വിശുദ്ധ ഇസ്‌ലാമിന്റെ സത്യസന്ദേശം മനസ്സില്‍ ഉള്‍ക്കൊണ്ട് വിശ്വസിക്കുന്നവനാണല്ലോ യഥാര്‍ത്ഥ മുസ്‌ലിം. സ്രഷ്ടാവിന്റെ ഏകത്വവും തിരുനബി(സ്വ)യുടെ പ്രവാചകത്വവും അംഗീകരിച്ച് ദീനിലേക്ക് വന്നവരെക്കുറിച്ച് മാത്രമേ യഥാര്‍ത്ഥ വിശ്വാസിയെന്ന് പറയാന്‍ കഴിയൂ. മനുഷ്യനെ സൃഷ്ടിച്ച അല്ലാഹു തന്നെയാണ് അവന്റെ ജീവിതമാര്‍ഗ്ഗമായി ഇസ്‌ലാമിനെ സംവിധാനിച്ചത്. ഹൃദയങ്ങളെ നിയന്ത്രിക്കുന്ന ആ നാഥന്‍ തന്നെയാണ് ചിലരുടെ മനസ്സിലേക്ക് ഇസ്‌ലാമെന്ന സത്യം അംഗീകരിക്കുവാന്‍ തോന്നിപ്പിക്കുന്നതും.
ആദം നബി(അ) മുതലുള്ള മാനവസമൂഹങ്ങളിലേക്ക് വ്യത്യസ്ത കാലഘട്ടങ്ങളില്‍ നിരവധി അമ്പിയാക്കളേയും, വേദഗ്രന്ഥങ്ങളേയും ഇറക്കിക്കൊടുത്ത് ഓരോ സമൂഹത്തിനും സത്യമതം പരിചയപ്പെടാനുള്ള വഴികള്‍ അല്ലാഹു ഒരുക്കിക്കൊടുത്തു. അന്ത്യദൂതരായി മുഹമ്മദ് നബി(സ്വ) നിയോഗിക്കപ്പെട്ടതോടെ പ്രവാചകപരമ്പരക്ക് അന്ത്യംകുറിക്കപ്പെടുകയും വിശുദ്ധഖുര്‍ആനിന്റെ അവതരണത്തോടെ മറ്റുവേദഗ്രന്ഥങ്ങളെല്ലാം അപ്രസക്തമാവുകയും ചെയ്തു. ശേഷം ഖുര്‍ആനും തിരുസുന്നത്തും ഇവരണ്ടില്‍ നിന്നും നിര്‍ദ്ധാരണം ചെയ്യപ്പെട്ട നിയമങ്ങളുമുള്‍ക്കൊള്ളുന്ന നിയമസംഹിതയായി ഇസ്‌ലാം ഏറ്റവും വലിയ സത്യമായി നിലകൊള്ളുന്നു.
ഇസ്‌ലാംമതത്തിന്റെ പ്രബോധനവും വ്യാപനവും വിവിധ മാര്‍ഗങ്ങളിലൂടെയാണ് ലോകത്ത് നടന്നുവന്നതും നടന്നുകൊണ്ടിരിക്കുന്നതും. നിര്‍ബന്ധിച്ചോ, പ്രകോപിപ്പിച്ചുകൊണ്ടോ, പ്രലോഭനങ്ങളിലൂടെയോ ഇസ്‌ലാമിലേക്ക് വ്യക്തികളെ ക്ഷണിക്കുന്ന രീതി ഒരിക്കലും ഇസ്‌ലാമികമല്ല. 'മതത്തില്‍ അടിച്ചേല്‍പ്പിക്കലില്ല. ദുര്‍മാര്‍ഗത്തില്‍ നിന്ന് സന്‍മാര്‍ഗം വ്യതിരക്തമായിക്കഴിഞ്ഞിട്ടുണ്ട്'' എന്ന വചനത്തിന്റെ ബാഹ്യാര്‍ത്ഥം തന്നെ ഇതാണ് സൂചിപ്പിക്കുന്നത്. ഉമര്‍(റ)ന്റെ വേലക്കാരനായിരുന്ന അസ്ബഖ് എന്നയാള്‍ കൃസ്ത്യനായിരുന്നു. ഉമര്‍(റ) ഇസ്‌ലാമിനെ പരിചയപ്പെടുത്തിക്കൊടുത്തു സ്വീകരിച്ചുകൂടെയെന്ന് അദ്ദേഹത്തോട് ചോദിച്ചപ്പോള്‍ അയാള്‍ വഴങ്ങിയില്ല. അന്നേരം ഉമര്‍(റ) മേല്‍സൂക്തം ഓതുകയും മുസ്‌ലിമായിരുന്നെങ്കില്‍ വിശ്വാസികളുടെ പലകാര്യങ്ങള്‍ക്കും നിങ്ങളെ ചുമതലപ്പെടുത്താമായിരുന്നുവെന്ന് പറയുകയും ചെയ്തു. ഒരിക്കലും അദ്ദേഹം തന്നെ നിര്‍ബന്ധിക്കുമായിരുന്നില്ലെന്ന് അസ്ബഖ് തന്നെ പറഞ്ഞിട്ടുണ്ട്. ഇതേ അനുഭവം ഒരു വൃദ്ധയുമായും ഉമര്‍(റ)ന് ഉണ്ടായത് ഹദീസില്‍ കാണാം.
അംഗബലമോ ജനപ്പെരുപ്പമോ ഈ മതത്തിന്റെ അജണ്ടയല്ല. എന്നാല്‍ മനുഷ്യസമൂഹത്തിന് മുഴുവന്‍ സത്യസന്ദേശം എത്തിയിട്ടുണ്ടെന്ന് ഉറപ്പ് വരുത്തേണ്ട ബാധ്യത വിശ്വാസികള്‍ക്കുണ്ട്താനും. മനുഷ്യരില്‍ അല്ലാഹു സന്‍മാര്‍ഗ്ഗം ഉദ്ദേശിച്ചവര്‍ക്ക് മാത്രമേ ഈ വെളിച്ചം ഉള്‍ക്കൊള്ളുവാനും സ്വീകരിക്കുവാനും സാധ്യമാവുകയുള്ളൂ എന്നത് പരമാര്‍ത്ഥമാണ്. ''താങ്കളുടെ നാഥന്‍ ഉദ്ദേശിച്ചിരുന്നുവെങ്കില്‍ ഭൂതലത്തിലുള്ളവരത്രയും സത്യവിശ്വാസം കൈകൊള്ളുമായിരുന്നു. എന്നിട്ടും വിശ്വസിക്കുവാനായി ആളുകളെ താങ്കള്‍ നിര്‍ബന്ധിക്കുകയാണോ? അല്ലാഹവിന്റെ ഉദ്ദേശ്യമില്ലാതെ സത്യവിശ്വാസിയാവാന്‍ ഒരു വ്യക്തിക്കുമാവുകയില്ല. ചിന്തിച്ചു ഗ്രഹിക്കാത്തവരില്‍ നിഷേധത്തിന്റെ മാലിന്യം അവന്‍ നിക്ഷേപിക്കുന്നതാണ്(യൂനുസ് 99,100).
ആദ്യകാലങ്ങളില്‍ പ്രബോധകരായി നബിമാര്‍ നിയോഗിക്കപ്പെട്ടു. ഓരോ കാലത്തും നിയോഗിതരായ അമ്പിയാക്കള്‍ ആ സമൂഹത്തിലെ ഏറ്റവും സ്രേഷ്ടസ്വഭാവികളും ഉത്തമജീവിതത്തിനുടമകളും മാതൃകാപുരുഷന്‍മാരും അനുകരണീയവ്യക്തിത്വങ്ങളുമായിരുന്നു. ''നമ്മുടെയടുക്കല്‍ തെരഞ്ഞെടുക്കപ്പെട്ട ഉല്‍കൃഷ്ടര്‍ തന്നെയാണവര്‍'' എന്നാണ് ഖുര്‍ആന്‍ അമ്പിയാക്കളെക്കുറിച്ച് സൂചിപ്പിച്ചത്. ഇവരുടെ ജീവിതവിശുദ്ധിയാണ് ആ കാലത്തെ പ്രബോധിതരെ ദീനിലേക്ക് ആകര്‍ഷിച്ചത്. ഖുര്‍ആനില്‍ പരാമര്‍ശിക്കപ്പെട്ട ഓരോ നബിമാരുടേയും പ്രത്യേക സ്വഭാവഗുണങ്ങള്‍ പലയിടങ്ങളില്‍ ഉദ്ധരിക്കപ്പെട്ടതും നമുക്ക് കാണാം. ''അല്ലാഹുവില്‍ നിന്നുള്ള മഹത്തായ അനുഗ്രഹം കൊണ്ടാണ് താങ്കള്‍ക്ക് ജനങ്ങളോട് സൗമ്യസമീപനത്തിന് സാധിക്കുന്നത്. അങ്ങ് പരുഷനും കഠിന ഹൃദയനുമായിരുന്നെങ്കില്‍ അവര്‍ താങ്കളുടെ ചുറ്റും നിന്നു പിരഞ്ഞുപോയേനെ'' എന്ന ആലുഇംറാനിലെ സൂക്തം മുഹമ്മദ് നബിയെക്കുറിച്ചുള്ള ഒരു പരാമര്‍ഷമാണ്. നബി(സ്വ)യുടെ ഇരുപത്തിമൂന്ന് വര്‍ഷത്തെ പ്രബോധനജീവിതത്തിനിടയില്‍ ലക്ഷക്കണക്കിന് അനുയായികളെ ദീനിലേക്ക് ഹഠാദാകര്‍ഷിച്ചതും ജീവിതവിശുദ്ധിതന്നെയാണ്. നിരവധി ഉദാഹരണങ്ങള്‍ ചരിത്രത്തില്‍ നിരത്തിവെക്കാന്‍ സാധിക്കും.
പ്രമുഖരായ പല രാജാക്കന്‍മാര്‍ക്ക് കത്തുകളെഴുതിയും ഇസ്‌ലാമിന്റെ സന്ദേശം നബി(സ്വ) എത്തിച്ചുകൊടുത്തിട്ടുണ്ട്. ആ കത്തുകളില്‍ വളരെ മാന്യമായ ശൈലിയാണ് നബി(സ്വ) സ്വീകരിച്ചത്. അല്ലാഹുവിന്റെ നാമത്തില്‍ സന്‍മാര്‍ഗ്ഗം സ്വീകരിച്ചവര്‍ക്ക് രക്ഷയുണ്ടാകട്ടെ എന്ന പ്രാര്‍ത്ഥനയോടെയായിരുന്നു ആ കത്തുകളെല്ലാം ആരംഭിച്ചിരുന്നത്. അതുകൊണ്ട് തന്നെ ഭവ്യതയോടെ ആ കത്തുകള്‍ സ്വീകരിക്കുകയും മാന്യമായി പ്രതികരിക്കുകയും ചെയ്ത പ്രമുഖ വ്യക്തികളെ നമുക്ക് ചരിത്രത്തില്‍ കാണാം.
എന്നാല്‍ വിശുദ്ധഖുര്‍ആനും തിരുസുന്നത്തും ജീവിതമാര്‍ഗ്ഗമാക്കി അകവും പുറവും ശുദ്ധമാക്കിയ വിശുദ്ധജീവിതങ്ങള്‍ കണ്ടാണ് ഏറ്റവും കൂടുതല്‍ ആളുകള്‍ ഇസ്‌ലാമിലേക്ക് ആകൃഷ്ടരായത് എന്നത് അനിഷേധ്യസത്യമാണ്. ഗവേഷണപഠനങ്ങളിലൂടെ സത്യമതം പുല്‍കിയവരേക്കാള്‍ പതിന്‍മടങ്ങ് ആളുകള്‍ മുസ്‌ലിമായതും ഈ വഴിയിലൂടെയാണ്. നബി(സ്വ)യുടെ കാലശേഷം അനുചരിലും അവര്‍ക്ക് ശേഷം താബിഉകളിലുമെല്ലാം ഖുര്‍ആനും സുന്നതും പൂര്‍ണ്ണമായും ആവാഹിച്ചെടുത്ത മഹല്‍വ്യക്തികള്‍ ധാരാളമുണ്ടായിരുന്നു. ജീവിക്കുന്ന ഗ്രന്ഥങ്ങളായി, പ്രകാശം പൊഴിക്കുന്ന വിളക്കുമാടങ്ങളായി, സഹജീവികള്‍ക്ക് കൃത്യമായി സത്യം വായിച്ചെടുക്കാവുന്ന പുസ്തകങ്ങളായി അവര്‍ സമൂഹത്തില്‍ ജീവിച്ചു. ''മുഖദര്‍ശനത്തിലൂടെത്തന്നെ അല്ലാഹുവിനെക്കുറിച്ചുള്ള ഓര്‍മ്മകള്‍ നല്‍കുന്നവരാണ് നിങ്ങളിലെ അത്യുത്തമര്‍'' എന്ന തിരുവചനം ജീവിതത്തില്‍ പുലര്‍ന്ന മഹല്‍ജീവിതങ്ങള്‍ ധാരാളമുണ്ട് ചരിത്രത്തില്‍.
സുല്‍ത്വാന്‍ മഹ്മൂദുല്‍ഗാസിഅശ്ശൈഖ്അബുല്‍ഹസനില്‍ഖിര്‍ഖാനി(റ)യെ സന്ദര്‍ശിക്കുന്നതിനിടയില്‍ അബൂയസീദില്‍ബിസ്ത്വാമി തങ്ങളെ കുറിച്ച് ചോദിച്ചു. ഖിര്‍ഖാനി(റ) പറഞ്ഞു: അദ്ദേഹത്തെ കണ്ടവരെല്ലാം സന്‍മാര്‍ഗിയാവുകയും വിജയിക്കുകയും ചെയ്യും. അപ്പോള്‍ സുല്‍ത്വാന്‍ ചോദിച്ചു: അതെങ്ങനെ, അല്ലാഹുവിന്റെ റസൂലിനെ കണ്ട അബൂജഹല്‍ പോലും സന്‍മാര്‍ഗിയായിട്ടില്ലല്ലോ?!!. അന്നേരം ശൈഖ് പ്രതികരിച്ചു. അല്ല, അബൂജഹല്‍ കണ്ടത് അബൂത്വാലിബിന്റെ യതീമിനെയാണ്. അല്ലാഹുവിന്റെ റസൂലിനെ കണ്ടിരുന്നെങ്കില്‍ അവന്‍ വിജയിക്കുമായിരുന്നുവെന്നത് തീര്‍ച്ചയാണ്(റൂഹുല്‍ബയാന്‍).
ഇസ്‌ലാമിന്റെ ആഗോളവ്യാപന ചരിത്രം പരിശോധിക്കുമ്പോള്‍ സ്വൂഫികളുടേയും ആത്മജ്ഞാനികളുടേയും സ്വാധീനം നമുക്ക് കാണാവുന്നതാണ്.പലനാടുകളിലും കച്ചവടക്കാരായിച്ചെന്ന മുസ്‌ലിംകളുടെ മാതൃകാജീവിതത്തിലാകൃഷടരായി ഇസ്‌ലാം സ്വീരിച്ച നിരവധിയാളുകളുണ്ട്. പലനാടുകളിലേയും ഭരണാധികാരികള്‍ പോലും ഇങ്ങനെയാണ് ഇസ്‌ലാമിലെത്തിയത്. മുസ്‌ലിംജനസംഖ്യ കൂടുതലുള്ള മലേഷ്യ, ഇന്തോനേഷ്യ രാജ്യങ്ങളില്‍ ഇസ്‌ലാമിന്റെ വ്യാപനം നടന്നത് സച്ചരിതരായ മുസ്‌ലിം കച്ചവടക്കാരിലൂടെയാണ്. സ്വഹാബികളില്‍ പലരും ആദ്യകാലങ്ങളില്‍ അവിടെയെത്തിയിട്ടുണ്ട്. പിന്നീട് 12, 13 നൂറ്റാണ്ടുകളില്‍ ഇസ്‌ലാമിന്റെ വ്യാപനത്തിന് ആക്കം കൂടുകയും 1136-1179 വരെ കെദാഹ് പ്രവിശ്യ ഭരിച്ചിരുന്ന സുല്‍ത്വാന്‍ മുളഫര്‍ ശാഹിന്റെ ഇസ്‌ലാമാശ്ലേഷണം നിരവധിയാളുകള്‍ സത്യമതത്തിലെത്താന്‍ വഴിയൊരുക്കുകയും ചെയ്തു. 15,16 നൂറ്റാണ്ടുകളായപ്പോഴേക്ക് അവിടെയുള്ള ഭൂരിപക്ഷമാളുകളും മുസ്‌ലിംകളായി മാറി. മുസ്‌ലിംകച്ചവടക്കാരുടെ ജീവിതം കണ്ടാണ് മുളഫ്ഫര്‍ശാഹ് മുസ്‌ലിമായതെന്ന് ചരിത്രത്തില്‍ കാണാം. ഗുജറാത്, തമിഴ്‌നാട് തുടങ്ങിയ പ്രദേശങ്ങളില്‍ നിന്നാണ് കൂടുതല്‍ കച്ചവടക്കാര്‍ ഇവിടെങ്ങളിലെത്തിയത്. ലോകത്ത് വലിയ സമാധാനത്തോടെ ജനങ്ങള്‍ കഴിയുന്ന രാജ്യങ്ങളില്‍ മുന്‍നിരയിലാണ് ഇന്തോനേഷ്യയും മലേഷ്യയും എന്നതും നമ്മെ ചിന്തിപ്പിക്കേണ്ടതുണ്ട്.
സവിശേഷമായി നമ്മുടെ ഇന്ത്യയില്‍ പോലും ഇസ്‌ലാം വ്യാപിച്ചത് സച്ചരിതരായ സ്വൂഫികളിലൂടെയും സയ്യിദുമാരിലൂടെയുമാണ്. മുഹമ്മദ്ബ്‌നുഖാസിമിന് ശേഷം വന്ന ഖാസിമ്ബ്‌നുസഅ്‌ലബതിത്വാഇയും, സുല്‍ത്വാനുല്‍ഹിന്ദ് ഖ്വാജാമുഈനുദ്ദീന്‍ചിശ്തി(റ)യും ശിഷ്യനായ ഖുത്വുബുദ്ദീന്‍ബഖ്തിയാര്‍കഅ്കി(റ)യും നിളാമുദ്ദീനുദ്ദഹ്‌ലവി(റ)യും, ചിറാഗെദല്‍ഹി(ദല്‍ഹിയുടെ വിളക്ക്) എന്നറിയപ്പെട്ട നസ്വീറുദ്ദീന്‍ദഹ്‌ലവിയുമെല്ലാം ഈ ശ്രേണിയിലെ പ്രധാനികളാണ്. ഖാജ്വാ തങ്ങള്‍ വഴി തൊണ്ണൂറ്‌ലക്ഷം ആളുകളാണ് ഇസ്‌ലാം സ്വീകരിച്ചതെന്നാണ് ചരിത്രരേഖകളിലുള്ളത്.
ഹിജ്‌റ 583ല്‍ തുര്‍കിസ്താനിലെ ഒരു സ്വൂഫീകുടുംബത്തില്‍ ജനിച്ച ഖുത്വുബുദ്ദീന്‍ ബഖ്തിയാര്‍ കഅ്കി(റ) തന്റെ പിതാവ് രണ്ടാം വയസ്സില്‍ തന്നെ മരണപ്പെട്ടപ്പോള്‍ ഉമ്മയുടെ സംരക്ഷണത്തിലാണ് വളര്‍ന്നത്. ഖ്വാജാ(റ)തുര്‍ക്കിസ്താനിലെത്തിയപ്പോള്‍ ആത്മീയവിഷയങ്ങള്‍ അവരില്‍ നിന്ന് സ്വയത്തമാക്കുകയും പിന്നീട് കാലങ്ങള്‍ക്ക് ശേഷം ഇന്ത്യയിലെത്തി തന്റെ ആത്മീയഗുരവിനെപ്പോലെ പ്രബോധനപ്രവര്‍ത്തില്‍ മുഴുകുകയുമുണ്ടായി. അദ്ദേഹത്തിന്റെ സാരോപദേശങ്ങള്‍ വഴിയും ജീവിതവിശുദ്ധിയിലൂടെയും നിരവധി പേര്‍ ജീവിതം ഇസ്‌ലാമികമാക്കുകയും മുസ്‌ലിമാവുകയും അവിടെയുള്ളവരെല്ലാം അദ്ദേഹത്തെ ജീവനുതുല്യം സ്‌നേഹിക്കുകയും ചെയ്തു. ഒരിക്കല്‍ അജ്മീറിലായിരുന്ന ഖ്വാജാ(റ)ഡല്‍ഹിയിലുള്ള തന്റെ ശിഷ്യനെ സന്ദര്‍ശിച്ച് തിരികെപ്പോകുമ്പോള്‍ കഅ്കി(റ)യും കൂടെപ്പോവാനുദ്ദേശിച്ചു. ഇത് കേട്ടറിഞ്ഞ ഡല്‍ഹി നിവാസികള്‍ക്കും സുല്‍ത്വാന്‍ ഇല്‍തുമിശിനും സങ്കടമായി. പോകരുതെന്ന് ഒരുപാട് പറഞ്ഞുനോക്കി. അദ്ദേഹം സമ്മതിച്ചില്ല. അവസാനം ഖ്വാജാതങ്ങളുടെ കൂടെ യാത്രപുറപ്പെട്ട ബഖ്തിയാര്‍കഅ്കി(റ)യുടെ കാല്‍പ്പാദം പതിയുന്ന ഭാഗത്തെ മണ്ണെടുത്ത് സ്വന്തം മുഖത്ത് അവര്‍ പുരട്ടുകയും ഇനിയും ആ സാരോപദേശങ്ങള്‍ ലഭിക്കണമെന്ന് കേണപേക്ഷിക്കുകയും ചെയ്തു. അന്നേരം ശൈഖവര്‍കള്‍ കഅ്കിയോട് ദല്‍ഹിയില്‍ തന്നെ തങ്ങാന്‍ നിര്‍ദേശിക്കുകയാണ് ചെയ്തത്.
ഹിജ്‌റ 91ല്‍ സിന്ദ് കീഴടക്കിയ മുഹമ്മദ്ബ്‌നുഖാസിം(റ) വലീദ്ബ്‌നുഅബ്ദില്‍മലിക് മരണപ്പെട്ടപ്പോള്‍ അധികാരമേറ്റ സുലൈമാന്ബ്‌നുഅബ്ദില്‍മലിക് മുഹമ്മദ്ബ്‌നുഖാസിമിനെ തല്‍സ്ഥാനത്ത് നിന്ന് ഭ്രഷ്ടനാക്കി ഇറാഖിലേക്ക് തിരികെ വിളിച്ചപ്പോള്‍ ഇന്ത്യക്കാര്‍ സങ്കടഭാരത്താല്‍ കരഞ്ഞുവത്രെ. സ്വന്തം പ്രദേശം കീഴടക്കാന്‍ വന്ന വ്യക്തിയായിട്ട് പോലും പിന്നീട് അവര്‍ക്കിടയില്‍ യഥാര്‍്ഥ മുസ്ലിമായി ജീവിച്ചതിന്റെ സ്വാധീനമാണിതെന്ന് നമുക്ക് മനസ്സിലാക്കാന്‍ കഴിയും. അഗ്‌നിയാരാധകനായിരുന്ന അയല്‍വാസി നിരന്തരം ബുദ്ധിമുട്ടിച്ചിട്ടും ഒന്നും പ്രതികരിക്കാതെ ക്ഷമയോടെ ജീവിച്ച മാലിക്ബ്‌നുദീനാര്‍(റ)നോട് അയല്‍വാസി ഒരിക്കല്‍ ചോദിച്ചു: ഞാനിത്രയും ശല്യം ചെയ്തിട്ടും എല്ലാം ക്ഷമിച്ചു എന്നോടൊന്നും പറയാതിരുന്നതെന്ത് കൊണ്ട്? അയല്‍വാസിയോട് നല്ലനിലയില്‍ മാത്രമേ വര്‍ത്തിക്കാവൂ എന്നാണ് എന്റെ മതം പഠിപ്പിക്കുന്നത് അത് കൊണ്ട് മാത്രമാണ്. ഇത് കേട്ട മജൂസിയായ അയല്‍വാസി ഇസ്‌ലാം സ്വീകരിച്ചു. സഹ്‌ലുബ്‌നുഅബ്ദില്ലാഹിത്തുസ്തുരി(റ)യുടെ ജീവിതത്തിലും സമാനമായ ഒരു സംഭവം നമുക്ക് കാണാന്‍ കഴിയും. വെളിച്ചമുള്ളിടത്തേക്ക് സ്വാഭാവികമായും ആളുകള്‍ എത്തിച്ചേരുക തന്നെ ചെയ്യും. സൂര്യ വെളിച്ചം മുറം കൊണ്ട് മറച്ചുവെക്കാന്‍ ആര്‍ക്കും സാധിക്കില്ല.
ഇസ്‌ലാം മതവും അതിന്റെ അധ്യാപനങ്ങളും അനുയായികളും അനാവശ്യമായി തെറ്റിദ്ധരിക്കപ്പെടുകയും വിവാദങ്ങളിലകപ്പെടുത്തപ്പെടുകയും ചെയ്യുന്ന സന്ദര്‍ഭത്തില്‍ വിശ്വാസികളായ നമുക്ക് ചെയ്യാനുള്ള ഏറ്റവും വലിയ ജിഹാദ് യഥാര്‍ത്ഥ മുസ്‌ലിമായി ജീവിച്ച് സത്യസന്ദേശം മാതൃകയായി പ്രസരിപ്പിക്കുക എന്നത് തന്നെയാണ്. നാഥന്‍ നമ്മെ അനുഗ്രഹിക്കട്ടെ.
Post a Comment