ഉഷ്ണകാലത്ത് ശക്തമായ ചൂടുള്ള സമയം നല്ല ഐസുകളുമായി അങ്ങാടിയില്‍ വന്ന് ഒരു കച്ചവടക്കാരന്‍ ഇങ്ങനെ വിളിച്ചുപറയുന്നുണ്ടായിരുന്നു: 'മൂലധനം ഉരുകിയൊലിച്ചുകൊണ്ടിരിക്കുന്ന ഈ പാവപ്പെട്ട കച്ചവടക്കാരനോട് (അവന്റെ പക്കല്‍ നിന്ന് ഐസ് വാങ്ങി) നിങ്ങള്‍ കരുണ കാണിക്കണേ... നിങ്ങള്‍ ഇത് വാങ്ങിയില്ലെങ്കില്‍ ഇതെല്ലാം ഉരുകിത്തീര്‍ന്നു പോവുകയും എന്റെ മുടക്കുമുതല്‍ എനിക്ക് നഷ്ടമാവുകയും ആശ്രിതര്‍ക്ക് ഭക്ഷണപാനീയങ്ങള്‍ വാങ്ങുവാന്‍ പണമില്ലാതെ ഞാന്‍ പ്രയാസപ്പെടുകയും ചെയ്യും'...

ഭൗതികലോകത്തെ മനുഷ്യജീവിതം ഈ ഐസ് കച്ചവടക്കാരന്റത് പോലെയാണ്. ആയുസ്സില്‍ നിന്ന് തീര്‍ന്നുകൊണ്ടിരിക്കുന്ന സമയങ്ങളാണ് അവന്റെ മൂലധനം. കൃത്യമായ ആസൂത്രണത്തോടെ ആ മൂലധനം ഉപയോഗപ്പെടുത്തുകയാണ് വിശ്വാസി ചെയ്യേണ്ടത്. അവധി തീരുന്നതിന് മുമ്പ് ആ മൂലധനം വിനിയോഗിച്ച് ലാഭകരമായി കച്ചവടം ചെയ്തില്ലെങ്കില്‍ ശിഷ്ടകാലം കഷ്ടപ്പെടേണ്ടിവരുമെന്നത് തീര്‍ച്ചയാണ്. മൂലധനമിറക്കി കച്ചവടം തുടങ്ങിയവന് അപ്രതീക്ഷിതമായി നഷ്ടം നേരിടേണ്ടി വന്നാലും മറ്റൊരു ഘട്ടത്തില്‍ ആ നഷ്ടം കൂടി നികത്തുന്ന വിധത്തില്‍ കച്ചവടം ലാഭകരമാക്കുവാന്‍ ഒരു പക്ഷേ സാധ്യമായെന്ന് വരും. എന്നാല്‍ ആയുഷ്ധനത്തില്‍ നിന്ന് ഗുണകരമായി വിനിയോഗിക്കപ്പെടാതെ തീര്‍ന്നുപോയവ തിരിച്ചെടുക്കാനും പരിഹരിക്കാനും അസാധ്യമാണ്. 

ജീവിതാവധി തീരുന്നെതെപ്പോഴെന്ന് നിശ്ചയമില്ലാത്തത് കൊണ്ട് തന്നെ ലഭിച്ചുകൊണ്ടിരിക്കുന്ന ഓരോ സെക്കന്റുകളും നന്‍മയിലാകുവാന്‍ നാം ശ്രമിക്കണം. നിഷ്‌ക്രിയനായിരിക്കുന്നതും, വൃഥാവിലായി സമയം ചിലവഴിക്കുന്നതും അപരിഹാര്യമായ ഖേദത്തിന് വഴിവെക്കും. സ്വര്‍ഗസ്ഥരായവര്‍ പോലും സങ്കടപ്പെടുന്ന വിഷയം നന്‍മയില്‍ ചിലവഴിക്കപ്പെടാതെ പോയ നിമിഷങ്ങളെക്കുറിച്ചായിരിക്കും. മുആദ്ബ്‌നുജബല്‍(റ) തിരുനബി(സ്വ)യില്‍ നിന്നുദ്ധരിക്കുന്നു: 'അല്ലാഹുവിനെ സ്മരിക്കാതെ കടന്നുപോയ സെക്കന്റുകളെക്കുറിച്ചാലോചിച്ചല്ലാതെ സ്വര്‍ഗാവകാശികള്‍ സങ്കടപ്പെടുകയില്ല'.ത്വബ്‌റാനി(റ) ഈ ഹദീസ് നിവേദനം ചെയ്തിട്ടുണ്ട്. 

മതം അനുവദിച്ച കാര്യങ്ങള്‍ നല്ല നിയ്യത്തോടെ നിര്‍വ്വഹിക്കുമ്പോള്‍ ഓരോ സെക്കന്റും നന്‍മയില്‍ ചിലവഴിക്കപ്പെട്ടതായി രേഖപ്പെടുത്തുമെന്ന് ശൈഖ് സൈനുദ്ദീന്‍മഖ്ദൂം(റ) ഹിദായതുല്‍അദ്കിയയില്‍ പറഞ്ഞിട്ടുണ്ട്. എന്നാല്‍ ഓരോ സമയത്തും നിര്‍വ്വഹിക്കാന്‍ പ്രത്യേകമായി നിര്‍ദേശിക്കപ്പെട്ട, ശ്രേഷ്ടമായ നന്‍മകളുണ്ട്. ആ നന്‍മകള്‍ ചെയ്യുവാന്‍ നാം ശ്രദ്ധയൂന്നണം. ആ നേരത്തിന് കിട്ടേണ്ട അവകാശം കൂടിയാണത്. കുറഞ്ഞ നേരം കൊണ്ട് അല്‍പ്പം നന്‍മകള്‍ നിര്‍വഹിച്ചാല്‍ തന്നെ വലിയ പ്രതിഫലം ലഭ്യമാകുന്നത് ഈ നന്‍മകള്‍ക്കാണ്. ഓരോ സമയത്തും നിര്‍വ്വഹിക്കേണ്ട അമലുകള്‍ കൃത്യമായി പൂര്‍ത്തിയാക്കുവാന്‍ തൗഫീഖ് ലഭിക്കുന്നത് അല്ലാഹു ഒരു അടിമയെ ഇഷ്ടപ്പെടുന്നു എന്നതിന്റെ അടയാളങ്ങളിലൊന്നാണ്.

ആയുഷ്‌കാലം ചിലവഴിച്ചതിനെക്കുറിച്ചുള്ള ചോദ്യത്തിന് കൃത്യമായി മറുപടി നല്‍കാതെ വെച്ച പാദം മുന്നോട്ടെടുക്കുവാന്‍ വിചാരണനാളില്‍ മനുഷ്യന് സാധ്യമാകില്ല എന്ന് തിരുവചനത്തില്‍ കാണാം. വാര്‍ദ്ധക്യത്തിന് മുമ്പ് യൗവ്വനവും, രോഗത്തിന് മുമ്പ് ആരോഗ്യവും, തിരക്കുകള്‍ക്ക് മുമ്പ് ഒഴിവ് വേളയും, മരണത്തിന് മുമ്പ് ജീവിതവും നേട്ടങ്ങള്‍ കൈവരിക്കാന്‍ ഉപയോഗപ്പെടുത്തണണെന്നും തിരുനബി(സ്വ) കല്‍പ്പിച്ചിട്ടുണ്ട്. അത് കൊണ്ട് ആയുസ്സിലെ ഓരോ സമയവും കൃത്യമായി ഉപയോഗിക്കുന്നതില്‍ മുന്‍ഗാമികള്‍ കാണിച്ച ജാഗ്രത നാമും മാതൃകയാക്കേണ്ടതുണ്ട്.

വിശ്വാസിയുടെ ജീവിതത്തില്‍ ഫ്രീടൈം(ഒഴിവ് വേള) എന്നൊരു സങ്കല്‍പ്പം തന്നെയില്ല. ഒരു ജോലികഴിഞ്ഞാല്‍, അല്ലെങ്കില്‍ ഒരു പദ്ധതിപൂര്‍ത്തിയായാല്‍, ഒരു ഉത്തരവാദിത്വം നിര്‍വ്വഹിച്ചുകഴിഞ്ഞാല്‍ ഇനി അല്‍പ്പം ഒഴിഞ്ഞിരിക്കാം അല്ലെങ്കില്‍ വിശ്രമിക്കാം എന്ന് ചിന്തിക്കേണ്ടവനല്ല വിശ്വാസി. ജീവിതം മുഴുവനും പരലോക വിജയത്തിന് വേണ്ടി കഠിനാധ്വാനം ചെയ്യുന്ന വിശ്വാസിക്ക് മരണാനന്തരമാണ് വിശ്രമജീവിതമുള്ളത്. 'ഒരു കര്‍മ്മത്തില്‍ നിന്ന് വിരമിച്ചാല്‍ അടുത്ത കാര്യത്തില്‍ നീ വ്യാപൃതനാവുക' എന്ന ഖുര്‍ആനിക കല്‍പ്പനയും ഇതാണ് സൂചിപ്പിക്കുന്നത്. ഈ ആയതിന്റെ വ്യാഖ്യാനത്തില്‍ പ്രധാനപ്പെട്ട ചില വാക്കുകള്‍ പണ്ഡിതന്‍മാരില്‍ നിന്നുദ്ധരിക്കപ്പെട്ടിട്ടുണ്ട്. അലിയ്യുബ്‌നുഅബീത്വല്‍ഹ(റ) പറയുന്നു:'ആരോഗ്യം സര്‍വ്വവും നീ ഇബാദതിനായി നീക്കിവെക്കുക''. ''ഐഹികമായ അത്യാവശ്യകാര്യങ്ങള്‍ നിര്‍വ്വഹിച്ചുകഴിഞ്ഞാല്‍ നീ പരലോക കാര്യങ്ങളില്‍ വ്യാപൃതനാവണം'' എന്നാണ് ഇമാം മുജാഹിദ്(റ)ന്റെ വ്യാഖ്യാനം. 

പലവിധത്തിലാണ് ആയുസ്സിലെ അമൂല്യനിമിഷങ്ങള്‍ നമുക്ക് നഷ്ടമായിക്കൊണ്ടിരിക്കുന്നത്. ഓരോരുത്തരുടേയും ജീവിത പരിസരങ്ങള്‍ക്കിതില്‍ വലിയ പങ്കുണ്ട്. ചെയ്യുന്ന ജോലികള്‍ക്കോ, നിര്‍വ്വഹിക്കുന്ന കാര്യങ്ങള്‍ക്കോ കൃത്യമായ അടുക്കും ചിട്ടയും ഇല്ലാത്തത് കൊണ്ട് നിരവധി സമയങ്ങള്‍ നമുക്ക് നഷ്ടമാവാറുണ്ട്. അനിവാര്യം, അത്യാവശ്യം, അഭികാമ്യം എന്നീ മുന്‍ഗണനാക്രമത്തിലൂടെ ഓരോ ദിവസവും നമുക്ക് നിര്‍വ്വഹിക്കാനുള്ള കാര്യങ്ങള്‍ നേരത്തെ പ്ലാന്‍ ചെയ്യുകയും, ഓരോ കാര്യത്തിനും ഏകദേശം എത്ര സമയമെടുക്കുമെന്ന് ആദ്യമേ ധാരണയുണ്ടാക്കുകയും തദനുസാരം പ്രവര്‍ത്തനങ്ങളെ ചിട്ടപ്പെടുത്തുകയും ചെയ്യുമ്പോള്‍ ഈ സമയനഷ്ടം തീര്‍ത്തും നമുക്കില്ലാതെയാക്കാന്‍ സാധ്യമാകും. ഇത് വഴി ഓരോ ദിവസവും ചെയ്തു തീര്‍ക്കേണ്ട നിര്‍ബന്ധ അമലുകള്‍ക്ക് പുറമെ, ഐച്ഛിക നിസ്‌കാരങ്ങളും ഖുര്‍ആന്‍ പാരായണവും, മറ്റു ദിക്‌റ്, സ്വലാതുകളും ധാരാളമായി ചെയ്തു കൂട്ടുവാന്‍ നമുക്കവസരം ലഭിക്കുകയും ചെയ്യും.  

നമ്മുടെയൊക്കെ ജീവിതത്തിന്റെ അവിഭാജ്യഘടകമായി മാറിയ മൊബൈലും സാമൂഹികമാധ്യമങ്ങളും കൃത്യമായ നിയന്ത്രണമോ, പക്വതയോ ഇല്ലാതെ ഉപയോഗിക്കുന്നത് കാരണം ഓരോ ദിവസവും മണിക്കൂറുകള്‍ നാം കൊന്ന് നശിപ്പിക്കാറുണ്ട്. അംഗമായ മുഴുവന്‍ ഗ്രൂപ്പുകളിലേയും ഓരോ വിഷയത്തിലും താന്‍ അഭിപ്രായം പറഞ്ഞേ തീരൂ എന്ന വാശിയൊന്നും നമുക്ക് വേണ്ടതില്ല. ഇവിടെയും അനിവാര്യം, അത്യാവശ്യം, അഭികാമ്യം എന്ന മാപിനി നാം കരുതിവെക്കണം. ഓരോ ദിവസവും ഉറങ്ങുന്നതിന് മുമ്പ് ആ ദിവസത്തെ മൊബൈല്‍ ഉപയോഗത്തിന്റെ കണക്കെടുപ്പ് പരിശോധിക്കുമ്പോള്‍ മണിക്കൂറുകള്‍ അനാവശ്യമായി നാം നശിപ്പിച്ചിട്ടുണ്ടെന്ന് നമുക്ക് ബോധ്യമാകും. ഡിജിറ്റല്‍ കണ്ട്രോളിംഗ് അടിയന്തിരമായി നടപ്പില്‍വരുത്തി അമൂല്യനിമിഷങ്ങള്‍ നന്‍മയില്‍ ഉപയോഗിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പ് വരുത്തേണ്ടത് നാമോരോരുത്തരുടേയും ബാധ്യതയാണ്. സ്വന്തമായും സംഘമായും ഇല്‌ക്ട്രോണിക് ഉപകരണങ്ങളില്‍ നിരവധി സമയം വീഢിയോ ഗൈമുകളും ത്രില്ലിംഗ് പ്ലേകളും കളിച്ച് ആയുസ്സ് തീര്‍ക്കുന്നതില്‍ പ്രായഭേദമന്യേ പലരും മത്സരിച്ചുകൊണ്ടിരിക്കുകയാണ്. വെറുതെയിരുന്ന് സംസാരിക്കാന്‍ ക്ഷണിച്ച സുഹൃത്തിനോട് ആമിറുബ്‌നുഅബ്ദില്‍ഖൈസ്(റ) പറഞ്ഞു: 'സൂര്യനെ പിടിച്ചു കെട്ടുകയാണെങ്കില്‍ ഞാന്‍ വരാം'. വെറുതെയിരുന്നു വര്‍ത്തമാനം പറയുന്നത് പോലും സമയം നശിപ്പിക്കലാണെന്ന വലിയ പാഠമാണ് നമുക്കിത് പഠിപ്പിച്ചു തരുന്നത്.

വാരാന്ത്യത്തിലും (weekend) അവധിക്കാലത്തും (vacation) പ്രത്യേക ലക്ഷ്യമൊന്നുമില്ലാതെ കളിതമാശകളിലും വിനോദയാത്രകളിലും മറ്റും സമയം നശിപ്പിക്കുന്നവരെ നമുക്ക് കാണാം. അല്ലാഹുവിന്റെ ദൃഷ്ടാന്തങ്ങള്‍ കാണുവാനും ഓരോ സമുദായങ്ങള്‍ക്കും അല്ലാഹു നല്‍കിയ അനുഗ്രഹങ്ങളും ശിക്ഷകളും കണ്ട് മനസ്സിലാക്കി പാഠമുള്‍ക്കൊള്ളുവാനും ഭൂമിയില്‍ സഞ്ചരിക്കാന്‍ അല്ലാഹു പ്രോത്സാഹിപ്പിക്കുന്നുണ്ട്. എന്നാല്‍ കേവലം നേരംപോക്കിന് വേണ്ടി മാത്രമായി ഇത്തരം യാത്രകളും കളികളും ജീവിതത്തിന്റെ ഭാഗമാകുന്നത് സന്താപകരം തന്നെ. 

നമുക്ക് എത്രതന്നെ ആയുര്‍ദൈര്‍ഘ്യം ലഭിച്ചാലും അതിലേറ്റവും കൂടുതല്‍ ഊര്‍ജസ്വലമായി പ്രവര്‍ത്തിക്കാന്‍ നമുക്ക് സാധിക്കുന്നത് യൗവ്വനഘട്ടത്തിലാണ്. ആ യൗവ്വനം ക്ഷിപ്രവേഗം തീര്‍ന്നുപോകുമെന്ന ബോധ്യം നമുക്കുണ്ടാവണം. 'എന്റെ കുപ്പായക്കയ്യിന്റെ മടക്കിലുണ്ടായിരുന്ന, വീണുപോയ വസ്തുപോലെയാണ് യൗവ്വനം'' എന്ന് ഇമാം അഹ്മദ്(റ)ന്റെ നിരീക്ഷണം നമ്മുടെ കണ്ണുകളെ തുറപ്പിക്കേണ്ടതാണ്. 

പ്രഗത്ഭ ഈജിപ്ഷ്യന്‍ സാഹിത്യകാരന്‍ അഹ്മദ്അമീന്‍ സമയം വിനിഷ്ടമാക്കുതിന്റെ ഗൗരവം സൂചിപ്പിക്കുന്ന വലിയ ഒരു ലേഖനം തന്റെ 'ഫൈളുല്‍ഖാത്വിര്‍' എ കൃതിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. അതിലദ്ദേഹം ഇപ്രകാരം ചോദിക്കുന്നു; ''കലാലയങ്ങളില്‍ പഠിച്ചുകൊണ്ടിരിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ഉഷ്ണകാലവധിയായി മൂന്നു നാലു മാസങ്ങള്‍ ലഭിക്കാറുണ്ട്. ഈ കാലയളവില്‍ തങ്ങളുടെ ശരീരപുഷ്ടിക്കോ, ബുദ്ധിവികാസത്തിനോ, നാഗരികപുരോഗതിക്കോ സഹായകമാകുന്ന എന്തെങ്കിലും പദ്ധതികള്‍ അവര്‍ നിര്‍വ്വഹിക്കുറുണ്ടോ എന്ന് ഈ കുട്ടികളോട് എത്ര രക്ഷിതാക്കള്‍ ചോദിക്കാറുണ്ട്... ചോദിച്ചിട്ടുണ്ട്?!!!. ഇത് വിദ്യാര്‍ത്ഥികള്‍ മാത്രമല്ല സമൂഹത്തിലെ ഓരോരുത്തരും സ്വന്തത്തോട് ചോദിക്കേണ്ട കാര്യമാണിത്. 


'ഐഹികജീവിതം എന്നത് കളിതമാശകളും ബാഹ്യമോടികളും അന്യോന്യമുള്ള ആഢ്യത്വപ്രകടനവും സമ്പത്തിലും സന്താനങ്ങളിലുമുള്ള പെരുമ കാണിക്കലും മാത്രമാണെന്ന് നിങ്ങള്‍ അറിഞ്ഞിരിക്കണം' എന്ന ഖുര്‍ആനിക സൂക്തത്തിന് ശേഷം അല്ലാഹു വിശ്വാസികളോട് പറയുന്നതിപ്രകാരമാണ് 'നിങ്ങളുടെ നാഥങ്കല്‍ നിന്നുള്ള മാപ്പിലേക്കും ആകാശഭൂമികളുടെ വ്യാപ്തിക്കുതുല്യം വിശാലമായ സ്വര്‍ഗത്തിലേക്കും നിങ്ങള്‍ മത്സരിച്ചു ദ്രുതഗതിയില്‍ വരിക'' എന്നാണ്. ജീവിതലക്ഷ്യം മറന്ന് കളിവിനോദങ്ങളിലും നേരം പോക്കുകളിലും നാം സമയങ്ങള്‍ വിനിഷ്ടമാക്കിക്കഴിഞ്ഞാല്‍ പരലോകത്ത് നാം സങ്കടപ്പെടേണ്ടി വരും. പരിശുദ്ധറമളാനിലെ ഓരോ സമയം ഇരട്ടിപ്രതിഫലങ്ങള്‍ ലഭിക്കുന്ന നന്‍മകളില്‍ വിനിയോഗിക്കാന്‍ നാഥന്‍ നമ്മെ അനുഗ്രഹിക്കട്ടെ. ആമീന്‍.


Post a Comment

Previous Post Next Post