ഡോ. ഇസ്മാഈല്‍ ഹുദവി ചെമ്മലശ്ശേരി


അല്ലാഹുവിന്റെ സൃഷ്ടികളില്‍ ബുദ്ധിയും വിവേകവുമുള്ള മനുഷ്യനെ പടച്ചുവിട്ടതിന് പിന്നില്‍ അവന്റെ സ്രഷ്ടാവിന് കൃത്യമായ ലക്ഷ്യമുണ്ട്. അല്ലാഹുവിനെ അറിഞ്ഞുകൊണ്ട് ആരാധിക്കുവാനും അവന്റെ തൃപ്തി നേടുന്ന പ്രവര്‍ത്തനങ്ങളിലും ചിന്തകളിലും ജീവിതം നയിക്കലുമാണത്. ആ ലക്ഷ്യപ്രാപ്തിയിലേക്ക് നടന്നടുക്കേണ്ട മനുഷ്യന്റെ പ്രഥമവും പ്രധാനവുമായ ഉത്തരവാദിത്വം മനസ്സ് ശുദ്ധിയാലക്കലാണ്.  ആ പ്രക്രിയ എത്രമാത്രം ഒരാളില്‍ പുരോഗമിക്കുന്നുവോ അത്ര തോതില്‍ അവന്‍ തന്റെ നാഥനുമായി അടുത്തു കൊണ്ടിരിക്കും. വിശുദ്ധഖുര്‍ആന്‍ പറയുന്നു:''(ആത്മ)പരിശുദ്ധി നേടുകയും തന്റെ റബ്ബിന്റെ നാമം സ്മരിക്കുകയും എന്നിട്ടു നമസ്‌കരിക്കുകയും ചെയ്തവന്‍ വിജയിക്കുക തന്നെ ചെയ്തു''(87:14,15). മറ്റൊരിടത്ത് അല്ലാഹു പറയുന്നു: ''നിശ്ചയമായും അതിനെ(ആത്മാവിനെ)സംശുദ്ധമാക്കിയവന്‍ വിജയിച്ചു. അതിനെ കളങ്കപ്പെടുത്തിയവന്‍ നിശ്ചയമായും പരാജയപ്പെടുകയും ചെയ്തു''(91:9,10). അഥവാ, മനുഷ്യന്റെ വിജയ പരാജയത്തിന്റെ മാപിനി അവന്റെ ഹൃദയശുദ്ധിയും കളങ്കവുമാണ്.

മനുഷ്യന്റെ ഇഹപരവിജയത്തിനും സമാധാനത്തിനും ഇത് അത്യന്താപേക്ഷിതമാണ്. മനുഷ്യന് പണവും പ്രൗഢിയും എത്രതന്നെ കിട്ടിയിട്ടും താനനുഭവിക്കുന്ന മാനസിക പിരിമുറുക്കത്തില്‍ നിന്ന് മുക്തി നേടാന്‍ കഴിയാത്തതും മനസ്സ് ശുദ്ധമല്ലാത്തത് കൊണ്ടാണ്. മനസ്സ് ശുദ്ധമായ ഒരു വ്യക്തിയുടെ ജീവിതത്തില്‍ എന്ത് പ്രയാസങ്ങള്‍ നേരിടേണ്ടി വന്നാലും അവന് യാതൊരു പ്രയാസവുമില്ലാതെ നേരിടാന്‍ കഴിയുന്നതാണ്. പൂര്‍വ്വ സൂരികളുടെ മഹച്ചരിതങ്ങള്‍ ഇതിന് എത്രയോ സാക്ഷിയാണ്. 'മുഅ്മിനിന്റെ കാര്യം അത്ഭുതകരമാണ്; അവന്റെ എല്ലാ കാര്യങ്ങളും അവന് നന്‍മയായി ഭവിക്കുന്നതാണ്. ഒരു സത്യവിശ്വാസിക്ക് മാത്രമേ അങ്ങിനെയുണ്ടാവൂ. അവന് എന്തെങ്കിലും സന്തോഷമുണ്ടായാല്‍ നന്ദി പ്രകടിപ്പിക്കും. അപ്പോള്‍ അവനത് നന്‍മയായിരിക്കും. എന്തെങ്കിലും ബുദ്ധിമുട്ടുണ്ടായാല്‍ ക്ഷമിക്കും. അപ്പോള്‍ അതും നന്‍മയായി മാറും'(സ്വഹീഹ്‌മുസ്‌ലിം)

പരലോകത്ത് രക്ഷപ്പെടുന്നവരും ശുദ്ധമനസ്സിന്റെ ഉടമകള്‍ മാത്രമാണ്. ഇബ്‌റാഹീം (അ)ന്റെ ഒരു പ്രാര്ത്ഥന ഖുര്‍ആനില്‍ ഇങ്ങനെ കാണാം; 'ആളുകള്‍ പുനര്‍ജനിക്കപ്പെടുന്ന ദിവസം എന്നെ നീ നിരാശപ്പെടുത്തരുത്. സമ്പത്തും സന്താനവും ഉപകരിക്കാത്ത ദിനത്തില്‍, ശുദ്ധഹൃദയത്തോടെ അല്ലാഹുവിന്റെ അടുത്ത് ചെന്നവരൊഴികെ'(26:87,88,89). പരലോക വിജയത്തിന്റെ അടിസ്ഥാനവും ഹൃദയശുദ്ധിയാണെന്നര്‍ത്ഥം. ഇത് കൊണ്ട് തന്നെയാണ് മനുഷ്യന്റെ പ്രവര്‍ത്തനങ്ങളുടെ സ്വീകാര്യത നിയ്യത്തുകളുടെ അടിസ്ഥാനത്തിലാണെന്ന് മുത്ത് നബി(സ്വ)പഠിപ്പിച്ചത്. അവിടന്ന് ഒരിക്കലിങ്ങനെ പറയുകയുണ്ടായി: ''മനുഷ്യ ശരീരത്തില്‍ ഒരു മാംസക്കഷ്ണമുണ്ട്. അത് നന്നായാല്‍ ശരീരം മുഴുവനും നന്നായി. അത് കേടുവന്നാല്‍ ശരീരം മുഴുവനും കേടുവന്നു. അറിയുക; അത് ഹൃദയമാണ്''(ബുഖാരി, മുസ്‌ലിം).
അല്ലാഹുവിന്റെ തിരുനോട്ടം മനുഷ്യന്റെ ശരീരഭംഗിയിലേക്കോ പ്രവര്‍ത്തനങ്ങളിലേക്കോ അല്ല, മറിച്ച് അവന്റെ ഹൃദയത്തിലേക്കാണ്. അത് കൊണ്ട് തന്നെയാണ് പിശാച് മനുഷ്യന്റെ ഹൃദയം മലിനമാക്കാനുള്ള സര്‍വ്വ കുതന്ത്രങ്ങളും പ്രയോഗിച്ചു കൊണ്ടിരിക്കുന്നത്. അത് മലിനമായ ശേഷം മനുഷ്യന്‍ എന്ത് പുണ്യം ചെയ്തിട്ടും കാര്യമില്ലെന്ന് വിശുദ്ധമതം നമ്മെ പഠിപ്പിക്കുന്നു. മനുഷ്യന്റെ ബാഹ്യപ്രവര്‍ത്തനങ്ങളല്ല അല്ലാഹു പരിഗണിക്കുന്നത്. ഓരോ പ്രവര്‍ത്തനങ്ങളിലുമുള്ള ഇഖ്‌ലാസ്വാണ്. അമലുകള്‍ രേഖപ്പെടുത്തിവെക്കുന്ന മലക്കുകള്‍ക്ക് പോലും മനുഷ്യന്റെ ഇഖ്‌ലാസ്വ് രേഖപ്പെടുത്തുവാന്‍ സാധ്യമല്ല. ഈമാന്‍ മനസ്സിലേക്ക് ഇറങ്ങിച്ചെന്നവര്‍ക്കേ ഇഖ്‌ലാസ്വുണ്ടാവുകയുള്ളൂ. വിജയിക്കുന്നവരേയും സ്വര്‍ഗാവകാശികളേയും ഖുര്‍ആനില്‍ പരിചയപ്പെടുത്തുന്നിടത്തെല്ലാം സല്‍പ്രവര്‍ത്തനത്തോടൊപ്പം ഈമാനിനെയും ചേര്‍ത്തിപ്പറയപ്പെട്ടത് അത്കണ്ടാണ്.

ഹൃദയശുദ്ധിയുള്ളവരുടെ ജീവിതത്തില്‍ എന്തെങ്കിലും പാപമോ കുറ്റമോ വന്ന് പോയാല്‍ ഉടനെ അല്ലാഹുവിനോട് തൗബ ചെയ്ത് അത് കഴുകിക്കളയാനുള്ള ധാര്‍മികബോധം ഉയിര്‍കൊള്ളുന്നതാണ്. ആ ഹൃദയശുദ്ധി കാരണമാണ് തെറ്റുകളില്‍ നിന്ന് മുക്തി ചോദിക്കുന്ന അടിമകളോട് ഉടമയായ റബ്ബിന് പെരുത്ത് ഇഷ്ടം തോന്നാനുമുള്ള കാരണം. മനുഷ്യരോടുള്ള ഇടപാടുകളിലും പൂര്‍ണ സൂക്ഷ്മത വെച്ചു പുലര്‍ത്താനും അവര്‍ക്ക് സാധിക്കും. കളങ്കമില്ലാത്ത ഹൃദയത്തിലുണ്ടാക്കുന്ന സല്‍സ്വഭാവമാണതിന് കാരണം. ഈ സല്‍സ്വഭാവമാണ് മീസാനില്‍ ഏറ്റവും ഭാരം തൂങ്ങുന്ന കാര്യവുമെന്ന് തിരുവചനങ്ങളില്‍ കാണാം.

ഒരിക്കല്‍ സ്വഹാബത്തോടൊപ്പം ഇരിക്കുമ്പോള്‍ നബി(സ്വ) പറഞ്ഞു; 'ഇപ്പോള്‍ ഈ സദസ്സിലേക്ക് കയറിവരുന്ന വ്യക്തി സ്വര്‍ഗാവകാശിയാണ്. രണ്ടാം ദിവസവും ഇങ്ങനെ പറഞ്ഞു. തലേദിവസം കയറിവന്ന സ്വഹാബി തന്നെയാണ് അന്നു പ്രവേശിച്ചത്. മൂന്നാം ദിവസവും പറഞ്ഞു. അന്നും അദ്ദേഹം തന്നെയായിരുന്നു'. അപ്പോള്‍ അബ്ദുല്ലാഹിബ്‌നുഅംറിബ്‌നില്‍ആസ്വ്(റ) അദ്ദേഹത്തെ സ്വര്‍ഗപ്രാപ്തനാക്കിയ എന്തെങ്കിലും പ്രത്യേക അമലുണ്ടോയെന്ന് പരിശോധിക്കാന്‍ അദ്ദേഹത്തിന്റെ വീട്ടില്‍ മൂന്ന് ദിവസം അതിഥിയായി താമസിച്ചു. മൂന്ന് ദിവസത്തിലും സാധാരണ ഒരു വിശ്വാസിയുടെ അമലുകള്‍ക്കപ്പുറം പ്രത്യേക ഇബാദതുകളൊന്നും കാണാതിരുന്നപ്പോള്‍ അദ്ദേഹത്തോട് തന്നെ നേരിട്ട് അന്വേഷിക്കാനുറച്ച് അബ്ദുല്ലാഹിബ്‌നുഅംറിബ്‌നില്‍ആസ്വ്(റ) ചോദിച്ചു. അന്നേരം ആ സ്വഹാബിയുടെ പ്രതികരണമിപ്രകാരമായിരുന്നു; എനിക്ക് പ്രത്യേക അമലുകളൊന്നുമില്ല. പക്ഷെ, എന്നോട് ആരെങ്കിലും എന്തെങ്കിലും അരുതാത്തത് ചെയ്തിട്ടുണ്ടെങ്കില്‍ അവര്‍ക്ക് മാപ്പ് നല്‍കിയിട്ടല്ലാതെ ഞാന്‍ ഉറങ്ങാറില്ല. ഈ കാര്യം നബി(സ്വ)യെ അറിയിച്ചപ്പോള്‍ അത് തന്നെയാണ് അദ്ദേഹത്തെ സ്വര്‍ഗപ്രവേശനത്തിന് പ്രാപ്തനാക്കിയതെന്ന് പറയുകയുണ്ടായി.

നാമെല്ലാവരും നമ്മുടെ ശരീരവും വസ്ത്രവുമെല്ലാം വളരെ വൃത്തിയായി കൊണ്ട് നടക്കാന്‍ ശ്രമിക്കുന്നവരാണ്. കാരണം ശരീരത്തിലോ വസ്ത്രത്തിലോ വല്ല മലിനവുമായാല്‍ ആളുകള്‍ കണ്ടാല്‍ നമ്മെ കുറിച്ച് മോശമായി മനസ്സിലാക്കുമെന്ന ചിന്തയാണ് നമ്മെ അതിന് പ്രേരിപ്പിക്കുന്നത്. എന്നാല്‍, അല്ലാഹു നമ്മുടെ പ്രവര്‍ത്തനങ്ങളോ വേശപൂശാദികളോ നോക്കുകയില്ലെന്നും നമ്മുടെ ഹൃദയമാണ് നിരീക്ഷിക്കുന്നതെന്നും ഹദീസുകളില്‍ വന്നിട്ടുണ്ട്. അല്ലാഹു സദാ സമയം നോക്കിക്കൊണ്ടിരിക്കുന്ന ഹൃദയം ശുദ്ധിയാക്കാന്‍ നാമെന്ത് കൊണ്ട് കഠിനാധ്വാനം ചെയ്യുന്നില്ലയെന്ന് നാം ഗൗരവത്തോടെ ചിന്തിക്കേണ്ടതുണ്ട്. നാം ബാഹ്യമായി എത്ര നന്‍മകള്‍ ചെയ്യുന്നവരാണെങ്കിലും അത് റബ്ബിന്റെ അടുത്ത് സ്വീകരിക്കപ്പെടണമെങ്കില്‍ നമ്മുടെ ഖല്‍ബ് ശുദ്ധമാവണം. ഒരുപാട് ഇബാദതുകള്‍ ചെയ്യുന്നവനാണെങ്കിലും എല്ലാം ആളുകള്‍ തന്നെക്കുറിച്ച് നല്ലത് പറയുകയെന്ന ഭൗതിക ലക്ഷ്യത്തിനാണെങ്കില്‍ അതിന് പ്രതിഫലമില്ലെന്ന് മാത്രമല്ല, അത് മറ്റൊരു കുറ്റമായി രേഖപ്പെടുത്തപ്പെടുകയും ചെയ്യും. 

ഇസ്‌ലാമികപ്രബോധനത്തിന്റെ ആദ്യഘട്ടങ്ങളില്‍ അമ്മാറുബ്‌നുയാസിറി(റ)നെ തടഞ്ഞുവെച്ച് നീ മുസ്‌ലിമല്ലായെന്ന് പറഞ്ഞില്ലെങ്കില്‍ നിന്റെ ഉപ്പ യാസിറിനും ഉമ്മ സുമയ്യക്കും അനുഭവിക്കേണ്ടി വന്നത് അനുഭവിക്കേണ്ടി വരുമെന്ന് പറഞ്ഞപ്പോള്‍ ഇസ്ലാമിന് വേണ്ടി കുറച്ച് കാലം കൂടി ജീവിക്കാന്‍ ആഗ്രഹിച്ച് പോയ അദ്ദേഹം അങ്ങിനെ പറഞ്ഞുപോയി. ഉടനെ മുത്ത് റസൂലി(റ)ന്റെ അടുത്ത് ചെന്ന് സങ്കടപ്പെട്ടു വിവരം പറഞ്ഞു. നബി(സ്വ)യുടെ ചോദ്യം ഇതായിരുന്നു: 'ആ വാക്ക് മൊഴിയുമ്പോള്‍ നിന്റെ മനസ്സ് എങ്ങനെയായിരുന്നു?' അമ്മാര്‍(റ) പറഞ്ഞു: 'എന്റെ മനസ്സ് ഈമാനില്‍ തന്നെയായിരുന്നു.(ഒരു ചാഞ്ചല്യവുമുണ്ടായിരുന്നില്ല)' 'എന്നാല്‍ നീ പറഞ്ഞത് നിനക്ക് പ്രയാസമുവുകയില്ലെന്ന്' മുത്ത് നബി പറയുകയുണ്ടായി.

മനുഷ്യന്‍ എന്ത് ചെയ്യുകയാണെങ്കിലും അത് ബാഹ്യപ്രകടനമായി പുറത്ത് സംഭവിക്കുന്നതിന് മുമ്പ് അവന്റെ മനസ്സില്‍ അത് ചെയ്യേണ്ടതിന്റെ രൂപരേഖ വരച്ച് ഒരു തവണ ചെയ്ത് കഴിഞ്ഞിട്ടുണ്ടാവും. അതാണ്  ആദ്യം നമ്മള്‍ നന്നാക്കേണ്ടത്. അപ്പോഴാണ് നിയ്യത്തും ലക്ഷ്യവും ശരിപ്പെടുത്തേണ്ടതും. ഇസ്‌ലാമിക മാര്‍ഗത്തില്‍ ഘോരമായി പടവെട്ടിക്കൊണ്ടിരിക്കുന്ന ഒരു വ്യക്തിയെ നോക്കി അദ്ദേഹം നരകത്തിലാണെന്ന് മുത്ത് നബി(സ്വ)വ്യക്തമാക്കിയപ്പോള്‍ സ്വഹാബത്ത് അമ്പരന്നു. കുറച്ച് കഴിഞ്ഞ് യുദ്ധക്കളത്തില്‍ വീണ അദ്ദേഹം സ്വന്തം ശരീരത്തില്‍ കുത്തി മരിക്കുന്നത് കണ്ടപ്പോഴാണ് സ്വഹാബതിന് നബിയുടെ പ്രവചനത്തിന്റെ പൊരുള്‍ മനസ്സിലായത്. അഥവാ, ചെയ്യുന്ന പ്രവര്‍ത്തനത്തിലല്ല, അതിന്റെ ഇഖ്‌ലാസിലും നിയ്യത്തിലുമാണ് കാര്യം.

നമ്മുടെ മനസ്സുകളിലെ പാപക്കറകള്‍ കഴുകിക്കളഞ്ഞ് അല്ലാഹുവിന്റെ സാമീപ്യം കരസ്ഥമാക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ ചെയ്താല്‍ മാത്രമേ നമുക്കും രക്ഷപ്പെടാന്‍ സാധിക്കുകയുള്ളൂ. അതിനുള്ള അഞ്ച് വഴികള്‍  മഹാനായ ശൈഖ് സൈനുദ്ദീന്‍ മഖ്ദൂം(റ)തന്റെ അദ്കിയായില്‍ പറയുന്നുണ്ട്.  അര്‍ത്ഥം ആലോചിച്ചുള്ള ഖുര്‍ആന്‍ പാരായണവും വയര്‍ നിറച്ച് ഭക്ഷണം കഴിക്കാതിരിക്കലും രാത്രി നിസ്‌കാരം പതിവാക്കലും അത്താഴ നേരത്ത് പ്രാര്‍ത്ഥന കൊണ്ട് റബ്ബിലേക്കടുക്കലും സ്വാലിഹീങ്ങളോടുള്ള സഹവാസവുമാണത്. ബിംബാരാധനകൊണ്ടും കൊലപാതകങ്ങളാലും മനസ്സ് മരവിച്ചിരുന്ന സമൂഹത്തെ ഖുര്‍ആന്‍ പരിവര്‍ത്തനം നടത്തിയാണ് ഇസ്‌ലാമിലേക്ക് നയിച്ചത്. മനുഷ്യാത്മാവിനും ബുദ്ധിക്കും വേണ്ട അന്നവും ശാരീരിക സുരക്ഷയും ഇരുലോകവിജയവും ഖുര്‍ആനിലേക്കുള്ള നോട്ടം കൊണ്ടു തന്നെ ലഭിക്കുമെന്ന് മഹത്തുക്കള്‍ പറഞ്ഞിട്ടുണ്ട്. അതിന്റെ പാരായണം വഴി മനുഷ്യന്റെ നാവും മനസ്സും ഒരേ സമയം ശുദ്ധിയാക്കപ്പെടുകയാണ്.  

വയര്‍ നിറച്ച് ഭക്ഷണം കഴിച്ചാല്‍ ശരീരഭാരവും ഹൃദയകാഠിന്യവും ബൂദ്ധിക്ഷയവും ഉണ്ടാവുകയും അലസത വര്‍ദ്ധിക്കുന്നതോടൊപ്പം നന്‍മകള്‍ ചെയ്യുന്നതിനോട് വിരക്തിയനുഭവപ്പെടുകയും ഒരു വിഷയത്തിലും ഏകാഗ്രത ലഭിക്കാതെ തിന്‍മയിലേക്ക് അവന്റെ ചിന്ത വഴുതിപ്പോവുകയും ചെയ്യും. അത്‌കൊണ്ടാണ് വയര്‍ നിറച്ച് ഭക്ഷണം കഴിക്കാതിരുന്നാല്‍ ഹൃദയം ശുദ്ധിയാകുമെന്ന് പറഞ്ഞത്. രാത്രിയിലെ നിസ്‌കാരം അധികരിപ്പിച്ചാല്‍ തഖ്‌വ വര്‍ദ്ധിക്കുകയും ഏകാഗ്രതയോടെ റബ്ബിനെ ആലോചിക്കുവാനും സാധിക്കും. അത്താഴനേരത്ത് ചെയ്ത തെറ്റുകളാലോചിച്ച് കണ്ണ്‌നീര്‍ വാര്‍ത്ത് ഏകചിത്തനായി പ്രാര്‍ത്ഥിച്ചാല്‍ നിസ്സംശയം ഉത്തരം ലഭിക്കുമെന്ന് മഹത്തുക്കള്‍ നമ്മെ പഠിപ്പിക്കുന്നു. 

സദ്‌വൃത്തരോടുള്ള സഹവാസമാണ് അവസാനമായി പറഞ്ഞത്. 'വിശ്വാസികളെ, നിങ്ങള്‍ അല്ലാഹുവിനെ സൂക്ഷിക്കുകയും സത്യസന്ധരോടൊപ്പമാവുകയും ചെയ്യുക'(9:119) എന്ന ഖുര്‍ആനികോപദേശം ഇതു തന്നെയാണ് സൂചിപ്പിക്കുന്നത്. നിങ്ങള്‍ നല്ല കൂട്ടുകാരെ സൃഷ്ടിക്കുക, അവര്‍ നിങ്ങള്‍ക്ക് പരലോകത്ത് ശുപാര്‍ഷകരാവുന്നതാണെന്ന തിരുവചനവും ഇതിന് ബലമേകുന്നു. ഒരു മനുഷ്യന്‍ തന്റെ കൂട്ടുകാരന്റെ ചര്യയിലായിരിക്കും. അത്‌കൊണ്ട് നിങ്ങളിലോരോരുത്തരം ആരോടാണവന്‍ ചങ്ങാത്തം പുലര്‍ത്തുന്നതെന്ന് ചിന്തിക്കട്ടെ എന്നും മുത്ത്‌നബി(സ്വ) ആഹ്വാനം ചെയ്തിട്ടുണ്ട്.

ഈ ഭൗതിക ജീവിതം നശ്വരമാണെന്നും ഇതിന് ശേഷം പരലോകജീവിതമാണ് പ്രധാനമെന്ന് വിശ്വസിച്ച് ജീവിക്കുന്ന നാമെല്ലാവരും ആ ജീവിതത്തിലേക്കുള്ള പാഥേയമൊരുക്കുന്നതില്‍ കൂറച്ച് കൂടി ജാഗ്രത പുലര്‍ത്തേണ്ടതുണ്ട്. ഓരോ വസ്തു തുരുമ്പ് പിടിക്കുമ്പോഴും അത് കഴുകിക്കളയാന്‍ ചില വസ്തുക്കളുണ്ട്. ഹൃദയം തുരുമ്പ് പിടിച്ചാല്‍ അത് ശുദ്ധിയാക്കാന്‍ മരണചിന്ത വര്‍ദ്ധിപ്പിക്കലാണ് മാര്‍ഗമെന്ന് ഹദീസുകളിലുണ്ട്. പരലോകത്ത് റബ്ബിന്റെ മുന്നില്‍ തന്റെ ഓരോ ചലനങ്ങളെയും മനനങ്ങളേയും സംബന്ധിച്ച് കൃത്യമായി മറുപടി പറയേണ്ടി വരുമെന്ന ഭയത്തോടെ അല്ലാഹുവിനെ സൂക്ഷിച്ച് മനസ്സിനെ നിയന്ത്രിച്ച് ജീവിക്കുന്നവര്‍ക്ക് രക്ഷയുണ്ടെന്ന് ഖുര്‍ആന്‍ പറയുന്നു. ''അപ്പോള്‍(ധിക്കാരത്തില്‍)അതിരുവിടുകയും ഐഹിക ജീവിതത്തിന് പ്രാധാന്യം കൊടുക്കുകയും ചെയ്തവന്‍ ആരോ, നരകം തന്നെയാണ് അവന്റെ സങ്കേതം. തന്റെ റബ്ബിന്റെ സ്ഥാനം ഭയപ്പെടുകയും മനസ്സിനെ ദേഹേച്ഛയില്‍ നിന്ന് തടയുകയും ചെയ്തവനാരോ നിശ്ചയം സ്വര്‍ഗം തന്നെയാണ് അവന്റെ സങ്കേതം''(79: 37,38,39,40,41). അല്ലാഹുവിന്റെ ഇഷ്ടദാസനായി ജീവിക്കാന്‍ റബ്ബ് നമ്മെ അനുഗ്രഹിക്കട്ടെ . ആമീന്‍.


  

Post a Comment

Previous Post Next Post