അബൂജഅ്ഫരിനില്‍മന്‍സ്വൂറിനോട് വന്ന് ഞങ്ങളുമായി ഏറ്റുമുട്ടാന്‍ ത്രാണിയുള്ള ഏതെങ്കിലും വ്യക്തിയെ നിശ്ചയിക്കാമോ എന്ന് നിരീശ്വരവാദികളായ ചിലര്‍ വന്ന് ചോദിച്ചപ്പോള്‍ ഇമാമുല്‍അഅ്‌ളം അബൂഹനീഫ(റ)യെ അദ്ദേഹം നിര്‍ദേശിച്ചു. സംവാദത്തിന് പ്രത്യേക ദിവസവും നിശ്ചിത സമയും തീരുമാനിച്ചെങ്കിലും ആ സമയത്ത് അബൂഹനീഫ(റ)യെ കാണാനില്ല. സത്യം സമര്‍പ്പിക്കാന്‍ തന്റെ പക്കല്‍ തെളിവുകളില്ലാത്തത് കാരണമായിരിക്കും അബൂഹനീഫ(റ) വരാതിരിക്കുന്നതെന്ന കിംവദന്തി പരക്കുന്നതില്‍ ദൈവവിശ്വാസികളെല്ലാം നിരാശരായി ഇരിക്കുന്ന സമയത്ത് ഓടിക്കിതച്ച് അദ്ദേഹം എത്തി. എന്ത് കൊണ്ട് താങ്കള്‍ പിന്തിയെന്ന ചോദ്യത്തിന് അദ്ദേഹം പ്രതികരിച്ചതിങ്ങനെയാണ്; ഞാനിങ്ങോട്ട് വരാന്‍ വേണ്ടി ടൈഗ്രീസിന്റെ തീരത്ത് വന്നപ്പോള്‍ ഒരു കടത്തുതോണിയോ ബോട്ടോ മറ്റോ ഒന്നും കണ്ടില്ല. അങ്ങിനെ നിരാശനായി ഇരിക്കുമ്പോഴാണ് ആകാശത്ത് നിന്ന് ചില പലകകള്‍ വീഴുകയും, ആണികളും ചുറ്റികയും മറ്റു പണിയായുധങ്ങളും യാദൃശ്ചികമായി വന്ന് ആ പലകകള്‍ ഒരു കടത്തുവാഹനമായി രൂപാന്തരപ്പെടുകയും, ആ വാഹനം എന്റെയരികിലെത്തി ഞാനതില്‍ കയറിയാണ് ഇങ്ങോട്ട് ഈ സമയത്തെങ്കിലും എത്തിച്ചേര്‍ന്നതെന്ന് പറഞ്ഞു. ഇത് കേട്ട എതിര്‍കക്ഷികള്‍ അബൂജഅ്ഫരിനില്‍മന്‍സ്വൂറിനോട് താങ്കളുടെ കക്ഷി ബുദ്ധിഭ്രമം സംഭവിച്ചവനാണ് എന്ന് പറഞ്ഞു. അന്നേരം അബൂഹനീഫ(റ) ഇടപെട്ട് ചോദിച്ചു: 'ഒരു നിര്‍മ്മാതാവില്ലാതെ ഒരു തോണിപോലും ഉണ്ടാവില്ല എന്ന് പറയുന്ന നിങ്ങളാണോ ചക്രവാളങ്ങളുള്ള ആകാശസീമകളും, കുന്നും മലകളും നിറഞ്ഞ ഭൂമിയും, അലയടിക്കുന്ന തിരമാലകളുള്ള സാഗരവുമെല്ലാം യാദൃശ്ചികമായി സ്വയംഭൂവാണെന്ന് വിശ്വസിക്കുന്നത്!!??.


ഇമാം ശാഫിഈ(റ)യുടെ അടുത്ത് വന്ന് ദൈവാസ്തിക്യത്തിന് തെളിവ് ചോദിച്ചവരോട് മള്‍ബറിച്ചെടി അല്ലാഹുവിന്റെ ഉണ്‍മക്ക് ദൃഷ്ടാന്തമാണെന്ന് പറഞ്ഞു. അതെങ്ങിനെയെന്ന് വിശദീകരണം ചോദിച്ചപ്പോള്‍ മഹാനവര്‍കള്‍ വിശദീകരിച്ചു; മള്‍ബറി കഴിക്കുന്ന തേനീച്ചയില്‍ നിന്ന് തേനും, പട്ടുനൂല്‍പുഴുവില്‍ നിന്ന് പട്ടും, മാനില്‍ നിന്ന് സുഗന്ധമുള്ള കസ്തൂരിയും, ആട്മാട് ജീവികളില്‍ നിന്ന് കാഷ്ടവുമാണ് പുറത്ത് വരുന്നത്. ഒരു വസ്തുവില്‍ നിന്ന് വ്യത്യസ്ത വസ്തുക്കളെ സൃഷ്ടിക്കുന്നവന്‍ ദൈവമല്ലാതെ മറ്റാരാണ് എന്ന് മഹാനവര്‍കള്‍ ചോദിക്കുകയുണ്ടായി. 

ദൈവാസ്തിക്യവിശ്വാസത്തില്‍ മനുഷ്യര്‍ പലതട്ടിലാണ്. സ്രഷ്ടാവും പരിപാലകനുമായ ദൈവമുണ്ടെന്ന് വിശ്വസിക്കുന്നവര്‍, ദൈവം സ്രഷ്ടാവ് മാത്രമാണെന്നും മനുഷ്യചെയ്തികളിലോ പ്രപഞ്ച വ്യതിയാനങ്ങളിലോ ഇടപെടുന്നില്ലെന്നും വിശ്വസിക്കുന്നവര്‍, ദൈവം ഉണ്ടോ ഇല്ലയോ എന്ന് സംശയിക്കുന്ന അഞ്‌ജേയതാ വാദികള്‍, തീരെ ദൈവം തന്നെയില്ലെന്ന് വാദിക്കുന്ന നാസ്തികര്‍ എല്ലാം ലോകത്തുണ്ട്. 

ഈ പ്രപഞ്ചത്തിന് ഒരു സ്രഷ്ടാവുണ്ടെന്നും മനുഷ്യരടക്കമുള്ള സര്‍വ്വ ജീവികളേയും ചരാചരങ്ങളേയും സൃഷ്ടിച്ച് പരിപാലിച്ചുകൊണ്ടിരിക്കുന്നവന്‍ അവനാണെന്നും ആദ്യാന്ത്യങ്ങളില്ലാത്ത, സര്‍വ്വാധിപനും, സര്‍വ്വജ്ഞനുമായ അല്ലാഹുവാണ് ആ ദൈവമെന്നും വിശ്വസിക്കുന്നവരാണ് മുസ്ലിംകള്‍. എന്ത് കൊണ്ട് മുസ്‌ലിംകളുടെ ഈ വിശ്വാസം സത്യവും യുക്തിപൂര്‍ണ്ണവുമാണെന്ന് നമുക്ക് പരിശോധിക്കാം.


അസ്തിത്വത്തിന്റെ അടിസ്ഥാനത്തില്‍ മൂന്ന് തരം വര്‍ഗീകരണമാണ് വസ്തുക്കളില്‍ സാധ്യമായത്. സംഭവ്യഅസ്തിത്വം(മുംമ്കിന്‍)അസംഭവ്യ അസ്തിത്വം(മുഹാല്)അനിവാര്യ അസ്തിത്വം(വാജിബ്) എന്നിവയാണത്. ണ്ടാവാനും ഉണ്ടാവാതിരിക്കാനും സാധ്യതയുള്ള ഈ പ്രപഞ്ചവും അതിലുള്ള സര്‍വ്വതും സംഭവ്യ അസ്തിത്വത്തിന് ഉദാഹരണമാണ്. സംഭവ്യ അസ്തിത്വങ്ങളില്‍ പെട്ടവ ഉണ്ടായാലും ഇല്ലെങ്കിലും യാതൊരു പ്രശ്‌നവുമില്ല. എന്നാല്‍ ഒരിക്കലും ഉണ്ടാവാന്‍ പാടില്ലാത്തതാണ് അസംഭവ്യഅസ്തിത്വം. വൃത്താകൃതിയിലുള്ള ത്രികോണവും, രാത്രിയും പകലും ഒരുമിച്ച് ഒരേ സ്ഥലത്ത് ഒരേസമയം വരലുമെല്ലാം ഇതിന്റെ ഉദാഹരണങ്ങളായി മനസ്സിലാക്കാം. അസംഭവ്യ അസ്തിത്വത്തിന്റെ നേര്‍വിപരീതമാണ് അനിവാര്യ അസ്തിത്വം. അസംഭവ്യഅസ്തിത്വം ഒരിക്കലും ഉണ്ടാവാന്‍ പാടില്ലാത്തത് പോലെ, അനിവാര്യ അസ്തിത്വം ഒരിക്കലും ഉണ്ടാവാതിരിക്കാനും പാടില്ല. ഉണ്ടാകല്‍ അനിവാര്യമല്ലാത്ത പ്രപഞ്ചവും മറ്റും ഇവിടെയുണ്ടായതും ഇപ്പോഴും നിലനില്‍ക്കുന്നതും അതിന്റെ ഉണ്‍മക്ക് കാരണമായ ഒരു അനിവാര്യ അസ്തിത്വത്തിന്റെ ഉണ്‍മയിലേക്കാണ് വിരല്‍ ചൂണ്ടുന്നത്. 


possible existence(സംഭവ്യ അസ്തിത്വം), impossible existence(അസംഭവ്യ അസ്തിത്വം), necesary existence(അനിവാര്യ അസ്തിത്വം) എന്നീ മൂന്ന് ഉണ്‍മകളില്‍ അനിവാര്യമല്ലാത്ത സംഭവ്യ അസ്തിത്വങ്ങളെ കണ്ടിന്‍ജന്റ് എന്നും പറയാവുന്നതാണ്. ഈ പ്രപഞ്ചവും അതിലുള്ള വസ്തുക്കളും കണ്ടിന്‍ജന്റ് (ആശ്രിതവസ്തു) ആണെന്നും, അനന്തമായ കാലമായി മാറ്റങ്ങള്‍ക്ക് വിധേയമാകാത്തതും പരാശ്രയരഹിതവുമായ ഒന്ന് നിലനില്‍ക്കുന്നത് കൊണ്ടാണ് മാറ്റങ്ങള്‍ക്ക് വിധേയമായ മറ്റുള്ളവയെ ആശ്രയിച്ചു നിലകൊള്ളുന്ന പ്രപഞ്ചത്തിലെ സകലതും ഇവിടെ നിലനില്‍ക്കുന്നത് എന്നും കണ്ടിന്‍ജന്റ് ആര്‍ഗ്യുമെന്റിലൂടെ ഈ വാദത്തിന്റെ ഉപഞ്ജാതാവെന്നറിയപ്പെടുന്ന സാമുവല്‍ക്ലാര്‍ക്ക് സമര്‍ത്ഥിക്കുന്നുണ്ട്. ഈ വിഷയം ഇസ്‌ലാമിക പണ്ഡിതര്‍ വളരെ നേരത്തെ അവരുടെ ഗ്രന്ഥങ്ങളിലൂടെ സമര്‍ത്ഥിച്ചിട്ടുണ്ട്. 


പദാര്‍ത്ഥനിര്‍മ്മിതമായ പ്രപഞ്ചത്തിന് അതിന്റെ ഗുണങ്ങളോടെയല്ലാതെ നിലനില്‍ക്കാനാകില്ല. ഈ പദാര്‍ത്ഥങ്ങള്‍ പ്രത്യേകരീതിയില്‍ ഒരുമിച്ചുചേര്‍ത്തിയത് കൊണ്ടാണ് പ്രപഞ്ചം ഈ വിധമായത്. മറ്റൊരു രീതിയിലായിരുന്നുവെങ്കില്‍ പ്രപഞ്ചം ഇന്നത്തെ അവസ്ഥയിലാകുമായിരുന്നില്ല. അഥവാ, ഈ പ്രപഞ്ചം അനിവാര്യ അസ്തിത്വമല്ല. എന്നിട്ടും ഈ പ്രപഞ്ചം ഉണ്ടായത് അതിന്റെ ഉണ്‍മക്ക് കാരണമായ അനിവാര്യവും, നിരാശ്രയവുമായ ഒരു അസ്തിത്വത്തിന്റെ ഉണ്‍മ കൊണ്ടാണ്. ആ അനിവാര്യ അസ്തിത്വം അല്ലാഹു ആണെന്നാണ് ഇസ്ലാമിക വിശ്വാസം. 

ഇസ്‌ലാമിക വിശ്വാസത്തില്‍ അല്ലാഹു പ്രത്യേക വിശേഷണങ്ങള്‍ക്കുടമയാണ്. സ്വിഫാതുന്നഫ്‌സിയ്യ(അസ്തിത്വപരമായ വിശേഷണങ്ങള്‍), സ്വിഫാതുല്‍മആനി(ആശയപരമായ വിശേഷണങ്ങള്‍), സ്വിഫാതുല്‍മഅ്‌നവിയ്യ എന്നിങ്ങനെ മൂന്ന് തരം വിശേഷണങ്ങളുള്ളവനാണ് അല്ലാഹു. ഉണ്‍മ(വുജൂദ്), തുടക്കമില്ലായ്മ(ഖിദം), ഒടുക്കമില്ലായ്മ(ബഖാഅ്), സ്വയംപര്യപ്തത(ഖിയാമുബിന്നഫ്‌സ്), സൃഷ്ടികളോട് തുല്യമാവാതിരിക്കല്‍(മുഖാലിഫുന്‍ലില്‍ഹവാദിസ്), ഏകത്വം(വഹ്ദാനിയ്യത്) എന്നീ ആറ് വിശേഷണങ്ങളാണ് അല്ലാഹുവിന്റെ അസ്തിത്വവിശേഷണങ്ങള്‍. തുടക്കമില്ലാതെ ഉണ്ടായ അല്ലാഹു അന്ത്യമില്ലാതെ എന്നെന്നും നിലനില്‍ക്കുന്നവനും, നിരാശ്രയനായി, സര്‍വ്വകാര്യങ്ങളിലും മറ്റുവസ്തുക്കളോട് അതുല്യനായി നിലനില്‍ക്കുന്ന ഏകശക്തിയായ ഉണ്‍മയാണ്. ഈ ആറ് വിശേഷങ്ങളും കൃത്യമായി വിശദീകരിച്ച അധ്യായമാണ് സൂറതുല്‍ഇഖ്‌ലാസ്വ്. ''നബിയേ നിങ്ങള്‍ പ്രഖ്യാപിക്കുക: അവന്‍ ഏകനായ അല്ലാഹുവാകുന്നു. സര്‍വ്വ സൃഷ്ടികളുടേയും ആശ്രയമാണവന്‍. അവന്‍ ആര്‍ക്കെങ്കിലും ജന്‍മം നല്‍കുകയോ ആരുടേയെങ്കിലും സന്തതിയായി ജനിക്കുകയോ ചെയ്തിട്ടില്ല. അവന്ന് തുല്യനായി ഒരാളും ഇല്ലതന്നെ(112:1-4).

 

ഈ ആറ് അസ്തിത്വ വിശേഷണങ്ങളുള്ള അല്ലാഹുവിന് ജീവനും, അറിവും, ഉദ്ദേശ്യവും, കഴിവും, കേള്‍വിയും, കാഴ്ചയും, സംസാരശേഷിയുമെല്ലാമുണ്ട്. ഈ ഏഴ് വിശേഷണങ്ങളാണ് അല്ലാഹുവിന്റെ ആശയപരമായ വിശേഷണങ്ങള്‍(സ്വിഫാതുല്‍മആനി). ഈ വിശേഷണങ്ങള്‍ ഉള്ള അല്ലാഹു ജീവനുള്ളവനും, എല്ലാം അറിയുന്നവനും, ഉദ്ദേശിക്കുന്നവനും, ഉദ്ദേശിച്ചതെല്ലാം നിര്‍വ്വഹിക്കാന്‍ കഴിവുള്ളവനും എല്ലാം കേള്‍ക്കുകയും കാണുകയും ചെയ്യുന്നവനുമാണ്. 

ക്ലാര്‍ക്ക് മുന്നോട്ട് വെച്ച് കണ്ടിന്‍ജന്‍സി വാദപ്രകാരം സംഭവ്യഅസ്തിത്വങ്ങളുടെ ഉണ്‍മക്ക് അവയെ ഉണ്ടാക്കുന്ന അനിവാര്യഅസ്തിത്വം നിര്‍ബന്ധമാണെന്ന് ബോധ്യമായി. ആ അനിവാര്യ അസ്തിത്വം ഏകവും, സ്വയംപര്യപ്തവും, തുടക്കവും ഒടുക്കവും ഇല്ലാത്തതും, മറ്റു അസ്തിത്വങ്ങളില്‍ നിന്ന് വ്യതിരക്തവുമായ നെസസറി എക്‌സിസ്റ്റന്‍സ് ആയിരിക്കണം. ഈ പറയപ്പെട്ട വിശേഷണങ്ങളെല്ലാം സമ്പൂര്‍ണ്ണമായും മേളിച്ച അല്ലാഹുവാണ് ഈ അനിവാര്യ അസ്തിത്വമെന്ന് മുസ്‌ലിംകള്‍ വിശ്വസിക്കുന്നു.

 

പ്രപഞ്ചത്തിലുള്ള ഓരോ സൃഷ്ടി വസ്തുക്കളും അവയെ സൃഷ്ടിച്ചുപരിപാലിക്കുന്ന സ്രഷ്ടാവിന്റെ ഉണ്‍മയുടെ ഏറ്റവും വലിയ ദൃഷ്ടാന്തം തന്നെയാണ്. മനോഹരമായ ഒരു ചിത്രം കാണുമ്പോള്‍ അത് വരച്ചയാളെയും, ഭംഗിയുള്ള ഒരു ശില്‍പ്പം കാണുമ്പോള്‍ അതിന്റെ ശില്‍പ്പിയേയും അന്വേഷിക്കുന്ന മനുഷ്യന് സ്വാഭാവികമായും ഇത്ര അത്ഭുതകരവും നയനാനന്ദകരവുമായ പ്രപഞ്ചവും അതിലെ ചരാചരങ്ങളും അവയെ സൃഷ്ടിച്ച് സംവിധാനിച്ച ഒരു മഹച്ഛക്തിയെ അന്വേഷിക്കാന്‍ പ്രചോദിപ്പിക്കുമെന്നതില്‍ സന്ദേഹമില്ല. സ്വശരീരത്തെക്കുറിച്ച് വേണ്ടത് പോലെ ചിന്തിക്കുന്ന മനുഷ്യന് തന്നെ സൃഷ്ടിച്ച് പരിപാലിക്കുന്ന നാഥനെ അന്വേഷിച്ച് വിശ്വസിക്കല്‍ ധാര്‍മിക ബാധ്യതയാണ്. സ്വശരീരവും ചുറ്റുപാടുകളും കാണുമ്പോള്‍ തന്നെ തന്റെയുള്ളില്‍ ഇതെല്ലാം സംവിധാനിച്ച സര്‍വേശ്വരനെ സംബന്ധിച്ച വിശ്വാസം ഉയര്‍ന്നുവരുമെന്നത് സ്വാഭാവികമാണ്. അതോടൊപ്പം ബാഹ്യമായ ദൃഷ്ടാന്തങ്ങളും ആധികാരിക ഉദ്ധരണികളും ആ വിഷയത്തില്‍ ബലം നല്‍കുമെന്ന് മാത്രം. വിശുദ്ധ ഖുര്‍ആനില്‍ ഈ നഗ്നസത്യം കൃത്യമായി പറയുന്ന നിരവധി സൂക്തങ്ങള്‍ നമുക്ക് കാണാന്‍ സാധിക്കും. അല്ലാഹു പറയുന്നു: ''ഇത് സത്യം തന്നെയാണെന്ന് അവര്‍ക്ക് സ്പഷ്ടമാകും വിധം ചക്രവാളങ്ങളിലും അവരില്‍ തന്നെയും പിന്നീട് നമ്മുടെ ദൃഷ്ടാന്തങ്ങള്‍ അവര്‍ക്ക് നാം കാണിച്ചുകൊടുക്കുന്നതാണ്''(41: 53).


Post a Comment

Previous Post Next Post