1996 മാര്‍ച്ച് 9നാണ്  അറിവിന്‍ മധുനുകരാന്‍ ദാറുല്‍ഹുദായിലെത്തിയത്. മഹാനായ സൈനുല്‍ഉലമ(ന:മ)യെ ആദ്യമായി മുഖദാവില്‍ കാണുന്നതും അന്ന് തന്നെ. ഇമാം നവവി(റ)ന്റെ മതനുല്‍അര്‍ബഈനിലെ ആദ്യഭാഗം ഓതിത്തന്ന് ദാറുല്‍ഹുദാ പഠന ജീവിതത്തില്‍ ആദ്യമായി ക്ലാസെടുത്ത് പ്രാര്‍ത്ഥിച്ചു തന്നത് മഹാനായ സൈനുല്‍ഉലമയാണ്. പിന്നീട് റമദാനിനു ശേഷം വരുന്ന ഓരോ അധ്യായന വര്‍ഷാരംഭത്തിലും ആ മഹാനുഭാവന്‍ തന്നെയാണ് പ്രാര്‍ത്ഥന കൊണ്ട് ക്ലാസാരംഭം കുറിച്ചു തന്നിരുന്നത്. 

യാ മുഫത്തിഹ് ഫത്തിഹ്, യാ മുഫര്‍രിജ് ഫര്‍രിജ്, യാ മുയസ്സിര്‍ യസ്സിര്‍, വല്‍ഫത്ഹു വല്‍ഫറജു മിന്‍ക യാ ഫത്താഹു യാ അലീം. ഇയ്യാക നഅ്ബുദു വ ഇയ്യാക നസ്തഈന്‍,  അല്ലാഹുമ്മര്‍സുഖ്‌നാ ഫഹ്മന്നബിയ്യീന്‍ വ ഹിഫ്‌ളല്‍മുര്‍സലീന്‍ വ ഇല്‍ഹാമല്‍ മലാഇകതില്‍ മുഖര്‍റബീന്‍....... ഈ പ്രാര്‍ത്ഥനകള്‍ ഇപ്പോഴും കാതുകളില്‍ മുഴങ്ങുന്നത് പോലെ. പ്രാര്‍ത്ഥനക്ക് ശേഷം നല്‍കുന്ന നസ്വീഹതില്‍ ഇല്‍മിന്റെ മഹത്വവും അത് നേടിയെടുക്കുന്നതില്‍ പ്രയാസങ്ങള്‍ സഹിക്കുന്നതിന്റെ പ്രാധാന്യവും അറിവനുസരിച്ച് പ്രവര്‍ത്തിക്കേണ്ടതിന്റെ ആവശ്യകതയുമെല്ലാം ഖുര്‍ആനിക സൂക്തങ്ങളും ഹദീസ് വചനങ്ങളും മഹത്ചരിതങ്ങളും വിശദീകരിച്ച് സരസവും സരളവുമായ ശൈലിയില്‍ മുതഅല്ലിമീങ്ങള്‍ക്ക് വിശദീകരിച്ചു കൊടുക്കും..

ചെറിയക്ലാസുകളില്‍ ഉസ്താദിന് ക്ലാസില്ലാത്തത് കൊണ്ട് ശബ്ദമുണ്ടാക്കിയാല്‍ വലിയ വിദ്യാര്‍ത്ഥികള്‍ വന്ന് വിളിച്ച് കൊണ്ടു പോയി ഉസ്താദിന്റെ അടുത്തെത്തിയാല്‍ സ്വതസിദ്ധ ശൈലിയില്‍ ശിക്ഷണത്തിന്റെ വാക്കുകളോടൊപ്പം കയ്യില്‍ അടിവെച്ച് തരുന്ന ശൈഖുനായെയാണ് ഞങ്ങള്‍ക്ക് പരിചയമുണ്ടായിരുന്നത്. അത് കൊണ്ട് തന്നെ മുകളില്‍ നിന്ന് താഴോട്ട് വരുമ്പോള്‍ ശൈഖുനയുണ്ടോ ഇല്ലയോ എന്ന് നോക്കിയാണ് കോവണിപ്പടികള്‍ ഇറങ്ങി വന്നിരുന്നത്. ശബ്ദമുണ്ടാക്കിയോ മറ്റോ ഉസ്താദിന്റെ അടികിട്ടാതിരിക്കാന്‍ എല്ലാവരും ശ്രമിക്കാറുണ്ടായിരുന്നെങ്കിലും പന്ത്രണ്ട് വര്‍ഷക്കാലത്തിനിടയില്‍ ആ അടിയില്‍ നിന്ന് രക്ഷപ്പെട്ടവര്‍ നന്നേ കുറവായിരിക്കും.

1996 ലാണല്ലോ മഹാനായ ശംസുല്‍ഉലമ വഫാതായത്. ശേഷം ചെറുശ്ശേരി ഉസ്താദ് സമസ്തയുടെ മുഖ്യകാര്യദര്‍ശിയായി. എങ്കിലും ഉസ്താദില്‍ വലിയ മാറ്റമൊന്നും കാണാന്‍ കഴിഞ്ഞില്ല. അന്നത്തെ ഓഫീസിന് പിന്നില്‍ വൈസ് പ്രിന്‍സിപ്പളുടെ റൂമിനരികെ പരിമിത സൗകര്യങ്ങളുള്ള ചെറിയ റൂമില്‍ ഉസ്താദിനെ മിക്കപ്പോഴും കാണാമായിരുന്നു. വലിയ വലിയ കിതാബുകള്‍ മുത്വാലഅ ചെയ്യുന്ന, അല്ലെങ്കില്‍ തൊപ്പിയും ധരിച്ച് കയ്യില്‍ തസ്ബീഹ്മാലയും പിടിച്ച് റൂമിന് മുന്നിലെ കസേരയിലിരുന്ന് തസ്ബീഹ് ചൊല്ലുന്ന ശൈഖുനായെയാണ് ഞങ്ങള്‍ കൂടുതല്‍ കണ്ടിട്ടുള്ളത്. 

ഞങ്ങളുടെ കാലത്ത് അവസാന മൂന്ന് വര്‍ഷക്കാര്‍ക്കായിരുന്നു ശൈഖുനായുടെ സബ്ഖുണ്ടായിരുന്നത്. പത്താം ക്ലാസില്‍ നിന്ന് തഫ്‌സീറുല്‍ബൈളാവിയും പതിനൊന്നില്‍ വെച്ച് സ്വഹീഹു മുസ്‌ലിമും അവസാന വര്‍ഷം തുഹ്ഫയും ഉസ്താദ് ക്ലാസെടുത്തു. ഈ കാലയളവില്‍ ഉസ്താദുമായി കൂടുതല്‍ അടുക്കുവാന്‍ കഴിഞ്ഞതാണ്  ജീവിതത്തിലെ വലിയസൗഭാഗ്യം. ക്ലാസില്‍ വന്ന് കഴിഞ്ഞാല്‍ അദബോടെ എന്തും ചോദിക്കാവുന്ന നിലയിലേക്ക് കുട്ടികളുമായി ഇടപെഴകുന്ന ഗുണകാംക്ഷിയായ ഗുരുനാഥനെയാണ് ശൈഖുനായില്‍ ഞങ്ങള്‍ ദര്‍ശിച്ചത്. സംശയങ്ങള്‍ ചോദിച്ച് വിഷയങ്ങള്‍ കൂടുതല്‍ ഗ്രാഹ്യമാക്കുന്നവരോട് ഉസ്താദിന് നല്ല മതിപ്പായിരുന്നു. സംശയങ്ങള്‍ ചോദിക്കാനും നല്‍കിയ ഉത്തരങ്ങള്‍ കണ്ടെത്തി സുദൃഢമാക്കുവാനും അവിടുന്ന് നിരന്തരം പ്രേചോദനമേകി.

തഫ്‌സീറിന്റെ ക്ലാസില്‍ ബിസ്മിയുടെ യഥാര്‍ത്ഥ അര്‍ത്ഥം എന്താണെന്നാണ് ആദ്യമായി ആ ജ്ഞാന സാഗരത്തോട് ചോദിച്ചത്. ഉടനെ വന്നു ബിസ്മിയുടെ 'അ'യഥാര്‍ത്ഥ അര്‍ത്ഥമെന്തെന്ന മറുചോദ്യം. സാധാരണ നാം പറയാറുള്ള അര്‍ത്ഥം ഉള്ള ധൈര്യം സംഭരിച്ച് പറഞ്ഞൊപ്പിച്ചു. അപ്പോള്‍ പുഞ്ചിരിച്ച് കൊണ്ട് ഉസ്താദ് എല്ലാം വിശദീകരിച്ചു തന്നു. ഈ ചോദ്യോത്തരത്തിലൂടെ ഉസ്താദുമായുള്ള ബന്ധം സ്ഥാപിക്കപ്പെടുകയായി. ആര് സംശയം ചോദിച്ചാലും മറുചോദ്യം ചോദിച്ച് ചോദിച്ച വ്യക്തിക്ക് കുടൂതല്‍ അറിയാന്‍ താത്പര്യമുണ്ടോയെന്ന ഒരു പരിശോധന ഉസ്താദിന്റെ സ്ഥിരം ശൈലിയായിരുന്നു. 

പിന്നീടങ്ങോട്ട് ക്ലാസുകളില്‍ പല വിഷയങ്ങളും ചര്‍ച്ചക്കുവരുമ്പോഴും മറ്റുമായി ഉസ്താദുമായി മസ്അലകളും മറ്റും ചോദിച്ച് തഹ്ഖീഖ് വരുത്താന്‍ കൂടുതല്‍ അവസരമുണ്ടായിട്ടുണ്ട്.   ആലുവാ ത്വരീഖതുമായി ബന്ധപ്പെട്ട് ദാറുല്‍ഹുദായില്‍ ശുദ്ധികലശം നടന്ന റമദാനിനു ശേഷമാണ് ഞങ്ങള്‍ പത്താം ക്ലാസില്‍ പഠിക്കുന്നത്. അത് കൊണ്ട് തന്നെ ത്വരീഖത് സംബന്ധമായ പല ചര്‍ച്ചകളും ക്ലാസിനിടയില്‍ വരുമായിരുന്നു. തദ്‌വിഷയവുമായി ബന്ധപ്പെട്ട് ഓരോ ദിവസവും കുട്ടികള്‍ ഉന്നയിക്കുന്ന ചോദ്യങ്ങള്‍ക്ക് കൃത്യമായ ഉദ്ധരണികളോടെ ശൈഖുനാ മറുപടി പറഞ്ഞുതന്നത് ഇപ്പോഴും ഓര്‍ക്കുന്നു. അക്കാലത്താണ് മര്‍ഹൂം അഹ്മദ് കോയാ ശാലിയാത്തി(റ)യുടെ ഫതാവല്‍ അസ്ഹരിയ്യ എന്ന ഫത്‌വാ സമാഹാരം നോക്കാന്‍ അവസരമുണ്ടായത്. ഉസ്താദ് വീട്ടില്‍ നിന്ന് ആ ഗ്രന്ഥം എത്തിച്ചു തരികയായിരുന്നു.

ക്ലാസിനിടയിലും മറ്റുമായി പല മസ്അലകളും വിഷയങ്ങളും കിതാബുകളില്‍ നോക്കി കാണിച്ചു കൊടുക്കാന്‍ ഏല്‍പിക്കുമായിരുന്നു. 'ഇന്ന കാര്യത്തെ കുറിച്ച് ഇന്ന കിതാബുകളില്‍ ഇന്ന സ്ഥലങ്ങളില്‍ പറയുന്നുണ്ട്. അത് നീ ഒന്ന് കൊണ്ടുവരണം' എന്നാണ് പറയുക. കിതാബുകള്‍ എങ്ങിനെ നോക്കണമെന്നും മസ്അലകള്‍ സുദൃഢമാക്കേണ്ടതെങ്ങിനെയാണെന്നും പഠിപ്പിക്കുകയായിരുന്നു ഇതിലൂടെ ഉസ്താദ്. ഏല്‍പിച്ച കാര്യം കൃത്യമായി നിര്‍വഹിച്ച് ഉസ്താദിന്റെ മുന്നിലെത്തിയാല്‍ ഉസ്താദ് നമുക്ക് വേണ്ടി പ്രാര്‍ത്ഥിക്കുകയും അനുഗ്രഹാശിസ്സുകള്‍ ചൊരിയുകയും ചെയ്യും. 

  ഒരിക്കല്‍ ഉസ്താദ് ഏല്‍പിച്ച ഒരു കാര്യം കണ്ടെത്തി അതുമായി ഉസ്താദിന്റെ റൂമിലെത്തി കാണിച്ചു കൊടുത്തു എല്ലാം നോക്കിയിട്ട് എന്നോട് ചോദിച്ചു. ഞാന്‍ ഏല്‍പിക്കുന്ന പല വിഷയങ്ങളും കണ്ടെത്തി നീ എനിക്ക് കാണിച്ചു തരാറുണ്ട്. ഇതെല്ലാം നീ കുറിച്ചുവെക്കാറുണ്ടോ?!!. അതെ എന്ന് പറഞ്ഞു. അപ്പോള്‍ മേശപ്പുറത്ത് നിന്ന് പുതിയ ഒരു ഡയറിയെടുത്ത് എന്റെ കയ്യിലേക്ക് നീട്ടിയിട്ട് പറഞ്ഞു. ഇത് എന്റെ വക നിനക്കുള്ളതാണ്. നിനക്ക് ലഭിക്കുന്ന പുതിയ അറിവുകള്‍ ഇതില്‍ നീ കുറിച്ചു വെച്ചോളൂ... ഏറെ സന്തോഷത്തോടെ ഞാനത് സ്വീകരിച്ചു. അവസാനം ഫൈനല്‍ പരീക്ഷയുടെ സ്റ്റഡിലീവില്‍ ഈ ഡയറിയുമായി ഉസ്താദിന്റെ റൂമില്‍ ചെന്ന് ഇതില്‍ ഉസ്താദിന്റെ കൈപ്പടയില്‍ എന്റെ ഭാവിക്ക് വേണ്ടി എന്തെങ്കിലും ഒന്ന് എഴുതിത്തരണമെന്ന് പറഞ്ഞു. ''ഇസ്‌ലാം ദീനിന് സേവനം ചെയ്യാന്‍ അല്ലാഹു തൗഫീഖ് നല്‍കട്ടെ'' എന്ന പ്രാര്‍ത്ഥനയും അനുഗ്രഹവും നല്‍കി സന്തോഷത്തോടെ പറഞ്ഞയച്ചു.

ഇല്‍മിനോടും അതിന്റെ വാഹകരോടും അതിരറ്റ സ്‌നേഹവും ആദരവും ഉസ്താദ് കാണിച്ചു. ഒരിക്കല്‍ ക്ലാസിലെ ഒരു വിദ്യാര്‍ത്ഥിയുടെ കിതാബ് പൊതിയാത്തതായി ശ്രദ്ധയില്‍ പെട്ടപ്പോള്‍ കിതാബുകള്‍ നല്ല വൃത്തിയിലും അദബിലും സൂക്ഷിക്കണമെന്നും അതിന്റെ ഭാഗമാണ് നല്ല വൃത്തിയോടെ പൊതിയിട്ടു സൂക്ഷിക്കലെന്നും എങ്കിലേ ഇല്‍മില്‍ ബര്‍കത്തുണ്ടാവുകയുള്ളൂവെന്നും സഗൗരവം ഉണര്‍ത്തുകയുണ്ടായി. 'സത്യവിശ്വാസികളെ, നിങ്ങള്‍അല്ലാഹുവിനെ സഹായിച്ചാല്‍ അവന്‍ നിങ്ങളെ സഹായിക്കുകയും നിങ്ങളുടെ പാദങ്ങള്‍ ഉറപ്പിച്ചു നിര്‍ത്തുകയും ചെയ്യും'(മുഹമ്മദ് 7). അല്ലാഹുവിനെ സഹായിക്കലെന്നാല്‍ അവന്റെ ദീനിനെ സഹായിക്കലാണ്. അത് പല വിധത്തിലൂടെയാകാം. വിജ്ഞാനം പഠിക്കലും പഠിപ്പിക്കലുമാണ് ദീനിനെ സഹായിക്കുന്നതില്‍ ഏറ്റവും നല്ല മാര്‍ഗ്ഗം. ഇക്കാര്യം ശൈഖുന ഇടക്കിടെ ഉണര്‍ത്തിയിരുന്നു. അറിവ് പഠിക്കാനും പഠിപ്പിക്കാനും അവസരമുണ്ടായിട്ട് മറ്റു വരുമാനമാര്‍ഗങ്ങള്‍ തേടിപ്പോകുന്നവന്‍ ജനങ്ങളിലെ ഏറ്റവും വലിയ അക്രമിയാണെന്ന് ശൈഖുനായുടെ നസ്വീഹതില്‍ പലതവണ കേട്ടിട്ടുണ്ട്. 

ശരീരം കൊണ്ട് ചെയ്യുന്ന പ്രവര്‍ത്തനങ്ങളില്‍ ഏറ്റവും ഉത്തമം നിസ്‌കാരമാണെന്ന് പ്രബല പണ്ഡിതര്‍ പറയുമ്പോള്‍ മറ്റു ചിലരുടെ അഭിപ്രായം അറിവ് പഠിക്കലും പഠിപ്പിക്കലുമെന്നാണ്. അല്ലാഹുവിന്റെ പ്രീതിക്ക് വേണ്ടി ഇല്‍മ് പഠിച്ച് അതനുസരിച്ച് ജീവിച്ചാല്‍ ഭൗതിക സുഖം തേടിപ്പോകേണ്ടിവരില്ല, എല്ലാം നമ്മുടെ പിന്നാലെ വരുമെന്ന് പറയുകയും അത് ജീവിതം കൊണ്ട് തെളിയിക്കുകയും ചെയ്തവരായിരുന്നു സൈനുല്‍ ഉലമ. ഇല്‍മും ഇബാദതുമാണ് മനുഷ്യജീവിതത്തിലെ ഏറ്റവും വലിയ അമൂല്യ രത്‌നങ്ങളെന്ന് നമ്മെ അവര്‍ പഠിപ്പിച്ചു. എട്ട് പതിറ്റാണ്ടുകാലത്തെ ജീവിതത്തില്‍ വകതിരിവെത്തിയത് മുതല്‍ അവസാനമായി ശബ്ദം നിലക്കുന്നത് വരെയും വിജ്ഞാനവുമായി ബന്ധപ്പെടാന്‍ മഹാനവര്‍കള്‍ക്ക് സാധിക്കുകയും ചെയ്തു.

ഒരിക്കല്‍ റൂമിലേക്ക് വിളിച്ചിട്ട് മഹാനായ സ്വദഖതുല്ലമൗലവിയുടെ ഫത്‌വകള്‍ ക്രോഢീകരിച്ച നാലഞ്ച് വാള്യങ്ങള്‍ എടുത്ത് തന്ന് പറഞ്ഞു: ''ഇതില്‍ പറഞ്ഞ ഓരോ ചോദ്യങ്ങളും അതിന്റെ മറുപടികളും കൃത്യമായി വായിച്ച് അതില്‍ പ്രത്യേകം ശ്രദ്ധിക്കണമെന്ന് തോന്നുന്ന ഫത്‌വകള്‍ പരാമര്‍ശിക്കുന്ന പേജ് നമ്പറുകള്‍ ഓരോ വാള്യത്തിലും തുടക്കത്തിലോ അവസാനത്തിലോ ഒഴിവുള്ള സ്ഥലത്ത് കുറിച്ചുവെക്കുക''. ഓരോന്നും വായിച്ച് കഴിയുമ്പോള്‍ അടുത്ത് ചെന്ന് വായിച്ചു കൊടുക്കും. കൂടുതല്‍ ശ്രദ്ധിക്കേണ്ട ഭാഗങ്ങളില്‍ ആവശ്യമുളള വിശദീകരണം നല്‍കും. ഇത്രയേറെ ശിഷ്യരുടെ വൈജ്ഞാനിക പുരോഗതിക്ക് വഴിതെളിയിച്ച മറ്റൊരു ഗുരുനാഥനുണ്ടോ!!?. 

കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് സംഘടനാ വ്യത്യാസമില്ലാതെ നിരവധി പണ്ഡിതരും സാധാരണക്കാരുമെല്ലാം ദാറുല്‍ഹുദയിലേക്കും ഖാളിയാരകത്തെ വീട്ടിലേക്കും ഉസ്താദിനോട് ഫത്‌വ ചോദിക്കാനും പ്രശ്‌നങ്ങള്‍ക്ക് തീര്‍പ് കല്‍പിക്കാനുമെല്ലാം എത്തിയിരുന്നു. അവര്‍ ചോദിക്കുന്ന ചോദ്യങ്ങള്‍ക്ക് ഇസ്‌ലാമിക കര്‍മ്മശാസ്ത്രത്തിലെ ആധികാരിക ഗ്രന്ഥങ്ങളുടെ പിന്‍ബലത്തില്‍ മറുപടി നല്‍കും. ഇങ്ങനെ വരുന്ന പല കാര്യങ്ങളും ക്ലാസുകള്‍ക്കിടയില്‍ വിദ്യാര്‍ത്ഥികളുമായി പങ്ക്‌വെക്കും. ഒരു ദിവസം ഉച്ചഭക്ഷണം കഴിച്ച് ക്ലാസിലേക്ക് വരുന്നതിനിടയില്‍ ശൈഖുനാ റൂമിലേക്ക് വിളിപ്പിച്ചു. അന്ന് ഉസ്താദിനോട് ഒരു ടീം വന്ന് ചോദിച്ചത് 'ഒരപകടത്തില്‍ പെട്ടത് വഴി ഇന്‍ശൂറന്‍സ് ഇനത്തില്‍ അവര്‍ക്ക് കിട്ടിയ സ്വത്ത് സ്വന്തമായി ഉപയോഗിക്കാന്‍ പാടുണ്ടോ ഇല്ലെങ്കില്‍ അതില്‍ നിന്ന് രക്ഷപ്പെടാന്‍ വല്ല വഴിയുമുണ്ടോ' എന്നായിരുന്നു. ഉസ്താദ് അവര്‍ക്കുള്ള മറുപടി നല്‍കി പറഞ്ഞയച്ചിട്ടുണ്ട്. റൂമിലെത്തിയപ്പോള്‍ ശര്‍ഹുല്‍മുഹദ്ദബെടുത്ത് ഹറാമായ സമ്പത്ത് കയ്യില്‍ വന്ന് പെട്ടാല്‍ എന്ത് ചെയ്യണമെന്ന് പറയുന്ന ഭാഗം എടുത്ത് നോക്കാന്‍ പറഞ്ഞു.  പലപ്പോഴും പലരും നമ്മോട് ചോദിക്കുന്ന ആ ഒരു സംശയത്തിന്റെ മറുപടി സവിസ്തരം പ്രതിപാദിക്കുന്നത് ആ ഭാഗം വായിച്ച് ഉസ്താദ് വിശദീകരിച്ചു തന്നു.

ധാരാളം കാലം കിതാബോതിപ്പഠിച്ച നിരവധി പണ്ഡിതരുണ്ട്. എങ്കിലും അല്ലാഹുവിന്റെ പ്രത്യേക തൗഫീഖ് ലഭിച്ചവരും ഹിക്മത് കൊണ്ടനുഗ്രഹീതരായവരും അവരില്‍ കുറവായിരിക്കും. ആ ഹിക്മത് ഏറെ നല്‍കപ്പെട്ടവരായിരുന്നു മഹാനായ ശൈഖുനാ ചെറുശ്ശേരി ഉസ്താദ്(ന:മ). എന്ത് ചോദ്യം ചോദിച്ചാലും ഹിക്മതില്‍ പൊതിഞ്ഞ മറുചോദ്യം അവിടുന്ന് ചോദിക്കും. ആ ചോദ്യത്തില്‍ തന്നെ നാമുന്നയിച്ച ചോദ്യത്തിനുള്ള മറുപടി ഒളിഞ്ഞു കിടക്കുന്നുണ്ടാകും.

  അവിഹിതബന്ധത്തിലേര്‍പെട്ട് ഗര്‍ഭിണിയായ ഒരു പെണ്ണിനെ അവളുമായി ശയിച്ച അതേ പുരുഷന്‍ വിവാഹത്തിന് തയ്യാറായപ്പോള്‍ നികാഹ് കഴിക്കണമെങ്കില്‍  പ്രസവിക്കുന്നത് വരെ കാത്തുനില്‍ക്കേണ്ടതുണ്ടോ(ബറാഅതുര്‍റഹിം) എന്ന് ചോദിച്ചപ്പോള്‍ ഉടനെ ചോദിച്ചത് ചക്ക തിന്ന് വയര്‍ വീര്‍ത്ത ഒരു പെണ്ണിനെ നികാഹ് ചെയ്യണമെങ്കില്‍ അവളുടെ വയറ്റിലുള്ളത് പുറത്ത് പോവണമെന്നുണ്ടോ എന്നാണ്. ഇല്ലെന്ന് പറഞ്ഞപ്പോള്‍ എങ്കില്‍ വ്യഭിചാരത്തിലൂടെയുള്ള ഗര്‍ഭം ശരീഅതില്‍ പവിത്രമല്ലാത്തത് കൊണ്ട്  കാത്തു നില്‍ക്കേണ്ട ആവശ്യമില്ലെന്ന് പറഞ്ഞുതന്നു. എന്നിട്ട് പറഞ്ഞു എങ്കിലും ഒരു കാര്യം പ്രത്യേകം ശ്രദ്ധിക്കാനുണ്ട്. അഥവാ, അവളുടെ ഈ ഗര്‍ഭത്തിലുള്ള കുഞ്ഞ് പെണ്ണാണെങ്കില്‍ വിവാഹ പ്രായമെത്തുമ്പോള്‍ അവളുടെ നികാഹിന് കൈ കൊടുക്കാന്‍ ഈ ഭര്‍ത്താവിന് അവകാശമുണ്ടാകില്ലെന്ന കാര്യം ഇപ്പോള്‍ തന്നെ അവരെ ബോധ്യപ്പെടുത്തി മനസ്സിലാക്കി കൊടുക്കണം. 

മഹാനവര്‍കളുടെ വിനയമാണ് നമ്മെ ഏറെ അത്ഭുതപ്പെടുത്തിയത്. പഠിച്ചുപോയ ശിശ്യരോടും നിത്യ സന്ദര്‍ശകരോടുമൊക്കെ അവരുടെ സുഖവിവരങ്ങളന്വേശിക്കുന്നതോടൊപ്പം കുടുംബത്തിന്റെ ക്ഷേമാശൈ്വര്യം കൂടി ഉസ്താദ് ചോദിച്ചറിയാറുണ്ടായിരുന്നു. ജോലിയെ കുറിച്ചും ജോലിസ്ഥലത്തെ കുറിച്ചുമെല്ലാം ചോദിച്ചറിയും. ആയിരക്കണക്കിന് ശിഷ്യരുടെ ഗുരുനാഥനാണെന്ന അഹംഭാവമോ ലക്ഷക്കണക്കിന് അനുയായികളുള്ള മഹിതപ്രസ്ഥാനത്തിന്റെ അമരക്കാരനെന്ന അഹങ്കാരമോ ആ ജീവിതത്തെ സ്പര്‍ശിച്ചിട്ടില്ല. വിജ്ഞാനത്തിലേറെ വിനയം കൊണ്ടു നടന്ന ആ മഹാനുഭാവന്‍ പ്രകടനപരതയിലോ നാട്യങ്ങളിലോ വിശ്വസിച്ചില്ല. താന്‍ കാരണം ആരും ബുദ്ധിമുട്ടരുതെന്ന ചിന്തയാണ് എളിമയാര്‍ന്ന ജീവിതത്തില്‍ അവരെ മുന്നോട്ട് നയിച്ചത്. അത് കൊണ്ടാണ് പതിവ് പോലെ തഹജ്ജുദിന് എഴുന്നേറ്റ് റൂമില്‍ ലൈറ്റ് ഓണാക്കിയപ്പോള്‍ ഉണര്‍ന്ന് പോയ റൂമിന്റെ മറ്റൊരു ഭാഗത്ത് ഉറങ്ങിയിരുന്ന എന്നോട് 'ഞാന്‍ ലൈറ്റിട്ടത് കാരണം നിന്റെ ഉറക്കിന് ബുദ്ധിമുട്ടായോ!!??, നീ ഉറങ്ങിക്കോളൂ.. നേരമാകുമ്പോള്‍ ഞാന്‍ വിളിക്കാം' എന്ന് പറഞ്ഞത്. അപ്പോഴാണ് ആ മനസ്സിന്റെ ലോലത അറിയാന്‍ സാധിച്ചത്.

തന്നെ കൊണ്ട് കഴിയുന്ന കാര്യങ്ങള്‍ സ്വയം നിര്‍വഹിക്കാന്‍ ഉസ്താദ് പരമാവധി ശ്രദ്ധിച്ചു. അത്താഴനേരം മുതല്‍ സൂര്യോദയം വരെ നീളുന്ന ദിക്‌റ് പ്രാര്‍ത്ഥനകള്‍ക്ക് ശേഷം തന്റെ റൂമിന് മുന്നിലുള്ള ചിലന്തിവല ചൂല് കൊണ്ട് ഉസ്താദ് വൃത്തിയാക്കുന്ന ഒരു കാഴ്ചയാണ് ദാറുല്‍ഹുദയിലെ ഒരു പ്രഭാതത്തില്‍ കാണാനിടയായത്. ഓടിച്ചെന്ന് ഒരുപാട് ചോദിച്ചപ്പോഴാണ് ശിഷ്യന്റെ കയ്യിലേക്ക് ചൂല് വെച്ചുതരാന്‍ മഹാനവര്‍കള്‍ തയ്യാറായത്. വിജ്ഞാനത്തിന്റെ മഹാസാഗരമായി നിശബ്ദമായി ഒഴുകുമ്പോഴും വിനയത്തിന്റെ വന്‍മരമായി തഴച്ചുവളരാനും ഉസ്താദിന് കഴിഞ്ഞു. 

വിശ്വവിഖ്യാത പണ്ഡിതന്‍ ഇമാം സുയൂഥി(റ)യെ കുറിച്ച് മലയാളത്തില്‍ ഒരു പുസ്തകമെഴുതണമെന്നത് പഠനകാലത്തെ വലിയ ആഗ്രഹമായിരുന്നു. പഠനം പൂര്‍ത്തിയാക്കി സേവനത്തിനിടയിലാണ് അത് സാഫല്യമായത്. രചന പൂര്‍ത്തിയാക്കി അവതാരിക എഴുതാന്‍ ശൈഖുനായെ സമീപിച്ചപ്പോള്‍ വളരെ സന്തോഷം പ്രകടിപ്പിക്കുകയും പ്രാര്‍ത്ഥിച്ചനുഗ്രഹിച്ച് അവതാരിക എഴുതിത്തരികയും ചെയ്തു. എന്റെ വിവാഹദിവസം ദാറുല്‍ഹുദയില്‍ നടന്ന എസ്.എം.എഫിന്റെ സമ്മേളനത്തില്‍ അത് പ്രകാശിതമാവുകയും ചെയ്തു. അല്‍ഹുംദുലില്ലാഹ്. എന്റെ നികാഹിന് കാര്‍മ്മികത്വം വഹിച്ചതും ശൈഖുനാ തന്നെയാണ്. 

പറപ്പൂര്‍ ബാപ്പുട്ടി മുസ്‌ലിയാരുടെ വീട്ടിലെ കല്യാണത്തിന് വന്ന് ഭക്ഷണം കഴിക്കുന്നതിനിടയില്‍ തൈര് ഒഴിച്ചുകൊടുക്കാനൊരുങ്ങിയപ്പോള്‍ അത് വേണ്ടെന്ന് പറഞ്ഞു. വല്യ പഥ്യവുമുണ്ടോ എന്ന് ചോദിച്ചപ്പോള്‍ 'അതുണ്ടാക്കുന്നവര്‍ക്ക് അത്ര വൃത്തി പോരെന്നും ചിലര്‍ നജസുമായി കൂടുതല്‍ ഇഴകുന്നവരാണെന്നും ഈ അടുത്ത് ഒരാള്‍ എന്നോട് സൂചിപ്പിച്ചുവെന്ന് പറഞ്ഞു. നജസിന്റെ കാര്യത്തില്‍ യഖീന്‍(ഉറപ്പ്)വേണ്ടേ എന്ന് ചോദിച്ചപ്പോള്‍ അതെ, എന്നാലും ഒഴിവാക്കലല്ലേ സൂക്ഷ്മത  എന്ന് തിരിച്ചു ചോദിച്ചു. അടക്കാനക്കങ്ങളിലെന്ന പോലെ കഴിക്കുന്ന ഭക്ഷണത്തിലും  സൂക്ഷ്മത പാലിച്ചിരുന്നു മഹാനായ ശൈഖുന. അമ്പിയാക്കളോടും സത്യവിശ്വാസികളോടും ഒരു പോലെ അല്ലാഹു നിര്‍ദേശിച്ച പ്രധാനകാര്യം നല്ല ഭക്ഷണം നല്ലരീതിയില്‍ ഭക്ഷിക്കണമെന്നാണ്. എന്നാലെ നല്ല പ്രവര്‍ത്തനങ്ങള്‍ക്ക് മനുഷ്യര്‍ക്ക് സാധ്യമാവുകയുള്ളൂ.

നമ്മുടെ നാടുകളില്‍ കമ്മീഷന്‍ വ്യവസ്ഥ സാര്‍വ്വത്രികമാണല്ലോ!!?. എന്നാല്‍ അത് പാടില്ലെന്ന് ഫിഖ്ഹിന്റെ കിതാബുകളില്‍ കണ്ടപ്പോള്‍ അതിനെ കുറിച്ച് കൂടുതലറിയാന്‍ ഉസ്താദിനെ സമീപിച്ചു. ഉസ്താദ് കമ്മീഷന്‍ പാടില്ലെന്ന് തന്നെ പറഞ്ഞു. അത് പല സ്ഥാപനങ്ങളിലും മറ്റും നടക്കുന്നുണ്ടല്ലോ എന്ന് ചോദിച്ചപ്പോള്‍ ദാറുല്‍ഹുദയില്‍ ആ സമ്പ്രദായം ഉണ്ടോയെന്നായി ചോദ്യം. ഇല്ലാതിരിക്കാരന്‍ കാരണം അതിനെ സംബന്ധിച്ച് ബാപ്പുട്ടി ഹാജി വന്ന് എന്നോട് ചോദിച്ചിരുന്നു. പാടില്ലെന്ന് പറഞ്ഞപ്പോഴാണ് അത് വേണ്ടെന്ന് വെച്ചത്. സമൂഹത്തിലെ ഉമറാക്കള്‍  കാര്യങ്ങള്‍ പണ്ഡിതരോട് അന്വേശിച്ച് നടപ്പിലാക്കുകയാണെങ്കില്‍ ഉണ്ടാകുന്ന നന്‍മ ഇതിലൂടെ നമുക്ക് ബോധ്യമാകുന്നതാണ്.

ചുരുക്കത്തില്‍ ഉസ്താദിന്റെ നിരവധി ശിഷ്യന്‍മാര്‍ക് ഉസ്താദുമായി ബന്ധപ്പെട്ട് നിരവധി അനുഭവങ്ങളുണ്ട്. ഉസ്താദിന്റെ വിജ്ഞാനത്തിലെ അഗാധതയും മനസ്സിന്റെ നൈര്‍മല്യവും ജീവിത ലാളിത്യവും സ്വഭാവ വൈശിഷ്ഠ്യവും സ്‌നേഹപൂര്‍ണമായ പെരുമാറ്റവുമെല്ലാം ഏവര്‍ക്കും ബോധ്യപ്പെടുന്ന അനുഭവങ്ങളായിരിക്കും അതെല്ലാം. ഒരു മനുഷ്യന്‍ അവന്‍ സ്‌നേഹിച്ചവരുടെ കൂടെയാണെന്ന് മുത്ത് നബി(സ്വ) പഠിപ്പിച്ചിട്ടുണ്ട്. 'സമൂഹത്തിലെ സജ്ജനങ്ങളോട് നീ സഹവസിക്കണം. അവര്‍ ഭൂമിയിലെ നിലാവ് പൊഴിക്കുന്ന ചന്ദ്രനുകളാണ്' എന്ന കവി വാക്യവുമാണ് നമ്മുടെ പ്രതീക്ഷ. ആ മഹാനുഭാവനുമൊത്ത് സ്വര്‍ഗത്തില്‍ ഒരുമിക്കാന്‍ അല്ലാഹു അനുഗ്രഹിക്കട്ടെ. ആമീന്‍. 

 


Post a Comment

Previous Post Next Post