കേരളചരിത്രത്തില്‍ അതുല്യനും പ്രതിഭാധനനുമായിരുന്ന  വ്യക്തിയായിരുന്നു മഹാനായ സി.എച്ച് മുഹമ്മദ്‌കോയാസാഹിബ്. മാപ്പിളലഹളയുടെ ബാക്കിപത്രമെന്നോണം അരികുവല്‍ക്കരിക്കപ്പെട്ട ഒരു സമൂഹത്തിലെ കണ്ണിയായി ജനിച്ച്, പൂര്‍ണ്ണമായും പ്രതികൂല സാഹചര്യങ്ങളോട് പോരാടി, അനിതര സാധാരണമായ തന്റെ പ്രാഗത്ഭ്യം കൊണ്ട് യുഗസ്രഷ്ടാവായി മാറി ചരിത്രം സൃഷ്ടിച്ച വ്യക്തിയാണ് സി.എച്ച്. രാഷ്ട്രീയക്കാരന്‍, പ്രഭാഷകന്‍, എഴുത്തുകാരന്‍, പത്രപ്രവര്‍ത്തകന്‍, സാഹിത്യകാരന്‍ തുടങ്ങി സര്‍വ്വമേഖലയിലും വജ്രശോഭയോടെ തിളങ്ങുകയും വ്യക്തിമുദ്ര പതിപ്പിക്കുകയും ചെയ്ത അദ്ദേഹം തൊട്ടതെല്ലാം പൊന്നാക്കിയ അതുല്യപ്രതിഭയായിരുന്നു.

1927 ജൂലൈ 15നാണ് പയ്യാംപുനത്തില്‍ ആലിമുസ്ലിയാരുടേയും ചെറിയാരന്‍കണ്ടി മറിയോമ്മയുടേയും പുത്രനായി മുഹമ്മദ്‌കോയ ജനിക്കുന്നത്. മതവിദ്യാഭ്യാസത്തോടൊപ്പം യൂനാനിചികിത്സാരീതിയും നാട്ടുവൈദ്യവും പഠിച്ചെടുത്ത പിതാവിന്റെയും പിതാമഹന്റെയും ശിക്ഷണത്തില്‍ വളര്‍ന്ന് 1933 ഒക്ടോബര്‍ 1ന് ചെറിയാരന്‍കണ്ടി തറവാടിനടുത്തുണ്ടായിരുന്ന കൊങ്ങന്നൂര്‍ എയിഡഡ് എലിമെന്ററി സ്‌കൂളില്‍ പാച്ചര്‍ മാസ്റ്ററുടെ ശിഷ്യനായി ചേര്‍ന്നു. തന്റെ നാല്‍പ്പത് വര്‍ഷത്തെ അധ്യാപന ജീവിതത്തില്‍ ഏറ്റവും പ്രഗത്ഭനായ ശിഷ്യന്‍ മുഹമ്മദ് കോയയാണ് എന്ന് പാച്ചര്‍ മാസ്റ്റര്‍ അനുസ്മരിച്ചിട്ടുണ്ട്. ഒരുവര്‍ഷത്തെ പഠനം കഴിഞ്ഞ് രണ്ടാം ക്ലാസ് മുതല്‍ വേളൂര്‍ മാപ്പിള എലമന്ററി സ്‌കൂളിലാണ് മുഹമ്മദ് കോയ പഠനം നടത്തിയത്. സി.എച്ചിന്റെ വ്യക്തിത്വം രൂപീകരിക്കുന്നതില്‍ ഈ കലാലയവും പ്രഗത്ഭനായ ഹെഡ്മാസ്റ്റര്‍ ഈസക്കുട്ടിമാസ്റ്ററും വലിയ റോള്‍ വഹിച്ചിട്ടുണ്ട്. ഈസക്കുട്ടിമാസ്റ്ററുടെ നേതൃത്വത്തില്‍ നടന്നിരുന്ന സാഹിത്യസമാജയിരുന്നു സി.എച്ചിന്റെ പ്രഥമപ്രഭാഷണകളരി. കുട്ടികളില്‍ വായനാശീലം വളര്‍ത്തുന്നതിലും അദ്ദേഹം ബദ്ധശ്രദ്ധനായിരുന്നു. സി.എച്ചിലെ വായനക്കാരനും സാഹിത്യകാരനും വളര്‍ന്നുവരുന്നതില്‍ ഈ ശ്രമങ്ങള്‍ക്ക് വലിയ പങ്കുണ്ട്. സി.കെ യായിരുന്ന മുഹമ്മദ്‌കോയയെ പിന്നീട് അദ്ദേഹം വിശ്രുതനായ CH എന്ന ദ്വയാക്ഷരങ്ങളുടെ ഉടമയാക്കിയതും ഈസക്കുട്ടിമാസ്റ്ററുടെ കൈപിഴയാണ്. സി.എച്ച്. പിന്നീട് (CREATING HISTORY) ചരിത്രം സൃഷ്ടിക്കുക തന്നെയായിരുന്നു.

1939 ജൂണ്‍ 7നാണ്് ഹൈസ്‌കൂള്‍ പഠനത്തിന് വേണ്ടി സി.എച്ച്് കൊയിലാണ്ടിയിലേക്ക് പോകുന്നത്. ബാഫഖിതങ്ങളുടെ സ്‌കോളര്‍ശിപ്പോടെയാണ് സി.എച്ച് അവിടെ പഠിച്ചിരുന്നത്.  1943ല്‍ സാമൂതിരി കോളേജില്‍ ഇന്റര്‍മീഡിയേറ്റ് പഠനം തുടര്‍ന്നുവെങ്കിലും കെമിസ്ട്രിയില്‍ പരാജയപ്പെട്ടു. ആ പരാജയം കേരളീയ മുസ്്‌ലിം ന്യൂനപക്ഷത്തിന്റെ വിജയപ്പടവുകളിലേക്കുള്ള വഴിത്തിരിവായി മാറുകയുണ്ടായി. ഖാഇദുല്‍ഖൗം സയ്യിദ് അബ്ദുറഹിമാന്‍ ബാഫഖി തങ്ങളുടെ ഇളയ സഹോദരന്‍ സയ്യിദ് ഹാശിംബാഫഖി തങ്ങളുടെ സംരക്ഷണത്തിലും നേതൃത്വത്തിലുമാണ് സി.എച്ച് കര്‍മ്മഗോദയിലേക്ക് വരുന്നത്. രാഷ്ട്രീയ പൊതുയോഗങ്ങളില്‍ ആദ്യമാദ്യം ശ്രോദ്ധാവായും പിന്നീട് പ്രഭാഷകനായും പങ്കെടുക്കുവാന്‍ തങ്ങള്‍ സി.എച്ചിനെ കൊണ്ടുപോകുമായിരുന്നു. ഇന്റര്‍മീഡിയേറ്റില്‍ പരാജയപ്പെട്ടപ്പോള്‍ പോംവഴി കാണിച്ചതും ഹാശിംബാഫഖിതങ്ങളാണ്. 'കോയ രാഷ്ട്രീയത്തില്‍ തുടരണം, അത് സമുദായത്തിന്റെ ആവശ്യമാണ്'' എന്ന് തങ്ങള്‍ പറയുകയും പ്രതിമാസം 30 ഉറുപ്പിക ശമ്പളത്തില്‍ കുറുമ്പ്രനാട് താലൂക്ക് ഓഫീസ് സെക്രട്ടറിയായി നിയമിക്കുകയും ചെയ്തു. പിന്നീടങ്ങോട്ട് ഓരോ കാല്‍വെപ്പുകളും മുന്നോട്ട് മാത്രമായിരുന്നു.

കേരളപ്പിറവിക്ക് ശേഷം നടന്ന നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ വിവിധ മണ്ഡലങ്ങളില്‍ നിന്ന് സാമാജികനായി തിരഞ്ഞെടുക്കപ്പെടുകയും വ്യത്യസ്ഥ വകുപ്പുകള്‍ കൈകാര്യം ചെയ്യുകയുമുണ്ടായി. 1961ല്‍ നിയമസഭാസ്പീക്കറായി. 1967ല്‍ വിദ്യാഭ്യാസമന്ത്രിയായി. 1969ല്‍ ആഭ്യന്തരമന്ത്രികൂടിയായി. 1977ല്‍ വിദ്യാഭ്യാസത്തിന് പുറമെ ധനകാര്യ, വ്യവസായവകുപ്പുകള്‍ കൂടി ഏറ്റെടുത്തു. 1979ല്‍ മുഖ്യമന്ത്രിയായി. 1981ല്‍ ഉപമുഖ്യമന്ത്രിയുമായി. ഇതിനിടയില്‍ രണ്ട് തവണ ലോക്‌സഭാമെമ്പറുമായി. ഇത്രയും വകുപ്പുകള്‍ കൈകാര്യം ചെയ്ത മറ്റൊരു മുസ്്‌ലിം ന്യൂനപക്ഷ രാഷ്ട്രീയ നേതാവിനെ കാണാനാവില്ല. ഓരോ വകുപ്പുകള്‍ കൈകാര്യം ചെയ്തപ്പോഴും ശ്രദ്ധേയമായ പല വികസനപ്രവര്‍ത്തനങ്ങളും നടത്തി രാഷ്ട്രീയജീവിതരേഖകളില്‍ പൊന്‍തൂവല്‍ തുന്നിച്ചേര്‍ത്താണ് കാലം പൂര്‍ത്തിയാക്കിയിരുന്നത്. ''മുഹമ്മദ്‌കോയ രാഷ്ട്രീയത്തില്‍ തുടരണം അത് സമൂഹത്തിന്റെ ആവശ്യമാണ്'' എന്ന ഹാശിംതങ്ങളുടെ വാക്ക് സത്യമായി പുലരുകയായിരുന്നു.

രാഷ്ട്രീയ, സാമൂഹിക പ്രവര്‍ത്തനത്തോടൊപ്പം സാഹിത്യ, രചനാ മേഖലയിലും സി.എച്ച് മുഹമ്മദ്‌കോയ വ്യക്തിമുദ്ര പതിപ്പിച്ചിട്ടുണ്ട്. ചില സാഹിത്യകാരന്‍മാരും കലാകാരന്‍മാരും രാഷ്ട്രീയപ്രവര്‍ത്തനത്തില്‍ വരാറുണ്ട്. എന്നാല്‍ രാഷ്ട്രീയക്കാരനായ സാഹിത്യകാരന്‍ സി.എച്ച് മാത്രമേ ഉണ്ടാവാനിടയുള്ളൂ. 1946ല്‍ ചന്ദ്രിക പത്രത്തിന്റെ സഹപത്രാധിപരായി, 1950ല്‍ പത്രാധിപരായി, പിന്നീട് ചീഫ്എഡിറ്ററായി മുസ്്‌ലിംലീഗിന്റെയും ന്യൂനപക്ഷത്തിന്റെയും പുരോഗതിക്ക് ആവശ്യമായ വിഷയങ്ങളില്‍ കൃത്യമായി നയരേഖ സമൂഹത്തിന് മുന്നില്‍ അതിലൂടെ സമര്‍പ്പിച്ചു. ഇരുപത്തിഒന്നാം വയസ്സില്‍ 1948ലാണ് സി.എച്ചിന്റെ ആദ്യഗ്രന്ഥം പുറത്തിറങ്ങിയത്. തലശ്ശേരിയിലെ ജിന്നാബുക്ക്സ്റ്റാള്‍ പ്രസിദ്ധീകരിച്ച ലിയാഖതലിഖാന്റെ ജീവിചരിത്രമായിരുന്നു അത്. അദ്ദേഹം ഓരോ രാഷ്ട്രങ്ങളിലേക്കും നടത്തിയ യാത്രകള്‍ വളരെ മനോഹരമായ സഞ്ചാരസാഹിത്യങ്ങളായി മലയാളിക്ക് ലഭിച്ചിട്ടുണ്ട്. 'എന്റ ഹജ്ജ് യാത്ര'  അതില്‍ ഏറെ പ്രശസ്്തവും അദ്ദേഹത്തിന്റെ ആദര്‍ശം കൃത്യമായി ബോധ്യപ്പെടുന്ന കൃതിയുമാണ്. കോ ലണ്ടന്‍ കൈറോ, ഞാന്‍ കണ്ട മലേഷ്യ, ശ്രീലങ്കയില്‍ അഞ്ചുദിവസം, സോവിയറ്റ് യൂണിയനില്‍, ഗള്‍ഫ് രാജ്യങ്ങളില്‍, ലിബിയന്‍ ജമാഹിരിയ്യ, നിയമസഭാചട്ടങ്ങള്‍, മുഗള്‍ഭരണകാലം കഥകളിലൂടെ, നബിയും സ്വഹാബിമാരും എന്നിവയാണ് മറ്റു കൃതികള്‍.


ഇരുപത്തിഅഞ്ചാം വയസ്സില്‍ തന്നെ കേരളത്തിലെ പ്രശസ്തനായ സാഹിത്യകാരനായി അദ്ദേഹം മാറി. 1952ല്‍ ഒറ്റപ്പാലത്ത് നടന്ന സമസ്തകേരളസാഹിത്യപരിഷത്തിന്റെ വാര്‍ഷിക മഹാസമ്മേളനത്തില്‍ അഞ്ചാം സെഷന്‍ ഉത്ഘാടനം ചെയ്ത് സംസാരിച്ചത് സി.എച്ചാണ്. ജോസഫ്മുണ്ടശ്ശേരി അധ്യക്ഷനായിരുന്ന പ്രസ്തുത സംഗമത്തില്‍ വി.ടി ഭട്ടതിരിപ്പാട്, ഡോ.എസ്.കെ നായര്‍, പവനന്‍, അക്കിത്തം പോലെയുള്ളവര്‍ പങ്കെടുത്തിരുന്നു. ഇരുപത്തിഅഞ്ച് വയസ്സുള്ള ഒരു മുസ്്‌ലിം ചെറുപ്പക്കാരന്‍ വിഖ്യാതരും തലയെടുപ്പുമുള്ള സാഹിത്യകാരന്‍മാരുടെ സാന്നിധ്യമുള്ള വിദ്വല്‍സദസ്സിന്റെ ഉത്ഘാടകനാവുകയെന്നത് അന്നത്തെ സാഹചര്യത്തില്‍ അപൂര്‍വ്വ ബഹുമതി തന്നെയാണ്.

ഏറെ തിരക്കിട്ട രാഷ്ട്രീയജീവിതത്തിനിടയിലും ദിവസവും അഞ്ച്മണിക്കൂറെങ്കിലും വായിക്കുവാന്‍ മുഹമ്മദ് കോയാ സാഹിബ് സമയം കണ്ടെത്തുമായിരുന്നു. പഠനകാലത്ത് തുടങ്ങിയ ഈ ശീലം സാമാജികനും പാര്‍ലമെന്റേറിയനുമായിരുന്ന ഘട്ടത്തിലും തുടര്‍ന്നു. എം.എല്‍.എ ആയിരുന്നപ്പോഴും എം.പി ആയിരുന്നപ്പോഴും ഇരുസഭകളിലേയും ലൈബ്രറികള്‍ ഏറെയും ഉപയോഗപ്പെടുത്തിരുന്ന വ്യക്തി സി.എച്ചായിരുന്നുവെന്ന് രേഖകളില്‍ കാണാം. സി.എച്ചില്‍ നിന്ന് പുതുതലമുറ പഠിക്കേണ്ട പ്രധാന സന്ദേശമാണിത്.

എന്ത് കൊണ്ട് സി.എച്ച്....?


കേരളരാഷ്ട്രീയക്കളരിയില്‍ രാഷ്ട്രീയം പടിച്ച് വളര്‍ന്നവരില്‍ എല്ലാവരില്‍ നിന്നും വ്യത്യസ്ഥനാണ് സി.എച്ച് മുഹമ്മദ്‌കോയാ സാഹിബ്. അതിന് നിരവധി ഘടകങ്ങളുമുണ്ട്. സംശുദ്ധനും മഹോന്നതനുമായ ബാഫഖി തങ്ങളുടെ സ്വാധീനം തന്നെയാണ് അതില്‍ പ്രധാനം. 1949ല്‍ ഡിസംബര്‍  25ന് കോഴിക്കോട് ടൗണ്‍ മുസ്്‌ലിംലീഗ് കമ്മിറ്റയുടെ സെക്രട്ടറിയായി സി.എച്ച് തിരഞ്ഞെടുക്കപ്പെടുന്നതോടെയാണ് സി.എച്ച് ലീഗില്‍ ആദ്യമായി ഔദ്യോഗിക പദിവിയിലെത്തുന്നത്. അന്ന് ബാഫഖി തങ്ങളാണ് കമ്മിറ്റിയുടെ പ്രസിഡന്റ്. പിതൃസ്ഥാനീയനായി ബാഫഖീതങ്ങളെ കാണുകയും ഏറെ ബഹുമാനാദരങ്ങളോടെ തങ്ങളുമായി വര്‍ത്തിക്കുകയും കേവലം രാഷ്ട്രീയനേതാവെന്നതിലുപരി തന്റെ ആത്മീയനേതാവായിക്കൂടി ബാഫഖി തങ്ങളെ മനസ്സിലാക്കി കൊണ്ട്‌നടന്നതിന്റെയും ഗുണഫലങ്ങള്‍ സി.എച്ചിന്റെ ജീവിതത്തില്‍ പ്രകടമാവുകയുമുണ്ടായി. തന്റെ വത്സലപുത്രനെപ്പോലെയാണ് ബാഫഖി തങ്ങള്‍ സി.എച്ചിനെ കണ്ടിരുന്നത്. പ്രഗത്ഭ സ്വൂഫിയായിരുന്ന മാടവന അബൂബക്കര്‍ മുസ്്‌ലിയാരുടെ അടുത്ത് കൊണ്ട് പോയി സി.എച്ചിനെ പരിചയപ്പെടുത്തി അനുഗ്രഹങ്ങള്‍ വാങ്ങിച്ച് കൊടുത്തത് ബാഫഖി തങ്ങളായിരുന്നു. അതെ... കേരളത്തിലെ ന്യൂനപക്ഷസമൂഹത്തിന്റെ, പ്രത്യേകിച്ച് മുസ്്‌ലിം വിഭാഗത്തിന്റെ പുരോയാനത്തിന് ബാഫഖി തങ്ങള്‍ കൈപിടിച്ച് വാത്സല്യത്തോടെ വളര്‍ത്തിയ രാഷ്ട്രീയസാമൂഹികപ്രവര്‍ത്തകനായിരുന്നു സി.എച്ച് മുഹമ്മദ്‌കോയാ സാഹിബ്. രാഷ്ട്രീയത്തിലെന്ന പോലെ ആദര്‍ശത്തിലും സയ്യിദ് അബ്ദുറഹിമാന്‍ബാഫഖി തങ്ങളെ അനുദാവനം ചെയ്തവരായിരുന്നു സി.എച്ച്്. സി.എച്ചിന്റെ ജീവിതവും നയനിലപാടുകള്‍ അളന്നെടുക്കാവുന്ന എഴുത്തുകളും പ്രഭാഷണങ്ങളും തന്നെയാണിതിന് ഏറ്റവും വലിയ സാക്ഷി.

കേരളം കണ്ട പ്രഗത്ഭനായ സ്വൂഫീവര്യനായിരുന്നു ചാപ്പനങ്ങാടി ബാപ്പുമുസ്്‌ലിയാര്‍. നിരവധി പണ്ഡിതര്‍ക്ക് ത്വരീഖത്തും ദിക്‌റുകളുടെ ഇജാസതും നല്‍കിയും തര്‍ബിയതിലൂടെയും തസ്‌കിയതിലൂടെയും പലരുടേയും ജീവിതത്തിന്റെ വിശുദ്ധി സംരക്ഷിക്കുകയും ചെയ്തവരായിരുന്നു മഹാനുഭാവന്‍. അദ്ദേഹത്തെ ആത്മീയഗുരുവായി സ്വീകരിച്ച് ജീവിതം നയിച്ചവരായിരുന്നു സി.എച്ച് മുഹമ്മദ്‌കോയാസാഹിബ്. സയ്യിദ് അബ്ദുറഹിമാന്‍ ബാഫഖിതങ്ങള്‍ക്ക് ശേഷം പാണക്കാട് പൂക്കോയതങ്ങളുടെ നേതൃത്വം അംഗീകരിക്കുകയും സമുദായസംഘടനയിലെ പിളര്‍പ്പിന്റെ ഘട്ടത്തില്‍ തങ്ങള്‍ക്ക് പിന്തുണനല്‍കുന്നതിലും പൊതുസമൂഹത്തെ ആ ധാരയിലേക്ക് കൊണ്ടുവരുന്നതിലും മുന്‍നിര പോരാളിയായിരുന്നത് സി.എച്ച് തന്നെയായിരുന്നു. സമസ്തകേരളജംഇയ്യത്തുല്‍ഉലമയുടെ സമുന്നത നേതാവും സുന്നത്ത്ജമാഅത്തിന്റെ ആദര്‍ശധീരനുമായിരുന്ന പൂക്കോയതങ്ങളെ നേതാവായി സര്‍വ്വാത്മനാ അംഗീകരിക്കാന്‍ സി.എച്ചിന്റെ ആദര്‍ശം സംശുദ്ധമായിരുന്നു.

1975ല്‍ പൂക്കോയതങ്ങള്‍ വിടപറഞ്ഞപ്പോള്‍ സയ്യിദ്മുഹമ്മദലിശിഹാബ്തങ്ങളെ ലീഗിന്റെ അദ്ധ്യക്ഷപ്പദവിയിലേക്ക് കൊണ്ട് വന്നത് സി.എച്ചായിരുന്നു. ബഹുമാന്യനും വിശിഷ്ടനുമായിരുന്ന ബി.വി അബ്ദുല്ലക്കോയയെ പോലെ പല മുതിര്‍ന്നവരേയും ചിലര്‍ നിര്‍ദേശിച്ചപ്പോള്‍ ബീവിയല്ല നമുക്ക് വേണ്ടത് തങ്ങളാണ് എന്ന നര്‍മ്മോക്തി കലര്‍ന്ന പ്രതികരണത്തിലൂടെ കാര്യങ്ങള്‍ വരുതിയിലെത്തിച്ചതും അദ്ദേഹമായിരുന്നു. നാല്‍പ്പത് വയസ്സ്‌പോലും തികയാത്ത മുഹമ്മദലിശിഹാബ്തങ്ങളെ ഈ സ്ഥാനം ഏറ്റെടുക്കുന്നതിന് വേണ്ടി ബഹുമാന്യരായ ചാപ്പനങ്ങാടി ബാപ്പുമുസ്്‌ലിയാരെപ്പോലും സി.എച്ച് ഇടപെടീപ്പിച്ചു എന്നതാണ് യാഥാര്‍ത്ഥ്യം. പാണക്കാട് സയ്യിദുമാര്‍ സമുദായ നേതൃത്വത്തിലുണ്ടാവുന്നത് സമൂഹത്തിന് ഗുണകരമാണെന്ന് വിശ്വസിച്ചവരുടെ കൂട്ടത്തിലായിരുന്നു അദ്ദേഹം. അതിന്റെ ഗുണഫലങ്ങള്‍ ഇന്ന് നമ്മള്‍ ആസ്വദിച്ചു കൊണ്ടിരിക്കുകയാണ്.


അഞ്ച്‌നേരത്തെ നിസ്‌കാരത്തിന്റെ വിഷയത്തില്‍ കണിശത പുലര്‍ത്തിയിരുന്ന ബാഫഖിതങ്ങള്‍ മൂന്ന് നേരത്തെ ഭക്ഷണത്തിന്റെ വിഷയത്തില്‍ കാണിച്ചിരുന്നില്ല എന്നാണ് സി.എച്ച് പറഞ്ഞത്. ആ മതനിഷ്ട സി.എച്ചിന്റെ ജീവിതത്തിലും നമുക്ക് കാണാന്‍ കഴിയും. തിരക്കിട്ട ജീവിതത്തിനിടയിലും നിസ്‌കാരം ഖളാഅ് ആവാതെ നിര്‍വഹിക്കുവാന്‍ സി.എച്ച് ശ്രദ്ധവെക്കുമായിരുന്നു. നിരവധി വിദേശയാത്രകള്‍ നടത്തിയ അദ്ദേഹം വലിയ ഭക്ഷണപ്രിയനായിട്ടു പോലും യാത്രകള്‍ക്കിടയില്‍ പൂര്‍ണ്ണ സസ്യബുക്കാവാറാണ് പതിവ്. നിഷിദ്ധമായ മാംസങ്ങള്‍ തീന്‍മേശയിലെത്തുന്നത് അറിയാതെപോലും അകത്താവാതിരിക്കാനാണ് അദ്ദേഹം ഈ നയം സ്വീകരിച്ചത്. മസ്അല പറഞ്ഞൊപ്പിച്ച് ചുളുവില്‍ രക്ഷപ്പെടാതെ താന്‍ കഴിക്കുന്ന ഭക്ഷണം നൂറ് ശതമാനം ഹലാലാവണമെന്ന ബോധ്യത്തോടെയാണ് ആ രാഷ്ട്രീയക്കാരന്‍ ജീവിച്ചത്.

മുപ്പതാം വയസ്സില്‍ എം.എല്‍.എ യായി വിവിധ വകുപ്പുകള്‍ കൈകാര്യം ചെയ്യുന്ന മന്ത്രിയായി ജീവിതം അവസാനിക്കുമ്പോള്‍ കടക്കാരനായിട്ടാണ് അദ്ദേഹം മരണപ്പെടുന്നത്.  1972ല്‍ മന്ത്രിസ്ഥാനം രാജിവെച്ച് തിരുവനന്തപുരത്ത് നിന്ന് കുടുംബസമേതം കോഴിക്കോട്ടേക്ക് പോരാന്‍ വാഹനത്തിനുള്ള പണം കൈവശമില്ലാത്തത് കാരണം ബേബിജോണ്‍ ആണ് നല്‍കിയത്. മണിക്കൂറുകള്‍ക്ക് മുമ്പ് മന്ത്രിയായിരുന്ന വ്യക്തിയാണ് മറ്റൊരാള്‍ നല്‍കിയ പണവുമായി യാത്ര ചെയ്യേണ്ടി വന്നത് എന്നാലോചിക്കുമ്പോള്‍ ഒരു പക്ഷെ അത്ഭുതം തോന്നിയേക്കും..!!!.

ന്യൂനതകള്‍ വല്ലതുമുണ്ടോയെന്ന് അന്വേഷിച്ച് ശത്രുക്കള്‍ ഉഴറി നടന്നിരുന്ന രാഷ്ട്രീയജീവിതത്തിനിടയില്‍ ഒരു അഴിമതിയാരോപണം പോലുമേല്‍ക്കാതെയാണ് പൂര്‍ണ്ണസാമ്പത്തിക ശുദ്ധിയോടെ സി.എച്ച് കടന്നുപോയത്. ''മന്ത്രിയെപ്പറ്റിയോ നിയമസഭാംഗത്തെപ്പറ്റിയോ രാഷ്ട്രീയ സമ്മദര്‍ദ്ദക്കാരനെപ്പറ്റിയോ ഒരാള്‍ക്ക് പൊള്ളവാക്കല്ലാതെ നല്ല വാക്ക് പറയാനാവത്ത വിധം രാഷ്ട്രീയം ചീഞ്ഞ്‌നാറിയിരിക്കുന്നു. കേരളരാഷ്ട്രീയമാകട്ടെ വിഷവായുപൂരിതമാണ്. ഇവിടത്തെ മന്ത്രിമാര്‍ പൊതുവെ ദുര്‍ഗുണങ്ങള്‍ക്ക് പര്യായമായിരിക്കുന്നു. ഒരു പക്ഷേ, ചിത്രീകരിക്കപ്പെടാറുള്ളത് പോലെ അവര്‍ ദുര്‍ജനങ്ങളല്ലെന്ന് വരാം. പിന്‍ഗാമികളുടെ പ്രകടനത്താളുകള്‍ നോക്കി വിലയിരുത്തിയാല്‍ സി.എച്ച് ഒരു ദൈവദൂതനാണ്. ഉയര്‍ന്ന മാനദണ്ഡത്തിന്റെ അടിസ്ഥാനത്തിലായാല്‍പ്പോലും കോയ ഒരു വിജയമാണ്'' എന്ന് സി.എച്ചിന് അനുസ്മരിച്ച് കൃഷ്ണയ്യര്‍ എഴുതിയത് ഇക്കാലത്ത് ഏറെ പ്രസ്താവ്യമാണ്.

തന്റെ സമുദായത്തിന്റെ പുരോഗതി പ്രധാന ലക്ഷ്യമായി കണ്ട് അതിന് വേണ്ടി തന്റെ സര്‍വ്വകഴിവുകളും അധികാരവും സ്ഥാനങ്ങളുമെല്ലാം ഉപയോഗപ്പെടുത്തിയ സമുദായസ്‌നേഹിയായിരുന്നു സി.എച്ച് മുഹമ്മദ്‌കോയ. ആറ് വര്‍ഷം സി.എച്ച് വിദ്യാഭ്യാസവകുപ്പ് കൈകാര്യം ചെയ്തത് കൊണ്ട് കേരളത്തിലെ ന്യൂനപക്ഷത്തിനും മുസ്്‌ലിം സമുദായത്തിനും അറബിഭാഷക്കും വിശേഷിച്ചുണ്ടായ പുരോഗതി ഒരാള്‍ക്കും വിസ്മരിക്കാനാവില്ല. അധികാരം സ്വാര്‍ത്ഥതാത്പര്യങ്ങള്‍ക്ക് വേണ്ടിയുള്ള കുറുക്കു വഴിയല്ല, സമൂഹസേവനത്തിനുള്ള ഉത്തരവാദിത്വമാണ് എന്ന ബോധത്തോടെയാണ് സി.എച്ച് ജീവിച്ചത്. മന്ത്രിയായിരുന്നപ്പോള്‍ രാത്രി 11മണിക്കും ഓരോഫയലുകളും പരിശോധിക്കുന്നതും പിന്നെ അല്‍പം ഉറങ്ങി അതിരാവിലെ വീണ്ടും അതേപടി ചെയ്യുന്നത് കണ്ട പി.കെ.കെ ബാവ സാഹിബ് 'എന്തിനാണിത്ര കഷ്ടപ്പെടുന്നത്' എന്ന് ഒരിക്കല്‍ ചോദിച്ചു. ''നമ്മുടെ മുന്നില്‍ വരുന്ന ഓരോ ഫയലുകളും പലരുടേയും ജീവിതങ്ങളാണ്. നാളെ നാം ജീവിച്ചിരിക്കണമെന്നില്ല. അത്‌കൊണ്ട് ഫയലുകള്‍ നമ്മുടെ മുന്നില്‍ കെട്ടിക്കിടന്നത് കാരണം അവരുടെ അവകാശങ്ങള്‍ ലഭിക്കാതെ പോവരുത്'' എന്നാണ് സി.എച്ച് പ്രതികരിച്ചത്.

സമൂഹസേവനത്തിന് നിയോഗിക്കപ്പെടുന്നവര്‍ അല്ലാഹുവിന്റെ തൃപ്തി ലഭിച്ചവരാണെന്ന് തിരുനബി(സ്വ) പഠിപ്പിച്ചിട്ടുണ്ട്്. പണ്ട് കൊയിലാണ്ടിയിലും പരിസരങ്ങളിലും മഹാമാരി പിടിപെട്ട് ജനങ്ങള്‍ ദുരിതക്കയത്തിലായപ്പോള്‍ ജനങ്ങളുടെ സഹായങ്ങള്‍ക്ക് വേണ്ടി മു്ന്നിട്ടിറങ്ങിയ സയ്യിദ് ഹാശിം ബാഫഖിതങ്ങളുടെ കൂടെ മുസ്്‌ലിം നാഷണല്‍ ഗാര്‍ഡ് എന്ന സംഘടനയുടെ പ്രവര്‍ത്തകര്‍ക്കൊപ്പം സേവനനിരതരായ ചെറുപ്പക്കാരുടെ കൂട്ടത്തില്‍ ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥിയായ സി.എച്ച് മുഹമ്മദ്‌കോയ സാഹിബുമുണ്ടായിരുന്നുവെന്ന് അന്ന് കുട്ടിയായിരുന്ന യൂ.എ ഖാദര്‍ അനുസ്മരിക്കുന്നുണ്ട്. അന്ന് സയ്യിദിന്റെ നേതൃത്വത്തില്‍ സമൂഹസേവനത്തിലേര്‍പ്പെടുകയും തങ്ങളുടെ ആശീര്‍വാദത്തോടെ രാഷ്ട്രീയ ഗോദയിലിറങ്ങുകയും ആ സല്‍പാന്ഥാവില്‍ സഞ്ചരിക്കുകയും ചെയ്തു. സമൂഹസേവനത്തില്‍ നിരതനായിരിക്കെത്തന്നെയാണ് ഹൈദരാബാദില്‍ വെച്ച് അദ്ദേഹം വിടപറയുന്നത്. ''കേരളത്തിന്റെ ചരിത്രമെഴുതുമ്പോള്‍ ഇപ്പോള്‍ കാണപ്പെടുന്ന മറ്റു പലരേയും വിസ്മൃതി വിഴുങ്ങിക്കളഞ്ഞാലും സി.എച്ചിന് നിരവധി പുറങ്ങള്‍ക്ക് ന്യായമായും അവകാശമുണ്ടാകും'' എന്ന് മൂന്ന് പതിറ്റാണ്ട് മുമ്പ് വി.ആര്‍ കൃഷ്ണയ്യര്‍ പറഞ്ഞത് എത്ര വലിയ സത്യമാണ്!!!. 2021 സെപ്തംബര്‍ 28 ന് ആ വിയോഗത്തിന് മുപ്പത്തിഎട്ട്‌ ആണ്ട് തികയുകയാണ്.


4 Comments

  1. This comment has been removed by the author.

    ReplyDelete

  2. ഒരു മൂല്യങ്ങളും ഈ മനുഷ്യൻ കാത്തു സൂക്ഷിച്ചിട്ടില്ല
    ഉണ്ടെങ്കിൽ അത് കാണിയ്ക്കേണ്ടത് ബാഫഖി തങ്ങളോടായിരുന്നു
    ബാഫഖിതങ്ങളുടെ ഉപ്പും ചോറും തിന്ന് വളർന്ന സി എച്ച് മുഹമ്മദ് കോയ
    അദ്ദേഹത്തിന്റെ മരണ ശേഷം പുറകിൽ നിന്ന് കുത്തി പാർട്ടിയെ പിളർത്തി
    1973 ൽ ഇന്ത്യൻ യൂണിയൻ മുസ്ലിംലീഗിന് രൂപം കൊടുത്തു .
    അബ്ദുറഹ്മാൻ ബാഫഖി തങ്ങളുടെ മരണശേഷം അഖിലേന്ത്യാ മുസ്ലിം
    ലീഗ് സംസ്ഥാന അധ്യക്ഷനായി സയ്യിദ് ഉമർ ബാഫഖിതങ്ങളെ യാണ് തിരഞ്ഞെടുത്തത് .
    ഈ നേതൃത്വത്തെ അംഗീകരിയ്ക്കാൻ പുറത്താക്കപ്പെട്ട സി എച്ചിന്റെ നേതൃത്വത്തിലുള്ള
    ഉപജാപക സംഘം തയ്യാറായിരുന്നില്ല.തുടർന്ന് ആൾ ഇന്ത്യാ മുസ്ലിംലീഗിനെ പിളർത്തി
    മലപ്പുറം ജില്ലയിലെ പാണക്കാട് പ്രദേശത്തെ പൂക്കോയ തങ്ങളെ അധ്യക്ഷനാക്കി
    ഇന്ത്യൻ യൂണിയൻ 1973 മുസ്ലിംലീഗ് പിറന്നു . ഇതിന് ശേഷമാണ് കൊടപ്പനക്കൽ
    തങ്ങന്മാരെ പാണക്കാട് തങ്ങന്മാർ എന്നറിയപ്പെടാൻ തുടങ്ങിയത്
    സമുദായ നേതൃത്വം കോഴിക്കോട് ജില്ല കൊയിലാണ്ടിയിലെ ബാഫഖി തറവാട്ടിൽ നിന്ന്
    മലപ്പുറം ജില്ലയിലെ പണക്കാടുള്ള കൊടപ്പനക്കൽ തറവാട്ടിലേയ്ക്ക്
    പറിച്ചു നട്ടതാണ് സമുദത്തോട് ചെയ്‌ത മഹത്തായ കർമ്മമെങ്കിൽ
    അതിന് നന്ദിയോ നന്ദികേടോ മറ്റെന്തെങ്കിലുമോ പറയേണ്ടത്
    സി എച് മുഹമ്മദ് കോയയോട് തന്നെയാണ്

    ReplyDelete

Post a Comment

Previous Post Next Post