കേരളമണ്ണില്‍ ഉദയം ചെയ്ത ആത്മജ്ഞാനികളില്‍ പ്രധാനിയും അറബിസാഹിത്യത്തില്‍ വിശ്രുതനും കാവ്യരചനയില്‍ അദ്യുതീയനുമായ ഹസ്രത്ത് ഉമര്‍ഖാളി(റ)യെ കേരളത്തിന്റെ ഹസ്സാന്‍ എന്നാണ് അനുരാഗികള്‍ വിളിക്കുന്നത്. തന്റെ കണ്‍മുന്നില്‍ ജീവിക്കുന്ന തിരുനബി(സ്വ)യെ വര്‍ണ്ണിച്ചും പ്രകീര്‍ത്തിച്ചും കവിതകള്‍ പാടി, പ്രത്യേകപ്രാര്‍ത്ഥനകൊണ്ടനുഗ്രഹീതനായ ഹസ്സാനുബ്‌നുസാബിത്(റ)നെയാണ് ഹൃദയത്തിന്റെ കാന്‍വാസില്‍ തിരുനബി(സ്വ)യെ എപ്പോഴും ദര്‍ശിച്ച് കവിതകളാലപിച്ച ഉമര്‍ഖാളിയിലൂടെ കേരളീയര്‍ക്കും മറ്റും അനുഭവിക്കാനായത്.
ഹിജ്‌റ 1177 റബീഉല്‍അവ്വല്‍ 10ന് പ്രസിദ്ധമായ കാക്കത്തറ തറവാട്ടില്‍ ആലിമുസ്‌ലിയാരുടേയും ആമിനയുടേയും പുത്രനായി ജനിച്ച ഉമര്‍ പിതാവില്‍ നിന്ന് തന്നെ പ്രാഥമികപഠനങ്ങള്‍ പൂര്‍ത്തിയാക്കി പതിനൊന്നാം വയസ്സില്‍ താനൂര് ദര്‍സ്സില്‍ തുന്നംവീട്ടില്‍ അഹ്മദ്മുസ്‌ലിയാരുടെ ശിശ്യത്വം സ്വീകരിച്ചു. പതിമൂന്നാം വയസ്സില്‍ പൊന്നാനിപ്പള്ളിയില്‍ മമ്മിക്കുട്ടിമുസ്‌ലിയാരുടെ ശിക്ഷണത്തിലാണ് പിന്നീട് വളര്‍ന്നത്. ഹിജ്‌റ 1196ല്‍ മഹാനുഭാവന്‍ വഫാതാകുന്നത് വരെ അവരുടെ ദര്‍സിലും ആത്മീയശിക്ഷണത്തത്തിലും പഠിച്ചുയരാന്‍ ഉമര്‍ഖാളിക്ക് സാധ്യമായി. പിന്നീട് ഖുത്വുബുസ്സമാന്‍ മമ്പുറം തങ്ങളുടെ തര്‍ബിയതും കൂടി ലഭിച്ചതോടെ ആത്മീയവിഹായസ്സില്‍ തിളങ്ങുന്ന നക്ഷത്രമായി അദ്ദേഹം പ്രകാശിക്കുകയുണ്ടായി.
ഖാളിയും മുദരിസും ജനസേവകനും സമരസേനാനിയുമൊക്കെയായി സാമൂഹിക വൈജ്ഞാനികരംഗത്ത് സജീവമായിരുന്ന ഉമറുല്‍ഖാളി(റ) സാഹിത്യരംഗത്തും വിശിഷ്യാ അറബികാവ്യരചനാമേഖലയില്‍ പ്രോജ്വലിച്ചുനിന്നു. സന്ദര്‍ഭോചിതം കവിതകളുണ്ടാക്കുന്നതില്‍ പ്രവീണനായിരുന്ന അദ്ദേഹം പല പള്ളിച്ചുമരുകളിലും എഴുതിവെച്ച നിരവധി കവിതകള്‍ അടുത്തകാലങ്ങള്‍ വരെ നിലനിന്നിരുന്നുവത്രെ. വിവിധവിഷയങ്ങളില്‍ വൈവിധ്യമാര്‍ന്ന കവിതകളെഴുതിയ അദ്ദേഹം നബികീര്‍ത്തനകാവ്യങ്ങളും ധാരാളം രചിച്ചിട്ടുണ്ട്.
'അല്‍ഖസ്വീദതുല്‍ഉമരിയ്യ ഫീ മദ്ഹി ഖൈരില്‍ബരിയ്യ', 'നഫാഇസുദ്ദുറര്‍ ഫീ തൗഹീദില്‍മലികില്‍മുഖ്തദിര്‍ വമദ്ഹി സയ്യിദിനാമുഹമ്മദിന്‍ ഖൈരില്‍ബശര്‍', 'ഖസ്വീദതുല്‍അല്ലഫല്‍ആസ്വീ', 'ഖസ്വീദതു ലമ്മാളഹറാ', 'ഖസ്വീദതു ലാഹല്‍ഹിലാല്‍', 'മിഖ്ത്വഅതു ജഫത്‌നീ വദബ്ബത്‌നീ ഫീ മദ്ഹിന്നബിയ്യ്' തുടങ്ങിയവയാണ് ഉമര്‍ഖാളി(റ)യുടെ പ്രസിദ്ധമായ നബികീര്‍ത്തനകാവ്യങ്ങള്‍.
അല്‍ഖസ്വീദതുല്‍ഉമരിയ്യ ഫീ മദ്ഹി ഖൈരില്‍ബരിയ്യ
'ഖസ്വീദതു സ്വല്ലല്‍ഇലാഹ്' എന്ന പേരില്‍ വിശ്രുതമായ അമ്പത്തിആറ് മുഖമ്മസുകള്‍ (പഞ്ചഷ്പതികള്‍) അടങ്ങിയ സുദീര്‍ഘമായ ഖസ്വീദയാണ് അല്‍ഖസ്വീദതുല്‍ഉമരിയ്യ ഫീ മദ്ഹി ഖൈരില്‍ബരിയ്യ. ഹിജ്‌റ് 1209ല്‍ ഉമര്‍ഖാളി നടത്തിയ ഹജ്ജ് യാത്രയില്‍ റൗളയുടെ ചാരത്ത് വെച്ച് മനസ്സില്‍ തളംകെട്ടി നിന്നിരുന്ന അനുരാഗം പദ്യമായി അധരങ്ങളിലൂടെ ഒഴുകിത്തുടങ്ങിയപ്പോള്‍ കൂടെയുള്ളവരും കൂടെലയിച്ച് 'സ്വല്ലൂഅലൈഹി വസ്വല്ലിമൂ തസ്‌ലീമാ' എന്ന് ഏറ്റുപാടുകയുണ്ടായി. ഖബറുശ്ശരീഫിനടുത്തെത്താന്‍ കൊതിച്ച മഹാനുഭാവനുമുന്നില്‍ റൗളയുടെ കവാടങ്ങള്‍ തുറക്കപ്പെടുകയും തിരുകരം ചുമ്പിക്കാനുള്ള മഹാഭാഗ്യം മഹാനുഭാവന് ലഭിക്കുകയുമുണ്ടായത് ഈ കവിതയിലൂടെയാണ്.
ആദ്യവരിയില്‍ 'സ്വല്ലല്‍ഇലാഹു' എന്നുള്ളത് കൊണ്ടാണ് 'ഖസ്വീദതുസ്വല്ലല്‍ഇലാഹു' എന്ന് ഈ കവിതാസമാഹാരം അറിയപ്പെട്ടത്. വിശുദ്ധഖുര്‍ആനില്‍ തിരുനബി(സ്വ)യുടെ സ്വഭാവവൈശിഷ്ട്യം സൂചിപ്പിക്കാന്‍ ആലുഇംറാനിലെ 159ആം സൂക്തത്തില്‍ കൊണ്ടുവന്ന അതേപദങ്ങളുദ്ധരിച്ചാണ് തിരുദൂതരെ വര്‍ണ്ണിച്ചുതുടങ്ങുന്നത്. അല്ലാഹുവിന്റെ തൗഹീദിലേക്ക് ക്ഷണിക്കാന്‍ അനാഥനെങ്കിലും സര്‍വ്വജ്ഞാനിയായ ദൂതരായി നിയോഗിക്കപ്പെട്ടവര്‍ കുഫ്‌റിന്റെ അടിത്തറ പൊളിച്ചടക്കിയവരും സന്‍മാര്‍ഗികളെ സ്വര്‍ഗത്തിലേക്കും അസന്‍മാര്‍ഗികളെ നരകത്തിലേക്കും നയിക്കുന്നവരെന്നാണ് വിശേഷിപ്പിച്ചത്. സര്‍വ്വ സത്ഗുണങ്ങളും ഒത്തിണങ്ങിയ തിരുനബി(സ്വ)യുടെ അമാനുഷികത കണ്ട് ദീനിലേക്ക് വന്ന വ്യക്തിയുടെ കാര്യം സൂചിപ്പിച്ച ശേഷം നബിസ്‌നേഹവും പ്രകീര്‍ത്തനവും മനുഷ്യന്റെ ഏറ്റവും നല്ല പ്രവര്‍ത്തനമാണെന്നും പരലോകത്ത് ശുപാര്‍ഷ നേടിക്കൊടുക്കുമെന്നും പറയുന്നുണ്ട്.
ബുറാഖിലേറി ജിബ്രീലിന്റെ അകമ്പടിയോടെ തിരുനബി(സ്വ) നടത്തിയ അത്ഭുതകരമായ നിശാപ്രയാണവും, മാലാഖമാര്‍ പോലും അനുവദിക്കപ്പെടാത്ത ലോകത്തേക്ക് ആനയിക്കപ്പെട്ട ആകാശാരോഹണവും കവിതയില്‍ പ്രമേയമായിട്ടുണ്ട്. ആ യാത്രയില്‍ അദൃശ്യലോകത്തെ അത്ഭുതങ്ങളും നാസൂത്, ജബറൂതിലെ രഹസ്യങ്ങളുമെല്ലാം കണ്ട ശേഷം ''എന്റെ സ്‌നേഹഭാജനമേ! താങ്കള്‍ എന്നെ വിട്ടുകൊണ്ട് യാതൊന്നും ഭയപ്പെടാതെ മുന്നോട്ട് പോകുകയും സര്‍വ്വലോകനിയന്താവായ നാഥനുമായി താങ്കള്‍ രഹസ്യഭാഷണം ചെയ്ത് സന്തുഷ്ടിനേടുകയും ചെയ്യുക'' എന്ന് ജിബ്രീലിന്റെ നിര്‍ദേശപ്രകാരം ആ മഹനീയസാന്നിധ്യത്തിലേക്ക് പ്രവേശിക്കുകയുണ്ടായി. സ്‌നേഹാഭിവാദ്യങ്ങള്‍ക്കും പ്രത്യഭിവാദ്യങ്ങള്‍ക്കും ശേഷം അല്ലാഹുവുമായി നേരിട്ട് മുനാജാത് നടത്തി നിസ്‌കാരം സമ്മാനമായി സ്വീകരിച്ച് തിരുദൂതര്‍ തിരിച്ച് പോരുന്നതെല്ലാം മനോഹരമായി വര്‍ണ്ണിക്കുന്ന വരികള്‍ ഇതിലുണ്ട്.
ഇരുപത്തിരണ്ടാം മുഖമ്മസ് പാടിത്തുടങ്ങിയ ശേഷമാണ് റൗളയുടെ കവാടങ്ങള്‍ തുറക്കപ്പെട്ടത്. ''അത്യുദാരനായ സ്‌നേഹനിധിയേ, അങ്ങയുടെ അനുഗ്രഹം ആവശ്യമുള്ളവനും ആഗ്രഹിക്കുന്നവനുമായ പാവപ്പെട്ട ഉമര്‍ അങ്ങയുടെ ഉമ്മറപ്പടിക്കല്‍ ഇതാ വന്നുനില്‍ക്കുന്നു. ഇരുനയനങ്ങളില്‍ നിന്നും കണ്ണുനീര്‍ ഒഴുകിക്കരയുന്ന ഈ പാവം അങ്ങയുടെ ഔദാര്യമാണ് കാംക്ഷിക്കുന്നത്'' എന്ന വരികള്‍ പാടിത്തീര്‍ന്നപ്പോഴേക്ക് ആ മഹാത്ഭുതവും സംഭവിച്ചു.
പിന്നീടുള്ള വരികളില്‍ ഹബീബിന്റെ ഒരുപാട് മഹത്വങ്ങള്‍ സൂചിപ്പിച്ച് റൗളാ സന്ദര്‍ശനത്തിന്റെ പവിത്രതയും പറഞ്ഞ്, റൗളയുടെ ചാരത്ത് നിന്ന് പിരിഞ്ഞ് പോകുന്നതിലെ സങ്കടവും സമര്‍പ്പിച്ച് നബി(സ്വ)ക്കും കുടുംബത്തിനും ഗുണം വര്‍ഷിക്കട്ടെ എന്ന പ്രാര്‍ത്ഥനയോടെയാണ് ഈ കവിതകള്‍ അവസാനിക്കുന്നത്.
മനോഹരമായ ഭാഷാ സൗന്ദര്യവും, ആഖ്യാനഭംഗിയും, സുഗ്രാഹ്യമായ സമര്‍ത്ഥനവും ഈ കവിതാ സമാഹാരത്തിന്റെ പ്രത്യേകതകളാണ്. ആലാപനത്തിന്റെ താളാത്മകതയില്‍ ലയിക്കുന്നവര്‍ക്കു പോലും അനുരാഗസാഗരത്തില്‍ ഊളിയിട്ടു പോവാന്‍ സാധ്യമാകുന്ന വിധമാണ് ഓരോ വരികളും കോര്‍ത്തിണക്കിയിട്ടുള്ളത്. അര്‍ത്ഥമറിയുന്നവര്‍ക്ക് ഒരു തവണ പാരായണം ചെയ്താല്‍ തന്നെ ഇഷ്ഖ് തലയില്‍ പിടിക്കുമെന്നത് സത്യമാണ്.
നഫാഇസുദ്ദുറര്‍ ഫീ തൗഹീദില്‍മലികില്‍മുഖ്തദിര്‍ വമദ്ഹി സയ്യിദിനാ മുഹമ്മദിന്‍ ഖൈരില്‍ബശര്‍
ഉമര്‍ഖാളിയുടെ നബികീര്‍ത്തന കാവ്യങ്ങളില്‍ രണ്ടാമത്തേതാണ് നഫാഇസുദ്ദുറര്‍. നാമം സൂചിപ്പിക്കുന്നപോലെ ഈ കൃതി രണ്ട് ഭാഗമാണ്. ആദ്യത്തെ അറുപത് കവിതകളില്‍ അല്ലാഹുവിന്റെ ഏകത്വവും ദിവ്യത്വവുമെല്ലാമാണ് വിശദീകരിക്കുന്നത്. പ്രപഞ്ചത്തിലുള്ള ഓരോ വസ്തുക്കളും സ്രഷ്ടാവായ അല്ലാഹുവിന്റെ ഉണ്‍മയുടെ നിദര്‍ശനങ്ങളാണെന്നും, പ്രത്യക്ഷമായിക്കാണുന്നതെല്ലാം അവന്റെ പ്രഭാവത്തിന്റെ സൗന്ദര്യം മാത്രമാണെന്നും അദ്ദേഹം സമര്‍ത്ഥിക്കുന്നുണ്ട്. ഉമര്‍ഖാളി(റ)യുടെ മുന്നില്‍ സമര്‍പ്പിക്കപ്പെട്ട ഒമ്പത് ചോദ്യങ്ങള്‍ക്കുള്ള ഉത്തരങ്ങളായിട്ടാണ് ഈ ഭാഗത്തെ കവിതകള്‍ രചിക്കപ്പെട്ടത്. എല്ലാ ചോദ്യങ്ങള്‍ക്കും ഉത്തരം പറഞ്ഞ് അവസാന വരിയില്‍ ഇനി ഞാന്‍ തിരുദൂതരെ(സ്വ) പ്രകീര്‍ത്തിക്കുവാന്‍ തുടങ്ങുകയാണെന്ന് പറഞ്ഞാണ് മദ്ഹുന്നബീ വരികള്‍ പാടിത്തുടങ്ങുന്നത്.
തൊണ്ണൂറ് വരികളിലാണ് നബി(സ്വ)യെ അദ്ദേഹം ഈ രചനയില്‍ വര്‍ണ്ണിക്കുന്നത്. സ്തുതിഗീതം, ജനനത്തിനുമുമ്പുള്ള അവസ്ഥാവിശേഷങ്ങള്‍, ജനനം അടുത്ത വേളയിലുണ്ടായ സംഭവങ്ങള്‍, ജനനരാത്രിയിലെ ദൃഷ്ടാന്തങ്ങള്‍, ഭൂജാതരായ സമയത്തെ വിശേഷങ്ങള്‍, തിരുനബി(സ്വ)യുടെ ദൗത്യം, നിശാപ്രയാണം, പരലോകശുപാര്‍ശ, ചില സവിശേഷതകള്‍ എന്നിവയാണ് ഇതില്‍ പ്രത്യേകം കൊണ്ടുവന്ന വിഷയങ്ങള്‍. അവസാനഭാഗത്ത് നബിയോട് വിനീതവിധേയനായി നടത്തുന്ന പ്രാര്‍ത്ഥനയോടെയാണ് കവിത അവസാനിക്കുന്നത്.
ലാഇലാഹഇല്ലല്ലാഹ് മുഹമ്മദുര്‍റസൂലുല്ലാഹ് എന്ന തൗഹീദിന്‍ വചനം വിശദീകരിക്കുന്ന ഉത്തമ രചനയായത് കൊണ്ട് തന്നെ വിശ്വാസികള്‍ നിര്‍ബന്ധമായും വായിച്ചിരിക്കണമെന്ന് മമ്പുറം സയ്യിദ് അലവിതങ്ങള്‍ നിര്‍ദേശിച്ച കൃതികളില്‍ ഒന്ന് ഉമര്‍ഖാളിയുടെ നഫാഇസുദ്ദുറര്‍ ആണ്. മനുഷ്യമനസ്സ് സ്ഫുടം ചെയ്‌തെടുക്കുന്നതിലും തൗഹീദില്‍ ഉറപ്പിച്ചുനിര്‍ത്തുന്നതിലും ഈ രചനയുടെ സ്വാധീനമാണിത് സൂചിപ്പിക്കുന്നത്.
ഖസ്വീതു അല്ലഫല്‍ആസ്വീ
ഉമറുല്‍ഖാഹിരി(റ)യുടെ പ്രകീര്‍ത്തനകാവ്യമായ 'അല്ലഫല്‍അലിഫ്' കാവ്യസമാഹാരത്തെപ്പോലെ ഉമര്‍ഖാളി(റ) രചിച്ച മുപ്പത്തിനാല് വരികളുള്ള പ്രകീര്‍ത്തനസമാഹാരമാണ് ഖസ്വീദതു അല്ലഫല്‍ആസ്വീ. ഓരോ ബൈതിലേയും അര്‍ദ്ധശ്ലോഘങ്ങളും (മിസ്വ്‌റഉകളും) ഒരേ അക്ഷരങ്ങള്‍ കൊണ്ട് തുടങ്ങി ലാമക്ഷരത്തില്‍ അന്ത്യപ്രാസമൊപ്പിച്ച വരികളാണ് ഈ സമാഹാരത്തിലുള്ളത്. ഒരേ അക്ഷരങ്ങള്‍ വിവിധ രൂപത്തില്‍ വിന്യസിക്കപ്പെട്ട പദങ്ങളുപയോഗിച്ചുള്ള വരികളായത് കൊണ്ട് തന്നെ ഓരോ വരികളും മനോഹരമായ താളത്തില്‍ പാടാവുന്നതാണ്. ഘനാന്ധകാരത്തില്‍ പ്രകാശം പൊഴിച്ച് ആകാശഗംഗയില്‍ നീന്തുന്ന പൂര്‍ണ്ണചന്ദ്രനോടാണ് തിരുനബി(സ്വ)യെ അദ്ദേഹം ഈ കവിതയില്‍ ഉപമിക്കുന്നത്. അവിശ്വാസത്തിന്റെ ഇരുളില്‍ കഴിയുന്നവര്‍ക്ക് ഹിദായത്തിന്റെ വെളിച്ചം പകര്‍ന്നുനല്‍കിയവരാണല്ലോ തിരുനബി(സ്വ). തിരുദൂതരുടെ ജനനസമയത്തെ പല അത്ഭുതങ്ങളും സൂചിപ്പിച്ച ശേഷം ആ നബി(സ്വ)യോടുള്ള അടങ്ങാത്ത സ്‌നേഹം അദ്ദേഹം പല വരികളിലും പ്രകടിപ്പിക്കുന്നുണ്ട്. നമ്മുടെ മുന്‍ഗാമികളില്‍ അധികപേര്‍ക്കും ഈ കാവ്യസമാഹാരം ഹൃദിസ്ഥമായിരുന്നെന്നും കല്യാണം പോലെയുള്ള സന്തോഷ വേളകളില്‍ ഒരുമിച്ചിരുന്ന് ഒരേ താളത്തില്‍ ഈ വരികള്‍ അവര്‍ ആലപിക്കാറുണ്ടായിരുന്നുവെന്നും ചരിത്രത്തില്‍ കാണാം.
ഖസ്വീദതുലാഹല്‍ഹിലാല്‍
ഉമര്‍ഖാളി(റ)യുടെ കവിതകളില്‍ അക്ഷരങ്ങള്‍ കൊണ്ട് അഭ്യാസം കാണിച്ച ചില ഖസ്വീദകളും കാണാവുന്നതാണ്. അറബി അക്ഷരങ്ങളില്‍ പുള്ളികളില്ലാത്ത അക്ഷരങ്ങള്‍(അല്‍ഹുറൂഫുല്‍മുഹ്മല) മാത്രം വരുന്ന പദങ്ങളുപയോഗിച്ചും, പുള്ളികളുള്ള അക്ഷരങ്ങള്‍(അല്‍ഹുറൂഫുല്‍മുഅ്ജമ) മാത്രം വരുന്ന പദങ്ങളുപയോഗിച്ചും മദ്ഹുന്നബീ കാവ്യങ്ങള്‍ അദ്ദേഹം രചിച്ചിട്ടുണ്ട്. ലാഹല്‍ ഹിലാല്‍ എന്ന് തുടങ്ങുന്ന ഉപരിസൂചിത കവിതാസമാഹാരം പുള്ളികളില്ലാത്ത അക്ഷരങ്ങളുപയോഗിച്ചുള്ള കാവ്യസമാഹാരമാണ്. ഇരുപത്തിഅഞ്ച് വരികളാണ് ഈ സമാഹാരത്തിലുള്ളത്. ഉമര്‍ഖാളി(റ)യുടെ ഭാഷാനൈപുണിയും കാവ്യരചനയിലെ പ്രാവീണ്യവും തിരിച്ചറിയാന്‍ ഈ കവിതകള്‍ തന്നെ വലിയ സാക്ഷ്യങ്ങളാണ്.
തിളങ്ങുന്ന അര്‍ദ്ധചന്ദ്രനോട് തിരുനബി(സ്വ)യെ ഉപമിച്ച് ശേഷം ഹബീബിന്റെ ഒരു പാട് സവിശേഷ ഗുണങ്ങളാണ് അടുത്ത വരികളില്‍ പ്രതിപാദിച്ചിട്ടുള്ളത്. പിന്നീട് തിരുനബി(സ്വ)യുടെ സുപ്രധാന മുഅ്ജിസതായ ഇസ്‌റാഅ്മിഅ്‌റാജാണ് വിവരിക്കുന്നത്. താന്‍ ഇത്രത്തോളം തിരുനബി(സ്വ)യെ വര്‍ണിച്ചു പ്രകീര്‍ത്തിക്കുന്നത് ആരാരുമില്ലാത്ത പരലോകത്ത് ആ ഹബീബിന്റെ ഔദാര്യം കൊണ്ട് രക്ഷപ്പെടാനാണെന്ന് അദ്ദേഹം തുറന്നെഴിതിയിട്ടുണ്ട്.
പുള്ളികളുള്ള അക്ഷരങ്ങള്‍ മാത്രമുപയോഗിച്ച് ഉമര്‍ഖാളി(റ) അഞ്ചുവരികളുള്ള ലഘുകാവ്യമാണ് രചിച്ചിട്ടുള്ളത്. തുടക്കത്തില്‍ ഒരു സ്ത്രീയോട് സംസാരിക്കുന്ന രൂപത്തില്‍ കവിതകള്‍ ആരംഭിക്കുന്ന അറബികവികളുടെ രീതിയിലാണ് ഈ കവിതകള്‍ തുടങ്ങിയിട്ടുള്ളത്. തശ്ബീബ് എന്നാണിതിന് പറയുക. ''പാപപങ്കിലമായി എന്റെ യൗവ്വനം നശിപ്പിച്ചുകളഞ്ഞ എന്നെ ഖബ്‌റിന്റെ ഇടുക്കലില്‍ നിന്ന് അങ്ങ് രക്ഷപ്പെടുത്തിത്തരേണമേ..'' എന്ന് ഈ കവിതയില്‍ നബി(സ്വ)യോട് ആവശ്യപ്പെടുന്നുണ്ട്.
ഖസ്വീദതുലമ്മാളഹറ
ഉമര്‍ഖാളി(റ)യുടെ നബികീര്‍ത്തനകാവ്യങ്ങളില്‍ വിശ്രുതമായ മറ്റൊന്നാണ് ഖസ്വീദതുലമ്മാളഹറ. അന്ത്യപ്രാസം റാഅ് ആയത് കൊണ്ട് അല്‍ഖസ്വീദതുല്‍ഉമരിയ്യഅര്‍റാഇയ്യ എന്നും ഇതറിയപ്പെടുന്നുണ്ട്. ആകെ 38വരികളുള്ള ഈ ഖസ്വീദയില്‍ നബിയുടെ ജനനവും ആ സമയത്തെ അത്ഭുതങ്ങളും വിവരിച്ചാണ് തുടങ്ങുന്നത്. തിരുനബി(സ്വ) സത്യവിശ്വാസം പരസ്യമായി പ്രഖ്യാപിക്കുകയും അസത്യം നശിപ്പിക്കുകയും തിരുനബി(സ്വ)നിയോഗം കാരണം പിശാചുക്കള്‍ ഉച്ചത്തില്‍ വിലപിക്കുകയുമാണെന്ന് പറഞ്ഞ ശേഷം തിരുനബി(സ്വ)ശാരീരിക പ്രത്യേകതകളും സൂചിപ്പിച്ചിക്കുന്നത് കാണാം. അവസാനഭാഗത്ത് നബി(സ്വ)യുടെ ശഫാഅത്തിന്റെ അധികാരത്തെക്കുറിച്ച് പറഞ്ഞ് നബിക്കും കുടുംബത്തിനും പ്രത്യേകം പ്രാര്‍ത്ഥിച്ചുകൊണ്ടാണ് ഈ കാവ്യസമാഹാരവും പരിസമാപ്തി കുറിക്കുന്നത്.
ബഹുമാനപ്പെട്ട ഉമര്‍ഖാളിയുടെ കാവ്യരചനാസാഹിത്യത്തിലെ പ്രവാചകപ്രകീര്‍ത്തനകാവ്യങ്ങളെ കുറിച്ച് മാത്രമാണിവിടെ നാം ചര്‍ച്ച ചെയ്തത്. കര്‍്മ്മശാസ്ത്രവുമായി ബന്ധപ്പെട്ടും, അനുശോചനകാവ്യങ്ങളും, കത്തിടപാടുകളും, നിമിഷക്കവിതകളുമായി ധാരാളം മറ്റു കവിതകളും അദ്ദേഹത്തിനായുണ്ട്.
Post a Comment