🖋ഡോ. ഇസ്മാഈല്‍ ഹുദവി. ചെമ്മലശ്ശേരി


വിശുദ്ധദീനിന്റെ പൂര്‍ത്തീകരണത്തിന് നിയോഗിതരായ തിരുനബി(സ്വ)യുടെ പ്രബോധന ഘട്ടത്തില്‍ പ്രതിരോധത്തിന് വേണ്ടി ചിലപ്പോഴെല്ലാം ചില സംഘട്ടനങ്ങള്‍ നടന്നിട്ടുണ്ടെന്നത് യാഥാര്‍ത്ഥ്യമാണ്. ചില ഘട്ടങ്ങളിലെല്ലാം തിരുനബി(സ്വ) നേരിട്ടും, പലപ്പോഴും അവിടന്ന് നിശ്ചയിക്കുന്ന സ്വഹാബിമാരുടെ നേതൃത്വത്തിലുമാണ് ഈ സംഘട്ടനങ്ങള്‍ നടന്നിരുന്നത്. റസൂലുല്ലാഹി(സ്വ)യുടെ നേതൃത്വത്തില്‍ നടന്ന സൈനികനീക്കങ്ങള്‍ക്ക് 'ഗസ്‌വത്' എന്നും, അവിടന്ന് പങ്കെടുക്കാത്തവ 'സരിയ്യത്' എന്നുമാണ് പറയപ്പെടുന്നത്. വ്യത്യസ്ഥ സാഹചര്യങ്ങളില്‍ നടന്ന പലവിധ ചെറുത്ത് നില്‍പ്പുകളും ഈ ഗണത്തില്‍ എണ്ണപ്പെടുന്നുണ്ട്. ശത്രുക്കളെ നിരീക്ഷിക്കല്‍, ഭയപ്പെടുത്തല്‍, വഴി പ്രതിരോധിക്കല്‍, കൊള്ളസംഘത്തെ തുരത്തല്‍, സന്ധി ലംഘിച്ചവര്‍ക്കെതിരെ തിരിയല്‍ തുടങ്ങി പല ലക്ഷ്യങ്ങളില്‍ നടന്ന ചെറുതും വലുതുമായ സൈനിക നീക്കങ്ങളെല്ലാം 'ഇസ്‌ലാമിലെ യുദ്ധങ്ങള്‍' എന്ന പേരില്‍ തന്നെയാണ് അറിയപ്പെടുന്നത്. ഇസ്‌ലാമിലെ യുദ്ധങ്ങള്‍ എന്ന് കേള്‍ക്കുമ്പോഴേക്ക് ലോകമഹായുദ്ധങ്ങളെപ്പോലെ അവയെ വിലയിരുത്തുന്നതും താരതമ്യപ്പെടുത്തുന്നതും മൗഢ്യമാണെന്ന് ഏവര്‍ക്കും ബോധ്യമാവുന്ന സത്യമാണ്.


ഗസ്‌വതുകളും, സരിയ്യതുകളും മൊത്തം പരിശോധിച്ചാല്‍ നൂറില്‍ താഴെയാണെന്നാണ് ചരിത്ര രേഖകളില്‍ നിന്ന് ബോധ്യമാവുന്നത്. മാത്രവുമല്ല, ഇവകളില്‍ യുദ്ധം സംഭവിക്കാതെ കേവലം സൈനിക നീക്കങ്ങള്‍ മാത്രം നടന്നവയും കൂട്ടത്തില്‍ എണ്ണപ്പെടുന്നുണ്ട്. മൊത്തം പോരാട്ടങ്ങളില്‍ മുസ്‌ലിം പക്ഷത്ത് നിന്നും, ശത്രു പക്ഷത്തുനിന്നും കൊല്ലപ്പെട്ടവരുടേയും, ബന്ധികളാക്കപ്പെട്ടവരുടേയും എണ്ണം ലോക മഹായുദ്ധങ്ങളില്‍ നടന്ന ജീവഹാനിയേക്കാള്‍ എത്രയോ തുഛമാണെന്നത് നഗ്നസത്യമാണ്. മൊത്തം സൈനിക നീക്കങ്ങളില്‍(82) ഇരുപക്ഷത്തു നിന്നുമായി വധിക്കപ്പെട്ടവര്‍ 1018ഉം, തടവിലാക്കപ്പെട്ടവര്‍ 6565മാണ്. ഇവരില്‍ തന്നെ 6347പേരെ ഒരു ഉപാധിയുമില്ലാതെ നബി(സ്വ) സ്വതന്ത്രമാക്കുകയാണുണ്ടായത്. രണ്ട് തടവുകാര്‍ മാത്രമാണ് വധിക്കപ്പെട്ടത്. ഖാളി സുലൈമാന്‍ മന്‍സ്വൂര്‍പൂരി തന്റെ റഹ്മതുന്‍ലില്‍ആലമീന്‍ എന്ന ഗ്രന്ഥത്തില്‍ നല്‍കിയ 82 സൈനികനീക്കങ്ങളുടെ ചാര്‍ട്ടില്‍ ഈ കണക്ക് കൃത്യമായി വിവരിച്ചിട്ടുണ്ട്. 


1914 മുതല്‍ 1918 വരെ നടന്ന ഒന്നാം ലോകമഹായുദ്ധത്തിലും, 1939 മുതല്‍ 1945 വരെ നടന്ന രണ്ടാം ലോക മഹായുദ്ധത്തിലും സംഭവിച്ച ആള്‍നാശങ്ങളുടെ കണക്കുകളുമായി തുലനം ചെയ്യുമ്പോള്‍ 1018 എന്നത് എത്രയോ നിസ്സാരമാണ്. കാരണം ഓരോ രാജ്യങ്ങള്‍ക്കും ഈ രണ്ട് ലോകയുദ്ധങ്ങളില്‍ നഷ്ടമായത് ലക്ഷക്കണക്കിന് പൗരന്‍മാരെയാണ്. മറ്റു നാശനഷ്ടങ്ങള്‍ പുറമെയും. അത് പോലെ ഹിരോഷിമ, നാഗസാക്കി ദുരന്തങ്ങളില്‍ പൊലിഞ്ഞുപോയ ജീവനുകളെത്ര?!! തലമുറകളായി അതിന്റെ ദുരന്തം പേറുന്ന ജന്‍മങ്ങള്‍ വേറെയും. പുരാണങ്ങളിലെ മഹാഭാരതയുദ്ധങ്ങളും പ്രാചീനയുദ്ധങ്ങളും വായിക്കുമ്പോള്‍ അവയിലെ ജീവഹാനികളും നമുക്ക് ബോധ്യമാവും. ഏഴോളം കുരിശുയുദ്ധങ്ങളിലും നൂറോളം വര്‍ഷങ്ങള്‍ നീണ്ടു നിന്ന ട്രോജന്‍യുദ്ധങ്ങളും ബാക്കിവെച്ചത് കുമിഞ്ഞുകൂടിയ കബന്ധങ്ങള്‍ മാത്രമാണ്. യാഥാര്‍ത്ഥ്യം ഇപ്രകാരമെങ്കിലും അതിന് നേരെ കണ്ണടക്കുന്നവര്‍ വര്‍ദ്ധിച്ചു വരികയാണ്.


ഇസ്‌ലാമിക നിയമങ്ങള്‍ പഠിപ്പിക്കുന്ന വിശുദ്ധഖുര്‍ആനില്‍ അത്യാവശ്യഘട്ടങ്ങളില്‍ അഭിമുഖീകരിക്കേണ്ട യുദ്ധത്തെ സംബന്ധിച്ചും നിരവധി സൂക്തങ്ങളുണ്ട്. വ്യത്യസ്ഥ ഘട്ടങ്ങളില്‍ സന്ദര്‍ഭോജിതമായി ഇറങ്ങിയ ഈ സൂക്തങ്ങളുടെ അവതരണപശ്ചാതലം(സബബുന്നുസൂല്‍) വിശുദ്ധഖുര്‍ആന്‍ വിശദീകരിച്ചു തന്ന മുഫസ്സിറുമാര്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ഖുര്‍ആന്‍ മനസ്സിലാകണമെങ്കില്‍ ഈ അവതരണപശ്ചാതലമറിയല്‍ നിര്‍ബന്ധമാണ്. 


വിശുദ്ധഖുര്‍ആനിലെ യുദ്ധം പരാമര്‍ശിക്കുന്ന സൂക്തങ്ങളിലെ ലക്ഷ്യവും അവതരണ പശ്ചാതലവും മറച്ച് വെച്ച്, അവയെ സന്ദര്‍ഭത്തില്‍ നിന്ന് അടര്‍ത്തിയെടുത്ത്, ഏറ്റവും വലിയ മാനവിക മൂല്യങ്ങള്‍ പഠിപ്പിക്കുന്ന ഖുര്‍ആന്‍ നിരോധിക്കണമെന്ന് മുറവിളികൂട്ടുന്നവരും, ഇസ്‌ലാം അസഹിഷ്ണുതയുടെ മതമാണെന്ന് ആരോപിക്കുന്നവരും, കോടതികളില്‍ ഖുര്‍ആന്‍ നിരോധിക്കാന്‍ വേണ്ടി കേസ് ഫയല്‍ ചെയ്തവരുമുണ്ട്. കേസുകള്‍ തള്ളിപ്പോയെങ്കിലും പൊതുസമൂഹത്തെ തെറ്റിദ്ധരിപ്പിക്കും വിധം ഖുര്‍ആനിക വചനങ്ങള്‍ക്ക് തെറ്റായ അര്‍ത്ഥങ്ങള്‍ നല്‍കി ലഘുലേഖകള്‍ അച്ചടിച്ചു വിതരണം ചെയ്യുകയും വ്യത്യസ്ഥ ഭാഷകളില്‍ അതിന്റെ കോപ്പികള്‍ അവര്‍ പ്രചരിപ്പിക്കുകയും ചെയ്തു. 24ഓളം സൂക്തങ്ങള്‍ അവര്‍ ഇപ്രകാരം ദുരുപയോഗം ചെയ്തിട്ടുണ്ടെത്രെ.


എന്നാല്‍ ഇസ്‌ലാം വിഭാവനം ചെയ്യുന്ന മാനവികതയും, സഹിഷ്ണുതയും ചരിത്രത്തില്‍ അതുല്യവും മാതൃകാപരവുമാണ്. പക്ഷെ, മാനവസമൂഹത്തിന്റെ ഇരുലോക വിജയത്തിന് നിധാനമായ ഒരു ജീവിത വ്യവസ്ഥിതി എന്ന നിലയില്‍ മതം സമൂഹത്തില്‍ വേരൂന്നുന്നതിന് വേണ്ടി ചില ഘട്ടങ്ങളില്‍ യുദ്ധം ചെയ്യേണ്ടി വരികയും ആഹ്വാനം നല്‍കുകയും ചെയ്തിട്ടുണ്ട് എന്നത് വസ്തുതയാണ്. അങ്ങിനെയുള്ള യുദ്ധഘട്ടങ്ങളില്‍ പോലും സഹിഷ്ണുതയും മാനവികസ്‌നേഹവും കരുണയും തുളുമ്പുന്ന സമ്പവങ്ങള്‍ ധാരാളം കാണാന്‍ കഴിയും.


നബി(സ്വ)യുടെ നാല്‍പ്പതാം വയസ്സില്‍ വഹ്‌യിന്റെ ആരംഭത്തോടെ ഇസ്‌ലാമിക പ്രബോധനമാരംഭിച്ച തിരുനബി(സ്വ)യും, ഇസ്‌ലാം സ്വീകരിച്ച അനുചരരും നിരവധി പ്രതിസന്ധി ഘട്ടങ്ങളിലൂടെയാണ് കടന്നുപോയിരുന്നത്. ചരിത്രം അത് വിവരിച്ചിട്ടുമുണ്ട്. ആത്മരക്ഷാര്‍ത്ഥം പ്രഥമ ഘട്ടത്തില്‍ ഏത്യോപ്യയിലേക്ക് പോയ മുസ്‌ലിം സംഘത്തിന് അവിടെയും സ്വസ്ഥത നഷ്ടപ്പെടുത്തിയവരാണ് ശത്രുക്കള്‍. പിന്നീട് മദീനക്കാരുമായുള്ള ഉടമ്പടിയുടെ അടിസ്ഥാനത്തില്‍ മദീനയില്‍ അഭയം തേടാന്‍ ഹിജ്‌റ പോയിരുന്നവരെ അവര്‍ തടഞ്ഞുവെക്കുകയും, പീഢിപ്പിക്കുകയും, തിരുനബി(സ്വ)യെ വധിക്കാന്‍ പ്ലാനിംഗ് നടത്തുകയുമുണ്ടായി. 


ഹിജ്‌റക്ക് ശേഷം മദീനയിലെത്തിയിട്ടും മുസ്‌ലിംകളുടെ സ്വസ്ഥത നഷ്ടപ്പെടുത്താന്‍ ശത്രുക്കള്‍ കിണഞ്ഞ് ശ്രമിച്ചു. മദീനയിലെ വാസകാലത്ത് ശാമിലേക്കും മറ്റും അത് വഴി കച്ചവടത്തിന് പോകുന്ന സംഘങ്ങളെ നിരീക്ഷിക്കാന്‍ പലഘട്ടങ്ങളിലും നബി(സ്വ) ചിലരെ ചുമതലപ്പെടുത്തിയിരുന്നു. അബൂസുഫ്‌യാന്റെ നേതൃത്വത്തില്‍ പോയ കച്ചവടസംഘം തിരിച്ചുവരുമ്പോള്‍ അവരെ തടയാന്‍ വേണ്ടി അനുയായികളെ സജ്ജമാക്കിയ വിവരം അവര്‍ക്ക് ലഭ്യമായതോടെ ളംളമുബ്‌നുല്‍ഗിഫാരിയെ മക്കയിലേക്കയച്ചു തെറ്റിദ്ധാരണ പരത്തി സഹായം ചോദിക്കുകയും, അബൂജഹ്‌ലിന്റെ നേതൃത്വത്തില്‍ ആയിരം പടയാളികള്‍ യുദ്ധത്തിന് പുറപ്പെടുകയും ചെയ്തു. അബൂസുഫ്‌യാനും സംഘവും രക്ഷപ്പെട്ടന്ന വിവരം ലഭിച്ചിട്ടും ശത്രുവിനെ ഉന്‍മൂലനാശം വരുത്താം എന്ന നിശ്ചയത്തോടെത്തന്നെയാണ് അബൂജഹ്‌ലും കൂട്ടരും വന്നത്. അന്നേരമാണ് യുദ്ധാനുമതിയുമായി ഖുര്‍ആനിലെ വചനം ആദ്യമായി ഇറങ്ങിയത്. അഥവാ മക്കയിലെ 13 വര്‍ഷവും, ഹിജ്‌റ കഴിഞ്ഞ് രണ്ട്  വര്‍ഷവും കഴിഞ്ഞ്!!!. 


സൂറതുല്‍ഹജ്ജ്(അധ്യായം 22) സൂക്തം 39, 40 ആയതുകളാണ് യുദ്ധം സംബന്ധമായി ഇറങ്ങിയ ആദ്യ സൂക്തങ്ങള്‍. 'അക്രമവിധേയരായിരിക്കുന്നു എന്ന കാരണത്താല്‍ യുദ്ധം അടിച്ചേല്‍പ്പിക്കപ്പെടുന്നവര്‍ക്ക് തിരിച്ചടിക്കാന്‍ ഇതാ അനുമതി നല്‍കുകയാണ്. അവരെ സഹായിക്കുവാന്‍ കഴിവുള്ളവര്‍ തന്നെയാണ് അല്ലാഹു. തങ്ങളുടെ നാഥന്‍ അല്ലാഹുവാണ് എന്ന് പറയുന്നതിന്റെ പേരില്‍ മാത്രം തീര്‍ത്തും ന്യായ രഹിതമായി സ്വഗൃഹങ്ങളില്‍ നിന്ന് ബഹിഷ്‌കൃതരായവരത്രേ അവര്‍. ചിലയാളുകളെ മറ്റു ചിലരെ കൊണ്ട് അവന്‍ പ്രതിരോധിക്കുന്നില്ലായിരുന്നെങ്കില്‍ ഒട്ടേറെ സന്യാസി മഠങ്ങളും ക്രിസ്തീയ ദേവാലായങ്ങളും ജൂതസിനഗോകുളും ദൈവനാമം ധാരാളമായി അനുസ്മരിക്കപ്പെടുന്ന മസ്ജിദുകളും തകര്‍ക്കപ്പെട്ടിരുന്നേനെ. തന്നെ സഹായിക്കുന്നവരെ നിശ്ചയം അല്ലാഹു സഹായിക്കും. ശക്തനും പ്രതാപിയും തന്നെയത്രെ അവന്‍'. യുദ്ധത്തിന് ആഹ്വാനം നടത്തുക മാത്രമല്ല ഖുര്‍ആന്‍ ചെയ്തത്, മറിച്ച് യുദ്ധം ആരോടായിരിക്കണമെന്നും എങ്ങനെയായിരിക്കണമെന്നും കൃത്യമായി വിവരിക്കുന്നുണ്ട്. സൂറതുല്‍ബഖറയില്‍ 190ആം സൂക്തത്തില്‍ കാണാം 'ഇങ്ങോട്ട് യുദ്ധം ചെയ്യുന്നവരുമായി അല്ലാഹുവിന്റെ മാര്‍ഗ്ഗത്തില്‍ നിങ്ങളങ്ങോട്ടും യുദ്ധം ചെയ്യുക. പരിധിവിട്ട് പ്രവര്‍ത്തിക്കരുത്. അതിക്രമകാരികളെ അല്ലാഹു സ്‌നേഹിക്കുകയില്ല തന്നെ'(2: 190).


പീഢനങ്ങളുടെ കാലങ്ങള്‍ നിരവധി കഴിഞ്ഞ്, പ്രത്യേക സാഹചര്യത്തിലാണ് യുദ്ധാനുമതി ലഭിച്ചതെന്നും, അപ്പെഴും ഇങ്ങോട്ട് യുദ്ധം ചെയ്തവരോട് മാത്രമേ യുദ്ധം ചെയ്യാവൂ, അതിക്രമം പാടില്ല എന്നും പറയുന്ന ഖുര്‍ആനിക വചനങ്ങള്‍ തന്നെ ഇസ്‌ലാമിന്റെ സഹിഷ്ണുതയുടേയും കരുണയുടേയും വലിയ ദൃഷ്ടാന്തമാണ്. മാത്രവുമല്ല, സൈനിക നീക്കങ്ങള്‍ നടത്തുമ്പോള്‍ തിരുനബി(സ്വ)യും സ്വിദ്ദീഖുല്‍അക്ബര്‍(റ)വുമെല്ലാം സൈനിക നേതാക്കള്‍ക്ക് നല്‍കിയ നിര്‍ദേശങ്ങളും ഇതോടൊപ്പം ചേര്‍ത്ത് വായിക്കേണ്ടതുണ്ട്. 'നിങ്ങള്‍ വഞ്ചിക്കരുത്. ചെറിയകുട്ടികളെയും വൃദ്ധരേയും ആരാധനാലയങ്ങളില്‍ കഴിയുന്നവരേയും സ്ത്രീകളേയും അവിഹിതമായി വധിക്കരുത്. യുദ്ധത്തില്‍ പങ്കെടുത്തവരെത്തന്നെ അംഗവിഛേധം നടത്തരുത്. ഫലം കായ്ക്കുന്ന മരങ്ങള്‍ മുറിക്കുകയോ, കൃഷിയിടങ്ങള്‍ നശിപ്പിക്കുകയോ അരുത്' തുടങ്ങിയ നിര്‍ദ്ദേശങ്ങള്‍ അതില്‍ സുപ്രധാനമായിരുന്നു.


പ്രബഞ്ചനാഥന്റെ തൗഹീദ് അംഗീകരിക്കാന്‍ തയ്യാറാവാത്തതിന് പുറമെ, ആ വിശ്വാസം നെഞ്ചേറ്റിയവരെ കൊടിയ മര്‍ദ്ധനങ്ങള്‍ക്ക് വിധേയമാക്കിയപ്പോഴാണ് യുദ്ധാനുമതി ലഭിച്ചത് തന്നെ. അപ്പോഴും അല്ലാഹുവിന്റെ പ്രീതിമാത്രമേ ലക്ഷ്യമാവൂ എന്ന് പ്രത്യേകം ഓര്‍മ്മപ്പെടുത്തുന്നുമുണ്ട്. തന്റെ മുന്നില്‍ പെട്ട ശത്രു പ്രാണരക്ഷാര്‍ത്ഥം ശഹാദത് കലിമ ചൊല്ലിയിട്ടും അദ്ദേഹത്തെ വധിച്ചുകളഞ്ഞ സ്വഹാബിവര്യനെ നബി(സ്വ)ശകാരിച്ചത് ഇസ്‌ലാമിക യുദ്ധങ്ങളുടെ ലക്ഷ്യമെന്തായിരുന്നുവെന്നതിന് സാക്ഷ്യമാണ്.  യുദ്ധവേളയില്‍ തന്റെ മുഖത്തേക്ക് തുപ്പിയ ശത്രുവിനെ വെട്ടാന്‍ പാകത്തില്‍ കഴുത്ത് കിട്ടിയിട്ടും വധിക്കാതെ കാല് പിന്നോട്ട് വെക്കാന്‍ അലി(റ) പ്രോചോദിപ്പിച്ചതും ഈ നിയ്യതിലെ ഇഖ്‌ലാസ്വ് തന്നെയാണ്.


മുസ്‌ലിംകള്‍ ഒരിക്കലും ആഗ്രഹിക്കാത്ത കാര്യമായിരുന്നു ബദ്‌റില്‍ വെച്ച് ഒരു യുദ്ധം. പക്ഷെ, ശത്രുവിന്റെ കുടിലതന്ത്രം നേരിടാന്‍ അല്ലാഹു അനുമതി നല്‍കുകയും മലക്കുകളെ ഇറക്കി മുസ്‌ലിംപക്ഷത്തെ സഹായിക്കുകയും, ശത്രുമനസ്സില്‍ ഭയം നിറച്ച് അവരെ ദുര്‍ബലരാക്കുകയും ചെയ്ത് സത്യവിശ്വാസികള്‍ക്ക് അല്ലാഹു സഹായം നല്‍കിയത് ഖുര്‍ആനില്‍ വിവിധ ഇടങ്ങളില്‍ അല്ലാഹു ഓര്‍മ്മപ്പെടുത്തിയിട്ടുണ്ട്. 


സൂറതുത്തൗബയിലെ ചില സൂക്തങ്ങളാണ് തുരുപ്പ്ശീട്ടായി ശത്രു എടുക്കാറുള്ള മറ്റൊന്ന്. എന്നാല്‍ ആരുടെ വിഷയത്തിലാണ് ഇവകള്‍ അവതരിച്ചതെന്നും, അതിന്റെ സാഹചര്യം എന്തന്നും ബോധ്യപ്പെട്ടവര്‍ക്ക് ഖുര്‍ആന്‍ സത്യത്തിന്റെ പക്ഷത്താണെന്ന് സുവ്യക്തമാകുന്നതാണ്. ഹിജ്‌റ ആറാം വര്‍ഷം ഉംറ ചെയ്യാന്‍ യാത്ര പുറപ്പെട്ട നബി(സ്വ)യേയും അനുയായികളേയും ഉംറ ചെയ്യാന്‍ അനുവദിക്കാതെ ശത്രുക്കള്‍ തടഞ്ഞുവെച്ചു. അന്നേരം ദീര്‍ഘമായ സന്ധി സംഭാഷണങ്ങള്‍ക്കൊടുവില്‍ ഇരുപക്ഷവും ചില കരാറുകളില്‍ ഒപ്പ് വെച്ചു. പ്രത്യക്ഷത്തില്‍ മുസ്‌ലിം വിരുദ്ധമായ നിബന്ധനകളുള്‍ക്കൊള്ളുന്ന കരാറായിരിന്നിട്ടും മക്കാമുശ്‌രിക്കുകളില്‍ ചിലര്‍ തന്നെയാണ് ആദ്യമായി കരാര്‍ ലംഘിച്ചത്.  അന്നേരം അവരുമായി സ്വീകരിക്കേണ്ട നിലപാട് വിശദീകരിച്ചാണ് ഉപര്യുക്ത സൂക്തങ്ങള്‍ അവതീര്‍ണ്ണമാകുന്നത്.


സന്ധിലംഘിക്കുകയും ചതിക്കുകയും ചെയ്തവരോട് മാത്രമാണ് യുദ്ധപ്രഖ്യാപനമെന്ന്  ഈ സൂക്തങ്ങളില്‍ നിന്ന് സുവ്യക്തമാവുന്നതാണ്. ലംഘിക്കാത്തവരെ അക്രമിക്കരുതെന്ന് വ്യക്തമായിത്തന്നെ കല്‍പ്പനയുണ്ട്. മുന്‍ അധ്യായത്തിലെ തന്നെ നാല്, ഏഴ് സൂക്തങ്ങള്‍ ഇതിന് തെളിവാണ്. മാത്രവുമല്ല, കരാര്‍ ലംഘകര്‍ക്ക് തങ്ങളുടെ നിലപാട് പുനപ്പരിശോധിക്കാന്‍ നാല് മാസത്തെക്ക് അവധി നീട്ടിക്കൊടുക്കുക കൂടി ചെയ്ത ശേഷവും ചതി തുടരുകയാണെങ്കിലാണ് യുദ്ധാഹ്വാനമുള്ളത്. 


പക്ഷെ, ഈ അധ്യായത്തിലെ അഞ്ച്, പതിനാല് സൂക്തങ്ങള്‍ മാത്രം അടര്‍ത്തിയെടുത്ത് മുസ്‌ലിംകള്‍ യുദ്ധക്കൊതിയന്‍മാരാണെന്നും, ഖുര്‍ആന്‍ അമുസ്‌ലിംകളോട് ക്രൂരമായി വര്‍ത്തിക്കാന്‍ ആഹ്വാനം ചെയ്യുന്ന ഗ്രന്ഥമാണെന്നും വാചാടോപം നടത്തുന്നവരുണ്ട്. പൊതുസമൂഹത്തെ തെറ്റിദ്ധരിപ്പിച്ച് പരിശുദ്ധമതത്തേയും വക്താക്കളേയും ഖുര്‍ആനിനേയും തെററിദ്ധരിപ്പിക്കാനുള്ള കുത്സിത ശ്രമമാണിതെന്ന് പറയാതെ വയ്യ. 


മുസ്‌ലിംകള്‍ക്കൊപ്പം ജീവിച്ചിരുന്ന ജൂത, ക്രൈസ്തവരില്‍ ശത്രുതാപരമായി ഇസ്‌ലാമിനോട് വര്‍ത്തിക്കാത്തവരോട് മാന്യമായ രൂപത്തില്‍ വര്‍ത്തിക്കണമെന്ന് തന്നെയാണ് ഖുര്‍ആന്‍ നിര്‍ദേശിക്കുന്നത്. പക്ഷെ, ശത്രുതാപരമായി വര്‍ത്തിക്കുന്നവരെ നിങ്ങള്‍ സഹായികളാക്കരുതെന്നും, ആക്കുന്നവര്‍ അവരുടെ ഗണത്തില്‍ പെട്ടവരായി ഗണിക്കപ്പെടുമെന്ന മുന്നറിയിപ്പും ഇസ്‌ലാം നല്‍കിയിട്ടുണ്ട്. 


ഇവ്വിഷയത്തില്‍ വന്ന ചില ആയത്തുകളും വളച്ചൊടിക്കാന്‍ ശത്രുക്കള്‍ ഉപയോഗപ്പെടുത്താറുണ്ട്. വേദഗ്രന്ഥങ്ങള്‍ നല്‍കപ്പെട്ടിരുന്നവര്‍ക്ക് അവരുടെ മതത്തില്‍പെട്ടവര്‍ ഭരണം നടത്തിയിരുന്ന കാലത്ത് ലഭ്യമാവാത്ത സ്വാതന്ത്ര്യവും അവകാശ സംരക്ഷണവും മുസ്‌ലിം ഭരണാധികാരികളുടെ കീഴില്‍ ലഭിച്ചിരുന്നുവെന്നതിന് ധാരാളം തെളിവുകള്‍ ചരിത്രത്തില്‍ കാണാവുന്നതാണ്. കോണ്‍സ്റ്റാന്റിനോപ്പിളിലെ സമൂഹം ബൈസന്റിയന്‍ ചക്രവര്‍ത്തിയുടെ കാലത്ത് സഹിച്ച ത്യാഗങ്ങളും, മുസ്‌ലിംകള്‍ രാജ്യം കീഴടക്കിടയപ്പോള്‍ നേടിയ ആശ്വാസവും ഇതിന് ഒരു തെളിവാണ്. ഉമര്‍(റ) ഖലീഫയായിരുന്ന കാലത്ത് മാത്രം നിരവധി സംഭവങ്ങളാണ് ഇവ്വിഷയത്തില്‍ കാണുന്നത്. 


ചുരുക്കത്തില്‍ സമാധാന സംസ്ഥാപനത്തിന് അവതരിച്ച വിശുദ്ധ ഇസ്‌ലാം നിര്‍ബന്ധിത ഘട്ടങ്ങളില്‍ അനുവദിക്കുന്ന യുദ്ധത്തിനും നിശ്ചിത നിയമപരിമിതികള്‍ നിശ്ചയിച്ചിട്ടുണ്ട്. പല വിഷയങ്ങളിലും അസത്യം പ്രചരിപ്പിച്ച് ഇസ്‌ലാമിനേയും മുസ്‌ലികളേയും ഖുര്‍ആനിനേയും തെറ്റുദ്ധരിപ്പിക്കാന്‍ ശ്രമിക്കുന്നവര്‍ ഇവ്വിഷയത്തിലും അതേനിലപാട് സ്വീകരിച്ചു എന്നാണ് നാം മനസ്സിലാക്കുന്നത്. തെറ്റുദ്ധാരണ തിരുത്തേണ്ടത് നമ്മുടെ ബാധ്യതയാണ്. നമുക്ക് സഹിഷ്ണുതയോടെ ആ ബാധ്യത നിറവേറ്റാം..... നാഥന്‍ അനുഗ്രഹിക്കട്ടെ.


Post a Comment

Previous Post Next Post