പരിശുദ്ധറമളാന്‍ വിശ്വാസിക്ക് നന്‍മകള്‍ വര്‍ദ്ധിപ്പിക്കുവാനുള്ള സുവര്‍ണ്ണാവസരമാണ്. നിത്യജീവിതത്തില്‍ അനുവര്‍ത്തിച്ചുവരുന്ന നന്‍മകള്‍ ഒന്നൊഴിയാതെ നിര്‍വ്വഹിക്കുകയും കൂടുതല്‍ സല്‍പ്രവര്‍ത്തനങ്ങള്‍ക്ക് സമയം കണ്ടെത്തുകയും ചെയ്ത് പരിശുദ്ധമാസം വിനിയോഗിക്കേണ്ടവനാണ് വിശ്വാസി. റമളാനില്‍ നാം പ്രത്യേകം ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍ ഒന്ന് നോക്കാം...
ജമാഅത്ത് നിസ്‌കാരം
സത്യവിശ്വാസിയുടെ മേല്‍ സമയം നിശ്ചയിക്കപ്പെട്ട ഫര്‍ളാണല്ലോ നിസ്‌കാരം. ഒറ്റക്ക് നിര്‍വ്വഹിക്കുന്നതിനേക്കാള്‍ ഇരുപത്തിഏഴ് ഇരട്ടി പ്രതിഫലമാണല്ലോ ജമാഅത്ത് നിസ്‌കാരത്തിനുള്ളത്. ഇരുപത്തിഏഴ് തവണ ഒരു നിസ്‌കാരം ആവര്‍ത്തിച്ചാലും ഒരു ജമാഅത്തിന്റെ പുണ്യം അയാള്‍ക്ക് ലഭിക്കില്ലെന്നാണ് ഇസ്‌ലാം പഠിപ്പിച്ചത്. റമളാനിലെ ഒരു ഫര്‍ള് നിസ്‌കാരവും ജമാഅത്ത് നഷ്ടപ്പെടാതിരിക്കാന്‍ നാം പ്രത്യേകം ശ്രദ്ധിക്കണം. റമളാനിലെ മുഴുവന്‍ ഫര്‍ള് നിസ്‌കാരവും ജമാഅത്തായി നിര്‍വ്വഹിക്കുന്നവന് ആ വര്‍ഷത്തെ ലൈലതുല്‍ഖദ്ര്‍ കൊണ്ട് വിജയിക്കുവാന്‍ സാധിക്കുമെന്ന് നബി(സ്വ) പറഞ്ഞിട്ടുണ്ട്. പുരുഷന്‍മാര്‍ പള്ളിയില്‍ വെച്ചും സ്ത്രീകള്‍ വീട്ടില്‍ വെച്ചും ജമാഅത്ത് നിര്‍വ്വഹിക്കാന്‍ പ്രത്യേകം ജാഗ്രത പുലര്‍ത്തണം. താന്‍ ചെയ്ത തെറ്റിന്റെ തിക്തഫലമായിട്ടല്ലാതെ ഒരാളുടേയും ജമാഅത്ത് നഷ്ടപ്പെടുന്നില്ലെന്ന് മുന്‍ഗാമികള്‍ ആത്മഗതം ചെയ്യാറുണ്ടായിരുന്നു. ഉബൈദുല്ലാഹിബ്‌നുഉമര്‍അല്‍ഖവാരീരി(റ)യുടെ വീട്ടില്‍ ഒരു രാത്രി അഥിതി വരികയും ആഥിതേയനായി നിന്നത് കാരണം പള്ളിയിലെ ഇശാഅ് നിസ്‌കാരം ജമാഅത്ത് കഴിഞ്ഞ് ആളുകളെല്ലാം പിരിഞ്ഞുപോവുകയും ചെയ്തു. ഏറെ ഖിന്നനായി വീട്ടിലേക്ക് മടങ്ങിയ അദ്ദേഹം ഇരുപത്തിഏഴ് തവണ ഇശാഅ് ആവര്‍ത്തിച്ചുനിസ്‌കരിച്ചു. അന്നത്തെ ഉറക്കത്തില്‍ അദ്ദേഹം ഒരു സ്വപ്‌നം കണ്ടു; 'ഒരു കുതിരസംഘത്തോടൊപ്പം ഉബൈദുല്ലാഹ്(റ)സഞ്ചരിക്കുകയാണ്. എത്ര കടിഞ്ഞാണ്‍പിടിച്ചിട്ടും അവര്‍ക്കൊപ്പമെത്തുന്നില്ല. എന്ത്‌കൊണ്ടിങ്ങനെയെന്ന് കൂടെയുള്ള ഒരുവ്യക്തിയോട് ചോദിച്ചപ്പോള്‍ അദ്ദേഹം പറഞ്ഞു:''ഞങ്ങളിന്ന് ഇശാഅ് നിസ്‌കാരം ജമാഅത്തോടെ നിര്‍വ്വഹിച്ചവരാണ്. നിങ്ങള്‍ തനിച്ചല്ലേ നിസ്‌കരിച്ചത്''? എന്നാണ്. ഒരു ജമാഅത്തിന് ഇരുപത്തിഏഴ് ഇരട്ടി പ്രതിഫലമുള്ള ജമാഅത്ത് ശ്രദ്ധയോടെ കൊണ്ട് നടക്കാന്‍ സാധിക്കുന്നില്ലെങ്കില്‍ പിന്നെയെന്തിന് നീ അറിവ് പഠിച്ചുണ്ടാക്കണമെന്നാണ് മഹാനായ സൈനുദ്ദീന്‍മഖ്ദൂം(റ) ചോദിച്ചത്.
സുന്നത്ത് നിസ്‌കാരങ്ങള്‍
ഓരോ സുന്നത്ത് നിസ്‌കാരങ്ങള്‍ക്കും ഏറെ പ്രതിഫലം ലഭിക്കുന്ന വിശുദ്ധറമദാനില്‍ പരമാവധി സുന്നത്തുകള്‍ നിര്‍വ്വഹിക്കുവാന്‍ നാം ശ്രമിക്കണം. ഫര്‍ള് നിസ്‌കാരങ്ങള്‍ക്ക് മുമ്പും ശേഷവുമുള്ള റവാതിബ് സുന്നത്തുകള്‍, ളുഹാ, തഹജ്ജുദ് തുടങ്ങിയ നിത്യജീവിതത്തിലെ നമ്മുടെ പതിവുകള്‍ കൂടുതല്‍ ഉത്സാഹത്തോടെ നിര്‍വ്വഹിക്കുവാന്‍ നാം ശ്രദ്ധിക്കണം. റവാതിബ് സുന്നത്തുകളുടെ മഹത്വവും അത് നിര്‍വ്വഹിക്കുക വഴി ലഭ്യമാകുന്ന നേട്ടങ്ങളും നിരവധി ഹദീസുകളില്‍ നമുക്ക് കാണാവുന്നതാണ്. ''തഹജ്ജുദ് നിങ്ങള്‍ ശീലമാക്കണം; അത് സ്വാലിഹീങ്ങളുടെ നല്ല ശീലവും, അല്ലാഹുവിലേക്കണയാനുള്ള എളുപ്പവഴിയും, പാപങ്ങളില്‍ നിന്ന് മനുഷ്യനെ അകറ്റുന്നതും ശരീരത്തെ രോഗങ്ങളില്‍ നിന്ന് സംരക്ഷിക്കുകയും ചെയ്യുന്ന നന്‍മയുമാണ്'' എന്ന തിരുവചനം നമുക്ക് പ്രചോദനമാവണം. റമളാനിലെ പ്രത്യേക സുന്നത്തായ തറാവീഹും കൂടെ നിര്‍വ്വഹിക്കപ്പെടുന്ന വിത്‌റും ജമാഅത്തായി നിര്‍വ്വഹിക്കാന്‍ തന്നെ പരിശ്രമിക്കണം. ''റമളാനിലെ രാത്രി നിസ്‌കാരങ്ങള്‍ പൂര്‍ണ്ണവിശ്വാസത്തോടെയും പ്രതിഫലം കൊതിച്ചും നിര്‍വ്വഹിക്കുന്നവന് കഴിഞ്ഞകാലത്തെ പാപങ്ങള്‍ പൊറുക്കപ്പെടും'' എന്നാണല്ലോ തിരുവചനം.
തസ്ബീഹ് നിസ്‌കാരം വളരെ പ്രധാനപ്പെട്ടതാണെന്ന് നമുക്കറിയാം. ജീവിതത്തില്‍ കഴിയുന്നത്ര വര്‍ദ്ധിപ്പിക്കുവാന്‍ ശ്രമിക്കണമെന്ന് വിശ്വാസികളോട് നിര്‍ദേശിക്കപ്പെട്ട നിസ്‌കാരമാണത്. നാല് റക്അതുകളിലായി മുന്നൂറ് തസ്ബീഹുകള്‍ ചൊല്ലി നിസ്‌കരിക്കുന്ന ഈ സുന്നത്ത് നിസ്‌കാരത്തിന് ഏറെ മഹത്വങ്ങളുണ്ടെന്ന് പണ്ഡിതര്‍ നിരവധി തവണ നമ്മെ ബോധ്യപ്പെടുത്തിയതാണ്.
ഖുര്‍ആന്‍പാരായണം
വിശുദ്ധറമളന്‍ പരിചയപ്പെടുത്തപ്പെട്ടത് പോലും ഖുര്‍ആന്‍ അവതരിച്ച മാസമെന്നാണല്ലോ. അത്‌കൊണ്ട് തന്നെ പ്രത്യേകം സമയം കണ്ടെത്തി പുണ്യമാസത്തില്‍ നിരവധി തവണ ഖത്മുകള്‍ ഓതിത്തീര്‍ക്കാന്‍ നാം ശ്രമിക്കണം. ദിനേന നിശ്ചിത എണ്ണം ജുസ്ഉകള്‍ ഓതിത്തീര്‍ക്കുമെന്ന നിശ്ചയമുണ്ടെങ്കില്‍ ഒരുപാട് ഖത്മുകള്‍ ഓതാന്‍ റമളാനിലെ പകലിരവുകള്‍ നമുക്ക് ധാരാളമാണ്. ഒരു ദിവസം പല ഘട്ടങ്ങളിലായി പത്ത് ജുസ്ഉകള്‍ ഓതിയാല്‍ മൂന്ന് ദിവസം കൊണ്ട് ഒരു ഖത്മും മുപ്പത് ദിവസം കൊണ്ട് പത്ത് ഖത്മുകളും ഓതാവുന്നതാണ്. ഇനി ഒരു ദിനം ഓരോ വഖ്തിലും ഓരോ ജുസ്അ് ഓതിയാല്‍ ആറ്ദിനം കൊണ്ട് ഒരു ഖത്മും ഒരു മാസം കൊണ്ട് അഞ്ച് ഖത്മും നിശ്പ്രയാസം തീര്‍ക്കാവുന്നതാണ്.
'ബുദ്ധിയും ആത്മാവും പരിപോഷിപ്പിക്കപ്പെടാനും, ശരീരം സുരക്ഷിതമാകുവാനും, ഇരുലോകത്തും വിജയം സുനിശ്ചിതമാകുവാനും ഖുര്‍ആന്‍ നോക്കി ഓതുക എന്നതിനേക്കാള്‍ വലിയ നന്‍മ ഞാന്‍ കണ്ടിട്ടില്ല' എന്ന് മുന്‍ഗാമികളില്‍പ്പെട്ട ചിലര്‍ പറഞ്ഞിട്ടുണ്ട്. ഖുര്‍ആന്‍ നോക്കിഓതാന്‍ കഴിയാതെ ഒരുദിനം കഴിഞ്ഞുപോകുന്നത് പോലും മുന്‍ഗാമികള്‍ക്ക് വെറുപ്പായിരുന്നു. അനസ്(റ)റിപ്പോര്‍ട്ട് ചെയ്യുന്നു:''ജനങ്ങളില്‍ അല്ലാഹുവിന്റെയാളുകളുണ്ട്. സ്വഹാബികള്‍ ചോദിച്ചു ആരാണവര്‍. ഖുര്‍ആനിന്റെ ആളുകള്‍. അവര്‍ അല്ലാഹുവിന്റെ ആളുകളും അവന്റെ പ്രത്യേകക്കാരുമാണ്''.
ദാനധര്‍മ്മങ്ങള്‍
ദാനശീലം മനുഷ്യത്വത്തിന്റെ ഉദാത്തമായ അടയാളമാണ്. മനസ്സില്‍ സ്‌നേഹവും അലിവും സഹാനുഭൂതിയുമുള്ളവര്‍ക്കേ അതിന് സാധ്യമാകൂ. സത്യവിശ്വാസിയുടെ ജീവിതത്തില്‍ ഒരുദിനം പോലും ധര്‍്മ്മം ചെയ്യാതെ കടുന്നുപോകാതിരിക്കല്‍ പ്രത്യേകം സുന്നതാണെന്ന് കര്‍മ്മശാസ്ത്ര ഗ്രന്ഥങ്ങളില്‍ കാണാം. അല്ലാഹു നല്‍കിയ സാമ്പത്തിക അഭിവൃദ്ധിയില്‍ നിന്ന് പാവപ്പെട്ടവനും അശരണര്‍ക്കും നല്‍കി അവരുടേയും അത് വഴി അല്ലാഹുവിന്റെയും സംതൃപ്തി നേടിയെടുക്കുവാനാണ് നാം ശ്രമിക്കേണ്ടത്. അബൂഹുറൈറ(റ)നിവേദനം ചെയ്യുന്ന ഹദീസില്‍ കാണാം'; നബി(സ്വ)പറയുന്നു: ധര്‍മ്മിഷ്ഠന്‍ അല്ലാഹുവിനോടും ജനങ്ങളോടും സ്വര്‍ഗ്ഗത്തോടും അടുത്തവനും നരകത്തില്‍ നിന്ന് വിദൂരത്തായവനുമാണ്. പിശുക്കന്‍ അല്ലാഹുവില്‍നിന്നും ജനങ്ങളില്‍ നിന്നും സ്വര്‍ഗ്ഗത്തില്‍ നിന്നും വിദൂരത്തായവനും നരകത്തോട് അടുത്തവനുമാണ്''(തിര്‍മുദി). 'നബി(സ്വ) ജനങ്ങളില്‍ നന്‍മകൊണ്ട് ഏറ്റവും വലിയ ധര്‍മ്മം ചെയ്യുന്നവരായിരുന്നു. പരിശുദ്ധറമളാനില്‍ അവിടുന്ന് അടിച്ചുവീശുന്ന കാറ്റ് പോലെയായിരുന്നു''. റമളാനില്‍ നോമ്പ് തുറപ്പിക്കുന്നതിനും മറ്റും ഭക്ഷ്യവസ്തുക്കളും സമ്പത്തും നല്‍കി സഹായിക്കുന്നത് പുണ്യകരമാണെന്നതില്‍ സംശയമേ ഇല്ല. മദീനയില്‍ ചെന്ന ഉടനെ വിശ്വാസികളോട് നബി(സ്വ) ഉണര്‍ത്തിയ കാര്യങ്ങളില്‍ പോലും ദാനത്തെക്കുറിച്ച് നമുക്ക് കാണാവുന്നതാണ്. 'നിങ്ങള്‍ പരസ്പരം സലാം പറയുകയും, ഭക്ഷണം നല്‍കുകയും, രാത്രി നിസ്‌കരിക്കുകയും, തുടര്‍ച്ചയായി നോമ്പനുഷ്ടിക്കുകയും ചെയ്യുക. എന്നാല്‍ രക്ഷയുടെ വീടായ സ്വര്‍ഗ്ഗത്തില്‍ നിങ്ങള്‍ക്ക് പ്രവേശിക്കാം...'' എന്നായിരുന്നു ആ കല്‍പ്പന.
കേവലം സമ്പത്ത് കൊണ്ട് മാത്രമല്ല, മറ്റുപലവഴികളിലൂടെയും ദാനധര്‍മ്മം നിര്‍വ്വഹിക്കാമെന്നാണ് മതം നമ്മെ പഠിപ്പിക്കുന്നത്. പുഞ്ചിരിക്കുന്നതും, പള്ളിയിലേക്ക് നടന്നുപോകുന്നതും, ചരക്കുകള്‍ ചുമക്കാന്‍ മറ്റൊരാളെ സഹായിക്കുന്നതും, ചൊല്ലുന്ന തസ്ബീഹുകളും, തക്ബീറുകളും, തഹ്മീദുകളും എ്ല്ലാം സ്വദഖയാണെന്നാണ് ഇസ്‌ലാമിന്റെ അധ്യാപനം. എന്നാല്‍ നമ്മുടെ അഭിമാനം ദാനം ചെയ്യുന്നത് ഏറെ പുണ്യമാണെന്നാണ് തിരുനബി(സ്വ)യുടെ അധ്യാപനങ്ങളില്‍ നിന്ന് നമുക്ക് മനസ്സിലാകുന്നത്. അബൂളംളം(റ), ഉല്‍ബതുബ്‌നുസൈദ്(റ) തുടങ്ങിയവര്‍ ഈ വിഷയത്തില്‍ നമുക്ക് മാതൃകയുമാണ്. ഓരോ പ്രഭാതത്തിലും ''അല്ലാഹുവേ, എന്റെ ശരീരവും അഭിമാനവും നിനക്ക് ഞാന്‍ ദാനമായി നല്‍കുന്നു'' എന്ന് പറയുകയും തന്നെ ചീത്തവിളിച്ചവരെ തിരിച്ച് ചീത്തവിളിക്കാതെ, അടിച്ചവരെ തിരിച്ചടിക്കാതെ, അക്രമിച്ചവരെ തിരിച്ചക്രമിക്കാതെ ജീവിച്ച അബൂളംളമിനെപ്പോലെയാവാന്‍ നിങ്ങള്‍ക്ക് സാധിക്കില്ലേ എന്ന് നബി(സ്വ) സ്വഹാബികളോട് ചോദിച്ചിട്ടുണ്ട്.
ഇഅ്തികാഫ്
അ്ല്ലാഹുവിന്റെ പള്ളിയില്‍ ഇഅ്തികാഫിരിക്കുന്നത് വലിയ പുണ്യകര്‍മ്മമാണെന്ന് വിശ്വസിക്കുന്നവരാണ് നാമെല്ലാവരും. അല്ലാഹുവിന്റെ പ്രീതി കാംക്ഷിച്ച് ഒരു ദിവസം ഇഅ്തികാഫിരിക്കുന്നവന്റെയും നരകത്തിന്റേയും ഇടയില്‍ മൂന്ന് കിടങ്ങുകളുടെ വഴിദൂരമുണ്ടാകുമെന്നും, ഓരോ കിടങ്ങുകളും കിഴക്കിന്റെയും പടിഞ്ഞാറിന്റെയും ഇടയിലുള്ള അകലവുമുണ്ട് എന്ന് നബി(സ്വ) പറഞ്ഞിട്ടുണ്ട്. പള്ളിയില്‍ പ്രവേശിക്കുമ്പോള്‍ ചൊല്ലേണ്ട ദിക്‌റ് ചൊല്ലിയ ഉടനെ നമ്മുടെ മനസ്സില്‍ ഇഅ്തികാഫിന്റെ നിയ്യത്ത് വരുന്ന തലത്തിലേക്ക് ഇതിന്റെ പ്രാധാന്യം നാം ഉള്‍ക്കൊള്ളണം. നിത്യജീവിതത്തില്‍ ശ്രദ്ധിക്കേണ്ട ഈ പുണ്യം വിശുദ്ധറമളാനില്‍ കൂടുതല്‍ നേട്ടങ്ങള്‍ കൊയ്യാനുള്ള അവസരമുണ്ടാകുമ്പോള്‍ നഷ്ടപ്പെടാതിരിക്കാന്‍ നാം ശ്രദ്ധിക്കണം.
സദുപദേശം
നന്‍മ കല്‍പ്പിക്കുകയും തിന്‍മ നിരോധിക്കുകയും ചെയ്യേണ്ടത് വിശ്വാസിയുടെ ബാധ്യതയാണല്ലോ. സത്യവിശ്വാസിയുടെ സല്‍ഗുണങ്ങള്‍ എണ്ണിപ്പറഞ്ഞ പലയിടത്തും ഖുര്‍ആന്‍ ഇക്കാര്യം വര്‍ധിതപ്രാധാന്യത്തോടെ പറഞ്ഞിട്ടുണ്ട്. ഓരോ വിശ്വസിയും ഈ ഗുണവിശേഷണമുള്ളവനായിത്തീര്‍ന്നാല്‍ വീടും കുടുംബവും സമൂഹവും രക്ഷപ്പെടുമെന്നതില്‍ പക്ഷാന്തരമില്ല. അല്ലാഹു പ്രത്യേകം തിരഞ്ഞെടുത്തവളെന്ന് വിശേഷിപ്പിക്കപ്പെട്ട മര്‍യം ബീബിയുടെ സംരക്ഷകനായിരുന്ന സകരിയ്യാനബി(അ), അവരുടെ റൂമില്‍ താന്‍ നല്‍കാത്ത, ആ സമയം സുലഭമല്ലാത്ത പഴങ്ങള്‍ കണ്ടപ്പോള്‍, നിനക്കിതെവിടുന്ന് കിട്ടി എന്ന ചോദിക്കുകയും ഇത് അല്ലാഹുവിന്റെ ദാനമാണെന്ന് മഹതി മറുപടി നല്‍കുകയും ചെയ്തത് സൂറതു ആലിഇംറാനിലുണ്ട്. അല്ലാമ ശഅ്‌റാവിയെപ്പോലുള്ള വ്യാഖ്യാതാക്കള്‍ പറയുന്നു: ''തന്റെ സംരക്ഷണത്തില്‍ കഴിയുന്നവരോട് ഇത്തരം ചില അന്വേഷണങ്ങള്‍ എല്ലാവരും നിര്‍വ്വഹിക്കുകയാണെങ്കില്‍ സമൂഹം മുഴുവന്‍ നന്‍മയുള്ളവരായിത്തീരുമെന്ന് തീര്‍ച്ചയാണ്''.
നന്‍മചെയ്യുന്നത് കണ്ടാല്‍ അത് പ്രോത്സാഹിപ്പിക്കുന്നതില്‍ നാം ഉത്സാഹിക്കുന്നുവെങ്കില്‍ തിന്‍മചെയ്യുന്നതില്‍ നിന്ന് വളരെ നല്ലരൂപത്തില്‍ തിരുത്തുവാനും നമുക്ക് സാധ്യമാകും. വീട്ടകങ്ങളില്‍ നാം ഇത് ശീലിപ്പിച്ചാല്‍ അത് നമ്മുടെ കുടുംബങ്ങളിലും പിന്നീട് സമൂഹത്തിലും ഇത് വ്യ്പിക്കുന്നതാണ്. സംസാരത്തിലും വേഷവിധാനത്തിലും മറ്റും നമ്മുടെ മക്കള്‍ ഇസ്‌ലാമികമല്ലാത്ത രീതികളവലംബിക്കുമ്പോള്‍ അവരെ തിരുത്തേണ്ടത് നമ്മുടെ ധാര്‍മ്മികബാധ്യതയാണ്. ആ ബാധ്യത വിശുദ്ധ റമളാനില്‍ നിര്‍വ്വഹിക്കുമ്പോള്‍ കൂടുതല്‍ ഫലപ്രാപ്തിയുള്ളതാകുമെന്നതില്‍ നമുക്ക് സംശയമില്ല.
ജ്ഞാനസമ്പാദനം
അറിവ് വിശ്വാസിയുടെ വീണ്‌പോയ സ്വത്താണ്, ദീനിന്റെ ജീവനുമാണ്. ജീവിതത്തില്‍ ഏറ്റവും അമൂല്യമായ സമയം വിനിയോഗിക്കാവുന്ന ഏറ്റവും പുണ്യമുള്ള പ്രവര്‍ത്തനം ജ്ഞാനസമ്പാദനമാണ്. മരണാസന്നനായ അനുചരന്‍ ജീവിതത്തിലെ അവസാനസമയം നിര്‍വ്വഹിക്കേണ്ട നന്‍മയേതെന്ന് ചോദിച്ചപ്പോള്‍ അറിവ് ചര്‍്ച്ച ചെയ്യുന്ന സദസ്സില്‍ ചെന്നിരിക്കുക എന്നാണ് തിരുനബി(സ്വ) പ്രതികരിച്ചത്. അറിവുള്ളവന്‍ ഇബാദത് നിര്‍വ്വഹിക്കുമ്പോള്‍ പരമാവധി കുറ്റമറ്റതാക്കാന്‍ സാ്ധ്യമാകുന്നത് കൊണ്ട് തന്നെ അറിവില്ലാത്ത ആബിദിനേക്കാള്‍ അവന്‍ പ്രതിഫലാര്‍ഹനായിത്തീരുമെന്നത് അവിതര്‍ക്കിതമാണ്.
പരിശുദ്ധറമളാനില്‍ വിജ്ഞാനസദസ്സുകള്‍ ഏറെ സംഘടിപ്പിക്കുന്നത് കൊണ്ട് തന്നെ നമ്മുടെ നിത്യജീവിതത്തിലെ കര്‍മ്മങ്ങള്‍ കുറ്റമറ്റതാക്കുവാനും, ആത്മീയപുരോഗതിക്കുതകുന്നതുമായ അറിവുകള്‍ ഈ സദസ്സുകളില്‍ നിന്ന് നേടിയെടുക്കുവാന്‍ നമുക്ക് സാധ്യമാണ്. മാത്രവുമല്ല, ഒരുപാട് ഒഴിവ് സമയങ്ങള്‍ ലഭിക്കുന്ന റമളാനില്‍ ചരിത്രപുരുഷന്‍മാരുടെ ജീവചരിത്രങ്ങളും, ഇസ്‌ലാമികപഠനങ്ങളും മറ്റും വായിക്കുവാനുള്ള സമയക്രമീകരണവും വിശ്വാസിക്ക് നിര്‍വ്വഹിക്കാവുന്നതാണ്. ഒരുപക്ഷേ, ഇത് ജീവിതത്തിലെ അവസാന റമളാനായിരിക്കുമെന്ന ബോധ്യത്തോടെ പരമാവധി നന്‍മകള്‍ നിര്‍വ്വഹിച്ച് അല്ലാഹുവിന്റെ പൊരുത്തം സമ്പാദിക്കുവാനും ആത്മീയോന്നതി നേടുവാനും നാഥന്‍ നമ്മെ അനുഗ്രഹിക്കട്ടെ. ആമീന്‍...
Post a Comment