''ഞാന്‍ വായന നന്നായി ഇഷ്ടപ്പെടുന്നവനാണ്. കാരണം ഭൗതികലോകത്ത് ഒരു ജീവിതമേ എനിക്കുള്ളൂ. ആ ഒരു ജീവിതം എന്റെ ഉള്ളിലെ സര്‍വ്വ ശേഷികളേയും പുറത്ത്‌കൊണ്ടുവരാന്‍ പര്യപ്തമല്ല. ഒരുമനുഷ്യന് വായനയല്ലാതെ മറ്റൊന്നും ഒന്നിലധികം ജീവിതം നല്‍കുകയില്ല. കാരണം വായന ആയുസ്സിന് ദൈര്‍ഘ്യം നല്‍കില്ലെങ്കിലും ജീവിതത്തിന് ആഴം നല്‍കുന്നതാണ്''. വിശ്വപ്രസിദ്ധനും ആധുനിക അറബിസാഹിത്യത്തിലെ അദ്യുതീയനുമായ അബ്ബാസ് മഹ്മൂദുല്‍അഖാദിന്റെ വാക്കുകളാണിത്.
ജ്ഞാന സമ്പാദനത്തിന്റെ വ്യത്യസ്ത മാര്‍ഗ്ഗങ്ങളില്‍ പ്രഥമപ്രധാനമാണ് വായന. അറിവ് വികസിപ്പിക്കുവാനും ചിന്താശേഷി വര്‍ദ്ധിപ്പിക്കുവാനും നിലപാടുകള്‍ രൂപപ്പെടുത്തിയെടുക്കുവാനും മനുഷ്യനെ സഹായിക്കുന്ന മാധ്യമമാണത്. മനസ്സിന് നല്‍കുന്ന വ്യായാമമാണ് വായന. വായനയോളം മനുഷ്യമനസ്സിന് ആനന്ദം പകരുന്ന മറ്റെന്ത് കാര്യമാണുള്ളത്!?. പുതിയ അറിവുകളും ചിന്തകളും മനസ്സിലേക്ക് ഒഴുകുമ്പോഴും അത് വഴി ഉദാത്തമായ വികാരങ്ങള്‍ തൊട്ടുണര്‍ത്തപ്പെടുമ്പോഴും അനുഭവപ്പെടുന്ന ആഹ്ലാദം അവാച്യമാണ്.
ജ്ഞാനസമ്പാദനമാണ് വിശിഷ്ടകര്‍മ്മമെന്നും, ആയുസ്സിലെ അമൂല്യ നിമിഷങ്ങള്‍ ചിലവഴിക്കപ്പെടുന്ന ശ്രേഷ്ഠകര്‍മ്മം പഠനവുമാണ് എന്ന മതധ്യാപനവും ജീവിതത്തിന്റെ ഒരു വലിയ പങ്ക് വായനക്ക് മാറ്റി വെക്കണമെന്നാണ് നമ്മെ ബോധ്യപ്പെടുത്തുന്നത്. വിശുദ്ധഖുര്‍ആനിലെ ''സൃഷ്ടികര്‍മ്മം നടത്തിയ താങ്കളുടെ നാഥന്റെ നാമത്തില്‍ വായിക്കുക. രക്തപിണ്ഡത്തില്‍ നിന്ന് മനുഷ്യനെ അവന്‍ സൃഷ്ടിച്ചു. വായിക്കുക, അങ്ങയുടെ നാഥന്‍ തൂലിക കൊണ്ട് അഭ്യസിപ്പിച്ച അത്യുദാരനത്രെ. തനിക്കറിവില്ലാത്തത് മനുഷ്യനെ അവന്‍ പഠിപ്പിച്ചു'' എന്ന ആദ്യം അവതരിച്ച വചനങ്ങളില്‍പ്പോലും വായനയെക്കുറിച്ചാണ് പ്രതിപാദിച്ചത്. അത്‌കൊണ്ട് തന്നെ ദൈനംദിന ജീവിതത്തില്‍ മുക്കാല്‍ഭാഗവും വായനക്ക് നീക്കിവെച്ച നിരവധിപേരെ ചരിത്രത്തില്‍ നമുക്ക് കാണാന്‍ സാധിക്കും.
ഇമാം അബൂഹനീഫ(റ)യുടെ പ്രമുഖശിഷ്യനാണ് മുഹമ്മദ്ബ്‌നുല്‍ഹസനിശ്ശൈബാനി(ഹി: 132-189). രാത്രിയില്‍പോലും അപൂര്‍വ്വമായി ഉറങ്ങിയ അദ്ദേഹം ഒരു ഗ്രന്ഥം വായിച്ച് മുശിപ്പനുഭവപ്പെടുമ്പോള്‍ മറ്റു ഗ്രന്ഥങ്ങളെടുക്കാന്‍ വ്യത്യസ്ത ഗ്രന്ഥങ്ങള്‍ തന്റെ സമീപത്ത് കരുതിവെക്കുമായിരുന്നു.
അറബിവ്യാകരണശാസ്ത്രത്തില്‍ പ്രമുഖനായ അഹ്മദ്ബ്‌നുയഹ്‌യശ്ശൈബാനി(ഹി: 200-291) ഖുര്‍ആന്‍, ഹദീസ്, അറബിസാഹിത്യം തുടങ്ങിയ ശാഖകളില്‍ അഗ്രേസ്യനായിരുന്നു. വായനയില്‍ ആനന്ദം കണ്ടെത്തിയ അദ്ദേഹം സദ്യകള്‍ക്ക് ക്ഷണിക്കുമ്പോള്‍ 'അവിടെയിരുന്ന് വായിക്കാന്‍ സൗകര്യമുണ്ടാകണം' എന്ന നിബന്ധനയോടെ മാത്രമേ ക്ഷണം സ്വീകരിക്കാറുണ്ടായിരുന്നുള്ളൂ. അസ്വര്‍ നിസ്‌കാരശേഷം പുസ്തകം വായിച്ച് മടങ്ങിവരുന്നതിനിടയിലാണ് അദ്ദേഹം അന്ത്യയാത്രപോയത്.
ഹിജ്‌റ 581ല്‍ കെയ്‌റോയില്‍ ജനിച്ച പണ്ഡിതനാണ് ഹാഫിള് അബ്ദുല്‍അളീംഅല്‍മുന്‍ദിരി(റ). സ്വന്തമായി 90 രചനകളുള്ള അദ്ദേഹം മറ്റുള്ള പണ്ഡിതരുടെ 700ഓളം വാള്യങ്ങള്‍ കൈപടയില്‍ എഴുതിത്തീര്‍ത്തിട്ടുണ്ട്. മുഴുസമയം വിജ്ഞാനവുമായി ബന്ധപ്പെട്ടിരുന്ന അദ്ദേഹം ഭക്ഷണംകഴിക്കുമ്പോള്‍ പോലും പുസ്തകം വായിക്കുമായിരുന്നത്രെ. രാത്രി ഏത് സമയം എഴുന്നേറ്റ് നോക്കിയാലും തന്റെ റൂമില്‍ വിളക്ക് കത്തിച്ച് ഗ്രന്ഥപാരായണം നടത്തുന്ന മുന്‍ദിരിയെയാണ് കാണാന്‍ സാധിച്ചിരുന്നതെന്ന് അദ്ദേഹത്തിന്റെ അയല്‍വാസികള്‍ പറയാറുണ്ടായിരുന്നു.
ഇമാം ഖത്വീബുല്‍ബഗ്ദാദി(റ) അബുല്‍അബ്ബാസില്‍മുബര്‍റദില്‍ നിന്ന് ഉദ്ധരിക്കുന്നു: 'ജ്ഞാന സമ്പാദനത്തില്‍ മൂന്ന് അത്യാഗ്രഹികളെയാണ് ഞാന്‍ കണ്ടിട്ടുള്ളത്. ജാഹിള്, ഫത്ഹ്ബ്‌നുഖാകാന്‍, ഇസ്മാഈല്ബ്‌നുഇസ്ഹാഖില്‍ഖാളി എിവരാണവര്‍. ഹിജ്‌റ 163ല്‍ ജനിച്ച് അറബി സാഹിത്യത്തിലെ അവലംബമായിത്തീര്‍ന്ന അംറുബ്‌നുബഹ്‌റിനില്‍ ജാഹിള്, കയ്യില്‍കിട്ടുന്ന പുസ്തകങ്ങളെല്ലാം ആദ്യാന്ത്യം വായിക്കുകയും, അതിന് വേണ്ടി പുസ്തകശാലകളില്‍ ജോലിയേല്‍ക്കുകയും ചെയ്യുമായിരുന്നു.പ്രൗഢമായ പലരചനകളും സമര്‍പ്പിച്ച അദ്ദേഹം ഹി 255ലാണ് വിടപറയുന്നത്. ഖലീഫ മുതവക്കിലിന്റെ മന്ത്രിയായിരുന്ന ഫത്ഹ്ബനുഖാകാന്‍ തന്റെ കയ്യില്‍ എപ്പോഴും പുസ്തകം സൂക്ഷിക്കുകയും ഖലീഫ എന്തെങ്കിലും ആവശ്യത്തിന് പുറത്ത്‌പോകുമ്പോള്‍ ഉടനെ അത് കയ്യിലെടുത്ത് വായിക്കുകയും ചെയ്യുമായിരുന്നു. കവിയും ബുദ്ധിശാലിയുമായിരുന്ന അദ്ദേഹം ഹിജ്‌റ 247ലാണ് മരണപ്പെടുന്നത്. ഖാളീ ഇസ്മാഈലുബ്‌നുഇസ്ഹാഖിന്റെ അടുത്ത് പോകുമ്പോഴെല്ലാം കയ്യില്‍ കിതാബും പിടിച്ച് വായിക്കുന്നവനായിട്ടേ എനിക്കദ്ദേഹത്തെ കാണാന്‍ കഴിഞ്ഞിട്ടുള്ളു എന്ന് മുബര്‍രിദ് പറയുന്നു. ഹിജ്‌റ 200ല്‍ ജനിച്ച് 282ലാണ് അദ്ദേഹം വഫാതായത്.
വായന കേവലം വ്യക്തിയെയല്ല സമൂഹത്തെയും അത് വഴി തലമുറകളേയും സ്വാധീനിക്കുന്ന കാര്യമാണ്. ഒമ്പതാം വയസ്സില്‍ അമ്മ മരണപ്പെടുകയും അച്ഛന്‍ മറ്റൊരു വിവഹം കഴിക്കുകയും ചെയ്ത സന്ദര്‍ഭത്തില്‍ അബ്രഹാം ലിങ്കണ് സമ്മാനമായി കിട്ടിയ മൂന്ന് പുസ്തകങ്ങളാണത്രെ ഉന്നതയിലേക്ക് വഴിനടക്കാന്‍ അദ്ദേഹത്തിന് പ്രചോദനമേകിയത്. ജോര്‍ജ് വാഷിംഗ്ടന്റെ ആത്മകഥയാണത്രെ അദ്ദേഹം പലവുരു വായിച്ചു തീര്‍ത്തത്. 17 മണിക്കൂര്‍ ഉണര്‍ന്നിരിക്കുന്ന നെഹ്‌റു ഒരുപാട് സമയം വായനക്ക് വേണ്ടി മാറ്റിവെച്ചിരുന്നുവെന്നും ഗാന്ധിജിയുടെ ജീവിതത്തിന് വഴിത്തിരിവായത് ഒരുപുസ്തകമായിരുന്നുവെന്നും കാണാന്‍ കഴിയും.
കൃത്യാന്തരബാഹൂല്യങ്ങള്‍ക്കിടയിലും മഹാനായ സി.എച്ച് മുഹമ്മദ്‌കോയാ സാഹിബ് വായനക്ക് സമയം കണ്ടെത്തുമായിരുന്നു. ഒരിക്കല്‍ അദ്ദേഹത്തെ കാണാന്‍ ചെന്ന കുളത്തൂര്‍ ടി.മുഹമ്മദ് മൗലവി സി.എച്ച് ഒരു പുസ്തകം മറിച്ചിരിക്കുന്നത് കാണാന്‍ സാധിച്ചത്. മൗലവി ചോദിച്ചു: നിങ്ങള്‍ വായിക്കുകയാണോ അതോ പേജുകള്‍ മറിക്കുകയാണോ?. സി.എച്ച് പറഞ്ഞു: ഞാന്‍ വായിക്കുകയാണ്. ദിവസവും അഞ്ച് മണിക്കൂര്‍ ഞാന്‍ വായിക്കാറുണ്ട്. മലയാളത്തില്‍ എനിക്ക് വഴങ്ങാത്ത വാക്കുകളില്ല. അത് കൊണ്ട് വളരെ വേഗത്തില്‍ വായിച്ചു ഗ്രഹിക്കുവാന്‍ എനിക്ക് സാധിക്കും. മുഖ്യമന്ത്രിയും നിരവധി വകുപ്പുകള്‍ കൈകാര്യം ചെയ്ത മന്ത്രിയുമായിരുന്ന വ്യക്തിയായിരുന്നു അദ്ദേഹമെന്ന് നാം ഓര്‍ക്കണം.
പുസ്തകങ്ങളാണ് മനുഷ്യന്റെ വിശ്വസ്തകൂട്ടുകാരന്‍ . പണം കൊടുത്ത് വാങ്ങാവുന്ന നല്ല സമ്പാദ്യവും അതുതന്നെ. അബ്ബാസീകാലത്ത് ജീവിച്ച വിശ്വപ്രസിദ്ധ സാഹിത്യകാരന്‍ ജാഹിള് പുസ്തകങ്ങളെക്കുറിച്ചും വായനയെക്കുറിച്ചും വിശേഷിപ്പിച്ചതിപ്രകാരമാണ്; ''പുസ്തകം നിന്നെ അമിതപ്രശംസ നടത്താത്ത കൂട്ടുകാരനും, വഞ്ചിക്കാത്ത സുഹൃത്തും, മുടുപ്പിക്കാത്ത സഹചാരിയും, നിന്റെയരികിലുള്ളത് സൂത്രത്തില്‍ കൈവശപ്പെടുത്താനാഗ്രഹിക്കാത്ത മിത്രവുമാണ്. രാപകലുകളിലും, യാത്രയിലും മറ്റും നിന്നെ അനുസരിക്കുന്ന വിശ്വസ്തനാണത്. നീ ആഗ്രഹിക്കുമ്പോഴെല്ലാം ഒരു മടിയുമില്ലാതെ അറിവ് പകര്‍ന്നുനല്‍കുകയും, വായിച്ചു മാറ്റിവെച്ചാലും അതിന്റെ ഫലം നല്‍കിക്കൊണ്ടിരിക്കുകയും ഏകാന്തതയില്‍ വിരസതയകറ്റുന്ന ഉത്തമ സുഹൃത്തുമാണ് പുസ്തകം. ഹസന്‍ലുഅ്‌ലുഅ് പറയുന്നു: നാല്‍പ്പത് വര്‍ഷം ഞാന്‍ ഉറങ്ങാന്‍ കിടക്കുമ്പോഴും വിശ്രമിക്കുമ്പോഴും ചാരിയിരിക്കുമ്പോഴും നെഞ്ചില്‍ പുസ്തകമില്ലാതെയിരുന്നിട്ടില്ല' (അല്‍ഹയവാന്‍- ജാഹിള്).
ഏറ്റവും കൂടുതല്‍ ഗ്രന്ഥങ്ങളെഴുതി ശ്രദ്ധേയരായ പണ്ഡിതരില്‍ പ്രമുഖനാണ് ഇബ്‌നുല്‍ജൗസി(റ). എണ്‍പത്തിഏഴ് വര്‍ഷത്തിനിടയില്‍ നൂറ് കണക്കിന് ഗ്രന്ഥങ്ങളാണദ്ദേഹം എഴുതിയത്. ''ഗ്രന്ഥങ്ങളാണ് പണ്ഡിതന്റെ ശാശ്വതപുത്രന്‍മാരെന്ന''് പറഞ്ഞ അദ്ദേഹം പുതിയ പുസ്തകങ്ങള്‍ എന്റെ കയ്യില്‍ ലഭിക്കുന്നത് നിധി കിട്ടുന്നത് പോലെയാണ് എന്ന് പറയുമായിരുന്നു. പ്രമുഖ സാഹിത്യകാരനും മന്ത്രിയുമായിരുന്ന മുഹമ്മദുബ്‌നുഅബ്ദില്‍മലികിസ്സയ്യാത്ത് അല്‍പ്പകാലം വീട്ടില്‍ സ്വസ്ഥമായിരുന്ന കാലം അദ്ദേഹത്തെ സന്ദര്‍ശിക്കാന്‍ പോയ ജാഹിള് സമ്മാനമായി നല്‍കിയത് സീബവൈഹിയുടെ ഗ്രന്ഥമാണ്. സസന്തോഷം സ്വീകരിച്ച് അദ്ദേഹം പറഞ്ഞു: ''അല്ലാഹുവാണ! ഇതിനേക്കാള്‍ പ്രിയങ്കരമായ ഒരു സമ്മാനവും ഇതിന് മുമ്പ് എനിക്ക് കിട്ടിയിട്ടില്ല....''. സാമ്പത്തികവരുമാനത്തില്‍ നിന്ന് നല്ലൊരുവിഹിതം പുസ്തകങ്ങള്‍ വാങ്ങുവാന്‍ നാം നീക്കിവെക്കണം. ബര്‍ത്‌ഡേ, വിവാഹദിനം തുടങ്ങിയ വാര്‍ഷികാഘോഷവേളകളിലും, കുട്ടികള്‍ക്ക് പ്രോത്സാഹനം നല്‍കുമ്പോഴും സമ്മാനമായി പുസ്തകങ്ങള്‍ കൂടി നല്‍കുന്നത് നല്ലൊരു മാതൃകയാണ്.
വീടുകള്‍ ഗ്രന്ഥാലയങ്ങളാകട്ടെ....
വായനയില്‍ ലഭ്യമാകുന്ന പുതിയ കാര്യങ്ങള്‍ കുറിച്ചുവെക്കുന്നതും എഴുതിസൂക്ഷിക്കുന്നതും ഏറെ ഗുണപ്രദമാണ്. ''വിജ്ഞാനം നിങ്ങള്‍ എഴുതി ഭദ്രമാക്കണം'' എന്ന് ഉമര്‍(റ)ല്‍ നിന്ന് നിവേദനം ചെയ്യപ്പെട്ടതായി കാണാം. ഗ്രന്ഥവായനക്കിടയില്‍ കണ്ടെത്തുന്ന അപൂര്‍വ്വ വിവരങ്ങളും അനുബന്ധ കാര്യങ്ങളും പ്രസ്തുത ഗ്രന്ഥത്തിന്റെ പാര്‍ശ്വഭാഗങ്ങളിലും ആദ്യാവസാന പേജുകളിലും രേഖപ്പെടുത്തിവെക്കുന്ന ശീലം പൂര്‍വ്വീകരിലുണ്ടായിരുന്നു. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് തന്റെ സ്വകാര്യ ലൈബ്രറിയിലേക്ക് കൊണ്ട് വന്ന കിതാബുകളില്‍ ഇത് പോലെ രേഖപ്പെടുത്തപ്പെട്ട കാര്യങ്ങള്‍ മാത്രം സമാഹരിച്ച് 'നുഹ്‌സതുല്‍ഖാത്വിര്‍ വനുസ്ഹതുന്നാളിര്‍ ഫീ അഹ്‌സനി മാ നുഖില മിന്‍ അലാ ളുഹൂരില്‍ കുതുബി വദ്ദഫാതിര്‍' എന്ന കൃതി രചിച്ച വ്യക്തിയാണ് ജമാലുദ്ദീനുല്‍ഖിഫ്ത്വീ അല്‍ഹലബി. വാഴക്കാട് ദാറുല്‍ഉലൂം മുദരിസായിരുന്ന അബ്ദുല്‍ഖാദിര്‍ഫള്ഫരിയുടെ പ്രസിദ്ധമായ കൃതിയാണ് 'ജവാഹിറുല്‍അശ്ആര്‍ വഗറാഇബുല്‍ഹികായാതി വല്‍അഖ്ബാര്‍'. തന്റെ വായനകള്‍ക്കിടയില്‍ കണ്ടെത്തിയ പുതിയ കാര്യങ്ങളും തന്റെ കത്തുകളും കവിതകളുമെല്ലാം അടങ്ങിയതാണീ കൃതി.
ജ്ഞാനവര്‍ദ്ധനവിന്നായി വായിക്കുമ്പോള്‍ തന്നെ എന്ത് വായിക്കണമെന്നും നാം നിര്‍ണ്ണയിക്കേണ്ടതുണ്ട്. സൂറതുല്‍അലഖില്‍ പറഞ്ഞതുപോലെ അല്ലാഹുവിന്റെ നാമത്തിലാണ് നാം വായിക്കേണ്ടത്. അത് കൊണ്ട് തന്നെ അല്ലാഹുവിന്റെ നാമം ഉച്ചരിച്ച് വായിക്കാവുന്നതേ നാം വായിക്കാവൂ. അറിവുല്‍പ്പാദനവും, ബുദ്ധിവികാസവും നടക്കുന്നതോടൊപ്പം മനുഷ്യത്വവും, സംസ്‌കാരവും, ആത്മീയോന്നതിയും പകരുന്ന പുസ്തകങ്ങളാണ് നാം പ്രത്യേകമായി വായിക്കേണ്ടത്. എത്രവായിച്ചു എന്നല്ല എന്ത് വായിച്ചു എന്നതാണ് പ്രധാനം. കേവലം ആസ്വാദനത്തിനും ആനന്ദത്തിനുമുള്ള വായന കൂടുതല്‍ പ്രോത്സാഹിപ്പിക്കപ്പെടേണ്ടതല്ല. ജീവിതത്തിന് അര്‍ത്ഥവും പ്രചോദനവും നല്‍കുന്ന മഹല്‍വ്യക്തികളുടെ ആത്മകഥകളും ജീവചരിത്രങ്ങളും മതധ്യാപനങ്ങളും ലോകചരിത്രവുമൊക്കെ വായിക്കുന്നവര്‍ക്കേ സമൂഹത്തില്‍ ജാഗരണപ്രവര്‍ത്തനങ്ങള്‍ നടത്തുവാനും സമൂഹത്തെ ലക്ഷ്യബോധമുള്ളവരായി വഴിനടത്തുവാനും സാധ്യമാവുകയുള്ളൂ. ഭക്ഷണം പോലെ ജീവിതത്തിന്റെ അവിഭാജ്യഘടകമായി വായനയെ നാം മാറ്റിയെടുക്കണം.
നല്ല രസമാണ് നിങ്ങളുടെ എഴുത്തിൻറെ താളം,എന്നാലും ഇനിയും ഉഷാറാവണം,എഴുത്തിൽ പുതുമകൾ കടന്നു വരട്ടെ.
ReplyDeleteഅല്ലാഹു കുറഞ്ഞ സമയം കൂടുതൽ എഴുതാൻ തൗഫീഖ് നൽകട്ടെ .ആയുസ്സിലും ബുദ്ധിയിലും ആരോഗ്യ ത്തിലും ബർക്കത്ത് നൽകട്ടെ
Ma Sha alllah..
ReplyDeletePost a Comment