മുസ്‌ലിം സമൂഹത്തിന് അല്ലാഹു നല്‍കിയ അമൂല്യ നിധിയാണ് നാം സാദാത്തീങ്ങള്‍ എന്ന് വിളിച്ച് വിശേഷിപ്പിക്കുന്ന അഹ്‌ലുബൈത്ത്(നബികുടുംബം). നമ്മുടെ വിശുദ്ധ മതത്തിന്റെ ഈമാനിക വെളിച്ചം കെട്ടുപോകാതെ സംരക്ഷിക്കപ്പെടാന്‍ ഇവര്‍ നമുക്ക് കാണിച്ചു തരുന്ന ഋജുവായ പാന്ഥാവിലൂടെ ചരിക്കുക തന്നെ വേണം. ഖുര്‍ആനികാദ്ധ്യാപനങ്ങള്‍ക്കനുസൃതമായി സാദാത്തീങ്ങള്‍ വഴിനടന്ന ആ മാര്‍ഗ്ഗം പിന്തുടര്‍ന്നാല്‍ മാത്രമേ ഇഹപരമോക്ഷം നേടാന്‍ ഒരു മുസ്‌ലിമിന് സാധ്യമാകൂ. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയും ഇത് തന്നെയാണ് കാണിച്ചു തന്നത്. 


ആരാണ് അഹ്‌ലുബൈത്ത്?.

'അഹ്‌ലുബൈത്ത്' എന്നത് കൊണ്ട് വിവക്ഷിക്കപ്പെടുന്നവര്‍ ആരാണെന്നതില്‍ പണ്ഡിതര്‍ക്കിടയില്‍ അഭിപ്രായാന്തരമുണ്ട്. അലി(റ)യും ഭാര്യ ഫാത്വിമ(റ)യും അവരുടെ സന്താന പരമ്പരയും മാത്രമാണോ, അതോ നബികുടുംബം മുഴുവനും ഇതില്‍ ഉള്‍പ്പെടുന്നുണ്ടോ എന്നതിലാണ് പണ്ഡിതര്‍ വിത്യസ്താഭിപ്രായം പറഞ്ഞത്. ഏത് രേഖകളും തെളിവുകളും പരിശോധിച്ചാലും അലി(റ)യും ഫാത്വിമ(റ)യും അവരുടെ സന്താന പരമ്പരകളും  അഹ്‌ലുബൈത്ത് എന്ന സംജ്ഞ കൊണ്ട് വിവക്ഷിക്കപ്പെടുന്നുണ്ട് എന്ന് മനസ്സിലാക്കാം. സൂറത്തുല്‍ അഹ്‌സാബിലെ 33ാം സൂക്തത്തിന്റെ വ്യാഖ്യാനത്തില്‍ ഇമാം റാസി(റ) ഇങ്ങനെ രേഖപ്പെടുത്തുന്നു; 'അഹ്‌ലുബൈത്ത് ആരാണെന്നതില്‍ വിത്യസ്താഭിപ്രായങ്ങളുണ്ട്. അതില്‍ പ്രധാനാഭിപ്രായം നബിയുടെ ഭാര്യമാരും സന്താനങ്ങളും ഹസനും(റ) ഹുസൈനും(റ) അലിയും ഉള്‍ക്കൊള്ളുന്ന വിഭാഗമാണെന്നാണ്'(തഫ്‌സീറു റാസി, അഹ്‌സാബ്-33). സൂറതുശ്ശൂറായിലെ 23ാം സൂക്തത്തില്‍ അല്ലാഹു പറയുന്നു'റസൂലേ നിങ്ങള്‍ പറയണം, ഈ വിശുദ്ധ ദീന്‍ നിങ്ങള്‍ക്ക് എത്തിച്ച് തന്നതിന് ഒരു പ്രതിഫലവും ഞാന്‍ ചോദിക്കുന്നില്ല. കുടുംബത്തോടുള്ള സ്‌നേഹമല്ലാതെ'. ഇവിടെ സൂചിപ്പിക്കപ്പെട്ട കുടുംബമേതാണെന്നതിലും വിത്യസ്താഭിപ്രായങ്ങള്‍ രേഖപ്പെടുത്തപ്പെട്ടത് കാണാം.


ഇമാം റാസി(റ) തന്നെ പറയുന്നു:'ആല്‍' ആരാണെന്നതില്‍ പണ്ഡിതര്‍ ഭിന്നാഭിപ്രായക്കാരാണ്. നബിയുടെ കുടുംബമാണെന്നും അല്ല സമുദായം മുഴുക്കെയാണെന്നും രേഖകളില്‍ കാണാം. കുടുംബം എന്ന്  നാം വെക്കുകയാണെങ്കില്‍ അലി(റ), ഫാത്വിമ(റ), ഹസന്‍(റ), ഹുസൈന്‍(റ) എന്നിവരാണത്. ഇനി തന്റെ പ്രബോധനം സ്വീകരിച്ച സമുദായമെന്ന് വെച്ചാലും ഇവരതില്‍ ഉള്‍പ്പെടും. ഇമാം സമഖ്ശരി പറയുന്നു, ഈ ആയത്ത് ഇറങ്ങിയ നേരത്ത് തിരുനബി(സ)യോട് ചോദിക്കപ്പെട്ടു ഞങ്ങള്‍ സനേഹിക്കല്‍ നിര്‍ബന്ധമായ അങ്ങയുടെ കുടുംബമേതാണ്?. അവിടുന്ന് പ്രതികരിച്ചതിങ്ങനെ അലിയും ഫാത്വിമയും അവരുടെ മക്കളും(തഫ്‌സീറുല്‍ കബീര്‍). ആലുഇംറാനിലെ മുബാഹലയുടെ ആയത്ത് ഇറങ്ങിയനേരം അലി(റ), ഫാത്വിമ(റ), ഹസന്‍(റ), ഹുസൈന്‍(റ) എന്നിവരെ ഒരു പുതപ്പില്‍ ഒരുമിച്ച് കൂട്ടി നബി(സ)ഇങ്ങനെ പറഞ്ഞു: അല്ലാഹുവേ, ഇവരാണ് എന്റെ അഹ്‌ലുബൈത്ത്(തിര്‍മുദി). അഹ്‌ലുബൈതേ, നിങ്ങളില്‍ നിന്ന് നികൃഷ്ടത നീക്കം ചെയ്യുവാനും നിങ്ങളെ സ്ഫുടം ചെയ്ത് ശുദ്ധീകരിക്കാനും അല്ലാഹു ഉദ്ധേശിക്കുന്നു എന്ന ആയത്ത് ഇറങ്ങിയപ്പോഴും ഈ സംഭവം ആവര്‍ത്തിക്കുന്നുണ്ട്(ഫത്ഹുല്‍ ബാരി, അദ്ധ്യായം ഖദീജയുമായുള്ള വിവാഹം).


ഖറാബത്ത്, ഇത്‌റത്ത്, അഹ്‌ല്‌ബൈത്ത്, ആല് തുടങ്ങിയ പദങ്ങളൊക്കെ നബി(സ) കുടുംബത്തെ സൂചിപ്പിക്കുന്നവയാണ്. നബി(സ)യുടെ നാലാമത്തെ പിതാമഹന്‍ അബ്ദുമനാഫിന്റെ മക്കളില്‍ നിന്ന് ഹാശിം, മുത്തലിബ് എന്നിവരുടെ മക്കളില്‍ നിന്ന് മുഅ്മിനായ എല്ലാവര്‍ക്കും ഈ നാല് പദങ്ങളും പ്രയോഗിക്കാമെന്ന് ഇബ്‌നുഹജര്‍(റ) തന്റെ അസ്സവാഇഖുല്‍ മുഹ്‌രിഖയില്‍ രേഖപ്പെടുത്തുന്നു. അഹ്‌ലുബൈത് എന്നതിന്റെ പൊതുപ്രയോഗത്തില്‍ നബികുടുംബം മൊത്തം ഉള്‍പ്പെടുമെങ്കിലും പ്രത്യേക സ്ഥാനവും ശറഫും  ലഭിച്ചവര്‍ എന്ന അര്‍ത്ഥത്തിലുള്ള അഹ്‌ലു ബൈത്ത് എന്ന പ്രയോഗത്തിന് അലി, ഫാത്വിമ, ഹസന്‍ ഹുസൈന്‍, അവരുടെ സന്താനങ്ങള്‍ എന്നിവര്‍ മാത്രമേ ഉള്‍പ്പെടുകയുള്ളൂ എന്ന് പണ്ഡിതര്‍ രേഖപ്പെടുത്തിയിട്ടുണ്ട്. 

സാദാത്തിന് വസ്വിയ്യത്ത് ചെയ്താല്‍ അത് അശ്‌റാഫിന്നാണ്(നേരത്തെ സൂചിപ്പിക്കപ്പെട്ട)നല്‍കേണ്ടതെന്ന് കര്‍മ്മശാസ്ത്ര പണ്ഡിതര്‍ വ്യക്തമായി പഠിപ്പിക്കുന്നു. അശ്‌റാഫ് ആരാണെന്ന് അവര്‍ വിശദീകരിക്കുന്നതിപ്രകാരമാണ്; ശരീഫ് എന്നാല്‍ പിതാവ് വഴി ഹസന്‍, ഹുസൈന്‍ എന്നിവരിലേക്ക് കുടുംബം ചേരുന്നവനാണ്(തുഹ്ഫ, കിതാബുല്‍ വസ്വായാ). അപ്പോള്‍ സയ്യിദ് കുടുംബത്തില്‍ പെടാത്ത ഒരാള്‍ സയ്യിദ് കുടുംബത്തില്‍ നിന്ന് വിവാഹം കഴിച്ചാല്‍ പ്രസ്തുത ബന്ധത്തില്‍ നിന്നുണ്ടാകുന്ന കുട്ടിക്ക് സയ്യിദെന്നോ ശരീഫെന്നോ പറയാവതല്ല. ഇമാം സുയൂഥി(റ) തന്റെ അര്‍റിസാലതുസൈനിയ്യ എന്ന കൃതിയില്‍ ഇക്കാര്യം പറയുന്നുണ്ട്. ചുരുക്കത്തില്‍ ഏത് തെളിവുകള്‍ പരിശോധിച്ചാലും അലി, ഫാത്വിമ, ഹസന്‍, ഹുസൈന്‍ എന്നിവര്‍ അഹ്‌ലുബൈത്ത് എന്നതില്‍ ഉള്‍പ്പെടുന്നുവെന്ന് പ്രസ്പഷ്ടമായി.

അഹ്‌ലുബൈത്ത് കര്‍ബലയില്‍ അവസാനിച്ചുവോ?.


ഹിജ്‌റ 61 ല്‍ നടന്ന കര്‍ബല യുദ്ധത്തില്‍ നബി(സ)യുടെ കുടുംബ പരമ്പര പൂര്‍ണ്ണമായി അവസാനിച്ചുവെന്ന് ചിലര്‍ വാദിക്കാറുണ്ട്. ചരിത്ര വിശകലനത്തിലൂടെ ഈ വാദം ശരിയല്ലെന്ന് സുവ്യക്തമാകുന്നതാണ്. സൈദുബ്‌നു അര്‍ഖം നിവേദനം ചെയ്യുന്ന ഹദീസില്‍ ഇങ്ങനെ കാണാം. ഹജ്ജത്തുല്‍ വിദാഅ് കഴിഞ്ഞു വരുന്ന വേള നബി(സ) ഞങ്ങളോട് നടത്തിയ സംഭാഷണത്തില്‍ ഇങ്ങനെ പറഞ്ഞു: ഞാന്‍ മരണവിളിക്ക് ഉത്തരം നല്‍കിയവനെപ്പോലെയുണ്ട്. നിങ്ങളില്‍ അമൂല്യവും സൂക്ഷിക്കേണ്ടതുമായ രണ്ട് വസ്തുക്കള്‍ ഇട്ടേച്ചു കൊണ്ടാണ് ഞാന്‍ പോകുന്നത്. അതില്‍ ഒന്ന് മറ്റൊന്നിനേക്കാള്‍ വലുതാണ്. ഒന്ന് അല്ലാഹുവിന്റെ ഗ്രന്ഥം, മറ്റൊന്ന് എന്റെ കുടുംബവും. അവ രണ്ടിലും നിങ്ങള്‍ എങ്ങനെയാണെന്നെ പിന്തുടരുന്നതെന്ന് നോക്കിക്കാണുക, ഖിയാമത്ത് നാളില്‍ ഹൗളുല്‍ കൗസറിന്റെ ചാരത്തെത്തുന്നത് വരെ അവരണ്ടും പിരിയുകയില്ല(അല്‍ മുസ്തദ്‌റക്, അദ്ധ്യായം.അലി(റ)യുടെ സ്ഥാനമാനങ്ങള്‍). ഈ ഹദീസില്‍ നിന്ന് മനസ്സിലാകുന്നത് നബികുടംബം ഖിയാമത്ത് നാള്‍ വരെ ഭൂമി ലോകത്ത് നില നില്‍ക്കുമെന്നാണ്. കര്‍ബലയില്‍ അഹ്‌ലുബൈതിന്റെ പരമ്പര മുറിഞ്ഞെന്ന വാദത്തിന്റെ മുനയൊടിക്കുന്നതാണീ ഹദീസ്. മാത്രവുമല്ല, നബി കുടുംബം നിലനിന്നാല്‍ മാത്രമേ ദീന്‍ നിലനില്‍ക്കുകയുള്ളു. 

സത്യത്തില്‍ അഹ്‌ലുബൈതിനോടുള്ള ആദരവ് ജനമനസ്സുകളില്‍ നിന്ന് നിഷ്‌കാസനം ചെയ്യുക വഴി ദീനിന്റെ അടിസ്ഥാന തത്വങ്ങളെ ഉഛാഢനം ചെയ്യാനുള്ള കുത്സിത ശ്രമങ്ങളാണ് ഇത്തരം പൊള്ള വാദങ്ങള്‍ക്ക് പിന്നിലെന്ന് മനസ്സിലാക്കാന്‍ കൂടുതല്‍ പ്രയാസപ്പെടേണ്ട വരില്ല. അല്ലാഹുവിന്റെ ശിആറുകളെ ആദരിക്കലാണ് ദൈവഭക്തിയുടെ അടിസ്ഥാനമെന്നത് സംശയലേശമന്യേ ഏവര്‍ക്കും വ്യക്തമാണ്. അല്ലാഹു ആദരിക്കുകയും നമ്മോട് ആദരിക്കാന്‍ മുഹമ്മദ് നബി(സ) കല്‍പ്പിക്കുകയും ചെയ്ത വിഭാഗമാണല്ലോ അഹ്‌ലുബൈത്ത്. ഇവരുടെ ഉണ്‍മ തന്നെ നിഷേധിക്കുന്നത് ദീനിന്റെ നിലനില്‍പ്പിനെ ത്തന്നെ ചോദ്യ ചെയ്യലാണ്. ഇനി ചരിത്രത്തിമൊന്ന് പരിശോധിച്ചു നോക്കാം.

വിത്യസ്ത ഭാര്യമാരില്‍ നിന്ന് ആണും പെണ്ണുമായി 39 സന്താനങ്ങളാണ് അലി(റ)ക്കുണ്ടായിരുന്നത്. ഇവരില്‍ ഫാത്വിമയുടെ മക്കളായ ഹസന്‍(റ), ഹുസൈന്‍(റ) ഉള്‍പ്പടെ അഞ്ച് ആണ്‍മക്കള്‍ക്കും ഫാത്വിമയുടെ തന്നെ പുത്രി സൈനബിനും മാത്രമേ സന്താനങ്ങളുണ്ടായിട്ടുള്ളൂ(നൂറുല്‍അബ്‌സാര്‍-114). ഹസന്(റ) പതിനഞ്ചും ഹുസൈനു(റ) ആറും മക്കളുണ്ടായി. ഹസന്റെ(റ) ഹസന്‍, സൈദ് എന്നീ മക്കള്‍ക്ക് മാത്രമാണ് പിന്‍മുറക്കാരുണ്ടായത്. ഇവരില്‍ ഹസന്‍ എന്നവര്‍ എളാപ്പയായ ഹുസൈനി(റ)ന്റെ കൂടെ കര്‍ബലയില്‍ പങ്കെടുക്കുകയും ബന്ധിയായി പിടിക്കപ്പെടുകയും അസ്മാഅ് ബ്‌നു ഖാരിജത് അവരെ ബന്ധികളില്‍ നിന്ന് മോചിപ്പിക്കുകയുമുണ്ടായി. ഹിജ്‌റ 97 ല്‍ വഫാതായ മഹാനുഭാവന് അബ്ദുല്ലാഹിബ്‌നുമഹ്‌ള്, ഇബ്‌റാഹീമ്ബ്‌നു ഖമര്‍, ഹസനുല്‍ മുസല്ലസ്, ദാവൂദ്, ജഅ്ഫര്‍ എന്നീ അഞ്ച് മക്കളുണ്ടായി. ഇദ്ദേഹത്തിലൂടെയും സഹോദരന്‍ സൈദിലൂടെയും ഹസനീ പരമ്പര ലോകത്ത് നില നില്‍ക്കുന്നു. ഹിജ്‌റ 120 ലാണ് സൈദ്(റ) വഫാതാകുന്നത്.(നൂറുല്‍ അബ്‌സാര്‍ പേജ് 137,138).

അലിയ്യിനുല്‍ അസ്ഗര്‍, അലിയ്യിനുല്‍ അക്ബര്‍, ജഅ്ഫര്‍, അബ്ദുല്ല, സക്കീന, ഫാത്വി എന്നിവരാണ് ഹുസൈന്‍(റ)ന്റെ ആറ് മക്കള്‍. ഇവരില്‍ അലിയ്യിനുല്‍അക്ബറും(റ), അബ്ദുല്ലയും പിതാവിനോടൊപ്പം കര്‍ബലയില്‍ ശഹീദായി. ജഅ്ഫര്‍(റ) എന്ന പുത്രന്‍ പിതാവിന്റെ ജീവിത കാലത്ത് ചെറുപ്പത്തില്‍ തന്നെ പരലോകം പ്രാപിച്ചിട്ടുണ്ട്. ശേഷിച്ച അലിയ്യുന്‍ സൈനുല്‍ ആബിദീന്‍ എന്നിവര്‍ക്ക് മാത്രമാണ് പരമ്പരയുണ്ടായത്. ഇവരിലൂടെ ഹുസൈനീ പരമ്പരയും ലോകത്ത് നില നില്‍ക്കുന്നു. പതിനൊന്ന് ആണ്‍മക്കളും നാല് പെണ്‍മക്കളുമായി പതിനഞ്ച് പേരാണ് അലിയ്യുന്‍ സൈനുല്‍ ആബിദീന്‍ എന്നിവര്‍ക്കുണ്ടായിരുന്നത്. മുഹമ്മദുല്‍ബാഖിര്‍, സൈദ്, ഉമര്‍, അബ്ദുല്ല, ഹസന്‍, ഹുസൈന്‍, ഹുസൈനുല്‍അസ്ഗര്‍, അബ്ദുറഹ്മാന്‍, അലി, സുലൈമാന്‍, ഖദീജ, ഫാത്വിമ, അലിയ്യ, ഉമ്മുകുല്‍സൂം എന്നിവരാണവര്‍. ഹിജ്‌റ 94 ല്‍ മുഹര്‍റം 12 ന് 57ാം വയസ്സില്‍ ഇദ്ദേഹം വഫാതായി . ഇവരെക്കുറിച്ചാണ് വിശ്രുത കവി ഫറസ്ദഖ് പ്രിസിദ്ധമായ കവിത പാടിയത്(നൂറുല്‍അബ്‌സാര്‍ 156-157). ഹിജ്‌റ 61ല്‍ നടന്ന കര്‍ബലക്ക് ശേഷം മൂന്ന് ദശാബ്ദങ്ങള്‍ക്ക് ശേഷമാണ് ഹുസൈന്‍ (റ)ന്റെ മകനായ അലിയ്യുന്‍ സൈനുല്‍ ആബിദീന്‍ എന്നിവര്‍ വഫാതാകുന്നത്.സത്യത്തില്‍ കര്‍ബലയില്‍ നബി(സ)യുടെ കുടുംബ പരമ്പര മുറിഞ്ഞു എന്ന് പറയുന്നവര്‍ നബി(സ)ക്ക് ആണ്‍ മക്കളില്ലാത്തത് കൊണ്ട് തിരുമേനി കൊണ്ടു വന്ന സത്യമതത്തിന് നില നില്‍പ്പുണ്ടാവുകയില്ലെന്ന് ആശ്വസിച്ച് പരിഹസിച്ച മക്കാമുശ്‌രിക്കുകളുടെ പിന്‍മുറക്കാരാണ്. അവരെ ആക്ഷേപിച്ചു കൊണ്ടാണല്ലോ അല്ലാഹു സൂറതുല്‍ കൗസര്‍ ഇറക്കിയത്. നിങ്ങളെ പരമ്പര മുറിഞ്ഞവന്‍ എന്നാക്ഷേപിക്കുന്നവനാണ് യഥാര്‍ത്ഥത്തില്‍ വാലറ്റവന്‍ (പരമ്പരമുറിഞ്ഞവന്‍) എന്ന് അല്ലാഹു അതിലൂടെ പരിഹസിക്കുന്നുണ്ട്.


കേരളം: ഉത്തമസംസ്‌കൃതിയുടെ സംഗമഭൂമി.

നിരവധി നന്‍മകളും മഹത്ത്വങ്ങളും കൊണ്ട് കേരളനാടും കേരളീയരും അനുഗ്രഹിക്കപ്പെട്ടിട്ടുണ്ട്. സമശീതോഷ്ണാന്തരീക്ഷവും ഉന്നത സംസ്‌കാരവും മിതമായ സാമ്പത്തീകാഭിവൃദ്ധിയുമൊക്കെ അവയില്‍ ചിലത് മാത്രം. ഉത്തമനൂറ്റാണ്ടില്‍ തന്നെ ദീനിന്റെ പൊന്‍കിരണം നമ്മുടെ കൊച്ചു കേരളത്തിലും പ്രഭ പരത്തിയെന്നതാണ് ഇതില്‍ ഏറെ പ്രസ്താവ്യം. പുണ്യനബി(സ)യുടെ ദിവ്യജ്ഞാനാരുവിയില്‍ നിന്ന് നേരിട്ട് വിദ്യ നുകര്‍ന്ന സ്വഹാബികളില്‍ നിന്നാണ് നമ്മുടെ പൂര്‍വ്വ പിതാക്കള്‍ മതകാര്യങ്ങളുടെ ആദ്യാക്ഷരങ്ങള്‍ പകര്‍ന്നത്. സ്വഹാബികള്‍ കേരളതീരത്തേക്കണയുന്നതിനും വര്‍ഷങ്ങള്‍ക്ക് മുമ്പ് തന്നെ മറ്റു പല വിദേശികളും ബഹുമുഖലക്ഷ്യങ്ങള്‍ക്കായി കേരളത്തിലേക്ക് വന്നിട്ടുണ്ട്. കേരളത്തിലെ മലഞ്ചരക്കുകളില്‍ കണ്ണ് നട്ട് വന്നവരും ഇവിടുത്തെ നാട്ടു രാജാക്കന്‍മാരുടെ സ്വഭാവഗുണങ്ങളെക്കുറിച്ച് കേട്ടറിഞ്ഞുവന്നവരും അക്കൂട്ടത്തിലുണ്ടായിരുന്നു. നിരവധി സൂഫികളും പണ്ഡിതവരേണ്യരും സയ്യിദ് കുടുംബങ്ങളും കച്ചവടവര്‍ത്തക വിഭാഗങ്ങളും ഇതിലുള്‍പ്പെടുന്നു. 

മുപ്പതോളം സയ്യിദ് ഖബീലകള്‍ മലബാറിലെത്തിയിട്ടുണ്ടെന്നാണ് കണക്കാക്കപ്പെടുന്നത്. മധ്യേഷ്യയിലെ  ബുഖാറയില്‍ നിന്ന് പതിനഞ്ചാം നൂറ്റാണ്ടില്‍ കേരളത്തിലെ, കണ്ണൂരിലെ വളപട്ടണത്തെത്തി ഖാദി കുടുംബബത്തില്‍ നിന്ന് വിവാഹം കഴിച്ച് അവിടെത്തന്നെ താമസമാക്കിയ പ്രവാചകന്റെ ഇരുപത്തിഏഴാമത്തെ പൗത്രന്‍ അഹ്മദ് ജലാലുദ്ദീന്‍ ബുഖാരി ഇവരില്‍ പ്രധാനിയാണ്. ഇന്ന് കേരളത്തില്‍ ബുഖാരി തങ്ങന്‍മാര്‍ എന്നറിയപ്പെടുന്നവര്‍ ഇവരുടെ പിന്‍മുറക്കാരാണ്. മലബാറിന്റെ സംസ്‌കാരിക ആത്മീയ നഭോ മണ്ഡലങ്ങളില്‍ ഏറെ സംഭാവനകളര്‍പ്പിച്ച നിരവധി ബുഖാരി സാദാത്തുക്കളെ ചരിത്രത്തില്‍ കാണാന്‍ സാധിക്കും.

 

ഇന്ന് കേരളത്തിലുള്ള സാദാത്തുക്കള്‍ ഹള്‌റമികളോ, ബുഖാരികളോ ആയിരിക്കും. നേരത്തെ സൂചിപ്പിച്ച ബുഖാരി ഖബീലയില്‍ ഉള്‍പ്പെടാത്ത മുഴുവന്‍ സാദാത്തുക്കളും യമനില്‍ നിന്ന് വന്ന സയ്യിദ് ഖബീലകളില്‍ പെട്ടവരാണ്. മക്ക, മദീന, കൂഫ, ബസ്വറ തുടങ്ങിയ മുസ്‌ലിം ഭരണപ്രദേശങ്ങളില്‍ ആഭ്യന്തരപശ്‌നങ്ങള്‍ ഉടലെടുത്തപ്പോള്‍ അവിടങ്ങളില്‍ ജീവിച്ചിരുന്ന സയ്യിദുമാരും പണ്ഡിതകുടുംബങ്ങളും ഇസ്‌ലാമിക സംസ്‌കാരത്തോടെ ജീവിക്കാന്‍ യോഗ്യമായ സ്ഥലങ്ങള്‍ തേടി യാത്രയായി. അവരില്‍ ഭൂരിപക്ഷവും എത്തിച്ചേര്‍ന്നത് പുണ്യനബി(സ) പ്രാര്‍ത്ഥിച്ചനുഗ്രഹിച്ച യമനിലാണ്. പ്രവാചകപരമ്പരയിലെ ഒമ്പതാം തലമുറയില്‍ സയ്യിദ് ഈസന്നഖീബി(റ)ന്റെ പുത്രനായി മക്കയില്‍ ജനിച്ച സയ്യിദ് അഹ്മദുല്‍ മുഹാജിറാ(റ)ണ് യമനിലെത്തിയ പ്രവാചക കുടുംബത്തിന്റെ നായകന്‍. പത്താം നൂറ്റാണ്ടില്‍ ഇറാഖില്‍ നിന്ന് ഹള്‌റ് മൗത്തിലേക്ക് കുടിയേറിപ്പാര്‍ത്ത ഇവരാണ് ഇന്ത്യന്‍ മഹാസമുദ്രത്തിന്റെ ചുറ്റുമുള്ള കരകളില്‍ പല ഘട്ടങ്ങളിലായി താമസമുറപ്പിച്ച മുഴുവന്‍ സയ്യിദ് ഖബീലകള്‍ക്കും ജന്‍മം നല്‍കിയത്. ശൈഖുല്‍ ഇസ്‌ലാം എന്ന് വിളിക്കപ്പെട്ടിരുന്ന അഹ്മദുല്‍ മുഹാജിര്‍(റ) ബസ്വറയില്‍ ശീഇസവും മറ്റു ബിദഈ പ്രസ്ഥാനങ്ങളും അസ്വസ്ഥത സൃഷ്ടിച്ചപ്പോഴാണ് തന്റെ രണ്ടു പുത്രന്‍മാരോടൊപ്പം യമനിലേക്ക് പുറപ്പെട്ടത്.

 

അഹ്മദ് ബ്‌നു ഈസ അല്‍ മുഹാജിറിന്റെ മകന്‍ ഉബൈദുള്ളയുടെ മകന്‍ അലവി അല്‍ മുബ്തകിറിലേക്ക് ചേര്‍ത്തി ബാഅലവി എന്ന് വിളിക്കപ്പെടുന്ന ഖബീലയില്‍ പെട്ടതാണ് യമനിലെ മുഴുവന്‍ സയ്യിദ് കുടുംബങ്ങളും. ഹദ്ദാദ്, ബാഹസന്‍, മശ്ഹൂര്‍, സഖാഫ്, ശിഹാബുദ്ദീന്‍, ഐദറൂസ്, ബാഫഖീഹ്, ജമലുല്ലൈല്‍, അഹ്ദല്‍, ഐദീദ്, ജിഫ്‌രി, അത്താസ്, തുടങ്ങിയവ ഈ ശ്രേണിയിലെ കൈവഴികളാണ്. മലബാറിന് പുറമെ ഇന്ത്യയിലെ അഹ്മദാബാദ്, ഹൈദരാബാദ്, ബീജാപൂര്‍, സൂറത്ത്, ബറോഡ, കൊങ്കണ്‍, കായല്‍പട്ടണം, കീളക്കര, രാമനാഥപുരം തുടങ്ങിയ സ്ഥലങ്ങളിലും ഈ സയ്യിദുമാര്‍ താമസമാക്കിയിട്ടുണ്ട്.

ബാ അലവീ കുടുംബത്തിലെ ജിഫ്‌രി ഖബീലയില്‍ നിന്ന് കോഴിക്കോട്ടെത്തിയ പ്രധാനിയാണ് ശൈഖ് ജിഫ്‌രി(റ). ബറാമി കുടുംബത്തിന്റെ മലബാറിലെ കണ്ണി ശൈഖ് അലി ബറാമിയുടെ കച്ചവടസംഘത്തോടൊപ്പമാണ് തന്റെ ഇരുപതാമത്തെ വയസ്സില്‍ ശൈഖ് ജിഫ്‌രി കൊയിലാണ്ടിയില്‍ കപ്പലിറങ്ങുന്നത്. കോഴിക്കോട് ഭരിക്കുന്ന സാമൂതിരിയുടെ ഇതര മതസ്ഥരോടുള്ള സത്ഗുണ പെരുമാറ്റത്തെക്കുറിച്ചുള്ള കേട്ടറിവാണ് അദ്ദേഹത്തെ കേരളത്തിലേക്കാകര്‍ഷിച്ചത്. കോഴിക്കോട്ടെത്തിയ അദ്ദേഹത്തെ അന്നത്തെ ഖാളി മുഹ്‌യിദ്ദീന്‍ ബ്‌നു അബ്ദിസ്സലാമും മുസ്‌ലിം പ്രമുഖരും ചേര്‍ന്ന് സ്വീകരിച്ച് സാമൂതിരിയുടെ കൊട്ടാരത്തിലേക്കാനയിച്ചു. മാനവവിക്രമന്‍ സാമൂതിരി അദ്ദേഹത്തെ ഊഷ്മളമായി സ്വീകരിക്കുകയും കല്ലായിക്ക് സമീപമുള്ള ആനമാട് എന്ന പ്രദേശത്തെ തെങ്ങിന്‍ തോപ്പും കുറ്റിച്ചിറയിലെ വിശാലമായ സ്ഥലവും നല്‍കി മുസ്‌ലിംകള്‍ക്ക് താങ്ങും തണലുമായി അവിടെ തങ്ങാന്‍ ആവശ്യപ്പെടുകയും ചെയ്തു. ഇന്ന് ജിഫ്‌രി ഹൗസ് എന്നറിയപ്പെടുന്ന ഈ വീട് കേന്ദ്രീകരിച്ച് അദ്ദേഹം മലബാറിലെ നവോത്ഥാന പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വമേകി. 

മലബാറിലെ നവോത്ഥാനങ്ങള്‍ക്ക് നിരവധി സംഭാവനകളര്‍പ്പിച്ച ശൈഖ് ഹസന്‍ ജിഫ്‌രി(റ) ശൈഖ് ജിഫ്‌രിയുടെ പിതൃവ്യ പുത്രനും മമ്പുറം തങ്ങളുടെ മാതുലനും ഭാര്യാ പിതാവുമാണ്. തിരൂരങ്ങാടിയില്‍ വന്ന് താമസമാക്കിയ അദ്ധേഹം മഖ്ദൂം കുടുംബത്തില്‍ നിന്ന് വിവാഹം കഴിച്ച് മമ്പുറത്ത് താമസമാക്കി. ഇവരുടെ മരുമകനാണ് ഖുതുബുസ്സമാന്‍ മൗലദ്ദവീല സയ്യിദ് അലവി തങ്ങള്‍(ഖ.സി). ഹസന്‍ ജിഫ്‌രിക്ക് ശേഷം താന്‍ ഏറ്റെടുത്തിരുന്ന ആത്മീയ സംസ്‌കാരിക പ്രവര്‍ത്തനങ്ങള്‍ നിര്‍വഹിച്ചത് മമ്പുറം തങ്ങളും മകന്‍ സയ്യിദ് ഫള്ല്‍ തങ്ങളുമായിരുന്നു. സയ്യിദ് ഫള്‌ല് തങ്ങള്‍ 1852ല്‍ ബ്രിട്ടീഷുകാരുടെ കാലത്ത് അറേബ്യയിലേക്ക് മാറിത്താമസിച്ചതോടെ അവരുടെ പിന്‍മുറ ഇവിടെ അവശേഷിച്ചില്ല.

സയ്യിദ് കുടുംബങ്ങളെപ്പാലെ നിരവധി പണ്ഡിത കുടുംബങ്ങളും യമനില്‍ നിന്ന് കേരളത്തിലെത്തിയിട്ടുണ്ട്. മലബാറിലെ മക്കയായ പൊന്നാനി കേന്ദ്രമാക്കി വൈജ്ഞാനിക സംസ്‌കാരിക മേഖലകളില്‍ നവോത്ഥാനം പണിത മഖ്ദൂം കുടുംബം യമനീ പാരമ്പര്യമുള്ളവരാണ്. യമനില്‍ നിന്ന് കായല്‍പട്ടണത്ത് കുടിയേറിയ ശൈഖ് ഇബ്‌റാഹീം ബിന്‍ അഹ്മദ് മഖ്ദൂം, സഹോദരന്‍ അലി ബിന്‍ മുഹമ്മദ് മഖ്ദൂം എന്നിവരുടെ പിന്‍മുറക്കാരില്‍ കൊച്ചിയില്‍ താമസമാക്കിയവരാണ് കേരളത്തില്‍ മഖ്ദുമീ കുടുംബത്തിലെ ആദ്യകണ്ണികള്‍. മഖ്ദൂമികളെ ചരിത്രം ഒഴിച്ച് നിര്‍ത്തി മലബാറിന്റെ ചരിത്രം തന്നെ എഴുതാന്‍ സാധ്യമല്ല. പണ്ഡിതരും ഖാദിമാരും മുഫ്തികളും ഗ്രന്ഥ രചയിതാക്കളും അധിനിവേശ വിരുദ്ധ പോരാട്ടക്കാരുമായി  സമൂഹവുമായി ഇടപെട്ട് അവര്‍ ജീവിച്ചു. ശംസുല്‍ ഉലമയെന്ന നവോത്ഥാന നായകന്റെ കുടുംബവേരും ചെന്നത്തുന്നത് യമനിലാണ്. ഈ സയ്യിദുമാരും പണ്ഡിതമഹത്തുക്കളും സൂഫികളും ചേര്‍ന്നാണ് യമനീ പാരമ്പര്യത്തിന്റെ തനിമയുള്ള ഇസ്‌ലാം കേരളീയര്‍ക്ക് നല്‍കി മലബാറിന്റെ മുഖച്ഛായ മാറ്റിയെടുത്തത്. കേരളത്തില്‍ ഇസ്‌ലാമിന്റെ തനിമ നിര്‍ത്തിയ ഇവരുടെ(സയ്യിദുമാര്‍/പണ്ഡിതന്‍മാര്‍) പിന്‍ തലമുറയാണ് പുത്തന്‍പ്രസ്ഥാനത്തിന്റെയും അധിനിവേഷ സംസ്‌കാരത്തിന്റെയും കുത്തൊഴിക്കില്‍ ഒലിച്ചുപോകുമായിരുന്ന കേരളീയ മുസ്‌ലിമിന്റെ ഈമാന്‍ സംരക്ഷിക്കുവാനുള്ള കവചമായി സമസ്ത കെട്ടിപ്പടുത്തത്. അവര്‍ പണിതുയര്‍ത്തിയ സമസ്തയാണ് ഇന്നും കേരളത്തില്‍ ബഹുജനാടിത്തറയുള്ള ഏറ്റവും വലിയ സംഘടന.

 

സമസ്തയും സയ്യിദുമാരും.

സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ; കാലം തേടിയ അനിവാര്യതയുടെ സൃഷ്ടിയാണത്. പാരമ്പര്യമായി മുസ്‌ലിം ലോകം തുടര്‍ന്നു പോന്നിരുന്ന പല കാര്യങ്ങളും ബിദ്അത്താണെന്നും നരകപ്രവേശനത്തിന് കാരണമാകുമെന്നും വാദിച്ചു കൊണ്ട് മതത്തിന്റെ മേലംഗിയണിഞ്ഞു വന്ന നപുംസകങ്ങളില്‍ നിന്ന് പാവപ്പെട്ട മുസ്‌ലിമിന്റെ ഈമാന്‍ സംരക്ഷിക്കേണ്ടത് തങ്ങളുടെ ധാര്‍മ്മിക ബാധ്യതയാണെന്ന് മനസ്സിലാക്കിയ ദീര്‍ഗ്ഗ ദൃക്കുകളും നിഷ്‌കളങ്കരും നിസ്വാര്‍ത്ഥരുമായ പണ്ഡിതരുടേയും സയ്യിദുമാരുടേയും ചിന്താഫലമാണ് ഈ പണ്ഡിത സംഘടന. തന്റെ കാല ശേഷം വിശുദ്ധ ഖുര്‍ആനും തന്റെ കുടുംബവും സമൂഹത്തില്‍ ഇട്ടേച്ചു പോവുകയും വിശ്വാസ സംരക്ഷണത്തിന് അവ രണ്ടും നിങ്ങള്‍ മുറുകെ പിടിക്കണമെന്നും സമൂഹത്തോട് നിര്‍ദേശിക്കുകയും ചെയ്തു. മഹാപ്രളയകാലത്ത് വിശ്വാസികള്‍ രക്ഷതേടിയ നൂഹി(റ)ന്റെ നൗകയാണ് എന്റെ അഹ്‌ലുബൈതിന്റെ ഉപമയെന്ന് പഠിപ്പിച്ചതിലൂടെ സമൂഹം അവരെയാണ് പിന്തുടരേണ്ടതെന്ന് ബോധിപ്പിക്കുകയായിരുന്നു നബി(സ) ചെയ്തത്. സമസ്തയെ അംഗീകരിച്ച്, അതിന് നേതൃത്വം നല്‍കുന്ന മഹാന്‍മാരെ പിന്തുടര്‍ന്ന് ജീവിച്ചാല്‍ സത്യപാന്ഥാവിലൂടെ നീങ്ങുവാന്‍ പ്രയാസപ്പെടേണ്ടി വരില്ല. മഹാന്‍മാരായ സയ്യിദുമാരുടേയും സൂഫികളുടേയും പണ്ഡിത മഹഹത്തുക്കളുടേയും ആശീര്‍വാദം കൊണ്ടും പരിലാളന കൊണ്ടുമാണ് സമസ്ത ഇന്നോളം മുന്നോട്ട് ഗമിച്ചത്. സ്ഥാപിതതമായ സമയം മുതല്‍ ഇന്നോളം അതിന് ഭംഗം സംഭവിച്ചിട്ടില്ല. 


സയ്യിദ് ബാ അലവി വരക്കല്‍ മുല്ലക്കോയ തങ്ങള്‍

1926 ജൂണ്‍ 26 സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ രൂപികരിക്കപ്പെടുമ്പോള്‍ അതിന്റെ പ്രഥമ പ്രസിഡന്റായി നിയമിക്കപ്പെട്ടത് സയ്യിദ് ബാ അലവി വരക്കല്‍ മുല്ലക്കോയ തങ്ങളാണ്. ഖുതുബുസ്സമാനും കേരള ജനതയുടെ ആശാ കേന്ദ്രവും പണ്ഡിതരുടെ ആശ്രയവും അധ്യാത്മിക ജ്ഞാനത്തിന്റെ മര്‍മ്മമറിഞ്ഞ സൂഫിയുമായിരുന്ന മഹാനവര്‍കള്‍ പ്രാര്‍ത്ഥനക്ക് ഉത്തരം കിട്ടുന്ന അത്യപൂര്‍വ്വ വ്യക്തിത്വത്തിനുടമയായിരുന്നു. 

നാലു നൂറ്റാണ്ടുകള്‍ക്ക് മുമ്പ് സാമൂതിരി രാജാവ് കോഴിക്കോട് ഭരിച്ചു കൊണ്ടിരിക്കുന്ന കാലത്താണ് സ്മര്യപുരുഷന്റെ പിതാമഹന്‍ സയ്യിദ് അലിഹാമിദ് ബാ അലവി(ഖ:സി) മലബാറിലെത്തുന്നത്. തങ്ങളുടെ സാന്നിദ്ധ്യം ഒരനുഗ്രഹമായിക്കണ്ട സാമൂതിരി രാജന്‍ ഇവിടെ താമസിക്കുവാനുള്ള സമ്മതം നല്‍കി. അങ്ങിനെ ഇവിടുന്ന് തന്നെ ജീവിത സഖിയെ കണ്ടെത്തി പുതിയങ്ങാടിയില്‍ താമസമാരംഭിച്ചു. കാലാന്തരങ്ങളില്‍ മഹാനുഭാവന്‍ മലബാറുകാരുടെ അഭയ കേന്ദ്രമായി മാറി. രോഗികളും അവശരും ആലംബമില്ലാത്തവരും തങ്ങളുടെ അനുഗ്രഹാശിസ്സുകള്‍ തേടിയെത്തി. തങ്ങളുടെ ഒരു വാക്ക്, ഒരു സ്പര്‍ശനം, ഒരു പ്രാര്‍ത്ഥന, ഒരു സ്വാന്തന വചനം എല്ലവരും പ്രതീക്ഷിക്കുന്നത് അത്രമാത്രം. ആത്മീയ ദാഹം തീര്‍ക്കുവാന്‍ ആഗ്രഹിക്കുന്നവരും തങ്ങളെ തേടിയെത്തുന്നുണ്ട്. അദ്ധേഹത്തിന് അലി എന്ന കുഞ്ഞ് പിറന്നു.

 ഒരു റബീഉല്‍ അവ്വല്‍ മാസത്തില്‍ മഹാനവര്‍കള്‍ വഫാതായി. തങ്ങളുടെ കാല ശേഷം കാര്യനിര്‍വ്വഹണത്തിന് പ്രാപ്തനായി മകന്‍ വളര്‍ന്ന് വന്നു. പിതാവിനെപ്പോലെ തങ്ങളുടെ അഭയ കേന്ദ്രമായി ജനങ്ങള്‍ മകന്‍ സയ്യിദ് അലി ബാഅലവി തങ്ങളെയും കണ്ടു. പുതിയങ്ങാടി പഴയകത്ത് പീടിയക്കല്‍ തറവാട്ടില്‍ നിന്ന് ദീനി ചിട്ടയുള്ള ഒരു പെണ്‍ കുട്ടിയെ വിവാഹം കഴിച്ച അദ്ധേഹത്തിന് രണ്ടാണ്‍ മക്കളും ഒരു പെണ്‍കുട്ടിയുമായി മൂന്ന് മക്കള്‍ ജനിച്ചു. അതില്‍ ഒരാണ്‍ കുഞ്ഞ് ചെറുപ്പത്തിലേ മരിച്ചു. ശേഷിച്ച മകന്റെ പേര് സയ്യിദ് അഹ്മദ് ബാ അലവി എന്നായിരുന്നു. പെണ്‍കുട്ടിയെ മദീനയിലേക്ക് കെട്ടിച്ചയച്ചു. സയ്യിദ് അലി ബാഅലവി തങ്ങള്‍ക്ക് ശേഷം അഹ്മദ് ബാഅലവി തങ്ങള്‍ ജനങ്ങളുടെ അഭയകേന്ദ്രമായി. ഐഹികമായി തീരെ ബന്ധമില്ലാത്ത അദ്ധേഹം സദാ അല്ലാഹുവുമായുള്ള ബന്ധം നിലനിര്‍ത്തി. മനുഷ്യ സേവനത്തിലൂടെ ദൈവിക സാമീപ്യം കരസ്ഥമാക്കാമെന്ന് മനസ്സിലാക്കിയ മഹാനുഭാവന്‍ അതിനുള്ള അവസരങ്ങള്‍ മുഴുവന്‍ ഉപയോഗപ്പെടുത്തി. കൊയിലാണ്ടിയില്‍ നിന്ന് വിവാഹം കഴിച്ച അദ്ധേഹത്തിന് ഒരാണ്‍ കുഞ്ഞ് മാത്രമാണ് ജനിച്ചത്. ഹസന്‍ ബാ അലവി എന്നാണ് കുട്ടിയുടേ പേര്.


പ്രപിതാക്കളുടെ പാത പിന്‍തുടര്‍ന്ന് ജീവിതം നയിച്ച ഹസന്‍ ബാഅലവി ലോകകാര്യങ്ങള്‍ കൂടി ശ്രദ്ധികക്കുന്നവരായിരുന്നു. അറബ് ലോകത്തും ഇന്ത്യയിലും നടക്കുന്ന സംഭവങ്ങളും കേരളത്തിലെ സംഭവ വികാസങ്ങളും ശ്രദ്ധയോടെ വിലയിരുത്തി. പറങ്കികളുടെ അക്രമണവും മലബാറുകാരുടെ പ്രതിരോധവും മറ്റുമൊക്കെ തങ്ങളുടെ വിശകലനത്തിന് വിധേയമായി. ഇല്‍മും ഇബാദത്തും ഒത്തിണങ്ങിയ ആ മഹത്ജീവിതത്തില്‍ സത്ഗുണസമ്പന്നയായ ഒരിണയെ വധുവായി ലഭിച്ചു. ഈ ദാമ്പത്യത്തില്‍ രണ്ടാണ്‍കുട്ടികളാണ് പിറന്നത്. മൂത്ത കുട്ടി മുഹമ്മദും ഇളയ കുട്ടി അഹമ്മദും. പണ്ഡിതരായി വളര്‍ന്ന് വന്ന ഈ സയ്യിദുമാര്‍ പിതാവിന്റെ കാല ശേഷം കാര്യങ്ങള്‍ നിയന്ത്രിച്ചു. മുഹമ്മദ് ബാഅലവി തങ്ങളുടെ കയ്യിലായിരുന്നു കാര്യങ്ങളുടെ നിയന്ത്രണങ്ങള്‍. നിരവധി മഹല്ലുകളിലെ ദീനി പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിച്ചിരുന്നത് സയ്യിദ് മുഹമ്മദ് ബാഅലവി തങ്ങളാണ്. നിരവധി പേര്‍ അവിടുത്തെ ധന്യസാന്നിധ്യത്തില്‍ വെച്ച് ഇസ്‌ലാം സ്വീകരിച്ചു. കുരുക്കഴിയാത്ത പ്രശ്‌നങ്ങള്‍ മുഴുവന്‍ മഹാനുഭാവന്‍ തീര്‍ത്തു കൊടുത്തു. ഭരണം നടത്തിയിരുന്ന ബ്രിട്ടീഷുകാര്‍ പോലും തങ്ങളെ വന്ന് കണ്ട് കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാറുണ്ടായിരുന്നു. കടലിന്റെ മക്കള്‍ക്ക് അറുതി വന്നപ്പോള്‍ അവര്‍ മുഹമ്മദ് ബാഅലവി തങ്ങളെ സമീപിച്ചു പരിതാപമറിയിച്ചു.  അവര്‍ പറഞ്ഞു കടല്‍ ക്ഷോഭിക്കാന്‍ തുടങ്ങിയിട്ടുണ്ട്. വള്ളവും വലയുമായി കടലിലിറങ്ങിയാല്‍ രാക്ഷസ തിരമാലകള്‍ എല്ലാം അശേഷം നശിപ്പിച്ചു കളയുകയാണ്. പരാതിയുമായി വന്നവരില്‍ സ്ത്രീജനങ്ങളും കുട്ടികളും വൃദ്ധരും എല്ലാമുണ്ട്. ഹൃദയം നോവുന്ന പരാതിയുമായി വന്ന ജനക്കൂട്ടത്തോട് സയ്യിദ് മുഹമ്മദ് ബാഅലവി തങ്ങള്‍ പറഞ്ഞു, നിസ്‌കാരം ആരും ഉപേക്ഷിക്കരുത്. നമസ്‌കാരങ്ങള്‍ക്ക് ശേഷം അല്ലാഹുവിനോട് നന്നായി പ്രാര്‍ത്ഥിക്കുകയും ചെയ്യുക. ശേഷം ഒരു കടലാസില്‍ എന്തോ എഴുതിക്കൊടുത്ത് കടലില്‍ കൊണ്ടു പോയി ഇടാന്‍ പറഞ്ഞു. തങ്ങള്‍ എഴിതിയ കടലാസ് കടലുമായി ചേരേണ്ട താമസം ആ ഭാഗങ്ങളിലെ രൗദ്ര ഭാവം പൂണ്ടിരുന്ന തിരമാലകള്‍ അടങ്ങാന്‍ തുടങ്ങി. വള്ളവുമായി കടലിലിറങ്ങിയ ജനം വേണ്ടുവോളം മീനുമായി മടങ്ങി വന്നു.

സയ്യിദ് മുഹമ്മദ് ബാ അലവി തങ്ങള്‍ വിവാഹം ചെയ്തത് ആഇശ മരക്കാരകത്ത് ശരീഫ ചെറിയ ബീവിയെയാണ്. ഈ ദാമ്പത്യത്തില്‍ രണ്ടാണും ഒരു പെണ്ണും ജനിച്ചു. ശരീഫ മുല്ലബീവി, സയ്യിദ് മുഹമ്മദ് കുഞ്ഞി സീതിക്കോയ ബാഅലവി, സയ്യിദ് അബ്ദുറഹിമാന്‍ ബാഅലവി എന്നിവരാണവര്‍. ഇവിടെ മൂന്നമതായി പരാമര്‍ശിക്കപ്പെട്ട വ്യക്തിയാണ് ബഹുമാനപ്പെട്ട വരക്കല്‍ മുല്ലക്കോയ തങ്ങള്‍ സയ്യിദ് അബ്ദുറഹിമാന്‍ ബാഅവലി എന്ന സ്മര്യപുരുഷന്‍. ശരീഫ മുല്ലബീവിയെ വിവാഹം കഴിച്ചത് കൊയിലാണ്ടിയിലെ സയ്യിദ് അബ്ദുല്ല ബാഫഖിയാണ്(സയ്യിദ് അബ്ദുറഹിമാന്‍ ബാഫഖി തങ്ങളുടെ ഉമ്മയുടെ പിതാവ്-സയ്യിദ് അബ്ദുല്ല ബാഫഖിക്ക് മറ്റൊരു ഭാര്യയില്‍ ജനിച്ച മകളാണ് അബ്ദുറഹിമാന്‍ ബാഫഖിയുടെ ഉമ്മ).

ശരീഫ ചെറിയ ബീവിയുടെ മരണത്തിന് ശേഷം സയ്യിദ് മുഹമ്മദ് ബാ അലവി തങ്ങള്‍ ശരീഫ സൈനബ ആറ്റ ബീവിയെ വിവാഹം കഴിച്ചു. ഇവരില്‍ ഏഴ് മക്കള്‍  ജനിച്ചു. സയ്യിദ് ഫള്‌ല് പൂക്കോയ തങ്ങള്‍, സയ്യിദ് അഹ്മദ് ആറ്റക്കോയതങ്ങള്‍, സയ്യിദ് അലവിക്കോയ തങ്ങള്‍, ചെറിയ കോയതങ്ങള്‍, ശരീഫ ആഇശ എന്ന കുഞ്ഞി ബീവി, ശരീഫ ഖദീജ ചെറിയ ഇമ്പിച്ചിബീവി, ശരീഫ മുത്ത്ബീവി ഇവരാണവര്‍. ബാ അലവീ സാദാത്തീങ്ങള്‍ക്ക് പൊതുവെ മക്കള്‍ കുറവാണെങ്കിലും സയ്യിദ് മുഹമ്മദ് ബാഅലവി തങ്ങള്‍ക്ക് രണ്ടു ഭാര്യയിലുമായി പത്ത് മക്കളെ അല്ലാഹു നല്‍കിയിട്ടുണ്ട്. സയ്യിദ് മുഹമ്മദ് ബാഅലവിയുടെ രണ്ട് മക്കള്‍ അനുജനായ അഹമ്മദ് ബാ അലവിതങ്ങളുടെ രണ്ട് പെണ്‍മക്കളെയാണ് വിവാഹം കഴിച്ചത്. മൂത്തമകന്‍ ആറ്റബീവിയേയും ഇളയമകന്‍ വരക്കല്‍തങ്ങള്‍ ആറ്റബീവിയുടെ അനുജത്തി ശരീഫ സൈനബ ബീവിയെയും. ആറ്റബീവി രണ്ട് മക്കളെ പ്രസവിച്ചെങ്കിലും ശരീഫ സൈനബ ബീവി മക്കളെ പ്രസവിച്ചിട്ടില്ല. 1892ല്‍ ശരീഫ സൈനബ ബീവി മരിച്ച ശേഷം ചാവക്കാട് നിന്ന് അസ്സഖാഫ് ഖബീലയില്‍ പെട്ട സയ്യിദ് ഹൈദ്രോസ് കോയതങ്ങളുടെ സഹോദരി ചെറിയ ബീവിയെ വിവാഹം കഴിച്ചു. രണ്ട് വിവാഹത്തിലും തങ്ങള്‍ക്ക് മക്കളുണ്ടായിട്ടില്ല. 

ആദ്യമായി കോഴിക്കോട് കപ്പലിറങ്ങിയ സയ്യിദ് ഹാമിദ് അലി ബാഅലവിയുടെ ആറാം തലമുറയിലാണ് വരക്കല്‍ തങ്ങള്‍ ജനിക്കുന്നത്. വരക്കല്‍ മുല്ലക്കോയ തങ്ങള്‍ ജനിക്കുന്നതിന് മുമ്പ് തന്നെ ഇത് അസാധാരണ കുട്ടിയാണെന്ന് പിതാവ് സയ്യിദ് മുഹമ്മദ് ബാഅലവി തങ്ങള്‍ക്കറിയാമായിരുന്നു. ലോകത്തിന്റെ ഖുതുബാണ് പ്രസവിക്കാന്‍ പോകുന്നത്. ലോകം നിയന്ത്രിക്കുന്ന അഖ്താബുകളുടെ ഗണത്തിലേക്ക് മറ്റൊരു താരോദയം കൂടിപിറന്നു വീഴുന്നു. ഖുതുബ് ജനിക്കുമ്പോള്‍ ലോകത്ത് ചില അടയാളങ്ങളൊക്കെ ഉണ്ടാകുന്നത് സ്വാഭാവികം. വരക്കല്‍ തങ്ങള്‍ പ്രസവിക്കപ്പെട്ട അന്നേദിവസം നട്ടുച്ച നേരത്ത് ആകാശ നീലിമയില്‍ നല്ല പ്രകാശമുള്ള നക്ഷത്രം ഉദിച്ചത് അന്നത്രെ പൗരപ്രമുഖരായ പലരും കണ്ടുവെന്ന് ശംസുല്‍ ഉലമയടക്കം പണ്ഡിത മഹത്തുക്കള്‍ പിന്നീട് ഉദ്ധരിച്ചിരുന്നു. മഹാനായ ഖുതുബുസ്സമാന്‍ സയ്യിദ് അലവി മമ്പുറം മൗലദ്ദവീല തങ്ങളെ വരക്കല്‍ തങ്ങള്‍ കാണുകയും അനുഗ്രഹം വാങ്ങുകയും ചെയ്തിട്ടുണ്ട്. 

അപാരബുദ്ധിയും ഗ്രാഹ്യശക്തിയും ഉണ്ടായിരുന്ന തങ്ങള്‍ വളരെ വേഗം വിജ്ഞാന വിഹായസ്സില്‍ വട്ടമിട്ട് പറക്കാന്‍ തുടങ്ങി. സയ്യിദ് അലി അത്താസ്(മദീന), അബ്ദുല്ലാഹില്‍ മഗ്‌രിബി(യമന്‍), കോഴിക്കോട് ഖാസി കുടുംബത്തിലെ പ്രമുഖ പണ്ഡിതനും നിമിഷ കവിയും നിരവധി ഗ്രന്ഥങ്ങള്‍ രചിക്കുകയും ചെയ്ത മൗലാന കില്‍സിങ്ങാന്റകത്ത് അബൂബക്കര്‍ കുഞ്ഞുഖാസി തുടങ്ങിയവരായിരുന്നു അവിടുത്തെ പ്രധാന ഗുരുവര്യര്‍. അറബി, ഉര്‍ദു, പേര്‍ഷ്യന്‍, ഇംഗ്ലീഷ്, മലയാളം തുടങ്ങിയ ഭാഷകളില്‍ പ്രാവീണ്യം നേടിയ മഹാനവര്‍കള്‍കളുടെ അടുക്കല്‍ കേരളത്തിന്റെ ഗതിവിഗതികള്‍ നിയന്ത്രിച്ച നിരവധി പണ്ഡിത മഹത്തുക്കള്‍ പഠിതാക്കളായി ഉണ്ടായിരുന്നു. പാങ്ങില്‍ അഹ്മദ് കുട്ടി മുസ്‌ലിയാര്‍, ഖുതുബി മുഹമ്മദ് മുസ്‌ലിയാര്‍, പുതിയാപ്പിള അബ്ദുറഹിമാന്‍ മുസ്‌ലിയാര്‍, മുഹമ്മദ് അബ്ദുല്‍ ബാരി മുസ്‌ലിയാര്‍ തുടങ്ങിയവരൊക്കെ ആ ഉറവയില്‍ നിന്ന് വിജ്ഞാന ദാഹം തീര്‍ത്തവവരാണ്.

 

കേരളത്തിലെ ഏകമുസ്‌ലിം രാജവംശമായിരുന്ന അറക്കല്‍ രാജകുടുംബത്തിന് വരക്കല്‍ മുല്ലക്കോയ തങ്ങളുമായി അവിഛേദ്യബന്ധമാണുണ്ടായിരുന്നത്. വിദേശ രാജ്യങ്ങളിലേക്കുള്ള കത്തുകള്‍ തയ്യാറാക്കുക, വിദേശങ്ങളില്‍ നിന്ന് വന്ന കത്തുകള്‍ പരിഭാഷപ്പെടുത്തുക, മറുപടി എഴുതുക തുടങ്ങിയ കാര്യങ്ങളൊക്കെ ഏല്‍പ്പിക്കപ്പെട്ടിരുന്ന തങ്ങളുമായി ഭരണകാര്യങ്ങള്‍ പോലും അവര്‍ ചര്‍ച്ച ചെയ്യാറുണ്ടായിരുന്നു. ഇത് വഴി ശറഇന്നു വിരുദ്ധമല്ലാത്ത കാര്യങ്ങള്‍ യഥാവിധി നടപ്പിലാക്കാന്‍ രാജാവിനു കഴിഞ്ഞുവെന്നത് പ്രത്യേകം പ്രസ്താവ്യമാണ്.

ഹൈദരാബാദ് നൈസാം അയച്ചുകൊടുത്ത വില കൂടിയ കുതിരവണ്ടിയാണ് തങ്ങള്‍ക്ക് വേണ്ടി തയ്യാറാക്കപ്പെട്ടിരുന്നത്. പുതിയങ്ങാടിയില്‍ നിന്ന് കണ്ണൂരിലേക്ക് യാത്ര പോകുമ്പോള്‍ തങ്ങള്‍ക്ക് ഇളനീര്‍ കുടിക്കാന്‍ വേണ്ടി മാത്രം അറക്കല്‍രാജന്‍ വിലക്കു വാങ്ങി അടയാളം വെച്ച തെങ്ങുകള്‍ വെച്ചു പിടിപ്പിച്ചിരുന്നു. കലക്‌ട്രേറ്റ് സന്ദര്‍ശിക്കുന്ന വേളയില്‍ അവിടെയുള്ള മുഴുവന്‍ ഉദ്യോഗസ്ഥരും ബഹുമാനാര്‍ത്ഥം എണീറ്റ് നിന്നാണ് തങ്ങളെ ആദരിച്ചിരുന്നത്. പുതിയങ്ങാടിയില്‍ വെള്ളക്കാര്‍ നിര്‍മിച്ച റോഡ് കോയറോഡ് എന്നാണറിയപ്പെടുന്നത്. വരക്കല്‍ തങ്ങളുടെ പിതാവിനെയും ശേഷം തങ്ങളേയും ആളുകള്‍ ബഹുമാനാര്‍ത്ഥം വിളിച്ചിരുന്ന പേരാണ് കോയത്തങ്ങള്‍ എന്നത്. അത് കൊണ്ടാണ് ആ റോഡിന് കോയറോഡ് എന്ന് പേര് വന്നത്. പുതിയങ്ങാടി മുല്ലക്കോയ തങ്ങളുടെ വീട്ടിലേക്ക് കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് നിരവധി പേര്‍ ട്രെയിന്‍ മാര്‍ഗം വന്നിരുന്നു. ഇന്നത്തെ വെസ്റ്റ്ഹില്‍ റെയില്‍വേസ്റ്റേഷന്‍ അന്ന് വരക്കല്‍ റെയില്‍വേ സ്റ്റേഷന്‍ എന്നാണറിയപ്പെട്ടിരുന്നത്. അത് കാരണം ദൂരെനിന്ന് വരുന്നവര്‍ വരക്കല്‍ തങ്ങള്‍ എന്നാണ് പറഞ്ഞിരുന്നത്.


ഇത്രയേറെ ജനസമ്മിതിയും മഹത്വവും ആദരവും കൈവരിച്ച വരക്കല്‍ ബാഅവലി തങ്ങളാണ് സമസ്ത സ്ഥാപിക്കാന്‍ ആഹ്വാനം നല്‍കിയതും ആശീര്‍വദിച്ചതും പ്രഥമ പ്രസിഡന്റായി കാര്യങ്ങള്‍ നിയന്ത്രിച്ചതും. സമസ്തയുടെ രൂപീകരണദിവസം മണിക്കൂറുകളോളം കണ്ണ്‌നീര്‍വാര്‍ത്ത് സമൂഹത്തിന്റെ സങ്കടം മുഴുവന്‍ അല്ലാഹുവിനോട് പറഞ്ഞാണ് മഹാനവര്‍കള്‍ പ്രാര്‍ത്ഥിച്ചത്. സമസ്ത ഖിയാമത് നാള്‍ വരെ നിലനില്‍ക്കുവാനും അതിന് വേണ്ടി പ്രവര്‍ത്തിക്കുന്നവരുടെ ഇഹപര ഗുണത്തിനും അവിടുന്ന് ഏറെ നേരം പ്രാര്‍ത്ഥിച്ചിട്ടുണ്ട്. അല്ലാഹുവിന്റെ അടിമകളില്‍ ചിലര്‍ അവനോട് എന്ത് ചോദിച്ചാലും അവനത് പൂര്‍ത്തീകരിച്ചു കൊടുക്കുമെന്ന മഹത് വചനം ഇവിടെ പുലരുകയാണ്. ഖുതുബുസ്സമാനാണ് പ്രാര്‍ത്ഥിക്കുന്നത്. പാപക്കറപുളരാത്ത ശുദ്ധ ഹൃദയരായ ണ്ഡിതമഹത്വുക്കളാണ് ആമീന്‍ പറയുന്നത്. ആ പ്രാര്‍ത്ഥന അല്ലാഹു സ്വീകരിക്കുമെന്നതില്‍ സംശയമേയില്ല.

മൂന്ന് പ്രധാന വെല്ലുവിളികളാണ് സമസ്ത രൂപീകരണ വേളയില്‍ ഉണ്ടായിരുന്നത്. ബ്രിട്ടീഷുകാരുടെ ഒത്താശയോടെ കടന്നുവന്ന ഖാദിയാനിസം, വ്യാജ ത്വരീഖത്തുകള്‍, ശൈഖുമാര്‍, ഖിലാഫത്ത് കാലത്ത് തിരുവിതാംകൂറിലേക്ക് ഒളിച്ചോടി പിന്നീട് വഹാബി ചിന്തയുമായി കടന്നവന്ന ബിദ്അത്തുകാര്‍ ഇവരാണ് ആ മൂന്ന് പ്രതിസന്ധികള്‍. എല്ലാത്തിനും പരിഹാരം തേടി ജനങ്ങള്‍ക്ക് ചെല്ലാനുണ്ടായിരുന്നത് വരക്കല്‍ മുല്ലക്കോയ തങ്ങളുടെ സവിധത്തിലേക്ക് തന്നെ. ആ സമയത്താണ് തന്റെ മുരീദുമാരുമായി ഒരു സംഘടനയുടെ പ്രാധാന്യത്തെക്കുറിച്ച് തങ്ങള്‍ സംസാരിക്കുന്നത്. പിന്നീട് സമസ്ത രൂപീകരണത്തിനുള്ള പ്രവര്‍ത്തനങ്ങളുമായി അവര്‍ മുന്നോട്ട് പോയി.   1926 രൂപീകരിച്ച ശേഷം അറ് വര്‍ഷം മാത്രമാണ് തങ്ങള്‍ ജീവിച്ചത്. പക്ഷേ ആ ചുരുങ്ങിയ കാലയിളവില്‍ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ ചെയ്ത പ്രവര്‍ത്തനങ്ങള്‍ സ്തുത്യര്‍ഹമാണ്.

അക്കാലയിളവില്‍ അഞ്ച് സമ്മേളനങ്ങളാണ് നടന്നത്. ഓരോ സമ്മേളനത്തിനും വ്യക്തമായ അജണ്ടയും ലക്ഷ്യവും മുന്നില്‍ കാണുകയും ആ ലക്ഷ്യത്തിലെത്താന്‍ കഠിനാദ്ധ്വാനം ചെയ്യുകയും ചെയ്തു. എല്ലാം തങ്ങളുടെ സവിധത്തില്‍ വെച്ചാണ് കൂടിയാലോചിക്കുന്നത്. ശാരീരികമായി തളര്‍ന്നിട്ടുണ്ടെങ്കിലും മനസ്സിന് ക്ഷീണം ബാധിക്കാത്ത അവര്‍ എല്ലാം നിയന്ത്രിച്ചു. സുന്നത്ത് ജമാഅത്തിന്റെ സന്ദേശം ജനങ്ങളിലെത്തിക്കുക, പുത്തന്‍ വാദികളുടെ ജല്‍പനങ്ങള്‍ക്ക് മറുപടി പറയുക, സംഘടന ശക്തിപ്പെടുത്തുക തുടങ്ങിയ ബഹുമുഖ പ്രവര്‍ത്തനങ്ങളാണ് സമ്മേളനങ്ങള്‍ കൊണ്ട് കാര്യമായി ലക്ഷീകരിച്ചിരുന്നത്. 1927 ഫെബ്രുവരി 7 ന് താനൂരില്‍ ഒന്നാം സമ്മേളനവും, 1927 ഡിസംബര്‍ 31ന് മോളൂരില്‍ രണ്ടാം സമ്മേളനവും, 1929 ജനുവരി 7 ന് ചെമ്മന്‍കുഴിയില്‍ മൂന്നാം സമ്മേളനവും 1930 മാര്‍ച്ച് 17 ന് മണ്ണാര്‍ക്കാട് നാലാം സമ്മേളനവും 1931 മാര്‍ച്ച് 11ന് വെള്ളിയഞ്ചേരിയില്‍ അഞ്ചാം സമ്മേളനവും നടന്നു. ഓരോ സമ്മേളനത്തിലും കാലികപ്രസക്തമായ നിരവധി തീരുമാനങ്ങളും മറ്റും നടക്കുകയുണ്ടായി. മൂന്നാം സമ്മേളനത്തില്‍ വെച്ചാണ് സമസ്തയുടെ മുഖപ്പത്രമായി അല്‍ബയാന്‍ മാസിക ഇറക്കാനുള്ള ചരിത്രപ്രസിദ്ധമായ തീരുമാനം ഉണ്ടായത്. 

അഞ്ച് സമ്മേളനവും കഴിഞ്ഞു. തങ്ങളുടെ രോഗം മൂര്‍ചിച്ചു വരികയാണ്. കോഴിക്കോട് സ്വകാര്യ ആശുപത്രിയിലെ ഡോക്ടര്‍ വി.എ രാമനാണ് തങ്ങളെ ചികിത്സിച്ചിരുന്നത്. പക്ഷെ ഇനിയേറെ നാള്‍ ആ നേതൃത്വം കിട്ടുമെന്ന് തോന്നുന്നില്ല. ക്രി:1932 ഹിജ്‌റ 1352ല്‍ ശഅ്ബാന്‍ 17 ന് തങ്ങള്‍ വഫാതായി. പിതാമഹന്‍ മാരൊക്കെ അന്ത്യ വിശ്രമം കൊള്ളുന്ന വരക്കല്‍ മഖാമില്‍ തന്നെയാണ് സയ്യിദ് അബ്ദുറഹിമാന്‍ ബാഅലവി വരക്കല്‍ മുല്ലക്കോയ തങ്ങളും അന്ത്യവിശ്രമം കൊള്ളുന്നത്. ഇന്ന് സമസ്തയുടെ കരങ്ങളിലുള്ള ആ സ്ഥലത്ത് തന്നെയാണ് മഹാനായ ശംസുല്‍ ഉലമയുടേയും മഖ്ബറ.

രണ്ട് ഭാര്യമാരിലും മക്കളില്ലെങ്കിലും മുസ്‌ലിം കേരളത്തിനു അഭയകേന്ദ്രമായി സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയെന്ന വലിയ സന്താനത്തെ നല്‍കിയാണ് അവിടുന്ന് കടന്നു പോയത്. അവിടുത്തെ പരമ്പര ഇന്നും സമസ്തയിലൂടെ നിലനില്‍ക്കുന്നു. എന്നും മഹാനവര്‍കള്‍ സമസ്തയിലൂടെ അനുസ്മരിക്കപ്പെടുന്നു. പ്രഗത്ഭരായ പണ്ഡിതരുടെ നേതൃത്തിലൂടെ സമസ്തയുടെ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നു. അതിലൂടെ തങ്ങളുടെ സ്വപ്നങ്ങള്‍ പൂവണിയുന്നു. 


ചെറുകുഞ്ഞിക്കോയ തങ്ങള്‍

സമസ്തയുടെ രൂപീകരണയോഗത്തില്‍ അദ്ധ്യക്ഷത വഹിച്ചയാളാണ് സയ്യിദ് ചെറുകുഞ്ഞിക്കോയതങ്ങള്‍. മഹാനായ വരക്കല്‍ മുല്ലക്കോയ തങ്ങളുടെ സഹോദര പുത്രനാണദ്ധേഹം(വരക്കല്‍ മുല്ലക്കോയ തങ്ങളുടെ ഉമ്മയൊത്ത സഹോദരിയെ വിവാഹം കഴിച്ച കൊയിലാണ്ടിയിലെ സയ്യിദ് അബ്ദുല്ല ബാഫഖിക്ക് അവരില്‍ ഉണ്ടായ നാല് മക്കളില്‍ ഒരാളാണ് സയ്യിദ് ചെറുകുഞ്ഞിക്കോയ തങ്ങള്‍). അമ്മാവനില്‍ നിന്ന് തന്നെയാണ് മഹാനവര്‍കള്‍ മതവിദ്യ നേടിയത്. 

    കോയവീട്ടില്‍ സയ്യിദ് ശിഹാബുദ്ദീന്‍ ഇമ്പിച്ചികോയ തങ്ങള്‍.

പ്രമുഖപണ്ഡിതനും സൂഫിവര്യനുമായിരുന്ന കോഴിക്കോട് കോയവീട്ടില്‍ സയ്യിദ് ശിഹാബുദ്ദീന്‍ ഇമ്പിച്ചിക്കോയ തങ്ങള്‍ സമസ്തയുടെ സ്ഥാപിത കാലം മുതല്‍ തന്നെ മുശാവറ അംഗമായിരുന്നു. വളപട്ടത്തത്ത് എത്തിയ സയ്യിദ് അലി ശിഹാബുദ്ദീന്‍ എന്നിവരുടെ മകന്‍ സയ്യിദ് ഹുസൈന്‍ ശിഹാബുദ്ദീന്‍ തങ്ങളുടെ രണ്ടാമത്തെ മകനാണ് സയ്യിദ് അലി ശിഹാബുദ്ദീന്‍. ഇവരുടെ മകന്‍ സയ്യിദ് അബ്ദുറഹിമാന്‍ ഇമ്പിച്ചിക്കോയ തങ്ങളുടെ മകന്‍ സയ്യിദ് മുഹമ്മദ് പൂക്കോയ തങ്ങളാണ് കോയവീട്ടില്‍ സയ്യിദ് ശിഹാബുദ്ദീന്‍ ഇമ്പിച്ചിക്കോയ തങ്ങളുടെ പിതാവ്. 

പട്ടിക്കാട് ജാമിഅ നൂരിയ്യയുടെ ശിലാസ്ഥാപനം നടത്തിയതും പ്രഥമ കെട്ടിടം ഉത്ഘാടനം ചെയ്തതും മഹാനവര്‍കളാണ്. പാണക്കാട് പൂക്കോയതങ്ങളുടെ സഹോദരി മുത്തുബീവിയാണ് ഭാര്യ. സന്താനങ്ങളില്ലാത്ത അദ്ധേഹത്തിന്റെ വീട്ടില്‍ അവരുടെ ശിക്ഷണത്തിലാണ് പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളും സഹോദരങ്ങളായ ഉമറലി തങ്ങളും ഹൈദരലി തങ്ങളും കോഴിക്കോട് നിന്ന് സ്‌കൂള്‍ പഠനം പൂര്‍ത്തിയാക്കിയത്. 


സയ്യിദ് അബ്ദുറഹിമാന്‍ ബാഫഖി തങ്ങള്‍

രാഷ്ട്രീയ ചിന്തകന്‍, സാമൂഹിക സേവകന്‍, മതബോധവുംദൈവഭക്തിയുള്ളവന്‍, സര്‍വ്വ സത്ഗുണങ്ങളും ഒത്തുചേര്‍ന്ന വര്‍ത്തകപ്രമുഖന്‍, ധിഷിണാ ശാലിയായ നേതാവ്, ഒരു മനുഷ്യന്റെ ജീവിതത്തില്‍ എടുത്തുപറയാവുന്ന സര്‍വ്വ സത്ഗുണങ്ങളും നൂറ് ശതമാനവും സമ്മേളിച്ച കേരളത്തിലെ ഏക വ്യക്തി, അതാണ് സയ്യിദ് അബ്ദുറഹിമാന്‍ ബാഫഖി തങ്ങള്‍. ഇരുപതാം നൂറ്റാണ്ട് കേരളത്തിന് സംഭാവന നല്‍കിയ മത-സംസ്‌കാരിക-രാഷ്ട്രീയരംഗത്തെ അജയ്യനായിരുന്നു ബാഫഖി തങ്ങള്‍. സമസ്ത കേരളജംഇയ്യത്തുല്‍ ഉലമയുടെ അംഗത്വം നേടുന്നതിന് മുമ്പ് തന്നെ സമസ്തയുടെ മുശാവറ യോഗങ്ങളില്‍ അധ്യക്ഷപദമലങ്കരിക്കാന്‍ തങ്ങള്‍ നിയോഗിതനായിരുന്നുവെന്നത് അവരുടെ മഹത്വവും പണ്ഡിത സമൂഹം അവര്‍ക്ക് നല്‍കിയിരുന്ന ആദരവും സമസ്തയുമായി അവര്‍ക്കുണ്ടായിരുന്ന ബന്ധവുമാണ് വിളിച്ചോതുന്നത്. താന്‍ നേതൃത്വമേറ്റെടുത്തിരുന്ന രാഷ്ട്രീയ പ്രസ്ഥാനത്തേക്കാളും സമസ്തയുടെ തീരുമാനങ്ങള്‍ക്കും നയങ്ങള്‍ക്കുമാണ് അവര്‍ പ്രാധാന്യം നല്‍കിയിരുന്നത്. 

ഹിജ്‌റ 1323 ദുല്‍ഹിജ്ജ 25ന് നബി(സ)യുടെ പരമ്പരയില്‍ മുപ്പത്തിഏഴാമത്തെ കണ്ണിയായി സയ്യിദ് അബ്ദുല്‍ ഖാദിര്‍ ബാഫഖിയുടെയും പുതിയമാളിയേക്കല്‍ ഫാത്തിമയുടേയും പുത്രനായി കൊയിലാണ്ടിയില്‍ ജനിച്ചു. അര്‍പ്പണ മനോഭാവവും പ്രാവര്‍ത്തികമായ ഉത്തമമതഭക്തിയും ഉണ്ടായിരുന്ന തങ്ങള്‍ അല്ലാഹുവിലുള്ള അചഞ്ചല വിശ്വാസം, ഇബാദത്തിന് ഉഴിഞ്ഞുവെച്ച ജീവിതം നിഷ്‌കളങ്കമായ പെരുമാറ്റം എന്നിവയില്‍ അനുകരണീയ വ്യക്തിത്വത്തിനുടമയായിരുന്നു. തങ്ങളുടെ കൂടെ സഹവസിച്ചവരൊക്കെ അവരുടെ ഈ സത്ഗുണങ്ങളുടെ ദൃക്‌സാക്ഷികളാണ്. രാഷ്ട്രീയവൈരികള്‍ പോലും അവിടുത്തെ സ്വഭാവ ഗുണങ്ങളെ പ്രകീര്‍ത്തിച്ചിട്ടുണ്ട്. രാഷ്ട്രീയ യോഗങ്ങളും മറ്റും കഴിഞ്ഞ് ക്ഷീണിച്ചവശനായി കാല് തളര്‍ന്ന് വന്നാല്‍ പോലും നീണ്ടനേരം നിശാ നമസ്‌കാരം പതിവാക്കുന്നവരായിരുന്നു ബാഫഖി തങ്ങള്‍. 

1945 ലെ കാര്യവട്ടം സമ്മേളനത്തിലെ ചരിത്ര പ്രസിദ്ധമായ പ്രസംഗത്തിലൂടെയാണ് അബ്ദുര്‍റഹിമാന്‍ ബാഫഖി തങ്ങള്‍ സമസ്തയുടെ നേതൃ രംഗത്തേക്ക് വരുന്നത്. 1926-27 കാല ഘട്ടങ്ങളില്‍ മതരംഗത്ത് വേണ്ട പരിഷ്‌കാരങ്ങള്‍ക്ക് പാങ്ങില്‍ അഹ്മദ് കുട്ടി മുസ്‌ലിയാര്‍ നിര്‍ദേശിച്ച കാര്യങ്ങള്‍ ഉള്‍ക്കൊണ്ട് കാര്യവട്ടം സമ്മേളനത്തില്‍ തങ്ങള്‍ നടത്തിയ പ്രസംഗമാണ് സമസ്തയുടെ കീഴില്‍ വിദ്യാഭ്യാസബോര്‍ഡ് രൂപീകരിക്കുവാന്‍ കാരണമായത്. മുശാവറ അംഗമാവുന്നതിന് മുമ്പുതന്നെ സമസ്തയുടെ മുശാവറ യോഗങ്ങളില്‍ ബാഫഖി തങ്ങള്‍ അദ്ധ്യക്ഷം വഹിച്ചിരുന്നതായി ചരിത്രത്തില്‍ കാണാം. മാത്രവുമല്ല, വലിയങ്ങാടിയിലെ തങ്ങളുടെ പാണ്ടികശാലയില്‍ വെച്ച് സമസ്തയുടെ പല മുശാവറ യോഗങ്ങളും നടന്നിട്ടുമുണ്ട്. 

സമസ്തയുടെ പ്രവര്‍ത്തകനും നേതൃരംഗത്തു എത്തിയതിനും ശേഷം സമസ്തയായിരുന്നു തങ്ങള്‍ക്ക് ജീവന്‍. സമസ്ത ഒരു തീരുമാനം പറഞ്ഞാല്‍ അത് പൂര്‍ണ്ണമായി ശിരസ്സാവഹിക്കുമായിരുന്ന തങ്ങള്‍ താന്‍ നേതൃസ്ഥാനമലങ്കരിച്ചിരുന്ന രാഷ്ട്രീയ പാര്‍ട്ടിയേക്കാള്‍ ഈ പണ്ഡിതസഭയെയാണ് അംഗീകരിച്ചിരുന്നത്. എം.ഇ.എസിന്റെ തുടക്കത്തില്‍ വളരെയധികം സഹായിക്കുകയും സഹകരിക്കുകയും ചെയ്തരുന്ന ബാഫഖി തങ്ങള്‍ മതവിരുദ്ധ പ്രവര്‍ത്തനം മൂലം സമസ്ത മുശാവറ എം.ഇ.എസിനെതിരെ തീരുമാനമെടുത്തപ്പോള്‍ അതില്‍ നിന്ന് ആദ്യമായി അംഗത്വം രാജിവെച്ച് സമസ്തയോടുള്ള പ്രതിബദ്ധത കാണിച്ചു. സമസ്ത അങ്ങിനെ ഒരു തീരുമാനം പറഞ്ഞപ്പോള്‍ അതിനെതിരെ ഒന്നും ഉരിയാടാതെ ഉടന്‍ അംഗത്വം രാജിവെച്ച തങ്ങള്‍, ഈ പണ്ഡിതസഭ കഴിഞ്ഞേ എനിക്കെല്ലാമുള്ളൂ എന്ന് തെളിയിക്കുകയായിരുന്നു. 

വിദ്യാഭ്യാസബോര്‍ഡിന് വേണ്ട സാമ്പത്തിക സ്രോതസ്സ് കണ്ടെത്തുന്നതിന്റെ ഭാഗമായി ദിവസങ്ങളോളം കൊയിലാണ്ടി പ്രദേശത്ത് വഅളുകള്‍ സംഘടിപ്പിക്കുകയും തന്റെ സമ്പാദ്യം ധാരാളം അതിന് വേണ്ടി നല്‍കുകയുമുണ്ടായി. സമസ്തയുടെ കീഴില്‍ ഉന്നതമതവിദ്യാഭ്യാസ കേന്ദ്രങ്ങള്‍ തുടങ്ങണമെന്ന് ശക്തമായി ആഗ്രഹിച്ച തങ്ങള്‍ 1954ല്‍ താനൂര്‍ ഇസ്‌ലാഹുല്‍ ഉലൂം സമസ്ത നേരിട്ടു നടത്തുന്നതിന് നിര്‍ദേശം മുന്നോട്ട് വെക്കുകയും സമസ്ത ഏറ്റെടുത്തപ്പോള്‍ ഭാവി പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടി തങ്ങളുടെ നേതൃത്വത്തില്‍ കമ്മിറ്റി രൂപികരിക്കപ്പെടുകയും ചെയ്തു. 

അതിന് ശേഷം സമസ്തക്ക് കീഴില്‍ സനദ് നല്‍കുന്ന സ്ഥാപനം തുടങ്ങണമെന്ന് മനസ്സില്‍ സ്വപ്നമായി കൊണ്ടുനടന്നിരുന്ന വ്യക്തിയാണ് മര്‍ഹും ബാഫഖി തങ്ങള്‍. 1962ല്‍ സമസ്ത മുശാവറ തീരുമാന പ്രകാരം  സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ അറബിക് കോളേജ് കമ്മിറ്റി നിലവില്‍ വന്നപ്പോള്‍ പ്രഥമ പ്രസിഡന്റായതും തങ്ങളായിരുന്നു. മാത്രമല്ല ജാമിഅ നൂരിയ്യ സ്ഥാപിതമായതിന് ശേഷം മുഴു സമയം ജാമിഅക്ക് വേണ്ടി നീക്കിവെക്കാന്‍ വേണ്ടി തിരൂരിലെ എസ്.എസ്.എം പോളീ ടെക്‌നിക്കിന്റെ അംഗത്വം പോലും രാജിവെക്കുകയുണ്ടായി. 

വിദ്യാഭ്യാസബോര്‍ഡിന്റെ രൂപീകരണത്തിന് വഴിവെച്ചത് കാര്യവട്ടം സമ്മേളനത്തില്‍ തങ്ങള്‍ ചെയ്ത പ്രസംഗമാണെന്ന് പറഞ്ഞുവല്ലോ. അതിന് ശേഷം 1951ല്‍ സെപ്തംബര്‍17ന് വാളക്കുളം പുതുപ്പറമ്പില്‍ വെച്ച് വിദ്യാഭ്യാസബോര്‍ഡിന്റെ പ്രഥമ കമ്മിറ്റി നിലവില്‍ വന്നപ്പോള്‍ തങ്ങളാണ് ട്രഷററായി നിയമിതനായത്. മരിക്കുന്നത് വരെ തത്സ്ഥാനത്ത് തുടരുകയുമുണ്ടായി. 1972 ല്‍ തിരുന്നാവായയില്‍ വെച്ച് നടന്ന ഇരുപത്തിമൂന്നാം സമ്മേളനം തങ്ങളുടെ പ്രത്യേക നിര്‍ബന്ധപ്രകാരം നടത്തപ്പെട്ടതാണ്. ജാമിഅയുടെ സനദ് ദാന സമ്മേളനം കൂടിയായിരുന്ന പ്രസ്തുത സമ്മേളനത്തിന്റെ സ്വാഗതസംഘം രൂപീകരണം മുതല്‍ സമാപന ചടങ്ങ് വരെ തങ്ങള്‍ സജീവമായിരുന്നു. സമാപനദിവസം നടന്ന ജനറല്‍ ബോഡി യോഗത്തിലും സമാപനസമ്മേളനത്തിലും തങ്ങള്‍ നടത്തിയ പ്രസംഗങ്ങള്‍ക്ക് വിടവാങ്ങല്‍ പ്രസംഗത്തിന്റെ ധ്വനിയുണ്ടായിരുന്നു.

ഇരുനൂറിലേറെ വര്‍ഷങ്ങള്‍ക്ക് മുമ്പ് കച്ചവടത്തിന് വേണ്ടി പന്തലായനിയില്‍ വന്ന സയ്യിദ് അഹ്മദ് ബാഫഖിയുടെ പരമ്പരയിലാണ് ബാഫഖി തങ്ങള്‍ ജന്‍മം കൊണ്ടത്. കൊയിലാണ്ടിയിലെ സയ്യിദ് കുടുംബമായ മുനഫര്‍ കുടുംബത്തില്‍ നിന്ന് വിവാഹം കഴിച്ച അദ്ദേഹം അവിടെ ത്തന്നെ താമസമാക്കുകയും ചെയ്തു. അഹ്മദ് ബാഫഖിയെപ്പോലെ കച്ചവടത്തിലും മതത്തിലും മികവ് പുലര്‍ത്തിയിരുന്ന വ്യക്തിയാണ് മകന്‍ സയ്യിദ് ഹാശിം. ഇദ്ധേഹത്തിന് ശേഷം അവരുടെ മകന്‍ മുഹമ്മദ് ബാഫഖി കുടുംബ നാഥനായി. അദ്ധേഹത്തിന്റെ പുത്രനാണ് അബ്ദുല്‍ഖാദിര്‍ ബാഫഖി. കൊയിലാണ്ടിയിലെ വലിയകത്ത് തറവാട്ടില്‍ നിന്നാണ് അദ്ധേഹം ആദ്യമായി വിവാഹം കഴിച്ചത്. ആ ബന്ധത്തില്‍ അബ്ദുല്ല എന്ന് കുഞ്ഞുജനിച്ചു. പിന്നീട് പുതിയമാളിയേക്കല്‍ ഫാത്വിമബീവിയെ വിവാഹം ചെയ്തു. ആ ദാമ്പത്യവല്ലരിയിലാണ് സയ്യിദ് അബ്ദുറഹിമാന്‍ ബാഫഖി തങ്ങള്‍ ജനിക്കുന്നത്. പാണ്ടികശാലകളില്‍ അരിക്കച്ചവടം നടത്തി കേരടളജനതയെ മതകീയമായും രാഷ്ട്രീയമായും നിയന്ത്രിച്ച് ഹി 1392 ദുല്‍ഹിജ്ജ(1973 ജനു 13)മാസം വെള്ളിയാഴ്ച രാവില്‍ പരിശുദ്ധമക്കയില്‍ വഫാതായി ജന്നത്തുല്‍ മുഅല്ലയില്‍ ഖദീജ ബീവിയുടെ അരികില്‍ അന്ത്യവിശ്രമം കൊള്ളുന്ന ആ മഹാനുഭാവന്‍ സമസ്തക്ക് വേണ്ടി ഊര്‍ജ്ജം ചിലവഴിച്ചവരാണെങ്കില്‍ അവര്‍ നയിച്ച സമസ്തയുടെ എളിയ സേവകരെങ്കിലുമാകാന്‍ നാം ശ്രമിക്കേണ്ടതുണ്ട്.


പാണക്കാട് സാദാത്തുക്കള്‍

പാണക്കാട് കുടുംബത്തിന്റെ സുകൃതം അനുഭവിക്കാത്തവരായി കേരളീയ സമൂഹത്തില്‍ ആരുമുണ്ടാവില്ല. പതിറ്റാണ്ടുകളായി സ്വാതന്ത്രാനന്തരവും അതിനു മുമ്പും ജാതി മത ഭേദമന്യേ കേരളത്തിലെ സര്‍വ്വരും ഇതിന്റെ ഗുണഭോഗ്താക്കളാണ്. മത, രാഷ്ട്രീയ, സംസ്‌കാരിക, സാമൂഹിക ആധ്യാത്മിക മേഖലകളില്‍ മുഴുവന്‍ അവരുടെ സാന്നിധ്യമുണ്ടായിട്ടുണ്ട്. അവരുടെ പ്രപിതാക്കളില്‍ നിന്ന് കേരളത്തിലേക്കെത്തിയ സയ്യിദ് ശിഹാബുദ്ദീന്‍ അലിയ്യുല്‍ ഹള്‌റമി മുതല്‍ പാണക്കാട് ശിഹാബുദ്ദീന്‍ സാദാത്തുക്കളുമായി ഇന്നും  ഇതേ ബന്ധം കേരളീയ ജനത തുടര്‍ന്ന് പോരുന്നു. 

യമനിലേക്ക് വന്ന സയ്യിദുമാരുടെ നായകനായ അഹ്മദുല്‍ മുഹാജിര്‍ എന്നിവരുടെ പുത്രനായ സയ്യിദ് ഉബൈദുല്ലായുടെ മൂത്തമകന്‍ സയ്യിദ് അലവിയ്യുല്‍ മുബ്തകിറിന്റെ പതിനാലാം പരമ്പരയില്‍ ജനിച്ച സയ്യിദ് അഹ്മദ് ശിഹാബുദ്ദീനില്‍ നിന്നാണ് ശിഹാബുദ്ദീന്‍ ഖബീലയുടെ തുടക്കം. ഹിജ്‌റ 887 ല്‍ യമനിലെ തരീമില്‍ സയ്യിദ് അബ്ദുറഹിമാന്റെ മകനായി ജനിച്ച അദ്ധേഹം വിശ്രുത പണ്ഡിതനും അറബി കവിയും നിരവധി കറാമത്തുകളുടെ ഉടമയുമായിരുന്നു. ജനങ്ങളുടെ സാമൂഹിക പ്രശ്‌നങ്ങളില്‍ ഇടപെട്ട് രമ്യമായ പരിഹാരം നിര്‍ദേശിച്ചിരുന്ന അദ്ധേഹത്തെ ജനങ്ങള്‍ ആദരപൂര്‍വ്വം വിളിച്ച പേരാണ് ശിഹാബുദ്ദീന്‍. പിന്നീട് ഇവരുടെ പരമ്പരയില്‍ വന്നവരൊക്കെ ശിഹാബുദ്ദീന്‍ എന്ന പേരിലാണറിയപ്പെട്ടത്. 

നിരവധി മഹത്തുക്കള്‍ ജന്‍മം കൊണ്ട ശിഹാബുദ്ദീന്‍ ഖബീലയിലെ സയ്യിദ് അലിയ്യുല്‍ ഹള്‌റമിയാണ് കേരളത്തിലെ ശിഹാബ് ഖബീലയുടെ വംശനാഥന്‍. ഹിജ്‌റ 1159 ല്‍ തരീമില്‍ ഉദയം ചെയ്ത അദ്ധേഹം അവിടെ നിന്ന് മതപഠനം പൂര്‍ത്തിയാക്കിയ ശേഷം 1181 ലാണ് കേരളത്തിലെത്തുന്നത്. പാണക്കാട് സാദാത്തുക്കളുടെ എട്ടാമത്തെ പിതാമഹനായ ഇദ്ധേഹം കേരളത്തിലെത്തുമ്പോള്‍ കോഴിക്കോട് ശൈഖ് ജിഫ്‌രി താമസിക്കുന്നുണ്ടായിരുന്നു. അവരുട അടുക്കല്‍ മൂന്ന് ദിവസം അതിഥിയായി താമസിച്ച അദ്ധേഹം പിന്നീട് കണ്ണൂരിലേക്ക് പോവുകയും അറക്കല്‍ രാജവംശത്തില്‍ നിന്ന് വിവാഹം കഴിക്കുകയും അവിടെ സ്ഥിരതാമസക്കാരനാവുകയും ചെയ്തു. ഇവരുടെ രണ്ടുമക്കളാണ് സയ്യിദ് ഹുസൈന്‍ ശിഹാബുദ്ദീന്‍ മുല്ലക്കോയ തങ്ങളും സയ്യിദ് അബ്ദുല്ല ശിഹാബുദ്ദീന്‍ തങ്ങളും. സയ്യിദ് അബ്ദുല്ല ചെറുപ്പത്തില്‍ തന്നെ വഫാതായിട്ടുണ്ട്. കേരളത്തിലെ ദീനീ രംഗത്ത് ഉത്തമ സംഭാവനകളര്‍പ്പിച്ച സയ്യിദ് അലിയ്യുല്‍ ഹള്‌റമി ഹി 1212 ല്‍ വഫാതാവുകയും വളപട്ടണം കക്കുളങ്ങര പള്ളിയുടെ ഖബര്‍സ്ഥാനില്‍ മറവു ചെയ്യപ്പെട്ടു കിടക്കുകയും ചെയ്യുന്നു. 

പാണക്കാട് സയ്യിദുമാരുടെ ഏഴാമത്തെ പിതാമഹനായ സയ്യിദ് ഹുസൈന്‍ ശിഹാബുദ്ദീന്‍ മുല്ലക്കോയ തങ്ങള്‍ ഹി 1183ലാണ് ജനിക്കുന്നത്. കണ്ണൂര്‍ ജുമുഅത്ത് പള്ളി, കോഴിക്കോട് മിസ്ഖാല്‍ പള്ളി, കുറ്റിച്ചിറ പള്ളി എന്നിവിടങ്ങളില്‍ നിന്ന് മതപഠനം പൂര്‍ത്തിയാക്കിയ ഇദ്ധേഹം പിതാവില്‍ നിന്നും മമ്പുറം സയ്യിദ് അലവി തങ്ങളില്‍ നിന്നും ഖാദിരിയ്യ ത്വരീഖത്ത് സ്വീകരിക്കുകയും അറക്കല്‍ കുടുംബത്തില്‍ നിന്ന് വധുവിനെ കണ്ടെത്തുകയും ചെയ്തു. അറക്കല്‍ രാജവംശത്തില്‍ നിലനിന്നിരുന്ന മരുമക്കത്തായ സമ്പ്രദായം ഇഷ്ടപ്പെടാത്ത മഹാനുഭാവന്‍ ഭാര്യ സമേതം കോഴിക്കോട് ഇടിയങ്ങര വന്ന് താമസിച്ചു. സയ്യിദ് മുഹ്‌ളാര്‍, സയ്യിദ് അലി ശിഹാബുദ്ദീന്‍, സയ്യിദ് ഹാമിദ് ശിഹാബുദ്ദീന്‍,  സയ്യിദ് മുഹമ്മദ് എന്നീ നാല് ആണ്‍ മക്കളും മൂന്ന് പെണ്‍ മക്കളുമാണ് സയ്യിദ് ഹുസൈന്‍ ശിഹാബുദ്ദീന്‍ മുല്ലക്കോയ തങ്ങള്‍ക്കു ജനിച്ചത്. ഹിജ്‌റ 1235 ല്‍ റമളാന്‍ ഏഴിന് വഫാതായ ഹുസൈന്‍ മുല്ലക്കോയ തങ്ങള്‍ അദ്ധേഹം തന്നെ പണിത ഇളയന്റെ പള്ളിയങ്കണത്തില്‍ മറവ് ചെയ്യപ്പെട്ടു കിടക്കുന്നു.

സയ്യിദ് ഹുസൈന്‍ ശിഹാബുദ്ദീന്‍ മുല്ലക്കോയ തങ്ങളുടെ മൂത്ത പുത്രന്‍ സയ്യിദ് മുഹ്‌ളാര്‍ തങ്ങളിലൂടെയാണ് പാണക്കാട് സയ്യിദുമാര്‍ കടന്നുവരുന്നത്. ഹിജ്‌റ 1212 റജബ് മാസത്തില്‍ ജനിച്ച ഇദ്ധേഹം കോഴിക്കോട് നിന്ന് മലപ്പുറത്തേക്ക് മാറിത്താമസിക്കുകയുണ്ടായി. ഖാസി അബ്ദുസ്സലാം, ശൈഖ് മുഹ്‌യിദ്ദീന്‍ എന്നിവരില്‍ നിന്നു മതജ്ഞാനവും ഖുതുബുസ്സമാന്‍ സയ്യിദ് അലവി തങ്ങളില്‍ നിന്ന് അധ്യാത്മിക ജ്ഞാനവും നേടിയ ഇദ്ധേഹം മലപ്പുറം വലിയങ്ങാടി ജുമുഅത്ത് പള്ളിയുടെ ചാരത്ത് അരച്ചുമരില്‍ കെട്ടി ഉയര്‍ത്തിയ മഖ്ബറയില്‍ അന്ത്യവിശ്രമം കൊള്ളുന്നു. 

സയ്യിദ് മുഹ്‌ളാര്‍ തങ്ങളുടെ മകന്‍ സയ്യിദ് ഹുസൈന്‍ ആറ്റക്കോയ തങ്ങള്‍ 1231 ലാണ് മലപ്പുറത്ത് ജനിക്കുന്നത്. ഇദ്ദേഹം പാണക്കാട്ടേക്ക് മാറിത്താമസിച്ചതു മുതല്‍  ആ നാടിന്റെ കീര്‍ത്തി വ്യാപിക്കാന്‍ തുടങ്ങി. പണ്ഡിതനും മുഫ്തിയും ഖാസിയും ഭിശഗ്വരനും  സ്വാതന്ത്ര്യ സമര സേനാനിയുമായിരുന്ന അദ്ധേഹം ജനങ്ങളുടെ ആശാകേന്ദ്രവും ആലംഭവുമായിരുന്നു. മമ്പുറം തങ്ങളുടെ ശിഷ്യനും സൂഫിയുമായിരുന്ന ഔക്കോയ മുസ്‌ലിയാരില്‍ നിന്ന് താനൂരില്‍ നിന്നും, തിരൂരങ്ങാടി ഖാസി മഖ്ദൂം സൈനുദ്ദീന്‍ മുസ്‌ലിയാരില്‍ നിന്ന് പൊന്നാനിയില്‍ നിന്നും ശിഷ്യത്വം സ്വീകരിച്ച സ്മര്യപുരുഷന്‍ സയ്യിദ് ഫള്‌ല് പൂക്കോയ തങ്ങളില്‍ നിന്നാണ് ഖാദിരിയ്യ ത്വരീഖത്ത് സ്വീകരിക്കുന്നത്. ക്രി: 1852 ല്‍ ഫള്‌ല് പൂക്കോയ തങ്ങള്‍ വിദേശത്തേക്ക് നാടുകടത്തപ്പെട്ടപ്പോള്‍ മലബാറിലെ സമരങ്ങളുടെ നേതൃത്വം ഏറ്റെടുക്കുകയും ബ്രിട്ടനെതിരെ നിരവധി മതവിധികള്‍(ഫത്‌വ) പുറപ്പെടീക്കുകയും ചെയ്തു. 

1854 ല്‍ മലബാറില്‍ ബ്രിട്ടീഷുകാര്‍ക്കെതിരെ തൃക്കളൂര്‍ ക്ഷേത്ര പരിസരത്ത് വെച്ച് കൊളക്കാടന്‍ കുട്ടി ഹസ്സന്റെ നേതൃത്വത്തില്‍ പോരാട്ടം നടന്നപ്പോള്‍ അവരെ അനുഗ്രഹിക്കുകയും ചില ഐക്കല്ലുകള്‍ നല്‍കി ധൈര്യം നല്‍കുകയും പിന്നീട് ഇതിന്റെ പേരില്‍ കുറ്റം ചുമത്തി വെല്ലൂരിലേക്ക് നാടുകടത്തപ്പെട്ടതുമൊക്കെ എല്ലാവര്‍ക്കുമറിയുന്ന ചരിത്രമാണ്. സമുദായോദ്ധാരണത്തിനായി അക്ഷീണം യത്‌നിച്ച ആ മഹാമനീഷി ഹിജ്‌റ 1302 ശവ്വാല്‍ പത്തിന് വെല്ലൂര്‍ ജയിലില്‍ വെച്ച് പരലോകം പ്രാപിച്ചു. വെല്ലൂര്‍ ബാഖിയാത്തിന്റെ അടുത്തുള്ള മസ്ജിദ് ഖബര്‍ സ്ഥാനിയില്‍ അദ്ധേഹം അന്ത്യ വിശ്രമം കൊള്ളുന്നു. 

പിതൃ സഹോദരന്‍ കാപ്പാട് ഹാമിദ് തങ്ങളുടെ മകളെ വിവാഹം ചെയ്ത ഹുസൈന്‍ ആറ്റക്കോയ തങ്ങള്‍ക്ക് ആ ദാമ്പത്യ ബന്ധത്തില്‍ സയ്യിദ് മുഹമ്മദ് കൊയഞ്ഞിക്കോയ തങ്ങളും സയ്യിദ് അലി പൂക്കോയ തങ്ങളും ജനിക്കുകയുണ്ടായി. ഇതിനു പുറമെ മലപ്പുറം ഖാസിയായിരുന്ന ഓടക്കല്‍ കുഞ്ഞഹമ്മദ് മുസ്‌ലിയാരുടെ മകള്‍ ആഇശയെ വിവാഹം കഴിച്ച ഹുസൈന്‍ തങ്ങള്‍ക്ക് ആ ബന്ധത്തിലാണ് കോഴിക്കോട് വലിയ ഖാസിയായിരുന്ന സയ്യിദ് ശിഹാബുദ്ധീന്‍ ഇമ്പിച്ചിക്കോയ തങ്ങളുടെ പിതാവ് സയ്യിദ് അബ്ദുല്ല ക്കോയ തങ്ങള്‍ ജനിക്കുന്നത്. 

ഹുസൈന്‍ ആറ്റക്കോയ തങ്ങളുടെ പുത്രനായി ഹിജ്‌റ 1270 ല്‍ കോഴിക്കോട് കാപ്പാടുള്ള  മാതാവിന്റെ വീട്ടിലാണ് സയ്യിദ് മുഹമ്മദ് കൊയഞ്ഞിക്കോയ തങ്ങള്‍ ജനിക്കുന്നത്. പിന്നീട് പാണക്കാട് താമസമാക്കിയ മഹാനുഭാവന്‍ പ്രഗത്ഭ പണ്ഡിതന്‍ ചാലിലകത്ത് അലിഹസന്‍ മുസ്‌ലിയാരില്‍ നിന്ന് മതപഠനം നേടുകയും  പിതാവില്‍ നിന്ന് ബാ അലവികള്‍ കൈമാറിപ്പോന്ന ത്വരീഖത്ത് കരഗതമാക്കുകയും ചെയ്തു.മറ്റത്തൂരിലെ പുത്തന്‍ മാളിയേക്കല്‍ ത്വാഹാ പൂക്കോയ തങ്ങളുടെ മകള്‍ ഉമ്മു ഹാനിഅ് ബിവിയെ വിവാഹം ചെയ്ത കൊയഞ്ഞിക്കോയ തങ്ങള്‍ക്ക് അവരില്‍ ജനിച്ച കുഞ്ഞാണ് പാണക്കാട് പി.എം.എസ്.എ പൂക്കോയ തങ്ങള്‍. എണ്‍പത് മഹല്ലുകളുടെ ഖാളിയായിരുന്ന മഹാനവര്‍കള്‍ ഹിജ്‌റ 1337 ല്‍ വഫാതാവുകയും പാണക്കാട് പുത്തന്‍പുരക്കല്‍ മഖ്ബറയില്‍ അന്ത്യവിശ്രമം കൊള്ളുകയും ചെയ്യുന്നു.

പി.എം.എസ്.എ പൂക്കോയ തങ്ങള്‍. 

പാവങ്ങള്‍ക്ക് അത്താണിയും രോഗികള്‍ക്ക് ആശുപത്രിയും അശരണര്‍ക്ക് ആശാകേന്ദ്രവും പ്രശ്‌നങ്ങളിലകപ്പെട്ടവര്‍ക്ക് കോടതിയും മഹല്ലുകള്‍ക്ക് ഖാസിയും സമസ്തയെന്ന പണ്ഡിത സഭക്ക് സമുന്നത നേതാവുമായിരുന്ന പുതിയമാളിയേക്കല്‍ സയ്യിദ് അഹ്മദ് പൂക്കോയ തങ്ങള്‍, 1917ലാണ് സയ്യിദ് കൊയഞ്ഞിക്കോയ തങ്ങളുടെ മകനായി ജനിക്കുന്നത്. പിതാവ് ചെറുപ്പത്തിലേ മരിച്ചു പോയതിനാല്‍ പിതൃസഹോദരന്‍ അലി പൂക്കോയ തങ്ങളാണ് അവരെ പോറ്റിയത്. സൂഫിയായിരുന്ന മഹാനവര്‍കള്‍ വലിയ ചികിത്സകനും കൂടിയായിരുന്നു. അദ്ധേഹത്തില്‍ നിന്നാണ് പൂക്കോയതങ്ങള്‍ ചികിത്സാരീതികള്‍ പഠിച്ചത്. മലബാര്‍ സമര കാലത്ത് ഏറനാട്ടിലെ മുസ്‌ലിംകളെ കൈകാല്‍ ചങ്ങലക്കിട്ട് കൊണ്ടു പോകുന്ന രംഗം കണ്ട് വേദനിച്ച അദ്ധേഹം 'റബ്ബേ ഈ കാഴ്ച എനിക്ക് കണ്ട് കൂടാ' എന്ന് പ്രാര്‍ത്ഥിച്ചതിന്റെ ഫലമായി കണ്ണിന്റെ കാഴ്ച നഷ്ടപ്പെടുകയും പിന്നീട് കണ്ണില്ലാത്ത തങ്ങളുപ്പാപ്പ എന്ന പേരിലറിയപ്പെടുകയും ചെയ്തു. 1932 ല്‍ പൂക്കോയ തങ്ങള്‍ക്ക് പതിനഞ്ച് വയസ്സ് പ്രായമായപ്പോള്‍ അദ്ധേഹം മരണപ്പെടുകയുണ്ടായി. മക്കളില്ലാത്തത് കൊണ്ട് വീടും സമ്പത്തുമൊക്കെ വളര്‍ത്തുമകന് ലഭിച്ചു. അങ്ങിനെയാണ് പൂക്കോയതങ്ങള്‍ കൊടപ്പനക്കല്‍ തറവാടിന്റെ അധിപനായി മാറുന്നത്. 

പൂക്കോയതങ്ങള്‍ക്ക് സമസ്തയുമായുള്ള ബന്ധം വിവരണാധീതമാണ്. സമസ്തയുടേയും കീഴ്ഘടകങ്ങളുടേയും പ്രവര്‍ത്തനങ്ങളില്‍ മുഴുവന്‍ തങ്ങളുടെ സജീവ ഇടപെടല്‍ ഉണ്ടായിരുന്നു. മാത്രമല്ല, തങ്ങളുടെ സാന്നിധ്യം ഈ സംഘടനകളെ ജനകീയമാക്കുന്നതില്‍ വലിയ പങ്ക് വഹിച്ചിട്ടുമുണ്ട്. സമസ്തയുടെ മുശാവറ അംഗവും സുന്നി യുവജന സംഘത്തിന്റെ സംസ്ഥാന സാരഥിയുമായിരുന്ന തങ്ങള്‍ ആദര്‍ശ രംഗത്ത് വിട്ടുവീഴ്ചയില്ലാത്ത വ്യക്തിത്വമായിരുന്നു. ആദര്‍ശത്തില്‍ കാരിരുമ്പിന്‍ കരുത്തുമായി ഉറച്ചു നിന്ന തങ്ങള്‍ വ്യക്തി പെരുമാറ്റത്തില്‍ പനിനീര്‍പൂവിന്റെ നൈര്‍മല്യം കാത്ത് സൂക്ഷിച്ചു. സമസ്തയുടെ നിലനില്‍പ് ചോദ്യം ചെയ്തുവന്ന മുഴുവന്‍ ശക്തികളെയും അടിയറവ് പറയിപ്പിച്ചത് തങ്ങളുടെ  ആദര്‍ശബോധവും ചടുലതയുമായിരുന്നു. 

1966 ല്‍ സമസ്തക്ക് സമാന്തരമായി അഖില കേരള ജംഇയ്യത്തുല്‍ ഉലമ കടന്നു വന്നപ്പോള്‍ സമസ്ത വിളിച്ചു ചേര്‍ത്ത നയവിശദീകരണ യോഗത്തില്‍ അദ്ധ്യക്ഷ ഭാഷണമദ്ധ്യേ തങ്ങള്‍ നടത്തിയ പ്രഖ്യാപനം ചരിത്രപ്രസിദ്ധമാണ്. ചുവന്നുതുടുത്ത മുഖവുമായി അസാധാരണ ശബ്ദത്തില്‍ തങ്ങള്‍ ഇങ്ങനെ പ്രഖ്യാപിച്ചു 'ഇവിടെ സമസ്ത മതി, അഖിലയും കൊഖിലയും വേണ്ട'. രൂപീകരണം കഴിഞ്ഞ് പിരിച്ച് വിടാന്‍ പോലും ആളുകളില്ലാതെ ഈ സംഘടന നാമാവശേഷമാകാന്‍ ഈ പ്രഖ്യാപനം കാരണമായി. സമസ്തയുടെ നിലനില്‍പില്‍ താന്‍ എത്രമാത്രം ബദ്ധ ശ്രദ്ധനാണെന്ന് കൂടി തെളിയിക്കുകയാണ് തങ്ങള്‍ ഇതിലൂടെ ചെയ്തത്.

സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ അറബിക് കോളേജ് കമ്മിറ്റി രൂപീകരിക്കപ്പെട്ടപ്പോള്‍ വൈസ് പ്രസിഡന്റായിരുന്ന പൂക്കോയ തങ്ങള്‍ തന്നെയാണ് ജാമിഅ യുടെ പ്രിന്‍സിപ്പള്‍ സാരഥ്യം ശംസുല്‍ ഉലമ ഏറ്റെടുത്തപ്പോള്‍ ഒഴിവ് വന്ന ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് നിയോഗിക്കപ്പെട്ടത്. പൊന്നാനി മഊനത്തുല്‍ ഇസ്‌ലാം സഭയുടെ സാരഥ്യം വഹിച്ചിരുന്നതും പൂക്കോയതങ്ങള്‍ തന്നെയായിരുന്നു. സുന്നി യുവജനസംഘത്തിന്റ നേതൃ സ്ഥാനത്ത് മുബാറകായ ഒരു വ്യക്തി വേണമെന്ന കോട്ടുമല ഉസ്താദിന്റെ നിര്‍ദേശാനുസരണം പ്രസിഡന്റ് സ്ഥാനത്തേക്ക് തിരഞ്ഞെടുക്കപ്പെട്ടത് പൂക്കോയ തങ്ങളാണ്. 1968 ആഗസ്ത് 25ന് തങ്ങള്‍ ആ സ്ഥാനത്തേക്ക് നിയോഗിക്കപ്പെട്ടത് മുതല്‍ സമസ്തക്ക് കീഴിലെ ബഹുജന പ്രസ്ഥാനമായി എസ്.വൈ.എസ് വളരുകയായിരുന്നു. അതിന് ശേഷം നിരവധി സ്ഥാപനങ്ങളും യതീം ഖാനകളും ആ സംഘടനക്ക് കീഴില്‍ ഉയര്‍ന്നുവരികയുണ്ടായി.

''പാണക്കാട് പൂക്കോയ തങ്ങള്‍ക്ക് വേണമെങ്കില്‍ സ്വന്തം മക്കളെ ഭൗതികമായി വലിയ സ്ഥാനങ്ങളിലേക്കു ഉയര്‍ത്താമായിരുന്നു. പക്ഷെ, എല്ലാവരെയും സമസ്തയുടെയും സമൂഹത്തിന്റെയും നന്‍മക്ക് വേണ്ടി മാറ്റി വെച്ചു'' എന്ന ശംസുല്‍ ഉലമയുടെ വാക്ക് നമ്മെ ഏറെ ചിന്തിപ്പിക്കേണ്ടതാണ്.  പതിറ്റാണ്ടുകളോളം സമൂഹത്തിന് വേണ്ടി മാത്രം ഉരുകിത്തീര്‍ന്ന ആ ധന്യ ജീവിതം 1975 ജൂലൈ 6 ന് ഭൗതിക ലോകത്ത് നിന്ന് അവസാനിക്കുകയുണ്ടായി. പാണക്കാട് പള്ളിക്ക് തൊട്ടരികില്‍ അന്ത്യ വിശ്രമം കൊള്ളുന്നു. ഇന്ന് നാം പാണക്കാട് കുടുംബം എന്ന് പൊതുവെ പറയപ്പെടുന്നത് പൂക്കോയ തങ്ങളുടെ അഞ്ച് മക്കെളെയും അവരുടെ സന്താനങ്ങളെയും സംബന്ധിച്ചാണ്. 

സമസ്തയും പാണക്കാട് കുടുംബവും

മത സാമൂഹിക സാംസ്‌കാരിക രംഗങ്ങളില്‍ ഇന്ന് നിറഞ്ഞു നില്‍ക്കുന്ന സാന്നിദ്ധ്യമാണ് പാണക്കാട് കുടുംബം. പൂക്കോയ തങ്ങളുടെ കാലത്ത് ഏതൊരു വിഷയത്തിലും അവസാന വാക്കായി തങ്ങളുടെ വാക്ക് ജനം കാത്തിരുന്നത് പോലെ ഇന്ന് നാം അന്തിമമായി പരിഗണിക്കുന്നത് ഈ കുടുംബത്തിന്റെ വാക്കുകളും നിലപാടുകളുമാണ്. ഇതില്‍ അസൂയയുള്ള പലരേയും നമുക്ക് കാണാവുന്നതാണ്. ഈ കുടുംബത്തിന് സമസ്തയുമായി പൊക്കിള്‍ കൊടി ബന്ധമാണുള്ളത്. പിതാവിനെ പോലെ ഇവരും സമസ്തയേയും പോഷക ഘടകങ്ങളെയും ജീവനു തുല്യം സ്‌നേഹിക്കുന്നു. ഈ സംഘടനകളുടേയും അവക്ക് കീഴിലെ സ്ഥാപനങ്ങളുടേയും സാരഥ്യം വഹിക്കുന്നത് ഈ കുടുംബത്തിലെ സയ്യിദുമാരാണ് എന്ന് സുവ്യക്തമാണല്ലോ. 

നമ്മെ പിരിഞ്ഞു പോയ മര്‍ഹൂം സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളും മര്‍ഹൂം ഉമറലി തങ്ങളും ഇന്ന് ജീവിച്ചിരിക്കുന്നവരും ഇതില്‍ നിന്ന് വിത്യസ്തമല്ല. സമസ്തയുടെ സ്ഥാപനങ്ങളില്‍ നിന്ന് പൂക്കോയ തങ്ങള്‍ ഏറ്റെടുത്തിരുന്ന സ്ഥാനങ്ങള്‍ പിന്നീട് സുന്ദരമായി അലങ്കരിച്ചത് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളാണ്. ജാമിഅ നൂരിയ്യ, നന്തി ദാറുസ്സലാം, അന്‍വരിയ്യ അറബിക് കോളേജ്, ജാമിഅ യമാനിയ്യ, തുടങ്ങി കേരളത്തിന്റെ വിവിധ ജില്ലകളില്‍ തലയുയര്‍ത്തി നില്‍ക്കുന്ന മിക്ക സ്ഥാപനങ്ങള്‍ക്കും ശിഹാബ് തങ്ങളുടെ പരിലാളന ലഭിച്ചിട്ടുണ്ട്. ജാമിഅക്ക് കീഴില്‍ ഒരു എഞ്ചിനീയറിംഗ് കോളേജ് എന്ന സ്വപ്നം തന്നെ മുന്നോട്ട് വെക്കുന്നത് തങ്ങളാണ്. പിന്നീടതിന്റെ മുഴുവന്‍ പ്രവര്‍ത്തനങ്ങളിലും വേണ്ട ഉപദേശങ്ങള്‍ തങ്ങള്‍ നല്‍കിയിട്ടുണ്ട്. എസ്.വൈ.എസ് മലപ്പുറം ജില്ലാ ഘടകം രൂപീകരിക്കപ്പെട്ടത് മുതല്‍ 1977 ല്‍ കമ്മിറ്റി പുനസംഘടിക്കപ്പെടുന്നത് വരെ മുഹമ്മദലി ശിഹാബ് തങ്ങളായിരുന്നു പ്രസിഡന്റ്.

സമസ്തയുടെയും പോഷക ഘടകങ്ങളുടേയും മുഴുവന്‍ സമ്മേളനങ്ങളിലും സംരഭങ്ങളിലും തങ്ങളുടെ അനുഗ്രഹീത സാന്നിദ്ധ്യം നമുക്ക് ലഭിച്ചിട്ടുണ്ട്. മാത്രവുമല്ല, ആ സംരഭങ്ങളിലൊക്കെ സമസ്തക്ക് വേണ്ടി പ്രവര്‍ത്തിക്കുവാനും ശക്തി പകരുവാനുമുള്ള ആഹ്വാനം തങ്ങള്‍ നടത്താറുമുണ്ടായിരുന്നു. കേരളത്തിലെ 98 ശതമാനം മഹല്ലുകളും സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ കീഴിലാണ്. ഈ മഹല്ലുകളില്‍ അഞ്ഞൂറോളം മഹല്ലുകളുടെ ഖാസി സ്ഥാനം തങ്ങള്‍ക്ക് ലഭിച്ചത് തന്നെ സമസ്തയും അദ്ധേഹവും തമ്മിലുള്ള ബന്ധം കൊണ്ടാണ്. മാത്രമല്ല, മത പ്രശ്‌നങ്ങളില്‍ തങ്ങള്‍ കൂടിയാലോചന നടത്തിയിരുന്നതും സമസ്തയുടെ പണ്ഡിതരോട് മാത്രവുമായിരുന്നു. 

സയ്യിദ് ഉമറലി ശിഹാബ് തങ്ങള്‍ സമസ്തയുടെ നട്ടെല്ലായിരുന്നു. ആര്‍ജ്ജവത്തോടെ സമസ്തയെ നയിച്ചതും ആരുടെ മുന്നിലും സമസ്തയുടെ നയം ഉറക്കെപ്രഖ്യാപിച്ചതും ഉമറലി തങ്ങളായിരുന്നുവല്ലോ. നിരവധി ഉദാഹരണങ്ങള്‍ നമുക്കിതിന് നിരത്തുവാന്‍ സാധിക്കും. സമസ്തയുടെ വൈസ് പ്രസിഡന്റും കേന്ദ്ര മുശാവറ അംഗവുമായിരുന്ന മഹാനവര്‍കള്‍ പോഷക ഘടകങ്ങളുടേയും നിരവധി സ്ഥാപനങ്ങളുടേയും സാരഥ്യം വഹിച്ചിട്ടുണ്ട്.

വിഘടിതര്‍ സമസ്തയെ ധിക്കരിച്ച് പ്രവര്‍ത്തനങ്ങളുമായി മുന്നോട്ട് പോയപ്പോള്‍ നേതാക്കളുടെ സാന്നിധ്യത്തില്‍ കോഴിക്കോട് സമസ്ത ഓഡിറ്റോറിയത്തില്‍ ഹൈദറലി തങ്ങളുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് ഉമറലി തങ്ങള്‍ എസ്.വൈ.എസിന്റെ പ്രസിഡന്റായി നിയമിക്കപ്പെടുന്നത്. തങ്ങളുടെ കാലത്ത് നിരവധി സ്തുത്യര്‍ഹമായ പ്രവര്‍ത്തനങ്ങളുമായി സംഘടന മുന്നോട്ട് ഗമിച്ചു. തീവ്രവാദത്തിനും വര്‍ഗീയതക്കുമെതിരെ 1993 ല്‍ നടത്തിയ ശാന്തിയാത്രയും, 2005 ല്‍ നടന്ന കുറ്റിപ്പുറം ഖുതുബുസ്സമാന്‍ നഗരിയിലെ സുവര്‍ണ്ണജൂബിലി സമ്മേളനവും, 2007 ല്‍ നടന്ന തീവ്രവാദ വിരുദ്ധ സന്ദേശയാത്രയും സംഘടനാ ചരിത്രത്തിലെ പൊന്‍തൂവലാണ്.

നിരവധി സ്ഥാപനങ്ങളുടേയും സംരഭങ്ങളുടേയും നേതൃത്വം ഉമറലിതങ്ങളുടെ കരങ്ങളില്‍ അര്‍പ്പിതമായിരുന്നു. ദാറുല്‍ഹുദ ഇസ്‌ലാമിക് അക്കാദമി പ്രസിഡന്റ്, പട്ടിക്കാട് ജാമിഅ നൂരിയ്യ മാനേജിംഗ് കമ്മിറ്റി അംഗം, വയനാട് ജില്ലാ ഖാസി, ജംഇയ്യത്തുല്‍ ഖുളാത്തി വല്‍ മഹല്ലാത്ത് ചെയര്‍മാന്‍ എന്നിവ അതില്‍ അതിപ്രധാനമായവയായിരുന്നു. തന്റെ രോഗം മൂര്‍ധന്യദശയില്‍ എത്തി ഹോസ്പിറ്റലില്‍ കിടക്കുമ്പോഴും സമസ്തയുടേയും സമൂഹത്തിന്റയും കാര്യമാണവിടുന്ന് ചിന്തിച്ചത്. സുന്നി യുവജന സംഘം സംസ്ഥാന കമ്മിറ്റി പുറത്തിറക്കിയ ഉമറലി തങ്ങള്‍ ഓര്‍മപ്പുസ്തകത്തില്‍ 'ഒരിക്കലും മറക്കുകയില്ല ആ ഉപദേശങ്ങള്‍' എന്ന ശീര്‍ഷകത്തില്‍ പി.കെ കുഞ്ഞാലിക്കുട്ടി സാഹിബ് എഴുതിയ കുറിപ്പില്‍ അദ്ധേഹം ഇത് തുറന്നെഴിതിയിട്ടുണ്ട്. തന്നെ ബാധിച്ചത് ക്യാന്‍സറാണെന്ന് മനസ്സിലാക്കിയ അദ്ധേഹം വഖ്ഫ് ബോര്‍ഡിന്റെ കാര്യങ്ങളും സംഘടനാപ്രശ്‌നങ്ങളുമൊക്കെ കുഞ്ഞാലിക്കുട്ടി സാഹിബുമായി സംസാരിക്കാന്‍ തുടങ്ങി. ഇതൊക്കെ പിന്നെ സംസാരിച്ചാല്‍ പോരെ എന്ന് ചോദിച്ചപ്പോള്‍ പിന്നെ ഇനി എപ്പോള്‍ സംസാരിക്കാനാ! ചികിത്സ തുടങ്ങിയാല്‍ അതു തന്നെ ഒരു പണിയാകുമല്ലോ എന്നാണ് പ്രതികരിച്ചത്. രാഷ്ട്രീയത്തില്‍ സജീവമായി ഇടപെട്ടിരുന്നില്ലെങ്കിലും മുസ്‌ലിംലീഗ് പ്രതിസന്ധിയിലാകുമ്പോഴൊക്കെ തങ്ങള്‍ പ്രത്യക്ഷപ്പെടും. കുഞ്ഞാലിക്കുട്ടി സാഹിബ് തന്റെ കുറിപ്പ് അവസാനിപ്പിക്കുന്നതിങ്ങനെയാണ്. എറണാകുളത്ത് ചികിത്സയിലായിരിക്കുമ്പോള്‍ മകന്റെ ഫ്‌ളാറ്റില്‍ വെച്ച് അദ്ധേഹത്തെക്കാണാന്‍ ഞാന്‍ ശിഹാബ് തങ്ങളുടെ കൂടെ ചെന്നു. എന്നോട് പറഞ്ഞു: 'ഒരു ഉപദേശമുണ്ട്. ലീഗും സമസ്തയും എപ്പോഴും ആലോചിച്ച് പോകണം'ഞാനതൊരിക്കലും മറക്കുകയില്ല(അത് നടക്കുന്നുണ്ടോയെന്ന് വേറെക്കാര്യം). അവസാന കാലത്തും സമസ്തയുടെ കാര്യമാണ് മഹാനവര്‍കള്‍ ചിന്തിച്ചിരുന്നത്. 

ഉമറലിതങ്ങള്‍ക്ക് ശേഷം സഹോദരന്‍ സയ്യിദ് ഹൈദറലി തങ്ങളാണ് ആ പദവികളൊക്കെ കൈകാര്യം ചെയ്യുന്നത്. സമസ്തയുടെ വൈസ്പ്രസിഡന്റും കേന്ദ്ര മുശാവറ അംഗവുമായ അദ്ധേഹം തന്നെയാണ് എസ്.വൈ.എസ് സംസ്ഥാന പ്രസിഡന്റും. മുഹമ്മദലി ശിഹാബ് തങ്ങളും ഉമറലി തങ്ങളും വഹിച്ചിരുന്ന മിക്ക ഖാളി സ്ഥാനങ്ങളും ഇപ്പോള്‍ ഹൈദറലി തങ്ങളുടെ ചുമതലയിലാണ്. സമസ്തകേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡ് ട്രഷറര്‍, സുന്നിമഹല്ല് ഫെഡറേഷന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി, സമസ്‌ക കേരള ജംഇയ്യത്തുല്‍ ഉലമ മലപ്പുറം ജില്ല ട്രഷറര്‍, തുടങ്ങിയ വിവിധ സ്ഥാനങ്ങളും തങ്ങള്‍ വഹിക്കുന്നുണ്ട്. സമസ്ത കഴിഞ്ഞിട്ടേ തങ്ങള്‍ക്ക് ഏത് പാര്‍ട്ടിയുമുള്ളൂ. ദീന്‍ സുരക്ഷിതമായി കൊണ്ടു നടക്കാന്‍ നിങ്ങള്‍ അഹ്‌ലുബൈതിനെ പിന്തുടരണമെന്ന് മുഹമ്മദ് നബി പറഞ്ഞിട്ടുണ്ടെങ്കില്‍ ആ കാര്യം നിര്‍വഹിക്കുന്ന പണ്ഡിത സംഘടനയാണ് സമസ്ത.


പൂക്കോയ തങ്ങളുടെ മറ്റു മക്കളായ സയ്യിദ് സ്വാദിഖലി ശിഹാബ് തങ്ങള്‍, സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍ എന്നിവരും ജ്യേഷ്ഠസഹോദരങ്ങളെ പോലെ സമസ്തയുടെ പ്രവര്‍ത്തകരായി സജീവമായി രംഗത്തുണ്ട്. എസ്.കെ.എസ്.എസ്.എഫിനെ വളരെക്കാലം പ്രസിഡന്റായി നയിച്ചിരുന്നത് സയ്യിദ് സ്വാദിഖലി ശിഹാബ് തങ്ങളായിരുന്നു. സുന്നിവിദ്യാര്‍ത്ഥി ഫെഡറേഷന്റെ ചരിത്രത്തിലെ നാഴികക്കല്ലായ ദശവാര്‍ഷിക സമ്മേളനം കുറ്റിപ്പുറത്ത് വാദീനൂറില്‍ നടന്നത് സ്വാദിഖലി തങ്ങള്‍ നേതൃത്വത്തിലിരിക്കുമ്പോഴാണ്. സമസ്തയുടെ സ്ഥാപനമായ ജാമിഅ നൂരിയ്യയുടെ പ്രസിഡന്റായിരുന്ന മുഹമ്മദലി ശിഹാബ് തങ്ങള്‍ വഫാതായപ്പോള്‍ ജനറല്‍  ജനറല്‍ സെക്രട്ടറിയായിരുന്ന ഹൈദറലി തങ്ങള്‍ പ്രസിഡന്റും സയ്യിദ് സ്വാദിഖലി ശിഹാബ് തങ്ങള്‍ ജനറല്‍ സെക്രട്ടറിയുമായി. ഏറെ കലുഷിതമായ ഈ അന്തരീക്ഷത്തില്‍ നാനോന്മുഖ പ്രവര്‍ത്തനങ്ങളുമായി സമസ്ത കേരള സുന്നി സ്റ്റുഡന്‍സ് ഫെഡറേഷനെ സജീവമായി മുന്നില്‍ നിന്ന് നയിക്കുന്നത് പൂക്കോയതങ്ങളുടെ അഞ്ചാമത്തെ പുത്രന്‍ സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങളാണ്. സമസ്തയുടെ അച്ചടക്കമുള്ള വിദ്യാര്‍ത്ഥി യൂനിയനായി ഈ സംഘടനയെ നയിക്കുന്നതില്‍ നിസ്തുല്യ സേവനമാണ് തങ്ങള്‍ നല്‍കിവരുന്നത്

ശിഹാബ് തങ്ങളുടേയും ഉമറലി തങ്ങളുടേയും മക്കളും സമസ്തയുടേയും സമൂഹത്തിന്റെയും പുരോഗതിക്ക് വേണ്ടി നേതൃത്വം നല്‍കുകയും ജനങ്ങളോട് അതിന് വേണ്ടി പ്രവര്‍ത്തിക്കാന്‍ ആഹ്വാനം ചെയ്യുകയും ചെയ്യുന്നു. സയ്യിദ് ഹമീദലി ശിഹാബ് തങ്ങളാണ് ഇന്ന് എസ്.കെ.എസ്.എസ്.എഫിന്റെ മലപ്പുറം ജില്ലാ പ്രസിഡന്റ്. സുന്നി ബാല വേദി സംസ്ഥാന പ്രസിഡന്റ് സയ്യിദ് മുനവ്വര്‍ അലി ശിഹാബ് തങ്ങളാണ്. 


തൊള്ളായിരത്തി ഇരുപതുകളില്‍ മുളച്ചു പൊന്തിയ പുത്തന്‍ പ്രസ്താനക്കാര്‍ ഉന്നയിച്ച പ്രധാന വാദമായിരുന്നു അഹ്‌ലുബൈതിന്റെ പരമ്പര കര്‍ബലയില്‍ മുറിഞ്ഞുപോയിട്ടുണ്ടെന്നത്. തെളിവ് നിരത്തി ഈ വാദത്തിന്റെ പൊയ്മുഖം അഴിച്ചുമാറ്റിയതും അഹ്‌ലുബൈത് ഖിയാമത് നാള്‍ വരെ നിലനില്‍ക്കുമെന്നും അവരെ ആദരിക്കലും ബഹുമാനിക്കലും മുഅ്മിനിന്റെ നിര്‍ബന്ധ ബാധ്യതയാണെന്നും അതാണ് സമസ്ത നിര്‍വഹിക്കുന്നതെന്നും പറഞ്ഞു പൊതു ജനത്തെ ഉത്‌ബോധിപ്പിച്ചത് സമസ്തയെന്ന പ്രസ്ഥാനമാണ്. മുസ്‌ലിം ലീഗില്‍ നിന്ന് തെറ്റിപ്പിരിഞ്ഞ് ഐ.എന്‍.എല്‍ രൂപീകരിക്കപ്പെട്ട സമയത്തും തങ്ങള്‍ക്ക് പിടിച്ചു നില്‍ക്കാന്‍ വേണ്ടി ചിലര്‍ പാണക്കാട് കുടുംബത്തിന് സമൂഹത്തിനിടയിലുള്ള സ്ഥാനം ഇടിച്ചു താഴ്ത്താന്‍ അഹ്‌ലുബൈതിന്റെ അസ്തിത്വം ചോദ്യം ചെയ്തിട്ടുണ്ട്. 

നൂറ്റാണ്ടുകള്‍ക്ക് മുമ്പ് സയ്യിദുമാര്‍ കേരളത്തില്‍ വന്ന് താമസമാക്കിയത് മുതല്‍ സമൂഹത്തില്‍ അവര്‍ക്ക് സ്ഥാനവും ആജ്ഞാ ശക്തിയുമുണ്ടായിരുന്നുവെന്നത് ശരി തന്നെ. പക്ഷെ, അവരുടെ കാലത്ത് ബിദ്അത്തിന്റെ വക്താക്കളോ മറ്റു വിഘടിതരോ ഉണ്ടായിരുന്നില്ല. പിന്നീട് കടന്നുവന്ന ശത്രുക്കളാണ് തങ്ങളുടെ കാര്യലാഭങ്ങള്‍ക്ക് വേണ്ടിയും മറ്റും സമൂഹത്തിനിടയില്‍ വിഷഭീജം കുത്തിവെക്കാന്‍ തുടങ്ങിയതും സയ്യിദുമാരെ അനാദരിക്കാന്‍ തുടങ്ങിയതും. ആ കീടനാശിനികളെ ഉന്‍മൂലനം ചെയ്തതും സയ്യിദുമാരെ അനുസരിക്കുന്ന ഒരു സമൂഹത്തെ കേരളത്തില്‍ സൃഷ്ടിച്ചെടുത്തതും സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ മാത്രമാണ്.

ഇന്ത്യയിലെ കേരളേതര സംസ്ഥാനങ്ങളിലേക്കൊന്ന് നാം കണ്ണോടിച്ചു നോക്കുകയാണെങ്കില്‍ ഇക്കാര്യം സുതരാം വ്യക്തമാകുന്നതാണ്. അവിടങ്ങളിലും ധാരാളം സയ്യിദ് കുടുംബങ്ങളും ഖബീലകളുമുണ്ട്. പക്ഷെ, കേരളത്തിലെ സയ്യിദുമാര്‍ക്കുള്ള സ്ഥാനവും അംഗീകാരവും അവിടുത്തെ ജനങ്ങളില്‍ നിന്ന് ലഭ്യമല്ല. അതിന്റെ കാരണങ്ങളന്യേഷിച്ചാല്‍ സമസ്ത പോലോത്ത പണ്ഡിത സംഘടനയുടെ അഭാവമാണ് മുഖ്യമെന്ന് ബോധ്യപ്പെടാന്‍ കൂടുതല്‍ പ്രയാസപ്പെടേണ്ടിവരില്ല. താന്‍ പറഞ്ഞാല്‍ അംഗീകരിക്കുന്ന വിഭാഗമാണ് തന്റെ മുന്നിലുള്ളതെന്ന ഉത്തമബോധ്യമാണ് ബാബരി മസ്ജിദ് തകര്‍ച്ചയുടെ സമയത്ത് ആത്മസംയമനം പാലിക്കണമെന്ന് പറയാന്‍ ശിഹാബ് തങ്ങള്‍ക്ക് മനോ ധൈര്യം ലഭിച്ചത്. അങ്ങിനെ അച്ചടക്കമുള്ള ഒരു പൊതു സമൂഹത്തെ സൃഷ്ടിച്ചെടുക്കാന്‍ സമസ്ത ഒരു പാട് ത്യാഗം സഹിച്ചിട്ടുണ്ട്. പള്ളി തകര്‍ക്കപ്പെട്ട രാജ്യത്തെ സയ്യിദുമാര്‍ക്കോ പണ്ഡിതര്‍ക്കോ അങ്ങിനെ ഒരു മനോധൈര്യം ഇല്ലാതെ പോയത് ഇത് പോലോത്ത സമൂഹം അവിടെ ഇല്ലാതെ പോയത് കൊണ്ടാണ്. അതിന്റെ മൂല ഹേതു സമസ്ത പോലോത്ത ഒരു സംഘടനയുടെ അഭാവം തന്നെയാണ്.

സമസ്തയെന്ന പണ്ഡിത പ്രസ്താനത്തെ പിളര്‍ത്താന്‍ ശ്രമിച്ച് ഛിദ്രതയുടെ വിഷവിത്തുകള്‍ കേരളമുസ്‌ലിംകള്‍ക്കിടയില്‍ വിതറിയ വിഘടിത കോമരങ്ങളും പാണക്കാട് സയ്യിദുമാരെയും മറ്റും പലവിധേനയും സമൂഹ മദ്ധ്യേ വിലകുറച്ച് കാണിക്കാന്‍ ശ്രമിച്ചിട്ടുണ്ട്. ശിഹാബ് തങ്ങള്‍ ഖാസി സ്ഥാനത്തിന് അപമാനമെന്നെഴുതിയും, വഖ്ഫ് ബോര്‍ഡ് ചെയര്‍മാനായി ഉമറലി തങ്ങള്‍ നിയമിതനായപ്പോള്‍ വഖ്ഫ് ബോര്‍ഡ് നിയന്ത്രിക്കാന്‍ ഒരുസുന്നിയെ നിയമിക്കണമെന്ന് കുരച്ചുചാടിയും, ശിഹാബ് തങ്ങളുടെ ഫോട്ടോ തലകീഴായി (കവര്‍ചിത്രമായി) പ്രസിദ്ധീകരിച്ച് അതിന്റെ ഒരു കോപ്പി കൊടപ്പനക്കലിലേക്കയച്ചു കൊടുത്ത്  മാനസികമായി തളര്‍ത്താന്‍ ശ്രമിച്ചും, ഉമറലി തങ്ങളുടെ ഫോട്ടോ നെടുകെ പിളര്‍ത്തി പ്രസിദ്ധീകരിച്ചും അവരുടെ തനിനിറം പുറത്ത് കാണിച്ചപ്പോള്‍ അതിനെ ശക്തിയുക്തം പ്രതിരോധിച്ചത് രാഷ്ട്രീയ പാര്‍ട്ടികളായിരുന്നില്ല മറിച്ച് സമസ്തയും പോഷക ഘടകങ്ങളും മാത്രമാണ്. 

സയ്യിദ് ഖബീലയുടെ ആത്മീയ പ്രൗഢിയും, സൗമനസ്യത്തിന്റെ വ്യക്തിപ്രഭാവവും ആവാഹിച്ച്, തസ്വവ്വുഫില്‍ ഉന്നത പഠനം നേടി ജീവിം ആത്മീയവല്‍ക്കരിക്കുകയും ചെയ്ത് സമുദായ നായകര്‍ക്ക് മാതൃകയായി ജീവിച്ച ആ പുണ്യപുരുഷന് ആത്മീയത പോരെന്നും അവര്‍ ആത്മീയ നേതാവല്ല മറിച്ച് കേവലം ഒരു രാഷ്ട്രീയ നേതാവ് മാത്രമാണെന്നും അധരവ്യായാമം നടത്തിയ രാഷ്ട്രീയ നേതാക്കള്‍ക്കും(രാഷ്ട്രീയമായി തങ്ങളെ അനുകൂലിക്കുന്നവരും പ്രതികൂലിക്കുന്നവരുമുണ്ടായിരുന്നു അക്കൂട്ടരില്‍)മറ്റും ശിഹാബ് തങ്ങളുടെ ആത്മീയത പഠിപ്പിച്ചു കൊടുത്തത് സമസ്തയുടെ പണ്ഡിതരും പ്രവര്‍ത്തകരുമാണ്.


ശിഹാബ് തങ്ങളുടെയും കുടുംബത്തിന്റെയും ആശയവും ആദര്‍ശവും നൂറു ശതമാനം സത്യമാണെന്നും വ്യക്തിത്വം കളങ്കരഹിതമാണെന്നും വിശ്വസിച്ച് തങ്ങളെ അംഗീകരിക്കുന്നവര്‍ സമസ്തകേരളജംഇയ്യത്തുല്‍ ഉലമയുടെ പ്രവര്‍ത്തകരാണ്. അവര്‍ പ്രസിഡന്റായിരുന്ന പാര്‍ട്ടിയില്‍ അംഗത്വവും നേതൃസ്ഥാനത്തുമുണ്ടായിരുന്ന പലരും(ബിദഇകള്‍) തങ്ങളുടെ ഉറുക്കിനെയും മന്ത്രത്തെയും ബര്‍കത്ത് നല്‍കലിനെയും ശിര്‍ക്കെന്നും അനാചാരമെന്നും പറഞ്ഞെതിര്‍ക്കുകയും അതിനെതിരെ പേനയൂന്തുകയും ചെയ്തവരാണ്. അഥവാ ശിഹാബ് തങ്ങളുടെ രാഷ്ട്രീയ ആദര്‍ശത്തില്‍ മാത്രം ഒന്നിച്ച് മതാദര്‍ശം അംഗീകരിക്കാത്തവര്‍ മുസ്‌ലിം ലീഗിന്റെ അനുയായികളിലുണ്ടെന്നര്‍ത്ഥം. എന്നാല്‍ സമസ്തയുടെ മുഴുവന്‍ പ്രവര്‍ത്തകരും മുസ്‌ലിം ലീഗുകാരല്ലെങ്കിലും സമസ്തയുടെ അനുയായികളില്‍ നിന്ന്മുസ്‌ലിം ലീഗുകാരായവര്‍ മുഴുവനും തങ്ങളെ എല്ലാ നിലക്കും അംഗീകരിക്കുകയും ആദരിക്കുകയും ചെയ്യുന്നവരാണെന്ന് പറയാന്‍ നമുക്ക് ധൈര്യമുണ്ട്.

പൊതുജനത്തിന്റെ അജ്ഞത ചൂഷണം ചെയ്ത് അവരുടെ ഈമാന്‍ നശിപ്പിക്കാന്‍ ചില കുബുദ്ധികള്‍ രംഗത്ത് വന്നപ്പോഴാണ് പൂര്‍വ്വ സൂരികളായ പണ്ഡിതരും സാദാത്തുക്കളും സമസ്തയെന്ന മഹിതമായ പണ്ഡിത പ്രസ്ഥാനത്തിന് ബീജാവാപം നല്‍കി കേരളമുസ്‌ലിംകളുടെ വിശ്വാസസംരക്ഷണത്തിന് ഒരു വലിയ സംരക്ഷണമതില്‍ പണിതത്. നാളിത് വരെ നമ്മുടെ മുന്‍ഗാമികള്‍ പ്രവര്‍ത്തിച്ചുവന്നിരുന്ന കാര്യങ്ങള്‍ ദീനില്‍ അടിസ്ഥാനമുള്ളവയാണെന്നും ദീനിന്റെ ചിഹ്നങ്ങള്‍ ആദരിക്കല്‍ ദൈവഭക്തിയുടെ ഭാഗമാണെന്നും സയ്യിദുമാര്‍ ഖിയാമത് നാള്‍ വരെ ഉണ്ടാകുമെന്നും അവര്‍ ആദരിക്കപ്പെടേണ്ടവര്‍ തന്നെയാണെന്നും നമ്മെ ഉണര്‍ത്തി ബിദ്അത്തിന്റെയും വിഘടനത്തിന്റെയും കെണിവലകളില്‍ നിന്ന് നമ്മെ ചിറക് വിരിച്ച് സംരക്ഷിച്ചതും സമസ്തയാണ്. ആ സമസ്തയെ സ്‌നേഹിക്കലും അതിന് വേണ്ടി പ്രവര്‍ത്തിക്കലും അതിന്റെ ശത്രുക്കളെ യഥാവിധി മനസ്സിലാക്കി അവരെ പ്രതിരോധിക്കേണ്ടതും നമ്മുടെ ധാര്‍മ്മികോത്തരവാദിത്തമാണ്. ദീനിന്റെ നിയമങ്ങള്‍ക്ക് വിരുദ്ധമല്ലാത്ത രാഷ്ട്രീയ പാര്‍ട്ടികളില്‍ ചേര്‍ന്ന് സമസ്തയിലൂടെ ദീനിന് ശക്തിപകരാന്‍ നാമൊക്കെ സജ്ജരാകണം. 

താന്‍ പ്രവര്‍ത്തിക്കുന്ന രാഷ്ട്രീയ പാര്‍ട്ടിയുടെ നേതാക്കള്‍ പോലും അംഗീകരിക്കാത്ത കാര്യങ്ങള്‍ പറഞ്ഞും പ്രസംഗിച്ചും സമസ്തയുടെ നയങ്ങള്‍ക്കെതിരെ വെളിച്ചപ്പാടാകുന്നവര്‍ സമസ്തയുടേയും മറ്റും ചരിത്രം യഥാവിധി മനസ്സിലാക്കാത്തവരാണ്. സത്യത്തില്‍ സമസ്തയുടെ ശത്രുക്കളില്‍ ഏറ്റവും നാം നേരിടേണ്ട, സമസ്തയില്‍ നിന്ന പുറത്താക്കപ്പെട്ട വിഭാഗത്തിന്റെ ഉത്ഭവത്തിന് കാരണം തന്നെ ലീഗ് വിരോധവും പാണക്കാട് കുടുംബത്തോടുള്ള അസൂയയുമാണെന്ന് ഈ അധരവ്യായമക്കാര്‍ മനസ്സിലാക്കുന്നില്ല. പണവും പദവിയും സ്ഥാനവും മോഹിച്ച് സമസ്തക്കുള്ളില്‍ ഛിദ്രതയുണ്ടാക്കിയതിന്  പുറത്താക്കപ്പെട്ട് സമാന്തര സംഘടനയുണ്ടാക്കി പ്രവര്‍ത്തിക്കുന്ന കാന്തപുരം വിഭാഗം ലീഗ് വിരുദ്ധരും ലീഗിനെ തകര്‍ക്കാന്‍ ശ്രമിച്ചവരും ശ്രമിക്കുന്നവരുമാണ്. 1979 ല്‍ അദ്ധേഹം നേതാവിയിരിക്കെ സുന്നിയുവജന സംഘത്തിന്റെ നേതൃത്വം സമസ്ത ഉലമാക്കള്‍ക്ക് നല്‍കിയ നിവേദനത്തില്‍ പറയുന്ന കാര്യം നോക്കു:''ബഹുമാനപ്പെട്ട സമസ്ത മുശാവറ മുന്‍കയ്യെടുത്തു സുന്നികള്‍ക്ക് പ്രത്യേകം ഒരു രാഷ്ട്രീയ പാര്‍ട്ടി രൂപീകരിക്കുകയോ, അല്ലെങ്കില്‍ സമസ്തയുടെ കീഴ്ഘടകമായ സുന്നി യുവജന സംഘത്തെ രാഷ്ട്രീയപാര്‍ട്ടിയായി അംഗീകരിക്കുകയോ ചെയ്യണമെന്നപേക്ഷിക്കുന്നു''. ഇത് പണ്ഡിതര്‍ അനുവദിച്ചില്ല. 

ബാഫഖി തങ്ങളും പൂക്കോയതങ്ങളും നേതൃത്വം നല്‍കുന്ന മുസ്‌ലിം ലീഗുണ്ടായിരിക്കെ പിന്നെയെന്തിനാണ് സുന്നികള്‍ക്ക് മാത്രം ഒരു രാഷ്ട്രീയപാര്‍ട്ടി രൂപീകരിക്കുന്നത്?. അത് കൊണ്ട് സുന്നികള്‍ക്ക് പ്രത്യേകനേട്ടം ലഭിക്കുമോ? ഇല്ലെന്ന് മാത്രമല്ല, അത് വഴി ലീഗിന്റെ ശക്കതി ക്ഷയിക്കുകയും മുസ്‌ലിംകള്‍ക്ക് വലിയ നഷ്ടം സംഭവിക്കാന്‍ ഇടവരുത്തുകയും ചെയ്യും. ഇതാണ് സമസ്തയില്‍ നിന്ന് വിഘടിച്ചു പോവാന്‍ അദ്ധേഹത്തെയും ശിങ്കിടികളെയും പ്രേരിപ്പിച്ച വസ്തുത. കാര്യം ഇതായിരിക്കെ പിന്നെയും അവരുടെ പിന്നാലെ ചില നേതാക്കള്‍ പോകുന്നത് ചരിത്രം നല്‍കിയ പാഠം മറന്നതു കൊണ്ടാണ്. തങ്ങളുടെ ആളുകളാണെന്ന് പറഞ്ഞ് അകത്ത് കയറിക്കൂടി പിന്നീട് തങ്ങള്‍ക്കെതിരെ പ്രവര്‍ത്തിച്ച് അബ്ബാസി ഖിലാഫത്ത് മറിച്ചിട്ട ചാരന്‍മാരെ ഇത്തരുണത്തില്‍ ഈ ആളുകള്‍ ഓര്‍ക്കുന്നത് നന്ന്.

  പാണക്കാട് കുടുംബത്തിന് സമൂഹം നല്‍കിയ ആദരവിലും ബഹുമാനത്തിലും അസൂയ മൂത്താണ് ഇയാള്‍ സംഘടനയുണ്ടാക്കിയതും അറബിപ്പണം കൊണ്ട് പള്ളിയുണ്ടാക്കി സ്വയം ഉത്ഘാടകനായി വിലസുന്നതും. ഇയാള്‍ക്ക് ലീഗിനോട് മമതയോ അലിവോ ഇല്ല, മാത്രവുമല്ല അവസരം കിട്ടുമ്പോഴൊക്കെ ലീഗിനെ അടിക്കാന്‍ ശ്രമിക്കുന്നവനുമാണയാള്‍. അയാള്‍ വെച്ച് നീട്ടുന്ന അപ്പക്കഷ്ണം പിടിക്കാന്‍ ശ്രമിക്കുമ്പോഴേക്ക് കാലിന്നടിയിലെ മണ്ണിളകിപ്പോയി സ്വയം നില നില്‍പില്ലാത്ത സാഹചര്യം വന്നുഭവിക്കുന്നത് സൂക്ഷിക്കുന്നതാകും ഏറെ അഭികാമ്യം. ഇതൊക്കെ മനസ്സിലാക്കി, ഉമറലി തങ്ങള്‍ അവസാനമായി നല്‍കിയ ഉപദേശവും മനസ്സില്‍ ഓര്‍ത്ത്(ലീഗും സമസ്തയും എപ്പൊഴും ആലോചിച്ചു നീങ്ങണം എന്ന ഉപദേശം) നാളിത് വരെ പൂര്‍വ്വകാമികള്‍ സംഘടന നയിച്ചത് പോലെ മുന്നോട്ട് ഗമിക്കലാണ് ചരിത്രം പഠിപ്പിച്ച അബ്ബാസി ഖലീഫമാരുടെ ഗതി വരാതെ രക്ഷപ്പെടാന്‍ സമുദായ നേതാക്കള്‍ക്ക് അഭികാമ്യം. സമസ്ത കാണിച്ചു തന്ന സത്പാന്ഥാവിലൂടെ, പണ്ഡിതമഹത്തുക്കളുടെ വാക്കുകള്‍ക്ക് കാതോര്‍ത്ത് സയ്യിദുമാരുടെ തണലിലായി ജീവിതം നയിക്കാന്‍ നാഥന്‍ നമ്മെ അനുഗ്രഹിക്കട്ടെ. അവരുടെ കൂടെ സ്വര്‍ഗ്ഗപ്രവേശം ലഭിക്കുന്നവരില്‍ നമ്മെയും അല്ലാഹു ഉള്‍പ്പെടുത്തട്ടെ. ആമീന്‍.










 



 



Post a Comment

Previous Post Next Post