ദീനിന്റെ ജീവനാണെന്ന് പഠിപ്പിച്ച ഇസ്‌ലാം ജ്ഞാനസമ്പാദനത്തില്‍ സ്ത്രീപുരുഷ വേര്‍തിരിവ് കാണിക്കുന്നില്ല. അറിവ് സമ്പാദനം ഓരോ മുസ്‌ലിം വിശ്വാസിക്കും വിശ്വാസിനിക്കും നിര്‍ബന്ധബാധ്യതയാണെന്ന് തിരുവരുള്‍ ഇതിന്റെ സാക്ഷ്യമാണ്. സര്‍വ്വ വിജ്ഞാനങ്ങളുടേയും മൂലഗ്രന്ഥമായ ഖുര്‍ആന്‍ പഠിക്കുകയും പഠിപ്പിക്കുകയും ചെയ്യുന്നവരാണ് നിങ്ങളിലെ ഉത്തമരെന്നും നബി(സ്വ) പ്രഖ്യാപിച്ചിട്ടുണ്ട്. ജ്ഞാനാര്‍ജ്ജിതര്‍ക്ക് മതത്തിലും സമൂഹത്തിലും അല്ലാഹുവിന്റെയടുത്തുമുള്ള സ്ഥാനവും മഹത്വവും ഉള്‍ക്കൊണ്ട വിശ്വാസികള്‍ അറിവ് സമ്പാദനം ജീവിതത്തിന്റെ പ്രധാന ലക്ഷ്യമാക്കി വിജ്ഞാനശാഖകളുടെ ചക്രവാളങ്ങള്‍ കീഴടക്കാന്‍ സമയവും ആരോഗ്യവും സമ്പത്തും ചിലവഴിക്കാന്‍ തുടങ്ങി. നബി(സ്വ)യുടെ കാലം മുതല്‍ തന്നെ സ്ത്രീപുരുഷ ഭേദമന്യേ നിരവധി പണ്ഡിതരും പണ്ഡിതകളും വളര്‍ന്നുവന്നു. ജീവിതാന്ത്യം വരെ ആയിരക്കണക്കിന് ശിഷ്യന്‍മാര്‍ക്ക് അവര്‍ വിജ്ഞാനം പകര്‍ന്നുനല്‍കി.
വിജ്ഞാന പ്രചരണത്തില്‍ നിര്‍ണായക സ്ഥാനമാണ് അധ്യാപകനുള്ളത്. ''ഞാനൊരു അധ്യാപകനായാണ് നിയോഗിതനായത്'' എന്നാണ് നബി(സ്വ) സ്വന്തത്തെ പരിചയപ്പെടുത്തിയത്. സത്യദീനിന്റെ പ്രബോധകരായി നിയോഗിതരായ സത്യദൂതരെപ്പോലെയാണ് അധ്യാപകരെന്നും അവരെ പരിപൂര്‍ണാര്‍ത്ഥത്തില്‍ ആദരിക്കുകയും ബഹുമാനിക്കുകയും ചെയ്യേണ്ടത് വിശ്വാസിയുടെ കടമയുമാണെന്നാണ് ദീനിന്റെ പ്രമാണങ്ങള്‍. ലോകത്തെ സ്വാധീനിച്ച നവോത്ഥാന വിപ്ലവ നായകരെ സമര്‍പ്പിച്ച നിരവധി അധ്യാപകരെ നമുക്ക് ചരിത്രത്തില്‍ കാണാന്‍ സാധിക്കും. ആ ഗണത്തില്‍ പുരുഷന്‍മാരെപ്പോലെ നിര്‍ണായ പങ്ക് സ്ത്രീകള്‍ക്കുമുണ്ടെന്നാണ് ചരിത്രവായനയില്‍ ബോധ്യമാകുന്നത്.
മഹതി ആഇശ(റ)യാണ് മുസ്‌ലിം വനിതകളിലെ മാതൃകാ അധ്യാപികമാരില്‍ പ്രഥമസ്ഥാനത്തുള്ളത്. തിരുനബി(സ്വ)യുടെ ജീവിതപങ്കാളിയായി ആഇശ(റ)യെ അല്ലാഹു തീരുമാനിച്ചത് തന്നെ നിരവധി വിജ്ഞാനങ്ങള്‍ നബി(സ്വ)യില്‍ നിന്ന് സമൂഹത്തിന് ലഭ്യമാകണം എന്നതിനാല്‍ കൂടിയാണ്. സ്വഹാബികള്‍ക്ക് എന്ത് കാര്യങ്ങളില്‍ സംശയമുടലെടുത്താലും അവര്‍ അവസാനമായി ആശ്രയിച്ചിരുന്നത് മഹതിയെ ആയിരുന്നെന്നും എല്ലാ കാര്യങ്ങള്‍ക്കും മഹതി പരിഹാരം കൃത്യമായി നിര്‍ദേശിക്കുകയും പതിവായിരുന്നുവെന്ന് അബൂമൂസല്‍അശ്അരി(റ) ഉദ്ധരിച്ചിട്ടുണ്ട്. കര്‍മ്മശാസ്ത്രം, വൈദ്യശാസ്ത്രം, കാവ്യശാസ്ത്രം തുടങ്ങി സര്‍വ്വ ശാഖകളിലും വ്യുല്‍പ്പത്തിനേടിയ മഹതിയുടെ വിജ്ഞാനവും നബി(സ്വ)യുടെ മറ്റു പത്‌നിമാരുടേയും, സര്‍വ്വലോക സ്ത്രീകളുടേയും വിജ്ഞാനവും തുലനം ചെയ്താല്‍ ആഇശ(റ)യുടെ വിജ്ഞാനത്തിനായിരിക്കും മുന്‍തൂക്കമെന്ന് ഇമാം സുഹ്‌രി(റ) നിവേദനം ചെയ്തിട്ടുണ്ട്(ഇബ്‌നുഹജര്‍അല്‍അസ്ഖലാനി-അല്‍ഇസ്വാബ,4/349). പ്രമുഖരായ പല സ്വഹാബിമാരും സുപ്രധാന വിഷയങ്ങളില്‍ ഉന്നയിച്ച പല അഭിപ്രായങ്ങളേയും സലക്ഷ്യം തിരുത്തിയ പണ്ഡിതയാണ് ആഇശ(റ). ആ അഭിപ്രയങ്ങളെല്ലാം സമാഹരിച്ച് ഇമാം സര്‍കശി(റ) രചിച്ച ഗ്രന്ഥമാണ് 'അല്‍ഇജാബ ഫീമസ്തദ്‌റകത്ഹു ആഇശ അലസ്സ്വഹാബ'.
ആഇശ(റ)യുടെ സര്‍വ്വകലാശാലയില്‍ നിന്ന് വിജ്ഞാനം നുകര്‍ന്നു പുറത്തിറങ്ങിയവര്‍ താബിഉകളില്‍ പ്രസിദ്ധരായിരുന്നു. അവരില്‍ പലരും മഹതിയുടെ ബന്ധുമിത്രാദികളായിരുന്നത് കൊണ്ട് തന്നെ അരികില്‍ ചെന്ന് ഒരുപാട് വിഷയങ്ങള്‍ നേരിട്ട് പഠിക്കാനും അവര്‍ക്ക് സാധ്യമായിരുന്നു. സ്വസഹോദരി അസ്മാഅ്(റ)യുടെ പുത്രന്‍മാരായ അബ്ദുല്ലാഹിബ്‌നുസ്സുബൈര്‍(റ), ഉര്‍വ്വതുബ്‌നുസ്സുബൈര്‍(റ), ഖാസിമുബ്‌നുമുഹമ്മദ്(റ), അബ്ദുല്ലാഹിബ്‌നുഅബീഅതീഖ്(റ), അബ്ദുല്ലാഹിബ്‌നുസ്സുബൈര്‍(റ)ന്റെ പുത്രന്‍മാരായ അബ്ബാദ്, ഖുബൈബ്, അബ്ബാദ്ബ്‌നുഹംസബ്‌നുഅബ്ദില്ലാഹിബ്‌നുസ്സുബൈര്‍, അബൂസലമതുബ്‌നുഅബ്ദിര്‍റഹ്മാന്‍ തുടങ്ങിയവരാണ് പ്രധാന ശിഷ്യന്‍മാര്‍. ഇവരുടെ കൂട്ടത്തില്‍ ഉര്‍വ്വതുബ്‌നുസ്സുബൈര്‍(റ)വാണ് മഹതിയുടെ അടുത്ത് നിന്ന് കൂടുതല്‍ വിജ്ഞാനം നേടിയ മഹാന്‍(ബൂത്വി- ആഇശ ഉമ്മുല്‍മുഅ്മിനീന്‍).
താബിഉകളുടെ കാലത്ത് മദീനയില്‍ ഫത്വ കൊടുത്തിരുന്ന, ഫുഖഹാഉല്‍മദീനയെന്ന് ചരിത്രം വാഴ്ത്തിയ മുഴുവന്‍ പണ്ഡിതരുടേയും ഗുരുപരമ്പരയില്‍ പണ്ഡിതകളെ കണ്ടെത്താനാവുന്നതാണ്. സഈദ്ബ്‌നുല്‍മുസ്വയ്യിബ്(റ), ഉബൈദുല്ലാഹിബ്‌നുഅബ്ദില്ലാഹില്‍ഹുദലിയ്യ്(റ) എന്നിവര്‍ ആഇശ(റ), ഉമ്മുസലമ(റ) എന്നിവരില്‍ നിന്ന് വിജ്ഞാനം നുകര്‍ന്നിട്ടുണ്ട്. സഅദ്ബ്‌നുഅബീവഖാസ്വ്(റ)ന്റെ പുത്രി ആഇശബിന്‍തുസഅ്ദിബ്‌നിഅബീവഖാസ്വില്‍ നിന്ന് ഇമാം മാലിക്(റ) ഹദീസുകള്‍ പഠിക്കുകയും നിവേദനം ചെയ്യുകയും ചെയ്തിട്ടുണ്ട്.
ഹിജ്‌റ 81ല്‍ വഫാതായ ഉമ്മുദ്ദര്‍ദാഅ് ഹജീമ ബിന്‍തു ഹയിയ്യ എന്നവര്‍ കര്‍മ്മശാസ്ത്ര പണ്ഡിതയും ഹദീസുകള്‍ നിവേദനം ചെയ്യുകയും ചെയ്ത താബിഈ പ്രതിഭയാണ്. അബുദ്ദര്‍ദാഅ്(റ)ന്റെ പ്രിയതമയായിരുന്ന അവര്‍ ചെറുപ്പത്തില്‍ തന്നെ അബുദ്ദര്‍ദാഇല്‍ നിന്ന് ഖുര്‍ആന്‍ ഹൃദിസ്ഥമാക്കുകയും അബൂഹുറൈറ(റ), ആഇശ(റ), സല്‍മാനുല്‍ഫാരിസി(റ) തുടങ്ങിയവരില്‍ നിന്ന് വിജ്ഞാനം നേടുകയും ചെയ്തു. അബൂഖിലാബതുല്‍ജുര്‍മി, റജാഉബ്‌നുഹൈവ, മക്ഹൂല്‍ തുടങ്ങിയ നിരവധി പ്രതിഭകള്‍ ഇവരില്‍ നിന്ന് ഹദീസുകള്‍ ഉദ്ധരിക്കുകയും ചെയ്തിട്ടുണ്ട്. ഡമസ്‌കസിലെ അമവിപ്പള്ളിയുടെ നടുമുറ്റത്ത് അവര്‍ നടത്തിയിരുന്ന പഠനക്ലാസില്‍ നിന്ന് ഇല്‍മ് പകര്‍ത്തിയെടുത്ത ഒട്ടനവിധി പേരുണ്ട്. അബ്ദുല്‍മലിക്ബ്‌നുമര്‍വാന്‍ അടക്കം പല പ്രമുഖരും ആ ജ്ഞാനസാഗരത്തില്‍ നിന്ന് വേണ്ടുവോളം മോന്തിക്കുടിച്ചു.
ഹനഫിമദ്ഹബിലെ പ്രധാന ഗ്രന്ഥമായ തുഹ്ഫതുല്‍ഫുഖഹാഇന്റെ രചയിതാവും പ്രമുഖ പണ്ഡിതനുമായ മുഹമ്മദ്ബ്‌നുഅഹ്മദ് അലാഉദ്ദീനുസ്സമര്‍ഖന്ദിയുടെ പുത്രി ഫാത്വിമ(റ) ഹിജ്‌റ ആറാം നൂറ്റാണ്ട് ദര്‍ശിച്ച പ്രതിഭയും കര്‍മ്മശാസ്ത്ര വിശാരദയും നിരവധി പണ്ഡിതരുടെ ഗുരുനാഥയുമാണ്. തുര്‍കിസ്ഥാനിലെ കാസാനില്‍ ജനിക്കുകയും പിതാവില്‍ നിന്ന് വിജ്ഞാനം നേടുകയും ചെയ്ത അവര്‍ കര്‍മ്മശാസ്ത്രത്തില്‍ അദ്യുതീയയായിരുന്നു.
അലാഉദ്ദീനുസ്സമര്‍ഖന്ദി തന്റെ അടുക്കലേക്കെത്തുന്ന പ്രശ്‌നങ്ങളില്‍ തീര്‍പ്പു കല്‍പ്പിച്ചു ഫത്‌വകള്‍ നല്‍കുമ്പോള്‍ സ്വപുത്രിയോട് ചര്‍ച്ച ചെയ്യുകയും പിതാവും പുത്രിയും ഒരുമിച്ച് ഒപ്പ് രേഖപ്പെടുത്തിയുമാണ് ഫത്‌വകള്‍ നല്‍കുകയും ചെയ്തിരുന്നത്. ആരുടെ മുന്നിലും സത്യം വെട്ടിത്തുറന്ന് പറയാന്‍ ധൈര്യം കാണിച്ചിരുന്ന മഹതിയോട് ആ കാലഘട്ടത്തിലെ പ്രധാനികളും അധികാരികളും മസ്അലകള്‍ ചോദിക്കുകയും തീര്‍പ്പുകളന്വേഷിക്കുകയും പതിവായിരുന്നു. പലരും അവരെ വിവാഹം കഴിക്കാന്‍ താത്പര്യം പ്രകടിപ്പിച്ച് മുന്നോട്ട് വന്നെങ്കിലും തന്റെ ശിഷ്യരില്‍ പ്രമുഖനും തന്റെ തുഹ്ഫതുല്‍ഫുഖഹാഅ് എന്ന കൃതിക്ക് ബദാഇഉസ്സ്വനാഇഅ് ഫീ തര്‍തീബിശ്ശറാഇഅ് എന്ന വ്യാഖ്യാനം എഴുതുകയും ചെയ്ത അലാഉദ്ദീനുല്‍കാസാനിക്കാണ് പിതാവ് അവരെ വിവാഹം ചെയ്തു കൊടുത്തത്. തന്റെ പ്രസ്തുത വ്യാഖ്യാനകൃതിയാണ് മഹ്‌റായി നില്‍കിയത്.
വിവാഹ ശേഷവും വിജ്ഞാന സമ്പാദന പ്രസരണമേഖലയില്‍ ശ്രദ്ധ ചെലുത്തിയ മഹതിയില്‍ നിന്ന് നിരവധി പണ്ഡിതര്‍ വിജ്ഞാനം ആര്‍ജ്ജിക്കുകയുണ്ടായി. പണ്ഡിതനായിരുന്ന തന്റെ ഭര്‍ത്താവ് നല്‍കിയിരുന്ന പല ഫത്‌വകളിലും അപാകതകള്‍ വരുമ്പോള്‍ തിരുത്തിക്കൊടുത്തിരുന്നത് ഇവരായിരുന്നു. സുല്‍ത്വാന്‍ സ്വലാഹുദ്ദീനില്‍അയ്യൂബിയും നൂറുദ്ദീനുസ്സങ്കിയുമെല്ലാം നിരവധി വിഷയങ്ങളില്‍ ഫാത്വിമ(റ)യോട് കൂടിയാലോചന ചെയ്തിരുന്നുവെന്ന് രേഖകളില്‍ കാണാം. ഹിജ്‌റ 581ല്‍ ഹലബില്‍ വെച്ചാണ് അവരുടെ അന്ത്യം.
വിശ്വപ്രസിദ്ധ പണ്ഡിതന്‍ ഇബ്‌നുഅസാകിറിന്റെ ഗുരുശ്രേഷ്ഠരില്‍ എണ്‍പതിലധികം സ്ത്രീകളുമുണ്ടായിരുന്നുവെന്ന് ഇമാം ദഹബി സിയറുഅഅ്‌ലാമിന്നുബലാഇല്‍ രേഖപ്പെടുത്തിയിട്ടുണ്ട്.(20/ 556). നൈസാബൂര്‍, ഇസ്ഫഹാന്‍, ദിമശ്ഖ്, ബഗ്ദാദ് തുടങ്ങി അറബിവിജ്ഞാനങ്ങളില്‍ അഗ്രേസ്യരായ നിരവധി പണ്ഡിതരെ വളര്‍ത്തിയെടുത്ത നാടുകളില്‍ നിന്നാണ് ഈ മഹാപണ്ഡിതകളധികവും. ഈ ഗുരുനാഥരെക്കുറിച്ച് 'മുഅ്ജമുന്നിസ്‌വാന്‍' എന്ന കൃതിയില്‍ ഇബ്‌നുഅസാകിര്‍(റ) സവിസ്തരം പ്രതിപാദിച്ചിട്ടുണ്ട്. ഉമ്മുല്‍ബഹാഅ് ഫാത്വിമബിന്‍തുമുഹമ്മദ്ബ്‌നുഅബീസഅ്ദ്(റ), ഉമ്മുല്‍മുജ്തബാ ഫാത്വിമ ബിന്‍തുസ്സയ്യിദ് നാസ്വിറുബ്‌നുല്‍ഹസന്‍ബ്ന്‍അല്‍ഹുസൈന്‍ അല്‍ഉല്‍വിയ്യ എന്നിവരില്‍നിന്നാണ് കൂടുതല്‍ പഠിച്ചെടുത്തത്. ശുഹ്ദ ബിന്‍തുഅബീനസ്വ്ര്‍, ഫാത്വിമബിന്‍തുഅഖീല്‍, ഫാത്വിമബിന്‍തുഅബില്‍ഹസന്‍അലിഅല്‍മുളഫ്ഫര്‍ ഇവരെല്ലാം ഇബ്‌നുഅസാകിര്‍(റ)ന്റെ ഗുരുനാഥകളാണ്.
ഹിജ്‌റ 363ല്‍ ജനിച്ച് 463ല്‍ വഫാതായ കരീമ ബിന്‍തുഅഹ്മദബ്‌നിമുഹമ്മദ് അല്‍മര്‍വസിയ്യ അഞ്ചാം നൂറ്റാണ്ടിലെ ഇതിഹാസ വനിതയാണ്. ഖുറാസാന്‍, ബഗ്ദാദ്, ഫലസ്ത്വീന്‍ തുടങ്ങിയ നാടുകളില്‍ നിന്ന് വിജ്ഞാനം നേടിയ ശേഷം മക്കയില്‍ വെച്ച് നിരവധി മഹാപണ്ഡിതര്‍ക്ക് വിജ്ഞാനമുത്തുകള്‍ പകര്‍ന്നു നല്‍കാന്‍ അവര്‍ക്ക് സൗഭാഗ്യമുണ്ടായി. അബൂബകര്‍ അഹ്മദ്ബ്ന്‍അലി അല്‍ബഗ്ദാദി(റ), അബൂഅബ്ദില്ലാഹ് മുഹമ്മദ്ബ്‌നുഅബീനസ്വ്‌റ്അല്‍ഹുമൈദി(റ), അബൂഅബ്ദില്ലാഹ്അല്‍ഹുസൈനുബ്‌നുഅലിയ്യിബ്‌നില്‍ഹുസൈന്‍അത്വബ്‌രി (റ) തുടങ്ങിയ മഹാ പണ്ഡിതരെല്ലാം ഇവരുടെ ശിഷ്യരില്‍ പ്രധാനികളാണ്.
സ്വഹീഹുല്‍ബുഖാരി(റ)ഉയര്‍ന്ന സനദോടെ ദര്‍സ് നടത്തുവാന്‍ സൗഭാഗ്യമുണ്ടായ ഇവരില്‍ നിന്നാണ് പല മഹാന്‍മാരും മക്കയില്‍ വെച്ച് ആ ഹദീസ്ഗ്രന്ഥം ഓതിപ്പഠിച്ചത്. വര്‍ഷങ്ങളോളം വിവിധ നാടുകളില്‍ നിന്ന് ഹജ്ജിന് വരുന്നവരില്‍ നിന്ന് പലര്‍ക്കും സ്വന്തം താമസസ്ഥലത്ത് വെച്ച് മറക്ക് പിന്നിലിരുന്ന് അവര്‍ ദര്‍സ് നടത്തി. മക്കയില്‍ സ്വഹീഹുല്‍ബുഖാരി ദര്‍സ് നടത്തിയ ആദ്യവനിത ഇവരായിരിക്കും. ഹിജ്‌റ 445ല്‍ ഖത്വീബുല്‍ബഗ്ദാദി(റ) മക്കയില്‍ വന്നപ്പോള്‍ ഇവരില്‍ നിന്നാണ് സ്വഹീഹുല്‍ബുഖാരി കേട്ടുപഠിച്ചത്.
ഹിജ്‌റ 723ല്‍ ജനിച്ച് 816ല്‍ വിടപറഞ്ഞ പണ്ഡിതപ്രതിഭയാണ് ആഇശബിന്‍തുമുഹമ്മദ്ബ്‌നുഅബ്ദില്‍ഹാദിഅല്‍മഖ്ദിസി. ഡമസ്‌കസില്‍ ജനിച്ച് പണ്ഡിത കുടുംബത്തില്‍ വളര്‍ന്ന് വലുതായ മഹതി അല്‍ഹാഫിള് അല്‍ഹിജാറില്‍ നിന്ന് സ്വഹീഹുല്‍ബുഖാരി പഠിച്ചു. ഈ മഹതിയില്‍ നിന്നാണ് ഇമാം ഇബ്‌നുഹജര്‍അല്‍അസ്ഖലാനി(റ), വാസിത്വി(റ) തുടങ്ങിയ പ്രതിഭകള്‍ വിവിധ ഗ്രന്ഥങ്ങള്‍ ഓതിപ്പഠിച്ചത്. ഹിജ്‌റ 681ല്‍ ദിവംഗതനായ ഇബ്‌നുഖല്ലികാന്‍(റ) ഉമ്മുല്‍മുഅയ്യദ് സൈനബ് ഇബ്‌നതു അബില്‍ഖാസിം എന്നവരില്‍ നിന്നും അറിവ് നേടിയതായി കാണാം.
വിശ്രുതപണ്ഡിതന്‍ ഇബ്‌നുഹജര്‍അല്‍അസ്ഖലാനി(റ)യുടെ ഗുരുപരമ്പരയില്‍ 630 വ്യക്തികളെ കാണാന്‍കഴിയും. അവരില്‍ അറുപതോളം വ്യക്തികള്‍ അധ്യാപികമാരായിരുന്നു എന്ന് ഇമാം സഖാവിയുടെ അല്‍ജവാഹിറുവദ്ദുറര്‍ എന്ന ഗ്രന്ഥത്തില്‍ കാണാം. സ്വസഹോദരിയും മാതാപിതാക്കള്‍ക്ക് ശേഷം അവരെ പരിപാലിക്കുന്നതില്‍ പ്രത്യേക ശ്രദ്ധചെലുത്തുകയും ചെയ്ത സിത്തുര്‍റക്ബ് എന്നവരേയും തന്റെ ഗുരുശ്രേണിയില്‍ അദ്ദേഹം എണ്ണിയിട്ടുണ്ട്. ബുദ്ധിമതിയും പഠനതത്പരയും ആയിരുന്ന അവരെ ഉപ്പ ചെറുപ്പത്തിലേ പള്ളിയില്‍ നടക്കുന്ന വിദ്വല്‍സദസ്സുകളിലേക്ക് കൈപിടിച്ച് കൊണ്ടുപോകുമായിരുന്നു. ഉപ്പയില്‍ നിന്നും മക്കയിലേയും ഈജിപ്തിലേയും പണ്ഡിതരില്‍ നിന്നും ജ്ഞാനം നുകര്‍ന്ന അവര്‍ മഹാപണ്ഡിതയായി വളര്‍ന്നു. ഉമ്മയും ഉപ്പയും നേരത്തെ മരണപ്പെട്ടുപോയ ഘട്ടത്തില്‍ സഹോദരന്‍ അഹ്മദ്ബ്‌നുഹജര്‍(റ) മഹാപണ്ഡിതനായി വളര്‍ത്തിയത് മഹതിയാണ്. ഇരുപത്തിഎട്ടാം വയസ്സില്‍ മഹതി മരണപ്പെട്ടുപോയെങ്കിലും ചുരുങ്ങിയ കാലയളവില്‍ കുടുംബജീവിതവും, അധ്യായനവും അധ്യാപനവും വിവാഹവും തര്‍ബിയതുമെല്ലാം ചിട്ടയോടെ അവര്‍ കൊണ്ടുപോയി. ഇബ്‌നുഹജര്‍(റ) തന്നെ പറയുന്നു: ''എന്റെ സഹോദരി എന്നോട് വലിയ നന്‍മയും സ്‌നേഹവും കരുണയും ചെയ്തവരായിരുന്നു. അവരുടെ ജീവിതചിട്ടകളില്‍ നിന്ന് ധാരാളം ഞാന്‍ പകര്‍ത്തിയെടുത്തിട്ടുണ്ട്. അല്ലാഹു അവര്‍ക്ക് വലിയ പ്രതിഫലം നല്‍കട്ടെ''. അദ്ദേഹം മഹതിയെക്കുറിച്ചെഴുതിയ നയനാര്‍ദ്രമായ അനുശോചന കാവ്യവും കാണാവുന്നതാണ്. ഫാത്വിമബിന്‍തുഅബ്ദില്‍ഹാദിഅല്‍മഖ്ദിസിയ്യ, അവരുടെ സഹോദരി ആഇശ ബിന്‍തുഅബ്ദില്‍ഹാദി എന്നിവരും ഇബ്‌നുഹജര്‍(റ)ന്റെ ഗുരുനാഥകളാണ്. ഇബ്‌നുഹജര്‍(റ)ന്റെ മുഴുവന്‍ അധ്യാപികമാരുടെ നാമങ്ങളും ഇമാം സഖാവി തന്റെ അല്‍ജവാഹിര്‍ വദ്ദുറര്‍ ഫീ തര്‍ജുമതി ഇബ്‌നിജര്‍ എന്ന കൃതിയില്‍ രേഖപ്പെടുത്തിയിട്ടുണ്ട്.
ഇബ്‌നുഹജര്‍അല്‍അസ്ഖലാനി(റ)യുടെ ശിഷ്യനും പ്രമുഖ ചരിത്രകാരനുമായ ഇമാം സഖാവിക്ക് 85 ഗുരുനാഥകളുണ്ട്. അവരെക്കുറിച്ചെല്ലാം തന്റെ കൃതിയായ അള്ളൗഉല്ലാമിഇല്‍ രേഖപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. ഇമാം സുയൂഥി(റ)യുടെ ഗുരുനാഥന്മാരെക്കുറിച്ച് പഠിക്കുകയാണെങ്കില്‍ അതില്‍ നിരവധി സ്ത്രീ സാന്നിധ്യവും നമുക്ക് കാണാവുന്നതാണ്. വിജ്ഞാന മേഖലയിലേക്ക് തങ്ങളുടെ ജീവിതമുഴിഞ്ഞ് വെച്ച് അരയും തലയും മുറുക്കി വൈജ്ഞാനിക പ്രചരണത്തിനും പ്രസരണത്തിനും ഇറങ്ങിത്തിരിച്ചവരില്‍ നിരവധി മഹിളാ രത്‌നങ്ങളും ഉണ്ടായിരുന്നുവെന്നര്‍ഥം. അവരില്‍ അധിക പേരും ഉത്തമ നൂറ്റാണ്ടില്‍ ഉമ്മുല്‍ മുഅ്മിനീന്‍ ആയിഷ(റ) ബീവി അസ്തിവാരമിട്ട ആ സര്‍വ്വകലാശാലയില്‍ നിന്ന് വിജ്ഞാനം നുകര്‍ന്നവരായിരുന്നു. ഉമ്മുല്‍ ഫള്ല് ബിന്‍ത്ത് അല്‍മഖ്ദിസിയാണ് അവരില്‍ മുന്‍പന്തിയിലുള്ളത്.
ഉമ്മുല്‍ ഹാനിഅ് ബിന്‍ത് അബില്‍ ഹസന്‍ അല്‍ ഹുരീനിയ്യ് എന്ന പ്രമുഖ എഴുത്ത് കാരിയും ഉമ്മുല്‍ ഫള്ല് ബിന്‍ത്ത് മുഹമ്മദില്‍ മിസ്വിരിയ്യ, ഖദീജ ബിന്‍ത്ത് അബില്‍ ഹസനിബിനില്‍ മുലഖിന്‍, ഫാത്വിമ ബിന്‍ത് അലിയ്യി ബ്‌നുല്‍ യസീര്‍, നഷ്‌വാന്‍ ബിന്‍ത് അബ്ദില്ലാഹില്‍ കിനാനി, ഹാജിര്‍ ബിന്‍ത് മുഹമ്മദില്‍ മിസ്വിരിയ്യ, ഹാജിര്‍ ബിന്‍ത് മുഹമ്മദില്‍ മഖ്ദസി, അമത്തുല്‍ ഖാലിഖ് ബിന്‍ത് അബ്ദില്ലത്വീഫില്‍ ഉഖബ, കമാലിയ്യ ബിന്‍ത് മുഹമ്മദ് ബ്‌നി അബീ ബക്‌രിനില്‍ മര്‍ജാനി, അമതുല്‍ അസീസ് ബിന്‍ത് മുഹമ്മദില്‍ അന്‍മ്പാസി, ആസിയ ബിന്‍ത് ജാരില്ലഹി ബ്‌നി സ്വാലിഹ് അത്ത്വബരി, സ്വഫിയ്യഃ ബിന്‍ത് യാഖൂതില്‍ മക്കിയ്യ, റുഖിയ്യ ബിന്‍ത് അബ്ദില്‍ ഖവിയ്യി ബ്‌നി മുഹമ്മദില്‍ ജാവി തുടങ്ങിയ നിരവധി പണ്ഡിതകള്‍ സുയൂഥിയുടെ ഗുരുനാഥന്മാരില്‍ പെടുന്നു. നാല്‍പ്പത്തിരണ്ട് അധ്യാപികമാരെക്കുറിച്ച് ഇയാദ് ഖാലിദ് അത്വിബാഅ് തന്റെ കൃതിയില്‍ രേഖപ്പെടുത്തിയിട്ടുണ്ട്(ഇയാദ് ഖാലിദ്- ഇമാം സുയൂഥി-65).
ഉത്തമനൂറ്റാണ്ട് മുതല്‍ ഇങ്ങോട്ടുള്ള ഓരോ കാലഘട്ടത്തിലും ഉത്ഥാന നായകരായി വന്ന പലരുടേയും ജീവിതവിജയത്തിന് കടിഞ്ഞാണ്‍ നിയന്ത്രിച്ചവരില്‍ അവരുടെ അധ്യാപകര്‍ക്കുള്ള പങ്ക് അനിഷേധ്യമാണ്. വിവിധ നാടുകളില്‍ ജീവിച്ച പല പണ്ഡിതര്‍ക്കും വ്യത്യസ്ഥ വിജ്ഞാനങ്ങള്‍ പകര്‍ന്നുകൊടുത്ത പ്രമുഖരായ അധ്യാപികമാരെയാണ് നാം പരിചയപ്പെട്ടത്. ചരിത്ര വിസ്മൃതിയില്‍ മറഞ്ഞുപോയ പല മഹിളകളും ഉണ്ടായിരിക്കുമെന്നതില്‍ നമുക്ക് സന്ദേഹമില്ല. ഇങ്ങ് കേരളത്തിലും വൈജ്ഞാനിക രംഗത്ത് പ്രോജ്വലിക്കുകയും അധ്യാപകവൃത്തി മനോഹരമായി കൈകാര്യം ചെയ്യുകയും ചെയ്ത സ്ത്രീരത്‌നങ്ങളെ കാണാവുന്നതാണ്. ബഹുമാന്യനായ തട്ടാങ്കര കുട്ട്യാമു മുസ്‌ലിയാരുടെ മകളും പാനായിക്കുളം അബ്ദുറഹിമാന്‍ മുസ്‌ലിയാരുടെ പ്രിയതമയുമായിരുന്നവര്‍ വലിയ കിതാബുകള്‍ ഓതിക്കൊടുത്തിരുന്ന പണ്ഡിതയും അധ്യാപികയുമായിരുന്നു. ഭര്‍ത്താവ് വീട്ടില്‍ വരുമ്പോള്‍ പല ഗ്രന്ഥങ്ങളിലേയും ചില ഭാഗങ്ങളില്‍ പിതാവ് പറഞ്ഞുകൊടുത്ത തഹ്ഖീഖ് അവരോട് ചോദിച്ച് മനസ്സിലാക്കാറുണ്ടായിരുന്നുവത്രെ. തട്ടാങ്കരയുടെ മകളെ കെട്ടിയത് കാരണം അബ്ദുറഹിമാന്‍ മുസ്‌ലിയാര്‍ പിന്നീട് പുതിയാപ്പിള അബ്ദുറഹിമാന്‍ മുസ്‌ലിയാര്‍ എന്ന പേരിലാണ് പ്രസിദ്ധിനേടിയത്. സമസ്ത മുശാവറ അംഗമായിരുന്ന തൊഴിയൂര്‍ കുഞ്ഞഹമ്മദ് മുസ്‌ലിയാര്‍ മുതഫര്‍രിദ് ഓതിയത് അവരുടെ ഉമ്മയില്‍ നിന്നായിരുന്നു. ശൈഖ് ഹസന്‍ ഹസ്രത്ത് ഉംദ, നൂറുല്‍അബ്‌സ്വാര്‍ തുടങ്ങിയ ഗ്രനഥങ്ങള്‍ ഓതിത്തീര്‍ത്തത് അവരുടെ മാതാവായ വളപട്ടണം ആയിശ ഉമ്മയില്‍ നിന്നായിരുന്നുവെന്നും ചരിത്രത്തില്‍ കാണാം.
ചുരുക്കത്തില്‍ ജ്ഞാന സമ്പാദനത്തിലെന്ന പോലെ അധ്യാപനവൃത്തിയിലൂടെ വിജ്ഞാനം പ്രസരണം നടത്തുകയും പ്രഗത്ഭരായ ശിഷ്യഗണങ്ങളെ വാര്‍ത്തെടുക്കുകയും ചെയ്ത നിരവധി ചരിത്രവനിതകളെ മുസ്‌ലിം സ്ത്രീകളിലെ അധ്യാപകശ്രേണിയില്‍ നമുക്ക് കണ്ടെത്താനാവും. ആ പാരമ്പര്യം തുടരുകയും അതോടൊപ്പം ഗ്രന്ഥ രചനാ മേഖലയിലും നമ്മുടെ തലമുറയിലെ പെണ്‍കുട്ടികള്‍ കൂടുതല്‍ ശ്രദ്ധിക്കേണ്ടതുണ്ടെന്നാണ് കാലം ആവശ്യപ്പെടുന്നത്. നാഥന്‍ അനുഗ്രഹിക്കട്ടെ. ആമീന്‍.
Post a Comment