴിരാജാ എന്നും, കുലീന രാജാവ് എന്ന അര്‍ത്ഥത്തില്‍ ആലി രാജാ എന്നും ഉപയോഗിക്കപ്പെട്ടു എന്ന് അഭിപ്രായപ്പെട്ടവരുണ്ട്. അധികാരത്തിലെത്തുന്ന സ്ത്രീകള്‍ ആദിരാജാബീബി എന്നാണ് വിളിക്കപ്പെട്ടിരുന്നത്. 1907 മുതല്‍ ബ്രിട്ടീഷ് ഗവണ്‍മെന്റ് ഭരണാധികാരികള്‍ക്ക് -സ്ത്രീ പുരുഷ ഭേദമന്യേ- സുല്‍ത്താന്‍ എന്ന് വിളിപ്പേരും നല്‍കി.

അറക്കല്‍ രാജവംശത്തില്‍ ഭരണം നടത്തിയ ചിലരുടെ പേരും ഭരണകാലവും രേഖകളില്‍ ഇങ്ങനെ കാണാം 

1. മുഹമ്മദ് അലി ആദിരാജ
2. ഹുസൈന്‍ അലി ആദിരാജ
3. അലിമൂസ ആദിരാജ
4. കുഞ്ഞിമൂസ ആദിരാജ(359-380, 1184-1205)
5. ആലിബപ്പന്‍ ആദിരാജ (380-459, 1205-1284)
6. ഈസാ അബൂബകര്‍ ആദിരാജ(459-540, 1284-1365)
7. മുഹമ്മദ് അലി ആദിരാജ (540-627, 1365-1452)
8. അബൂബകര്‍ അലി ആദിരാജ(627-720, 1452-1545)
9. ആലി ആദിരാജ(720-766, 1545-1591)
10. അബൂബകര്‍ ആദിരാജ(766-782, 1591-1607)
11. അബൂബകര്‍ ആദിരാജ (782-785, 1607-1610)
12. മുഹമ്മദലി ആദിരാജ (785-822, 1610-1647)
13. മുഹമ്മദലി ആദിരാജ (822-830, 1647-1655)
14. കമാല്‍ ആദിരാജ(830-831, 1655-1656)
15. മുഹമ്മദാലി ആദിരാജ (831-866, 1656-1691)
16. ആലി ആദിരാജ (866-879, 1691-1704)
17. കുഞ്ഞിഹംസ ആദിരാജ(879-895, 1704-1720)
18. മുഹമ്മദലി ആദിരാജ(895-903, 1720-1728)
19. ഹമ്പിക്രി കടവൂബി ആദിരാജ(903- 907, 1728-1732)
20. ജനുമാബി ആദിരാജബീബി(907-920, 1732-1745)
21. കുഞ്ഞിഹംസ ആദിരാജ(920-952, 1745-1777)
22. ജുനുമാബി ആദിരാജാബി(952-994, 1777-1819)
23. മറിയംബീ ആദിരാജാബി (994-1013, 1819-1838)
24. ഐഷാബി ആദിരാജാബി (1013-1037, 1838-1862)
25. അബ്ദുറഹിമാന്‍ ആലി ആദിരാജ(1037-1045, 1862-1870)
26. മൂസ അലിആദിരാജ(1045-1074, 1870-1899)
27. മുഹമ്മദ് അലി ആദിരാജ(1074-1082, 1899-1907)
28. സുല്‍ത്താന്‍ ഇമ്പിച്ചിബീബി ആദിരാജ(1082-1086, 1907-1911)
29. സുല്‍ത്താന്‍ അഹ്‌മദ് അലി ആദിരാജ(1086-1096, 1911-1921)
30. സുല്‍ത്താന്‍ ആയിശബീബി ആദിരാജ(1096-1106, 1921-1931)
31. സുല്‍ത്താന്‍ അബ്ദുറഹിമാന്‍ അലി ആദിരാജ(1106-1121, 1931-1946)
32. സുല്‍ത്താന്‍ മറിയുമ്മബീബി ആദിരാജ(1121-1132, 1946-1957)
33. സുല്‍ത്താന്‍ ആണിനാ ബീബി ആദിരാജ(1132, 1957)
34. സുല്‍ത്താന്‍ ഹംസ അലി ആദിരാജ.... 1957 മുതല്‍....

ഭരണപരമായി ഏറെ പരിഷ്‌കാരങ്ങളും പുരോഗതികളും കൊണ്ട് വന്നവരായിരുന്നു അറക്കല്‍ രാജവംശം. ധര്‍മ്മപട്ടണത്ത് നിന്ന് കണ്ണൂരിലേക്ക് മാറിത്തമസിച്ച അവര്‍ കണ്ണൂരില്‍ കോട്ടക്കൊത്തളങ്ങള്‍ പണിയുകയും പള്ളികളും മറ്റു കേന്ദ്രങ്ങളും സ്ഥാപിക്കുകയും കണ്ണൂരിനെ പ്രമുഖ തുറമുഖമായി ഉയര്‍ത്തിക്കൊണ്ടു വരികയും ചെയ്തു. ഈജിപ്ത്, അറേബ്യ, തുടങ്ങിയ വിദേശ നാടുകളുമായുള്ള വാണിജ്യബന്ധത്തിലൂടെയാണ് കണ്ണൂരിന്റെ അഭിവൃദ്ധി വര്‍ദ്ധിക്കാന്‍ തുടങ്ങിയത്. അതോടൊപ്പം മലബാറിന്റെ വിവിധ ഭാഗങ്ങളിലെ ഉന്നതരായ ബിസിനുസ്സുകാരെ കണ്ണൂരിലേക്ക് ആകര്‍ഷിക്കുവാനും അവര്‍ക്ക് സാധ്യമായി.

മലബാറിലെ മുസ്‌ലിംകള്‍ അക്കാലത്ത് തങ്ങളുടെ ശക്തിദുര്‍ഗമായി കണ്ടിരുന്നത് അറക്കല്‍ രാജകുടുംബത്തെയാണ്. ഖാസിമാരെയും മുഅദ്ദിനുമാരെയും നിയമിക്കുന്നതും അവര്‍ക്ക് ശമ്പളം നല്‍കുന്നതും, സാധാരണക്കാരുടെ പ്രശ്‌ന പരിഹാര കേന്ദ്രമായി വര്‍ത്തിച്ചിരുന്നതും കണ്ണൂര്‍ സ്വരൂപമാണ്. മാ്രവുമല്ല വിവിധ നാടുകളില്‍ പണികഴിക്കപ്പെട്ടിരുന്ന പള്ളി, മതസ്ഥാപനങ്ങള്‍ക്കെല്ലാം വലിയ സാമ്പത്തിക സഹായങ്ങളും രാജകുടുംബത്തില്‍ നിന്ന് നല്‍കപ്പെട്ടിരുന്നു. സ്ത്രീകളും പുരുഷന്‍മാരും അധികാരം കയ്യാളുകയെന്ന അപൂര്‍വ്വത നിലനിന്ന ഈ രാജകുടുംബം ഹിജ്‌റ 129ലും 163ലും സ്വന്തമായി നാണയമടിച്ചുവെന്നതും ഏറ്റവും വലിയ പ്രത്യേകതയായി കാണാം. ആലിരാജാപണം, കണ്ണൂര്‍പണം എന്നായിരുന്നു ഇവയറിയപ്പെട്ടിരുന്നത്.

മരുമക്കത്തായ ദായക്രമം പുലര്‍ത്തിപ്പോന്നിരുന്ന കുടുംബമായതിനാല്‍ തറവാട്ടിലെ ഏറ്റവും പ്രായം ചെന്ന വ്യക്തി ലിംഗഭേദമന്യേ ഭരണത്തലപ്പത്ത് അവരോധിക്കപ്പെട്ടു. ജുനൂമ്മബീവി, മര്‍യുമ്മബീവി, ആഇശബീവി, സൈനബ ആയിശാബി എന്നിവരെല്ലാം ഈ ഗണത്തില്‍ വന്നവരാണ്. ആംഗ്ലോ-മൈസൂര്‍ യുദ്ധകാലത്ത് സുല്‍ത്താന്‍ ജുനുമ്മബീബിയാണ് ഭരണത്തിലുണ്ടായിരുന്നത്. പ്രഥമ ഖുര്‍ആന്‍ പരിഭാഷ എഴുതിയ മായിന്‍കുട്ടി എളയ അറയ്ക്കല്‍ മര്‍യം ബീവിയുടെ മകളെയാണ് വിവാഹം ചെയ്തത്. ഹിജ്‌റ 1303ല്‍ മരണപ്പെട്ട അദ്ദേഹം മറവെട്ട് കിടക്കുന്നതും രാജകുടുംബത്തിന്റെ ഖബര്‍സ്ഥാനിയിലാണ്.

പോര്‍ച്ചുഗീസുകാരോടും, ഡച്ചുകാരോടും, ഇംഗ്ലീഷുകാരോടുമെല്ലാം പലപ്പോഴായി പലവിധ സംഘട്ടനങ്ങളില്‍ ഏറ്റുമുട്ടേണ്ടി വന്നവരാണ് അറക്കല്‍ രാജകുടുംബം. 1504ല്‍ സാമൂതിരിയുമായുള്ള പോരാട്ടത്തില്‍ പോര്‍ച്ചുഗീസുകാര്‍ കോലത്തിരിയുടെ സഹായമര്‍ത്ഥിക്കുകയും കണ്ണൂരില്‍ ഒരു കോട്ട പണിയുവാന്‍ സമ്മതം നേടുകയും ചെയ്തു. അറക്കല്‍ കുടുംബത്തിന് നേരെ ചൂണ്ടിയ പടവാളായിരുന്നു ഈ കോട്ട നിര്‍മ്മാണം. കോട്ട സ്ഥാപിതമായതോടെ അറബിക്കടലില്‍ യാത്ര ചെയ്യുന്ന കപ്പലുകള്‍ നിശ്ചിത ഫീസടച്ച്, പോര്‍ച്ചുഗീസ് ക്യാപ്റ്റന്റെ അനുവാദപ്പത്രം (കര്‍ത്താസുകള്‍) സ്വീകരിക്കണമെന്ന നിര്‍ദേശം നടപ്പിലാക്കി. കപ്പുലകള്‍ എങ്ങോട്ടാണെന്നും, കപ്പലിലെ ചരിക്കുകള്‍ ഏതെല്ലാമെന്നും രേഖപ്പെടുത്തി നല്‍കിയാലേ ഈ സമ്മതം നല്‍കപ്പെടുമായിരുന്നുള്ളൂ. കര്‍ത്താസുകള്‍ ഇല്ലാത്ത കപ്പലുകള്‍ അവര്‍ പിടിച്ചെടുക്കുകയും ചെയ്തു. ഈ പശ്ചാതലത്തിലാണ് അറബിക്കടലിന്റെ സ്വാതന്ത്ര്യത്തിന് വേണ്ടി നിരന്തര പോരാട്ടങ്ങള്‍ തുടങ്ങിയതും തുടര്‍ന്നതും. കുഞ്ഞാലിമരക്കാന്‍മാരോടൊപ്പം ആലിരാജാക്കന്‍മാരും ഇതില്‍ സജീവമായി.

പോര്‍ച്ചുഗീസുകാരെ തുടര്‍ന്ന് മലബാറിലെത്തി ഡച്ചുകാര്‍ 1663ല്‍ കണ്ണൂര്‍ കോട്ട പിടിച്ചടക്കി. തുടക്കത്തില്‍ ഡച്ചുകാരുമായി സൗഹൃദ ബന്ധമാരംഭിച്ച് ചില വാണിജ്യകരാറുകളില്‍ ഒപ്പ് വെച്ചെങ്കിലും ഡച്ചുകാരുടെ ഗൂഢലക്ഷ്യങ്ങള്‍ക്കു മുന്നില്‍ എല്ലാം തകരുകയായിരുന്നു. പിന്നീട് നടന്ന പല വാണിജ്യകരാറുകളിലും അറക്കല്‍ രാജവംശത്തിന്റെ വാണിജ്യകുത്തക തകര്‍ക്കുകയെന്ന ഡച്ചുകുതന്ത്രം വളരെ വ്യക്തമായിരുന്നു. 1665ല്‍ ഇരു കൂട്ടരും തമ്മിലുള്ള വിരോധം വര്‍ധിച്ചു വരികയും തുറന്ന സംഘട്ടനത്തില്‍ കലാശിക്കുകയും ചെയ്തു. 1669ല്‍ വളപട്ടണം പുഴയുടെ കരയില്‍ കോട്ടക്കുന്ന് എന്ന സ്ഥലത്ത് ഇംഗ്ലീഷുകാര്‍ ഫാക്ടറി തുറന്നു. തുടക്കത്തിലെല്ലാം സൗഹൃദ പരമായിരുന്നുവെങ്കിലും പിന്നീട് ഇരുവര്‍ക്കിടയിലും പല പോരാട്ടങ്ങളും നടന്നു.

പറങ്കികളുമായുള്ള പോരാട്ടത്തില്‍ പലപ്പോഴും അറക്കല്‍ രാജവംശത്തെ കോലത്തിരി രാജാക്കന്‍മാര്‍ സഹായിച്ചിട്ടുണ്ട്. എങ്കിലും അറക്കല്‍രാജവംശത്തിന്റെ വളര്‍ച്ചയില്‍ അവര്‍ക്ക് വലിയ അസൂയയുണ്ടായി. അത് പിന്നീട് അവര്‍ക്കിടയിലെ യുദ്ധങ്ങള്‍ക്ക് കാരണമായതായി ചരിത്രത്തില്‍ കാണാം. നാവിക വീരനായിരുന്ന വലിയ ഹസനെ കോലത്തിരിയുടെ പട്ടാളക്കാര്‍ പറങ്കികള്‍ക്ക് ഏല്‍പിച്ചു കൊടുത്തതിന്റെ ഫലമായി ഉണ്ടായിരുന്ന സൗഹൃദം കൂടി തകര്‍ന്നു. വലിയ ഹസനെ അവര്‍ കൊലപ്പെടുത്തിയതിനെ തുടര്‍ന്ന ഏറ്റുമുട്ടലുകള്‍ പലപ്പോഴായി നടന്നു.

അക്കാലത്ത് ഭരണം നടത്തിയിരുന്ന ഹിന്ദു ഭരണകൂടങ്ങള്‍ക്ക് തങ്ങളുടെ ജാതിനിയമമനുസരിച്ച് സമുദ്രസഞ്ചാരം നിഷിദ്ധമായിരുന്നു. അതിനാല്‍ അവരില്‍ ആര്‍ക്കും നാവികസേനയുണ്ടായിരുന്നില്ല. പക്ഷെ, അറക്കല്‍ രാജവംശം തങ്ങളുടെ നാവികസേനാ ബലത്തില്‍ ലക്ഷദ്വീപും മാലീദ്വീപുമെല്ലാം പല കാലങ്ങളിലായി അധീനതയിലാക്കി. മിനിക്കോയ് ദ്വീപിനെ ലക്ഷദ്വീപില്‍ നിന്ന് വേര്‍തിരിക്കുന്ന കടലിടുക്കിനെ പോര്‍ച്ചുഗീസ് രേഖകളില്‍ വിശേഷിപ്പിക്കുന്നത് മമ്മാലി ചാനല്‍ എന്നാണ്. ദ്വീപുകളില്‍ അറക്കല്‍രാജകുടുംബത്തിനുള്ള മേല്‍ക്കോയ്മ സൂചിപ്പിക്കാന്‍ ഇതില്‍പരം മറ്റു തെളിവുകളുടെ ആവശ്യമില്ല.

കോലത്തിരി രാജാക്കന്‍മാരോടുള്ള അടങ്ങാത്ത വിദ്വേഷം പുറത്ത് നിന്നുള്ളവരുടെ സഹായം തേടി അവര്‍ക്ക് നേരെത്തിരിയാന്‍ ആലിരാജയെ പ്രേരിപ്പിച്ചതിന്റെ ഭാഗമായാണ് മൈസൂര്‍ സുല്‍ത്വാന്‍ ഹൈദരലിയുടെ സഹായത്തോടെ യുദ്ധം ചെയ്യാന്‍ കാരണമായത്. മലബാറില്‍ ഹൈദരലിയുടെ പ്രധാന സഹായിയായിരുന്ന ആലിരാജയെയാണ് കോലത്തിരിയെ കീഴടക്കിയ ശേഷം ഹൈദരലി അധികാരം ഏല്‍പ്പിച്ചത്. അതോടൊപ്പം അദ്ദേഹത്തിന്റെ സഹോദരനെ അറബിക്കടലിലെ മൈസൂര്‍ നാവികപ്പടയുടെ നേതാവാക്കുകയും ചെയ്തു. 1766 മുതല്‍ മൈസൂര്‍ സുല്‍ത്വാന്‍മാരുമായി സൗഹൃദബന്ധം സൂക്ഷിക്കാന്‍ കഴിഞ്ഞ അറക്കല്‍ രാജവംശം മലബാര്‍തീരത്തെ പ്രബലമായ രാജവംശമായിത്തീര്‍ന്നു. 1789ല്‍ ടിപ്പുസുല്‍ത്വാന്‍ കണ്ണൂര്‍ സന്ദര്‍ശിച്ച് ബീവിയുമായുള്ള സഖ്യം കൂടുതല്‍ ബലപ്പെടുത്തുകയും, തന്റെ മകന്‍ അബ്ദുല്‍ഖാലിദിനെ കൊണ്ട് ബീവിയുടെ മകളെ വിവാഹം കഴിപ്പിക്കുകയും ചെയ്യണമെന്ന് ധാരണയിലെത്തുകയും ചെയ്തിരുന്നു. പിന്നീട് മൈസൂര്‍ സുല്‍ത്വാന്‍മാരുടെ ശക്തിക്ഷയം അറയ്ക്കല്‍ രാജകുടുംബത്തേയും ബാധിച്ചു. രണ്ടും മൂന്നും മൈസൂര്‍ യുദ്ധങ്ങളുടെ ഭാഗമായി കണ്ണൂര്‍കോട്ട ഇംഗ്ലീഷുകാര്‍ പിടിച്ചടക്കി. കാലക്രമേണ അറക്കല്‍ രാജകുടുംബത്തിന്റെ ഓരോ ഭാഗങ്ങള്‍ ഇംഗ്ലീഷുകാര്‍ കയ്യിലൊതുക്കുകയും ലക്ഷദ്വീപടക്കം എല്ലാം അവര്‍ക്ക് നഷ്ടമാവുകയും ചെയ്തു. രാജവംശ പിന്‍ഗാമികള്‍ ഇന്നും ജീവിക്കുന്നു. പഴയകാല ശൈലികളും, ചില അധികാരങ്ങളും ഇന്നും അവര്‍ക്കിടയില്‍ നിലനില്‍ക്കുകയും ചെയ്യുന്നുണ്ട്.



അവലംബങ്ങള്‍

1. ഡോ.കെ.കെ.എന്‍ കുറുപ്പ്, അറക്കല്‍ രാജവംശം, പൂങ്കാവനം ബുക്‌സ്
2. ഇസ്ലാമിക വിജ്ഞാനകോശം, ഐ.പി.എച്ച്. വാള്യം 2.
3. കണ്ണൂര്‍മുസ്‌ലിംചരിത്രം, ദാറുല്‍ഹസനാത്ത്അറബിക് കോളേജ്,           കണ്ണാടിപ്പറമ്പ്
4. http://www.islaminkerala.in/2018/06/blog-post_26.html






Post a Comment

Previous Post Next Post