ഡോ. ഇസ്മാഈല്‍ ഹുദവി. ചെമ്മലശ്ശേരി
നവോത്ഥനം സൃഷ്ടിച്ച നായകരുടെ വളര്‍ച്ചക്കു പിന്നില്‍ ഒരു സ്ത്രീസാന്നിധ്യമുണ്ടായിരിക്കും. ലോക ചരിത്രത്തില്‍ അത്ഭുതപ്പെടുത്തുന്ന ഒരു നഗ്ന യാഥാര്‍ത്ഥ്യമാണിത്. സ്‌നേഹനിധിയായ ഒരു ഉമ്മയുടെ സാന്നിധ്യവും, പരിപക്വമായ പരിപാലനവും ഒരാള്‍ക്ക് ലഭിച്ചാല്‍ അവനിലൂടെ അത്ഭുതങ്ങള്‍ സംഭവിക്കുമെന്നത് യാഥാര്‍ത്ഥ്യമാണ്. കാരണം, ഒരു മനുഷ്യന്‍ ജീവിതത്തിന്റെ ആദ്യപാഠങ്ങള്‍ സ്വയത്തമാക്കുന്നത് ഉമ്മയുടെ മടിത്തട്ടില്‍ നിന്നാണ്. ചരിത്ര പുരുഷന്‍മാരില്‍ നിരവധിയാളുകള്‍ അനാഥരായി വളര്‍ന്നവരാണെന്നതും ഒരു യാഥാര്‍ത്ഥ്യമാണ്.
ഏതൊരു കുഞ്ഞിന്റെയും ആദ്യപാഠശാലയാണല്ലോ മാതാവിന്‍ മടിത്തട്ട്. അവിടെ നിന്ന് കിട്ടുന്ന കാര്യങ്ങളാണ് ജീവിതപാഠത്തിന്റെ ആദ്യാക്ഷരങ്ങള്‍. ആ പാഠ ശാലയില്‍ നിന്ന് കിട്ടുന്ന സംസ്‌കാരമാണ് പിന്നീടുള്ള ജീവിതത്തിലേക്ക് വെളിച്ചം പകരുന്നത്. പ്രമുഖ അറബിക്കവി ഹാഫിള് ഇബ്‌റാഹീം തന്റെ കാവ്യ സമാഹാരത്തില്‍ ഉമ്മയെക്കുറിച്ച് പറയുന്ന വരികള്‍ വളരെ അര്‍ത്ഥവത്താണ്. അദ്ദേഹം പറയുന്നു: ''ഉമ്മയെന്ന പാഠശാലയെ സുസജ്ജമാക്കുന്നതിലൂടെ അന്തസ്സും പ്രതാപവുമുള്ള ഒരു തലമുറയെ വാര്‍ത്തെടുക്കാവുന്നതാണ്. ആ പുന്തോപ്പ് ലജ്ജയാല്‍ പരിപാലിക്കപ്പെടുകയാണെങ്കില്‍ അതിലെ സസ്യങ്ങള്‍ നല്ലപോലെ ഇലതളിര്‍ക്കുന്നതാണ്. ആദ്യകാല ഗുരുശ്രേഷ്ഠരുടെ മുഴുന്‍ പ്രഥമ അധ്യാപകന്‍ ഉമ്മയാണ്. അവരുടെ പ്രവര്‍ത്തനഫലങ്ങള്‍ ചക്രവാളങ്ങളെ ഭേദിച്ചുകൊണ്ടിരിക്കുകയാണ്''.
പത്ത് മാസം ഗര്‍ഭം ചുമന്ന് പ്രസവിക്കുന്ന ഉമ്മയുടെ അമ്മിഞ്ഞപ്പാല് തന്നെയാണ് ഒരു കുഞ്ഞിന്റെ ഏറ്റവും പ്രധാനപ്പെട്ട പ്രോട്ടീന്‍. അത് ബിസ്മി ചൊല്ലി, വൃത്തിയോടെ നല്ല ഉദ്ദേശ്യത്തോടെ കൊടുത്താല്‍ തന്നെ അത് നുകരുന്ന കുഞ്ഞില്‍ നന്‍മകള്‍ വിളവെടുക്കാവുന്നതാണ്.
ഹജ്ജാജിന്റെ അക്രമങ്ങള്‍ക്ക് മുന്നില്‍ നെഞ്ചൂക്കോടെ തന്റെ ആദര്‍ശം തുറന്ന് പറയുകയും, അദ്ദേഹത്തോട് ശക്തമായി പോരാടുകയും ചെയ്ത അബ്ദുല്ലാഹിബ്‌നുസ്സുബൈര്‍(റ), റബ്ബിന്റെ പരീക്ഷണങ്ങള്‍ കാല് മുറിക്കപ്പെടേണ്ട രോഗമായും, മകന്‍ പെട്ടന്ന് മരണപ്പെടലുമായും പ്രത്യക്ഷപ്പെട്ടപ്പോള്‍ എല്ലാം അല്ലാഹുവിന്റെ തീരുമാനമാണ്, സര്‍വ്വ സ്തുതിയും അവനാണ്, എന്ന പറഞ്ഞ ഉര്‍വ്വത്ബ്‌നുസ്സുബൈറ്(റ)വും, ഉമ്മ അസ്മാഅ് ബീബിയുടെ സംരക്ഷണത്തിലാണ് വളര്‍ന്നത്. ഹജ്ജാജുമായുള്ള പോരാട്ടത്തിന് ഒരുങ്ങാന്‍ ഉമ്മയോട് സമ്മതം ചോദിക്കാന്‍ വന്ന അബ്ദുല്ലാഹ്(റ)നോട് അസ്മാഅ് ബീബി പറഞ്ഞത് 'അഭിമാനത്തോടെ വാള് കൊണ്ട് തലയറുക്കപ്പെടുന്നത് നിന്ദ്യനായി ചാട്ട കൊണ്ട് അടി കിട്ടുന്നതിനേക്കാള്‍ ഉത്തമമാണ്'
എന്നാണ്. ഹിജ്‌റയുടെ വേളയില്‍ മുത്ത് നബി(സ്വ)ക്കും പിതാവായ അബൂബക്ര്‍(റ)നും ഭക്ഷണം എത്തിച്ചതും ആ ധീരവനിതയാണ്.
നിരന്തരം ഖുര്‍ആന്‍ ഓതുകയും ഇലാഹീ ചിന്തയില്‍ ജീവിക്കുകയും ചെയ്ത മഹതിയാണ് അസ്മാഅ്(റ). ഉര്‍വ്വതുബ്‌നുസ്സുബൈര്‍(റ) പറയുന്നു: ''ഞാന്‍ ഒരിക്കല്‍ അസ്മാഅ് ബീബിയുടെ അടുക്കല്‍ ചെന്നപ്പോള്‍ ഖുര്‍ആനിലെ ഒരു ആയത് ആവര്‍ത്തിച്ചോതി കരയുന്നതാണ് കണ്ടത്. പിന്നീട് സംസാരിക്കാം എന്ന് കരുതി തിരിച്ചു പോന്നു. പിന്നീട് ചെന്നപ്പോഴും ഖുര്‍ആന്‍ ഓതി കരയുന്ന കാഴ്ചയാണ് കണ്ടത്''. അത് കൊണ്ട് തന്നെ അവരുടെ മടിത്തട്ടില്‍ വളര്‍ന്നവര്‍ക്ക് വിപ്ലവങ്ങള്‍ സൃഷ്ടിക്കാന്‍ സാധ്യമായി.
അടിമത്വത്തില്‍ നിന്ന് മോചിതനായ ശേഷം വിവാഹം കഴിച്ച വ്യക്തിയായിരുന്നു മദീനയില്‍ താമസിച്ചിരുന്ന ഫര്‍റൂഖ്(റ). ദാമ്പത്യജീവിതത്തിനിടയില്‍ ഗര്‍ഭിണിയായ ഭാര്യയുടെ കൈവശം 30,000 ദീനാര്‍ നല്‍കി അദ്ദേഹം ഖുറാസാനിലേക്ക് യുദ്ധത്തിന് പോയി. 27 വര്‍ഷങ്ങള്‍ക്ക് ശേഷം മദീനയില്‍ തിരികെയെത്തുവാനും, അവിടെ താമസിച്ച് മരിക്കുവാനും, തന്റെ കുടുംബത്തെക്കാണാനും കൊതിയായപ്പോള്‍ സൈനികനേതാവിനോട് സമ്മതം ചോദിച്ച് ഫര്‍റൂഖ്(റ) മദീനയിലേക്ക് തിരിച്ചു. രണ്ടര പതിറ്റാണ്ടുകള്‍ക്ക് മുമ്പുണ്ടായിരുന്ന സാഹചര്യങ്ങളില്‍ നിന്ന് തീര്‍ത്തും വ്യത്യസ്ഥ കാഴ്ചയായിരുന്നു മദീനയില്‍. ഊടുവഴികളും വീടുകളുമെല്ലാം മാറിയിട്ടുണ്ട്. സ്വുബ്ഹിന്റെ നേരത്ത് മദീനയിലെത്തിയപ്പോള്‍ മസ്ജിദുന്നബവയില്‍ ജമാഅത്തിന് കൂടി. നിസ്‌കാര ശേഷം പള്ളിയില്‍ നടക്കുന്ന ജ്ഞാന സദസ്സില്‍ പങ്കെടുത്തു. ക്ലാസെടുക്കുന്ന പണ്ഡിതനെ കണ്ടില്ലെങ്കിലും ജനബാഹൂല്യം പണ്ഡിതന്റെ മഹത്വം വിളിച്ചറിയിക്കുന്നതായിരുന്നു. കൂടെയുണ്ടായിരുന്ന വ്യക്തിയോട് ആ പണ്ഡിതനെക്കുറിച്ച് അന്വേഷിച്ചപ്പോള്‍ പ്രമുഖ പണ്ഡിന്‍ റബീഅതുര്‍റഅ്‌യ് ആണെന്ന് പ്രതികരിച്ചു.
നിസ്‌കാരം കഴിഞ്ഞ് തന്റെ വീടന്വേഷിച്ച് ഫര്‍റൂഖ് പുറപ്പെട്ടു. ഒരുപാട് തിരച്ചിലുകള്‍ക്ക് ശേഷം കണ്ടെത്തുകയും അവിടേക്ക് പ്രവേശിക്കാന്‍ നില്‍ക്കുമ്പോള്‍ ആ വീട്ടില്‍ നിന്ന് ഒരു യാവാവ് പുറത്ത് വന്നു. അപരിചിതനായ ഒരാള്‍ തന്റെ വീട്ടിലേക്ക് കയറിവരുന്നത് കണ്ട് യുവാവ് ഫര്‍റൂഖിനെ തടഞ്ഞുനിര്‍ത്തി. വാക്ക് തര്‍ക്കത്തിനിടയില്‍ ഞാന്‍ ഫര്‍റൂഖ് ആണെന്നും ഇതെന്റെ വീടാണെന്നും പറയുന്നത് കേട്ട അദ്ദേഹത്തിന്റെ ഭാര്യ സുഹൈല(റ) പുറത്തേക്ക് നോക്കി വിളിച്ചുപറഞ്ഞു 'അതെ, ഇതെന്റെ ഭര്‍ത്താവ് ഫര്‍റൂഖും ഇത് മകനുമാണ്'. ഫര്‍റൂഖ് വീട്ടില്‍ കയറി ഭാര്യയുമായും മകനുമായും സംസാരിച്ചു. വാങ്ക് വിളിച്ചപ്പോള്‍ മകന്‍ പള്ളിയിലേക്ക് പോയി. അവര്‍ സംസാരിച്ചിരിക്കെ ഫര്‍റൂഖ് പള്ളിയില്‍ വെച്ച് കണ്ട ജ്ഞാനസദസ്സിനെ കുറിച്ചും പണ്ഡിതനെകുറിച്ചും പറഞ്ഞു, ഞാനും അദ്ദേഹത്തെപ്പോലെയായിരുന്നുവെങ്കിലെന്ന് ആത്മഗതം ചെയ്തു. 'അത് അങ്ങയുടെ മകനാവുകയും തന്റെ സമ്പാദ്യം മുഴുവനും ആ മകന് വേണ്ടി ചെലവഴിക്കുവാനും അങ്ങ് ഇഷ്ടപ്പെടുന്നുവോ?'. തീര്‍ച്ചയായും.. ഫര്‍റൂഖ് പറഞ്ഞു. എങ്കില്‍ അത് അങ്ങയുടെ പുത്രന്‍ റബീഅയാണ്. എന്നെ നിങ്ങള്‍ ഏല്‍പ്പിച്ച സമ്പത്ത് അവന് ഈ നിലയിലെത്തിക്കാന്‍ ഞാന്‍ ചിലവഴിച്ചിരിക്കുന്നു എന്ന് ഭാര്യ പറഞ്ഞു. സന്തോഷാധിരേകത്താല്‍ ഫര്‍റൂഖ് വിളിച്ചു പറഞ്ഞു 'റബീഅതുര്‍റഅ്‌യ് എന്റെ പുത്രനാണ്. റബീഅതുര്‍റഅ്‌യ് എന്റെ പുത്രനാണ്'. മാലിക്ബ്‌നുഅനസ്(റ), അബൂഹനീഫ(റ)ക, യഹ്‌യബ്‌നുസഈദ്(റ) എന്നിവരൊക്കെ ഇദ്ദേഹത്തിന്റെ ശിഷ്യന്‍മാരായിരുന്നു.
ഇമാം മാലിക്ബ്‌നുഅനസ്(റ) ചെറിയ കുട്ടിയായിരിക്കുമ്പോള്‍ അറിവ് നുകരാന്‍ തലപ്പാവണിയിച്ച് യാത്രയാക്കിയരുന്ന ഉമ്മ അദ്ദേഹത്തോട് പറയും: ''മോനേ, റബീഅ(റ)വിന്റെ അരികില്‍ ചെന്ന് ജ്ഞാനം പഠിക്കുന്നതിന് മുമ്പ് അദ്ദേഹത്തില്‍ നിന്ന് ചിട്ടയും സംസ്‌കാരവും പഠിക്കണം''. ഈ മകനാണ് പിന്നീട് 'മദീനയുടെ പണ്ഡിതന്‍' എന്ന അപരനാമത്തില്‍ അറിയപ്പെട്ട മാലികീ സരണിയുടെ സംസ്ഥാപകനായ, മുവത്വയുടെ രചയിതാവ് ഇമാം മാലിക്ബ്‌നുഅനസ്(റ).
മുജദ്ദിദുമാരില്‍ രണ്ടാമനും, ശാഫിഈ മദ്ഹബിന്റെ സ്ഥാപകനും, ചക്രവാളസീമകള്‍ ഭേദിച്ച് ജ്ഞാനപ്രഭ ചൊരിയുകയും ചെയ്ത ഇമാം ശാഫിഈ(റ)ന്റെ രണ്ടാം വയസ്സില്‍ ഉപ്പ ഇദ്‌രീസ്(റ) വഫാതായി. പിന്നീടദ്ദേഹത്തെ സംരക്ഷിച്ചതും, ശിക്ഷണം നല്‍കിയതും ജ്ഞാനപ്രഭുക്കളിലേക്ക് പറഞ്ഞയച്ചതും, ഖുര്‍ആന്‍ ഹൃദ്യമാക്കിക്കൊടുത്തതുമെല്ലാം ഉമ്മ ഫാത്വിമബിന്‍ത്അബ്ദില്ലാഹ് എന്നവരാണ്. ഉപ്പയുടെ മരണത്തിന് ശേഷം മകനെ മക്കയിലേക്ക് കൊണ്ട് പോവുകയും പ്രഗത്ഭരില്‍ നിന്ന് വിജ്ഞാനം പഠിപ്പിക്കുകയും സര്‍വ്വ പിന്തുണയും പ്രോത്സാഹനവും നല്‍കിയത് ഉമ്മയാണ്.
ഹദീസ് ലോകത്തെ വിഖ്യാത ഗ്രന്ഥം സ്വഹീഹുല്‍ബുഖാരിയടക്കം നിരവധി ഗ്രന്ഥങ്ങള്‍ ജ്ഞാനലോകത്തിന് സമര്‍പ്പിച്ച ഇമാം ബുഖാരിയും വളര്‍ന്നത് സ്വന്തം ഉമ്മയുടെ തര്‍ബിയത്തിലാണ്. നന്നേ ചെറുപ്പത്തില്‍ തന്നെ അവരുടെ ഉപ്പ വഫാതായി. അവസാന സമയത്ത് ഉപ്പ ഇസ്മാഈല്‍ പറഞ്ഞത് 'പൂര്‍ണ്ണമായും ഹലാലെന്നുറപ്പുള്ള ഭക്ഷണം മാത്രമേ എന്റെ കുടുംബത്തിന് ഞാന്‍ നല്‍കിയിട്ടുള്ളൂ' എന്നാണ്. അനാഥനെന്നതിന് പുറമെ അന്ധന്‍ കൂടിയായിരുന്നു മുഹമ്മദ് എന്ന ബാലന്‍. ജ്യേഷ്ടന്‍ അഹ്‌മദിനേയും മുഹമ്മദിനേയും രാത്രി കിടത്തിയുറക്കി പാതിരാവില്‍ അല്ലാഹുവിനോട് കണ്ണുനീര്‍ വാര്‍ത്ത് ഉമ്മ പ്രാര്‍ത്ഥിച്ചതിന്‍രെ ഫലമായി മകന്റെ കാഴ്ച അല്ലാഹു തിരികെ നല്‍കി. ആ കുട്ടി പഠിച്ചുവലുതായി. പിതനാറ് വയസ്സ് പൂര്‍ത്തിയായപ്പോഴേക്ക് നിരവധി ഗ്രന്ഥങ്ങള്‍ ഹൃദിസ്ഥമാക്കുകയും ആയിരക്കണക്കിന് ഹദീസുകള്‍ മനപ്പാഠമാക്കുകയും ചെയ്തു.
ഹദീസ് സമാഹരണത്തിന്റെ ഭാഗമായി ഇമാം ബുഖാരി(റ) ഒരിക്കല്‍ കപ്പലില്‍ യാത്ര ചെയ്യവേ ഒരു മനുഷ്യനെ പരിചയപ്പെട്ടു. സംസാരത്തിനിടയില്‍ തന്റെ കയ്യിലുള്ള ആയിരം ദിര്‍ഹമിനെ കുറിച്ചും ആ വ്യക്തിയോട് പറഞ്ഞിരുന്നു. ആ പണം തട്ടിയെടുക്കണമെന്ന ദുരുദ്ദേശ്യത്തില്‍ ആ വ്യക്തി ഒരുദിവസം പ്രഭാതത്തില്‍ ബഹളം വെച്ചു. കൂടെയുള്ളവര്‍ കാര്യമന്വേഷിച്ചപ്പോള്‍ തന്റെ കയ്യില്‍ ഉണ്ടായിരുന്ന ആയിരം ദിര്‍ഹമിന്റെ കിഴി നഷ്ടപ്പെട്ടു എന്ന് പറഞ്ഞു. ഓരോരുത്തരേയായി പരിശോധന തുടങ്ങി. അതിനിടയില്‍ ഇമാം ബുഖാരി(റ) തന്റെ കയ്യിലുണ്ടായിരുന്ന ആ കിഴി ആരുമറിയാതെ വെള്ളത്തിലേക്കിട്ടു. പരിശോധനക്കിടയില്‍ ഇമാം ബുഖാരി(റ)യെയും പരിശോധിച്ചു. പക്ഷെ ആ കിഴി കണ്ടെത്താനായില്ല. പിന്നീട് ആ മനുഷ്യന്‍ ബുഖാരി(റ) നോട് പരിശോധനക്കിടയില്‍ അദ്ദേഹത്തിന്റെ കയ്യില്‍ കിഴി കാണാത്തതിനെ കുറിച്ച് ചോദിച്ചപ്പോള്‍ അത് വെള്ളത്തിലേക്ക് എറിഞ്ഞു എന്ന് പറഞ്ഞു. ഇത്രയും വലിയ സംഖ്യ എന്തിന് താങ്കള്‍ നഷ്ടപ്പെടുത്തിയെന്ന് ചോദിച്ചപ്പോള്‍ അദ്ദേഹം പറഞ്ഞു: ''ഇത്രയും കാലം ഞാനെന്റെ ജീവിതം വിനിയോഗിച്ചത് മുത്ത് നബി(സ്വ)യുടെ ഹദീസുകള്‍ ശേഖരിക്കുവാനാണ്. എന്റെ പണക്കിഴി ആണെങ്കിലും അത് താങ്കളുടേത് ഞാന്‍ എടുത്തതാണെന്ന് ജനങ്ങള്‍ തെറ്റിദ്ധരിച്ചാല്‍ ഞാന്‍ ശേഖരിച്ച ഹദീസുകളൊന്നും ജനങ്ങള്‍ സ്വഹീഹാണെന്ന് വിശ്വസിക്കില്ല''. ഇത്രയും വലിയ സൂക്ഷ്മതയും സത്യസന്ധതയും ആ ഉമ്മയുടെ മടിത്തട്ടില്‍ നിന്ന് കിട്ടിയ തര്‍ബിയതിന്റെ സ്വാധീനമാണ്.
ഇമാം സുഫ്‌യാനുസ്സൗരി(റ); സ്വൂഫീലോകത്തെ അദ്വിതീയനാണ്. ഉമ്മയുടെ ഉപദേശങ്ങളാണ് അവരുടെ ജീവിതത്തിലെ ഏറ്റവും വലിയ വഴിത്തിരിവായി മാറിയത്. 'മോനേ, നീ വിദ്യപഠിച്ചോളൂ, വരുമാനമാര്‍ഗ്ഗം നൂല് നൂറ്റ്‌കൊണ്ട് ഞാനുണ്ടാക്കാം. പത്ത് അക്ഷരം നീ പഠിച്ച് കഴിഞ്ഞാല്‍ അത് കാരണം നിന്റെ ജീവിത സ്വഭാവങ്ങളില്‍ വല്ല മാറ്റവും വരുന്നുണ്ടോ എന്ന് നീ ശ്രദ്ധിക്കണം. മാറ്റങ്ങളില്ലെങ്കില്‍ ആ വിജ്ഞാനം ഉപകാരപ്പെടില്ലെന്ന് മാത്രമല്ല, ദോശകരമായിത്തീരുകയും ചെയ്യും'. ഇങ്ങനെയാണ് സുഫ്‌യാനുസ്സൗരിയെ ആ ഉമ്മ തര്‍ബിയത് ചെയ്ത് വളര്‍ത്തിയത്.
ഉമ്മയുടെ തര്‍ബിയതിലൂടെ ഒരു മനുഷ്യക്കുഞ്ഞിന് ആത്മീയലോകത്തെ അതുല്യനാകാം എന്നതിന്റെ നിദര്‍ശനമാണ് ഖുത്വുബുല്‍അഖ്ത്വാബ് ശൈഖ് അബ്ദുല്‍ഖാദിര്‍ജീലാനി(റ). കൗമാരപ്രായത്തില്‍ ബഗ്ദാദിലേക്ക് ജ്ഞാനം തേടി യാത്ര പുറപ്പെടുമ്പോള്‍ മോനെ വിളിച്ച് പ്രത്യേകം ഓര്‍മ്മപ്പെടുത്തിയതിങ്ങനെയാണ്. 'മോനേ, ഏത് വിപല്‍ഘട്ടത്തിലും നീ സത്യം മാത്രമേ പറയാവൂ. സത്യസന്ധതയിലാണ് ഞാന്‍ നിന്നെ വളര്‍ത്തിയത്. അതാണ് നിന്നില്‍ എനിക്കുള്ള ഏക പ്രതീക്ഷയും'. ആ യാത്രക്കിടയിലാണ് കൊള്ളസംഘത്തോട് സത്യം പറഞ്ഞ് വലിയ ഒരു വിഭാഗം തൗബ ചെയ്യാന്‍ ഇടയായത്. മാത്രവുമല്ല, ഖുത്വുബുല്‍അഖ്ത്വാബ് പദവിയിലെത്തിയ അവരോട് ഇത്രയും ഉയര്‍ച്ചയിലെത്താനുള്ള കാരണം ചോദിച്ചപ്പോള്‍ 'എന്റെ ജീവിതം സത്യസന്ധതയിലാണ് ഞാന്‍ പടുത്തുയര്‍ത്തിയത്. പാഠശാലയില്‍ പോകുന്ന കാലത്ത് പോലും ഞാന്‍ കളവ് പറഞ്ഞിട്ടില്ല' എന്നായിരുന്നു.
ലോകം അറിഞ്ഞ യോദ്ധാവും ഭരണാധികാരയുമാണ് സ്വൂഫിയായിരുന്ന ടിപ്പുസുല്‍ത്വാന്‍. മതഭക്തയായിരുന്ന ഫഖ്‌റുന്നീസാ ബീഗമാണ് അവരുടെ ഉമ്മ. ടിപ്പുമസ്താന്റെ മഖ്ബറയില്‍ ചെന്ന് നിരന്തരം പ്രാര്‍ത്ഥിച്ചതിന്റെ ഫലമായാണ് കുഞ്ഞ് ജനിക്കുന്നത്. സച്ചല്‍ഫഖീര്‍ എന്നും മസ്ത് കലന്ദര്‍ എന്നും അറിയപ്പെട്ടിരുന്ന ടിപ്പുമസ്താന്റെ മഖ്ബറ സന്ദര്‍ശകരില്‍ ഫഖ്‌റുന്നീസാബീഗവും ഉണ്ടായിരുന്നു. ഗര്‍ഭകാലത്തും നിരവധി തവണ അവര്‍ സിയാറത് ചെയ്തു. പ്രസവാനന്തരം മുലകൊടുക്കുമ്പോള്‍ വൃത്തിപാലിച്ചത് മുതല്‍ ആ കുഞ്ഞിന്റെ ഭാവിയെ നല്ലരൂപത്തില്‍ പ്രതിഫലിക്കുന്ന നിരവധി ചിട്ടകള്‍ അവര്‍ ശീലിച്ചു. അത് കൊണ്ട് തന്നെ നിരവധി രാജ്യങ്ങള്‍ കീഴ്‌പ്പെടുത്തുകയും വലിയ സാമ്രാജ്യത്തിന്റെ അധിപനാവുകയും ചെയ്യുമ്പോഴും ഒരു നിസ്‌കാരം പോലും ഖളാഅ് ആവാതെ ജമാഅത്തായി നിര്‍വ്വഹിക്കാനും, ലൈംഗിക ദൂഷ്യങ്ങളോ സ്വഭാവ ദൂഷ്യങ്ങളോ സംഭവിക്കാതെ ജീവിക്കുവാനും സാധ്യമായി.
ടിപ്പുവിന്റെ ലജ്ജയെ കുറിച്ച് ചരിത്രകാരന്‍മാര്‍ വാചാലരാകുന്നുണ്ട്. 'കുതരിയപ്പോലെ ആരോഗ്യമുള്ള ആ യുവാവിന് 49ആം വയസ്സില്‍ മരിക്കുന്നത് വരെ ലൈംഗികമായ ഒരപഭ്രംശവും ഒരു സാമാന്യ ആസക്തിപോലും സംഭവിച്ചതായി ദൂഷ്യങ്ങള്‍ രേഖപ്പെടുത്താന്‍ ഭൂതക്കണ്ണാടിയുമായി ഉഴറി നടന്നിരുന്നവര്‍ പോലും പറയുന്നില്ല' എന്ന പി.കെ ബാലകൃഷ്ണന്റെ വരികള്‍ ആ ജീവിത വിശുദ്ധിക്ക് നേര്‍സാക്ഷ്യമാണ്. എല്ലാം ആ ഉമ്മയുടെ വിശുദ്ധിയും പ്രാര്‍ത്ഥനയും തര്‍ബിയതും നല്‍കിയ പ്രതിഫലനങ്ങളാണ്.
മഅ്‌റൂഫുര്‍റസ്വാഫി തന്റെ കവിതയില്‍ പറയുന്നു: ''മനുഷ്യജന്‍മങ്ങളെ സംസ്‌കാര സമ്പന്നരാക്കുന്നതില്‍ ഉമ്മയോളം മറ്റൊരു ഇടവുമില്ല. ആണ്‍കുട്ടികളെയും പെണ്‍കുട്ടികളെയും സംസ്‌കരിച്ചെടുത്ത് എത്രയോ ഉമ്മമാര്‍ മഹോന്നതി പ്രാപിച്ചിട്ടുണ്ട്. മക്കളുടെ സല്‍സ്വഭാവങ്ങള്‍ ഉമ്മമാരുടെ സ്വഭാവവുമായിട്ടാണ് തുലനം ചെയ്യപ്പെടുന്നത്. അത് കൊണ്ട് തന്നെ സംസ്‌കാരശൂന്യരായ ഉമ്മമാരുടെ മക്കളില്‍ എന്ത് നന്‍മയാണ് നമുക്ക് പ്രതീക്ഷിക്കാവുന്നത്!!?. ഇല്ല, ഒരിക്കലുമില്ല, അത്തരം മക്കള്‍ നേട്ടം കൈവരിക്കുന്ന മക്കളായി വരുമെന്ന് ഒരിക്കലും പ്രതീക്ഷിക്കാവതല്ല''..
സത്യവിശ്വാസികള്‍ക്ക് മാതൃകയായി ഖുര്‍ആന്‍ ഉദ്ധരിച്ചത് രണ്ട് മഹിളകളെയാണ്. ആസിയബീബിയും മര്‍യം ബീബിയും(റ). സ്ത്രീകളില്‍ സമ്പൂര്‍ണ്ണത കൈവരിച്ചരില്‍ ഈ രണ്ട് മഹിളകളെയാണ് ആദ്യമായി നബി(സ്വ) പരാമര്‍ശിച്ചതും. 'തന്റെ ഗുഹ്യസ്ഥാനം കാത്തുസൂക്ഷിച്ച- തത്സമയം നമ്മുടെ ആത്മാവ് അതില്‍ നാം ഊതിനിക്ഷേപിച്ചു- മര്‍യം ബിന്‍ത് ഇംറാനെയും ഉപമയാക്കി. അവള്‍ തന്റെ നാഥന്റെ വചനങ്ങളും വേദങ്ങളും വിശ്വസിക്കുകയും ഭയഭക്തിയുള്ളവരുടെ ഗണത്തിലുള്‍പ്പെടുകയും ചെയ്തു' എന്നാണ് സൂറതുത്തഹ്‌രീമില്‍ അവരെക്കക്കുറിച്ച് പറയുന്നത്. 'അങ്ങനെ നാഥന്‍ അവളെ നന്നായി സ്വീകരിക്കുകയും ഉദാത്തരീതിയില്‍ വളര്‍ത്തുകയും പരിപാലനത്തിന് സകരിയ്യാ നബിയെ ഏല്‍പ്പിക്കുകയും ചെയ്തു. അവരുടെ സമീപം മേടമാളികയില്‍ കടന്നു ചെല്ലുമ്പോഴൊക്കെ എന്തെങ്കിലും ഭക്ഷണമവിടെ അദ്ദേഹം കാണുമായിരുന്നു. ഓ മര്‍യം നിനക്കിത് എവിടെ നിന്നു കിട്ടി എന്നദ്ദേഹം ചോദിച്ചപ്പോള്‍ അല്ലാഹുവിങ്കല്‍ നിന്ന് എന്നവര്‍ പ്രത്യുത്തരം നല്‍കി'. വിശുദ്ധയായി ജീവിച്ച മര്‍യം ബീബിയുടെ മകനാണ് ഈസാ(അ). ഉലുല്‍അസ്മുകളില്‍ പെട്ട പ്രവാചകനായി അദ്ദേഹത്തിന് ഉയരാന്‍ സാധ്യമായി.
ഒരു മനുഷ്യന് മൂന്ന് കാര്യങ്ങളുണ്ടെങ്കില്‍ അവന്‍ വിജയിച്ചവനാണെന്ന് പറയുന്ന ഹദീസില്‍ സൗകര്യപ്രദമായ വീടും സഞ്ചാരയോഗ്യമായ വാഹനവും മതകാര്യങ്ങളില്‍ സഹായിക്കുന്ന ഭാര്യയുമാണ് എണ്ണപ്പെടുന്നത്. ഈ ഭാര്യയില്‍ ജനിക്കുന്ന കുസുമങ്ങള്‍ മതബോധത്തോടെ അവളുടെ അമ്മിഞ്ഞകുടിച്ച് വളര്‍ന്നാല്‍ കണ്‍കുളിര്‍മ്മയേകുന്നവരാകുമെന്ന് തീര്‍ച്ചയാണ്. ഒരു പിതാവ് മക്കള്‍ക്ക് നിര്‍ബന്ധമായി നിര്‍വ്വഹിച്ചു കൊടുക്കേണ്ട മൂന്ന് ബാധ്യതകളില്‍ ഒന്ന് കുഞ്ഞുങ്ങള്‍ക്ക് സത്‌വൃത്തയായ മാതാവിനെ സമ്മാനിക്കുകയെന്നതാണ്.
സത്‌വൃത്തരായ ഉമ്മമാരുടെ അഭാവമാണ് വളര്‍ന്നുവരുന്ന തലമുറയില്‍ അച്ചടക്കരാഹിത്യം വര്‍ദ്ധിക്കുന്നതിന്റെ പ്രധാന കാരണം. നിരവധി മദ്രസകളും പാഠശാലകളുമെല്ലാം നമ്മുടെ നാടുകളിലുണ്ടെങ്കിലും മതനിരാസവും യുക്തിവാദവുമൊക്കെ പുതുതലമുറയെ വല്ലാതെ ഗ്രസിച്ചുകൊണ്ടിരിക്കുന്ന ഭീകരസാഹചര്യമാണ് നമ്മുടെ നാട്ടിലുള്ളതെന്ന് നാം മറക്കരുത്. അമ്മിഞ്ഞയും താലോലവും താരാട്ടും കിട്ടേണ്ട മാതൃജന്‍മങ്ങള്‍ക്ക് പകരം ഇന്ന് കുരുന്നകളെ ക്രൂരമായി പീഢിപ്പിക്കുന്ന രാക്ഷസജീവികളെയാണ് കാണാന്‍ സാധ്യമാകുന്നത്. നാം മാറിയാല്‍ മാത്രമേ സമൂഹത്തില്‍ മാറ്റങ്ങളുണ്ടാക്കാന്‍ സാധിക്കൂകയുള്ളൂ. അല്ലാഹു അനുഗ്രഹിക്കട്ടെ.
Post a Comment