സ്വാലിഹീങ്ങളും സ്വൂഫികളുമായ സച്ചരിതര്‍ ഭൂമിയിലെ വിളക്കുമാടങ്ങളും ആണിക്കല്ലുകളുമാണ്. ജ്ഞാന സമ്പാദനത്തിലൂടെ ഇലാഹീ പ്രാകാശത്തില്‍ കുളിച്ച് കര്‍മ്മങ്ങളിലൂടെ അവന്റെ സമീപസ്ഥരായി പ്രാര്‍ത്ഥനാനിര്‍ഭരമായി ജീവിതം നയിക്കുന്ന ഇവര്‍ മഅ്‌രിഫതിന്റെയും ഹഖീഖതിന്റെയും ലോകത്തെ അദ്യുതീയരായി ജീവനുള്ള ഇസ്ലാം നമുക്ക് മുന്നില്‍ സമര്‍പ്പിച്ചവര്‍ കൂടിയാണ്. ജീവിതകര്‍മ്മങ്ങളുടെ ഫലമായി മനുഷ്യര്‍ അനുഭവിക്കുന്ന മരണം ആ ഫലങ്ങളുടെ അനുഭവജീവിത ലോകത്തേക്കുള്ള കിളിവാതിലാണ്. ആ മരണം നേരത്തെ മനസ്സിലാക്കി അതിനനുസരിച്ച് കൂടുതല്‍ ഒരുക്കങ്ങള്‍ നടത്തി കൊതിക്കുന്ന മരണം വരിക്കുന്നവര്‍ കൂടിയാണ് ഈ സ്വാലിഹീങ്ങള്‍.

'നിങ്ങളുടെ ജീവിതം പോലെയാണ് മരണം, മരണം പോലെയാണ് പുനര്‍ജന്‍മവും' എന്ന തിരുവചനത്തിന്റെ നേര്‍ചിത്രങ്ങളാണ് ചരിത്രത്തിലും വര്‍ത്തമാനത്തിലും നാം പരിചയപ്പെട്ട മഹാമനീഷികള്‍. മതനിയമങ്ങള്‍ പൂര്‍ണ്ണമായും ഉള്‍ക്കൊണ്ട് അല്ലാഹുവിനേയും തിരുദൂതരേയും അനുസരിച്ച് ഭക്തിയും ആദരവും കൈമുതലാക്കിയ അവര്‍ തന്നെയാണ് വിജയികളെന്ന് ഖുര്‍ആന്‍ പ്രഖ്യാപിച്ചതാണല്ലോ. ''അല്ലാഹുവിനേയും റസൂലിനേയും ആര് അനുസരിക്കുകയും അല്ലാഹുവിനെ ഭയപ്പെടുകയും സൂക്ഷിക്കുകയും ചെയ്യുന്നുവോ അവര്‍ തന്നെയത്രെ വിജയം കൈവരിച്ചവര്‍'' (സൂറതുന്നൂര്‍- 52). 

'ലാഇലാഹഇല്ലല്ലാഹ്' എന്ന തൗഹീദിന്‍ വചനം ഖല്‍ബിലും ഫിക്‌റിലും ദിക്‌റിലും കൊണ്ട് നടന്ന്, 'എന്റെ ജീവിതവും മരണവും നിസ്‌കാരവും മറ്റുകര്‍മ്മങ്ങളും അല്ലാഹുവിന് വേണ്ടിയാണ്' എന്ന പ്രതിജ്ഞയോട് നീതിപുലര്‍ത്തി ജീവിതം ക്രമീകരിച്ച ഇവര്‍ക്ക് ഈ വിശ്വാസധാരയില്‍ അല്ലാഹു സ്ഥിരത നല്‍കുകയും പ്രതിസന്ധികള്‍ അനായാസം തരണം ചെയ്യാന്‍ കരുത്ത് നല്‍കുകയും ചെയ്തു. കലിമതുത്തൗഹീദിന്റെ ഉപമ പറഞ്ഞ ശേഷം 'വിശ്വാസികളെ സുദൃഢമായ വചനം കൊണ്ട് ഇഹലോകത്തും പരലോകത്തും അല്ലാഹു ഉറപ്പിച്ചുനിര്‍ത്തും' എന്ന ഖുര്‍ആനിക വചനം ഇത് തന്നെയാണ് സൂചിപ്പിക്കുന്നത്. പണ്ഡിതന്റെ വിജഞാനവും, ഭരണാധികാരികളുടെ നീതിയും, ധനികരുടെ ധര്‍മ്മവും, പാവപ്പെട്ടവരുടെ പ്രാര്‍ത്ഥനയുമാണ് പ്രപഞ്ചത്തിന്റെ നിലനില്‍പ്പിനാധാരമെന്ന് അലി(റ) പറഞ്ഞിട്ടുണ്ട്. അല്ലാഹുവിന്റെ മഅ്‌രിഫത് ലഭിച്ച ജ്ഞാനികള്‍ക്ക് തന്നെയാണിതില്‍ പ്രഥമസ്ഥാനം. ദീനീവിജ്ഞാനം പ്രസരണം നടത്തുകയും വ്യക്തിജീവിതം വിശുദ്ധമാക്കുകയും ചെയ്യുന്ന അവര്‍ ജീവിതം സന്ദേശമാക്കി സമൂഹത്തിന് വെളിച്ചം പകര്‍ന്നവരാണ്. 

ജീവിതം വിശുദ്ധമാക്കിയ ഇവര്‍ ഭൗതികലോകത്ത് നിന്ന് വിടപറയുന്ന രംഗവും അതിനവര്‍ നടത്തുന്ന ഒരുക്കങ്ങളും തയ്യാറെടുപ്പുകളും നമ്മെ ഏറെ ചിന്തിപ്പിക്കേണ്ടതുണ്ട്. തങ്ങളുടെ മരണമാസന്നമായിട്ടുണ്ടെന്നതിന്റെ ലക്ഷണങ്ങള്‍ അവരുടെ ചില പ്രവര്‍ത്തനങ്ങളിലൂടെ പിന്നീട് നമുക്ക് ബോധ്യപ്പെടും. സംസാരങ്ങള്‍ മുഴുവന്‍ പരലോകത്തെക്കുറിച്ചും അവിടെയുള്ള വ്യവഹാരങ്ങളെ സംബന്ധിച്ചുമായിരിക്കും. ജീവിതാവസനമായി നിര്‍വ്വഹിക്കേണ്ട പല പ്രധാന കര്‍ത്തവ്യങ്ങളും അവര്‍ ചെയ്ത് തീര്‍ക്കും. ഇതെല്ലാം അവര്‍ തങ്ങളുടെ അന്ത്യയാത്രക്കുള്ള ഒരുക്കങ്ങള്‍ നടത്തുകയായിരുന്നെന്ന് അവരുടെ മരണശേഷം നമുക്ക് ബോധ്യമാവുകയും ചെയ്യും. വിശ്വാസിയുടെ സമ്മാനമെന്ന് വിശേഷിക്കപ്പെട്ട മരണം സസന്തോഷം സ്വീകരിക്കുവാന്‍ സര്‍വ്വാത്മനാ അവര്‍ കാത്തിരിക്കുകയായിരിക്കും. 

വിശുദ്ധജീവിതം നയിച്ചവര്‍ക്ക് മരണനേരം മാലാഖമാരുടെ സഹായവും സാന്ത്വനവും ലഭിക്കുമെന്നാണ് ഖുര്‍ആന്‍ പഠിപ്പിച്ചത്. അവരെ സ്വീകരിക്കാന്‍ സ്വര്‍ഗീയ അപ്‌സരസ്സുകള്‍ കാത്തുനില്‍ക്കുകയും സ്രഷ്ടാവൊരുക്കുന്ന സ്വര്‍ഗീയസദ്യയിലേക്കവര്‍ ആനയിക്കപ്പെടുകയും ചെയ്യും. ''ഞങ്ങളുടെ നാഥന്‍ അല്ലാഹുവാണ് എന്ന് പ്രഖ്യാപിക്കുകയും ആ നിലപാടില്‍ ഋജുവായി  നിലകൊള്ളുകയും ചെയ്തവരിലേക്ക് മരണ സമയം മലക്കുകള്‍ ഇറങ്ങിവന്ന് ഇ്ങ്ങനെ ശുഭവാര്‍ത്തയറിയിക്കും: നിങ്ങള്‍ ഭയപ്പെടുകയോ ദുഖിക്കുകയോ  അരുത്. നിങ്ങള്‍ക്കുള്ള വാഗ്ദത്ത സ്വര്‍ഗം കൊണ്ട് സന്തുഷ്ടരായിക്കൊള്ളുക. ഐഹികജീവിതത്തിലും പരലോകത്തും നിങ്ങളുടെ സംരക്ഷകരാണ് ഞങ്ങള്‍. പരലോകത്ത് നിങ്ങള്‍ അഭിലഷിക്കുന്നതും ആവശ്യപ്പെടുന്നതുമത്രയും ഉണ്ട്. ഏറെ മാപ്പരുളുന്നവനും കരുണാമയനുമായവന്റെ ആതിഥ്യമത്രെ അത്''(ഫുസ്വിലത്: 30-32). 

ഇത് കൊണ്ട് തന്നെ മരണം കൊതിക്കുകയും സമ്മാനമായി സ്വീകരിക്കുകയും ചെയ്തവരെ നമുക്ക് കാണാം. 'അങ്ങാടിയില്‍ വെച്ച് മരണം വില്‍ക്കപ്പെടുന്നത് ആരെങ്കിലും കാണുമെങ്കില്‍ എനിക്ക് വേണ്ടി ഒന്ന് വാങ്ങിവെക്കണേ' എന്ന് അബൂഹുറൈറ(റ) പറഞ്ഞിരുന്നു. മുഹമ്മദ്ബ്‌നുല്‍മുന്‍കദിര്‍(റ) തന്റെ മരണവേളയില്‍ സ്വഫ്വാനുബ്‌നുസലീം(റ)നോട് ''ഞാന്‍ ഇപ്പോഴുള്ള അവസ്ഥ നിങ്ങള്‍ കാണുമായിരുന്നുവെങ്കില്‍ നിങ്ങളുടെ കണ്ണുകള്‍ കുളിരണിയുമായിരുന്നു'' എന്ന് പറ്ഞ്ഞുവെന്ന് കാണാം. 

തിരുനബി(സ്വ)യുടെ ഹദീസുകള്‍ സമാഹരിക്കുന്നതില്‍ അവിശ്രമം പരിശ്രമിച്ച ഇമാം ബുഖാരി(റ) പാണ്ഡിത്യലോകത്തെ നിറകുടവും ആത്മീയലോകത്തെ നക്ഷത്രവുമായിരുന്നു. 'ഇമാം ബുഖാരി(റ) സ്വഹാബികളില്‍ ജീവിച്ച വ്യക്തിയായിരുന്നെങ്കില്‍ തന്നെ ഏറ്റവും വലിയ ദൃഷ്ടാന്തമാകുമായിരുന്നു' എന്ന ഖുതൈബതുബ്‌നുസഈദ്(റ)ന്റെ പ്രസ്താവന തന്നെ ആ മഹത്ജീവിതത്തിന്റെ സാക്ഷ്യമാണ്. സമര്‍ഖന്ദിലെ അബ്ദുല്‍ഖുദ്ദൂസ്ബ്‌നുഅബ്ദില്‍ജബ്ബാര്‍(റ) പറയുന്നു:  ഇമാം ബുഖാരി(റ) ഒരുദിനം തന്റെ കുടുംബക്കാര്‍ താമസിക്കുന്ന ഖര്‍തങ്ക് ദേശത്ത് വന്ന് രാത്രി നിസ്‌കാരത്തിന് ശേഷം ഇങ്ങനെ ദുആ ചെയ്തു ; ''നാഥാ, പ്രവിശാലമായ ഭൂമി എനിക്ക് ഇടുങ്ങിയതായി അനുഭവപ്പെടുന്നു. എന്നെ നിന്നിലേക്ക് കൊണ്ട് പോകണേ...'' അല്‍പ്പദിനങ്ങള്‍ക്കുള്ളില്‍ മഹാനവര്‍കള്‍ വിടപറയുകയുണ്ടായി. അദ്ദേഹത്തിന്റെ വഫാത് ദിനത്തില്‍ തിരുനബി(സ്വ) ചില സ്വഹാബികളോടൊത്ത് ഒരു വ്യക്തിയെ കാത്തിരിക്കുന്നതായി ചില മഹാന്‍മാര്‍ സ്വപ്‌നത്തില്‍ കാണുകയും, ആരെയാണ് കാത്തുനില്‍ക്കുന്നതെന്ന് ചോദിച്ചപ്പോള്‍ മുഹമ്മദ്ബ്‌നുഇസ്മാഈല്‍ അല്‍ബുഖാരി(റ)യെയാണ് എന്ന് മറുപടി ലഭിക്കുകയും ചെയ്തുവെന്ന് ചരിത്രഗ്രന്ഥങ്ങളില്‍ കാണാം. 

ശാഫിഈ മദ്ഹബില്‍ രണ്ടാം ശാഫിഈ എന്നറിയപ്പെടുന്ന മഹാനായ ഇമാം നവവി(റ) ജ്ഞാനലോകത്ത് മാത്രമല്ല, ആത്മീയലോകത്തും തിളങ്ങിയ മഹോന്നതാണ്. സൂക്ഷ്മതയിലും ഭൗതികപരിത്യാഗത്തിലും അദ്ദേഹത്തെപ്പോലെ മറ്റൊരാള്‍ സമീപകാലത്തൊന്നും ഉണ്ടായിട്ടില്ലെന്നാണ് ഇബ്‌നുകസീര്‍(റ) പറഞ്ഞത്. അദ്ദേഹം ആ കാലത്തെ ഖുതുബായിരുന്നുവെന്നാണ് ഇമാം സുബുകി(റ) വിശേഷിപ്പിച്ചത്. ഇത്രയും ഉന്നതിയിലെത്തിയ മഹാനുഭാവന്‍ തന്റെ വിയോഗമെത്തിയിട്ടുണ്ടെന്നറിഞ്ഞ് അതിനുള്ള ഒരുക്കങ്ങള്‍ നടത്തിയിരുന്നുവെന്നാണ് ശിഷ്യരും സമകാലികരും സാക്ഷ്യപ്പെടുത്തിയത്.

കര്‍മ്മശാസ്ത്രത്തിലും അതിലുപരി ആത്മീയജ്ഞാനത്തിലും ഇസ്‌ലാമികലോകത്തിന് അതുല്യസംഭാവന നല്‍കിയ ഇമാം ഗസാലി(റ)ന്റെ മരണരംഗം നമ്മെ കൊതിപ്പിക്കുന്നതാണ്. അദ്ദേഹത്തിന്റെ സഹോദരന്‍ പറയുന്നു: ''തിങ്കളാഴ്ച സുബ്ഹിയുടെ നേരം സഹോദരന്‍ അംഗസ്‌നാനം ചെയ്ത് വന്ന് നിസ്‌കാരം നിര്‍വ്വഹിച്ച് തന്റെ കഫന്‍പുടവ കൊണ്ട് വരാന്‍ ആവശ്യപ്പെടുകയും അത് കയ്യിലെടുത്ത് ചുംബിച്ചശേഷം കണ്ണില്‍ വെക്കുകയും മാലാഖക്ക് സ്വാഗതം എന്ന് പറഞ്ഞ് കാല് നീട്ടി ഖിബ്‌ലയിലേക്ക് തിരിഞ്ഞു കിടക്കുകയും ഉടനെ മരണപ്പെടുകയുമുണ്ടായി''. 

നമ്മള്‍ പരിചയപ്പെട്ട പലമഹാന്‍മാരും ഇവ്വിധം തങ്ങളുടെ ശുഭകരമായ മരണത്തിലൂടെ തങ്ങളുടെ ജീവിതം വിശുദ്ധമായി അടയാളപ്പെടുത്തിയവരായിരുന്നു. സമസ്തയുടെ സമുന്നതരായ പണ്ഡിതരുടേയും സമൂഹത്തെ വഴിനടത്തിയ സയ്യിദുമാരും ആ ഗണിത്തിലുണ്ട്. ഈയിടെ നമ്മെ വിട്ടുപിരിഞ്ഞ ശൈഖുനാ മൂര്യാട് ഉസ്താദ് ആശ്രേണിയില്‍ പെട്ടവരാണെന്നതില്‍ നമുക്ക് സ്‌ന്ദേഹമില്ല. ആത്മീയസരണയില്‍ ഉറച്ച പാശം മുറുകെപിടിച്ച് മഹാനായ ശൈഖുനാ കണ്യാലമൗലാ(റ)യുടെ പ്രധാനമുരീദായി ജീവിച്ചതോടൊപ്പം നാലരപ്പതിറ്റാണ്ടിലേറെ മുദരിസായി സേവനം ചെയ്ത് നിരവധി ശിഷ്യരെ ആത്മപ്രകാശമുള്ള പണ്ഡിതരായി വളര്‍ത്തിയെടുക്കുകയും ദിക്‌റിലും ഫിക്‌റിലും നാഥനെ അനുസ്മരിക്കുന്ന ഒരു വലിയ സമൂഹത്തിന് മാര്‍ഗ്ഗദര്‍ശിയായി നേതൃത്വം നല്‍കുകയും ചെയ്തവരാണ് മഹാനവര്‍കള്‍. 1945ല്‍ ജനിച്ച് പ്രാഥമിക പഠനത്തിന് ശേഷം ബാഖിയാതില്‍ നിന്ന് ഒന്നാം റാങ്കോടെ ബിരുദം നേടി 1975ല്‍ കൊണ്ടോട്ടി പരതക്കാട് ജുമാമസ്ജിദിലും 1977 മുതല്‍ വഫാത് വരെ കണ്ണൂര്‍ജില്ലയിലെ മൂര്യാട് ജുമാമസ്ജിദിലും ഖതീബും മുദരിസുമായി സേവനം ചെയ്തു. ആ പ്രദേശത്തെ നാനോന്‍മുഖ വിഷയങ്ങളില്‍ മതപരമായ നേതൃത്വം ഉസ്താദിന്റെ കയ്യിലായിരുന്നു. അത്‌കൊണ്ട് തന്നെ ആ പ്രദേശത്തിന്റെ പേരിലാണ് ഉസ്താദ് അറിയപ്പെട്ടത് പോലും. 

ദര്‍സ്‌നടത്തിയും ഇബാദതുകള്‍ക്ക് മുടക്കം വരാതെയും ഭൗതികജീവിതം അവസാനിക്കണമെന്ന് കൊതിച്ച ശൈഖുനായുടെ ആഗ്രഹം പൂവണിഞ്ഞതായി നമുക്ക് ബോധ്യമായി. ആത്മീയ, പ്രാര്‍ത്ഥനാ സദസ്സുകള്‍ക്ക് നേതൃത്വം നല്‍കി പാതിരാസമയത്ത് പോലും ദീര്‍ഘയാത്രകള്‍ കഴിഞ്ഞ് പള്ളിയിലെത്തി ദര്‍സ് മുടങ്ങാതിരിക്കാന്‍ ഉസ്താദ് കാണിച്ച ജാഗ്രത ഏറെ അത്ഭുതകരമാണ്. അല്ലാഹുവിന്റെ അടിമയായി ജീവിച്ച് അടിമയായി മരിക്കാലാണ് തന്റെ ആഗ്രഹമെന്നും, മൂര്യാട് ഉസ്താദ് മരിച്ചെന്ന് കേട്ടാല്‍ ഈ സാധുവിന് വേണ്ടി ദുആ ചെയ്യുകയും മയ്യിത്ത് നിസ്‌കരിക്കുകയും ചെയ്യണമെന്ന് ഉസ്താദ് പൊതുസദസ്സുകളില്‍ വസ്വിയ്യത്ത് ചെയ്യാറുണ്ടായിരുന്നു. മഹാനായ ഇമാം ഗസ്സാലി(റ) വഫാതായ ജുമാദല്‍ഉഖ്‌റ 15 ന് വെള്ളിയാഴ്ച ദിനം വീട്ടില്‍ വെച്ച് ആ മഹാനുഭാവന്‍ നമ്മെ പിരിഞ്ഞെങ്കിലും അവരുടെ ആത്മീയ തണലും സഹായവും മാര്‍ഗ്ഗദര്‍ശനവും ഇനിയുമുണ്ടാകുമെന്ന് തന്നെയാണ് നാം വിശ്വസിക്കുന്നത്. ഈ മഹാന്‍മാരോടുള്ള മഹബ്ബത്ത് അവരോടൊപ്പം സ്വര്‍ഗ്ഗലോകത്ത് എത്താന്‍ അല്ലാഹു നമ്മെ അനുഗ്രഹിക്കട്ടെ... ആമീന്‍.


Post a Comment

Previous Post Next Post