മനുഷ്യര്‍ രണ്ട് വിഭാഗമാണ്. അല്ലാഹുവിനെ അംഗീകരിച്ച് വിശ്വസിക്കുന്നവരും വിശ്വസിക്കാത്തവരും. പ്രപഞ്ചവും അതിലകിലവും സൃഷ്ടിച്ച് സംരക്ഷിക്കുന്ന നാഥനാണ് തന്റെ സ്രഷ്ടാവും നിയന്താവും എന്നംഗീകരിച്ചു ജീവിക്കുന്ന വിശ്വാസിക്ക് സ്വസ്ഥപൂര്‍ണ്ണമായ ജീവിതം അനുഭവിക്കുവാനും പരലോകത്ത് സ്വര്‍ഗ്ഗസ്ഥനാകുവാനും സാധിക്കും. ലോകത്ത് സംഭവിക്കുന്നതെല്ലാം അല്ലാഹുവിന്റെ തീരുമാനങ്ങളാണെന്നും, നന്‍മതിമകളെല്ലാം അവന്റെ ഹിതമനുസരിച്ചാണെന്നും വിശ്വസിക്കുന്നവനാണ് മുഅ്മിന്‍. എന്നാല്‍ പ്രപഞ്ചത്തിനൊരു സ്രഷ്ടാവില്ലെന്ന് പറയുകയും അല്ലാഹുവിന്റെ അസ്തിത്വം നിഷേധിക്കുകയും ചെയ്ത് സ്വതന്ത്രചിന്തയോടെ അനിയന്ത്രിതരായിക്കഴിയുന്നവര്‍ക്ക് കാലുഷ്യം നിറഞ്ഞ, സ്വസ്ഥത നഷ്ടപ്പെട്ട ജീവിതമായിരിക്കും അനുഭവപ്പെടുന്നത്. ഇരുവിഭാഗങ്ങളില്‍ നിന്നും  മുന്നേ ഗമിച്ചവരുടെ ജീവിതം തന്നെയാണ് ഇക്കാര്യത്തില്‍ നമ്മുടെ ഒരു പ്രമാണം. 

ഇബ്‌റാഹീംനബി(അ)യേയാണ് ഏറ്റവും വലിയ വിശ്വാസിയായി ഖുര്‍ആന്‍ പരിചയപ്പെടുത്തിയത്. ഇബ്‌റാഹീം നബി(അ) പ്രബോധിതര്‍ക്കു മുന്നില്‍ തന്റെ രക്ഷിതാവിനെ അവതരിപ്പിച്ചത്; 'എന്നെ സൃഷ്ടിക്കുകയും എനിക്ക് നേര്‍വഴി കാട്ടുകയും അന്നപാനാദികള്‍ തരികയും ഞാന്‍ രോഗബാധിതനായാല്‍ ശമിപ്പിക്കുകയും എന്നെ മരിപ്പിക്കുകയും വഴിയെ ജീവിപ്പിക്കുകയും അന്ത്യനാളില്‍ എന്റെ പാപങ്ങള്‍ പൊറുത്ത് തരുമെന്ന് ഞാന്‍ പ്രതീക്ഷിക്കുകയും ചെയ്യുന്ന ലോകരക്ഷിതാവായ എന്റെ നാഥന്‍'' എന്നാണ്. സര്‍വ്വേശ്വരനും സര്‍വ്വാധിപതിയുമായ നാഥന്റെ സംരക്ഷണം തനിക്കുണ്ടെന്ന ബോധ്യം വിശ്വാസിക്ക് നല്‍കുന്ന സനാഥത്വവും ആത്മബലവും സുരക്ഷിതത്വബോധവും ചെറുതല്ല. അഗ്നികുണ്ഡം പൂമെത്തയായി സ്വീകരിക്കാനും, സ്വപുത്രനെ ബലിയര്‍പ്പിക്കുവാനും, പത്‌നിയേയും പുത്രനേയും ഏകരായി മരുഭൂവില്‍ വിട്ടേച്ച് പോരാനും ഖലീലുല്ലാഹി ഇബ്‌റാഹീം നബിക്ക് സാധ്യമായത് തന്റെ റബ്ബിലുള്ള ഈ അചഞ്ചലവിശ്വാസം തന്നെയാണ്. 

നബി(സ്വ) പറയുന്നു. ''വിശ്വാസിയുടെ കാര്യം മഹാത്ഭുതമാണ്. അവന്റെ കാര്യങ്ങളെല്ലാം അവന് നന്‍മയാണ്. ഒരു വിശ്വാസിക്ക് മാത്രമുള്ള നേട്ടമാണിത്. വല്ല സന്തോഷവും ഉണ്ടായാല്‍ അവന്‍ നന്ദികാണിക്കും, അതവന് നേട്ടമായിത്തീരും. വല്ല വിപത്തും സംഭവിച്ചാല്‍ അവന്‍ ക്ഷമിക്കും, അതുമവന് നേട്ടമായിമാറും''(മുസ്‌ലിം).   എത്ര വലിയ സത്യമാണിത്. ''ഭൂമിയിലോ നിങ്ങളുടെ സ്വന്തത്തില്‍ തന്നെയോ ഏല്‍ക്കുന്ന ഏതൊരു വിപത്തും അതുസൃഷ്ടിക്കും മുമ്പ് തന്നെ ഒരു ഗ്രന്ഥത്തില്‍ ഉണ്ടായേ തീരൂ. അല്ലാഹുവിന്നത് സുഗമമാണ്. നിങ്ങള്‍ നഷ്ടപ്പെട്ടവയുടെ പേരില്‍ ദു:ഖിക്കാതെയും കിട്ടിയതിന്റെ പേരില്‍ ആഹ്ലാദിക്കാതെയുമിരിക്കാനാണത്'' (അല്‍ഹദീദ് 22,23) എന്നീ സൂക്തങ്ങള്‍ അല്ലാഹുവിന്റെ സന്ദേശങ്ങളാണെന്ന് ഉള്‍ക്കൊള്ളുന്നവനാണല്ലോ വിശ്വാസി. ജീവിതത്തില്‍ വിപത്തുകളും പ്രയാസങ്ങളുമില്ലാത്തവരായി ആരുമുണ്ടാവില്ല. ഇവയെ തരണം ചെയ്യുന്നിടത്താണ് മനുഷ്യന്‍ വിജയിക്കേണ്ടത്. ജീവിതയാത്രയില്‍ വന്ന് ഭവിക്കുന്ന വിപത്തുകള്‍ അല്ലാഹുവിന്റെ പരീക്ഷണങ്ങളാണെന്ന ഉത്തമബോധ്യത്തില്‍ വിശ്വാസി ക്ഷമിക്കുമ്പോള്‍ അല്ലാഹുവിന്റെ കാരുണ്യവും അനുഗ്രഹങ്ങളും അവനുമേല്‍ വര്‍ഷിക്കുമെന്നാണ് ഖുര്‍ആന്‍ പഠിപ്പിച്ചത്. പരീക്ഷണങ്ങള്‍ അതിജയിച്ചവരുടെ നിരവധി ചരിത്രങ്ങള്‍ ഇതിന്റെ സാക്ഷ്യമാണ്. 

ഉര്‍വ്വതുബ്‌നുസ്സുബൈര്‍(റ)കാലിന് വേദനവന്ന് ചികിത്സാര്‍ത്ഥം അദ്ദേഹത്തിന്റെ കാല് മുറിച്ചുമാറ്റേണ്ടി വന്നു. അതോടൊപ്പം തന്റെ ഏഴ് പുത്രന്‍മാരില്‍ ഒരാള്‍ പെട്ടന്ന് മരണപ്പെടുകയും ചെയ്തു. ഈ രണ്ട് പരീക്ഷണങ്ങളും അദ്ദേഹം നേരിട്ടത് ശുക്‌റിന്റെ വചനങ്ങളിലൂടെയാണ്. അല്ലാഹുവേ, നീ എനിക്ക് ഏഴ് പുത്രന്‍മാരെ നല്‍കി ഒരാളെ മാത്രം നീ തിരികെവിളിച്ചു. രണ്ട് കയ്യും രണ്ട് കാലും നല്‍കി ഒരു കാല് മാത്രം നീ തിരിച്ചെടുത്തു. നിനക്കാണ് സര്‍വ്വ സ്തുതിയും'' എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. റബ്ബിലുള്ള വിശ്വാസം മനസ്സില്‍ പതിഞ്ഞ് ഈമാനിന്റെ കരുത്ത് നേടിയവര്‍ക്കേ ഇത്രയും വലിയ വിപല്‍ഘട്ടത്തിലും ഇങ്ങനെ പ്രതികരിക്കാനാവൂ.

അനുഗ്രഹങ്ങള്‍ അല്ലാഹു നല്‍കുന്നതാണെന്നും, പ്രതിസന്ധികള്‍ അവന്റെ പരീക്ഷണങ്ങളാണെന്നും വിശ്വസിക്കുന്നവന് മാത്രമേ സ്വയം ആശ്വസിക്കുവാനും മറ്റുള്ളവനെ ആശ്വസിപ്പിക്കുവാനും സാധ്യമാകൂ. ഈശ്വരവിശ്വാസമില്ലാത്തവന് ആശ്വസിപ്പിക്കുവാനും ആശ്വാസം കൊള്ളുവാനും സാധിക്കില്ല. കാരണം തനിക്കൊരു സ്രഷ്ടാവുണ്ടെന്നും ജീവിതം നിയന്ത്രിക്കുന്നത് അവനാണെന്നും നന്‍മതിന്‍മകളുടെ ദാതാവും അവന്‍ തന്നെയാണെന്നും വിശ്വസിക്കുന്നവനല്ലേ തന്റെ ജീവിതത്തില്‍ സംഭവിക്കുന്ന പ്രയാസങ്ങളില്‍ എല്ലാം അവന്‍ ശരിയാക്കും എന്ന് ആശ്വസിക്കാന്‍ കഴിയൂ. അവനെയല്ലേ നമുക്ക് ''വിഷമിക്കേണ്ട.. റബ്ബ് എന്തെങ്കിലും വഴി കണ്ടിട്ടുണ്ടാകും'' എന്ന് പറഞ്ഞ് പ്രതിസന്ധികളില്‍ ആശ്വസിപ്പിക്കുവാനാകൂ. 

മഹാനായ സഹ്‌ലുബ്‌നുഅബ്ദില്ലാഹിത്തസ്തരി(റ) ചെറുപ്പത്തില്‍ അമ്മാവനോട് ഉപദേശം തേടിയപ്പോള്‍ ഒരു ദിക്‌റ് പറഞ്ഞുകൊടുത്തു; അല്ലാഹു ഹാളിരീ, അല്ലാഹു നാളിരീ, അല്ലാഹു ശാഹിദീ, അല്ലാഹു മഈ.... അല്ലാഹു എന്റെ സാന്നിധ്യത്തിലുണ്ട്, അല്ലാഹു എന്നെ നോക്കിക്കൊണ്ടേയിരിക്കുന്നവനാണ്, എന്റെ എല്ലാ കര്‍മ്മങ്ങള്‍ക്കും അവന്‍ സാക്ഷിയാണ്, അവന്‍ എപ്പോഴും എന്നോടൊപ്പമുണ്ട് എന്ന സാരം ഉള്‍ക്കൊള്ളുന്ന ഈ ദിക്‌റ് പതിവായിച്ചൊല്ലിയ അദ്ദേഹം പിന്നീട് ആത്മീയലോകത്തെ അതുല്യനായിമാറി.

കേരളത്തില്‍ ജീവിക്കുന്ന പ്രമുഖനായ ഇടതുപക്ഷ സൈദ്ധാന്തികന്റെ പുത്രന്‍ വലിയ രോഗത്തിന് വിധേയനായി. മാനസികമായി തളര്‍ന്ന ആ ഘട്ടത്തില്‍ അദ്ദേഹത്തിന്റെ ഈശ്വരവിശ്വാസികളായ പല സുഹൃത്തുക്കളും ആശ്വസിപ്പിക്കുകയും ദൈവത്തോട് പ്രാര്‍ത്ഥിക്കുന്നുണ്ടെന്നു പറഞ്ഞ് സാന്ത്വനിപ്പിക്കുകയും ചെയ്തു. ആ സമയം അദ്ദേഹം അനുഭവിച്ച സമാധാനം പറഞ്ഞറിയിക്കാനാവത്തതായിരുന്നു. ഈ വ്യക്തിയുടെ അടുത്ത ഒരു സുഹൃത്തിന്റെ പുത്രന്‍ ആകസ്മികമായി മരണപ്പെട്ടപ്പോള്‍ ഈശ്വരവിശ്വാസിയായ അദ്ദേഹത്തെ കാണാന്‍ പോയി. അസ്വസ്ഥതയേതുമില്ലാതെയാണ് അദ്ദേഹത്തെ കാണാന്‍ സാധിച്ചത്. എങ്കിലും പുത്രന്‍ വിട്ടുപോയ ആ സുഹൃത്തിന്റെ കൈ പിടിച്ച് ഒന്ന് സാന്ത്വനിപ്പിക്കുവാനോ ആശ്വാസം പകരുവാനോ സാധിക്കാതെ വന്ന സാഹചര്യം ഒരു അഭിമുഖത്തില്‍ അദ്ദേഹം തുറന്നു പറയുകയുണ്ടായി. 

അല്ലാഹുവില്‍ വിശ്വസിക്കുന്നവരുടെ സവിശേഷതയാണ് തവക്കുല്‍. ഉത്തരവാദിത്വങ്ങളെല്ലാം നിര്‍വ്വഹിച്ച് ബാക്കിയെല്ലാം അല്ലാഹുവിനെ ഭരമേല്‍പ്പിക്കുന്ന സ്വഭാവം. വിശ്വാസിയും സ്രഷ്ടാവും തമ്മിലുള്ള ആത്മബന്ധം ശക്തിപ്പെടുന്നതിനനുസരിച്ച് ഇതിന്റെ തോത് വ്യത്യാസപ്പെടും. മുഹമ്മദ് നബി(സ്വ) തന്റെ വാള്‍ മരത്തില്‍ തൂക്കിയിട്ട് മരച്ചുവട്ടില്‍ വിശ്രമിക്കുന്നതിനിടയില്‍ വാളെടുത്ത് ''എന്റെ അക്രമത്തില്‍ നിന്ന് താങ്കളെ ഇപ്പോള്‍ ആര് രക്ഷിക്കുമെന്ന് ചോദിച്ച അഅ്‌റാബിയോട് ഉത്തമബോധ്യത്തോടെ പറഞ്ഞു; ''അല്ലാഹു''. അദ്ദേഹത്തിന്റെ കയ്യില്‍ നിന്ന് താഴെ വീണ വാളെടുത്ത് നബി(സ്വ) താങ്കളെ ആര് രക്ഷിക്കുമെന്ന് ചോദിച്ചപ്പോള്‍ ''ആരുമില്ല'' എന്നാണദ്ദേഹം പ്രതികരിച്ചത്. വിശ്വാസിയും അവിശ്വാസിയും തമ്മിലുള്ള അന്തരം കൃത്യമായി കാണിച്ചുതരുന്ന സംഭവമാണിത്. 

സര്‍വ്വരും അഭിമുഖീകരിക്കേണ്ട പ്രതിഭാസമാണ് മരണം. എന്നാല്‍ ആ മരണം സസന്തോഷം സ്വീകരിക്കാന്‍ മനുഷ്യരില്‍ എത്രപേര്‍ക്ക് ധൈര്യമുണ്ടെന്ന് നാം അലോചിക്കണം. എന്റെ നിസ്‌കാരവും ആരാധനകളും ജീവിതവും മരണവും തന്റെ രക്ഷിതാവിനുള്ളതാണെന്ന് വിശ്വസിക്കുന്ന യഥാര്‍ത്ഥ വിശ്വാസിക്ക് മരണം സമ്മാനമായി സ്വീകരിക്കാന്‍ സാധിക്കും. അങ്ങാടിയില്‍ മരണം വാങ്ങാന്‍ ലഭിക്കുമെങ്കില്‍ ആരെങ്കിലും എനിക്ക് വാങ്ങിത്തരുമോ എന്ന് അബൂഹുറൈറ(റ) ചോദിക്കാറുണ്ടായിരുന്നു. അല്ലാഹുവിനെ റബ്ബായി സ്വീകരിച്ച് അത്രയും ആത്മബന്ധം സ്ഥാപിച്ചെടുത്ത അവര്‍ക്ക് അവന്റെ അടുത്തേക്കുള്ള യാത്ര അത്രയും ഹൃദ്യമായിത്തോന്നിയത് കൊണ്ടാണിത്. മുആദ്(റ)വും ഇതുപോലെ പ്രതികരിച്ചത് ചരിത്രമാണ്. കഴുമരത്തില്‍ തൂങ്ങിയാടുമ്പോഴും ''ഞാന്‍ മുസ്‌ലിമായി കൊല്ലപ്പെടുന്നത് കൊണ്ട് എന്റെ മരണം എവിടുന്ന് സംഭവിച്ചാലും എനിക്ക് പ്രശ്‌നമില്ലെന്ന്'' പറയാന്‍ ഖുബൈബ്(റ) ന് സാധ്യമായത് അല്ലാഹുവിലുള്ള വിശ്വാസം തന്നെയാണ്. 


5 Comments

Post a Comment

Previous Post Next Post