ഹിജ്‌റ വര്‍ഷാരംഭത്തില്‍ തന്നെ ഇസ്‌ലാമിക വെളിച്ചം നേടിയ നമ്മുടെ കൊച്ചു കേരളം വൈജ്ഞാനിക നഭോ മണ്ഡലങ്ങളില്‍ അമൂല്യവും അതുല്യവുമായ നിരധി സംഭാവനകളര്‍പ്പിച്ചിട്ടുണ്ട്. തഫ്‌സീര്‍, ഹദീസ്, കര്‍മ്മശാസ്ത്രം, ചരിത്രം, നിദാന ശാസ്ത്രങ്ങള്‍, തര്‍ക്കശാസ്ത്രം തുടങ്ങി നിരവധി മേഖലകളില്‍ അവഗാഹം നേടിയവരും ഗ്രന്ഥരചന നടത്തിയവരും കേരളീയരിലുണ്ട്. ഇസ്‌ലാമീക വിജ്ഞാനീയങ്ങളുടെ മൂല ഭാഷയായ അറബിയില്‍ വിരചിതമായ ഗ്രന്ഥങ്ങള്‍ വിരളമാണെങ്കിലും കാലങ്ങളോളം പ്രചുരപ്രചാരത്തിലുണ്ടായിരുന്ന അറബിമലയാളത്തിലും മാതൃഭാഷയായ മലയാളത്തിലും നിരവധി ഗ്രന്ഥങ്ങള്‍ നമുക്ക് കാണാവുന്നതാണ്. ഇസ്‌ലാമിന്റെ അടിസ്ഥാന പ്രമാണങ്ങളായ വിശുദ്ധ ഖുര്‍ആനും ഹദീസും അടിസ്ഥാനപ്പെടുത്തി വിരചിതമായ കേരളീയ കൃതികളെ നമുക്കൊന്ന് പരിചയപ്പെടാം. 

ഖുര്‍ആന്‍ പാരായണ ശാസ്ത്രം, ഖുര്‍ആന്‍ വ്യാഖ്യാനം, ഖുര്‍ആന്‍ പരിഭാശ തുടങ്ങി ഖുര്‍ആനുമായി ബന്ധപ്പെട്ട നിരവധി  പഠനങ്ങളും രചനകളും നടന്നിട്ടുണ്ട്.കേരളീയ പണ്ഡിതര്‍ക്കിടയില്‍ ഉടലെടുത്ത ചില തര്‍ക്കങ്ങളാണ് പല ഗ്രന്ഥങ്ങളുടേയും രചനാ പശ്ചാതലമെന്ന് ചരിത്രത്തില്‍ നിന്ന് വ്യക്തമാകുന്നു. വിരചിതമായ ഗ്രന്ഥങ്ങളില്‍ എത്രയോ കൃതികള്‍ പ്രസിദ്ധീകരിക്കപ്പെടാതെ പോയി എന്നത് ഈ മേഖലയില്‍ സംഭവിച്ച ഏറ്റവും വലിയ അപാകതയായി നമുക്ക് മനസ്സിലാക്കാം. അത് കാരണം നിരവധി അമൂല്യ കൃതികളുടെ കയ്യെഴുത്ത് പ്രതികള്‍ പോലും ഇന്ന് ലഭ്യമല്ല. ലഭ്യമായവയില്‍ തന്നെ ഉപയോഗയോഗ്യമല്ലാത്തവയും ധാരാളം കാണാം. ഈ കൃതികളുടെ വീണ്ടെടുപ്പിന് വേണ്ട പ്രവര്‍ത്തനങ്ങള്‍ നമ്മുടെ ഭാഗത്ത് നിന്നുണ്ടാകേണ്ടത് അത്യാവശ്യമാണെന്നതില്‍ സന്ദേഹമില്ല. 

തജ്‌വീദ്

ഖുര്‍ആന്‍ പാരായണശാസ്ത്രവുമായി ബന്ധപ്പെട്ട വിഷയങ്ങളാണ് തജ്‌വീദ് കൃതികളിലെ പ്രതിപാദ്യം. ഈ മേഖലയില്‍ കേരളീയ പണ്ഡിതരുടെ സംഭാവനകള്‍ ധാരാളമുണ്ട്. 

ഖസീദതുന്‍ ഫീ മവാനിഇല്‍ ഔഖാഫ്

കോഴിക്കോട് ഖാളിയായിരുന്ന അബൂബക്ര്‍ബ്‌നു മുഹ്‌യിദ്ദീന്‍ (അബൂബക്കര്‍ കുഞ്ഞി)എന്ന പണ്ഡിതനാണ് ഇതിന്റെ കര്‍ത്താവ്. പ്രഗത്ഭ അറബി ഭാഷാ പണ്ഡിതനായ ഇദ്ധേഹത്തിന്റെ കാലത്താണ് കോഴിക്കോട് മുസ്‌ലിംകള്‍ രണ്ടു ഖാദിമാരുടെ കീഴില്‍ ഭിന്നിച്ചത്. ഖുര്‍ആനില്‍ വഖ്ഫ്(വിരാമം) അനുവദനീയമല്ലാത്ത സ്ഥലങ്ങളാണ് ഇതിലെ പ്രതിപാദ്യ വിഷയം. 1301ല്‍ അന്തരിച്ച ഇദ്ദേഹം കീമിയാഉസ്സആദ ഫിസ്സ്വലാത്തി അലര്‍റസൂലില്‍ അക്‌റം, തന്‍ബീഹുല്‍ ഇഖ്‌വാന്‍ ഫീ അഹ്‌വാലിസ്സമാന്‍, സബദുല്‍ മഫാഖിര്‍ ഫീ മനാഖിബിശൈഖി അബ്ദില്‍ ഖാദിര്‍, മര്‍ഥിയതുന്‍ അലല്‍ഖാദീ മുഹ്‌യിദ്ദീന്‍ തുടങ്ങിയ ഗ്രന്ഥങ്ങളുടെ രചയിതാവ് കൂടിയാണ്.

തജ്‌വീദുല്‍ഖുര്‍ആന്‍

 ഖുര്‍ആന്‍ പാരായണ നിയമങ്ങള്‍ കവിതാരൂപത്തില്‍ ക്രോഢീകരിക്കപ്പെട്ട ഈ ഗ്രന്ഥം മലപ്പുറം ജില്ലയിലെ അണ്ടത്തോട് സ്വദേശി കുളങ്ങര വീട്ടില്‍ മൊയ്തു മുസ്‌ല്യാര്‍(ഹി: 1275-1340) രചിച്ചതാണ്.ശുജാഇ മൊയ്തു മുസ്‌ല്യാര്‍ എന്നറിയപ്പെടുന്ന ഇദ്ധേഹം നിരവധി കൃതികളുടെ കര്‍ത്താവാണ്. ഫത്ഹുല്‍ഫത്താഹ്(നബിചരിത്രം), ഫൈദുല്‍ഫയ്യാള്(നബി മുതല്‍ തുര്‍ക്കി ഖിലാഫത് വരെയുള്ള ചരിത്രം) എന്നിവ അവയില്‍ പ്രധാനപ്പെട്ടവയാണ്.

അര്‍റിസാലതുല്‍ഗര്‍റാഅ് ഫീ ഹില്‍യതില്‍ ഖുര്‍റാഅ്

മലപ്പുറം ജില്ലയിലെ കുഴിപ്പുറം സ്വദേശി മൗലവി കുഞ്ഞീന്ബ്‌നു മരക്കാരാണിത്(വഫാത് ഹി1394) രചിച്ചത്. ഖുര്‍ആന്‍ എഴുതുകയും മുദ്രണം നടത്തുകയും ചെയ്യുമ്പോള്‍ പാലിക്കേണ്ട മര്യദകള്‍ പറയുന്ന ഈ രചന ഹി: 1360ല്‍ പ്രസിദ്ധീകൃതമായി. പാരായണ നിയമങ്ങള്‍ പ്രതിപാദിക്കുന്നിടത്ത് അക്ഷരങ്ങളുടെ ഉത്ഭവസ്ഥാനവും അവ ഉച്ചരിക്കേണ്ട ശരിയായ രീതിയും അതില്‍ ഉള്‍കൊള്ളിച്ചിട്ടുണ്ട്. 

അന്നിബ്‌റാസു ലിമന്‍ വഖഅ ഫീ ളുല്‍മതിത്തര്‍ഖീഖ് 

മൗലവി കുഞ്ഞീനുബ്‌നു മരക്കാര്‍ എന്ന പണ്ഡിതന്‍ പരപ്പനങ്ങാടിയില്‍ മുദരിസ്സായിരിക്കെ ഹി:1376/1956ലാണീ ഈ കൃതി രചിച്ചത്. അല്ലാഹു എന്ന പദം ഉച്ചരിക്കുമ്പോള്‍ അതിലെ ലാം എന്ന അക്ഷരം തഫ്ഖീമും(ഘനീഭവിപ്പിക്കുക) തര്‍ഖീഖും(ലഘൂകരിക്കുക) ചെയ്യുന്നത് സംബന്ധിച്ച വിശകലനമാണ് പ്രതിപാദ്യ വിഷയം. കേരളത്തില്‍ ഒരുപാട് തര്‍ക്കവിതര്‍ക്കങ്ങള്‍ക്ക് വിധേയമായ ഈ വിഷയം ജനങ്ങളെ രണ്ട് ചേരിയിലാക്കി.ഒരു റമദാനില്‍ തിരുവനന്തപുരത്തേക്കുള്ള യാത്രയില്‍ അല്ലാഹു എന്ന പദത്തിലെ ലാമ് തഫ്ഖീം ചെയ്യാതെ ഉച്ചരിക്കുന്ന ഒരു വിഭാഗം മുസ്‌ലിംകള്‍ അവിടെയുണ്ടെന്ന് മനസ്സിലാക്കിയ ഇദ്ധേഹം ഈ വിഷയത്തില്‍ ഗ്രന്ഥ രചന നടത്തുകയായിരുന്നു.  നബി(സ) തഫ്ഖീമോടുകൂടിയല്ലാതെ പ്രസ്തുത ലാമ് ഉച്ചരിച്ചിട്ടില്ലയെന്ന് ഇബ്‌നുജരീരി(റ)നെ ഉദ്ധരിച്ച് അദ്ധേഹം വിശദീകരിക്കുന്നുണ്ട്. തഫ്ഖീമോട് കൂടെയുള്ള ഉച്ചാരണത്തിന് മറ്റേതെങ്കിലും സ്വരത്തോടു സാദൃശ്യം ഉണ്ടാകുന്നത് പ്രശ്‌നമാക്കേണ്ടതില്ലെന്ന് പറഞ്ഞ് ഈ ചര്‍ച്ച ഉപസംഹരിക്കുന്ന അദ്ധേഹം ഇത്തരം നിസ്സാര കാര്യത്തില്‍ കലഹിക്കരുതെന്ന് മലബാറിലെ മുസ്‌ലിം ബഹുജനങ്ങളെ ഉപദേശിക്കുന്നുണ്ട്.

തഫ്‌സീര്‍(ഖുര്‍ആന്‍ വ്യാഖ്യാനം)

വിശുദ്ധ ഖുര്‍ആന് നിരവധി മലയാള പരിഭാഷകള്‍ രചിച്ച കേരളീയ പണ്ഡിതര്‍ തഫ്‌സീര്‍ മേഖലയില്‍ തീരെ സംഭാവനകള്‍ അര്‍പ്പിച്ചിരുന്നില്ല. പുരാതനകാല പണ്ഡിതര്‍ രചിച്ച തഫ്‌സീറുകളില്‍ അവഗാഹം നേടിയ നിരവധി പണ്ഡിതര്‍ കേരളക്കരയില്‍ ജീവിച്ചു പോയെങ്കിലും ആ മേഖലയിലേക്ക് ആരും ശ്രദ്ധ പതിപ്പിച്ചില്ലയെന്നത് വളരെ  ദു:ഖകരം തന്നെ. നിരവധി ഫന്നുകളില്‍ അറബിയില്‍ തന്നെ നിരവധി സംഭാവനകള്‍ നല്‍കിയ മലയാളീ പണ്ഡിതര്‍ തഫ്‌സീര്‍ മേഖല ശ്രദ്ധിക്കാതെ പോയതെന്തുകെണണ്ടെന്ന് മനസ്സിലാകുന്നില്ല. കാലങ്ങളോളം നിലനിന്നിരുന്ന ഈ വിടവ് നികത്തുന്ന ചില ചുവടുവെപ്പുകള്‍ ചിലരില്‍ നിന്നുണ്ടായി എന്നത് ആശ്വാസത്തിന് വക നല്‍കുന്നുണ്ട്.

അലാ ഹാമിശിത്തഫാസീര്‍

പാനൂര്‍ തങ്ങളെന്ന് പ്രസിദ്ധനായ സയ്യിദ് ഇസ്മാഈല്‍ ശിഹാബുദ്ധീന്‍ ഇമ്പിച്ചിക്കോയ തങ്ങളാണ് ഈ ഗ്രന്ഥം ലോകത്തിന് സമര്‍പ്പിച്ചത്. മലയാളി രചിച്ച ആദ്യത്തെ സമ്പൂര്‍ണ്ണ അറബി തഫ്‌സീറായ ഈ രചന ശൈലി കൊണ്ടും ആശയ സമ്പുഷ്ടി കൊണ്ടും തീര്‍ത്തും വ്യതിരക്തമാണ്. ഹുസൈന്‍ കോയമ്മത്തങ്ങളുടേയും കുഞ്ഞിബീവിയുടേയും മകനായി 1936ല്‍ തളങ്കരയിലാണ് സയ്യിദ് ഇസ്മാഈല്‍ ശിഹാബുദ്ധീന്‍ തങ്ങള്‍ ജനിക്കുന്നത്. കാസര്‍കോഡ് ഖാളിയായിരുന്ന അബ്ദുറഹിമാന്‍ മുസ്‌ല്യാര്‍, ശംസുല്‍ ഉലമ, ഉള്ളാള്‍ തങ്ങള്‍ എന്നിവരാണ് പ്രധാന ഗുരുനാഥര്‍. 1957ല്‍ ദാറുല്‍ ഉലൂം ദയൂബന്ദില്‍ പഠിക്കുകയും ഗ്രന്ഥ പഠനത്തോടൊപ്പം ഉര്‍ദു ഭാഷയില്‍ അവഗാഹം നേടുകയും ചെയ്തു. കേരളത്തിലെ നിരവധി സ്ഥലങ്ങളില്‍ മുദരിസായി സേവനമനുഷ്ടിച്ച അദ്ധേഹം 1974ല്‍ പാനൂര്‍ തങ്ങള്‍ പീടികയിലെ മുഹ്‌യിദ്ദീന്‍ ജുമാ മസ്ജിദ് കാമ്പസില്‍ അല്‍ മദ്‌റസതുസ്സഹ്‌റ ഇസ്‌ലാമിക് ആര്‍ട്‌സ് ആന്റ് സയന്‍സ്  കോളേജ് സ്ഥാപിച്ചു. ഈ സ്ഥാപനമാണ് പിന്നീട് അല്‍ജാമിഅതുസ്സഹ്‌റ എന്ന പേരിലറിയപ്പെട്ടത്. 

അപാര ചിന്താ ശക്തിയും അഗാധ ജ്ഞാനവും കൈമുതലാക്കിയ തങ്ങള്‍ നിരവധി ശാഖകളില്‍ രചന നടത്തിയിട്ടുണ്ട്. അദബുല്‍ മുസ്‌ലിം ഫീ മന്‍ഹജില്‍ ഇസ്‌ലാം, സ്വഫ്‌വതുല്‍ കലാം ഫീ അഖീദതില്‍ ഇസ്‌ലാം(വിശ്വാസശാസ്ത്രം), അല്‍ മന്‍ത്വിഖ് ഫീ ശര്‍ഹിത്തഹ്ദീബ്(തര്‍ക്കശാസ്ത്രം), ശര്‍ഹുല്‍ അഖാഇദിന്റെ വിശദീകരണമായ അല്‍കലാം ഫീ ശര്‍ഹില്‍ അഖാഇദിന്നസഫിയ്യ, നിഖാതുന്‍ മിന്‍ താരീഖില്‍ ഇസ്‌ലാം(ചരിത്രം), അല്‍ മിര്‍ഖാത് ഫീ അഖീദതില്‍ മുസ്‌ലിം, അന്നിബ്‌റാസ് ഫില്‍ മസ്‌ലകില്‍ ഫിഖ്ഹിശ്ശാഫിഈ, അല്‍ മദാരിജ് ഫീ തഖ്‌രീരില്‍ ഗായതി വത്തഖ്‌രീബ് എന്നിവയാണ് പ്രധാന രചനകള്‍. 

അലാഹാമിശിത്തഫാസീര്‍ തഅ്‌ലീഖാതുന്‍ അലാ തഫ്‌സീരില്‍ ജലാലൈന്‍ എന്നാണ് നാം ചര്‍ച്ച ചെയ്യുന്ന കൃതിയുടെ സമ്പൂര്‍ണ്ണ നാമം. ഗഹനമായ വിശകലനവും പാരമ്പര്യ ഗ്രന്ഥ ശൈലിയും ആധുനിക അറബി സാഹിത്യവും സമ്മിശ്രമാക്കിയുള്ള ആകര്‍ഷണീയമായ അവതരണവും, ശാസ്ത്രീയ ആനുകാലിക വിഷയങ്ങളെ ഉള്‍കൊള്ളിച്ചുള്ള വിശദീകരണവും ഈ ഗ്രന്ഥത്തിന് മാറ്റു കൂട്ടുന്നു. ഇമാം ത്വബ്‌രിയുടെ ജാമിഉല്‍ ബയാന്‍ മുതല്‍ ശൈഖ് ത്വന്‍ത്വാവിയുടെ തഫ്‌സീറുല്‍ജവാഹിര്‍ അടക്കം പതിനെട്ടോളം തഫ്‌സീറുകളും മറ്റു നിരവധി പഠനഗ്രന്ഥങ്ങളും അവലംബിച്ച് ഒമ്പത് വര്‍ഷം (ഹി:14191428,ക്രി:1998-2007) കൊണ്ടാണ് ഏഴു വാള്യങ്ങളിലായി ഈ ഗ്രന്ഥം അദ്ധേഹം തയ്യാറാക്കിയത്. 

തഫ്‌സീറുകള്‍ ധാരാളമുണ്ടെങ്കിലും അവയില്‍ വളരെ സംക്ഷിപ്തവും എന്നാല്‍ സുഗ്രാഹ്യവുമായ തഫ്‌സീറുല്‍ജലാലൈനിയാണ് തന്റെ രചനയുടെ മൂലകൃതിയായി അദ്ധേഹം സ്വീകരിച്ചത്. തഫ്‌സീര്‍ ശാസ്ത്രവുമായി ബന്ധപ്പെട്ട നിരവധി വിഷയങ്ങള്‍ അദ്ധേഹം ഇതിന്റെ മുഖവുരയില്‍ പ്രതിപാദിക്കുന്നുണ്ട്. ജലാലൈനിയിലെ വ്യാഖ്യാനത്തിന് അനുബന്ധമായ വിശദീകരണങ്ങള്‍ മറ്റു തഫ്‌സീറുകളില്‍ നിന്നും ഗ്രന്ഥങ്ങളില്‍ നിന്നും എടുത്തുദ്ധരിച്ച അദ്ധേഹം ഓരോന്നും ഏത് ഗ്രന്ഥത്തില്‍ നിന്നാണുദ്ധരിച്ചതെന്ന് കൊടുക്കാത്തത് കൊണ്ട്(മുഖവുരയില്‍ സൂചിപ്പിച്ച പോലെ)ഒഴുക്കോടെ വായിച്ചു തീര്‍ക്കുവാനും താനറിയാതെ നിരവധി ഗ്രന്ഥങ്ങളിലൂടെ കടന്നു പോകുവാനും വായനക്കാരന് സാധിക്കുന്നു. ഭാഷാ ശൈലിയും അറബി പ്രയോഗങ്ങളും ഖുര്‍ആന്‍ ഹദീസ് വാക്യങ്ങളുടെ ആവശ്യാനുസരണ പ്രയോഗങ്ങളും രചനയുടെ മാറ്റ് കൂട്ടുന്നു. ഓരോ സൂക്തങ്ങളിലുമടങ്ങിയ കാര്യങ്ങള്‍ വ്യത്യസ്ത തലക്കെട്ടോടെ വിശദീകരിക്കുന്നത് കൊണ്ട് കാര്യങ്ങള്‍ സുഗ്രാഹ്യമാക്കാന്‍ സഹായകമാണ്. 

സൂറത്തുകളുടെ തുടക്കത്തില്‍ അതില്‍ പ്രതിപാദ്യമാകുന്ന കാര്യങ്ങള്‍ സുന്ദരവും സംക്ഷിപ്തവുമായി വിശദീകരിച്ച ശേഷം പ്രസ്തുത സൂറത്തും അതിന് മുമ്പും ശേഷവുമുള്ള സൂറത്തുകളും തമ്മിലുള്ള ബന്ധവും സൂചിപ്പിക്കുന്നു. വ്യാഖ്യാനങ്ങള്‍ക്കിടയില്‍ ശാസ്ത്രീയ വിശകലനങ്ങളിലൂടെ അല്ലാഹുവിന്റെ ഉണ്‍മയെക്കുറിച്ചും അവന്റെ അപാരമായ കഴിവിനെക്കുറിച്ചും വായനക്കാരനെ ത്യര്യപ്പെടുത്തുന്ന അദ്ധേഹം പ്രബഞ്ചം സ്വയംഭൂവാണെന്ന പ്രകൃതി വാദികളുടെ പൊള്ളത്തരങ്ങള്‍ക്ക് വ്യക്തമായ മറുപടി നല്‍കുന്നുണ്ട്. ശാസ്ത്രീയ സത്യങ്ങള്‍ വിശദീകരിക്കവെ ഈ മേഖലയില്‍ കൂടുതല്‍ പ്രാഗത്ഭ്യം തെളിയിക്കേണ്ട മുസ്‌ലിംകള്‍ പിറകോട്ടു പോയതിനെ സംബന്ധിച്ച് അദ്ധേഹം വ്യാകുലപ്പെടുന്നുണ്ട്. അഹ്‌ലുസ്സുന്നത്തി വല്‍ജമാഅത്തിന്റെ ആശയങ്ങള്‍ വിശദീകരിക്കുവാനും ബിദഇകളുടെ അടിസ്ഥാന രഹിതമായ വാദകോലാഹലങ്ങള്‍ക്ക് യുക്തസഹമായ മറുപടികള്‍ തെളിവ് സഹിതം നല്‍കുവാനും അദ്ധേഹം ഈ തഫ്‌സീറിലൂടെ ശ്രദ്ധിച്ചിട്ടുണ്ട്. മതവും ശാസ്ത്രവും കാലികവിഷയങ്ങളും ഖുര്‍ആനികായത്തുകളുടേയും ഹദീസ് വാക്യങ്ങളുടേയും വെളിച്ചത്തില്‍ ഒരേ സമയം അപഗ്രഥിക്കുവാനും മനസ്സിലാക്കുവാനും സഹായിക്കുന്ന ഉത്തമ റഫറന്‍സാണ് അലാ ഹാമിശിത്തഫാസീര്‍. ഈ ഗ്രന്ഥം ഖത്തറിലെ ഔഖാഫ് മന്ത്രാലയത്തിന്റെ ശ്രദ്ധയില്‍ പെട്ടപ്പോള്‍ അത് പരിശോധിക്കാന്‍ അവര്‍ ഖത്തര്‍ യൂനിവേഴ്‌സിറ്റിയോട് ആവശ്യപ്പെടുകയും അതിന്റെ പ്രസാധനം ഏറ്റെടുക്കുകയും ചെയ്തു.

തഫ്‌സീറു സൂറതില്‍ ഹുജ്‌റാത്

പേര് സൂചിപ്പിക്കുന്നത് പോലെ വിശുദ്ധ ഖുര്‍ആനിലെ സൂറതുല്‍ ഹുജ്‌റാതിന്റെ അറബിയിലുള്ള വ്യാഖ്യാനമാണീ കൃതി. വളരെ ഹ്രസ്വമായ വിശദീകരണം മാത്രം നല്‍കി ഇരുപത്തി ഒമ്പത് പേജ് മാത്രമുള്ള  ഈ തഫ്‌സീര്‍ കുഞ്ഞുമുഹമ്മദാണ് രചിച്ചത്. ഹിന്ദുസ്ഥാനീ പ്രസ്സാണ് ഇതിന്റെ പ്രസാധനം ഏറ്റെടുത്തിട്ടുള്ളത്. 

മുഖര്‍ററുല്‍ ഖുര്‍ആനില്‍കരീം

പണ്ഡിതനും ഗ്രന്ഥകാരനും ദാറുല്‍ഹുദാ ഇസ്‌ലാമിക് യൂനിവേഴ്‌സിറ്റി വൈസ് ചാന്‍സിലറുമായ ഡോ.ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വി/ഫൈസി രചിച്ച ചെറിയ തഫ്‌സീര്‍ ഗ്രന്ഥമാണ് മുകളില്‍ സൂചിപ്പിക്കപ്പെട്ടത്. പൊതുജനങ്ങള്‍ പോലും നിത്യജീവിതത്തില്‍ നിസ്‌കാരത്തിലും മറ്റുമായി ഓതാറുള്ള സൂറതുല്‍ അഅ്‌ല മുതല്‍ സൂറതുന്നാസ് വരെയുള്ള സൂറത്തുകളുടെ അറബിയിലുള്ള തഫ്‌സീറാണ് ഈ ഗ്രന്ഥത്തിലുള്ളത്. സമസ്തകേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡിന്റെ സിലബസില്‍ ഇത് പഠിപ്പിക്കപ്പെട്ടിരുന്നു.

ഖുര്‍ആന്‍ പരിഭാഷകള്‍

കേരളത്തില്‍ നിരവധി ഖുര്‍ആന്‍ പരിഭാഷകള്‍ ഇറങ്ങിയിട്ടുണ്ട്. ഖുര്‍ആനിന്റെ മുഴുവന്‍ ഭാഗങ്ങളുടെ വ്യാഖ്യാനങ്ങളും ചില പ്രത്യേക സൂറത്തുകളുടെ വ്യാഖ്യാനങ്ങളുമായി ധാരാളം മലയാള, അറബി മലയാള പരിഭാഷകള്‍ നമുക്ക് കാണാന്‍ സാധ്യമാണ്. ബിദഇത്തിന്റെ ആഷയങ്ങള്‍ ഉള്‍ക്കൊള്ളുന്ന നിരവധി കൃതികളും ഇവയില്‍ സ്ഥാനം പിടിച്ചിട്ടുണ്ട്.

തര്‍ജുമതു തഫ്‌സീരില്‍ ഖുര്‍ആന്‍

പ്രശസ്ത പണ്ഡിതനും അറക്കല്‍ കൊട്ടര അംഗവുമായിരുന്ന മായീന്‍കുട്ടി എളയ(മരണം 1883)യുടെ അറബി മലയാളത്തിലുള്ള ഈ കൃതിയാണ് ഖുര്‍ആന്‍ വിവര്‍ത്തന രംഗത്തെ പ്രഥമ സംരംഭം. 1855ല്‍ ആരംഭിച്ച് 15 വര്‍ഷം കൊണ്ടാണിത് പൂര്‍ത്തീകരിച്ചത്. അറബി, ഉര്‍ദു, തമിഴ്, പേര്‍ഷ്യന്‍ ഭാഷകളില്‍ നിപുണനായ അദ്ധേഹം നല്ല കവി കൂടിയായിരുന്നു. അബ്ദുല്‍ ഖാദിര്‍ കേയിയുടെ മകനായി ജനിച്ച ഇദ്ധേഹം മാപ്പിളപ്പാട്ടിലും അഗ്രഗണ്യനായിരുന്നു. ആറ് വാള്യങ്ങളിലായി രചിക്കപ്പെട്ട ഈ കൃതി അറക്കല്‍ കുടുംബമാണ് പ്രസിദ്ധീകരിച്ചത്. ഇമാം ത്വബ്‌രിയുടെ ജാമിഉല്‍ ബയാന്‍, തഫ്‌സീറുല്‍ജലാലൈന്‍ തുടങ്ങിയ തഫ്‌സീറുകള്‍ ആശ്രയിച്ചാണിതിന്റെ രചന നടന്നിട്ടുള്ളത്. ഇതിന്റെ രചന പൂര്‍ത്തിയായ ശേഷം അന്നത്തെ പ്രശസ്തരായ പണ്ഡിതര്‍ക്കും കുടുംബങ്ങള്‍ക്കും അദ്ധേഹം കോപ്പികള്‍ അയച്ചു കൊടുക്കുകയുണ്ടായി. ആശയസ്ഖലിതങ്ങള്‍ കണ്ടെത്തിയ ഈ ഗ്രന്ഥത്തിനെതിരെ അന്നത്തെ പല പണ്ഡിതരും ഫത്‌വ പുറപ്പെടിയിക്കുകയും നിരവധി കോപ്പികള്‍ അഗ്നിക്കിരയാക്കുകയും കടലില്‍ താഴ്ത്തുകയും ചെയ്തു. ഇതിന്റെ കോപ്പിക്കള്‍ അഹ്മദ് കോയ ശാലിയാത്തിയുടെ ലൈബ്രറിയിലും മോയീന്‍ കുട്ടി വൈദ്യര്‍ സ്മാരക ലൈബ്രറിയിലും അറക്കല്‍ കോട്ട ലൈബ്രറിയിലും ലഭ്യമാണ്. ഹിജ്‌റ 1294ല്‍ മരിച്ച ഇദ്ധേഹം അറക്കല്‍ കുടുംബത്തിന്റെ ഖബര്‍സ്ഥാനിയില്‍ അന്ത്യവിശ്രമം കൊള്ളുന്നു.

തഫ്‌സീറുല്‍ ഖുര്‍ആനില്‍ കരീം

മലയാള ലിപിയില്‍ രചിക്കപ്പെട്ട ആദ്യത്തെ സമ്പൂര്‍ണ്ണ ഖുര്‍ആന്‍ പരിഭാഷയാണ് സി.എന്‍ അഹ്മദ് മൗലവി(1905-1993)യുടെ തഫ്‌സീറുല്‍ ഖുര്‍ആനില്‍ കരീം. അന്‍സ്വാരി മാസികയിലൂടെ ഖണ്ഡശഃ പ്രസിദ്ധീകരിച്ചായിരുന്നു ഇതിന്റെ പ്രാരംഭമെങ്കിലും 14 ലക്കങ്ങള്‍ പുറത്തിറങ്ങിയതോടെ മാസിക നിലച്ചു. എങ്കിലും ശേഷവും അദ്ദേഹം തന്റെ വ്യാഖ്യാനത്തില്‍ വ്യാപൃതനായി. 1961ല്‍ കേന്ദ്ര സര്‍ക്കാറിന്റെ ധനസഹായത്തോടെ അഞ്ച് വാള്യങ്ങളിലായി ഇത് പുറത്തിറങ്ങി. പിന്നീട് രണ്ടു വാള്യങ്ങളിലായി സാഹിത്യ പ്രവര്‍ത്തക സഹകരണ സംഘം അവ പുനപ്രസിദ്ധീകരിച്ചു. നിരവധി പേജുകളുള്ള അതിന്റെ മുഖവുരയില്‍ തഫ്‌സീറിനെ സംബന്ധിച്ചും മുഫസ്സിരീങ്ങളെക്കുറിച്ചും ഇസ്രാഈലിയ്യാത്തിനെക്കുറിച്ചും ഈ ഗ്രന്ഥ രചനയുടെ പശ്ചാതല പ്രചോദനങ്ങളെക്കുറിച്ചുമൊക്കെ അദ്ധേഹം വിവരിക്കുന്നുണ്ട്. നിരവധി സ്ഥലങ്ങളില്‍ സ്വതന്ത്ര വ്യാഖ്യാനങ്ങള്‍ കാണാവുന്നതാണ്. ഇതിനെ നിരൂപിച്ചു കൊണ്ട് നിരവധി ലേഖനങ്ങളും പഠനങ്ങളും പല പണ്ഡിതരും എഴുതിയിട്ടുണ്ട്.

തര്‍ജുമാനുല്‍ഖുര്‍ആന്‍

കെ. ഉമര്‍ മൗലവി(വെളിയങ്കോട്)യുടെ അറബി മലയാള രചനയാണ് തര്‍ജുമാനുല്‍ഖുര്‍ആന്‍. ഭാര്യാ കുടുംബത്തില്‍ പെട്ട ചിലരുടെ പ്രോത്സാഹനം കൊണ്ടാണ് അദ്ധേഹം ഈ രചന നിര്‍വ്വഹിച്ചത്. ആറു വാള്യങ്ങളിലായി രചിക്കപ്പെട്ട ഈ കൃതിയുടെ എല്ലാ വാള്യങ്ങളുടേയും തുടക്കത്തില്‍ ബിസ്മിയും ഹംദും സ്വലാതും ഉള്‍പെടുന്ന  പ്രത്യേക പ്രാര്‍ത്ഥന കാണാം. പദങ്ങളുടെ അര്‍ത്ഥ വിശദീകരണത്തിന് ശേഷം ആയത്തുകളുടെ വിശദീകരണം നല്‍കി പിന്നീട് അറബി പദങ്ങളുടെ വിശകലനത്തിലേക്ക് പ്രവേശിക്കുകയെന്ന ശൈലിയാണിതില്‍ അദ്ധേഹം സ്വീകരിച്ചിട്ടുള്ളത്. അനാവശ്യ ദീര്‍ഘവിശദീകരണവും ഈസ്രാഈലിയ്യാത്തുകളും കാണപ്പെടാത്ത ഈ കൃതിയില്‍ സുന്നത്ത് ജമാഅത്തിന് വിരുദ്ധമായ നിരവധി ആഷയങ്ങള്‍ അദ്ധേഹം തിരികിയിട്ടുണ്ട്. ഇസ്തിഗാസയേയും ഖബര്‍ സിയാറത്തിനെയും നഖശിഖാന്ധം വിമര്‍ശിച്ച അദ്ധേഹം നാഗൂരിലേക്കും മറ്റുമുള്ള യാത്രകളെ ശബരിമലയിലേക്കുള്ള യാത്രയോടാണ് ഉപമിച്ചത്. നിരവധി ആയത്തുകളുടെ വ്യാഖ്യാനങ്ങളില്‍ പൂര്‍വ്വകാല പണ്ഡിതരുടെ അഭിപ്രായത്തോട് വിരുദ്ധമായ അര്‍ത്ഥങ്ങള്‍ അദ്ധേഹം നല്‍കിയത് കാണാം. ഉമര്‍ മൗലവി തന്നെ ഈ ഗ്രന്ഥം ഒറ്റ വാള്യത്തില്‍ രണ്ടാമത് എഴുതിയിട്ടുണ്ട്. ഉബൈദിയ്യ ബുക്സ്റ്റാള്‍, തിരൂരങ്ങാടി ബുക്സ്റ്റാള്‍ എന്നീ പബ്ലിക്കേഷന്‍സാണിത് പ്രസാധനം ചെയ്തത്.

ഫത്ഹുര്‍റഹ്മാന്‍ ഫീ തഫ്‌സീരില്‍ ഖുര്‍ആന്‍

സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ സാത്ഥിക പണ്ഡിതന്‍ മര്‍ഹൂം കെ.വി മുഹമ്മദ് മുസ്‌ല്യാര്‍(കൂറ്റനാട്) രചിച്ച പ്രൗഢമായ ഖുര്‍ആന്‍ വ്യാഖ്യാനമാണ് ഫത്ഹുര്‍റഹ്മാന്‍ ഫീ തഫ്‌സീരില്‍ ഖുര്‍ആന്‍. പുത്തനാശയക്കാര്‍ വിശുദ്ധ ഖുര്‍ആന്‍ വാക്യങ്ങളെ വളച്ചൊടിച്ച് തങ്ങളുടെ ദുര്‍വാദങ്ങള്‍ക്ക് തെളിവായി പ്രസിദ്ധീകരിച്ച ഖുര്‍ആന്‍ തര്‍ജമകള്‍ കേരളത്തില്‍ പ്രചുരപ്രചാരം നേടിക്കൊണ്ടിരിക്കുന്ന ദു:ഖകരമായ സാഹചര്യം ഉണ്ടായപ്പോള്‍ സുന്നത്ത് ജമാഅത്തിന്റെ സുന്ദര ആശയങ്ങള്‍ ജനങ്ങള്‍ക്ക് ബോധ്യപ്പെടുത്തുകയെന്ന ഏക ലക്ഷ്യത്തിന് വേണ്ടി മാത്രമാണ് അദ്ധേഹം ഈ ഉദ്യമത്തിന് മുതിരുന്നത്. കൃതി ഒരാവര്‍ത്തി വായിക്കുന്ന ഏത് വ്യക്തിക്കും അക്കാര്യം പ്രസ്പഷ്ടമാകും. സി.എന്‍ അഹ്മദ് മൗലവിയും മറ്റും തങ്ങളുടെ  ഖുര്‍ആന്‍ പരിഭാഷകളില്‍ എഴുതിക്കൂട്ടിയ അബദ്ധവാദങ്ങളെ തെളിവുകളുടെ വെളിച്ചത്തില്‍ നിശ്പ്രഭമാക്കുന്നത് നമുക്ക് കാണാം. 1980ല്‍ പ്രസിദ്ധീകരണം ആരംഭിച്ച ഈ വ്യാഖ്യാനം നിരവധി തവണ പുനപ്രസിദ്ധീകൃതമായിട്ടുണ്ട്. ഒന്നാം വാള്യത്തിന്റെ മുഖവുരയില്‍ വിശുദ്ധഖുര്‍ആന്‍ സംബന്ധിച്ച നിരവധി കാര്യങ്ങള്‍, വിശ്വാസകാര്യങ്ങള്‍, ഖുര്‍ആന്‍ വ്യാഖ്യാനം, ഖുര്‍ആന്‍ ഭാഷാന്തരപ്പടുത്തല്‍, തര്‍ജമ നിരുപാധികം നിഷിദ്ധമോ അല്ലയോ, ഖുര്‍ആന്‍പരിഭാഷയുടെ കാര്യത്തില്‍ സമസ്ത നിലപാടെന്ത് തുടങ്ങി അമൂല്യമായ ഒരുപാട് വിഷയങ്ങള്‍ ചര്‍ച്ച ചെയ്തിട്ടുണ്ട്. 

സമസ്ത എതിര്‍ത്തിട്ടുണ്ടോ? എന്ന ശീര്‍ഷകത്തിന് താഴെ അദ്ധേഹം എഴുതുന്നു:''ഖുര്‍ആന്‍ പരിഭാഷപ്പെടുത്തുന്നതിനെ സമസ്ത എതിര്‍ത്തിട്ടുണ്ടെന്ന് ചിലര്‍ പറയുന്നത് ശരിയല്ല. സമസ്തയുടെ ഏഴാം വാര്‍ഷിക യോഗത്തിലെ അഞ്ചാം പ്രമേയത്തില്‍ കടിച്ചു തൂങ്ങിക്കൊണ്ടാണ് അവര്‍ ഇങ്ങനെ ഒരാശയക്കുഴപ്പമുണ്ടാക്കാന്‍ വിഫലശ്രമം നടത്തുന്നത്. മുസ്‌ലിം ലിറ്ററേച്ചര്‍ സൊസൈറ്റി എന്ന ഒരു സംഘടനക്ക് ചില ഉല്പതിഷ്ണുക്കള്‍ കുറേ കൊല്ലങ്ങള്‍ക്ക് മുമ്പ് രൂപം നല്‍കിയിരുന്നു. നിഷ്‌കളങ്കരും ശുദ്ധമനസ്‌കരുമായ കേരള മുസ്‌ലിംകളുടെ വിശ്വാസ കര്‍മ്മങ്ങള്‍ ചൂഷണം ചെയ്യാനും അവരെ വഴിതെറ്റിക്കാനും ഇവര്‍ ഒളിഞ്ഞും തെളിഞ്ഞും ശ്രമം നടത്തി. അതിനിടെയാണ് ഒരു ഖുര്‍ആന്‍ പരിഭാഷയിറക്കാന്‍ അവര്‍ തീരുമാനിച്ചത്. ആയിടെ ഏഴാം സമ്മേളനം സംഘടിപ്പിച്ച സമസ്ത മേല്‍ സംഘത്തിന്റെ പരിഭാഷക്കാര്യം ചര്‍ച്ച ചെയ്യുകയും അതു സംബന്ധിച്ച് പ്രമേയം പാസ്സാക്കുകയും ചെയ്തു. അതില്‍ പറയുന്നതിങ്ങനെയാണ്.'മുസ്‌ലിം ലിറ്ററേച്ചര്‍ സൊസൈറ്റി വക പ്രസിദ്ധീകരിക്കാന്‍ ഏര്‍പാട് ചെയ്ത ഖുര്‍ആന്‍ പരിഭാഷ പുറത്തിറങ്ങിയ ഉടനെ പരിശോധിച്ചു തല്‍വിഷയകമായി കേരള മുസ്‌ലിം ജനതക്ക് വേണ്ട ഉപദേശം നല്‍കുവാനും ഈ യോഗം താഴെ പേരെഴുതിയവരടങ്ങിയ ഒരു കമ്മിറ്റിയെ അധികാരപ്പെടുത്തുന്നു'. ഈ പ്രമേയത്തില്‍ നിന്ന് സമസ്ത ഖുര്‍ആന്‍ പരിഭാഷ എന്ന ആശയത്തിന് എതിരാണ് എന്ന് കണ്ടു പിടിക്കാന്‍ അസാമാന്യ ഗവേഷണ പാടവം തന്നെ വേണം.'' 

ചെമ്മാട് സുന്നീ പബ്ലിക്കേഷന്‍ സെന്ററാണ് ഇതിന്റെ പ്രസാധനം ഏറ്റെടുത്തിട്ടുള്ളത്. പ്രസാധകരുടെ ആവശ്യപ്രകാരം പ്രശസ്ത പണ്ഡിതനും ചിന്തകനും എഴുത്തുകാരനും ദാറുല്‍ഹുദാ ഇസ്‌ലാമിക് യൂനിവേഴ്‌സിറ്റി വൈസ്ചാന്‍സ്‌ലറുമായ ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വി ഈ കൃതിയുടെ എഡിറ്റിംഗും വിപുലീകരണവും നിര്‍വഹിച്ചിട്ടുണ്ട്. നിരവധി വ്യാഖ്യാനങ്ങള്‍ അവലംബിച്ച് ആവശ്യാനുസരണം വിശദീകരണം നല്‍കുകയും സുന്നത്ത് ജമാഅത്തത്തിന്റെ വിഷയങ്ങള്‍ ആധികാരികമായിത്തന്നെ ഉള്‍കൊള്ളിക്കുകയും ചെയ്ത ഈ ഗ്രന്ഥം മുസ്‌ലിം ബുഹുജനങ്ങള്‍ക്ക് എന്നും ഉപയോഗപ്പെടുന്ന ഒരു റഫറന്‍സ് തന്നെയാണ്. ഖുര്‍ആനില്‍ പരാമൃഷ്ടമായ സ്ഥലങ്ങളുടേയും മറ്റും മാപ്പുകളും ഇതില്‍ അന്യത്ര ചേര്‍ക്കപ്പെട്ടിട്ടുണ്ട് എന്നത് ഇതിന്റെ മാറ്റ് വര്‍ദ്ധിപ്പിക്കുന്നു. തുടക്കത്തില്‍ ഓരോ അദ്ധ്യായത്തിലേയും വിഷയവിവരങ്ങള്‍ കൃത്യമായി  കൊടുത്തത് റഫര്‍ ചെയ്യാന്‍ കൂടുതല്‍ സഹായകമാണ്. ഇന്ന് കേരളത്തില്‍ നിരവധി ജനങ്ങള്‍ ഉപയോഗിച്ചു കൊണ്ടിരിക്കുന്ന ബൃഹത് ഗ്രന്ഥമാണ് ഫത്ഹുര്‍റഹ്മാന്‍ ഫീ തഫ്‌സീരില്‍ ഖുര്‍ആന്‍.

സൂറതുര്‍റഹ്മാന്‍, സൂറതു യൂസുഫ് വ്യാഖ്യാനം

അറബിയില്‍ നിന്ന് അറബിമലയാളത്തിലേക്ക് നിരവധി കൃതികള്‍ വിവര്‍ത്തനം ചെയ്ത പ്രസിദ്ധ പണ്ഡിതന്‍ തേന്‍ വീട്ടില്‍ ഹസന്‍ മുസ്‌ലിയാരാണ് ഈ ഗ്രന്ഥങ്ങളുടെ കര്‍ത്താവ്. അറബിമലയാളത്തില്‍ വിരചിതമായ ഈ വ്യാഖ്യാനം കക്കോവിലെ ഗവണ്‍മെന്റ് ലൈബ്രറിയില്‍ ലഭ്യമാണ്. അഹ്കാമുസ്വലാത് എന്ന രചനയാണ് ഇദ്ധേഹത്തിന്റെ പ്രഥമ കൃതി.

സൂറതു യാസീന്‍ വ്യാഖ്യാനം

അറബി മലയാളത്തില്‍ രചിക്കപ്പെട്ട ഈ ഗ്രന്ഥത്തിന്റെ കര്‍ത്താവ് ആരാണെന്ന് എവിടെയും രേഖപ്പെട്ടു കാണുന്നില്ല. സൂറതുല്‍ ഫാതിഹയുടെ വ്യാഖ്യാനം കൂടെ ഉള്‍ക്കൊള്ളുന്ന ഈ കൃതിയുടെ രചനാശൈലിയില്‍ നിന്ന് ഇതിന്റെ രചയിതാവ് അഹ്‌ലുസ്സുന്നത്തി വല്‍ജമാഅത്തിന്റെ ആശയത്തില്‍ അടിയുറച്ചയാളാണെന്നും ശാഫീ മദ്ഹബുകാരനായിരുന്നുവെന്നും മനസ്സിലാക്കാം.

തഫ്‌സീറു സൂറതി യാസീന്‍

യാസീന്‍ സൂറതിന്റെ മഹത്വവും പ്രത്യേകതകളും പ്രതിപാദിക്കുന്ന ഈ കൃതി അറബിമലയാളത്തിലാണ് രചിക്കപ്പെട്ടിട്ടുള്ളത്. 1949 മെയ് 17 ന് പ്രസിദ്ധീകൃതമാണെങ്കിലും രചയിതാവാരാണെന്ന് വ്യക്തമല്ല.

തഫ്‌സീറു ഖൈറാതില്‍ മുസ്‌ലിമീന്‍ ഫീ തഫ്‌സീരി സൂറതില്‍ കഹ്ഫ്

പൊന്നാനീ കുടുംബത്തില്‍ ജനിച്ച  മുഹ്‌യിദ്ദീനിബ്‌നുഅബ്ദില്‍ഖാദിര്‍ എന്ന പ്രസിദ്ധ പണ്ഡിതന്‍ അറബിമലയാളത്തില്‍ രചിച്ച വ്യാഖ്യാനമാണ് ഉപര്യുക്ത ഗ്രന്ഥം. അല്‍കഹ്ഫ് സൂറത്തിന്റെ മഹത്വവും അത് പാരായണം ചെയ്യുന്നവനുള്ള പുണ്യവും ദീനീ മസ്അലകളും മറ്റുമൊക്കെ ചോദ്യോത്തരരൂപത്തില്‍ ഈ കൃതിയില്‍ വിശദീകരിക്കുന്നു. കേരളത്തില്‍ രചിക്കപ്പെട്ട ഖുര്‍ആന്‍ വ്യാഖ്യാനങ്ങളില്‍, വായനക്കാരെ ഏറെ ആകര്‍ഷിക്കുന്ന ചോദ്യോത്തര ശൈലി സ്വീകരിച്ച ഏക വ്യാഖ്യാനം ഇതായിരിക്കും. ബിസ്മിയുടെ മഹത്വവും ഹംദിന്റെ ശ്രേഷ്ടതയും ഇതില്‍ അദ്ധേഹം പ്രതിപാദിച്ചിട്ടുണ്ട്. 247 പേജ് വരുന്ന ഈ ഗ്രന്ഥം ഹി1320 റബീഉല്‍ അവ്വല്‍ 23ന് പൊന്നാനി അറക്കല്‍ പാണ്ടികശാലയിലാണ് പ്രസിദ്ധീകരിക്കപ്പെട്ടത്.

ഫൈളുര്‍റഹ്മാന്‍ ഫീ തഫ്‌സീരി ഉമ്മില്‍ഖുര്‍ആന്‍

1897ല്‍ ചാലിലകത്ത് അബ്ദുല്ല മുസ്‌ലിയാരുടെ മകനായി ജനിച്ച സി.എ  മുഹമ്മദ് മൗലവിയാണ് ഫൈളുര്‍റഹ്മാന്‍ ഫീ തഫ്‌സീരി ഉമ്മില്‍ഖുര്‍ആന്‍ രചിച്ചത്. നിരവധി ഗ്രന്ഥങ്ങള്‍ രചിച്ച അദ്ധേഹത്തിന്റെ പ്രധാന കൃതി അറബിമലയാളത്തില്‍ രചിക്കപ്പെട്ട് തിരൂരങ്ങാടി ആമിറുല്‍ ഇസ്‌ലാം പ്രസ്സ് പ്രസിദ്ധീകരിച്ച ഈ തഫ്‌സീറാണ്. തഫ്‌സീറു ജുസ്അ് അമ്മ, അഖ്‌ലാഖ്. തഅ്‌ലീമുദ്ധീന്‍, അല്‍മുഈന്‍ അറബി മലയാളം നിഘണ്ടു എന്നിവയാണ് മറ്റു രചനകള്‍.

ഫത്ഹുല്‍മുബീന്‍ ഫീ ബയാനി തഫ്‌സീരില്‍ഖുര്‍ആന്‍

പൊന്നാനി ഫാമിലയില്‍ തന്നെയുള്ള തേന്‍പറമ്പില്‍ ഖാദിര്‍കുട്ടി മുസ്‌ലിയാര്‍ സൂറതുന്നൂര്‍ മുതല്‍ സൂറതുന്നാസ് വരെയുള്ള അദ്ധ്യായങ്ങളുടെ വ്യാഖ്യാനമാണ് ഇതില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. അറബി മലയാളത്തില്‍ രചിക്കപ്പെട്ട ഈ കൃതിയില്‍ വ്യാഖ്യാനത്തിന് പുറമേ ആയത്തുകളിറങ്ങാനുള്ള കാരണങ്ങള്‍, ചരിത്രങ്ങള്‍ എന്നിവയും അദ്ധേഹം ഉള്‍പ്പെടുത്താന്‍ ശ്രമിച്ചിട്ടുണ്ട്. 211 പേജുള്ള ഈ വ്യാഖ്യാനം 1962ലാണ് പ്രസിദ്ധീകരിക്കപ്പെട്ടത്. 

സൂറതുര്‍റഹ്മാന്‍ വ്യാഖ്യാനം

കൊളത്തൂര്‍ ആലിക്കുട്ടി മൗലവി അറബി മലയാളത്തില്‍ രചിച്ച ഈ വ്യാഖ്യാനത്തില്‍ സുന്നത്ത് ജമാഅത്തിന് വിരുദ്ധമായ നിരവധി വിശദീകരണങ്ങള്‍ കാണാം. 1992ല്‍ തിരൂരങ്ങാടി ആമിറുല്‍ ഇസ്‌ലാം പ്രസ്സില്‍ പ്രസിദ്ധീകരിക്കപ്പെട്ട് സി.എച്ച് മുഹമ്മദ് കോയ ആന്റ് സണ്‍സ് ആണ് ഇത് വിതരണം ചെയ്തിരുന്നത്.

തര്‍ജുമതു തഫ്‌സീരി സൂറതില്‍ ഫാതിഹ

കൊങ്കം വീട്ടില്‍ ഇബ്രാഹീം മുസ്‌ലിയാരാണ് ഈ രചന നിര്‍വഹിച്ചത്. പിതാവ് സൈനുദ്ധീന്‍ മഖ്ദൂമും ചെറിയ ബാവ മുസ്‌ലിയാരുമാണ് ഇദ്ധേഹത്തിന്റെ പ്രധാന ഗുരുവര്യര്‍. തഫ്‌സീറുല്‍ മദ്ഹ്, തഫ്‌സീറുറഹ്മ, തഫ്‌സീറുല്‍ അന്‍വാര്‍ തുടങ്ങി  തഫ്‌സീറിന്റെ പതിനെട്ടോളം രൂപങ്ങള്‍ ഇതില്‍ അദ്ധേഹം ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഹി 1323ല്‍ വിരചിതമായ ഈ വ്യാഖ്യാനം ഹി 1347 റബീഉല്‍ആഖര്‍ പത്തിനാണ് മന്‍ബഉല്‍ ഹിദായ പ്രസ്സില്‍ വെച്ച് പ്രസിദ്ധീകരിക്കപ്പെടുന്നത്. നാല്‍പത്തിഎട്ട് പേജു വരുന്ന ഈ ഗ്രന്ഥത്തിന്റെ മുഖവുരയില്‍ ഫാതിഹ സൂറത്തിന്റെ ശ്രേഷ്ടതയും അത് പാരായണം ചെയ്യുന്നവന് ലഭ്യമാകുന്ന പ്രതിഫലവും വിശദീകരിക്കുന്നുണ്ട്. നാല്‍പത്തിഒന്നാം പേജില്‍ തഫ്‌സീറിന്റെ മഹത്വം വിശദമാക്കുന്ന ഒരു പദ്യസമാഹാരം ചേര്‍ത്തിട്ടുണ്ട്.

വിശുദ്ധഖുര്‍ആന്‍ വ്യാഖ്യാനം

മുഹ്‌യിദ്ദീന്‍ മാല വ്യാഖ്യാനത്തിലൂടെ അനുവാചകരുടെ മനം കവര്‍ന്ന പ്രശസ്ത പണ്ഡിതന്‍ മുസ്ഥഫല്‍ ഫൈളിയുടെ ഖുര്‍ആന്‍ മലയാള വ്യാഖ്യാനമാണ് വിശുദ്ധ ഖുര്‍ആന്‍ വ്യാഖ്യാനം. ഒന്നാം വാള്യത്തിന്റെ പ്രസ്താവത്തില്‍ അദ്ധേഹം ഇതിന്റെ രചനാ പശ്ചാതലത്തെക്കുറിച്ച് പ്രതിപാദിക്കുന്നുണ്ട്. അദ്ധേഹം എഴുതുന്നു. 'മുഹ്‌യിദ്ധീന്‍ മാല വ്യാഖ്യാനത്തോടെയാണ് ഇങ്ങനെയൊരാഗ്രഹം ജനിച്ചത്. മാലയുടെ ആശയങ്ങള്‍ക്ക് ഖുര്‍ആനില്‍ നിന്ന് തെളിവ് കണ്ട് പിടിക്കുകയായിരുന്നു അവിടെ. അതൊരു ചെറിയ പണിയാണ്. ഇവിടെ അതല്ല. ഖുര്‍ആനികാശയങ്ങള്‍ ഖുര്‍ആനില്‍ നിന്ന് കണ്ടു പിടിക്കുകയാണ്. അതിനാല്‍ തത്വത്തില്‍ മുഴുവന്‍ ആശയങ്ങളുടെയും വ്യാഖ്യാനമാണ് ഇതില്‍ നിര്‍വഹിക്കാനുള്ളത്.' തുടര്‍ന്നദ്ധേഹം പറയുന്നു.നാം സ്വരൂപിച്ച ആശയത്തിന്‍ വേണ്ടി ഖുര്‍ആന്‍ വ്യാഖ്യാനിക്കുന്നത് നന്നല്ല. മറിച്ച് വ്യാഖ്യാനത്തില്‍ നിന്ന് ആശയം കണ്ടെത്തണം. എന്നാല്‍ ഇങ്ങനെ കണ്ടെത്തുന്നത് സ്ഥിരപ്പെട്ട തത്വങ്ങള്‍ക്ക് വിഘാതമാകരുത്. ആയാല്‍ അവിടെയാണ് കുട്ടി മുജ്തഹിദ് എന്ന അവിഹിത ശിശുവിന്റെ ജന്‍മം. ശാഫീ മദ്ഹബുകാരന്‍ ഖുര്‍ആനോ ഹദീസോ കൊണ്ട് ഹനഫിയെ എതിര്‍ക്കുന്നതില്‍ അര്‍ത്ഥമില്ല. മറിച്ചും. മാലികിയും ഹമ്പലിയും തഥൈവ. ഇങ്ങനെ എതിര്‍ക്കുന്നത്, എല്ലാം ശരിയാണെന്ന തത്വത്തിന് നിരക്കാത്തതാണ്. ഒരേ തെളിവ് കൊണ്ട് എല്ലാം ന്യായീകരിക്കാന്‍ നമുക്കാകണം.  കണ്ണില്‍ കണ്ടതൊക്കെ വായിച്ച് വഴികേടിലാകുന്ന സാഹചര്യം ഒരാള്‍ക്കുമുണ്ടാകരുതെന്നദ്ധേഹം വായനക്കാരെ ഉപദേശിക്കുന്നുണ്ട്. നിരവധി തഫ്‌സീറുകളും ഹദീസ് കൃതികളും കര്‍മ്മശാസ്ത്ര ഗ്രന്ഥങ്ങളും ഭാഷാ നിഘണ്ഠുവും മറ്റു റഫറന്‍സുകളും ആശ്രയിച്ചാണ് ഏഴു വാള്യങ്ങളിലായി ബൃഹത്തായ ഈ കൃതി കൈരളിക്കദ്ദേഹം സമര്‍പ്പിച്ചത്. പ്രഥമ പതിപ്പ് പ്രസിദ്ധീകരിച്ചത് ദുബൈ ഇന്ത്യന്‍ ഇസ്‌ലാമിക് സെന്ററും പിന്നീടുള്ളവ ഒയാസിസ് ബുക്ക് ഹൗസു(പുത്തനത്താണി)മാണ്. ഇസ്‌ലാമും ഓറിയന്റലിസവും, മൗലിദും ആഘോഷവും, മൗലിദാഘോഷം, സമ്പൂര്‍ണ്ണ മുഹ്‌യിദ്ദീന്‍ മാല വ്യാഖ്യാനം തുടങ്ങിയവയാണ് അദ്ധേഹത്തിന്റെ മറ്റു രചനകള്‍.

വിശുദ്ധ ഖുര്‍ആന്‍ വിവരണം

വിശ്രുതമായ ഈ ഖുര്‍ആന്‍ വ്യാഖ്യാനം എഴുതിയത് മുഹമ്മദ് അമാനി മൗലവിയാണ്. എ. മുഹമ്മദ് മൗലവിയും പി.കെ മൂസ മൗലവിയും രചനയില്‍ ഇദ്ധേഹത്തെ സഹായിച്ചിട്ടുണ്ട്. 1960ല്‍ കെ.എം മൗലവിയുടെ നിര്‍ദേശപ്രകാരം ആരംഭിച്ച രചന 25 വര്‍ഷത്തെ കഠിനയത്‌നത്തിലൂടെ 1985ല്‍ പൂര്‍ത്തീകരിക്കുകയുണ്ടായി. ആദ്യം സൂറത്തുല്‍ കഹ്ഫ് മുതല്‍ സൂറത്തുന്നംല് വരെയും പിന്നീട് സൂറത്തുന്നംല് മുതല്‍ സൂറത്തുന്നാസ് വരെയും വ്യാഖ്യാനമെഴുതി. രണ്ട് ഭാഗങ്ങളിലായി ആറ് വാള്യമായിട്ടാണിത് പൂര്‍ത്തിയാക്കപ്പെട്ടത്. ഓരോ ഭാഗങ്ങളും സൂറതുല്‍ ഫാതിഹയും ചില പ്രത്യേക പ്രാര്‍ത്ഥനകള്‍ കൊണ്ടുമാണ് ആരംഭിക്കുന്നത്. ഖുര്‍ആന്‍ പാരായണത്തിന്റെ മഹത്വവും ഉലൂമുല്‍ ഖുര്‍ആന്റെ വിവിധ വശങ്ങളെ സംബന്ധിച്ചും ഖുര്‍ആന്‍ വ്യാഖ്യാന ചര്‍ച്ചയും മറ്റും ഉള്‍ക്കൊള്ളുന്ന മുഖവുര തന്നെ പ്രൗഢമായ ഒരു കൃതിയാണ്. ജിന്ന്, സിഹ്‌റ്, ശൈത്വാന്‍ എന്നിവയെ സംബന്ധിച്ച നീണ്ട വിവരണം ഈ വ്യാഖ്യാനത്തില്‍ നമുക്ക് കാണാം. 

1909ല്‍ മലപ്പുറം ജില്ലയിലെ പട്ടിക്കാടാണ് അമാനി മൗലവി ജനിക്കുന്നത്. പിതാവ് അമാനത്ത് ഹസന്‍കുട്ടി മുസ്‌ലിയാര്‍ പ്രശസ്ത കര്‍മ്മശാസ്ത്ര വിശാരദനും ചാലിലകത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ ശിശ്യനുമായിരുന്നു. കളക്കണ്ടത്തില്‍ ആമിനയാണ് മാതാവ്. സ്വദേശത്തെ പ്രാഥമിക വിദ്യാഭ്യാസത്തിന് ശേഷം തഞ്ചാവുരിലെ മദ്‌റസതുല്‍ ഖാസിമിയ്യയില്‍ ചേരുകയും 1936 ല്‍ അവിടുന്ന് കോഴ്‌സ് പൂര്‍ത്തിയാക്കുകയും ചെയ്തു. പിന്നീട് കേരളത്തിലെ വിവിധ പ്രദേശങ്ങളില്‍ അധ്യാപക ജോലിയിലേര്‍പ്പെട്ട അദ്ധേഹം സ്വന്തമായി ഉണ്ടാക്കിയ സിലബസ് അനുസരിച്ചാണ് വിദ്യാര്‍ത്ഥികളെ പഠിപ്പിച്ചിരുന്നത്. ഭൗതിക വിദ്യാഭ്യാസത്തിനും പ്രാധാന്യം നല്‍കുന്നതായിരുന്നു ആ സിലബസ്. നിരവധി ഗ്രന്ഥങ്ങള്‍ കൈരളിക്ക് സമര്‍പ്പിച്ച സ്മര്യപുരൂഷന്‍ 1987 നവംബര്‍ 3 ന് അന്തരിച്ചു.

അബൂബക്കര്‍ മുസ്‌ലിയാരുടെ മകനായി 1934ല്‍ കടന്നമണ്ണയിലാണ് എ. അലവി മൗലവി ജനിച്ചത്. എസ്.എസ്.എല്‍.സി ക്ക് ശേഷം അഫ്‌ളലുല്‍ ഉലമയും ശേഷം ചരിത്രത്തില്‍ ഡിഗ്രിയും പൂര്‍ത്തിയാക്കിയ അദ്ധേഹം 1985മുതല്‍ 1990വരെ മുസ്‌ലിം എജ്യുക്കേഷന്‍ ഇന്‍സ്‌പെക്ടറായി സേവനം ചെയ്തിട്ടുണ്ട്. പ്രഗത്ഭ വാഗ്മിയായിരുന്ന അലവി മൗലവി എടവണ്ണ ജുമാമസ്ജിദ് ഖത്വീബായി സേവനം ചെയ്തിട്ടുണ്ട്. വിശുദ്ധ ഖുര്‍ആന്‍ വ്യാഖ്യാനത്തിന്റെ രണ്ടാം ഭാഗത്തിലാണ് അമാനി മൗലവിയെ അദ്ധേഹം സഹായിച്ചത്. 1976 മെയ് 19 ന് അന്തരിച്ചു. എടവണ്ണ ജുമാമസ്ജിദ് ഖബര്‍സ്താനിലാണ് ഖബര്‍.

കോയ മുസ്‌ലിയാരുടേയും മറിയം ബീവിയുടേയും മകനായി 1883ല്‍ പുളിക്കലില്‍ പി.കെ മൂസ മൗലവി ജനിച്ചു. ചാലിലകത്തിന്റെ ശിശ്യത്വം സ്വീകരിച്ച അദ്ധേഹം കഹ്ഫ് മുതല്‍ നംല് വരെയുള്ള ഭാഗങ്ങളിലാണ് അമാനി മൗലവിയെ സഹായിച്ചത്. നിരവധി ഗ്രന്ഥങ്ങള്‍ ഇദ്ധഹത്തിന്റെ സംഭാവനയായുണ്ട്.

ഫത്ഹുല്‍ അലീം ഫീ തഫ്‌സീരില്‍ ഖുര്‍ആനില്‍ കരീം

പൊന്നാനി കുടുംബത്തില്‍ പെട്ട അബ്ദുര്‍റഹിമാന്‍ അല്‍ മഖ്ദൂമിയുടെ സംഭാവനയാണ് ഫത്ഹുല്‍ അലീം ഫീ തഫ്‌സീരില്‍ ഖുര്‍ആനില്‍ കരീം. 1937ല്‍ ബാവ ഹസ്‌റത്ത് എന്ന മുഹമ്മദിന്റെയും ബീവി ഉമ്മയെന്ന ഖദീജയുടേയും മകനായി അദ്ധേഹം ജനിച്ചു. വടകര, കൊയിലാണ്ടി തുടങ്ങിയ സ്ഥലങ്ങളില്‍ പഠനം നടത്തിയ അദ്ധേഹം വര്‍ഷങ്ങളോളം തിരൂരങ്ങാടി ഖാളിയായി സേവനം ചെയ്തിട്ടുണ്ട്. സുലൈമാന്‍ നബിയുടേയും ഹൂദ് നബിയുടേയും ഇബ്രാഹീം നബിയുടേയും ചരിത്രങ്ങള്‍ അദ്ധേഹം രചിച്ചിട്ടുണ്ട്. രണ്ട് ഭാഗങ്ങളിലായി രചിക്കപ്പെട്ട ഈ ഗ്രന്ഥം സൂറത്തുല്‍ ഫാതിഹ മുതല്‍ സൂറത്തുല്‍ ഇസ്‌റാഅ് വരെ ഒന്നാം ഭാഗത്തിലും ബാക്കി സൂറകള്‍ രണ്ടാം ഭാഗത്തിലുമാണ് ഉള്‍കൊള്ളിച്ചിരിക്കുന്നത്. ഭുവന പ്രസിദ്ധമായ തുഹ്ഫതുല്‍ മുജാഹിദീനും വിശ്രുത കൃതി ഫത്ഹുല്‍ മുഈനും രചിച്ച പൊന്നാണി ഫാമിലിയില്‍ നിന്ന് തഫ്‌സീറിന്റെ മേഖലയില്‍ രചിക്കപ്പെടുന്ന പ്രഥമ സംരഭമാണ് ഫത്ഹുല്‍ അലീമെന്ന് രേഖപ്പെടുത്തപ്പെട്ടത് കാണാം. ഒരു വ്യാഖ്യാനമെന്നതിനേക്കാള്‍ ഖുര്‍ആനികമായ ചില വിവരണങ്ങള്‍ ഒരു കൃതി എന്ന് പറയാവുന്ന ഈ രചന തിരൂരങ്ങാടി നുസ്‌റത്തുല്‍ ഇസ്‌ലാം പ്രസ്സാണ് പ്രസിദ്ധീകരിച്ചത്.

ബയാനുല്‍ഖുര്‍ആന്‍

കെ.വി.എം പന്താവൂര്‍ എന്ന് ചുരുക്കപ്പേരില്‍ അറിയപ്പെടുന്ന കെ.വി മുഹമ്മദ് മുസ്‌ലിയാര്‍ രചിച്ച ഖുര്‍ആന്‍ വ്യാഖ്യാനമാണ് ബയാനുല്‍ഖുര്‍ആന്‍. നിരവധി സാഹിത്യ രചനകള്‍ എഴുതിയ അദ്ധേഹത്തിന്റെ മിക്ക കൃതികളും വിവര്‍ത്തനങ്ങളാണ്. രണ്ട് വാള്യങ്ങളുള്ള വ്യാഖ്യാനത്തിന്റെ ഒന്നാം ഭാഗം 1976ല്‍ തലശ്ശേരി ഫാത്തിമ ബുക്ക് സ്‌ററാള്‍ പ്രസിദ്ധീകരിക്കുകയുണ്ടായി. 1991 ലാണ് രണ്ടാം വാള്യം പുറത്തിറങ്ങിയത്. ഈ കൃതിയില്‍ കറാമത്ത് നിഷേധികള്‍ക്കെതിരെ നന്നായി വിവരണം നല്‍കിയത് കാണാം. ആരിഫുകളുടെ തത്വശാസ്ത്രം, ലുഖ്മാനുല്‍ ഹകീമിന്റെ കഥ, മഹല്ലി പരിഭാഷ, ഇബ്‌നുല്‍ അറബിയുടെ തഫ്‌സീര്‍ പരിഭാഷ, മുഹ്‌യിദ്ദീന്‍ മാല വ്യാഖ്യാനം, തുഹ്ഫ പരിഭാഷ, സൂറത്തുന്നൂര്‍ പരിഭാഷ എന്നിവ അദ്ധേഹത്തിന്റെ ചില പ്രധാന കൃതികളാണ്.

തഫ്ഹീമുല്‍ഖുര്‍ആന്‍

അബുല്‍ അഅ്‌ലാ മൗദൂദിയുടെ തഫ്ഹീമുല്‍ ഖുര്‍ആനിന്റെ നേര്‍ പരിഭാഷയാണിത്. ടി.കെ അബ്ദുല്ല, ടി. ഇസ്ഹാഖ്, വി.കെ അലി, ടി.കെ ഉബെദ് എന്നിവരാണിതിന്റെ കര്‍ത്താക്കള്‍. ആറ് വാള്യങ്ങളിലായി ഇറങ്ങിയ ഈ വ്യാഖ്യാനം കോഴിക്കോട് ഐ.പി.എച്ച് ആണ് പ്രസിദ്ധീകരിച്ചത്. ഒന്നാം ഭാഗം ഫാതിഹ മുതല്‍ അന്‍ആം വരെയും, രണ്ടാം ഭാഗം അഅ്‌റാഫ് മുതല്‍ ഹിജ്‌റ് വരെയും മൂന്നാം ഭാഗം കഹ്ഫ് മുതല്‍ സൂറതു റൂം വരെയും, നാലാം ഭാഗം സൂറത്തുലുഖ്മാന്‍ മുതല്‍ അല്‍ അഹ്ഖാഫ് വരെയും, അഞ്ചാം ഭാഗം സൂറത്തുമുഹമ്മദ് മുതല്‍ സൂറതുത്ത്വലാഖ് വരെയും, ആറാം ഭാഗം തഹ്‌രീം മുതല്‍ നാസ് വരെയുമാണ് തിരിച്ചിട്ടുള്ളത്.

ഖുര്‍ആന്റെ തണലില്‍

ഈജിപ്ഷ്യന്‍ പണ്ഡിതന്‍ സയ്യിദ് ഖുത്ബ് രചിച്ച ഫീ ളിലാലില്‍ ഖുര്‍ആന്‍ എന്ന കൃതിയുടെ പരിഭാഷയായ ഖുര്‍ആന്റെ തണലില്‍ എന്ന വ്യാഖ്യാനം കുഞ്ഞുമുഹമ്മദ് പുളവത്തും വി.എസ് സലീമുമാണ് മലയാളത്തിലേക്ക് ഭാഷാന്തരം ചെയ്തത്. ഫീ ളിലാലില്‍ ഖുര്‍ആനില്‍ നിന്ന് സൂറതുല്‍ കഹ്ഫിന്റെ ഭാഗം മലയാള ഭാഷയിലേക്ക് വിവര്‍ത്തനം ചെയ്ത കുഞ്ഞുമുഹമ്മദ് സാഹിബിനോട് ആ കൃതിയുടെ ബാക്കി ഭാഗങ്ങള്‍ കൂടി മലയാളീകരിക്കാന്‍ വി.എസ് സലീം ആവശ്യപ്പെടുകയും ആ ഉദ്യമത്തില്‍ അദ്ധേഹത്തെ സഹായിക്കുകയും ചെയ്തു. 1994ല്‍ തുടങ്ങി 2004ലാണിത് പൂര്‍ത്തീകരിക്കപ്പെട്ടത്. 12 വാള്യമാണീ കൃതി.

തഫ്‌സീറുല്‍ കബീര്‍

വിശ്രുത ഖുര്‍ആന്‍ വ്യാഖ്യാതാവ് ഇമാം റാസിയുടെ തഫ്‌സീറുല്‍ കബീറിന്റെ മലയാള ഭാഷാന്തരമാണ് ഈ ഗ്രന്ഥം. ഒരു കൂട്ടം പണ്ഡിതര്‍ നടത്തിയ ഈ വിവര്‍ത്തനത്തിന്റെ എഡിറ്റിംഗ് വി.എസ് സലീമാണ് നിര്‍വഹിച്ചത്. തുടക്കത്തില്‍ ഇമാം റാസി(റ)യുടെ ഹ്രസ്വമായ ജീവചരിത്രവും വ്യാഖ്യാനത്തില്‍ അദ്ധേഹം സ്വീകരിച്ച ശൈലിയും വിവരിക്കപ്പെട്ടിട്ടുണ്ട്. ആറ് വാള്യങ്ങളിലായി വായനക്കാരെ ആകര്‍ഷിക്കുന്ന കെട്ടിലും മട്ടിലും ഇത് ലഭ്യമാണ്.

സൂറതുല്‍ഫാതിഹ പരിഭാഷ

മൗലവി മുഹമ്മദ് ഖാന്‍ അലിയാണ് മലയാളത്തില്‍ ഇതിന്റെ രചന നിര്‍വഹിച്ചത്. 1953ല്‍ പ്രസിദ്ധീകരിക്കപ്പെട്ട ഈ കൃതിയില്‍ ഫാതിഹയുടെ മഹത്വവും അത് പാരായണം ചെയ്യുന്നതിന്റെ മഹത്വവും പ്രതിപാദിക്കപ്പെട്ടിട്ടുണ്ട്. വായിക്കാന്‍ സരളമായ ഭാഷയിലാണിതിന്റെ രചന നിര്‍വഹിക്കപ്പെട്ടിട്ടുള്ളത്.

സൂറതുല്‍ ഹുജുറാത് പരിഭാഷയും വ്യാഖ്യാനവും

കേരളത്തില്‍ ഒരു വനിത എഴുതുന്ന പ്രഥമ ഖുര്‍ആന്‍ വ്യാഖ്യാനമാണിത്. അബുല്‍ അഅ്‌ലാ മൗദുദിയുടെ തഫ്ഹീമുല്‍ഖുര്‍ആനില്‍ നിന്നുള്ള സൂറത്തുല്‍ ഹുജുറാതിന്റെ നേരെ മലയാള വ്യാഖ്യാനമാണിത്. 1992ല്‍ ഐ.പി.എച്ച് ആണിത് പ്രസിദ്ധീകരിച്ചത്.

അമ്മ ജുസ്അ് വ്യാഖ്യാനം

കോഴിക്കോട് ചെറുവാടി സ്വദേശി ഇ.എന്‍ ഇബ്രാഹീം മൗലവിയാണ് മലയാളത്തില്‍ ഇത് രചിച്ചത്. ഖുര്‍ആനിന്റെ ആധികാരികതയും മറ്റും വിശദമാക്കി ഒരു മുഖവുര അദ്ധേഹം എഴുതിയിട്ടുണ്ട്. 114 പേജുള്ള ഈ വിവര്‍ത്തനം 1985ലാണ് ഐ.പി.എച്ച് പ്രസിദ്ധീകരിച്ചത്.

ഫത്ഹുല്‍ ഉലൂം ഫീ തഫ്‌സീരി സൂറതില്‍ കഹ്ഫ്

ചെറുകോയ തങ്ങള്‍ രചിച്ച ഈ വ്യാഖ്യാനം അദ്ധേഹത്തിന്റെ പ്രഥമവും ഏകവുമായ ഗ്രന്ഥമാണ്. അസ്ഹാബുല്‍ കഹ്ഫിന്റെ ചരിത്രം പ്രതിപാദിക്കുന്ന ഈ വിവര്‍ത്തനം 1992 ല്‍ സി.എച്ച് മുഹമ്മദ് കോയ ആന്റ്‌സണ്‍സ് ആണ് പ്രസിദ്ധീകരിച്ചത്. വായനക്കാര്‍ക്കിടയില്‍ വലിയ സ്ഥാനം ലഭിക്കാതെ പോയ ഒരു കൃതിയാണിത്.

സൂറതുല്‍ അസ്വറ് വ്യാഖ്യാനം

മലയാള ഭാഷയിലും സാഹിത്യത്തിലും അദ്വിതീയനായ കണ്ണൂര്‍ സ്വദേശി മൗലവി ബി. അബ്ദുല്‍ഖാദിര്‍ സാഹിബാണിത് രചിച്ചത്.1932ല്‍ രചിക്കപ്പെട്ട ഈ കൃതിയുടെ വിതരണക്കാര്‍ കോഴിക്കോട് ഐ.സ്.എസ്. ആണ്. തൗഹീദ് എന്ന മറ്റൊരു ഗ്രന്ഥവും അദ്ധേഹത്തിനുണ്ട്. രണ്ട് കൃതികളിലും അദ്ധേഹത്തിന്റെ സാഹിതീയ വൈഭവം നിഴലിച്ചുകാണാം.

വിശുദ്ധ ഖുര്‍ആന്‍ വിവരണം

പി.കെ മൂസ മൗലവി, കെ.എം മൗവലി, എം.സി.സി. അബ്ദുര്‍റഹിമാന്‍ മുസ്‌ലിയാര്‍, മുഹമ്മദ് മുഹ്‌യിദ്ധീന്‍ സാഹിബ് എന്നിവര്‍ രചിച്ച ഈ ഗ്രന്ഥം ഇസ്‌ലാമിക് ലിറ്ററേച്ചര്‍ സൊസൈറ്റിയാണ് പ്രസിദ്ധീകരിച്ചത്. മൂസ മൗലവി ചാലിലകത്തിന്റെ ശിഷ്യനായിരുന്നു. നല്ലണം, മണ്ണാര്‍ക്കാട് തുടങ്ങിയ സ്ഥലങ്ങളില്‍ മുദര്‌രിസായി സേവനം ചെയ്ത വ്യക്തിയാണ് കെ.എം മൗലവി. ദാറുല്‍ ഉലൂം വാഴക്കാടിന്റെ പ്രിന്‍സിപ്പളായി സേവനം ചെയ്തിരുന്ന എം.സി.സി പുളിക്കല്‍ മദീനത്തുല്‍ ഉലൂമിന്റ സ്ഥാപകന്‍ കൂടിയാണ്.

ഇക്‌സീറുല്‍ ഖലാസ് ഫീ തഫ്‌സീരി സൂറതില്‍ ഇഖ്‌ലാസ്

പി.കെ മൂസ മൗലവി തന്നെയാണ് ഈ വ്യാഖ്യാനവും എഴുതിയത്. സൂറതുല്‍ ഇഖ്‌ലാസിന്റെ മഹത്വവും ശ്രേഷഠതയും മറ്റും വിശദീകരിക്കുന്ന ഈ കൃതി 1930 ല്‍ പുളിക്കല്‍ അന്‍വാറുല്‍ ഇസ്‌ലാം പ്രസ്സാണ് പ്രസിദ്ധീകരിച്ചത്. വക്കം അബ്ദുല്‍ ഖാദിര്‍ മൗലവി ഇതിനെക്കുറിച്ച് എതഴുതിയിട്ടുണ്ട്. 

സൂറതുല്‍ അന്‍ആം വ്യാഖ്യാനം

കണ്ണൂര്‍ ജില്ലയിലെ മാട്ടൂര്‍ സ്വദേശി പി.പി മുഹമ്മദ് മൗലവിയാണ് രചയിതാവ്. അല്‍ഹിലാല്‍ മാസികയില്‍ എഴുതിയ വ്യാഖ്യാനം 1949ലാണ് പുസ്തക രൂപത്തിലിറങ്ങിയത്.

സൂറതുന്നൂര്‍ വ്യാഖ്യാനം

ഇസ്‌ലാമിലെ സാമൂഹിക നിയമങ്ങള്‍ എന്ന പേരില്‍ പി.കെ കുഞ്ഞുബാവ മുസ്‌ലിയാരാണ് ഈ രചന നിര്‍വഹിച്ചത്. തൃശൂര്‍ ആമിനാ ബുക്ക് സ്റ്റാള്‍ 1952 ല്‍ ഇത് പ്രസിദ്ധീകരിക്കുകയുണ്ടായി. അറബി ഭാഷയില്‍ അദ്ധേഹം തന്നെ രചിച്ച മറ്റു രണ്ടു വ്യാഖ്യാനങ്ങളാണ് അമ്മ ജുസ്അ്,തബാറക ജുസ്അ് പരിഭാഷകള്‍. 

തുഹ്ഫതുല്‍ വാസിഅ ഫീ തര്‍ജുമതില്‍ വാഖിഅ

തിരൂരങ്ങാടിക്കടുത്ത് കൊടിഞ്ഞി സ്വദേശി മമ്മി മൗലവി യുടെ ഈ ഗ്രന്ഥം തിരൂരങ്ങാടി സി.എച്ച് മുഹമ്മദ് കോയ ആന്റ് സണ്‍സ് ആണ് പ്രസിദ്ധീകരിച്ചത്. എല്ലാ നമസ്‌കാരങ്ങള്‍ക്ക് ശേഷവും വാഖിഅ പതിവായി ഓതുന്നവന് ദാരിദ്ര്യം ഉണ്ടാവുകയില്ലെന്നും നിരവധി പ്രതിഫലം ലഭിക്കുമെന്നും അതില്‍ അദ്ധേഹം വിശദീകരിക്കുന്നു.

വിശുദ്ധ ഖുര്‍ആന്‍ വിവരണം :

വക്കം അബ്ദുല്‍ ഖാദിര്‍ മൗലവിയുടെ മരുമകന്‍ വക്കം മുഹമ്മദ് മുഹ്‌യിദ്ധീന്‍ ആണ് ഈ കൃതി രചിച്ചത്.1900ലാണ് അദ്ധേഹം ജനിച്ചത്.

സൂറതുള്ളുഹാ സൂറതുല്‍ ഖദ്‌റ് വ്യാഖ്യാനം

അബ്ദുല്‍ മജീദ് മരക്കാരിന്റെ നിരന്തര പ്രേരണ കൊണ്ട് ഫരീദ് മൗലവി പെരുമ്പാവൂരാണ് ഇത് രചിച്ചത്. മറ്റു ഗ്രന്ഥങ്ങളില്‍ നിന്നും തീര്‍ത്തും വിത്യസ്തത പുലര്‍ത്തുന്ന ഈ ഗ്രന്ഥം 1983ല്‍ പെരുമ്പാവൂരില്‍ നിന്നാണ് പ്രസിദ്ധീകരിക്കപ്പെട്ടത്.

സൂറതുന്നിസാഅ്, സൂറതുയാസീന്‍ വ്യാഖ്യാനം

ഒരുപാട് വ്യാഖ്യനങ്ങള്‍ എഴുതിയ എടവണ്ണ അബ്ദുസ്സലാം സുല്ലമിയാണിതിന്റെ രചയിതാവ്. സൂറതുന്നഹ്‌ല്(1987), സൂറതുത്വാഹ(1990), സൂറതു മര്‍യം(1993), എന്നിവയുടെ വ്യാഖ്യാനങ്ങള്‍ ഇദ്ധേഹത്തിന്റെ രചനകളായുണ്ട്.

വിശുദ്ധ ഖുര്‍ആന്‍ വ്യാഖ്യാനം

പത്ര പ്രവര്‍ത്തകനും വാഗ്മിയും നിരവധി കൃതികളുടെ രചയിതാവുമായ വക്കം അബ്ദുല്‍ ഖാദിര്‍ മൗലവി രചിച്ച ഖുര്‍ആന്‍ വ്യാഖ്യാനമാണ് വിശുദ്ധ ഖുര്‍ആന്‍ വ്യാഖ്യാനം. 1873 ഡിസംബര്‍ 28 നാണദ്ധേഹം ജനിച്ചത്. ഫാതിഹയുടേയും ബഖറയുടേയും വ്യാഖ്യാനമാണ് ആദ്യ പടിയെന്നോണം അദ്ധേഹം നിര്‍വഹിച്ചത്. ദീപിക ഇത് പ്രസിദ്ധീകരിക്കുകയും ചെയ്തിരുന്നു. മലയാളം, അറബിമലയാളം, സംസ്‌കൃതം, തമിഴ്, പേര്‍ഷ്യ, ഹിന്ദി, ഇംഗ്ലീഷ് എന്നീ ഭാഷകളില്‍ അഗ്രഗണ്യനായ അദ്ധേഹം അമുസ്‌ലിംകള്‍ക്കിടയില്‍ നല്ല സ്ഥാനമുള്ള വ്യക്തിത്വമായിരുന്നു. മൗലിദ്, റാതീബ് എന്നിവയെ എതിര്‍ത്ത അദ്ധേഹം 1932 ഒക്‌ടോബറില്‍ അന്തരിച്ചു. സഫീറുല്‍ ഇസ്‌ലാം, നബിമാര്‍, ഇസ്‌ലാമിന്റെ സന്ദേശം എന്നിവ അദ്ധേഹത്തിന്റെ രചനകളാണ്.

ആദ്യം അറബി മലയാളത്തിലും പിന്നീട് മലയാളത്തിലും വ്യാഖ്യാനം എഴുതിയ അദ്ധേഹം ഫാതിഹയും അല്‍ബഖറയിലെ അല്‍പം ഭാഗങ്ങളും മാത്രമേ വ്യാഖ്യാനിച്ചിട്ടുള്ളൂ. 1918ല്‍ ദീപികയില്‍ എഴുതിത്തുടങ്ങിയ അദ്ധേഹത്തിനത് പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞില്ല. 11 ലക്കം മാത്രമേ അത് പ്രിസിദ്ധീകരിക്കപ്പെട്ടുള്ളൂ. ഫാതിഹക്ക് പദാനുപത വ്യാഖ്യാനമെഴുതിയ അതില്‍ ഇബാദത്, ശിര്‍ക്ക്, ഇസ്തിആനത്, തൗഹീദ് എന്നിവയെക്കുറിച്ച് പ്രതിപാദിക്കുന്നുണ്ട്. റഹ്മാന്‍, റഹീം എന്ന പദങ്ങള്‍ക്ക് പരമകാരുണികനും കരുണാനിധി എന്ന ഒറ്റ വാക്കുകള്‍ ആദ്യം പ്രയോഗിച്ചത് വക്കം മൗലവിയാണ്.

ഖുര്‍ആന്‍ ബോധനം

1999 ജനുവരി മുതല്‍ പ്രബോധനം വാരികയില്‍ ടി.ഉബൈദ് പരമ്പരയായി എഴുതിയ ഖുര്‍ആന്‍ വ്യാഖ്യാനത്തിന്റെ ശേഖരമാണ് ഈ ഗ്രന്ഥം. ഇപ്പോള്‍ അതിന്റെ ആറാം പതിപ്പ് പുറത്തിറങ്ങിയിട്ടുണ്ട്. ലോകത്ത് ഭാഷാ, വ്യാകരണം, ചരിത്രം, കര്‍മ്മശാസ്ത്രം, ശാസ്ത്രം, തുടങ്ങി നിരവധി വശങ്ങള്‍ ഉള്‍കൊള്ളുന്ന വ്യാഖ്യാനങ്ങള്‍ വിരചിതമാണെങ്കിലും ഇവയെല്ലാം ഉള്‍കൊള്ളുന്നതാണീ കൃതിയെന്ന് മുഖവുരയില്‍ രചയിതാവ് അവകാശപ്പെടുന്നുണ്ട്. തഫ്‌സീറുശ്ശഅ്‌റാവി, ഫീ ളിലാലില്‍ ഖുര്‍ആന്‍, തഫ്ഹീമുല്‍ ഖുര്‍ആന്‍, തദബ്ബുറെ ഖുര്‍ആന്‍(അഹ്‌സന്‍ ഇസ്‌ലാഹി) ദുററുല്‍ മന്‍സൂര്‍ എന്നീ വ്യാഖ്യാനങ്ങളാണ് ഇതിന്റെ രചനക്ക് വേണ്ടി അവലംഭിച്ച കൃതികള്‍.

ഖുര്‍ആന്റെ വെളിച്ചം

അബ്ദുസ്സലാം സുല്ലമി രചിക്കുകയും കോഴിക്കോട് അയ്യൂബി ബുക്ക് ഹൗസ് പ്രസിദ്ധീകരിക്കുകയും ചെയ്ത ഖുര്‍ആന്റെ വെളിച്ചം എന്ന പുസ്തകത്തിന്റെ യഥാര്‍ത്ഥ പേര് അന്‍വാറുല്‍ ഖുര്‍ആന്‍: ഖുര്‍ആന്റെ വെളിച്ചം, ചൊവ്വായ പരിഭാഷയും വ്യാഖ്യാനവും എന്നാണ്. വ്യാഖ്യാനത്തിനും വിശദീകരണത്തിനും പുറമെ എല്ലാ വാക്കുകളുടേയും കൃത്യമായ നിര്‍വചനം ഇതില്‍ കാണാവുന്നതാണ്.

വിശുദ്ധ ഖുര്‍ആന്‍ വിവരണം

അമാനി മൗലവിയും അലവി മൗലവിയും ചേര്‍ന്ന് അമ്മ ജുസ്ഇന് എഴുതിയ വ്യാഖ്യാനമാണിത്. കേരള നദ്‌വത്തുല്‍ മുജാഹിദീനാണിത് പ്രസിദ്ധീകരിച്ചത്.

അല്‍ ബയാന്‍ ഫീ മആനില്‍ ഖുര്‍ആന്‍

കോഴിക്കോട് വലിയ ഖാളിയായി നിരവധി കാലം സേവനം ചെയ്ത സയ്യിദ് അഹ്മദ് ശിഹാബുദ്ദീന്‍ ഇമ്പിച്ചിക്കോയ തങ്ങള്‍ രചിച്ച സമ്പൂര്‍ണ്ണ ഖുര്‍ആന്‍ വ്യാഖ്യാനമാണ് അല്‍ ബയാന്‍ ഫീ മആനില്‍ ഖുര്‍ആന്‍. അമ്മ ജുസ്അ് പരിഭാഷയും തങ്ങള്‍ എഴുതിയിട്ടുണ്ട്.

ഇവ കൂടാതെ 1965ല്‍ മുട്ടാണിശ്ശേരിയില്‍ കോയക്കുട്ടി മൗലവി എഴുതിയ ഒരു വ്യാഖ്യാനം പ്രസിദ്ധീകൃതമായിട്ടുണ്ട്. അതുപോലെ മുഹമ്മദ് മൗലവി, പി.കെ മൂസ മൗലവി, എ. അലവി മൗലവി എന്നിവര്‍ വ്യാഖ്യാനസഹിതം തയ്യാറാക്കി പ്രസിദ്ധീകരിച്ച പരിഭാഷയാണ് വിശുദ്ധ ഖുര്‍ആന്‍ വിവരണം.അറബി മൂലത്തോടൊപ്പം വാക്കര്‍ത്ഥവും കൂടി ഉള്‍പ്പെടുത്തിയാണിതിന്റെ രചന നിര്‍വ്വഹിക്കപ്പെട്ടിട്ടുള്ളത്. ചെറിയമുണ്ടം അബ്ദുല്‍ ഹമീദ് മദനിയും കുഞ്ഞിമുഹമ്മദ് പറപ്പുരും ചേര്‍ന്ന് തയ്യാറാക്കിയ വിശുദ്ധ ഖുര്‍ആന്‍ സമ്പൂര്‍ണ്ണ പരിഭാഷ , പ്രൊഫസര്‍ വി.മുഹമ്മദിന്റെ അല്‍ ഖുര്‍ആന്‍, ശൈഖ് മുഹമ്മദ് കാരക്കുന്നും വാണിദാസ് എളയാവൂരും ഒരുമിച്ചു എഴുതിയ ഖുര്‍ആന്‍ ലളിത സാരം, പി.എച്ച് അബ്ദുല്‍ ഗഫ്ഫാര്‍ മൗലവിയുടെ അല്‍ ഖുര്‍ആന്‍, റഹ്മത്തുള്ള ഖാസിമി എഴുതിയ വിശുദ്ധ ഖുര്‍ആന്‍ തുടങ്ങി നിരവധി വ്യാഖ്യാനങ്ങളും പരിഭാഷകളും ഇന്ന് ലഭ്യമാണ്. 

കേരളത്തില്‍ രചിക്കപ്പെട്ട ഏകദേശം ഖുര്‍ആന്‍ പഠനങ്ങളക്കുറിച്ചാണ് ഇത് വരെ വിവരിച്ചത്. എല്ലാം ഉള്‍ക്കൊണ്ടിട്ടുണ്ടെന്ന അവകാശവാദമില്ലെങ്കിലും അന്വേശിച്ച് കണ്ടെത്താവുന്നതെല്ലാം പരമാവധി ഉള്‍ക്കൊള്ളിക്കാന്‍ ശ്രമിച്ചിട്ടുണ്ടെന്നതില്‍ ചാരിതാര്‍ത്ഥ്യമുണ്ട്. 





 

  


Post a Comment

Previous Post Next Post