''ആരെങ്കിലും ഫിഖ്ഹ് പഠിച്ച് സ്വൂഫിയായിട്ടില്ലെങ്കില്‍ അവന്‍ തെമ്മാടിയാകും. ആരെങ്കിലും ഫിഖ്ഹിന്റെ നിയമങ്ങളറിയാതെ തസ്വവ്വുഫില്‍ ചേര്‍ന്നാല്‍ അവന്‍ നിരീശ്വരവാദിയാകും. ആരെങ്കിലും ഫിഖ്ഹ് പഠിച്ച് തസ്വവ്വുഫിലൂടെ ചലിച്ചാല്‍ അവന്‍ ഹഖീഖതിലെത്തിച്ചേരും'' വിശ്വപ്രസിദ്ധ പണ്ഡിതന്‍ ഇമാം മാലിക്(റ)ന്റെ ഉദ്ധരണിയാണിത്. കേരളം കണ്ട ഏറ്റവും വലിയ കര്‍മ്മശാസ്ത്ര പണ്ഡിതനായി മാറി, സമ്പൂര്‍ണ ആത്മീയതയിലൂടെ ജീവിച്ച്, നമ്മെ വിട്ട് പിരിഞ്ഞ മര്‍ഹൂം ശൈഖുനാ സൈനുല്‍ഉലമ ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്‌ലിയാരുടെ ജീവിതം ഈ വാക്കിന്റെ സാരമുള്‍ക്കൊള്ളുന്നതായിരുന്നു.

ഫിത്വ്‌റതിലൂടെ ജനിച്ചു വീഴുന്ന ഏത് കുഞ്ഞിന്റെയും ജീവിതം ചിട്ടപ്പെടുത്തുന്നതില്‍ മാതാപിതാക്കളുടെ പങ്ക് നിസ്തുലമാണ്. ''ജീവിതമര്യാദകള്‍ പിതാവില്‍ നിന്നും നന്‍മകള്‍ അല്ലാഹുവില്‍ നിന്നുമാണ്''എന്ന തിരുവചനം ഈ തത്വത്തെ ബലപ്പെടുത്തുന്നു. ചെറുശ്ശേരി കുടുംബത്തില്‍ അറിയപ്പെട്ടവരെല്ലാം അക്കാലത്തെ പ്രഗത്ഭരും ആത്മീയ താരകങ്ങളുമാണ്. വിനയത്താല്‍ തലകുനിച്ച് മാത്രം നടക്കുകയും ആരുടെ കുറ്റവും പറയാതെ, കേള്‍ക്കാതെ സൂക്ഷ്മതയുടെ ഉന്നതിയില്‍ വിരാചിച്ച മുഹമ്മദ്‌ മുസ്‌ലിയാരാണ് ശൈഖുനായുടെ പിതാവ്. കേരളത്തിലെ പ്രമാദമായ ഖിബ്‌ല തര്‍ക്കത്തിന്റെ പരിണിതിയായി തന്റെ 35 വര്‍ഷത്തെ മുഴുന്‍ നിസ്‌കാരങ്ങളും മടക്കിനിര്‍വഹിച്ചവരാണ് സൈനുല്‍ഉലമയുടെ പിതാമഹന്‍. സൂക്ഷ്മതയുടെ ഈ പാരമ്പര്യം ഉസ്താദിലും വ്യക്തമായി നിഴലിച്ച്, പുത്രന്‍ പിതാവിന്റെ പൊരുളാണെന്ന് ജീവിതത്തിലൂടെ തെളിയുകയുണ്ടായി.

വിജ്ഞാനം വര്‍ദ്ധിക്കുന്നതിനനുസരിച്ച് ശിരസ്സ് ഭൂമിയിലേക്ക് കുനിഞ്ഞ്, സ്ഫടികസമാന ഹൃദയത്തോടെയും വിശാലമനസ്സോടെയും സാധാരണ പൗരനെപ്പോലെ വിനയാന്വിതനായി ജീവിക്കാന്‍ ശൈഖുനാക്ക് സാധിച്ചത്‌  അല്ലാഹുവിന്റെ പ്രീതിക്ക് അറിവ് നേടിയത് കൊണ്ടും ആത്മീയ സരണിയിലെ മഹാന്‍മാരുമായുള്ള ആത്മ ബന്ധവുമാണ്. ആത്മീയലോകത്തെ നിരവധി മഹത്തുക്കളുമായി ഉസ്താദിന് ഹൃദയബന്ധമുണ്ടായിരുന്നു. മഹാനായ ഖുത്വുബി മുഹമ്മദ് മുസ്‌ലിയാര്‍, കക്കിടിപ്പുറം അബൂബക്ര്‍ മുസ്‌ലിയാര്‍, ചാപ്പനങ്ങാടി ബാപ്പുമുസ്‌ലിയാര്‍, കണ്ണിയത്ത് അഹ്മദ് മുസ്‌ലിയാര്‍, ഓ.കെ സൈനുദ്ദീന്‍ മുസ്‌ലിയാര്‍ മുഹമ്മദ്ബ്‌നുഅലവിയ്യില്‍ മാലികി എന്നിവരാണ് ശൈഖുനായുടെ ആത്മസരണിയിലെ വഴികാട്ടികള്‍.

മഹാനായ ഖുത്വുബിതങ്ങളില്‍ നിന്ന് സുമ്മിന്റെ ഇജാസതും ഹദ്ദാദിന്റെ ഇജാസതുമാണ് ഉസ്താദ് സ്വീകരിച്ചത്. ഓ.കെ സൈനുദ്ദീന്‍കുട്ടി മുസ്‌ലിയാരുടെ നിര്‍ദേശാനുസരണം അവരുടെ തന്നെ പുത്രന്‍ ഇബ്‌റാഹീമിന്റെ കൂടെയാണ് ഖുതുബിയെ സമീപിക്കുന്നത്. ഇതിന് വേണ്ടി ഖുത്വുബിയുടെ വീട്ടിനടുത്തുള്ള പള്ളിയില്‍ അന്തിയുറങ്ങുകയും സുബ്ഹിക്ക് ശേഷം വീടിന് മുന്നിലെത്തുകയും ചെയ്തു. മുറ്റം അടിച്ചു വാരാന്‍ വന്നയാളോട് മഹാനവര്‍കള്‍ എപ്പോഴാണ് പുറത്തിറങ്ങുകയെന്നാരാഞ്ഞു. ഇന്ന് നോമ്പെടുത്ത ദിവസമാണെന്നും നോമ്പുള്ള ദിവസം ഉച്ചയുടെ നേരത്താണ് പുറത്തിറങ്ങാറെന്നും മറുപടികിട്ടി. കാത്തിരിക്കാന്‍ തീരുമാനിച്ച ഉസ്താദിന് മുന്നിലേക്ക് അവിചാരിതമായി മഹാനായ ഖുത്വുബി തങ്ങള്‍ ഇറങ്ങിവരികയും ആരെന്ന് പരിചയപ്പെടുത്തി ആഗമനോദ്ദ്യേശ്യം പറയുകയും ചെയ്തു. അങ്ങിനെ മഹാനുഭാവനില്‍ നിന്ന് ഇജാസത് സ്വീകരിച്ച് തിരിച്ചുപോന്നു.

അസ്മാഉല്‍ബദ് രിയ്യീന്റെയും,  ദലാഇലുല്‍ഖൈറാതിന്റെയും ഇജാസതാണ് കക്കിടിപ്പുറം അബൂബക്ര്‍ മുസ്‌ലിയാരില്‍ നിന്ന് കിട്ടിയത്. ചാപ്പനങ്ങാടി ബാപ്പുമുസ്‌ലിയാരില്‍ നിന്ന് ഖാദിരിയ്യാ ത്വരീഖത്ത് സ്വീകരിച്ചു. ഗുരുനാഥനായിരുന്ന ഓ.കെ ഉസ്താദില്‍ നിന്ന് തന്നെയാണ് അല്‍വിര്‍ദുല്ലത്വീഫും ഹിസ്ബുന്നവവിയും കിട്ടിയത്. ഈ ഇജാസതുകളെല്ലാം മറ്റുള്ളവര്‍ക്ക് നല്‍കുവാനുള്ള അനുമതിയും ഉസ്താദിനുണ്ടായിരുന്നു.

ഉഖ്‌റവിയ്യായ ഒരു പണ്ഡിതന് വേണ്ട മുഴുവന്‍ ഗുണങ്ങളും ഒത്തിണങ്ങിയ മഹല്‍ വ്യക്തിത്വമായിരുന്നു മഹാനായ സൈനുല്‍ഉലമ. പരമ്പരാഗതമായി സാമാന്യം സാമ്പത്തികാഭിവൃദ്ധിയുള്ള കുടുംബത്തില്‍ ജനിക്കുകയും ജീവിതത്തില്‍ കൈവന്ന സ്ഥാനമാനങ്ങളിലൂടെ തന്റെ സമ്പല്‍ സാമ്രാജ്യം വികസിപ്പിച്ചെടുക്കാനുള്ള നിരവധി അവസരങ്ങള്‍ കൈവെള്ളയില്‍ വന്നിട്ടും അതിലേക്ക് തീരെ താത്പര്യമെടുക്കാതെ ഉള്ളത് മറ്റുള്ളവര്‍ക്ക് നല്‍കി മറ്റുള്ളവര്‍ക്ക് മാതൃകയായതും ഈ കാലത്ത് നമ്മെ ഏറെ ചിന്തിപ്പിക്കുന്നുണ്ട്. 

പ്രത്യേക സന്ദര്‍ഭങ്ങളില്‍ നാട്ടില്‍ ജോലി ചെയ്യുന്ന ഉസ്താദുമാരേയും മറ്റും വിളിച്ച് മൗലിദുകള്‍ ചൊല്ലി അവര്‍ക്കെല്ലാം നല്ല സുഭിക്ഷമായ ഭക്ഷണവും ഹദ്‌യയും നല്‍കി സസന്തോഷം തിരിച്ചയക്കുന്ന പതിവ് ഉസ്താദിനുണ്ടായിരുന്നു. യാത്രകളിലോ മറ്റോ ഉസ്താദിന് ലഭിച്ചിരുന്ന നല്ല സാധനങ്ങള്‍ ആവശ്യക്കാരെ തിരഞ്ഞെടുത്ത് നല്‍കാന്‍ മാത്രം ഉദാരശീലനായിരുന്നു ശൈഖുനാ. പ്രധാന സുന്നത് നോമ്പുകളുള്ള ദിവസങ്ങളില്‍ ഖാളിയാരകം പള്ളിയില്‍ ജോലി ചെയ്യുന്ന ഉസ്താദുമാരോട് അന്ന് നോമ്പു തുറക്കാന്‍ ആരെങ്കിലും ക്ഷണിച്ചിട്ടുണ്ടോ എന്ന് അന്വേശിക്കുകയും ഇല്ലെങ്കില്‍ സ്വന്തം വീട്ടിലേക്ക് ചെല്ലാന്‍ ആവശ്യപ്പെടുകയും ചെയ്യുന്ന ഖാളിയായി ഉസ്താദ് മാതൃക കാണിച്ചു. 

മുഴുസമയം വുളൂവില്‍ കഴിഞ്ഞിരുന്ന ശൈഖുനാ ഇല്‍മുമായി ബന്ധപ്പെടുകയോ ദിക്‌റില്‍ മുഴുകുകയോ അല്ലാതെ ഭൗതിക സംസാരങ്ങളിലോ മറ്റോ സമയം വൃഥാവിലാക്കിയത് നമുക്ക് കാണാന്‍ കഴിഞ്ഞിരുന്നില്ല. ഇത് കൊണ്ടാണ് ആത്മീയ തപസ്സില്‍ മുഴുകുന്നതോടൊപ്പം ജ്ഞാനവിഹായസ്സില്‍ ഗിരിശൃംഘങ്ങളിലേക്കുയരാന്‍ ഉസ്താദിന് സാധിച്ചത്. വിജ്ഞാനത്തോടൊപ്പം വിശുദ്ധിയും കൊണ്ട് നടന്ന് ഇല്‍മിനോടുള്ള കടപ്പാട് തീര്‍ത്തപ്പോള്‍ ഇലാഹീ സഹായങ്ങള്‍ ഉസ്താദിനെ തേടിയെത്തി. പഠിച്ചതനുസരിച്ച് പ്രവര്‍ത്തിക്കുന്നവന് അവന്‍ പഠിക്കാത്ത ജ്ഞാനങ്ങളുടെ കവാടങ്ങളും അല്ലാഹു തുറന്ന് കൊടുക്കുമെന്ന തിരുവചനം ആ ജീവിതത്തില്‍ പുലര്‍ന്നതായി നമുക്ക് കാണാം.

രാത്രിയില്‍ അല്‍പ നേരത്തെ വിശ്രമം കഴിഞ്ഞ് സുബ്ഹിക്ക് മുമ്പേ എഴുന്നേറ്റ് ആരംഭിക്കുന്ന നിസ്‌കാരവും ദിക്‌റുകളും സുബ്ഹിയും കഴിഞ്ഞ് സൂര്യോദയം വരെ നീളുന്നതായിരുന്നു. ഹസനുബ്‌നുഅലിയ്യ്(റ) നബി(സ്വ)യെ തൊട്ടുദ്ധരിക്കുന്നു: ''സുബ്ഹി നിസ്‌കരിച്ച ശേഷം അതേ സ്ഥലത്തിരുന്ന് സൂര്യോദയം വരെ ആരെങ്കിലും ദിക്‌റ് ചൊല്ലിയാല്‍ അവനെ അല്ലാഹു നരകത്തിന് നിശിദ്ധമാക്കുന്നതാണ്''(ബൈഹഖി). അബൂഉമാമതില്‍ ബാഹിലി(റ പറയുന്നു:''പള്ളിയില്‍ ജമാഅത്തായി സുബ്ഹി നിസ്‌കരിച്ച് ളുഹാ നിസ്‌കാരം വരെ അല്ലാഹുവിന്റെ ദിക്‌റുകളില്‍ കഴിയുന്നവര്‍ക്ക് പരിപൂര്‍ണരൂപത്തില്‍ ഹജ്ജും ഉംറയും നിസ്‌കരിച്ച പ്രതിഫലം അല്ലാഹു നല്‍കുന്നതാണ്''(ത്വബ്‌റാനി, ബൈഹഖി).

യാത്രാ വേളകളിലും മറ്റും ഉസ്താദിന്റെ ദിക്‌റുകള്‍ക്ക് ഭംഗം സംഭവിച്ചില്ല. കയ്യില്‍ കരുതിയിരുന്ന ബാഗില്‍ എപ്പോഴും തന്റെ വളാഇഫുകള്‍ എഴുതിവെച്ച ഒരു ഏട് ഉസ്താദ് കൊണ്ടു നടക്കാറുണ്ടായിരുന്നു. ''അല്ലാഹുവിന്റെ ദിക്‌റിലായി നിന്റെ നാവ് നനഞ്ഞു കൊണ്ടേയിരിക്കണം'' എന്ന തിരുവചനം അനുദാവനം ചെയ്ത ജീവിതമായിരുന്നു ശൈഖുനായുടേത്. 'നിശ്ചയം ജീവിതത്തില്‍ സൂക്ഷ്മത പാലിച്ചിരുന്നവര്‍ അവരുടെ നാഥന്‍ കനിഞ്ഞേകിയ ഔദാര്യമേറ്റുവാങ്ങി സ്വര്‍ഗീയാരാമങ്ങളിലും അരുവികളിലുമായിരിക്കും. നേരത്തെ തന്നെ പുണ്യവാന്‍മാരായിരുന്നു അവര്‍. രാത്രിയില്‍ നിന്ന് അല്‍പം മാത്രം ഉറങ്ങുകയും അതിന്റെ അന്തിമയാമങ്ങളില്‍ പാപമോചനമര്‍ത്ഥിക്കുകയും ചെയ്യുന്നവരായിരുന്നു അവര്‍'(അദ്ദാരിയാത് 15-17).

ഒരു ദിവസവും മുടങ്ങാതെ ളുഹാ നിസ്‌കാരം പതിവാക്കിയ മഹാനവര്‍കള്‍ അതില്‍ കക്കിടിപ്പുറം അബൂബക്ര്‍ മുസ്‌ലിയാരുടെ ഇജാസതോടെ ജ്ഞാന വര്‍ദ്ധനവിനും ജീവിത മാര്‍ഗങ്ങള്‍ എളുപ്പമാവാനുമുള്ള പ്രത്യേക  പ്രാര്‍ത്ഥനാ കാവ്യം ചൊല്ലിയിരുന്നു.  (ഫ ഹബ് ലീയ യാ വഹ്ഹാബു ഇല്‍മന്‍ വഹിക്മതന്‍ വലിര്‌രിസ്ഖി യാ റസ്സാഖു കുന്‍ ലീ മുവസ്സിആ)അല്ലാഹുവേ, എനിക്ക് നീ ജ്ഞാനവും ഹിക്മതും ഓശാരമായി നല്‍കുകയും ജീവിതമാര്‍ഗ്ഗങ്ങള്‍ വിശാലമാക്കുകയും ചെയ്യേണമേ.... അത് കൊണ്ട് തന്നെ ശൈഖുനായുടെ ളുഹാ നിസ്‌കാരം അല്‍പം ദീര്‍ഘിക്കുമായിരുന്നു. മനുഷ്യ ശരീരത്തിലെ ഓരോ കെണുപ്പുകള്‍ക്കും ചെയ്തു തീര്‍ക്കാനുള്ള ദാനധര്‍മ്മങ്ങള്‍ക്ക് പകരം രണ്ട് റക്അത് ളുഹാ നിസ്‌കാരം മതിയെന്ന് ഹദീസുകളിലുണ്ട്. മാത്രവുമല്ല, അബൂഹുറൈറ(റ)വിനോട് മുത്ത് നബി(സ്വ) പതിവാക്കാന്‍ പറഞ്ഞ മൂന്ന് കാര്യങ്ങളില്‍ ഒന്ന് ളുഹാ നിസ്‌കാരമാണ്.  

മിക്ക തിങ്കളാഴ്ചകളിലും വ്യാഴാഴ്ചകളിലും സുന്നത് നോമ്പെടക്കുന്ന ശീലം കാലങ്ങള്‍ക്ക് മുമ്പേ ഉസ്താദ് തുടങ്ങിയിട്ടുണ്ട്. മുദരിസായി ജോലി ചെയ്യുമ്പോള്‍ ആ ദിവസങ്ങളില്‍ നോമ്പുണ്ടെന്ന് ഭക്ഷണം കൊണ്ടുവരുന്ന വീട്ടുകാരെ അറിയിക്കുകയോ നോമ്പു തുറക്കാന്‍ സ്‌പെഷ്യല്‍ വിഭവം കൊണ്ടുവരാന്‍ ആവശ്യപ്പെടുകയോ ചെയ്തിരുന്നില്ല. ഉച്ചക്ക് കൊണ്ടുവന്ന ഭക്ഷണം നോമ്പുതുറക്കാനുപയോഗിക്കുകയും രാത്രി പിന്നെ ഭക്ഷണം വേണ്ട എന്ന് പറയുകയും ചെയ്യുമായിരുന്നു. 

സുന്നത്തുകളെല്ലാം അനുഷ്ഠിക്കുന്നത്തില്‍ ശൈഖുന ബദ്ധശ്രദ്ധനായിരുന്നു. ഒരു ഹുദവിയുടെ നികാഹിന് ചെന്ന് പള്ളിയില്‍ കയറി വുളൂഅ് ചെയ്യുന്ന നേരം ഖിബ്‌ലയിലേക്ക് തിരിയാനുള്ള സൗകര്യം ഇല്ലാതിരുന്നതില്‍ അതൃപ്തി പ്രകടിപ്പിക്കുകയും ആ കാര്യം ബന്ധപ്പെട്ടവരെ ഉണര്‍ത്തുകയും ചെയ്തു.

പാണ്ഡിത്യവും വിനയവുമാണ് ആ വ്യക്തിത്വത്തെ സുസമ്മതനാക്കിയത്. കേരളത്തിലെ ഏറ്റവും വലിയ പണ്ഡിത സഭയുടെ അമരത്തിരിക്കുമ്പോഴും ഏത് സാധാരണക്കാരനും ഇടനിലക്കാരനില്ലാതെ കയറിച്ചെല്ലാവുന്നതായിരുന്നു സൈനുല്‍ഉലമയുടെ സാന്നിദ്ധ്യം. ഏറ്റെടുത്ത പരിപാടികളിലേക്ക് കൃത്യസമയത്തിന് മുമ്പ് തന്നെ എത്തുന്നതും ആ മഹാനുഭാവന്റെ വിനയം കൊണ്ടായിരുന്നു. നേതാവിനെ കാത്ത് സംഘാടകര്‍ മടുക്കുന്ന ഇക്കാലത്ത് സംഘാടകരുടെ സമയത്തിന് വേണ്ടി നേതാവ് കാത്ത് നിന്ന സാഹചര്യം വരെ സൈനുല്‍ഉലമക്കുണ്ടായിട്ടുണ്ട്. ആള്‍കൂട്ടത്തിനിടയിലേക്ക് ശബ്ദഘോഷാരവങ്ങളുടെ അകമ്പടിയോടെ കയറിച്ചെന്ന് തന്‍പോരിമ കാണിക്കുന്ന സ്വഭാവം ഉസ്താദിന് തീരെ പഥ്യമല്ല. വിജ്ഞാനമാണിക്യങ്ങളേറെ ചുമന്ന് നടക്കുമ്പോഴും വിനയത്താല്‍ ശിരസ്സ് കുനിഞ്ഞായിരുന്നു അവിടുത്തെ സഞ്ചാരം.  തന്നെക്കൊണ്ട് ആരും ബുദ്ധിമുട്ടുകയോ വിഷമിക്കുകയോ ചെയ്യരുതെന്ന ഒരു മുസ്‌ലിമിനുണ്ടാകേണ്ട അടിസ്ഥാന ചിന്താവിശേഷവും, സ്വന്തത്തിന് ഇഷ്ടപ്പെടുന്നത് മറ്റുള്ളവനും ഇഷ്ടപ്പെടുകയെന്ന ഈമാനിന്റെ സമ്പൂര്‍ത്തീകരണ ഘടകവും സമ്മേളിച്ചവരാണ് മഹാനവര്‍കള്‍.

മനുഷ്യര്‍ അല്ലാഹുവിനോട് പ്രാര്‍ത്ഥിക്കുമായിരുന്നില്ലെങ്കില്‍ അല്ലാഹു അവരെ തീരെ അവരെ പരിഗണിക്കുകയില്ല. അല്ലാഹുവിനോട് എത്ര ചോദിച്ചാലും അവന്‍ മടുക്കുകയോ വെറുക്കയോ ഇല്ല, നേരെ മറിച്ച് ആ മനുഷ്യനോട് അവന് സ്‌നേഹം വര്‍ദ്ധിക്കുകയും ചെയ്യും. ദീര്‍ഘനേരം നീളുന്നതായിരുന്നു ഉസ്താദിന്റെ പ്രാര്‍ത്ഥനകള്‍. ആ പ്രാര്‍ത്ഥനക്കിടയില്‍ അല്ലാഹുവിനോട് എല്ലാ നന്‍മകളും ചോദിക്കുന്നതോടൊപ്പം എല്ലാ തിന്‍മകളില്‍ നിന്നും കാവല്‍ ചോദിക്കുകയും ചെയ്യുമായിരുന്നു. ഉസ്താദിന്റെ പ്രാര്‍ത്ഥനാ ഫലമായി നിരവധി പ്രയാസങ്ങള്‍ ഇല്ലാതെയായ നിരവധി അനുഭവസ്ഥരുണ്ട്.

വാങ്ക് കൊടുക്കുമ്പോള്‍ ഓരോ വചനങ്ങള്‍ക്കും കൃത്യമായി ജവാബ് കൊടുക്കുകയും ശേഷം ജീവിത വിജയത്തിനും മറ്റും നന്നായി ദുആ ചെയ്യുകയും ചെയ്യുമായിരുന്നു. ഇമാം ശാദുലി(റ) മഹോന്നതനായി മാറാനുള്ള കാരണം വാങ്കിന് കൃത്യമായി ജവാബ് കൊടുത്ത് ശേഷം നന്നായി ദുആ ചെയ്തത് കൊണ്ടായിരുന്നെന്നും ശൈഖുനാ പറയാറുണ്ടായിരുന്നു. കൂടുതല്‍ മഹത്വമുള്ള പുണ്യങ്ങള്‍(ഫളാഇലുല്‍അഅ്മാല്‍) ചെയ്യാന്‍ എപ്പോഴും ശ്രദ്ധിക്കും. ഇത് തന്നെ അല്ലാഹു ആ ജീവിതം തൃപ്തിപ്പെട്ടിട്ടുണ്ടെന്നതിന്റെ ദൃഷ്ടാന്തമാണ്.

സത്യവിശ്വാസികള്‍ മുഖലക്ഷണം പറയുന്നത് നിങ്ങള്‍ സൂക്ഷിക്കണമെന്ന് തിരുവചനങ്ങളിലുണ്ട്. പല മഹത്തുക്കളുടെ ഭാസുരഭാവിയെ കുറിച്ച് അവരുടെ കാലത്തുണ്ടായിരുന്ന മഹാരഥന്‍മാര്‍ സൂചനനല്‍കിയത് ചരിത്രവായനയില്‍ കണ്ടെത്താം. മഹാനായ സൈനലുല്‍ഉലമയെ സംബന്ധിച്ചും ഇങ്ങനെയുള്ള ചില ശുഭ സൂചനകള്‍ പല മഹത്തുക്കളും പറഞ്ഞിട്ടുണ്ട്. ബാഖിയാതിലേക്ക് കൂട്ടുകാരൊന്നിച്ച് ഉപരിപഠനത്തിന് പോകാന്‍ സ്വൂഫിയും ആലിമുമായ പിതാവിനോട് ചോദിച്ചപ്പോള്‍ 'നീ ഇവിടെ നിന്നോളൂ.. പോയവരൊക്കെ നിന്റെ അടുത്തേക്ക് വരും' എന്ന അനുഗ്രഹത്തിന്റെ വചനം മഹാനവര്‍കളുടെ ഭാവിയിലേക്കുള്ള ച ശുഭസൂചനയായിരുന്നു.

മലപ്പുറം കുന്നുമ്മലില്‍ ബസ്‌കാത്തുനില്‍ക്കുന്ന സൈനുദ്ദീന്‍മുസ്‌ലിയാരെ ചൂണ്ടിയിട്ട് അത്‌വഴി കടന്നുപോയ ഒരു ബസില്‍ യാത്ര ചെയ്തിരുന്ന ബാഖിയാതിലെ ഗുരുവര്യനായിരുന്ന കുട്ടിമുസ്‌ലിയാര്‍ സഹയാത്രികനോട് പറഞ്ഞുവത്രെ 'ആ നില്‍ക്കുന്ന കുട്ടി ഭാവിയില്‍ യോഗ്യനായി മാറും'. ആ സഹയാത്രികന്‍ തന്നെ ഇത് ശൈഖുനായുമായി പങ്ക് വെച്ചിട്ടുണ്ട്. കോടങ്ങാട് പള്ളിയില്‍ വെച്ച് ശൈഖുനായുടെ ഖുതുബ ശ്രവിച്ച് പുറത്തിറങ്ങിയ കണ്ണിയത്ത് അഹ്മദ് മുസ്‌ലിയാര്‍ ഖുതുബ നിര്‍വ്വഹിച്ചത് ആരാണെന്ന് അന്വേശിച്ചു. ചെറുശ്ശേരി അഹ്മദ് കുട്ടി മുസ്‌ലിയാരുടെ മകന്‍ ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്‌ലിയാരാണെന്ന് അറിഞ്ഞപ്പോള്‍ 'മൂര്‍ഖന്റെ കുട്ടി മൂര്‍ഖന്‍ തന്നെ'എന്ന് പറഞ്ഞുവത്രെ.

തന്റെ ചുമതലകള്‍ കൃത്യമായി നിര്‍വ്വഹിക്കുന്നതില്‍ അതീവ ശ്രദ്ധ പുലര്‍ത്തിയിരുന്നു മഹാനവര്‍കള്‍. അധ്യാപകര്‍ തങ്ങളുടെ ഉത്തരവാദിത്വ നിര്‍വ്വഹണത്തില്‍ വീഴ്ചവരുത്തുന്നുണ്ടോയെന്നും വിദ്യാര്‍ത്ഥികള്‍ അവരുടെ ദൗത്യങ്ങളില്‍ അമാന്തം കാണിക്കുന്നോ എന്നും സസൂക്ഷ്മം വീക്ഷിച്ചു. അവസാനമായി ഹജ്ജിന് പോകാനുള്ള ഒരുക്കങ്ങള്‍ക്കിടയില്‍ പെട്ടന്ന് ദാറുല്‍ഹുദയില്‍ വന്ന് ലൈബ്രറി ഡ്യൂട്ടിയിലുള്ള ഹംസ ഹുദവിയെ വിളിച്ച് ലൈബ്രറിയില്‍ നിന്ന് ഉസ്താദ് എടുത്തിരുന്ന ഗ്രന്ഥങ്ങള്‍ മുഴുവന്‍ ഉത്തരവാദിത്വ പൂര്‍വ്വം ഏല്‍പിച്ചാണ് പോയത്.

വഫാതാകുന്നതിന്റെ തൊട്ട് മുമ്പുള്ള വര്‍ഷങ്ങളിലായി പരിശുദ്ധ ഹജ്ജും ഉംറയും നിര്‍വഹിക്കുവാനും പരിശുദ്ധ മദീനയില്‍ ചെന്ന് മുത്ത് നബി(സ്വ)യെ സിയാറത് ചെയ്യുവാനും ശേഷം മറ്റൊരവസരത്തില്‍ ബൈതുല്‍മുഖദ്ദസിലും മറ്റു ചരിത്ര പ്രസിദ്ധമായ സ്ഥലങ്ങളില്‍ ചെന്ന് മഹാന്‍മാരായ നിരവധി പ്രവാചകന്‍മാരെയും മഹത്തുക്കളേയും സിയാറത് ചെയ്യുവാനും ഉസ്താദിന് സാധിച്ചു. അവസാന കാലങ്ങളില്‍ മരണം മുന്നില്‍ കണ്ടുള്ള ജീവിതമായിരുന്നു ഉസ്താദിന്റെതെന്ന് നമുക്ക് വ്യക്തമായിരിക്കുകയാണ്. 

മഹാനായ സകരിയ്യല്‍ അന്‍സ്വാരി(റ) ആരിഫുകളില്‍ പെട്ട മഹാനായിരുന്നുവെന്നും  അദ്ദേഹം തന്റെ കര്‍മ്മശാസത്ര പരിജ്ഞാനം കൊണ്ട് തന്റെ ആത്മീയ ലോക ജീവിതത്തെ ജനങ്ങളില്‍ നിന്ന് മറച്ചുവെച്ചതായിരുന്നു എന്നും അവരുടെ ജീവിതചരിത്രത്തില്‍ വായിച്ചിട്ടുണ്ട്. മഹാനായ സൈനുല്‍ഉലമയുടെ സ്വകാര്യ ജീവിതത്തിലേക്ക് എത്തിനോക്കുന്നവര്‍ക്കും ഇത് പോലെ അനുഭവപ്പെടുന്നതാണ്. നിങ്ങള്‍ ജീവിക്കുന്നത് പോലെ നിങ്ങള്‍ക്ക് മരിക്കാമെന്നും മരിക്കുന്നത് പോലെ പുനര്‍ജനിക്കാമെന്നും പണ്ഡിതമഹത്തുക്കള്‍ സൂചിപ്പിച്ചിട്ടുണ്ട്. ദിക്‌റിലും ഫിക്‌റിലും ശുക്‌റിലുമായി കഴിഞ്ഞ ആ മഹാമനീഷി സംസാരം നിലക്കുന്ന ദിവസം പോലും നൂറ് കണക്കിന് മുതഅല്ലിമുകള്‍ക്ക് അല്ലാഹുവിന്റെ വിജ്ഞാനം പകര്‍ന്നു കൊടുത്തിട്ടുണ്ട്. ഹോസ്പിറ്റില്‍ പോകും വഴി സൂറതുല്‍ ഫാതിഹയും ദിക്‌റുകളും ആ ചുണ്ടുകളില്‍ നിന്ന് കേള്‍ക്കാന്‍ കഴിഞ്ഞു. ഹോസ്പിറ്റില്‍ കിടക്കുമ്പോള്‍ കയ്യില്‍ തസ്ബീഹ്മാല വെച്ചുകൊടുത്തപ്പോള്‍ ദിക്‌റ് ചൊല്ലിയതായി കൂടെയുണ്ടായിരുന്നവര്‍ പറയുന്നു. 

ജീവിതം ചിട്ടപ്പെടുത്തി മാതൃകയായി കടന്നുപോയവരെ അവരുടെ കാലശേഷവും സമൂഹം നിരന്തരം ഓര്‍ത്തു കൊണ്ടേയിരിക്കും. ആയിരം ആളുകള്‍ക്കിടയില്‍ ഒരു വ്യക്തി യഥാര്‍ത്ഥ വിശ്വാസിയായി ജീവിക്കുന്നത് ആയിരം ആളുകള്‍ ഒരുത്തനോട് ഉപദേശിക്കുന്നതിനേക്കാള്‍ ഫലം ചെയ്യുമെന്നത് സത്യമാണ്. നമുക്കിടയില്‍ വലിയ മാതൃകയായി നന്‍മയുടെ വിളക്കുമാടമായി ജീവിച്ച്, പകര്‍ത്തുവാന്‍ ഒരു പാട് നന്‍മകള്‍ ബാക്കി വെച്ച് ശൈഖുനാ സൈനുല്‍ ഉലമയും വഫാതായിരിക്കുകയാണ്.  അവരോടൊപ്പം സ്വര്‍ഗലോകത്ത് ഒരുമിച്ചു കൂടാന്‍ നാഥന്‍ നമ്മെ അനുഗ്രഹിക്കട്ടെ. ആമീന്‍.




Post a Comment

Previous Post Next Post