സത്യവിശ്വാസിക്ക് ലഭിക്കുന്ന അനേകായിരം അനുഗ്രഹങ്ങളില്‍ പ്രധാനപ്പെട്ട മൂന്നെണ്ണമാണ് സന്‍മാര്‍ഗവും, ആരോഗ്യവും, സമ്പത്തും. അനുഗ്രഹങ്ങള്‍ക്ക് നന്ദി ചെയ്യണമെന്ന് പറഞ്ഞതോടൊപ്പം ആ അനുഗ്രഹങ്ങളുടെ അടയാളങ്ങള്‍ മനുഷ്യനില്‍ കാണാന്‍ ഇഷ്ടപ്പെടുന്നവനാണ് താനെന്നും അല്ലാഹു സൂചിപ്പിച്ചിട്ടുണ്ട്. സ്രഷ്ടാവിനോട് മനുഷ്യന്‍ ഏറ്റവും കൂടുതല്‍ അടുത്തിരിക്കുന്ന നിസ്‌കാരവേളയില്‍ മനുഷ്യന്‍ ഏററവും നല്ല ഭംഗിയിലാവണമെന്നാണല്ലോ ദിവ്യകല്‍പ്പന. ''ആദം സന്തതികളെ, നിങ്ങള്‍ നമസ്‌കാര വേളകളില്‍ ഭംഗിയുള്ളവരാകണം. നിങ്ങള്‍ ഭക്ഷിക്കുകയും പാനീയം കുടിക്കുകയും ചെയ്യുക. നിങ്ങള്‍ അമിതവ്യയം ചെയ്യരുത്. തീര്‍ച്ചയായും അല്ലാഹു അമിതവ്യയം ചെയ്യുന്നവരെ ഇഷ്ടപ്പെടുകയില്ല''(അഅ്‌റാഫ് 31).

സമ്പാദ്യം ഹലാലായിരിക്കണമെന്നും ധനവ്യയം പുണ്യമാര്‍ഗത്തിലാകണമെന്നും മതനിയമമാണ്. നിഷിദ്ധ വഴിയിലൂടെയുള്ള സമ്പാദ്യങ്ങള്‍ വ്യക്തിയുടെയും അവന്റെ ആശ്രിതരുടേയും ആത്മീയശോഷണത്തിന് കാരണമാകും. ഓരോ വ്യക്തിയും നാളെ പരലോകത്ത് അവന്റെ ധനാഗമനമാര്‍ഗങ്ങളെ സംബന്ധിച്ചും വിനിയോഗ രീതികളെക്കുറിച്ചും ചോദ്യം ചെയ്യപ്പെടുകതന്നെ ചെയ്യുമെന്ന് തിരുവചനങ്ങളിലുണ്ട്. 

നമ്മുടെ കയ്യിലെത്തുന്ന പണം നമ്മുടെ ആവശ്യങ്ങള്‍ക്കുപയോഗിക്കുന്നതൊടൊപ്പം പാവപ്പെട്ടവര്‍ക്ക് സ്വദഖയായും, അവകാശികള്‍ക്ക് സകാതായും, അര്‍ഹര്‍ക്ക് സഹായമായും നല്‍കണമെന്ന് അല്ലാഹു കല്‍പ്പിച്ചിട്ടുണ്ട്. അത്യാവശ്യഘട്ടങ്ങളില്‍ കടം ചോദിക്കുന്നവര്‍ക്ക് കടം കൊടുക്കുന്നത് ദാനധര്‍മ്മത്തേക്കാള്‍ പതിന്‍മടങ്ങ് പ്രതിഫലാര്‍ഹമാണെന്നും, തിരിച്ചടക്കാന്‍ ഒരുനിലക്കും സാധിക്കാത്ത ഘട്ടത്തില്‍ അവര്‍ക്ക് വിട്ടുവീഴ്ച ചെയ്തുകൊടുക്കല്‍ ഫര്‍ളുകളേക്കാള്‍ പുണ്യം ലഭിക്കുന്ന സുന്നതുകളില്‍ പെട്ടതാണെന്നും മതധ്യാപനങ്ങളില്‍ കാണാം. 

സാമ്പത്തിക അച്ചടക്കം ഒരു വ്യക്തിയുടെ പക്വതയുടേയും കാര്യശേഷിയുടേയും ആത്മവിശുദ്ധിയുടെയും അടയാളമാണ്. മതപരമായഅച്ചടക്കത്തോടൊപ്പം സാമ്പത്തിക അച്ചടക്കവുമുള്ള വ്യക്തിയെ മാത്രമേ ഇസ്‌ലാം കാര്യശേഷിയുള്ളവനായി(റശീദ്) ഗണിക്കുന്നുള്ളൂ. ''വിവാഹപ്രായം വരെ അനാഥക്കുട്ടികളെ നിരീക്ഷണവിധേയരാക്കുകയും എന്നിട്ട് നിങ്ങള്‍ക്കവരുടെ കാര്യശേഷി മനസ്സിലായാല്‍ തങ്ങളുടെ സ്വത്തവര്‍ക്ക് വിട്ടുകൊടുക്കുകയും ചെയ്യുക'' (നിസാഅ്6) എന്ന സൂക്തത്തിന്റെ വിശദീകരണത്തിലിത് വ്യക്തമാക്കപ്പെട്ടിട്ടുണ്ട്. സത്യവിശ്വാസികളുടെ ഗുണങ്ങള്‍ പറയുന്നിടത്ത് ഖുര്‍ആന്‍ ''ധനം ചിലവഴിക്കുമ്പോള്‍ അമിതവ്യയമോ ലുബ്ധോ കാണിക്കാതെ മിതത്വം പാലിക്കുന്നവര്‍'' എന്ന് പ്രത്യേകം പറഞ്ഞിട്ടുണ്ടല്ലോ(ഫുര്‍ഖാന്‍ 67). 

അമിതവ്യയം, ധൂര്‍ത്ത്, എന്നീ അര്‍ത്ഥത്തില്‍ ഉപയോഗിക്കപ്പെടുന്ന ഇസ്‌റാഫ്, തബ്ദീര്‍ എന്നീ പദങ്ങളെ പണ്ഡിതര്‍ കൃത്യമായി വിശദീകരിച്ചിട്ടുണ്ട്. ഇസ്‌റാഫ് എന്നാല്‍ പരിധിലംഘിക്കുക എന്നാണ്. അനുവദനീയമല്ലാത്തത് ഭക്ഷിക്കുന്നതിനാണ് ഇസ്‌റാഫ് എന്ന് പറയുകയെന്നും അഭിപ്രായമുണ്ട്. ഒരു വസ്തു അസ്ഥാനത്ത് വെക്കുന്നതിനോ, അല്ലാഹുവിന്റെ ത്വാഅത്തിലല്ലാതെ ചിലവഴിക്കപ്പെടുന്നതിനോ ആണ് ഇസ്‌റാഫ് എന്ന് പറയുകയെന്നും മുര്‍തളസ്സബീദി രേഖപ്പെടുത്തിയിട്ടുണ്ട്(താജുല്‍അറൂസ്). 

പ്രമുഖ താബിഈ പണ്ഡിതന്‍ മുജാഹിദ്(റ)ന്റെ നിഗമനത്തില്‍ ''അല്ലാഹുവിന് വഴിപ്പെടുന്ന മാര്‍ഗത്തില്‍ അബൂഖുബൈസ് പര്‍വ്വതത്തോളം നീ ചിലവഴിച്ചാലും അത് ഇസ്‌റാഫ് ആവുകയില്ല. അല്ലാഹുവിന് എതിര് ചെയ്യുന്നതില്‍ ഒരു സ്വാഅ് ചിലവഴിച്ചാലും അത് ഇസ്‌റാഫ് ആകുന്നതാണ്''. നേരത്തെ സൂചിപ്പിച്ച സൂറതുല്‍ഫുര്‍ഖാനിലെ സൂക്തത്തിന് നല്‍കപ്പെട്ട വ്യാഖ്യാനത്തില്‍ ഇങ്ങനെ കാണാം; ഇമാം മാവര്‍ദി(റ) പറയുന്നു: ''അവിടെ- സത്യവിശ്വാസികളുടെ ക്രയവിക്രയങ്ങളെകുറിച്ച് പരാമര്‍ശിക്കപ്പെട്ട ഭാഗത്ത്- നാല് രൂപങ്ങളുണ്ട്. 1- സത്യവിശ്വാസികള്‍ അല്ലാഹുവിന് എതിര് ചെയ്യുന്ന വിഷയത്തില്‍ ചെലവഴിക്കുകയില്ല. ഇസ്‌റാഫ് എന്നാല്‍ അല്ലാഹുവിന് എതിര് ചെയ്യുന്ന കാര്യത്തില്‍ ചിലവഴിക്കലാണ്. ഇബ്‌നുഅബ്ബാസ്(റ)ന്റെ അഭിപ്രായമാണിത്. 2- അമിതമായി ചിലവഴിച്ചു എന്ന് ആളുകള്‍ പറയുംവിധം വിശ്വാസികള്‍ ചിലവഴിക്കുകയില്ല. ഇബ്‌റാഹീമുന്നഖ്ഈ(റ)ന്റേതാണീ അഭിപ്രായം. 3- ആനന്ദം ആഗ്രഹിച്ച് അവര്‍ ഭക്ഷണം കഴിക്കുകയോ ഭംഗിയുദ്ദേശിച്ച് അവര്‍ വസ്ത്രം ധരിക്കുകയോ ഇല്ല. യസീദ്ബ്‌നുഅബീഹബീബ്(റ)ന്റെ നിരീക്ഷണമാണിത്. 4- അവിഹിതമായി ഒന്നും അവര്‍ ചിലവഴിക്കുകയില്ല. അവിഹിതമായി ചിലവഴിക്കല്‍ ഇസ്‌റാഫാണ്. ഇബ്‌നുസീരീന്‍(റ) പറഞ്ഞതാണിത്.

മതവിശ്വാസികളുടെ ഏത് കാര്യങ്ങള്‍ക്കും പരിധിയും പരിമിതിയും നിശ്ചയിക്കപ്പെട്ടിട്ടുണ്ട്. ആ പരിധികളുടെ ലംഘനമാണ് ഇസ്‌റാഫ്. ധനം ചിലവഴിക്കുന്നതിലെ പരിധിലംഘനത്തിന് തബ്ദീര്‍ എന്നും പറയും. ''അടുത്തബന്ധുക്കള്‍ക്കും അഗതികള്‍ക്കും യാത്രക്കാര്‍ക്കും അവരുടെ അവകാശങ്ങള്‍ നല്‍കുക. ധനദുര്‍വ്യയം അരുത്. ദുര്‍വ്യയം ചെയ്യുന്നവര്‍ പിശാചിന്റെ കൂട്ടുകാര്‍ തന്നെയത്രെ'' (ഇസ്‌റാഅ്). കര്‍മ്മശാസ്ത്രം പറയുന്നു; ''പക്വതയും കാര്യശേഷിയുമുള്ളവര്‍ വളരെ വലിയ നഷ്ടങ്ങള്‍ സഹിച്ചുള്ള ഇടപാടുകള്‍ നടത്തിയോ, നിഷിദ്ധമായ മാര്‍ഗ്ഗങ്ങളില്‍ ചിലവഴിച്ചോ കടലിലെറിഞ്ഞോ ധനദുര്‍വ്യയം നടത്തുകയില്ല. എന്നാല്‍ സ്വദഖയായോ മറ്റൊ നന്‍മയുടെ വഴിയിലും, ഭക്ഷ്യവസ്ത്രാവശ്യങ്ങള്‍ക്കും എത്ര ചിലവഴിച്ചാലും അത് ദുര്‍വ്യയം ആവുകയില്ല. കാരണം സമ്പത്തുണ്ടാക്കുന്നത് അത് കൊണ്ട് ഉപകാരങ്ങളെടുക്കാനും ആനന്ദിക്കുവാനുമാണ്'' (മഹല്ലി- 2/301). ഇബ്‌നുഅബ്ബാസ്(റ) പറയുന്നു: ''അല്ലാഹുവിന് വഴിപ്പെടുന്ന കാര്യത്തില്‍ എത്ര ചിലവഴിച്ചാലും അവന്‍ അമിതവ്യയം ചെയ്തവനാകില്ല. അനുവദനീയകാര്യങ്ങളില്‍ അമിതവ്യയം ഇല്ലതന്നെ. തെറ്റ് ചെയ്യുന്നതില്‍ മാത്രമാണുള്ളത്(ഇആനതുത്ത്വലിബീന്‍ 2-179).

നമ്മുടെ വരുമാനത്തിനനുസരിച്ച് കുടുംബബജറ്റ് സെറ്റ് ചെയ്ത് അത്യാവശ്യങ്ങള്‍ക്ക് പണം നീക്കിവെച്ച് ആവശ്യകാര്യങ്ങൡ പ്രാധാന്യമനുസരിച്ച് ചിലവ് ചുരുക്കി നിയന്ത്രിച്ച് കുടുംബത്തോടൊപ്പം സന്തോഷത്തോടെ കഴിയുവാന്‍ നാം ശ്രദ്ധിക്കണം. അല്ലാഹു നമുക്ക് നല്‍കിയ അനുഗ്രഹങ്ങളെ ഓര്‍ക്കുകയും ശുക്‌റ് ചെയ്യുകയും മറ്റുള്ളവരെ നോക്കി താരതമ്യം ചെയ്ത് മാനസികസംഘര്‍ഷം വളര്‍ത്താതെ തന്നേക്കാള്‍ കഷ്ടപ്പെടുന്നവരുടെ കാര്യമാലോചിക്കുവാനാണ് അവന്‍ ശ്രമിക്കേണ്ടത്. 

ഒരു വിശ്വാസി അവന്റെ ജീവിതത്തില്‍ സമ്പാദിക്കുന്നതും ചിലവഴിക്കുന്നതും അല്ലാഹുവിന്റെ പൊരുത്തത്തിലാകണം. അതൊടൊപ്പം നിത്യജീവിതച്ചിലവുകള്‍ക്ക് നീക്കിവെക്കുന്ന പണത്തിന് കൃത്യതയും സൂക്ഷ്മതയുമുണ്ടായിരിക്കണം. എന്നാലേ നന്‍മയുടെ മാര്‍ഗ്ഗത്തില്‍ സ്വദഖ നല്‍കി പരലോകത്തേക്ക് പാഥേയം ഒരുക്കുവാനും സാമ്പത്തികവിചാരണയില്‍ കൃത്യമായി ഉത്തരം പറയുവാനും സാധ്യമാവുകയുള്ളൂ. നല്ലമാര്‍ഗ്ഗത്തില്‍ വിശിഷ്യ ഇല്‍മിന്റെ വഴിയില്‍ ഓരോ ദിനവും നമ്മള്‍ സ്വദഖ നല്‍കണം. വിജ്ഞാനമാര്‍ഗ്ഗത്തില്‍ നല്‍കുന്ന ഒരു രൂപക്ക് ഒമ്പത് ലക്ഷത്തിന്റെ പ്രതിഫലമാണ് അല്ലാഹു നല്‍കുന്നത്. നന്‍മചെയ്യണമെന്ന് കൊതിക്കുന്നവന്‍ ദിവസവും എന്തെങ്കിലും സാധ്യമാകുന്നത്ര സ്വദഖചെയ്യണമെന്നും അത് സ്വകാര്യമായി നിര്‍വ്വഹിക്കലാണുത്തമമെന്നും ഗ്രന്ഥങ്ങളില്‍ കാണാം(ഫത്ഹുല്‍മുഈന്‍). ഇവ്വിഷയത്തില്‍ നിരവധി ജീവിമാതൃകകള്‍ ചരിത്രത്തില്‍ നമുക്ക് കണ്ടെത്താനാവും. 

വീട്, വാഹനം, വസ്ത്രം എന്നീ ജീവിതാവശ്യങ്ങള്‍ക്കും മറ്റും ആവശ്യമായ പണം തന്റെ ഹലാലായ സമ്പത്തില്‍ നിന്ന് ചിലവഴിക്കുന്നതിന് യാതൊരു പ്രശ്‌നവുമില്ല. നല്ല നിയ്യത്തോടെ, ആളുകള്‍ക്ക് മുന്നില്‍ പൊങ്ങച്ചം കാണിക്കണമെന്ന ലക്ഷ്യമില്ലാതെ തന്റെ ജീവിതനിലവാരവും വരുമാനവും മനസ്സിലാക്കി എത്ര പണവും ഇതിന് വേണ്ടി ചിലവഴിക്കാവുന്നതാണ്. നിയ്യത്തും ചിലവഴിക്കപ്പെടുന്ന മാര്‍ഗവും തന്നെയാണ് മറ്റുവിഷയങ്ങളിലെന്നപോലെ ധനവ്യയത്തിലും മാനദണ്ഡമാവുന്നത്. നല്ലമാര്‍ഗ്ഗത്തില്‍ നല്ല നിയ്യത്തോടെ എത്ര കോടികള്‍ ചിലവഴിച്ചാലും ധൂര്‍ത്ത് ആവുകയില്ല. എന്നാല്‍ തിന്‍മയില്‍ ഒരു രൂപ ചിലവഴിച്ചാല്‍പോലും അത് ദുര്‍വ്യയമാകുതാനും. വിവാഹസദ്യയിലും മറ്റും ഈ മാനദണ്ഡം തന്നെയാണ് നോക്കേണ്ടത്. തന്റെ വീട്ടിലേക്ക് ക്ഷണിച്ച അഥിതികള്‍ക്ക് തന്റെ ഹലാലായ സമ്പത്തുപയോഗിച്ച് പൊങ്ങച്ചമോ മറ്റൊ ഉദ്ദേശിക്കാതെ, ഭക്ഷണമൊന്നും നഷ്ടപ്പെടുത്താതെ എത്രയിനം ഭക്ഷണങ്ങള്‍ നല്‍കിയാലും അത് ധൂര്‍ത്തായി ഗണിക്കപ്പെടുകയില്ല. എന്നാല്‍ ആവശ്യത്തിന് പണമില്ലാത്ത, സ്വന്തമായി അധ്വാനിച്ച് വീട്ടാന്‍ കഴിയുമെന്ന് പ്രതീക്ഷയില്ലാത്ത വ്യക്തി അത്രയും പണം കടം വാങ്ങിയോ മറ്റോ ഇങ്ങനെ സദ്യഒരുക്കുന്നത് ഇസ്‌ലാമികാ ദൃഷ്ടാ അംഗീകരിക്കപ്പെടാവതല്ല. 


Post a Comment

Previous Post Next Post