ജീവിതവും സമ്പാദ്യവും മതവിജ്ഞാനത്തിനും, സ്ഥാപനങ്ങള്‍ക്കും, സമൂഹത്തിനും, വ്യക്തികള്‍ക്കും യഥേഷ്ടം നല്‍കിയ മലബാറിന്റെ അത്താണിയായിരുന്നു നമ്മെ വിട്ടുപിരിഞ്ഞ ചെമ്മുക്കന്‍കുഞ്ഞാപ്പു ഹാജി. സുഖലോലുപതയുടെയും ആഢംബരത്തിന്റെയും ആഢ്യത്തിന്റെയും ജീവിത-ഭൗതിക സാഹചര്യങ്ങളെല്ലാം ഒത്തുവന്നിട്ടും ആത്മീയതയുടെ തണലില്‍ സമ്പൂര്‍ണ്ണ വിശ്വാസിയായി ജീവിക്കലാണ് രക്ഷാമാര്‍ഗ്ഗമെന്ന് തിരിച്ചറിഞ്ഞ് ആ വഴിയേ സഞ്ചരിച്ച സൗഭാഗ്യവാനാണദ്ദേഹം. കേരളീയ മുസ്‌ലിംകളുടെ സാമൂഹിക-സാംസ്‌കാരിക പുരോഗതികളുടെ കേന്ദ്രങ്ങളായ മഹല്ലുകളുടെ കൂട്ടായ്മ എസ്.എം.എഫിന്റെ മുഖ്യകാര്യദര്‍ശിയായി പ്രവര്‍ത്തിക്കുമ്പോഴും, വിഖ്യാത സ്ഥാപനങ്ങളുടെ അമരക്കാരനായും ഖജാഞ്ചിയായും വാഴുമ്പോഴും സത്യസന്ധതയുടേയും വിശ്വസ്തതയുടേയും ആത്മാര്‍ത്ഥതയുടേയും നിലപാടുകളുടേയും നിശ്ചയദാര്‍ഢ്യത്തിന്റെയും ആള്‍രൂപമായി അദ്ദേഹം ജീവിച്ചു.

കോട്ടക്കലിനടുത്ത് ചെറുശ്ശോലയിലെ ധനാഢ്യനും പൗരപ്രമുഖനുമായിരുന്ന ചെമ്മുക്കന്‍ മുഹമ്മദ്കുട്ടിഹാജിയുടെയും തയ്യില്‍ കുഞ്ഞായിശുമ്മയുടേയും ഏഴ് മക്കളില്‍ അവസാനമകനായി 1940ലാണ് ചെമ്മുക്കന്‍ അലവിക്കുട്ടി എന്ന കുഞ്ഞാപ്പുഹാജി ജനിക്കുന്നത്. കോട്ടക്കല്‍ രാജാസ് ഗവണ്‍മെന്റ് ഹൈസ്‌കൂളില്‍ അദ്ദേഹം ഭൗതികപഠനം നടത്തിയിട്ടുണ്ട്. 

പൈതൃകമായി ലഭിച്ച കച്ചവടത്തിലൂടെയാണ് അദ്ദേഹം സമ്പാദ്യങ്ങളുണ്ടാക്കിയത്. പഠനകാലത്ത് തന്നെ അഭിനയകലയോടുള്ള  അതീവ താത്പര്യവും, പൈതൃകമായി ലഭിച്ച സാമ്പത്തികഭദ്രതയും, ശരീരസൗന്ദര്യവും ആകാരസൗഷ്ടവവുമെല്ലാം ഒത്തുവന്നത് ആ മേഖലയില്‍ ഒന്ന് കൈ വെക്കാന്‍ താത്പര്യം ജനിപ്പിക്കുകയും ആദ്യപടികള്‍ ചവിട്ടുകയും ചെയ്‌തെങ്കിലും, ശൈഖുനാ ചാപ്പനങ്ങാടി ബാപ്പുമുസ്‌ലിയാരുമായി വലിയബന്ധമുണ്ടായിരുന്ന പിതാവിന് താല്‍പര്യമില്ലാത്ത ആ മേഖലയില്‍  നിന്ന് പിന്തിരിയാനുള്ള വഴികള്‍ അല്ലാഹു അദ്ദേഹത്തിന് തുറന്നുകൊടുക്കുകയുണ്ടായി. ആ പിന്‍മാറ്റം അദ്ദേഹത്തിന്റെ ജീവിതത്തില്‍ സര്‍വ്വമേഖലയിലും അത്യുന്നതിയിലെത്താനുള്ള നല്ലൊരു മുന്നേറ്റമായിരുന്നു.

പിതാവിന്റെ ദേഹവിയോഗത്തിന് ശേഷം തന്റെ ആത്മീയഗുരു ശൈഖുനാ ചാപ്പനങ്ങാടി ഉസ്താദിനെ സ്വന്തം പിതാവിന്റെ സ്ഥാനത്താണ് കണ്ടത്. ശൈഖുനായുടെ യാത്രകളധികവും കുഞ്ഞാപ്പുഹാജിയുടെ വാഹനത്തിലുമായിരുന്നു. കേരളത്തില്‍ അക്കാലത്ത് ജീവിച്ചിരുന്ന പണ്ഡിതമഹത്തുക്കള്‍, സാദാത്തുക്കള്‍, ആത്മീയതേജസ്വികള്‍ എല്ലാവരും അദ്ദേഹത്തിന്റെ ആ വാഹനത്തില്‍ സഞ്ചരിച്ചവരാണ്. സമസ്തയുടെ സമുന്നത നേതാക്കളായ കണ്ണിയ്യത്ത് അഹ്മദ് മുസ്‌ലിയാര്‍, ശംസുല്‍ഉലമ ഇ.കെ അബൂബകര്‍ മുസ്‌ലിയാര്‍, സി.എച്ച് ഐദ്‌റൂസ് മുസ്‌ലിയാര്‍ തുടങ്ങിയവരെല്ലാം അവരില്‍ ചിലരാണ്. അത്‌കൊണ്ട് തന്നെ ആ വാഹനം ഒരു നിധിപോലെയാണ് അദ്ദേഹം കൊണ്ട് നടന്നിരുന്നത്. മുന്തിയ വാഹനങ്ങളെത്രയും വാങ്ങാനുള്ള സാമ്പത്തിക കഴിവുണ്ടായിട്ടും മഹാന്‍മാരുടെ ബറകത് പ്രതീക്ഷിച്ച് ആ വാഹനത്തില്‍ തന്നെയാണ് അദ്ദേഹം സഞ്ചരിച്ചിരുന്നത്. പിന്നീട് ചില അപായസൂചനകളുണ്ടായപ്പോള്‍ സയ്യിദ് ഹൈദരലിശിഹാബ്തങ്ങളുടെ പ്രത്യേക നിര്‍ദേശപ്രകാരമാണ് ആ വാഹനം ദാറുല്‍ഹുദാക്ക് നല്‍കിയത്. അങ്ങിനെ കെ.എല്‍.ഇ 1748 (1962 മോഡല്‍) അമ്പാസിഡര്‍കാര്‍ കുഞ്ഞാപ്പുഹാജിയെപ്പോലെ ചരിത്രത്തിന്റെ ഭാഗമായിത്തീര്‍ന്നു.

പണ്ഡിതരോടും സാദാത്തുക്കളോടും വലിയ ബഹുമാനമായിരുന്നു. ചാപ്പനങ്ങാടി ബാപ്പുമുസ്‌ലിയാരെ കുറിച്ച് ശൈഖുനാ എന്ന് മാത്രമേ പറയാറുള്ളൂ. ഏത് വിഷയങ്ങളിലും അവരുടെ നിര്‍ദേശങ്ങള്‍ തേടിയിരുന്നു. ശൈഖുനാ അദ്ദേഹത്തിന് നല്‍കിയിരുന്ന ഒരു തലപ്പാവ് അദ്ദേഹം ജുമുഅക്ക് പോകുമ്പോള്‍ കെട്ടിയിരുന്നു. കാലപ്പഴക്കം കൊണ്ട് പഴകിയിട്ടും അത് തന്നെ ഉപയോഗിച്ചപ്പോള്‍ ചിലര്‍ 'എന്താണ് നിങ്ങള്‍ ഈ പഴയ മുണ്ട് ഉപയോഗിക്കുന്നത്' എന്ന് ചോദിക്കാന്‍ തുടങ്ങി. അപ്പോള്‍ അത് വെള്ളത്തിലിട്ട് ആ വസ്ത്രം മുഴുവന്‍ അലിഞ്ഞ് തീരുവോളം ആ വെള്ളം കുടിച്ചു തീര്‍ത്തു. ശൈഖുനായോട് അവര്‍ക്കുണ്ടായിരുന്ന ആത്മീയസ്‌നേഹമാണിത് സൂചിപ്പിക്കുന്നത്. ബാപ്പുമുസ്ലിയാര്‍ പറഞ്ഞ കാര്യങ്ങള്‍ ഉദ്ധരിക്കുമ്പോള്‍ അവരുപയോഗിച്ച പദങ്ങള്‍ തന്നെ ഉപയോഗിക്കാന്‍ അദ്ദേഹം ശ്രദ്ധിക്കാറുണ്ടായിരുന്നു. 1978ല്‍ കുഞ്ഞാപ്പുഹാജി, മൗലാനാ സി.എച്ച് ഐദ്‌റൂസ് മുസ്‌ലിയാരുടെ കൂടെ ഹജ്ജിന് പോയ ഘട്ടത്തിലാണ് ശൈഖുനാ ചാപ്പനങ്ങാടി ഉസ്താദ് വഫാതാകുന്നത്. ഹിജ്‌റ 1398 ദുല്‍ഹിജ്ജ 26(1978 നവംബര്‍ 27)നായിരുന്നു ആ വിയോഗം. കപ്പലിലായിരുന്നു അന്ന് യാത്ര. ആ ഹജ്ജ് യാത്രയില്‍ കുഞ്ഞാപ്പുഹാജിക്ക് ചാപ്പനങ്ങാടി ഉസ്താദ് നല്‍കിയ മോതിരം നഷ്ടപ്പെടുകയും ചെയ്തിരുന്നു!!!.

മര്‍ഹും ഡോ.യൂ ബാപ്പുട്ടിഹാജിയുടെ വലംകയ്യായിരുന്നു അദ്ദേഹം. ഇരുവരും തമ്മിലെ സ്‌നേഹബന്ധം അവരുടെ മക്കള്‍ തമ്മിലെ വിവാഹത്തിലെത്തിച്ചു. ബാപ്പുട്ടിഹാജിയുടെ മകന്‍ ഇസ്മാഈല്‍ വിവാഹം ചെയ്തത് കുഞ്ഞാപ്പുഹാജിയുടെ മകള്‍ ഫാത്വിമയെയാണ്. ബാപ്പുട്ടിഹാജിയും കുഞ്ഞാപ്പുഹാജിയും അല്ലാഹുവിന്റെ മാര്‍ഗ്ഗത്തില്‍ സ്‌നേഹിച്ചവരാണ്. ദീനിന്റെ വിഷയത്തില്‍ ഒരു വിട്ടുവീഴ്ചയും ചെയ്യാതെ ആ സ്‌നേഹബന്ധം അവര്‍ കാത്ത് സൂക്ഷിച്ചു. ഞാന്‍ ബാപ്പുട്ടിഹാജിയുടെ രോമത്തിനില്ലെന്നാണ് കുഞ്ഞാപ്പുഹാജി വിനയാന്വിതനായി പറഞ്ഞിരുന്നത്. ഈ പരസ്പര സ്‌നേഹബഹുമാനമാണ് അവരുടെ സംരംഭങ്ങള്‍ ഉയര്‍ന്നതിന്റെ പ്രധാനരഹസ്യവും.

പഠനകാലത്ത് പഠനത്തില്‍ കൂടുതല്‍ തത്പരനല്ലായിരുന്നുവെങ്കിലും കണക്കില്‍ അതീവനൈപുണ്യമുണ്ടായിരുന്നു. എങ്കിലും പില്‍ക്കാലത്ത് ഓരോ വിഷയങ്ങളും നന്നായി പഠിക്കാന്‍ ശ്രമിക്കുകയും നിരന്തരമായി വായിക്കുകയും വിഷയങ്ങള്‍ അറിയുന്നവരോട് ചോദിച്ചു പഠിക്കുകയും ചെയ്തു. ഇഹ്‌യാഉലൂമുദ്ദീന്റെ മുഴുവന്‍ ഭാഗങ്ങളും (പരിഭാഷ) അദ്ദേഹം വായിച്ചിട്ടുണ്ട്. ബാപ്പുട്ടിഹാജിയുടെ കയ്യിലുണ്ടായിരുന്ന ഒരു തസ്വവ്വുഫ് കൃതി(ഇമാം ഗസാലി(റ)യുടെ അയ്യുഹല്‍വലദ്) യുടെ പരിഭാഷ കൊണ്ട് പോയി മുഴുവന്‍ വായിക്കുകയും വീണ്ടും വായിക്കാന്‍ അത് മുഴുവനായി പകര്‍ത്തിയെടുക്കുകയും ചെയ്തു. പാലപ്പുറ ജുമാമസ്ജിദില്‍ ശൈഖുനാ മരക്കാര്‍ഫൈസി ദര്‍സ് നടത്തുന്ന കാലത്ത് ഉസ്താദിന് വഅളുകളില്ലാത്ത ദിവസങ്ങളില്‍ ഉസ്താദിന്റെ അടുത്ത് വന്ന് ഫത്ഹുല്‍മുഈന്‍ മുഴുവനായി ഓതിപ്പഠിക്കുകയും വിഷയങ്ങള്‍ ചര്‍ച്ചചെയ്യുകയും പതിവായിരുന്നു. തന്റെ രണ്ട് മക്കളെയും ഉസ്താദിന്റെ ദര്‍സില്‍ ചേര്‍ത്ത് പഠിപ്പിക്കുകയും ചിലവിന് വീടിന് പകരം ഹോട്ടലില്‍ നിന്ന് കഴിക്കാന്‍ നിര്‍ദേശിക്കുകയും ചെയ്യുകയായിരുന്നു. രണ്ടാം ദര്‍സിന് ഉസ്താദിന്റെ അടുത്ത് പോകുമ്പോള്‍ ദര്‍സിലെ കുട്ടികള്‍ക്ക് ചായയും പലഹാരവും കഴിക്കാന്‍ ദിവസവും നൂറ് രൂപയും അദ്ദേഹം നല്‍കുമായിരുന്നു.

ദാറുല്‍ഹുദായും കുഞ്ഞാപ്പുഹാജിയും

കുഞ്ഞാപ്പുഹാജിയെ ഒഴിച്ചുനിര്‍ത്തി ദാറുല്‍ഹുദായുടെ ചരിത്രം പൂര്‍ണ്ണമാകില്ല. സമന്വയമെന്ന പുതിയൊരു വിദ്യാഭ്യാസ സംവിധാനം ആവിഷ്‌കരിക്കുന്നതിന്റെ ആലോചനാ യോഗം മുതല്‍ അതിന്റെ പ്രയാണവീഥിയിലെ ഓരോ ഘട്ടത്തിലും അതിന്റെ സഹകാരിയായി അദ്ദേഹം നിലകൊണ്ടു. 1983ല്‍ കോട്ടക്കല്‍ എ.എം ടൂറിസ്റ്റ് ഹോമില്‍ നടന്ന കൂടിയാലോചനാ യോഗത്തില്‍ എം.എം ബശീര്‍ മുസ്‌ലിയാരുടേയും സി.എച്ച് ഐദ്‌റൂസ് മുസ്‌ലിയാരുടേയും കൂടെ ഉണ്ടായിരുന്ന മൂന്ന് ഉമറാക്കളില്‍ രണ്ടാമന്‍ കുഞ്ഞാപ്പുഹാജിയായിരുന്നു. പ്രാരംഭഘട്ടത്തില്‍ ട്രഷററായും ബാപ്പുട്ടിഹാജിക്ക് ശേഷം ജനറല്‍സെക്രട്ടറിയുമായി. 

ദാറുല്‍ഹുദായുടെ ദൈനംദിനത്തിനും മറ്റും പ്രയാസങ്ങള്‍ വരുമ്പോള്‍ പലപ്പോഴും താങ്ങായി കൂടെനിന്നത് കുഞ്ഞാപ്പുഹാജിയായിരുന്നു. ഒരു വ്യക്തിയുടെ പണം ഏറ്റവും കൂടുതല്‍ ദാറുല്‍ഹുദാ സംവിധാനത്തിന് ഉപയോഗപ്പെട്ടത് കുഞ്ഞാപ്പുഹാജിയുടേതായിരുന്നു എന്ന് പറഞ്ഞാല്‍ അതിശയോക്തിയല്ല. കയ്യുംകണക്കുമില്ലാതെയാണ് അദ്ദേഹം നല്‍കിയത്. ഓരോ റബീഉല്‍അവ്വല്‍ 12നും വിദ്യാര്‍ത്ഥികള്‍ക്ക് സുഭിക്ഷമായ ഭക്ഷണം നല്‍കുന്നതില്‍ ഏറ്റവും മുന്തിയ ഭക്ഷണം കുഞ്ഞാപ്പുഹാജിയുടെ വകയായിരിക്കും. 

ദാറുല്‍ഹുദായുടെ പൂര്‍വ്വവിദ്യാര്‍ത്ഥി സംഘടന ഹാദിയ നടത്തുന്ന ഉത്തരേന്ത്യന്‍ പദ്ധതികള്‍ക്ക് നിറഞ്ഞ പിന്തുണയും അകമഴിഞ്ഞ സഹായവും അദ്ദേഹം നല്‍കി. ഹാദിയാ റമളാന്‍ പ്രഭാഷണത്തില്‍ ഉത്തരേന്ത്യന്‍ പദ്ധതികള്‍ക്ക് ധനസമാഹരണം നടക്കുമ്പോള്‍ ലക്ഷങ്ങളാണ് ഓരോ വര്‍ഷങ്ങളിലും ഏറ്റെടുത്തിരുന്നത്. ആ സംഖ്യകള്‍ റമളാനില്‍ തന്നെ പൂര്‍ണ്ണമായും കൊടുത്തുവീട്ടുമായിരുന്നു. കൊടുക്കുന്നത് മുഴുവന്‍ ബദ്‌രീങ്ങളുടെ പേരില്‍ നിയ്യത്താക്കിയാണ് നല്‍കിയിരുന്നത്. ജ്ഞാനപ്രസരണത്തിനുള്ള ഇത്തരം പദ്ധതികളില്‍ തന്റെ വിഹിതവും ഉണ്ടാവണമെന്ന നിര്‍ബന്ധതാത്പര്യവും കുഞ്ഞാപ്പുഹാജിക്കുണ്ടായിരുന്നു. 

മലബാറിന്റെ ഹാതിമുത്വാഈ

സത്യസന്ധതയും വിശ്വസ്തതതയും മുഖമുദ്രയാക്കി നടത്തിയ ബിസിനസുകളില്‍ നിന്ന് കിട്ടിയതെല്ലാം അല്ലാഹുവിന്റെ പ്രീതികാംക്ഷിച്ച് കൊടുക്കുകയായിരുന്നു അദ്ദേഹം. ചാപ്പനങ്ങാടി ഉസ്താദുമായുള്ള ആത്മബന്ധം കുഞ്ഞാപ്പുഹാജിയെ കേരളത്തിലെ പലസ്ഥാപനങ്ങളുമായി അടുപ്പിക്കുകയും അദ്ദേഹം ആ സ്ഥാപനങ്ങളുടെയെല്ലാം സാരഥിയും സഹായിയുമായിത്തീരുകയുണ്ടായി. പട്ടിക്കാട് ജാമിഅനൂരിയ്യയുടെയും ചെമ്മാട് ദാറുല്‍ഹുദാ ഇസ്‌ലാമിക് യൂണിവേഴ്‌സിറ്റിയുടേയും വളവന്നൂര്‍ ബാഫഖി യതീംഖാനയുടേയും തലമുതിര്‍ന്ന നേതാവായിരുന്നു അദ്ദേഹം. ഈ സ്ഥാപനങ്ങളേയും മറ്റു സംരംഭങ്ങളേയും കയ്യയച്ചു സഹായിച്ച അദ്ദേഹം നിരാശ്രയര്‍ക്കും സഹായഹസ്തം നീട്ടിയവനാണ്. പല പള്ളി, മദ്രസകളുടേയും നിര്‍മ്മാണത്തിലും പുനരുദ്ധാരണത്തിലും കുഞ്ഞാപ്പുഹാജിയുടെ പങ്കുണ്ടായിരുന്നു. 


സഹായം വന്ന് ചോദിക്കുന്നവര്‍ക്ക് വലിയ
മനസ്സംതൃപ്തിയോടെയാണദ്ദേഹം നല്‍കിയിരുന്നത്. സഹായം വന്ന് ചോദിക്കുന്നവരോട് പലപ്പോഴും നിങ്ങളെത്രയാണ് പ്രതീക്ഷിക്കുന്നതെന്ന് ചോദിക്കുകയും അവര്‍ പറയുന്നത്ര സംഖ്യനല്‍കുകയും ചെയ്യുമായിരുന്നു. ശൈഖുനാ ചെറുശ്ശേരി ഉസ്താദിന്റെ അടുക്കല്‍ ഒരിക്കല്‍ ഒരാള്‍ വന്ന് തന്റെ മകളുടെ കല്യാണം നിശ്ചയിച്ചിട്ടുണ്ടെന്നും നിങ്ങള്‍ കുഞ്ഞാപ്പുഹാജിക്ക് എന്നെ സഹായിക്കാന്‍ ഒരു എഴുത്ത് നല്‍കണമെന്നും ആവശ്യപ്പെട്ടു. താന്‍ പരിചയം പോലുമില്ലാത്ത ഒരു വ്യക്തിക്ക് വേണ്ടി താനെങ്ങനെ എഴുത്ത് നല്‍കുമെന്നായി ഉസ്താദിന്റെ ശങ്ക. കത്ത് കിട്ടാതെ താന്‍പോകില്ലെന്ന് അയാള്‍ നിലപാടെടുത്തു. അന്നേരം നിര്‍ബന്ധിതനായി ഉസ്താദ് തന്റെ പേര് വെച്ച് എഴുത്ത് നല്‍കി. ആ വ്യക്തിക്ക് കല്യാണച്ചിലവ് മുഴുവനും കുഞ്ഞാപ്പുഹാജി നല്‍കി. എന്നാല്‍ പിന്നീട് ഉസ്താദിനെ കണ്ടുമുട്ടിയപ്പോള്‍ നിങ്ങള്‍ ഒരു വ്യക്തിയെ അയിച്ചിരുന്നോ എന്നോ മറ്റോ ഹാജി അന്വേഷിച്ചതുമില്ല. എല്ലാം അല്ലാഹുവിന്റെ തൃപ്തിക്ക് വേണ്ടി മാത്രം നല്‍കിയതാണ്. 

  ഒരു റമളാന് തൊട്ട്മുമ്പ് തന്റെ ഒരു ഭൂമി അറുപത് ലക്ഷത്തിന് വിറ്റു. ദാനം തന്നെയായിരുന്നു ലക്ഷ്യം. ഓരോ വര്‍ഷവും അറിവിന്റെ വഴിയില്‍ തന്റെ കച്ചവടലാഭത്തില്‍ നിന്ന് ഒരു ലക്ഷം ദിര്‍ഹം സ്വദഖ നല്‍കിയിരുന്ന അബ്ദുല്ലാഹിബ്‌നുല്‍മുബാറക്(റ), ലാഭവിഹിതം അത്രതന്നെ ലഭിച്ചില്ലെങ്കില്‍ മൂലധനം വിറ്റ് ആ വിടവ് നികത്തുമായിരുന്നുവെന്ന് ചരിത്രത്തിലുണ്ട്. സാമ്പത്തിക പിന്‍ബലമുണ്ടായിരുന്ന അദ്ദേഹത്തിന്റെ ഭാര്യയും ദാനധര്‍മ്മത്തിന്റെ വിഷയത്തില്‍ മുന്‍പന്തിയിലായിരുന്നു. പലപ്പോഴും പല സംരംഭങ്ങളിലും തന്റെ വിഹിതത്തോടൊപ്പം ഭാര്യയുടെ വിഹിതവും പറയുകയും നല്‍കുകയും ചെയ്യാറുണ്ടായിരുന്നു. 

തന്റെ ബിസിനസ് സംരംഭങ്ങള്‍ കരുപ്പിടിപ്പിക്കുന്നതോടൊപ്പം അതിന്റെ കൃത്യമായ സകാത് വിഹിതം അര്‍ഹരിലേക്കെത്തിച്ചു കൊടുക്കാനും അദ്ദേഹം ശ്രദ്ധിച്ചിരുന്നു. എല്ലാ കണക്കുകളും കൃത്യമായി വൃത്തിയുള്ള കൈപടത്തില്‍ അദ്ദേഹം എഴുതിവെച്ചിരുന്നു. തന്റെ അവസാന ആഗ്രഹങ്ങളായിപ്പറഞ്ഞതില്‍ ഒന്ന് ഇത്രയും കാലം താന്‍ സകാത് കൃത്യമായി കൊടുത്തത് പോലെ റമളാനില്‍ മക്കള്‍ ഈ ബിസിനസുകളുടെയും മറ്റും സകാത് കൃത്യമായി കൊടുക്കുന്നത് നേരിട്ട് കണ്ട് മരിക്കണമെന്നാണ്. അതിനുള്ള അവസരവും അല്ലാഹു അദ്ദേഹത്തിന് നല്‍കി. 


സ്വന്തം നാട്ടിലും പരിസരപ്രദേശങ്ങളിലുമുണ്ടായിരുന്ന മുഴുവന്‍ പ്രശ്‌നങ്ങളിലും നീതിയോടെ തീര്‍പ്പുകല്‍പ്പിച്ചിരുന്ന മധ്യസ്ഥനായിരുന്നു കുഞ്ഞാപ്പുഹാജി. കുടുംബ, വ്യക്തി പ്രശ്‌നങ്ങളായാലും രാഷ്ട്രീയ മതമേഖലകളിലെ അസ്വാരസ്യങ്ങളാണെങ്കിലും ഇരുകക്ഷികളും കുഞ്ഞാപ്പുഹാജിയുടെ മുന്നില്‍ വന്ന് പ്രശ്‌നങ്ങളവതരിപ്പിച്ച് അദ്ദേഹത്തിന്റെ തീര്‍പ്പ് ലഭിച്ചു പോരുമ്പോള്‍ സന്തോഷത്തോടെയാണ് മടങ്ങിയിരുന്നത്. പക്ഷം ചേരാതെ നിശ്പക്ഷമായി ഈ വിഷയങ്ങളില്‍ നീതിയോടെ ഇടപെടാന്‍ സാധിച്ചത് കൊണ്ടാണ് പ്രശ്‌നപരിഹാരകേന്ദ്രമായി അദ്ദേഹത്തെ ജനങ്ങള്‍ കണ്ടത്. 

മതമേഖലയില്‍ എന്ന് മാത്രമല്ല, സാമൂഹ്യരാഷ്ട്രീയ മേഖലയിലും അദ്ദേഹം നിറസാന്നിധ്യമായിരുന്നു. എസ്.എം.എഫിന്റെ സ്ഥാപിതഘട്ടം മുതല്‍ നേതൃസ്ഥാനത്ത് കുഞ്ഞാപ്പുഹാജിയെ നമുക്ക് കാണാം. വഫാതാകുമ്പോള്‍ സുന്നിമഹല്ല് ഫെഡറേഷന്‍ സംസ്ഥാന ജനറല്‍സെക്രട്ടറിയാണദ്ദേഹം. 1971മുതല്‍ പുലിക്കോട് മഹല്ല് സദനതുല്‍ഇസ്‌ലാം സംഘത്തിന്റെ പ്രസിഡന്റ് കുഞ്ഞാപ്പുഹാജിയാണ്. അമ്പതാണ്ട് ആ പദവിയില്‍ തുടരാന്‍ സാധിച്ചത് പൊതുമനസ്സില്‍ അദ്ദേഹത്തിനുണ്ടായിരുന്ന സ്ഥാനം തന്നെയാണ്. കോട്ടക്കലിലെ മുസ്‌ലിംലീഗിന്റെ ചരിത്രം കുഞ്ഞാപ്പുഹാജിയുടെ കൂടി ചരിത്രമാണ്. പാണക്കാട് സയ്യിദുമാരോടും ബാഫഖീതങ്ങളോടുമുള്ള സ്‌നേഹബഹുമാനം ആ പ്രസ്ഥാനത്തോട് തന്നെയുള്ള ബഹുമാനം അദ്ദേഹത്തില്‍ വര്‍ദ്ധിപ്പിച്ചു. തന്റെ ആത്മീയഗുരു ശൈഖുനാ ചാപ്പനങ്ങാടി ബാപ്പുമുസ്‌ലിയാര്‍ സ്‌നേഹിക്കുന്ന, പിന്തുണക്കുന്ന സാമുദായിക സംഘടനയെന്ന പ്രത്യേകത കൂടി കുഞ്ഞാപ്പുഹാജിയുടെ ലീഗിനുണ്ട്. 1995ലെ പ്രതിസന്ധിഘട്ടത്തില്‍, കോട്ടക്കലിലെ പല പ്രമുഖരും സേട്ടുസാഹിബിന്റെ ചേരിയിലേക്ക് ചേര്‍ന്ന് വലിയൊരു പിളര്‍പ്പുണ്ടായ സമയം നടന്ന തിരഞ്ഞെടുപ്പില്‍ മുസ്‌ലിം ലീഗ് തോല്‍ക്കാതിരിക്കാന്‍ പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ അദ്ദേഹം മത്സരിക്കുക പോലും ചെയ്തിട്ടുണ്ട്. മത്സരത്തില്‍ വിജയിച്ചെങ്കിലും എതിര്‍ കക്ഷികളോട് എത്രമാന്യമായി പെരുമാറണമെന്ന പാഠം കൂടി തന്റെ സഹപ്രവര്‍ത്തകര്‍ക്ക് അന്നദ്ദേഹം പകര്‍ന്നു നല്‍കി. അന്ന് എതിര്‍സ്ഥാനാര്‍ത്ഥിയായി മത്സരിച്ച വ്യക്തി പിന്നീട് മുസ്‌ലിംലീഗിലേക്ക് തന്നെ തിരിച്ചുവന്ന് അതേവാര്‍ഡില്‍ നിന്ന് തന്നെ മുസ്‌ലിംലീഗിന്റെ ടിക്കറ്റില്‍ മത്സരിക്കുകയും ചെയ്തു. 


മലപ്പുറം ചെമ്മങ്കടവ് സ്വദേശിനി പറവത്ത് മറിയുമ്മഹജ്ജുമ്മയാണ് ഭാര്യ. 8 ആണ്‍മക്കളും ആറ് പെണ്‍മക്കളുമടക്കം പതിനാല് മക്കളുണ്ട്. രണ്ട് പേര്‍ ഇന്ന് ജീവിച്ചിരിപ്പില്ല. ഖാലിദ്, ജഅ്ഫര്‍, ഹംസ, അബ്ദുല്ലാഹ്, ഉമര്‍ഫാറൂഖ്, സിറാജ്, സലീം, അബ്ദുന്നാസിര്‍ എന്നീ ആണ്‍മക്കളും, മുംതാസ്, ഫാത്വിമ, സലീഖ, റൈഹാനത്, സൗദ, സുമയ്യ എന്നീ പെണ്‍മക്കളുമാണവര്‍. സലീം, അബ്ദുന്നാസിര്‍ എന്നിവരാണ് മരണപ്പെട്ടവര്‍. യാഹുമോന്‍, ഇസ്മാഈല്‍ ഉള്ളാട്ട്, തൈക്കാടന്‍ മുഹമ്മദ് ഹനീഫ സ്വാഗതമാട്, ചിറ്റകത്ത്‌പൊറ്റമ്മല്‍ബശീര്‍, പുളിക്കത്തൊടി ഹബീബ്, മരക്കാറ്റുതൊടി അസ്‌കര്‍ എന്നിവരാണ് ജാമാതാക്കള്‍. 

എട്ട്പതിറ്റാണ്ട്കാലം സ്വന്തം ജീവിതസമ്പാദ്യങ്ങളത്രയും അ്ല്ലാഹുവിന്റെ മാര്‍ഗ്ഗത്തില്‍ ചിലവഴിച്ച്, ഉലമാ ഉമറാ ആത്മബന്ധത്തിന്റെ ഉത്തമമാതൃക കാണിച്ച് നമ്മെ പിരിഞ്ഞ കുഞ്ഞാപ്പുഹാജിക്ക് അല്ലാഹു മഗ്ഫിറതും മര്‍ഹമതും നല്‍കട്ടെ. അവരിഷ്ടപ്പെട്ട മഹത്തുക്കളോടൊപ്പം ജന്നാതുല്‍ഫിര്‍ദൗസില്‍ അല്ലാഹു നമ്മെയും അവരെയും ഒരുമിച്ചുകൂട്ടിത്തരട്ടെ. നല്ല പകരക്കാരനെ നല്‍കി ഈ സമൂഹത്തെ അല്ലാഹു അനുഗ്രഹിക്കട്ടെ. 


1 Comments

Post a Comment

Previous Post Next Post