പ്രപഞ്ചത്തിലെ ഓരോ വസ്തുക്കളേയും നിരീക്ഷിക്കുന്നതും അവയെക്കുറിച്ചുള്ള ചിന്തകളും ആലോചനകളും ഏതൊരു മനുഷ്യനെയും സര്‍വ്വാധിപനും സ്രഷ്ടാവുമായ ഏകനാഥനിലേക്ക് വഴിനടത്തുമെന്നത് വലിയ സത്യമാണ്. ആലോചനശേഷിയും ചിന്താശക്തിയുമുള്ള മനുഷ്യന്‍ തന്നെയാണ് സ്രഷ്ടാവിന്റെ ഉണ്‍മയുടെ വലിയ ദൃഷ്ടാന്തമെന്ന് സ്വശരീരഘടനയെക്കുറിച്ചും സൃഷ്ടിപ്പിലെ വൈവിധ്യങ്ങളെ സംബന്ധിച്ചും ആലോചിച്ചാല്‍ മനുഷ്യന് ബോധ്യപ്പെടും. ദൈവാസ്തിക്യം ബോധ്യപ്പെടാന്‍ സ്വശരീരത്തെക്കുറിച്ച് ആലോചിക്കുവാന്‍ പലയിടങ്ങളിലും ഖുര്‍ആന്‍ മനുഷ്യനെ ഉത്‌ബോധനം നടത്തിയിട്ടുണ്ട്.
'ഇതു സത്യം തന്നെയാണെന്ന് അവര്‍ക്ക് സ്പഷ്ടമാകുംവിധം ചക്രവാളങ്ങളിലും അവരില്‍തന്നെയും പിന്നീട് നമ്മുടെ ദൃഷ്ടാന്തങ്ങള്‍ അവര്‍ക്ക് നാം ഗോചരീഭവിപ്പിക്കുന്നതാണ്'(ഫുസ്വിലത് 53). 'നിങ്ങളെ മണ്ണില്‍ നിന്നാണവന്‍ സൃഷ്ടിച്ചത്. എന്നിട്ട് നിങ്ങളതാ എങ്ങും സഞ്ചരിച്ചെത്തുന്ന മര്‍ത്യകുലമായിരിക്കുന്നു!അവന്റെ ദൃഷ്ടാന്തങ്ങളില്‍ പെട്ടതാണിത്(സൂറതുര്‍റൂം 20). അല്ലാഹുവിന്റെ ആറ് മഹാദൃഷ്ടാന്തങ്ങള്‍ എണ്ണിപ്പറഞ്ഞിടത്ത് പ്രഥമമായിപ്പറഞ്ഞതാണ് സൂറതുര്‍റൂമിലെ ഇരുപതാം സൂക്തം. 'ദൃഢവിശ്വാസികള്‍ക്ക് ഭൂമിയിലും നിങ്ങളില്‍ തന്നെയും വിവിധ ദൃഷ്ടാന്തങ്ങളുണ്ട്; എന്നിട്ട് നിങ്ങള്‍ ചിന്തിക്കുന്നില്ലേ...?(ദാരിയാത്20, 21) എന്ന സൂക്തം നാം നമ്മെക്കുറിച്ച് തന്നെ വിചിന്തനം നടത്തണമെന്ന് കൃത്യമായി നിര്‍ദേശിക്കുന്ന വചനമാണ്.
മനുഷ്യ സൃഷ്ടിപ്പിന്റെ വിവിധ ഘട്ടങ്ങളും, ജീവിതത്തിന്റെ വ്യത്യസ്ത തലങ്ങളും ഒരു സ്രഷ്ടാവിന്റെ സമ്പൂര്‍ണ്ണ നിയന്ത്രണവും അജയ്യതയുമാണ് വിളിച്ചോതുന്നത്. പ്രപഞ്ചവും അതിലെ പ്രതിഭാസങ്ങളും കേവല യാദൃശ്ചികതയുടെ സൃഷ്ടിയാണെന്ന് വാദിക്കുന്നവര്‍ തന്നേക്കാള്‍ വലിയൊരു അസ്തിത്വത്തിന്റെയും ആസ്തിക്യം അംഗീകരിക്കില്ലെന്ന അഹന്തയുടെ സൃഷ്ടികളെന്നേ നമുക്ക് പറയാനാകൂ.
മനുഷ്യന്‍ പ്രസവിക്കപ്പെടുന്നതിന്റെ പത്ത് മാസം മുമ്പ് അവന്റെ അവസ്ഥ എന്തായിരുന്നെന്നും, ഗര്‍ഭസ്ഥശിശു ആകുന്നതിന്റെ മുമ്പ് അവന്‍ എവിടെ ആയിരുന്നെന്നും ഉമ്മയുടെ ഉദരത്തില്‍ ഗര്‍ഭാശയത്തിലേക്ക് അവന്‍ എങ്ങിനെ എത്തിയെന്നും പിന്നീട് ഗര്‍ഭകാലവളര്‍ച്ച ആരുടെ നിയന്ത്രണത്തിലായിരുന്നുവെന്നുമുള്ള ആലോചന തന്നെ ഏകനായ സ്രഷ്ടാവിലേക്കാണ് മനുഷ്യചിന്തയെ കൊണ്ടെത്തിക്കുക. ആ സ്രഷ്ടാവിനെ അംഗീകരിച്ച് ആരാധിക്കുന്നവനാണ് മനുഷ്യരില്‍ നന്ദിയുള്ളവന്‍.
മനുഷ്യസൃഷ്ടിപ്പും ശരീരത്തിലെ ഓരോ അവയവങ്ങളും അവയുടെ സങ്കീര്‍ണ്ണതയും പ്രവര്‍ത്തനവുമെല്ലാം വിസ്മയിപ്പിക്കുന്നതാണ്. ഭ്രൂണശാസ്ത്രം പഠിക്കുമ്പോള്‍ ഇത് ബോധ്യപ്പെടും. അണ്ഡബീജ സ്ഖലനവും അവയുടെ സങ്കലനവും ശേഷം സിക്താണ്ഡമായി മാറി ഗര്‍ഭപാത്രത്തില്‍ വളര്‍ച്ചയുടെ പടവുകള്‍ പിന്നിടുന്നതും ശേഷം അവയവങ്ങളോരോന്നായി മുളപൊട്ടുന്നതും പിന്നീട് അവയില്‍ ജീവസാന്നിധ്യം പ്രകടമായി കൃത്യമായ കാലാവധിക്കിടയില്‍ പൂര്‍ണ്ണവളര്‍ച്ചയെത്തി പ്രസവിക്കുന്നതും തീര്‍ച്ചയായും ഏകസ്രഷ്ടാവിന്റെ നിയന്ത്രണങ്ങള്‍ക്ക് വിധേയമായിട്ടാണെന്നത് സുവ്യക്തമാണ്. ഈ ഘട്ടങ്ങളോരോന്നിനെക്കുറിച്ചും വിശുദ്ധഖുര്‍ആന്‍ കൃത്യമായി പ്രതിപാദിച്ചിട്ടുണ്ടെന്നതും മറ്റൊരുത്ഭുതമാണ്.
ശരാശരി നാല് സെന്റ്ീമീറ്റര്‍ നീളവും രണ്ടേമുക്കാല്‍ സെന്റീമീറ്റര്‍ വീതിയും പയര്‍മണിയുടെ ആകൃതിയുമുള്ള രണ്ട് ഗ്രന്ഥികളായ വൃഷ്ണങ്ങള്‍ പ്രായപൂര്‍ത്തിയാകുന്നത് വരെ പുരുഷഹോര്‍മോണുകള്‍ നിര്‍മ്മിക്കുകയും പ്രായപൂര്‍ത്തിയാകുന്നതോടെ ബീജനിര്‍മ്മാണവും നിര്‍വ്വഹിക്കുന്നു. വൃഷ്ണത്തിലെ സ്‌പെര്‍മാറ്റഗോണിയ എന്ന സെല്ലില്‍ നിന്നാണ് പുരുഷബീജമുല്‍പാദിക്കപ്പെടുന്നത്. ഈ കോശം വിഭജിക്കപ്പെട്ട് സ്‌പെര്‍മെറ്റാസെറ്റ് എന്ന കോശങ്ങള്‍ ഉണ്ടാവുകയും അവ പൂര്‍ണ്ണവളര്‍ച്ചയെത്തുകയും വീണ്ടും വിഭജനത്തിന് വിധേയമാവുകയും ചെയ്യുന്നു. ഈ വിഭജനത്തിലൂടെയാണ് 46 ക്രോമസോമുകളുള്ള സ്‌പെര്‍മെറ്റാസെറ്റ് 23 ക്രോമസോമുകളുള്ള കോശങ്ങളായി മാറുന്നത്.
ശുക്ലമെന്ന ദ്രാവകത്തില്‍ മുങ്ങിക്കിടന്ന് ഇടകലര്‍ന്നാണ് ബീജങ്ങള്‍ യാത്രചെയ്യുന്നത്. ഒരു തവണ വിസര്‍ജിക്കുന്ന ശുക്ലത്തിന് മൂന്നുമതല്‍ അഞ്ചുവരെ മില്ലീലിറ്റര്‍ വ്യാപ്തമുണ്ടാകും. ചുരുങ്ങിയത് രണ്ട് മില്ലിലിറ്റര്‍ ശുക്ലമുണ്ടെങ്കിലേ ഉല്‍പ്പാദനക്ഷമതയുണ്ടാകൂ. വൃഷ്ണങ്ങള്‍ സൂക്ഷിക്കപ്പെട്ട വൃഷ്ണസഞ്ചി ശരീരത്തിന്റെ താപനിലയോട് കൃത്യമായ അനുപാതം കാത്തുസൂക്ഷിക്കുന്നുണ്ടെങ്കിലേ ബീജോല്‍പ്പാദനം നടക്കുകയുള്ളൂ. വൃഷ്ണസഞ്ചിയുടെ പുറത്തുള്ള ചുളിവുകളാണ് താപനിലം മാറ്റം കൂടാതെ നിലനില്‍ക്കുന്നതിനാണ് സഹായിയായി വര്‍ത്തിക്കുന്നത്.
പുരുഷന്‍ ഒരു തവണ സ്രവിക്കുന്നത് ഇരുനൂറ് കോടിയോളം ബീജമാണ്. ഒരു മില്ലീലിറ്റര്‍ ശുക്ലത്തില്‍ 20-40 കോടി ബീജങ്ങള്‍ വരെയുണ്ടാകും. ഒരു മില്ലീലിറ്ററില്‍ രണ്ടുകോടിയില്‍ കുറവാണ് ബീജസംഖ്യയെങ്കില്‍ ബീജസങ്കലനം നടക്കില്ല. എന്നാല്‍ അണ്ഡവുമായി സംയോജിക്കാന്‍ ഒരു ബീജത്തിനേ കഴിയൂ. തല, കഴുത്ത്, ഉടല്‍, വാല്‍ എന്നീ ഭാഗങ്ങളുള്ള ബീജം സ്ത്രീ ജനനേന്ദ്രിയത്തിലൂടെ വാലിളക്കി മുന്നോട്ട് സഞ്ചരിച്ചാണ് അണ്ഡത്തിന്റെ സമീപത്തെത്തി സങ്കലനം നടക്കുന്നത്.
ബീജത്തിന് ഈ വിവരങ്ങള്‍ അറിയിച്ചുകൊടുക്കുന്നത് ആരാണ്?!. മുന്നോട്ട് സഞ്ചരിച്ചാല്‍ അണ്ഡസാന്നിധ്യമുണ്ടെന്ന് അതിന് പറഞ്ഞുകൊടുത്തത് ആരാണ?!്. ശാസ്ത്രത്തിന് മറുപടിയില്ലെങ്കില്‍ ഖുര്‍ആന്‍ കൃത്യമായി പറയുന്നു: 'സ്രഷ്ടാവായ അല്ലാഹു മാത്രമാണ്' എന്ന്. ഖുര്‍ആന്‍ ചോദിക്കുന്നു; ''നിങ്ങളില്‍ നിന്ന് സ്ഖലിക്കുന്ന ഇന്ദ്രിയത്തെസംബന്ധിച്ച് ചിന്തിച്ചുനോക്കിയിട്ടുണ്ടോ നിങ്ങള്‍?. അതിനെ സൃഷ്ടിച്ചുസംവിധാനിച്ചത് നിങ്ങളോ നാമോ?' (56: 58,59). ''മനുഷ്യന് മഹാനാശം, എന്തൊരു കൃതഘ്‌നനാണവന്‍! എന്തുസാധനത്തില്‍ നിന്നാണവനെ സൃഷ്ടിച്ചത?. ഇന്ദ്രിയകണത്തില്‍ നിന്ന് അല്ലാഹു അവനെ സൃഷ്ടിക്കുകയും എന്നിട്ട് വ്യവസ്ഥപ്പെടുത്തുകയും ഗര്‍ഭാശയത്തില്‍ നിന്ന് പുറത്ത് വരാനുള്ള മാര്‍ഗം സുഗമമാക്കുകയും പിന്നീട് മരിപ്പിക്കുകയും ശ്മശാനത്തിലടക്കുകയും ചെയ്തു'(80: 17-21). സൃഷ്ടിപ്പിന്റെ അടിസ്ഥാനഘടകമായ ബീജത്തെക്കുറിച്ച് ചിന്തിക്കുവാന്‍ ഖുര്‍ആന്‍ നിരന്തരം ആഹ്വാനം ചെയ്യുന്നതിന്റെ പൊരുള്‍ സ്രഷ്ടാവിനെ കണ്ടെത്താന്‍ അത് സഹായിക്കുമെന്നതാണ്.
മനുഷ്യശരീരത്തിലെ ഏറ്റവും വലിപ്പം കൂടിയ കോശമാണ് അണ്ഡം. ബീജസങ്കലനത്തിന് ശേഷം ഭ്രൂണവളര്‍ച്ചയുടെ ആദ്യഘട്ടത്തിലേക്കാവശ്യമായ ഭക്ഷ്യവസ്തുക്കള്‍ അണ്ഡത്തില്‍ ശേഖരിക്കപ്പെട്ടിട്ടുണ്ടത്രെ. ഗര്‍ഭാശയത്തിന്റെ അടിവശത്ത് ഇരുവശത്തുമായാണ് അണ്ഡാശയം സ്ഥിതിചെയ്യുന്നത്. ജന്‍മവേളയില്‍ തന്നെ ലക്ഷക്കണക്കിന് അണ്ഡങ്ങളുമായി ജനിക്കുന്ന സ്ത്രീ ഏകദേശം എട്ട് വയസ്സ് പ്രായമാകുമ്പോള്‍ ഹൈപ്പോതലാമസില്‍ നിന്നും നാഡീയഹോര്‍മോണ്‍ ഉല്‍പ്പാദിപ്പിക്കപ്പെടുകയും പിറ്റിയൂറ്ററി ഗ്രന്ഥിക്ക് അണ്ഡാശയങ്ങളെ ഉത്തേജിപ്പിക്കുവാന്‍ ഓര്‍ഡര്‍ നല്‍കുകയും അണ്ഡാശയങ്ങള്‍ സ്‌ത്രൈണ ഹോര്‍മോണായ ഐസ്ട്രജന്‍ ഉല്‍പ്പാദിപ്പിക്കുവാന്‍ തുടങ്ങുകയും അവള്‍ കുമാരിയായിത്തീരുകയും ചെയ്യും. പിറ്റിയൂറ്ററിയുടെ ഉത്തേജകഫലമായി അതിസൂക്ഷ്മമായ അണ്ഡകോശങ്ങള്‍ വികസിച്ച് ഫോളിക്കിള്‍ എന്നറിയപ്പെടുന്ന ചെറിയ കുമിളകള്‍ പോലെയുള്ള വസ്തുക്കളായിത്തീരുന്നു. ഏകദേശം ഇരുപതോളം ഫോളിക്കിളുകള്‍ വളരുന്നുവെങ്കിലും അഞ്ചെട്ടു ദിവസമാകുമ്പോള്‍ ഒന്നൊഴികെ ബാക്കിയെല്ലാം വളര്‍ച്ച മുരടിച്ച്, ഒരു ഘട്ടത്തില്‍ ആ ഒന്ന് പൊട്ടിപ്പിളര്‍ന്ന് അതില്‍ നിന്ന് അണ്ഡം പുറത്ത് വരുന്നതിനെയാണ് അണ്ഡോല്‍സര്‍ജ്ജനം എന്ന് പറയുന്നത്.
എസ്ട്രജന്റെ ഉല്‍പ്പാദനത്തോടെ ഗര്‍ഭാശയം സജീവമാവുകയും അല്‍പ്പം വലിപ്പം വര്‍ദ്ധിക്കുകയും അകത്തെപാളിയായ എന്‍ഡോമെട്രിയത്തില്‍ പുതിയരക്തവാഹിനികള്‍ രൂപപ്പെട്ട് രക്തപ്രവാഹം സജീവമാകുകയും ചെയ്യുന്നു. സ്വയംപൊട്ടി അണ്ഡത്തില്‍ നിന്ന് സ്വാതന്ത്ര്യം നേടിയ ഫോളിക്കിളില്‍ പുതിയ ചില കോശങ്ങള്‍ വളര്‍ന്ന് മഞ്ഞക്കരുവെന്ന് പേരുള്ള ഗ്രന്ഥിയായി മാറുകയും പ്രൊജസ്റ്ററോണ്‍ എന്ന ഹോര്‍മോണ്‍ ഉത്പാദിപ്പിക്കുകയും ചെയ്യുന്നു. തത്ഫലമായ എന്‍ഡോമെട്രിയത്തിലെ ഗ്രന്ഥികള്‍ വലുതായി വീര്‍ക്കുകയും എന്‍ഡോമെട്രിയം പുതിയൊരു ഹോര്‍മോണ്‍ സ്രവിക്കുകയും ചെയ്യുന്നു. ബീജസങ്കലിതമായ അണ്ഡത്തെ സ്വീകരിക്കുവാന്‍ ഗര്‍ഭാശയത്തിന്റെ ഒരുക്കങ്ങളാണിത്. അതോടൊപ്പം പിറ്റിയൂറ്ററി ഗ്രന്ഥിയും അണ്ഡാശയവും ഗര്‍ഭാശയവും ചേര്‍ന്ന് മൂന്നാഴ്ചയോളം ഭ്രൂണം സ്വീകരിക്കുവാനും അതിന്റെ സമ്പൂര്‍ണ്ണസുരക്ഷക്കുമാവശ്യമായ മുന്നൊരുക്കങ്ങള്‍ നടത്തുകയും ചെയ്യുന്നു. എന്നാല്‍ ബീജസങ്കലനം നടക്കാതെ പോയാല്‍ മഞ്ഞക്കരു ഹോര്‍മോണുകളുടെ ഉത്പാദനം ഉടനടി നിര്‍ത്തിവെക്കുകയും എസ്ട്രജന്റെയും പ്രൊജസ്റ്ററോണിന്റെയും അളവ് താഴുകയും തത്ഫലമായി എന്‍ഡോമെട്രിയത്തിലുണ്ടായ പുതിയവളര്‍ച്ച അടര്‍ന്നുപോവുകയും രക്തവാഹിനികള്‍ പൊട്ടി രക്തസ്രാവമുണ്ടാവുകയും ആര്‍ത്തവമാരംഭിക്കുകയും ചെയ്യും.
അണ്ഡോല്‍പ്പാദനത്തിന് ശേഷം ഇരുപത്തിനാല് മണിക്കൂറിനുള്ളില്‍ ബീജം അണ്ഡവാഹിനിക്കുഴലിലെത്തിയാലേ ബീജസങ്കലനം നടക്കൂ. സിക്താണ്ഡം എന്ന് വിളിക്കപ്പെടുന്ന ഇതാണ് പിന്നീട് ഭ്രൂണമായി വളരുന്നത്. സ്വയം സഞ്ചരിക്കാന്‍ പ്രാപ്തിയില്ലാത്ത ഭ്രൂണം അണ്ഡവാഹിനിക്കുഴലിന്റെ നിരന്തരമായ സങ്കോചത്തിലൂടെ സാവകാശം ഗര്‍ഭപാത്രം ലക്ഷ്യമാക്കി നീങ്ങുകയും അണ്ഡോല്‍സര്‍ജ്ജനം കഴിഞ്ഞ് നാലാം ദിനം ഗര്‍ഭപാത്രത്തിലെത്തുകയും ചെയ്യുന്നു. ഇതിനിടയില്‍ സിക്താണ്ഡം നിരവധി കോശവിഭജനങ്ങള്‍ക്ക് വിധേയമാകുന്നതാണ്. ഏഴാംദിനം ഭ്രൂണം ഗര്‍ഭപാത്രത്തിന്റെ ആന്തരികപാളിയായ എന്‍ഡോമെട്രിയത്തിന്റെ കോശങ്ങളെ ദ്രവീകരിച്ച് തുളച്ച് ഉള്ളില്‍ പ്രവേശിക്കാനാരംഭിക്കുകയും ഒമ്പതാം ദിനം പൂര്‍ണ്ണമായും ഇറങ്ങിക്കഴിയുകയും ചെയ്യും. ഗര്‍ഭാശയഭിത്തിയെ ഭ്രൂണം അള്ളിപ്പിടിച്ച് നില്‍ക്കുന്നതിനാണ് implantation എന്ന് പറയുന്നത്. ഇങ്ങനെ അള്ളിപ്പിടിച്ചു കൊണ്ടാണ് ഭ്രൂണം വളരുന്നതും. ഭ്രൂണത്തിന്റെ ഈ അവസ്ഥയെ കുറിച്ച് അലഖ് (ഒട്ടിപ്പിടിച്ചുനില്‍ക്കുന്നത്) എന്ന് ഖുര്‍ആന്‍ പലയിടങ്ങളിലും പ്രയോഗിച്ചിട്ടുണ്ട്.
ഏകദേശം എട്ട് സെന്റീമീറ്റര്‍ നീളവും ആറ് സെന്റീമീറ്റര്‍ വീതിയും നാല് സെന്റീമീറ്റര്‍ ഘനവുമാണ് സാധാരണ അവസ്ഥയില്‍ ഗര്‍ഭപാത്രത്തിനുള്ളത്. ഭ്രൂണവളര്‍ച്ചക്കനുസരിച്ച് ഗര്‍ഭപാത്രവും വളരും. പ്രസവമടുക്കുമ്പോഴേക്ക് മുപ്പത് സെന്റ്ീമീറ്ററായി വളര്‍ന്നിരിക്കും. കട്ടിയുള്ള മൂന്ന് പേശീപാളികള്‍ കൊണ്ടാണ് ഗര്‍ഭപാത്രം നിര്‍മ്മിക്കപ്പെട്ടത്. ഇതിന് പുറമെ, കോറിയോണ്‍, ആംനിയോണ്‍ തുടങ്ങി കുഞ്ഞിനെ പൊതിഞ്ഞുനില്‍ക്കുന്ന പാടകളും, അടിവയറിന്റെ ഭിത്തിയും ഗര്‍ഭസ്ഥശിശുവിന്റെ സംരക്ഷണ കവചങ്ങളാണ്. ''മൂന്ന് അന്ധകാരങ്ങള്‍ക്കുള്ളിലായി സൃഷ്ടിയുടെ ഒരു ഘട്ടം കഴിഞ്ഞ് മറ്റൊന്ന് എന്ന നിലയില്‍ മാതാക്കളുടെ ഗര്‍ഭാശയങ്ങളില്‍ നിങ്ങളെയവന്‍ സൃഷ്ടിക്കുകയാണ്''(39: 6).
ഇരുപത്തിഏഴ് ദിവസം കഴിഞ്ഞാല്‍ ചവച്ചുതുപ്പിയ മാംസക്കഷ്ണം പോലെ ഭ്രൂണം കാണപ്പെടും. ക്രമരഹിതമായ പ്രതലങ്ങളോടെയുള്ള ഒരു മാംസപ്പിണ്ഡം. 'മുദ്ഗ' എന്നാണ് ഈ അവസ്ഥയെക്കുറിച്ചുള്ള ഖുര്‍ആനിക പരാമര്‍ശം. 'തീര്‍ച്ചയായും നാമാണ് നിങ്ങളെ മണ്ണില്‍ നിന്നും പിന്നീട് ബീജത്തില്‍ നിന്നും പിന്നീട് ഭ്രൂണത്തില്‍ നിന്നും അനന്തരം രൂപം നല്‍കപ്പെട്ടതും രൂപം നല്‍കപ്പെടാത്തതുമായ മാംസപ്പിണ്ഡത്തില്‍ നിന്നും സൃഷ്ടിച്ചത് (സൂറതുല്‍ഹജ്ജ് 5). അഞ്ചാഴ്ച കഴിഞ്ഞാല്‍ ഭ്രൂണത്തില്‍ നിന്ന് അസ്ഥിരൂപപ്പെടാന്‍ തുടങ്ങും. ഈ അസ്ഥിയില്‍ മാംസം പൊതിയുമ്പോഴാണ് രൂപം തെളിഞ്ഞ മനുഷ്യനാവുന്നത്. ഖുര്‍ആന്‍ പറയുന്നു: 'നിശ്ചയം മനുഷ്യനെ കളിമണ്ണിന്റെ സത്തില്‍ നിന്ന് നാം സൃഷ്ടിക്കുകയും പിന്നീട് ശുക്ലമാക്കി ഒരു ഭദ്രസ്ഥലത്ത് നിക്ഷേപിക്കുകയും ചെയ്തു. അനന്തരം ആ ശുക്ലത്തെ അലഖയായും അതിനെ മാംസപിണ്ഡമായും ശേഷം അതിനെ അസ്ഥികൂടമായും രൂപപ്പെടുത്തി. അനന്തരമത് മാംസം കൊണ്ട് ആവരണം ചെയ്തു മറ്റൊരു സൃഷ്ടിയായി നാമവന് അസ്തിത്വമേകി. അപ്പോള്‍ ഏറ്റം ഉദാത്തമായി സൃഷ്ടികര്‍മ്മം നടത്തുന്ന അല്ലാഹു അനുഗ്രഹപൂര്‍ണനത്രെ(ഖുര്‍ആന്‍ 23:12-14).
ഗര്‍ഭാശയത്തില്‍ വളരുന്ന ഭ്രൂണം മാതാവിന്റെ ശരീരത്തില്‍ നിന്ന് തനിക്കാവശ്യമായ ഭക്ഷണം, ജലം, ഓക്‌സിജന്‍ തുടങ്ങിയവ വലിച്ചെടുക്കാന്‍ മറുപിള്ളയെന്ന ഒരു അവയവത്തിന്റെ സഹായം നേടുന്നുണ്ട്. ഇരുപത് സെന്റീമീറ്റര്‍ വ്യാസവും ഒരിഞ്ചുകട്ടിയുമുള്ള വൃത്താകൃതിയിലുള്ള പരന്ന അപ്പം പോലെയാണ് പൂര്‍ണ്ണവളര്‍ച്ചയെത്തിയ മറുപിള്ള. ഗര്‍ഭപാത്ര ഭിത്തിയോട് ഒട്ടിനില്‍ക്കുന്ന ഇതില്‍ നിന്നാണ് പൊക്കിള്‍കൊടി ഉത്ഭവിക്കുന്നത്. ഒരു പിരിയന്‍കയറുപോലെയിരിക്കുന്ന പൊക്കിള്‍കൊടിയില്‍ രണ്ട് ധമനികളും ഒരു സിരയുമുണ്ട്. മാതൃശരീരത്തില്‍ നിന്ന് പോഷണവും ഓക്‌സിജനും സിരയിലൂടെ ഭ്രൂണശരീരത്തിലേക്കും വിസര്‍ജ്യവസ്തുക്കളടങ്ങിയ രക്തം ധമനികളിലൂടെ ഭ്രൂണത്തില്‍ നിന്ന് മറുപിള്ളയിലേക്കും ഒഴുകും. മാതാവിന്റെ രക്തത്തിലെ എല്ലാം ഭ്രൂണത്തിലേക്ക് കടന്ന് പോകുന്നതിന് പകരം ആവശ്യമുള്ളത് മാത്രം കടത്തിവിടുന്ന അരിപ്പയായും മറുപിള്ള വര്‍ത്തിക്കുന്നുണ്ട്.,
ബീജസങ്കലനം മുതല്‍ 265 ദിവസം ആകുമ്പോഴേക്ക് ഈ കുഞ്ഞിന്റെ ശരീരാവയവങ്ങള്‍ പൂര്‍ണ്ണമായി സൃഷ്ടിക്കപ്പെടുകയും, ആവശ്യമുള്ള വിധം ശരീരഭാരം നല്‍കപ്പെടുകയും, സ്വന്തവും വ്യതിരക്തവുമായ മുഖഭാവം നല്‍കപ്പെടുകയും ചെയ്യും. ഗര്‍ഭസ്ഥശിശു പൂര്‍ണ്ണ വളര്‍ച്ചയെത്തിയാല്‍ ഗര്‍ഭാഷയം സങ്കോചിച്ചു തുടങ്ങുന്നതിന്റെ ഭാഗമായി വേദനയാരംഭിക്കുകയും കുഞ്ഞ് പുറത്ത് വരുന്നതോടെ ഈ സങ്കോചം അവസാനിക്കുകയും ഏകദേശം ഇരുപത് മിനുട്ടിനുള്ളില്‍ മറുപിള്ള, ആംനിയോണ്‍സഞ്ചി തുടങ്ങി ഗര്‍ഭകാലത്തെ താത്കാലിക സംവിധാനങ്ങളെല്ലാം പുറന്തള്ളപ്പെടുകയും ചെയ്യും.
മാതാപിതാക്കളുടെ ശരീത്തില്‍ അണ്ഡവും ബീജവും സംവിധാനിച്ചതുമുതല്‍ പൂര്‍ണ്ണവളര്‍ച്ചയെത്തിയ ശിശുവായി ഭൂമിയിലേക്ക് പ്രസവിക്കപ്പെടുന്നത് വരെയുള്ള കാലം മനുഷ്യക്കുഞ്ഞിനെ നിയന്ത്രിക്കുന്നവന്‍ ഏകനായ അല്ലാഹുവാണ്. ''താനുദ്ദേശിക്കുംവിധം ഗര്‍ഭാശയങ്ങളില്‍ നിങ്ങളെ രൂപപ്പെടുത്തുന്നതവനാണ്. അവനല്ലാതെ മറ്റൊരു ദൈവമില്ല. പ്രതാപശാലിയും യുക്തിമാനുമാണവന്‍''(3: 6}. ''ഹേ മനുഷ്യാ...ഔദാര്യവാനായ നാഥന്റെ കാര്യത്തില്‍ എന്താണ് നിന്നെ വഞ്ചിതനാക്കിയത്?!. അവനാണ് നിന്നെ സൃഷ്ടിച്ചതും സംവിധാനിച്ചത് ശരിയായ രൂപ്പത്തിലാക്കുകയും താന്‍ ഇച്ഛിച്ച വിധം സംഘടിപ്പിക്കുകയും ചെയ്തത് അവനത്രെ(ഇന്‍ഫിത്വാര്‍ 7,8).
മസ്തിഷ്‌കം
മനുഷ്യന്റെ പ്രവര്‍ത്തനങ്ങളെയും ശരീരത്തെയും നിയന്ത്രിക്കുന്ന മസ്തിഷ്‌കമാണ് ജൈവലോകത്തെ അതിസങ്കീര്‍ണ്ണമായ വസ്തു. മനുഷ്യ മസ്തിഷ്‌കത്തേക്കാള്‍ വലിയ മസ്തിഷ്‌കങ്ങളുള്ള ജീവികള്‍ നിരവധിയുണ്ടെങ്കിലും ബുദ്ധിയുടെ വിഷയത്തില്‍ അവ മനുഷ്യനേക്കാള്‍ എത്രയോ കാതം പിന്നിലാണ്. ഏകദേശം 1400 ഗ്രാം തൂക്കമുള്ള ചാരനിറത്തിലുള്ള മസ്തിഷ്‌കമാണ് നമ്മെ നിയന്ത്രിക്കുന്നതെന്ന് ഏറെ അത്ഭുതകരമാണ്. തലച്ചോറിനുള്ളിലെ ന്യൂറോണുകളാണ് സങ്കീര്‍ണ്ണമായ ഈ കാര്യങ്ങള്‍ നിര്‍വ്വഹിക്കുന്നത്. എന്നാല്‍ മസ്തിഷ്‌കത്തിലെ ന്യൂറോണുകളുടെ കൃത്യമായ എണ്ണം എത്രയാണെന്ന് ഇപ്പോഴും നിജപ്പെടുത്തപ്പെട്ടില്ല. 1500 കോടിയെന്നും, 3000 കോടിയെന്നും 10000 കോടിയാണെന്നുമൊക്കെ അനുമാനിക്കപ്പെടുന്നു.
മൂന്ന് വിധത്തിലാണ് ശാരീരികവും മാനസികവുമായ പ്രവര്‍ത്തനങ്ങളെ നാഡീവ്യൂഹം നിയന്ത്രിക്കുന്നത്. മസ്തിഷ്‌ക കോശങ്ങള്‍ സ്വയം വൈദ്യുതി ഉത്പാദിപ്പിച്ച് പരസ്പരം ബന്ധപ്പെട്ട ചിന്തകള്‍ക്ക് രൂപം നല്‍കലാണ് ഒന്നാമത്തേത്. പേശികളെ സങ്കോചിപ്പിച്ചുകൊണ്ട് ചെയ്യുന്ന പ്രവര്‍ത്തനങ്ങളാണ് രണ്ടാമത്തേത്. ഗ്ന്രഥികളെക്കൊണ്ട് വിവിധ രാസവസ്തുക്കള്‍ സ്രവിപ്പിച്ചുകൊണ്ട് ചെയ്യുന്ന പ്രവര്‍ത്തനങ്ങളാണ് മൂന്നാമത്തേത്.
സുഷുമ്‌നാതലം(spinalcord level), അധോമസ്തിഷ്‌കതലം(lower brain level), ഊര്‍ധ്വമസ്തിഷ്‌ക തലം(upper brain level) എന്നീ മൂന്ന് തലങ്ങളിലായിട്ടാണ് നാഡീവ്യൂഹത്തിന്റെ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്. വളരെ ലളിതമായ നാഡീപ്രവര്‍ത്തനങ്ങളാണ് സുഷുമ്‌നാതലത്തില്‍ നടക്കുന്നതെങ്കില്‍, അധോബോധപരമായ പ്രവര്‍ത്തനങ്ങള്‍ അധോമസ്തിഷ്‌കത്തിലും, ബോധപൂര്‍വ്വമായ എല്ലാ പ്രവര്‍ത്തനങ്ങളും ഊര്‍ധ്വമസ്തിഷ്‌കത്തിലുമാണുണ്ടാവുന്നത്. മസ്തിഷ്‌കദണ്ഡും(brain stem), സെറിബല്ലവും ചേര്‍ന്നതാണ് അധോമസ്തിഷ്‌കതലം. മെഡുല്ല, തലാമസ്, ഹൈപ്പോതലാമസ് എന്നീ ഭാഗങ്ങളും ഇതില്‍പ്പെടും.
ഹൈപ്പോതലാമസ്
തലാമസിന് താഴെയായി ഒരു ഉണക്കമുന്തിരിയോളം വലുപ്പത്തില്‍ നാലുഗ്രാം മാത്രം ഭാരമുള്ള വളരെ ചെറിയ അവയമാണ്, മസ്തിഷ്‌കഭാഗമാണ് ഹൈപ്പോതലാമസ്. നിതാന്തജാഗ്രതയോടെ ശരീരത്തെ നിയന്ത്രിക്കുന്ന പാറാവുകാരനാണിത്. ശരീരത്തെ എല്ലാ പ്രവര്‍ത്തനങ്ങളും നിരന്തരം പരിശോധിച്ച് എന്തെങ്കിലും പ്രശ്‌നങ്ങള്‍ ശ്രദ്ധയില്‍പെട്ടാല്‍ സ്വയം പരിഹരിക്കുകയോ മറ്റുള്ളവരെക്കൊണ്ട് പരിഹരിക്കാനുള്ള നടപടികളെടുക്കുകയോ ചെയ്യലാണിതിന്റെ ധര്‍മ്മം. രക്തത്തില്‍ ഗ്ലൂക്കോസിന്റെ അളവ് കുറയുമ്പോള്‍ വിശപ്പ് അനുഭവിപ്പിക്കുന്നതും, ശരീരത്തിന് ജലത്തിന്റെ ആവശ്യം നേരിടുമ്പോള്‍ ദാഹം തോന്നിപ്പിക്കുകയും, ഊഷ്മാവ് കൂടുമ്പോള്‍ വിയര്‍പ്പുണ്ടാക്കി ശരീരം തണുപ്പിക്കുകയും ശരീരം അധികം തണുക്കുമ്പോള്‍ വിയര്‍പ്പ് തടഞ്ഞുവെച്ച് ശരീരത്തിനുള്ളില്‍ ഊര്‍ജ്ജം ഉല്‍പ്പാദിപ്പിച്ച് താപം നിലനിര്‍ത്തുകയും ചെയ്യുന്നത് ഈ ചെറുഅവയവമാണ്.
സെറിബല്ലം
മസ്തിഷ്‌കത്തിന്റെ പിന്‍ഭാഗത്തായി മെഡുല്ല ഒബ്ലാംഗേറ്റയുടെയും ഊര്‍ധ്വമസ്തിഷ്‌കത്തിന്റെയും ഇടയ്ക്ക് സ്ഥിതി ചെയ്യുന്ന ഭാഗമാണ് സെറിബല്ലം. മാംസപേശികളുടെ പ്രവര്‍ത്തനത്തെ ഏകോപിപ്പിക്കലാണ് ഇതിന്റെ ഡ്യൂട്ടി. അഥവാ, മാംസപേശികളുടെ സങ്കോചങ്ങളേയും ചേഷ്ടകളേയും കുറിച്ചുള്ള വിവരങ്ങള്‍ ഇവിടെയെത്തുകയും അതുപ്രകാരം പേശികളുടെ ചലനങ്ങളെ ഏകോപിപ്പിക്കുകയും ചെയ്യുന്നു. ഒരു വസ്തു എത്തിപ്പിടിക്കാന്‍ നാം ശ്രമിക്കുമ്പോള്‍ വസ്തുവിന്റെ സ്ഥാനം കണ്ണുകൊണ്ട് അറിയുന്നതിനനുസരിച്ച് വസ്തുവിന് നേരെ കൈ നീളുകയും, നീട്ടം വസ്തുവിന് നേരെയല്ലാതിരിക്കുമ്പോള്‍ ഉടനടി തിരുത്തി വസ്തുവിലെത്തിക്കുന്ന വിധം പേശികളെ ചലിപ്പിക്കുന്ന്ത് സെറിബല്ലമാണ്.
നാം നടക്കുമ്പോഴും നില്‍ക്കുമ്പോഴും ശരീരം ഗുരുത്വാകര്‍ഷണ ബലത്തോട് സന്തുലനം പുലര്‍ത്തുന്നുണ്ട്. നില്‍ക്കുമ്പോള്‍ ശരീരപേശികള്‍ കൂടുതലായി അയഞ്ഞുപോയാല്‍ നാം വീഴാന്‍ തുടങ്ങുകയും അപ്പോഴേക്ക് ചെവികള്‍ സെറിബ്രത്തിന് വിവരം നല്‍കുകയും തദനുസൃതമായി സെറിബല്ലം നാഡികള്‍ക്ക് നിര്‍ദേശം നല്‍കി അവയെ മുറുക്കി വീഴ്ചയില്‍ നിന്ന് രക്ഷിക്കുകയും ചെയ്യുന്നു. നടത്തത്തിനിടയില്‍ കാല് തെന്നി മുഖം കുത്തി വീഴാന്‍ പോകുമ്പോള്‍ കുനിഞ്ഞും, കൈകുത്തിയും വീഴ്ചയുടെ ആഘാതം കുറക്കാനുള്ള കാര്യങ്ങള്‍ ഏറ്റെടുക്കുന്നതും സെറിബല്ലമാണ്.
സെറിബ്രം
സെറിബ്രം, കോര്‍ടെക്‌സ്, സെറിബ്രാര്‍ധകോളങ്ങള്‍(cerebral hemispheres) എന്നീ പേരുകളില്‍ വിളിക്കപ്പെടുന്ന ഊര്‍ധ്വമസ്തിഷ്‌കമാണ് മസ്തിഷ്‌കത്തിന്റെ ഏറ്റവും വലിയ ഭാഗം. നാഡീവ്യൂഹത്തിലെ കോശങ്ങളിലെ മൂന്നിലൊന്ന് സ്ഥിതിചെയ്യുന്ന ഇവിടെ നിന്നാണ് ബോധപൂര്‍വ്വമുള്ള പ്രവര്‍ത്തനങ്ങളുടെ ഉത്ഭവം. ബുദ്ധി, ഓര്‍മ്മ, ചിന്ത, ബോധം, ജാഗ്രത മുതലായവയെല്ലാം സെറിബ്രത്തിന്റെ ഉല്‍പന്നമാണ്.
രണ്ട് അര്‍ധഗോളങ്ങള്‍ കൂട്ടിവെച്ചാണ് സെറിബ്രം സൃഷ്ടിക്കപ്പെട്ടത്. സെറിബ്രത്തിന്റെ ഇടത്തേഭാഗം ശരീരത്തിന്റെ വലത്തെ പകുതിയുടേയും വലത്തേഭാഗം ശരീരത്തിന്റെ ഇടതത്തേ പകുതിയുടേയും നിയന്ത്രണമാണ് ഏറ്റെടുത്തിട്ടുള്ളത്. രണ്ട് അര്‍ധഗോളങ്ങളും തുല്യശക്തികളല്ലെങ്കിലും ഇടത്തേത് വലത്തേതിനേക്കാള്‍ അല്‍പ്പം ശക്തി കൂടുതലുള്ളതാണ്. അത്‌കൊണ്ട് തന്നെ ഇതിന് കീഴിലുള്ള ശരീരത്തിന്റെ വലതുഭാഗത്തിന് ശക്തികൂടുന്നത്. അധീശാര്‍ധഗോളം(dominant hemisphere) എ്ന്നാണിത് വിളിക്കപ്പെടുന്നത്. ഏറെ സങ്കീര്‍ണ്ണമായി സൃഷ്ടിക്കപ്പെട സെറിബ്രത്തിന്റെ ധര്‍മ്മങ്ങള്‍ എങ്ങനെ നിര്‍വ്വഹിക്കപ്പെടുന്നുവെന്ന് കൃത്യമായിപ്പറയാന്‍ ഇപ്പോഴും സാധ്യമായിട്ടില്ല. നിരവധി വൈചിത്യമുള്ള അനവധി കാര്യങ്ങള്‍ ചെയ്യുന്ന കുറേ യന്ത്രങ്ങളുടെ ആകെത്തുകയാണ് മസ്തിഷ്‌കം. ഇത്രയേറെ ഘടകങ്ങള്‍ വെച്ച് പ്രവര്‍ത്തിച്ചിട്ടും പിഴവുകളില്ലാതെ മുന്നോട്ട് പോകുന്നത് ഏകനായ സ്രഷ്ടാവിന്റെ നിയന്ത്രണത്തിലായത് കൊണ്ട് മാത്രമാണ്. സ്രഷ്ടാവ് നല്‍കിയ മസ്തിഷ്‌കം ഉപയോഗപ്പെടുത്തി പ്രപഞ്ചത്തിലെ സര്‍വ്വദൃഷ്ടാന്തങ്ങളിലും ആലോചനകളും ഗവേഷണങ്ങളും നടത്തി സ്രഷ്ടാവിനെ കണ്ടെത്താനാണ് അല്ലാഹു നമ്മെ നിരന്തരം ഓര്‍മ്മപ്പെടുത്തിക്കൊണ്ടിരിക്കുന്നത്.
ശ്വസന വ്യവസ്ഥ
മനുഷ്യശരീരത്തിലെ വളരെപ്രധാനപ്പെട്ട പ്രവര്‍ത്തനമാണ് ശ്വസനം. നാസാരന്ധ്രത്തിലൂടെ നാം വലിച്ചെടുക്കുന്ന വായു സ്വനപേടകത്തില്‍ നിന്ന് പത്ത് സെന്റീമീറ്ററോളം വരുന്ന ശ്വാസനാളിയിലൂടെ രണ്ടായി വിഭജിക്കപ്പെട്ട ശ്വസനികളിലൂടെ ഇടത്തും വലത്തുമുള്ള ശ്വാസകോശങ്ങളിലേക്ക് പ്രവേശിക്കുന്നു. ഈ രണ്ട് ശ്വസനികള്‍ വീണ്ടും ചെറിയ ശാഖകളായി വിഭജിക്കപ്പെട്ട് ആ ശാഖകള്‍ വീണ്ടും ഒരുപാട് തവണ (ഇരുപതില്‍ കൂടുതല്‍ തവണ)വിഭജിക്കപ്പെടുകയും തദനുസാരം അവയുടെ ഉള്‍വ്യാസം കുറഞ്ഞുകുറഞ്ഞു വരികയും ചെയ്യുന്നു. ഇതില്‍ ഒടുവിലത്തെ ശാഖയെ അന്ത്യശ്വസനിക എന്ന് പറയുന്നത്. ഒരു ശ്വാസകോശത്തില്‍ 80,0000ത്തിലധികം അന്ത്യശ്വസനികകളുണ്ടെന്നാണ് കണക്കാക്കപ്പെടുന്നത്.
മനുഷ്യന് ഇടത്തും വലത്തുമായി നെഞ്ചില്‍ രണ്ട് ശ്വാസകോശങ്ങളാണുള്ളത്. രണ്ടും കൂടി ഒരു കിലോഗ്രാം തൂക്കം വരും. രണ്ടിനും മദ്ധ്യേയാണ് ഹൃദയം നിലകൊള്ളുന്നത്. കണ്ടാല്‍ സ്‌പോഞ്ച് പോലിരിക്കുന്ന ഇവക്കുള്ളില്‍ നിറയെ വായുവാണ്. അമര്‍ത്തിയാല്‍ വായു പുറത്ത് പോവുകയും കയ്യിലൊതുങ്ങാവുന്ന വിധം ചുരുങ്ങുകയും ചെയ്യും. ഹൃദയം അല്‍പ്പം ഇടത്തോട്ട് തള്ളിയിരിക്കുന്നതിനാല്‍ ഇടത്തേ ശ്വാസകോശം വലത്തേതിനേക്കാള്‍ അല്‍പ്പം ചെറുതാണ്.
വലത്തേശ്വാസകോശം മൂന്നും ഇടത്തേത് രണ്ടും ദളങ്ങളായി വിഭജിക്കപ്പെട്ട് പിന്നീട് ഓരോ ദളങ്ങളും ഖണ്ഡങ്ങളായും ഓരോ ഖണ്ഡങ്ങളും ലക്ഷക്കണക്കിന് ദലകങ്ങളായും വിഭജിക്കപ്പെട്ടിട്ടുണ്ട്. ഈ ദലകങ്ങളിലുള്ള അല്‍വിയോളസ്സുകള്‍ എന്നറിയപ്പെടുന്ന മുന്തിരിക്കുല പോലുള്ള വായു അറകളിലാണ് കണ്ഠത്തില്‍ നിന്നുള്ള വായു അവസാനം എത്തിച്ചേരുന്നത്. അമ്പത് കോടിയിലധികം വായു അറകളുണ്ടത്രെ ഒരു മനുഷ്യശരീരത്തിനകത്ത്..!!! എന്നാല്‍ ദൈനംദിന ആവശ്യങ്ങള്‍ക്ക് രണ്ട് കോടിയോളം അറകള്‍ മാത്രം മതി. കായികാധ്വാനം പോലെ അത്യാവശ്യഘട്ടങ്ങളിലാണ് ബാക്കിയുള്ളവ കര്‍മ്മനിരതമാവുന്നത്.
ശ്വാസോച്ഛ്വാസം ഐശ്ചികവും അനൈച്ഛികവുമായി സംഭവിക്കുന്നുണ്ട്. നമ്മുടെ ഇച്ഛക്കൊത്ത് ത്വരിതഗതിയിലും മന്ദഗതിയിലുമാക്കാം. സാധാരക്കാര്‍ക്ക് ഒരു മിനിറ്റിലേറെ ശ്വാസം നിര്‍ത്തിവെക്കാനാവില്ല. അല്‍പ്പനേരം ശ്വാസം നിര്‍ത്തിവെച്ചാല്‍ രക്തത്തില്‍ കാര്‍ബണ്‍ഡൈഓക്‌സൈഡിന്റെ അളവ് കൂടുകയും അത് മസ്തിഷ്‌കത്തിലെ ശ്വസനകേന്ദ്രത്തെ ഉത്തേജിപ്പിക്കുകയും, ശ്വസനകേന്ദ്രം നമ്മുടെ ബോധമസ്തിഷ്‌കത്തിലല്ലാത്തതിനാല്‍ നമ്മുടെ ആത്മനിയന്ത്രണത്തെ തിരസ്‌കരിച്ച് ശ്വസോച്ഛ്വാസം സ്വയം ഏറ്റെടുക്കുകയും ചെയ്യും. ഇതിനാല്‍ തന്നെ മനപ്പൂര്‍വ്വം ശ്വസോച്ഛ്വാസം നിര്‍ത്തിവെച്ച് ആത്മഹത്യചെയ്യാന്‍ സാധിക്കാതെ വരുന്നത്.
അധികസമയവും ശ്വസനവ്യവസ്ഥ അനൈച്ഛികമായാണ് നടക്കുന്നത്. ശ്വസനവ്യവസ്ഥക്ക് എന്തെങ്കിലും തടസ്സം നേരിടുമ്പോഴേ നാം അതിനെ കുറിച്ച് ബോധവാനാകുന്നുള്ളൂ. ശ്വസനപ്രക്രിയയെ പരോക്ഷമായി നിയന്ത്രിക്കുന്നത് രക്തത്തിലെ കാര്‍ബണ്‍ഡൈഓക്‌സൈഡിന്റെ അളവാണ്. ഉറക്കത്തില്‍ ഊര്‍ജ്ജാവശ്യമുള്ള രാസപ്രവര്‍ത്തനങ്ങള്‍ കുറവായതിനാല്‍ ഓക്‌സിജന്റെ ആവശ്യവും കുറയുന്നു. അതിനാല്‍ ശ്വസോച്ഛ്വാസം മന്ദഗതിയിലായിരിക്കും. അധ്വാനവേളകളില്‍ ഇത് നേരേ മറിച്ചായിരിക്കും...
മനുഷ്യജീവന്‍ നിലനിര്‍ത്തുവാന്‍ അടിസ്ഥാനപരമായി ആവശ്യമുള്ള ശ്വസോച്ഛ്വാസവ്യവസ്ഥക്ക് വേണ്ടി മാത്രം നമ്മുടെ ആന്തരികാവയവങ്ങളില്‍ സ്രഷ്ടാവായ അല്ലാഹു സൃഷ്ടിച്ച സംവിധാനങ്ങളാണിതെല്ലാം. ഇവയുടെ വ്യവസ്ഥയും പാരസ്പര്യവും ഇവ സംവിധാനിച്ച മഹച്ഛക്തിയുടെ ഉണ്‍മയെയാണ് സൂചിപ്പിക്കുന്നത്.
പഞ്ചേന്ദ്രിയങ്ങള്‍..
വിവരങ്ങള്‍ സ്വീകരിച്ച് അനുസൃതമായ പ്രതികരണം നല്‍കലാണ് ശരീരത്തിന്റെ പൊതുവായ നിയന്ത്രണം നിര്‍വ്വഹിക്കുന്ന നാഡീവ്യൂഹത്തിന്റെ ധര്‍മ്മം. ഈ വിവരശേഖരണം ശരീരത്തിനകത്ത് നിന്നും പുറത്തുനിന്നുമാവാം. പഞ്ചേന്ദ്രിയങ്ങള്‍ മുഖേനയാണ് പുറത്ത് നിന്നുള്ള വിവരങ്ങള്‍ ശേഖരിക്കുന്നത്. കണ്ണ്, ചെവി, മൂക്ക്, നാവ്, ചര്‍മ്മം തുടങ്ങിയ പഞ്ചേന്ദ്രിയങ്ങള്‍ മനസ്സിന്റേയും മസ്തിഷ്‌കത്തിന്റേയും പുറത്തേക്കുള്ള കിളിവാതിലുകളാണെന്ന് പറയാം. സംവേദനേന്ദ്രിയങ്ങളില്‍ ഏറ്റവും പ്രാധാന്യം കണ്ണിനാണ്. നമ്മള്‍ നേടുന്ന അറിവുകളില്‍ 80 ശതമാനവും കണ്ണുകള്‍ മുഖേനയാണ്.
മൂന്ന് പാളികള്‍ കൊണ്ടാണ് നേത്രഗോളം നിര്‍മ്മിക്കപ്പെട്ടത്. പുറത്തുള്ള പാളിക്ക് രണ്ട് ഭാഗങ്ങളുണ്ട്. മുന്‍വശത്തെ കോര്‍ണിയയും അതിന്റെ തുടര്‍ച്ചയായ വെള്ളയും. കറുത്ത വൃത്തമായി കാണുന്ന ഭാഗമാണ് കോര്‍ണിയ. അതിന്റെ മധ്യത്തില്‍ കാണുന്ന കറുത്ത വൃത്തമാണ് കൃഷ്ണമണി. കണ്ണിനകത്തേക്ക് വരുന്ന പ്രകാശത്തിന്റെ അളവ് ക്രമീകരിക്കലാണ് കൃഷ്ണമണിയുടെ ദൗത്യം.
കണ്ണിനകത്തെ ആന്തരികപാളിയാണ് റെറ്റിന. ഇതില്‍ പത്തുവരി കോശങ്ങളാണുള്ളത്. ഇവയില്‍ റോഡ്‌കോശങ്ങളും കോണ്‍കോശങ്ങളുമുള്ള വരിയാണ് ഏറ്റവും പ്രധാനം. ഈ ഇനത്തിലെ പതിനാല് കോടി കോശങ്ങളാണ് ഒരു കണ്ണിലുള്ളത്. പ്രകാശത്തെ രാസോര്‍ജ്ജമാക്കി മാറ്റുകയാണ് പ്രകാശ സംവേദിയായ ഈ കോശങ്ങളുടെ ഡ്യൂട്ടി. പ്രകാശത്തിന്റെ കറുപ്പും വെളുപ്പും കാഴ്ച നല്‍കുന്ന റോഡ് കോശങ്ങള്‍ പതിമൂന്ന് കോടിയിലധികവും നിറങ്ങള്‍ കാണാനുള്ള കഴിവ് നല്‍കുന്ന കോശങ്ങള്‍ ഒരു കോടിയില്‍ താഴെയുമാണ്.
ഒരു വസ്തു ദൃശ്യമാവണമെങ്കില്‍ വസ്തുവില്‍ നിന്നുള്ള പ്രകാശകിരണങ്ങള്‍ കോര്‍ണിയയിലൂടെ കടന്ന് ലെന്‍സിലെത്തുന്നു. ഇത് റെറ്റിനയില്‍ കേന്ദ്രീകൃതമാവണം. വസ്തു അകലെയാണെങ്കില്‍ അതില്‍ നിന്നുള്ള പ്രകാശം അനായാസേന ഫോക്കസീകൃതമാവും. വസ്തു അടുത്താണെങ്കില്‍ അതില്‍ നിന്നുള്ള പ്രകാശം റെറ്റിനയില്‍ ഫോക്കസീകരിക്കപ്പെടണമെങ്കില്‍ ഉള്ളിലേക്ക് വളയണം. വസ്തു എത്ര അകലെയാണോ ആ അകലത്തിനനുസരിച്ച് ലെന്‍സ് ഗോളാകൃതി പ്രാപിച്ച് അതിന്റെ ഫോക്കസ് ദൂരം വ്യത്യാസപ്പെടുത്തുന്നു. ഇതിനെയാണ് സമഞ്ജനം(accommodation) എന്ന് പറയുന്നത്. ഇത് നടക്കണമെങ്കില്‍ സിലിയറി പേശികള്‍ സങ്കോചിക്കണം. കാണുന്ന വസ്തുവിന്റെ ദൂരത്തിനനുസരിച്ച് പേശികള്‍ എത്ര സങ്കോചിക്കണമെന്ന് മസ്തിഷ്‌കത്തില്‍ നിന്നാണ് വിവരം ലഭിക്കുന്നത്. സിലിയറി പേശികള്‍ സങ്കോചിക്കുകയും ലെന്‍സിന് ആവശ്യമായ സമഞ്ജനമുണ്ടാവുകയും ചെയ്യുമ്പോഴാണഅ വസ്തുവില്‍ നിന്നുള്ള പ്രകാശം റെറ്റിനയില്‍ പതിക്കുന്നത്. റെറ്റിനയില്‍ പതിക്കുന്ന പ്രകാശം റോഡ്‌കോശങ്ങളോട് ബന്ധപ്പെട്ട റോഡോപ്‌സിന്‍ എന്ന വര്‍ണകത്തില്‍ ലയിക്കുകയും അതിനെ വിവര്‍ണ്ണമാക്കുന്ന ഒരു രാസപ്പതിപ്രവര്‍ത്തനം സൃഷ്ടിക്കപ്പെടുകയും ചെയ്യുന്നു. ഈ മാറ്റം അതോടു ബന്ധപ്പെട്ട നാഡിയില്‍ ഒരു ചെറിയ വൈദ്യുതിസ്പന്ദനമുണ്ടാകും. ഈ സ്പന്ദനം തലച്ചോറിലെത്തുമ്പോഴാണ് വസ്തുക്കള്‍ ദൃശ്യമാവുന്നത്.
ഇത്രമേല്‍ സങ്കീര്‍ണ്ണതയോടെയാണ് നമ്മുടെ കണ്ണുകള്‍ പ്രവര്‍ത്തിക്കുന്നത്. അല്ലാഹു നമുക്ക് നല്‍കിയ അവയവങ്ങളില്‍ അതിപ്രധാനപ്പെട്ട ഈ അവം എങ്ങനെ വിനിയോഗിക്കണമെന്ന് പഠിപ്പിച്ച സ്രഷ്ടാവ് നാളെ വിചാരണക്ക് വിധേയമാക്കുമെന്നും പറഞ്ഞിട്ടുണ്ട്.
കാതുകള്‍ കൊണ്ടാണ് നാം ശബ്ദങ്ങള്‍ ശ്രവിക്കാറുള്ളത്. എന്നാല്‍ ശരീരത്തിന്റെ ബാലന്‍സ് നിലനിര്‍ത്തുകയെന്ന സുപ്രധാന ധര്‍മ്മവും ചെവികള്‍ തന്നെയാണ് നിര്‍വ്വഹിക്കുന്നത്. ബാഹ്യകര്‍ണം, മധ്യകര്‍ണം, ആന്തരകര്‍ണം എന്നീ മൂന്ന് ഭാഗങ്ങളായാണ് കാതുകള്‍ തിരിക്കപ്പെട്ടിരിക്കുന്നത്. തലയുടെ ഇരുവശങ്ങളിലുമായി പുറത്തേക്ക് തള്ളിനില്‍ക്കുന്ന ഭാഗമാണ് കര്‍ണപുടം. ഇതിന്റെ ഉള്‍ഭാഗം ഒരു ടണല്‍ ആയി രൂപാന്തരപ്പെട്ടിരിക്കുന്നു. ചര്‍മ്മാവൃതമായ ഈ ടണലിന്റെ ഭിത്തിയില്‍ അനേകം ചെറുരോമങ്ങളുണ്ട്. ഒരു ഇഞ്ച് നീളമുള്ള ടണലിന്‍മേല്‍ നാലായിരത്തോളം സീബാഗ്രന്ഥികളുണ്ട്. അവയിലെ ഉല്‍പ്പന്നമാണ് ചെവിക്കായം.
ബാഹ്യകര്‍ണത്തേയും മധ്യകര്‍ണത്തേയും വേര്‍തിരിക്കുന്ന ടിമ്പാനമെന്ന ഫലകത്തിന് ഒരു മുറത്തിന്റെ ആകൃതിയാണുള്ളത്. വായു വന്നിടിക്കുമ്പോള്‍ പ്രകമ്പനം കൊള്ളുകയാണ് ഇതിന്റെ ധര്‍മ്മം. വായുനിറഞ്ഞ ചെറിയ അറയാണ് മധ്യകര്‍ണം. അതില്‍ ഓസ്സിക്കിളുകള്‍ എന്ന് പേരുള്ള മൂന്ന് ചെറിയ അസ്ഥികളുണ്ട്. ശരീരത്തിലെ ഏറ്റവും ചെറിയ അസ്ഥികളാണിവ.
ശബ്ദതരംഗങ്ങള്‍ ബാഹ്യകര്‍ണത്തിലൂടെ കടന്ന് ടിമ്പാനത്തിന്‍മേല്‍ പതിക്കുമ്പോള്‍ അത് പ്രകമ്പനം കൊള്ളുന്നു. ശബ്ദത്തിന്റെ ശക്തിക്കനുസൃതമായി പ്രകമ്പനത്തിന്റെ ശക്തിയും വ്യത്യാസപ്പെടും. ടിമ്പാനം പ്രകമ്പനം കൊള്ളുമ്പോള്‍ അതുമായി ബന്ധപ്പെട്ട ഓസിക്കിള്‍ അല്‍പം ചലിക്കും. ചലനം ഒരു എല്ലില്‍ നിന്ന് മറ്റേതിലേക്ക് സഞ്ചരിച്ച് അവസാനം ആന്തരകര്‍ണത്തിലേക്കുള്ള ദ്വാരത്തിലെത്തിച്ചേരുന്നു. ടിമ്പാനത്തിലൂടെയും ഓസിക്കിളിലൂടെയും കടന്നുപോവുമ്പോള്‍ അതിന്റെ ശക്തി ഇരുപത്തിരണ്ട് മടങ്ങായി വര്‍ധിക്കുന്നു. ദുര്‍ബല ശബ്ദങ്ങളെ വലുതാക്കുകയും ശക്തിപ്പെടുത്തുകയും ചെയ്ത് കേള്‍ക്കാനുള്ള സംവിധാനമാണിത്. കഠിനശബ്ദമാണെങ്കില്‍ അതിനെ മയപ്പെടുത്താനുള്ള കഴിവും ഓസിക്കിളുകള്‍ക്കുണ്ട്. ആന്തരകര്‍ണത്തിന്റെ ദ്വാരത്തില്‍ വന്ന് മൂന്നാമത്തെ ഓസിക്കിള്‍ മുട്ടുമ്പോള്‍ കോക്ലിയക്കുള്ളിലുള്ള ദ്രാവകം ചലിക്കുന്നു. ദ്രാവകത്തിലെ ചലനതരംഗം ക കോര്‍ട്ടിയവയത്തിലുള്ള ലോമികാ കോശങ്ങളെ ഉദ്ദീപിപ്പിച്ച് വൈദ്യതസ്പന്ദനം ഉണ്ടാകുന്നു. ഇത് ശ്രവണ നാഡിയിലൂടെ സഞ്ചരിച്ച് മസ്തിഷ്‌കത്തിലെത്തുമ്പോഴാണ് നാം ശബ്ദം ശ്രവിക്കുന്നത്.
ശരീരത്തിന്റെ ബാലന്‍സ് നിയന്ത്രിക്കുന്നത് ചെവിയാണെന്ന് നാം പറഞ്ഞുവല്ലോ. ആന്തരകര്‍ണത്തില്‍ കോക്ലിയക്കടുത്തായുള്ള മൂന്ന് അര്‍ധവൃത്താകാര കനാലുകളാണ് ഈ ധര്‍മം നിര്‍വ്വഹിക്കുന്നത്. പരസ്പരം ലംബമായി സ്ഥിതി ചെയ്യുന്ന ഈ കനാലുകളില്‍ എന്‍ഡോലിംഫ് എന്ന ദ്രാവകം നിറഞ്ഞിരിപ്പുണ്ട്. കനാലിനടുത്തായി സാക്യൂള്‍ എന്നും യൂട്രിക്കില്‍ എന്നും നാമങ്ങളുള്ള രണ്ട് ചെറിയ പൈപ്പുകളുണ്ട്. ഈ പൈപ്പുകള്‍ക്കുള്ളില്‍ ലോമികാ കോശങ്ങളാണുള്ളത്. ഇവയുടെ ലോമികകളുടെ മുകളിലായി കാണപ്പെടുന്ന ചെറിയ കല്‍ക്കഷ്ണങ്ങളാണ് ഓട്ടോലിത്തുകള്‍. ഇവയെല്ലാം ചേര്‍ന്നതിനെ വെസ്റ്റിബുലാര്‍ സംവിധാനം എന്നാണ് വിളിക്കുന്നത്. ഈ സംവിധാനമാണ് ശരീരത്തിന്റെ ബാലന്‍സിനെക്കുറിച്ച വിവരങ്ങള്‍ മസ്തിഷ്‌കത്തിന് നല്‍കുന്നത്. തലയുടെ ചലനത്തിനനുസൃതമായി കനാലിനുള്ളിലെ എന്‍ഡോലിംഫിലും ചലനങ്ങളുണ്ടാവുകയും ഈ ചലനങ്ങള്‍ക്കനുസൃതമായി ലോമികകള്‍ ഉത്തേജിതമാവുകയും വൈദ്യുത സ്പന്ദനങ്ങളുണ്ടാവുകയും ചെയ്യുന്നു. ഈ സ്പന്ദനങ്ങള്‍ തലച്ചോറിലെത്തുമ്പോഴാണ് തലയുടെ ചലനങ്ങളെക്കുറിച്ച് ലഭിക്കുകയും അതിനനുസരിച്ച് ശരീരം ബാലന്‍സ് ചെയ്യപ്പെടുകയും ചെയ്യുന്നത്.
മനുഷ്യന് സംസാരശേഷിയുണ്ടാകുന്നതില്‍ കേള്‍വിയുടെ സ്വാധീനം അനിഷേധ്യമാണ്. കാരണം സംസാരമാണല്ലോ ഭാഷയ്ക്ക് രൂപം നല്‍കുന്നത്. അല്ലാഹു പറയുന്നു: ''അവനാണ് നിങ്ങള്‍ക്ക് കേള്‍വിയും കാഴ്ചകളും ഹൃദയങ്ങളും ഉണ്ടാക്കിത്തന്നിട്ടുള്ളവന്‍. കുറച്ചുമാത്രമേ നിങ്ങള്‍ നന്ദി കാണിക്കുന്നുള്ളൂ.''
ശ്വസോഛാസത്തില്‍ മൂക്കിനുള്ള പങ്ക് നമുക്കെല്ലാം അറിയുന്ന കാര്യമാണ്. കാര്യങ്ങള്‍ മണത്തറിയാനുള്ള കഴിവാണ് മൂക്കിന് പഞ്ചേന്ദ്രിയത്തില്‍ സ്ഥാനം നല്‍കിയത്. ഓരോ നാസികയിലും മുകള്‍ ഭാഗത്തായി വര്‍ത്തിക്കുന്ന തവിട്ടുനിറത്തിലുള്ള പ്രത്യേക കോശങ്ങളാണ് മണം പിടിച്ചെടുക്കുന്നത്. ഈ മണം തലച്ചോറിലെത്തുമ്പോഴാണ് നമുക്ക് വാസന അനുഭവപ്പെടുന്നത്.
നാസികയിലെ ഓരോ കോശസമൂഹത്തിലും ഒരു കോടിയോളം കോശങ്ങളുണ്ടായിരിക്കും. ഓരോ കോശത്തില്‍ നിന്നും ആറ് മുതല്‍എട്ട് വരെ ലഘുതന്തുക്കള്‍ തള്ളിനില്‍ക്കുന്നു. ഇവയോട് ചില പ്രത്യേക വസ്തുക്കളുടെ തന്‍മാത്രകള്‍ സമ്പര്‍ക്കം പുലര്‍ത്തുമ്പോള്‍ ഘ്രാണനാഡികളില്‍ ഉദ്ദീപനമുണ്ടാവുന്നു. ഈ ഉദ്ദീപനം നാഡീസ്പന്ദനമുണ്ടാക്കുകയും ഈ സ്പന്ദനങ്ങള്‍ നാഡിയിലൂടെ മസ്തിഷ്‌കത്തിലെ ഘ്രാണസംവേദനസ്ഥാനത്തെത്തുമ്പോഴാണ് മണം അനുഭവവേദ്യമാകുന്നത്.
സുഗന്ധങ്ങളും ദുര്‍ഗന്ധങ്ങളും അനുഭവിച്ച് വസ്തുക്കളെ തിരിച്ചറിയാന്‍ എന്ത് സംവിധാനമാണ് അല്ലാഹു ഒരുക്കിയിട്ടുള്ളതെന്ന് അവന് മാത്രമേ കൃത്യമായി അറിയുകയുള്ളൂ. ഒരേ നാസാരന്ധ്രത്തിലൂടെ നല്ലതും ചീത്തതുമായ അനേകം വാനസകള്‍ തിരിച്ചറിയാന്‍ സാധിക്കുന്നത് അതിന്റെ സംവിധായകന്റെ അതുല്യമായ കഴിവാണ് സൂചിപ്പിക്കുന്നത്.
രുചിച്ചറിവാണ് നാവ് കൊണ്ട് നമുക്ക് ലഭിക്കുന്നത്. സംസാരത്തിലും ശബ്ദരൂപീകരണത്തിലും വലിയ പങ്ക് വഹിക്കുന്ന നാവ് കൊണ്ട് ലഭിക്കുന്ന പ്രധാനപ്പെട്ട ഉപകാരമാണിത്. രുചിമുകുളങ്ങള്‍(taste bussd) ആണ് സ്വാദറിയുവാന്‍ നമ്മെ സഹായിക്കുന്നത്. നാവില്‍ മധുരം, കയ്പ്, പുളി, ഉപ്പ് എന്നീ വ്യത്യസ്തമായ രുചികള്‍ അറിയാനുള്ള ഒമ്പതിനായിരത്തോളം രുചിമുകുളങ്ങളുണ്ട്. ഈ അടിസ്ഥാന രുചികളുടെ മിശ്രണം കൊണ്ട് മറ്റനേകം രുചിവൈവിധ്യങ്ങള്‍ നമുക്കനുഭവിക്കാന്‍ സാധിക്കും.
മധുരം നമുക്കിഷ്ടമുള്ള രുചിയാണെങ്കില്‍ കയ്പ് നമുക്ക് അരോചകമാണ്. എന്നാല്‍ ഈ ഇഷ്ടാനിഷ്ടങ്ങള്‍ക്ക് നിമിത്തമായ രുചിഭേദങ്ങള്‍ക്ക് കാരണമെന്താണെന്ന് നാമെപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ?. ഒരേ നാവിന്‍തുമ്പിലൂടെയാണ് ഇതെല്ലാം നാം അനുഭവിക്കുന്നത്. ഇതെല്ലാം കൃത്യമായി സംവിധാനിച്ച് നിയന്ത്രിക്കുന്ന ഏക നാഥനെയാണ് ഓര്‍മ്മപ്പെടുത്തുന്നത്. ''അവന്ന് നാം രണ്ട് കണ്ണുകളും ഒരു നാവും രണ്ട് ചുണ്ടുകളും ഉണ്ടാക്കിക്കൊടുത്തില്ലേ'' (90: 8,9).
ശരീരസ്പര്‍ശനത്തിലൂടെ ലഭിക്കുന്ന തൊട്ടറിവിന്റെ സ്രോതസ്സാണ് ചര്‍മം. അതൊടൊപ്പം ചൂട്, തണുപ്പ്, വേദന തുടങ്ങിയവ അറിയാനുള്ള സംവിധാനങ്ങളും ചര്‍മ്മത്തിലുണ്ട്. ശരീരത്തിന്റെ ഉപരിതലത്തിലെങ്ങും വ്യാപിച്ചുകിടക്കുന്ന നാഡീയാഗ്രങ്ങളാണ് ഈ സംവേദനങ്ങളറിയിക്കുന്നത്. അതൊടൊപ്പം ഒരാളുടെ സൗന്ദര്യവും യൗവ്വനവും പ്രകടമാകുന്നത് ചര്‍മ്മകാന്തിയിലൂടെയാണ്.
അധിചര്‍മ്മം, ചര്‍മം എന്നീ രണ്ട് പാളികളുള്ള ആവരമാണ് തൊലി. ഏറ്റവും കട്ടികുറഞ്ഞ പുറംപാളിയായ അധിചര്‍മ്മത്തില്‍ കോശങ്ങളുടെ പല പാളികളുമുണ്ട്. ഇതില്‍ ഏറ്റവും താഴെയുള്ള സജീവമായ ഒരു വരി കോശങ്ങള്‍ നിരന്തരം വിഭജിക്കപ്പട്ടു കൊണ്ടിരിക്കുകയും തത്ഫലമായി ഉണ്ടാവുന്ന പുതിയ കോശങ്ങള്‍ ഉപരിതലത്തിലേക്ക് നീങ്ങി അവ കൂടുതല്‍ പരന്നതായിത്തീരുകയും വളരെ ബലമേറിയ പദാര്‍ത്ഥമായ കെരാറ്റിന്‍ എന്ന മാംസ്യം അതില്‍ വന്ന് നിറയുകയും ചെയ്യുന്നു. പുതിയ കോശങ്ങള്‍ ഉപരിതലത്തിലെത്തുന്നതൊടെ അവ മുഴുവന്‍ നിര്‍ജീവമായ കെരാറ്റിന്‍ ആയിത്തീരുന്നു. കെരാറ്റിന്‍ കോശങ്ങള്‍ പരസ്പരം തൊട്ട് സ്ഥിതി ചെയ്യുന്നതിനാല്‍ ശരീരോപരിതലം മുഴുവന്‍ കെരാറ്റിന്‍ പായ കൊണ്ട് മൂടിയിരിക്കുന്നത് പോലെ തോന്നും. ശരീരസംരക്ഷണത്തിനുള്ള ഒരു സംവിധാനമാണിത്. ഇത് പഴകുമ്പോള്‍ മാറ്റുവാനുള്ള സംവിധാനവും ത്വക്കില്‍ സംവിധാനിക്കപ്പെട്ടിട്ടുണ്ട്. കെരാറ്റിന്‍ നിരന്തരം ശരീരത്തില്‍ നിന്ന് അടര്‍ന്നുപോയിക്കൊണ്ടിരിക്കുന്നതിനനുസരിച്ച് പുതിയവ ഉണ്ടാവുന്നുണ്ട്. വിഭജനം മുതല്‍ കൊഴിഞ്ഞുപോവുന്നത് വരെയുള്ള കാലാവധി 27 ദിവസമാണത്രെ. അഥവാ ഓരോ മാസവും നമുക്ക് പുതിയ ചര്‍മ്മാവരണം ലഭിച്ചുകൊണ്ടിരിക്കുകയാണ്.
സ്പര്‍ശനം മാത്രമറിയാന്‍ ശരീരോപരിതലത്തിലാകെ അഞ്ചുലക്ഷത്തിലധികം നാഡീയാഗ്രങ്ങളുണ്ട്. വ്യത്യസ്ത ഭാഗങ്ങളില്‍ വ്യത്യസ്ത തോതിലാണതിന്റെ വ്യന്യാസം. നാവിലും വിരല്‍ തുമ്പിലുമാണ് ഏറ്റവും കൂടുതല്‍ സ്പര്‍ശനാഡികളുള്ളത്. ഇതിന്റെ സമീപത്തെവിടെയെങ്കിലും മൃദുവായി സ്പര്‍ശിച്ചാല്‍ അവിടെ വൈദ്യുത സ്പന്ദമുണ്ടാവുകയും അത് സുഷുമ്‌നാനാഡി വഴി തലച്ചോറിലെത്തുകയും ചെയ്യുമ്പോഴാണ് നാം സ്പര്‍ശനം അറിയുന്നത്.
അല്ലാഹു പറയുന്നു: ''തീര്‍ച്ചയായും നമ്മുടെ തെളിവുകള്‍ നിഷേധിച്ചവരെ നാം നരകത്തിലിട്ട് കരിക്കുന്നതാണ്. അവരുടെ തൊലികള്‍ വെന്തുപോവുമ്പോഴെല്ലാം അവര്‍ക്ക് നാം വേറെ തൊലികള്‍ മാറ്റിക്കൊടുക്കുന്നതാണ്. അവര്‍ ശിക്ഷ ആസ്വദിച്ചുകൊണ്ടിരിക്കുവാന്‍ വേണ്ടിയാണിത്. തീര്‍ച്ചായും അല്ലാഹു പ്രതാപവാനും യുക്തിമാനുമാകുന്നു''(4: 56)
സൃഷ്ടികര്‍മ്മം നിര്‍വ്വഹിച്ച നാഥന്‍ ഈ ചര്‍മ്മങ്ങളെ നാളെ പരലോകത്ത് മനുഷ്യകര്‍മ്മങ്ങളുടെ സാക്ഷിയായി കൊണ്ട് വരുമെന്ന് ഖുര്‍ആന്‍ പറയുന്നുണ്ട്. ''അങ്ങിനെ നരകത്തിലെത്തിയാല്‍ സ്വന്തം കാതുകളും കണ്ണുകളും ചര്‍മ്മങ്ങളും അവരുടെ ചെയ്തികളെ കുറിച്ച് സാക്ഷ്യം വഹിക്കുന്നതാണ്. ചര്‍മ്മങ്ങളോടവര്‍ ചോദിക്കും; ഞങ്ങള്‍ക്കെതിരെ നിങ്ങളെന്തിനാണ് സാക്ഷ്യം വഹിച്ചത്? അവ മറുപടി നല്‍കും: എല്ലാ വസ്തുക്കളേയും സ്ംസാരിപ്പിച്ച അല്ലാഹു ഞങ്ങളേയും സംസാരിപ്പിച്ചതാകുന്നു'(ഫുസ്വിലത് 20,21).
മറ്റുജീവികള്‍ക്ക് നല്‍കിയപോലെയുള്ള അവയവങ്ങള്‍ തന്നെയാണ് രൂപത്തിലുംഭാവത്തിലും വ്യത്യസ്തമെങ്കിലും മനുഷ്യര്‍ക്കും നല്‍കപ്പെട്ടിട്ടുള്ളത്. പക്ഷെ ആലോചനാശേഷിയും ചിന്താശക്തിയും മനുഷ്യന് മാത്രമേ നല്‍കപ്പെട്ടിട്ടുള്ളൂ. കാലാന്തരത്തില്‍ വ്യത്യസ്ത സമൂഹത്തിലേക്ക് സത്യദൂതരെ അല്ലാഹു നിയോഗിക്കുകയും ആവശ്യാനുസരണം ജീവിതമാര്‍ഗ്ഗദര്‍ശനത്തിന് ഗ്രന്ഥങ്ങളും ഏടുകളും നല്‍കുകയും ചെയ്തു. പ്രപഞ്ചത്തില്‍ നിരന്തരം സഞ്ചരിച്ചു പ്രപഞ്ചഘടനയെക്കുറിച്ചും മറ്റു സൃഷ്ടിവൈഭവങ്ങളെക്കുറിച്ചും ആലോചന നടത്തുകുയം സ്വന്തം ശരീരത്തെക്കുറിച്ചും ശാരീരിക പ്രവര്‍ത്തനെക്കുറിച്ചും ചിന്തിച്ചും അല്ലാഹുവിന്റെ ഉണ്‍മ ബോധ്യപ്പെട്ട് അവനെ അംഗീകരിച്ച്, ആരാധിച്ച് നന്ദി ചെയ്യാനുമാണ് അല്ലാഹു ആഹ്വാനം ചെയ്തിട്ടുള്ളത്. പ്രപഞ്ചവും അതിലുള്ളതും ഒരു സ്രഷ്ടാവിന്റെ സാ്ന്നിധ്യമില്ലാതെ സ്വയം സൃഷ്ടികളായി ഉത്ഭവിച്ചതാണെന്ന യുക്തിരഹിതവും ചിന്താശൂന്യവുമായ വാദമുഖങ്ങള്‍ പറയുന്നവര്‍ മനസ്സ്തുറന്ന് ചിന്തിക്കേണ്ടിയിരിക്കുന്നു......!!!
Post a Comment