മനുഷ്യന്‍ പ്രകൃത്യാ ഒരു സാമൂഹികജീവിയാണെന്നാണ് അരിസ്റ്റോട്ടില്‍ പറഞ്ഞുവെച്ചത്. സാമൂഹിക വിഷയങ്ങളില്‍ കൃത്യമായി ഇടപെടാനും, സാമൂഹിക മുന്നേറ്റങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കാനും മനുഷ്യനോളം മറ്റൊരു വിഭാഗത്തിനും സാധ്യമല്ല. ദൈവഹിതമായി ലഭിച്ച വിശേഷബുദ്ധി കൊണ്ട് തന്റെ ജീവിതക്രമങ്ങളില്‍ ആവശ്യമായ മാറ്റങ്ങള്‍ കൊണ്ടുവരാന്‍ മനുഷ്യന്‍ പുതിയ പുതിയ സംവിധാനങ്ങള്‍ കണ്ടുപിടിക്കാറുണ്ട്. ഇന്റര്‍നെറ്റിന്റെ ഉത്ഭവവും സ്മാര്‍ട്ട് ഫോണുകളുടെ കണ്ടുപിടുത്തവും മനുഷ്യജീവിതത്തിന്റെ താളക്രമം മാറ്റിയെടുത്തതില്‍ പ്രധാന പങ്ക് വഹിച്ചിട്ടുണ്ടെന്നത് അനിഷേധ്യസത്യമാണ്. തന്റെ കൈവെള്ളയില്‍ കൊണ്ടു നടക്കുന്ന സ്മാര്‍്ട്ട് ഫോണിലെ ആപ്പുകള്‍ ഉപയോഗിച്ച് തന്റെ ദൈനംദിന കാര്യങ്ങള്‍ തടസ്സമില്ലാതെ നിര്‍വഹിക്കാന്‍ മനുഷ്യന്‍ കണ്ടുപിടിച്ച സാങ്കേതികവിദ്യ വളര്‍ന്നുവികസിച്ചിട്ടുണ്ട്. 


ലോകത്തെ വ്യത്യസ്ത ജനവിഭാഗങ്ങളെ ഒരേ വേദിയില്‍ കൊണ്ട്‌വരികയും, അവരെ പരസ്പരം ബന്ധിപ്പിക്കുന്ന കണ്ണിയായി വര്‍ത്തിക്കുകയും ചെയ്യുന്നത് സോഷ്യല്‍ മീഡിയകളാണ്(സാമൂഹിക മാധ്യമങ്ങള്‍). ഇന്ന് മിക്കപേരും സോഷ്യല്‍ മീഡിയകളുടെ ഉപയോക്താക്കളും ഗുണപോക്താക്കളുമാണ്. പുറത്തുകാണുന്ന ജീവിതം, സ്വകാര്യ ജീവിതം, രഹസ്യജീവിതം, മാനസിക ജീവിതം എന്നീ നാല് ജീവിതങ്ങള്‍ക്ക് പുറമെ ഉത്തരാധുനിക മനുഷ്യന് അഞ്ചാമതായി ഡിജിറ്റല്‍ ജീവിതം കൂടിയുണ്ട്. 


ആദ്യത്തെ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോം എന്ന് പറയാനാവുന്നത് 1997ല്‍ ആന്‍ഡ്രൂവെയ്ന്റിച്ച് സ്ഥാപിച്ച 'സിക്‌സ് ഡിഗ്രീസ്' ആണ്. ഈ പ്ലാറ്റ്‌ഫോമില്‍ ഉപഭോക്താക്കള്‍ക്ക് കുടുംബാംഗങ്ങള്‍, സുഹൃത്തുക്കള്‍ എന്നിവരെ ലിസ്റ്റ് ചെയ്യാനുള്ള സൗകര്യവും, പ്രൊഫൈലുകള്‍, ബുള്ളറ്റിന്‍ ബോര്‍ഡുകള്‍, സ്‌കൂള്‍ അഫ്‌ലിയേഷനുകള്‍ എന്നീ സവിശേഷതകളും വാഗ്ദാനം നല്‍കപ്പെട്ടിരുന്നു. ഒരു മില്യണിലധികം കണ്‍സൂമേഴ്‌സിനെ നേടിയെങ്കിലും 2001ല്‍ നഷ്ടത്തിലായതോടെ ഇത് അടച്ചുപൂട്ടി. 2002ലാണ് ആധുനിക രൂപത്തില്‍ വന്ന ആദ്യ സോഷ്യല്‍മീഡിയ പ്ലാറ്റ്‌ഫോം ആയ 'ഫ്രണ്ട്സ്റ്റര്‍' പ്രവര്‍ത്തനമാരംഭിച്ചത്. ശേഷം 2003ല്‍ പ്രൊഫഷണലുകളെ ബന്ധിപ്പിക്കുന്ന ആദ്യ സാമൂഹിക മാധ്യമം 'ലിങ്ക്ഡ്ഇന്‍' ആരംഭിച്ചു. 2004ലാണ് ലോകമെമ്പാടും പ്രചുരപ്രചാരം നേടുകയും, കൂടുതലാളുകള്‍ ഉപയോഗിക്കുകയും ചെയ്യുന്ന ഫേസ്ബുക്ക് മാര്‍ക്ക് സക്കര്‍ബര്‍ഗ് ആരംഭിക്കുന്നത്.  ഏറ്റവും വലിയ വീഡിയോ ഷെയറിങ്ങ് പ്ലാറ്റ്‌ഫോം ആയ യൂട്യൂബ് 2005ലും, 2006ല്‍ മൈക്രോ ബ്ലോഗിങ്ങ് സോഷ്യല്‍ മീഡിയാ പ്ലാറ്റ്‌ഫോമായ ട്വിറ്ററും ജനങ്ങളിലെത്തി. ലോകത്തെ ഏറ്റവും പ്രിയപ്പെട്ട ഫോട്ടോ ഷെയറിംഗ് സോഷ്യല്‍ മീഡിയ ഇന്‍സ്റ്റഗ്രാം 2010ലാണ് ലോഞ്ച് ചെയ്യപ്പെട്ടത്. ശരവേഗം വളര്‍ച്ച പ്രാപിച്ച ഇന്‍സ്റ്റഗ്രാം രണ്ട് മാസത്തിനകം ഒരു മില്യണിലധികം ഉപയോക്താക്കളെയാണ് നേടിയത്. സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളില്‍ ഇന്‍സ്റ്റഗ്രാമിന്റെ ആധിപത്യം മനസ്സിലാക്കിയത് കൊണ്ടാണ് 2012ല്‍ ഒരു ബില്യണ്‍ ഡോളറിന് ഫെയ്‌സ്ബുക്ക് ഇന്‍സ്റ്റഗ്രാം സ്വന്തമാക്കിയത. വീഡിയോ എഡിറ്റിംഗ് ഫീച്ചറുകള്‍ കാരണം ഉപയോക്താക്കള്‍ക്കിടയില്‍ ജനപ്രിയമായി മാറിയ ടിക്‌ടോക്ക് 2016ല്‍ ആരംഭിച്ചു. ഇന്ത്യയുള്‍പ്പടെ പല രാജ്യങ്ങളിലും ഇത് നിരോധിക്കപ്പെട്ടിട്ടുണ്ട്. യാഹു.കോമിന്റെ മുന്‍ ജീവനക്കാരായ ബ്രയാന്‍ ആക്ടണും ജാന്‍ കോമും ചേര്‍ന്നാണ് 2009ല്‍ വാട്‌സാപ്പിന്റെ ആദ്യ വേര്‍ഷണ്‍ പുറത്തിറക്കുന്നത്. സന്ദേശക്കൈമാറ്റവും ഫോട്ടോ, വീഡിയോ, ഡോക്കുമെന്റ്‌സ് ഷെയറിംഗ് എ്ല്ലാം സുതാര്യമായി ചെയ്യാവുന്ന ജനപ്രിയ സോഷ്യല്‍ മീഡിയയായി വാട്‌സാപ്പ് മാറിയിട്ടുണ്ട്. ഓരോ വര്‍ഷവും പുതിയ പുതിയ അപ്‌ഡേഷനുകള്‍ വന്ന് സര്‍വ്വരും മുഴു സമയം വാട്‌സാപ്പില്‍ മുഴുകിയിരിക്കുന്ന സാഹചര്യമാണ് നിലവിലുള്ളത്. 


 മുകളില്‍ സൂചിപ്പിച്ചതും അല്ലാത്തതുമായ സമൂഹമാധ്യമങ്ങള്‍ ഇന്ന് മനുഷ്യജീവിതത്തിന്റെ അവിഭാജ്യഘടകങ്ങളാണ്. പ്രായഭേദമന്യേ സര്‍വ്വരും ഈ മീഡിയകളിലൂടെ കൃത്യനിര്‍വാഹകരായി ജീവിതം മുന്നോട്ട് കൊ്ണ്ട് പോകുന്നു. ലോകത്തിന്റെ ഏത് ഭാഗത്തുള്ള വ്യക്തിയുമായി ആശയസംവേദനം നിര്‍വ്വഹിക്കുവാനും, ലോകത്തിന്റെ ചലനങ്ങള്‍ കൃത്യമായി അറിയുവാനും, സാമ്പത്തിക വിനിമയങ്ങള്‍ സുതാര്യമായി ഞൊടിയിടയില്‍ പൂര്‍ത്തിയാക്കുവാനും ഈ മീഡിയകള്‍ സഹായിക്കുന്നു. 2019ല്‍ ലോകത്തെ നടുക്കിയും മനുഷ്യകുലത്തെ പിടിച്ചുകുലുക്കിയും കടന്നുവന്ന കോവിഡ് മഹാമാരിയായിരിക്കും ആധുനിക മനുഷ്യന്റെ ചരിത്രത്തില്‍ ഏറ്റവും വലിയ പ്രതിസന്ധികള്‍ നിറഞ്ഞകാലം. എങ്കിലും കോവിഡ് വന്നത് ഒരു ഇരുപത് വര്‍ഷം മുമ്പായില്ല എന്നാലോചിച്ച് നമുക്കാശ്വസിക്കാം. കാരണം കോവിഡ് വരുന്നതിന് തൊട്ടുമുമ്പ് എ.ടി.എമ്മില്‍ പോലും പോകാതെ സാമ്പത്തിക വിനിമയമടക്കം ദൈനംദിന കാര്യങ്ങള്‍ നിര്‍വഹിക്കാന്‍ ഇന്റര്‍നെറ്റ് സൗകര്യങ്ങള്‍ വിപുലമാവുകയും മനുഷ്യര്‍ക്ക് പ്രാപ്യമാവുകയും ചെയ്ത് തുടങ്ങിയിരുന്നു. കടലവില്‍പ്പനക്കാരന്‍ വരെ ഗൂഗിള്‍ പേ സ്വീകരിക്കുന്ന കാലമായത് കൊണ്ട് ഷോപ്പിംഗ്, യാത്ര, ഫുഡ് ഡെലിവറി, ടാക്‌സി വിളിക്കല്‍, വാര്‍ത്ത, പുസ്തക വായനകള്‍, അധ്യാപന-അധ്യായനങ്ങള്‍ തുടങ്ങി സര്‍വ്വ കാര്യങ്ങളും ആപ്പുകളിലൂടെ നിര്‍വ്വഹിക്കപ്പെടാന്‍ മാത്രം കഴിഞ്ഞ ഒരു പത്ത് വര്‍ഷത്തിനിടയില്‍ ഇന്റര്‍നെറ്റ് സാധ്യമാക്കിയ വിപ്ലവം വിവരണാധീതമാണ്. സ്മാര്‍ട്ട് ഫോണും ഇന്റര്‍നെറ്റും രണ്ടിന്റെയും വിവാഹത്തിലൂടെ ജനിച്ച കാക്കത്തൊള്ളായിരം ആപ്പുകളും വരുന്നതിന് മുമ്പാണ് ഈ മഹാമാരി വന്നിരുന്നതെങ്കില്‍ ഭവിച്ചതിനേക്കാള്‍ പതിന്‍മടങ്ങ് ദുരന്തം നാം മനുഷ്യര്‍ അനുഭവിക്കേണ്ടിവരുമായിരുന്നു.

ഇത്രയേറെ സൗകര്യങ്ങള്‍ ഈ സംവിധാനത്തിലൂടെ നമുക്ക് പ്രാപ്യമായെങ്കിലും നിരവധി സാമൂഹിക, സംസ്‌കാരിക, വൈയക്തിക അപകടങ്ങളും അപചയങ്ങളും ഇവയിലൂടെ സംഭവിച്ചിട്ടുണ്ട് എന്നത് അനിഷേധ്യമാണ്. സാമൂഹിക സമ്പര്‍ക്കവും ഇടപെടലുകളും തീരെ കുറഞ്ഞുപോവുകയും ഫോണ്‍ അഡിക്ഷന്‍, ഡിപ്രഷന്‍, തുടങ്ങിയ മാനസിക രോഗങ്ങള്‍ വര്‍ദ്ധിക്കുകയും, സംസ്‌കാരിക അപചയങ്ങള്‍ കൂടുകയും ചെയ്തു. സാമൂഹിക സമ്പര്‍ക്കം കൂടുതല്‍ സജീവമായിരുന്ന കുടുംബങ്ങളില്‍ പോലും സോഷ്യല്‍ മീഡിയയുടെ അമിതോപയോഗവും കോവിഡിന്റെ വരവും സാമൂഹികാകലം വര്‍ദ്ധിപ്പിക്കുകയുണ്ടായി. സാമൂഹികാകലം വര്‍ദ്ധിച്ചത് വ്യക്തികളുടെ ആയുര്‍ദൈര്‍ഘ്യത്തെപ്പോലും കാര്യമായി ബാധിച്ചു എന്നാണ് പഠനങ്ങള്‍ പോലും തെളിയിക്കുന്നത്. 


2017 സെപ്തംബര്‍ 4ന് യൂട്യൂബില്‍ അപ്ലോഡ് ചെയ്യപ്പെട്ട, പ്രമുഖ സൈക്കോളജിസ്റ്റും എഴുത്തുകാരിയുമായ സൂസന്‍പിങ്കറിന്റെ  the secret to living longer may be your social life എന്ന തലക്കെട്ടിലുള്ള പ്രഭാഷണത്തില്‍ ഇടകലര്‍ന്നുള്ള സാമൂഹിക ജീവിതം മനുഷ്യായുസ്സ് വര്‍ദ്ധിക്കുന്നതിലെ പ്രധാന ഘടകമാണെന്ന് സ്ഥാപിക്കുന്നുണ്ട്. വികസിത രാജ്യങ്ങളില്‍ സ്ത്രീകള്‍ ആണുങ്ങളേക്കാള്‍ ശരാശരി ആറുമുതല്‍ എട്ടുവരെ കൂടുതല്‍ വര്‍ഷങ്ങള്‍ ജീവിക്കുന്നുവത്രെ. സ്ത്രീകള്‍ക്കിടയിലെ സാമൂഹിക ഇഴയടുപ്പമാണത്രെ അതിന്റെ കാരണം. എന്നാല്‍ മെഡിറ്ററേനിയനിലെ ഒരു ദ്വീപും ഇറ്റലിയുടെ ഭാഗവുമായ സര്‍ഡീനയയില്‍ മാത്രം സ്ത്രീകളുടെയത്ര ആയൂസ്സ് പുരുഷന്‍മാര്‍ക്കും ലഭിക്കുന്നുണ്ട്. മറ്റു രാഷ്ട്രങ്ങളിലെ നഗരങ്ങളിലും, ഗ്രാമങ്ങളിലുമുള്ളതിനേക്കാള്‍ കൂടുതല്‍ ഇടകലര്‍ന്ന സാമൂഹികജീവിതമാണത്രെ അവിടത്തെ സവിശേഷത. അവിടെയുള്ളവരെല്ലാവരും പരമാവധി നേരില്‍ കാണുകയും സമയം ചിലവഴിക്കുകയും ചെയ്യുന്നത് കാരണം അവിടെ നൂറ് വയസ്സിനു മുകളില്‍ പ്രായമുള്ള സ്ത്രീപുരുഷന്‍മാരുടെ എണ്ണം അമേരിക്കയിലുള്ളതിനേക്കാള്‍ പത്തിരട്ടിയും ഇറ്റാലിയന്‍ മെയിന്‍ലാന്‍ഡിലുള്ളതിനേക്കാള്‍ ആറിരട്ടിയുമാണ്. 

അമേരിക്കയിലെ ബ്രിഗാം യങ് യൂണിവേഴ്‌സിറ്റിയിലെ സൈക്കോളജിസ്റ്റ് ജൂലിയന്‍ ഹോള്‍ട് നടത്തിയ ഗവേഷണപഠനം സൂസന്‍പിങ്കര്‍ ഈ പ്രഭാഷണത്തില്‍ എടുത്തുദ്ധരിക്കുന്നുണ്ട്. മദ്ധ്യവയസ്സ് കഴിഞ്ഞ ലക്ഷക്കണക്കിനാളുകളുടെ, അവരുടെ ജീവിതാവസ്ഥകള്‍, ഭക്ഷണരീതി, വ്യായാമം, വിവാഹം മറ്റു സാമൂഹിക ഇടപെടലുകള്‍ എ്ല്ലാം രേഖപ്പെടുത്തിവെച്ചു. പിന്നീട് ഏഴ് വര്‍ഷത്തിന് ശേഷം അവരില്‍ ജീവിച്ചിരിക്കുന്നവരുടെ കണക്കെടുപ്പ് നടത്തി. മനുഷ്യായുസ്സ് വര്‍ദ്ധിപ്പിക്കുന്നതില്‍ പ്രതിഫലിക്കുന്ന പത്ത് ഘടകങ്ങളെ ക്രോഡീകരിക്കലായിരുന്നു ലക്ഷ്യം. അതില്‍ ഒന്നാം സ്ഥാനം സോഷ്യല്‍ ഇന്റഗ്രേഷന്‍ അഥവാ സമൂഹവുമായി ഇണങ്ങിച്ചേരലിനാണ്. നാം ആളുകളുമായി ഇടപെഴകുകയും, അവരുടെ കണ്ണില്‍ നോക്കി സംസാരിക്കുകയും ചെയ്യുകയെന്നത് നമുക്ക് ആസുസ്സ് വര്‍ദ്ധിക്കുന്നതിന്‍രെ പ്രധാന കാരണമാണ്. മെസഞ്ചറിലും വാട്ട്‌സാപ്പിലും ചാറ്റ് ചെയ്യുന്നത് ഒരിക്കലും കണ്ണുകളില്‍ നോക്കിയും തൊട്ടും മുട്ടിയും ഇടപെഴകുന്നതിനോട് തുല്യമല്ല എന്നാണ് ന്യൂറോസയന്‍സ് പറയുന്നത്. പരസ്പരം ഹസ്തദാനം ചെയ്ത് കണ്ണില്‍ നോക്കി സംസാരിക്കുമ്പോള്‍ നമ്മുടെ ശരീരത്തില്‍ അണപൊട്ടുന്ന ഓക്‌സിറ്റോസ് ലവ് ഹോര്‍മോണ്‍ സ്‌ക്രീനിലൂടെയുള്ള ചാറ്റിങ് വഴി ഉല്‍പ്പാദിപ്പിക്കപ്പെടുകയില്ല. 

ആ ഗവേഷണപ്രകാരം മനുഷ്യായുസ്സ് വര്‍ദ്ധിപ്പിക്കുന്ന രണ്ടാമത്തെ കാര്യം അടുത്ത ബന്ധങ്ങള്‍ കാത്തുസൂക്ഷിക്കുക എന്നതാണ്. നമുക്കെന്തെങ്കിലും പ്രതിസന്ധി വരുമ്പോള്‍ നമ്മെ സഹായിക്കാന്‍ എന്റെ വേണ്ടപ്പെട്ടവര്‍ എന്റെ കൂടെയുണ്ടാകും എന്ന ഫീലിംഗ് മനുഷ്യന് നല്‍കുന്ന സുരക്ഷിതത്വബോധം ചെറുതല്ല. അത് വഴി ആരോഗ്യമുള്ള മനസ്സിനുടമയായി ആരോഗ്യത്തോടെ ജീവിക്കാന്‍ മനുഷ്യന് സാധിക്കും. പണം ആവശ്യമായി വരുമ്പോള്‍ കടം തരാന്‍ തയ്യാറുള്ള ആളുകളുണ്ട് എന്ന പ്രതീക്ഷാവസ്ഥയാണ് ആ പണത്തേക്കാള്‍ പ്രധാനം. അസുഖം ബാധിച്ചാല്‍ ഹോസ്പിറ്റലിലേക്കെത്തിക്കാന്‍ വേണ്ടപ്പെട്ടവര്‍ എനിക്കുണ്ട് എന്നത് ഉചിതനേരത്ത് ഹോസ്പിറ്റലിലെത്തുന്നത് പോലെ സുപ്രധാനമാണ്. ഈ സാഹചര്യം നമുക്ക് നിലനിര്‍ത്തണമെങ്കില്‍ അടുത്തബന്ധങ്ങള്‍ നാം കാത്ത് സൂക്ഷിക്കുക തന്നെ വേണം. പുകവലി നിര്‍ത്തുക, മദ്യപാനനിയന്ത്രണം, വാക്‌സിനേഷന്‍, ഹൃദ്രോകചികിത്സ, വ്യായാമം, അമിതവണ്ണം നിയന്ത്രിക്കുക, ബി.പി ചികിത്സ, ശുദ്ധവായു എന്നിവയാണ് ആയുര്‍ദൈര്‍ഘ്യത്തെ ബാധിക്കുന്ന മറ്റു ഘടകങ്ങള്‍. ആയുസ് വര്‍ദ്ധനവില്‍ ശുദ്ധവായു പത്താം ഘടകം മാത്രമാകുമ്പോള്‍ സാമൂഹിക സമ്പര്‍ക്കം ഒന്നാം സ്ഥാനത്താണെന്ന് നാം ഗൗരവത്തില്‍ കാണണം. സാമൂഹിക മാധ്യമങ്ങള്‍ നല്‍കുന്ന നന്‍മകള്‍ക്കപ്പുറം അവയുടെ അമിതോപയോഗം വൈയക്തികാപചയത്തിനും സാമൂഹികാടിത്തറയിളകുന്നതിനും ഹേതുവാകുന്നത് നാം ശ്രദ്ധിച്ചേ മതിയാവൂ...


ഇന്റര്‍നെറ്റ്, സ്മാര്‍ട്ട്‌ഫോണ്‍, സോഷ്യല്‍മീഡിയ എന്നിവയെ വിശേഷിച്ച് അവയുടെ അമിതോപയോഗതത്തെ വിമര്‍ശിക്കുന്ന പുസ്തകങ്ങള്‍ നിരവധിയായി പ്രസിദ്ധീകരിക്കപ്പെട്ടിട്ടുണ്ട്. 2021ല്‍ ദി ന്യൂയോര്‍ക്ക് ടൈംസ് ബുക് റിവ്യൂവിന്റെ എഡിറ്ററും, സെലിബ്രിറ്റി പത്രപ്രവര്‍ത്തകയുമായ പമേല പോളിന്റെ 100 things we have lost to the internet(ഇന്റര്‍നെറ്റ് ഇല്ലാതാക്കിയ 100 കാര്യങ്ങള്‍). നമ്മുടെ പേഴ്‌സണല്‍ ജീവിതത്തില്‍ കഴിഞ്ഞ പത്തുവര്‍ഷത്തിനിടെ കാലക്രമേണ സംഭവിച്ച ഒരുപാട് കാര്യങ്ങളെക്കുറിച്ച്(മാറ്റങ്ങള്‍, കുറവുകള്‍) ഇതില്‍ സൂചിപ്പിക്കുന്നുണ്ട്. വന്‍നഷ്ടങ്ങളുണ്ടാക്കുന്ന ചെറിയ ചെറിയ കാര്യങ്ങളാണതില്‍ പ്രധാനമായിട്ടുള്ളത്. ഈ ലിസ്റ്റില്‍ പ്രഥമമായി അവര്‍ സൂചിപ്പിച്ചത് വിരസതയാണ്. പമേലയുടെ അഭിപ്രായത്തില്‍ വിരസത(ബോറടി) ഇല്ലാതായത് മനുഷ്യവര്‍ഗത്തിന് പ്രത്യേകിച്ച് ചെറിയ കുട്ടികള്‍ക്ക് വലിയ നഷ്ടമാണെന്നാണ്. 'കുറച്ച് ബോറടിയൊക്കെ നല്ലതായിരുന്നു. മാത്രവുമല്ല അത്യാവശ്യം പ്രോത്സാഹിപ്പിക്കേണ്ടതുമായിരുന്നു. വിരസതയില്‍ നിന്നാണ് കുട്ടികള്‍ ഭാവനയുള്ളവരായിത്തീര്‍ന്നിരുന്നത്' പമേല എഴുതുകയാണ്. ബോറടി അതാര്‍ക്കും ഇഷ്ടമല്ല. പക്ഷെ ഇന്‍പുട്ടൊന്നും ഉള്ളിലേക്ക് വരാതെ ബോറടിക്കുമ്പോഴാണ് നമ്മള്‍ ക്രിയേറ്റീവാകുന്നത്, ഔട്ട്പുട്ടുണ്ടാക്കുന്നത്. എന്നാല്‍ ഇ്‌പ്പോള്‍ സ്ഥിതിയാകെ മാറിയിട്ടുണ്ട്. നമുക്ക് എല്ലാ വിവരങ്ങളും വിനോദങ്ങളും എപ്പോഴും ലഭ്യമാണ്. എന്നല്ല അവ ഇടതടവില്ലാതെ അങ്ങനെ വന്നുകൊണ്ടേയിരിക്കുന്നു. പുതുതൊന്ന് സൃഷ്ടിക്കാനുള്ള ഒരു ഇടം പോലുമില്ലാതെ അത് നമ്മില്‍ വന്ന് നിറയുന്നു. 

ജീവിതയാത്രയില്‍ കണ്ടുമുട്ടുന്ന അപരിചിതരോട് മിണ്ടുന്നതും, പരിചയപ്പെടുന്നതും ഇല്ലാതെയായിരിക്കുന്നു. സ്‌ക്രീനുകളില്‍ നിന്ന് കണ്ണെടുത്ത് ഒന്ന് പുറത്തേക്ക് നോക്കുന്നുപോലുമില്ല. ആരുടേയും ഫോണ്‍ നമ്പറുകള്‍ ഓര്‍ത്തുവെക്കുന്നില്ല. ഒരുമിച്ചിരുന്ന് വര്‍ത്തമാനം പറഞ്ഞ് ഭക്ഷണം കഴിക്കുന്ന സാഹചര്യങ്ങള്‍ നന്നേ കുറഞ്ഞു. ഏകാന്തത എന്തെന്ന് പോലും മനുഷ്യന്‍ മറന്നുപോയി. നമ്മുടെ കോണ്‍സന്‍ട്രേഷണ്‍ പവര്‍ വളരെ കുറഞ്ഞുപോയി. ഒരു കാര്യത്തിലും അല്‍പം ദീര്‍ഘമായി ശ്രദ്ധകേന്ദ്രീകരിക്കാന്‍ മനുഷ്യന് സാധ്യമല്ലാതായി. ഭാഷയുടെ സ്‌പെല്ലിങ്ങ് പിഴവുകള്‍ പ്രശ്‌നമേയല്ലാതായി. ഒഴിവുദിനം എന്നത് തന്നെ മനുഷ്യ ജീവിതത്തില്‍ ഇല്ലാതെയായി. പമേല പറയുന്ന ഈ നഷ്ടങ്ങള്‍ ഒറ്റനോട്ടത്തില്‍ നിസ്സാരമായിത്തോന്നാമെങ്കിലും, സസൂക്ഷ്മം വിലയിരുത്തുമ്പോള്‍ അവ നമ്മുടെ ജീവിതത്തില്‍ വരുത്തുന്ന വിടവ് അപരിഹാര്യമാണെന്നതില്‍ തര്‍ക്കമേയില്ല.

ഉത്തരവാദിത്വവും ജീവിത ദൗത്യവും എന്തെന്ന് ബോധമില്ലാതെ നിരന്തരം സ്മാര്‍ട്ട് ഫോണുകളില്‍ സമയം നഷ്ടപ്പെടുത്തുകയെന്ന ദുശീലമാണ് ഇന്ന് പുതുതലമുറയുടെ വലിയ ശാപം. ഒരു സാധാരണ മലയാളി ചുരുങ്ങിയത് അഞ്ചാറു വാട്‌സാപ്പ് ഗ്രൂപ്പുകളിലെങ്കിലും അംഗമായിരിക്കും. കൗമാരവും യൗവനവും നൂറ് കണക്കിന് ഗ്രൂപ്പുകളിലുണ്ടായിരിക്കും. പ്രായം ചെന്നവര്‍ പോലും ഇപ്പോള്‍ സമയം കളയുന്നത് ഈ ഗ്രൂപ്പുകളിലൂടെയാണ്. ഈയിടെ വന്ന ഒരു മെസേജ് ഇക്കാര്യം നമ്മെ ബോധ്യപ്പെടുത്തും; ''നിലവില്‍ നൂറ് കണക്കിന് ഗ്രൂപ്പുകളില്‍ അംഗമാണ്. ഒരു ഗ്രൂപ്പില്‍ ഒരു മെസേജ് വന്നാല്‍ ബാക്കി എല്ലാ ഗ്രൂപ്പുകളിലേക്കും അത് ഫോര്‍വേര്‍ഡ് ചെയ്യണം. അതാണ് ഇപ്പോഴത്തെ പ്രധാനജോലി''.

ഉഭപോക്താവ് തന്നെ എഡിറ്ററും റിപ്പോര്‍ട്ടറും പബ്ലിഷറും ആയ സാമൂഹിക മാധ്യമങ്ങള്‍ ഏറെ ജാഗ്രതയോടെയാണ് നാം ഉപയോഗിക്കേണ്ടത്. കിട്ടുന്നതെന്തും ഷെയര്‍ ചെയ്യുന്ന സ്വഭാവം ഒരിക്കലും ഉണ്ടാവാന്‍ പാടില്ല. നമുക്ക് കിട്ടിയ സന്ദേശം, വീഡിയോ, ഫോട്ടോ സത്യസന്ധമാണെന്നും ആധികാരികമാണെന്നും കൃത്യത വരുത്തിയ ശേഷം മാത്രമേ നാം അത് ഷെയര്‍ ചെയ്യാവൂ. സത്യവിശ്വാസികളേ, എന്തെങ്കിലും വൃത്താന്തവുമായി ഒരു അധര്‍മകാരി നിങ്ങളെ സമീപിച്ചാല്‍ സ്പഷ്ടമായി അന്വേഷിച്ചറിയണം. അറിയാതെ ഏതെങ്കിലുമൊരു കൂട്ടര്‍ക്ക് നിങ്ങള്‍ അപകടം വരുത്തുകയും തുടര്‍ന്ന് അതിന്റെ പേരില്‍ ദുഖിക്കുകയും ചെയ്യാതിരിക്കാനാണിത് (സൂറതുല്‍ഹുജുറാത് 6) എന്ന ഖുര്‍ആനിക സൂക്തം ഇതാണല്ലോ നമ്മെ ബോധ്യപ്പെടുത്തുന്നത്. വാട്‌സാപ്പ് ഗ്രൂപ്പുകളിലും മറ്റും നടക്കുന്ന ചര്‍ച്ചകളില്‍ പരിഹാസം, കുത്തുവാക്കുകള്‍, ഇഷ്ടമില്ലാത്ത ഇരട്ടപ്പേരുകള്‍, ഏഷണി, പരദൂഷണം തുടങ്ങിയ കാര്യങ്ങള്‍ നിര്‍ബന്ധപൂര്‍വ്വം ഒഴിവാക്കണം. ഖുര്‍ആന്‍ തന്നെ പറയട്ടെ; സത്യവിശ്വാസികളേ, ഒരു ജനത മറ്റൊരു ജനതയെ പരിഹസിക്കരുത്. അവര്‍ അവരേക്കാള്‍ ശ്രേഷ്ഠരായേക്കാം.  ഒരു വനിതാവിഭാഗം മറ്റൊരു വനിതാവിഭാഗത്തേയും കളിയാക്കരുത്. അവര്‍ ഇവരേക്കാള്‍ ഉദാത്തരായേക്കാം. നിങ്ങള്‍ പരസ്പരം കുത്തുവാക്കുകള്‍ പറയാനും പരിഹാസപ്പേരുകള്‍ വിളിച്ച് അപമാനിക്കാനും പാടില്ല. വിശ്വാസികളായിക്കഴിഞ്ഞാല്‍ പിന്നെ ചീത്തപ്പേര് വിളിക്കല്‍ ഹീനം തന്നെ. ഇങ്ങനെ എന്തെങ്കിലും ചെയ്തിട്ടുണ്ടെങ്കില്‍ പശ്ചാത്തപിക്കാത്തവര്‍ അതിക്രമകാരികള്‍ തന്നെ(അല്‍ഹുജുറാത് 11). മഹാനായ അബൂമന്‍സൂരില്‍ മാതുരീദിയുടെ ശിഷ്യന്‍ അബുല്‍ഖാസിമിസ്സമര്‍ഖന്ദി(റ) പറയുന്നു: മൂന്ന് വിഭാഗങ്ങളില്‍ നിന്നാണ് എല്ലാ ഫിത്‌നകളും ഉത്ഭവിക്കുന്നത്. വാര്‍ത്തകള്‍ പറയുന്നവര്‍(ഫെയ്ക് ന്യൂസുകള്‍ ഉണ്ടാക്കുന്നവര്‍ ഉദാഹരണം), വാര്‍ത്തകള്‍ തേടിനടക്കുന്നവര്‍(കിട്ടിയതെല്ലാം വാര്‍ത്തയാക്കി അവതരിപ്പിക്കുന്നവര്‍), വാര്‍ത്തകള്‍ കിട്ടിയവര്‍(അവരത് കണ്ണടച്ച് വിശ്വസിച്ച് പ്രചരിപ്പിക്കുന്നു). ഇവരാരും ആക്ഷേപത്തില്‍ നിന്ന് മുക്തരല്ല. 

സോഷ്യല്‍ മീഡിയാ കാലത്ത് സംഭവിക്കുന്ന വലിയ ചതിയാണ് മറ്റുള്ളവരുടെ സ്വകാര്യതയിലേക്കുള്ള ഒളിഞ്ഞുനോട്ടം. വിശ്വാസിയെ സംബന്ധിച്ചെടത്തോളം ഏറ്റവും വലിയ കുറ്റമാണിത്. ഏതൊരു മനുഷ്യന്റെയും ആത്മാഭിമാനത്തിന് വലിയ വിലയാണ് മതം കല്‍പ്പിക്കുന്നത്. മറ്റുള്ളവരുടെ വീഴ്ചകള്‍ സാമൂഹിക മാധ്യമങ്ങളിലൂടെ ആഘോഷിക്കുന്ന പ്രവണതയും നാം ഒഴിവാക്കിയേ തീരൂ. ഉപകാരമില്ലാത്ത കമന്റുകളും പോസ്റ്റുകളും ഒഴിവാക്കലാണ് മറ്റൊരു പ്രധാന കാര്യം. അനാവശ്യകാര്യങ്ങളില്‍ നിന്ന് വിട്ടുനില്‍ക്കല്‍ വിശ്വാസപൂര്‍ത്തീകരണത്തിന്റെ പ്രധാന അടയാളമാണ്. വിലപ്പെട്ട സമയം അനാവശ്യങ്ങളില്‍ ചിലവഴിക്കുന്നത് അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍ക്ക് കൃതഗ്നത ചെയ്യലാണ്. നമുക്കും നമ്മുടെ സൗഹൃദവലയങ്ങളിലുള്ളവര്‍ക്കും ഉപകാരപ്പെടുന്ന, നന്‍മയിലേക്ക് വഴിനടത്തുന്ന കാര്യങ്ങള്‍ മാത്രം ഷെയര്‍ ചെയ്യുക. നന്‍മ കാണിച്ചു കൊടുക്കുന്നവന് അതനുസരിച്ച് പ്രവര്‍ത്തിക്കുന്നവന്റെ പ്രതിഫലവും ലഭിക്കുമെന്നാണല്ലോ തിരുവചനം. സോഷ്യല്‍ മീഡിയാ ഉപയോഗത്തില്‍ മുന്‍ഗണനാക്രമം പാലിക്കുകയും ശീലിക്കുകയും ചെയ്യലാണ് അനിവാര്യമായ മറ്റൊരു കാര്യം. 

ഫെയ്‌സ്ബുക്ക്, എക്‌സ്(ട്വിറ്റര്‍), ഇന്‍സ്റ്റഗ്രാം തുടങ്ങി സര്‍വ്വരും ഉപയോഗിക്കുന്ന സാമൂഹ്യ മാധ്യമങ്ങളില്‍ തന്നെ ഒരുപാട് വിജ്ഞാനങ്ങളും കൗതുകങ്ങളും പകര്‍ന്നു തുരുന്ന നിരവധി എക്കൗണ്ടുകള്‍ നമുക്ക് കാണാന്‍ കഴിയും. അനാവശ്യവും, കുറ്റകരവുമായ വാര്‍ത്തകളും, ചാനലുകലും, കോമഡികളും കണ്ട് സമയം വിനഷ്ടമാക്കാതെ അറിവ് സമ്മാനിക്കുന്ന എക്കൗണ്ടുകളിലൂടെ നമ്മെ ഊര്‍ജിതമാക്കാന്‍ നാം ശ്രമിക്കണം. നാം നിരന്തരം കാണുകയും സെര്‍ച്ച് ചെയ്യുകയും ചെയ്യുന്ന കാര്യങ്ങള്‍ക്കനുസൃതമായി നമ്മുടെ ആല്‍ഗോരിതം മാറുകയും തത്ഫലമായി നമ്മുടെ ഫീഡില്‍ സമാനവിഷയങ്ങള്‍ വന്നുകൊണ്ടേയിരിക്കുകയും ചെയ്യും. നാം ഒരു പുതിയ ഫോണ്‍ വാങ്ങുവാന്‍ ഉദ്ദേശിക്കുകയും അതേകുറിച്ച് ചര്‍ച്ച ചെയ്യുകയും ചെയ്യുന്നത് മനസ്സിലാക്കി, നാം സോഷ്യല്‍ മീഡിയകളുപയോഗിക്കുന്ന ഘട്ടത്തില്‍ നമ്മുടെ മുന്നിലേക്ക് വിവിധ ഫോണുകളുടെ പരസ്യങ്ങള്‍ കൊണ്ട് വന്ന് നിറക്കാന്‍ മാത്രം സോഷ്യല്‍ മീഡിയകളുടെ സെന്‍സറിംഗ് സിസ്റ്റം സ്മാര്‍ട്ടാണ്. 

മണിക്കൂറുകളോളം റീലുകള്‍ കണ്ടിരിക്കുന്ന ആളുകളെ നമുക്ക് കാണാന്‍ കഴിയും. ഇതിന്റെ അപകടം മനസ്സിലാക്കി സ്മാര്‍ട്ട് ഫോണുകള്‍ തീരെ ഉപയോഗിക്കാത്ത, മൊബൈല്‍ ഫോണ്‍ തന്നെ ഉപയോഗിക്കാത്ത പല പ്രമുഖരും സെലിബ്രിറ്റികളും ഉണ്ട്. യൂട്യൂബില്‍ കോടിക്കണക്കിന് കാഴ്ചക്കാറുള്ള പ്രമുഖ പോപ് ഗായകനാണ് എഡ്ഷീരന്‍. 2017ല്‍ അപ്ലോഡ് ചെയ്ത ഷേപ് ഓഫ് യൂ എന്ന ഗാനമാണ് അദ്ദേഹത്തെ കള്‍ട്ട് ഫിഗറാക്കിയത്. 612കോടിയലധികമാണ് ഈ കുറിപ്പെഴുത്ത് ദിവസം അതിന്റെ വ്യൂവേഴ്‌സ്. 5.38 കോടിയാളുകള്‍ അദ്ദേഹത്തിന്റെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബേഴ്‌സ് ആണ്. എന്നാല്‍ കഴിഞ്ഞ എട്ട് വര്‍ഷമായി താന്‍ സ്മാര്‍ട്ട് ഫോണ്‍ ഉപയോഗിക്കുന്നില്ലെന്ന് ഷീരന്‍ പറഞ്ഞ പോഡ്കാസ്റ്റിനെ ഇമോഷണല്‍ ഇന്റലിജന്‍സിന്റെ മികച്ച ഉദാഹരണമായി പ്രസിദ്ധ inc. മാഗസിന്‍ ഉയര്‍ത്തിക്കാട്ടുകയുണ്ടായി. സ്മാര്‍ട്ട് ഫോണ്‍ തന്നെ പരവശനും ദുഖിതനുമാക്കിയെന്നാണ് ഷീരന്‍ പറയുന്നത്. മനുഷ്യന്‍ സ്വതന്ത്രനായി ജനിക്കുന്നു എന്നാല്‍ എല്ലായിടത്തും അവന്‍ ചങ്ങലക്കെട്ടുകളിലായിരിക്കുന്നു എന്ന് പറഞ്ഞത് റൂസ്സോ.എന്നാല്‍ മനുഷ്യന്‍ സ്വതന്ത്രനായി ജനിക്കുന്നു, എന്നാല്‍ എല്ലായിടത്തും അവനെ മൊബൈല്‍ ഫോണില്‍ കെട്ടിയിട്ടിരിക്കുന്നു എന്ന് ആര്‍്ട്ടിഫിഷ്യന്‍ ഇന്റലിജന്‍സിന്റെ കാലം നമ്മെ ബോധ്യപ്പെടുത്തുന്നു. 

ഉപകാരമേറെയുള്ള സോഷ്യല്‍ മീഡിയ, വകതിരിവും ജാഗ്രതയുമില്ലെങ്കില്‍ ഉപദ്രവമേറെ വരുത്തിവെക്കുമെന്നതില്‍ സംശയമേ ഇല്ല. ആവശ്യവും ആത്യാവശ്യവും അനാവശ്യവും വേര്‍തിരിച്ച് മനസ്സിലാക്കി അത്യാവശ്യത്തിന് മാത്രം മുന്‍ഗണനാക്രമത്തില്‍ കൃത്യമായ സമയപരിധി വെച്ച് ഉപയോഗിക്കുക മാത്രമേ പരിഹാരമുള്ളൂ. 


Post a Comment

Previous Post Next Post