ഇസ്‌ലാമിന്റെ പ്രാരംഭ ദശയില്‍ തന്നെ ദീനീ വെളിച്ചം കൊണ്ട് അനുഗ്രഹീതമാവാന്‍ സൗഭാഗ്യം ലഭിച്ച പ്രദേശമാണ് കേരളം. മാലിക്ബ്‌നുദീനാറിന്റെയും സംഘത്തിന്റെയും ആഗമനവും, അത്യാകര്‍ഷകമായിരുന്ന അവരുടെ ജീവിത രീതിയും, വളരെ ചിട്ടയോടെ അവര്‍ നടത്തിയ പ്രബോധനപ്രവര്‍ത്തനങ്ങളും ഇവിടം ഇസ്‌ലാമിന്റെ വെള്ളിവെളിച്ചം വ്യാപിക്കുന്നതില്‍ വലിയ പങ്ക് വഹിച്ചു. ഇവര്‍ക്ക് ശേഷം ഇസ്‌ലാമിക നവോത്ഥാനത്തിന് മലബാറില്‍ നേതൃത്വം നല്‍കിയവരാണ് പൊന്നാനി കേന്ദ്രീകരിച്ച് വൈജ്ഞാനിക, പ്രബോധന, പോരാട്ടങ്ങള്‍ക്ക് നേതൃത്വം നല്‍കിയ മഖ്ദൂമുമാര്‍. വിജ്ഞാനപ്രസരണത്തിലൂടെയും, ഗ്രന്ഥരചനയിലൂടെയും, അധിനിവേഷ വിരുദ്ധ പോരാട്ടങ്ങളിലൂടെയും സമൂഹത്തിന്റെ ഉത്ഥാനത്തിന് ആക്കം കൂട്ടിയ ഇവരെക്കുറിച്ചാണ് ഹ്രസ്വമായെങ്കിലും ഇവിടെ നാം പരിചയപ്പെടുന്നത്.
പൊന്നാനി; നവോത്ഥാന ചലനങ്ങളുടെ കേന്ദ്രം
തുറമുഖങ്ങളാണ് പ്രാചീനകേരളത്തെ പുറം ലോകവുമായി ബന്ധിപ്പിച്ചിരുന്ന പ്രധാനകേന്ദ്രങ്ങള്‍. കച്ചവടത്തിനായി വിദേഷങ്ങളില്‍ നിന്ന് സമുദ്രയാനങ്ങളേറി വന്നിരുന്നവര്‍ തുറമുഖങ്ങളില്‍ വന്നിറങ്ങുകയും അവരുടെ ലക്ഷ്യങ്ങള്‍ പൂര്‍ത്തീകരിച്ച് മടങ്ങുകയും പതിവായിരുന്നു.
മുസരീസ്, തിണ്ടീസ്, ബക്കരെ, നെല്‍ക്കിണ്ട തുടങ്ങിയവയാണ് ആദ്യകാലത്തെ പ്രസിദ്ധ തുറമുഖങ്ങള്‍. ഇതിലെ തിണ്ടീസ് പ്രബലാഭിപ്രായപ്രകാരം പൊന്നാനിയാണ്. പി.കെ പത്മനാഭന്‍നായര്‍ വിവര്‍ത്തനം ചെയ്ത എറിത്രിയന്‍ കടല്‍തീരത്തിലൂടെ ഒരു കപ്പല്‍യാത്ര എന്ന പുസ്തകത്തില്‍ തെളിവ് സഹിതം ഇത് സമര്‍ത്ഥിക്കപ്പെട്ടിട്ടുണ്ട്.(മഖ്ദൂമും പൊന്നാനിയും; ഡോ. ഹുസൈന്‍ രണ്ടത്താണി, പേജ് 21).
ഈ പ്രദേശത്തിന്റെ പൊന്നാനി എന്ന നാമകരണത്തിന് പിന്നിലെ വിവിധ കാരണങ്ങള്‍ ചരിത്രത്തില്‍ നമുക്ക് വായിക്കാവുന്നതാണ്. എ.ഡി 45ല്‍ അറേബ്യയില്‍ നിന്ന് പടിഞ്ഞാറന്‍ കാറ്റിന്റെ സഹായത്തോടെ നാല്‍പ്പത്തിഅഞ്ച് ദിവസം കൊണ്ട് നിരവധി കപ്പലുകള്‍ കേരളതീരമണഞ്ഞു. പൊന്നാനിയിലും ഇങ്ങനെ നിരവധി കപ്പലുകള്‍ നങ്കൂരമിട്ടിട്ടുണ്ട്. അറബികള്‍, യൂറോപ്യര്‍, മിസ്രികള്‍, ചൈനക്കാര്‍ തുടങ്ങിയ നിരവധി വിദേശികള്‍ ഇത് വഴിയും മലബാറിലെത്തിയിട്ടുണ്ട്.
മാലിക്ബ്‌നുദീനാര്‍ കേരളത്തിലെത്തി കൊടുങ്ങല്ലൂരില്‍ താമസിച്ച് സഹോദരന പുത്രനായ മാലിക്ബ്‌നുഹബീബിനെ മലബാറിന്റെ മറ്റു ഭാഗങ്ങളില്‍ പള്ളികള്‍ പണിത് ഇസ്‌ലാമികപ്രബോധനം നിര്‍വ്വഹിക്കാന്‍ നിയോഗിച്ചു. കൊല്ലം, ഏഴിമല, ബര്‍കൂര്‍, മംഗലാപുരം, കാസര്‍കോഡ്, ശ്രീകണ്ഠപുരം, ധര്‍്മ്മടം, പന്തലായിനി, ചാലിയം എന്നീ സ്ഥലങ്ങളിലെല്ലാം അദ്ദേഹം അപ്രകാരം പള്ളികള്‍ പണിതു. ഈ വേളയില്‍ അദ്ദേഹം പൊന്നാനിയില്‍ പള്ളി നിര്‍മ്മിച്ചിട്ടില്ലെന്നാണ് ശൈഖ് സൈനുദ്ദീന്‍മഖ്ദൂം(റ)ന്റെ വിവരണത്തില്‍ നിന്ന് ബോധ്യമാവുന്നത്. എന്നാല്‍ ഇസ്‌ലാമിന്റെ വ്യാപനത്തോടെ തീരപ്രദേശങ്ങളിലെല്ലാം പിന്നീട് അധികം താമസിയാതെ പള്ളികള്‍ ഉയര്‍ന്നു വരികയും ആ ഘട്ടങ്ങളില്‍ പൊന്നാനിയുടെ വിവിധ ഭാഗങ്ങളിളും പള്ളികള്‍ നിര്‍മ്മിക്കപ്പെട്ടു എന്നും മഖ്ദൂം(റ)രേഖപ്പെടുത്തിയിട്ടുണ്ട്. ഹിജ്‌റയുടെ ആദ്യനൂറ്റാണ്ടില്‍ തന്നെ ഈ ഭാഗങ്ങളില്‍ പള്ളികള്‍ വന്നിട്ടുണ്ടെന്നതില്‍ തര്‍ക്കമില്ല. ഉമര്‍ബ്‌നുസുഹ്‌റവര്‍ദിയുടെ അഭിപ്രായത്തില്‍ സ്വഹാബികള്‍ തന്നെ പൊന്നാനിയിലും പുതുപൊന്നാനിയിലും പള്ളികള്‍ നിര്‍മ്മിച്ചിട്ടുണ്ട്.(ഡോ. ഹുസൈന്‍ രണ്ടത്താണി, മഖ്ദൂമും പൊന്നാനിയും 93-96).
പൊന്നാനിയില്‍ നിര്‍മ്മിക്കപ്പെട്ട അതിപുരാതന പള്ളിയാണ് തോട്ടുങ്ങല്‍ പള്ളി. ശൈഖ് മുഹ്‌യിദ്ദീന്‍ അബ്ദുല്‍ഖാദിര്‍ജീലാനിയുടെ ശിഷ്യന്‍ അബ്ദുല്‍ഖാദിര്‍ഖുറാസാനിയുടെ പുത്രനും കാഞ്ഞിരമുറ്റത്ത് അന്ത്യവിശ്രമം കൊള്ളുകയും ചെയ്യുന്ന ശൈഖ് ഫരീദുദ്ദീന്‍(റ)വും ശിഷ്യന്‍ ഹുസൈന്‍മുഹ്‌യിദ്ദീന്‍ (ഉത്താന്‍ മുസ്‌ലിയാര്‍) മുസ്‌ലിയാരുമാണ് നൂറ്റാണ്ടുകള്‍ പഴക്കമുള്ള ഈ പള്ളി നിര്‍മ്മിച്ചത്. എണ്ണൂറിലധികം വര്‍ഷങ്ങളുടെ പഴക്കം ഇതിന് കണക്കാക്കപ്പെടുന്നു. ഇവരാണ് മഖ്ദൂമുമാര്‍ക്ക് മുമ്പ് പൊന്നാനിയില്‍ ഇസ്‌ലാമിക ദഅവീ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയത്.
പതിമൂന്നാം നൂറ്റാണ്ടിന് ശേഷം കോഴിക്കോടും പരിസരവും ഭരിച്ചിരുന്ന സാമൂതിരിയെ പലനാടുവാഴികളും മേലധികാരിയായി അംഗീകരിച്ചു. തന്റെ അധികാര വിസ്തൃതി തെക്കോട്ടേയ്ക്ക് വ്യാപിപ്പിക്കാന്‍ ആഗ്രഹിച്ച സാമൂതിരി തന്ത്രപ്രധാനകേന്ദ്രമായ പൊന്നാനിയെ രണ്ടാം ആസ്ഥാനമാക്കി. സാമൂതിരി ഭരിച്ചിരുന്ന പതിനാറാം നൂറ്റാണ്ടാണ് പൊന്നാനിയുടെ സുവര്‍ണകാലമെന്ന് ചരിത്രവായനയില്‍ നമുക്ക് ബോധ്യപ്പെടും. പതിനഞ്ചാം നൂറ്റാണ്ടിന്റെ അന്ത്യത്തിലാണ് മഖ്ദൂമുമാര്‍ പൊന്നാനിയിലെത്തുന്നത്. പറങ്കികള്‍, ഡച്ചുകാര്‍, ഫ്രഞ്ചുകാര്‍ എന്നിവര്‍ തങ്ങളുടെ അധികാരകേന്ദ്രമാക്കാന്‍ ശ്രമിച്ചിട്ടുണ്ട്. 1792മുതല്‍ 1858വരെ ഈസ്റ്റ് ഇന്ത്യാ കമ്പനിക്ക് കീഴിലും ശേഷം സ്വാതന്ത്ര്യലബ്ധിവരെ ബ്രിട്ടീഷ് സര്‍ക്കാറിന് കീഴിലുമായിരുന്നു പൊന്നാനി.
മഖ്ദൂമുമാരുടെ ആഗമനം.
മഖ്ദൂമുമാരുടെ പൂര്‍വ്വികര്‍ ഇന്ത്യയിലേക്കെത്തിയതിനെ കുറിച്ച് ചരിത്രത്തില്‍ രണ്ട് വിശകലനങ്ങളാണ് കാണുന്നത്. യമനിലെ ഹളര്‍മൗതില്‍ നിന്ന് തമിഴ്‌നാട്ടിലെ തൂത്തുക്കുടി ജില്ലയിലെ കായല്‍പട്ടണത്തേക്കാണ് അവര്‍ വന്നതെന്നാണ് ഒരു അഭിപ്രായം. ഇവരുടെ പൂര്‍വ്വികര്‍ ഈജിപ്തുകാരാണെന്നതാണ് മറ്റൊരു അഭിപ്രായം. കൈയ്‌റോയ്ക് സമീപം ജബലുല്‍മുഖദ്ദമിന് സമീപമുള്ള ഫത്ഹുല്‍ബുക്‌റ ഗ്രാമത്തില്‍ താമസിച്ചിരുന്ന ഇവര്‍ ക്രി.വര്‍ഷം 842ല്‍ ഭരണാധികാരിയായ വാസിഖിന്റെ നയനിലപാടുകളോടുള്ള വിയോജിപ്പ് കാരണം കായല്‍പട്ടണത്തേക്ക് താമസം മാറ്റി എന്നാണ് ഈ അഭിപ്രായക്കാര്‍ രേഖപ്പെടുത്തുന്നത്.(മഖ്ദൂമും പൊന്നാനിയും; ടി.വി അബ്ദുറഹിമാന്‍ കുട്ടി, ബ്ലോഗ്).
ശൈഖ് സൈനുദ്ദീന്‍മഖ്ദൂം ഒന്നാമന്റെ പിതാമഹനായ ശൈഖ് അഹ്മദ് മഅ്ബരിയാണ് ആദ്യമായി കായല്‍പട്ടണത്തില്‍ നിന്നും കൊച്ചിയിലെത്തി താമസമാക്കിയത്. ഇസ്‌ലാമികമായി ജീവിച്ചിരുന്ന ഈ കുടുംബത്തിന് കേരളമുസ്‌ലിംകളുടെ മനസ്സില്‍ വളരെപ്പെട്ടന്ന് സ്ഥാനം പിടിക്കാന്‍ സാധ്യമായി. ഇവരുടെ പ്രബോധനം വഴി നിരവധി കുടുംബങ്ങള്‍ ഇസ്‌ലാം സ്വീകരിച്ചു. അഹ്മദ്മഅ്ബരിയുടെ ഒരു പുത്രനായ സൈനുദ്ദീന്‍ ഇബ്രാഹീം അല്‍മഅ്ബരി കൊച്ചിയിലെ ഖാസിയായി നിയമതിനായ ശേഷം നടപ്പില്‍വരുത്തിയ ഇസ്‌ലാമികപ്രവര്‍ത്തനങ്ങളില്‍ ആകൃഷ്ടരായി പൊന്നാനിയിലെ മുസ്‌ലിം നേതാക്കള്‍ കൊച്ചിയിലെത്തി മഖ്ദൂം കുടുംബവുമായി സംസാരിച്ച് പൊന്നാനിയിലെ മതനേതൃസ്ഥാനം അലങ്കരിക്കണമെന്നാവശ്യപ്പെടുകയും നിര്‍ബന്ധിക്കുകയും ചെയ്ത അടിസ്ഥാനത്തില്‍ അദ്ദേഹം പൊന്നാനിയിലെത്തുകയുണ്ടായി. ഇങ്ങനെയാണ് മഖ്ദൂമുമാരുടെ ഉത്ഥാനപ്രവര്‍ത്തനങ്ങള്‍ക്ക് പൊന്നാനി കേന്ദ്രമായി മാറുന്നത്.
മഖ്ദൂം എന്ന നാമം ഉരുത്തിരിഞ്ഞതിനെ സംബന്ധിച്ച് അഭിപ്രായാന്തരങ്ങളുണ്ട്. സേവിച്ചു എന്നര്‍ത്ഥത്തില്‍ അറബിയില്‍ പ്രയോഗിക്കുന്ന ഖദിമ എന്ന വാക്കില്‍ നിന്നും സേവനം ചെയ്യപ്പെടുന്നവന്‍ എന്ന അര്‍ത്ഥത്തിലാണ് മഖ്ദൂം എന്ന് പ്രയോഗിക്കപ്പെടുന്നതെന്നാണ് ഒരു അഭിപ്രായം. മഖ്ദൂമായി പൊന്നാനിയില്‍ അവരോധിക്കപ്പെടുന്നവരെ ബഹുജനങ്ങള്‍ ആദരിക്കുകയും അവര്‍ക്ക് വേണ്ട സേവനങ്ങള്‍ ചെയ്തുകൊടുക്കുകയും ചെയ്യാറുണ്ടല്ലോ.
പൊന്നാനിയിലെത്തിയ വലിയ സൈനുദ്ദീന്‍ മഖ്ദൂമിന്റെ പിതാമഹന്റെ സന്താനപരമ്പരയില്‍ പെട്ട ഇയാസുദ്ദീന്‍ കര്‍ക്കരിയുടെ പിതൃപരമ്പരയില്‍ ഒട്ടേറെ മഖ്ദൂമുമാരെ കാണാം. അഥവാ, എത്രയോ തലമുറ മുമ്പ് തന്നെ മഖ്ദൂം എന്ന് പ്രയോഗിച്ചു വരുന്നുണ്ട് എന്നും പൊന്നാനിയില്‍ നിന്നും ലഭിച്ച നാമമല്ല മഖ്ദൂം എന്നുമാണ് ഇതില്‍ നിന്ന് മനസ്സിലാവുന്ന്ത. മാത്രവുമല്ല, ഗുജറാത്തിലും തമിഴ്‌നാട്ടിലും വസിക്കുന്ന പലരുടേയും പേരിനൊപ്പം മഖ്ദൂം എന്ന് കണ്ടു വരുന്നു. ടിപ്പു സ്ുല്‍ത്വാന്റെ പിതാവ് ഹൈദരലിഖാന്‍ പാലക്കാട് രാജാവിനെതിരെ സൈന്യത്തെ നിയോഗിച്ചത് ഒരു മഖ്ദൂമിന്റെ നേതൃത്വത്തിലായിരുന്നുവത്രെ.(മഖ്ദൂമും പൊന്നാനിയും, ഡോ. ഹുസൈന്‍ രണ്ടത്താണി..417,418)
. തമിഴ്‌നാട്ടുകാരനായ ഡോ. അബ്ദുല്‍ലത്വീഫ് തന്റെ ഗവേഷണത്തില്‍ പറയുന്നതിപ്രകാരമാണ്; ''ഇവരുടെ പൂര്‍വ്വികര്‍ ഈജിപ്തിലെ മുഖദ്ദം പര്‍വ്വതതാഴ്‌വരയില്‍ താമസിച്ചത് കാരണം അതിലേക്ക് ചേര്‍ത്തി മഖ്ദൂം എന്ന് നാമകരണം ചെയ്യപ്പെട്ടതാണ്'' എന്നാണ്. ഈജിപ്തില്‍ നിന്ന് പഠനം പൂര്‍ത്തിയാക്കി വന്ന സൈനുദ്ദീന്‍ മഖ്ദൂം ഒന്നാമന് ആദരസൂചകമായി ജനങ്ങള്‍ വിളിച്ച പേരാണിതെന്നും അഭിപ്രായപ്പെട്ടവരുണ്ട്. ഏതായാലും മഖ്ദൂം തറവാട്ടില്‍ പിറന്നവരെയെല്ലാം ആ പേര് വിളിച്ച് തല്‍സ്ഥാനത്തിരുത്താറില്ല. മറിച്ച് തറവാട്ടിലെ ഏറ്റവും പ്രായമുള്ള, യോഗ്യരെയാണ് ആ സ്ഥാനത്ത് അവരോധിക്കാറുള്ളത്. മഖ്ദൂം സ്ഥാനത്തിരിക്കാത്ത ഈ കുടുംബത്തിലെ മറ്റുള്ളവരെ മഖ്ദൂമി എന്നാണ് വിളിക്കാറുള്ളത്. അവര്‍ മഖ്ദൂമുകളല്ല..
മഖ്ദൂം സ്ഥാനികള്‍
1- ശൈഖ് സൈനുദ്ദീനുബ്‌നു അലിബ്‌നു അഹ്മദ്ബ്‌നു മഅ്ബരി
2- ശൈഖ് അബ്ദുല്‍അസീസ്ബ്‌നു സൈനുദ്ദീന്‍
3- ശൈഖ് അഹ്മദ് സൈനുദ്ദീന്ബ്‌നു ഗസാലി
4- ശൈഖ് അബ്ദുറഹിമാന്‍ മഖ്ദൂം ഒന്നാമന്‍
5- ശൈഖ് ഉസ്മാന്‍ മഖ്ദൂം
6- ശൈഖ് അബ്ദുല്‍അസീസ് മഖ്ദൂം രണ്ടാമന്‍
7- ശൈഖ് അബ്ദുറഹിമാന്‍ മഖ്ദൂം രണ്ടാമന്‍
8- ശൈഖ് അബ്ദുല്‍അസീസ് മഖ്ദൂം മൂന്നാമന്‍
9- ശൈഖ് മുഹ്‌യിദ്ദീന്‍കുട്ടി മഖ്ദൂം
10- ശൈഖ് നൂറുദ്ദീന്‍ മഖ്ദൂം
11- ഖാജാ അഹ്മദ് എന്ന കോയാമു മഖ്ദൂം
12- ശൈഖ് മുഹമ്മദ് മഖ്ദൂം ഒന്നാമന്‍
13- ശൈഖ് കുഞ്ഞിമുഹമ്മദ് മഖ്ദൂം
14- ശൈഖ് അഹ്മദ് മഖ്ദൂം
15- ശൈഖ് കുട്ടിഹസന്‍ മഖ്ദൂം ഒന്നാമന്‍
16- ശൈഖ് അലിഹസന്‍ മഖ്ദൂം ഒന്നാമന്‍
17- ശൈഖ് മുഹമ്മദ് മഖ്ദൂം രണ്ടാമന്‍
18- പഴയകത്ത് അഹ്മദ്കുട്ടി മഖ്ദൂം
19- പഴയകത്ത് സൈനുദ്ദീന്‍ മഖ്ദൂം
20- പുതിയകത്ത് അബ്ദുറഹിമാന്‍ എന്ന വലിയ അവറാന്‍കുട്ടി മുസ്‌ലിയാര്‍ മഖ്ദൂം
21- പുതിയകത്ത് കുട്ടിഹസന്‍മഖ്ദൂം രണ്ടാമന്‍
22- പുതിയകത്ത് ആലിഹസന്‍ മഖ്ദൂം
23- പഴയകം എന്ന ഗസാലി മുസ്‌ലിയാരകത്ത് സയ്യിദ് അലവിക്കോയ തങ്ങള്‍
24- പുതിയകത്ത് അഹ്മദ് മഖ്ദൂം
25- പുതിയകത്ത് സൈനുദ്ദീന്‍കുട്ടി എന്ന ആഖിര്‍ സൈനുദ്ദീന്‍ മഖ്ദൂം
26- ചെറിയ പുതിയകത്ത് മുഹമ്മദ് എന്ന ചെറിയ ബാവ മുസ്‌ലിയാര്‍
27- പഴയകത്ത് അഹ്മദ് മുസ്‌ലിയാര്‍ മഖ്ദൂം
28- മുഹമ്മദ് മുസ്‌ലിയാര്‍ എന്ന മമ്മിക്കുട്ടി ഹാജി മഖ്ദൂം
29- പഴയകത്ത് സയ്യിദ് മുസ്തഫാ ഹൈദ്രോസ് കോയക്കുട്ടി തങ്ങള്‍ മഖ്ദൂം
30- ചെറിയ പുതിയകത്ത് സൈനുദ്ദീന്‍ എന്ന ബാവ മുസ്‌ലിയാര്‍
31- പഴയകത്ത് സയ്യിദ് ആറ്റക്കോയതങ്ങള്‍ മഖ്ദൂം
32- ചെറിയ പുതിയകം തോട്ടുങ്ങലകത്ത് ബീരാന്‍കുട്ടി എന്ന ബാവ മുസ്‌ലിയാര്‍ മഖ്ദൂം
33- പഴയകത്ത് അബ്ദുറഹിമാന്‍ എന്ന ബാവ മുസ്‌ലിയാര്‍ മഖ്ദൂം
34- ചെറിയ പുതിയകം തോട്ടുങ്ങലകത്ത് അബ്ദുറഹിമാന്‍ എന്ന അവറാന്‍കിട്ടി മുസ്‌ലിയാര്‍ മഖ്ദൂം
35- പഴയകത്ത് പുക്കോയ തങ്ങള്‍ മഖ്ദൂം
36- പഴയകത്ത് സയ്യിദ് അലവിക്കോയതങ്ങള്‍ മഖ്ദൂം
37- ചെറിയ പുതിയകം തോട്ടുങ്ങലകത്ത് കുഞ്ഞാദുട്ടി മുസ്‌ലിയാര്‍ മഖ്ദൂം
38- പഴയകം എന്ന ഗസാലി മുസ്‌ലിയാരകത്ത് കോയക്കുട്ടി തങ്ങള്‍ മഖ്ദൂം
39- പി.കെ.എം അബ്ദുറഹിമാന്‍ കുട്ടി മഖ്ദൂം
40- സയ്യിദ് എം.പി മുത്തുക്കോയ തങ്ങള്‍
മഖ്ദൂമുമാരുടെ നവോത്ഥാന ഇടപെടലുകള്‍
പതിനഞ്ച്, പതിനാറ് നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന സമൂഹത്തെയും, ജീവിത പരിസരങ്ങളേയും വിലയിരുത്തിയാണ് മഖ്ദൂമുമാര്‍ മുന്നോട്ട് വെച്ച നവോത്ഥാന പ്രകൃയകളെ നാം വിലയിരുത്തേണ്ടത്. വിദ്യാഭ്യാസ മേഖലയിലാണ് മഖ്ദൂമുകള്‍ പ്രധാനമായി ഉത്ഥാനങ്ങള്‍ കൊണ്ട് വന്നത്. ഇന്ത്യയില്‍ പ്രധാനമായി നിലനിന്നിരുന്ന നിസാമിയ്യ സിലബസ്, റഹീമിയ്യ സിലബസ് എന്നിവയേക്കാള്‍ കൂടുതല്‍ മെച്ചപ്പെട്ട മഖ്ദൂമി ധാര പാഠ്യരീതിയിലും സിലബസിലും കൊണ്ട് വന്നത് കേരളത്തിലെ വിദ്യാഭ്യാസ മേഖലയില്‍ പ്രത്യേകിച്ച് മതമേഖലയില്‍ വലിയ കുതിച്ചുചാട്ടത്തിന് വഴിയൊരുക്കുകയാണ്ടായി. സ്വതന്ത്രചിന്തയും ലോജിക്കും മുന്നോട്ട് വെച്ച് ഇസ്‌ലാമിക വിജ്ഞാനത്തിന്റെ ആത്മീയസാരാംശങ്ങളെ നശിപ്പിക്കുന്ന വിദ്യാഭ്യാസരീതികള്‍ സജീവമായിത്തുടങ്ങിയപ്പോള്‍ ഹദീസ് വിജ്ഞാനശാഖക്ക് കൂടുതല്‍ പ്രാമുഖ്യം നല്‍കി തിരുവചനങ്ങളിലൂടെ ഇസ്‌ലാമിക വിജ്ഞാനത്തിന്റെ ഉള്‍സാരവും സൗന്ദര്യവും ജനങ്ങള്‍ക്ക് കൂടുതല്‍ പ്രസരണം ചെയ്യാന്‍ ശാഹ് വലിയ്യുല്ലാഹിദ്ദഹ്‌ലവിയുടേയും മറ്റും നേതൃത്വത്തില്‍ രൂപീകരിക്കപ്പെട്ടതാണ് റഹീമിയ്യ സിലബസ്. ഹദീസ് വിജ്ഞാനത്തിനായിരുന്നു അതില്‍ കൂടുതല്‍ പ്രാമുഖ്യം നല്‍കപ്പെട്ടത്.
ബൗദ്ധിക വിജ്ഞാനങ്ങള്‍ക്ക് കൂടുതല്‍ പ്രാമുഖ്യം നല്‍കിയ സിലബസായിരുന്നു നിസാമിയ്യ സിലബസ്. മന്‍ത്വിഖ് പോലെയുള്ള തര്‍ക്ക വിഷയങ്ങള്‍ക്കാണ് ഇതില്‍ കൂടുതല്‍ പ്രാധാന്യം നല്‍കപ്പെട്ടത്. വൈജ്ഞാനികമായി നിരവധി സംഭവാനകള്‍ സമര്‍പ്പിച്ച ഫറങ്കിമഹല്‍ ഫാമിലിയുടെ അധ്യാപന അധ്യായന രീതിയിലൂടെയാണ് ഈ പാ്ഠ്യപദ്ധതി ഉരുത്തിരിഞ്ഞുണ്ടായത്. നോര്‍ത്ത് ഇന്ത്യയില്‍ തുടങ്ങി വ്യാപിച്ച് പിന്നീടിത് സൗത്തിന്ത്യയിലും വേരോട്ടം നേടിയിട്ടുണ്ട്. വെല്ലൂര്‍ ബാഖിയാതിലൊക്കെ ഈ സിലബസിനാണ് പ്രധാന്യമുള്ളത്.
ആഗോളപരിസരങ്ങളില്‍ നിന്ന് നേടിയ വൈജ്ഞാനിക മാനങ്ങളെ നിലവിലുള്ള വിദ്യാഭ്യാസ രീതികളോട് ചേര്‍ത്ത് വെച്ച്, കര്‍മ്മശാസ്ത്ര ശാഖക്ക് കൂടുതല്‍ ഊന്നല്‍ കൊടുക്കുന്നതൊടൊപ്പം, ആധ്യാത്മിക ജ്ഞാനശാഖക്ക് കൂടി പ്രാധാന്യം നല്‍കി കൂടുതല്‍ ജനകീയമാക്കുകയും വിജ്ഞാനപ്രസരണത്തിന് ശ്രദ്ധകേന്ദ്രീകരിക്കുകയും ചെയ്ത സിലബസാണ് മഖ്ദൂമീ സിലബസ്. ഈജിപ്ത്, യമന്‍, മക്ക, മദീന തുടങ്ങിയ വിദേശ രാജ്യങ്ങളിലേക്ക് കേരളത്തില്‍ നിന്ന് ആദ്യമായി ജ്ഞാനസമ്പാദനത്തിന് യാത്ര പോയ സൈനുദ്ദീന്‍മഖ്ദൂം വിദ്യാഭ്യാസമേഖലയില്‍ ഒരു പുതിയ രീതിയാണ് കൊണ്ട് വന്നത്. കേവലം ഹജ്ജ്, ഉംറ, കച്ചവടങ്ങള്‍ക്ക് വേ്ണ്ടി മാത്രം വിദേശയാത്ര പോയിരുന്നവര്‍ക്കിടയില്‍ നിന്നാണ് അറിവ് സമ്പാദനത്തിന് വേണ്ടി മഖ്ദൂം(റ) വിദേശയാത്ര നടത്തുന്നതും, അവിടങ്ങളില്‍ നിന്ന് നേടിയ വിജ്ഞാന ചേരുവകള്‍ ഇവിടെ വന്ന് പ്രചരിപ്പിക്കുന്നതും.
കേരളത്തില്‍ പിന്നീട് വന്ന ദര്‍സുകളും അറബിക് കോളേജുകളും മഖ്ദൂമീ സരണിയാണ് പാഠ്യമേഖലയില്‍ ചേര്‍ത്ത് പിടിച്ചത്. നിത്യജീവിത വ്യവഹാരങ്ങള്‍ മതകീയമാവാന്‍ അനിവാര്യമായ കര്‍മ്മശാസ്ത്രത്തെ കൂടുതല്‍ ഊന്നല്‍ നല്‍കി പഠിപ്പിക്കുകയും, കര്‍മ്മങ്ങളെല്ലാം ആത്മാവുള്ളതാകുവാന്‍ തസ്വവ്വുഫിന്റെ ആവശ്യമായ ചേരുവകള്‍ സമൂഹത്തെ ഉത്‌ബോധിപ്പിക്കുവാനും ഈ പാഠ്യപദ്ധതിയിലൂടെ സാധ്യമായി. ഈ പാഠ്യപദ്ധതിയില്‍ പഠനം നടത്തുവാന്‍ ഇന്തോനേഷ്യ, ജാവ, ശ്രീലങ്ക തുടങ്ങിയ വിദേശ രാജ്യങ്ങളില്‍ നിന്നും അയല്‍ രാജ്യങ്ങളില്‍ നിന്നും വി്ദ്യാര്‍ത്ഥികള്‍ വന്നിരുന്നു എന്നത് ആ പാഠ്യപദ്ധതിയുടെ പൊതുസ്വീകാര്യതയാണ് സൂചിപ്പിക്കുന്നത്.
രചനാ വിപ്ലവം
മഖ്ദൂമുമാരുടെ നവോത്ഥാന പ്രവര്‍ത്തനങ്ങളില്‍ ഏറെ ശ്രദ്ധേയമാണ് അവരുടെ രചനകള്‍. ഇസ്‌ലാമിക വിജ്ഞാനങ്ങളുടെ വിവിധ ശാഖകളില്‍ ഭുവനപ്രസിദ്ധങ്ങളായ നിരവധി രചനകള്‍ അവരിലൂടെ വിരചിതമായിട്ടുണ്ട്. കര്‍മ്മശാസ്ത്രം, വ്യാകരണശാസ്ത്രം, തസ്വവ്വുഫ്, ചരിത്രം, മൗലിദ് തുടങ്ങിയ ശാഖകളിലെല്ലാം അവരുടെ രചനകള്‍ കാണാവുന്നതാണ്. ഇതില്‍ പല ഗ്രന്ഥങ്ങളും രാജ്യാതിര്‍ത്തികള്‍ കടന്ന് പഠിപ്പിക്കപ്പെടുകയും ചരിത്ര രചനകളുടെ അവലംബങ്ങളാവുകയും ചെയ്യുന്നു എന്നതാണ് ശ്രദ്ധേയമായ കാര്യം. ശൈഖ് സൈനുദ്ദീന്‍മഖ്ദൂം കബീര്‍, ശൈഖ് അബ്ദുല്‍അസീസ് മഖ്ദൂം, ശൈഖ് സൈനുദ്ദീന്‍മഖ്ദൂം സഗീര്‍, ആഖിര്‍ സൈനുദ്ദീന്‍ മഖ്ദൂം എന്നിവരാണ് മഖ്ദൂമുമാരില്‍ രചനകളെഴുതി പ്രസിദ്ധി നേടിയവര്‍.
മുര്‍ശിദുത്ത്വുല്ലാബ്, സിറാജുല്‍ഖുലൂബ്, സിറാജുല്‍മുനീര്‍, അല്‍മസ്അദ് ഫീ ദിക്രില്‍മൗത്, ശംസുല്‍ഹുദാ, തുഹ്ഫതുല്‍അഹിബ്ബാഅ് വഉര്‍ഫതുല്‍അലിബ്ബാഅ്, ഇര്‍ശാദുല്‍ഖാസ്വിദീന്‍, ശുഅബുല്‍ഈമാന്‍, കിഫായതുല്‍ഫറാഇള് ഫിഖ്തിസ്വാരില്‍കാഫീ, കിതബുസ്വഫാ മിനശ്ശിഫാ, തസ്ഹീലുല്‍കാഫിയ ശര്‍ഹുന്‍ അലല്‍കാഫിയ, ഹാശിയതുന്‍ അലല്‍കാഫിയ, ശര്‍ഹുന്‍ അലല്‍ അല്‍ഫിയ്യതി ബ്‌നിമാലിക്, ഹാശിയതുന്‍ അല്‍ ഇര്‍ശാദ്, ഖ്വസ്വസ്വുല്‍അമ്പിയാഅ്, ശര്‍ഹുന്‍ അലാ തുഹ്ഫതില്‍വര്‍ദിയ്യ, സീറതുന്നബവി, ഹിദായതുല്‍അദ്കിയാഅ ഇലാ ത്വരീഖില്‍ഔലിയാഅ്, തഹ്‌രീളുഅഹ്‌ലില്‍ഈമാന്‍, മന്‍ഖ്ൂസ് മൗലിദ്, തുടങ്ങിയ രചനകളെല്ലാം സൈനുദ്ദീന്‍ മഖ്ദൂം ഒന്നാമന്‍ രചിച്ചതാണ്.
സൈനുദ്ദീന്‍മഖ്ദൂം ഒന്നാമന്റെ പുത്രനും പ്രഗത്ഭ പണ്ഡിതനുമായിരുന്ന ശൈഖ് അബ്ദുല്‍അസീസ് മഖ്ദൂമാണ് നിരവധി രചനകള്‍ സമര്‍പ്പിച്ച മറ്റൊരു മഹല്‍വ്യക്തി. മസ്‌ലകുല്‍അത്ഖിയാഅ്, ഇര്‍ശാദുല്‍അലിബ്ബാ്അ്, ഖസ്വീദതുല്‍ഇഖ്‌സാം ഫീ ശിഫാഇല്‍ അസ്ഖാം, ശര്‍ഹുല്‍അല്‍ഫിയ്യ ലിഇബ്‌നിമാലിക്, ശര്‍ഹുന്‍ അലാ ബാബി മഅ്‌രിഫതില്‍കുബ്‌റാ, ബാബു മഅ്‌രിഫതില്‍കുബ്‌റാ, ബാബു മഅ്‌രിഫതിസ്സുഗ്‌റാ, മുതഫര്‍രിദ്, അര്‍കാനുസ്വലാത്, അര്‍കാനുല്‍ഈമാന്‍, മിര്‍ഖാതുല്‍ഖുലൂബ് എന്നിവയാണദ്ദേഹത്തിന്റെ പ്രധാന സംഭാവനകള്‍.
വിശ്വപ്രസിദ്ധ രചനകള്‍ കൊണ്ട് തന്റെ നാമം ചരിത്രത്തില്‍ രേഖപ്പെടുത്തിയ മഹോന്നതനാണ് സൈനുദ്ദീന്‍മഖ്ദൂം രണ്ടാമന്‍. പിതാമഹനെപ്പോലെ ഇവരും മക്കയില്‍ പത്ത് വര്‍ഷം താമസിച്ച് പഠിക്കുകയും ശേഷം നിരവധി കൃതികളെഴുതുകയുമുണ്ടായി. ഖുര്‍റതുല്‍ഐന്‍, ഫത്ഹുല്‍മുഈന്‍, അല്‍അജ്‌വിബതുല്‍ അജീബ അനില്‍അസ്ഇലതില്‍ഗരീബ, അഹ്കാമു ഇഹ്കാമുന്നികാഹ് തുടങ്ങിയ കര്‍്മ്മശാസ്ത്ര ഗ്രന്ഥങ്ങളും, ഇര്‍ശാദുല്‍ഇബാദ് ഇലാ സബീലിര്‍റശാദ്, അല്‍മന്‍ഹജുല്‍വാളിഹ്, ശര്‍ഹുസ്സ്വുദൂര്‍ ഫീ അഹ്‌വാലില്‍ മൗതാ വല്‍ഖുബൂര്‍, അല്‍ഫതാവല്‍ഹിന്ദിയ്യ, അല്‍ജവാഹിര്‍ ഫീ ഉഖൂബതി അ്ഹ്‌ലില്‍കബാഇര്‍ എന്ന മറ്റു കൃതികളും, കേരളീയ ചരിത്ര ഗവേഷകര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും ഇന്ത്യക്കകത്തും പുറത്തുമുള്ള മറ്റു പണ്ഡിതര്‍ക്കും ഉത്തമ റഫറന്‍സ് ആയ തുഹ്ഫതുല്‍മുജാഹിദീനും ഇവരുടെ രചനകളാണ്.
മഖ്ദൂം പരമ്പരയില്‍ രചനകള്‍ നിര്‍വ്വഹിച്ച മറ്റൊരു പണ്ഡിതനാണ് ആഖിര്‍ സൈനുദ്ദീന്‍ മഖ്ദൂം എന്നവര്‍. ഇസ്‌ലാമിക വിജ്ഞാന ശാഖകളിലെല്ലാം വ്യുല്‍പത്തി നേടിയ അദ്ദേഹം ഭാഷാ വിശാരദനും ചരിത്ര പണ്ഡിതനുമായിരുന്നു. മലബാറിന്റെ ചരിത്രകാരന്‍ എന്നാണദ്ദേഹത്തെ ലബ്ബ ആലിം സാഹിബ് വിളിച്ചത്. ആ മഹാപ്രതിഭയുടെ രചനകള്‍ ഒന്നും വെളിച്ചം കാണാതെ പോയി എന്നത് പിന്‍തലമുറയെ സംബന്ധിച്ചെടത്തോളം വലിയ നഷ്ടം തന്നെയാണ്.
അധിനിവേഷവിരുദ്ധ പോരാട്ടം
മഖ്ദൂമുമാരുടെ നവോത്ഥാന ചലനങ്ങളില്‍ ഏറെ പ്രധാനമാണ് അധിനിവേഷവരുദ്ധ പോരാട്ടങ്ങള്‍. മഖ്ദൂമുമാര്‍ പ്രബോധനപ്രവര്‍ത്തനങ്ങളുമായി പൊന്നാനിയില്‍ സജീവമാകുന്ന കാലത്താണ് പോര്‍ച്ചുഗീസുകാര്‍ മലബാറിലെത്തുന്നത. പറങ്കികളുടെ അക്രമത്തിന് പൊന്നാനി നഗരം പലവട്ടം വിധേയമായിട്ടുണ്ട്. ആ ഘട്ടങ്ങളിലെല്ലാം അവര്‍ക്കെതിരെ ജിഹാദ് നടത്തുവാന്‍ മുന്‍നിരയില്‍ നില്‍ക്കുകയും പൊതുസമൂഹത്തെ പ്രേരിപ്പിക്കുകയും ചെയ്തവരാണ് മഖ്ദൂമുമാര്‍. ആ ഗണത്തില്‍ മുസ്‌ലിം മഹല്ലുകളില്‍ വിതരണം ചെയ്യാന്‍ വേണ്ടി ഒന്നാം മഖ്ദും രചിച്ച കവിതാസമാഹാരമാണ് തഹ്‌രീള് എന്ന പേരിലറിയപ്പെടുന്ന തഹ്‌രീളുഅഹ്‌ലില്‍ ഈമാന്‍ എന്ന കൃതി. ചിന്തോദ്ദീപകവും വിപ്ലവസ്വഭാവവുമുള്ള ഈ രചനയാണ് പോര്‍ച്ചുഗീസുകാര്‍ക്കെതിരെ രചിക്കപ്പെട്ട ആദ്യ സൃഷ്ടി.
സൈനുദ്ദീന്‍മഖ്ദൂം ഒന്നാമന് ശേഷം ആ സ്ഥാനത്ത് അവരോധിതനായ ശൈഖ് അബ്ദുല്‍അസീസ് മഖ്ദൂം അധിനിവേഷ വിരുദ്ധപോരാട്ടങ്ങളില്‍ കൂടുതല്‍ സജീവമായി ഇടപെട്ടവരാണ്. ചാലിയം കോട്ട പിടിച്ചെടുക്കുന്നതിന് 1751 ജൂലൈ 18ന് ആരംഭിച്ച യുദ്ധത്തില്‍ ശൈഖ് അബ്ദുല്‍അസീസ് സജീവസാന്നിധ്യമായിരുന്നു. അദ്ദേഹത്തെ കുറിച്ചുള്ള പ്രത്യേക വിവരണത്തില്‍ കൂടുതല്‍ വിവരിക്കുന്നുണ്ട്.
വിശ്വപ്രസിദ്ധ തുഹ്ഫതുല്‍മുജാഹീദീന്‍ ഗ്രന്ഥം ലോകത്തിന് സമര്‍പ്പിച്ചത് ശൈഖ് സൈനുദ്ദീന്‍ മഖ്ദൂം രണ്ടാമനാണ്. പോര്‍ച്ചുഗീസുകാര്‍ക്കെതിരെ സമരം ചെയ്യാന്‍ ആവേശം കാണിച്ച ഭരണാധികാരിയെന്ന നിലയില്‍ ബീജാപൂരിലെ അലിആദില്‍ഷായെ മഖ്ദൂം ഏറെ ഇഷ്ടപ്പെടുകയും തുഹ്ഫതുല്‍മുജാഹിദീന്‍ അദ്ദേഹത്തിന്റെ പേരില്‍ സമര്‍പ്പിക്കുകയും ചെയ്തു. പോര്‍ച്ചുഗീസുകാര്‍ക്കെതിരെ സൈന്യസഹായത്തിന് വേണ്ടി മുസ്‌ലിം രാജ്യങ്ങളിലേക്ക് ശൈഖ് സൈനുദ്ദീന്‍ നിരവധി കത്തുകളെഴുതി. കുഞ്ഞാലിമരക്കാര്‍മാരുടെ കീഴില്‍ മാപ്പിളമാരുടെ നാവികപ്പടയുണ്ടാക്കാന്‍ സാമൂതിരിയെ സഹായിച്ചതും മഖ്ദൂം തന്നെയാണ്.
വിപ്ലവം സൃഷ്ടിച്ച മഖ്ദൂമുമാര്‍
ശൈഖ് സൈനുദ്ദീന്‍ മഖ്ദൂം ഒന്നാമന്‍ മുതല്‍ നിലവിലെ മഖ്ദൂമായി നിലകൊള്ളുന്ന സയ്യിദ് എം.പി മുത്തുക്കോയതങ്ങളടക്കം നാല്‍പത് മഖ്ദൂമുമാരെയാണ് ചരിത്രത്തില്‍ നമുക്ക് കാണാന്‍ കഴിയുന്നത്. ഇവരില്‍ ഏറെ പ്രശസ്തരും നവോത്ഥാന പ്രവര്‍ത്തനങ്ങളിലും ഗ്രന്ഥരചനയിലും മറ്റും ശ്രദ്ധേയരായ ഏതാനും ചിലരെ നമുക്ക് വിശദമായി മനസ്സിലാക്കാം. സൈനുദ്ദീന്‍ മഖ്ദൂം കബീര്‍, സഗീര്‍ എന്നിവരെ സംബന്ധിച്ച് ഈ സുവനീറില്‍ തന്നെ സ്വതന്ത്രമായ പഠനങ്ങളുള്ളത് കൊണ്ട് ബാക്കിയുള്ളവരെ സംബന്ധിച്ച വിവരണമാണ് ഇവിടെ ചേര്‍ക്കുന്നത്.
ശൈഖ് അബ്ദുല്‍അസീസ് മഖ്ദൂം.
ആത്മീയ നേതാവ്, ഗ്രന്ഥരചയിതാവ്, അധിനിവേഷ വിരുദ്ധ പോരാളി എന്നീ വിശേഷങ്ങളില്‍ ചരിത്രം പരിചയപ്പെടുത്തുന്ന ശൈഖ് അബ്ദുല്‍അസീസ് മഖ്ദൂം സൈനുദ്ദീന്‍മഖ്ദൂം ഒന്നാമന്റെ പുത്രനായി ഹിജ്‌റ 914, ക്രി. വര്‍ഷം 1508ല്‍ പൊന്നാനിയില്‍ ജനിച്ചു. പിതാവില്‍ നിന്ന് പ്രാഥമിക വിദ്യ നേടി കോഴിക്കോട് ഖാളി അഹ്മദ് കാലിക്കൂത്തിയുടെ ശിഷ്യത്വം സ്വീകരിച്ചു. ശൈഖ് ഉസ്മാന്‍ എന്നവരില്‍ നിന്നും വിദ്യ നുകര്‍ന്നിട്ടുണ്ട്. പോര്‍ച്ചുഗീസ് സമരത്തില്‍ സാമൂതിരിക്കൊപ്പം നിന്ന് സേനാനികളെ നിയന്ത്രിക്കാന്‍ ഖാളിമുഹമ്മദിനൊപ്പമുണ്ടായിരുന്ന അദ്ദേഹം ചാലിയം കോട്ട പിടിച്ചടക്കാന്‍ പോര്‍ച്ചുഗീസുകാരുമായി ഘോരമായ യുദ്ധം ചെയ്യുവാന്‍ സജീവമായി മു്ന്നിട്ടിറങ്ങി.
പിതാവിന്റെ തസ്വവ്വുഫ് രചനയായ അദ്കിയാ എന്ന ഗ്രന്ഥത്തിന് മസ്‌ലക് എന്ന പേരില്‍ ആദ്യം വലിയ ഒരു വ്യാഖ്യാനം എഴുതുകയും പിന്നീട് ഹ്രസ്വമായി ഇര്‍ശാദുല്‍ അലിബ്ബാഅ് എന്ന രണ്ടാമതൊരു വ്യാഖ്യാനവും രചിച്ചു. അല്‍ഫിയ്യയുടെ 411ന് ബൈതുകള്‍ക്ക് പിതാവ് എഴുതിയ ശര്‍ഹ്ുകള്‍ ബാക്കി ഭാഗം എഴുതി പൂര്‍ത്തിയാക്കിയത് ഇദ്ദേഹമാണ്. പിതാവിന്റെ മറ്റു ചില രചനകളും ഇവര്‍ പൂര്‍ത്തീകരിച്ചിട്ടുണ്ടെന്നാണ് ചരിത്രവായനയില്‍ മനസ്സിലാകുന്നത്. കിതാബുല്‍ ഈമാന്‍, കിതാബുല്‍ഇസ്‌ലാം എന്ന രണ്ടു കൃതികള്‍ അറബിയില്‍ വിരചിതമായ ഇവരുടെ സൃഷ്ടികളാണ്. മറ്റു കൃതികളുടെ പേരുകള്‍ നടേ നാം സൂചിപ്പിച്ചിരുന്നുവല്ലോ...
ക്രി. വര്‍ഷം 1522ല്‍ പിതാവ് മരണപ്പെട്ട ശേഷം കൗമാരത്തില്‍ തന്നെ വലിയ പള്ളിയിലെ മുദരിസും മേല്‍ഖാസിയും മഖ്ദൂമുമായി സ്ഥാനാരോഹിതനായ അദ്ദേഹം മരണം വരെ ആ പദവിയില്‍ തുടര്‍ന്ന് ഏറ്റവും കൂടുതല്‍ കാലം (ആറര പതിറ്റാണ്ട്) മഖ്ദൂം പദവി അലങ്കരിച്ച ഖ്യാതിയും നേടി. മുസ്‌ലിം പുരുഷന്‍മാരെ ക്രൂരമായി വധിക്കുകയും സ്ത്രീകളെ അപമാനിക്കുകയും, സാമ്പത്തികമായി ഉന്‍മൂലനം ചെയ്യാന്‍ പദ്ധതികള്‍ ആവിഷ്‌കരിക്കപ്പെടുകയും ചെയ്യുന്ന കലുഷിത സാഹചര്യത്തിലാണ് ശൈഖ് അബ്ദുല്‍അസീസ് മുസ്‌ലിം നേതൃത്വം ഏറ്റെടുത്തത്. മലബാറില്‍ പറങ്കികളുടെ തകര്‍ച്ചയുടെ തുടക്കം കുറിച്ച ചാലിയം കോട്ട പിടിച്ചെടുക്കുന്നതിന് 1751 ജൂലൈ 18ന് ആരംഭിച്ച യുദ്ധത്തില്‍ ശൈഖ് അബ്ദുല്‍അസീസ് സജീവസാന്നിധ്യമായിരുന്നു. യുദ്ധം പരാജയത്തിലാകുമെന്ന് കരുതി ഒരു വേള പറങ്കികളുമായി സന്ധി ചെയ്യാന്‍ പോലും സാമൂതിരി തയ്യാറായ ഘട്ടത്തില്‍ അദ്ദേഹത്തിന്റെ അമ്മയുടെ നിര്‍ദേശാനുസരണം യുദ്ധ തന്ത്രങ്ങള്‍ പുനരവലോകനം ചെയ്യാന്‍ കോഴിക്കോട് കുറ്റിച്ചിറ മിസ്‌കാല്‍ പള്ളിയില്‍ ശൈഖ് അബ്ദുല്‍അസീസ് മഖ്ദൂമും, ശൈഖ് അബുല്‍വഫ ശംസുദ്ദീന്‍ മാമുക്കോയയും ഖാസിമുഹമ്മദിന്റെ പിതാവ് ഖാസി അബ്ദുല്‍അസീസും സാമൂതിരിയുടെ ഉദ്യോഗസ്ഥരും മറ്റും ചേരുകയുണ്ടായി. യുദ്ധഗതി തന്നെ മാറ്റിമറിച്ച ഈ യോഗത്തിലെ പ്രധാനസാന്നിധ്യമായിരുന്നു ശൈഖ് അബ്ദുല്‍അസീസ് മഖ്ദൂം. ഹിന്ദുക്കളും മുസ്‌ലിംകളും സംയുക്തമായി പുര്‍വ്വോപരി സുദൃഢമായി ഐക്യനിര രൂപീകരിച്ച് സാമൂതിരിയുടെ നേതൃത്വത്തില്‍ നായര്‍ പടയാളികളും കുഞ്ഞാലി മരക്കാരിന്റെ നേതൃത്വത്തില്‍ മുസ്‌ലിം സൈന്യവും ഒരു മിച്ച് പോരാടിയാണ് യുദ്ധം വിജയിപ്പിച്ചെടുത്തത്. (മഖ്ദൂമും പൊന്നാനിയും, ടി.വി അ
ഹിജ്‌റ 994, ക്രി.വര്‍ഷം 1586ലാണ് ശൈഖ് അബ്ദുല്‍അസീസ് മഖ്ദൂം വിടപറയുന്നത്. പൊന്നാനിയില്‍ തന്നെയാണ് അദ്ദേഹം മറപെട്ടുകിടക്കുന്നത്.
ശൈഖ് അബ്ദുറഹ്മാന്‍ മഖ്ദൂം..
മഖ്ദൂം പരമ്പരയില്‍ നാലാമനായ ശൈഖ് അബ്ദുറഹ്മാന്‍ മഖ്ദൂം ശൈഖ് ഉസ്മാന്‍മഅ്ബരിയുടെ പുത്രനായി 1541ലാണ് ജനിക്കുന്നത്. പിതാവില്‍ നിന്ന് പഠനം പൂര്‍ത്തിയാക്കിയ ശേഷം അമ്മാവന്‍ കൂടിയായ അബ്ദുല്‍അസീസ് മഖ്ദൂമിന്റെ ശിഷ്യത്വവും സ്വീകരിച്ചു. ചെറിയ സൈനുദ്ദീന്‍മഖ്ദൂമില്‍ നിന്നും അല്‍പ്പം പഠിക്കാന്‍ അവസരമുണ്ടായിട്ടുണ്ട്.
ആത്മീയമേഖലയില്‍ ഉന്നതവിതാനത്തിലെത്തിയ അദ്ദേഹത്തിന് നഖ്ശബന്ദീശൈഖായിരുന്ന പുറത്തില്‍ അബൂബക്കര്‍ സാനിയുമായി നല്ല അടുപ്പമായിരുന്നു. ജമാലുദ്ദീന്‍, ഉസ്മാന്‍ എന്ന രണ്ട് പുത്രന്‍മാര്‍ അദ്ദേഹത്തിനുണ്ടായിരുന്നു. ഇവരിലെ ഉസ്മാന്‍ എന്നവരാണ് അഞ്ചാം മഖ്ദൂമായി അവരോദിതനായത്. മഹാ പണ്ഡിതനായിരുന്ന അബ്ദുറഹ്മാന്‍ മഖ്ദൂമിന്റേതായി രചനകളൊന്നും അറിയപ്പെട്ടിട്ടില്ല. ഹിജ്‌റ 1029, ക്രി.വര്‍ഷം 1619ലാണ് അദ്ദേഹം മൃതിയടഞ്ഞത്.
പഴയകത്ത് സൈനുദ്ദീന്‍മഖ്ദൂം
പത്തൊമ്പതാമത്തെ മ്ഖ്ദൂമായി സ്ഥാനം ലഭിച്ചത് പഴയകത്ത് സൈനുദ്ദീന്‍ മഖ്ദൂമിനാണ്. സഹോദരന്‍ പഴയകത്ത് അഹ്മദ്കുട്ടി മഖ്ദൂം ക്രി.വര്‍ഷം 1801ല്‍ മരണപ്പെട്ട ശേഷമാണ് ആ പദവിയില്‍ ഇദ്ദേഹം അവരോദിക്കപ്പെട്ടത്. താനൂരിലെ ഖാളീ കുടുംബത്തില്‍ നിന്നും വിവാഹം കഴിച്ച ഇദ്ദേഹത്തിന് മഹാപണ്ഡിതരായ പുത്രന്‍മാരുണ്ടായിട്ടുണ്ട്. പുത്രന്‍ കുഞ്ഞഹമ്മദ് മു്‌സിലിയാര്‍ താനൂരിലെ ഖാളിയായിരുന്നു. അദ്ദേഹത്തിന്റെ പുത്രനായ സൈനുദ്ദീന്‍ മുസ്‌ലിയാര്‍ തിരൂരങ്ങാടിയിലെ ഖാളിയായിരുന്നു. ഇരുപത്തി ഏഴ് വര്‍ഷത്തെ സേവനത്തിന് ശേഷം ഹിജ്‌റ 1243, ക്രി. വര്‍ഷം 1821ലാണ് ഇദ്ദേഹം വഫാതാകുന്നത്.
ആഖിര്‍ സൈനുദ്ദീന്‍ മഖ്ദൂം...
മഖ്ദൂം പരമ്പരയില്‍ ഇരുപത്തിഅഞ്ചാമനായി കടന്നുവന്ന മഹാപ്രതിഭയാണ് ആഖിര്‍ സൈനുദ്ദീന്‍ മ്ഖ്ദൂം. ഹിജ്‌റ 1225ല്‍, ക്രി.വര്‍ഷം 1810ല്‍ പ്രമുഖ പണ്ഡിതന്‍ ശൈഖ് മാഹീന്‍ ഹസന്‍ എന്നവരുടെ പുത്രനായി ജനിച്ച അദ്ദേഹം ഇസ്‌ലാമിക വിജ്ഞാനീയങ്ങളിലെല്ലാം വ്യുല്‍പത്തി നേടിയ ചരിത്രകാരനും ഭാഷാ വിശാരദനുമായിരുന്നു. ഫി്ഖ്ഹ്, തസ്വവ്വുഫ്, വചനശാസ്ത്രം തുടങ്ങിയ ജ്ഞാനശാഖകളില്‍ അദ്യുതീയനായ അദ്ദേഹം വ്യാകരണശാസ്ത്രത്തില്‍ അവസാനവാക്കായിരുന്നു.
പിതാവില്‍ നിന്ന് പ്രാഥമികജ്ഞാനങ്ങള്‍ നേടിയ അദ്ദേഹം സ്വന്തം ഭാര്യാപിതാവില്‍ നിന്നാണ് ഉപരിപഠനം നേടിയത്. വെളിയങ്കോട് ഉമര്‍ഖാളി, അല്ലാമാ അലിയ്യുബ്‌നു ശൈഖ് അഹ്മദല്‍ ഹമദാനി തുടങ്ങിയവരെല്ലാം ആഖിര്‍ സൈനുദ്ദീന്‍ മഖ്ദൂമിന്റെ ഗുരുനാഥരാണ്. സുദീര്‍ഘമായ പഠനവും ശിക്ഷണവും കഴിഞ്ഞ് ഹജ്ജിനും ഉംറക്കും മക്കയിലെത്തിയ അദ്ദേഹം ഹറമിലെ വിശ്വപണ്ഡിതരില്‍ നിന്ന് അറിവ് സമ്പാദിച്ചു. അല്ലാമാ അബ്ദുല്‍ഹമീദുശ്ശര്‍വാനിയടക്കമുള്ള പണ്ഡിതരുടെ ശിഷ്യത്വം അദ്ദേഹത്തിന് ലഭിച്ചു. ആഖിര്‍സൈനുദ്ദീന്‍മഖ്ദൂമിന്റെ പാണ്ഡിത്യം ബോധ്യപ്പെട്ട ഹറം പണ്ഡിതര്‍ അദ്ദേഹത്തോട് ഹറമില്‍ അധ്യാപനം നടത്താന്‍ സമ്മര്‍ദം ചെലുത്തുകയും തദടിസ്ഥാനത്തില്‍ അഞ്ച് വര്‍ഷം അവിടെ സേവനം നടത്തുകയും ചെയ്തു. അത് വഴി നിരവധി ലോകപണ്ഡിതരുടെ ഗുരുനാഥനാവാന്‍ അദ്ദേഹത്തിന് സാധിച്ചു. ശേഷം പൊന്നാനിയില്‍ തിരിച്ചെത്തി മുന്‍ഗാമികളുടെ പാരമ്പര്യം സൂക്ഷിച്ച് നാല്‍പത് വര്‍ഷം പൊന്നാനി വലിയ ജുമുഅത്ത് പള്ളിയില്‍ മുദരിസായി.
മതവിജ്ഞാനത്തോടൊപ്പം ആത്മീയസരണിയിലും ഉന്നതി പ്രാപിച്ച അദ്ദേഹം ഖാദിരി, നഖ്ശബന്ദി, ചിഷ്തി ത്വരീഖത്തുകളുടെ ഗുരുവായിരുന്നു. ത്വരീഖത്ത് പ്രസ്ഥാനങ്ങളിലൂടെ ജനങ്ങളുടെ സംസ്‌കരണപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയ അദ്ദേഹം വെളിയങ്കോട് കുട്ടിയമു മുസ്‌ലിയാര്‍, പുതിയകത്ത് അബ്ദുറഹ്മാന്‍ എന്ന കുഞ്ഞമ്പാവ മുസ്‌ലിയാര്‍, ശുജാഇ മൊയ്തു മുസ്‌ലിയാര്‍, പെരുമ്പടപ്പ് പുത്തന്‍പള്ളി ശൈഖ് കുഞ്ഞഹമ്മദ് മുസ്‌ലിയാര്‍, നെല്ലിക്കുത്ത് ആലിമുസ്‌ലിയാര്‍, കട്ടിലശ്ശേരി ആലിമുസ്‌ലിയാര്‍ തുടങ്ങി പ്രമുഖരും പ്രശസ്തരുമായ സ്വൂഫികള്‍ ആഖിര്‍സൈനുദ്ദീന്‍ മഖ്ദൂമിന്റെ ശിഷ്യന്‍മാരാണ്.
ശൈഖ് അഹ്മദ് മഖ്ദൂമിന്റെ പുത്രി കുഞ്ഞിഫാത്വിമയാണ് ആദ്യഭാര്യ. ഗ്രന്ഥകാരനും പണ്ഡിതനുമായ ഇബ്രാഹീം കുട്ടി മുസ്‌ലിയാര്‍, ഗ്രന്ഥരചയിതാവും വാഗ്മിയുമായ ശൈഖ് അഹ്മദ് മുസ്‌ലിയാര്‍ എന്നിവരാണ് അവരിലുണ്ടായ രണ്ട് പുത്രന്‍മാര്‍. നാദാപുരം മുതുവുമ്മല്‍ അബ്ദുറഹ്മാന്‍ മുസ്‌ലിയാരുടെ പുത്രി ഫാത്വിമയാണ് രണ്ടാം ഭാര്യ. അബ്ദുറഹ്മാന്‍, ആയിശക്കുട്ടി എന്നിവരാണ് ഇവരിലുണ്ടായ രണ്ട് മക്കള്‍. തന്റെ എണ്‍പതാം വയസ്സില്‍ ഹിജ്‌റ 1305ല്‍ സ്വഫര്‍ 9ന്, ക്രി.വര്‍ഷം 1887ലാണ് മഹാനുഭാവന്‍ വിടചൊല്ലിയത്.
മലബാറിന്റെ വൈജ്ഞാനിക, സാമൂഹിക, നവോത്ഥാന മണ്ഡലത്തില്‍ അതുല്യ സംഭാവനകളര്‍പ്പിച്ച ചരിത്ര ശില്‍പ്പികളാണ് മഖ്ദൂമുമാര്‍. അവരിലെ ഓരോരുത്തരും അവരുടെ കാലഘട്ടത്തിലെ ചരിത്ര പുരുഷന്‍മാരും സാമൂഹിക പരിഷ്‌കര്‍ത്താക്കളുമായിരുന്നു. ദര്‍സ് അധ്യാപനത്തോടൊപ്പം ഗ്രന്ഥരചനയും സാമൂഹിക ഇടപെടലുകളും നടത്തിയ അവര്‍ സമൂഹത്തിന്റെ പുരോഗതിയുടെ ഗ്രാഫ് ഉയര്‍ത്താന്‍ ഏറെ പണിപ്പെട്ടവരാണ്.
അവലംബങ്ങള്‍....
1- മഖ്ദൂമും പൊന്നാനിയും- ഡോ. ഹുസൈന്‍ രണ്ടത്താണി
2- പൊന്നാനി; പൈതൃകവും നവോത്ഥാനവും- ടി.വി അബ്ദുറഹ്മാന്‍കുട്ടി.
3- അല്‍ഇമാം അഹ്മദ്‌സൈനുദ്ദീന്‍ അല്‍മഖ്ദൂം അല്‍മലൈബാരി സ്വാഹിബു ഫത്ഹില്‍മുഈന്‍ വജുഹൂദുഹു അല്‍ഫിഖ്ഹിയ്യ - ഡോ. റഫീഖ് അബ്ദുല്‍ബര്‍റ് അല്‍വാഫി അല്‍അസ്ഹരി
4- കേരളവും അറബിയും- പ്ലാറ്റിനം ജൂബില സുവനീര്‍, അറബി വിഭാഗം; യൂണിവേഴ്‌സിറ്റി കോളേജ് തിരുവനന്തപുരം
5- historyofponnani.blogspot.com
Post a Comment