🖋ഡോ. ഇസ്മാഈല്‍ ഹുദവി. ചെമ്മലശ്ശേരി

സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ പ്രധാന കീഴ്ഘടകമാണ് സമസ്ത കേരള ഇസ്‌ലാം മതവിദ്യാഭ്യാസ ബോര്‍ഡ്. കേരളത്തിലും പുറത്തുമായി പതിനായിരത്തിലധികം മദ്രസകള്‍ ഉയര്‍ന്നുവന്നതും, കൃത്യതയോടെ പ്രവര്‍ത്തിപഥത്തില്‍ മുന്നോട്ടുപോകുന്നതും ഈ ഘടകത്തിന്റെ മഹത്വം സൂചിപ്പിക്കുന്നുണ്ട്. 1951ല്‍ മാര്‍ച്ച് മാസത്തില്‍ വടകരയില്‍ വെച്ച് നടന്ന സമസ്തയുടെ പത്തൊമ്പതാം വാര്‍ഷികത്തോടനുബന്ധിച്ചാണ് വിദ്യാഭ്യാസബോര്‍ഡ് രൂപീകരിക്കപ്പെടുന്നത്. 1952 ആഗസ്ത് 26 ന് ചേര്‍ന്ന ബോര്‍ഡ് സമിതിയിലാണ് മദ്രസകള്‍ക്ക് അംഗീകാരം നല്‍കാന്‍ തുടങ്ങിയത്. ആ യോഗത്തില്‍ പത്ത് മദ്രസകള്‍ക്കാണ് അംഗീകാരം നല്‍കിയത്. ഇന്ന് പതിനായിരത്തിലധികം മദ്രസകള്‍ വരെ ബോര്‍ഡിന്റെ അംഗീകാരത്തിന് വേണ്ടി മുന്നോട്ട് വന്നിട്ടുണ്ടെങ്കില്‍ ഈ സംവിധാനത്തെ ഇത്രയേറെ ചിട്ടപ്പെടുത്തുന്നതില്‍ അക്ഷീണം പ്രവര്‍ത്തിച്ച നേതാക്കളും സംഘടനയുടെ പിതാക്കളും പ്രത്യേകം  സ്മരിക്കപ്പെടേണ്ടതുണ്ട്. മദ്രസകള്‍ പതിനായിരം പൂര്‍ത്തിയായ സന്തോഷ മുഹൂര്‍ത്തത്തില്‍, ഈ സംഘടനയുടെ, ഘടകത്തിന്റെ പൂര്‍വ്വ പിതാക്കളെയും നേതാക്കളേയും നന്ദിയോടെ ഓര്‍ത്തെടുക്കുകയാണ്.

പറവണ്ണ മുഹ്‌യിദ്ദീന്‍ കുട്ടി മുസ്‌ലിയാര്‍


പണ്ഡിതന്‍, വാഗ്മി, എഴുത്തുകാരന്‍, വിദ്യാഭ്യാസ വിചക്ഷണന്‍ ബഹുഭാഷാ വിദഗ്ധന്‍ തുടങ്ങിയ നിലകളില്‍ തന്റേതായ ഇടം സമൂഹത്തില്‍ പ്രതിഫലിപ്പിച്ച അതുല്യ പ്രതിഭയായിരുന്നു പറവണ്ണ അബ്ദുല്‍ ബശീര്‍ കെ.പി.എ മുഹ്‌യിദ്ദീന്‍കുട്ടി മുസ്‌ലിയാര്‍. തികച്ചും പ്രതികൂലമായ സാഹചര്യത്തില്‍ ജനിക്കുകയും തന്റെ പ്രാഗത്ഭ്യം കൊണ്ടും അത്യദ്ധ്വാനം കൊണ്ടും ഇച്ഛാശക്തികൊണ്ടും സമുന്നതനായിത്തീരുകയും ഒരു സമൂഹത്തിന്റെ സമുദ്ധാരണത്തിന് വേണ്ടി തന്റെ കഴിവുകളെല്ലാം വിനിയോഗിക്കുകയും ചെയ്ത യുഗസ്രഷ്ടാവായിരുന്നു മഹാനവര്‍കള്‍. അവരാണ് 1951 മുതല്‍ 57ല്‍ രോഗം മൂലം സ്ഥാനം ഒഴിയും വരെ വിദ്യാഭ്യാസബോര്‍ഡിന്റെ പ്രസിഡന്റ്.

ജനനം, ജീവിതം

1898ല്‍ കുഞ്ഞവറാന്‍ മരക്കാരകത്ത് കമ്മത് ആലി, അയനിക്കാട് പറമ്പില്‍ കുട്ടിആയിശമ്മ എന്നിവരുടെ മകനായി പറവണ്ണയിലാണ് ജനിക്കുന്നത്. നാട്ടിലെ പ്രാഥമിക പഠനത്തിന് ശേഷം അവിടെയുണ്ടായിരുന്ന ദര്‍സില്‍ ചേരുകയും പിന്നീട് ചാലിലകത്ത് കുഞ്ഞഹമ്മദാജിയുടെ മണ്ണാര്‍ക്കാട് ദര്‍സിലും ശേഷം കൂട്ടായി ബാവ മുസ്‌ലിയാരുടെ കൂട്ടായി ദര്‍സിലും പഠനം പൂര്‍ത്തിയാക്കി. ശേഷം വെല്ലൂര്‍ ലത്വീഫിയ്യ അറബിക് കോളേജില്‍ ഒരു വര്‍ഷവും ബാഖിയാതില്‍ മൂന്ന് വര്‍ഷവും ഉപരി പഠനം പൂര്‍ത്തിയാക്കി. ബാഖവിയായി കേരളത്തിലെത്തിയത് മുതല്‍ വിദ്യാഭ്യാസ സാമൂഹിക നവോത്ഥാന മേഖലയില്‍ നവനവങ്ങളായ ചിന്തകളും പ്രവര്‍ത്തനങ്ങളുമായി മുന്നേറുകയായിരുന്നു. 

ജ്ഞാനപ്രസരണത്തില്‍ ദര്‍സ് രംഗം സജീവമായിരുന്ന അക്കാലത്ത് പുളിക്കല്‍, പെരിങ്ങത്തൂര്‍, പറമ്പത്ത്, പരപ്പനങ്ങാടി, താനൂര്‍, വാഴക്കാട് എന്നിവടങ്ങളില്‍ നീണ്ട കാലം മുദരിസായി പ്രശോഭിച്ചു. സൂഫിവര്യന്‍ ചാപ്പനങ്ങാടി ബാപ്പു മുസ്‌ലിയാര്‍, സമസ്ത പ്രസിഡന്റായിരുന്ന കെ.കെ അബൂബക്ര്‍ ഹസ്രത്, കക്കോവ് എ.പി അഹ്മദ് കുട്ടി മുസ്‌ലിയാര്‍, എ.പി ഇബ്രാഹീം മുസ്‌ലിയാര്‍ ചെമ്മലശ്ശരി, ജാമിഅ നൂരിയ്യ പ്രിന്‍സിപ്പളായിരുന്ന കെ.കെ അബ്ദുല്ല മുസ്‌ലിയാര്‍ കരുവാരക്കുണ്ട് തുടങ്ങിയവര്‍ ആ ഗുരുമുഖത്ത് നിന്ന് ജ്ഞാനം പകര്‍ത്തിയ ശിഷ്യരില്‍ പ്രമുഖരാണ്.

സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ സമുന്നത നേതാവായി സമൂഹത്തിന് സാരഥ്യം വഹിക്കുമ്പോഴും ജനങ്ങള്‍ക്കിടയില്‍ ഇറങ്ങിപ്രവര്‍ത്തിക്കാനും, വിദ്യാഭ്യാസ ബോര്‍ഡിലൂടെ വിജ്ഞാന പ്രസരണത്തിന് അവസരം സൃഷ്ടിക്കുവാനും മഹാനവര്‍കള്‍ക്ക് സാധിച്ചു. ചെറുപ്പത്തില്‍ പ്രത്യേക ട്യൂഷനിലൂടെ ഇംഗ്ലീഷ് ഭാഷയും പിന്നീട് അറബി, ഉര്‍ദു, തമിഴ്, ഫാരിസി ഭാഷകള്‍ വശമുണ്ടായിരുന്ന അദ്ദേഹം പരിണതപ്രജ്ഞനായ എഴുത്തുകാരന്‍ കൂടിയായിരുന്നു. 

ഒരു പ്രതിഭയുടെ വളര്‍ച്ചക്ക് പിന്നില്‍ വര്‍ത്തിക്കുന്ന നിരവധി ഘടകങ്ങളില്‍ പ്രധാനമാണ് ഗുരുനാഥന്‍. കേരളത്തിലെ വിദ്യാഭ്യാസ സംവിധാനത്തില്‍ കരിക്കുലം സിസ്റ്റം കൊണ്ട് വന്ന ചാലിലകത്ത് കുഞ്ഞഹമ്മദാജിയുടെ ശിക്ഷണത്തില്‍ വളര്‍ന്നത് കൊണ്ട് തന്നെ മുഹ്‌യിദ്ദീന്‍കുട്ടി മുസ്‌ലിയാര്‍ക്ക് കേരളീയ പശ്ചാതലത്തില്‍ വിദ്യാഭ്യാസ മേഖലയില്‍ ചെറുതല്ലാത്ത സംഭാവനകള്‍ ചെയ്യാന്‍ സാധിച്ചിട്ടുണ്ട്. 

നവോത്ഥാന ചിന്തകന്‍

ഇരുപതാം നൂറ്റാണ്ടു കണ്ട നവോത്ഥാന നായകരില്‍ മുന്‍ നിരയിലാണ് മുഹ്‌യിദ്ദീന്‍ മുസ്‌ലിയാരുടെ സ്ഥാനം. പഠന കാലം മുതലേ ഈ മേഖലയില്‍ പ്രവര്‍ത്തനങ്ങളെ ഏകീകരിക്കാന്‍ അദ്ദേഹത്തിന് സാധിച്ചു. ബാഖിയാതില്‍ പഠിക്കുന്ന കാലത്ത് മലയാളികള്‍ക്ക് ആദ്യമായി സാഹിത്യസമാജം രൂപീകരിച്ചതും അതിന്റെ പ്രഥമ പ്രസിഡന്റായി നിയമിതനായതും അദ്ദേഹമാണ്. ബാഖവി ബിരുദം നേടിയ ശേഷം നാട്ടിലെത്തി ഈ മേഖലയില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ സാധിച്ചു. 1928ല്‍ നാട്ടില്‍ ദര്‍സിന് വേണ്ടി ജുമുഅത്ത് പള്ളിക്ക് സമീപം മദ്‌റസതുന്നൂരിയ്യ സ്ഥാപിക്കുകയും ആദ്യം ഒരു വര്‍ഷം വേതനരഹിതമായി അവിടെ ദര്‍സ് നടത്തുകയും ചെയ്തു. ഇരു നില കെട്ടിടത്തില്‍ ഒന്നാം നിലയില്‍ ദര്‍സ് ഹാളും,ലൈബ്രറിയും ഉസ്താദുമാരുടെ റൂമും, രണ്ടാം നിലയില്‍ വിദ്യാര്‍ത്ഥികള്‍ക്കുള്ള ഹോസ്റ്റല്‍ സൗകര്യവുമാണുണ്ടായിരുന്നത്. 

സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡിന് കീഴില്‍ മദ്രസകള്‍ സ്ഥാപിതമാകുന്നതിന് മുമ്പ് തന്നെ മുഹ്‌യിദ്ദീന്‍ മുസ്‌ലിയാര്‍ സ്വന്തം നാട്ടില്‍ മദ്‌റസതുല്‍ ബനാത് എന്ന നാമത്തില്‍ മദ്രസ സ്ഥാപിക്കുകയും പെണ്‍കുട്ടികള്‍ക്ക് പ്രത്യേകം സിലബസ് നിര്‍മ്മിച്ച് പഠനം ആരംഭിക്കുകയും ചെയ്തു. വിദ്യാഭ്യാസ ബോര്‍ഡിനു കീഴില്‍ മദ്രസകള്‍ക്ക് അംഗീകാരം നല്‍കാന്‍ തുടങ്ങിയപ്പോള്‍ രണ്ടാം മദ്രസയായി അംഗീകരിക്കപ്പെട്ടത് മദ്‌റസതുല്‍ബനാത് ആയിരുന്നു.

സമസ്തയുടെ മദ്രസകളില്‍ പഠിപ്പിക്കുവാനുള്ള പുസ്തകങ്ങള്‍ ആദ്യകാലങ്ങളില്‍ തയ്യാറാക്കിയിരുന്നതും പരിശോധനയും പരീക്ഷയും നടത്തിയിരുന്നതും അധ്യാപകര്‍ക്ക് ട്രൈനിംഗ് നല്‍കുകയും ചെയ്തിരുന്നത് ഉസ്താദ് തന്നെയായിരുന്നു. 1951ല്‍ സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡ് രൂപീകരിക്കപ്പെടുമ്പോള്‍ അതിന്റെ പ്രഥമ പ്രസിഡന്റായി പറവണ്ണ ഉസ്താദിനെ നിയമിക്കുന്നതില്‍ രണ്ടഭിപ്രായമുണ്ടായിരുന്നില്ല. വിദ്യാഭ്യാസ രംഗത്തും സംഘടനാ രംഗത്തും തന്റെ ദീര്‍ഘ വീക്ഷണത്തില്‍ രൂപപ്പെടുത്തിയ പദ്ധതികള്‍ അദ്ദേഹത്തിന്റെ കാലശേഷവും സമ്പൂര്‍ണ്ണമായി നടപ്പിലാക്കാന്‍ ആര്‍ക്കും സാധ്യമായിട്ടില്ലെന്ന് മര്‍ഹൂം എം.എം ബശീര്‍ മുസ്‌ലിയാര്‍ അനുസ്മരിക്കുമായിരുന്നത്രെ. 

മികച്ച പ്രഭാഷകനും തൂലികക്കുടമയുമായ മുഹ്‌യിദ്ദീന്‍ മുസ്‌ലിയാര്‍ പുത്തന്‍ വാദികളുടെ പേടിസ്വപ്നം കൂടിയായിരുന്നു. പ്രൗഢമായ വിഷയങ്ങള്‍ അയത്‌നലളിതമായി അവതരിപ്പിക്കാനുള്ള അദ്ദേഹത്തിന്റെ കഴിവ് വേറെത്തന്നെയായിരുന്നു. എഴുത്തിലൂടെയും പ്രഭാഷണത്തിലൂടെയും പുത്തന്‍ ചിന്തകളിലേക്ക് തെന്നിമാറിയവരെ തിരികെക്കൊണ്ടുവരാന്‍ സാധിച്ച പണ്ഡിതപ്രതിഭയാണ് പറവണ്ണ ഉസ്താദ്. 1945 ആഗസ്റ്റ് ഒന്നാം തിയ്യതിക്ക് ചേര്‍ന്ന മുശാവറ യോഗത്തില്‍ സമസ്തക്ക് കീഴില്‍ അറബിമലയാളത്തിലും, മലയാളത്തിലും മാസിക പ്രസിദ്ധീകരിക്കണമെന്ന് തീരുമാനിക്കുകയും പറവണ്ണയെ പത്രാധിപരായി തിരഞ്ഞെടുക്കുകയും ചെയ്തു. നൂറുല്‍ഇസ്‌ലാം എന്ന പേരില്‍ സ്വന്തമായി പ്രസിദ്ധീകരിച്ചിരുന്ന മാസികയിലും അല്‍ബയാനിലും അദ്ദേഹത്തിന്റെ പഠനലേഖനങ്ങള്‍ വന്നിട്ടുണ്ട്. ബിദഇകള്‍ക്കെതിരെ സുന്നീ സമൂഹത്തിന് രേഖകള്‍ വെച്ച് സംവദിക്കാന്‍ ഈ ലേഖനങ്ങള്‍ ഏറെ സഹായകമായിരുന്നു. അറബി, ഉര്‍ദു, ഇംഗ്ലീഷ്, തമിഴ്, ഫാരിസി ഭാഷകള്‍ കൈകാര്യം ചെയ്തിരുന്ന അദ്ദേഹം നിരവധി ഗ്രന്ഥങ്ങളും രചിച്ചിട്ടുണ്ട്.

സമസ്തയുടെ നായകന്‍

സമസ്തയുടെ രണ്ടാമത്തെ ജനറല്‍ സെക്രട്ടറിയും വിദ്യാഭ്യാസബോര്‍ഡിന്റെ പ്രഥമപ്രസിഡന്റുമായി സമൂഹത്തിന് നേതൃത്വം നല്‍കിയ പറവണ്ണ മുഹ്‌യിദ്ദീന്‍ മുസ്‌ലിയാര്‍ പ്രസ്ഥാനത്തിന് സഞ്ചാരദിശ നിര്‍ണ്ണയിച്ച് കൊടുത്ത പ്രമുഖനാണ്. കാര്യവട്ട സമ്മേളനത്തില്‍ വൈസ്പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടാണ് പറവണ്ണ മുഹ്‌യിദ്ദീന്‍ മുസ്‌ലിയാര്‍ സമസ്തയുടെ നേതൃരംഗത്തേക്ക് കടന്നുവന്നത്. സമസ്തയുടെ പ്രവര്‍ത്തനം കൂടുതല്‍ സജീവമമാക്കുന്നതിന്റെ ഭാഗമായി ആ യോഗത്തില്‍ രൂപീകരിക്കപ്പെട്ട ഇശാഅത് കമ്മിറ്റിയുടെ കണ്‍വീനറായും തിരഞ്ഞെടുക്കപ്പെട്ടത് അദ്ദേഹം തന്നെ. 1951ല്‍ നടന്ന വടകര സമ്മേളനത്തില്‍ വെച്ച് ചേര്‍ന്ന മുശാവറ യോഗത്തിലാണ് അദ്ദേഹം സമസ്തയുടെ ജനറല്‍ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെടുന്നത്. വിദ്യാഭ്യാസ ബോര്‍ഡ് രൂപീകരണവുമായി ബന്ധപ്പെട്ട സജീവ ചര്‍ച്ചകള്‍ക്ക് ഈ സമ്മേളന വേദി സാക്ഷിയായി. പറവണ്ണ ഉസ്താദ് കണ്‍വീനറായി തിരഞ്ഞെടുക്കപ്പെട്ട സമിതി മുന്‍കൈയ്യെടുത്ത് വിളിച്ച് ചേര്‍ത്ത വിദ്യാഭ്യാസ പ്രവര്‍ത്തകരുടെ യോഗമാണ് ബോര്‍ഡിന്റെ പ്രഥമ നിര്‍വ്വാഹക സമിതി. 

1954 ഫെബ്രുവരി 6ന് താനൂരില്‍ നടന്ന മുശാവറ യോഗത്തില്‍ സമസ്തക്ക് കീഴില്‍ ഉന്നത കോളേജ് വേണമെന്ന ആലോചന വരികയും അതിന് വേണ്ടി ഇസ്‌ലാഹുല്‍ഉലൂം അറബിക് കോളേജ് അതിന്റെ മാനേജിംഗ് കമ്മിറ്റിയില്‍ നിന്ന് ഏറ്റെടുക്കാന്‍ നിയമിച്ച സമിതിയുടെ കണ്‍വീനറും സ്ഥാപനം തുടങ്ങിയപ്പോള്‍ അതിന്റെ മാനേജറും പറവണ്ണ ഉസ്താദായിരുന്നു.

ഒരേ സമയം സമസ്തയുടെ ജനറല്‍ സെക്രട്ടറി, വിദ്യാഭ്യാസ ബോര്‍ഡ് പ്രസിഡന്റ്, ഇസ്‌ലാഹുല്‍ഉലൂം മാനേജര്‍, അല്‍ബയാന്‍ പത്രാധിപര്‍, എന്നീ മേഖലയില്‍ സേവനം ചെയ്യാന്‍ അദ്ദേഹം തിരഞ്ഞെടുക്കപ്പെട്ടത് തന്റെ കഴിവുകള്‍ക്കുള്ള സാക്ഷ്യമാണ്. അനാരോഗ്യം കാരണം 1957 ഫെബ്രുവരിയില്‍ ചേര്‍ന്ന മുശാവറ യോഗത്തില്‍ ഈ പദവികളെല്ലാം ഒഴിഞ്ഞ പറവണ്ണയുടെ സ്ഥാനത്തേക്ക് വ്യത്യസ്ഥ പ്രമുഖരാണ് നിയോഗിക്കപ്പെട്ടത്. സമസ്ത സെക്രട്ടറിയായി മഹാനായ ശംസുല്‍ഉലമയും, വിദ്യാഭ്യാസ ബോര്‍ഡ് പ്രസിഡന്റായി അയിനിക്കാട് പി. ഇബ്രാഹീം മുസ്‌ലിയാരും, അല്‍ബയാന്‍ പത്രാധിപരായി കോട്ടുമല അബൂബക്ര്‍ മുസ്‌ലിയാരും ഇസ്‌ലാഹുല്‍ഉലൂം മാനേജറായി കൂറ്റനാട് കെ.വി മുഹമ്മദ് മുസ്‌ലിയാരും തിരഞ്ഞെടുക്കപ്പെടുകയുണ്ടായി.

പറവണ്ണ ഉസ്താദും ഇസ്‌ലാഹുല്‍ഉലൂമും

പതിറ്റാണ്ടുകളുടെ പഴക്കമുള്ള ഇസ്‌ലാഹുല്‍ഉലൂം അറബിക് കോളെജിന് നേതൃത്വം നല്‍കുകയും സ്ഥാപനത്തില്‍ ദര്‍സ് നടത്തുകയും ചെയ്ത പണ്ഡിത നിരയില്‍ പ്രധാനിയാണ് പറവണ്ണ മുഹ്‌യിദ്ദീന്‍ മുസ്ലിയാര്‍. 1954ല്‍ ഇസ്‌ലാഹുല്‍ഉലൂം സമസ്തയുടെ കീഴില്‍ വന്നപ്പോള്‍ അതിന്റെ ആദ്യ മാനേജറായത് ഉസ്താദായിരുന്നു. അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ സ്ഥാപനത്തിന്റെ മരാമത്ത് പണികള്‍ നടത്തുകയും വരുമാനമാര്‍ഗ്ഗങ്ങളായിരുന്ന വാടക മുറികള്‍ നന്നാക്കുകയും ചെയ്തു. 

ഉസ്താദ് മാനേജറാകുമ്പോള്‍ ഖുതുബി മുഹമ്മദ് മുസ്‌ലിയാരായിരുന്നു സ്ഥാപനത്തില്‍ സ്വദര്‍ മുദരിസായിരുന്നത്. ഐനിക്കാട് പി. ഇബ്രാഹീം മുസ്‌ലിയാരും,  പയ്യോളി കെ. അബ്ദുല്‍ അസീസ് മുസ്‌ലിയാരും, നാദാപുരം കെ. നാസറുദ്ദീന്‍ അലി മുസ്‌ലിയാരും സഹ അധ്യാപകരുമായിരുന്നു. അല്ലാമാ ഖുതുബി തങ്ങള്‍ക്ക് ശേഷം പറവണ്ണ മുഹ്‌യിദ്ദീന്‍ മുസ്‌ലിയാര്‍ സ്വദര്‍ മുദരിസായും നിയമിതനായി.

കേരളത്തില്‍ നിന്ന് ബിദ്അത്തിനെ കച്ചകെട്ടിക്കുന്നതില്‍ വലിയ സ്ഥാനം വഹിച്ച പതി അബ്ദുല്‍ഖാദിര്‍ മുസ്‌ലിയാരെ മലബാറിലേക്ക് കൊണ്ട് വന്നതും സമസ്തക്കും ഇസ്‌ലാഹുല്‍ഉലൂമിനും അദ്ദേഹത്തിന്റെ സേവനം ലഭ്യമാക്കുന്നതിലും പിന്നില്‍ പ്രവര്‍ത്തിച്ചതും പറവണ്ണ ഉസ്താദായിരുന്നു. തെക്കന്‍ ജില്ലകളിലേക്ക് മതപ്രഭാഷണത്തിന് പോയ പറവണ്ണ, ആ ഭാഗത്ത് ബിദഇകള്‍ക്കെതിരെ പടവാളേന്തുന്ന പതിയെക്കുറിച്ചറിയുകയും പണ്ഢിതരോട് ചര്‍ച്ച ചെയ്ത് ഇങ്ങോട്ട് ക്ഷണിച്ച് ടെലഗ്രാം ചെയ്യുകയാണുണ്ടായത്. പറവണ്ണ ഉസ്താദിന്റെ മകനും ആഫ്രിക്കന്‍ നാടുകളില്‍ പ്രബോധന മേഖലയില്‍ വര്‍ത്തിക്കുകയും ചെയ്തിരുന്ന ഡോ. ബഷീര്‍ മുസ്‌ലിയാര്‍ പതിയുടെ പ്രധാന ശിഷ്യനായിരുന്നു. 

കുടുംബം

മൗലാനാ പറവണ്ണ മുഹ്‌യിദ്ദീന്‍ മുസ്‌ലിയാര്‍ക്ക് കുന്നത്തകത്ത് പൊയില്‍ ആയിശുമ്മ എന്ന ഭാര്യയില്‍ ആറ് ആണ്‍മക്കളും ആറ് പെണ്‍മക്കളുമാണുണ്ടായിരുന്നത്. ഖാസിം ബാഖവി, അബ്ദുറഹീം മുസ്‌ലിയാര്‍, ഡോ. ബശീര്‍ മൗലവവി, മുഹമ്മദലി, അബ്ദുല്‍ഗഫാര്‍മൗലവി, ഉമര്‍ എന്നിവരാണ് ആണ്‍മക്കള്‍. 

പറവണ്ണ ഉസ്താദിന്റെ മക്കളില്‍ വിശ്വവിഖ്യാതനാണ് ഡോ. ബശീര്‍ മുഹ്‌യിദ്ദീന്‍. പിതാവില്‍ നിന്നും പതി അബ്ദുല്‍ഖാദിര്‍ മുസ്‌ലിയാരില്‍ നിന്നും അബ്ദുല്‍ഖാദിര്‍ ഫള്ഫരിയില്‍ നിന്നും പഠനം നേടി വെല്ലൂര്‍ ബാഖിയാത്തില്‍ നിന്ന് ബാഖവി ബിരുദം നേടിയതിന് ശേഷം ഈജിപ്തിലെ അല്‍ അസ്ഹര്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്നും കൈറോ യൂണിവേഴ്‌സിറ്റിയില്‍ നിന്നും ഉപരി പഠനം പൂര്‍ത്തിയാക്കി, സൗദിയിലെ ദാറുല്‍ഇഫ്തയുടെ നേതൃത്വത്തില്‍ ആഫ്രിക്കന്‍ രാജ്യങ്ങളില്‍ മിഷനറി പ്രവര്‍ത്തനം നടത്താന്‍ നിയോഗിതനായ ആദ്യ ഇന്ത്യക്കാരനായ അദ്ദേഹം ഭൂഘണ്ഢാതിര്‍ത്തികള്‍ ഭേദിച്ചവനായിരുന്നു. 

ഇന്ത്യന്‍ ഭാഷകളില്‍ അഗ്രഗണ്യനായതോടൊപ്പം, ഇംഗ്ലീഷ്, ആഫ്രിക്കന്‍ ഭാഷകളിലും അദ്ദേഹം നൈപുണ്യം നേടുകയും ഗ്രന്ഥരചന നടത്തുകയും ചെയ്തു. ഹൗസ, യൂര്‍ബ തുടങ്ങി ആഫ്രിക്കന്‍ ഭാഷകളില്‍ നിരവധി ഗ്രന്ഥങ്ങളും ഖുര്‍ആന്‍ പരിഭാഷകളും രചിച്ച അദ്ദേഹത്തിന് 'ഖുര്‍ആന്‍ ദി ലിവിംഗ് ട്രൂത്ത്' എന്ന വിശ്വ വിഖ്യാതമായ ഇംഗ്ലീഷ് വ്യാഖ്യാനവുമുണ്ട്. ജീവിതം മുഴുവനും ഇല്‍മിനും സമൂഹ സേവനത്തിനും മാറ്റി വെച്ച പിതാവിനെ പ്പോലെ ജീവിച്ച മകനായിരുന്നു ബഷീര്‍മുഹ്‌യിദ്ദീന്‍ മൗലവി.

വലിയ പണ്ഡിതനും ചിന്തകനുമൊക്കെ ആയിരുന്നിട്ടും കുടുംബാംഗങ്ങളോടും ശിഷ്യന്‍മാരോടുമൊക്കെ വലിയ സ്‌നേഹത്തിലും മമതയിലും വര്‍ത്തിക്കുന്നവരായിരുന്നു പറവണ്ണ മുഹ്‌യിദ്ദീന്‍ മുസ്‌ലിയാര്‍. പ്രഭാഷണത്തിന് വേണ്ടി തന്നെ ക്ഷണിക്കാനെത്തുന്നവര്‍ക്കും ഭക്ഷണം നല്‍കുവാനും പ്രഭാഷണത്തിന് കൂടെപ്പോരുന്ന വിദ്യാര്‍ത്ഥിക്ക് പരിഗണന നല്‍കുവാനും ആ വലിയ മനുഷ്യന്റെ മനസ്സ് വിഷാലമായിരുന്നു. 1957 ജൂണ്‍ 28ന് (ദുല്‍ഖഅ്ദ 29) മഹാമനീശി ലോകത്തോട് വിടപറയുകയുണ്ടായി.

അയിനിക്കാട് ഇബ്രാഹീം മുസ്‌ലിയാര്‍

രോഗം മൂലം വിദ്യാഭ്യാസബോര്‍ഡിന്റെ പ്രസിഡന്റ് പദവി രാജിവെച്ച പറവണ്ണ ഉസ്താദിന്റെ ഒഴിവിലേക്കാണ് 1957ല്‍ ഫെബ്രുവരി 23ന് അയിനിക്കാട് ഇബ്രാഹീം മുസ്‌ലിയാര്‍ സ്ഥാനാരോഹിതനാവുന്നത്. 1903ല്‍ കോഴിക്കോട് ജില്ലയിലെ തിക്കോടിയില്‍ പ്രമുഖ പണ്ഡിതനായിരുന്ന ഖാദിലിദ് മുസ്‌ലിയാരുടേയും കുഞ്ഞായിശുമ്മയുടേയും പുത്രനായി ജനിച്ച അദ്ദേഹം, സ്വദേശത്തെ പ്രാഥമിക പഠനത്തിന് ശേഷം കൂട്ടായി, വടകര പ്രദേശങ്ങളില്‍ ദര്‍സ് പഠനം പൂര്‍ത്തിയാക്കുകയും ഉപരിപഠനത്തിനായി ബാഖിയാത്തിലെത്തുകയും ചെയ്തു. 

ബാഖവി ബിരുദം നേടിയ ശേഷം അയനിക്കാട്, തിക്കോടി, പയ്യോളി, വടകര, പടന്ന, മാട്ടൂല്‍, ചീക്കോന്ന് എന്നിവടങ്ങളില്‍ മുദരിസായ അദ്ദേഹം പ്രമുഖശിഷ്യരുടെ ഗുരുനാഥനാണ്. ശൈഖുനാ ശംസുല്‍ഉലമ അദ്ദേഹത്തിന്റെ ശിഷ്യനാണെന്നത് തന്നെ അവരുടെ മഹത്വം സൂചിപ്പിക്കുന്നുണ്ട്. 

1957ല്‍ അദ്ദേഹം പ്രസിഡന്റാവുമ്പോള്‍ കൂടെ സെക്രട്ടറിയായി നിയമിക്കപ്പെട്ടത് കോട്ടുമല അബൂബക്ര്‍ മുസ്‌ലിയാരും, ട്രഷററായി ഉണ്ടായിരുന്നത് സയ്യിദ് അബ്ദുറഹിമാന്‍ ബാഫഖി തങ്ങളുമാണ്. വിദ്യാഭ്യാസബോര്‍ഡിന്റെ സുവര്‍ണ്ണ ഘട്ടമെന്ന് വിളിക്കാവുന്ന കാലമാണ് ഇവരുടെത്. സമസ്തകേരളജംഇയ്യത്തുല്‍ഉലമയുടെ വൈസ്പ്രസിഡന്റ് കൂടിയായിരുന്ന അദ്ദേഹത്തിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗങ്ങളില്‍ നിര്‍ണ്ണായകമായ പലതീരുമാനങ്ങളും സംഘടന എടുത്തതായി ചരിത്രത്തില്‍ കാണാം. പാഠപുസ്തകപ്രസിദ്ധീകരണവും വില്‍പ്പനയും ബോര്‍ഡ് നേരിട്ട് നിര്‍വ്വഹിക്കാന്‍ തുടങ്ങിയത് കാരണം സാമ്പത്തികമായ വലിയ ഒരു ഭദ്രത കൈവരിക്കുകയുണ്ടായി. 1975 ഡിസംബര്‍ 14(1395 ദുല്‍ഹിജ്ജ 10)ന് ബലിപെരുന്നാള്‍ ദിവസം സുബ്ഹിയോടടുത്ത സമയമാണ് അവരുടെ വഫാത്. ആറ് പുത്രന്‍മാരും മൂന്ന് പുത്രിമാരുമുണ്ട്. 

വാണിയമ്പലം അബ്ദുറഹിമാന്‍ മുസ്‌ലിയാര്‍(1917-1980)

കേരളമുസ്‌ലിംകളുടെ വിശ്വാസാദര്‍ശം സംരക്ഷിക്കുന്നതിന് അക്ഷീണം യത്‌നിച്ച മഹാപണ്ഡിതനാണ് വാണിയമ്പലം അബ്ദുറഹിമാന്‍ മുസ്‌ലിയാര്‍.  1975ല്‍ ഇബ്രാഹീം മുസ്‌ലിയാര്‍ വഫാതായതിന് ശേഷം പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടത് അബ്ദുറഹിമാന്‍ മുസ്‌ലിയാരാണ്. നേരത്തെ 1959ല്‍ സമസ്ത കേരള ജംഇയ്യത്തുല്‍മുഅല്ലിമീന്‍ സെന്‍ട്രല്‍ കൗണ്‍സില്‍ രൂപീകരിക്കപ്പെടുമ്പോള്‍ അതിന്റെ പ്രഥമ പ്രസിഡന്റായി അവരോധിതനായതും വാണിയമ്പലം ഉസ്താദ് തന്നെയാണ്.

1917ല്‍ അരീക്കോടിനടുത്ത് മൈത്രയില്‍ പൂച്ചഞ്ചേരി മമ്മുദു മുസ്‌ലിയാരുടേയും പുന്നക്കണ്ടി ബിച്ചിപ്പാത്തുമ്മയുടേയും പുത്രനായി ജനിച്ചുവെങ്കിലും 1921ലെ ലഹളയില്‍ പങ്കെടുത്തതിന്റെ പേരില്‍ പിതാവ് വെല്ലൂരിലേക്ക് നാടുകടത്തപ്പെടുകയും മൂന്ന് കൊല്ലത്തിന് ശേഷം ഭാര്യയും മക്കളും അവിടേക്കു പോവുകയം ചെയ്തതിനാല്‍ അദ്ദേഹത്തിന്റെ പ്രാഥമിക പഠനങ്ങളെല്ലാം തമിഴ് നാട്ടില്‍ വെച്ചായിരുന്നു. 

1935ല്‍ സ്വദേശത്തേക്ക് തിരിച്ചു വന്നു. വാഴക്കാട് കണ്ണിയത്തുസ്താദിന്റെ അടുക്കലും മമ്പാട് സ്വദഖതുല്ലാ മുസ്‌ലിയാരുടെ അടുക്കലും ദര്‍സ് പഠിച്ചു. 1941ല്‍ ഉപരിപഠനത്തിനായി വീണ്ടും ബാഖിയാതിലേക്ക് പോയി. ബാഖവിയായി തിരിച്ചുവന്ന് അരീക്കോട്, പുത്തലം, കൂരാട്, വെട്ടിക്കാട്ടിരി എന്നിവിടങ്ങളിലും 1951 മുതല്‍ മരണം വരെ വാണിയമ്പലം പള്ളിയില്‍ മുദരിസും ഖാസിയുമായി സേവനം നടത്തുകയും ചെയ്തു. 

24-12-1958ന് മുശാവറ അംഗമായി നിയമിക്കപ്പെടുകയുണ്ടായി.  ജാമിഅയുടെ സ്ഥാപിത കാലം മുതല്‍ പ്രവര്‍ത്തക സമിതി അംഗമായ അദ്ദേഹം 1978 മുതല്‍ അന്ത്യം വരെ ജനറല്‍സെക്രട്ടറിയായും സേവനം ചെയ്തു. അറബി, ഉര്‍ദു, ഇംഗ്ലീഷ്, ഫാരിസി തുടങ്ങിയ ഭാഷകള്‍ അയത്‌നലളിതമായി കൈകാര്യം ചെയ്തിരുന്ന അദ്ദേഹം ബിദ്അതിനേയും കള്ളത്വരീഖതുകളേയും നിശ്കാസനം ചെയ്യുന്നതില്‍ മുന്‍നിരയില്‍ അവരോധിക്കപ്പെട്ടു. 29-11-1976ന് സമസ്തയുടെ വൈസ് പ്രസിഡന്റായും തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. 

വണ്ടൂരിലെ കളത്തിങ്ങല്‍ കുഞ്ഞിമൊയ്തീന്‍ മുസ്‌ലിയാരുടെ മകള്‍ മറിയം ആണ് വധു. ഏഴ് പണ്‍മക്കളും ഒരു ആണ്‍കുട്ടിയുമാണുള്ളത്. അജ്മീര്‍ സിയാറത് കഴിഞ്ഞ് മടങ്ങവെ അസുഖബാധിതനാവുകയും 1980 ഡിസംബര്‍ 4ന് വഫാതാവുകയും ചെയ്തു. ഒരേ സമയം ജംഇയ്യത്തുല്‍ഉലമയുടേയും, വദ്യാഭ്യാസബോര്‍ഡിന്റേയും, ജംഇയ്യത്തുല്‍മുഅല്ലിമീനിന്റെയും നേതൃത്വം വഹിക്കാന്‍ ഭാഗ്യം ലഭിച്ച വ്യക്തിത്വമാണദ്ദേഹം. 


ടി.കെ.എം ബാവമുസ്‌ലിയാര്‍

1989മുതല്‍ 2013 ജൂണ്‍16 വരെ ഇരുപത്തനാല് കൊല്ലം സമസ്തകേരള ഇസ്‌ലാം മതവിദ്യാഭ്യാസ ബോര്‍ഡിന്റെ പ്രസിഡന്റ് പദവി അലങ്കരിക്കാന്‍ ഭാഗ്യം ലഭിച്ച വ്യക്തിയാണ്. ടി.കെ മുഹമ്മദ് എന്ന ബാവ മുസ്‌ലിയാര്‍. മലപ്പുറം ജില്ലയില്‍ നിരവധി പണ്ഡിതരുടെ നാടായ വെളിമുക്കില്‍ പണ്ഡിതത്തറവാട്ടില്‍ പണ്ഡിതനും പറമ്പില്‍പീടിക ഖാളിയുമായിരുന്ന ബീരാന്‍മുസ്‌ലിയാരുടേയും മാളിയേക്കല്‍ മൊയ്തുമുസ്‌ലിയാരുടെ മകളുടേയും പുത്രനായി പടിക്കലിലെ പള്ള്യാര്‍മാട്ടില്‍ ജനിച്ചു. പ്രമുഖസൂഫിയും താനൂര്‍ അബ്ദുറഹിമാന്‍ ശൈഖിന്റെ മുരീദുമായിരുന്ന പിതാമഹന്‍ മൊയ്തുമുസ്‌ലിയാരാണ് ബാവമുസ്‌ലിയാര്‍ക്ക് ജ്ഞാനലോകത്തേക്ക് വഴികാട്ടിയായി വന്നത്. അദ്ദേഹം വെളിമുക്ക്കാര്‍ക്ക് സര്‍വ്വിഷയങ്ങളിലും അഭയകേന്ദ്രമായിരുന്നു. 

രണ്ടാം ക്ലാസ് സ്‌കൂള്‍ പഠനം കഴിഞ്ഞ് അലവിമുസ്‌ലിയാരില്‍ നിന്ന് ഖുര്‍ആന്‍ പഠിച്ചു പിന്നീട് ദര്‍സ് പഠനമേഖലയിലേക്ക് കാലെടുത്തുവെച്ചു. പിതാമഹന്‍ തന്നെയാണ് അവിടെയും പ്രധാനി. മുതഫര്‍രിദിലെ ഹജ്ജ് അധ്യായം വരെ വെളിമുക്കില്‍ പഠിച്ച് അദ്ദേഹത്തിന്റെ നിര്‍ദേശപ്രകാരം പന്ത്രണ്ടാം വയസ്സില്‍ പരപ്പനങ്ങാടിയിലെ പനയത്തില്‍ പള്ളിദര്‍സില്‍ മഹാനായ കോമുമുസ്‌ലിയാരുടെ ദര്‍സില്‍ ചേര്‍ന്നു. കോമുമുസ്‌ലിയാരുടെ വഫാതിന് ശേഷം അവിടെ മുദരിസായി വന്ന പറവണ്ണമുഹ്‌യിദ്ദീന്‍ കുട്ടിമുസ്‌ലിയാരുടെ ദര്‍സിലും ഒരു വര്‍ഷം പഠിച്ചു. ശേഷം വിളയില്‍ ദര്‍സില്‍ കോട്ടുമല കുഞ്ഞീതുമുസ്‌ലിയാരുടെ ശിഷ്വത്വം സ്വീകരിച്ചു. 

മൂന്ന് വര്‍ഷത്തെപഠന ശേഷം കാസര്‍ക്കോട് എ.പി അബ്ദുറഹിമാന്‍ മുസ്‌ലിയാരുടെ ദര്‍സില്‍ ചേര്‍ന്നു. തുഹ്ഫ, ബുഖാരി, പോലുള്ള വലിയ ഗ്രന്ഥങ്ങള്‍ പഠിക്കുന്നത് അവിടെ വെച്ചാണ്. കോട്ടുമല ഉസ്താദിന്റെ ദര്‍സിലും ഒരു വര്‍ഷം പഠിച്ചിട്ടുണ്ട്. അതിനിടക്കാണ് പിതാമഹന്‍ ഹജ്ജിന് പോകുന്ന വേളയില്‍ വെളിമുക്കിലെ ദര്‍സ് പേരമകനെ ഏല്‍പ്പിക്കുന്നത്. പിതാമഹന്‍ തിരിച്ചുവന്നപ്പോള്‍ ബാവമുസ്‌ലിയാര്‍ മാങ്ങാട് ദര്‍സില്‍ പഠനം തുടങ്ങുകയും അവിടെ വെച്ച് സി.എം വലിയ്യുല്ലാഹിയുടെ കൂടെ ജംഉല്‍ജവാമിഅ് ഓതുകയും ചെയ്തു. സഹപാഠിയായ സി.എമ്മിന്റെ വീട്ടില്‍ വെള്ളിയാഴ്ചകളില്‍ പോയി ഉച്ചഭക്ഷണം കഴിക്കാന്‍ ബാവമുസ്‌ലിയാര്‍ക്ക് ഭാഗ്യം ലഭിച്ചിട്ടുണ്ട്. 

മാങ്ങാട്ടെ പഠനം കഴിഞ്ഞ് ബാഖിയത്തില്‍ പഠിക്കുകയും മൂന്ന് വര്‍ഷത്തെ പഠനവും പൂര്‍ത്തിയാക്കി സനദ്‌വാങ്ങി നാട്ടില്‍ തിരിച്ചെത്തി ചേളാരിക്കടുത്ത് കൂമണ്ണയില്‍ ദര്‍സ് തുടങ്ങി പതിനേഴ് കൊല്ലം അവിടെ സേവനം തുടര്‍ന്നു. അതിന് ശേഷം കണ്ണൂര്‍ ജില്ലയിലെ മൂര്യാടും മലപ്പുറം ജില്ലയിലെ ഊരകത്തുമാണ് സേവനം ചെയ്തത്. സി.എച്ച് ഐദ്‌റൂസ് മുസ്‌ലിയാരായിരുന്നു ഊരകത്ത് അത് വരെ മുദരിസായിരുന്നത്. ഊരകത്ത് സേവനം നിര്‍ത്തി ചാപ്പനങ്ങാടി ബാപ്പുമുസ്‌ലിയാരുടെ നിര്‍ദേശപ്രകാരം കൂണ്ടൂരില്‍ ദര്‍സ് ആരംഭിക്കുകയും കാസര്‍ക്കോട്ടുകാരുടെ ക്ഷണപ്രകാരം അവിടേക്ക് സേവവമേഖല മാറ്റിപ്പിടിക്കുകയും ചെയ്തു. മുപ്പത്തിഏഴ് വര്‍ഷം മുശാവറാ അംഗമായും, മുപ്പത്തിനാല് വര്‍ഷം കാസര്‍കോട് ഖാളിയായും, ഇരുപത്തിനാല് വര്‍ഷം വിദ്യാഭ്യാസബോര്‍ഡ് പ്രസിഡന്റായും സേവനരംഗത്ത് നിറഞ്ഞ് നിന്ന ആ പണ്ഡിതവര്യന്‍ 2013 ജൂണ്‍ 16ന് വഫാതായി. വെളിമുക്ക് ജുമുഅത്ത് പള്ളിയുടെ മുന്‍വശത്താണ് അന്ത്യവിശ്രമം. 

1980ല്‍ വാണിയമ്പലം അബ്ദുറഹിമാന്‍ മുസ്‌ലിയാരുടെ കാലശേഷം 1989വരെ സയ്യിദ് അബ്ദുറഹിമാന്‍ കുഞ്ഞിക്കോയതങ്ങളായിരുന്നു വിദ്യാഭ്യാസബോര്‍ഡിന്റെ പ്രസിഡന്റ്. 2013ല്‍ ബാവമുസ്‌ലിയാരുടെ വഫാതിന് ശേഷം പി.കെ.പി അബ്ദുസ്സലാം മുസ്‌ലിയാര്‍ പ്രസിഡന്റ് സ്ഥാനത്തേക്ക് അവരോധിക്കപ്പെടുകയും നിലവില്‍തല്‍സ്ഥാനത്ത് തുടരുകയും ചെയ്യുന്നു.

ഓരോകാലത്തുമുള്ള പ്രസിഡന്റുമാര്‍ക്ക് കൂടുതല്‍ കരുത്തും ആവേഷവും നല്‍കുന്ന മുഖ്യകാര്യദര്‍ശികളാണ് വിദ്യാഭ്യാസബോര്‍ഡിനുണ്ടായിരുന്നത്. കാലോചിതമായ മാറ്റങ്ങളും സംവിധാനങ്ങളും സമസ്തയുടെ വിദ്യാഭ്യാസപ്രക്രിയയില്‍ കൊണ്ടുവരുന്നതില്‍ അവര്‍ക്ക് വലിയ പങ്കുണ്ട്.


കെ.പി ഉസ്മാന്‍ സാഹിബ്

സമസ്ത കേരള ഇസ്്‌ലാം മത വിദ്യാഭ്യാസബോര്‍ഡിന്റെ ജീവനാഡിയും അരനൂറ്റാണ്ട് കാലത്തെ കാര്യദര്‍ശിയും ജംഇയ്യതുല്‍മുഅല്ലിമീന്റെ നാല് പതിറ്റാണ്ട് കാലത്തെ ട്രഷററുമായി സമസ്തക്ക് വേണ്ടി തന്റെ ബുദ്ധിയും ചിന്തയും ആരോഗ്യവും ആയുസ്സുമെല്ലാം സമര്‍പ്പിച്ചവരായിരുന്നു മര്‍ഹൂം കെ.പി ഉസ്്മാന്‍ സാഹിബ്. സയ്യിദ് അബ്ദുറഹിമാന്‍ ബാഫഖി തങ്ങളുടെ അവസരോചിതമായ ഇടപെടലിലൂടെയാണ് ഈ കര്‍മ്മോത്സുകിയെ സമസ്തക്ക് ലഭിക്കുന്നത്. 

അബൂബക്കര്‍ സിദ്ദീഖ്(റ)ലേക്കും അബൂഉബൈദതുല്‍ജര്‍റാഹ്(റ)ലേക്കും വേരുകള്‍ ചെന്നത്തുന്ന പുറത്തെയില്‍ മശാഇഖുകളുടെ പുത്രപരമ്പരയില്‍ ശൈഖ് അബ്ദുല്‍ഖാദിര്‍സാനിബാലഫത്്‌നി(റ)ന്റെ പതിനാലാമത്തെയും, ചാലിയത്ത് അന്ത്യവിശ്രമം കൊള്ളുന്ന ശൈഖ് നൂറുദ്ദീന്‍(റ)ന്റെ പന്ത്രണ്ടാമത്തെയും തലമുറയില്‍ പെട്ട ശൈഖ് അബ്ദുല്‍ഖാദിര്‍ മുസ്്‌ലിയാരുടെയും കണ്ണൂര്‍ ജില്ലയിലെ വേങ്ങാടുള്ള കോമുക്കില്‍ തറവാട്ടിലെ മറിയം എന്നവരുടേയും മകനായി കണ്ണൂര്‍ ജില്ലയിലെ വേങ്ങാട് ഗ്രാമത്തില്‍ 1919ലാണ് ഉസ്്മാന്‍ സാഹിബ് ജനിക്കുന്നത്. പിതാവ് അബ്ദുല്‍ഖാദിര്‍ മുസ്്‌ലിയാരുടെ രണ്ടാമത്തെ ഭാര്യയാണ് മര്‍യം. അവരില്‍ ഉസ്്മാന്‍ സാഹിബ് ഉള്‍പ്പടെ മൂന്ന് ആണ്‍മക്കളും മൂന്ന് പെണ്‍മക്കളും ഉണ്ടായിരുന്നു. ഈ വിവാഹത്തിന് വര്‍ഷങ്ങള്‍ക്ക് മുമ്പ് തന്നെ അദ്ദേഹം ദീര്‍ഘകാലം ഓതിത്താമസിച്ച ചാവക്കാട് താലൂക്കിലെ വെന്‍മേനാട് നിന്നും സ്വന്തം ഉസ്താദായിരുന്ന മര്‍ഹൂം തോപ്പില്‍ ഇബ്രാഹീം മുസ്്‌ലിയാരുടെ ഉപദേശാനുസാരം ഒരു വിവാഹം കഴിച്ചിരുന്നു. ആ ബന്ധത്തില്‍ മൂന്ന് മക്കളുമുണ്ടായിരുന്നു. വലിയ്യും സ്വൂഫിയുമായിരുന്ന അദ്ദേഹം നാല്‍പ്പതോളം പള്ളികള്‍ പണിയിപ്പിച്ചതായി പറയപ്പെടുന്നു. വെന്‍മേനാട്ട് ചെന്ത്രത്തിപള്ളി മഖാലിമാണ് മഹാനുഭാവന്‍ അന്ത്യവിശ്രമം കൊള്ളുന്നത്. 

സ്വദേശമായ വേങ്ങാട്ടെ ഓത്തുപള്ളിയില്‍ പ്രാഥമിക പഠനത്തിന് ശേഷം വേങ്ങാട് പള്ളിദര്‍സില്‍ നിന്നാണ് മതവിദ്യാഭ്യാസം നേടുന്നത്. അതൊടൊപ്പം പട്ടിപ്രം എലിമന്ററി സ്‌കൂള്‍, തലശ്ശേരി ബി.ഇ.എം സ്‌കൂള്‍ എന്നിവിടങ്ങളില്‍ നിന്ന് ഭൗതിക വിദ്യാഭ്യാസവും തലശ്ശേരി ബ്രണ്ണന്‍ കോളേജില്‍ നിന്ന് ഇന്റര്‍മീഡിയേറ്റും പൂര്‍ത്തിയാക്കി. ഭൗതികമേഖലയില്‍ ഇന്റര്‍മീഡിയേറ്റ് വരെ പഠിച്ച അദ്ദേഹത്തിന് മതപഠനം കൂടുതല്‍ നേടാന്‍ അവസരമുണ്ടായിട്ടില്ല എന്നതാണ് സത്യം. 

ബ്രണ്ണന്‍ കോളേജില്‍ പഠിക്കുന്ന സമയം 1943ല്‍ ആദ്യമായി മലബാര്‍ജില്ലാ എം.എസ്.എഫ് രൂപീകരിക്കപ്പെട്ടപ്പോള്‍ അതിന്റെ കാര്യദര്‍ശിയായി പൊതുരംഗത്തേക്ക് കടന്നുവന്ന സാഹിബ് അന്ത്യം വരെ സമൂഹത്തിന് വേണ്ടി പ്രവര്‍ത്തിക്കുകയായിരുന്നു. പൊന്‍മാണിച്ചി മൊയ്തു സാഹിബ് ബി.എ എന്ന വ്യക്തിയാണ് ആദ്യം എം.എസ്.എഫ് ജനറല്‍ സെക്രട്ടറിയായി നിയമിതനായതെങ്കിലും ഉടന്‍ തന്നെ വിദ്യാഭ്യാസ ഇന്‍സ്‌പെക്ടറായി ജോലി കിട്ടി പോയ അദ്ദേഹത്തിന്റെ ഒഴിവിലേക്ക് സത്താര്‍ സേട്ടിന്റെയും സീതീസാഹിബിന്റെയും ആഗ്രഹപ്രകാരം ഉസ്്മാന്‍ സാഹിബ് നിയമിതനായി. അത് കൊണ്ട് തന്നെ എം.എസ്.എഫിന്റെ പ്രഥമ സംസ്ഥാന തല സെക്രട്ടറി എന്ന നിലയിലാണ് ചരിത്രം ഉസ്്മാന്‍ സാഹിബിനെ പരിചയപ്പെടുത്തുന്നത്. ഈ പദവിയില്‍ പ്രവര്‍ത്തിച്ചത് വഴി സയ്യിദ് അബ്ദുറഹിമാന്‍ ബാഫഖി തങ്ങളുമായും മറ്റും കൂടുതല്‍ ബന്ധപ്പെടാന്‍ ഉസ്്മാന്‍ സാഹിബിന് സാധ്യമായി. 

1944ല്‍ താനൂരില്‍ വെച്ച് നടന്ന മുസ്്‌ലിം ലീഗിന്റെ മഹാ സമ്മേളനത്തില്‍ സത്താര്‍സേട്ട് അടക്കമുള്ള പ്രമുഖര്‍ അണിനിരന്ന വേദിയില്‍ ജെ.ഡി.ടി ഇസ്്‌ലാമിന്റെ സ്ഥാപക സെക്രട്ടറി മഖ്്ബൂല്‍ അഹ്്മദ് സാഹിബിന്റെ പ്രസംഗം പരിഭാഷപ്പെടുത്തി ഉസ്്മാന്‍ സാഹിബ് ശ്രദ്ധേയനായി. പിന്നീടദ്ദേഹം ലീഗ് വേദികളിലെ ഇംഗ്ലീഷ്, ഉറുദു പ്രഭാഷകരുടെ വിവര്‍ത്തകനായി മാറി. ആ കാലത്ത് മലബാറില്‍ പടര്‍ന്നുപിടിച്ച കോളറയുടെ ഫലമായി ദുരിതമനുഭവിക്കുന്ന മുസ്്‌ലിം യുവതികള്‍ക്ക് ഒരു കൈതൊഴില്‍ ശാല സംവിധാനിക്കാന്‍ ലീഗ് സമ്മേളനം തീരുമാനമെടുത്തപ്പോള്‍ ആ ശാലയുടെ നിര്‍മ്മാണകാര്യങ്ങളുടെ മേല്‍ നോട്ടം ഉസ്്മാന്‍ സാഹിബിനെയാണ് ബാഫഖി തങ്ങള്‍ ഉത്തരവാദപ്പെടുത്തിയത്. 

കോളറാനന്തരം താനൂരിലും പരിസരപ്രദേശങ്ങളിലും ഉണ്ടായിരുന്ന 150ഓളം അനാഥകളെ സര്‍വ്വന്റ്‌സ് ഓഫ് ഇന്ത്യ സൊസൈറ്റിയുടെ കീഴില്‍ വിവിധ അനാഥ ശാലകളില്‍ പഠിപ്പിച്ചു വരുന്നതിന്റെ പ്രയാസം മനസ്സിലാക്കിയ ബാഫഖി തങ്ങള്‍ അന്നത്തെ മലബാര്‍ കലക്ടറുമായി ബന്ധപ്പെടുകയും മുസ്്‌ലിം കുട്ടികളെ വിട്ടുതരാന്‍ സര്‍വ്വന്‍സ് ഓഫ് ഇന്ത്യ സൊസൈറ്റിയുടെ സെക്രട്ടറി വി. ആര്‍ നായര്‍ സമ്മതിക്കുകയും ചെയ്തു. ആ കുട്ടികളെ പ്രവര്‍ത്തനരഹിതമായി കിടന്നിരുന്ന ഇസ്്‌ലാഹുല്‍ ഉലൂം അറബിക് കോളേജ് കെട്ടിടത്തില്‍ മുസ്്‌ലിം അനാഥശാല സ്ഥാപിച്ച് അതില്‍ പഠിപ്പിക്കുകയും, അതിന്റെ നടത്തിപ്പിന്റെ ചുമതല ബാഫഖി തങ്ങള്‍ സാഹിബിനെ ഏല്‍പ്പിക്കുകയും ചെയ്തു. ഇതൊടൊപ്പം 1944 മുതല്‍ 50 വരെ ഇസ്്‌ലാഹുല്‍ ഉലൂമിന്റെ മാനേജറും അദ്ദേഹം തന്നെയായിരുന്നു.

ഹൈദരാബാദ് ആക്ഷന്‍ കാലത്ത് മുസ്്‌ലിംലീഗിന്റെ നേതാക്കളൊടൊപ്പം ഉജ്ജ്വല വാഗ്്മിയും പ്രവര്‍ത്തകനുമായ സാഹിബും അറസ്റ്റ് ചെയ്യപ്പെട്ടു. മോചനശേഷം രാഷ്ട്രീയമേഖലയില്‍ നിന്ന് മാറി സമസ്തയുടെ പ്രവര്‍ത്തകനായി സജീവമാവുകയും ചെയ്തു. 

1949 ഒക്ടോബര്‍ 16ന് ബാഫഖി തങ്ങളുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന മുശാവറ യോഗം ദര്‍സുകളും പ്രാഥമിക മദ്‌റസകളും സ്ഥാപിക്കാനും പ്രചാരണം നടത്താനും ഏറനാട്, വള്ളുവനാട് താലൂക്കുകളില്‍ ഓര്‍ഗനൈസര്‍മാരെ നിയമിക്കാന്‍ തീരുമാനമാവുകയും കെ.പി ഉസ്്മാന്‍ സാഹിബും എന്‍.കെ അയമുമുസ്്‌ലിയാര്‍ വല്ലപ്പുഴയും നിയമിതരാവുകയും ചെയ്തു. ഇതിലൂടെയാണ് സാഹിബ് സമസ്തയുടെ പ്രവര്‍ത്തനഗോഥയിലേക്ക് കടന്നുവരുന്നത്. രണ്ട് പേര്‍ക്കും യാത്രാ ചിലവ് നല്‍കിയിരുന്നത് ബാഫഖി തങ്ങള്‍ തന്നെയായിരുന്നെന്ന് ഉസ്്മാന്‍ സാഹിബ് തന്നെ തങ്ങളെ അനുസ്മരിച്ചപ്പോള്‍ പറഞ്ഞിട്ടുണ്ട്. മൈലുകള്‍ സഞ്ചരിച്ച്, കുന്നുകളും മലകളും താണ്ടി, ഓരോ ഗ്രാമപ്രദേശങ്ങളിലും കടന്നു ചെന്ന് അവിടങ്ങളില്‍ മദ്രസകള്‍ സ്ഥാപിച്ചു തുടങ്ങി. ഗതാഗത സൗകര്യം പോലുമില്ലാത്ത കാലത്ത് എല്ലാ ഓണം കേറാമൂലകളിലും ചെന്ന് പ്രസംഗിച്ചും കഷ്ടപ്പെട്ടും ഈ പ്രസ്ഥാനത്തെ വെള്ളവും വളവും നല്‍കി നട്ടുവളര്‍ത്തി. 

പാഠ്യപദ്ധതി, പാഠപുസ്തകങ്ങള്‍, മദ്‌റസ വിസിറ്റിംഗ്, മുഅല്ലിം ട്രൈനിംഗ്, ഹിസ്ബ് പരീക്ഷാ സമ്പ്രദായങ്ങള്‍, സര്‍ട്ടിഫിക്കറ്റുകള്‍, മദ്‌റസ റിക്കാര്‍ഡുകള്‍ തുടങ്ങിയ നിരവധി പദ്ധതികള്‍ നടപ്പില്‍ വന്നതും വിജയകരമായി ആവിഷ്‌കരിക്കപ്പെട്ടതും സാഹിബിന്റെ ഇച്ഛാശക്തി കൊണ്ട് മാത്രമാണ്.

1950 ഏപ്രില്‍ 30 ന് ചേര്‍ന്ന മുശാവറ അദ്ദേഹത്തെ സമസ്തയുടെ ഓഫീസ് സെക്രട്ടറിയായി നിയമിക്കുകയുണ്ടായി. പ്രസിഡന്റ് വാളക്കുളം അബ്ദുല്‍ബാരി മുസ്്‌ലിയാരുടെ വാളക്കുളത്തെ വീടായിരുന്നു അന്ന് ഓഫീസ് ആസ്ഥാനമായി പ്രവര്‍ത്തിച്ചത്. അവിടെ നിന്ന് കേരളത്തിന്റെ വിവിധ ദിക്കുകളിലേക്ക് സഞ്ചരിച്ചാണ് ഈ പ്രസ്ഥാനത്തിന് വേ്ണ്ടി ആ ജീവിതം സമര്‍പ്പിച്ചത്. 

1950ല്‍ സമസ്തയുടെ മുഖപ്പത്രം അല്‍ബയാന്‍ അറബി മലയാളം മാസിക പ്രസിദ്ധീകരണമാരംഭിച്ചപ്പോള്‍ മാനേജറും പബ്ലിഷറുമായിരുന്ന അദ്ദേഹം, 1959ല്‍ പുറത്തിറങ്ങിയ അല്‍മുഅല്ലിം ത്രൈമാസികയുടെ മാനേജിംഗ് എഡിറ്റര്‍ കൂടിയായിരുന്നു.  1977ലാണ് ഇത് മാസികയായി പ്രസിദ്ധീകരിക്കാന്‍ തുടങ്ങിയത്. 1951ല്‍ സമസ്ത കേരള ഇസ്്‌ലാം മതവിദ്യാഭ്യാസ ബോര്‍ഡ് രൂപീകൃതമായപ്പോള്‍ പ്രസിഡന്റ് പറവണ്ണ മുഹ് യിദ്ദീന്‍കുട്ടി മുസ്്‌ലിയാര്‍ക്കൊപ്പം മുഖ്യകാര്യദര്‍ശിയായി നിയമിക്കപ്പെട്ടത് ഉസ്്മാന്‍ സാഹിബായിരുന്നു. ബാഫഖിതങ്ങളായിരുന്നു ട്രഷറര്‍. 1957ല്‍ ബോര്‍ഡ് ഭരണഘടന അനുസരിച്ച് ബോര്‍ഡ് പുനസംഘടിക്കപ്പെട്ടപ്പോള്‍ പ്രസിഡന്റും ജനറല്‍സെക്രട്ടറിയും മുശാവറ അംഗങ്ങളായിരിക്കണമെന്ന തീരുമാനപ്രകാരം ജനറല്‍സെക്രട്ടറിയായി കോട്ടുമല അബൂബക്കര്‍ മുസ്്‌ലിയാര്‍ തിരഞ്ഞെടുക്കപ്പെട്ടു. അപ്പോഴും വര്‍ക്കിംഗ് സെക്രട്ടറിയായി ഉസ്്മാന്‍ സാഹിബ് തന്നെയായിരുന്നു, മരണം വരെയും അരനൂറ്റാണ്ട് കാലം അത് തുടര്‍ന്നു. നിരന്തരമായ യാത്രകള്‍ക്കിടയില്‍ മാസങ്ങളും ആഴ്ചകളും കഴിഞ്ഞായിരുന്നു പലപ്പോഴും വീട്ടിലെത്തിയിരുന്നത്. പലപ്പോഴും പോസ്റ്റ് കാര്‍ഡില്‍ സുഖവിവരങ്ങള്‍ എഴുതുകയും ആരായുകയും ചെയ്തിരുന്നുവെന്ന് മക്കള്‍ സാക്ഷ്യപ്പെടുത്തുന്നു. 

1959ല്‍ സമസ്ത കേരള ജംഇയ്യതുല്‍മുഅല്ലിമീന്‍ സെന്‍ട്രല്‍കൗണ്‍സില്‍ രൂപീകൃതമായത് മുതല്‍ ജീവിതാവസാനം വരെ ഉസ്മാന്‍ സാഹിബ് ട്രഷററായിരുന്നു. വിദ്യാഭ്യാസ ബോര്‍ഡ് ഔദ്യോഗികമായി ജംഇയ്യതുല്‍മുഅല്ലിമീന്‍ രൂപീകരിക്കുന്നതിന് മുമ്പ് തന്നെ തിരൂര്‍, കാളികാവ് മേഖലകളില്‍ മുഅല്ലിം സമാജങ്ങള്‍ രൂപീകൃതമായിരുന്നുവെന്നും, 1956 ല്‍ തന്നെ തിരൂര്‍ സെന്റര്‍ ജംഇയ്യതുല്‍മുഅല്ലിമീന്‍ സമാജം എന്ന പേരില്‍ തിരൂര്‍ ഭാഗത്തെ മുഅല്ലിമുകള്‍ക്കായി സംഘടന രൂപീകരിക്കുകയും ഉസ്്മാന്‍ സാഹിബ് അതിന്റെ പ്രസിഡന്റായിരുന്നുവെന്നും അല്‍ബയാനില്‍ രേഖപ്പെടുത്തിക്കാണാം.

ജംഇയ്യതുല്‍ മുഫത്തിശീന്‍ രൂപീകരിക്കപ്പെടുന്നതിന് മുമ്പ് മദ്രസകള്‍ വിസിറ്റ് നടത്തി പരിശോധിച്ച് അധ്യാപകര്‍ക്കും മാനേജ്‌മെന്റിനും വേണ്ട നിര്‍ദേശങ്ങള്‍ നല്‍കിയിരുന്നത് ഉസ്്മാന്‍ സാഹിബാണ്. ജംഇയ്യത്തുല്‍മുഫത്തിശീന്‍ രൂപീകരണം മുതല്‍ മരണം വരെ അതിന്റെ പ്രസിഡന്റും അദ്ദേഹം തന്നെയായിരുന്നു. 1968ല്‍ പാണക്കാട് പി.എം.എസ്.എ പൂക്കോയതങ്ങള്‍ എസ്.വൈ.എസ് പ്രസിഡന്റാകുമ്പോള്‍ ജനറല്‍സെക്രട്ടറിയായിരുന്നത് സാഹിബായിരുന്നു. സി.എച്ച് ഐദ്‌റൂസ് മുസ്്‌ലിയാര്‍ ചീഫ് ഓര്‍ഗനൈസര്‍ കൂടിയായി പ്രവര്‍ത്തിച്ചിരുന്ന ആ കാലത്താണ് സംഘടന കൂടുതല്‍ ജനകീയമായി മാറിയത്.

പട്ടിക്കാട് ജാമിഅ നൂരിയ്യ അറബിക് കോളേജിന്റെ ആരംഭം മുതല്‍ പ്രവര്‍ത്തക സമിതി അംഗമായിരുന്ന അദ്ദേഹം അതിന്റെ മെയിന്‍ബില്‍ഡിംഗ് നിര്‍മ്മാണ വേളയിലും ആദ്യാകാല സമ്മേളനങ്ങള്‍ക്ക് വേണ്ടിയും അവിടെ താമസിച്ച് പ്രവര്‍ത്തിക്കുകയായിരുന്നു. തുടക്കം മുതല്‍ 1971 വരെ ജാമിഅയില്‍ പഠിച്ചിരുന്ന പണ്ഡിതര്‍ക്ക് എല്ലാ ശനിയാഴ്ചകളിലും ഉറുദു, ഇംഗ്ലീഷ് ഭാഷകള്‍ പഠിപ്പിക്കാന്‍ ഉസ്്മാന്‍ സാഹിബിന് അവസരം ലഭിച്ചതിലൂടെ നിരവധി ഫൈസിമാരുടെ ഗുരുനാഥനാവാനും അദ്ദേഹത്തിന് സൗഭാഗ്യമുണ്ടായിട്ടുണ്ട്.

വെന്‍മേനാട് പള്ളിയിലെ ദര്‍സ് സ്ഥാപിച്ച തോപ്പില്‍ ഇബ്രാഹീം മുസ്്‌ലിയാരുടെ പൗത്രിയുടേയും, അവിടത്തെ പ്രശസ്തമായ തോപ്പില്‍ കുടുംബാംഗം ഖാസിം സാഹിബിന്റെയും ഏക പുത്രി നഫീസയാണ് സാഹിബിന്റെ പത്‌നി. കരീം ഇബ്രാഹീം, ഡോ. എന്‍.എ.എം അബ്ദുല്‍ഖാദിര്‍, ഖാസിം മുനീര്‍, മറിയം, ആയിശ, ഫാത്വിമ എന്നിവരാണ് മക്കള്‍. 1998 ആഗസ്ത് 8നാണ് ആ ധന്യ ജീവിതം വിടപറഞ്ഞത്.


കോട്ടുമല അബൂബക്ര്‍ മുസ്‌ലിയാര്‍

കേരളത്തില്‍ അഹ്‌ലുസ്സുന്നത്തിവല്‍ജമാഅ കെട്ടിപ്പടുക്കുന്നതില്‍ മുന്‍നിരയില്‍ നിന്ന് പ്രവര്‍ത്തിക്കുകയും, ദര്‍സ്‌മേഖലയില്‍ പ്രശോഭിച്ച് കേരളം കണ്ട പ്രഗത്ഭരായ പണ്ഡിത നിരയത്തന്നെ സൃഷ്ടിച്ചെടുക്കുകയും, സമസ്തകേരളജംഇയ്യത്തുല്‍ ഉലമക്ക് പ്രവര്‍ത്തനത്തിലൂടെ ജനാംഗീകാരവും പ്രവൃത്തി പഥവും കണ്ടെത്തുകയും ചെയ്ത മഹാനാണ് കോട്ടുമല അബൂബക്ര്‍ മുസ്‌ലിയാര്‍. തറയില്‍ കുഞ്ഞാലി ഹാജിയുടേയും പുത്തേടത്ത് യുസുഫ് മുസ്‌ലിയാരുടെ മകള്‍ ഫാത്തിമയുടേയും മകനായി ഹിജ്‌റ 1337ല്‍ ക്രി:1918ല്‍ മലപ്പുറത്തിനടുത്ത് പെരിങ്ങാട്ട് പുലത്ത് ജനിച്ചു.

സ്വദേശത്തെ പ്രാഥമികപഠനത്തിന് ശേഷം കാടേരി മുഹമ്മദ്മുസ്‌ലിയാരുടെ ദര്‍സിലും പിന്നീട് കടൂപ്പുറം ദര്‍സിലും പഠനം കഴിഞ്ഞാണ് സൂഫിയും ആത്മഞ്ജാനിയുമായ കോമുമുസ്‌ലിയാരുടെ ദര്‍സിലെത്തുന്നത്. അവിടെനിന്നാണ് ഉപരിപഠനാര്‍ത്ഥം വെല്ലൂരിലെത്തുന്നത്. രണ്ട് വര്‍ഷത്തെ പഠനം കഴിഞ്ഞ് 1945ല്‍ നാട്ടിലെത്തുകയും ഊരകം പഞ്ചായത്തിലെ കോട്ടുമലയില്‍ ദര്‍സേറ്റെടുക്കുകയും ചെയ്തു. നീണ്ട പതിനൊന്ന് വര്‍ഷക്കാലത്തെ സേവനത്തിനിടയില്‍ പ്രമുഖരായ പല ശിഷ്യന്‍മാരെയും അദ്ദേഹം വളര്‍ത്തിക്കൊണ്ടുവന്നു. ഇ.കെ ഹസന്‍മുസ്‌ലിയാര്‍, എം.എം ബശീര്‍മുസ്‌ലിയാര്‍ എന്നിവര്‍ അവരില്‍ പ്രധാനികളാണ്. ആ നാടിന്റെ നാമത്തിലാണ് പിന്നീട് അവര്‍ അറിയപ്പെട്ടതും. 

1956ല്‍ തന്റെ ഗുരുശ്രേഷ്ടര്‍ കോമുമുസ്‌ലിയാരുടെ വഫാതിന് ശേഷം പരപ്പനങ്ങാടി പനയത്തില്‍ പള്ളിയില്‍ ചുമതലയേല്‍ക്കുകയും ഏഴ് വര്‍ഷം അവിടെ തുടരുകയും ചെയ്തു. പകല്‍സമയം കിതാബോതിക്കൊടുത്തും രാത്രി കാലങ്ങളില്‍ പ്രഭാഷങ്ങള്‍ നടത്തിയും പരിശുദ്ധദീനിന്റെ പ്രചാരണത്തില്‍ മുഴുശ്രദ്ധയിലായിരുന്നു ആ ജീവിതം. ജാമിഅനൂരിയ്യയുടെ തുടക്കം മുതല്‍ തന്നെ അവിടെ മുദരിസായും 1977 മുതല്‍ മരണം വരെ പ്രിന്‍സിപ്പളായും നിരവധി ഫൈസീ പണ്ഡിതരെ വാര്‍ത്തെടുക്കുന്നതില്‍ സേവനമനുഷ്ഠിച്ചു. കോട്ടുമല ഉസ്താദ് ജാമിഅയിലുണ്ടായിരുന്ന കാലം ജാമിഅയുടെ സുവര്‍ണ്ണകാലമായി രേഖപ്പെടുത്തപ്പെട്ടിട്ടുണ്ട്. 

സുന്നത്ത് ജമാഅത്തിന്റെ പ്രവര്‍ത്തനങ്ങളില്‍ സജീവമാവുകയും ബിദ്അത്തിന്റെ വിശത്തുള്ളികള്‍ കഴുകിക്കളയുന്നതില്‍ പതി അബ്ദുല്‍ഖാദിര്‍ മുസ്‌ലിയാര്‍ക്കൊപ്പം ഓടിനടക്കുകയും, വ്യാജത്വരീഖത്തുകളുമായി രംഗപ്രവേശം ചെയ്തവരെ സമൂഹത്തിന് മുന്നില്‍ തുറന്ന് കാട്ടുകയും ചെയ്ത് ഋജുവായമാര്‍ഗ്ഗത്തില്‍ കേരളീയമുസ്‌ലിംകളെ നിലനിര്‍ത്തുന്നതില്‍ തന്റേ സേവനങ്ങള്‍ അദ്ദേഹം സമര്‍പ്പിച്ചു.  പ്രഭാഷണത്തിലെന്നപോലെ എഴുത്ത് മേഖലയിലും തന്റെ പ്രാഗത്ഭ്യം അദ്ദേഹം തെളിയിച്ചിട്ടുണ്ട്. 1957ല്‍ പറവണ്ണക്ക് ശേഷം അല്‍ബയാന്‍ പത്രാധിപരായി കോട്ടുമല ഉസ്താദാണ് തിരഞ്ഞെടുക്കപ്പെട്ടത്. 

സമസ്തയുടെ വിവിധ ഘടകങ്ങളില്‍ ദീര്‍ഘകാലം പ്രവര്‍ത്തിക്കാന്‍ സൗഭാഗ്യം കിട്ടിയവരാണ് അദ്ദേഹം. 1957ല്‍ വിദ്യാഭ്യാസബോര്‍ഡ് പുനസ്സംഘടിപ്പിക്കപ്പെട്ടപ്പോള്‍ ബോര്‍ഡിന്റെ പ്രസിഡന്റും, സെക്രട്ടറിയും മുശാവറ അംഗങ്ങളാവണമെന്ന അടിസ്ഥാനത്തില്‍ കെ.പി ഉസ്മാന്‍ സാഹിബിന് പകരം കോട്ടുമല അബൂബക്ര്‍ മുസ്‌ലിയാര്‍ ജനറല്‍സെക്രട്ടറിയായി. 1987ല്‍ വഫാതാവുന്നത് വരെ തല്‍സ്ഥാനത്ത് അദ്ദേഹം തുടരുകയുണ്ടായി. 1967ല്‍ സമസ്തയുടെ വൈസ് പ്രസിഡന്റായും മഹാനവര്‍കള്‍ തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. എസ്.വൈ.എസ് ജനകീയമാക്കുന്നതില്‍ മുഖ്യപങ്ക് വഹിച്ചവരാണ് കോട്ടുമല ഉസ്താദ്. 1987ല്‍ ജൂലൈ 31ന് വെള്ളിയാഴ്ചയാണ് മഹാനുഭാവന്‍ വഫാതായത്. 

കെ.ടി മാനു മുസ്‌ലിയാര്‍

ശൈഖുനാ കോട്ടുമല അബൂബക്ര്‍ മുസ്‌ലിയാര്‍ക്ക് ശേഷം 1987 മുതല്‍ സമസ്തകേരളഇസ്‌ലാം മതവിദ്യാഭ്യാസ ബോര്‍ഡിന്റെ മുഖ്യകാര്യദര്‍ശിയായി തിരഞ്ഞെടുക്കപ്പെട്ടത് മഹാനായ കെ.ടി മാനുമുസ്‌ലിയാരായിരുന്നു. നിസ്തുലനും മഹാപണ്ഡിതനും മികച്ച സംഘാടകനും കറകളഞ്ഞ വ്യക്തിത്വവുമായിരുന്നു മാനുമുസ്‌ലിയാര്‍. 

ഹിജ്‌റ 1349 ദുല്‍ഹിജ്ജ 28, ക്രി: 1932ല്‍ കരുവാരക്കുണ്ട് പഞ്ചായത്തില്‍ കാരാട്ട് തൊടിക കുഞ്ഞുഅബ്ദുറഹിമാന്റെയും ത്രാശ്ശേരി ഇത്തിക്കുട്ടിയുടെയും ഏകമകനായി ജനിച്ചു. നന്നേ ചെറുപ്പത്തില്‍ തന്നെ പിതാവ് മരണപ്പെട്ടു. നാലാം വയസ്സില്‍ കണ്ണത്ത് ബോര്‍ഡ് മാപ്പിളസ്‌കൂളില്‍ ചേര്‍ന്നു. മതപഠനവും സ്‌കൂളില്‍ വെച്ച് തന്നെ ലഭ്യമായിരുന്ന കാലമായിരുന്നു അത്. അതിന് ശേഷം മാതാവ് അദ്ദേഹത്തെ കരുവാരക്കുണ്ട് പള്ളിദര്‍സില്‍ ചേര്‍ത്തു. പ്രധാനകിതാബുകളെല്ലാം ഓതിപ്പഠിച്ചത് അരിപ്ര സി.കെ മൊയ്തീന്‍ ഹാജിയില്‍ നിന്നാണ്. 1955ല്‍ ബാഖിയാത്തിലേക്ക് പോവുകയും രണ്ട് വര്‍ഷത്തെ പഠനം കഴിഞ്ഞ് നാട്ടിലെത്തി ഇരിങ്ങാട്ടിരി ദര്‍സ് ഏറ്റെടുത്തു. പഠനത്തോടൊപ്പം കുട്ടികളുടെ കഴിവുകള്‍ വളര്‍ത്തിയെടുക്കാന്‍ തൂലികയും സമാജവുമെല്ലാം സജീവമായ ദര്‍സായിരുന്നു മാനുമുസ്‌ലിയാരുടേത്. അത്‌കൊണ്ട് തന്നെ മികച്ചവാഗ്മികള്‍ അദ്ദേഹത്തിന്റെ ദര്‍സിലെ സന്തതികളായി വളര്‍ന്നുവന്നിട്ടുണ്ട്. 

അനാഥത്വത്തിന്റെ കൈപ്പേറിയ അനുഭവങ്ങളുള്ള അദ്ദേഹം യതീംകുട്ടികളെ സംരക്ഷിക്കാന്‍ പടുത്തുയര്‍ത്തിയ ദാറുന്നജാത്തിന്റെ ആരംഭത്തോടെ ദര്‍സ്‌മേഖലയില്‍ നിന്ന് അല്‍പ്പാല്‍പമായി ആ മേഖലയിലേക്ക് മാറുകയും, ഇന്ന് ഉന്നതമായ സംവിധാനങ്ങളോടെ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങളുടെ കൂട്ടത്തില്‍ ദാറുന്നജാതിന്റെ പേര് വരുന്നത് പോലും അത്ഭുതമുളവാക്കുകയാണ്.

വളരെചെറുപ്പത്തില്‍ തന്നെ വായനാശീലം കൈമുതലാക്കി അറിവിന്റെ സോപാനങ്ങളിലേക്ക് പറന്നുയരാന്‍ അദ്ദേഹത്തിന് സാധിച്ചിട്ടുണ്ട്. സ്ഫുടമായ ശുദ്ധമായ മലയാളഭാഷയില്‍ പ്രഭാഷണവും പാതിരാവഅളും പറയാന്‍ അദ്ദേഹത്തിന് നല്ല മികവുണ്ടായിരുന്നു. പത്രപ്രവര്‍ത്തനരംഗത്തും ഉന്നതമികവോടെ പ്രവര്‍ത്തിക്കാനദ്ദേഹത്തിന് സാധ്യമായിട്ടുണ്ട്. സുന്നിടൈംസ്, സുന്നിവോയ്‌സ് എന്നിവയുടെ സബ്എഡിറ്ററായും, അല്‍മുഅല്ലിം, ഫിര്‍ദൗസ്, സുന്നീഅഫ്കാര്‍ എന്നിവയുടെ ചീഫ്എഡിറ്ററായും അദ്ദേഹം പ്രവര്‍ത്തിച്ചു. മന്‍ഖൂലുന്‍മിന്‍ മദ്ഹിര്‍റസൂല്‍ എന്ന നബിപ്രകീര്‍ത്തന മൗലിദും, സമസ്തയും കീഴ്ഘടകങ്ങളും, ഹജ്ജ് യാത്ര, തെറ്റിദ്ധരിക്കപ്പെട്ട ജിഹാദ് എന്നീ കൃതികളും അദ്ദേഹത്തിന്റെതായുണ്ട്. സമസ്തയുടേയും അഹ്‌ലുസ്സുന്നയുടേയും ആദര്‍ശങ്ങള്‍ കൃത്യമായി സമൂഹത്തിലെത്താന്‍ മാനുമുസ്‌ലിയാരുടെ തൂലിക കാരണമായിട്ടുണ്ട് എന്നത് അവിതര്‍ക്കിതമാണ്. അതൊടൊപ്പം മികച്ച മാപ്പിളകവി കൂടിയായിരുന്നു അദ്ദേഹം. 

1950കളുടെ അവസാനത്തില്‍ തന്നെ മാനുമുസ്‌ലിയാര്‍ നേതൃരംഗത്ത് അറിയപ്പെട്ടുതുടങ്ങിയിട്ടുണ്ട്. 1960ല്‍ എസ്.വൈ.എസ് ഏറനാട് ഈസ്റ്റ് താലൂക്ക് ജനറല്‍സെക്രട്ടറിയായും, 1966ല്‍ വിദ്യാഭ്യാസബോര്‍ഡ് ജനറല്‍ബോഡി മെമ്പറായും, 1967ല്‍ വിദ്യാഭ്യാസ ബോര്‍ഡ് എക്‌സിക്കൂട്ടീവ് മെമ്പറായും 1970, ഡിസംബര്‍ 9ന് സമസ്ത മുശാവറാ അംഗമായും അദ്ദേഹം തിരഞ്ഞെടുക്കപ്പെട്ടു. 1987ലാണ് ഫത്‌വാകമ്മിറ്റി മെമ്പറായും വിദ്യാഭ്യാസബോര്‍ഡ് ജനറല്‍സെക്രട്ടറിയായും തിരഞ്ഞെടുക്കപ്പെടുന്നത്.

1989ല്‍ സമസ്തയില്‍ നിന്ന് ചിലര്‍ പുറത്താക്കപ്പെട്ടപ്പോള്‍ ശംസുല്‍ഉലമയുടെ വലംകയ്യായി സമസ്തയുടെ നയവിശദീകരണത്തിനായി രാജ്യത്തിനകത്തും പുറത്തും വേദികളില്‍ സജീവമായിരുന്നത് മാനുമുസ്‌ലിയാരായിരുന്നു. ശേഷം വിദ്യാഭ്യാസബോര്‍ഡിന്റെ ജീവനാഢിയായി അദ്ദേഹം പ്രവര്‍ത്തിച്ചു. പദ്ധതികള്‍ ആവിശ്കരിക്കുകയും നിര്‍വ്വാഹകനായി മുന്നില്‍ നില്‍ക്കുകയും ചെയ്തു. 

മുപ്പത്തിരണ്ട് വര്‍ഷത്തിനുള്ളില്‍ വിദ്യാഭ്യാസബോര്‍ഡ് കൈവരിച്ച നേട്ടങ്ങളും സമൂഹത്തിന് മുന്നില്‍ സമര്‍പ്പിച്ച പദ്ധതികളും വിജയകരമായി നടപ്പാക്കുന്നതിലും നേടിയെടുക്കുന്നതിലും ചാലകശക്തിയായി വര്‍ത്തിച്ചത് മാനുമുസ്‌ലിയാരാണ്. ബോര്‍ഡിന്റെ വികാസത്തില്‍ ശ്രദ്ധേയമായത് അതിന്റെ മികച്ച നിലവാരവും നടത്തിപ്പും തന്നെയാണ്. ടെക്സ്റ്റ് ബുക്കുകള്‍, മൂല്യനിര്‍ണ്ണയങ്ങള്‍, മുഫത്തിശുമാരുടെ പരിശോധനകള്‍, അധ്യാപക പരിശീലന പദ്ധതികള്‍ എല്ലാം ശാസ്ത്രീയമായി നിര്‍വ്വഹിക്കപ്പെട്ടതില്‍ അദ്ദേഹത്തിന്റെ ഇടപെടലുകള്‍ മുഖ്യമാണ്. 

2009 ഫെബ്രുവരി 1ന് സമസ്തകേരള ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ സുവര്‍ണ്ണജൂബിലി സമാപന സമ്മേളനത്തില്‍ തന്റെ കര്‍മ്മഫലങ്ങള്‍ നേരില്‍കണ്ട് ആസ്വദിച്ചാണ് ആ മഹാനുഭാവന്‍ ലോകത്തോട് വിടപറഞ്ഞത്.

കോട്ടുമല ബാപ്പുമുസ്‌ലിയാര്‍

കെ.ടി മാനുമുസ്‌ലിയാരുടെ വഫാതിന് ശേഷം സമസ്ത കേരള ഇസ്ലാംമതവിദ്യാഭ്യാസബോര്‍ഡിനെ ഉന്നതനിലവാരമുള്ള വിദ്യാഭ്യാസ ഏജന്‍സിയായി ഉയര്‍ത്തിക്കൊണ്ട് വരുന്നതില്‍ മുഖ്യപങ്ക് വഹിച്ച പണ്ഡിതനാണ് കോട്ടുമല ബാപ്പുമുസ്‌ലിയാര്‍. കോട്ടുമല അബൂബകര്‍മുസ്‌ലിയാരുടെ പുത്രനായി 1952 ഫെബ്രുവരി 10ന് ഞായറാഴ്ചയാണ് കാളമ്പാടിയില്‍ നിന്ന് പുഴയുടെ അക്കരെ പെരിങ്ങോട്ട്പുലം മാരത്തോട് എന്ന സ്ഥലത്ത് ജന്‍മമെടുക്കുന്നത്. പിതാവിന്റെ ഗുരുനാഥന്‍കൂടിയായിരുന്ന കോമുമുസ്‌ലിയാരുടെ മകള്‍ ഫാത്വിമയാണ് മാതാവ്. 1957ല്‍ കോട്ടുമല ഉസ്താദ് ഭാര്യാമാതാവിന്റെ നിര്‍ദേശപ്രകാരം കാളമ്പാടിയിലെ കോമുമുസ്‌ലിയാരുടെ വീട്ടിലേക്ക് താമസം മാറ്റി. തറവാട്ടില്‍ ഒരുമിച്ചായിരുന്നു പിന്നീട് താമസം. 

തന്റെ വീടിനടുത്തുള്ള ഓത്ത് പള്ളിയില്‍ മൊയ്തീന്‍മൊല്ല ഉസ്താദിന്റെ അടുത്ത് വെച്ച് പ്രാഥമിക മതപഠനം നേടി. അതേസമയം തന്നെ മലപ്പുറം ടൗണ്‍പള്ളിയുടെ മാനേജ്‌മെന്റ് നടത്തിയിരുന്ന പള്ളിസ്‌കൂളില്‍ നാലാം ക്ലാസ് വരെ ഭൗതികവും പഠിച്ചു. മുഹമ്മദ് മാഷ് ആയിരുന്നു ഹെഡ് മാഷ്. പിന്നീട് ദര്‍സ് പഠനത്തിനായി പതിനൊന്നാം വയസ്സില്‍ ഉപ്പയുടെ കൂടെ പനയത്തില്‍പള്ളിയില്‍ ചെന്നു. ജാമിഅ തുടങ്ങിയപ്പോള്‍ പിതാവ് അങ്ങോട്ടുപോയി. കൂടെ മകനുമുണ്ടായിരുന്നു. പന്ത്രണ്ടാം വയസ്സില്‍ അല്‍ഫിയയും ഫത്ഹുല്‍മുഈനും ഉപ്പ റൂമില്‍വെച്ച് ഓതിക്കൊടുക്കും. സമസ്തയുടെ ബോര്‍ഡിംഗ് മദ്രസയിലും വിദ്യാര്‍തഥിയായി ചേര്‍ന്നു. ആറാംക്ലാസ് വരെ പട്ടിക്കാട് സ്‌കൂളിലേക്കും പോയി. ജാമിആയിലെ ആദ്യഘട്ട ജീവിതത്തില്‍ തന്നെ ശംസുല്‍ഉലമ അടക്കം പ്രമുഖരുമായി ബന്ധം തുടങ്ങാന്‍ ഇത് വഴി സാധ്യമായി. 

പട്ടിക്കാട് രണ്ട് വര്‍ഷം നിന്ന് പിന്നീട് ആലത്തൂര്‍പടി ദര്‍സില്‍ പോയി കെ.കെ അബൂബക്ര്‍ ഹസ്രത്തിന്റെ ശിക്ഷണത്തില്‍ തഫ്‌സീര്‍, മിശ്കാത്, മഹല്ലി, ശര്‍ഹുത്തഹ്ദീബ് എന്നിവ ഓതി. കെ.കെ ഹസ്രത്ത്  പൊട്ടച്ചിറയിലേക്ക് ജോലി മാറിയപ്പോള്‍ ബാപ്പുമുസ്‌ലിയാരും കൂടെ പോയി. അവിടെ രണ്ട് വര്‍ഷം പഠിച്ച് വീണ്ടും ജാമിയിലെത്തി. 1971 മുതല്‍ 1975വരെ നാല് വര്‍ഷത്തെ പഠനം കഴിഞ്ഞ് ഫൈസി ബിരുദം നേടി. 

1971 അവസാനത്തില്‍ ജാമിഅ പഠനകാലത്ത് തന്നെ പത്തൊമ്പതാം വയസ്സില്‍ അദ്ദേഹത്തിന്റെ ഒന്നാം വിവാഹം കഴിഞ്ഞു. ചാപ്പനങ്ങാടി ബാപ്പുമുസ്‌ലിയാരുടെ മകള്‍ സ്വഫിയയാണ് ഭാര്യ. ഇവരിലാണ് മക്കളെല്ലാം ഉണ്ടായത്. അവരുടെ മരണത്തിന് ശേഷം 2010ല്‍ കോഴിക്കോട് കൂടത്തായിയില്‍ നിന്ന് ആഇശ എന്നവരെ വിവാഹം കഴിച്ചു. അതില്‍ മക്കളില്ല. 

ഫൈസിബിരുദം നേടി പെരിന്തല്‍മണ്ണക്കടുത്ത അരിപ്ര വേളൂരിലാണ് ബാപ്പുമുസ്‌ലിയാര്‍ ദര്‍സ്‌ചൊല്ലിക്കൊടുക്കാന്‍ തുടങ്ങിയത്. പുറംനാട്ടിലെ വിദ്യാര്‍ത്ഥികള്‍ക്ക് പുറമെ, നാട്ടിലെ ഇരുനൂറോളം വിദ്യാര്‍ത്ഥികള്‍ അന്നവിടെ ദര്‍സിലുണ്ടായിരുന്നു. അവിടെ രണ്ട് വര്‍ഷം പൂര്‍ത്തിയായപ്പോള്‍ ഉപ്പയുടെ നിര്‍ദേശപ്രകാരം നന്തി ദാറുസ്സലാമിലേക്ക് പോയി. കോട്ടുമല ഉസ്താദാണ് അന്ന് അവിടെയും പ്രിന്‍സിപ്പാള്‍. മുഖ്തസ്വര്‍ വരെയാണ് അന്നവിടെ കോഴ്‌സുണ്ടായിരുന്നത്. ഒരു വര്‍ഷം അവിടെ നിന്നു. 1978ല്‍ ഹജ്ജിന് പോയി. ഹജ്ജ്കഴിഞ്ഞ് വന്ന് കടമേരി റഹ്മാനിയ്യയുടെ സ്ഥാപകന്‍ ചീക്കിലോട്ട് കുഞ്ഞമ്മദ് മുസ്‌ലിയാരുടേയും പ്രിന്‍സിപ്പളായിരുന്ന എം.എം ബശീര്‍ മുസ്‌ലിയാരുടേയും പ്രത്യേക ആവശ്യപ്രകാരം തന്റെ മകനെ കോട്ടുമല ഉസ്താദ് റഹ്മാനിയ്യയിലേക്ക് പറഞ്ഞയച്ചു. 1979-80 മുതല്‍ പിന്നീട് മരണം വരെ റഹ്മാനിയ്യയുടെ എല്ലാമെല്ലാമായി ബാപ്പുമുസ്‌ലിയാര്‍ മുന്നില്‍ നിന്ന് നയിച്ചു.

ഓരോ കാലത്തും സമസ്തയുടെ കിംഗ്‌മേക്കര്‍മാരായി കാലം ചില പണ്ഡിതരെ നിയമിക്കാറുണ്ട്. പാങ്ങില്‍ അഹ്മ്ദ് കുട്ടി മുസ്‌ലിയാരും, പറവണ്ണ മുഹ്‌യിദ്ദീന്‍ കുട്ടി മുസ്‌ലിയാരും, ശംസുല്‍ഉലമ ഇ.കെ അബൂബക്ര്‍ മുസ്‌ലിയാരുമൊക്കെ ആ ശ്രേണിയില്‍ പെട്ടവരാണ്. ആധുനിക കാലത്ത് സമസ്തയുടെ ഈ സ്ഥാനം വഹിച്ചിരുന്നത് കോട്ടുമല ബാപ്പുമുസ്‌ലിയാരായിരുന്നു എന്ന് പറയുന്നതില്‍ അതിശയോക്തിയില്ല. നേതാവെന്നതിനപ്പുറം മുഴുസമയ പ്രവര്‍ത്തകനായിട്ടാണ് അദ്ദേഹം നിലകൊണ്ടത്. 

2004 സെപ്തംബര്‍ 8ന് പാണക്കാട് സയ്യിദ് ഉമറലി ശിഹാബ്തങ്ങളുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് ബാപ്പുമുസ്‌ലിയാര്‍ മുശാവറാ അംഗമായി തിരഞ്ഞെടുക്കപ്പെടുന്നത്.  അന്ന് മുതല്‍ 2017ല്‍ അന്ത്യം വരെ സമസ്തയുടെ ഓരോ ചുവടുവെപ്പിലും ബാപ്പുമുസ്‌ലിയാര്‍ക്ക് കൃത്യമായ റോളുണ്ടായിരുന്നു എന്നതാണ് വാസ്തവം. സമസ്തയുടെ സമ്മേളനങ്ങളാണെങ്കിലും, സുപ്രഭാതം ദിനപ്പത്രമാണെങ്കിലും എല്ലാം വിജയിപ്പിച്ചെടുത്തത് അദ്ദേഹത്തിന്റെ ചിന്തയും ഇടപെടലും കര്‍മ്മനൈരന്തര്യവും തന്നെയാണ്. 

പിതാവ് വഹിച്ച പ്രധാനപദവികളെല്ലാം പുത്രനും വഹിക്കാന്‍ സാധിച്ചു എന്ന അപൂര്‍വ്വതയും ബാപ്പുമുസ്‌ലിയാരുടെ ജീവിതത്തിലുണ്ട്. കെ.ടി മാനുമുസ്‌ലിയാര്‍ക്ക് ശേഷം പി.കെ.പി അബ്ദുസ്സലാം മുസ്‌ലിയാര്‍ വിദ്യാഭ്യാസബോര്‍ഡ് ജനറല്‍സെക്രട്ടറിയായി. പിന്നീട് ടി.കെ.എം ബാവമുസ്‌ലിയാര്‍ വഫാതായപ്പോള്‍ പി.കെ.പി അബ്ദുസ്സലാം മുസ്‌ലിയാര്‍ പ്രസിഡന്റും കോട്ടുമല ബാപ്പുമുസ്‌ലിയാര്‍ ജനറല്‍സെക്രട്ടറിയുമായി തിരഞ്ഞെടുക്കപ്പെട്ടു. വിദ്യാഭ്യാസബോര്‍ഡിന്റെ ചരിത്രത്തിലും ഒരുപാട് നൂതനപദ്ധതികള്‍ നടപ്പില്‍വന്നത് ഈ കാലയളവിലാണ്. അതോടൊപ്പം സമസ്തകേരള ജംഇയ്യത്തുല്‍ഉലമയുടെ ജോയിന്റ് സെക്രട്ടറിയായും, ഫത്‌വാകമ്മിറ്റി കണ്‍വീനറായും, ജംഇയ്യത്തുല്‍മുഫത്തിശീന്‍ സംസ്ഥാന പ്രസിഡന്റായും, എന്‍ജിനീയറിംഗ് കോളേജ് ജനറല്‍കണ്‍വീനറായും ഹജ്ജ് കമ്മിറ്റി ചെയര്‍മാനായും, സുപ്രഭാതം ചെയര്‍മാന്‍, എഡിറ്റര്‍, പബ്ലിഷര്‍ എന്നീ പദവികളും അദ്ദേഹം വഹിച്ചു. 2017 ജനുവരി 10, ഹിജ്‌റ 1438 റബീഉല്‍ആഖിര്‍11 ന് അദ്ദേഹം വഫാതായി. അദ്ദേഹത്തിന് ശേഷം എം.ടി അബ്ദുല്ലമുസ്‌ലിയാരാണ് സമസ്തകേരള ഇസ്‌ലാം മതവിദ്യാഭ്യാസബോര്‍ഡിന്റെ ജനറല്‍സെക്രട്ടറിയായി തുടരുന്നത്. 


പ്രസിഡന്റ്, ജനറല്‍സെക്രട്ടറി, എന്നീ രണ്ട് പദവികള്‍ക്ക് ശേഷം ട്രഷറര്‍ പദവിയാണഅ മുഖ്യമായത്. സമസ്തകേരള ഇസ്‌ലാം മതവിദ്യാഭ്യാസ ബോര്‍ഡിന്റെ ചരിത്രത്തില്‍ പ്രമുഖരായ മഹത്തുക്കളാണ് ആ പദവിയില്‍ വന്നിട്ടുണ്ട്. അവരെല്ലാം സയ്യിദുമാര്‍ കൂടിയായിരുന്നു എന്നത് പ്രത്യേകം പ്രസ്താവ്യമാണ്. 1951 മുതല്‍ 1973ല്‍ തന്റെ വഫാത് വരെ രണ്ട് പതിറ്റാണ്ട് കാലം വിദ്യാഭ്യാസബോര്‍ഡിന്റെ ട്രഷററായി പ്രവര്‍ത്തിച്ചത്, സമസ്തയുടെ മദ്രസാപ്രസ്ഥാനത്തിന് ചിന്താതിരികൊളുത്തിയ മഹാനായ ഖാഇദുല്‍ഖൗം സയ്യിദ് അബ്ദുറഹിമാന്‍ ബാഫഖി തങ്ങളാണ്. ആ ആത്മീയ നേതൃത്വം സമിതിയുടെ അഭൂതപൂര്‍വ്വമായ വളര്‍ച്ചക്ക് മുഖ്യഘടകമായി വര്‍ത്തിച്ചിട്ടുണ്ട്. 


സയ്യിദ് ഉമര്‍ബാഫഖി തങ്ങള്‍

സമസ്തയുടെയും സമുദായ രാഷ്ട്രീയ പാര്‍ട്ടിയുടേയും സമുന്നത നേതൃത്വമായിരുന്നു മഹാനായ സയ്യിദ് ഉമര്‍ബാഫഖി തങ്ങള്‍. 1921 ജൂലൈ 24നാണ് ബഹുമാനപ്പെട്ടവര്‍ ജനിക്കുന്നത്. ആരെയും ആകര്‍ഷിക്കുന്ന വ്യക്തിത്വത്തിന്നുടമയായ സയ്യിദവര്‍കള്‍ തൂവെള്ള തലപ്പാവും നീളക്കുപ്പായവും അതിന് മുകളില്‍ കറുത്ത കോട്ടുമണിഞ്ഞാണ് നടന്നിരുന്നത്. കൊയിലാണ്ടിയിലെ പള്ളിദര്‍സ് പഠനത്തിന് ശേഷം കോഴിക്കോട് ഹിമായത്തുല്‍ഇസ്‌ലാം ഹൈസ്‌കൂളില്‍ നിന്ന് എസ്.എസ്.എല്‍.സി പൂര്‍ത്തിയാക്കുകയും ഉപരിപഠനത്തിനായി മക്കയിലെ മദ്രസത്തു സൗലത്തിയ്യയിലെത്തി. പിന്നീട് സമുദായോന്നതിക്കായി നിരന്തരം പ്രവര്‍ത്തന ഗോഥയില്‍ ഇറങ്ങുകയാണുണ്ടായത്. 

1973 മുതല്‍ 1982 വരെയാണ് അദ്ദേഹം വിദ്യാഭ്യാസബോര്‍ഡിന്റെ ട്രഷററായി ചുമതലയേറ്റിയിരുന്നത്. അതൊടൊപ്പം പട്ടിക്കാട് ജാമിഅ, നന്തി ദാറുസ്സലാം, പൊന്നാനി മഊനത്ത് എന്നിവയുടെ വളര്‍ച്ചയിലും തങ്ങള്‍ നിറസാന്നിധ്യമായി. ശരീഫ സൈനബാ മുല്ലബീവിയാണ് ഭാര്യ. അഞ്ച് ആണും അഞ്ച് പെണ്ണുമായി പത്ത് മക്കളുണ്ട്. 2008 ആഗസ്ത് 12നാണ് മഹാനുഭാവന്‍ ലോകത്തോട് വിടപറയുന്നത്. അതിന് ശേഷം 1989 വരെ സെയ്തലവി ബാഫഖി തങ്ങള്‍ ട്രഷററായി. 

1989മുതല്‍ മൂന്ന് പതിറ്റാണ്ടായി കേരളീയ മുസ്‌ലിംകളുടെ ആത്മീയനായകന്‍ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ ആ സാരഥ്യം വഹിച്ചു കൊണ്ടിരിക്കുന്നു. അല്ലാഹു ദീര്‍ഘായുസ്സും ആരോഗ്യവും നല്‍കി അനുഗ്രഹിക്കട്ടെ. മരണപ്പെട്ടുപോയവരുടെ പരലോക ദറജകള്‍ അല്ലാഹു ഉയര്‍ത്തിക്കൊടുക്കട്ടെ. ആമീന്‍.


1 Comments

  1. എന്റെ നാട്ടിലെ മദ്രസ്സയ്ക്ക് അംഗീകാരം കിട്ടുന്നത് സയ്യിദ് അബ്ദുൽ റഹ്മാൻ കുഞ്ഞിക്കോയ തങ്ങൾ ( ഉള്ളാൾ തങ്ങൾ ) പ്രസിഡന്റും ടി അബൂബക്കർ മുസ്‌ലിയാർ ( കോട്ടുമല ഉസ്താദ് ) ജനറൽ സെക്രട്ടറി യുമായ കാലഘട്ടത്തിലാണ്.
    الحمد لله
    മഹനമാരായ സയ്യിദുമാരുടെയും ഉലമാഇന്റെയും ഇൽമിന്റെ ബറകത് കൊണ്ട് റബ്ബ് നമ്മെ അനുഗ്രഹിക്കട്ടെ!!!

    അനീസ് പട്ടേപ്പാടം
    9895449228

    ReplyDelete

Post a Comment

Previous Post Next Post